പ്രസ്റ്റണ്‍. തൊടുപുഴ സ്വദേശിനിയായ ജയ നോബി മരണത്തിന് കീഴടങ്ങി. പ്രെസ്റ്റണില്‍ താമസിക്കുന്ന ജയ നോബി (47) അല്പ സമയം മുന്‍പ് പ്രെസ്റ്റണില്‍ വച്ച് നിര്യതയായത് . മൂന്നു വര്‍ഷത്തോളമായി ക്യാന്‍സര്‍ ബാധിതതായി ചികിത്സയില്‍ ആയിരുന്നു . റോയല്‍ പ്രെസ്റ്റന്‍ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു.തൊടുപുഴക്കടുത്തു അറക്കുളം സ്വദേശിയായ നോബിയുടെ ഭാര്യയാണ് ജയ . ജി സി എസ് ഇ വിദ്യാര്‍ഥിനി ആയ നിമിഷ , അഞ്ചാം ക്ലാസ് വിദ്യാര്‍ഥി നോയല്‍ എന്നിവര്‍ മക്കളാണ് . ഈരാറ്റുപേട്ട ക്കടുത്തുള്ള കളത്തിക്കടവ് സ്വദേശിനിയാണ് . മൂന്നു വര്‍ഷമായി ക്യാന്‍സര്‍ ബാധിത ആയി ചികിത്സയില്‍ ആയിരുന്നു എങ്കിലും ആറുമാസം മുന്‍പ് വരെ രോഗം ഭേദമായി വന്ന സ്ഥിതിയില്‍ ആയിരുന്നു . അതിനു ശേഷം കാതറിന്‍ ഹോസ്‌പൈസില്‍ പരിചരണത്തില്‍ ആയി ഇരുന്നു . ജയയുടെ സഹോദരി സുവര്‍ണയും പ്രെസ്റ്റണില്‍ തന്നെ ആണ് താമസിക്കുന്നത് , മരണ സമയത്തു കൂടെ ഉണ്ടായിരുന്നു , റോയല്‍ മെയിലില്‍ ഉദ്യോഗസ്ഥന്‍ ആണ് നോബി..മരണ വിവരം അറിഞ്ഞു പ്രെസ്റ്റണിലും സമീപ പ്രദേശങ്ങളിലും ഉള്ള മലയാളികള്‍ കാതറിന്‍ ഹോസ്‌പൈസില്‍ എത്തിയിട്ടുണ്ട് . ഉച്ചക്ക് പ്രെസ്റ്റന്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ നിന്നും ഫാ.ബാബു പുത്തന്‍പുര എത്തി വിശുദ്ധ കുര്‍ബാന നല്‍കിയിരുന്നു.
17കാരിയായ മകളെ ബന്ധുവിനെ വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ച മാതാവ് കുറ്റക്കാരിയെന്ന് കോടതി. ബര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയാണ് മാതാവ് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ ഇരട്ടി പ്രായമുള്ള ബന്ധുവിന് കുട്ടിയെ വിവാഹം ചെയ്ത് നല്‍കാന്‍ മാതാവ് തീരുമാനിക്കുകയായിരുന്നു. ഇതിനായി വരന്റെ സ്വദേശമായ പാകിസ്ഥാനിലേക്ക് പെണ്‍കുട്ടിയെ ഇവര്‍ എത്തിക്കുകയും ചെയ്തു. ബന്ധുവീട്ടില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് പാകിസ്ഥാനിലേക്ക് പോകുന്നതെന്ന് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച മാതാവ് പിന്നീട് വിവാഹക്കാര്യം അവതരിപ്പിക്കുകയായിരുന്നു. എന്നാല്‍ വിവാഹത്തിന് സമ്മതമല്ലെന്ന് അറിയിച്ച പെണ്‍കുട്ടി യുകെയില്‍ തിരിച്ചെത്തിയ ഉടന്‍ അമ്മയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുകയായിരുന്നു. പിന്നീട് ഇവരുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം താന്‍ വിവാഹത്തിന് മകളെ നിര്‍ബന്ധിച്ചിട്ടില്ലെന്ന് അമ്മ പറഞ്ഞു. കോടതിയില്‍ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ വ്യാജമാണെന്നും അവര്‍ പറഞ്ഞു. നിര്‍ബന്ധിത വിവാഹം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന ആദ്യത്തെ കേസാണിത്. ഇത്തരം പ്രവണതകള്‍ അതീവ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുമെന്നും ഒരുതരത്തിലും പെണ്‍കുട്ടികളുടെ അനുവാദമില്ലാതെ വിവാഹം നടത്താന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. മകളുടെയും അമ്മയുടെയും പേരുവിവരങ്ങള്‍ ലഭ്യമല്ല. ഇരയുടെ സ്വകാര്യതയെ മാനിച്ച് പേരോ ഇതര വിവരങ്ങളോ പ്രസിദ്ധീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. പാകിസ്ഥാനിലേക്ക് പെണ്‍കുട്ടിയെ ചതിയിലൂടെയാണ് കൊണ്ടുപോയതെന്ന് കോടതിയില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്.

