ലണ്ടന്‍: പൊതുതെരഞ്ഞെടുപ്പിനു ശേഷം ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ദ്ധിച്ചതായി യുഗോവ് പോള്‍ ഫലം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേക്കാള്‍ എട്ട് പോയിന്റ് മുന്നിലാണ് ഏറ്റവും പുതിയ ഫലമനുസരിച്ച് ലേബറിന്റെ സ്ഥാനം. ദി ടൈംസ് നടത്തിയ യുഗോവ് പോളില്‍ 46 ശതമാനം വോട്ടുകള്‍ ലേബര്‍ നേടിയപ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 38 ശതമാനം വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളു. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 6 ശതമാനം വോട്ടുകള്‍ ലഭിച്ചു. യുകിപ്പ് നാല് സ്ഥാനങ്ങള്‍ പിന്നോട്ടു പോകുകയും ചെയ്തു. കഴിഞ്ഞ മാസം ഐസിഎം നടത്തിയ സര്‍വേയില്‍ ലേബറിന് രണ്ട് പോയിന്റുകള്‍ അധികം ലഭിച്ചിരുന്നു. ഒപ്പീനിയം പോളില്‍ 6 പോയിന്റുകളുടെ ലീഡും ലേബറിനുണ്ടെന്ന് വ്യക്തമായിരുന്നു.
ഇടക്കാല തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ഭൂരിപക്ഷം നഷ്ടപ്പെട്ട തെരേസ മേയ് സര്‍ക്കാര്‍ ഭരണം നിലനിര്‍ത്താനായി ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ നടത്തിയത് ജനപിന്തുണ കുറയാന്‍ കാരണമായെന്ന് വിലയിരുത്തലുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് മറ്റു പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ വന്‍ ലീഡായിരുന്നു ഉണ്ടായിരുന്നത്. 1980നു മുമ്പ് മാത്രമായിരുന്നു ടോറികള്‍ക്ക് ഇത്ര വലിയ ലീഡ് ലഭിച്ചിരുന്നത്. പക്ഷേ തെരഞ്ഞെടുപ്പിന്റെ ഓരോഘട്ടങ്ങളിലും ഈ ലീഡ് കുത്തനെ ഇടിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പല കാര്യങ്ങളിലും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ടു പോകേണ്ടി വന്നത് കണ്‍സര്‍വേറ്റീവിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.
13 സീറ്റുകള്‍ നഷ്ടപ്പെട്ട് ഭൂരിപക്ഷം കൈമോശം വന്ന ടോറികളേക്കാള്‍ 40 ശതമാനം വോട്ട് വിഹിതവും 33 അധിക സീറ്റുകളും ലഭിച്ച ലേബറാണ് നേട്ടം കരസ്ഥമാക്കിയത്. രണ്ട് വര്‍ഷം മുമ്പ് കാമറൂണിന്റെ നേതൃത്വത്തില്‍ നേടിയ മേല്‍ക്കൈയാണ് തെരേസ മേയ് കളഞ്ഞു കുളിച്ചത്. പ്രധാനമന്ത്രിയുടെ ഭാവി സംബന്ധിച്ചും ഈ സര്‍വേ ഫലം ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
ലണ്ടന്‍: യുകെയിലെ ജീവനക്കാരില്‍ മൂന്നിലൊന്ന് പേരും മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് സര്‍വേ. വിഷാദം, അമിത ആകാംക്ഷ, സമ്മര്‍ദ്ദം എന്നിവയാണ് തോഴില്‍ മേഖലയെ ബാധിച്ചിരിക്കുന്നതെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ജൂനിയര്‍, സീനിയര്‍ തലത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. പങ്കെടുത്ത 2000 ജീവനക്കാരില്‍ 34 ശതമാനം പേരും തങ്ങള്‍ക്ക് ഏതെങ്കിലും വിധത്തിലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി വെളിപ്പെടുത്തി. ജീവനക്കാരില്‍ ആറില്‍ ഒരാള്‍ക്ക് വീതം ഈ പ്രശ്‌നങ്ങള്‍ ഉള്ളതായാണ് പഠനം തെളിയിക്കുന്നത്.
പിഡബ്ല്യുസി എന്ന മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് സര്‍വേഫലം പുറത്തു വിട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ എന്‍എച്ച്എസ് നേതൃത്വം സര്‍ക്കാരിന് മുന്നറിയിപ്പുമായി രംഗത്തെത്തി. മാനസികാരോഗ്യ മേഖലയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും ഫണ്ടുകള്‍ കാര്യമായി നല്‍കാതെയും സംവിധാനത്തെത്തന്നെ ഇല്ലാതാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന വിമര്‍ശനം നേരത്തേ തന്നെ ഉയര്‍ന്നിരുന്നതാണ്. മാനിസികാരോഗ്യ പ്രശ്‌നങ്ങളുമായി എത്തുന്ന രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുന്നുണ്ടെന്നും എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കി.
ക്വീന്‍സ് സ്പീച്ചില്‍ മാനസികാരോഗ്യ മേഖലയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞിരുന്നു. 39 ശതമാനം ജീവനക്കാരും ഇത്തരം പ്രശ്‌നങ്ങള്‍ മൂലം തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുകയോ ജോലി സമയം കഴിയുന്നതിനു മുമ്പ് പോകേണ്ടി വരികയോ ചെയ്യേണ്ടി വന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ സ്ഥാപനങ്ങള്‍ ജീവനക്കാരുടെ ക്ഷേമം കണക്കിലെടുക്കുന്നില്ലെന്ന് 23 ശതമാനം പേര്‍ വിശ്വസിക്കുന്നതായും സര്‍വേ വ്യക്തമാക്കുന്നു. എന്നാല്‍ തങ്ങളുടെ ആരോഗ്യപ്രശ്‌നം തൊഴിലുടമയോട് വെളിപ്പെടുത്തുന്നത് ശരിയാവില്ലെന്ന അഭിപ്രായക്കാരാണ് 39 ശതമാനവും.
