വ്യാഴാഴ്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാല്‍ തട്ടിക്കൊണ്ടു പോകലിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്ത സൈനികള്‍ ഔറംഗസേബിനെ കൊല്ലുന്നതിന് മുമ്പ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജമ്മു കശ്മീര്‍ പുല്‍വാമയിലെ ഗുസൂ കാടിനുളളിലായിരുന്നു ക്രൂരതയൂം വീഡിയോ പിടുത്തവും.
ഒന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഔറംഗസേബിനെ തീവ്രവാദികള്‍ ചോദ്യം ചെയ്യുന്നത് കേള്‍ക്കാം. വെടിവെച്ചു കൊല്ലുന്നതിന് തൊട്ടുമുമ്പുള്ള വീഡിയോ ആയിരിക്കാം ഇതെന്നാണ് സംശയിക്കുന്നത്. നീല ജീന്‍സും ടി ഷര്‍ട്ടും ധരിച്ച നിലയിലുള്ള സൈനികനോട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ ജോലിയെക്കുറിച്ചും പോസ്റ്റിംഗിനെ കുറിച്ചും പങ്കെടുത്ത ഏറ്റുമുട്ടലുകളെ കുറിച്ചുമെല്ലാം ചോദിക്കുന്നുണ്ട്. വെള്ളിയാഴ്ചയായിരുന്നു വീഡിയോ പുറത്തുവന്നത്.
വ്യാഴാഴ്ച രാവിലെ ഈ ആഘോഷിക്കാന്‍ രാജൗരി ജില്ലയിലെ സ്വന്തം വീട്ടിലേക്ക് പോകുമ്പോഴാണ് സൈനികന്‍ തീവ്രവാദികളുടെ പിടിയില്‍ പെട്ടത്. പുല്‍വാമയിലെ കോലമ്പോറയില്‍ വെച്ചായിരുന്നു തട്ടിക്കൊണ്ടുപോകലിന് ഇരയായത്. പിന്നീട് ഇവിടെ നിന്നും 10 കിലോമീറ്റര്‍ മാറി ഗുസ്സു ഗ്രാമത്തില്‍ പോലീസും സൈന്യവും നടത്തിയ തെരച്ചിലിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തലയിലും കഴുത്തിലും ആയിരുന്നു വെടിയേറ്റത്. 2017 ഒക്‌ടോബറില്‍ കൊലപ്പെടുത്തിയ വാസീംഷായുടെ കൊലപാതകത്തിനുള്ള പ്രതികാരമെന്നാണ് വീഡിയോയില്‍ തീവ്രവാദികള്‍ പറയുന്നത്. ഹിന്ദിയിലും ഉറുദുവിലുമാണ് തീവ്രവാദികള്‍ ഔറംഗസേബിനോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്.
ജോലിയെക്കുറിച്ചും ചെയ്യാന്‍ തുടങ്ങിയിട്ട് എത്ര നാളായെന്നും സൂപ്പര്‍വൈസിംഗ് ഓഫീസറുടെ പേരെന്താണെന്നുമെല്ലാം ഓഫീസര്‍ മേജര്‍ ശുക്‌ളയുമായി പെട്രോളിംഗിന് പോകാറുണ്ടോയെന്നും തീവ്രവാദികള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച ചോദിക്കുന്നു. പിതാവിന്റെ പേര് മൊഹമ്മദ് ഹനീഫ് എന്നാണെന്നും പൂഞ്ചില്‍ നിന്നുമാണ് താന്‍ വന്നതെന്നും മേജര്‍ ശുക്‌ളയ്‌ക്കൊപ്പം ജോലി ചെയ്തിട്ടുണ്ടെന്നും വിനയത്തോടെ മറുപടി പറയുന്നു. ഷായ്ക്ക് എതിരേ നടന്ന ഏറ്റുമുട്ടലില്‍ പങ്കെടുത്തിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്.
