നോര്‍വേ: 2040ഓടെ നിരത്തുകളില്‍ നിന്ന് ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന കാറുകള്‍ പിന്‍വലിക്കാനുള്ള ശ്രമങ്ങള്‍ നിരവധി രാജ്യങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പകരം ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനാണ് പദ്ധതികള്‍ തയ്യാറാകുന്നത്. റോഡുകള്‍ മാത്രമല്ല അന്തരീക്ഷ മലിനീകരണത്തിന് പ്രധാന കാരണക്കാര്‍ എന്നതിനാല്‍ മറ്റു ഗതാഗത മാര്‍ഗങ്ങള്‍ മൂലമുണ്ടാകുന്ന മലിനീകരണവും ഇല്ലാതാക്കാന്‍ മാര്‍ഗങ്ങള്‍ തേടേണ്ടതുണ്ട്. വിമാന എന്‍ജിനുകള്‍ നടത്തുന്ന മലിനീകരണം പൊതുധാരയില്‍ വേണ്ട വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടാറുമില്ല. ഈ സാഹചര്യങ്ങള്‍ക്ക് മാറ്റം വരികയാണെന്നതിന് തെളിവാണ് സ്‌കാന്‍ഡ്‌നേവിയന്‍ രാജ്യങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍. 2040ഓടെ ഹ്രസ്വദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്ന വിമാനങ്ങള്‍ വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നവയാക്കാനുള്ള പദ്ധതിക്ക് നോര്‍വേ തുടക്കമിട്ടു.
പൊതു ഉടമസ്ഥതയിലുള്ള ഏവിനോര്‍ ആണ് നോര്‍വേയിലെ സിവില്‍ വിമാന ഗതാഗതത്തിന്റെ ഏറിയ പങ്കും നിയന്ത്രിക്കുന്നത്. വ്യോമഗതാഗതം ഇലക്ട്രിക് ആക്കി മാറ്റിക്കൊണ്ട് ലോകത്ത് ആദ്യമായി ഈ പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനം എന്ന പേര് നേടാന്‍ തയ്യാറെടുക്കുകയാണ് ഏവിനോര്‍ എന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഡാഗ് ഫോക്ക് പീറ്റേഴ്‌സണ്‍ പറഞ്ഞു. ഒന്നര മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള യാത്രകള്‍ക്ക് ഇലക്ട്രിക് വിമാനങ്ങള്‍ ഉപയോഗിക്കാനാണ് തുടക്കത്തില്‍ ശ്രമിക്കുന്നത്. നോര്‍വീജിയന്‍ സ്‌പോര്‍ട്‌സ് ഏവിയേഷന്‍ അസോസിയേഷനും പ്രധാനപ്പെട്ട എയര്‍ലൈന്‍ കമ്പനികളുമായി ചേര്‍ന്ന് ഇലക്ട്രിക് വിമാനങ്ങള്‍ വികസിപ്പിക്കാനുള്ള പദ്ധതിക്ക് 2017ല്‍ നോര്‍വേ തുടക്കമിട്ടിരുന്നു.
ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചുകൊണ്ട് 2050ഓടെ വൈദ്യുതി മാത്രം ഉപയോഗിക്കുന്ന വിധത്തിലേക്ക് രാജ്യത്തെ എത്തിക്കാനാണ് നോര്‍വേ ശ്രമിക്കുന്നത്. ഫോസില്‍ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ 2025ഓടെ രാജ്യത്തു നിന്ന് നീക്കം ചെയ്യുമെന്നാണ് നോര്‍വേ പ്രഖ്യാപിച്ചിരിക്കുന്നത്. അതേ സമയം യുകെ അതിന്റെ 60 ശതമാനം പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ 2030ഓടെ പിന്‍വലിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ലണ്ടന്‍: യുകെയിലെ ഇന്ധന വില വീണ്ടും വര്‍ദ്ധിച്ചു. ഡിസംബറില്‍ വര്‍ദ്ധിച്ചതിനു ശേഷം സൂപ്പര്‍മാര്‍ക്കറ്റുകളുടെ മത്സരം മൂലം വിലയില്‍ കാര്യമായ വര്‍ദ്ധനവ് അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ഈ മത്സരവും ഫലം ചെയ്തില്ല എന്നതാണ് ഇപ്പോള്‍ അനുഭവപ്പെടുന്ന വിലവര്‍ദ്ധന സൂചിപ്പിക്കുന്നത്. ലിറ്ററിന് 121.7 പെന്‍സ് ആണ് പെട്രോളിന്റെ പുതിയ വില. മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇതെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പറയുന്നു. സൂപ്പര്‍മാര്‍ക്കറ്റ്, നോണ്‍ സൂപ്പര്‍മാര്‍ക്കറ്റ് പെട്രോള്‍ വിലകളില്‍ 5.5 പെന്‍സിന്റെ വ്യത്യാസം നവംബറില്‍ ഉണ്ടായിരുന്നെങ്കില്‍ അത് ഇപ്പോള്‍ 3.5 പെന്‍സ് ആയി കുറഞ്ഞിട്ടുണ്ട്.
