Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഉന്നത ഉദ്യോഗസ്ഥൻ തടവുകാരിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു . സംഭവത്തിനോട് അനുബന്ധിച്ച് ഒരു യുവതി അറസ്റ്റിലായി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചിരുന്നു . വാൻഡ്സ്വർത്ത് ജയിലിനുള്ളിലാണ് ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നത്.

വീഡിയോ പുറത്തു വന്നതിനു ശേഷം വെള്ളിയാഴ്ച നടന്ന സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി മെട്രോ പോളിറ്റൻ പോലീസ് പറഞ്ഞിരുന്നു. ദൃശ്യങ്ങളുടെ തുടക്കത്തിൽ ആരോപണ വിധേയനായ ഉദ്യോഗസ്ഥൻ പൂർണമായ യൂണിഫോമിലാണ് വീഡിയോയിലുള്ളത്. ഇത് എപ്പോൾ ചിത്രീകരിച്ചതാണെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

ജയിൽ ഓഫീസിൽ മോശമായി പെരുമാറിയെന്ന കുറ്റം ആരോപിച്ചാണ് യുവതി അറസ്റ്റിൽ ആയിരിക്കുന്നത്. അറസ്റ്റിലായ യുവതിയും പുറത്തു വന്നിരിക്കുന്ന വീഡിയോയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. വീഡിയോ ചിത്രീകരിച്ചതാരെന്നോ, സമൂഹമാധ്യമങ്ങളിൽ കൂടി പ്രചരിപ്പിച്ചത് ആരെയൊക്കെയാണ് എന്നീ കാര്യങ്ങളെ കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. നേരത്തെ ജയിൽ വാച്ചർ ജസ്റ്റിസ് സെക്രട്ടറി അലക്‌സ് ചോക്കിൻ യുകെയിലെ ജയിലുകളിൽ സമഗ്രമായ മാറ്റങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി രണ്ട് മാസത്തിനുള്ളിലാണ് ഈ സംഭവങ്ങൾ നടന്നിരിക്കുന്നത് . ബ്രിട്ടനിലെ ജയിലുകളിൽ അടുത്തിടെ നടത്തിയ പരിശോധനകളുടെ വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് ജയിൽ ചീഫ് ഇൻസ്‌പെക്ടർ ചാർലി ടെയ്‌ലർ പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജെയ് സ്ലേറ്റർ കാണാമറയത്ത് ആയിട്ട് 2 ആഴ്ച ആകുന്നു. ബ്രിട്ടനിലെ മുഖ്യധാര മാധ്യമങ്ങളെല്ലാം വളരെ പ്രാധാന്യത്തോടെയാണ് ജെയ് സ്ലേറ്ററിന്റെ തിരോധാന വാർത്ത പ്രസിദ്ധീകരിച്ചത്. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അവധികാലം ആഘോഷിക്കുന്നതിനായാണ് ജെയ് സ്പെയിനിലെ ടെനറൈഫിൽ എത്തിയത്.

എന്നാൽ സംഭവത്തിൻ്റെ ദുരൂഹത ദിനംപ്രതി കൂടിവരികയാണ്. തന്റെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കൂട്ടാതെ ജെയ് സ്ലേറ്റർ ഒറ്റയ്ക്ക് അന്നേ ദിവസം ഒരു യാത്ര നടത്തിയത് എന്തിനായിരുന്നു. അവനെ കുറിച്ച് അവസാനമായി വിവരം ലഭിച്ച സ്ഥലം ദുർഘടമായ കാലാവസ്ഥയും പരിസ്ഥിതിയും ഉള്ള സ്ഥലമാണ്. ഉയർന്ന അഗ്നിപർവ്വതങ്ങളും പാറക്കെട്ടുകളും നിറഞ്ഞ സ്ഥലം . രണ്ട് വാഹനങ്ങൾക്ക് മാത്രം കഷ്ടിച്ചു പോകാനുള്ള ഇടുങ്ങിയ വഴി.