കെന്റ്: രാസവസ്തുക്കള്‍ തളിച്ച 100 കിലോഗ്രാം സ്‌ട്രോബെറി മോഷണം പോയതായി പോലീസ്. കെന്റിലെ ഫാമില്‍ നിന്നാണ് ഇവ മോഷ്ടിക്കപ്പെട്ടത്. പഴങ്ങള്‍ വേഗം വളരുന്നതിനായി അടുത്തിടെ രാസവസ്തു തളിച്ചതാണ് ഇവയെന്നും ഉപയോഗിച്ചാല്‍ വയറിന് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. 100 കിലോഗ്രാം സ്‌ട്രോബെറിക്ക് ഏകദേശം 300 പൗണ്ട് വില വരും. ബ്രെക്‌സിറ്റ് മൂലം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ തൊഴിലാളികള്‍ കൂട്ടത്തോടെ വിട്ടുപോകുന്നതിനാല്‍ സ്‌ട്രോബെറി കൃഷി ചെലവേറിയതായി മാറിയിട്ടുണ്ട്. ഇതുമൂലം പഴങ്ങള്‍ക്ക് വില വര്‍ദ്ധിക്കുകയും ചെയ്യുന്നു.
വിലക്കയറ്റം മോഷ്ടാക്കള്‍ക്ക് ഇവയില്‍ താല്‍പര്യം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. മുമ്പും ഇതേ ഫാമില്‍ നിന്ന് മോഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവര്‍തന്നെയാണ് ഈ സംഭവത്തിനു പിന്നിലെന്ന് കരുതുന്നതായും പോലീസ് അറിയിച്ചു. എന്നാല്‍ പൂര്‍ണ്ണ വളര്‍ച്ചയെത്താറായ പഴങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ ഈ രാസവസ്തുക്കള്‍ പ്രയോഗിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്ന രാസവസ്തുക്കളേക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നവര്‍ ചോദിക്കുന്നു.
ഒരു വളര്‍ച്ചാ സഹായിയാണ് ഈ പഴങ്ങളില്‍ പ്രയോഗിച്ചിരിക്കുന്നതെന്ന് പെസ്റ്റിസൈഡ് ആക്ഷന്‍ നെറ്റ് വര്‍ക്ക് എന്ന ആക്റ്റിവിസ്റ്റ് ഗ്രൂപ്പ് അംഗമായ കെയ്ത്ത് ടൈറല്‍ പറഞ്ഞു. സ്‌ട്രോബെറിയില്‍ വിളവ് വര്‍ദ്ധിപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ചെടിയുടെ വളര്‍ച്ചാഘട്ടത്തില്‍ മാത്രമാണ് ഇത് പ്രയോഗിക്കുന്നത്. ഇത് പഴങ്ങളില്‍ ഉപയോഗിച്ചു എന്നത് വളരെ വിചിത്രമായി തോന്നുന്നുവെന്നും വളരെ അപകടകാരിയായ രാസവസ്തുവാണ് ഇതെന്നും അവര്‍ വ്യക്തമാക്കി. ക്യാന്‍സറിനും പാര്‍ക്കിന്‍സണ്‍സ് രോഗത്തിനും ഇത് കാരണമാകാമെനന്നും അവര്‍ പറഞ്ഞു.
യുകെ : കേരളത്തില്‍ നഴ്സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി വന്ന ഫുജൈറയിലുള്ള ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്തുണയേറുന്നു. ഫുജൈറയിലുള്ള ഈ അച്ചന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ നഴ്സുമാര്‍ ജീവിതകാലം മുഴുവന്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെപ്പറ്റി വളരെ സത്യസന്ധമായ നിരീക്ഷണങ്ങളാണ് നടത്തിയിരിക്കുന്നത്. അതോടൊപ്പം സമൂഹവും സഭയും സ്വീകരിക്കേണ്ട മാറ്റങ്ങളെപ്പറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. സമൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇതുപോലെയുള്ള അച്ചന്മാര്‍ നടത്തുന്ന ഇടപെടലുകള്‍ എന്തുകൊണ്ടും അഭിനന്ദനാര്‍ഹമാണ്.
ജോയി അച്ചന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെകൊടുക്കുന്നു
UNA യും കത്തോലിക്ക സഭയും സോഷ്യല്‍ മീഡിയ ട്രോളെഴ്സും ഞാനും പിന്നെ നിങ്ങളും !!!!
*************************************************
കൊച്ചി: കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള ആശുപത്രികളില്‍ നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി എന്ന് ഇന്നലെ ടിവിയില്‍ കണ്ടു . നഴ്സുമാരുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിനായി സഭ പതിനൊന്നംഗ കമ്മിറ്റി രൂപീകരിച്ചു. അടുത്തമാസം കൂടുതല്‍ ശമ്പള വര്‍ദ്ധന പ്രാബല്ല്യത്തില്‍ വരുമെന്നും സഭ വ്യക്തമാക്കിയിട്ടുണ്ട്. വേതന വര്‍ദ്ധനവിന്റെ കാര്യത്തില്‍ സര്‍ക്കാറിന്റെ തീരുമാനത്തിനായി കാത്തുനില്‍ക്കില്ലെന്നും സഭ അറിയിച്ചു. നിലവില്‍ സഭയുടെ കീഴിലുള്ള ആശുപത്രികളിലടക്കം മിനിമം വേതനം ആവശ്യപ്പെട്ട് നഴ്സുമാര്‍ പ്രതിഷേധത്തിലാണ്. കത്തോലിക്ക സഭയുടെ ആശുപത്രികളില്‍ നഴ്സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കും… അത് കണ്ടപ്പോള്‍ മാളത്തില്‍ നിന്നും പുറത്തു വന്നതല്ല. എനിക്കുമുണ്ട് ഇനി ചിലത് ചെയ്യാന്‍ എന്ന് ഞാന്‍ തിരിച്ചറിയുന്നു പ്രിയ സഹോദരീ മക്കള്‍ മാലാഖമാരെ ….