സൂപ്പര്‍മാര്‍ക്കറ്റ് ഇന്ധനവില ബിപി, ഷെല്‍ പോലെയുള്ള കമ്പനികളേക്കാള്‍ കുറവാണെങ്കിലും പ്രദേശങ്ങള്‍ക്കനുസരിച്ച് ഈ വിലയിലും മാറ്റമുണ്ടാകാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പോര്‍ട്ട്‌സ്മൗത്ത് മുതല്‍ ലണ്ടന്‍ വരെ എ3 പരിസരങ്ങളിലുള്ള സെയിന്‍സ്ബറി ഔട്ട്‌ലെറ്റുകളില്‍ 118.9 പെന്‍സ് മുതല്‍ 123.9 പെന്‍സ് വരെയുള്ള നിരക്കുകളാണ് പെട്രോളിന് ഈടാക്കുന്നത്. നോട്ടിംഗ്ഹാംഷയറിലെ മാന്‍സ്ഫീല്‍ഡില്‍ 119.9 പെന്‍സ് ഈടാക്കുന്ന ടെസ്‌കോ, സമീപ പ്രദേശമായ ഒള്ളേര്‍ട്ടണില്‍ 121.9 പെന്‍സ് ഈടാക്കുന്നുണ്ട്.
പെട്രോള്‍ പ്രൈസ് ആപ്പുകള്‍ ഉപയോഗിച്ച് കുറഞ്ഞ വിലയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി ഇന്ധനം നിറക്കാന്‍ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്മണ്ട് കിംഗ് നിര്‍ദേശം നല്‍കുന്നു. ഇന്ധനവില ലാഭിക്കാന്‍ ചില നിര്‍ദേശങ്ങള്‍ ഇതാ
$ തിരക്കുള്ള പെട്രോള്‍ സ്‌റ്റേഷനുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുക. ഇത്തരം സ്റ്റേഷനുകള്‍ വലിയ അളവില്‍ ഇന്ധനം സ്റ്റോക്ക് ചെയ്യാറുണ്ട്. അതു വഴി വിലക്കുറവ് ഉണ്ടാകുന്നതിന്റെ ആനുകൂല്യം ലഭിക്കുമെന്ന് പെട്രോള്‍ സ്‌റ്റേഷന്‍ അനലിസ്റ്റ്. കാറ്റലിസ്റ്റ് എക്‌സ്പീരിയനിലെ ആര്‍തര്‍ റെന്‍ഷോ പറയുന്നു.
$ വലിയ സ്റ്റേഷനുകള്‍ തെരഞ്ഞെടുക്കുക. ഇവിടങ്ങളില്‍ ഹോള്‍ സെയില്‍ മാര്‍ക്കറ്റില്‍ നിന്ന് നേരിട്ട് ഇന്ധനം വാങ്ങുന്നതിനാല്‍ അതിന്റെ ആനുകൂല്യം ലഭിക്കും.
$ ഒന്നിലേറെ സ്‌റ്റേഷനുകള്‍ ഉള്ളയിടത്തു നിന്ന് ഇന്ധനം വാങ്ങുക. ഒന്നിലേറെ സ്‌റ്റേഷനുകള്‍ സമീപത്തായുണ്ടെങ്കില്‍ ഡ്രൈവര്‍മാരെ ആകര്‍ഷിക്കാനായി ഇവര്‍ വില കുറയ്ക്കാന്‍ ഇടയുണ്ട്.
$ PetrolPrices.com പോലെയുള്ള സൈറ്റുകളില്‍ നിന്ന് വിവിധ പ്രദേശങ്ങളിലെ ഇന്ധനവില സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാകും.
$ സൂപ്പര്‍മാര്‍ക്കറ്റുകള്‍. വിപണി മത്സരത്തിന്റെ ഭാഗമായി പെട്രോള്‍ വിലയിലും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കാര്യമായ മത്സരം നടക്കുന്നുണ്ട്. ഡിസ്‌കൗണ്ടുകള്‍ നല്‍കുന്ന വൗച്ചറുകള്‍ പരമാവധി ഉപയോഗിക്കുക.
$ ഗ്രാമീണ മേഖലയെ ആശ്രയിക്കുക. വിമാനത്താവളങ്ങള്‍, മോട്ടോര്‍വേകള്‍, നഗരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സ്വാഭാവികമായും ഇന്ധനവില കൂടുതലായിരിക്കും. ഗ്രാമീണ മേഖലകളില്‍ നിന്ന് ഇന്ധനം നിറച്ചാല്‍ ചെറിയ ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്.