ഇത്തരം ഒരു യാത്രയ്ക്ക് പോകുന്നതിനു മുമ്പ് ജെയ് വേണ്ട മുൻകരുതലുകൾ എടുത്തിരുന്നില്ലെന്നത് വ്യക്തമാണ് . അവൻറെ മൊബൈലിൽ ബാറ്ററി ചാർജ് തീരാറായിരുന്നു. അതു മാത്രമല്ല അവൻറെ കൈയ്യിൽ ആവശ്യത്തിന് കുടിവെള്ളം പോലുമില്ലായിരുന്നു.


ഇതിനിടെ സ്പെയിനിൽ കാണാതായ 19 വയസ്സുകാരനായ ബ്രിട്ടീഷ് യുവാവിനു വേണ്ടിയുള്ള തിരച്ചിൽ പുതിയ സന്നാഹങ്ങളുമായി പുനരാരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. വെള്ളിയാഴ്ച ഗാർഡിയ സിവിൽ സന്നദ്ധ സംഘടനകളോടും പ്രയാസകരമായ സാഹചര്യങ്ങളിൽ വൈദഗ്ധ്യമുള്ള പൊതുജനങ്ങളോടും വടക്കൻ ടെനറൈഫിലേക്ക് തിരച്ചിലിൽ പങ്കെടുക്കാനായി എത്തിച്ചേരാൻ ആവശ്യപ്പെട്ടിരുന്നു. യുവാവിന്റെ മൊബൈലിലെ സിഗ്നലുകൾ അവസാനം കണ്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. ഇവിടേയ്ക്ക് പരിശീലനം ലഭിച്ച പ്രത്യേക നായ്ക്കളെ മാഡ്രിഡിൽ നിന്ന് എത്തിച്ച് തിരച്ചിൽ നടത്താനാണ് പോലീസ് പദ്ധതി തയ്യാറാക്കുന്നത്. ജെയിയെ കണ്ടെത്താൻ എല്ലാ വിഭവങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് സാൻ്റിഗോ ഡെൽ ടെയ്‌ഡിലെ മേയർ എമിലിയോ നവാരോ പറഞ്ഞു. തൻറെ ഫോൺ 1% മാത്രം ബാറ്ററി ബായ്ക് അപ്പ് ഉള്ളുവെന്നും തനിക്ക് വെള്ളത്തിൻറെ ആവശ്യമുണ്ടെന്നും ജെയ് സ്ലേറ്റർ അവസാനമായി തൻറെ കൂട്ടുകാരിക്ക് അയച്ച സന്ദേശമാണ് പോലീസിന് അവന്റെ തിരോധാനത്തെ കുറിച്ചുള്ള അവസാന സൂചന.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഘട്ടം ഘട്ടമായി നടപ്പിലാക്കാനിരുന്ന പുകവലി നിരോധനം നടപ്പിൽ വരാത്തതിന് ഉത്തരവാദി ആരാണ്. പുകയില നിരോധനം രാജ്യത്ത് നടപ്പിലാക്കുന്നതിന് പ്രധാനമന്ത്രി ഋഷി സുനകിനെ കുറ്റപ്പെടുത്തി കൊണ്ടുള്ള റിപ്പോർട്ട് പ്രമുഖ പത്രമായ ഗാർഡിയൻ പുറത്തുവിട്ടു. ഇതിന് പ്രധാന കാരണമായി അവർ ചൂണ്ടി കാണിക്കുന്നത് പ്രമുഖ ടുബാക്കോ കമ്പനികളുടെ സർക്കാരിന്റെ മേലുള്ള സമ്മർദ്ദമാണ്.

2009 -ന് ശേഷം ജനിച്ച ആർക്കും പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമത്തിന് അനുകൂലമായി എംപിമാർ വോട്ട് ചെയ്തിരുന്നു. എന്നാൽ ഇതുവരെ ഈ നിയമം നടപ്പിലാക്കാൻ സർക്കാർ മുൻകൈ എടുത്തില്ലെന്നതാണ് വിമർശനം ഋഷി സുനക് സർക്കാരിനെതിരെ നീങ്ങാൻ കാരണമായിരിക്കുന്നത്. നിയമപരമായ ഭീഷണികൾ, ലോബിയിംഗ്, കൺസർവേറ്റീവ് എംപിമാരെ ലക്ഷ്യം വച്ചുള്ള നീക്കങ്ങൾ കമ്പനികൾ ആസൂത്രിതമായി നടപ്പിലാക്കിയതാണ് നിരോധാനത്തിൽ നിന്ന് പിന്നോക്കം പോകാൻ സർക്കാരിനെ പ്രേരിപ്പിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്.


