Main News

കംപാല: ഉഗാണ്ട പാര്‍ലമെന്റില്‍ കൂട്ടയടി. പ്രസിഡന്റിന്റെ കാലാവധി നീട്ടി നല്‍കുന്നത് സംബന്ധിച്ച് നടന്ന ചര്‍ച്ചക്കിടെയാണ് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലടിച്ചത്. ഇരിപ്പിടങ്ങള്‍ തകര്‍ക്കുകയും കസേരകള്‍ ഉപയോഗിച്ച് തമ്മില്‍ തല്ലുകയും ഒരാളെ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയും തൂക്കിയെടുത്ത് പുറത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞയാഴ്ച നടന്ന സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പടരുകയാണ്.

മുപ്പതു വര്‍ഷത്തോളമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന യോവേരി മുസേവനിയുടെ കാലാവധി നീട്ടി നല്‍കാനുള്ള നീക്കം പ്രതിപക്ഷം എതിര്‍ത്തതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. ഉഗാണ്ടയുടെ ഭരണഘടനയനുസരിച്ച് 75 വയസിനു മേല്‍ പ്രായമുള്ളവര്‍ക്ക് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ 73 വയസുള്ള മുസേവനിക്ക് 2021 വരെ കാലാവധി നീട്ടി നല്‍കാന്‍ നിയമനിര്‍മാണം നടത്താനായിരുന്നു ഭരണപക്ഷം നീക്കം നടത്തിയത്.

പ്രതിപക്ഷം ഇതില്‍ എതിര്‍പ്പ് അറിയിച്ചതിനു പിന്നാലെ പാര്‍ലമെന്റ് യുദ്ധക്കളമായി മാറുകയായിരുന്നു. മൈക്ക് സ്റ്റാന്‍ഡുകളും കസേരകളും ആയുധമാക്കിയായിരുന്നു പാര്‍ലമെന്റ് അംഗങ്ങളുടെ കയ്യാങ്കളി. ഇരുപക്ഷത്തെയും സമാധാനിപ്പിക്കാന്‍ സ്പീക്കര്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അല്‍പസമയത്തിനു ശേഷം സമാധാനം വീണ്ടെടുത്ത് സഭാനടപടികള്‍ തുടങ്ങിയെങ്കിലും പ്രതിപക്ഷം ദേശീയഗാനം ആലപിച്ചുകൊണ്ട് നടപടികള്‍ തടസപ്പെടുത്തി. സഭയിലെ ബഹളം തെരുവിലേക്കും വ്യാപിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലണ്ടന്‍: അന്ധതയില്ലാതാക്കുന്ന ജനിതക തെറാപ്പിയുടെ പരീക്ഷണം എലികളില്‍ വിജയകരം. ഇത് മനുഷ്യരിലും ഫലപ്രദമാകുമെന്നാണ് ഗവേഷകര്‍ നല്‍കുന്ന സൂചന. റെറ്റിനൈറ്റിസ് പിഗ്മെന്റോസ എന്ന അവസ്ഥ മൂലമുണ്ടാകുന്ന അന്ധത ബാധിച്ച എലികളില്‍ നടത്തിയ പരീക്ഷണമാണ് വിജയിച്ചത്. റെറ്റിനയില്‍ ശേഷിച്ച നാഡീകോശങ്ങളെ ജനിതക തെറാപ്പിയിലൂടെ വീണ്ടും പ്രോഗ്രാം ചെയ്‌തെടുക്കുകയായിരുന്നുവെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ഈ പഠനത്തില്‍ നിന്ന് ഉരുത്തിരിഞ്ഞ ഫലങ്ങള്‍ അന്ധത ചികിത്സിച്ച് ഭേദമാക്കാനുള്ള ശ്രമങ്ങളില്‍ പ്രയോജനപ്പെടുമെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ഗവേഷണ സംഘത്തില്‍ അംഗമായ ഡോ.സമാന്ത ഡിസില്‍വ പറഞ്ഞു.

പ്രകാശത്തിനോട് പ്രതികരിക്കുന്ന വിധത്തിലായിരുന്നില്ല റെറ്റിനയിലെ കോശങ്ങള്‍. അവയെ ജനിതക സാങ്കേതികത ഉപയോഗിച്ച് കാഴ്ചക്ക് ഉതകുന്ന വിധത്തില്‍ മാറ്റിയെടുക്കുകയായിരുന്നു. അന്ധതയ്ക്ക് ഏറ്റവും വലിയ കാരണമായ ഗ്ലോക്കോമ ഉണ്ടാകുന്നത് തടയാനും ജനിതക തെറാപ്പിയിലൂടെ സാധിക്കുമെന്ന് എലികളില്‍ നടത്തിയ മറ്റൊരു പഠനത്തില്‍ വ്യക്തമായി. ഇതേ രീതി മനിഷ്യരിലും ഫലപ്രദമാകുമെന്ന് ഗവേഷകര്‍ പറഞ്ഞു.

ഒട്ടേറെപ്പേര്‍ അന്ധത മൂലം വിഷമിക്കുന്നുണ്ട്. ചികിത്സക്കായി എത്തുന്ന ഇവര്‍ക്ക് കാഴ്ച തിരികെ നല്‍കുന്നതിന് വളരെ ലളിതമായ രീതി ആവിഷ്‌കരിക്കപ്പെടുകയെന്നത് വളരെ ആവേശജനകമാണെന്ന് ഡോ.സമാന്ത പറഞ്ഞു. ഇത് രോഗികളില്‍ പരീക്ഷിക്കുന്നതാണ് അടുത്ത പടി. എലികള്‍ക്ക് എത്രമാത്രം കാഴ്ച തിരികെ ലഭിച്ചു എന്നത് മനസിലാക്കാന്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണെന്നും അവര്‍ പറഞ്ഞു.

ലണ്ടന്‍: യുകെയിലെ ബജറ്റ് എയര്‍ലൈനുകളില്‍ ഒന്നായ മൊണാര്‍ക്ക് പ്രവര്‍ത്തനം അവസാനിപ്പിച്ചു. സാമ്പത്തികമായി തകര്‍ന്ന എയര്‍ലൈന്‍ കുറച്ചുകാലമായി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ രക്ഷാ പാക്കേജിന്റെ പിന്‍ബലത്തിലായിരുന്നു പ്രവര്‍ത്തിച്ചു വന്നിരുന്നത്. കമ്പനി സാമ്പത്തികനില ഭദ്രമാണോ എന്ന കാര്യം അറിയിക്കണമെന്ന് കഴിഞ്ഞ ദിവസം സിഎഎ ആവശ്യപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇന്നലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഇതോടെ 1,10,000 ാത്രക്കാരാണ് വിദേശത്തും യുകെയിലുമുള്ള വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്.