വളരെക്കാലമായി ബ്രിട്ടനില്‍ താമസിച്ചുവരുന്ന കുടുംബമാണ് ഇവരുടേത്. ബന്ധുക്കളില്‍ മിക്കവരും പാകിസ്ഥാനിലാണ്. വിവാഹക്കാര്യത്തില്‍ പെണ്‍കുട്ടിയുടെ അനുവാദത്തിനായി മാത്രമാണ് ശ്രമിച്ചതെന്ന മാതാവിന്റെ വാദം കോടതി അംഗീകരിച്ചില്ല. അമ്മ വിവാഹം ഉറപ്പിച്ചയാളെ എനിക്ക് പങ്കാളിയാക്കാന്‍ ഇഷ്ടമല്ലായിരുന്നു. അമ്മയോട് യാചിച്ച് പറഞ്ഞിട്ടും തന്റെ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ തയ്യാറായില്ല. വിവാഹത്തിന്റെ ഒരുക്കങ്ങള്‍ ആരംഭിച്ച ശേഷമാണ് ഞാന്‍ ഇക്കാര്യം അറിയുന്നതെന്നും പെണ്‍കുട്ടി കോടതിയില്‍ മൊഴി നല്‍കി. ഇത്തരം പ്രവൃത്തികള്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ഇവരുടെ ശിക്ഷ പിന്നീട് വിധിക്കും.
സൂപ്പര്‍ബഗ്ഗുകള്‍ ബ്രിട്ടീഷ് ആശുപത്രികള്‍ക്ക് വെല്ലുവിളിയാകുമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഫോര്‍ ഇംഗ്ലണ്ടിന്റെ മുന്നറിയിപ്പ്. സിസേറിയന്‍, ഇടുപ്പ് ശസ്ത്രക്രിയ തുടങ്ങിയ സാധാരണ പ്രൊസിജ്യറുകള്‍ പോലും സുരക്ഷിതമായി നടത്താന്‍ കഴിയാത്ത സാഹചര്യമാണ് ഇതുമൂലം സംജാതമാകുന്നതെന്ന് പ്രൊഫ.ഡെയിം സാലി ഡേവിസ് പറഞ്ഞു. ആശുപത്രികളിലെ ആന്റിബയോട്ടിക് പ്രതിരോധം നേടിയ രോഗാണുക്കളുടെ സാന്നിധ്യം വളരെ ഉയര്‍ന്നതാണെന്നും അവര്‍ വ്യക്തമാക്കി. സൂപ്പര്‍ബഗ്ഗുകളെ കീഴടക്കുന്നതിനായി ആധുനിക രോഗനിര്‍ണ്ണയ സംവിധാനങ്ങളും മരുന്നുകളും ഏര്‍പ്പെടുത്താന്‍ 30 മില്യന്‍ പൗണ്ട് അനുവദിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഈ വെളിപ്പെടുത്തല്‍.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗത്തിലൂടെ ഹെല്‍ത്ത് സര്‍വീസിനെ കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ വിഷമകരമായ അവസ്ഥയെയാണ് ആരോഗ്യ മേഖല നേരിടാനിരിക്കുന്നതെന്നും ആന്റിബയോട്ടിക് പ്രതിരോധം വൈദ്യശാസ്ത്രത്തിനും എന്‍എച്ച്എസിനും കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും ഡെയിം സാലി പറഞ്ഞു. ചെറിയ മുറിവുകളും അണുബാധകള്‍ പോലും ജീവനെടുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. സിസേറിയന്‍, ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ, കീമോതെറാപ്പി മുതലായവ രോഗികള്‍ക്ക് അപകടകരമാകുമെന്നും അവര്‍ പറഞ്ഞു.

