Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഇംഗ്ലണ്ടിലും വെയിൽസിലും രോഗം മൂർച്ഛിച്ച് ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന പ്രായമായവർക്ക് ജീവിതം അവസാനിപ്പിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള അസിസ്റ്റഡ് ഡൈയിങ്ങ് നിയമാനുസൃതമാക്കാൻ പുതിയ ബിൽ മുന്നോട്ടു വെച്ചിരിക്കുകയാണ്. ലേബർ പാർട്ടി എം പി കിം ലീഡ്‌ബീറ്ററാണ് ബിൽ മുന്നോട്ട് വച്ചിരിക്കുന്നത്. ലോകത്തെവിടെയും ഇല്ലാത്ത കർശനമായ സുരക്ഷാ നിർദ്ദേശങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് അവർ വ്യക്തമാക്കി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഈ ബില്ലിൽ, മരണം തെരഞ്ഞെടുക്കുന്നയാൾ യോഗ്യനാണെന്നും സ്വമേധയാ തീരുമാനമെടുത്തതാണെന്നും രണ്ട് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കുന്നു. അതോടൊപ്പം തന്നെ ബിൽ പ്രകാരം, രോഗിയുടെ അഭ്യർത്ഥന ഒരു ഹൈക്കോടതി ജഡ്ജിയും അംഗീകരിക്കേണ്ടതുണ്ട്. എന്നാൽ അസിസ്റ്റഡ് ഡൈയിങ്ങിനെ എതിർക്കുന്നവർ, ഇത്തരം നിയമനിർമ്മാണം തങ്ങളുടെ ജീവിതം അവസാനിപ്പിക്കുവാൻ ആളുകൾക്ക് മേൽ സമ്മർദ്ദം ഉണ്ടാക്കുമെന്ന ആശങ്കയും ഉയർത്തിയിട്ടുണ്ട്. ഈ മാസം 29ന് ആണ് ബില്ലിനെ സംബന്ധിച്ച് പ്രാരംഭ ചർച്ചകളും, വോട്ടെടുപ്പും ഉണ്ടാവുക.

2015ന് ശേഷം ആദ്യമായാണ് അസിസ്റ്റഡ് ഡൈയിംഗ് വിഷയത്തിൽ ഹൗസ് ഓഫ് കോമൺസ് വോട്ട് ചെയ്യുന്നത്. ബിൽ ആദ്യ ഘട്ട വോട്ടെടുപ്പിൽ പാസാകുകയാണെങ്കിൽ, പിന്നീട് എംപിമാർ ബില്ലിനെ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. ഇത്തരം സൂക്ഷ്മ പരിശോധനയ്ക്കിടയിൽ ബില്ലിൽ ഭേദഗതികളും ഉണ്ടാവും. പിന്നീട് പ്രസിദ്ധീകരിക്കുന്ന അന്തിമ പതിപ്പ് നിയമമായി മാറുവാൻ ഹൗസ് ഓഫ് കോമൺസിന്റെയും ലോർഡ്സിന്റെയും അംഗീകാരം ആവശ്യമാണ്. സർക്കാർ ഈ വിഷയത്തിൽ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. എംപിമാർക്ക് ഈ വിഷയത്തിൽ സ്വതന്ത്രമായി അവരുടെ താത്പര്യത്തിന് അനുസരിച്ച് വോട്ട് ചെയ്യാം എന്നാണ് ലേബർ പാർട്ടിയുടെ നിലപാട്.