മാലാഖമാരെന്നു നമുക്കിഷ്ടമുള്ളപ്പോള്‍ അവരെ വിളിക്കുകയും അല്ലാത്തപ്പോഴൊക്കെ നാം അവരെ നമുക്ക് തോന്നിയപോലെ വിളിച്ചൂ .. ചിത്രീകരിച്ചൂ .. സാഹിത്യത്തിലും സിനിമയിലും മാധ്യമങ്ങളിലും നാം അവരെ കണ്ടതും അവരെക്കുറിച്ച് കേട്ടതില്‍ ഭൂരിഭാഗവും ഇവരുടെ ജീവിതത്തിന്റെ സേവനത്തിന്റെ മഹാനീയതയല്ല …. മറിച്ചു അതിന്റെ വളരെ അപൂര്‍വ്വമായ വീഴ്ച്ചകളെയും വിഹ്വലതകളേയും പാര്‍വ്വതീകരിക്കുന്നതാണ്. സമൂഹ മനസാക്ഷി രൂപപ്പെടുത്തുന്ന ഈ വിദ്യാഭ്യാസ, മാധ്യമ, രാഷ്ട്രീയ, കലാ സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ഒരു മനസാക്ഷി പരിശോധനക്ക് തയ്യാറാകണം. അല്ലാതെ ഇപ്പോള്‍ കിടന്നു സോഷ്യല്‍ മീഡിയ ട്രോളിംഗ് നടത്തുന്ന പലരും ആരെയും സഹായിക്കാനാണെന്നൊന്നും കരുതേണ്ടതില്ല.. കിട്ടിയ അവസരങ്ങളില്‍ അവര്‍ ആളാകാനും കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനും ശ്രമിക്കുന്ന കപട ബുദ്ധിജീവികളും ധാര്‍മ്മീകതയോന്നുമില്ലാത്ത ഫൈക് മീഡിയ വാരിയെഴ്സും മാത്രമാണെനും നാം തിരിച്ചറിയണം…
നഴ്സിംഗ് പരിശീലനത്തിന്റെ പേരില്‍ അവരെ കൊള്ളയടിച്ചവരും കീശ വീര്‍പ്പിച്ചവരും. ഇപ്പോള്‍ എവിടെ?. തരംതാണ സാഹചര്യങ്ങളില്‍ അവര്‍ക്ക് TRAINING കൊടുത്ത്.. കടുത്ത സാമ്പത്തീക മാനസീക പീഡനങ്ങളിലൂടെയും ചൂഷണങ്ങളിലൂടെയും അവരെ കടത്തിവിട്ടു പലപ്പോഴും മുറിവേല്പിച്ചു വേദനിപ്പിച്ചു. സേവന മേഘലകളിലേക്ക് അവരെ ഇറക്കിവിട്ടപ്പോഴും അവര്‍ക്ക് ഇക്കാലമത്രയും സഹിക്കേണ്ടി വന്നത് കണക്കെടുത്ത് തിരുത്തേണ്ടതാണ്.. ഇന്നവര്‍ ശമ്പളം പറഞ്ഞൂ ഒരു കുടക്കിഴില്‍ അണി നിരന്നപ്പോള്‍ കൂലിക്കാര്യത്തില്‍ മാത്രമല്ല ഈ നല്ല മാലാഖമാര്‍ തിരുത്ത് ആവശ്യപ്പെടുന്നത് എന്ന് കൂടി നമ്മുടെ സമൂഹവും ഭരണകൂടവും ന്യായാസനങ്ങളും ഏറ്റവും കൂടുതല്‍ നഴ്സിന്ഗ് സ്ഥാപനങ്ങളും ശുശ്രൂഷാ മേഘലകളും നടത്തുന്ന ക്രൈസ്തവ സഭയും അവരുടെ ആശ്രിത സന്ന്യാസ സഭകളും ഖേദപൂര്‍വ്വം ഓര്‍ക്കേണ്ടതുണ്ട്… ഈ സത്യം കൂടി കണക്കിലെടുത്തില്ലെങ്കില്‍.. ശമ്പളം കൂട്ടിയാലും ഈ മേഘലയിലുള്ള പ്രശ്നങ്ങള്‍ തീരില്ല.. അവര്‍ പരിശീലിക്കപ്പെടുന്ന ഇടങ്ങളും അവരുടെ പരിശീലകരും ഇതോടുകൂടി ശുദ്ധീകരിക്കപ്പെണം …
ഈ മാലാഖമാര്‍ നമ്മുടെ മക്കളാണ്.. നമ്മുടെ സഹോദരിമാരാണ്.. ഈ നാടിന്റെ അഭിമാന ഭാജനങ്ങളാണ്. ജീവിതത്തില്‍ പലപ്പോഴും നമ്മള്‍ അവരുടെ പരിചരണം. അനുഭവിക്കുന്നവരാണ്… എപ്പോഴെങ്കിലും നമ്മള്‍ അവരെക്കുറിച്ച് ചിന്തിച്ചോ? അവര്‍ക്കും കുടുംബമുണ്ട്.. മക്കളുണ്ട്.. ശരീരമുണ്ട് വേദനയുണ്ട് രോഗങ്ങളുണ്ട് എന്നൊക്കെ! സേവനകാലം കഴിഞ്ഞു റിട്ടയര്‍ ചെയ്യുമ്പോള്‍.. അതും പലരും അകാലത്തില്‍ പാതി വഴിയില്‍ നടുവേദനക്കാരും .. വെരിക്കോസ് രോഗികളും ഗര്‍ഭാശയ സംബന്ധമായ രോഗികളും ആയാണ് ഇറങ്ങി വരാറ്. അവര്‍ക്ക് ശിഷ്ടകാലത്ത് നല്ല പരിചരണം ആവശ്യ മുണ്ട്.. അതിനു നമ്മുക്ക് രാഷ്ട്രീയ സാമൂഹ്യനീതിന്യായ ആല്മീയ പദ്ധതികളും സ്ഥാപനങ്ങളും കര്‍മ്മപരിപാടികളും വേണം …
അതുകൊണ്ട് നമുക്ക് ഇപ്പൊ കാട്ടിയ വീറും വാശിയും ട്രോളിംഗ് പോസ്റ്റ് ഇട്ട വൈദീകരും ബുദ്ധിജീവികളും, വാരിയെഴ്സും സിനിമാ സാഹിത്യ മാധ്യമ ജീവനക്കാരും കലാകാരന്മാരും ഒക്കെ കാതും കണ്ണും ഹൃദയവും തുറന്നു ജാഗ്രതയോടെ തിരുത്തല്‍ ശക്തിയായി സോഷ്യല്‍ മീഡിയായില്‍ മാത്രമല്ല നമ്മുടെ പ്രസംഗ പീഠങ്ങളിലും ക്ലാസുകളിലും സെമിനാറുകളിലും കലാ സാഹിത്യ കര്‍മ്മ മണ്ഡലങ്ങളിലും ഈ നല്ല മാലാഖമാര്‍ക്ക് വേണ്ടി അവര്‍ നമ്മുടെ ICU WENTILATOR കിടക്കകള്‍ക്കരികില്‍
കാവലിരിക്കുന്ന പോലെ കാവലിരിക്കാം …
സുവിശേഷപ്പെട്ടി
ജോയി അച്ഛന്‍ SDB
ലണ്ടന്‍: ഏത് പ്രായത്തിലുള്ളവര്‍ക്കും തുടര്‍ വിദ്യാഭ്യാസ പദ്ധതികള്‍ വാദ്ഗാനം ചെയ്ത് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍. ത്വരിതവേഗത്തിലുണ്ടാകുന്ന സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ച് ജനങ്ങളെ തയ്യാറാക്കാനുള്ള ഉദ്യമങ്ങളിലേക്ക് ശ്രദ്ധയൂന്നുന്നതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികള്‍ ലേബര്‍ നടപ്പാക്കുമെന്ന കോര്‍ബിന്‍ പ്രഖ്യാപിച്ചത്. എന്‍എച്ച്എസ്, വേതന പ്രശ്‌നങ്ങള്‍ക്കു പിന്നാലെ പാര്‍ട്ടി ഇത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നുവെന്നാണ് ഈ പ്രഖ്യാപനം സൂചിപ്പിക്കുന്നത്.
