Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിനെതിരെ യൂറോ കപ്പ് ജയിച്ച് സ്പെയിൻ. ഇതോടെ നാല് തവണ യൂറോ കപ്പ് നേടിയ ടീമായി മാറിയിരിക്കുകയാണ് സ്പെയിൻ. തുടർച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് ഫൈനലിൽ എത്തി അടിതെറ്റുന്നത്. രണ്ടാം പകുതിയോടെ കളിയിൽ സ്പെയിൻ ലീഡെടുത്തെങ്കിലും ഇംഗ്ലണ്ടിൻെറ മറുപടി ഗോൾ ഏവരെയും ഞെട്ടിച്ചിരുന്നു. നിക്കോ വില്യംസ് (47), മികേൽ ഒയർസബാൽ (86) എന്നിവരാണ് സ്പെയിനിനായി ഗോൾ നേടിയത്. പകരക്കാരനായി കേറിയ കോൾ പാമറാണ് ഇംഗ്ലണ്ടിനായി ഗോൾ നേടിയത്.

1964, 2008, 2012 വർഷങ്ങളിലാണ് സ്പെയിൻ മുൻപ് യൂറോ കപ്പ് വിജയിച്ചത്. ടൂർണമെന്റിൽ കളിച്ച ഏഴു കളികളും ജയിച്ച്, അജയ്യരായി തന്നെയാണ് ടീം ഫൈനലിൽ എത്തിയത്. കളിയുടെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോളുകൾ ഒന്നും തന്നെ നേടാൻ ആയിരുന്നില്ല. എന്നാൽ രണ്ടാം പകുതിയോടെ സ്പാനിഷ് താരങ്ങൾ ഇരച്ചുകയറുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.

ഈ മാസം 13ന് 17 വയസ് പൂർത്തിയായ സ്പെയിനിന്റെ തന്നെ യുവതാരം ലാമിൻ യമാലാണ് മികച്ച യുവതാരം. കളിയിൽ മികച്ച താരമായി മധ്യനിര താരം റോഡ്രിയെ തിരഞ്ഞെടുത്തു. ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരത്തിനുള്ള പുരസ്കാരം ആറു താരങ്ങൾ പങ്കിട്ടു. ഫ്രഞ്ച് ഗോൾകീപ്പർ മൈക് മയ്ഗ്‌നൻ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ സ്വന്തമാക്കി.

യൂറോ കപ്പ് ഫൈനലിന്റെ ആവേശം ഒട്ടും ചോരാതെ യുകെ മലയാളികളും ഏറ്റെടുത്തിരുന്നു. പലരും കളികൾ കാണാൻ സുഹൃത്തുക്കളുമായി ഒരിടത്ത് ഒത്തു ചേർന്നിരുന്നു. കടുത്ത ഫുട്ബോൾ പ്രേമികളായ പലരും ഇംഗ്ലണ്ടിന്റെ തോൽവിയിൽ കടുത്ത നിരാശ പ്രകടിപ്പിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ ഒരു വീടിന് തീ പിടിച്ച സംഭവത്തിൽ ഒരു കുട്ടി കൂടി മരിച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് അറിയിച്ചു. ഈസ്റ്റ് ഹാമിലെ നേപ്പിയൻ റോഡിലെ വീടിൻറെ ഒന്നാം നിലയിൽ ആണ് അഗ്നിബാധ ഉണ്ടായത്. ശനിയാഴ്ച രാത്രി 8:30നാണ് സംഭവം നടന്നത്. കുട്ടി സംഭവസ്ഥലത്ത് വെച്ചും മറ്റൊരു കുട്ടി രാത്രിയിൽ ആശുപത്രിയിൽ വെച്ചും മരിച്ചതായി ലണ്ടൻ ഫയർ ബ്രിഗേഡ് അസിസ്റ്റൻ്റ് കമ്മീഷണർ പാട്രിക് ഗൗൾബൺ പറഞ്ഞു.