ഇംഗ്ലണ്ടിലും വെയിൽസിലും നിർദ്ദേശിച്ചിരിക്കുന്ന ബില്ലിൽ അസിസ്റ്റഡ് ഡൈയിംഗിന് അപേക്ഷിക്കുന്നവർ 18 വയസ്സിന് മുകളിലുള്ളവരും ഇംഗ്ലണ്ടിലും വെയിൽസിലും താമസിക്കുന്നവരും കുറഞ്ഞത് 12 മാസത്തേക്ക് ഒരു ജിപിയിൽ രജിസ്റ്റർ ചെയ്തവരുമായിരിക്കണം എന്ന് നിഷ്കർഷിക്കുന്നുണ്ട്. അതോടൊപ്പം തന്നെ അവരുടെ ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ച് തീരുമാനമെടുക്കാനുള്ള മാനസിക ശേഷി ഉണ്ടായിരിക്കേണ്ടതും ആവശ്യമാണ്. അപേക്ഷിച്ചതിനുശേഷം പിന്നീട് തീരുമാനം മാറ്റാനുള്ള അനുവാദവും രോഗിക്ക് ഉണ്ടായിരിക്കും. രോഗികളെ നിർബന്ധിച്ച് ഇത്തരത്തിലുള്ള പ്രക്രിയകൾക്ക് വിധേയമാക്കുന്നത് തികച്ചും നിയമവിരുദ്ധമാണെന്നും ബില്ലിൽ പരാമർശിക്കുന്നു. 14 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമായാണ് ഇതിനെ കണക്കാക്കുക. മുന്നോട്ടുവച്ചിരിക്കുന്ന ഈ ബില്ല് നിയമമായി മാറുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലേയ്ക്ക് ഇടിഞ്ഞു . ഇന്നലെ ഒരു ഡോളറിന് 84.3875 എന്ന നിലയിലേയ്ക്ക് രൂപയുടെ മൂല്യം കുറഞ്ഞു . പ്രധാനമായും യുഎസ് പ്രസിഡൻറ് ആയി ഡൊണാൾഡ് ട്രംപിന്റെ വിജയം ആണ് ഡോളർ ശക്തി പ്രാപിക്കാൻ കാരണമായത്. ഇതുകൂടാതെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വൻ തോതിൽ വിദേശനിക്ഷേപം പിൻവലിച്ചതും രൂപയുടെ മൂല്യ ശോഷണത്തിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നുണ്ട്.

ലോകമെങ്ങുമുള്ള പ്രവാസി മലയാളികൾ രൂപയുടെ മൂല്യശോഷണത്തെ തുടർന്ന് ലാഭം കൊയ്യുന്ന തിരക്കിലായിരുന്നു. എന്നാൽ യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം പൗണ്ടിന്റെ വില അത്ര ആകർഷകമായിരുന്നില്ല. ഇന്നലെ പൗണ്ടിന്റെ വില 108.44 രൂപയായിരുന്നു. എന്നാൽ സെപ്റ്റംബർ 27-ാം തീയതി പൗണ്ടിന്റെ നിരക്ക് 111.97 രൂപ വരെയെത്തിയിരുന്നു .കഴിഞ്ഞവർഷം നവംബർ 12-ാം തീയതി 101.84 രൂപയായിരുന്ന പൗണ്ട് ഇടയ്ക്ക് ശക്തി പ്രാപിച്ച് ഉയർന്നെങ്കിലും കഴിഞ്ഞമാസം ദുർബലമായാണ് വിപണിയിൽ പ്രതിഫലിച്ചത്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കുറച്ചതാണ് പൗണ്ടിന്റെ വില ഇടിയാൻ കാരണമായത്തിന്റെ പിന്നിലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടി കാണിക്കുന്നത്.

