സിറിയയെ ആക്രമിക്കാന്‍ യുഎന്‍ അനുമതിക്കായി കാത്ത് നില്‍ക്കില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്. ജനങ്ങള്‍ക്ക് നേരെ രാസായുധങ്ങള്‍ പ്രയോഗിക്കുന്ന സിറിയന്‍ ഭരണകൂടത്തെ ആക്രമിക്കാന്‍ യുഎന്‍ അനുമതിക്കായി ശ്രമിക്കുന്നത് ബ്രീട്ടീഷ് ഫോറിന്‍ പോളിസിക്കുമേല്‍ വീറ്റോ അധികാരം പ്രയോഗിക്കാന്‍ റഷ്യയ്ക്ക് അവസരമൊരുക്കുമെന്നും അത്തരമൊരു സാഹചര്യമുണ്ടാക്കില്ലെന്നും മെയ് വ്യക്തമാക്കി. ദൗമയിലെ വിമത കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് സിറിയന്‍ ഭരണകൂടം നടത്തിയ രാസായുധാകമണങ്ങളെ സംബന്ധിച്ച തെളിവ് ശേഖരണം നടത്തുന്നതിനായി വിദ്ഗദ്ധരെ അനുവദിക്കാത്തതിന് പിന്നില്‍ റഷ്യന്‍ കൈകളാണെന്നും മേയ് ആരോപിക്കുന്നു. ബാഷര്‍ അല്‍ അസദിന്റെ സൈന്യത്തോടപ്പം ചേര്‍ന്ന് തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ് റഷ്യ നടത്തുന്നതെന്നും ബ്രിട്ടന്‍ ആരോപിച്ചു. മനുഷ്യത്വരഹിതമായ നടപടിയെന്നാണ് സിറിയന്‍ ആക്രമണത്തെ മേയ് വിശേഷിപ്പിച്ചത്.

കോമണ്‍സില്‍ നടന്ന ചൂടേറിയ വാദപ്രതിവാദങ്ങളില്‍ അമേരിക്കയോടും ഫ്രാന്‍സിനോടും ഒപ്പം ചേര്‍ന്ന് സിറിയന്‍ രാസായുധ കേന്ദ്രം ആക്രമിച്ച നടപടിയെ ന്യായീകരിച്ച് മേയ് രംഗത്ത് വന്നു. കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നതില്‍ നിന്നും സിറിയയെ പിന്തിരിപ്പിക്കാന്‍ അത്തരമൊരു പ്രതികരണം അനിവാര്യമായിരുന്നുവെന്ന് മേയ് പറഞ്ഞു. സര്‍ക്കാരിന്റെ നടപടിയെ പിന്തുണച്ച് നിരവധി എംപിമാര്‍ രംഗത്ത് വന്നു. നിയമങ്ങള്‍ പാലിച്ചുകൊണ്ടു തന്നെയാണ് സിറിയയില്‍ ആക്രമണം നടത്തിയിരിക്കുന്നത്. കൃത്യവും വ്യക്തവുമായ ധാരാളം വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രമെ ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ കഴിയൂ. എന്നാല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പാകത്തിലുള്ള വിവരങ്ങളല്ല ഇവയെന്നും മേയ് പറഞ്ഞു. സിറിയയിലെ നിലവിലെ സ്ഥിതിഗതികളും യുകെ സര്‍ക്കാരിന്റെ നടപടിയും വിലയിരുത്തി നടത്തിയ വോട്ടെടുപ്പില്‍ മേയ് ഗവണ്‍മെന്റ് 314 വോട്ടുകള്‍ നേടി.

അതേസമയം സിറിയയില്‍ ആക്രമണം നടത്തിയ നടപടി നിയപരമായി ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതാണെന്ന് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്‍ വ്യക്തമാക്കി. ആക്രമണങ്ങള്‍ നടത്തുന്നതിന് മുന്‍പ് തന്നെ പാര്‍ലമെന്റിന്റെ അനുമതി തേടാവുന്നതായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. സിറിയയില്‍ സമാധാനം കൊണ്ടുവരുന്നതുമായുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കാനുള്ള യുകെയുടെ അവസരമാണ് ആക്രമണത്തോടുകൂടി ഇല്ലാതായിരിക്കുന്നത്. ഡിപ്ലോമാറ്റിക് ശ്രമങ്ങള്‍ക്ക് ഇനി സാധ്യതയില്ലെന്നും ജെറമി കോര്‍ബിന്‍ പറഞ്ഞു. വിമത കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് സിറിയന്‍ ഭരണകൂടം നടത്തിയ രാസായുധ ആക്രമണത്തില്‍ നിരവധി സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇറാന്റെയും റഷ്യയുടെയും സഹായത്തോടെയാണ് സിറിയന്‍ ഭരണകൂടം ഇപ്പോള്‍ ആക്രമണങ്ങള്‍ നടത്തുന്നത്.
ഇംഗ്ലണ്ടിലെ ആയിരക്കണക്കിന് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങള്‍ ആവശ്യപ്പെട്ട സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നില്ല. ലണ്ടന്‍, ബര്‍മിംഗ്ഹാം തുടങ്ങിയ പ്രദേശങ്ങളില്‍ പുതിയ അഡ്മിഷനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ട്. ഇത്തരമൊരു സാഹചര്യത്തിലും ഫസ്റ്റ് പ്രിഫറന്‍സ് നല്‍കുന്ന സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കാത്തതില്‍ രക്ഷിതാക്കള്‍ ആശങ്കാകുലരാണ്. ലണ്ടനില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.3 ശതമാനം കുറവാണ് അപേക്ഷകളിലുണ്ടായിരിക്കുന്നത്. സെപ്റ്റംബറില്‍ ഏതു സ്‌കൂളിലേക്കായിരിക്കും തങ്ങളുടെ കുട്ടികള്‍ പോകുന്നത് എന്ന വിവരം ഏറെ നീണ്ട കാത്തിരിപ്പിനു ശേഷം ഇന്നലെയാണ് അഞ്ച് ലക്ഷത്തോളം വരുന്ന മാതാപിതാക്കള്‍ക്ക് അറിയാന്‍ കഴിഞ്ഞത്.

