ജോജി തോമസ്
അടുത്തകാലത്ത് വളരെയധികം വിമര്‍ശന വിധേയമായ ഇന്ത്യാ ഗവണ്‍മെന്റിന്റെ പദ്ധതിയാണ് സ്വച്ഛ് ഭാരത് മിഷന്‍ (Clean India Mission). പെട്രോളിയം ഉത്പന്നങ്ങളുടെ വില ഓരോ തവണ ഉയരുമ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ ഏറ്റവുമധികം പരിഹസിക്കപ്പെട്ടത് സ്വച്ഛ് ഭാരത് മിഷനാണ്. പക്ഷെ ഗവണ്‍മെന്റും ജനങ്ങളും ഭരണ പ്രതിപക്ഷ കക്ഷികളും കൂടി കൈകോര്‍ക്കുകയാണെങ്കില്‍ രണ്ട് ലക്ഷം കോടി രൂപ ചെലവിടുന്ന സ്വച്ഛ് ഭാരത് മിഷന്‍ ഇന്ത്യയുടെ മുഖഛായ മാറ്റാന്‍ പര്യാപ്തമാണെന്നുള്ളതാണ് വസ്തുത. സമ്പദ്ഘടനയില്‍ ടൂറിസം പോലുള്ള വ്യവസായങ്ങള്‍ക്ക് മുന്‍തൂക്കമുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സ്വച്ഛ് ഭാരത് മിഷന്റെ പ്രധാന്യം വലുതാണ്. പക്ഷെ് സ്വച്ഛ് ഭാരത് മിഷന്റെ പ്രയോജനങ്ങളും പ്രാധാന്യവും ജനങ്ങളില്‍ എത്തിക്കുന്നതിനുപകരം രാഷ്ട്രീയമായ വിവാദങ്ങളിലാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ താല്‍പര്യം. വികസനത്തിനും രാജ്യനന്മയ്ക്കുമായി ഭരണ പ്രതിപക്ഷ ഭേദമന്യേ കൈകോര്‍ക്കുക എന്ന സങ്കല്പം ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇന്നും അന്യമാണ്.
ഇന്ത്യയിലെ നഗരങ്ങളും റോഡുകളും ഗ്രാമങ്ങളും ശുചിയാക്കുക എന്ന ഉദ്ദേശത്തോടെ ആരംഭിച്ച പദ്ധതിയാണ് സ്വച്ഛ് ഭാരത് മിഷന്‍. പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം പൂര്‍ണമായും നിര്‍ത്തുക എന്നത് സ്വച്ഛ് ഭാരത് മിഷന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കോടിക്കണക്കിന് ജനങ്ങളാണ് മലമൂത്ര വിസര്‍ജ്ജനത്തിന് ആവശ്യമായ സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുന്നത്. വ്യക്തികളുടെ ആവശ്യത്തിന് വീടുകളിലും സാമൂഹ്യകാവശ്യത്തിനായി പൊതു സ്ഥലങ്ങളിലും ശൗചാലയങ്ങള്‍ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു. 196000 കോടി രൂപയാണ് സ്വച്ഛ് ഭാരത് മിഷന്റെ പൂര്‍ത്തീകരണത്തിനായി കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.
12 മില്യണ്‍ ടോയ്‌ലറ്റുകള്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കപ്പെടും. 2014 ഒക്ടോബര്‍ രണ്ടിന് രാജ്ഘട്ടിലെ ഗാന്ധി സമാധിയില്‍ ആരംഭിച്ച സ്വച്ഛ് ഭാരത് മിഷന്‍ 2019 ഒക്ടോബര്‍ രണ്ടിന് ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനം ആഘോഷിക്കുന്ന അവസരത്തില്‍ ഔപചാരികമായി പൂര്‍ത്തീകരിക്കാനാണ് കേന്ദ്ര ഗവണ്‍മെന്റ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ കേരളമുള്‍പ്പെടെ പല ഇന്ത്യന്‍ സംസ്ഥാനങ്ങളേയും പിടിച്ചുകുലുക്കിയ ഓഖി ചുഴലിക്കാറ്റ് നമ്മുടെ ഏവരുടെയും കണ്ണു തുറപ്പിക്കുന്നതാണ്. ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളത്തിന്റെ കടല്‍ത്തീരങ്ങളിലും തീരക്കടലിന്റെ അടിത്തട്ടിലുമായി അടിഞ്ഞുകൂടിയത് നൂറുകണക്കിന് ടണ്‍ മാലിന്യമാണ്. മുംബൈ തീരങ്ങളില്‍ മാത്രം എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ആഴക്കടലില്‍ നിന്ന് ഓഖി തിരികെ തീരങ്ങളില്‍ എത്തിച്ചത്. ഭാരതീയര്‍ തങ്ങളുടെ മണ്ണും ജലവും പ്രകൃതിയും എത്രമാത്രം ദുരുപയോഗം ചെയ്യുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് തീരങ്ങളില്‍ അടിഞ്ഞ മാലിന്യ കൂമ്പാരം.
മലയാളികള്‍ വ്യക്തി ശുചിത്വത്തില്‍ ലോകത്തെ ഏത് ആധുനിക സമൂഹത്തെക്കാളും മുന്നിലാണ്. പക്ഷെ വ്യക്തി ശുചിത്വത്തിന്റെ കാര്യത്തില്‍ കാണിക്കുന്ന ജാഗ്രത നമ്മള്‍ പരിസര ശുചിത്വത്തിന്റെ കാര്യത്തില്‍ കാട്ടാറില്ല. ഒഴിഞ്ഞ സ്ഥലങ്ങളും തെരുവുകളും വഴിയോരങ്ങളിലുമാണ് നമ്മള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. ഡെങ്കിപ്പനി പോലുള്ള മാരകമായ പകര്‍ച്ചവ്യാധികള്‍ ഓരോ വര്‍ഷവും പെരുകുന്നതിന്റെ പ്രധാന കാരണം പരിസര ശുചിത്വത്തില്‍ നമുക്കുള്ള താല്‍പര്യക്കുറവാണ്. നമ്മുടെ നാടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും വളരെ ഗുരുതരമായ അലംഭാവമാണ് ഉണ്ടാകുന്നത്. നമ്മുടെ നാടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് മാലിന്യം നിക്ഷേപിക്കുന്നതിനായി തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ കീഴില്‍ ഉണ്ടായിരുന്ന സൗകര്യങ്ങള്‍ അടുത്ത കാലത്ത് മാറ്റിയിരുന്നു. പൊതുജനങ്ങള്‍ അവരുടേതായ രീതിയില്‍ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നാണ് സര്‍ക്കാരിന്റെ പുതിയ നിലപാട്. കേരളം പോലുള്ള ഒരു സംസ്ഥാനത്ത് രണ്ടോ മൂന്നോ സെന്റില്‍ വീടുപണിതിരിക്കുന്നവര്‍ അതിനുള്ളില്‍ സംസ്‌കരണ യൂണിറ്റുകള്‍ സ്ഥാപിക്കുക എന്നത് അപ്രായോഗികമായ കാര്യമാണ്. ചുരുക്കി പറഞ്ഞാല്‍ തെരുവുകളിലും വഴിയോരങ്ങളിലും മാലിന്യം നിക്ഷേപിക്കാന്‍ സര്‍ക്കാരുകള്‍ തന്നെയാണ് ജനങ്ങളെ പ്രേരിപ്പിക്കുന്നത്. പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ സിസിടിവികള്‍ സ്ഥാപിക്കുന്ന സമയവും പണവും ഉപയോഗിച്ച് സര്‍ക്കാര്‍ ചെയ്യേണ്ടത് മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയുമാണ്.