യുഎഇ ദിർഹം, സൗദി റിയാൽ എന്നിവ ഉൾപ്പെടെയുള്ള ഗൾഫ് കറൻസികൾക്കെതിരെയും രൂപയുടെ മൂല്യം താഴ്ന്നതോടെ ഗൾഫിലുള്ള പ്രവാസി മലയാളികളും വൻതോതിൽ ലാഭം കൊയ്തു. രൂപയ്ക്ക് മൂല്യം ഇടിഞ്ഞത് വിദേശരാജ്യങ്ങളിൽ പഠിക്കാൻ പോകുന്ന മലയാളി വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി. വിദേശ യാത്രയ്ക്ക് പദ്ധതി ഇടുന്നവർക്ക് ഇനി കൂടുതൽ പണം കണ്ടെത്തേണ്ടതായി വരും. രൂപയ്ക്ക് മൂല്യം ഇടിഞ്ഞതു മൂലം ഇറക്കുമതി ചെലവ് ഉയരുന്നത് അത്തരം ഉത്പന്നങ്ങളുടെ വില വർദ്ധിക്കുന്നതിന് കാരണമാകും. എന്നാൽ കയറ്റുമതി മേഖലയിലുള്ള കമ്പനികൾക്ക് രൂപയുടെ മൂല്യ ശോഷണം ലാഭം വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികളെ തേടിയെത്തി മരണ വാർത്തകളുടെ അടുത്ത പരമ്പര. സ്‌റ്റോക്ക് പോര്‍ട്ടിലെ നിര്‍മ്മലാ നെറ്റോ എന്ന 37കാരിയുടേയും കെന്റ് മെയ്ഡ്‌സ്‌റ്റോണിലെ പോള്‍ ചാക്കോ എന്ന 50 കാരന്റെയും മരണ വാർത്തകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്‌റ്റോക്ക് പോര്‍ട്ടിൽ ക്യാന്‍സര്‍ ബാധിച്ച് വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനിയായ നിര്‍മ്മലാ നെറ്റോ 37 മരണമടഞ്ഞു. സ്തനാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിൽ ആയിരിക്കേ രണ്ടാം വര്‍ഷം ബ്രസ്റ്റ് നീക്കം ചെയ്‌തെങ്കിലും ഇതിനോടകം ക്യാൻസർ തലച്ചോറിലേക്ക് ബാധിച്ചിരുന്നു. പിന്നാലെ കീമോ തെറാപ്പി അടക്കം ചെയ്തുവരവേയാണ് ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയും ചെയ്‌തത്‌. 2017ലാണ് നിര്‍മ്മല യുകെയിലെത്തിയത്. സ്‌റ്റോക്ക് പോര്‍ട്ട് സ്‌റ്റെപ്പിംഗ് ഹില്‍ ആശുപത്രിയിലായിരുന്നു ജോലി ചെയ്തത്. 2020ല്‍ നിര്‍മ്മലയുടെ പിതാവ് ലിയോ മരണത്തിനു കീഴടങ്ങുകയും ചെയ്തിരുന്നു. ക്യാൻസർ സ്ഥിരീകരിച്ച് കീമോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ ചെയ്യുന്നതിനിടെയും 2022 വരെ നിര്‍മ്മല ജോലി ചെയ്തിരുന്നു

നിര്‍മ്മലാ നെറ്റോ എന്ന 37കാരിയുടേയും കെന്റ് മെയ്ഡ്‌സ്‌റ്റോണിലെ പോള്‍ ചാക്കോ എന്ന 50കാരന്റെയും മരണ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്തനാര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാം വര്‍ഷം ബ്രസ്റ്റ് നീക്കം ചെയ്‌തെങ്കിലും അപ്പോഴേക്കും തലച്ചോറിലേക്കും ക്യാന്‍സര്‍ വ്യാപിച്ചിരുന്നു. തുടര്‍ന്ന് കീമോ തെറാപ്പി അടക്കം ചെയ്തുവരവേയാണ് പെട്ടെന്ന് ആരോഗ്യനില വഷളാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്തത്.

നിര്‍മ്മലയുടെ മൃതദേഹം ഇപ്പോള്‍ സ്‌റ്റോക്ക്‌പോര്‍ട്ട് ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ ആരും യുകെയില്‍ ഇല്ലാത്തതിനാല്‍ പ്രദേശത്തെ മലയാളി അസോസിയേഷൻെറ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ നടന്നുവരികയാണ്. അമ്മ മേരിക്കുട്ടി നെറ്റോ, സഹോദരി ഒലിവിയ നെറ്റോ. ഇരുവരും നാട്ടിലാണ്.

കെന്റ് മെയ്ഡ്‌സ്റ്റോണിലെ പോള്‍ ചാക്കോയുടെ (50) മരണം ഹൃദയാഘാതം മൂലമാണ് ഉണ്ടായത്. അദ്ദേഹത്തെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

നിര്‍മ്മലയുടേയും പോള്‍ ചാക്കോയുടേയും വേര്‍പാടില്‍ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ബ്രിട്ടനിൽ രണ്ട് ലോകമഹായുദ്ധങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മയ്ക്കായി നടത്തുന്ന റിമംബറൻസ് ദിന ചടങ്ങുകൾക്ക് ചാൾസ് രാജാവ് നേതൃത്വം നൽകി. രാജ്യമാകമാനം രണ്ടു മിനിറ്റ് നേരത്തേക്ക് നിശബ്ദത ആചരിച്ചു. സെൻട്രൽ ലണ്ടനിലെ ശവകുടീരത്തിൽ നടന്ന വാർഷിക ദേശീയ അനുസ്മരണ ചടങ്ങിൽ പതിനായിരക്കണക്കിന് വിമുക്തഭടന്മാരും സാധാരണക്കാരും വീരമൃത്യു വരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ രാജാവിനൊപ്പം ചേർന്നു.