സർക്കാരിന്റെ നയങ്ങൾ നടപ്പിൽ വരുത്തുന്നതിൽ നിന്ന് പിന്നോട്ടടിച്ചതിന് ലോകത്തിലെ ഏറ്റവും വലിയ നാല് പുകയില സ്ഥാപനങ്ങൾ പങ്കെടുത്തിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. യുകെയിലെ ഇംപീരിയൽ ബ്രാൻഡുകളും ബ്രിട്ടീഷ് അമേരിക്കൻ ടുബാക്കോയും (BAT), ജപ്പാൻ ടൊബാക്കോ ഇൻ്റർനാഷണൽ (JTI), യുഎസ് ആസ്ഥാനമായ ഫിലിപ്പ് മോറിസ് ഇൻ്റർനാഷണൽ (PMI) . എന്നിവയാണ് ഈ കമ്പനികൾ. നിരോധാനത്തിനെതിരെ ഇംപീരിയലും ബിഎടിയും ഫെബ്രുവരിയിൽ ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസിന് കത്തെഴുതി. യുകെയിൽ വിൽക്കുന്ന പുകയില ഉത്പന്നങ്ങളുടെ പകുതിയും ഉത്പാദിപ്പിക്കുന്നത് ഇംപീരിയൽ ബ്രാൻഡ് ആണ് . നിരോധനം നടപ്പിലാക്കുകയാണ് പുകയില ഉത്പന്നങ്ങൾ മൂലം ഉണ്ടാകുന്ന രോഗങ്ങൾക്കായി എൻഎച്ച്എസ് ചിലവഴിക്കുന്ന കോടിക്കണക്കിന് ഫണ്ടും ആളുകളുടെ ജീവനും രക്ഷിക്കാൻ സാധിക്കുമെന്നാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യവിദഗ്ധർ പറയുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വളരെ ഹൃദയഭേദകമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ വായനക്കാരെ അറിയിക്കുന്നത്. ബെഡ്ഫോർഡിൽ ഒരു മലയാളി അപകടത്തിൽ മരണമടഞ്ഞു. വെറും നാലുമാസം മുമ്പ് മാത്രം യുകെയിൽ എത്തിയ 36 വയസ്സുകാരനായ റൈഗൻ ജോസാണ് ദാരുണമായ ദുരന്തം ഏറ്റുവാങ്ങിയത്.

റൈഗന്റെ ഭാര്യ തൃശ്ശൂർ സ്വദേശിയായ സ്റ്റീന ബെഡ്ഫോർഡ് ഹോസ്പിറ്റലിൽ നേഴ്‌സ് ആണ് . ഇവ എന്ന ഒരു മകളും ഇവർക്കുണ്ട്. കാലടി കോട്ടമം മണവാളൻ ജോസ് ആണ് പിതാവ്. മരണമടഞ്ഞ റൈഗനും ഭാര്യ സ്റ്റീനയും ബേഡ്ഫോർഡ് സെൻറ് അൽഫോൺസ് മിഷനിലെ അംഗങ്ങളായിരുന്നു.

ജോലിസ്ഥലത്ത് ക്രെയിനിൽ നിന്ന് ലോഡ് താഴേക്ക് പതിച്ച് ആണ് അപകടം ഉണ്ടായതെന്നാണ് അറിയാൻ സാധിച്ചത് . നിലവിൽ അപകട മരണത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകാൻ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

ബെഡ് ഫോർഡ് സെൻറ് അൽഫോൻസ് മിഷനിലെയും പ്രാദേശിക മലയാളി കൂട്ടായ്മയിലെയും അംഗങ്ങൾ ഈ വിഷമ ‘ഘട്ടത്തിൽ കുടുംബത്തിന് താങ്ങായി ഒപ്പമുണ്ട്. ഒരു ദിവസം മുൻപ് മാത്രമാണ് ബെഡ് ഫോർഡ് സെൻറ് അൽഫോൻസ് മിഷനിൽ അംഗമായ ജോജോ ഫ്രാൻസിസ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്. അടുത്തിടെയുണ്ടായ രണ്ടു മരണങ്ങളുടെയും വേദനയിലാണ് ഇവിടെയുള്ള മലയാളികൾ .