മരുന്നുകളോട് പ്രതിരോധമാര്‍ജ്ജിച്ച രോഗാണുക്കള്‍ മൂലം ലോകമൊട്ടാകെ 7 ലക്ഷം പേര്‍ പ്രതിവര്‍ഷം മരിക്കുന്നുണ്ട്. ഇതില്‍ 5000 മരണങ്ങള്‍ യുകെയില്‍ മാത്രമാണ് ഉണ്ടാകുന്നത്. ഈ രോഗാണുക്കളെ ചെറുക്കാന്‍ പുതിയ ആന്റിബയോട്ടിക്കുകള്‍ കണ്ടെത്തേണ്ടത് അതുകൊണ്ടുതന്നെ അത്യാവശ്യമാണ്. സൂപ്പര്‍ബഗ്ഗുകളുടെ സാന്നിധ്യം അവഗണിച്ചാല്‍ 2050ഓടെ അവ 10 മില്യന്‍ ആളുകളെ കൊന്നൊടുക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് മുന്‍ മേധാവി ലോര്‍ഡ് ഒ’നീല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ടെസ്‌കോയുടെ നോണ്‍ഫുഡ് വെബ്‌സൈറ്റായ ടെസ്‌കോ ഡയറക്ട് അടച്ചുപൂട്ടുന്നു. സൈറ്റിന്റെ പ്രവര്‍ത്തനത്തില്‍ നടത്തിയ വിലയിരുത്തലിനു ശേഷമാണ് ഇതിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് ടെസ്‌കോ അറിയിച്ചു. സൈറ്റ് നഷ്ടമാണെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ 9 മുതല്‍ സൈറ്റ് പ്രവര്‍ത്തിക്കില്ല. ഇതിനൊപ്പം സൈറ്റില്‍ ലഭിക്കുന്ന ഓര്‍ഡറുകള്‍ കൈകാര്യം ചെയ്തിരുന്ന മില്‍ട്ടന്‍ കെയിന്‍സിലെ ഫെന്നിലോക്കിലുള്ള ഫുള്‍ഫില്‍മെന്റ് സെന്ററും നിര്‍ത്തലാക്കും. ഇലക്ട്രിക്കല്‍ ഉല്‍പ്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍, വീട്ടുപകരണങ്ങള്‍ മുതലായവയുടെ വിതരണം ഈ സൈറ്റില്‍ ലഭിക്കുന്ന ഓര്‍ഡറുകളിലൂടെയായിരുന്നു നടത്തിയിരുന്നത്.

ഇപ്പോള്‍ നല്‍കുന്ന ഓര്‍ഡറുകളില്‍ ഡെലിവറി താമസിക്കാനിടയുണ്ടെന്ന് ടെസ്‌കോ പ്രസ്താവനയില്‍ അറിയിച്ചു. ഇപ്പോള്‍ 2 മുതല്‍ 5 ദിവസം വരെ ഓര്‍ഡറുകള്‍ ലഭിക്കുന്നതിനായി എടുക്കാറുണ്ട്. ഇവ നല്‍കുന്നതില്‍ താമസം നേരിടുകയാണെങ്കില്‍ കസ്റ്റമര്‍ സര്‍വീസ് വിഭാഗം ഉപഭോക്താക്കളെ ബന്ധപ്പെടുമെന്നും വെബ്‌സൈറ്റ് അറിയിക്കുന്നു. ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിലും ഫുള്‍ഫില്‍മെന്റിലും ഒട്ടേറെ വെല്ലുവിളികള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഈ തീരുമാനം 500ഓളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കുമെന്നാണ് കരുതുന്നത്.