ലോക്കര്‍ അതോറിറ്റികള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് മിക്കയിടങ്ങളിലും നിരവധി കുട്ടികള്‍ക്ക് അവര്‍ ആവശ്യപ്പെട്ടയിടങ്ങളില്‍ തന്നെ പ്രവേശനം ലഭിച്ചിട്ടുണ്ട്. 90 ശതമാനം മാതാപിതാക്കള്‍ക്ക് നിര്‍ദേശിച്ച് സ്‌കൂള്‍ തന്നെ ലഭിച്ചതായി അറിയിക്കുന്നു. പക്ഷേ ആയിരങ്ങള്‍ തങ്ങളുടെ സൗകര്യത്തിനുള്ള സ്‌കൂളുകള്‍ ലഭിക്കാത്തതില്‍ അസംതൃപ്തരാണ്. സഹോദരങ്ങള്‍ രണ്ട് സ്‌കൂളുകളിലാകുന്നതിന്റെ ബുദ്ധിമുട്ട് പങ്കുവെച്ച് ഒരു രക്ഷിതാവ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തി. ലണ്ടനില്‍ 86.5 ശതമാനം പേര്‍ക്ക് ആദ്യ ചോയ്‌സിലുള്ള സ്‌കൂള്‍ തന്നെ ലഭിച്ചു. 2017നേക്കാള്‍ 0.61 ശതമാനത്തിന്റെ വര്‍ദ്ധനവ് ഇതില്‍ രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം 96 ശതമാനം പേര്‍ക്ക് തങ്ങളുടെ മൂന്ന് പ്രിഫറന്‍സുകളിലൊന്നിലാണ് അഡ്മിഷന്‍ ലഭിച്ചത്.

ഈ വര്‍ഷം 2314 വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ആവശ്യപ്പെട്ട് ഒരു സ്‌കൂളും ലഭിച്ചിട്ടില്ല. മുന്‍ വര്‍ഷത്തേക്കാള്‍ 0.14 ശതമാനത്തിന്റെ കുറവ് മാത്രമേ ഇതിലുണ്ടായിട്ടുള്ളു. ജനനനിരക്കിലുണ്ടായ വര്‍ദ്ധനവ് മൂലം പ്രൈമറി സ്‌കൂളുകള്‍ക്ക് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷം പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഇപ്പോള്‍ പ്രൈമറികളില്‍ നിന്ന് സെക്കന്‍ഡറികളിലേക്ക് ഈ പ്രശ്‌നം എത്തിക്കൊണ്ടിരിക്കുകയാണെന്നും കണക്കുകള്‍ പറയുന്നു.
മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരികയാണ് 8 വയസുകാരനായ ജൂലിയന്‍. ക്യാന്‍സര്‍ രോഗം ബാധിച്ച വര്‍ഷങ്ങളായി ചികിത്സയിലായിരുന്ന ജൂലിയന് ജീവന്‍ തിരികെ ലഭിക്കുമെന്ന് ഡോക്ടര്‍മാര്‍ പോലും കരുതിയിരുന്നില്ല. കഴിഞ്ഞ ക്രിസ്മസിന് മുന്‍പ് തന്നെ മരണം സംഭവിച്ചേക്കാമെന്നായിരുന്നു ഡോക്ടര്‍മാര്‍ വിധിച്ചത്. എന്നാല്‍ വൈദ്യശാസ്ത്രത്തെ അദ്ഭുതപ്പെടുത്തികൊണ്ട് ക്യാന്‍സറിനെ സ്വയം പ്രതിരോധിച്ച് വിജയം കണ്ടിരിക്കുകയാണ് ഈ 8 വയസുകാരന്‍. ചിട്ടയായ ഭക്ഷണക്രമം രോഗത്തെ പ്രതിരോധിക്കുന്നതില്‍ ചെറിയ തോതില്‍ സഹായക ഘടകമായി എന്നതൊഴിച്ചാല്‍ മറ്റൊന്നിന്റെയും പിന്‍ബലമില്ലാതെയാണ് അപകടകാരിയായ ക്യാന്‍സറിനെ ജൂലിയന്‍ തോല്‍പ്പിച്ചത്. മരണം മാത്രം മുന്നിലുണ്ടായിരുന്ന നാളുകളില്‍ മകന്‍ തിരിച്ചു വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നില്ലെന്ന് അവന്റെ അമ്മ വ്യക്തമാക്കുന്നു.