ഈ യാത്രക്കാരെ തിരിച്ചെത്തിക്കാനായി പിന്നീട് വന്‍ ക്രമീകരണങ്ങളാണ് സിഎഎ ഏര്‍പ്പെടുത്തിയത്. ബ്രിട്ടന്‍ തങ്ങളുടെ പൗരന്‍മാരെ രാജ്യത്ത് എത്തിക്കാന്‍ സമാധാനകാലത്ത് നടത്തുന്ന ഏറ്റവും വലിയ ഓപ്പറേഷന്‍ എന്നാണ് ഇത് വിശേഷിപ്പിക്കപ്പെട്ടത്. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ ഇതിനായി ഏര്‍പ്പെടുത്തി. യാത്രക്കുള്ള പണം വാങ്ങാതെയാണ് ജനങ്ങളെ തിരികെയെത്തിച്ചത്. 7.5 ലക്ഷം ആളുകളുടെ ബുക്കിംഗ് ഇല്ലാതായത് കടുത്ത യാത്രാ പ്രതിസന്ധി സൃഷ്ടിക്കും. മറ്റൊരു ബജറ്റ് എയര്‍ലൈനായ റയന്‍എയര്‍ സര്‍വീസുകള്‍ റദ്ദാക്കിയതിലൂടെയുണ്ടായ പ്രതിസന്ധിക്കു പുറമേയാണ് ഇപ്പോള്‍ മൊണാര്‍ക്കിന്റെ തകര്‍ച്ച വ്യോമഗതാഗത രംഗത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള എയര്‍ലൈന്‍ കമ്പനിയാണ് ഒരു ദിവസത്തില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇതു സംബന്ധിച്ചുള്ള അറിയിപ്പ് വന്നത്. ഇതോടെ രാവിലെ യാത്രക്കായെത്തിയവര്‍ ബുദ്ധിമുട്ടിലായി. ബോര്‍ഡിംഗിനു തൊട്ടുമുമ്പാണ് ചില യാത്രക്കാര്‍ക്ക് കമ്പനി തന്നെ ഇല്ലാതായെന്ന അറിയിപ്പ് ലഭിച്ചത്. പലരുടെയും ഹോളിഡേ പദ്ധതികള്‍ അവതാളത്തിലായി. മൊണാര്‍ക്കിന്റെ 2100 ജീവനക്കാരും പ്രതിസന്ധിയിലാണ്.

ചരിത്രത്തിലാദ്യമായി ബ്രിട്ടീഷ് സുപ്രീം കോടതിയുടെ പ്രസിഡന്റായി ഒരു വനിത ചുമതലയേറ്റു.
ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായി ബ്രെന്‍ഡ ഹേല്‍(77) ആണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. ഡേവിഡ് നീബേര്‍ഗറിന്റെ പിന്‍ഗാമിയായാണ് ഹേല്‍ സുപ്രീം കോടതി പ്രസിഡന്റാകുന്നത്. സര്‍ക്കാറും എലിസബത്ത് രാജ്ഞിയും നിയമനത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
1945-ല്‍ യോര്‍ക്ഷെയറില്‍ ജനിച്ച ഹെല്‍ കേംബ്രിജ് യൂനിവേഴ്സിറ്റിയില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയ ശേഷം മാഞ്ചസ്റ്റര്‍ വാഴ്സിറ്റിയില്‍ അധ്യാപികയായി സേവനമനുഷ്ഠിച്ചു.
1984-ല്‍ ലോ കമീഷനില്‍ അംഗമായ ഹെല്‍ അഞ്ചുവര്‍ഷം കഴിഞ്ഞ് ഹൈകോടതി ജഡ്ജിയായി. 1999-ല്‍ കോര്‍ട്ട് ഓഫ് അപ്പീലില്‍ എത്തിയ ഹെല്‍ പിന്നീട് ലോ ലോര്‍ഡായി. 2013 ജൂണില്‍ സുപ്രീം കോടതിയുടെ ഡെപ്യൂട്ടി പ്രസിഡന്റ് പദവിയില്‍ എത്തി.

ജോജി തോമസ്

ബെര്‍മിംഗ്ഹാം :  ഇടം കൈ ചെയ്യുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ വലം കൈ അറിയരുതെന്നാണ് പ്രമാണം. പക്ഷെ മലയാളം യുകെ ആദ്യമായി നടത്തിയ ചാരിറ്റി അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ നിറവേറ്റി ആയിരങ്ങള്‍ക്ക് ആശ്വാസമാകുമ്പോള്‍ ഞങ്ങളോട് സഹകരിച്ചവരോടും, സഹായിച്ചവരോടും നന്ദിയുടെ പ്രണാമം അര്‍പ്പിക്കാതെ കടന്നുപോകുന്നത് നീതികേടാവും. സാമൂഹ്യ പ്രതിബന്ധതയുള്ള ഒരു പത്രമെന്ന നിലയില്‍ തങ്ങളാല്‍ സാധിക്കുന്ന തലങ്ങളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് മലയാളം യുകെയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനമെടുത്തത് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ്. ബെര്‍മിംഗ്ഹാമിലുള്ള ഒരുപറ്റം മലയാളികള്‍ പ്രിന്‍സ് ജോര്‍ജിന്റെ നേതൃത്വത്തില്‍ കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഇന്ത്യയിലെ നിര്‍ധനരായ രോഗികള്‍ക്കായി ഇരുപത്തിയഞ്ചോളം ഡയാലിസിസ് മെഷീനുകള്‍ അയക്കാന്‍ തീരുമാനിച്ചപ്പോള്‍ മലയാളം യുകെയുടെ ആദ്യ ചാരിറ്റി സംരംഭത്തിന് അവസരം തുറക്കുകയായിരുന്നു. ഏതാണ്ട് മൂന്നുകോടി രൂപ വിലവരുന്ന ഡയാലിസിസ് മെഷിനുകള്‍ അയക്കാനുള്ള ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചിലവായ മൂന്നു ലക്ഷം രൂപയില്‍ ഒന്നര ലക്ഷത്തോളം രൂപ ഒറ്റ ദിവസം കൊണ്ട് തന്ന് സഹായിച്ച നല്ലവരായ വായനക്കാരുടെയും അഭ്യുദയകാംക്ഷികളുടെയും സന്മനസിന് മുമ്പില്‍ മലയാളം യുകെ പ്രണാമം അര്‍പ്പിക്കുന്നു. ബാക്കി വന്ന തുകയ്ക്ക് വേണ്ടി കാത്തു നില്‍ക്കാതെ മലയാളം യുകെ ഡയറക്ടര്‍മാര്‍ തന്നെ അത് നല്‍കിയാണ്‌ ഇരുപത്തിയഞ്ചോളം മെഷീനുകള്‍ ഇന്ത്യയിലെത്തിച്ചത്.