21-ാം നൂറ്റാണ്ടിലെ വളര്‍ച്ചയ്ക്കും ക്ഷേമത്തിനുമായി നാഷണല്‍ എഡ്യുക്കേഷന്‍ സര്‍വീസ് എന്ന പദ്ധതിയും കോര്‍ബിന്‍ പ്രഖ്യാപിക്കും. ബ്രിട്ടീഷ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ നടത്തുന്ന പ്രസംഗത്തിലായിരിക്കും തെരഞ്ഞെടുപ്പ് വാഗ്ദാനമായി ഈ പ്രഖ്യാപനം നടത്തുക. സാങ്കേതികതയുടെ വളര്‍ച്ച തൊഴിലില്ലായ്മയുണ്ടാക്കുമെന്ന് കരുതുന്നവര്‍ക്ക് വേണ്ടിയല്ല ഈ പ്രഖ്യാപനങ്ങള്‍ എന്നാണ് കോര്‍ബിന്‍ വ്യക്തമാക്കുന്നത്.
സാങ്കേതികമായി ഏത് വിപ്ലവം സംഭവിച്ചാലും അതുമൂലം നഷ്ടമാകുന്ന ജോലികള്‍ക്ക് പകരം ചില അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്. ഇതുവരെ കാണാത്ത വിധത്തിലുള്ള അവസരങ്ങള്‍. അതിനായി ജനങ്ങളെ സജ്ജരാക്കുക എന്നതാണ് ചെയ്യേണ്ടതെന്നും കോര്‍ബിന്‍ പറയുന്നു. നൈപുണ്യ വികസനത്തിനായി ഇപ്പോള്‍ത്തന്നെ ശ്രമങ്ങള്‍ ആരംഭിക്കണമെന്നും അതിനായുള്ള പരിശ്രമങ്ങള്‍ക്കാണ് ലേബര്‍ തുടക്കം കുറിക്കുന്നതെന്നും കോര്‍ബിന്‍ പ്രസംഗത്തില്‍ വ്യക്തമാക്കും.
കൊച്ചി: ക്വട്ടേഷന്‍ വെളിപ്പെടുത്തിയതിനാണ് താന്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പള്‍സര്‍ സുനി. നടിയെ ആക്രമിച്ച കേസില്‍ തനിക്ക് ക്വട്ടേഷന്‍ തന്നത് ആരാണെന്ന് വെളിപ്പെടുത്തിയതാണ് തന്റെ അവസ്ഥയ്ക്ക് കാരണം. തന്റെ മരണമൊഴിയെടുക്കാന്‍ മജിസ്‌ട്രേറ്റിനോട് ആവശ്യപ്പെടുമെന്നും സുനി പറഞ്ഞു. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ സുനിയെ ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനില്‍ എത്തിച്ചപ്പോളായിരുന്നു പ്രതികരണം. ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് കസ്റ്റഡി.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കോട്ടയം സ്വദേശിയായ സുനിയെയാണ് പൊലീസ് പിടികൂടിയത്. ജയിലില്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ വിളിക്കാന്‍ സൗകര്യം ഒരുക്കിക്കൊടുത്തത് ജയിലിലുണ്ടായിരുന്ന ഇയാളാണെന്ന് കണ്ടെത്തിയിരുന്നു. ജയിലില്‍ ഫോണ്‍ ചെയ്തുവെന്ന് പള്‍സര്‍ സുനി പോലീസിനോട് സമ്മതിച്ചു.
നാദിര്‍ഷായെയും ദിലീപിന്റെ മാനെജര്‍ അപ്പുണ്ണിയെയും ഫോണില്‍ വിളിച്ചെന്നാണ് സുനി പറഞ്ഞത്. പണത്തിനായിട്ടാണ് ഫോണ്‍ വിളിച്ചതെന്ന് സമ്മതിച്ച സുനി കത്തിലെ വിവരങ്ങളും പൊലീസിനോട് സമ്മതിച്ചു. മൊബൈല്‍ ഫോണില്‍ നിന്നല്ല അപ്പുണ്ണിയെ ആദ്യം വിളിച്ചത്. കൂടുതല്‍ വ്യക്തതയ്ക്കായി പൊലീസ് നാദിര്‍ഷാ, അപ്പുണ്ണി, പള്‍സര്‍ സുനി എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യും. ഇന്നുതന്നെ ഈ ചോദ്യം ചെയ്യല്‍ ഉണ്ടാകുമെന്നാണ് അറിയുന്നത്.
ലണ്ടന്‍: 2003ലെ ഇറാഖ് യുദ്ധത്തില്‍ യുകെ അനാവശ്യമായാണ് ഇടപെട്ടത് എന്ന ചില്‍ക്കോട്ട് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിനെ വിചാരണ ചെയ്യണമെന്ന് ഹൈക്കോടതിയില്‍ ആവശ്യം. ബ്ലെയറിനെ യുദ്ധക്കുറ്റം ചുമത്തി വിചാരണ ചെയ്യണമെന്നാണ് മൈക്കിള്‍ മാന്‍സ്ഫീല്‍ഡ് ആവശ്യപ്പെട്ടത്. മുന്‍ ഇറാഖി ജനറല്‍ അബ്ദുള്‍വഹീദ് റബ്ബാത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബ്ലെയറിനെയും മുന്‍ ഫോറിന്‍ സെക്രട്ടറി ജാക്ക് സ്‌ട്രോ, മുന്‍ അറ്റോര്‍ണി ജനറല്‍ ലോര്‍ഡ് ഗോള്‍ഡ്‌സ്മിത്ത് എന്നിവരെ പ്രതികളാക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
ചില്‍ക്കോട്ട് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. യുകെയ്ക്ക് സദ്ദാം ഹുസൈന്‍ ഒരു ഭീഷണിയായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് പറഞ്ഞിരുന്നു. ഒരു വ്യക്തതയുമില്ലാതെയാണ് ഇറാഖ് മാരകമായ ആയുധങ്ങള്‍ ശേഖരിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നത്. അതനുസരിച്ച് യുദ്ധം അനാവശ്യമായിരുന്നെന്നും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ അധികാരങ്ങള്‍ മറികടന്നാണ് യുകെ പ്രവര്‍ത്തിച്ചതെന്നും ചില്‍കോട്ട് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
യുദ്ധം അനീതിയായിരുന്നെന്ന് മാന്‍സ്ഫീല്‍ഡ് വ്യക്തമാക്കി. ബ്ലെയറിനെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി നേരത്തേ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് തള്ളിയിരുന്നു. ബ്രിട്ടീഷ് നിയമനുസരിച്ച് ബ്ലെയറിനെ വിചാരണ ചെയ്യാനാവില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.