ജൂലിയന് 2 വയസുള്ളപ്പോഴാണ് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. അക്വൂട്ട് ലിംഫോബ്ലാസ്റ്റിക് ലൂക്കീമിയ എന്ന അപൂര്‍വ്വ രോഗത്തെ പ്രതിരോധിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഒരു തരം ബോണ്‍ ക്യാന്‍സറാണ് അക്വൂട്ട് ലിംഫോബ്ലാസ്റ്റിക് ലൂക്കീമിയ. ശരീരത്തിലെ വെറ്റ് ബ്ലഡ് സെല്ലുകളെ ബാധിക്കുന്ന ഈ രോഗം ചികിത്സിച്ച് ഭേദമാക്കുക ഏറെ ശ്രമകരമായ പ്രവൃത്തിയാണ്. രാജ്യത്ത് ലഭിക്കുന്ന ഏറ്റവും മികച്ച ചികിത്സ ജൂലിയന് മാതാപിതാക്കള്‍ നല്‍കി. നിരവധി തവണ കീമോ തെറാപ്പി പരീക്ഷിച്ചു. ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റ് നടത്തി. പക്ഷേ രോഗം അവനെ വിട്ടുപോകാന്‍ തയ്യാറായിരുന്നില്ല. ഒരോ തവണ ചികിത്സ പൂര്‍ത്തിയാക്കി കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ രോഗം വീണ്ടും ശക്തിയോടെ തിരിച്ചുവരും. ജൂലിയന്റെ കുടുംബത്തെ മാനസികമായി തളര്‍ത്തിയ കാലഘട്ടമായിരുന്നു അത്.

നാലാമത് തവണയും രോഗം തിരിച്ചു വന്നതിന് ശേഷം ഡോക്ടര്‍മാര്‍ അവന്‍ കഴിഞ്ഞ ക്രിസ്മസിനെ അതിജീവിക്കില്ലെന്ന് വ്യക്തമാക്കി. കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും അസ്തമിച്ചതായി അന്ന് തോന്നിയതായി ജൂലിയന്റെ അമ്മ പറയുന്നു. രോഗശമനത്തിനായി പിന്നീട് പ്രത്യേകമായൊന്നും ചെയ്തില്ല. പക്ഷേ അദ്ഭുതാവഹമായ മാറ്റങ്ങള്‍ ജൂലിയനില്‍ കണ്ട് തുടങ്ങി. ടെസ്റ്റ് റിപ്പോര്‍ട്ടുകളില്‍ മാറ്റങ്ങള്‍ കണ്ട് തുടങ്ങിയതോടെ കുടുംബത്തിന്റെ പ്രതീക്ഷയും തിരിച്ചു വന്നു. ലോകത്തില്‍ തന്നെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ഇത്. ഏഴ് ബില്യണ്‍ പേരില്‍ ഒരാള്‍ക്ക് മാത്രമുണ്ടാകുന്ന അവസ്ഥാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നിലവില്‍ രോഗാവസ്ഥ അക്വൂട്ട് മെലോയിഡ് ലൂക്കീമിയ എന്ന അവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇത് പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുമെന്ന് ഡോക്ടര്‍ പറഞ്ഞു.
രോഗികള്‍ക്ക് പണം നേരിട്ട് നല്‍കുന്ന സംവിധാനം എന്‍എച്ച്എസ് ആവിഷ്‌കരിക്കുന്നു. രോഗികള്‍ക്ക് അനുയോജ്യമായ കെയറിംഗ് സംവിധാനം സ്വയം തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഇതിലൂടെ രോഗികള്‍ക്ക് ലഭിക്കുന്നത്. പേഴ്‌സണല്‍ അലവന്‍സായി ലക്ഷക്കണക്കിന് രോഗികള്‍ക്ക് പണം നല്‍കും. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, ഡിമെന്‍ഷ്യ, പഠന വൈകല്യങ്ങള്‍ എന്നിവയുള്ളവര്‍ക്ക് തങ്ങള്‍ക്കാവശ്യമായ ചികിത്സ ഏതു വിധത്തിലുള്ളതാകണമെന്ന് തെരഞ്ഞെടുക്കാം. രോഗികളിലേക്ക് അധികാരം തിരിച്ചെത്തിക്കുക എന്ന ആശയമാണ് ഇതിലൂടെ നടപ്പാക്കുന്നത്. എന്നാല്‍ രോഗികള്‍ക്ക് ഇപ്രകാരം ചെയ്യണമെങ്കില്‍ ഒരു ഡോക്ടറുടെ അപ്രൂവല്‍ ആവശ്യമാണ്.

പേഴ്‌സണല്‍ ഹെല്‍ത്ത് ബജറ്റുകള്‍ ആര്‍മിയില്‍ നിന്ന് വിരമിച്ചവര്‍ക്കും വീല്‍ച്ചെയറില്‍ കഴിയുന്നവര്‍ക്കും നല്‍കി വരുന്നുണ്ട്. അതിനു സമാനമായാണ് എന്‍എച്ച്എസും അലവന്‍സുകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് പൗണ്ടുകള്‍ ഈ വിധത്തില്‍ രോഗികള്‍ക്ക് കൈമാറാനാണ് പദ്ധതി. ഇതിലൂടെ രോഗികള്‍ക്ക് സ്വന്തമായി കെയറര്‍മാരെ നിയോഗിക്കാന്‍ കഴിയും പേഴ്‌സണല്‍ അസിസ്റ്റന്റുമാരെ നിയോഗിക്കാനും ഉപകരണങ്ങള്‍ വാങ്ങാനും എക്‌സര്‍സൈസ് ക്ലാസുകളില്‍ പങ്കെടുക്കാനുമുള്ള സാമ്പത്തിക സ്വാതന്ത്ര്യമാണ് രോഗികള്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. നിരവധി പേര്‍ ഈ നീക്കത്തെ അനുകൂലിക്കുമ്പോള്‍ വിമര്‍ശകരും കുറവല്ല.