അവയവദാനം രംഗത്ത് പ്രവര്‍ത്തിച്ച് ഇന്ത്യയൊട്ടാകെ മാതൃക സൃഷ്ടിച്ച ഫാ. ഡേവിസ് ചിറമേലാണ് കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ നയിക്കുന്നത്. അവയവദാനത്തിന്റെ മഹത്വത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനായി ചിറമേലച്ചന്‍ സ്വന്തം കിഡ്‌നി ദാനം ചെയ്ത് സ്വയം മാതൃക സൃഷ്ടിച്ചിരുന്നു. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങളോട് ”ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ സമ്മാനം സ്വീകരിക്കുവാന്‍ കാത്തിരിക്കുന്നു’ എന്നാണ് പ്രതികരിച്ചത്. അച്ചന്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ എത്രമാത്രം പ്രോത്സാഹിപ്പിച്ചു എന്നതിന് തെളിവാണ് ഈ വാക്കുകള്‍. ഇന്ത്യയുടെ പല ഭാഗങ്ങളില്‍ ഡയാലിസ് മെഷിനുകള്‍ എത്തിച്ച് പാവപ്പെട്ട കിഡ്‌നി രോഗികള്‍ക്ക് തികച്ചും സൗജന്യമായി വൈദ്യസഹായം എത്തിക്കുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. ഇത്ര മഹത്തായ ഒരു കാരുണ്യ പ്രവര്‍ത്തിയില്‍ പങ്കാളിയായി കരുണയുടെ ലോകത്തേയ്ക്ക് കാല്‍വയ്ക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് വളരെയധികം സന്തോഷമുണ്ട്.

ഡയാലിസ് മെഷിനുകള്‍ ഇതിനോടകം നല്‍കിയിരിക്കുന്നത് മരിയന്‍ സെന്റര്‍ പാല, ഹോളി ഫാമിലി ഹോസ്പിറ്റല്‍ മുതലക്കോട്, ദേവമാതാ ഹോസ്പിറ്റല്‍ എറണാകുളം, റിംസ് ഹോസ്പിറ്റല്‍ ഈരാറ്റുപേട്ട തുടങ്ങി അടിമാലിയിലെയും എന്തിന് കേരളത്തിനു പുറത്ത് പഞ്ചാബിലെ ജലന്ധറില്‍ വരെയുള്ള പാവപ്പെട്ട രോഗികള്‍ക്ക് മലയാളം യുകെയുടെ നല്ലവരായ വായനക്കാരുടെ സന്മനസിന്റെ ഫലം അനുഭവിക്കാന്‍ കഴിയും.

ഈയൊരു സംരംഭത്തില്‍ പ്രത്യേകം നന്ദി പറയേണ്ട മൂന്ന് വ്യക്തികളാണ് ചിറമേലച്ചനും പ്രിന്‍സ് ജോര്‍ജും മലയാളം യുകെ ഡയറക്ട് ബോര്‍ഡ് അംഗം ജിമ്മി മൂലംകുന്നും. ചിറമ്മേലച്ചന്റെ നിരന്തര പ്രോത്സാഹനവും ഉപദേശങ്ങളും വളരെ വിലപ്പെട്ടതായിരുന്നു. ഡയാലിസ് മെഷനുകള്‍ കൊച്ചി തുറമുഖത്ത് എത്തിയപ്പോള്‍ ഉണ്ടായ പ്രതിബന്ധങ്ങള്‍ അറിഞ്ഞ നിമിഷം ചിറമേലച്ചന്‍ സഹായമായി ഓടിയെത്തി. ബെര്‍മിംഗ്ഹാമിലെ ഹാര്‍ട്‌ലാന്റ് ഹോസ്പിറ്റലിലെ ഡയാലിസ് യൂണിയന്റെ മാനേജര്‍ ആയ പ്രിന്‍സ് ജോര്‍ജിന്റെയും സുഹൃത്തുക്കളുടെയും ശ്രമഫലമായാണ് ബ്രിട്ടണിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസില്‍ നിന്ന് ഡയാലിസ് മിഷനുകള്‍ ലഭ്യമായത്. ജിമ്മി മൂലംകുന്നം ആണ് മലയാളം യുകെയ്ക്ക് വേണ്ടി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്.

ഇതുകൂടാതൈ ബെര്‍മിംഗ്ഹാമിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി സംഘടനകളുടെ സംയുക്ത നേതൃത്വത്തില്‍ നടത്തിയ ചാരിറ്റി ഈവന്റില്‍ നിന്ന് ശേഖരിച്ച 7 ലക്ഷത്തോളം രൂപയും കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്ക്ക് കൈമാറി. വടംവലിയില്‍ യുകെയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്ന ബര്‍മിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി ആതിഥേയത്വം വഹിച്ച ചാരിറ്റി ഈവന്റില്‍ സഹകരിച്ച മറ്റ് സംഘടനകളായ നോര്‍ത്ത് ഫീല്‍ഡ് കേരള വേദി മലയാളി അസോസിയേഷന്‍, വാല്‍ഷാല്‍ മലയാളി അസോസിയേഷന്‍, സെട്ടന്‍ കോല്‍ട്ട് മലയാളി അസോസിയേഷന്‍, കോവന്‍ട്രി മലയാളി അസോസിയേഷന്‍, ഹിന്ദു സമാജം ബെര്‍മിംഗ്ഹാം തുടങ്ങി ബെര്‍മിംഗ്ഹാമിലെയും പരിസര പ്രദേശങ്ങളിലെയും മലയാളികള്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങളാണ്. ബെനിഫാക്‌ച്ചേഴ്‌സ് ഫോറം യുകെയുടെ ഉദ്ഘാടനവും പ്രസ്തുത വേദിയില്‍ വച്ച് നടത്തപ്പെടുകയുണ്ടായി.

കേരളത്തിന് അകത്തും പുറത്തുമായി 25-ഓളം കേന്ദ്രങ്ങളില്‍ നിര്‍ധനരായ കിഡ്‌നി രോഗികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാകുമ്പോള്‍ നല്ലവരായ വായനക്കാരുടെയും ചിറമേലച്ചന്റെയും പ്രിന്‍സ് ജോര്‍ജിന്റെയും സുഹൃത്തുക്കളുടെയും സന്മനസിന് മുമ്പില്‍ മലയാളം യുകെ ഒരിക്കല്‍ കൂടി പ്രണാമം അര്‍പ്പിക്കുന്നു. മലയാളം യുകെയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു തുടക്കമാകട്ടെയെന്നും ബ്രിട്ടണിലെ നല്ലവരായ മലയാളികളും, മലയാളി സംഘടനകളും നാളെകളില്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു വരട്ടെയെന്നും ഞങ്ങള്‍ പ്രത്യാശിക്കുന്നു.

ഒന്റാരിയോ: ഇന്ത്യന്‍ സിഖ് വംശജന്‍ കാനഡയുടെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയനേതാവായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്റാരിയോ പ്രവിശ്യയില്‍ നിന്നുള്ള ജനപ്രതിനിധിയായ ജഗ്മീത് സിങ് ആണ് ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. പാര്‍ട്ടിയുടെ വെളുത്തവംശജനല്ലാത്ത ആദ്യ നേതാവ് എന്ന ബഹുമതി കൂടി ഇതോടെ ജഗ്മീത് സിങ്ങിന് ലഭിച്ചു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടിക്കെതിരെ 2019ലെ തെരഞ്ഞെടുപ്പ് നയിക്കാനുള്ള നിയോഗമാണ് ഇതിലൂടെ ജഗ്മീത്തിന് ലഭിച്ചിരിക്കുന്നത്.

പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ മത്സരത്തിനുണ്ടായിരുന്ന മറ്റ് മൂന്ന് സ്ഥാനാര്‍ത്ഥികളെ പിന്തള്ളി 53.6 ശതമാനം വോട്ടുകള്‍ നേടിയാണ് ഇദ്ദേഹം നേതൃസ്ഥാനത്ത് എത്തിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ജഗ്മീത് പ്രധാനമന്ത്രിയാകും. തന്നെ തെരഞ്ഞെടുത്തതില്‍ പാര്‍ട്ടിക്ക് നന്ദി അറിയിച്ച ജഗ്മീത് പ്രധാനമന്ത്രിപദത്തിലേക്കുള്ള പ്രയാണം ആരംഭിക്കുകയാണെന്ന് ട്വീറ്റ് ചെയ്തു. അതിനായുള്ള പ്രചാരണപരിപാടികള്‍ ആരംഭിക്കുകയാണെന്നും ജഗ്മീത് വ്യക്തമാക്കി.

രാജ്യത്തെ പ്രധാന രാഷ്ട്രീയകക്ഷിയുടെ നേതൃസ്ഥാനത്ത് എത്തുന്ന ആദ്യ ന്യൂനപക്ഷ പ്രതിനിധിയാണ് ഇദ്ദേഹം. കടുത്ത നിറങ്ങളുള്ള തലപ്പാവുകളെ ഇഷ്ടപ്പെടുന്ന ജഗ്മീതിനു മുന്നിലുള്ളത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2015ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നഷ്ടമായ 59 സീറ്റുകള്‍ തിരികെപ്പിടിക്കണം. നിലവില്‍ പാര്‍ലമെന്റില്‍ മൂന്നാം സ്ഥാനത്തുള്ള പാര്‍ട്ടി ഇതേവരെ അധികാരത്തില്‍ എത്തിയിട്ടില്ല. 338 അംഗ പാര്‍ലമെന്റില്‍ 44 സീറ്റുകള്‍ പാര്‍ട്ടിക്കുണ്ട്.

പഞ്ചാബില്‍ നിന്ന് ഒന്റാരിയോയിലെ സ്‌കാര്‍ബറോയില്‍ കുടിയേറിയ മാതാപിതാക്കള്‍ക്ക് 1979ല്‍ ജനിച്ച ജഗ്മീത് ബയോളജിയില്‍ ബിരുദം നേടിയശേഷം 2005ല്‍ നിയമബിരുദവും കരസ്ഥമാക്കി. ക്രിമിനല്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചിരുന്നു. കാനഡയിലെ ജനസംഖ്യയില്‍ 1.4 ശതമാനം സിഖ് വംശജരാണ്. രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയും സിഖ്കാരനാണ്.

ലണ്ടന്‍: ശരീരഭാഗങ്ങള്‍ക്ക് പകരം ഉപയോഗിക്കാനായി നിര്‍മിക്കുന്ന ഇംപ്ലാന്റുകള്‍ അംഗീകാരം ലഭിക്കുന്നതിനു മുമ്പ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികള്‍ മനുഷ്യരില്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. മൃഗങ്ങളില്‍ ഉപയോഗിച്ചുള്ള പരീക്ഷണങ്ങള്‍ക്കും ലബോറട്ടറി പരിശോധനകള്‍ക്കും മാത്രം അനുവാദമുള്ള ഇംപ്ലാന്റുകള്‍ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് അയച്ച് മനുഷ്യരില്‍ പരീക്ഷിച്ചതായാണ് വിവരം. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ച കൃത്രിമ കണ്ണുനീര്‍ നാളി, ആര്‍ട്ടീരിയല്‍ ഗ്രാഫ്റ്റ് മുതലായവ മനുഷ്യരില്‍ പരീക്ഷിക്കുന്നതിന് വിദേശത്തേക്ക് അയച്ചതായി അന്വേഷണത്തില്‍ വ്യക്തമായി.

മനുഷ്യരെ ഗിനിപ്പന്നികളായി കണക്കാക്കുന്ന പരീക്ഷണമാണ് നടന്നതെന്ന ആരോപണമാണ് ഇതേക്കുറിച്ച് അന്വേഷണം നടത്തിയ എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ അവയവമാറ്റ ശസ്ത്രക്രിയാ പ്രൊഫസര്‍ സ്റ്റീഫന്‍ വിഗ്മോര്‍ പറഞ്ഞു. ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബൈപ്പാസ് ശസ്ത്രക്രിയക്കായി വികസിപ്പിച്ച ഗ്രാഫ്റ്റ് പരീക്ഷിച്ചത് ടെഹ്‌റാന്‍ സ്വദേശിയും മയക്കുമരുന്നിന് അടിമയുമായ 26കാരനിലാണെന്ന് കണ്ടെത്തി. ഈ ശസ്ത്രക്രിയ വിജയമായിരുന്നോ എന്ന വിവരം പോലും ലഭിച്ചിട്ടില്ല. ക്ലിനിക്കല്‍ പിഴവായി വേണം ഇത് കണക്കാക്കാനെന്നും രോഗിക്ക് ജീവന്‍ വരെ നഷ്ടമാകാനുള്ള സാധ്യതകള്‍ ഉണ്ടെന്നും ഹൃദ്രോഗം വിദഗ്ദ്ധര്‍ പറയുന്നു.

യൂണിവേഴ്‌സിറ്റി വികസിപ്പിച്ച പ്ലാസ്റ്റിക് ഡിസ്‌കുകള്‍ മുംബൈയിലെ ഒരു രോഗിയിലാണ് പരീക്ഷിച്ചത്. ചെവിയുടെ ശസ്ത്രക്രിയക്ക് എത്തിയ ഈ രോഗിയുടെ ത്വക്കിനടിയില്‍ ഡിസ്‌കുകള്‍ നിക്ഷേപിച്ച് ഇവ മനുഷ്യശരീരം സ്വീകരിക്കുമോ എന്ന പരീക്ഷണമാണ് നടത്തിയത്. ഇത് രോഗിക്ക് എന്തെങ്കിലും ദോഷമുണ്ടാക്കിയോ എന്ന വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും അതിനുള്ള സാധ്യതകള്‍ തള്ളിക്കളയാനാകില്ല. വൈദ്യശാസ്ത്രമേഖലയില്‍ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനുള്ള സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്.

ലണ്ടന്‍: ചിക്കന്‍ പാക്കിംഗില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചത് വിവാദമായതോടെ 2 സിസ്‌റ്റേഴ്‌സിന്റെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പ്ലാന്റില്‍ ഉദ്പാദനം നിര്‍ത്തി. രാജ്യത്തെ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഏറ്റവും വലിയ ചിക്കന്‍ വിതരണക്കാരായ ഗ്രൂപ്പിന്റെ പ്രധാന പ്രോസസിംഗ് പ്ലാന്റുകളില്‍ ഒന്നാണ് ഇത്. ഒളിക്യാമറകള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ ചിക്കന്‍ പാക്കറ്റുകളിലെ കശാപ്പ് തിയതി രേഖപ്പെടുത്തിയ ലേബലുകള്‍ നീക്കി പുതിയവ പതിക്കുന്നത് വ്യക്തമായിരുന്നു. ചിക്കന്‍ സംസ്‌കരിക്കുന്നത് തികച്ചും വൃത്തിഹീനമായ സാഹചര്യങ്ങളിലായിരുന്നുവെന്നും ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.