വെയിൽസ് രാജകുമാരനും രാജകുമാരിയും ഉൾപ്പെടെയുള്ള രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും രാഷ്ട്രീയ നേതാക്കളും രാജാവിനൊപ്പം ഈ ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രത്തിനുവേണ്ടി രാജാവ് ആദ്യത്തെ പുഷ്പചക്രം അർപ്പിച്ചു. അഡ്‌മിറൽ ഓഫ് ദി ഫ്ലീറ്റിൻ്റെ റോയൽ നേവി യൂണിഫോം ധരിച്ചെത്തിയ അദ്ദേഹം പുഷ്പക്ഷം അർപ്പിച്ച ശേഷം ആദരസൂചകമായി സല്യൂട്ട് ചെയ്തു. ശ്വാസകോശ അണുബാധയിൽ നിന്ന് സുഖം പ്രാപിച്ചുവരുന്ന കാമില രാജ്ഞിയെ പ്രതിനിധീകരിച്ച് മേജർ ഒല്ലി പ്ലങ്കറ്റ് പുഷ്പചക്രം സമർപ്പിച്ചു. വില്യം രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ആൻ രാജകുമാരി എന്നിവർക്ക് പിന്നാലെ പ്രധാനമന്ത്രി കെയർ സ്റ്റാമർ, രാജ്യത്തെ മറ്റ് രാഷ്ട്രീയ നേതാക്കൾ എന്നിവരെല്ലാം പുഷ്പചക്രങ്ങൾ അർപ്പിച്ചു. കൺസർവേറ്റീവ് നേതാവായി തെരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ച പൂർത്തിയായ കെമി ബേഡ്നോക്കും ചടങ്ങിൽ പുഷ്പചക്രം അർപ്പിച്ചു.

ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പറും വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമിയും ഉൾപ്പെടെ പുതിയ ലേബർ സർക്കാരിൽ നിന്നുള്ള നിരവധി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. വെയിൽസ് രാജകുമാരി പതിവുപോലെ വിദേശകാര്യ ഓഫീസിൻ്റെ ബാൽക്കണിയിൽ നിന്ന് എഡിൻബർഗ് ഡച്ചസിനൊപ്പം ചടങ്ങുകളിൽ പങ്കാളിയായി. ക്യാൻസർ ചികിത്സകൾക്ക് ശേഷം വെയിൽസ് രാജകുമാരി ആദ്യമായാണ് തുടർച്ചയായി രണ്ടു ദിവസങ്ങളിൽ പൊതു പരിപാടികളിൽ പങ്കെടുക്കുന്നത്. ശനിയാഴ്ച വൈകുന്നേരം ലണ്ടനിലെ റോയൽ ആൽബർട്ട് ഹാളിൽ നടന്ന റോയൽ ബ്രിട്ടീഷ് ലെജിയൻ ഫെസ്റ്റിവൽ ഓഫ് റിമെംബറൻസിലും അവർ പങ്കെടുത്തു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് ലണ്ടനിൽ നടന്ന ആക്രമ സംഭവത്തിൽ രണ്ട് പേർ ദാരുണമായി കൊല്ലപ്പെട്ടു. കിഴക്കൻ ലണ്ടനിലെ ഒരു റെസിഡൻഷ്യൽ ഏരിയയിൽ നടന്ന വെടിവെയ്പ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്. സമാന സംഭവത്തിൽ രണ്ട് പേർക്ക് പരുക്ക് പറ്റുകയും ചെയ്തു. വേറൊരു സംഭവത്തിൽ കത്തിയാക്രമണത്തെ തുടർന്ന് ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.


