ന്യൂസ് ഡെസ്ക്, മലയാളം യുകെ
2012-ൽ 40 ശതമാനമായിരുന്ന എൻ എച്ച് എസ് -ഫണ്ട് ചെയ്ത ഐ വി എഫ് സൈക്കിളുകളുടെ അനുപാതം 2022-ൽ 27% ആയി കുറഞ്ഞെന്ന് യുകെ ഫെർട്ടിലിറ്റി റെഗുലേറ്റർ, ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റിയുടെ (എച്ച് എഫ് ഇ എ ) റിപ്പോർട്ടുകൾ. ഐ വി എഫ് ചികിത്സയ്ക്കുള്ള ധനസഹായം രാജ്യത്തെ പല സ്ഥലങ്ങളിലും പലതാണ്. ഇതിന് പുറമേ ആദ്യമായി ഐ വി എഫ് ചികിത്സയ്ക്ക് വിധേയമാകാനുള്ള പ്രായം 35 ആക്കിയിരിക്കുകയാണ്. ഐ വി എഫ് ചികിത്സയുടെ വിജയ ശതമാനത്തിൽ കുറവുണ്ടായിട്ടും പ്രായം ഉയർത്തിയതിനെ വിമർശിച്ച് കൊണ്ട് പലരും രംഗത്ത് വന്നിരുന്നു.
2019 -ൽ ഏകദേശം 50,000 രോഗികൾ യുകെയിൽ ഐ വി എഫ് ചികിത്സയ്ക്ക് വിധേയരായപ്പോൾ, 2022-ൽ ഇത് 52,500 ആയി വർദ്ധിച്ചിരുന്നു. ഇംഗ്ലണ്ടിലെ ഐ വി എഫ് -നുള്ള എൻ എച്ച് എസ് ഫണ്ടിംഗ് നിർണ്ണയിക്കുന്നത് സംയോജിത കെയർ ബോർഡുകളാണ്. അതേസമയം സ്കോട്ട്ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് എന്നിവിടങ്ങളിൽ നാഷണൽ ക്രൈറ്റീരിയയുടെ അടിസ്ഥാനത്തിലാണ് ഇവ നിർണ്ണയിക്കുക.
ഐ വി എഫ് ഫണ്ടിംഗിൽ കാര്യമായ അസമത്വങ്ങൾ ഉണ്ടെന്ന് എച്ച് എഫ് ഇ എ-യിൽ നിന്നുള്ള ക്ലെയർ എറ്റിംഗ്‌ഹോസെൻ പറയുന്നു. താമസിക്കുന്ന സ്ഥലം, റിലേഷൻഷിപ്പ് സ്റ്റാറ്റസ്, രോഗിക്ക് മുൻ ബന്ധത്തിൽ നിന്ന് കുട്ടിയുണ്ടോ തുടങ്ങിയ കാര്യങ്ങൾ ഫണ്ടിംഗിനെ സ്വാധീനിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. ഇത് കൂടാതെ കറുത്തവർഗ്ഗക്കാരായ രോഗികൾക്ക് മറ്റ് രോഗികളെ അപേക്ഷിച്ച് കുറഞ്ഞ ധനസഹായമാണ് ലഭിക്കുന്നതെന്നും അവർ പറയുന്നു. യുകെയിൽ ഐ വി എഫ് വഴിയുള്ള ഗർഭധാരണ നിരക്ക് 2012-ൽ 21% ആയിരുന്നെങ്കിൽ 2022-ൽ ഇത് 31% ആയി വർദ്ധിച്ചിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഡോളറിനെതിരെ ബ്രിട്ടീഷ് പൗണ്ട് ഒരു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ ബുധനാഴ്ച എത്തി. കഴിഞ്ഞ ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് പൗണ്ടിന്റെ മൂല്യം 1.30 ഡോളറിനു മുകളിൽ എത്തുന്നത്. പണപ്പെരുപ്പത്തിൽ കാര്യമായ കുറവ് പ്രകടമാകാത്തതിനാൽ, ഓഗസ്റ്റ് മാസത്തിലും പലിശ നിരക്കുകൾ കുറയുമെന്ന പ്രതീക്ഷ നിക്ഷേപകർക്കിടയിൽ ഇല്ലാതായതോടെയാണ് പൗണ്ടിന്റെ മൂല്യം ഉയർന്നത് എന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതോടൊപ്പം തന്നെ പുതിയ ലേബർ പാർട്ടി സർക്കാർ കൂടുതൽ സാമ്പത്തിക സ്ഥിരത ഉറപ്പാക്കുമെന്ന വിപണി പ്രതീക്ഷയും പൗണ്ടിന്റെ മൂല്യം ഉയരുന്നതിന് ഇടയാക്കി. യുകെയിലെ ഉയർന്ന പലിശ നിരക്കുകൾ കൂടുതൽ വിദേശനിക്ഷേപങ്ങൾ ആകർഷിക്കുന്നതിനു കാരണമാകും. ഇത് മറ്റ് കറൻസികളുമായി താരതമ്യപ്പെടുത്തുമ്പോൾ, പൗണ്ടിന്റെ മൂല്യം കൂടുതൽ ഉയർത്തുന്നതിന് സഹായകരമാകും എന്നാണ് സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നത്. യുകെ നിരക്കുകൾ കൂടുതൽ കാലം ഉയർന്ന നിലയിൽ തന്നെ തുടരുമെന്ന നിലപാടിലൂടെയാണ് കറൻസി വിപണികൾ പ്രതികരിച്ചത്.
പണപ്പെരുപ്പ നിരക്ക് ബ്രിട്ടനിൽ ജൂൺ മാസത്തിൽ കൂടുതൽ സ്ഥിരതയുള്ളതായിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിൻ്റെ ടാർഗെറ്റ് നിരക്കായ 2% എന്ന നിലയിലേക്ക് പണപ്പെരുപ്പ നിരക്ക് എത്തിയത് ആശ്വാസജനകമാണ്. എന്നാൽ പലിശ നിരക്കുകൾ കുറയ്ക്കുന്നതിന് മുൻപായി കൂടുതൽ സൂക്ഷ്മപരിശോധനങ്ങൾ നടത്തുകയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സ്വിറ്റ്സർലൻഡ്, സ്വീഡൻ, കാനഡ എന്നിവിടങ്ങളിൽ ഉൾപ്പെടെയുള്ള ചില സെൻട്രൽ ബാങ്കുകൾ ഇതിനകം തന്നെ പലിശ നിരക്കുകൾ കുറച്ചു കഴിഞ്ഞു. എന്നാൽ ബാങ്ക് ഓഫ് ഇംഗ്ലണ്ടും യുഎസ് ഫെഡറൽ റിസർവും ഇതേ നീക്കം ഇതുവരെ നടത്തിയിട്ടില്ല. ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ട് ചൊവ്വാഴ്ച യുകെയിലെ സാമ്പത്തിക വളർച്ചയെ സംബന്ധിച്ച പ്രവചന നിരക്ക് ഈ വർഷം 0.7% ആയി ഉയർത്തിയതും ആശ്വാസം നൽകുന്ന വാർത്തയാണ്. എന്നാൽ പണപ്പെരുപ്പ നിരക്ക് ചില മേഖലകളിൽ ഉയർന്നു നിൽക്കുന്നത് പലിശ നിരക്കുകൾ കൂടുതൽ കാലം ഉയർന്ന രീതിയിൽ തന്നെ നിലനിർത്തണമെന്ന ആശങ്കയും രാജ്യത്തിന് നൽകുന്നുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റങ്ങൾ പ്രധാനമായും ഉണ്ടാകുന്നത് ആഫ്രിക്കയിൽ നിന്നും മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ നിന്നുമായതിനാൽ ഉറവിടങ്ങളിൽ തന്നെ ഇത്തരം കുടിയേറ്റങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള പരിഹാരമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പുതിയതായി മുന്നോട്ടുവച്ചിരിക്കുന്നത്. 