ഗാര്‍ഡിയനും ഐടിവി ന്യൂസും നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്. ഇതോടെ വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്പര്‍മാര്‍ക്കറ്റുകള്‍ പറഞ്ഞിരുന്നു. പിന്നീട് 2 സിസ്റ്റേഴ്‌സ് ഫുഡ് ഗ്രൂപ്പിന്റെ പൗള്‍ട്രി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ യുകെയിലെ ഏറ്റവും വലിയ സൂപ്പര്‍മാര്‍ക്കറ്റ് ചെയിന്‍ ആയ ടെസ്‌കോ തീരുമാനമെടുത്തു. പുറത്തു വന്ന ദൃശ്യങ്ങളിലും ആരോപണങ്ങളിലും ഞെട്ടലുണ്ടെന്ന് അറിയിച്ച 2 സിസ്റ്റേഴ്‌സ് ഫുഡ് ഗ്രൂപ്പ് സംഭവത്തിന്റെ സത്യാവസ്ഥ മനസിലാക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതികരിച്ചു.

യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകൡ എത്തുന്ന ചിക്കനില്‍ മൂന്നിലൊന്നും വിതരണം ചെയ്യുന്നത് ഈ ഗ്രൂപ്പാണ്. ഫുഡ് സ്റ്റാന്‍ഡേര്‍ഡ് ഏജന്‍സി പ്ലാന്റിന്റെ പ്രവര്‍ത്തനത്തില്‍ നിയമലംഘനം നടന്നതായി കണ്ടെത്തിയിട്ടില്ലെന്നും എന്നാല്‍ ആഭ്യന്തര പരിശോധനയില്‍ ചില ഒറ്റപ്പെട്ട ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നുമാണ് കമ്പനി നല്‍കുന്ന വിശദീകരണം. അതുകൊണ്ട് പ്ലാന്റിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്നും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങഴളില്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയശേഷമേ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിക്കുകയുള്ളൂവെന്നും കമ്പനി വക്താവ് പറഞ്ഞു.

ജിമ്മി മൂലക്കുന്നേൽ

ബിർമിങ്ഹാം: യുകെയിലെ അസോസിയേഷനുകളിൽ പ്രവർത്തന പരിചയം കൊണ്ടും കുടുംബങ്ങളുടെ ഒത്തൊരുമ കൊണ്ടും കലാകായിക മേഖലകളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി യുകെ മലയാളികളുടെ ചർച്ചാവിഷമായികൊണ്ട് ബി സി എം സി ബിർമിങ്ഹാം ചരിത്ര താളുകളിലേക്ക്..  പരിചയസമ്പന്നരായ ഒരുപറ്റം മികവുറ്റ നേതൃത്വനിരയുമായി കഴിഞ്ഞ പതിനാല് വർഷങ്ങൾ പിന്നിടുന്ന ബി സി എം സി,  2017 ൽ യുകെ മലയാളികൾക്കിടയിലെ ഉദിച്ചുയരുന്ന സൂര്യനെപ്പോലെ പ്രകാശം പരത്തി പടവുകൾ പിന്നിടുമ്പോൾ വടംവലിയിലെ.. യുകെയിലെ ഒറ്റയാനെ.. കടൽകടന്ന് അമേരിക്കയിൽ പോയി രണ്ടാം സ്ഥാനം കരസ്ഥമാക്കിയ വൂസ്റ്റർ തെമ്മാടിയെ… കശക്കിയെറിഞ്ഞു ലിവർപൂളിൽ.. ആദരണീയനായ ജോണ്‍ മാഷിനോടുള്ള അനുസ്മരണാര്‍ത്ഥം നടത്തപ്പെട്ട വടംവലി മല്‍സരത്തില്‍ കിരീടം ചൂടിയപ്പോൾ അതൊരു മധുര പ്രതികാരമായി ബി സി എം സി യെ സംബന്ധിച്ചിടത്തോളം.. കൃത്യമായി പറഞ്ഞാൽ ഒരാഴ്ച മുൻപ് കെന്റിൽ നടന്ന വടം വലിയിൽ തോറ്റതിന് ഒരു മറുമരുന്ന്…  ഇന്നലെ നടന്ന ഓൾ യുകെ വടംവലിയിൽ ബി സി എം സിക്ക്  ഇതെങ്ങനെ സാധിക്കുന്നു എന്ന ചോദ്യചിഹ്നവുമായി മറ്റു അസോസിയേഷനുകൾ…

യുകെയിലെ കരുത്തരായ ലിവർപൂൾ, കെന്റ്, വൂസ്റ്റർ, കവെൻട്രി, ഹെറിഫോർഡ് എന്ന് തുടങ്ങി പത്തിൽ പരം ടീമുകൾ പങ്കെടുത്ത ഓൾ യുകെ വടവലിയിൽ ബി സി എം സി  കറുത്തകുതിരകളായി മാറുകയായിരുന്നു.. മുൻപിൽ ഇറങ്ങിയ ഓരോന്നിനെയും തോൽപ്പിച്ചു മുന്നേറിയപ്പോൾ ബി സി എം സി കിരീടത്തിന്റെ മണം പിടിച്ചു തുടങ്ങി.. അതശക്തരായ ടീമുകൾ .. ഫൈനലിനെ ഓർമ്മിപ്പിക്കുമാറ് തെമ്മാടിയുമായി ഒരു വീറുറ്റ പിടുത്തം.. സാജൻ കരുണാകരൻ എന്ന അമരക്കാരന്റെ നേതൃത്വം… ബിജു, ബിനോയ് മാത്യു എന്നിവരുടെ മികവുറ്റ, കൃത്യതയാർന്ന ശിക്ഷണം… സിറോഷ്, ജേക്കബ്, ബിജോ, സാന്റോ, ഷിജു, നിബിൻ, ടെൻസ്, ജിൽസ്, രാജീവ്, എൽബെർട്ട്, ജിജോ ടീം അംഗങ്ങൾ… ടീം മാനേജർ ആയി സനൽ പണിക്കരുമാണ് ഉണ്ടായിരുന്നത്…  ഫലമോ വൂസ്റ്റർ തെമ്മാടി എന്ന ഒറ്റയാൻ.. യുകെയിലെ വടംവലിയിലെ രാജാക്കന്മാർ.. ഒരു നിമിഷം പകച്ചുപോയപ്പോൾ ഉദിച്ചുയർന്നത് ബി സി എം സി.. എന്ന കൊച്ചു കുട്ടിക്കൊമ്പൻ..

ബി സി എം സി വർഷങ്ങളായി യുക്മയിലെ കലാകായിക മത്സരങ്ങളിൽ വിജയക്കൊടി പാറിച്ചവരാണ്… കഴിഞ്ഞ വർഷത്തെ കലാമേളയിലെ ജേതാക്കളായി മുൻനിരയിൽ എത്തിയപ്പോൾ… എല്ലാവര്ക്കും ഞങ്ങൾ ഒരു ശക്തനായ എതിരാളിയാണ് എന്ന് വിളിച്ചോതുകയായിരുന്നു.. ഇതിൽ നിന്നും വ്യത്യസ്തമായി വടംവലിയിൽ കൂടി ജേതാക്കൾ ആയപ്പോൾ.. അഭിനന്ദനവുമായി ആദ്യം എത്തി ബി സി എം സി എന്ന അസോസിയേഷന്റെ പ്രസിഡന്റ് ജോ ഐപ്പ്.. ഇനിയും കൂടുതൽ കരുത്തുപകർന്ന് കൂടുതൽ വിജങ്ങൾ എത്തിച്ചേരട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബങ്ങളുടെ കൂട്ടായ്മയിൽ ഉരുക്കിയെടുത്ത ബി സി എം സി എന്ന സംഘടന, അതെ ഇത് ബി സി എം സിയുടെ മാത്രം പ്രത്യേകത ആണ്.. സിറോഷ്, ലിറ്റി, ഷിജു, റെജി, ലീന , സിൽവി എന്നിവർ അടങ്ങുന്ന 2017 നേതൃത്വത്തോടൊപ്പം പഴയകാല പടക്കുതിരകളും ഒത്തു ചേർന്ന് മുന്നേറുന്ന ബി സി എം സി യുടെ വിജക്കുതിപ്പിന്റെ തേരോട്ടം യുകെ മലയാളികൾ ദർശിക്കും എന്നതിൽ തർക്കമില്ല ….

[ot-video][/ot-video]

 

ഫാ.ബിജു കുന്നയ്ക്കാട്ട്

യൂറോപ്പിലെ കുട്ടികളെല്ലാം പുതിയ അധ്യയനവര്‍ഷത്തിലേയ്ക്കു പ്രവേശിച്ചിരിക്കുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിൻറെ വാക്കുകളില്‍ ‘കുട്ടികളുടെ ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും കടമ പഠിക്കുക’ എന്നതത്രേ! കുട്ടിക്കാലവും സ്‌കൂള്‍-കോളേജ് പഠനകാലവുമെല്ലാം പിന്നിട്ടു ജീവിതാന്തസ്സുകളുടെയും ജോലിഭാരങ്ങളുടെയും മേഖലകളിലേക്ക് പ്രവേശിച്ചു കഴിയുമ്പോള്‍ പലരും തങ്ങളുടെ കുട്ടിക്കാലത്തിൻറെയും പഠനകാലങ്ങളുടെയും നിറം മങ്ങിയ ഓര്‍മ്മച്ചിത്രങ്ങള്‍ ചികഞ്ഞെടുത്ത് ‘എത്ര സുന്ദരമായിരുന്നു ആ കാല’മെന്ന് പരിതപിക്കാറുണ്ട്. സ്‌കൂള്‍ പഠനകാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഹോംവര്‍ക്കിനും അസൈന്‍മെന്റുകള്‍ക്കും ഇടയ്ക്കിടെ വരുന്ന പരീക്ഷകള്‍ക്കുമെല്ലാമിടയ്ക്ക് മിക്ക കുഞ്ഞുങ്ങളും, എടുത്താല്‍ പൊങ്ങാത്ത പഠനഭാരങ്ങളുടെ ദുരിതകാലമായാണ് തങ്ങളുടെ വിദ്യാഭ്യാസകാലത്തെ കാണുന്നത്. അതുകൊണ്ടുതന്നെ എത്രയും വേഗം ഇതൊന്നു തീര്‍ന്നുകിട്ടിയിരുന്നെങ്കിലെന്ന് അവരില്‍ പലരും ആഗ്രഹിക്കുന്നു!

വിദ്യാഭ്യാസകാലത്ത് പഠനം പലര്‍ക്കുമൊരു കീറാമുട്ടിയാണെങ്കിലും അത് ജീവിതത്തിന് എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ഒരു അച്ഛന്‍ തൻറെ മകന് പറഞ്ഞുകൊടുക്കുന്നത് ഈ അടുത്തനാളില്‍ ഒരിടത്ത് വായിച്ചു. സ്‌കൂളില്‍ ചെല്ലുമ്പോള്‍ അടികിട്ടുമെന്ന് പേടിച്ച് പഠനം നിര്‍ത്താന്‍ ആലോചിച്ച മകനെയാണ് പിതാവ് തികച്ചും അര്‍ത്ഥപൂര്‍ണ്ണമായ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഉപദേശിച്ചത്. ആ പിതാവിൻറെ വാക്കുകള്‍ ഇങ്ങനെ! ”മോനേ, അല്‍പകാലത്തെ ശിക്ഷ ഭയന്നാണ് നീ പഠനം ഉപേക്ഷിക്കുന്നതെങ്കില്‍ നീ ചെയ്യുന്നത് വിഡ്ഢിത്തരമാണ്. കാരണം പഠനം നിര്‍ത്തിയാല്‍ അന്ന് മുതല്‍ ജീവിതാന്ത്യം വരെ നിനക്ക് ശിക്ഷയനുഭവിക്കേണ്ടിവരും. അറിവില്ലായ്മയാണ് ഏറ്റവും വലിയ ശിക്ഷ. വിദ്യാലയത്തില്‍ നിന്ന് അധ്യാപകന്റെ ചെറിയ അടി സഹിക്കാന്‍ നിനക്കാകുന്നില്ലെങ്കില്‍ സമൂഹത്തിന്റെ വലിയ അടി നിനക്കെങ്ങനെ താങ്ങാനാകും?”

അധ്യാപകന്‍ ചീത്ത പറയുന്നത് താങ്ങാനാകുന്നില്ലെങ്കില്‍ ഭാവിയില്‍ സമൂഹം ചീത്ത പറയുന്നത് എങ്ങനെ താങ്ങാനാകുമെന്നും പഠിക്കാത്തതിന് അധ്യാപകന്‍ ക്ലാസില്‍ നിന്ന് പുറത്താക്കിയത് അസഹ്യമാണെങ്കില്‍ അറിവില്ലാത്തതിന്റെ പേരില്‍ സമൂഹം നിന്നെ സുപ്രധാന മേഖലകളില്‍ നിന്നെല്ലാം പുറത്താക്കുമ്പോള്‍ എങ്ങനെ സഹിക്കുമെന്നും പിതാവ് കുട്ടിയോട് ചോദിക്കുന്നു. ഈ ചെറുത്യാഗങ്ങള്‍ പഠിച്ചു ശീലിച്ചാല്‍ പിന്നീട് ചീത്ത കേള്‍ക്കേണ്ടി വരില്ലെന്നും ജീവിതം പിന്നീട് സുഖപ്രദമായിരിക്കുമെന്നും അറിവ് സമ്പാദിക്കാന്‍ അധ്വാനമുണ്ടെങ്കിലും അറിവില്ലായ്മ കൊണ്ടുനടക്കാനാണ് അതിലേറെ അധ്വാനം വേണ്ടിവരുന്നതെന്നും തന്റെ മകന് പറഞ്ഞുകൊടുക്കുന്നു.

ഒട്ടും പരിചയമില്ലാത്ത നാട്ടിലെത്തിയാല്‍ പട്ടാപ്പകലുപോലും വഴിതെറ്റിപ്പോകാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഏത് കട്ടപിടിച്ച ഇരുട്ടാണെങ്കിലും സ്വന്തം നാട്ടില്‍ ബസിറങ്ങിയാല്‍ ആരോടും വഴി ചോദിക്കാതെ വീട്ടിലേക്ക് പോകാനാകും. അപ്പോള്‍ രാത്രിയുടെ ഇരുട്ടല്ല ഇരുട്ട്, അറിവില്ലായ്മയാണ് യഥാര്‍ത്ഥ ഇരുട്ട്. അറിവുള്ളവന് ഏത് വിദേശവും സ്വദേശം.