ഹിന്ദി സംസാരിക്കുന്ന ഇസ്‌ളാമികള്‍ കൂടുതലുള്ള പൂഞ്ചിലെ ആട്ടിടയന്മാരുടെ മേഖലയില്‍ നിന്നുമാണ് ഔറംഗസേബ് വരുന്നത്. 4 ജമ്മുവില്‍ നിന്നുള്ള ഷോപിയാനിലെ ഷദിമാര്‍ഗ്ഗിലെ 44 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിലാണ് ഔറംഗസേബ് ആദ്യം നിയോഗിതനായത്. രാവിലെ 9 മണിയോടെ കാറില്‍ വരികയായിരുന്ന ഔറംഗസേബിന്റെ വാഹനം തീവ്രവാദികള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. കാര്‍ ഡ്രൈവറെ ഇറക്കിവിട്ട ശേഷമാണ് ഔറംഗസേബിനെ കൊണ്ടുപോയത്. ഏപ്രില്‍ 30 ന് കൊല്ലപ്പെട്ട ഹിസ്ബുള്‍ തീവ്രവാദി സമീര്‍ ടൈഗറും കമാന്റര്‍ സദ്ദാം പഡ്ഡാറും ഉള്‍പ്പെടെ അഞ്ചു പേരെ ഇല്ലാതാക്കിയ 44 രാഷ്ട്രീയ റൈഫിള്‍സിന്റെ അനേകം എന്‍കൗണ്ടറുകളില്‍ ഔറംഗസേബ് പങ്കാളിയായിട്ടുണ്ട്.
വിദ്യാഭ്യാസ വായ്പയെടുക്കുന്ന നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് നിയമം പഠിക്കുന്നവരേക്കാള്‍ കൂടൂതല്‍ പണം തിരിച്ചടക്കേണ്ടതായി വരുന്നുവെന്ന് ലോര്‍ഡ്‌സ് ഇക്കണോമിക് അഫയേഴ്‌സ് കമ്മിറ്റി. ജോലിയിലെത്തിയാല്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന അഭിഭാഷകര്‍ക്കും ബാങ്കിംഗ് ജോലിയിലെത്തുന്നവര്‍ക്കും താരതമ്യേന കുറഞ്ഞ തുകയാണ് വായ്പായിനത്തില്‍ തിരിച്ചടക്കേണ്ടി വരുന്നത്. അതേസമയം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ പഠന ശേഷം ഇവരേക്കാള്‍ 19,000 പൗണ്ടോളം അധികം നല്‍കേണ്ടി വരുന്നതാണ് സമിതി വിലയിരുത്തി.

മെയില്‍ നഴ്‌സുമാരും മിഡൈ്വഫുമാരും 133,000 പൗണ്ട് തിരിച്ചടക്കുമ്പോള്‍ മെയില്‍ ഫിനാന്‍സിയര്‍മാര്‍ 120,000 പൗണ്ടും അഭിഭാഷകര്‍ 114,000 പൗണ്ടും മാത്രമാണ് തിരിച്ചടക്കുന്നത്. സ്റ്റുഡന്റ് ലോണുകളുടെ പലിശ നിരക്ക് 6 ശതമാനത്തില്‍ നിന്ന് 1.5 ശതമാനമാക്കി കുറച്ചുകൊണ്ട് വിദ്യാര്‍ത്ഥികളുടെ മേലുള്ള ഭാരം കുറയ്ക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം പുറത്തു വന്ന ഈ കണക്കുകളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മേഖലയിലെ ഫീസുകളും ലോണുകളും ശരിയായ വിധത്തിലുള്ളതല്ലെന്ന വിമര്‍ശനം കമ്മിറ്റി നടത്തിയിരുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം നല്‍കുന്ന രീതി പോലും വളരെ മോശമാണ്. അപ്രന്റീസ്ഷിപ്പ് ഉള്‍പ്പെടെയുള്ള അവസരങ്ങള്‍ നല്‍കുന്ന വിധത്തില്‍ ഒരു ഏകീകൃത വ്യവസ്ഥയാണ് ഇതിനായി നടപ്പാക്കേണ്ടതെന്ന് കമ്മിറ്റി ചെയര്‍മാന്‍ ലോര്‍ഡ് ഫോര്‍സിത്ത് ഓഫ് ഡ്രംലീന്‍ വ്യക്തമാക്കി.
മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ഓസ്‌ട്രേലിയയില്‍ നടന്ന സ്‌റ്റേജ് ഷോ വലിയ വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചതിനു പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ഷോയുടെ അണിയറ പ്രവര്‍ത്തകന്‍. മോഹന്‍ ലാല്‍ ഫാന്‍സ് വെബ് പേജിലൂടെയാണ് സിറാജ് ഖാന്റെ പ്രതികരണം. എന്നാല്‍ ഈ പ്രതികരണത്തില്‍ സ്ഥിരീകരണമുണ്ടായിട്ടില്ല.