84 മില്യൻ പൗണ്ട് ആണ് ആഫ്രിക്കയിലും മറ്റ് പ്രശ്നബാധിത മേഖലകൾക്കുമായി വിദ്യാഭ്യാസത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, മാനുഷിക പിന്തുണ നൽകുന്നതിനും ആയി അദ്ദേഹം പ്രഖ്യാപിച്ചത്. ആളുകളെ സ്വന്തം വീട് ഉപേക്ഷിച്ച പോരുന്നതിന് പ്രേരിപ്പിക്കുന്ന ഘടകങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി രൂപപ്പെടുത്തിയിരിക്കുന്നത് എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ബ്ലെൻഹൈം പാലസിൽ യുകെ ആതിഥേയത്വം വഹിച്ച യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റിയുടെ (ഇപിസി) നാലാമത്തെ ഉച്ചകോടിയിൽ സംസാരിക്കവെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലീഷ് ചാനൽ കുറുകെ കടക്കുന്ന ചെറിയ ബോട്ടുകളുടെ യാത്രയെ പൂർണമായി അവസാനിപ്പിക്കുവാൻ യാതൊരു കുറുക്കു വഴികളുമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റും ഒരുപോലെ സമ്മതിക്കുന്നു. അതിനാൽ പ്രായോഗിക പരിഹാരങ്ങളിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി യോഗത്തിൽ വ്യക്തമാക്കി. യൂറോപ്യൻ യൂണിയനിലെ 27 അംഗങ്ങളും യുകെ പോലുള്ള മറ്റ് 20 രാജ്യങ്ങളും ഉൾപ്പെടുന്ന യൂറോപ്യൻ പൊളിറ്റിക്കൽ കമ്മ്യൂണിറ്റി പരസ്പര സഹകരണത്തിനുള്ള അനൗപചാരികമായ ഫോറമാണ്.
നിയമവിരുദ്ധ കുടിയേറ്റത്തോടുള്ള യുകെയുടെ സമീപനം പുനക്രമീകരിക്കുവാനും പ്രതിരോധത്തിലും അതിർത്തി സുരക്ഷയിലും യൂറോപ്പുമായുള്ള സഹകരണം ആഴത്തിലാക്കാനും താൻ ആഗ്രഹിക്കുന്നുവെന്ന് വാർത്താ സമ്മേളനത്തിൽ സംസാരിച്ച സ്റ്റാർമർ പറഞ്ഞു. കള്ളക്കടത്ത് സംഘങ്ങളെ ഇല്ലാതാക്കുന്നതിൽ രാജ്യങ്ങൾ തമ്മിൽ സമവായം ഉണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംഘടിത കുറ്റകൃത്യങ്ങളെ നേരിടാൻ സ്ലോവേനിയയുമായും സ്ലൊവാക്യയുമായും യുകെ പുതിയ കരാറുകൾ രൂപപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. ബ്രിട്ടന്റെ അനധികൃത കുടിയേറ്റ നയത്തിന് അന്താരാഷ്ട്ര ഉച്ചകോടിയിൽ ഒരു പുതിയ മാനം നൽകുവാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ലീഡ്‌സിലെ ഹെയർഹിൽസിൽ ഇന്നലെ പൊട്ടിപ്പുറപ്പെട്ട സംഘർഷത്തിൽ സ്ഥിതിഗതികൾ രൂക്ഷമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സംഘർഷം നേരിടുവാനായി വൻ പോലീസ് സന്നാഹത്തെയാണ് സ്ഥലത്ത് കേന്ദ്രീകരിച്ചിരിക്കുന്നത്. പോലീസ് വാഹനം മറിച്ചിടുകയും മറ്റൊരു ബസ് കത്തിക്കുകയും ചെയ്ത സംഭവങ്ങൾ അവിടെ ഉണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സ്ഥലത്തെ പ്രദേശവാസികളോട് വീട്ടിൽ തന്നെ തുടരുവാൻ ഉള്ള നിർദ്ദേശങ്ങളാണ് പോലീസ് അധികൃതർ നൽകിയിരിക്കുന്നത്.
ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ഈ ആക്രമണത്തെ അപലപിച്ച ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ, ഇത്തരത്തിലുള്ള അസ്വസ്ഥതകൾക്ക് നമ്മുടെ സമൂഹത്തിൽ സ്ഥാനം ഇല്ലെന്നും വ്യക്തമാക്കി. എന്നാൽ ഈ സംഘർഷത്തിന് പിന്നിലുള്ള യഥാർത്ഥ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. സ്ഥലത്തെ സമാധാന അവസ്ഥ തകർക്കുവാൻ ക്രിമിനൽ ബന്ധമുള്ള ന്യൂനപക്ഷ സംഘങ്ങളാണ് ഈ സംഘർഷത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട ഫൂട്ടേജുകളിൽ, പോലീസ് വാഹനത്തിന്റെ ചില്ലുകൾ അടിച്ച് തകർക്കുന്ന ദൃശ്യങ്ങൾ വ്യക്തമാകുന്നുണ്ട്. വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് ലക്സർ സ്ട്രീറ്റിലെ ഒരു വിലാസത്തിൽ ഏജൻസി തൊഴിലാളികളും കുട്ടികളും തമ്മിൽ ചെറിയതോതിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് ഏജൻസി അധികൃതരെയും കുട്ടികളെയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയെങ്കിലും സംഘർഷം വ്യാപിക്കുകയായിരുന്നു.
കോംപ്ടൺ സെൻ്ററിന് സമീപം ഒരു ബസ് പൂർണമായും കത്തിനശിച്ചതായി പ്രദേശത്തു നിന്നുള്ള വാർത്തകൾ വ്യക്തമാക്കുന്നു. അടിയന്തര സേവനങ്ങൾക്കായി കാത്തുനിന്ന ബസിലെ അംഗങ്ങൾ ബക്കറ്റ് വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചു. പിന്നീട് അർദ്ധരാത്രിക്ക് ശേഷമാണ് അഗ്നിശമനസേന സ്ഥലത്തെത്തിയത്.
സ്ഥലത്തെ പ്രശ്നങ്ങളോട് അധികൃതർ ക്രിയാത്മകമായാണ് പ്രതികരിക്കുന്നത് എന്നും ഉടൻതന്നെ കുറ്റക്കാരെ കണ്ടെത്തുമെന്നും പോലീസ് ജനങ്ങൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്. ക്രിമിനൽ കുറ്റങ്ങളെല്ലാം തന്നെ കൃത്യമായ രീതിയിൽ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ സമാധാനം പുനഃസൃഷ്ടിക്കുന്നതിനായി കൂടുതൽ പോലീസ് സേനയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ജൂൺ വരെയുള്ള കാലയളവിലെ പണപ്പെരുപ്പം 2 ശതമാനമായി തുടരുകയാണെന്ന കണക്കുകൾ പുറത്തു വന്നു . പണപ്പെരുപ്പം 2 -ൽ നിന്ന് കുറഞ്ഞ് 1.9 ശതമാനമാകുമെന്ന സാമ്പത്തിക വിദഗ്ധരുടെ പ്രതീക്ഷകൾക്കാണ് മങ്ങലേറ്റിരിക്കുന്നത്. സർവീസ് ഇൻഡസ്ട്രിയുടെ പണപ്പെരുപ്പം 5.7 ശതമാനമാണ്. ഈ സാഹചര്യത്തിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറയ്ക്കുന്നതിന്റെ സാധ്യതകൾക്ക് മങ്ങലേറ്റേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ അനുമാനിക്കുന്നത് .
2022 ഒക്ടോബർ മാസത്തിൽ 11. 1 ശതമാനമായിരുന്ന പണപ്പെരുപ്പം ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ കടുത്ത ഇടപെടലിലൂടെയാണ് ഘട്ടം ഘട്ടമായി കുറഞ്ഞത്. ഇലക്ഷന് മുമ്പ് തന്നെ പലിശ നിരക്ക് കുറഞ്ഞേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തിയിരുന്നു. എന്നാൽ കഴിഞ്ഞ അവലോകന യോഗത്തിൽ പലിശ നിരക്ക് കുറയുന്നതിനുള്ള അഭിപ്രായം സ്വരൂപിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അവലോകന സമിതിക്കായില്ല. എന്നിരുന്നാലും അടുത്ത വട്ടം പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന റിപ്പോർട്ടുകൾ ആണ് സാമ്പത്തിക വിദഗ്ധർ പങ്കുവെച്ചത്.