സര്‍വ സൃഷ്ടിജാലങ്ങളില്‍ ഏറ്റവും ഉല്‍കൃഷ്ടമായതാണ് മനുഷ്യസൃഷ്ടി. മനുഷ്യനെ മറ്റു ജീവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്ന കാര്യം വലിപ്പമോ ഉയരമോ ശക്തിയോ അല്ല, മറിച്ച് അറിവിന്റെ ഔന്നത്യമാണ്. വലിപ്പം കൊണ്ടാണ് പ്രാധാന്യം നിര്‍ണ്ണയിക്കപ്പെടുന്നതെങ്കില്‍ ആനയും തിമിംഗലവും മനുഷ്യനെക്കാള്‍ വലുതാണ്. പക്ഷേ, മനുഷ്യന്‍ ഇവയെയെല്ലാം ഇണക്കിയെടുത്ത് ഒരു വടികൊണ്ട് നിയന്ത്രിക്കുന്നു. ഉയരത്തില്‍ ജിറാഫും ശക്തിയില്‍ കാട്ടുപോത്തും വേഗത്തില്‍ ചീറ്റപ്പുലിയും മനുഷ്യനേക്കാള്‍ മേലെയാണ്. എന്നാല്‍ ഇവയെക്കാളൊക്കെ മനുഷ്യനെ ഉന്നതനാക്കുന്നത് അവന് അറിവ് നല്‍കുന്ന ശക്തിയാണ്.

വിദ്യാധനം ഉപേക്ഷിച്ച് പണത്തിന് പിന്നാലെ പോകുന്നവര്‍ മഹാനായ സോളമന്‍ രാജാവിനെ കണ്ടുപഠിക്കേണ്ടതാണ്. പണവും അധികാരവും അറിവും മുമ്പില്‍ മൂന്ന് വരങ്ങളായി ദൈവം കൊടുത്തിട്ട് ഏതുവേണമെന്ന് ചോദിച്ചപ്പോള്‍ അറിവ് (വിജ്ഞാനം) മതിയെന്ന് പറഞ്ഞ മറുപടിയില്‍ സംപ്രീതനായി എണ്ണിയാലൊടുങ്ങാത്ത പണവും സീമയില്ലാത്ത അധികാരവും നല്‍കി ദൈവം അദ്ദേഹത്തെ അനുഗ്രഹിച്ചു. പണം മാത്രം ചോദിച്ചിരുന്നെങ്കില്‍ വരങ്ങള്‍ പണത്തില്‍ മാത്രം ഒതുങ്ങിപ്പോയേനെ. പണവും അധികാരവുമുള്ളവര്‍ ജനങ്ങളെ ഭരിക്കുമ്പോള്‍ അറിവുള്ളവര്‍ ഈ അധികാരികളെ ഭരിക്കുന്നു. എത്ര വലിയ ഭരണാധികാരിയും ഒരു വിദഗ്‌ദ്ധോപദേശത്തിന് അറിവുള്ളവരെയാണല്ലോ സമീപിക്കുന്നത്.

ഒരാള്‍ ദരിദ്രനാണെങ്കിലും അറിവുണ്ടെങ്കില്‍ ധനികനാണ്. അറിവുള്ളവര്‍ അപരിചിതരെ സുഹൃത്തുക്കളാക്കുന്നു. ഏത് ഒറ്റപ്പെട്ട സ്ഥലത്തുപോയിി തനിച്ച് താമസിച്ചാലും അറിവുള്ളവരാണെങ്കില്‍ ജനങ്ങള്‍ തേടി അവിടെയുമെത്തും. അറിവില്ലെങ്കിലോ ഏത് ജനമധ്യത്തില്‍ നിന്നാലും ആരും തിരിച്ചറിയുകയുമില്ല. അറിവില്ലെങ്കില്‍ എത്ര വലിയവനും ചെറിയവനാണ്. ഒരു വലിയ മൃഗത്തെ ഒരു കൂച്ചു വിലങ്ങിലും വടിയിലും നിറുത്താന്‍ മനുഷ്യന് സാധിക്കുന്നെങ്കില്‍ ആനയ്ക്ക് അതിന്റെ ശക്തിയെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടും ആനയെ കൊണ്ടുനടക്കുന്ന ആള്‍ക്ക് തന്റെ കഴിവിനെക്കുറിച്ചുള്ള അറിവുള്ളതുകൊണ്ടുമാണ്. തേനെടുക്കാന്‍ ചെല്ലുന്നവര്‍ക്ക് തേനീച്ചയുടെ കുത്തേല്‍ക്കേണ്ടി വരുമെന്നത് സ്വാഭാവികം. എന്നാല്‍ കുത്ത് ഭയന്ന് പിന്മാറിയാല്‍ തേന്‍ കിട്ടില്ല… ഇങ്ങനെ ചിന്തോദ്ദീപകമായ പല കാര്യങ്ങളും പറഞ്ഞ ആ പിതാവ് തന്റെ മകന് പഠനത്തിന്റെയും അറിവ് നേടലിന്റെയും പ്രാധാന്യം പറഞ്ഞുകൊടുക്കുന്നു.

പലരും സാധാരണ പറയാറുണ്ട്: ”പഠിത്തമൊക്കെ കഴിഞ്ഞ് ഇപ്പോള്‍ ജോലിയാണ്” സത്യത്തില്‍ എപ്പോഴാണ് ഒരാളുടെ പഠനം അവസാനിക്കുന്നത്? അറിവുള്ളവര്‍ പറയുന്നതനുസരിച്ച് എല്ലാ മനുഷ്യരും മരണം വരെ പഠിതാക്കളാണ്. ഓരോ ദിവസത്തില്‍ നിന്നും ഓരോ അനുഭവത്തില്‍നിന്നും എന്നും എന്തെങ്കിലുമൊക്കെ എല്ലാവര്‍ക്കും പഠിക്കാനുണ്ട്. വിദ്യാഭ്യാസം ഒരു ജോലി നേടാനുള്ള മാര്‍ഗ്ഗമായി മാത്രം കാണാതെ ജീവിതത്തെ രൂപപ്പെടുത്തിയെടുക്കുന്ന നിരന്തര കര്‍മ്മ പദ്ധതിയായിട്ടു വേണം മനസിലാക്കാന്‍. ‘സ്വഭാവശുദ്ധിക്കുതകാത്ത വിദ്യാഭ്യാസം’ സമൂഹത്തിലെ ഏഴ് തിന്‍മകളില്‍ ഒന്നാണെന്നാണ് മഹാത്മാഗാന്ധി പറയുന്നത്. നമ്മള്‍ കണ്ടുമുട്ടുന്ന ഓരോ മനുഷ്യനും നമ്മെ എന്തെങ്കിലുമൊക്കെ പഠിപ്പിക്കുന്നുണ്ട്. ഒന്നുകില്‍ അവരെപ്പോലെയാകാന്‍, അല്ലെങ്കില്‍ അവരെപ്പോലെ ആകാതിരിക്കാന്‍. ചിലരില്‍ നാമിഷ്ടപ്പെടാത്ത കാര്യങ്ങള്‍ കണ്ടാല്‍ നമ്മുടെ ജീവിതത്തില്‍ നിന്ന് നാമും ഒഴിവാക്കി നിര്‍ത്തേണ്ട കാര്യമാണ് ഇതെന്ന് പഠിക്കുകയാണ്. ‘തന്റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യന്‍ തന്നെത്തന്നെ നോക്കിയിട്ട് കടന്നുപോകുന്നു. താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍തന്നെ വിസ്മരിക്കുകയും ചെയ്യുന്നു’ (യാക്കോബ് 1:24). നമ്മുടെ മുമ്പില്‍ വരുന്ന ഓരോ മനുഷ്യനും നമുക്കൊരു കണ്ണാടിയാണ്, നമ്മെത്തന്നെ കാണാനുള്ള കണ്ണാടി. ആ കണ്ണാടിയില്‍ നോക്കി സ്വന്തം കുറവുകള്‍ മനസിലാക്കി തിരുത്തുന്നവനാണ് യഥാര്‍ത്ഥ ജ്ഞാനി. പകരം പലരും കണ്ണാടിയിലെ കുറവിനെക്കുറിച്ച് വാതോരാതെ കുറ്റംപറഞ്ഞുകൊണ്ടിരുന്ന് സ്വന്തം കാര്യം കാണാതെയും തിരുത്താതെയും കടന്നുപോകും.