റൈഗൻ ജോസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്പെയിനിൽ കാണാതായ 19 വയസ്സുകാരനായ ബ്രിട്ടീഷ് യുവാവിനു വേണ്ടിയുള്ള തിരച്ചിൽ പുതിയ സന്നാഹങ്ങളുമായി പുനരാരംഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 19 വയസ്സ് പ്രായമുള്ള ജെയ് സ്ലേറ്ററിനെ ജൂൺ 17 തിങ്കളാഴ്ച മുതൽ ആണ് സ്പെയിനിലെ ടെനറൈഫിൽ നിന്ന് കാണാതായത്. ലങ്ക ഷെറിൽ നിന്നുള്ള ജെയ് സ്പാനിഷ് ദ്വീപിൽ അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു. ഷോർട്ട്സും വെള്ള ടീഷർട്ടും ആണ് ജെയ് ധരിച്ചിരുന്നത്. ഒരു കറുത്ത ബാഗും ഇയാളുടെ കൈയ്യിൽ ഉണ്ടായിരുന്നതായാണ് കരുതപ്പെടുന്നത് . സംഭവം അറിഞ്ഞതിനെ തുടർന്ന് ജെയിയുടെ അമ്മ യുകെയിൽ നിന്ന് ടെനറൈഫിലേയ്ക്ക് പോയിട്ടുണ്ട്. വെള്ളിയാഴ്ച ഗാർഡിയ സിവിൽ സന്നദ്ധ സംഘടനകളോടും പ്രയാസകരമായ സാഹചര്യങ്ങളിൽ വൈദഗ്ധ്യമുള്ള പൊതുജനങ്ങളോടും വടക്കൻ ടെനറൈഫിലേക്ക് തിരച്ചിലിൽ പങ്കെടുക്കാനായി എത്തിച്ചേരാൻ ആവശ്യപ്പെട്ടിരുന്നു.

പരിചയസമ്പന്നരായ ഡസൻ കണക്കിന് പ്രാദേശിക അഗ്നിശമന സേനാംഗങ്ങളും പോലീസും തിരച്ചിലിൽ പങ്കെടുക്കുന്നതിനെ പ്രതീക്ഷയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പോലീസിനെയും അഗ്നിശമന സേനാംഗങ്ങളെയും പ്രത്യേക പരിശീലനം ലഭിച്ച ആളുകളെയും കൂടാതെ 12 ഓളം പ്രാദേശിക വാസികളും തിരച്ചിലിൽ പങ്കെടുക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


ഒരാഴ്ച പിന്നിട്ടിട്ടും പോലീസിന്റെ അന്വേഷണത്തിൽ എന്തെങ്കിലും പുരോഗതി ഉണ്ടായതായുള്ള സൂചനകൾ ഒന്നുമില്ലാത്തത് കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട്. ജെയ് സ്ലേറ്ററിനായുള്ള തിരച്ചിൽ 12 ദിവസം പിന്നിടുകയാണ്. നിലവിലെ അന്വേഷണത്തിന് പുരോഗതി ഇല്ലാത്തതു കൊണ്ട് പരിശീലനം ലഭിച്ച പ്രത്യേക നായ്ക്കളെ സ്ഥലത്തെത്തിച്ച് തിരച്ചിൽ നടത്തുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു .

യുവാവിന്റെ മൊബൈലിലെ സിഗ്നലുകൾ അവസാനം കണ്ട സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. ഇവിടേയ്ക്ക് പരിശീലനം ലഭിച്ച പ്രത്യേക നായ്ക്കളെ മാഡ്രിഡിൽ നിന്ന് എത്തിച്ച് തിരച്ചിൽ നടത്താനാണ് പോലീസ് പദ്ധതി തയ്യാറാക്കുന്നത്. ജെയിയെ കണ്ടെത്താൻ എല്ലാ വിഭവങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് സാൻ്റിഗോ ഡെൽ ടെയ്‌ഡിലെ മേയർ എമിലിയോ നവാരോ പറഞ്ഞു. തൻറെ ഫോൺ 1% മാത്രം ബാറ്ററി ബായ്ക് അപ്പ് ഉള്ളുവെന്നും തനിക്ക് വെള്ളത്തിൻറെ ആവശ്യമുണ്ടെന്നും ജെയ് സ്ലേറ്റർ അവസാനമായി തൻറെ കൂട്ടുകാരിക്ക് അയച്ച സന്ദേശമാണ് പോലീസിന് അവന്റെ തിരോധാനത്തെ കുറിച്ചുള്ള അവസാന സൂചന.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൈനിക യൂണിഫോം ധരിച്ച ചാൾസ് രാജാവിൻ്റെ പുതിയ ഛായാചിത്രം സായുധ സേനാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കി. വിൻഡ്‌സർ കാസിലിൻ്റെ ഗ്രാൻഡ് കോറിഡോറിൽ രാജാവ് ഉപവിഷ്ടനാകുന്ന നിലയിൽ ആണ് ചിത്രം രൂപകൽപന ചെയ്തിരിക്കുന്നത്. ഫീൽഡ് മാർഷലിൻ്റെ ആചാരപരമായ വസ്ത്രങ്ങൾ ധരിച്ചിരിക്കുന്ന രാജാവ് മെഡലുകളും മറ്റ് സ്ഥാന ചിഹ്നങ്ങളും ധരിച്ചിട്ടുണ്ട്.

ജൂണിലെ അവസാന ശനിയാഴ്ചയായ ഇന്നാണ് യുകെയിൽ സായുധസേനാ ദിനമായി ആചരിക്കുന്നത് . വീരമൃത്യു അടഞ്ഞവരും വിരമിച്ചവരും വിട പറഞ്ഞവരുമായ സൈനികരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ബഹുമാനാർത്ഥമാണ് സായുധസേനാ ദിനം ആചരിക്കുന്നത്. 2023 -ലെ രാജാവിൻറെ കിരീട ധാരണത്തിന്റെ ഔദ്യോഗിക ചിത്രങ്ങൾ പകർത്തിയ കൊട്ടാര ഫോട്ടോഗ്രാഫറായ ഹ്യൂഗോ ബർണാണ്ട് കഴിഞ്ഞ നവംബറിൽ എടുത്തതാണ് ചാൾസ് രാജാവിൻറെ ഇന്ന് പുറത്തിറക്കുന്ന ചിത്രം.


ബ്രിട്ടീഷ് ആർമിയിലെ ഏറ്റവും ഉയർന്ന പദവിയാണ് ഫീൽഡ് മാർഷൽ എന്നത്. എലിസബത്ത് രാജ്ഞി ജീവിച്ചിരിക്കെ തന്നെ രാജാവ് ഈ പദവിയിലേയ്ക്ക് ഉയർത്തപ്പെട്ടിരുന്നു. രാജ്ഞിയുടെ മരണ ശേഷം രാജാവായത് മുതൽ അദ്ദേഹം മുഴുവൻ സായുധസേനയുടെയും ആചാരപരമായ തലവനാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ടാറ്റാ സ്റ്റീൽ പ്ലാന്റിലെ പ്രശ്നങ്ങൾ വഷളാകുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ജൂലൈ 8 മുതൽ ഏകപക്ഷീയമായ പണിമുടക്കിന് ആഹ്വാനം ചെയ്യുമെന്ന് യൂണൈറ്റഡ് യൂണിയൻ പ്രഖ്യാപിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ടാറ്റാ സ്റ്റീൽ പ്രഖ്യാപിച്ചു . ഇത് വരും ദിവസങ്ങളിൽ കമ്പനിയും യൂണിയനുമായുള്ള സംഘർഷം വർദ്ധിപ്പിക്കും എന്നാണ് വിലയിരുത്തുന്നത്.

മുംബൈ ആസ്ഥാനമായുള്ള സ്റ്റീൽ കമ്പനി ജൂൺ അവസാനത്തോടെ ഒരു സ്ഫോടന ചൂളയും സെപ്തംബർ മാസത്തോടെ രണ്ടാമത്തേതും അടച്ചുപൂട്ടാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ പണിമുടക്ക് നടക്കുന്ന സാഹചര്യത്തിൽ കമ്പനികളുടെ പ്രവർത്തനം നിർത്തിവയ്ക്കുകയല്ലാതെ മറ്റ് മാർഗ്ഗമൊന്നും തങ്ങളുടെ മുന്നിലില്ലെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.