ചികിത്സക്കായി നല്‍കുന്ന പണം ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. ഇത് ഉപയോഗിച്ച് ഹോളിഡേകള്‍ ആഘോഷിക്കുമെന്നും അരോമതെറാപ്പി പോലെയുള്ള വ്യാജ വൈദ്യത്തിന് ഉപയോഗിക്കപ്പെടുമെന്നും വിമര്‍ശനമുയരുന്നു. നിലവില്‍ 23,000 പേര്‍ക്ക് പേഴ്‌സണല്‍ ബജറ്റ് എന്‍എച്ച്എസ് നല്‍കുന്നുണ്ട്. ഇത് 350,000 ആയി ഉയര്‍ത്താനാണ് മന്ത്രിമാര്‍ ലക്ഷ്യമിടുന്നത്. എന്‍എച്ച്എസ് തലവന്‍ സൈമണ്‍ സ്റ്റീവന്‍സ് ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട് എന്നിവരുടെ പിന്തുണയോടെയാണ് ഈ പദ്ധതി നിലവില്‍ വരുന്നത്.
ബ്രിട്ടനിലെ അന്തരീക്ഷ താപനിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. സ്പ്രിംഗില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും റെക്കോര്‍ഡ് താപനിലയായിരിക്കും രേഖപ്പെടുത്തുകയെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. തെക്കന്‍ മേഖലയില്‍ നിന്നുള്ള ട്രോപ്പിക്കല്‍ എയര്‍ യുകെയുടെ അന്തരീക്ഷത്തിലെത്തുന്നതോടെ താപനില ഗണ്യമായി വര്‍ദ്ധിക്കും.ഹ്യൂമിഡിറ്റിയും അനുഭവപ്പെടാമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. അന്തരീക്ഷ താപനില 25 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുന്നതോടെ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തുക. നിലവില്‍ ഏറ്റവും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സതേണ്‍ ഇംഗ്ലണ്ടിലെ കെന്റിലാണ് 19.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. വൈകിയാരംഭിച്ച സ്പ്രിംഗില്‍ സമ്മറിന് സമാനമായ കാലാവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപകാലത്തെ ഏറ്റവും ചുടേറിയ ഏപ്രിലിനാണ് യുകെ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

അതേസമയം സ്‌കോട്‌ലന്‍ഡില്‍ ശക്തമായി മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ഇവിടെങ്ങളില്‍ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. പുലര്‍ച്ചെ 2 മണി മുല്‍ രാവിലെ 11 മണിവരെ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൊടും ശൈത്യത്തിന് ശേഷം രാജ്യത്തെ കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടായികൊണ്ടിരിക്കുകയാണെന്നും. അധിക സമയം തെളിച്ചമുള്ള കാലവസ്ഥ ലഭിക്കുമെന്നും മെറ്റ് ഓഫീസ് നിരീക്ഷകന്‍ അലക്‌സ് ബര്‍ക്കില്‍ വ്യക്തമാക്കി. ബുധനാഴ്ച്ച രാജ്യത്തിന്റെ മിക്കയിടങ്ങളിലും തെളിച്ചമുള്ള കാലാവസ്ഥയായിരിക്കും. വരും ദിവസങ്ങളില്‍ താപനില 18 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് കൂടിയതോടു കൂടി ബീച്ചുകളിലും പാര്‍ക്കുകളിലും വെയില്‍ കായാനെത്തുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

സമ്മറിലെ സഞ്ചാരികളുടെ പ്രധാന ഹോളിഡെ സ്‌പോട്ടുകളായ ഗ്രീസ്, ഇറ്റലി സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളെക്കാളും കൂടിയ താപനിലയാവും ബ്രിട്ടനില്‍ വരും ദിവസങ്ങളില്‍ അനുഭവപ്പെടാന്‍ പോകുന്നത്. ചിലപ്പോള്‍ താപനിലയിലെ വര്‍ദ്ധനവ് അമേരിക്കയിലെ കാലിഫോര്‍ണിയേക്കാളും കൂടുതാലാവാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു. സമീപവര്‍ഷങ്ങളിലെ ഏറ്റവും ചൂടേറിയ ഏപ്രില്‍ മാസമായിരിക്കും ഈ വര്‍ഷത്തേത്. യുകെയിലെ പല ഭാഗങ്ങളിലും കൊടുംവേനലിന് സമാനമായ കാലാവസ്ഥയായിരിക്കും ലഭിക്കുക. സമീപകാലത്തെ ഏറ്റവും കടുപ്പമേറിയ വിന്ററിലൂടെയാണ് ബ്രിട്ടന്‍ കടന്നുപോയത്. അതിശക്തമായ ശീതക്കാറ്റും മഴയും മഞ്ഞുവീഴ്ച്ചയും മൂലം രാജ്യം വലഞ്ഞിരുന്നു. എന്നാല്‍ വൈകിയെത്തിയ സ്പ്രിംഗില്‍ കൂടുതല്‍ തെളിച്ചമുള്ള ദിവസങ്ങള്‍ ലഭിക്കുന്നത് ജനങ്ങളെ സന്തോഷത്തിലാക്കുന്നുണ്ട്.
മൂന്നാമത് ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് യുകെ മലയാളികള്‍ക്ക് മുന്‍പില്‍ അരങ്ങേറുമ്പോള്‍ ഇത്തവണ അതിഥിയായി എത്തുമെന്ന് ഉറപ്പ് നല്‍കി സൂപ്പര്‍താരം മോഹന്‍ലാല്‍. യൂറോപ്പ് മലയാളികള്‍ക്ക് വിസ്മയ നിമിഷങ്ങള്‍ സമ്മാനിച്ച് കടന്ന് പോയ ആദ്യ രണ്ട് അവാര്‍ഡ് നൈറ്റുകളും സൂപ്പര്‍താര സാന്നിദ്ധ്യം മൂലവും ആകര്‍ഷകങ്ങളായ പ്രോഗ്രാമുകള്‍ വഴിയും ജനഹൃദായങ്ങള്‍ കീഴടക്കിയിരുന്നു. ഒരു യൂറോപ്പ്യന്‍ രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ മലയാളി പ്രോഗ്രാം എന്ന നിലയില്‍ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് തുടക്കം മുതല്‍ തന്നെ ശ്രദ്ധേയമായി മാറിയ വേദിയാണ്. മലയാളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ് ടിവിയുടെ യൂറോപ്പ് ഡയറക്ടര്‍ ആയ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ യൂറോപ്പ് മലയാളികള്‍ക്കായി രൂപം കൊണ്ട ടെലിവിഷന്‍ ചാനല്‍ ആണ് ആനന്ദ് ടിവി. ശ്രദ്ധേയമായ പ്രോഗ്രാമുകളിലൂടെ വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ചാനല്‍ ആ നിലവാരം കാത്ത് സൂക്ഷിച്ച് നടത്തിവയായിരുന്നു കഴിഞ്ഞ് പോയ രണ്ട് അവാര്‍ഡ് നൈറ്റുകളും.
മാഞ്ചസ്റ്റര്‍ അറീനയില്‍ നടന്ന ഒന്നും രണ്ടും അവാര്‍ഡ് നൈറ്റുകള്‍ ലോകശ്രദ്ധ ആകര്‍ഷിക്കുന്നവയായിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയും, മകനും യുവ സൂപ്പര്‍ താരവുമായ ദുല്‍ഖര്‍ സല്‍മാനും ഭാര്യാ സമേതരായി പങ്കെടുത്ത ആദ്യ അവാര്‍ഡ് നൈറ്റ് താരനിബിഡമായ ഒരു ചടങ്ങ് ആയിരുന്നു. മമ്മൂട്ടിയുടെ ഭാര്യ സ്റ്റേജില്‍ എത്തിയതും മമ്മൂട്ടി തടഞ്ഞതും മമത മോഹന്‍ദാസിന്‍റെ വസ്ത്രധാരണവും ഒക്കെ അവാര്‍ഡ് നൈറ്റിനു ശേഷം ലോകമലയാളികള്‍ ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ ആയിരുന്നു.