രണ്ട് ലക്ഷം കോടി രൂപയോളം വകയിരുത്തിയിരിക്കുന്ന സ്വച്ഛ് ഭാരത് മിഷനില്‍ നിന്ന് പരമാവധി പ്രയോജനങ്ങള്‍ നേടിയെടുക്കാന്‍ കേരളം ശ്രമിക്കേണ്ടിയിരിക്കുന്നു. നാടിന്റെ മുഖഛായ മാറ്റുന്ന ഇത്തരം പദ്ധതികള്‍ വിജയിപ്പിക്കുന്നതിനായി ജനനന്മയെ കരുതി ഭരണ പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കേണ്ടിയിരിക്കുന്നു.
യുവാവും ആധുനിക ചിന്താഗതിയുടെ വക്താവുമായ പുതിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇക്കാര്യത്തില്‍ ഒരു പുത്തന്‍ മാതൃക സൃഷ്ടിക്കാന്‍ സാധിക്കും. അതുവഴി രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ വലിയൊരു സ്വപ്‌നമാണ് 2019, ഒക്ടോബര്‍ രണ്ടിന് സാക്ഷാത്കരിക്കപ്പെടുക.
ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞുപോകുന്ന 2017 അഭിമാനകരമായ വര്‍ഷമായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷം മാത്രം 5000 പൗണ്ട് നല്‍കി നാട്ടിലെ കഷ്ടത അനുഭവിക്കുന്ന ആളുകളെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു എന്നതില്‍ അഭിമാനമുണ്ട്. തളര്‍ന്നു കിടക്കുന്ന തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും കിഡ്നി രോഗബാധിതനായിരുന്ന മലയാറ്റൂരിലെ ഷാനുമോന്‍ ശശിധരനും 1025 പൗണ്ട് വീതം നല്‍കി സഹായിച്ചു. അതുപോലെ മുളകുവള്ളി ബോയ്സ്‌കോ എന്ന കുട്ടികളുടെ സ്ഥാപനത്തിന് 1200 പൗണ്ടും കൂടാതെ ടിവിയും പ്രിന്ററും വാങ്ങി നല്‍കി. ഇപ്പോള്‍ തോപ്രാംകുടിയിലെ അസ്സീസി സന്തോഷ് ഭവനു (പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1550 പൗണ്ടിനു മുകളില്‍ ലഭിച്ചു കഴിഞ്ഞു.
ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ചാരിറ്റി കളക്ഷന്‍ അടുത്ത ശനിയാഴ്ച വരെ തുടരും എന്നറിയിക്കുന്നു. കൂടാതെ യുകെയിലെ വളരെ പ്രസിദ്ധമായ ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെയുടെ ചാരിറ്റി പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡും ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു ലഭിച്ചു. പുലിമുരുകന്റെ ഡയറക്റ്റര്‍ വിശാഖാണ് അവര്‍ഡ് സമ്മാനിച്ചത്. ഞങ്ങള്‍ നടത്തിയ സത്യസന്ധവും സുതാര്യവുമായ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ അംഗീകാരമായി ഞങ്ങള്‍ ഇതിനെ കാണുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്നു പറഞ്ഞാല്‍ ജീവിതത്തില്‍ കഷ്ടപ്പാടുകള്‍ അനുഭവിച്ചു വളര്‍ന്നു വന്ന ഒരു കൂട്ടം ആളുകളാണ്. ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ജാതി, മത, വര്‍ണ്ണ, വര്‍ഗ, സ്ഥലകാല വ്യത്യാസങ്ങളില്ല. എല്ലാവരെയും മനുഷ്യരായി കണ്ട് സഹായിക്കുക എന്നതാണ് ഞഭങ്ങളുടെ ലക്ഷ്യം. 2004ല്‍ ഉണ്ടായ സുനാമിക്ക് ഫണ്ട് ശേഖരിച്ചു കേരള മുഖ്യമന്തിക്ക് നല്‍കിക്കൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
ഞങ്ങള്‍ ഇതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
സിസ്റ്റര്‍ സ്വന്തനയുടെ ഫോണ്‍ നമ്പര്‍ 0091 9446334461, 00914868264225
ഇടുക്കി ചാരിറ്റിക്കു വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626
ലണ്ടന്‍: ഓസീ ഫ്‌ളൂ എന്ന് അറിയപ്പെടുന്ന എച്ച്3എന്‍2 പനി ബാധ മൂലം അയര്‍ലന്‍ഡില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗം യുകെയില്‍ എത്തിയെന്നും ഇതിന്റെ ശക്തി വര്‍ദ്ധിച്ചു വരികയാണെന്നുമാണ് വിശദീകരിക്കപ്പെടുന്നത്. കൃത്യമായ മരണസംഖ്യ പുറത്തു വിട്ടിട്ടില്ലെങ്കിലും പത്തില്‍ താഴെ ആളുകള്‍ ഈ രോഗബാധ മൂലം മരിച്ചിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. കുട്ടികളെയാണ് ഈ പകര്‍ച്ചവ്യാധി എളുപ്പത്തില്‍ ബാധിക്കുന്നതെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
5 വയസിനും 14 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് രോഗം ബാധിക്കാന്‍ ഏറ്റവും സാധ്യതയുള്ളവര്‍. കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് ഈ രോഗം അയര്‍ലന്‍ഡില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. അതിനു ശേഷം ഈ വിന്റര്‍ വരെ 73 പേരെ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച മാത്രം 19 പേര്‍ ആശുപത്രികളില്‍ എത്തിയതായാണ് കണക്ക്. മരണങ്ങള്‍ പത്തില്‍ താഴെ മാത്രമായതിനാലാണ് കൃത്യമായ കണക്കുകള്‍ നല്‍കാനാകാത്തതെന്ന് അയര്‍ലന്‍ഡിലെ ഹെല്‍ത്ത് സര്‍വീസ് എക്‌സിക്യൂട്ടീവ് ആയ കെവിന്‍ കെല്ലെഹര്‍ പറഞ്ഞു.