മോഹന്‍ ലാല്‍ നടത്തിയത് ലാലിസം ആണെന്നും നടി പ്രയാഗ മാര്‍ട്ടിനൊപ്പം ആലപിച്ച യുഗ്മ ഗാനം നേരത്തെ റെക്കോര്‍ഡ് ചെയ്തു വച്ച് ചുണ്ടനക്കുകയാണെന്നുമായിരുന്നു ഉയര്‍ന്ന ആരോപണം. മോഹന്‍ ലാലിന്റെ ഈ വീഡിയോയും വൈറലായിരുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ദയവു ചെയ്ത് നിങ്ങൾ മനസിലാക്കേണ്ട ഒരു കാര്യം ഞാൻ ഇവിടെ അറിയിക്കുന്നു..
ഞാൻ സിറാജ് ഖാൻ ആർട്ടിസ്റ്റ് മാനേജർ, CPC യുടെ ഒരു മെമ്പർ കൂടിയാണ് വിവാദമായ ഓസ്‌ട്രേലിയൻ മോഹൻലാൽ ഷോയുടെ അസിസ്റ്റന്റ് ഡയറക്ടറും ആർട്ടിസ്റ്റ് മാനേജരും കൂടിയാണ് ഞാൻ. അതുകൊണ്ട് തന്നെ ആധികാരികമായി ഒരു കാര്യം നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നു. തികച്ചും ഒരു മമ്മുട്ടി ഫാൻ ആണ് ഞാൻ അത് എന്നെ അറിയുന്നവർക്ക് നന്നായി അറിയാവുന്ന ഒരു കാര്യം ആണ്. 3സോങ്‌സ് മാത്രം പാടുകയൊള്ളു എന്ന് പറഞ്ഞ് എഗ്രിമെന്റ് ചെയ്ത ലാലേട്ടൻ ഈ ഓസ്‌ട്രേലിയൻ ഷോയിൽ സ്വന്തം താല്പര്യപ്രകാരം ചെയ്തത് 5 സോങ്‌സും 3 ഡാൻസും 2സ്കിറ്റും ആണ്, അതും വെറും 5 ദിവസത്തെ പരിശീലനം മാത്രം കൊണ്ട്. അതാണ് മോഹൻലാൽ എന്ന നടന് ടിക്കറ്റ് എടുത്തു കാണുന്ന പ്രേക്ഷകരോടുള്ള കമ്മിറ്റ്മെന്റ്.
തികച്ചും ഒരു കംപ്ലീറ്റ് മോഹൻലാൽ ഷോ എന്ന് ഈ ഷോ കണ്ടവർക്ക് മനസിലാകും വന്ന പിഴവിനെ ഒരിക്കലും ന്യായികരിക്കാൻ വേണ്ടി അല്ല ഈ പോസ്റ്റ് ഇടുന്നത്. ഓരോ 20മിനിറ്റ് കൂടുമ്പോളും ലാലേട്ടന്റെ ഒരു ഐറ്റം എങ്കിലും സ്റ്റേജിൽ എത്തുന്ന രീതിയിൽ ആയിരുന്നു ഇതിന്റെ ഡയറക്ടർ G.S.വിജയൻ സാർ ഈ ഷോ ക്രിയേറ്റ് ചെയ്തത്. തുടർച്ചയായി ഡാൻസും പാട്ടും വരുന്നത് കൊണ്ട് പാടുമ്പോൾ ബ്രീത്തിങ് പ്രോബ്ലം വരണ്ട എന്ന് കരുതിയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം എന്ന സോങ് റെക്കോഡ് ചെയ്ത് ലിപ്സിങ്കിൽ പാടാം എന്ന് പ്ലാൻ ചെയ്തത്. എന്ന് കരുതി ഒരിക്കലും ആ ഷോ ഒരു പരാജയപ്പെട്ട ഷോ ആയി എന്ന് നിങ്ങൾ സ്വയം വിലയിരുത്തരുത്. നിങ്ങൾക്ക് അതിനെ കുറിച്ചു അറിയണമെങ്കിൽ ആ ഷോ കണ്ടവരോട് ചോദിച്ച് അറിയാൻ ശ്രമിക്കാണം.