പിരിച്ചുവിടാനുള്ള ടാറ്റാ സ്റ്റീൽ കമ്പനിയുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധമാണ് തൊഴിലാളി യൂണിയൻ ഉയർത്തുന്നത് . 1500 തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . 40 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് യുകെയിലെ ടാറ്റാ സ്റ്റീൽ തൊഴിലാളികൾ പണിമുടക്കുന്നത്.

പോർട്ട് ടാൽബോട്ടിലെ രണ്ട് ചൂളകൾ പ്രവർത്തനം നിർത്തുമ്പോൾ ഏകദേശം 2,800 ടാറ്റ സ്റ്റീൽ തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടും. എന്നാൽ തൊഴിലാളികൾ നടത്തുന്ന പണിമുടക്ക് കമ്പനിയുടെ പ്രവർത്തനത്തെ ബാധിച്ചാൽ അടച്ചുപൂട്ടൽ നടപടികൾ വേഗത്തിലാക്കുമെന്ന ഭീഷണിയുടെ സ്വരമാണ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. എങ്ങനെയൊക്കെയായാലും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 8 – ന് സമരവുമായി മുന്നോട്ടു പോകുമെന്ന നിലപാടിലാണ് യുണൈറ്റഡ് യൂണിയൻ.

വളരെ നാളുകളായി ടാറ്റാ സ്റ്റീലിന്റെ പോർട്ട് ടാൽബോട്ടിലെ ഉരുക്ക് നിർമ്മാണശാലയിൽ പ്രതിസന്ധി കനക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ് . ആധുനിക വത്കരണത്തിന്റെ ഭാഗമായാണ് തൊഴിലാളികൾക്ക് ഇവിടെ ജോലി നഷ്ടമാകുന്നത്. സമരത്തിൽ തൊഴിലാളികൾ പങ്കെടുത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സം നേരിട്ടാൽ നിലവിൽ വാഗ്ദാനം ചെയ്തിരിക്കുന്ന വിരമിക്കൽ പാക്കേജിൽ നിന്ന് ടാറ്റാ സ്റ്റീൽ പുറകോട്ട് പോകുമെന്ന്‌ കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് നായർ പറഞ്ഞത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

സൗത്ത് വെയിൽസിലെ ടാറ്റാ സ്റ്റീൽ ബ്രിട്ടനിലെ ഏറ്റവും വലിയ സ്റ്റീൽ ഉല്പാദകരാണ്.  ടിൻ ക്യാനുകൾ മുതൽ കാറുകൾ വരെ ഉപയോഗിക്കുന്ന ഉരുക്ക് ഉൽപ്പാദിപ്പിക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് ബ്ലാസ്റ്റ് ഫർണസുകൾ ഈ സ്റ്റീൽ വർക്കിന്റെ സവിശേഷതയാണ്. എന്നാൽ യുകെയിൽ ഏറ്റവും കൂടുതൽ മലിനീകരണം സൃഷ്ടിക്കുന്നതും ഈ സ്റ്റീൽ കമ്പനിയാണ്. ഇതിന് പിന്നാലെയാണ് സ്റ്റീൽ നിർമ്മാണത്തിനായി പുതിയ ഇലക്ട്രിക് ആർക്ക് ഫർണസുകൾ സ്ഥാപിക്കുന്നതിന് ഫണ്ട് നൽകാൻ യുകെ സർക്കാർ തീരുമാനിച്ചത്. എന്നാൽ കമ്പനി പുതിയ ഫർണസുകൾ ഉപയോഗിക്കാൻ തുടങ്ങുമ്പോൾ ആയിരക്കണക്കിന് ജീവനക്കാർക്ക് തങ്ങളുടെ തൊഴിൽ നഷ്ടമാകുമെന്നതാണ് സമരത്തിന് കാരണമായിരിക്കുന്നത്. പുതിയ ഫർണസുകൾ ഉപയോഗിക്കുമ്പോൾ യുകെയുടെ മുഴുവൻ ബിസിനസ്, വ്യാവസായിക കാർബൺ ഉദ്‌വമനം 7% കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയിക്ക് പെന്‍ പിന്റര്‍ പുരസ്‌കാരം! 14 വര്‍ഷം മുമ്പ് നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അരുന്ധതി റോയിയുടെ മേൽ രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയതിന് രണ്ടാഴ്ച്ച മാത്രം ആയിരിക്കെയാണ് അരുന്ധതിയെ പുരസ്കാര ജേതാവായി ‘ഇംഗ്ലിഷ് പെൻ’ അധ്യക്ഷ റൂത്ത് ബോർത്‌വിക് പ്രഖ്യാപിച്ചത്. പെൻ ഇംഗ്ലീഷിൻ്റെ പത്രക്കുറിപ്പിലൂടെ പങ്കിട്ട ഒരു പ്രസ്താവനയിൽ, അചഞ്ചലമായ ധീരത, ആടിയുലയാത്ത നിലപാടുകൾ… ബ്രിട്ടിഷ് നാടകകൃത്ത് ഹാരൾഡ് പിന്ററുടെ നൊബേൽ പ്രസംഗത്തിൽ നിന്നുള്ള മനോഹര വാക്കുകൾ ഉദ്ധരിച്ചാണ് അധികൃതർ അരുന്ധതിയുടെ രചനകളെ വിശേഷിപ്പിച്ചത്.