മാഞ്ചസ്റ്റര്‍ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ നടന്ന രണ്ടാമത് അവാര്‍ഡ് നൈറ്റ് ശ്രദ്ധേയമായത് ബോളിവുഡ് സൂപ്പര്‍താരമായ അനില്‍ കപൂര്‍, യുവതാരം നിവിന്‍ പോളി, പ്രശസ്ത നടി ഭാവന എന്നിവരുടെ സാന്നിദ്ധ്യവും എത്തുമെന്ന് കരുതിയിരുന്ന മോഹന്‍ ലാലിന്‍റെ പിന്മാറ്റവും മൂലമായിരുന്നു. ഷൂട്ടിംഗ് നടന്നു കൊണ്ടിരുന്ന ചിത്രത്തിന് വരാവുന്ന നഷ്ടം മൂലം കഴിഞ്ഞ തവണ പിന്മാറിയ മോഹന്‍ലാല്‍ അത് കൊണ്ട് തന്നെ ഇത്തവണ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാനായി മറ്റെല്ലാ പരിപാടികള്‍ക്കും അവധി നല്‍കിയിരിക്കുകയാണ്. ലാലേട്ടന് പകരം അനില്‍ കപൂറിനെ ഇറക്കി കാണികളെ കയ്യിലെടുത്ത ആനന്ദ് ടിവിയും ലാലേട്ടന്‍ ഇത്തവണ പങ്കെടുക്കും എന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്.
മോഹന്‍ലാലിന് പുറമേ വന്‍ താരനിര തന്നെ മൂന്നാമത് ആനന്ദ് ടിവി അവാര്‍ഡ് നൈറ്റില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. പതിവ് വേദിയായ മാഞ്ചസ്റ്റര്‍ അറീനയില്‍ നിന്നും മാറി കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ബര്‍മിംഗ്ഹാം ഹൈപ്പോ ഡ്രോമിലേക്ക് അവാര്‍ഡ് നൈറ്റ് എത്തുമ്പോള്‍ പ്രേക്ഷകരെ ആനന്ദിപ്പിക്കാന്‍ എത്തുന്നവരില്‍ രമേഷ് പിഷാരടി, ധര്‍മ്മജന്‍, നടി പാര്‍വതി, വിജയ് യേശുദാസ്, സ്റ്റീഫന്‍ ദേവസ്സി, മനോജ് കെ ജയന്‍തുടങ്ങി പ്രമുഖര്‍ ഏറെയാണ്.

മുന്‍പ് രണ്ട് തവണയും ടിക്കറ്റുകള്‍ ലഭിക്കാതെ വളരെയധികം പേര്‍ നിരാശരായ പരിപാടി എന്ന നിലയില്‍ ഈ പ്രോഗ്രാം കാണാന്‍ താത്പര്യമുള്ളവര്‍ നേരത്തെ തന്നെ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്ത് വയ്ക്കുന്നത് നന്നായിരിക്കും. ആനന്ദ് ടിവി വഴിയും അവാര്‍ഡ് നൈറ്റ് മീഡിയ പാര്‍ട്ണര്‍ ആയ മലയാളം യുകെ വഴിയും നിങ്ങള്‍ക്ക് ടിക്കറ്റുകള്‍ നേരത്തെ തന്നെ റിസര്‍വ് ചെയ്യാവുന്നതാണ്. ജൂണ്‍ 16 ശനിയാഴ്ച ആണ് ബര്‍മിംഗ്ഹാമില്‍ ആനന്ദ് ടിവി അവാര്‍ഡ് നൈറ്റ് അരങ്ങേറുന്നത്.

ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ നിങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറുകളില്‍ വിളിക്കാവുന്നതാണ്. ടിക്കറ്റ് നിരക്കുകള്‍ £75, £50, £40, £30, £20 എന്നിങ്ങനെ വിവിധ നിരക്കുകളില്‍ ലഭ്യമാണ്. ഫാമിലി ടിക്കറ്റുകള്‍ക്കും ഗ്രൂപ്പ് ബുക്കിംഗുകള്‍ക്കും സ്പെഷ്യല്‍ ഡിസ്കൌണ്ടുകള്‍ ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
ആനന്ദ് ടിവി: 02085866511
മലയാളം യുകെ : 07951903705, 07915660914
28കാരനായ മാറ്റ് കാര്‍പെന്ററിന് തലച്ചോറിനുള്ളില്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത് കഴിഞ്ഞ ജനുവരിയിലാണ്. തലച്ചോറിന് അകത്ത് കാഡബറീസ് ക്രീം എഗ്ഗിന്റെ വലിപ്പത്തില്‍ രൂപപ്പെട്ടിരിക്കുന്ന ട്യൂമര്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യുകയല്ലാതെ വേറെ മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. വൈകുന്തോറം ട്യൂമര്‍ വളരാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെ എത്രയും പെട്ടന്ന് ശസ്ത്രക്രിയക്ക് വിധേയനാകാന്‍ മാറ്റ് തീരുമാനിക്കുകയായിരുന്നു. തലച്ചോറിന്റെ പ്രധാന ഭാഗത്ത് നടന്ന ശസ്ത്രക്രിയയുടെ സമയത്ത് മാറ്റിനെ പൂര്‍ണമായും ബോധത്തോടെ നിലനിര്‍ത്തണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. മയക്കി കിടത്തിയതിന് ശേഷം സര്‍ജറി നടത്തിയാല്‍ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ മനസിലാക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് പൂര്‍ണ ബോധത്തോടെയായിരുന്നു മാറ്റിന്റെ സര്‍ജറി ഡോക്ടര്‍മാര്‍ പൂര്‍ത്തീകരിച്ചത്.

എന്റെ ശരീരത്തിന്റെ ഇടത് ഭാഗത്തെ നിയന്ത്രിക്കുന്ന ഭാഗത്തായിരുന്നു ട്യൂമര്‍ പിടികൂടിയത്. ഓപ്പറേഷന് ശേഷം ഈ ഭാഗങ്ങളില്‍ ചലനം സാധ്യമായിരുന്നില്ല. ആദ്യ ദിവസങ്ങളില്‍ ഞാന്‍ കരുതിയത് ഇനിയൊരിക്കലും ഈ ശരീരഭാഗങ്ങള്‍ക്ക് ചലനം സാധ്യമാകില്ലെയെന്നാണ്. ഏറ്റവും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച സമയമായിരുന്നു അത്. എന്നാല്‍ പിന്നീട് കാര്യങ്ങളില്‍ വ്യത്യാസമുണ്ടായെന്ന് മാറ്റ് പറഞ്ഞു. ഓപ്പറേഷന് മുന്‍പ് ഞാന്‍ വളരെ നിഷ്‌കളങ്കമായിട്ടാണ് കാര്യങ്ങളെ സമീപിച്ചിരുന്നത്. ഇത് ചെറിയൊരു ബ്രയിന്‍ സര്‍ജറി മാത്രമാണെന്ന് ഞാന്‍ സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നതായും മാറ്റ് പറയുന്നു.

രോഗം സ്ഥിരീകരിക്കുന്നതിന് മുന്‍പ് ഒരു ചാരിറ്റി സംഘടനയുമായി യോജിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. ഹള്‍ പ്രദേശത്തെ വീടില്ലാത്തവര്‍ക്ക് വേണ്ടി പണം സമാഹരിക്കുന്ന ചാരിറ്റി ഗ്രൂപ്പായ ഹള്‍ ഹോംലെസ് കമ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു പോന്നിരുന്ന മാറ്റ് നിരവധിപേര്‍ക്ക് വേണ്ടി ധനസമാഹരണം നടത്തിയിട്ടുണ്ട്. തനിക്ക് സാമ്പത്തിക പിന്തുണ നല്‍കിയ കമ്യൂണിറ്റി പ്രോജക്ടിനെ തിരിച്ച് സഹായിക്കണമെന്നാണ് മാറ്റിന്റെ ആഗ്രഹം. രോഗത്തില്‍ നിന്നും പൂര്‍ണമായും മോചിതനായ സാഹചര്യത്തില്‍ സംഘടനയുടെ ഭാഗമായി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നു.
നിലവില്‍ ബില്യണ്‍ കണക്കിന് പൗണ്ട് ചെലവഴിച്ചാണ് എന്‍എച്ച്എസ് ഡയബെറ്റിക് ചികിത്സ നടത്തുന്നത്. രോഗികളുടെയും അല്ലാത്തവരുടെയും ഭക്ഷണക്രമത്തില്‍ മാറ്റം കൊണ്ടുവന്നാല്‍ ഇത്രയും തുക ചെലവഴിക്കാതെ തന്നെ രോഗം നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു. രാജ്യത്ത് 4 മില്യണ്‍ ജനങ്ങള്‍ പ്രമേഹവും അനുബന്ധ രോഗങ്ങളാലും ബുദ്ധിമുട്ടുന്നുണ്ട്. അന്ധതയ്ക്കും അവയവങ്ങള്‍ മുറിച്ചു മാറ്റുന്നതിനും മരണത്തിനും വരെ കാരണമായേക്കാവുന്ന അപകടരമായ രോഗമാണ് പ്രമേഹം. തടി കുറയ്ക്കാന്‍ പരിശ്രമിക്കുന്നതിലൂടെയും കൃത്യമായ ഭക്ഷണക്രമം പാലിക്കുന്നതിലൂടെയും രോഗം നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയുമെന്ന് വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ എന്‍എച്ച്എസ് ഇതില്‍ കാര്യമായി ഒന്നും ചെയ്യുന്നില്ലെന്നും ഡോക്ടര്‍മാര്‍ വിമര്‍ശിക്കുന്നു.