12 ദിവസത്തെ ലാലേട്ടന്റെ കൂടെ വർക്ക് ചെയ്ത ഒരു പരിചയം കൊണ്ട് മാത്രം ഞാൻ ഒന്ന് ഉറപ്പിച്ചു പറയാം. ഇതുപോലെ ഒരു സ്റ്റാർ നൈറ്റിൽ കൂടെ ഉള്ളവർക്ക് തികച്ചും ഒരു പോസിറ്റീവ് എനർജി നൽകുവാനും ഒരു ഷോയിൽ ഇത്രയും അധികം കലാപരിപാടികൾ അവതരിപ്പിക്കുവാനും ചങ്കുറപ്പുള്ള ഒരു നടന്മാരും ഇന്ന് മലയാളം സിനിമയിൽ മോഹൻലാൽ എന്ന മഹാ നടനല്ലാതെ മറ്റൊരു നടനും ഉണ്ടാകില്ല എന്ന് ഞാൻ വിശ്വസിക്കുന്നു. ലൈവ് ഷോ ചെയ്യുമ്പോൾ ചെറിയ പിഴവുകൾ സ്വാഭാവികം മാത്രമാണ് അതിനെ ആരീതിയിൽ കാണാൻ ശ്രമിക്കണം. മലയാളികളുടെ ഈ സ്വകാര്യ അഹങ്കാരത്തെ വിമർശിച്ചു നശിപ്പിക്കാതെ നെഞ്ചോടു ചേർത്തുപിടിക്കുകയല്ലേ നാം ഓരോരുത്തരും ചെയ്യേണ്ടത്…?
പക്ഷാഘാതം ബാധിച്ച് അവയവങ്ങളുടെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്ക് പ്രതീക്ഷയായി പുതിയ ചികിത്സാരീതി ഉരുത്തിരിയുന്നു. ജീന്‍ തെറാപ്പി ഉപയോഗിച്ച് എലികളില്‍ നടത്തിയ പരീക്ഷണം വിജയകരമായി. നട്ടെല്ലിന് പരിക്ക് പറ്റി ചലനശേഷി ഇല്ലാതായവരില്‍ ഈ തെറാപ്പി ഫലപ്രദമാകുമെന്നാണ് കരുതുന്നത്. കൈകാലുകളുടെ ചലനശേഷി നഷ്ടമായ എലികളിലാണ് പരീക്ഷണം നടത്തിയത്. ഇതിനു ശേഷം എലികള്‍ക്ക് അവയവങ്ങളുടെ ചലനശേഷി തിരികെ ലഭിക്കുകയും ഭക്ഷണം കൈകളില്‍ എടുക്കാനും സ്വന്തമായി കഴിക്കാനും സാധിച്ചു. വീഴ്ചയിലും വാഹനാപകടങ്ങളിലും മനുഷ്യര്‍ക്കുണ്ടാകുന്ന സുഷുമ്‌നാ നാഡിയിലെ പരിക്കിന് സമാനമായ പരിക്കുകള്‍ എലികളില്‍ സൃഷ്ടിച്ച ശേഷമായിരുന്നു പരീക്ഷണം.

ജീന്‍ തെറാപ്പി നടത്തിയ എലികള്‍ വളരെ വേഗത്തില്‍ത്തന്നെ അവയവങ്ങളുടെ അടിസ്ഥാന ചലനശേഷി വീണ്ടെടുത്തുവെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. എലിസബത്ത് ബ്രാഡ്ബറി പറഞ്ഞു. പിന്നീട് സാവധാനം അവ സാധാരണ നിവയിലേക്ക് മടങ്ങി വരികയായിരുന്നു. അവയവങ്ങളുടെ സ്വാധീനം മനസിലാക്കുന്നതിനായി നടത്തിയ പരീക്ഷണങ്ങളും രണ്ടാഴ്ചക്കുള്ളില്‍ മറികടക്കാന്‍ എലികള്‍ക്കായി. സാധനങ്ങള്‍ എടുക്കുന്നതിന് പേശികള്‍ കൂടി വഴങ്ങേണ്ടതുണ്ട്. അത്തരം ശേഷികള്‍ തിരികെ ലഭിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും അവര്‍ വ്യക്തമാക്കി. അഞ്ച് മുതല്‍ ആറ് ആഴ്ചകളാണ് എലികള്‍ക്ക് ഇതിനായി വേണ്ടി വന്നത്.

കിംഗ്‌സ് കോളേജ് ലണ്ടനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, സൈക്കോളജി, ന്യൂറോസയന്‍സ് എന്നിവിടങ്ങളിലെ ഗവേഷകരാണ് പഠനത്തില്‍ പങ്കാളികളായത്. ക്രോന്‍ഡോയ്റ്റിനേസ് എന്ന എന്‍സൈം ഉദ്പാദിപ്പിക്കുന്ന ജീനുകളാണ് സ്‌പൈനല്‍ കോര്‍ഡിലേക്ക് നേരിട്ട് കുത്തിവെച്ചത്. ഈ എന്‍സൈം സുഷുമ്‌നയിലെ കേടുപാടുകള്‍ പരിഹരിക്കുകയും നാഡീ കോശങ്ങളെ വീണ്ടും യോജിപ്പിക്കുകയുമാണ് ചെയ്യുന്നത്.