നിലവിൽ രണ്ടു കുട്ടികളും രണ്ടു മുതിർന്നവരും ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടികളുടെയും ഒരു മുതിർന്നയാളിന്റെയും നില ഗുരുതരമാണെന്ന് കമ്മീഷണർ പറഞ്ഞു. അപകടത്തിന് ഇരയായ ആറുപേരും അഗ്നിബാധയ്ക്ക് ഇരയായ വീട്ടിൽ താമസിച്ചിരുന്നവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്നും മെട്രോപൊളിറ്റൻ പോലീസ് വക്താവ് പറഞ്ഞു. സംഭവത്തിന് എന്തെങ്കിലും ദുരൂഹത ഉണ്ടെന്നതിന് നിലവിൽ പോലീസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കുട്ടികളുടെ പ്രായം തുടങ്ങിയ ഒരു കാര്യവും പോലീസ് പുറത്തുവിട്ടിട്ടില്ല.


തീപിടുത്തമുണ്ടായ ഉടനെ വീട്ടിലുള്ളവരെ രക്ഷപ്പെടുത്താൻ ഇഷ്ടിക കഷണങ്ങൾ ഉപയോഗിച്ച് ജനൽ ചില്ല് തകർക്കാൻ ശ്രമിച്ചതായി സമീപവാസികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. 40 ഫയർഫോഴ്സ് ജീവനക്കാരും 6 ഫയർ എൻജിനുകളും ചേർന്നാണ് തീയണച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഏഴു മാസത്തോളം നീണ്ടു നിന്ന ചടങ്ങുകൾക്ക് ശേഷം ആനന്ദ് അംബാനി രാധിക മര്‍ച്ചന്റ് വിവാഹം നടന്നപ്പോൾ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ വന്ന പ്രമുഖരിൽ രണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിമാരും. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ടോണി ബ്ലെയറും ബോറിസ് ജോണ്‍സണും കുടുംബസമേതമാണ് മുംബൈ വെഡ്ഡിങ് എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അംബാനി കല്യാണത്തിൽ പങ്കെടുക്കാൻ വന്നത്. ഇതോടെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ബോറിസ് ജോൺസണും ഭാര്യ കാരിയും. 60 കാരനായ ബോറിസും 36 കാരിയായ കാരിയും മക്കളെ കൂട്ടിയാണ് വിവാഹ ചടങ്ങിന് എത്തിയത്. നാലുവയസുള്ള വില്‍ഫ്, രണ്ടു വയസുള്ള റോമി, ഒരു വയസു മാത്രം പ്രായമായ ഫ്രാങ്ക് എന്നിവരും ഇന്ത്യന്‍ വസ്ത്രങ്ങള്‍ അണിഞ്ഞാണ് ചടങ്ങിന് വന്നത്.

ലോക ശ്രദ്ധ പിടിച്ച് പറ്റിയ അംബാനി കല്യാണത്തിൽ കിം കർദാഷിയൻ ഉൾപ്പെടെ ലോകമെമ്പാടുമുള്ള നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ഇതിനിടെ വൈറലായിരിക്കുകയാണ് കിംമും ബോറിസ് ജോൺസൻെറ മകൾ റോമിയും ആയുള്ള ചിത്രം. ക്രീം സില്‍വര്‍ കളര്‍ ഇന്ത്യന്‍ ലെഹങ്ക അണിഞ്ഞാണ് കാരി ചടങ്ങിൽ പങ്കെടുത്തത്. അതേസമയം ബോറിസ് ജോൺസൻ ബ്ലാക്ക് സ്യൂട്ടും ഗ്രീൻ ടൈയും ആണ് ധരിച്ചത്.