വൂള്‍വര്‍ഹാംപ്ടണ്‍: രോഗികളെ ചികിത്സക്കെന്ന പേരില്‍ തഴുകുകയും ലൈംഗികമായി സ്പര്‍ശിക്കുകയും ചെയ്‌തെന്ന കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റക്കാരനെന്ന് തെളിഞ്ഞു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വോള്‍ഹീത്തില്‍ താമസിക്കുന്ന ജസ്വന്ത് റാത്തോഡ് എന്ന ഡോക്ടരാണ് കുറ്റക്കാരനാണെന്ന് വൂള്‍വര്‍ഹാംപ്ടണ്‍ ക്രൗണ്‍ കോടതി കണ്ടെത്തിയത്. ഡൂഡ്‌ലിയില്‍ റാത്തോഡ് ജോലി ചെയ്തിരുന്ന സര്‍ജറിയില്‍ എത്തിയ രോഗികളാണ് ഇയാള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. കേസില്‍ ജാമ്യം നിഷേധിച്ച കോടതി റാത്തോഡിന് ജയില്‍ ശിക്ഷ ഉറപ്പാണെന്ന് വ്യക്തമാക്കി.
പുറം വേദന, വയറ് വേദന, പനി തുടങ്ങിയ അസുഖങ്ങളുമായെത്തിയവര്‍ക്ക് മസാജ് തെറാപ്പി നല്‍കിയായിരുന്നു റാത്തോഡ് ചികിത്സിച്ചത്. ഇടുപ്പ് വേദനയുമായി ചികിത്സക്കെത്തിയ സ്ത്രീ 2015ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം നടത്തിയത്. സാധാരണ ചികിത്സാരീതികളുടെ സ്വഭാവത്തിനപ്പുറമായിരുന്നു ഇയാള്‍ രോഗികള്‍ക്ക് നല്‍കിയ ‘ചികിത്സ’യെന്നാണ് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞത്. അപ്പോയിന്റ്‌മെന്റുകള്‍ക്ക് എത്താന്‍ കഴിയാതിരുന്ന രോഗികളെ റാത്തോഡ് ഫോണില്‍ വിളിച്ച് എത്രയും വേഗം എത്താന്‍ പറയുമായിരുന്നത്രേ!
തിരുമ്മ് ചികിത്സയില്‍ ഇയാള്‍ക്ക് പ്രത്യേക താല്‍പര്യമുണ്ടായിരുന്നുവെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇത് രോഗികളായെത്തുന്നവര്‍ക്കുമേല്‍ ഇയാള്‍ക്കുണ്ടാകുന്ന ലൈംഗികതയുടെ പ്രതിഫലനമാണെന്നും അവര്‍ പറഞ്ഞു. 2008 മുതല്‍ 2015 വരെ നടന്ന സംഭവങ്ങളില്‍ ഇരകളാക്കപ്പെട്ടവര്‍ നല്‍കിയ പരാതികളില്‍ 10 എണ്ണത്തില്‍ റാത്തോഡ് കുറ്റക്കാരനാണെന്ന് വ്യക്തമായി. എട്ട് കേസുകളില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. 1980മുതല്‍ ബര്‍മിംഗ്ഹാമിലും 1985 മുതല്‍ മാഞ്ചസ്റ്ററിലും ഇയാള്‍ ജിപിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. #
ലെസ്റ്റര്‍: പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയുടെ ശരീരഭാരം അപകടകരമായ നിലയിലാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അമ്മയില്‍ നിന്ന് സംരക്ഷച്ചുമതല മാറ്റി. ലെസ്റ്ററിലെ ഫാമിലി കോര്‍ട്ട് ജഡ്ജിയുടേതാണ് നടപടി. ഇപ്പോള്‍ ഫോസ്റ്റര്‍ കെയറില്‍ സംരക്ഷിച്ചിരിക്കുന്ന കുട്ടിയുടെ സംരക്ഷണച്ചുമതല അമ്മയില്‍ നിന്ന് പൂര്‍ണ്ണമായും നീക്കം ചെയ്‌തേക്കുമെന്നാണ് കരുതുന്നത്. കുട്ടിയുടെ ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പാലിക്കണമെന്ന് സോഷ്യല്‍ വര്‍ക്കര്‍മാര്‍ക്ക് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അമ്മയ്‌ക്കെതിരെ ലോക്കല്‍ കൗണ്‍സില്‍ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
പെണ്‍കുട്ടിയുടെ ബോഡി മാസ് ഇന്‍ഡെക്‌സ് അപകടകരമായ നിലയിലാണെന്ന് കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുട്ടിയുടെ ആരോഗ്യാവസ്ഥയെക്കുറിച്ച് ഫാമിലി കോര്‍ട്ട് ജഡ്ജിയായ ക്ലിഫോര്‍ഡ് ബെല്ലാമി നടത്തിയ പ്രൈവറ്റ് ഹിയറിംഗില്‍ ആരോഗ്യ വിദഗ്ദ്ധര്‍ ആശങ്ക അറിയിക്കുകയും ചെയ്തു. ഇതോടെയാണ് കുട്ടിയെ അമ്മയില്‍ നിന്ന് മാറ്റി ഫോസ്റ്റര്‍ കെയറില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവായത്. കുട്ടിയേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വരുന്ന ദിവസങ്ങളില്‍ കുട്ടിയുടെ അമിതവണ്ണവും ആരോഗ്യ നിലയും സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കോടതി കേള്‍ക്കും.