ഫ്‌ളൂ ബാധിച്ച് എല്ലാ വര്‍ഷവും ആളുകള്‍ മരിക്കാറുണ്ടെന്നും 18 മുതല്‍ 20 പേര്‍ വരെയാണ് ശരാശരി മരണ സംഖ്യയെന്നും അദ്ദേഹം പറഞ്ഞു. ഓസീ ഫ്‌ളൂ ബാധിച്ച് ശരാശരി 400 മുതല്‍ 600 മരണങ്ങള്‍ വരെയാണ് ലോകമൊട്ടാകെ ഓരോ വര്‍ഷവും ഉണ്ടാകുന്നത്. പനിയോട് അനുബന്ധിച്ചുണ്ടാകുന്ന ഹൃദയരോഗങ്ങള്‍ മൂലമാണ് മരണങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഫ്‌ളുവന്‍സ-എയുടെ മറ്റൊരു വകഭേദമായ ഈ രോഗം ഓസ്‌ട്രേലിയയില്‍ 1,70,000 ആളുകള്‍ക്ക് ബാധിക്കുകയും 300ലേറെപ്പേര്‍ മരിക്കുകയും ചെയ്തതോടൊണ് ഓസീ ഫ്‌ളൂ എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.
ലണ്ടന്‍: ബ്രിട്ടനില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകള്‍ പഴക്കം ചെന്നവയെന്ന് വെളിപ്പെടുത്തല്‍. 1990കളില്‍ നിര്‍മിച്ച കാര്യേജുകളിലാണ് ബ്രിട്ടനിലെ ട്രെയിന്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നതെന്ന് ഓഫീസ് ഓഫ് റെയില്‍ ആന്‍ഡ് റോഡ് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവയ്ക്ക് ശരാശരി 21.1 വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് പ്രസ് അസോസിയേഷന്‍ വിശകലനം വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ പഴക്കമുള്ള ട്രെയിനുകള്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സമ്മാനിക്കുന്നതിനൊപ്പം മൊത്തം പ്രവര്‍ത്തനത്തെയും ബാധിക്കുന്നതായാണ് വെളിപ്പെടുത്തല്‍.
ലണ്ടനും സ്‌കോട്ട്‌ലന്‍ഡിനുമിടയില്‍ സര്‍വീസ് നടത്തുന്ന കാലിഡോണിയന്‍ സ്ലീപ്പര്‍ സര്‍വീസില്‍ 42 വര്‍ഷം പഴക്കമുള്ള ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. അതിനു പിന്നില്‍ രണ്ടാം സ്ഥാനത്തായി മെഴ്‌സിസൈഡില്‍ സര്‍വീസ് നടത്തുന്ന മെഴ്‌സിറെയില്‍ ഉണ്ട്. 38 വര്‍ഷം പഴക്കമുള്ള ട്രെയിനുകളാണ് ഇവര്‍ക്ക് സ്വന്തമായുള്ളത്. ഈ രണ്ട് ഓപ്പറേറ്റര്‍മാരും വരുന്ന വര്‍ഷങ്ങളില്‍ പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
നോര്‍ത്ത് ഇംഗ്ലണ്ടിലെ പേസേഴ്‌സ് പോലെയുള്ള സര്‍വീസുകളില്‍ 1980കളില്‍ നിര്‍മിച്ച കാര്യേജുകളാണ് ഉപയോഗിക്കുന്നത്. ബസുകളുടെ ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മിച്ച ഇവ എത്രയും പെട്ടെന്ന് സ്‌ക്രാപ്പ് ചെയ്യണമെന്നാണ് നിര്‍ദേശിക്കപ്പെടുന്നത്. മറ്റ് സര്‍വീസുകളിലെ ട്രെയിനുകള്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ അനുസരിച്ച് പരിഷ്‌കരണങ്ങള്‍ നടത്തി ഉപയോഗിക്കാമെന്നും വിദഗ്ദ്ധര്‍ പറയുന്നു.
രാജ്യത്തെ റെയില്‍ ഗതാഗത മേഖല ഒട്ടേറെ പുരോഗമിക്കേണ്ടതുണ്ടെന്നതാണ് ഈ കണക്കുകള്‍ കാണിക്കുന്നതെന്ന് ക്യാംപെയിന്‍ ഫോര്‍ ബെറ്റര്‍ ട്രാന്‍സ്‌പോര്‍ട്ട് തലവന്‍ സ്റ്റീഫന്‍ ജോസഫ് പറഞ്ഞു. പുതിയ ട്രെയിനുകള്‍ അവതരിപ്പിക്കുമെന്നാണ് മിക്ക ഓപ്പറേറ്റര്‍മാരും പറയുന്നത്. ചിലര്‍ ട്രെയിനുകള്‍ നിര്‍മാണ ഘട്ടത്തിലാണെന്നും പറയുന്നു. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ യാഥാര്‍ത്ഥ്യമാകുമോ എന്നതാണ് നാം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ലിവര്‍പൂള്‍: 1600 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുള്ള കാര്‍പാര്‍ക്കിലെ വാഹനങ്ങളെല്ലാം തീപ്പിടിത്തത്തില്‍ കത്തിനശിച്ചു. ഞായറാഴ്ച വൈകിട്ട് 5 മണിയോടെയാണ് സംഭവമുണ്ടായത്. കാര്‍ പാര്‍ക്കിന് സമീപത്തുള്ള അറീനയില്‍ ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചിരുന്ന ഹോഴ്‌സ് ഷോ ഇതേത്തുടര്‍ന്ന് മാറ്റിവെച്ചു. കിംഗ്‌സ് ഡോക്കിലാണ് തീപ്പിടിത്തമുണ്ടായതെന്ന് മെഴ്‌സിസൈഡ് പോലീസ് അറിയിച്ചു. ബഹുനില കാര്‍ പാര്‍ക്കിലുണ്ടായിരുന്ന എല്ലാ വാഹനങ്ങളും അഗ്നിക്കിരയായെന്ന് പോലീസ് വ്യക്തമാക്കി.
12 ഫയര്‍ എന്‍ജിനുകളും ശ്വസന ഉപകരണങ്ങള്‍ ധരിച്ച അഗ്നിശമന സേനാംഗങ്ങളുമാണ് തീ നിയന്ത്രണവിധേയമാക്കാന്‍ എത്തിയത്. തീപ്പിടിത്തത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഹോഴ്‌സ് ഷോയ്ക്കായി എക്കോ അറീനയില്‍ എത്തിയവര്‍ പുകയില്‍ കുടുങ്ങി. സംഭവത്തില്‍ ആര്‍ക്കും അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് ലിവര്‍പൂള്‍ മേയര്‍ ജോ ആന്‍ഡേഴ്‌സണ്‍ അറിയിച്ചു. ഷോയ്ക്കായി എത്തിച്ച കുതിരകള്‍ക്കും അപകടമൊന്നും സംഭവിച്ചില്ല.
മൂന്നാം നിലയിലുണ്ടായിരുന്ന ലാന്‍ഡ് റോവറിനാണ് ആദ്യം തീപിടിച്ചത്. കുതിരകളെ ഒന്നാം ലെവലിലായിരുന്നു നിര്‍ത്തിയിരുന്നത്. തീപ്പിടിത്തമുണ്ടായതോടെ ഇവയെ അറീനയിലേക്ക് മാറ്റുകയായിയരുന്നു. വാഹനങ്ങളുടെ ഇന്ധന ടാങ്കുകളും ടയറുകളും പൊട്ടിത്തെറിക്കുന്ന ശബ്ദം കേള്‍ക്കാമായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ലിവര്‍പൂള്‍ ഇന്റര്‍നാഷണല്‍ ഹോഴ്‌സ് ഷോയ്ക്കായി അറീനയില്‍ 4000 പേര്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുന്നു. ചിത്രം: വിബി ജോബ്.
ചെന്നൈ∙ തമിഴക രാഷ്ട്രീയത്തിൽ നിർണായക നീക്കവുമായി നടൻ രജനികാന്ത്. സ്വന്തം പാർട്ടി രൂപീകരിച്ചു രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്നു സ്റ്റൈൽ മന്നൻ അറിയിച്ചു. ആരാധകർ ഏറെനാളായി കാത്തിരുന്ന ആ തീരുമാനം ഇന്നു ചെന്നൈ കോടമ്പാക്കത്തെ ആരാധകര സംഗമത്തിൽ വച്ചാണ് രജനി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും മൽസരിക്കുമെന്ന് അറിയിച്ച രജനി, ജനങ്ങളോടുള്ള കടപ്പാടുമൂലമാണു തീരുമാനമെന്നും വ്യക്തമാക്കി. തമിഴ് രാഷ്ട്രീയം ഇപ്പോൾ മോശം അവസ്ഥയിലാണ്. അതു മാറ്റാൻ ശ്രമിക്കും. സ്ഥാനമാനങ്ങൾ മോഹിക്കുന്നില്ല. തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായിരിക്കും മുൻഗണന നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഒരു വർഷം തമിഴ്നാട്ടിൽ സംഭവിച്ച കാര്യങ്ങൾ സംസ്ഥാനത്തെ നാണംകെടുത്തി. ജനങ്ങൾ തമിഴ്നാടിനെ നോക്കി ചിരിക്കുകയാണ്. ഇന്ന് ഞാൻ ഈ തീരുമാനം എടുത്തില്ലെങ്കിൽ ഞാൻ കൂടി ജനങ്ങളെ താഴ്ത്തിക്കെട്ടുകയാണ്. ആ കുറ്റബോധം എന്നെ വേട്ടയാടും. എല്ലാകാര്യങ്ങളും മാറ്റണം. അതിനുള്ള സമയമാണിത്. നമുക്ക് ഈ സംവിധാനം മാറ്റണം. മികച്ച ഭരണനിർവഹണം കൊണ്ടുവരാനാണു താൻ ആഗ്രഹിക്കുന്നത്.
ആത്മീയതയിൽ ഊന്നിയുള്ള രാഷ്ട്രീയമായിരിക്കും തന്റേത്. അല്ലാതെ ജാതിയിലോ മതത്തിലോ അടിസ്ഥാനമാക്കിയതാകില്ല. രാജാക്കൻമാരും ഭരണാധികാരികളും മറ്റു രാജ്യങ്ങളെ കൊള്ളയടിക്കുന്ന കാലഘട്ടത്തിൽനിന്ന് ഇവരെല്ലാം സ്വന്തം നാടിനെ കൊള്ളയടിക്കുന്ന അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ജനാധിപത്യത്തിന്റെ പേരുപറഞ്ഞു രാഷ്ട്രീയക്കാർ നമ്മളെ കൊള്ളയടിക്കുകയാണ്. സത്യസന്ധത, ജോലി, വളർച്ച എന്നിവയായിരിക്കും നമ്മുടെ പാർട്ടിയുടെ മൂന്നു മന്ത്രങ്ങൾ.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കണോ വേണ്ടയോ എന്നു നമുക്ക് ആലോചിക്കാം. സ്ഥാനമാനങ്ങൾക്കുവേണ്ടിയല്ല താൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. അങ്ങനെയായിരുന്നെങ്കിൽ 1996ൽത്തന്നെ അതാവാമായിരുന്നു. ജനാധിപത്യം അഴിമതിയിൽ കുളിച്ചിരിക്കുകയാണ്. അതു വൃത്തിയാക്കിയെടുക്കണം. തമിഴ്നാട്ടിലെ 234 നിയമസഭാ സീറ്റുകളിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്തും, രജനി കൂട്ടിച്ചേർത്തു.
രാവിലെ ആരാധക സംഗമത്തിനു കോടമ്പാക്കത്തെ രാഘവേന്ദ്ര ഹാളിലെത്തിയ അദ്ദേഹത്തെ ‘തമിഴ്നാടിന്റെ അടുത്ത മുഖ്യമന്ത്രി’ എന്നു വാഴ്ത്തിയാണ് സ്വീകരിച്ചത്. ‘സൂര്യന്റെ ശക്തി പകൽ മാത്രമേയുള്ളൂ, രജനിയുടെ ശക്തി എപ്പേഴുമുണ്ട്’ തുടങ്ങിയ മുദ്രാവാക്യങ്ങളും ആരാധകർ മുഴക്കി.
ഫോര്‍ട്ടുകൊച്ചിയില്‍ ഈ രാവ് ഉറങ്ങില്ല ‘പപ്പാഞ്ഞി’കളുടെ ഉത്സവമാണ്. ഡിസംബറിന്റെ അവസാന മണിക്കൂറുകളിലേക്കു കടക്കുന്ന ഇന്ന് ഫോര്‍ട്ടുകൊച്ചിയുടെ മനസ്സില്‍ ഇനി പപ്പാഞ്ഞികള്‍ മാത്രം… പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഫോര്‍ട്ടുകൊച്ചി ഉടുത്തൊരുങ്ങുകയാണ്… കൊച്ചി കടപ്പുറത്തേക്കുള്ള എല്ലാ വഴികളിലും ആഘോഷത്തിന്റെ തോരണങ്ങള്‍… നക്ഷത്ര വിളക്കുകള്‍… ചുവപ്പ് ചുറ്റിയ സാന്റകള്‍… പൈതൃക നഗരം മാത്രമല്ല, ഈ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഓരോ മനുഷ്യനും പുതുവര്‍ഷത്തെ കാത്തിരിക്കുകയാണ്. ഫോര്‍ട്ടുകൊച്ചിയിലെ ഓരോ വീടും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു.
ജാതി-മത ഭേദമന്യേ കൊച്ചിയുടെ മാത്രം ഉത്സവം…………
പപ്പാഞ്ഞികള്‍ പോര്‍ച്ചുഗീസ് സമ്മാനം – ‘പപ്പാഞ്ഞി’ എന്നാല്‍ പോര്‍ച്ചുഗീസില്‍ ‘മുത്തച്ഛന്‍’ എന്നാണര്‍ത്ഥം. പോര്‍ച്ചുഗീസ് പാരമ്പര്യമുള്ളവര്‍ മുത്തച്ഛനെ പപ്പാഞ്ഞി എന്നാണ് വിളിക്കുക.
മുതിര്‍ന്ന കാരണവര്‍ എന്ന അര്‍ത്ഥത്തിലാണ് കൊച്ചിക്കാര്‍ പപ്പാഞ്ഞിക്ക് രൂപംകൊടുത്തത്. ആദ്യകാലത്ത് കോട്ടും സ്യൂട്ടുമണിഞ്ഞ സായ്പിന്റെ രൂപമായിരുന്നു കൊച്ചിയുടെ പപ്പാഞ്ഞികള്‍ക്ക്. കടന്നുപോകുന്ന വര്‍ഷത്തിന്റെ പ്രതീകമാണ് പപ്പാഞ്ഞി. ഈ പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ഒരു വര്‍ഷം എരിഞ്ഞടങ്ങും. പ്രതീക്ഷകള്‍ നിറയുന്ന പുതിയ വര്‍ഷത്തെ എതിരേല്‍ക്കുന്നതിന്റെ ഭാഗമായാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്.
പപ്പാഞ്ഞി എന്ന വാക്ക് പോര്‍ച്ചുഗീസിന്റെ സംഭാവനയാണെങ്കിലും പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടുള്ള ആഘോഷം പോര്‍ച്ചുഗീസുകാര്‍ക്കുണ്ടായിരുന്നില്ല. കൊച്ചിയില്‍ അധികാരമുറപ്പിച്ച ഡച്ചുകാര്‍ക്കോ, ബ്രിട്ടീഷുകാര്‍ക്കോ ഇങ്ങനെയൊരാഘോഷം ഉണ്ടായിരുന്നതായി ചരിത്രമില്ല. പോര്‍ച്ചുഗീസുകാരുടെ പപ്പാഞ്ഞിയെ കടമെടുത്ത്, കൊച്ചി രൂപപ്പെടുത്തിയതാണ് ഈ പുതുവര്‍ഷ ഉത്സവം… കൊച്ചിക്കാര്‍ രൂപപ്പെടുത്തിയ കൊച്ചിയുടെ സ്വന്തം ഉത്സവം.
കൊച്ചിയുടെ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ജാതിയും മതവുമൊന്നുമില്ല. ജാതി-മത ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിക്കുന്ന കേരളത്തിലെ അപൂര്‍വം ഉത്സവങ്ങളിലൊന്നായി ഈ ആഘോഷം മാറിക്കഴിഞ്ഞു. ഡിസംബറിന്റെ അവസാന നാളുകളില്‍ പടിഞ്ഞാറന്‍ കൊച്ചിയുടെ മുക്കിലും മൂലയിലുമൊക്കെ പപ്പാഞ്ഞികളെ കാണാം. കുട്ടികളും ചെറുപ്പക്കാരുമൊക്കെ ഓരോ സംഘങ്ങളായി പപ്പാഞ്ഞിയെ ഉണ്ടാക്കി വഴിയോരത്ത് സ്ഥാപിക്കും. ഡിസംബര്‍ 31-ന് വൈകീട്ടുതന്നെ പാട്ടും നൃത്തവുമൊക്കെ തുടങ്ങും. രാത്രി പന്ത്രണ്ടോടെ പപ്പാഞ്ഞിക്ക് തീകൊളുത്തും. വീടുകളില്‍ ഈ സമയത്ത് കേക്ക് മുറിക്കും. വീട്ടുമുറ്റങ്ങളില്‍ മെഴുകുതിരികള്‍ തെളിക്കും. ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് വിവാഹം ചെയ്ത്, മറ്റു നാടുകളിലേക്ക് പോയ സ്ത്രീകള്‍ ഈ ഉത്സവകാലത്ത് വീടുകളിലെത്തും. പുറം നാടുകളില്‍ ജോലിക്ക് പോയവരും തിരിച്ചുവരും.
കൊച്ചിൻ കാര്‍ണിവലിന്റെ ചരിത്രം………..
പണ്ടുമുതല്‍ പുതുവര്‍ഷക്കാലത്ത് കൊച്ചിയില്‍ ക്ലബ്ബുകളും, സാംസ്‌കാരിക സംഘടനകളും വ്യാപകമായി കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രച്ഛന്നവേഷധാരികള്‍ പങ്കെടുക്കുന്ന ഘോഷയാത്രകളാണ് അതില്‍ പ്രധാനം.
പ്രച്ഛന്നവേഷ പരിപാടിയും കൊളോണിയല്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. വേഷപ്രച്ഛന്നരായി ആഘോഷങ്ങളില്‍ പങ്കെടുക്കുക പാശ്ചാത്യരാജ്യങ്ങളില്‍ പതിവാണ്. പുതുവര്‍ഷാഘോഷക്കാലത്ത് സ്ത്രീവേഷം അണിഞ്ഞ് നടക്കുന്ന ചെറുപ്പക്കാരെ ഫോര്‍ട്ടുകൊച്ചിയില്‍ കാണാം.
1985-ല്‍ ആണ് ഫോര്‍ട്ടുകൊച്ചിയില്‍ ഇപ്പോള്‍ കാണുന്ന രീതിയിലുള്ള ജനകീയ ‘കാര്‍ണിവലി’ന് തുടക്കം കുറിച്ചത്. നാടിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന ചെറിയ ആഘോഷങ്ങളെല്ലാം ഒന്നിച്ചുചേര്‍ത്ത് ഒരൊറ്റ ആഘോഷം എന്ന നിലയിലേക്ക് മാറ്റുകയും അതിന് സര്‍ക്കാര്‍ സംവിധാനം പിന്തുണ നല്‍കുകയുമായിരുന്നു.
ഫയൽ ചിത്രം
അന്താരാഷ്ട്ര യുവജന വര്‍ഷമായി ആചരിച്ച 1985-ല്‍ ‘പങ്കാളിത്തം’, ‘വികസനം’, ‘സമാധാനം’ എന്നീ മുദ്രാവാക്യങ്ങളുമായാണ് കൊച്ചിയില്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ തുടങ്ങിയത്. ‘സാഹസം’, ‘പരിസ്ഥിതി’ എന്നീ മുദ്രാവാക്യങ്ങള്‍ കൂടി പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തു. ഫോര്‍ട്ടുകൊച്ചിയിലെ പുതുവര്‍ഷാഘോഷം ആരും ആര്‍ക്കുവേണ്ടിയും നടത്തുന്നതല്ല. എല്ലാവരും ചേര്‍ന്ന് എല്ലാവര്‍ക്കും വേണ്ടി നടത്തുകയാണ്. റോഡുകള്‍ അലങ്കരിക്കുന്നതും പപ്പാഞ്ഞികള്‍ സ്ഥാപിക്കുന്നതും വേഷമിടുന്നതും റാലിയില്‍ അണിനിരക്കുന്നതുമൊക്കെ നാട്ടുകാര്‍ തന്നെ. ഈ വര്‍ഷം 65 സംഘടനകള്‍ ചേര്‍ന്നാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.
ഫയൽ ചിത്രം
ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ. ആയിരുന്ന കെ.ബി. വത്സലകുമാരി കുറേക്കാലം കാര്‍ണിവല്‍ ആഘോഷക്കമ്മിറ്റി ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചു. മുന്‍ മേയര്‍ കെ.ജെ. സോഹനായിരുന്നു ജനറല്‍ കണ്‍വീനര്‍. ഒരിക്കല്‍ മുഖ്യമന്ത്രി കരുണാകരന്‍ ആഘോഷക്കാലത്ത് ഫോര്‍ട്ടുകൊച്ചി വഴി കടന്നുപോയി. ആഘോഷങ്ങള്‍ കണ്ട് അദ്ദേഹം കാര്യം തിരക്കി. വിവരങ്ങളറിഞ്ഞ അദ്ദേഹം കാര്‍ണിവല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തണമെന്ന് നിര്‍ദേശിച്ചു. പിന്നീട് കാര്‍ണിവലിന് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ചു. കൊച്ചി നഗരസഭയും കാര്‍ണിവല്‍ കമ്മിറ്റിയെ സഹായിച്ചുപോന്നു.
ഫയൽ ചിത്രം
‘ജീവിതാചാരങ്ങളുടെ പുതുക്കിപ്രഖ്യാപനം’ എന്നാണ് കൊച്ചിയുടെ പുതുവര്‍ഷാഘോഷത്തെക്കുറിച്ച് ഫോര്‍ട്ടുകൊച്ചി സബ് കളക്ടറായിരുന്ന താരാ ഷറഫുദ്ദീന്‍ പറഞ്ഞത്. വിവിധ ജാതി-മത വിഭാഗങ്ങളില്‍പ്പെടുന്നവരുടെ ഒത്തുചേരലാണിത്… ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന ആഘോഷം. കൊച്ചിയുടെ മതേതര കൂട്ടായ്മയെ ശക്തിപ്പെടുത്തുന്ന ഘടകം കൂടിയാണ് ഈ ഉത്സവം.
ഫയൽ ചിത്രം
പുതുവര്‍ഷകാലത്ത് ഫോര്‍ട്ടുകൊച്ചി കടപ്പുറത്തേക്ക് ജനങ്ങളുടെ ഒഴുക്കുണ്ടാകും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31-ന് രാത്രി പപ്പാഞ്ഞിക്ക് തീകൊളുത്തുമ്പോള്‍ സാക്ഷികളാവാന്‍ ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് കടപ്പുറത്തെത്തിയത്. എല്ലാ വഴികളും വളരെ നേരത്തെ അടച്ചിട്ടും ഇത്രയധികം പേര്‍ കടപ്പുറത്തെത്തിയത് അധികൃതരെ ഞെട്ടിച്ചു.
ഫയൽ ചിത്രം
ഇത്രയധികം പേര്‍ ഒരുമിച്ചുകൂടി പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ഉത്സവങ്ങള്‍ ഇന്ത്യയില്‍ത്തന്നെ അപൂര്‍വമാണ്. ആനിലയ്ക്ക് അന്താരാഷ്ട്രതലത്തില്‍ തന്നെ കൊച്ചിയുടെ ഉത്സവം ശ്രദ്ധിക്കപ്പെടുകയാണ്.
ഇക്കുറി ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് കൂറ്റന്‍ പപ്പാഞ്ഞിയുണ്ടാകും. ചിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസാണ് ഇക്കുറി പപ്പാഞ്ഞിക്ക് രൂപകല്‍പ്പന നടത്തിയത്. 40 അടി ഉയരമുള്ള പപ്പാഞ്ഞി ഇരുമ്പ് ചട്ടക്കൂടിലാണ് തയ്യാറാക്കിയത്. ചാക്ക്, തുണി, കടലാസ് എന്നിവയും ഉപയോഗിച്ചു.
ഫയൽ ചിത്രം 2017
കൊച്ചിന്‍ കാര്‍ണിവലിനോടനുബന്ധിച്ച് ഫോര്‍ട്ടുകൊച്ചിയില്‍ പരമ്പരാഗത കളികളും കലാരൂപങ്ങളും അരങ്ങേറും. പഴയകാലത്ത് കൊച്ചിയില്‍ കണ്ടിരുന്ന തേക്കൂട്ടം കളി, ചൂണ്ടയിടല്‍, മൈലാഞ്ചിയിടല്‍, ക്യാറ്റ് ബെല്‍റ്റ്, നീന്തല്‍, സൈക്ലിങ് തുടങ്ങിയ ഇനങ്ങളിലെല്ലാം മത്സരങ്ങളുണ്ട്.
ബാന്‍ഡ് മേളം, കളരിപ്പയറ്റ്, ചവിട്ടുനാടകം തുടങ്ങിയ കലാ രൂപങ്ങളും, പാശ്ചാത്യ സംഗീതവും അരങ്ങേറും. കയാക്കിങ്, ഗാട്ടാ ഗുസ്തി, പഞ്ചഗുസ്തി, ബീച്ച് ഫുട്ബോള്‍, ബാഡ്മിന്റണ്‍, പഴയകാല കളിക്കാരുടെ പന്തുകളി, പഴയകാല ചലച്ചിത്രഗാന മത്സരം, കുറാഷ്, ദീര്‍ഘദൂര ഓട്ടം തുടങ്ങി നിരവധി പരിപാടികള്‍ കാര്‍ണിവല്‍കാലത്ത് നടക്കും. കുേറക്കാലമായി നാവികസേനയും പരിപാടികളുമായി സഹകരിക്കുന്നു.
ഫയൽ ചിത്രം
ഇക്കുറിയും പരമ്പരാഗത കളികളും കലാരൂപങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികളായ പി.ജെ. ജോസി, വി.ഡി. മജീന്ദ്രന്‍, പി.ഇ. വില്‍സണ്‍ എന്നിവര്‍ പറഞ്ഞു. വര്‍ഷങ്ങളോളം കാര്‍ണിവല്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ മുന്‍ മേയര്‍ കെ.ജെ. സോഹന്‍ ഇപ്പോഴും നേതൃനിരയിലുണ്ട്.
ഫയൽ ചിത്രം
നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെയാണ് കൊച്ചിന്‍ കാര്‍ണിവല്‍ സമാപിക്കുക. ജനുവരി ഒന്നിന് വൈകീട്ടാണ് ഘോഷയാത്ര. ഫോര്‍ട്ടുകൊച്ചി വെളിയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര, പരേഡ് ഗ്രൗണ്ടില്‍ സമാപിക്കും. ഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിനിരക്കും.
ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളില്‍ സ്‌പെഷ്യലിസ്റ്റ് സര്‍ജന്‍മാര്‍ കുറയുന്നത് രോഗികളുടെ സുരക്ഷക്ക് ഭീഷണിയാകുന്നുവെന്ന് വെളിപ്പെടുത്തല്‍. പ്രസവത്തോട് അനുബന്ധിച്ച് ചില സ്ത്രീകളുടെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമാകുന്ന അടിയന്തര ശസ്ത്രക്രിയകളും അപകടങ്ങളില്‍പ്പെട്ട് എത്തുന്നവര്‍ക്ക് നല്‍കേണ്ട അടിയന്തര ശസ്ത്രക്രിയകളും മറ്റും സ്‌പെഷ്യലിസ്റ്റുകളുടെ കുറവു മൂലം അപകടകരമായ സാഹചര്യങ്ങളിലാണ് നടക്കുന്നതെന്നാണ് വ്യക്തമാക്കപ്പെടുന്നത്. റേഡിയോളജിസ്റ്റുകളുടെ കുറവ് മൂലം പല മേജര്‍ ശസ്ത്രക്രിയകള്‍ക്കും വിധേയരാകുന്നവര്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാകുകയോ മറ്റ് അപകടകരമായ അവസ്ഥകളിലേക്ക് എത്തുകയോ ചെയ്യുന്നതായി മുതിര്‍ന്ന ഡോക്ടര്‍മാര്‍ ആശങ്കപ്പെടുന്നു.
സ്‌പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റുകളുടെ എണ്ണം എന്‍എച്ച്എസ് ആശുപത്രികളില്‍ വളരെ കുറവാണ്. നാലിലൊന്ന് ആശുപത്രികളിലെ രോഗികള്‍ക്ക് ഇവരുടെ സേവനം വേണ്ട വിധത്തില്‍ ലഭ്യമാകുന്നില്ല. ഈ സ്‌പെഷ്യലിസ്റ്റ് കേഡറിലുള്ള ഡോക്ടര്‍മാരെ നിയമിക്കാന്‍ സാധിക്കുന്നില്ല എന്നാണ് എന്‍എച്ച്എസ് നേതൃത്വം സമ്മതിക്കുന്നത്. ഇമേജ് ഗൈഡഡ് സര്‍ജന്‍മാര്‍ എന്നറിയപ്പെടുന്ന ഇവര്‍ ശരീരത്തിലെ രോഗമുള്ള ഭാഗങ്ങള്‍ ഇമേജിംഗ് ഉപകരണങ്ങളിലൂടെ കണ്ടെത്തുന്നവരാണ്.
വലിയ തോതിലുള്ള ആന്തരിക രക്തസ്രാവവും രക്തം കട്ടപിടിക്കുന്നതിലൂടെയുണ്ടാകുന്ന തടസങ്ങളും മറ്റും കണ്ടെത്താനും ആവശ്യമായ ശസ്ത്രക്രിയകളും ചികിത്സകളും നല്‍കാനും ഇവരുടെ സേവനം അത്യാവശ്യമാണെന്നിരിക്കെയാണ് എന്‍എച്ച്എസില്‍ ഈ സ്‌പെഷ്യലിസ്റ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നത്. ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
ലണ്ടന്‍: കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്നതിനായി ഇന്റര്‍നെറ്റില്‍ വലയൊരുക്കി കാത്തിരിക്കുന്ന പതിനായിരക്കണക്കിനാളുകളെ തിരിച്ചറിഞ്ഞതായി പോലീസ്. കുട്ടികളെ ലൈംഗികമായി ഉപയോഗിക്കുന്ന 4000 പേര്‍ മാത്രമുള്ള ഒരു ചാറ്റ്‌റൂം കണ്ടെത്തിയതായി നാഷണല്‍ പോലീസ് ചീഫ്‌സ് കൗണ്‍സിലിലെ സൈമണ്‍ ബെയ്‌ലി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷമാണ് ഈ ചാറ്റ്‌റൂമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതും അന്വേഷണം നടത്തിയതും. കുട്ടികളെ കെണിയില്‍പ്പെടുത്തുക എന്ന ലക്ഷ്യവുമായി പതിനായിരക്കണക്കിന് ആളുകളാണ് ചാറ്റ്‌റൂമുകളിലും ഫോറങ്ങളിലും എത്തുന്നതെന്ന് നോര്‍ഫോക്ക് കോണ്‍സ്റ്റാബുലറി ചീഫ് കോണ്‍സ്റ്റബിളും സൂചിപ്പിച്ചു.
കുട്ടികളോട് ലൈംഗികത തോന്നുന്ന പീഡോഫൈലുകള്‍ക്ക് നേരത്തേയില്ലാത്ത വിധം കുട്ടികളെ സ്വാധീനിക്കാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ സഹായിക്കുന്നുണ്ട്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളിലൂടെ കുട്ടികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്ന, തിരിച്ചറിഞ്ഞവരുടെ എണ്ണം 20,000നു മേല്‍ വരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഇത്തരക്കാരെ തിരിച്ചറിയാനും പിടികൂടാനും പലപ്പോഴും സാധിക്കാറില്ലെന്നും പോലീസ് സമ്മതിക്കുന്നു.
എന്നാല്‍ ഇത്തരക്കാരെ തിരിച്ചറിയാന്‍ ആയിരക്കണക്കിന് പോലീസുകാരുടെ പരിശ്രമം ആവശ്യമാണെന്ന വസ്തുതയും പോലീസ് അറിയിക്കുന്നുണ്ട്. പെരിസ്‌കോപ്പ്, ഫേസ്ബുക്ക് ലൈവ് പോലെയുള്ള ലൈവ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളുടെ അപകടങ്ങളേക്കുറിച്ചുള്ള ക്യാംപെയിനിംഗിലാണ് പോലീസ് ഇക്കാര്യങ്ങള്‍ അറിയിച്ചത്. എന്‍പിസിസിയും നാഷണല്‍ ക്രൈ ഏജന്‍സിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.
വിയന്ന: പ്രവാസ കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ലോക കേരള സഭയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ അഞ്ച് അംഗങ്ങള്‍ പങ്കെടുക്കും. നേരിട്ട് നാമനിര്‍ദ്ദേശം ലഭിച്ച നാല് പേരും, ഒരാള്‍ പ്രത്യേക ക്ഷണിതാവായിട്ടുമാണ് തിരുവനന്തപുരത്ത് നടക്കുന്ന ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്.
സംഘടനയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ ആനി ലിബു (യു.എസ്.എ), യു. കെ രക്ഷാധികാരി ഹരിദാസ് തെക്കുംമുറി, യൂറോപ്പ് റീജണല്‍ പി.ആര്‍.ഓ സിറോഷ് ജോര്‍ജ് പള്ളിക്കുന്നേല്‍ (ഓസ്ട്രിയ), സെയിന്റ് ലൂസിയ കോഓര്‍ഡിനേറ്റര്‍ സിബി ഗോപാലാകൃഷ്ണന്‍ (വെസ്റ്റ് ഇന്‍ഡീസ്), ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജോണ്‍ സേവ്യര്‍ (ചെക്ക് റിപ്പബ്ലിക്ക്) എന്നിവരെയാണ് ലോക കേരള സഭയില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരള സഭയുടെ പ്രഥമ സമ്മേളനം 2018 ജനുവരി 12, 13 തീയതികളില്‍ കേരള നിയമസഭയുടെ താഴയുള്ള ഹാളില്‍ ചേരും. കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുക, പ്രവാസികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കേള്‍ക്കാന്‍ സ്ഥിരം വേദിയുണ്ടാക്കുക എന്നിവയാണ് ലോക കേരള സഭയുടെ പ്രധാന ലക്ഷ്യങ്ങള്‍. പ്രവാസത്തിന്റെ സാധ്യതകള്‍ എങ്ങനെയൊക്കെ ഉപയോഗിക്കാനാകുമെന്നും പ്രവാസികളോടുള്ള ഉത്തരവാദിത്ത്വം എങ്ങനെ നിറവേറ്റാനാകുമെന്നും സഭ ചര്‍ച്ച ചെയ്യും.
ഇന്ത്യന്‍ പൗരന്മാരും മലയാളി പ്രവാസികളുമായ 177 പേരെയാണ് (77 പേര്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ളവരും 100 പേര്‍ വിദേശത്തുള്ളവരും) സര്‍ക്കാര്‍ ലോക കേരള സഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. പ്രവാസിമലയാളികളുടെ സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടക്കുന്ന സഭയില്‍ ആദ്യം നാമനിര്‍ദേശം ചെയ്തവരുടെ കാലാവധി കഴിയുമ്പോള്‍ പുതിയ ആളുകളെ നാമനിര്‍ദേശം ചെയ്യും. രണ്ടുവര്‍ഷത്തിലൊരിക്കലെങ്കിലും സഭ യോഗം ചേരുമെന്നാണ് വിവരം.
മുഖ്യമന്ത്രിയായിരിക്കും സഭാ നേതാവ്. പ്രതിപക്ഷ നേതാവ് ഉപനേതാവും ചീഫ് സെക്രട്ടറി സഭാ സെക്രട്ടറി ജനറലുമായിരിക്കും. സഭാ നടപടികള്‍ നിയന്ത്രിക്കുന്നത് സ്പീക്കറുടെ അധ്യക്ഷതയിലുള്ള ഏഴംഗ പ്രസീഡിയമായിരിക്കും. സഭാ നേതാവ് നിര്‍ദേശിക്കുന്ന ഒരു പാര്‍ലമെന്റംഗം, ഒരു നിയമസഭാ അംഗം, ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഒരംഗം, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ഒരംഗം, യൂറോപ്പില്‍ നിന്ന് ഒരംഗം, മറ്റ് രാജ്യങ്ങളില്‍നിന്ന് ഒരംഗം എന്നിങ്ങനെയായിരിക്കും പ്രസീഡിയം.
കേരളം എന്നത് നാലതിരുകള്‍ക്കുള്ളിലായി അടയാളപ്പെടുത്തപ്പെട്ട ഒരു ഭൂപ്രദേശം മാത്രമല്ലാതാവുകയും കേരളത്തിന്റെ സാമൂഹികവും സാംസ്‌കാരികവുമായ സാന്നിധ്യം ലോകവ്യാപകമായി പടരുകയും ചെയ്ത സാഹചര്യത്തില്‍ കേരള ലോക സഭയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകമലയാളി സമൂഹത്തെയാകെ ഒരേ ചരടില്‍ കോര്‍ത്തിണക്കാനും അത്തരമൊരു ഏകോപനം പ്രവാസി സമൂഹത്തിനും കേരളത്തിലുള്ളവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകണം എന്ന ചിന്തയാണ് സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.