എ-ലിസ്റ്റ് സെലിബ്രിറ്റികളുടെ ആതിഥേയത്വം വഹിച്ച കല്യാണത്തിൽ ഏകദേശം 250 മില്യൺ പൗണ്ടോളം ചിലവ് വന്നിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ചുവന്ന ലെംഹഗ ധരിച്ച രാധിക മര്‍ച്ചന്റിൻെറ ചിത്രങ്ങൾ നിറകൈകളോടെയാണ് ജനങ്ങൾ ഏറ്റെടുത്തത്. പരമ്പരാഗത ഹിന്ദു ചടങ്ങുകൾക്കനുസരിച്ചാണ് വിവാഹ ചടങ്ങുകൾ നടന്നിരിക്കുന്നത്. ഇന്ത്യയുടെ സംസ്കാരത്തെ എടുത്ത് കാണിക്കുന്ന തരത്തിലുള്ള ചടങ്ങുകളായിരുന്നു വിവാഹത്തിൽ അരങ്ങേറിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പെൻസിൽവാനിയയിൽ നടന്ന റാലിയിൽ മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ വെടിവെപ്പ്. വെടിയൊച്ച കേട്ടതിന് പിന്നാലെ ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ വേദിയിൽ നിന്ന് ഉടൻ മാറ്റി. സംഭവത്തിൻെറ വീഡിയോ ദൃശ്യങ്ങളിൽ വെടി ഉതിർത്തതിന് പിന്നാലെ അദ്ദേഹത്തിൻെറ വലതു ചെവിയുടെ ഭാ​ഗത്തുനിന്ന് രക്തം ഒഴുകുന്നത് കാണാം. പെട്ടെന്ന് തന്നെ യുഎസ് രഹസ്യാന്വേഷണ ഏജൻ്റുമാർ ട്രംപിനെ വേദിയിൽ നിന്ന് മാറ്റുകയും ചെയ്‌തു. തൻ്റെ വലത് ചെവിയുടെ മുകൾ ഭാഗത്ത് വെടിയുണ്ട ഏറ്റതായി പിന്നീട് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. ട്രംപ് ഇപ്പോൾ പ്രാദേശിക മെഡിക്കൽ സെൻ്ററിൽ ചികിത്സയിലാണെന്ന് വക്താവ് അറിയിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥർ ട്രംപിൻെറ അടുത്ത് വരുമ്പോഴേക്കും അപകടം സംഭവിച്ചിരുന്നു. വെടിവച്ചതായി സംശയിക്കുന്നയാളെ സംഭവ സ്ഥലത്ത് വച്ച് തന്നെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന് വക്താവ് ആൻ്റണി ഗുഗ്ലിയൽമി പറഞ്ഞു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവത്തിൽ എഫ്ബിഐയുടെ നേതൃത്വത്തിൽ സജീവമായ അന്വേഷണം നടന്നുവരികയാണ്.

റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ട്രംപ് പെൻസിൽവാനിയയിലെ അനുയായികളെ അഭിസംബോധന ചെയ്‌തുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. നിലവിലെ പ്രസിഡന്റ ജോ ബൈഡനെയും അദ്ദേഹത്തിൻ്റെ ഭരണകൂടത്തെയും കുറിച്ച് ചർച്ച ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വെടിവെപ്പ് നടന്നത്. ട്രംപ് സംസാരിക്കുന്ന വേദിയുടെ വലതുവശത്തുള്ള ഒരു നില കെട്ടിടത്തിൽ നിന്നാണ് വെടിയൊച്ചകൾ കേട്ടതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

അഞ്ചു വയസു മാത്രം പ്രായമുള്ള കുഞ്ഞു മാലാഖ പനിബാധിച്ച് മരണമടഞ്ഞു. ബർമിങ്ഹാമിലെ വൂൾവർഹാംപ്‌റ്റനിൽ താമസിക്കുന്ന ബിൽസെന്‍റ് ഫിലിപ്പ്, ജെയ്മോൾ വർക്കി എന്നിവരുടെ മകളായ ഹന്നാ മേരി ഫിലിപ്പാണ് മരണമടഞ്ഞത്. ഒരു മാസമായി പനി പിടിച്ച് ചികിത്സയിലായിരുന്നു. പനി വിട്ടു മാറാത്തതിനെ തുടർന്ന് ബർമിങ്ഹാം വിമൺസ് ആൻഡ് ചിൽഡ്രൻസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ഹന്നയുടെ അമ്മ ജെയ്മോള്‍ ഇവിടെ സ്വകാര്യ കെയർ ഹോമിൽ നേഴ്സായി ജോലി ചെയ്യുകയാണ്. ഹന്നയും ഇളയ സഹോദരൻ ആൽബിനും വെറും 8 മാസം മുൻപ് മാത്രമാണ് പിതാവിനൊപ്പം യുകെയിൽ എത്തിയത്. കേരളത്തിൽ മല്ലപ്പള്ളിക്കടുത്തുള്ള തുരുത്തിക്കാടാണ് ഇവരുടെ സ്വദേശം.