ഗ്രോസറികളും നോണ്‍ ഫുഡ് ഉല്‍പ്പന്നങ്ങളും ഒരു സ്ഥലത്തു നിന്ന് തന്നെ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് കഴിയുന്ന വിധത്തിലുള്ള സംവിധാനത്തെക്കുറിച്ചാണ് കമ്പനി ആലോചിക്കുന്നതെന്ന് ടെസ്‌കോ യുകെ ആന്‍ഡ് അയര്‍ലന്‍ഡ് തലവന്‍ ചാള്‍സ് വില്‍സണ്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഒറ്റ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പദ്ധതിയെന്നും വില്‍സണ്‍ വ്യക്തമാക്കി. മാര്‍ക്‌സ് ആന്‍ഡ് സ്‌പെന്‍സര്‍ 2022ഓടെ തങ്ങളുടെ നൂറിലേറെ സ്‌റ്റോറുകള്‍ അടച്ചുപൂട്ടുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ നീക്കവുമായി ടെസ്‌കോ രംഗത്തെത്തിയിരിക്കുന്നത്.
കുഞ്ചറിയാ മാത്യൂ
കര്‍ണാടകയിലെ നിയുക്ത മുഖ്യമന്ത്രിയും മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. കുമാരസ്വാമിയും പ്രമുഖ നടി രാധികയുമായുള്ള വിവാഹബന്ധം വിവാദത്തില്‍. കുമാരസ്വാമി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനിരിക്കവെയാണ് രണ്ടാം വിവാഹം മുഖ്യധാരാ വാര്‍ത്തകളില്‍ വീണ്ടും സജീവ ചര്‍ച്ചയാകുന്നത്. രാഷ്ട്രീയ സഹയാത്രികയായ അനിതയാണ് കുമാരസ്വാമിയുടെ ആദ്യ ഭാര്യ. കുമാരസ്വാമിയുടെ രാഷ്ട്രീയ തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള അനിതയാണ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ എപ്പോഴും കുമാരസ്വാമിയെ അനുഗമിക്കുന്നത്. 2008ല്‍ മധുരഗിരി നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുള്ള അനിതയാവും കുമാരസ്വാമി വിജയിച്ച രണ്ട് നിയമസഭാ മണ്ഡലങ്ങളിലൊന്ന് ഒഴിയുമ്പോള്‍ ജെഡിഎസ് സ്ഥാനാര്‍ത്ഥി.
2006ല്‍ കുമാരസ്വാമി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കന്നട സിനിമാ ലോകത്ത് നിറഞ്ഞ് നിന്നിരുന്ന രാധികയുമായുള്ള ബന്ധം വളരെ ചര്‍ച്ച ചെയ്യപ്പെടുന്നത്. ഈ കാലഘട്ടത്തില്‍ തന്നെയാണ് അദ്ദേഹം രാധികയെ രഹസ്യ വിവാഹം കഴിക്കുന്നതും. പക്ഷെ വിവാഹം നടന്ന കാര്യം രാധിക പരസ്യമാക്കുന്നത് 2010ലാണ്. ഇവര്‍ക്കൊരു പെണ്‍കുട്ടിയുമുണ്ട്. കുമാരസ്വാമി വീണ്ടും മുഖ്യമന്ത്രിയായ സാഹചര്യത്തില്‍ ഹിന്ദുവിവാഹ നിയമം ലംഘിച്ച് രണ്ടാമതൊരു ഭാര്യയെ സ്വന്തമാക്കിയതിന് കുമാരസ്വാമിയെ കോടതി കയറ്റാനുള്ള ഒരുക്കത്തിലാണ് രാഷ്ട്രീയ എതിരാളികള്‍.
അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ഏര്‍പ്പെടുത്തുന്ന വിലക്കുകളെ മറികടക്കാന്‍ ഇറാനും റഷ്യയും ക്രിപ്‌റ്റോകറന്‍സിയെ ആശ്രയിക്കുമെന്ന് സൂചന. അമേരിക്കന്‍ ഡോളറിനെ ആശ്രയിച്ചുള്ള ക്രയവിക്രയങ്ങള്‍ ഒഴിവാക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സിയിലേക്ക് ഈ രാജ്യങ്ങള്‍ നീങ്ങുകയാണെന്നാണ് കരുതുന്നത്. ഒബാമയുടെ കാലത്ത് ഇറാനുമായി പ്രഖ്യാപിച്ച ആണവക്കരാര്‍ ട്രംപ് പിന്‍വലിച്ചതോടെ ഇറാന്‍ നാണയമായ റിയാലിന്റെ മൂല്യം ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ഉക്രെയിനിലെ സൈനിക നടപടിക്കു ശേഷം റഷ്യക്കെതിരെയും നിരവധി അന്താരാഷ്ട്ര ഉപരോധങ്ങള്‍ നിലവിലുണ്ട്.