സിഡെൻഹാമിലെ വെൽസ് പാർക്ക് റോഡിൽ നടന്ന വെടിവെപ്പ് വിവേചന രഹിതം എന്നാണ് പോലീസ് വിശേഷിപ്പിച്ചത്. സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം അറിയാവുന്നവർ മുന്നോട്ട് വരണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ 10.10 – ന് വിവരം അറിഞ്ഞതിനെ തുടർന്ന് എത്തിയ എമർജൻസി സർവീസുകൾ വെടിയേറ്റ് പരുക്കേറ്റ ഒരാളെ സംഭവസ്ഥലത്ത് കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല. ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോകുന്നതിന് മുൻപ് തന്നെ അയാൾ മരിച്ചിരുന്നു. കാലിന് വെടിയേറ്റ ഒരു സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവളുടെ പരുക്കുകൾ ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. പോലീസ് പറയുന്നതനുസരിച്ച് മറ്റൊരാൾ കൂടി വെടിയേറ്റ് പരിക്കുകളോടെ ആശുപത്രിയിൽ എത്തിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ പോലീസ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇരയായവരുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും അവരുടെ കുടുംബവുമായി ബന്ധപ്പെടാനും പോലീസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.


ഞായറാഴ്ച രാവിലെ സൗത്ത് ലണ്ടനിൽ തന്നെ മറ്റൊരു സംഭവത്തിൽ ആണ് ഒരാൾ കുത്തേറ്റ് മരിച്ചത്. ഇവിടെ നടന്ന കത്തിയാക്രമണത്തിൽ നിരവധി പേർക്ക് പരുക്കു പറ്റിയതായാണ് റിപ്പോർട്ടുകൾ, ഒരു പുരുഷനെയും സ്ത്രീയെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ആക്രമണം നടത്തിയ 60 വയസ്സുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് സംഭവങ്ങൾക്കും തീവ്രവാദവുമായി യാതൊരു ബന്ധവും ഇല്ലെന്നാണ് കരുതുന്നതെന്ന് പോലീസ് പറഞ്ഞു. രണ്ട് ആക്രമണ സംഭവങ്ങളെയും ലണ്ടൻ മേയർ സാദിഖ് ഖാൻ അപലപിച്ചു. മേയർ എന്ന നിലയിൽ ഇത്തരം ആക്രമണങ്ങളെ നേരിടാൻ പോലീസിന് പൂർണ്ണ പിന്തുണ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലേയ്ക്ക് അനധികൃത കുടിയേറ്റത്തിന് ശ്രമിക്കുന്നതിനിടെ ബോട്ടുകൾ തടഞ്ഞതായി ഹോം ഓഫീസ് അറിയിച്ചു. 9 ബോട്ടുകളിൽ ആയി 572 പേരാണ് അനധികൃത കുടിയേറ്റത്തിന് ശ്രമിച്ചതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ പദ്ധതികൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു ശേഷമുള്ള ആദ്യത്തെ അനധികൃത കുടിയേറ്റത്തിനുള്ള ശ്രമത്തെ വിജയകരമായി തടയാൻ സാധിച്ച സംഭവമാണ് ഇതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.

അനധികൃത കുടിയേറ്റം തടയുന്നതിന് 75 മില്യൺ പൗണ്ട് ചിലവഴിക്കുമെന്ന് അടുത്തയിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ച വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഈ വർഷം ചെറുവള്ളത്തിൽ കുടിയേറ്റം നടത്തിയവരുടെ എണ്ണം 32,691 ആയി. കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ (26,699) 22% വർധനവുണ്ടായെങ്കിലും 2022 നവംബറിനെ അപേക്ഷിച്ച്‌ 18% കുറവാണ് (39,929). അതേസമയം ചാനൽ കടന്ന് യുകെയിൽ എത്താനുള്ള ശ്രമത്തിൽ ഒട്ടേറെ മരണങ്ങളും നടക്കുന്നുണ്ട് . ഏതാനും ദിവസത്തിനുള്ളിൽ ഫ്രഞ്ച് കോസ്റ്റ്ഗാർഡിൻ്റെ കണക്കനുസരിച്ച്, ചൊവ്വ, ബുധൻ ദിവസങ്ങളിൽ കാലിസ് തീരത്ത് നിന്ന് നാല് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.