ലോകത്തിലെ ഏറ്റവും വേഗത്തിലുള്ള ഡോര്‍സ്‌റ്റെപ് ഡെലിവറി ബ്രിട്ടനില്‍ നടപ്പാക്കാനൊരുങ്ങി ആമസോണ്‍. ഡ്രോണുകള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്ന പദ്ധതി നടപ്പാക്കാനാണ് ആമസോണ്‍ ഒരുങ്ങുന്നത്. ഓര്‍ഡര്‍ ചെയ്ത് അര മണിക്കൂറിനുള്ളില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തും. സിവില്‍ ഏവിയേഷന്‍ അതോറിറ്റിയും ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ടും ഇതിനായി നടത്തിയ ചര്‍ച്ചകളില്‍ ആമസോണിന് പച്ചക്കൊടി കാട്ടിയിട്ടുണ്ട്. ഏറ്റവും വേഗത്തില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കുക എന്നതാണ് തങ്ങള്‍ ഇപ്പോള്‍ ലക്ഷ്യം വെക്കുന്നതെന്ന് ആമസോണ്‍ യുകെ മേധാവി ഡൗഗ് ഗര്‍ പറഞ്ഞു.

എയര്‍ പ്രൈം എന്ന പേരിലാണ് ഡ്രോണ്‍ സര്‍വീസ് തുടങ്ങുന്നത്. ഇതിന്റെ ട്രയലിനാണ് ഇപ്പോള്‍ ഡിപ്പാര്‍ട്ടുമെന്റുകളുടെ അനുമതി ലഭിച്ചിരിക്കുന്നത്. ലണ്ടനില്‍ നടക്കുന്ന ബ്രിട്ടീഷ് റീട്ടെയില്‍ കണ്‍സോര്‍ഷ്യത്തില്‍ സംസാരിക്കുമ്പോളാണ് ഗര്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. ഗ്രൗണ്ട് ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസായ പ്രൈം നൗവിലൂടെ ആദ്യഘട്ടത്തില്‍ ഒരു മണിക്കൂറിനുള്ളില്‍ ഡെലിവറികള്‍ സാധ്യമാക്കാനാകും. പിന്നീട് ഡ്രോണുകള്‍ ഉപയോഗിച്ച് ഈ സമയ ദൈര്‍ഘ്യം അര മണിക്കൂറായി കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗര്‍ വ്യക്തമാക്കി.

സ്വയം നിയന്ത്രിക്കുന്ന വാഹനങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ ഡെലിവര്‍ ചെയ്യുന്ന സംവിധാനത്തിന്റെ പരീക്ഷണം നടന്നു വരികയാണ്. സിഎഎ ഡിഎഫ്ടി എന്നിവയുമായി ധാരണയിലെത്തിയതിനു ശേഷം കഴിഞ്ഞ ഒന്നര വര്‍ഷമായി ഡ്രോണുകളുടെ പരീക്ഷണം നടത്തി വരികയാണ്. എന്നാല്‍ ഔദ്യോഗികമായി ഈ സേവനം എന്നുമുതല്‍ നല്‍കാന്‍ കഴിയുമെന്നത് വെളിപ്പെടുത്താന്‍ ഗര്‍ വിസമ്മതിച്ചു.
ന്യൂഡൽഹി: ലെഫ്. ഗവർണർ അനിൽ ബൈജലിന്റെ വസതിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുതിർന്ന മന്ത്രിമാരും തുടങ്ങിയ കുത്തിയിരിപ്പുസമരം തുടരുന്നു. സമരം അഞ്ചാം ദിനത്തിലേക്ക് കടന്നിട്ടും പ്രശ്നം പരിഹരിക്കാൻ ലെഫ്.ഗവർണർ തയാറായിട്ടില്ല. സംസ്ഥാന ഭരണത്തെ കടുത്ത പ്രതിസന്ധിയിലാക്കി ഐ.എ.എസ് ഉദ്യോഗസ്ഥർ നടത്തുന്ന നിസ്സഹകരണം അവസാനിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കെജ്രിവാൾ കത്തെഴുതി. കെജ്രിവാളിനൊപ്പമുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മന്ത്രി സത്യേന്ദ്ര ജെയിനും അനിശ്ചിതകാല നിരാഹാരത്തിലാണ്.