അമേരിക്കന്‍ ഡോളര്‍ അധിഷ്ഠിത വ്യവഹാരങ്ങളെ മറികടക്കാനും ഡോളര്‍ അധിഷ്ഠിതമായ അന്താരാഷ്ട്ര ബാങ്കിംഗ് നെറ്റ്വര്‍ക്ക്, സ്വിഫ്റ്റിലുള്ള ആശ്രയത്വം ഒഴിവാക്കുന്നതിനുമായി ടെഹ്‌റാന്‍ ക്രിപ്‌റ്റോകറന്‍സിയെ ആശ്രയിക്കാമെന്ന നിര്‍ദേശം മുന്നോട്ടു വെച്ചിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. റഷ്യയുമായി നടന്ന ഉന്നതതല ചര്‍ച്ചകളിലാണ് ഇറാന്‍ ഈ നിര്‍ദേശം നല്‍കിയതെന്ന് ഇന്റര്‍ഫാക്‌സ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമമായ ആര്‍ബിസി റിപ്പോര്‍ട്ട് ചെയ്തു. ക്രിപ്‌റ്റോകറന്‍സി ഉപയോഗത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇറാന് ഇറാനിലെ പാര്‍ലമെന്ററി കമ്മീഷന്‍ ഓഫ് ഇക്കണോമിക് അഫയേഴ്‌സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കമ്മീഷന്‍ തലവനായ മൊഹമ്മദ് റെസ പോറെബ്രാഹിമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ക്രിപ്‌റ്റോകറന്‍സി ഒരു പ്രധാന വസ്തുതയായി മാറിയിട്ടുണ്ട്. ഡോളറിനെ ആശ്രയിക്കുന്നതില്‍ നിന്നും സ്വിഫ്റ്റ് സിസ്റ്റത്തെ ഒഴിവാക്കാനും മികച്ച ഒരു മാര്‍ഗ്ഗമാണ് ക്രിപ്‌റ്റോകറന്‍സിയെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. റഷ്യയുടെ ഫെഡറേഷന്‍ കൗണ്‍സില്‍ കമ്മിറ്റി ഓണ്‍ ഇക്കണോമിക് പോളിസി തലവന്‍ ദിമിത്രി മെസെന്റേവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ജീവന്‍ തിരിച്ച് നല്‍കിയ എന്‍എച്ച്എസിന് നന്ദി പ്രകടിപ്പിച്ച് ബ്രിട്ടനില്‍ ഗണ്‍ക്രൈമിന് ഇരയായ ഏറ്റവും പ്രായംകുറഞ്ഞ പെണ്‍കുട്ടി. തന്റെ സന്തോഷവും ജീവനും തിരികെ നല്‍കുന്നതില്‍ എന്‍എച്ച്എസ് വഹിച്ച പങ്ക് വലുതാണെന്ന് പെണ്‍കുട്ടി പറഞ്ഞു. 2011 മാര്‍ച്ചിലാണ് തുഷ കമലേശ്വരന്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം മാറ്റിമറിച്ച ആക്രമണം നടക്കുന്നത്. ഒരു ഗ്രോസറി കടയില്‍ വെച്ചാണ് തുഷയ്ക്ക് മയക്കുമരുന്ന് മാഫിയ സംഘങ്ങളള്‍ തമ്മില്‍ നടന്ന വെടിവെപ്പിനിടെ പരിക്കേറ്റത്. വെടിയേറ്റ് നിലത്ത് വീണയുടന്‍ ബോധം മറഞ്ഞിരുന്നു. കൃത്യസമയത്ത് എത്തിച്ചേര്‍ന്ന പാരാമെഡിക്കുകളുടെ ഇടപെടലായിരുന്നു ഇവളുടെ ജീവന്‍ രക്ഷിച്ചത്. പിന്നീട് മാസങ്ങളോളം ആശുപത്രിയിലും വീട്ടിലുമായി ചികിത്സ.