രോഗത്തോട് തെറ്റായ സമീപനമാണ് എന്‍എച്ച്എസ് സ്വീകിരിച്ചിരിക്കുന്നതെന്ന് ലണ്ടനിലെ ബാര്‍ട്‌സ് എന്‍എച്ച്എസ് ട്രസ്റ്റിലെ ഡോക്ടറായ തഹ്‌സീന്‍ ചൗധരി പറയുന്നു. ഭേദമാക്കാന്‍ പറ്റാത്ത രോഗമാണിതെന്ന ചിന്തയോടെ പ്രമേഹത്തെ സമീപിക്കുന്നത് നിര്‍ത്തലാക്കിയാല്‍ തന്നെ ഇക്കാര്യത്തില്‍ പുരോഗമനം ഉണ്ടാകും. ചികിത്സിച്ച് ഭേദമാക്കാല്‍ പറ്റുന്ന രോഗമെന്ന രീതിയിലാണ് പ്രമേഹത്തെ സമീപിക്കേണ്ടത്. രോഗം തിരിച്ചറിയുന്ന ഘട്ടത്തില്‍ തന്നെ ഭക്ഷണക്രമത്തില്‍ കൃത്യമായ മാറ്റങ്ങള്‍ കൊണ്ടുവരികയും ശരീരഭാരം കുറയ്‌ക്കേണ്ടതും അത്യാവശ്യമാണ്. അത്തരം നിര്‍ദേശങ്ങള്‍ രോഗികള്‍ക്ക് നല്‍കേണ്ടതുണ്ട് ചൗധരി പറഞ്ഞു. പ്രമേഹം സംബന്ധിച്ചുള്ള കൂടുതല്‍ വ്യക്തത കൈവരിക്കാന്‍ പൊതുജനങ്ങള്‍ക്ക് കഴിഞ്ഞാല്‍ രോഗനിയന്ത്രണം എളുപ്പം സാധ്യമാകും.

ഷുഗറി ഡ്രിങ്കുകളില്‍ നിയന്ത്രണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഷുഗര്‍ ടാക്‌സ് സ്വാഗതാര്‍ഹമായ നടപടിയാണെന്ന് ചൗധരി വ്യക്തമാക്കി. റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ക്ലിനിക്കല്‍ മെഡിസിന്‍ ജേണലിലാണ് ചൗധരി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. പൊതുജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന പ്രമേഹ രോഗത്തെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതുണ്ടെന്ന് ചൗധരി പറയുന്നു. പ്രമേഹ രോഗികളായ ചിലരുടെ ഭക്ഷണക്രമത്തില്‍ വരുത്തിയ മാറ്റം രോഗനിയന്ത്രണത്തിന് സഹായകമായിട്ടുണ്ടെന്ന് 2017ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. ഭക്ഷണക്രമത്തില്‍ മാറ്റം കൊണ്ടുവന്ന പകുതിയോളം പേര്‍ക്കും രോഗശമനം ഉണ്ടായതായി പഠനത്തില്‍ പറയുന്നു.
ഫ്‌ളോറിഡയിലെ ബീച്ചില്‍ വെച്ച് ബുള്‍ ഷാര്‍ക്കിന്റെ ആക്രമണം നേരിടേണ്ടി വന്നത് 12 കാരനായ ഷെയിന്‍ മക് കോണലിന് ജീവിതത്തില്‍ പുതിയ വെളിച്ചമാണ് പകര്‍ന്നു നല്‍കിയിരിക്കുന്നത്. ഒരു മറൈന്‍ ബയോളജിസ്റ്റായി മാറുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് ഇതോടെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവന്‍. ബീച്ചിലൂടെ നടക്കുന്നതിനിടെ കാലുതെറ്റി കടലില്‍ വീണ ഷെയിന്‍ ബുള്‍ ഷാര്‍ക്കിന്റെ ആക്രമണത്തിന് ഇരയാകുകയായിരുന്നു. കാല്‍പാദത്തിലായിരുന്നു സ്രാവ് കടിച്ചത്. കാലില്‍ ഷൂസ് ഇല്ലായിരുന്നെങ്കില്‍ പാദങ്ങള്‍ ഇവന് നഷ്ടമാകുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

സൂര്യപ്രകാശത്തില്‍ നിന്ന് രക്ഷ നേടാനായി മുഖം കൈകൊണ്ട് മറച്ചപ്പോളാണ് അടിതെറ്റി ഷെയിന്‍ കടലിലേക്ക് വീണതെന്ന് എഡിന്‍ബര്‍ഗ് സ്വദേശിയായ ഷെയിന്‍ പറയുന്നു. ഒരു സ്രാവ് കടലില്‍ ഉയര്‍ന്നു താഴുന്നതും താന്‍ കണ്ടു. രക്ഷിക്കാനായി താന്‍ നിലവിളിച്ചപ്പോഴേക്കും സ്രാവ് നീന്തി മറഞ്ഞു. തന്നെ അത് ഒന്നും ചെയ്തില്ലെന്നാണ് ആദ്യം കരുതിയത്. പക്ഷേ അടുത്തുണ്ടായിരുന്ന ഒരു ലാഡറിലൂടെ മുകളിലെത്തിയപ്പോളാണ് കാലില്‍ സ്രാവിന്റെ കടിയേറ്റത് മനസിലായത്. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. കാലില്‍ വേദനയുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, സ്പര്‍ശനം പോലും അറിയുന്നുണ്ടായിരുന്നില്ല. കാലുകള്‍ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.