ചാനൽ കടക്കാൻ ശ്രമിക്കുന്നവരുടെ ഇടയിലെ മരണസംഖ്യ കൂടുന്നതായാണ് കണക്കുകൾ കാണിക്കുന്നത്. ഈ വർഷം ഇതുവരെ മരിച്ചവരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 5 ഇരട്ടി കൂടുതലാണ്. ജൂലൈ 4- ന് നടന്ന പൊതു തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ അനധികൃത കുടിയേറ്റം തടയുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ലേബർ പാർട്ടി പ്രഖ്യാപിച്ചിരുന്നു. വേനൽക്കാലത്ത് സർക്കാർ ആരംഭിച്ച എൻഫോഴ്‌സ്‌മെൻ്റ് ഏജൻസിയായ അതിർത്തി സുരക്ഷാ കമാൻഡിനായി സർക്കാർ 150 മില്യൺ പൗണ്ടായി ഇരട്ടി ധനസഹായം നൽകുമെന്ന് കഴിഞ്ഞ തിങ്കളാഴ്ച ഗ്ലാസ്‌ഗോയിലെ ഇൻ്റർപോൾ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ആഭ്യന്തര കലാപത്തിൽ നിന്നോ യുദ്ധത്തിൽ നിന്നോ രക്ഷപ്പെട്ടു വരുന്ന കുടിയേറ്റക്കാരുടെ ജീവൻ വച്ച് പന്താടുന്ന മനുഷ്യക്കടത്തുകാർക്ക് എതിരെ ശക്തമായി നടപടി സ്വീകരിക്കണമെന്ന് യുകെ ചാരിറ്റിയായ അഭയാർത്ഥി കൗൺസിലിൻ്റെ ചീഫ് എക്സിക്യൂട്ടീവ് എൻവർ സോളമൻ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെ മലയാളികൾക്ക് അഭിമാനമായി റോയല്‍ കോളേജ് ഓഫ് നേഴ്സിങ്ങിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാൻ ഒരുങ്ങി യുകെ മലയാളി നേഴ്‌സ്. ബിജോയ് സെബാസ്റ്റ്യനാണ് അഞ്ചു ലക്ഷത്തിലേറെ ആരോഗ്യപ്രവര്‍ത്തകര്‍ അംഗമായിട്ടുള്ള ആര്‍സിഎന്നിൻെറ പ്രസിഡന്റ് സ്‌ഥാനത്തേയ്ക്ക്‌ മത്സരിക്കാൻ ഒരുങ്ങുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളിൽ ഒന്നാണ് ആർസിഎൻ. ഏഴാം തീയതിയ്ക്കുള്ളില്‍ പോസ്റ്റ് ചെയ്‌താലാണ് വോട്ടിംഗ് ഉറപ്പാക്കാൻ ആവുക.

നവംബര്‍ 7 ന് മുമ്പ് വരെയായിരുന്നു വോട്ട് ചെയ്യാൻ സാധിച്ചിരുന്നത്. ഇതാദ്യമായാണ് ഒരു മലയാളി ആര്‍ സി എന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത്. ബിജോയിയുടെ സ്ഥാനാര്‍ത്ഥിത്വം യുകെ മലയാളികൾ നിറകൈകളോടാണ് സ്വീകരിച്ചിരിക്കുന്നത്. നൂറുകണക്കിന് മലയാളി നേഴ്‌സുമാരും ഹെല്‍ത്ത് കെയര്‍ സപ്പോര്‍ട്ട് വര്‍ക്കേഴ്സും ആർസിഎൻ അംഗങ്ങളാണ്.

 

‘തൊഴിലിടങ്ങളില്‍ നേരിടുന്ന നിയമ പ്രശ്നങ്ങളില്‍ നേഴ്സുമാര്‍ക്കും ഹെല്‍ത്ത്കെയര്‍ സപ്പോര്‍ട്ട് വര്‍ക്കേഴ്സിനും സംരക്ഷണം ഉറപ്പു വരുത്തുക, അവരുടെ ശബ്ദം ആര്‍ സി എന്നില്‍ ഉന്നയിക്കുക’ എന്നതാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ബിജോയ് പറയുന്നു. മികച്ച ശമ്പള വര്‍ദ്ധനവ് ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആര്‍സിഎന്നിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും കൂടുതല്‍ ശക്തിപ്പെടുത്തുകയും സംഘടനാ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട് എന്നും ബിജോയ് പറഞ്ഞു

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടീഷ് റീറ്റെയിലർമാരിൽ നിന്ന് വാങ്ങിയ 90 ശതമാനം തേൻ സാമ്പിളുകളും ആധികാരിക പരിശോധനകളിൽ പരാജയപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തുവന്നു. ഹണി ഓതൺറ്റിസിറ്റി നെറ്റ്‌വർക്കിൻ്റെ യുകെ ഘടകം കഴിഞ്ഞ മാസം ശേഖരിച്ച 30 സാമ്പിളുകളിൽ നടത്തിയ പരിശോധനകളിൽ ആണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. ഇതിൽ 25 സാമ്പിളുകൾ സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെയുള്ള വൻകിട കച്ചവടക്കാരിൽ നിന്നാണ് ശേഖരിച്ചത്. 5 സാമ്പിളുകൾ തേനീച്ച കർഷകരിൽ നിന്ന് നേരിട്ടാണ് ശേഖരിച്ചത്.