ഇതിന്റെ അടിസ്ഥാനത്തിലാകും അമ്മയ്ക്ക് കുട്ടിയെ വിട്ടു നല്‍കണോ എന്ന കാര്യത്തില്‍ കോടതി തീരുമാനമെടുക്കുക. പുതിയ കണക്കുകള്‍ അനുസരിച്ച് പ്രൈമറി സ്‌കൂളുകളില്‍ നിന്ന് പുറത്തിറങ്ങുന്ന കുട്ടികളില്‍ മൂന്നിലൊന്ന് പേരും അമിതവണ്ണവും അമിതഭാരമുള്ളവരുമാണ്. സ്‌കൂളുകളില്‍ എത്തുന്നതിനു മുമ്പ് തന്നെ പത്തിലൊന്ന് കുട്ടികളും അമിതഭാരമുള്ളവരാകുന്നുവെന്നാണ് കണക്ക്. യുകെയില്‍ കഴിഞ്ഞ വര്‍ഷം 600ലേറെ കുട്ടികള്‍ക്കാണ് ടൈപ്പ് 2 പ്രമേഹം സ്ഥിരീകരിച്ചത്. 40 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് കാണാറുള്ള രോഗമാണ് ഇത്. പഞ്ചസാരയുടെ അമിത ഉപയോഗമാണ് അമിത വണ്ണത്തിന് കാരണമാകുന്നത്.
മാഞ്ചസ്റ്റര്‍: ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ നിവാസികള്‍ക്ക് വരുന്ന ഏപ്രില്‍ മുതല്‍ കൗണ്‍സില്‍ ടാക്‌സിനൊപ്പം 10 പൗണ്ട് കൂടി അധികം നല്‍കേണ്ടിവരും. മേയര്‍ ഓഫീസിന്റെ പ്രവര്‍ത്തനത്തിന് ധനം സമാഹരിക്കാനാണ് ജനങ്ങളില്‍ നിന്ന് ഈ തുക ഈടാക്കുന്നതെന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഫയര്‍, പോലീസ്, കൗണ്‍സില്‍ സേവനങ്ങള്‍ എന്നിവയ്ക്കായി നല്‍കുന്ന പണത്തിന് പുറമേയാണ് ഇപ്പോള്‍ ജനങ്ങളെത്തേടി മേയര്‍ നികുതിയും വരുന്നത്. ഏപ്രിലിലെ കൗണ്‍സില്‍ ടാക്‌സ് ബില്ലിനൊപ്പം ഇതും നല്‍കേണ്ടി വരും.
മേയറുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഈ പണം ചെലവഴിക്കും. പുതിയ ഗതാഗത നയം, സ്‌പേഷ്യല്‍ ഫ്രെയിംവര്‍ക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ വികസന മാസ്റ്റര്‍ പ്ലാന്‍, നഗരത്തിനുള്ളില്‍ വീര്‍പ്പുമുട്ടുന്ന ടൗണ്‍ സെന്ററുകളുടെ വികസനം തുടങ്ങിയ പദ്ധതികള്‍ക്കായാണ് ഈ ടാക്‌സ് ഈടാക്കുന്നതെന്നാണ് കൗണ്‍സില്‍ വിശദീകരിക്കുന്നത്. മേയര്‍ ആന്‍ഡി ബേണ്‍ഹാമിന്റെ ഓഫീസ് ചെലവുകള്‍ക്കുള്ള പണവും ഈ നികുതിയില്‍ നിന്നായിരിക്കും കണ്ടെത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈടാക്കേണ്ട തുക സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയിട്ടില്ലെങ്കിലും 10 പൗണ്ടെങ്കിലും ഓരോ കുടുംബത്തില്‍ നിന്നും ഈടാക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
അപ്രകാരമാണെങ്കില്‍ 30 ലക്ഷം മുതല്‍ 40 ലക്ഷം പൗണ്ട് വരെ ഇതിലൂടെ കൗണ്‍സിലിന് ലഭിക്കും. മേയര്‍മാര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുക കൗണ്‍സില്‍ ടാക്‌സില്‍ നിന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈടാക്കുന്ന തുകയ്ക്ക് പരിധിയും നിര്‍ണ്ണയിച്ചിട്ടില്ല. ഈ വ്യവസ്ഥ ഉപയോഗിച്ചാണ് ബേണ്‍ഹാമിന്റെ നീക്കം. ഈ നികുതി ഈടാക്കാനുള്ള നിര്‍ദേശത്തിന് കൗണ്‍സിലില്‍ എതിര്‍പ്പുകളൊന്നും ഉയര്‍ന്നില്ലെന്നും കൗണ്‍സില്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ടോറി മേയര്‍ ആന്‍ഡ് സ്ട്രീറ്റ് 12 പൗണ്ടിന്റെ സമാനമായ ടാക്‌സ് ഈടാക്കാന്‍ നടത്തിയ നീക്കം ലേബര്‍ എതിര്‍പ്പിനെത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.