നട്ടെല്ലിനേറ്റ വെടിയുണ്ട അത്ര നിസാരക്കാരനായിരുന്നില്ല. ചികിത്സയുടെ ആദ്യഘട്ടങ്ങളില്‍ തന്നെ തുഷയുടെ ഭാവി ജീവിതം വീല്‍ച്ചെയറിലായിരിക്കും എന്ന സൂചന ഡോക്ടര്‍മാര്‍ നല്‍കിയിരുന്നു. നിരന്തരമുള്ള ആശുപത്രി സന്ദര്‍ശനങ്ങളും മരുന്നുകളുമൊക്കെയായി വളരെ ദുഷ്‌കരമായിരുന്നു ഇതിനു ശേഷം തുഷയുടെ ജീവിതം. പക്ഷേ ഇതൊന്നും തുഷയുടെ ജീവതത്തോടുള്ള പ്രതീക്ഷകളെ ഇല്ലാതാക്കിയില്ല. അവള്‍ക്കിപ്പോള്‍ ഡോക്ടറാകണമെന്നാണ് ആഗ്രഹം. ജീവന്‍ തിരികെ നല്‍കിയവരെപ്പോലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കാനാണ് അവള്‍ക്കും ആഗ്രഹം. ബ്രിട്ടനിലേക്ക് കുടിയേറി പാര്‍ത്ത തുഷയുടേത് സാധാരണ കുടുംബമാണ്. എന്‍എച്ച്എസ് സഹായമില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ചികിത്സ തന്നെ മുടങ്ങാന്‍ സാധ്യതയുണ്ടായിരുന്നു.

ഇത്തവണ ദി എന്‍എച്ച്എസ് ഹീറോ അവാര്‍ഡ് നേടിയിരിക്കുന്നത് തുഷയാണ്. പാരാമെഡിക്കുകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്ന് പുരസ്‌കാര ചടങ്ങിനിടെ തുഷ പറഞ്ഞു. അവരെന്നെ ഒരുപാട് പ്രചോദിപ്പിച്ചിട്ടുണ്ട്. അവരെപ്പോലെ എനിക്കും മറ്റുള്ളവരെ ജീവന്‍ രക്ഷപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവണമെന്ന് തുഷ പറഞ്ഞു. എന്റെ പ്രിയ്യപ്പെട്ട വിഷയം സയന്‍സും ഗണിതശാസ്ത്രവുമാണ്. ഈ വിഷയങ്ങള്‍ എന്റെ ഡോക്ടറാവാനുള്ള ആഗ്രഹത്തിലേക്ക് എത്താനുള്ള ചവിട്ടുപടിയാകുമെന്നാണ് ഞാന്‍ കരുതുന്നതെന്നും തുഷ പറയുന്നു. തുഷ ജീവിതകാലം മുഴുവന്‍ വീല്‍ച്ചെയറില്‍ കഴിയേണ്ടി വരില്ലെന്നാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍ പറയുന്നത്. വൈകാതെ തന്നെ എഴുന്നേറ്റ് നടക്കാന്‍ അവള്‍ക്ക് കഴിയുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
വളരെ ചെറിയ കുട്ടികള്‍ക്ക് ഒരു വിധത്തിലുമുള്ള അണുബാധയുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ നാം സ്വീകരിക്കാറുണ്ട്. അങ്ങേയറ്റം വൃത്തിയുള്ള ആധുനിക വീടുകളും ആന്റിസെപ്റ്റിക് വൈപ്പുകളും കുഞ്ഞുങ്ങളെ എല്ലാത്തരത്തിലുള്ള ഭീഷണികളില്‍ നിന്നും രക്ഷിക്കാനായി നാം തയ്യാറാകുന്നു. എന്നാല്‍ ഈ മുന്‍കരുതലുകള്‍ കുഞ്ഞോമനകളെ മാരക രോഗങ്ങളിലേക്ക് നയിക്കുകയാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 30 വര്‍ഷത്തിലേറെ നീണ്ട പഠനത്തിലാണ് പ്രൊഫ. മെല്‍ ഗ്രീവ്‌സ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്. കുട്ടികളില്‍ കാണപ്പെടുന്ന ക്യാന്‍സറുകളില്‍ പലതിനും കാരണമാകുന്നത് ചില അണുബാധകള്‍ ഇവരുടെ ശരീരത്തില്‍ ഏല്‍ക്കാത്തതാണെന്ന് ഗ്രീവ്‌സ് പറയുന്നു.