ഒട്ടേറെ സ്വപ്നങ്ങളുമായി യുകെയിലെത്തി ഏതാനും മാസങ്ങൾക്കുള്ളിൽ തങ്ങളുടെ പൊന്നോമന പുത്രിയുടെ ജീവൻ അപകടത്തിലായതിന്റെ ഞെട്ടലിലാണ് കുടുംബം. ബർമിങ് ഹാം ഹെർമ്മോൻ മാർത്തോമാ ദേവാലയത്തിലെ സജീവ് അംഗങ്ങളാണ് ഹന്നയുടെ കുടുംബം. കുഞ്ഞിൻറെ അകാല വേർപാടിന്റെ ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിന് താങ്ങായി ഇടവക സമൂഹവും ഇവിടുത്തെ പ്രാദേശിക സമൂഹവും സജീവമായുണ്ട്. തുരുത്തിക്കാട് മാർത്തോമാ ദേവാലയമാണ് ഹന്നയുടെ പിതാവ് ബിൻസെന്റ് ഫിലിപ്പിന്റെ മാതൃ ഇടവക . ഹന്നയുടെ മൃതദേഹം നാട്ടിലെത്തിച്ച് മൃതസംസ്കാരം നടത്താനാണ് കുടുംബം ആഗ്രഹിക്കുന്നത്. കുടുംബത്തെ സഹായിക്കുന്നതിനായി യുകെയിൽ തന്നെയുള്ള പിതൃസഹോദരി ബിന്ദു ഫിലിപ്പിന്റെയും കുടുംബ സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.

ഹന്ന മേരി ഫിലിപ്പിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ ഒരു വീടിന് തീ പിടിച്ച് ഒരു കുട്ടി മരിച്ചതായി ലണ്ടൻ ഫയർ അറിയിച്ചു. ഈസ്റ്റ് ഹാമിലെ നേപ്പിയൻ റോഡിലെ വീടിൻറെ ഒന്നാം നിലയിൽ ആണ് അഗ്നിബാധ ഉണ്ടായത്. ഇന്നലെ രാത്രി 8:30നാണ് സംഭവം നടന്നത്.


സംഭവസ്ഥലത്ത് തന്നെ കുട്ടി മരിച്ചതായാണ് റിപ്പോർട്ടുകൾ. മറ്റ് 5 പേരെ ലണ്ടൻ ആംബുലൻസ് സർവീസ് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ അവസ്ഥയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 40 ഫയർഫോഴ്സ് ജീവനക്കാരും 6 ഫയർ എൻജിനുകളും ചേർന്നാണ് തീയണച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്ലിഫ്റ്റണിലെ പാലത്തിൽ രണ്ട് സ്യൂട്ട് കേസുകളിലായി മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകം നടത്തിയതായി കരുതുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബ്രിസ്റ്റോളിലെ ടെംപിൾ മീഡ്‌സ് സ്‌റ്റേഷനിൽ സായുധ ഉദ്യോഗസ്ഥരാണ് 34കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്.

പാലത്തിൽ രണ്ട് സ്യൂട്ട് കേസുകളിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് കൂടാതെ ലണ്ടനിലെ ഷെപ്പേർഡ്സ് ബുഷിലെ ഫ്ലാറ്റിലും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത് കടുത്ത ഭീതിയും ദുരൂഹതയും സൃഷ്ടിച്ചിരുന്നു. യുകെയിലെ എല്ലാ ദേശീയ മാധ്യമങ്ങളും ഈ കൊലപാതകം വൻ വാർത്തയാക്കിയിരുന്നു. കടുത്ത ഭീതിയും ദുരൂഹതയും സൃഷ്ടിച്ച കൊലപാതകത്തിൽ സുപ്രധാന സംഭവവികാസമാണ് പ്രതിയെന്ന് കരുതുന്ന വ്യക്തിയുടെ അറസ്റ്റ് എന്ന് മെറ്റ്സ് ഡെപ്യൂട്ടി അസിസ്റ്റൻ്റ് കമ്മീഷണർ ആൻഡി വാലൻ്റൈൻ പറഞ്ഞു.