ന്യൂസ് ഡെസ്ക്
നൂറ്റാണ്ടുകളുടെ ചരിത്ര പാരമ്പര്യവും സഭാ പാരമ്പര്യവും പേറുന്ന കേരള കത്തോലിക്ക സഭയിലെ പ്രമുഖ രൂപതയായ കോട്ടയം രൂപതയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന രീതിയില്‍ ബിഷപ്പ് മൈക്കല്‍ മുല്‍ഹാലിന്‍റെ ഏകാംഗ കമ്മീഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പൂര്‍ണ്ണമായും രൂപതാ നേതൃത്വം പുറത്ത് വിട്ടിട്ടില്ലെങ്കിലും നൂറ്റാണ്ടുകളായി സമുദായം നിഷ്കര്‍ഷയോടെ പാലിച്ച് പോന്നിരുന്ന ആചാര അനുഷ്ഠാനങ്ങളിലേക്കുള്ള കടന്നു കയറ്റമായിട്ടാണ് റിപ്പോര്‍ട്ടിനെ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
അമേരിക്കയിലെ ക്നാനായ ദേവാലയങ്ങളിലെ അംഗത്വത്തോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളില്‍ നിന്നാണ് കനേഡിയന്‍ ബിഷപ്പായ മൈക്കല്‍ മുല്‍ഹാലിനെ ഏകാംഗ കമ്മീഷനായി നിയോഗിച്ചത്. കേരളത്തിലെയും അമേരിക്കയിലെയും ഇടവകകളില്‍ സന്ദര്‍ശനം നടത്തിയ കമ്മീഷന്‍ അടുത്തിടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വളരെയധികം ആശങ്കകളും ആശയക്കുഴപ്പങ്ങളും ആണ് റിപ്പോര്‍ട്ട് സംബന്ധിച്ച് സമുദായാംഗങ്ങള്‍ക്ക് ഇടയില്‍ ഉണ്ടായിട്ടുള്ളത്. സമുദായം ജീവന് തുല്യം പ്രാധാന്യം നല്‍കി കാത്ത് സൂക്ഷിച്ചിരുന്ന സ്വവംശ വിവാഹം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതായിട്ടാണ് സൂചനകള്‍.
വരും നാളുകളില്‍ കൂടുതല്‍ ചര്‍ച്ചയ്ക്കും എതിര്‍പ്പുകള്‍ക്കും ഈ റിപ്പോര്‍ട്ട് കാരണമാകുമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു. ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഉള്‍പ്പെടെ ഈ റിപ്പോര്‍ട്ടിന് എതിരെ രംഗത്ത് വന്നു കഴിഞ്ഞ സ്ഥിതിക്ക് ഇത് ഏറെക്കുറെ പ്രകടമായിക്കഴിഞ്ഞു. യുകെയിലെ ക്നാനായ മിഷന്‍ രൂപീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇത് ഇപ്പോള്‍ തന്നെ തടയിട്ടു കഴിഞ്ഞ സ്ഥിതിയാണ്. ഈ കാര്യത്തില്‍ കുറെയേറെ മുന്നോട്ട് പോയിക്കഴിഞ്ഞ യുകെയിലെ ക്നാനായക്കാര്‍ ഈ റിപ്പോര്‍ട്ടില്‍ വളരെ അസ്വസ്ഥരാണ്. തങ്ങളുടെ അമര്‍ഷം സമുദായ നേതൃത്വത്തെ അറിയിച്ച് കഴിഞ്ഞ ഇവര്‍ പാരമ്പര്യങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും കോട്ടം തട്ടുന്ന ഒരു നിലപാടിനും കൂട്ട് നില്‍ക്കില്ല എന്നും വ്യക്തമാക്കി കഴിഞ്ഞു.