കുട്ടികളിലെ രക്താര്‍ബുദത്തിന് കാരണമായി പലരും കരുതുന്നത് ആണവ നിലയങ്ങളും അവയില്‍ നിന്നുള്ള വൈദ്യുതി ലൈനുകളും അല്ലെങ്കില്‍ ഹോട്ട്‌ഡോഗുകളുടെയും ഹാംബര്‍ഗറുകളുടെയും നിരന്തര ഉപയോഗവും മറ്റുമാണ്. ഇതില്‍ ചില കാര്യങ്ങള്‍ക്ക് ശാസ്ത്രീയാടിത്തറയുണ്ടെങ്കിലും ചില ജനിതക വ്യതിയാനങ്ങളും ശൈശവത്തിലുണ്ടാകുന്ന അണുബാധകള്‍ ഏല്‍ക്കാത്തതുമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. അണുബാധകള്‍ ഏല്‍ക്കുന്ന കുട്ടികളിലെ രോഗപ്രതിരോധ സംവിധാനം അത്തരം അണുബാധകളെ പിന്നീട് ചെറുക്കാനാകുന്ന വിധത്തില്‍ ക്രമീകരിക്കപ്പെടുകയാണ് ചെയ്യുന്നത്. ഇത് പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ ശരീരത്തിന് ശേഷി നല്‍കുന്നു.

അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താര്‍ബുദമുള്ള 20ല്‍ ഒന്ന് കുട്ടികള്‍ക്ക് ജനിതക വ്യതിയാനമാണ് രോഗബാധയ്ക്ക് പ്രധാന കാരണമായി പറയുന്നത്. എന്നാല്‍ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നവരില്‍ ഈ രോഗബാധയുണ്ടാകുന്നില്ലെന്ന് കണ്ടെത്തി. ഈ ശേഷി കൈവരിക്കണമെങ്കില്‍ ഒരു വയസിനുള്ളില്‍ രോഗാണുക്കളുമായി സമ്പര്‍ക്കമുണ്ടാകേണ്ടതുണ്ട്. ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്യാന്‍സര്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞനാണ് ഇദ്ദേഹം. 2000ല്‍ ഒരു കുട്ടിക്ക് വീതം അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ എന്ന രക്താര്‍ബുദം ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. 60കള്‍ വരെ മാരകമായി കരുതിയിരുന്ന ഈ രോഗം ഇപ്പോള്‍ 90 ശതമാനവും ചികിത്സിച്ച് മാറ്റാന്‍ കഴിയുന്നുണ്ടെങ്കിലും ഈ ചികിത്സ ദൈര്‍ഘ്യമേറിയതും ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ ഉള്ളതുമാണ്.
മരണം മുന്നിൽ കണ്ട രോഗിക്ക് സാന്ത്വനമേകുമ്പോൾ ലിനി അറിഞ്ഞിരിക്കില്ല തന്നെ കാത്തിരിക്കുന്ന ദുരന്തം. അറിഞ്ഞാലും അവൾ കർത്തവ്യത്തിൽ നിന്ന് പിന്തിരിയാനുള്ള സാധ്യത തീരെ കുറവാണ്. പരിചരിച്ച രോഗി മരണത്തിന് കീഴടങ്ങി ദിവസങ്ങൾക്കുള്ളിൽ ലിനിയും മരണത്തിനു കീഴടങ്ങിയപ്പോൾ ആ മാലാഖയുടെ ധൈര്യത്തെ വാഴ്ത്തിപ്പാടുകയാണ് സമൂഹ മാധ്യമങ്ങൾ. രോഗികൾക്കായി ജീവൻ ദാനം നൽകിയ മാലാഖമാരുടെ ഇടയിലാകും ഇനി ലിനിക്ക് സ്ഥാനം.