ചില്ലറ വ്യാപാരികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ 25 -ൽ 24 ഉം മായം കലർന്നതാണെന്നാണ് കണ്ടെത്തിയത്. തേനീച്ച കർഷകരിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ല . തേനീച്ച കർഷകരിൽ നിന്ന് ശേഖരിക്കുന്ന തേനിൽ പിന്നീട് മായം കലർന്നതായാണ് ഇതിൽനിന്ന് മനസ്സിലാക്കുന്നത്. അതായത് വിതരണ ശൃംഖലയിൽ വ്യാപകമായ രീതിയിൽ തിരിമറി നടത്തുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.


യുകെയിലെ തേൻ ഇറക്കുമതിക്കാരും ചില വിദഗ്ധരും അത്തരം പരിശോധനയുടെ വിശ്വാസ്യതയെ വെല്ലുവിളിക്കുന്നുണ്ട് . എന്നാൽ തേനിൽ വിലകുറഞ്ഞ പഞ്ചസാര സിറപ്പുകൾ വ്യാപകമായി ചേർക്കപ്പെടുന്നു എന്ന ആരോപണവും ശക്തമാണ്. യുകെയിൽ നിന്നുള്ള 10 തേൻ സാമ്പിളുകൾ ഉൾപ്പെടെ ഇറക്കുമതി ചെയ്ത സാമ്പിൾ ഉൽപ്പന്നങ്ങളിൽ 46% വ്യാജമാണെന്ന് സംശയിക്കുന്നതായി കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു ഇ.യു അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു . വില കുറഞ്ഞതും മായം കലർന്നതുമായ ഇറക്കുമതി ചെയ്ത തേൻ മാർക്കറ്റിൽ സർവ്വ വ്യാപകമാണെന്നും ഇത് യഥാർത്ഥ തേൻ ഉത്പാദകരുടെ ബിസിനസിനെ തുരങ്കം വയ്ക്കുന്നതാണെന്നും സോമർസെറ്റ് തേനീച്ച വളർത്തുകാരിയും ഹണി ഓതൺറ്റിസിറ്റി നെറ്റ്‌വർക്ക് യുകെ ചെയർമാനുമായ ലിൻ ഇൻഗ്രാം പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്രിമിനൽ റെക്കോർഡുകൾ ഉള്ള വിദേശികൾ യുകെയിൽ പ്രവേശിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾക്ക് കിഴക്കൻ യൂറോപ്പിൽ നിന്ന് ശിക്ഷിക്കപ്പെട്ട നൂറുകണക്കിന് കുറ്റവാളികളാണ് രാജ്യത്ത് പ്രവേശിച്ചിരിക്കുന്നത്. ACRO ക്രിമിനൽ റെക്കോർഡ്സ് ഓഫീസിൻ്റെ റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ. കഴിഞ്ഞ മൂന്ന് വർഷമായി, റൊമാനിയൻ അധികൃതരുമായി നടത്തിയ പരിശോധനയിൽ മാത്രം ഇത്തരത്തിലുള്ള 700 ലധികം കേസുകളാണ് കണ്ടെത്തിയത്. യുകെയിൽ കുറ്റകൃത്യം ചെയ്‌തതിന്‌ അറസ്റ്റിലായ പ്രതികൾക്ക് വിദേശത്ത് മുൻകൂർ ശിക്ഷയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇവയിൽ കൊലപാതകം, നരഹത്യ, ബലാത്സംഗം, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളും ഉൾപ്പെടുന്നു.