ഇത്തരം ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രതികരണം ഏത് രീതിയില്‍ ആയിരിക്കും എന്നതാണ് യുകെയിലെ ക്നാനായക്കാര്‍ ഉറ്റു നോക്കുന്നത്. ക്നാനായ മിഷനുകള്‍ ക്നാനായക്കാര്‍ക്ക് മാത്രമാണ് എന്ന് പറയുകയും ഓറിയന്റല്‍ ചര്‍ച്ച് റിപ്പോര്‍ട്ടിനെ അനുകൂലിക്കുകയും ചെയ്യുമോ എന്നതാണ് മറ്റൊരു ആശങ്ക. യുകെകെസിഎയുടെ ഒരു അസാധാരണ പൊതുയോഗം ഈ ശനിയാഴ്ച ഉച്ചയ്ക്ക് യുകെകെസിഎ ആസ്ഥാന മന്ദിരത്തില്‍ വിളിച്ച് ചേര്‍ത്തിരിക്കുന്നത് ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ക്കും പ്രഖ്യപനങ്ങള്‍ക്കും ആണെന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്.
എന്തായാലും വരും ദിവസങ്ങള്‍ സീറോ മലബാര്‍ സഭയെ സംബന്ധിച്ചും ക്നാനായ സമുദായത്തെ സംബന്ധിച്ചും വളരെ പ്രാധാന്യം അര്‍ഹിക്കുന്നവ ആയിരിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.
ലണ്ടന്‍: ബ്രിട്ടനിലെ ജിപിമാര്‍ ജോലി ചെയ്യുന്നത് അവരുടെ പരമാവധി ശേഷിക്കു മേലെയാണെന്ന് മുതിര്‍ന്ന ഡോക്ടര്‍മാര്‍. സ്വന്തം ആരോഗ്യത്തെയും സൗകര്യങ്ങളെയും പരിഗണിക്കാതെ വിശ്രമമില്ലാത്ത ജോലിയാണ് പല ഡോക്ടര്‍മാരും ചെയ്യുന്നതെന്നും ഇത് ചിലപ്പോള്‍ രോഗികള്‍ക്ക് പ്രതികൂലമാകാമെന്നും റോയല്‍ കോളേജ് ഓഫ് ജിപീസ് അധ്യക്ഷ പ്രൊഫ.ഹെലന്‍ സ്‌റ്റോക്ക്‌സ് ലാംപാര്‍ഡ് പറഞ്ഞു. ജിപി മാസികയായ പള്‍സില്‍ പ്രസിദ്ധീകരിച്ച പ്രതികരണത്തിലാണ് പ്രൊഫ. ലാംപാര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്.
ദിവസവും 41 രോഗികളെ വരെയാണ് പരിശോധിക്കുന്നതെന്നാണ് യുകെയിലെ 900 ജിപിമാര്‍ പറയുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്‌സിന്റെ അഭിപ്രായത്തില്‍ പരമാവധി 25 പേരെ മാത്രമേ ജിപിമാര്‍ കാണാവൂ. ഇതാണ് രോഗികള്‍ക്ക് കൃത്യമായ പരിചണം ലഭിക്കാനുള്ള ശരാശരി കണക്ക്. എന്നാല്‍ പള്‍സ് നടത്തിയ സര്‍വേയില്‍ യുകെയിലെ അഞ്ചിലൊന്ന് ജിപിമാര്‍ (20 ശതമാനം) 50 രോഗികളെയെങ്കിലും ചികിത്സിക്കുന്നുണ്ട്. നേരിട്ട് കാണുന്നവരും ഫോണില്‍ ചികിത്സ തേടുന്നവരും, ഇ കണ്‍സള്‍ട്ടേഷനുകളും ഭവന സന്ദര്‍ശനങ്ങളുമൊക്കെ ഇവയില്‍പ്പെടും.
ചില ദിവസങ്ങളില്‍ 70ലേറെ രോഗികളെ വരെ ചികിത്സിക്കേണ്ടി വരാറുണ്ടെന്നും ജിപിമാര്‍ സര്‍വേയില്‍ വെളിപ്പെടുത്തി. ദിവസവും 13 മുതല്‍ 14 മണിക്കൂറുകള്‍ വരെയാണ് ജിപിമാര്‍ ഇപ്രകാരം ജോലി ചെയ്യുന്നത്. ഇത് കരിയറിനും രോഗികള്‍ക്കും ദോഷകരമാണെന്നാണ് പ്രൊഫ.ലാംപാര്‍ഡ് പറയുന്നത്. എന്‍എച്ച്എസില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്നത് ഡോക്ടര്‍മാരുടെ ജോലിഭാരം വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നത് വാസ്തവമാണ്. എന്നാല്‍ ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ രാവിലെയുള്ള ഒപി സമയത്ത് പോലും 300 രോഗികളെ വരെ ഡോക്ടര്‍മാര്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്.