ലണ്ടന്‍: പ്രായമായവരെ പാര്‍പ്പിക്കുന്ന കെയര്‍ ഹോമുകളില്‍ മൂന്നിലൊന്നിലും സൗകര്യങ്ങള്‍ അപര്യാപ്തമാണെന്ന് വിലയിരുത്തല്‍. കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പരിശോധനകളിലാണ് ഇക്കാര്യം വ്യക്തമായത്. 4000 കെയര്‍ ഹോമുകളില്‍ 32 ശതമാനത്തിലും സൗകര്യങ്ങള്‍ അപര്യാപ്തമാണ്. ഇവയില്‍ ഇനിയും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം. 37 ശതമാനം കെയര്‍ ഹോമുകളോട് സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സോഷ്യല്‍ കെയര്‍ ശോചനീയമായ അവസ്ഥയിലാണെന്നും കമ്മീഷന്‍ വിലയിരുത്തി.
മുന്നറയിപ്പ് നല്‍കാതെയുള്ള സന്ദര്‍ശനങ്ങളാണ് ഇന്‍സ്‌പെക്ടര്‍മാര്‍ നടത്തിയത്. അന്തേവാസികള്‍ക്ക് മരുന്നുകള്‍ നല്‍കുന്നത് ശ്രദ്ധയില്ലാതെയും സുരക്ഷിതമായും അല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. സഹായത്തിനായുള്ള വിളികള്‍ക്ക് മറുപടി ലഭിക്കാതെ പോകുന്നു. ഇവര്‍ക്ക് ഭക്ഷണം കഴിക്കാനോ ടോയ്‌ലറ്റുകളില്‍ പോകാനോ സഹായം ലഭിക്കുന്നില്ലെന്നും പരിശോധനകളില്‍ വ്യക്തമായി. ജീവനക്കാര്‍ തങ്ങളുടെ ജോലി എളുപ്പമാക്കാന്‍ ചെയ്യുന്ന കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നൈറ്റ് ഷിഫ്റ്റിലുള്ള ജീവനക്കാര്‍ അന്തേവാസികളെ നേരം പുലരുന്നതിനു മുമ്പു തന്നെ വിളിച്ചുണര്‍ത്തി ശരീരം വൃത്തിയാക്കിയ ശേഷം വീണ്ടും കിടക്കയില്‍ കിടത്തുന്നതായി കണ്ടെത്തി.
അന്തേവാസികള്‍ക്ക് അവകാശപ്പെട്ട ബഹുമാനവും അന്തസും നല്‍കാത്ത പെരുമാറ്റമാണ് ജീവനക്കാരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ അഡല്‍റ്റ് സോഷ്യല്‍ കെയര്‍ ചീഫ് ഇന്‍സ്‌പെക്ടറായ ആന്‍ഡ്രിയ സറ്റ്ക്ലിഫ് പറഞ്ഞു. റേറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതായി സ്ഥിരീകരിക്കപ്പെട്ടത് 50 ശതമാനം കെയര്‍ ഹോമുകള്‍ മാത്രമാണെന്നും അവര്‍ വ്യക്തമാക്കി.
ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയില്‍ മലയാളം സീറോ മലബാര്‍ കുര്‍ബാനകളില്‍ ചിലത് നിര്‍ത്തലാക്കിയത് സംബന്ധിച്ച് വന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഡീക്കന്‍ ജോബോയ് നെടുനിലം രംഗത്ത് വന്നു. പ്രശ്നങ്ങള്‍ തുടങ്ങിയത് വൈദികനെ അപമാനിക്കാന്‍ ശ്രമം തുടങ്ങിയത് മുതലെന്ന് ഇദ്ദേഹം തന്‍റെ പത്രക്കുറിപ്പില്‍ പറയുന്നു. ഡീക്കന്‍ ജോബോയ് നെടുനിലത്തിന്‍റെ പത്രക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം താഴെ :
ജോബോയ് നെടുനിലം
ഞാന്‍ ഈ ഇടവകയില്‍ സേവനം ചെയ്യുന്ന ഡീക്കനാണ്. സീറോ മലബാര്‍ സഭയും ലാറ്റിന്‍ സഭയും സഹോദരങ്ങളെപ്പോലെ പോകുവാന്‍ ആഗ്രഹിക്കുന്ന ആളാണ് ഇത് വരെയും യുകെയില്‍ വന്നിട്ട് വിവിധ സ്ഥലങ്ങളില്‍ ശുശ്രൂഷ ചെയ്യുവാന്‍ ദൈവം എന്നെ അനുവദിച്ചിട്ടുണ്ട്. ഞാന്‍ മുഴുവന്‍ സമയവും ഒരു ശുശ്രൂഷകനായി തീര്‍ന്ന ഒരു വ്യക്തിയാണ്.
ഒന്ന്, പല തരത്തിലുള്ള സന്ധി സംഭാഷണങ്ങള്‍ ഇടവകക്കാര്‍ നടത്തി നോക്കി എന്നത് ഒരിക്കലും നടക്കാത്ത ഒരു കാര്യമാണ്. ഒരിക്കല്‍ ഒരു മീറ്റിംഗ് കൂടി എന്നത് സത്യമാണ് എന്നാല്‍ അതില്‍ ഉണ്ടായിരുന്ന അജണ്ട അതല്ലായിരുന്നു. തിരുനാളിനെക്കുറിച്ചു സംസാരിക്കാനായിരുന്നു, എന്നാല്‍ അതു സമാധാനത്തില്‍ അല്ലായിരുന്നു നടന്നത്. ചിലര്‍ ഹാളില്‍ ബഹളം വച്ചു മീറ്റിങ്ങില്‍ ഒന്നും പറയാതെ പിരിഞ്ഞു പോയി.