ഉടുത്തിരിക്കുന്ന വസ്ത്രംപോലും മാറാതെയാണ് തിങ്കളാഴ്ച വൈകുന്നേരം തുടങ്ങിയ കുത്തിയിരിപ്പ്. കെജ്രിവാളിനും മന്ത്രി ഗോപാൽ റായിക്കുമുള്ള ഭക്ഷണം പുറത്തുനിന്ന് എത്തിച്ചുനൽകി. ഗവർണറുടെ വസതിയോട് ചേർന്നുള്ള ചെറിയ ശുചിമുറിയാണ് പ്രാഥമിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്. വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി ഒപ്പിടേണ്ട അത്യാവശ്യ ഫയലുകൾ കുത്തിയിരിപ്പ് സമരം നടക്കുന്നിടത്തേക്ക് എത്തിച്ചു.
െഎ.എ.എസ് സമരം അവസാനിപ്പിക്കാനോ, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകാനോ തയാറാകാതെ സമരം അവസാനിപ്പിക്കില്ലെന്ന് കെജ്രിവാൾ ആവർത്തിച്ചു. അനൂകൂല തീരുമാനമുണ്ടായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ ഒാഫിസിലും സമരം തുടങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഐസ്‌ക്രീം വാങ്ങിക്കൊടുത്തില്ലെന്ന പേരില്‍ അമ്മയില്‍ നിന്ന് എട്ടുവയസുകാരനെ ഏറ്റെടുത്ത നടപടിയില്‍ സോഷ്യല്‍ കെയറിന് കോടതിയുടെ വിമര്‍ശനം. കുട്ടിയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്നും അവന്റെ വികാരങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നില്ലെന്നും ആരോപിച്ചാണ് എട്ടു വയസുകാരനെ സോഷ്യല്‍ വര്‍ക്കര്‍ അമ്മയില്‍ നിന്ന് ഏറ്റെടുത്തത്. കുട്ടിക്ക് ഐസ്‌ക്രീം വാങ്ങിക്കൊടുക്കുന്നില്ല, കുട്ടിയുടെ ഇഷ്ടമനുസരിച്ച് മുടി വെട്ടുന്നില്ല തുടങ്ങിയ ആരോപണങ്ങളാണ് 44 പേജുള്ള പ്രസ്താവനയില്‍ സോഷ്യല്‍ വര്‍ക്കര്‍ എഴുതിയത്. ഒരു ഹൈക്കോര്‍ട്ട് ജഡ്ജ് സോഷ്യല്‍ വര്‍ക്കറെ ഇക്കാര്യത്തില്‍ രൂക്ഷമായാണ് വിമര്‍ശിച്ചത്.

കുട്ടിയെ അമ്മയ്ക്ക് തിരികെ നല്‍കണമെന്ന് കോടതി വിധിച്ചു. സോഷ്യല്‍ വര്‍ക്കറുടെ ആരോപണങ്ങള്‍ കഴമ്പില്ലാത്തതും അപ്രസക്തവുമാണെന്ന് ജസ്റ്റിസ് മോസ്റ്റിന്‍ വ്യക്തമാക്കി. 44 പേജുള്ള സോഷ്യല്‍ വര്‍ക്കറുടെ വിറ്റ്‌നസ് സ്‌റ്റേറ്റ്‌മെന്റ് വളരെ ദീര്‍ഘമാണെങ്കിലും മോശം പേരന്റിംഗ് വ്യക്തമാക്കുന്ന ഒരു തെളിവും പരാമര്‍ശിക്കാത്തതാണെന്ന് ജസ്റ്റിസ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍മാര്‍ത്തന്‍ഷയര്‍ കൗണ്ടി കൗണ്‍സിലിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ വര്‍ക്കരാണ് കോടതിയുടെ വിമര്‍ശനം കേട്ടത്. ഒരി കീഴ്‌ക്കോടതി സോഷ്യല്‍ വര്‍ക്കറുടെ നടപടി ശരിവെക്കുകയും കുട്ടിയെ ഫോസ്റ്റര്‍ പേരന്റ്‌സിലേക്ക് മാറ്റുകയും ചെയ്തിരുന്നു. കുട്ടിയെ തിരികെ ലഭിക്കണമെന്നാവശ്യപ്പെട്ട് അമ്മ പിന്നീട് അപേക്ഷ നല്‍കിയെങ്കിലും കൗണ്‍സില്‍ ഇത് നിരസിച്ചു. പിന്നീടാണ് ഇവര്‍ കോടതിയെ സമീപിച്ചത്.