ലണ്ടന്‍: ആഗോള താപനത്തിന് കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങളില്‍ മുന്‍പന്തിയിലാണ് കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ സ്ഥാനം. വാഹനങ്ങളില്‍ നിന്നും വ്യവസായങ്ങളില്‍ നിന്നുമാണ് ഈ വാതകം അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ എത്തുന്നത്. എന്നാല്‍ പുതിയ പഠനം വളരെ ഞെട്ടിക്കുന്ന ഫലമാണ് നല്‍കിയിരിക്കുന്നത്. നമ്മുടെ അടുക്കളകളെ അലങ്കരിക്കുന്ന മൈക്രോവേവ് ഓവനുകള്‍ വന്‍തോതില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തു വിടുന്നുണ്ടത്രേ! യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ മൈക്രോവേവുകളില്‍ നിന്ന് പുറത്തു വരുന്ന കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് 70 ലക്ഷം കാറുകളില്‍ നിന്ന് പുറത്തു വരുന്നതിന് തുല്യമാണെന്നാണ് പുതിയ കണ്ടെത്തല്‍.
മൈക്രോവേവുകളുടെ മൊത്തം പ്രവര്‍ത്തന കാലത്ത് അവ പരിസ്ഥിതിയെ എപ്രകാരം ബാധിക്കുന്നുവെന്ന വിഷയത്തില്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി നടത്തിയ സമഗ്ര ഗവേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പ്രതിവര്‍ഷം പുറന്തള്ളുന്ന ഹരിതഗൃഹ വാതകങ്ങളില്‍ 7.7 ദശലക്ഷം ടണ്‍ മൈക്രോവേവുകളുടെ സംഭാവനയാണ്. അതേ സമയം കാറുകളില്‍ നിന്ന് പുറന്തള്ളപ്പെടുന്നത് 6.8 മില്യന്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് മാത്രമാണ്.
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ മിക്കവാറും എല്ലാ വീടുകളിലും മൈക്രോവേവുകള്‍ എത്തിക്കഴിഞ്ഞു. 2020ഓടെ ഇവയുടെ എണ്ണം 135 ദശലക്ഷമായി മാറുമെന്നാണ് കണക്കാക്കുന്നത്. യുകെയില്‍ മാത്രം 37.5 ദശലക്ഷം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രാന്‍സില്‍ 32 ദശലക്ഷവും ഇറ്റലിയില്‍ 37 ദശലക്ഷവും ജര്‍മനിയില്‍ 45 ദശലക്ഷവും വാഹനങ്ങള്‍ റോഡിലിറങ്ങുന്നു. മൈക്രോവേവുകല്‍ പ്രതിവര്‍ഷം ഉപയോഗിച്ചു തീര്‍ക്കുന്നത് 9.4 ടെറാവാട്ട് വൈദ്യുതിയാണ്. ഇത് മുന്ന് വന്‍കിട ഗ്യാസ് പവര്‍ പ്ലാന്റുകള്‍ ഒരു വര്‍ഷത്തില്‍ ഉദ്പാദിപ്പിക്കുന്ന വൈദ്യുതിക്ക് തുല്യമാണെന്നും പഠനം വ്യക്തമാക്കുന്നു.
ബെല്‍ഫാസ്റ്റ്: ജനന സമയത്ത് ആശുപത്രി ജീവനക്കാരുടെ അശ്രദ്ധ നിമിത്തം മസ്തിഷ്‌കത്തിന് തകരാറ് സംഭവിച്ച 9 വയസുകാരിക്ക് വന്‍ തുക നഷ്ടപരിഹാരമായി നല്‍കാന്‍ വിധി. ജനന സമയത്ത് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ വന്നതോടെ തലച്ചോറിന് തകരാറുണ്ടാകുകയും കുട്ടി സെറിബ്രല്‍ പാള്‍സി എന്ന അവസ്ഥയിലാകുകയും ചെയ്യുകയായിരുന്നു. ശരീര പ്രവര്‍ത്തനങ്ങള്‍ ശരിയായി നിയന്ത്രിക്കാന്‍ കഴിയാത്ത ഈ അവസ്ഥയ്ക്ക് കാരണം ചികിത്സാപ്പിഴവാണെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു. കേസില്‍ കുട്ടിക്ക് നഷ്ടപരിഹാരമായി 80 ലക്ഷം പൗണ്ട് നല്‍കാനാണ് കോടതി വിധിച്ചത്.
2008ല്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ പ്രവര്‍ത്തിക്കുന്ന മേറ്റര്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു കുട്ടി ജനിച്ചത്. ചികിത്സാപ്പിഴവ് മൂലമുണ്ടായ വൈകല്യമായതിനാല്‍ കുട്ടിയുടെ ആജീവനാന്ത പരിപാലനത്തിനുള്ള തുകയാണ് നഷ്ടപരിഹാരമായി നല്‍കാന്‍ വിധിയായത്. ഇത്തരമൊരു സംഭവത്തില്‍ രാജ്യത്ത് ലഭിക്കുന്ന ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ഇതെന്നാണ് വിവരം. അതേസമയം കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഇതൊരു ലോട്ടറിയല്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കുകയും ചെയ്തു.