അന്തരിച്ച നാടകകൃത്ത് ഹരോൾഡ് പിൻ്ററിനോടുള്ള ആദരവായി 2009-ലാണ് ഇംഗ്ലീഷ് പെൻ ആരംഭിച്ചത്. ഇംഗ്ലീഷ് പെൻ ചെയർ റൂത്ത് ബോർത്ത്‌വിക്ക്, നടൻ ഖാലിദ് അബ്ദുല്ല, എഴുത്തുകാരൻ റോജർ റോബിൻസൺ എന്നിവരായിരുന്നു വിധികർത്താക്കൾ. 1997 ൽ ബുക്കർ പുരസ്കാരം നേടിയ ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ നോവലിലൂടെയാണ് അരുന്ധതി രാജ്യാന്തര പ്രശസ്‌തി നേടിയത്. പിന്നീട് രാഷ്ട്രീയ നിലപാടുകളും എഴുത്തും ആക്ടിവിസവും അവർക്ക് അതിലേറെ ശ്രദ്ധ നേടി കൊടുത്തു.

യുകെ, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, കോമണ്‍വെല്‍ത്ത്, മുന്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള എഴുത്തുകാർ എന്നിവർക്കാണ് പെന്‍ പിന്റര്‍ പുരസ്‌കാരം നല്‍കി വരുന്നത്. ഒക്ടോബർ 10നു നടക്കുന്ന പുരസ്‌കാരദാന ചടങ്ങിന് ലണ്ടനിലെ ബ്രിട്ടിഷ് ലൈബ്രറിയാണ് ആതിഥേയത്വം വഹിക്കുന്നത്

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബെഡ് ഫോർഡിനടുത്തുള്ള സെന്റ് നിക്കോൾസിൽ താമസിക്കുന്ന ജോജോ ഫ്രാൻസിസ് മരണമടഞ്ഞു . ഇന്ന് രാവിലെ ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത് എന്നാണ് അറിയാൻ സാധിച്ചത്. 52 വയസ്സു മാത്രം പ്രായമുള്ള ജോജോ ഫ്രാൻസിസ് കേരളത്തിൽ ചങ്ങനാശ്ശേരിക്ക് അടുത്തുള്ള മാമൂട് സ്വദേശിയാണ്.

വീട്ടിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എമർജൻസി സർവീസിനെ വിളിച്ചെങ്കിലും അവർ വരുന്നതിനുമുമ്പ് മരണം സംഭവിക്കുകയായിരുന്നു. ജോജോയും കുടുംബവും കോവിഡിന് മുമ്പാണ് യുകെയിലെത്തിയത്. എ- ലെവലിൽ പഠിക്കുന്ന വിദ്യാർഥിയായ ഒരു മകനാണ് ഇവർക്ക് ഉള്ളത്.