സേവന മേഖലയിലെ ഉയർന്ന പണപ്പെരുപ്പം വൻ തിരിച്ചടിയാണെന്ന അഭിപ്രായം ശക്തമാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചില്ലെങ്കിൽ അത് വീടു വാങ്ങാൻ ഉൾപ്പെടെയുള്ള കാര്യങ്ങൾക്കായി ലോൺ എടുക്കാൻ ആഗ്രഹിച്ചിരുന്ന യു കെ മലയാളികൾക്ക് കടുത്ത നിരാശയായിരിക്കും സമ്മാനിക്കുന്നത്. പലിശ നിരക്ക് കുറയും എന്ന വാർത്തയുടെ അടിസ്ഥാനത്തിൽ ഭവന വിപണിയിൽ കഴിഞ്ഞ മാസം തന്നെ വൻ ഉണർവ് സംഭവിച്ചിരുന്നു. പുതിയ സാഹചര്യത്തിൽ ഓഗസ്റ്റ് 1 – ന് നടക്കുന്ന ബാങ്കിൻറെ അവലോകന യോഗത്തെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മനസ്സിലെ ദുഃഖം സങ്കട കണ്ണീരായി ഒഴികിയിറങ്ങി. അകാലത്തിൽ മരണമടഞ്ഞ ജോജോ ഫ്രാൻസിസിന്റെ മൃതദേഹം പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ സംഭവിച്ചത് അതാണ്. പൊതുദർശനം ഇന്നലെ 4 മണിക്കാണ് ആരംഭിച്ചത്. ജോജോയ്ക്ക് വിട നൽകാനായി മുന്നൂറിൽ പരം മലയാളികൾ അന്നു എത്തിച്ചേർന്നത്. ജോജോയുടെ പത്നി റീനയുടെ തേങ്ങലിന്റെ നൊമ്പര കാഴ്ച കൂടി നിന്നവരുടെ കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു .
ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആണ് കുർബാനയും മറ്റു പ്രാർത്ഥനാ ശുശ്രൂഷയും നടന്നത്. ബെഡ്ഫോർഡ് സെയിന്റ് അൽഫോൻസാ മിഷൻ ഡയറക്ടർ ഫാ.എബിൻ നീരുവെലിൽ VC ആണ് പൊതുദർശനത്തിനും അതിമോപചാര കർമ്മങ്ങൾക്കും നേതൃത്വം വഹിച്ചത്. ചടങ്ങില്‍ ജോജോ ഫ്രാന്‍സിസും, ഇടവക സെക്രട്ടറി ജോമോന്‍ മാമ്മൂട്ടിലും അനുശോചന സന്ദേശം പങ്ക് വച്ചു.ഇന്നലത്തെ ചടങ്ങുകൾക്ക് ശേഷം നാട്ടിൽ ജോജോയുടെ ഇടവകയായ കുറുമ്പനാടം സെയിന്റ് അന്തോണീസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ കൊണ്ടുപോയി സംസ്കാര ശുസ്രൂഷകൾ നടത്തുന്നതാണ്.
ബെഡ് ഫോർഡിനടുത്തുള്ള സെന്റ് നിക്കോൾസിൽ താമസിക്കുന്ന ജോജോ ഫ്രാൻസിസ് ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. വീട്ടിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എമർജൻസി സർവീസിനെ വിളിച്ചെങ്കിലും അവർ വരുന്നതിനുമുമ്പ് മരണം സംഭവിക്കുകയായിരുന്നു. ജോജോയും കുടുംബവും കോവിഡിന് മുമ്പാണ് യുകെയിലെത്തിയത്. എ- ലെവലിൽ പഠിക്കുന്ന വിദ്യാർത്ഥിയായ ഒരു മകനാണ് ഇവർക്ക് ഉള്ളത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഹെയർഫോർഡ്ഷയറിൽ വെച്ച് നടന്ന ഒരു കാർ അപകടത്തിൽ എൻഎച്ച്എസിൽ മാനസികാരോഗ്യ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു നേഴ്സിന് ഗുരുതര പരക്കേറ്റ സംഭവത്തിൽ യുഎസ് പൗരനെ യു കെയ്ക്ക് കൈമാറാനുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഐസക് കാൾഡെറോൺ എന്ന വ്യക്തിയാണ് ഇത് സംബന്ധിച്ച് യുഎസിലെ ടെക്സസ്സിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്. 2023 ജൂലൈയിൽ യു കെ യിലെ ഷക്ക്നാളിനു സമീപത്ത് വെച്ച് നടന്ന അപകടത്തിൽ ഇരയായത് എൻഎച്ച്എസ്സിൽ ജോലി ചെയ്യുന്ന അമ്പത്തിയാറുകാരിയായ എലിസബത്ത് ഡോണോഹോ എന്ന നേഴ്സ് ആയിരുന്നു. സംഭവത്തിൽ പ്രതിയായ ഐസക്കിനും വൈദ്യ പരിശോധന ആവശ്യമായതിനാൽ സംഭവസ്ഥലത്ത് വച്ച് തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നില്ലെന്ന് പോലീസ് അധികൃതർ അറിയിച്ചു. എന്നാൽ പിന്നീട് യുകെ കോടതിയിൽ വച്ച് നടന്ന വിചാരണയ്ക്ക് മുൻപ് തന്നെ ഐസക് തിരികെ യുഎസിൽ എത്തുകയായിരുന്നു. വോർസെസ്റ്റർഷെയറിലെ മാൽവേണിൽ നിന്നുള്ള എലിസബത്ത് ഡോണോഹോയ്ക്ക് അപകടത്തിൽ രണ്ട് കണങ്കാലുകളും സ്റ്റെർനവും വലതു കൈയും ഉൾപ്പെടെ ഒന്നിലധികം ഒടിവുകൾ സംഭവിച്ചിരുന്നു.
വരുന്ന തിങ്കളാഴ്ച യുഎസിൽ വച്ച് നടക്കുന്ന കോടതി വിചാരണയിൽ പ്രതിയെ യുകെയ്ക്ക് കൈമാറാനുള്ള സാധ്യത ഏറെയാണെന്ന് പോലീസ് അധികൃതരും സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് കൈമാറൽ പ്രക്രിയ ഇത്രയും സമയമെടുത്തതെന്ന് തങ്ങൾക്ക് അറിയില്ലെന്നും, പക്ഷേ അത് ഇപ്പോൾ നടക്കുന്നതിൽ സന്തോഷം ഉണ്ടെന്നും, കൂടാതെ നീതിന്യായ വ്യവസ്ഥയെ നേരിടാൻ കാൽഡെറോണിനെ ഉടൻ തന്നെ യുകെയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും എലിസബത്തിന്റെ വക്താവ് റാഡ് സെയ്ഗർ പ്രസ് അസോസിയേഷൻ (പിഎ) വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. കാൾഡെറോൺ രഹസ്യ സേവനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നുണ്ടെന്നും, ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിനു കീഴിൽ വരാവുന്ന കാര്യങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും പോലീസ് അധികൃതർ മുൻപ് വ്യക്തമാക്കിയിരുന്നു. ടെക്സസിനെ കോടതിയിൽ നടക്കുന്ന വിചാരണയ്ക്ക് ശേഷമാവും കൈമാറൽ പ്രക്രിയകൾ ആരംഭിക്കുന്നത്. വ്യക്തിഗത കേസുകളിൽ അഭിപ്രായം പറയില്ലെന്നത് ദീർഘകാലമായുള്ള സർക്കാരിന്റെ നായമായതിനാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ഹോം ഓഫീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻ പ്രധാനമന്ത്രി റിഷി സുനക് ചെയ്യാതെ പോയ കാര്യങ്ങൾ താൻ പൂർത്തിയാക്കുമെന്ന് സർ കെയർ സ്റ്റാർമർ. ക്രമാനുഗതമായ പുകവലി നിരോധനം, ഫുട്ബോളിലെ നിയന്ത്രണങ്ങൾ, രോഗബാധിത രക്തം സംബന്ധിച്ച അഴിമതിക്കുള്ള നഷ്ടപരിഹാരം തുടങ്ങിയവ ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പരാമർശിച്ചു. കൺസർവേറ്റീവ് എംപിമാർക്കിടയിൽ മുമ്പ് വിവാദമായിരുന്ന പുകവലി നിരോധനം, പാർലമെൻ്റിൽ ലേബർ പാർട്ടിക്ക് ഗണ്യമായ ഭൂരിപക്ഷമുള്ളതിനാൽ ഇപ്പോൾ നടപ്പിലാക്കാനുള്ള സാധ്യതയുണ്ട്. തൻ്റെ പ്രസംഗത്തിൽ, 14 വർഷത്തെ ടോറി സർക്കാരിൻെറ ഭരണത്തെയും അദ്ദേഹം വിമർശിച്ചു. തങ്ങളുടെ ശ്രദ്ധ പ്രശ്‌നങ്ങളെ ചൂഷണം ചെയ്യുന്നതിനേക്കാൾ പരിഹരിക്കുന്നതിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ 14 വർഷക്കാലത്ത് ജയിലുകൾ, നദികൾ, കടലുകൾ എന്നിവയിൽ ഉണ്ടായ പ്രശ്നങ്ങളും അദ്ദേഹം പ്രസംഗത്തിൽ എടുത്ത് കാട്ടി. ദേശീയ നവീകരണത്തിന് സുസ്ഥിരമായ പരിശ്രമം ആവശ്യമാണെന്നും പെട്ടെന്നുള്ള പരിഹാരങ്ങൾ കൊണ്ട് അത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലേബർ പാർട്ടിയുടെ ഭൂരിപക്ഷത്തെക്കുറിച്ചുള്ള ഗ്രാമീണ സമൂഹങ്ങളുടെ ആശങ്ക കൺസർവേറ്റീവ് മുൻ മന്ത്രി ഗ്രഹാം സ്റ്റുവർട്ട് മുന്നോട്ട് വച്ചിരുന്നു. ഇതിന് മറുപടിയായി ഒരു ഗ്രാമീണ സമൂഹത്തിൽ താൻ വളർന്നതെന്നും നിലവിലുള്ള പല ലേബർ എംപിമാരും ഗ്രാമപ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം ലേബർ പാർട്ടിയുടെ പ്രകടന പത്രികയിൽ കൃഷിയോടുള്ള ശ്രദ്ധക്കുറവ് ഗ്രഹാം സ്റ്റുവർട്ട് എടുത്തുകാണിച്ചു. രാജാവിൻ്റെ പ്രസംഗത്തിലും ഈ വിഷയത്തിൽ 87 വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൺസർവേറ്റീവ് പാർട്ടിയുടെ മുൻ ഭരണങ്ങളെ വിമർശിച്ചുകൊണ്ടുള്ള സ്റ്റാർമർ പ്രസംഗം പുതിയ സർക്കാർ നയങ്ങൾ രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷ ഉയർത്തുന്നവയാണ്. പ്രാദേശിക തലത്തിൽ എതിർപ്പ് നേരിടേണ്ടി വന്നേക്കാവുന്ന വിവാദ നയങ്ങൾ നടപ്പിലാക്കാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്. എന്നിരുന്നാലും മുന്നോട്ടുള്ള പാത ഏറെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും നിറഞ്ഞവ ആയിരിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് 6 പുരുഷന്മാർക്കെതിരെ കേസെടുത്തു. പ്രതികൾ എല്ലാവരും 21നും 43 നും ഇടയിൽ പ്രായമുള്ളവരാണ്. 6 പെൺകുട്ടികൾ ആണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. പെൺകുട്ടികൾ എല്ലാവരും 18 വയസ്സിന് താഴെ പ്രായമുള്ളവരാണ്.