വേറെ പലയിടത്തും ചിലര്‍ ഈ മീറ്റിങ് കൂടിയെന്നു പറഞ്ഞിട്ടും ഞങ്ങളില്‍ പലരും ഇപ്പോളാണ് ഇങ്ങനെയൊരു കാര്യം നടന്നതായി അറിയാന്‍ കഴിഞ്ഞത്. അപ്പോള്‍ ആരാണ് കൂടിയത്? എന്താണ് ചര്‍ച്ച ചെയ്തത്? ഇടവകക്കാര്‍ മൊത്തമായി ഇതിനു എതിര് നില്‍ക്കാത്തതിന്റെ കാരണം എന്തായിരിക്കാം അതിനെക്കുറിച്ചു വാര്‍ത്തയില്‍ പറയുന്നില്ല.
പരിശുദ്ധ കുര്‍ബാന എന്നത് ഒരു അനുഗ്രഹമാണ് ഇത് സമര്‍പ്പണമാണ്, ബലിയാണ്. ഇതിന്റെ ആദ്യ ഭാഗത്തു പറയുന്ന മനോഹരമായ ഒരു ഭാഗമുണ്ട്. അന്നാ പെസഹാ തിരുനാളില്‍ കര്‍ത്താവരുളിയ കല്‍പ്പനപോല്‍ തിരുനാമത്തില്‍ ചേര്‍ന്നീടാം ഒരുമയോടീ ബലിയര്‍പ്പിക്കാം. ഞാന്‍ ആരെയും കുറ്റപ്പെടുത്താനല്ല മറിച്ചു പരിശുദ്ധ കുര്‍ബാന സ്വീകരിച്ചിട്ടു ഒരു മണിക്കൂര്‍ തികയുന്നതിനു മുന്‍പ് പോലും അഭിഷിക്തനെയും കുര്‍ബാനയോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്ന വ്യക്തികളെയും ഒട്ടും കൂസലില്ലാതെ അപമാനിക്കുവാന്‍ ഇടയാകുകയാണെങ്കില്‍ എങ്ങനെ ഇത് മുന്നോട്ട് പോകും? ബലിയര്‍പ്പിക്കുവാന്‍ അദ്ദേഹത്തിന് മാനസികമായി ബുദ്ധിമുട്ടുണ്ടെന്ന് പറയുമ്പോള്‍ ഞങ്ങളോട് ക്ഷമിക്കണം എന്ന് പറയാതെ വീണ്ടും വീണ്ടും അദ്ദേഹത്തെ മാനസികമായി പീഡിപ്പിക്കുന്ന ഈ വക കാര്യങ്ങളില്‍ മുന്നിട്ടറങ്ങുന്നവര്‍ക്കു പരിശുദ്ധ ബലിയെന്താണെന്നു ഒന്ന് കൂടി മനസ്സിലാക്കുന്നത് നല്ലതാണെന്നു തോന്നുകയാണ് അഭിനയമല്ല ബലിയെന്നുറപ്പിക്കുന്ന ഈ വൈദീകന്റെ മുന്‍പില്‍ ഞാന്‍ ശിരസ്സ് നമിക്കുന്നു.
മീറ്റിംഗില്‍ ഞാന്‍ ഒരു കാര്യം അവതരിപ്പിച്ചപ്പോള്‍ ഒരു സഹോദരന്‍ പറഞ്ഞത് എനിക്ക് നിങ്ങളില്‍ വിശ്വാസമില്ലെന്നാണ്. ഞാന്‍ ആ സഹോദരനുമായി ഇതുവരെയും ഒരു ഇടപാടുകളും നടത്തിയിട്ടില്ല. ഒട്ടും പ്രതീക്ഷിക്കാതെ അങ്ങനെ ഒരു സാഹചര്യം വന്നപ്പോള്‍ എന്റെ ഭാഗത്തു നിന്ന് പോലും തെറ്റുണ്ടായി എന്ന് വിശ്വസിക്കുകയും ഏറ്റു പറഞ്ഞു കുമ്പസാരിക്കുകയും ചെയ്ത വ്യക്തിയാണ് ഞാന്‍. അങ്ങനെയെങ്കില്‍ ഇത്രയും വര്‍ഷങ്ങളില്‍ യാതൊരുവിധ പ്രതിഫലവും വാങ്ങാതെ വിശുദ്ധ കുര്‍ബാനയും അനുബന്ധ സേവനങ്ങളും ചെയ്തു തന്ന ഒരു വൈദീകനെ പലവിധത്തില്‍ അപമാനിച്ചിട്ടുണ്ട് എന്നുള്ളത് വ്യക്തമായി എനിക്കറിവുള്ള കാര്യമാണ്. ഇത് ബലിയാണ് എന്നറിവുള്ള അദ്ദേഹം പറഞ്ഞത് എനിക്ക് ഈ ജനത്തിന് ബലിയര്‍പ്പിക്കുവാന്‍ പറ്റില്ല എന്ന് പറയുമ്പോള്‍ എന്തെങ്കിലും കാരണമുണ്ടെന്നു വിശ്വസിക്കുവാന്‍ എനിക്ക് സാധിക്കുന്നുണ്ട്. എന്നിട്ടും ഇടവകയില്‍ മാസത്തില്‍ പിന്നീട് നടന്ന പരിശുദ്ധ കുര്‍ബാനയ്ക്കു പുറത്തു നിന്ന് വൈദീകനെ ഏര്‍പ്പെടുത്തിയത് പോലും ഈ വൈദീകനാണെന്നതാണ് മറ്റൊരു കാര്യം.
ഇവിടെ സെഹിയോനില്‍ നിന്ന് ഒരു ഗ്രൂപ്പ് വന്നു നടത്തിയ വേദപാഠത്തിനു ചില മാതാപിതാക്കള്‍ മക്കളെ വിടാത്തതിന്റെ കാരണം എന്താണെന്ന് കൂടി ഒന്ന് പറയുന്നത് നല്ലതാണ്.
വേദപാഠമില്ലെന്നു പറഞ്ഞ ഇവിടെ കഴിഞ്ഞ മാസം പതിനൊന്നാം തീയതി വേദപാഠ പരീക്ഷ നടന്നിരുന്നല്ലോ.