വിദ്യാഭ്യാസ കാഴ്ചപ്പാടുകള്‍ തന്നെ മാറിക്കൊണ്ടിരിക്കുന്നു. ബുദ്ധിയെയും മനസിനെയും ആലോചനാരീതികളെയും ശരിയായ വഴിയില്‍ കൊണ്ടുവരുന്നതിനായി പരമ്പരാഗതരീതിയില്‍ ഉണ്ടായിരുന്ന പല ശിക്ഷണക്രമങ്ങളും ഇന്ന് എടുത്തുമാറ്റിയിരിക്കുന്നു. അറിവ് നേടലും പറഞ്ഞുകൊടുക്കലും പുസ്തകങ്ങളിലെ അക്ഷരങ്ങളിലുള്ളത് മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. ഉന്നത മാര്‍ക്കോടെ പഠിച്ചിറങ്ങുന്ന പലരും പ്രായോഗികജീവിത പരീക്ഷകളില്‍ വട്ടപ്പൂജ്യം. പേരിനൊപ്പം ഡിഗ്രികളുടെ നീളം കൂട്ടിയാലും പ്രകൃതിയുടെയും കുടുംബത്തിന്റെയും മാനുഷികബന്ധങ്ങളുടെയും ഭാവമാറ്റം അളക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനുമുള്ള അറിവിന്റെ തലം ഇനിയും ഉയര്‍ത്തിപ്പിടിക്കേണ്ടിയിരിക്കുന്നു. ഓരോ സെമസ്റ്ററിലും നിശ്ചിതപണം കൊടുത്തു വാങ്ങിക്കുന്ന ‘മോഡ്യൂളുകള്‍’ മാത്രമായി നമ്മുടെ അറിവിന്റെ കൈമാറ്റം ഒതുങ്ങിപ്പോകാതിരിക്കട്ടെ. അധ്യാപകരില്‍ പലര്‍ക്കും പണ്ടത്തേതുപോലെ ആത്മാര്‍ത്ഥതയില്ലെന്ന് ഒരു സ്‌കൂളിലെ പ്രഥമാധ്യാപകന്റെ കമന്റ്. ‘മുമ്പിലിരിക്കുന്ന കുഞ്ഞുങ്ങളെ എപ്പോള്‍ സ്വന്തം കുഞ്ഞുങ്ങളായി കാണാന്‍ ഒരു അധ്യാപകന് കഴിയാതെ വരുന്നോ അപ്പോള്‍ അധ്യാപകജോലി അവസാനിപ്പിക്കണ’മെന്നാണ് മഹാനായ കണ്‍ഫ്യൂഷ്യസിന്റെ വാക്കുകള്‍.

കുട്ടികള്‍ക്ക് വിദ്യാലയം അവരുടെ രണ്ടാം വീടാണ്. അധ്യാപകര്‍ രണ്ടാമത്തെ മാതാപിതാക്കളും. വീട്ടില്‍ നിന്നും വിദ്യാലയത്തില്‍ നിന്നും പഠിക്കുന്നതാണ് ഒരാള്‍ സമൂഹത്തില്‍ കാണിക്കുന്നത്. ചുരുക്കത്തില്‍ ഒരാള്‍ക്ക് കിട്ടുന്ന ആത്മീയ, മാനസിക, ബൗദ്ധിക, സാമൂഹിക നേട്ടങ്ങളുടെയെല്ലാം അടിസ്ഥാനം അവന്റെ/അവളുടെ വീടും വിദ്യാലയവുമാണെന്നതില്‍ തര്‍ക്കമില്ല. അത് നല്ലതാണെങ്കിലും മോശമാണെങ്കിലും അതിനുത്തരവാദികള്‍ ഈ ഒന്നാം മാതാപിതാക്കളും രണ്ടാം മാതാപിതാക്കളുമായിരിക്കും. പണ്ട് ലോകം ചിന്തിച്ചിരുന്നത് അധികാരമാണ് ശക്തി (Authority is power) എന്നായിരുന്നു. എന്നാല്‍ പണം അതിനെ വിലകൊടുത്ത് വാങ്ങിയപ്പോള്‍ ആ സമവാക്യം പണമാണ് ശക്തി (Money is Power) എന്നായി മാറി. എന്നാല്‍ ഇന്ന് ലോകം തിരിച്ചറിയുന്നു, ‘അറിവാണ് ശക്തി’ (Knowledge is Power). ഈ അറിവിന്റെ ആരംഭമാകട്ടെ ദൈവഭക്തിയും (പ്രഭാഷകന്‍ 9:10)

പണം ചിലരെ മാത്രം ശക്തരാക്കും, അധികാരം കുറച്ചുപേര്‍ക്ക് മാത്രം ഔന്നത്യം നല്‍കും. എന്നാല്‍ അറിവ് എല്ലാവര്‍ക്കും ഉന്നതരാകാനുള്ള അവസരം തരുന്നു. അറിവെന്ന യഥാര്‍ത്ഥ ശക്തി നേടാന്‍ എല്ലാവര്‍ക്കും പ്രത്യേകിച്ച് വിദ്യാഭ്യാസകാലത്തിലൂടെ കടന്നുപോകുന്ന എല്ലാ കുഞ്ഞുമക്കള്‍ക്കും സാധ്യമാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ നന്മയും അനുഗ്രഹവും നിറഞ്ഞ ഒരാഴ്ച സ്‌നേഹപൂര്‍വം ആശംസിക്കുന്നു.

ഫാ.ബിജു കുന്നയ്ക്കാട്ട്‌

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

Copyright © . All rights reserved