തുകയില്‍ ആദ്യ ഗഡുവായി ലഭിക്കുന്ന 1.6 ദശലക്ഷം പൗണ്ട് കുട്ടിയുടെ ചികിത്സക്കും ഉപകരണങ്ങള്‍ക്കുമായി നല്‍കേണ്ടി വരും. പ്രത്യേക ചികിത്സയില്‍ കഴിയുന്ന കുട്ടിക്ക് ദിവസേന പരിപാലനം ആവശ്യമാണ്. വാര്‍ഷിക ഗഡുക്കളായാണ് മാതാപിതാക്കള്‍ക്ക് ഈ തുക ലഭ്യമാകുക. അതുകൊണ്ട് ലഭിക്കുന്ന മൊത്തം തുക 8 മില്യനില്‍ അധികം വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആന്‍ട്രിം കൗണ്ടി സ്വദേശികളായ കുടുംബത്തിന്റെ വിവരങ്ങള്‍ സ്വകാര്യത മാനിച്ച് പുറത്തു വിട്ടിട്ടില്ല.
ന്യൂസ് ഡെസ്ക്
എൻഎച്ച്എസിലെ ജോലി ഉപേക്ഷിക്കുന്ന നഴ്സുമാരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്നു. 2016-17 ൽ രാജി വച്ചത് 33,000 നഴ്സുമാരാണ്. വിന്റർ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഹോസ്പിറ്റലുകൾ ആവശ്യത്തിനു സ്റ്റാഫ് നഴ്സുമാരില്ലാതെ ബുദ്ധിമുട്ടുകയാണ്. പത്തിൽ ഓരോ നഴ്സുവീതം ഓരോ വർഷവും 1 എൻഎച്ച്എസ് വിടുകയാണ്. ബ്രിട്ടണിലെ ഹോസ്പിറ്റലുകളിലെ സ്റ്റാഫ് ഷോർട്ടേജ് ദിനം പ്രതി മൂർച്ഛിക്കുകയാണ്. 2016-17ൽ പുതിയതായി എൻഎച്ച്എസിൽ ചേർന്ന നഴ്സുമാരെക്കാൾ 3000 ൽ ഏറെ നഴ്സുമാരാണ് വിട്ടു പോയത്. 2012-13 ലെ കൊഴിഞ്ഞുപോകലുമായി താരതമ്യപ്പെടുത്തുമ്പോൾ 20 ശതമാനം വർദ്ധനയാണ് ഉണ്ടായിരിക്കുന്നത്.
എൻഎച്ച്എസ് ഇംഗ്ലണ്ടിൽ കഴിഞ്ഞ മൂന്നു വർഷമായി ജോലി ഉപേക്ഷിക്കുന്ന നഴ്സുമാരുടെ എണ്ണം പുതിയ സ്റ്റാഫുകളുടെ എണ്ണത്തേക്കാൾ കൂടുതലാണ്. ഇത് വളരെ അപകടകരമായ അവസ്ഥയാണെന്ന് ഹെഡ് ഓഫ് റോയൽ കോളജ് ഓഫ് നഴ്സിംങ്ങ് ജാനറ്റ് ഡേവിസ് . പറഞ്ഞു. പുതിയ തലമുറ നഴ്സുമാർ മുന്നോട്ടുവരുന്നില്ല എന്നതും നിലവിലുള്ള അനുഭവ സമ്പത്തുള്ള നഴ്സുമാർ മനം മടുത്ത് മറ്റു ജോലി തേടി പോകുന്നതും ഗവൺമെന്റ് ഗൗരവത്തോടെ കാണണമെന്ന് അവർ പറഞ്ഞു. സെപ്റ്റംബർ 2017 ലെ കണക്കനുസരിച്ച് ജോലി രാജി വച്ച നഴ്സുമാരിൽ 6976 പേർ (21%) എൻഎച്ച്എസിലെ റിട്ടയർമെന്റ് പരിധിയായ 55 വയസിനു മുകളിൽ പ്രായമുള്ളവരായിരുന്നു. എന്നാൽ 17,207 പേർ 40 വയസിനു താഴെയുള്ളവരാണ്.
ബ്രിട്ടൺ യൂറോപ്യൻ യൂണിയൻ വിടുന്നത് നഴ്സുമാരുടെ കൊഴിഞ്ഞു പോകലിന് ഒരു പ്രധാന കാരണമാണ്. വർഷങ്ങളായി എൻഎച്ച്എസ് സ്റ്റാഫിന്റെ ശമ്പള വർദ്ധനയ്ക്ക് ക്യാപ് ഏർപ്പെടുത്തിയിരിക്കുന്നതും പ്രതിസന്ധി വഷളാക്കി. വിന്റർ ക്രൈസിസിൽ നട്ടം തിരിയുന്ന ഹോസ്പിറ്റലുകളിൽ സ്റ്റാഫ് ഷോർട്ടേജ് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലവിലുള്ളത്.