രണ്ട് സ്യൂട്ട്കേസുകളിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മൃതദേഹാവശിഷ്ടങ്ങൾ രണ്ടുപേരുടേതാണെന്ന് പോലീസ് വെളിപ്പെടുത്തി. തുടർ അന്വേഷണത്തിൽ ലണ്ടനിലെ സ്കോട്ട്സ് റോഡിലെ ഒരു ഫ്ലാറ്റിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് സംഭവത്തിൻ്റെ ദുരൂഹത കൂട്ടിയിരുന്നു . സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു . സ്യൂട്ട്കേസുകൾ ഉപേക്ഷിച്ച സ്ഥലത്തേയ്ക്ക് ഇയാളെ എത്തിച്ച ടാക്സി ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞതാണ് കേസിൽ നിർണായകമായത്. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മരിച്ചയാളുകളെ തിരിച്ചറിയുക, അടുത്ത ബന്ധുക്കളെ കണ്ടെത്തുക എന്നിവയാണ് പോലീസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഭ്രൂണങ്ങൾ നഷ്‌ടപ്പെട്ട ഗുരുതരമായ വീഴ്ച്ചയെ തുടർന്ന് മാർച്ചിൽ അടച്ച ലണ്ടനിലെ ഫെർട്ടിലിറ്റി ക്ലിനിക്ക് അടുത്ത മാസം തുറക്കാൻ റെഗുലേറ്റർ അനുമതി നൽകി . സൂക്ഷിച്ച് വച്ചിരുന്ന ഭ്രൂണങ്ങൾ കാണാതായതിനെ തുടർന്ന് ക്ലിനിക് അടച്ച് പൂട്ടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചാൽ ഓഗസ്റ്റ് 8 ഓടെ ക്ലിനിക്ക് വീണ്ടും തുറക്കാമെന്ന് ഹ്യൂമൻ ഫെർട്ടിലൈസേഷൻ ആൻഡ് എംബ്രിയോളജി അതോറിറ്റി (HFEA) അറിയിച്ചു.

ഹാക്ക്‌നിയിലെ ഹോമർട്ടൺ ഫെർട്ടിലിറ്റി സെൻ്റർ നടത്തുന്ന ഹോമർട്ടൺ ഹെൽത്ത്‌കെയർ ഇരയായ രോഗികളോട് ക്ഷമ ചോദിച്ചു. സംഭവത്തിന് പിന്നാലെ രോഗികളോട് ട്രസ്റ്റ് ചീഫ് എക്സിക്യൂട്ടീവ് ബസ് സാദിഖ് ക്ഷമാപണം നടത്തിയിരുന്നു. ക്ലിനിക് വീണ്ടും തുറക്കാനുള്ള HFEAയുടെ തീരുമാനത്തിനോടുള്ള നന്ദി അറിയിക്കുകയും ചെയ്‌തു. സേവനങ്ങൾ ക്രമേണ പുനരാരംഭിക്കുന്നതിനുള്ള ആസൂത്രണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഹോമർട്ടൺ ഫെർട്ടിലിറ്റി സെൻ്റർ പ്രതിവർഷം എൻഎച്ച്എസുകൾക്കും സ്വകാര്യ രോഗികൾക്കും എഗ്ഗ്, എംബ്രിയോ ഫ്രീസിങ് , IVF തുടങ്ങിയ ഫെർട്ടിലിറ്റി ചികിത്സകൾ നൽകുന്നുണ്ട്. മെയ്, ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ നടന്ന സംഭവങ്ങളിൽ ക്ലിനിക്കിലെ 32 രോഗികളുടെ എംബ്രിയോ നഷ്ടപ്പെടുകയായിരുന്നു. മാർച്ച് 7 ന് ക്ലിനിക് അടച്ചത് കാത്തിരിക്കുന്ന മറ്റ് രോഗികളുടെ ചികിത്സ അവതാളത്തിലാക്കി. സംഭവത്തിന് പിന്നാലെ ക്ലിനിക്കിൽ വരുത്തിയ മാറ്റങ്ങളിൽ സംതൃപ്തരാണെന്ന് റെഗുലേറ്ററിൻ്റെ ചീഫ് എക്സിക്യൂട്ടീവ് പീറ്റർ തോംസൺ പറഞ്ഞു. അന്വേഷണത്തിൻ്റെ ഫലമായി ക്ലിനിക്ക് പുതിയ പ്രവർത്തന രീതികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