കോഡ്രിൻ ദുര( 25), ലിയോനാർഡ് പോൺ ( 22), സ്റ്റെഫാൻ സിയുരാരു( 21), ബോഗ്ദാൻ ഗുഗിയുമാൻ ( 43), ക്ലൗഡിയോ അലക്സിയു (27), ഇയോനട്ട് മിഹായ് ( 27) എന്നിവരാണ് പ്രതി പട്ടികയിൽ ഉള്ളത്. ബലാത്സംഗം, പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗിക പ്രവർത്തനങ്ങൾ, ഒരു കുട്ടിയുടെ ഫോട്ടോകൾ വിതരണം ചെയ്യൽ, എ ക്ലാസ് മയക്കുമരുന്ന് വിതരണം എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ആണ് പ്രതികൾ നടത്തിയതായി കുറ്റപത്രത്തിലുള്ളത്. കോഡ്രിൻ ദുരയ്ക്ക് എതിരെ 8 ബലാൽസംഗം ഉൾപ്പെടെ 17 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികൾക്കെതിരെയും ലൈംഗിക കുറ്റങ്ങൾ കൂടാതെ മയക്കുമരുന്ന് വിതരണം തുടങ്ങിയ കുറ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്’.
കഴിഞ്ഞയാഴ്ച ന്യൂകാസിൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ ആറ് പ്രതികളെയും കുറ്റം ചുമത്തി സോപാധിക ജാമ്യത്തിൽ വിട്ടയച്ചു. ഇവരെ അടുത്തമാസം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ആരോപണങ്ങൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ടു വന്ന പെൺകുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാവിധ പിന്തുണയും നൽകുമെന്ന് കേസിലെ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ഗ്രേം ബാർ പറഞ്ഞു. കേസ് ഇപ്പോൾ കോടതിയിൽ ആണെന്നും ഇത് സംബന്ധിച്ച് അനാവശ്യ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്വപ്നങ്ങളുടെ ചിറകിലേറി യുകെയിലെത്തിയ റൈഗൻ ജോസിന്റെ ആകസ്മിക നിര്യാണം യുകെ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു. നാല് മാസം മുൻപ് മാത്രമാണ് റൈഗൻ യുകെയിൽ എത്തിയത്. എന്നിരുന്നാലും തങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക് നേരിട്ട ദുരന്തമുഖത്ത് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒട്ടേറെ മലയാളികൾ ആണ് എത്തിച്ചേർന്നത്.
സോളിഹളളിലെ ഓൾട്ടർ പ്രിയറി കത്തോലിക്കാ പള്ളിയിൽ ഇന്നലെ വൈകുന്നേരം 4 മണി മുതൽ 7. 30 വരെയാണ് പൊതുദർശനം ക്രമീകരിച്ചിരുന്നത്. പൊതുദർശനത്തിനുശേഷം കുർബാനയ്ക്കും മറ്റ് പ്രാർത്ഥനകൾക്കും നേതൃത്വം നൽകിയത് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവാണ്. പൊതുദർശനം ക്രമീകരിക്കാനായി നേതൃത്വം നൽകിയത് ഫാ. ബിജു പന്തലുകാരൻ ആയിരുന്നു.പത്തോളം വൈദികരും പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുത്തിരുന്നു.
അങ്കമാലി കാലടി സ്വദേശിയായ റൈഗൻ വെയർ ഹൗസിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ മരണമടയുകയായിരുന്നു. ബെഡ് ഫോർഡ് ഹോസ്പിറ്റലിൽ നേഴ്സാണ് റൈഗൻെറ ഭാര്യ. 4 വയസ്സുകാരിയായ മകളുമുണ്ട് റൈഗന്. സേക്രട്ട് ഹാർട്ട് ഫാദേഴ്സ് ആൻഡ് ബ്രദേഴ്സ് ഓഫ് ബെതാറാം സഭാംഗമായ ഫാ.എഡ്വിൻ ജോസ് മണവാളൻ പരേതന്റെ ഇരട്ട സഹോദരനാണ്.
ഉടൻതന്നെ റൈഗന്റെ മൃതദേഹം നാട്ടിൽ എത്തിച്ച് മാതൃ ഇടവകയിൽ സംസ്കാരം നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃത സംസ്കാരത്തിൻറെ തീയതിയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുന്നതായിരിക്കും.