ലെസ്റ്ററിലെ കാര്യം തീരുമാനിക്കേണ്ടത് ലെസ്റ്ററിലുള്ള വിശ്വാസികളാണ്. പ്രതിസന്ധികളുണ്ടാകുമ്പോള്‍ പ്രതികരിക്കുകയല്ല വേണ്ടത് ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിക്കുകയാണ്. തങ്ങള്‍ക്കു തെറ്റ് പറ്റിയിട്ടുണ്ടോ എന്ന് ചിന്തിക്കുകയാണ്. ഇവിടെ ചൊവ്വാഴ്ച വൈകിട്ട് ഒരു പ്രാര്‍ത്ഥന നടക്കുന്നുണ്ട് ഈ മുന്നൂറു ഇടവകക്കാരുള്ള ഈ പള്ളിയില്‍ മൂന്നു പേരാണ് അതില്‍ പങ്കെടുക്കുന്നത്. ചിലപ്പോള്‍ ഇതുവരെ അതറിഞ്ഞിട്ടു പോലുമില്ലായിരിക്കും പലരെയും ഞാന്‍ അറിയിച്ചിട്ട് പോലും അവര്‍ക്കാര്‍ക്കും അതിനൊട്ടും സമയം കിട്ടുന്നില്ല. മലയാളം കുര്‍ബാന നിന്ന് പോയതില്‍ എനിക്കും അതിയായ വേദനയുണ്ട്. എന്നാലും ഞാന്‍ ആരെയും പഴിക്കുന്നില്ല. ദൈവം അനുവദിക്കാതെ ഒന്നും ഇവിടെ നടക്കുന്നില്ല. പ്രാര്‍ത്ഥിക്കുക ഒപ്പിട്ടു നേടേണ്ടതല്ല പരിശുദ്ധ ബലി ഇന്നലെ ഇവിടെ മലയാളം കുര്‍ബാനയുണ്ടന്നറിഞ്ഞിട്ടും പലരും രാവിലത്തെ ഇംഗ്ലീഷ് കുര്‍ബാനയില്‍ പങ്കെടുത്തതിന്റെ രഹസ്യമെന്താണ്?
അച്ചന്‍ ഇവിടെ വരുന്നതിനു മുന്‍പ് ഇവിടെ മാസത്തില്‍ ഒരു കുര്‍ബാനയെ ഉണ്ടായിരുന്നൂള്ളൂ. എന്നാല്‍ അദ്ദേഹം ഇവിടെ സേവനം ചെയ്തു തുടങ്ങിയപ്പോള്‍ അദ്ദേഹം തന്നെ ചെയ്തു തന്ന ഒരു സഹായമാണ് എല്ലാ ആഴ്ചയും മലയാളം കുര്‍ബാന അതിനു അദ്ദേഹത്തിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നിട്ടും അദ്ദേഹം ഈ കഷിഞ്ഞ 10 വര്‍ഷവും അത് തുടര്‍ന്ന് പോന്നത് യാതൊരു വിധ പ്രതിഫലവും വാങ്ങാതെയാണ്. മാത്രമല്ല പെസഹാക്കാലങ്ങളില്‍ എല്ലാ ശുശ്രൂഷകളും ഒക്ടോബര്‍ മാസത്തില്‍ കൊന്തനമസ്‌കാരവും പരിശുദ്ധ കുര്‍ബാനയും ഒക്കെ അദ്ദേഹം ചെയ്തു പോന്നിരുന്നു. മറ്റു റീത്തുകളില്‍ ഉള്ളവരെ പോലും സമന്വയിപ്പിച്ചു ഈ ദേവാലയത്തില്‍ ശുശ്രൂഷ ചെയ്തു പോന്നിരുന്ന അദ്ദേഹത്തിനു ഒരു മാറ്റം വരുന്ന ഈ സാഹചര്യത്തില്‍ അച്ചന്‍ വന്നപ്പോഴ്ുള്ള പോലെ ശുശ്രൂഷയെ ക്രമീകരിക്കപ്പെടുവാന്‍ അദ്ദേഹം ശ്രമിച്ചതാണ് ഇതിന്റെ മറ്റൊരു കാരണം. അദ്ദേഹത്തിനെതിരായി ഒരു പറ്റം ജനങ്ങള്‍ കൂടുന്നതൊക്കെ അത് ഒരു നല്ല ഇടവക ജനത്തിന് ചേരുന്നതാണോ.
ഇവിടെ നിന്നും അച്ചന്‍ സോജിയച്ചനുമായി ചേര്‍ന്ന് ക്രമീകരിച്ച വേദപാഠ ക്ലാസ്സുകള്‍ക്കു പോലും ചില വ്യക്തികള്‍ക്ക് വിഷമമുണ്ടായതുമൂലം അവരോടു നേരിട്ട് ഇവിടേയ്ക്ക് വരു ന്നതിനു മുന്‍പ് ഒന്ന് പ്രാര്‍ത്ഥിച്ചിട്ടു വന്നാല്‍ മതിയെന്ന് പറയുന്ന വിധത്തില്‍ ഇടവകാംഗം പെരുമാറിയത് ഒരു ഡീക്കനെന്ന നിലയില്‍ ഞാന്‍ ചോദിച്ചപ്പോള്‍ ആ വ്യക്തി എന്നോട് പറഞ്ഞ വാക്ക് ഇവിടെ ഏഴുതുവാന്‍ പോലും പറ്റാത്തത് വിധത്തില്‍ മോശമായ ഒന്നാണ് അദ്ദേഹം സാധാരണ ഒരു വ്യക്തിയല്ലയെന്നതും മഹത്തായ ഒരു ശുശ്രൂഷ ചെയ്യുന്നയാളുമാണെന്നാണ് മറ്റൊരു കാര്യം. ഈ പത്ത് വര്‍ഷമായിട്ടും എന്താണ് ഇവര്‍ക്ക് ഇതില്‍ നിന്ന് കിട്ടിയത് അപ്പോള്‍ യാതൊരുവിധ ഫലവും ലഭിക്കാത്ത ഈ പരിശുദ്ധ ബലിടുയോടുള്ള അര്‍ഹമായ ആദരവു ഇല്ലാത്തതുകൊണ്ട് ദൈവം തന്നെ അത് പിന്‍വലിച്ചതാകുമോ?
ദേവാലയത്തിന്റെ ചില അറ്റകുറ്റ പണികള്‍ ചെയ്തത് മലയാളികളില്‍ ചിലരാണെന്നു പറയുന്ന ഈ വ്യക്തികള്‍ കാരണമാണ് ദൈവം പോലും ജീവിക്കുന്നതെന്ന് പറയാന്‍ മടിക്കാത്ത ഇവരുടെ മനോഭാവത്തെക്കുറിച്ചു പറയുമ്പോള്‍ ദൈവത്തിനും ദേവാലയത്തിനു ഇവരില്‍ ചിലര്‍ കൊടുത്തിരിക്കുന്ന വിലയെക്കുറിച്ചു മനസ്സിലാകും.