മൂന്ന് സെക്യൂരിറ്റി ജീവനക്കാര്‍ ഓടിയെത്തി തന്റെ കാലുകള്‍ ടവ്വല്‍ ഉപയോഗിച്ച് പൊതിയുകയായിരുന്നു. മുറിവുകള്‍ ആഴത്തിലുള്ളവയായിരുന്നു. റ്റെന്‍ഡനുകള്‍ പോലും പുറത്തു വന്നിരുന്നു. 53 തുന്നലുകളാണ് മുറിവില്‍ വേണ്ടി വന്നത്. ഈ മുറിവിനും സ്രാവിന്റെ ആക്രമണത്തിനും പക്ഷേ ഷെയിനിന്റെ ആത്മവിശ്വാസത്തെ തകര്‍ക്കാനായിട്ടില്ല.ഡേവിഡ് ആറ്റന്‍ബറോയാണ് ഇവന്റെ ആരാധനാപാത്രം. ബ്ലൂ പ്ലാനെറ്റിന്റെ ആരാധകനായ ഷെയിന്‍ ഒരു മറൈന്‍ ബയോളജിസ്റ്റാകുമെന്ന തീരുമാനത്തിലാണ്.
സിറിയന്‍ സൈന്യം വീണ്ടും രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ തുനിഞ്ഞാല്‍ ശക്തമായ ആക്രമണങ്ങള്‍ നടത്തുമെന്ന് അമേരിക്ക. കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്ക സജ്ജമാണെന്ന് യുഎന്‍ അംബാസഡര്‍ നിക്കി ഹാലി പറഞ്ഞു. യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തിനിടെയാണ് യുഎസ് അംബാസഡര്‍ നിലപാട് വ്യക്തമാക്കിയത്. ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും സംയുക്തമായി സിറിയയില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. അസദ് ഭരണകൂടം വീണ്ടും രാസായുധം പ്രയോഗിക്കാന്‍ ശ്രമിച്ചാല്‍ കൂടുതല്‍ ആക്രമണങ്ങളുണ്ടാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ആക്രമണം നടത്താന്‍ സഹായം നല്‍കിയ ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും സൈന്യത്തിന് ട്രംപ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
വിമതരെ നേരിടുന്നതിനാവശ്യമായ സാമ്പത്തിക സഹായം സിറിയന്‍ ഭരണകൂടത്തിന് നല്‍കുന്നത് റഷ്യയും ഇറാനുമാണ്. 2013ല്‍ സിറിയലുള്ള രാസായുധങ്ങള്‍ പൂര്‍ണമായും തുടച്ച് നീക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സമീപകാലത്തെ ആക്രണങ്ങള്‍ വിലയിരുത്തുമ്പോള്‍ റഷ്യ വാക്ക് പാലിക്കുന്നതില്‍ പരാജയപ്പെട്ടതായി വ്യക്തമാകുന്നതായി ട്രംപ് പറഞ്ഞു. സിറിയയില്‍ ആഭ്യന്തരയുദ്ധം മൂലം ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. രാജ്യത്തെ സമാധാനം തിരിച്ചു പിടിക്കുന്നതില്‍ റഷ്യയ്ക്ക് സഹായം ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. അസദ് ഭരണകൂടം നടത്തുന്ന കുറ്റകൃത്യങ്ങളെ മറച്ചുവെക്കാന്‍ റഷ്യ കൂട്ടുനില്‍ക്കുകയാണെന്ന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗത്തില്‍ അമേരിക്കന്‍ അംബാസഡര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ 50 തവണ അസദ് സൈന്യം രാസായുധം ഉപയോഗിച്ചതായും അംബാസഡര്‍ പറഞ്ഞു. എന്നാല്‍ അമേരിക്കയുടെത് ധിക്കാര നടപടിയാണെന്ന് റഷ്യ തിരിച്ചടിച്ചു.
നേരത്തെ സിറിയയില്‍ രാസായുധം പ്രയോഗിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മോസ്‌കോ രംഗത്ത് വന്നിരുന്നു. രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്തകള്‍ വ്യാജമാണ്. സിറിയയില്‍ അത്തരം ആക്രമണങ്ങള്‍ നടന്നിട്ടില്ലെന്നും മോസ്‌കോ വ്യക്തമാക്കുന്നു. ഇത്തരം ആക്രമണങ്ങള്‍ക്ക് റഷ്യ പിന്തുണ നല്‍കുന്നത് ശരിയല്ലെന്ന് ആരോപിച്ച് ലോക രാജ്യങ്ങള്‍ രംഗത്ത് വന്നിരുന്നു. ജനങ്ങള്‍ക്ക്‌മേല്‍ രാസായുധങ്ങള്‍ പ്രയോഗിക്കാന്‍ മുതിര്‍ന്നാല്‍ റഷ്യയും പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സിറിയയില്‍ ആക്രമണം നടത്തിയ അമേരിക്കന്‍ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് റഷ്യ വിമര്‍ശിച്ചു. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് ആക്രമണം തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.