മാരകമായ നിപ്പ വൈറസെന്ന് തിരിച്ചറിയുന്നതിന് മുമ്പ് രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു കോഴിക്കോട് ചെമ്പനോട സ്വദേശി ലിനി. താൻ പരിചരിച്ച സാബിത്ത് രോഗിയില്‍ നിന്ന് പകര്‍ന്ന വൈറസ് തന്നെയാണ് ലിനിയുടെ ജീവനും എടുത്തത്. ചങ്ങരോത്ത് സൂപ്പിക്കടയിലെ വളച്ചുകെട്ട് മൊയ്തു ഹാജിയുടെ ഭാര്യ കണ്ടോത്ത് മറിയം, മറിയത്തിന്റെ ഭര്‍ത്തൃ സഹോദരന്റെ മക്കളായ സാലിഹ്, സാബിത്ത് എന്നിവരിലാണ് ആദ്യം ഈ വൈറസ് ബാധ കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്കകം മൂവരും മരിച്ചു. അതിന് പിന്നാലെയാണ് സാബിത്തിനെ പരിചരിച്ച ലിനിയും മരണത്തിന് കീഴടങ്ങുന്നത്.
വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചതിനാല്‍ ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. അടുത്ത ബന്ധുക്കളെ കാണാന്‍ അനുവദിച്ചശേഷം പുലര്‍ച്ചയോടെ തന്നെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു. രണ്ട് ചെറിയ മക്കളാണ് ലിനിക്ക്. ഭര്‍ത്താവ് സജീഷ് വിദേശത്താണ്. തീരാവേദനയിലാണ് ഈ കുടുംബം. അപ്രതീക്ഷിതമായി എത്തിയ മരണത്തിന്റെ ആഘാതത്തില്‍ നിന്ന് ഈ കുടുംബം മോചിതരായിട്ടില്ല. അതിനിടെ ഞായറാഴ്ച ലിനിയുടെ മാതാവിനെയും പനിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് നിപ്പ വൈറസ് ബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
കോഴിക്കോട്: സംസ്ഥാനത്ത് ഒരാളില്‍ കൂടി നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. പനി ബാധിച്ച് ചികിത്സയിലുള്ള ഒരാള്‍ക്ക് കൂടിയാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആദ്യം മരണം സംഭവിച്ച സാബിത്തിന്റേയും സാലിഹിന്റേയും പിതാവ് ചങ്ങരോത്ത് സ്വദേശി മൂസയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ മെഡിക്കല്‍ കോളജിലെ പ്രത്യേക നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. സാബിത്തിനേയും സാലിഹിനേയും ആദ്യഘട്ടത്തില്‍ ചികിത്സിച്ച നേഴ്‌സ് ലിനിയും മരണപ്പെട്ടിരുന്നു.
മരിച്ച സഹോദരങ്ങളെ പേരാമ്പ്ര ഇ.എം.എസ് ആശുപത്രിയില്‍ ചികിത്സിച്ച ഷിജി, ജിഷ്ണ എന്നീ നേഴ്‌സുമാരില്‍ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിപ്പ വൈറസ് സ്ഥിരീകരിച്ചിട്ടില്ല. മരണപ്പെട്ട നാലുപേരുടെ സ്രവം നേരത്തെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചതില്‍ മൂന്നു പേരുടെ മരണം വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംശയമുള്ള മറ്റുള്ളവരുടേയും സാമ്പിള്‍ ശേഖരിച്ച് അയച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.

19ന് ശനിയാഴ്ചയാണ് സംശയകരമായ മരണം ശ്രദ്ധയില്‍പ്പെട്ടത്. അസാധാരണ മരണമായതിനാല്‍ അന്നു തന്നെ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായും ലോകാരോഗ്യ സംഘടനയുമായും ബന്ധപ്പെട്ടിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ ആവശ്യമായ ഇടങ്ങളില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി വരുന്നു. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കോഴിക്കോട് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു.