ഈസ്റ്റര്‍ ദിവസങ്ങളിലും ബ്രിട്ടനില്‍ കടുത്ത ശൈത്യം തുടര്‍ന്നേക്കാമെന്ന് മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്. ബീസ്റ്റ് ഫ്രം ഈസ്റ്റെന്ന കാലാവസ്ഥാ പ്രതിഭാസം ഈസ്റ്റര്‍ ദിനങ്ങളില്‍ തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കുന്നു. ആര്‍ട്ടിക്കിന് മുകളിലെ അന്തരീക്ഷത്തിലെ വായു വളരെ പെട്ടെന്ന് ചൂടാകുന്ന സഡണ്‍ സ്ട്രാറ്റോസ്ഫെറിക് വാമിംഗ് (SSW) രണ്ടാമതും പ്രത്യക്ഷപ്പെടാനുള്ള സാധ്യകളുണ്ടെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ നല്‍കുന്ന സൂചന. ഈ പ്രതിഭാസം അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയുടെ താപനില പെട്ടെന്ന് ഉയര്‍ത്തുകയും അത് അതിശൈത്യത്തിന് കാരണമാകുകയും ചെയ്‌തേക്കാം. കഴിഞ്ഞ ജനുവരി മാസത്തിലാണ് ബ്രിട്ടനില്‍ ആദ്യത്തെ സഡണ്‍ സ്ട്രാറ്റോസ്ഫിയറിക് വാമിംഗ് ഉണ്ടായത്. കടുത്ത മഞ്ഞുവീഴ്ച്ചയും ശീതക്കാറ്റുമായിരുന്നു അതിന്റെ പരിണിത ഫലം. സമീപകാലത്തുണ്ടായ ഏറ്റവും വലിയ ശൈത്യത്തിനാണ് കഴിഞ്ഞ മാസങ്ങള്‍ സാക്ഷ്യം വഹിച്ചത്.

ഈ പ്രതിഭാസത്തിന്റെ ഫലമായി രാജ്യത്ത് അതിശൈത്യം തുടരുമെന്നും ബിബിസിയുടെ കാലാവസ്ഥാ വിദഗ്ദ്ധന്‍ സൈമണ്‍ കിംഗ് ട്വിറ്ററില്‍ കുറിച്ചു. ബീസ്റ്റ് ഫ്രം ഈസ്റ്റ് തിരിച്ചു വന്നേക്കുമെന്ന ഹാഷ്ടാഗിനൊപ്പമാണ് അദ്ദേഹം ഈ സൂചനയും നല്‍കിയിരിക്കുന്നത്. വരുന്ന ബാങ്ക് അവധി ദിവസങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച്ച ഉണ്ടായേക്കുമെന്ന് തന്നെയാണ് കാലാവസ്ഥ ചാര്‍ട്ടുകളും വ്യക്തമാക്കുന്നത്. ഈസ്റ്ററിന് സ്‌കോട്ട്‌ലണ്ടിലും നോര്‍ത്തേണ്‍ ഇഗ്ലണ്ടിലും കനത്ത മഞ്ഞ് വീഴ്ച്ച ഉണ്ടാകുമെന്ന് ഡ്ബ്ല്യൂഎക്‌സ് ചാര്‍ട്ട്സ് പറയുന്നു. സഡണ്‍ സ്ട്രാറ്റോസ്ഫിയറിക് വാമിംഗ് ഉണ്ടാകാനുള്ള സാധ്യതകളാണ് ഇപ്പോള്‍ കാണുന്നത്. മാര്‍ച്ച് അവസാനത്തെ ആഴ്ച്ചകളില്‍ താപനില ശരാശരിയിലും താഴെയാവാന്‍ ഇതു കാരണമായേക്കുമെന്ന് മെറ്റ് ഓഫീസ് കാലാവസ്ഥാ നിരീക്ഷകന്‍ മാര്‍ട്ടിന്‍ ബൗള്‍സ് പറഞ്ഞു.

ഈ വര്‍ഷം ഈസ്റ്റര്‍ കുറച്ചു നേരത്തെയാണ്, അതുകൊണ്ടു തന്നെ ഇത്തവണത്തെ ഈസ്റ്റര്‍ മഞ്ഞുമൂടിയ ദിനങ്ങളായി മാറാനുള്ള സാധ്യതയുണ്ടെന്നും മാര്‍ട്ടിന്‍ ബൗള്‍സ് പറയുന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ താപനില ശരാശരിയിലും താഴെ മാത്രമെ ഇത്തവണ പ്രതീക്ഷിക്കേണ്ടതുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിനി ബീസ്റ്റ് ഫ്രം ഈസ്റ്റ് രാജ്യം വിടാനൊരുങ്ങി നില്‍ക്കുന്ന സാഹചര്യത്തില്‍ അതിശൈത്യം വിതക്കാന്‍ പ്രാപ്തിയുള്ള മറ്റൊരു കാലാവസ്ഥാ പ്രതിഭാസം നോര്‍ത്തില്‍ രൂപപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് നിരീക്ഷകനായ ജോണ്‍ കെറ്റ്‌ലി അഭിപ്രായപ്പെടുന്നു. ബ്രിട്ടന്റെ ഈസ്റ്ററിനെ മഞ്ഞില്‍ മൂടാന്‍ കഴിയുന്നതാണ് പുതിയ പ്രതിഭാസം. നിലവില്‍ താപനില പതുക്കെ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് പക്ഷേ ഇത് അന്തിമമായൊരു മാറ്റത്തിലേക്കുള്ള തുടര്‍ച്ചയല്ല. ഈസ്റ്ററിന് ക്രിസ്മസിന് ഉണ്ടായതിനേക്കാള്‍ വലിയ മഞ്ഞു വീഴ്ച്ച ഉണ്ടായേക്കാമെന്നും കെറ്റ്‌ലി പറയുന്നു.
മാഞ്ചസ്റ്റര്‍: യാത്രക്കാരെ ഡ്രോപ്പ് ഓഫ് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ചാര്‍ജ് ഈടാക്കാനൊരുങ്ങി മാഞ്ചസ്റ്റര്‍ വിമാനത്താവളം. കിസ് ആന്‍ഡ് ഫ്‌ളൈ ഡ്രോപ്പ് ഓഫ് ലെയിനുകള്‍ ഇല്ലാതാക്കാനാണ് തീരുമാനം. 5 മിനിറ്റിന് 3 പൗണ്ട് വീതം ചാര്‍ജ് ഈടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇത് ഒഴിവാക്കണമെങ്കില്‍ ഒരു മൈല്‍ ദൂരത്ത് നിന്നുള്ള ഷട്ടില്‍ ബസില്‍ കയറി വിമാനത്താവളത്തില്‍ എത്താം. വിമാനത്താവള പരിസരത്ത് വാഹനത്തിരക്ക് വര്‍ദ്ധിക്കുന്നത് ഒഴിവാക്കാനാണ് ഈ നീക്കമെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ വിമാനത്താവളത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

നിലവിലുള്ള സൗകര്യം ദുരുപയോഗം ചെയ്ത് അനാവശ്യ ഗതാഗതക്കുരുക്കുകള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കാന്‍ ഈ നടപടി അനിവാര്യമാണെന്ന് ഒരു പക്ഷം പറയുമ്പോള്‍ യാത്രക്കെത്തുന്നവരുടെ അവസാന പെന്നി വരെ ഊറ്റിയെടുക്കാനുള്ള തന്ത്രമാണ് അധികൃതരുടേതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു. ടെര്‍മിനല്‍ ഫോര്‍കോര്‍ട്ടുകളിലും ട്രെയിന്‍ സ്‌റ്റേഷനിലും അഞ്ച് മിനിറ്റിന് 3 പൗണ്ടായിരിക്കും ഈടാക്കുക. പത്ത് മിനിറ്റുവരെയുള്ള സമയത്തിന് 4 പൗണ്ടും ഈടാക്കും. ജൂണ്‍ മുതല്‍ ഇത് നടപ്പിലാകും.

തോര്‍ലി ലെയിനില്‍ ഒരു ഫ്രീ ഓഫ് സൈറ്റ് ഡ്രോപ്പ് ഓഫ് കാര്‍ പാര്‍ക്ക് സ്ഥാപിക്കും. ദീര്‍ഘകാല പാര്‍ക്കിംഗുകള്‍ക്കുള്ള ജെറ്റ് പാര്‍ക്‌സ് 1 നടുത്ത് നിന്ന് ഷട്ടില്‍ ബസ് സര്‍വീസും ആരംഭിക്കും. എന്നാല്‍ നിരക്കുകള്‍ ഏര്‍പ്പെടുത്താനുള്ള നീക്കം ഭൂരിപക്ഷം പേരും എതിര്‍ക്കുകയാണെന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വിമാനത്താവളത്തിലെത്തുന്നവര്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണ് ഈ നീക്കമെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
ലണ്ടന്‍: അക്കൗണ്ടുകളിലെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ട സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ നേരിട്ട് ഹാജരാകണമെന്ന് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ സമന്‍സ്. ഡേറ്റ ചോര്‍ന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെ ഫേസ്ബുക്കിന്റെ മാര്‍ക്കറ്റ് വാല്യുവില്‍ 40 ബില്യ ഡോളറിന്റെ ഇടിവുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് നിയോഗിച്ച കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കണ്‍സള്‍ട്ടിംഗ് കമ്പനി 50 മില്യന്‍ യൂസര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചതായി വ്യക്തമായിരുന്നു.

ഉപഭോക്താക്കളുടെ വിവരങ്ങള്‍ അവരറിയാതെ ചോരുന്നതിനെ കുറച്ചു കാണുകയും പാര്‍ലമെന്റിനെ ഫേസ്ബുക്ക് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്‍ഡ് സ്‌പോര്‍ട് കമ്മിറ്റി തലവന്‍ ഡാമിയന്‍ കോളിന്‍സ് പറഞ്ഞു. 2014ല്‍ 50 മില്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക ചോര്‍ത്തിയ സംഭവത്തില്‍ ഇനി ഫേസ്ബുക്ക് സ്ഥാപകന്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്ന് സുക്കര്‍ബര്‍ഗിന് അയച്ച കത്തില്‍ കോളിന്‍സ് ആവശ്യപ്പെടുന്നു.
രാഷ്ട്രീയ നേതാക്കളെ കുരുക്കാനും വിദേശരാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാനും തങ്ങള്‍ക്ക് കഴിയുമെന്ന് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ നേതൃത്വത്തിലുള്ളവര്‍ അവകാശപ്പെടുന്നതിന്റെ ഒളിക്യാമറ വീഡിയോകള്‍ പുറത്തു വന്നതോടെയാണ് പാര്‍ലമെന്റിന്റെ നീക്കം. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ കേംബ്രിഡ്ജ് അനലിറ്റിക്ക 2016ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും ബ്രെക്‌സിറ്റ് ഹിതപരിശോധനാ ക്യാംപെയിനില്‍ ലീവ് പക്ഷക്കാര്‍ക്ക് വേണ്ടിയും നിയോഗിക്കപ്പെട്ടിരുന്നു.

ഫേസ്ബുക്കില്‍ നിന്ന് മറ്റ് കമ്പനികള്‍ക്ക് എപ്രകാരമാണ് സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്നതെന്നതാണ് സുക്കര്‍ബര്‍ഗിനോട് എംപിമാര്‍ ഉന്നയിക്കുന്ന ചോദ്യം. ഇത് ഉപയോക്താക്കളുടെ സമ്മതത്തോടെയാണോ ശേഖരിക്കപ്പെടുന്നതെന്ന ചോദ്യവും പാര്‍ലമെന്റ് ഉയര്‍ത്തുന്നു. ഡിസിഎംഎസില്‍ നിന്ന് കത്ത് ലഭിച്ചതായി ഫേസ്ബുക്ക് സ്ഥിരീകരിച്ചു. വിഷയത്തില്‍ പ്രതികരണം അറിയിക്കുമെന്നും വക്താവ് വ്യക്തമാക്കി.
ലണ്ടന്‍: എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 2010 മുതല്‍ നിലവിലുള്ള പേ ക്യാപ്പ് നീക്കാന്‍ തീരുമാനം. അതിനൊപ്പം 6.5 ശതമാനം ശമ്പളവര്‍ദ്ധന അനുവദിക്കാനും തീരുമാനമായി. ഇത് ഇന്നു മുതല്‍ നടപ്പിലാകും. ഒരു മില്യണ്‍ എന്‍എച്ച്എസ് ജീവനക്കാര്‍ക്കാണ് ഇതിന്റെ ആനുകൂല്യം ലഭ്യമാകുന്നത്. സര്‍ക്കാരുമായി മാധ്യസ്ഥം നടത്തുന്ന എന്‍എച്ച്എസ് എംപ്ലോയേഴ്‌സുമായി ഇക്കാര്യത്തില്‍ ട്രേഡ് യൂണിയനുകള്‍ ചര്‍ച്ച നടത്തി വരികയായിരുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ യൂണിസണും റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും പോലെയുള്ള യൂണിയനുകള്‍ എന്‍എച്ച്എസ് എംപ്ലോയേഴ്‌സുമായി ധാരണയില്‍ എത്തിച്ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്.

ഇന്ന് നടക്കുന്ന എന്‍എച്ച്എസ് സ്റ്റാഫ് കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം നിര്‍ദേശിക്കപ്പെടും. 3 ബില്യന്‍ പൗണ്ടാണ് കഴിഞ്ഞ വര്‍ഷം മുതല്‍ ആരംഭിച്ച ചര്‍ച്ചയില്‍ ഇതിനായി വകയിരുത്തിയിരിക്കുന്നത്. ഇതിന്റെ ആനുകൂല്യം ഡോക്ടര്‍മാരൊഴികെയുള്ള ഹെല്‍ത്ത്‌കെയര്‍ ജീവനക്കാരായ നഴ്‌സുമാര്‍, മിഡൈ്വഫുമാര്‍, ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റുമാര്‍, പാരാമെഡിക്‌സ് എന്നിവര്‍ക്ക് ലഭ്യമാകും. നാണ്യപ്പെരുപ്പത്തിന് അനുസൃതമായി ആദ്യ വര്‍ഷം 3 ശതമാനത്തിന്റെയും അടുത്ത വര്‍ഷം 2 ശതമാനത്തിന്റെയും പിന്നീട് ഒരു ശതമാനത്തിന്റെയും ശമ്പളവര്‍ദ്ധന നടപ്പിലാക്കുമെന്നാണ് യൂണിയനുകള്‍ക്ക് ലഭിച്ചിരിക്കുന്ന ഉറപ്പ്.

നിര്‍ദിഷ്ട പോസ്റ്റുകളില്‍ ഉയര്‍ന്ന ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് അതിന് അനുസൃതമായി നേരിയ തോതിലുള്ള ശമ്പളവര്‍ദ്ധനവേ ഉണ്ടാകുകയുള്ളു. മുതിര്‍ന്ന എന്‍എച്ച്എസ് മാനേജര്‍മാര്‍ക്ക് പ്രത്യേക ശമ്പളക്കരാറാണ് നിലവിലുള്ളത്. 2013ലാണ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരു ശതമാനം പേയ് ക്യാപ്പ് നിലവില്‍ വന്നത്. പൊതുധന വിനിയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി സഖ്യകക്ഷി സര്‍ക്കാരാണ് ഇത് നടപ്പിലാക്കിയത്. കഴിഞ്ഞ വര്‍ഷം നടന്ന പൊതുതെരഞ്ഞെടുപ്പ് മുതല്‍ ശമ്പള നിയന്ത്രണം ഇല്ലാതാക്കണമെന്ന ആവശ്യം ശക്തമാകുകയായിരുന്നു. എന്‍എച്ച്എസ് ജീവനക്കാരാണ് ഇത് കൂടുതലായും ഉന്നയിച്ചത്.

ശമ്പളവര്‍ദ്ധനവ് നടപ്പാക്കാന്‍ പണം കായ്ക്കുന്ന മരമൊന്നുമില്ലെന്ന് കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടന്ന സംവാദത്തില്‍ ചോദ്യമുന്നയിച്ച ഒരു നഴ്‌സിന് തെരേസ മേയ് മറുപടി നല്‍കിയത് വിവാദമായിരുന്നു. പിന്നീട് ജൂണിലാണ് ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ട് പേയ് ക്യാപ്പ് നീക്കുന്നതിനെക്കുറിച്ച് സൂചന നല്‍കിയത്. എന്നാല്‍ ആരോഗ്യമേഖല കൂടൂതല്‍ ഉദ്പാദനക്ഷമമാകുന്നത് അനുസരിച്ചായിരിക്കും ട്രഷറി ഇതിനായി പണമനുവദിക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പിന്നീട് മധ്യസ്ഥ ചര്‍ച്ചകളില്‍ ശമ്പളവര്‍ദ്ധന നടപ്പാക്കുമ്പോള്‍ ജീവനക്കാര്‍ ഒരു അവധി ദിവസം സറണ്ടര്‍ ചെയ്യേണ്ടി വരുമെന്ന് എന്‍എച്ച്എസ് എംപ്ലോയേഴ്‌സ് പറഞ്ഞെങ്കിലും യൂണിയനുകള്‍ അതിനെ ശക്തമായി എതിര്‍ത്തിരുന്നു. സീനിയര്‍ സ്റ്റാഫിന്റെ ശമ്പളവര്‍ദ്ധനയില്‍ നിയന്ത്രണം വരുത്തിക്കൊണ്ട് ഇത് പരിഹരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളതെന്നാണ് വൈറ്റ്ഹാള്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
കുട്ടികളില്‍ കാണപ്പെടുന്ന എക്സിമയ്ക്കും മുതിര്‍ന്നവരുടെ സോറിയാസിസിനും ബേബി മോയ്‌സ്ചുറൈസര്‍ ഫലപ്രദമായ മരുന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. വെറും 3.99 പൗണ്ടിന് വിപണിയില്‍ ലഭിക്കുന്ന ചൈല്‍ഡ്‌സ് ഫാമിന്റെ ബേബി മോയ്‌സ്ചുറൈസറാണ് അദ്ഭുത മരുന്നായി നവമാധ്യമങ്ങളില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. ചെറുകിട കമ്പനി നിര്‍മ്മിക്കുന്ന ചൈല്‍ഡ്‌സ് ഫാം ആസ്ഡ സൂപ്പര്‍ മാര്‍ക്കറ്റിലും മറ്റു കടകളിലും ലഭ്യമാകുന്ന സാധാരണ ക്രീമുകളിലൊന്നാണ്. സോറിയാസിസ് ബാധിതയായ ലോറ ഗ്രേ തന്റെ അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചതോടു കൂടിയാണ് ക്രീമിന്റെ സാധ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്.

‘കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സോറിയാസിസ് രോഗം മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നയാളാണ് ഞാന്‍. കൈകളിലും നെഞ്ചിലും കഴുത്തിലുമൊക്കെ രോഗ ബാധയുണ്ട്. കഴിഞ്ഞ ദിവസം വരെ ഹൈഡ്രോകോര്‍ട്ടിസോണ്‍ ക്രീമാണ് ഉപയോഗിച്ചിരുന്നത്. മെഡിക്കല്‍ സ്‌റ്റോറുകളില്‍ മാത്രമെ ഈ ക്രീമുകള്‍ ലഭിക്കുകയുള്ളു. കഴിഞ്ഞ ദിവസം അമ്മയുടെ നിര്‍ദേശപ്രകാരം ഞാന്‍ ചൈല്‍ഡ് ഫാം മോയ്‌സ്ചുറൈസര്‍ ക്രീം ഉപയോഗിച്ചു നോക്കിയിരുന്നു. 24 മണിക്കൂറിന് ശേഷം എന്റെ സോറിയാസിസ് ഭേദമായി. ഇതോരു തമാശയല്ല യാഥാര്‍ഥ്യമാണ്. എക്സിമയും സോറിയാസിസും മൂലം ബുദ്ധിമുട്ടുന്നവര്‍ എന്തായാലും ഈ ക്രീം ഉപയോഗിച്ചു നോക്കണം’-ലോറ ഗ്രേ ഫേസ്ബുക്കില്‍ കുറിച്ചു.

മൂന്ന് വയസ്സുകാരിയുടെ അമ്മയായ പെയിജ് സ്വീനിയെന്ന് യുവതിയും കഴിഞ്ഞ വര്‍ഷം സമാന അനുഭവം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. സ്വീനിയുടെ മൂന്ന് വയസ്സുകാരി മകള്‍ക്ക് എസ്‌കിമയുണ്ടായിരുന്നു. വിവിധ ആശുപത്രികളില്‍ ചികിത്സിക്കുകയും വ്യത്യസ്ത മരുന്നുകള്‍ പരീക്ഷിക്കുകയും ചെയ്തിട്ടും കുട്ടിയുടെ അസുഖത്തിന് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ മോയ്‌സ്ചുറൈസര്‍ ഉപയോഗിച്ചതോടെ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയതായി സ്വീനി സാക്ഷ്യപ്പെടുത്തുന്നു. മകളെ രക്ഷിക്കാന്‍ ഞാനെല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. ജനിച്ചപ്പോള്‍ മുതല്‍ അവള്‍ക്ക് എക്സിമ ഉണ്ടായിരുന്നു. ശരീരം ചൊറിഞ്ഞ് പൊട്ടുകയും അസഹനീയമായ വേദന സമ്മാനിക്കുകയും ചെയ്ത രോഗം മകളെ ഉറങ്ങാന്‍ വരെ അനുവദിച്ചിരുന്നില്ലെന്ന് സ്വീനി പറയുന്നു. എന്നാല്‍ ചൈല്‍ഡ് ഫാം ക്രീം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ കുട്ടിയുടെ രോഗത്തിന് ശമനമുണ്ടെന്നും അവള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നുവെന്നും സ്വീനി വ്യക്തമാക്കി.

പെയിജ് സ്വീനി ഫേസ്ബുക്കില്‍ കുറിച്ച അനുഭവം ഏതാണ്ട് 40000ത്തോളം പേരാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. മൂന്ന് കുട്ടികളുടെ അമ്മയായ ജോആന്‍ മോയിസ്ചുറൈസര്‍ ഉപയോഗിച്ചതിന്റെ മറ്റൊരു അനുഭവം പങ്കുവെച്ചു. ജോആന്റെ ഇളയ മകള്‍ക്ക് ജനിച്ച നാള്‍ മുതല്‍ക്കെ എസ്‌കിമ ഉണ്ടായിരുന്നു. തലയിലും മുഖത്തും ചൂട് വെള്ളം വീണുണ്ടായ പൊള്ളല്‍ പോലെയുള്ള അടയാളങ്ങളായിരുന്നു നിറയെ. നിരവധി ഡോക്ടര്‍മാരെ ചികിത്സയ്ക്കായി സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ചൈല്‍ഡ് ഫാം ക്രീമിനെക്കുറിച്ചുള്ള ഒരു ലേഖനം വായിക്കാനിടയായ ജോആന്‍ ക്രീം ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കുട്ടിയുടെ രോഗാവസ്ഥയില്‍ വലിയ മാറ്റമുണ്ടായെന്ന് അവര്‍ പറയുന്നു. ചൈല്‍ഡ് ഫാം ക്രീമിന്റെ ഉപയോഗത്തില്‍ രോഗത്തില്‍ നിന്ന് മോചിതരായ നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുന്നത്.
ബ്രിട്ടനില്‍ വാസയോഗ്യമായ ഏറ്റവും മികച്ച സ്ഥലങ്ങളുടെ പട്ടികയില്‍ യോര്‍ക്ക് ഒന്നാം സ്ഥാനത്തെത്തി. സണ്‍ഡേ ടൈംസാണ് യോര്‍ക്കിനെ ബ്രിട്ടനിലെ മികച്ച നഗരമായി തെരഞ്ഞെടുത്തിരിക്കുന്നത്. മികച്ച റസ്റ്റോറന്റുകളും കഫേകളും നൂതനമായ കമ്പനികളും പ്രവര്‍ത്തിക്കുന്ന യോര്‍ക്കിലാണ് ബ്രിട്ടനിലെ ഏറ്റവും വേഗതയേറിയ ഇന്റര്‍നെറ്റ് സംവിധാനവും ഉള്ളതെന്ന് സണ്‍ഡേ ടൈംസ് പറയുന്നു. തൊഴില്‍. വിദ്യാലയങ്ങള്‍, പ്രദേശിക വ്യാപാര സ്ഥാപനങ്ങള്‍, ഇന്റര്‍നെറ്റ് സ്പീഡ് തുടങ്ങിയവയുടെ നിലവാരം പരിശോധിച്ചാണ് ബ്രിട്ടനിലെ ഏറ്റവും മികച്ച വാസയോഗ്യമായ സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

ലണ്ടനില്‍ ജീവിക്കാന്‍ ഏറ്റവും മികച്ച പ്രദേശമായി ബെര്‍മോണ്ട്‌സി തെരഞ്ഞെടുക്കപ്പെട്ടു. സൗത്ത്-വെസ്റ്റിലെ മികച്ച പ്രദേശങ്ങളുടെ പട്ടികയില്‍ ഫ്രോം, സോമര്‍സെറ്റ് എന്നീ സ്ഥലങ്ങള്‍ മുന്‍നിരയിലെത്തി. യോര്‍ക്കിലെ വീടുകളുടെ വില വര്‍ഷം 6.3ശതമാനം എന്ന നിരക്കില്‍ ഉയര്‍ന്നതായി പത്രം പറയുന്നു. ശരാശരി 301,320 പൗണ്ട് വരെയാണ് ഈ വര്‍ദ്ധനയുണ്ടായിരിക്കുന്നത്. ഊസ് നദിയുടെ ഇരുവശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന നഗരമാണ് യോര്‍ക്ക്. പുതിയ അംഗീകാരത്തില്‍ അതീവ സന്തുഷ്ടനാണെന്ന് സിറ്റി ഓഫ് യോര്‍ക്ക് കൗണ്‍സില്‍ മേയര്‍ ഇയാന്‍ ഗില്ലീസ് പ്രതികരിച്ചു. ലോകത്തിലെ തന്നെ മികച്ച കത്രീഡലുകളിലൊന്ന് ഇവിടെയാണ്. മികച്ച റെയില്‍വേ മ്യൂസിയം ഇവിടെയുണ്ട്. ഇവയൊക്കെ അഭിമാനിക്കാവുന്ന കാര്യങ്ങളാണെന്നും ഇയാന്‍ ഗില്ലീസ് പറയുന്നു.

ജിവിതം കരുപ്പിടിപ്പിക്കാനുള്ള പ്രദേശം തെരഞ്ഞെടുക്കുന്നത് ഒരാളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട തീരുമാനങ്ങളിലൊന്നാണെന്ന് സണ്‍ഡെ ടൈംസ് ഹോം എഡിറ്റര്‍ ഹെലന്‍ ഡേവിസ് പറയുന്നു. ചരിത്രപ്രധാനമായ നഗരത്തെ അതിന്റെ സ്വഭാവമോ സാമൂഹത്തിന്റെ ആത്മാവോ നഷ്ടപ്പെടാതെ 21-ാം നൂറ്റാണ്ടിലേക്ക് എത്തിച്ച യോര്‍ക്കിനോടുള്ള ആദര സൂചകമായിട്ടാണ് മികച്ച നഗരമെന്ന പദവി നല്‍കിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
സണ്‍ഡെ ടൈംസ് ഹോമിന്റെ മികച്ച സ്ഥലങ്ങളുടെ പട്ടിക

ന്യൂസ് ഡെസ്ക്
ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സിന്റെ റെഡ് ആരോ ഡിസ്പ്ളേ ജെറ്റ് തകർന്നു വീണു. ഇന്ന് ഉച്ചയ്ക്കു ശേഷമായിരുന്നു അപകടം. രണ്ടു പൈലറ്റുമാർ ജെറ്റിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒരു പൈലറ്റ് ജെറ്റിൽ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച് ചാടിയതായി ദൃക്സാക്ഷികൾ പറയുന്നു. രണ്ടു പൈലറ്റുമാരും സുരക്ഷിതരാണോ എന്ന് വ്യക്തമല്ല. ജെറ്റ് തകർന്നു വീണതായി മിനിസ്ട്രി ഓഫ് ഡിഫൻസ് സ്ഥിരീകരിച്ചിട്ടുണ്ട്. വെയിൽസിലെ ആർഎഎഫ് വാലിയിലാണ് റെഡ് ആരോ തകർന്നു വീണത്. ജെറ്റ് റൺവേയിൽ ഇടിച്ചിറങ്ങി പൊട്ടിത്തെറിക്കുകയായിരുന്നു. ലിങ്കൺ ഷയറിലെ സ്കാമ്പ്ടണിലുള്ള ബെയ്സിലേക്ക് പറക്കുന്നതിനിടെയാണ് അപകടം. എമർജൻസി സർവീസുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
ജെറ്റ് തകർന്നുണ്ടായ അപകടത്തിൽ എയർഫോഴ്സ് എഞ്ചിനീയർ കൊല്ലപ്പെട്ടു. പൈലറ്റ് പരിക്കുകളോടെ ഹോസ്പിറ്റലിൽ ചികിത്സയിലാണ്.

ഇന്ന് ഉച്ചക്ക് ന്യൂ പോർട്ടിൽ വൻ അഗ്നിബാധ ഉണ്ടായി. സിറ്റി സെന്ററിൽ ഉണ്ടായ തീപിടുത്തത്തിൽ ബഹുനില കെട്ടിടം കത്തി നശിച്ചു. ലോവർ ഡോക്ക് സ്ട്രീറ്റിലാണ് സംഭവമുണ്ടായത്. അഗ്നിബാധയിൽ കാറുകളും കത്തിനശിച്ചിട്ടുണ്ട്. എമർജൻസി സർവീസുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളുടെ സംഘം ഡാര്‍ക്ക് വെബ്ബിലൂടെ മയക്കുമരുന്ന് വിറ്റത് ഒരു മില്യന്‍ ഡോളറിന്! എഫ്ബിഐ ആണ് ഇവരെ കീഴടക്കിയത്. ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനില്‍ ഇടപാടുകള്‍ നടത്തിയ സംഘം മയക്കുമരുന്ന് വില്‍പനയില്‍ നിന്ന് ലഭിച്ച തുകകൊണ്ട് ജമൈക്ക, ബഹാമാസ്, ആംസ്റ്റര്‍ഡാം എന്നിവിടങ്ങളിലേക്ക് യാത്രകള്‍ നടത്തുകയും ചെയ്തു. സിറ്റി സെന്ററിലെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. എക്സ്റ്റസി, എല്‍എസ്ഡി, 2സിബി, കീറ്റാമിന്‍ മുതലായവയുടെ കച്ചവടമാണ് നടത്തിയിരുന്നത്.

യൂറോപ്പിലും അമേരിക്ക, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, തുടങ്ങിയ രാജ്യങ്ങളിലേക്കും ഇവര്‍ മയക്കുമരുന്നുകള്‍ എത്തിച്ചു. ബ്രേക്കിംഗ് ബാഡ് എന്ന കള്‍ട്ട് ടിവി ഷോയിലെ വാള്‍ട്ടര്‍ വൈറ്റ് എന്ന അധ്യാപക കഥാപാത്രമായിരുന്നു ഇവരുടെ മാതൃക. ഫാര്‍മക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, പെട്രോകെമിക്കല്‍ എന്‍ജിനീയറിംഗ്, ജിയോളജി, മാര്‍ക്കറ്റിംഗ് തുടങ്ങിയവയിലെ വിദ്യാര്‍ത്ഥികളാണ് സംഘത്തിലുണ്ടായിരുന്നത്. ബക്കിംഗ്ഹാംഷയര്‍ സ്വദേശിയായ മുന്‍ ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥി ബേസില്‍ അസാഫ് എന്ന 26കാരനായിരുന്നു സംഘത്തിന്റെ തലവന്‍.

മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി ഇയാള്‍ക്കും സഹായികളായ മറ്റ് നാല് പേര്‍ക്കും ദീര്‍ഘകാല തടവ് വിധിച്ചു. ഡാര്‍ക്ക് വെബ്ബിലെ അധോലോക മാര്‍ക്കറ്റായ സില്‍ക്ക് റോഡില്‍ അക്കൗണ്ട് ഉണ്ടാക്കിയത് അസാഫ് ആണ്. രണ്ടര വര്‍ഷത്തോളം ഇവിടെ സംഘം ഇടപാടുകള്‍ നടത്തി. എഫ്ബിഐ പിന്നീട് ഇത് കണ്ടെത്തി അടച്ചുപൂട്ടുകയായിരുന്നു. ബെല്‍ജിയം, ചൈന, ജര്‍മനി, നെതര്‍ലാന്‍ഡ്‌സ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്നുകള്‍ വാങ്ങിയിരുന്നത്.

ഇവര്‍ നടത്തിയ വ്യാപാരത്തിന്റെ മൂല്യം 1.14 മില്യന്‍ ഡോളര്‍ വരുമെന്നാണ് കണക്കാക്കുന്നതെങ്കിലും വ്യാപാരം ബിറ്റ്‌കോയിനില്‍ ആയതിനാല്‍ ഇത് അതിലും എത്രയോ ഇരട്ടി അധികമായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു. 2007ല്‍ ബിറ്റ്‌കോയിന്‍ മൂല്യം 1000 ശതമാനം വരെ ഉയര്‍ന്നിരുന്നു. സര്‍ക്കാര്‍, സെന്‍ട്രല്‍ ബാങ്ക് നിയന്ത്രണങ്ങള്‍ ഇവയ്ക്കു മേല്‍ ഇല്ലാത്തതിനാല്‍ കണക്കില്ലാത്ത പണമാണ് ഇവര്‍ സമ്പാദിച്ചത്.

2011 മെയ് മുതല്‍ 2013 ഒക്ടോബര്‍ വരെയാണ് ഇവര്‍ വ്യാപാരം നടത്തിയത്. 2,40,000 എക്സ്റ്റസി ടാബ്ലറ്റുകള്‍ ഇവര്‍ വിറ്റഴിച്ചിട്ടുണ്ട്. ഇതിന്റെ മൂല്യം മാത്രം 7,50,000 പൗണ്ട് വരുമെന്ന് പ്രോസിക്യൂട്ടര്‍മാര്‍ മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയെ അറിയിച്ചു. മയക്കുമരുന്നുകളുടെ ചിത്രങ്ങളും വിവരണവും വിലയും സില്‍ക്ക് റോഡില്‍ പരസ്യം ചെയ്തുകൊണ്ടായിരുന്നു ഇവര്‍ കച്ചവടം നടത്തിയത്. എഫ്ബിഐ സില്‍ക്ക് റോഡില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. എഫ്ബിഐ ഐസ്ലാന്‍ഡിലെ സെര്‍വറുകള്‍ പിടിച്ചെടുത്ത ശേഷം നാഷണല്‍ ക്രൈം ഏജന്‍സി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്ത്യന്‍ വംശജനായ ഫാര്‍മക്കോളജി വിദ്യാര്‍ത്ഥി ജയ്കിഷന്‍ പട്ടേലും സംഘത്തില്‍ അംഗമായിരുന്നു. ഡ്രഗ് ഡീലിംഗ് ഫാക്ടറി എന്ന് അറിയപ്പെട്ടിരുന്ന ഫ്‌ളാറ്റില്‍ നിന്ന് ഡാര്‍ക്ക് വെബ്ബില്‍ ഇടപാടുകള്‍ നടത്താന്‍ ഉപയോഗിച്ച ലാപ്‌ടോപ്പ്, ആയിരക്കണക്കിന് പൗണ്ട്, എല്‍എസ്ഡ്, എക്സ്റ്റസി, 2സിബി, കീറ്റാമിന്‍, ഡയസെപാം തുടങ്ങിയവ കണ്ടെടുത്തു. സാധാരാണ വിദ്യാര്‍ത്ഥികളേക്കാള്‍ സമ്പന്നമായ ജീവിതശൈലിയാണ് ഇവര്‍ക്കുണ്ടായിരുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
അസാഫ് മറ്റൊരു പ്രതിയായ ഹയാംസ് എന്നിവര്‍ക്കെതിരെ 10 ഡ്രഗ് ഒഫന്‍സുകളും നിരോധിത മയക്കുമരുന്നുകളുടെ ഇറക്കുമതി, കയറ്റുമതി, വിതരണം എന്നിവയ്ക്കുമുള്ള കുറ്റങ്ങള്‍ ചുമത്തി. എല്‍എസ്ഡി കൈവശം വെച്ചതിനു വിതരണം ചെയ്തതിനുമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. ജയ്കിഷന്‍ പട്ടേല്‍, റോഡന്‍ എന്നിവര്‍ക്കെതിരെ 9 ഡ്രഗ് ഒഫന്‍സുകളും ചുമത്തിയിട്ടുണ്ട്. ഇവര്‍ക്കുള്ള ശിഷ ഇന്ന് പ്രഖ്യാപിക്കും.
ബര്‍മിംഗ്ഹാം: താന്‍ സ്‌നേഹത്തോടെ മകന് നല്‍കിയ മധുരപലഹാരം അവന്റെ ജീവനെടുത്തതിന്റെ തീരാ ദുഃഖത്തിലാണ് ജയ്‌വന്തി. പീനട്ട് അലര്‍ജിയുണ്ടായിരുന്ന ആരോണ്‍ ഒ’ ഫാരല്‍ എന്ന പതിനൊന്നുകാരനാണ് അമ്മ നല്‍കിയ സ്വീറ്റ്‌സ് രുചിച്ചതിനു ശേഷം മരിച്ചത്. രുചി ഇഷ്ടപ്പെടാത്തതിനാല്‍ ആരോണ്‍ ആ പലഹാരം തുപ്പിക്കളഞ്ഞെങ്കിലും അതുണ്ടാക്കിയ അലര്‍ജി അവന്റെ ജീവനെടുക്കുകയായിരുന്നു. 2014 സെപ്റ്റംബര്‍ 28നാണ് കുട്ടി മരിച്ചത്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ബര്‍മിംഗ്ഹാമിലെ ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച മധുരപലഹാര കാര്‍ട്ടനില്‍ നിന്നാണ് ജയ്‌വന്തി മകന് ഈ പലഹാരം നല്‍കിയത്. നിലക്കടല ഇവയില്‍ അടങ്ങിയിട്ടുണ്ടെന്ന സൂചന പോലും ഉണ്ടായിരുന്നില്ലെന്ന് ചെസ്റ്റര്‍ഫീല്‍ഡ് കൊറോണര്‍ കോര്‍ട്ടില്‍ ഇവര്‍ മൊഴി നല്‍കി.

കാര്‍ട്ടനിലുണ്ടായിരുന്ന ബോംബെ മിക്‌സ്ചറില്‍ നിന്നായിരിക്കാം സ്വീറ്റ്‌സില്‍ നിലക്കടലയുടെ അംശം കലര്‍ന്നതെന്ന് കോടതിയില്‍ വാദമുണ്ടായി. അലര്‍ജി മുന്നറിയിപ്പ് കാര്‍ട്ടനില്‍ പതിച്ചിരുന്നില്ല. അപ്രകാരമുണ്ടായിരുന്നെങ്കില്‍ തന്റെ മകന് താന്‍ അത് നല്‍കില്ലായിരുന്നെന്നും അവന്‍ ജീവനോടെയുണ്ടാകുമായിരുന്നെന്നും ജയ്‌വന്തി പറഞ്ഞു. പലഹാരം ആരോണിന് താന്‍ തന്നെയാണ് നല്‍കിയത്. എന്നാല്‍ അവന് അത് ഇഷ്ടമായില്ല. തുപ്പിക്കളയുകയും ചെയ്തു. പക്ഷേ അതിനു ശേഷം തന്റെ തൊണ്ടയില്‍ അസ്വസ്ഥതയാണെന്ന് പറഞ്ഞ കുട്ടി പരക്കംപായാന്‍ തുടങ്ങി. ഉടന്‍ തന്നെ ഒരു അഡ്രിനാലിന്‍ കുത്തിവെയ്പ്പ് എടുക്കുകയും 999 വിളിക്കുകയുമായിരുന്നു.

ആംബുലന്‍സില്‍ കയറുമ്പോള്‍ അവന് ബോധമുണ്ടായിരുന്നു. എന്നാല്‍ അധികം വൈകാതെ ഹൃദയസ്തംഭനമുണ്ടാകുകയും ചെസ്റ്റര്‍ഫീല്‍ഡ് റോയല്‍ ഹോസ്പിറ്റലില്‍ വെച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. അവന് രണ്ട് വയസുള്ളപ്പോളാണ് പീനട്ട് അലര്‍ജി സ്ഥിരീകരിച്ചത്. അതിനു ശേഷം വളരെ കരുതലോടെയായിരുന്നു മാതാപിതാക്കള്‍ പരിപാലിച്ചു വന്നിരുന്നത്. ബര്‍മിംഗ്ഹാമിലെ സ്പാര്‍ക്ക്ഹില്ലിലുള്ള സൂരജ് സ്വീറ്റ് സെന്ററാണ് ഈ പലഹാരപ്പൊതി ക്ഷേത്രത്തിന് നല്‍കിയത്. കാര്‍ട്ടനില്‍ മുന്നറിയിപ്പ് ലേബല്‍ പതിക്കാതിരുന്നതിനെ ആരോണിന്റെ പിതാവ് ജയിംസ് ഒ’ ഫാരല്‍ കുറ്റപ്പെടുത്തുന്നു.

അതേസമയം സാധാരണ നല്‍കാറുള്ള വിധത്തിലുള്ള കാര്‍ട്ടനുകളല്ല തങ്ങള്‍ ക്ഷേത്രത്തിലേക്ക് നല്‍കിയതെന്ന് ഷോപ്പ് ഡയറക്ടര്‍ ഭിക്കു ഒഡേഡ്ര പറഞ്ഞു. വില കുറയ്ക്കണമെന്ന് ഉത്സവം നടത്തിപ്പുകാര്‍ ആവശ്യപ്പെട്ടതിനാല്‍ വിവധ പലഹാരങ്ങള്‍ ഒരുമിച്ച് ഒരു കാര്‍ട്ടനിലാക്കി നല്‍കുകയായിരുന്നു. ബോക്‌സുകളില്‍ പീനട്ട് അലര്‍ജി മുന്നറിയിപ്പ് നല്‍കണമെന്ന നിര്‍ദേശം ആരോണിന്റെ മരണത്തിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രാബല്യത്തില്‍ വന്നതെന്നും ഓഡേഡ്ര വ്യക്തമാക്കി.
ലണ്ടന്‍: യുകെയിലെ ആണവനിലയങ്ങള്‍ക്കും എന്‍എച്ച്എസിനും കുടിവെള്ള, വൈദ്യുതി നെറ്റ്‌വര്‍ക്കിനും റഷ്യന്‍ സൈബര്‍ ആക്രമണ ഭീഷണിയെന്ന് വിലയിരുത്തല്‍. ടോറി ചെയര്‍മാന്‍ ബ്രാന്‍ഡന്‍ ലൂയിസ്, ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ എന്നിവര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ നെര്‍വ് ഏജന്റ് ആക്രമണത്തിനു പിന്നാലെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെയാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്. ഇലക്ട്രിസിറ്റി ഗ്രിഡിനു നേരെയുണ്ടാകാനിടയുള്ള ഏതാക്രമണവും ചെറുക്കാന്‍ ഗവണ്‍മെന്റ് അതീവ ജാഗ്രത പുലര്‍ത്തുകയാണെന്ന് ബ്രാന്‍ഡന്‍ ലൂയിസ് ഐടിവി എഡിറ്റര്‍ റോബര്‍ട്ട് പെസ്റ്റണുമായി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞു.

എന്‍എച്ച്എസ്, ഇലക്ട്രിസിറ്റി ഗ്രിഡ് എന്നിവയില്‍ റഷ്യ ആക്രമണം നടത്തുമെന്ന ഭീതിയില്‍ എത്രകാലം മുന്നോട്ടുപോകാന്‍ കഴിയും എന്ന ചോദ്യത്തിന് ബ്രിട്ടീഷുകാര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നായിരുന്നു മറുപടി. ഗവണ്‍മെന്റ് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും ലൂയിസ് പറഞ്ഞു. രാജ്യത്തെ വൈദ്യുതി നിലയങ്ങള്‍ക്കെതിരെ റഷ്യ സൈബര്‍ ആക്രമണം നടത്താനിടയുണ്ടെന്ന് ബിബിസിയുടെ ആന്‍ഡ്രൂ മാര്‍ ഷോയിലാണ് ഫോറിന്‍ സെക്രട്ടറി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്. എന്നാല്‍ അത്തരം ആക്രമണ ഭീഷണികള്‍ക്കെതിരെ ശക്തമായ തയ്യാറെടുപ്പുകളാണ് രാജ്യം നടത്തിയിരിക്കുന്നതെന്നും ജോണ്‍സണ്‍ വ്യക്തമാക്കി.

റഷ്യക്കെതിരെ കൂടുതല്‍ നടപടികളും ഉപരോധങ്ങളും ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി ആലോചിക്കുന്നതായാണ് പുതിയ വിവരം. ബ്രിട്ടീഷ് നടപടികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിക്കുന്ന റഷ്യന്‍ രീതി പരിഗണിച്ചാല്‍ അടുത്ത ലക്ഷ്യം ബ്രിട്ടീഷ് എനര്‍ജി കമ്പനികള്‍, ബാങ്കുകള്‍, വാട്ടര്‍ കമ്പനികള്‍, ഗ്യാസ് വിതരണക്കാര്‍, എന്‍എച്ച്എസ് എന്നിവയാകാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ബ്രിട്ടീഷ് പവര്‍ കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച് ഇന്‍ലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ലോയ്ഡ്‌സ് ഉള്‍പ്പെടെയുള്ള പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍, വാട്ടര്‍ യുകെ മുതലായവ റഷ്യയുടെ അടുത്ത നടപടി എന്തായിരിക്കുമെന്നത് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററുമായിച്ചേര്‍ന്ന് വിലയിരുത്തി വരികയാണ്.