റയാൻ എയർലൈനിൻ്റെ രണ്ട് പൈലറ്റുമാർ വിമാനത്താവളത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടു. M 62 മോട്ടോർ വേയിലാണ് അപകടം നടന്നത് . വ്യാഴാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഒരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടകരമായി വാഹനം ഓടിച്ചതിന് ലോറി ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.

M 62 മോട്ടോർ വെയിൽ ചെഷെയറിൽ വെച്ച് ജംഗ്ഷൻ 7 നും 8 നും ഇടയിലാണ് അപകടം നടന്നത്. മാറ്റ് ഗ്രീൻഹാൽഗ് (28), ജാമി ഫെർണാണ്ടസ് (24) എന്നിവർ ടാക്‌സിയിൽ ലിവർപൂൾ ജോൺ ലെനൺ എയർപോർട്ടിലേക്ക് പോകുമ്പോൾ ആണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ടാക്സികാർ ഓടിച്ചിരുന്ന ഡ്രൈവറെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിസ്റ്റോളിൽ സ്യൂട്ട്കേസുകളിൽ ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. മൃതദേഹാവശിഷ്ടങ്ങൾ രണ്ടുപേരുടേതാണെന്ന് പോലീസ് വെളിപ്പെടുത്തി. തുടർ അന്വേഷണത്തിൽ ലണ്ടനിലെ സ്കോട്ട്സ് റോഡിലെ ഒരു ഫ്ലാറ്റിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത് സംഭവത്തിൻ്റെ ദുരൂഹത കൂട്ടിയിട്ടുണ്ട് . രണ്ട് സ്ഥലങ്ങളിൽ നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ ഒരേ സംഭവത്തോട് ബന്ധപ്പെട്ടതാണെന്നാണ് പോലീസ് സംശയിക്കുന്നത്.

കൊലപാതകത്തിൽ തങ്ങൾ അന്വേഷിക്കുന്ന പ്രതി കൊളംബിയൻ പൗരനായ യോസ്റ്റിൻ ആന്ദ്രെ മോസ്‌ക്വെറ ആണെന്ന് മെട്രോപൊളിറ്റൻ പോലീസ് സ്ഥിരീകരിച്ചു. 24 വയസ്സുകാരനായ ഇയാൾ അപകടകാരിയാണെന്നും പൊതുജനങ്ങൾ സമീപിക്കരുതെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ടുപേരും ഇയാളുടെ പരിചയക്കാരായിരുന്നുവെന്നാണ് പോലീസ് കരുതുന്നത് . പക്ഷേ ഇരകളെ ഇതുവരെ ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ല.

ലിഫ്റ്റൺ സസ്പെൻഷൻ ബ്രിഡ്ജിൽ രണ്ട് സ്യൂട്ട്കേസുകളിലായി മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പോലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു . സ്യൂട്ട്കേസുകൾ ഉപേക്ഷിച്ച സ്ഥലത്തേയ്ക്ക് ഇയാളെ എത്തിച്ച ടാക്സി ഡ്രൈവറെ പോലീസ് തിരിച്ചറിഞ്ഞതാണ് കേസിൽ നിർണായകമായത്. മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. സ്യൂട്ട്കേസുകൾ പാലത്തിലേക്ക് എടുത്തയാളെ കണ്ടെത്തുക, മരിച്ചയാളുകളെ തിരിച്ചറിയുക, അടുത്ത ബന്ധുക്കളെ കണ്ടെത്തുക എന്നിവയാണ് പോലീസിന്റെ മുന്നിലുള്ള പ്രധാന വെല്ലുവിളികൾ

RECENT POSTS
Copyright © . All rights reserved