മെന്‍സ ഐക്യു ടെസ്റ്റില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടി ഇന്ത്യന്‍ വംശജയായ പതിനൊന്നുകാരി. സറേയിലെ സ്റ്റാന്‍വെല്ലില്‍ താമസിക്കുന്ന സ്വതന്ത്ര-നികിത ദമ്പതികളുടെ മകളായ സ്‌നേഹല്‍ വിജയ് ആണ് അമ്പരപ്പിക്കുന്ന നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. കാറ്റെല്‍ III B പേപ്പറില്‍ 162 സ്‌കോര്‍ നേടിയ സ്‌നേഹല്‍ വിഖ്യാത ശാസ്ത്രജ്ഞന്‍മാരായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, സ്റ്റീഫന്‍ ഹോക്കിംഗ് എന്നിവരുടെ ബുദ്ധിശക്തിയെയാണ് പിന്നിലാക്കിയിരിക്കുന്നത്. മെന്‍സ പരീക്ഷയില്‍ പങ്കെടുക്കുന്നവരില്‍ കേവലം ഒരു ശതമാനം ആളുകള്‍ക്ക് മാത്രമേ ഈ സ്‌കോര്‍ നേടാനായിട്ടുള്ളു.

മുതിര്‍ന്നവര്‍ക്ക് പരമാവധി നേടാന്‍ കഴിയുന്നത് 161 സ്‌കോര്‍ മാത്രമാണ്. കുട്ടികള്‍ക്ക് 162 വരെ നേടാന്‍ സാധിക്കുമെന്നും വിശദീകരണമുണ്ട്. സ്‌നേഹലിന്റെ പരീക്ഷാഫലം അടങ്ങിയ കത്ത് തുറന്നപ്പോള്‍ തങ്ങള്‍ അമ്പരന്നു പോയെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇതിനു പിന്നാലെ രാജ്യത്തെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗ്രാമര്‍ സ്‌കൂളായ ഹെന്റീറ്റ ബാര്‍നെറ്റ് സ്‌കൂള്‍ സ്‌നേഹലിന് പ്രവേശനവും നല്‍കിയിട്ടുണ്ട്. സെപ്റ്റംബറില്‍ ഇവിടെ സ്‌നേഹല്‍ പഠനം ആരംഭിക്കും. ഈ സ്‌കൂളിലേക്കുള്ള പ്രീ-എന്‍ട്രി പരീക്ഷകളില്‍ സ്‌നേഹല്‍ നടത്തിയ പ്രകടനം കണ്ടതോടെയാണ് മെന്‍സ ടെസ്റ്റില്‍ പങ്കെടുപ്പിക്കാനുള്ള തീരുമാനമെടുത്തതെന്ന് പിതാവ് സ്വതന്ത്ര പറഞ്ഞു.

ആദ്യം സ്‌നേഹല്‍ അതിനു തയ്യാറായിരുന്നില്ല. ഒരു ഫാമിലി ട്രിപ്പിന് പോകാമെന്നും അതിനിടയ്ക്ക് രണ്ടു മണിക്കൂര്‍ ഇരുന്ന് പരീക്ഷയെഴുതിക്കോളൂ എന്നും സ്‌നേഹലിനോട് പറഞ്ഞു. അതു കഴിഞ്ഞ് ലണ്ടനില്‍ കറങ്ങാമെന്നും പറഞ്ഞു. അങ്ങനെയാണ് പരീക്ഷയെഴുതിയത്. പിന്നീട് തങ്ങള്‍ വിക്ടോറിയയില്‍ ഷോപ്പിംഗിന് പോയി. തനിക്ക് ലഭിച്ച സ്‌കോറില്‍ അമ്പരന്നു പോയതായി സ്‌നേഹലും വെളിപ്പെടുത്തി. ഇത്രയും വലിയ സ്‌കോര്‍ നേടുമെന്ന് ഒട്ടും വിചാരിച്ചിരുന്നില്ലെന്ന് അമ്മ നികിതയും പറഞ്ഞു. രണ്ട് ടെസ്റ്റുകളാണ് മെന്‍സയിലുള്ളത്. ഇവയിലേതിലെങ്കിലും 148 സ്‌കോര്‍ നേടുന്നവരാണ് മെന്‍സയില്‍ അംഗമാകാന്‍ യോഗ്യത നേടുന്നത്.
കോഴിക്കോട്: ജില്ലയില്‍ ബുധനാഴ്ച്ച രാത്രിയിലും വ്യാഴ്ച പുലര്‍ച്ചെയുമായി ഉണ്ടായ കനത്ത മഴയില്‍ വ്യാപകമായി ഉരുള്‍പൊട്ടി. മലയോര മേഖലകളായ താമരശേരി. ആനകാം പൊയില്‍ കാരശേരി. മുക്കം ഭാഗങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ദുരന്തത്തില്‍ നാലു പേര്‍ മരിച്ചു. എട്ടു പേരെ കാണാതായി.
താമരശേരി കരിഞ്ചോലയിലാണ് നാലു പേര്‍ മരിച്ചത്. കരിച്ചോലയില്‍ അബ്ദുള്‍സലീമിന്റെ രണ്ടു മകളായ ദില്‍ന (9). മുഹമ്മദ് ഷഹബാസ് (4). ബന്ധു ജാഫറിന്റെ ഏഴു വയസുകാരനായ മകന്‍, സമീപത്തുള്ള ഒരു വീട്ടമ്മ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാണാതായ പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. ഇവിടെ അഞ്ച് വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്റെ നേത്വത്വത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പ്രദേശത്ത് നിന്നും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക് മാറ്റി. പ്രദേശത്തു റോഡ് ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിട്ടുണ്ട്.
ആശുപത്രി വാര്‍ഡുകളിലെ സുഖവാസത്തിന് അന്ത്യം വരുത്താനൊരുങ്ങി എന്‍എച്ച്എസ്. കൂടുതല്‍ കാലം ആശുപത്രികളില്‍ തുടരുന്ന സംസ്‌കാരം ഒഴിവാക്കുന്നതിനായി ആയിരക്കണക്കിന് രോഗികളെ തിരികെ വീടുകളിലേക്ക് അയക്കാനാണ് എന്‍എച്ച്എസ് തയ്യാറെടുക്കുന്നത്. ഇത്തരത്തില്‍ ദീര്‍ഘകാലം തുടരുന്ന രോഗികളുടെ എണ്ണം 25 ശതമാനം കുറയ്ക്കാനാണ് ലക്ഷ്യമെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് സൈമണ്‍ സ്റ്റീവന്‍സ് പറഞ്ഞു. ആവശ്യക്കാര്‍ക്ക് കിടക്കകള്‍ ലഭ്യമാക്കുന്നതിനായാണ് ഈ നടപടിയെന്നും സ്റ്റീവന്‍സ് വിശദീകരിച്ചു.
ഓരോ വര്‍ഷവും 3,50,000 രോഗികള്‍ ആശുപത്രി വാര്‍ഡുകളില്‍ മൂന്നാഴ്ചയെങ്കിലും ചെലവഴിക്കുന്നുണ്ട്. മൊത്തം ആശുപത്രി ബെഡുകളുടെ അഞ്ചിലൊന്നാണ് ഈ സംഖ്യ. 36 ആശുപത്രികള്‍ക്ക് തുല്യമാണ് ഇതെന്നും സ്റ്റീവന്‍സ് വ്യക്തമാക്കി. വീടുകളിലെ പരിചരണം മാത്രം ആവശ്യമുള്ള പ്രായമുള്ള നിരവധി പേരാണ് ആശുപത്രികളില്‍ ഇത്തരത്തില്‍ ചികിത്സ തേടുന്നത്. അധിക കാലം ആശുപത്രികളില്‍ തുടരുന്ന രോഗികളെ വീടുകളിലേക്ക് അയക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന ഉത്തരവ് സ്റ്റീവന്‍സ് ഇന്ന് പുറപ്പെടുവിക്കും. ഇവര്‍ക്കാവശ്യമായ പരിചരണം ഉറപ്പു വരുത്തണമെന്നും നിര്‍ദേശമുണ്ട്.

രോഗികളെക്കുറിച്ചുള്ള വിലയിരുത്തല്‍ വേഗത്തില്‍ നടത്തണമെന്ന് ട്രസ്റ്റുകളോടും നിര്‍ദേശിക്കും. വാരാന്ത്യങ്ങളില്‍ പരമാവധിയാളുകളെ ഡിസ്ചാര്‍ജ് ചെയ്യാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഡേ കേസുകളില്‍ കൂടുതല്‍ റൂട്ടീന്‍ ട്രീറ്റ്‌മെന്റുകള്‍ നടത്താനും ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ നടപടിയിലൂടെ അടുത്ത വിന്ററിനു മുമ്പായി 4000 കിടക്കകള്‍ ഒഴിച്ചിടാനാകുമെന്നാണ് കരുതുന്നത്.