ഇതൊക്കെ കടമകളാണ് നമ്മുടെ പൂര്‍വ്വികരോട് ചോദിച്ചാല്‍ ദേവാലയത്തിനു കൊടുത്തത്തെക്കുറിച്ചു ഒരിക്കല്‍ പോലും അവര്‍ ചിന്തിക്കുകയില്ല ഇതൊക്കെ ചെയ്യുവാന്‍ ദൈവം എന്നെ അനുവദിച്ചല്ലോ എന്നാണു അവര്‍ ചിന്തിച്ചിരിക്കുക. എന്നാല്‍ ഇവിടെ സംഭവിച്ചതിനെക്കുറിച്ചു ഒന്ന് കൂടി ഓര്‍ക്കുന്നത് നല്ലതാണ് ആ പറഞ്ഞതിനെക്കുറിച്ചു വായിക്കുമ്പോള്‍ പോലും ദൈവമേ ഞങ്ങളോട് കരുണയായിരിക്കണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
Also read:
കുഞ്ചെറിയാ മാത്യു
പ്രമുഖ സിനിമാ താരത്തിനെതിരെ നടന്ന ലൈംഗികാതിക്രമത്തിനെതിരെ നടക്കുന്ന പോലീസ് അന്വേഷണം പുരോഗമിക്കുമ്പോള്‍ മലയാള സിനിമാ വ്യവസായം ഒരു വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. ഇതില്‍ നിന്നുടലെടുത്ത പരിഭ്രാന്തി സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിനുശേഷം നടന്ന പത്രസമ്മേളനത്തില്‍ പല താരങ്ങളുടെയും പ്രതികരണത്തില്‍ നിന്ന് വ്യക്തമായിരുന്നു. അതിക്രമത്തിനിരയായ നടിക്കെതിരെ നടന്ന ഗൂഢാലോചനയുടെ അന്വേഷണം സത്യസന്ധമായി മുന്നോട്ട് പോയാല്‍ തകരുന്നത് ദിലീപും നാദിര്‍ഷയും പോലുള്ളവരുടെ പൊയ്മുഖം മാത്രമല്ല മലയാള സിനിമാ വ്യവസായം തന്നെയായിരിക്കുമെന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. സ്ത്രീയുടെ മാനം സംരക്ഷിക്കണമോ അതോ വ്യവസായം രക്ഷിക്കണമോ എന്ന ആശയക്കുഴപ്പത്തിലാണ് ബന്ധപ്പെട്ടവര്‍.
ദിലീപ് എന്ന നടനെ ചുറ്റിപ്പറ്റി തന്നെ നിരവധി പ്രൊജക്ടുകള്‍ സമീപ ഭാവിയില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനുപുറമെ മലയാള സിനിമാ വ്യവസായത്തെ താങ്ങി നിര്‍ത്തുന്നതില്‍ പ്രമുഖ നായകനടനെന്നതിലുപരിയായി ദിലീപിന് പല റോളുമുണ്ട്. അമ്മയുടെ ധനശേഖരണാര്‍ത്ഥം എല്ലാ താരങ്ങളെയും പങ്കെടുപ്പിച്ച് നിര്‍മ്മിച്ച സിനിമയോടെ ആരംഭിച്ചതാണ് ദിലീപിന്റെ മലയാള സിനിമാ ലോകത്തെ വളര്‍ച്ച. പ്രത്യക്ഷത്തില്‍ കാണാനാവില്ലെങ്കിലും ദിലീപ് വളര്‍ന്ന് മലയാള സിനിമാ വ്യവസായത്തില്‍ മമ്മൂട്ടിയേക്കാളും മോഹന്‍ലാലിനെക്കാളും അവിഭാജ്യഘടകമായി തീര്‍ന്നു. ദിലീപ് തന്നെ പറഞ്ഞതുപോലെ ദിലീപ് ഇന്നൊരു വ്യക്തിയല്ല പ്രസ്ഥാനമാണ്. ഒത്തിരി പേര്‍ ചോരയും നീരും കൊടുത്ത് വളര്‍ത്തി കൊണ്ടുവന്ന പ്രസ്ഥാനം. ആ പ്രസ്ഥാനം തകരുന്നത് മലയാള സിനിമാ വ്യവസായത്തിന് ഏല്‍പിക്കുന്ന ആഘാതം ചെറുതായിരിക്കില്ല.
ഇതിനെല്ലാം പുറമെയാണ് ദിലീപിനെപ്പോലെ മലയാള സിനിമാ വ്യവസായത്തിലെയും സൂപ്പര്‍ സ്റ്റാറുകള്‍ ഉള്‍പ്പെടെ മറ്റു താരങ്ങളുടെയും അന്തഃപുര രഹസ്യങ്ങള്‍ നന്നായറിയാവുന്ന ഒരു വ്യക്തി സത്യസന്ധമായ ഒരു അന്വേഷണത്തിന് വിധേയനായാലുള്ള പ്രത്യാഘാതങ്ങള്‍. പല വിഗ്രഹങ്ങളും ഉടഞ്ഞുവീഴുമെന്ന് മാത്രമല്ല, മലയാള സിനിമാ വ്യവസായം തന്നെ പൂട്ടേണ്ട സ്ഥിതി വരും. അത്രയധികം കള്ളപ്പണവും നികുതിവെട്ടിപ്പും നടമാടുന്ന ഒരു മേഖലയാണ് സിനിമാവ്യവസായം. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ആദായനികുതി റെയ്ഡും, ആനക്കൊമ്പ് കേസും മറ്റും ഇപ്പോള്‍ പലരുടെയും മനസിലേയ്ക്ക് കടന്നുവരുന്നുണ്ട്. താന്‍ മുങ്ങുന്ന കൂട്ടത്തില്‍ ദിലീപ് മറ്റുള്ളവരെയും മുക്കാന്‍ ശ്രമിക്കുമോ എന്ന ഭയത്തില്‍ നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ സജീവമാണ്.
സര്‍ക്കാരിനും പോലീസിനുമേല്‍ സിനിമാവ്യവസായത്തിന് ദോഷം വരാത്ത വിധത്തില്‍ കേസ് അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമാണ്. എന്തായാലും സിനിമ വ്യവസായത്തെ രക്ഷിച്ചാല്‍ സ്ത്രീയുടെ മാനം പെരുവഴിയാകുമെന്നതാണ് അവസ്ഥ.