മലയാളികളുടെ ഇടയിലുള്ള ഓരോ മരണവും കടുത്ത ആഘാതവും വേദനയുമാണ് യുകെ മലയാളി സമൂഹത്തിന് സമ്മാനിക്കുന്നത്. ജീവിതശൈലി രോഗങ്ങൾ ബാധിച്ചുള്ള മരണം വളരെ കൂടുതലാകുന്നതായാണ് അടുത്തിടെയുണ്ടായ മരണ വാർത്തകൾ പരിശോധിക്കുമ്പോൾ മനസ്സിലാകന്നത്. വളരെ പ്രായം കുറഞ്ഞവരിലും ഹൃദയാഘാതവും ക്യാൻസറും ബാധിക്കുന്നതിന്റെ നിരക്ക് യുകെ മലയാളി സമൂഹത്തിൽ കൂടിയിരിക്കുകയാണ് .

ജോജോ ഫ്രാൻസിസിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4 ൻ്റെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ആര് സർക്കാർ രൂപീകരിച്ചാലും തിരഞ്ഞെടുപ്പ് തീയതിയുമായി ബന്ധപ്പെട്ട വാതുവെയ്പ്പ് വിവാദങ്ങൾ അവസാനിക്കാൻ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും ഒരുപോലെ ഞെട്ടിച്ചു കൊണ്ടാണ് പൊതു തെരഞ്ഞെടുപ്പ് തീയതിയായ ജൂലൈ 4- ന് പ്രധാനമന്ത്രി ഋഷി സുനക് പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ വാതുവെയ്പ്പ് വിവാദത്തോടെ അനുബന്ധിച്ച് നടക്കുന്ന പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ തിരിച്ചടിയാകുന്നത് പ്രധാനമന്ത്രി ഋഷി സുനകിനും കൺസർവേറ്റീവ് പാർട്ടിക്കുമാണ്.


തൻ്റെ പാർലമെൻ്ററി സഹായിയായ ക്രെയ്ഗ് വില്യംസിനോട് പൊതുതിരഞ്ഞെടുപ്പ് തീയതിയെക്കുറിച്ച് പറഞ്ഞോ എന്ന് പറയാൻ പ്രധാനമന്ത്രി വിസമ്മതിച്ചുതാണ് ഈ വിഷയത്തിൽ ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്ന ചൂടുള്ള വാർത്ത. തിരഞ്ഞെടുപ്പ് തീയതിയിൽ പന്തയം വെച്ചതായി സമ്മതിച്ചതിനെത്തുടർന്ന് കൺസർവേറ്റീവുകൾ ചൊവ്വാഴ്ച സ്ഥാനാർത്ഥിയായി വില്യംസിനുള്ള പിന്തുണ പിൻവലിച്ചിരുന്നു . എന്നാൽ താനൊരു കുറ്റവും ചെയ്തിട്ടില്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. ഇതിനിടെ തിരഞ്ഞെടുപ്പ് വാതുവെയ്പ്പ് സംബന്ധിച്ച കേസുകളുടെ അന്വേഷണത്തിനായി കൂടുതൽ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയതായി മെട്രോപോളിറ്റൻ പോലീസ് പറഞ്ഞു.

വെല്ലുവിളി നിറഞ്ഞ ഈ തിരഞ്ഞെടുപ്പ് കാലത്ത് കൺസർവേറ്റീവ് പാർട്ടിക്ക് ചൂതാട്ട ആരോപണം വൻ തിരിച്ചടിയാകും. അഞ്ചാഴ്ച മുമ്പ് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചപ്പോൾ പാർട്ടി വോട്ടെടുപ്പിൽ 20 പോയിന്റിന് പിന്നിലായിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ പാർട്ടിയുടെ നാലാമത്തെ പ്രധാനമന്ത്രിയാണ് നിലവിലുള്ളത്. ഇത്രയും ചീത്തപ്പേരുള്ള സാഹചര്യത്തിലാണ് ചൂതാട്ട വിവാദവും പാർട്ടിക്കെതിരെ ആരോപിച്ചിരിക്കുന്നത്. വിവാദത്തിൽ ഇതുവരെ നാല് ടോറി പാർട്ടി അംഗങ്ങളും ഒരു ലേബർ സ്ഥാനാർത്ഥിയും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്

RECENT POSTS
Copyright © . All rights reserved