വിവരാവകാശ അപേക്ഷകൾക്ക് പിന്നാലെയാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് വന്നത്. യുകെയിലെ വിസ സംവിധാനത്തിലെ പോരായ്‌മകൾ ഈ റിപ്പോർട്ട് എടുത്ത് കാണിക്കുന്നു. നിലവിൽ ഗുരുതരമായ ക്രിമിനൽ ചരിത്രമൊന്നുമില്ലെന്ന് സെൽഫ് – ഡിക്ലറേഷൻ നടത്തിയാൽ രാജ്യത്ത് പ്രവേശിക്കാൻ സാധിക്കും. ബ്രെക്‌സിറ്റിനു ശേഷമുള്ള മാറ്റങ്ങൾ അനുസരിച്ച് ഒരു വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന വിദേശ പൗരന്മാർക്ക് പ്രവേശനം നിഷേധിക്കാൻ സർക്കാരിന് സാധിക്കും.

യുകെയിലെ തൻെറ പങ്കാളിയെ കൊലപ്പെടുത്തിയതിന് ലിത്വാനിയൻ പൗരനായ വിറ്റൗട്ടാസ് ജോകുബൗസ്കസിനെ അറസ്റ്റ് ചെയ്‌തപ്പോഴാണ് ലിത്വാനിയയിൽ മുൻപ് നരഹത്യക്ക് ഇയാളെ ശിക്ഷിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്. ഇത്തരത്തിൽ പ്രതികളെ കുറ്റകൃത്യത്തിന് അറസ്റ്റ് ചെയ്യുമ്പോൾ മാത്രമാണ് ഇവരുടെ ക്രിമിനൽ പശ്ചാത്തലം പോലീസ് അറിയുന്നത്. വിസ അപേക്ഷകർ ഏതെങ്കിലും ക്രിമിനൽ ചരിത്രം ഉള്ളവരാണെങ്കിൽ അത് വെളിപ്പെടുത്തണമെന്ന് ഹോം ഓഫീസ് വക്താവ് പറയുന്നു. യുകെയിൽ അറസ്റ്റിലായ വിദേശ പൗരന്മാരെ വിദേശ ശിക്ഷാ നടപടികൾക്ക് വിധേയരാക്കുകയാണ് പതിവ്. പിന്നീട് കുറ്റകൃത്യങ്ങൾക്കനുസരിച്ച് ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെൻ്റിലേക്ക് റഫർ ചെയ്യും. നിയമപാലകരെ പിന്തുണയ്ക്കുന്നതിനായി മറ്റ് രാജ്യങ്ങളുമായി ക്രിമിനൽ റെക്കോർഡുകൾ കൈമാറുന്നതിനുള്ള സംവിധാനങ്ങൾ യുകെ നടപ്പിലാക്കുന്നുണ്ടെന്നും ACRO പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പീറ്റർ ബറോയിൽ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകൾ മരണമടഞ്ഞു. ഒന്നാം പിറന്നാൾ ആഘോഷിക്കാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെയാണ് ജിനോ ജോർജിന്റെയും അനിതാ ജിനോയുടെയും മകളായ അഥീന മരണമടഞ്ഞത്. പനിയെ തുടർന്നുള്ള ഹൃദയാഘാതം ആണ് 11 മാസം മാത്രം പ്രായമുള്ള അഥീനയുടെ മരണത്തിനു കാരണമായത് .

കുട്ടിയെ പനിയും ശ്വാസതടസ്സവും മൂലം ചികിത്സ തേടി പീറ്റർബറോ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ കുഞ്ഞിൻറെ ആരോഗ്യസ്ഥിതിയെ കുറിച്ച് മറ്റ് പ്രശ്നങ്ങൾ ഒന്നും കണ്ടെത്താനായിരുന്നില്ല . ഇന്നലെ വൈകിട്ട് പെട്ടെന്ന് കുഞ്ഞിൻറെ ആരോഗ്യസ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ആയിരുന്നു. ഐമുറി മാവിൻ ചുവട് പാറപ്പുറം കുടുംബാംഗമാണ് അഥീനയുടെ പിതാവ് ജിനോ ജോർജ്. അഥീനയുടെ ജനനത്തിനു ശേഷം കഴിഞ്ഞമാസം ആദ്യം കുടുംബം കേരളത്തിലെത്തി ഓണം ആഘോഷിച്ചിരുന്നു. നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഏതാനും ദിവസത്തെ അവധി കാലം കൊണ്ടു തന്നെ അഥീന അരുമയായി മാറിയിരുന്നു.

അഥീന ജിനോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം മാതാപിതാക്കളെയും ബന്ധുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved