ലണ്ടന്‍: ലണ്ടന്‍ ബ്രിഡ്ജ് ആക്രമണത്തിനു ശേഷമുള്ള പോലീസ് നടപടികളുടെ ദൃശ്യങ്ങള്‍ പുറത്ത്. ലണ്ടന്‍ ബ്രിഡ്ജിനു സമീപമുള്ള കാറ്റ്‌ജെന്‍ജാമേഴ്‌സ് ജര്‍മന്‍ ബിയര്‍ ബാറില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ളത്. ബറോ മാര്‍ക്കറ്റിന് തൊട്ടടുത്തുള്ള ഇവിടേക്ക് പോലീസ് പാഞ്ഞെത്തുന്നതും ജനങ്ങളോട് മേശകള്‍ക്കടിയില്‍ കയറാനും കസേരകള്‍ മറയാക്കാനും ആവശ്യപ്പെടുന്നതുമാണ് ദൃശ്യത്തിലുള്ളത്. ദൃശ്യത്തില്‍ നിലവിളികളും കേള്‍ക്കാം. സായുധരായ പോലീസ് സംഘമാണ് ബാറില്‍ ഇരച്ചു കയറിയത്.
മറ്റൊരു വീഡിയോ ഫുട്ടേജില്‍ സുരക്ഷാ ഉദ്യോഗസ്ഥരും എമര്‍ജന്‍സി ജീവനക്കാരും തെരുവിലൂടെ ഓടിയെത്തുന്നതിന്റെ ദൃശ്യങ്ങള്‍ കാണാം. ജനങ്ങളെ സംഭവം നടന്ന സ്ഥലത്ത് നിന്ന് ഒഴിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ഭീകരാക്രമണം ആരംഭിച്ചത്. ലണ്ടന്‍ ബ്രിഡ്ജില്‍ കാല്‍നടക്കാര്‍ക്കു നേരെ ഒരു വാന്‍ പാഞ്ഞു കയറുകയും മൂന്ന് പേര്‍ ജനങ്ങളെ കുത്തുകയുമായിരുന്നു.
ബറോ മാര്‍ക്കറ്റില്‍ പ്രവേശിച്ചാണ് അക്രമികള്‍ ആളുകളെ കുത്തിവീഴ്ത്തിയത്. ആക്രമണമുണ്ടായ ഉടന്‍ തന്നെ സ്ഥലത്തെത്തിയ സായുധ പോലീസ് മൂന്ന് അക്രമികളെ വെടിവെച്ച് വീഴ്ത്തിയെന്ന് മെറ്റ് പോലീസ് അറിയിക്കുന്നു. ഒരു പോലീസുകാരനും സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മുഖത്തും തലയിലും കാലുകളിലും കുത്തേറ്റ ഇയാള്‍ ചികിത്സയിലാണ്.
ജോജി തോമസ്
ഇത്തവണത്തെ ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ നൂറ്റിപ്പതിനേഴാം റാങ്കോടെ ഉന്നത വിജയം നേടി തെരേസാ ജോസഫും അഞ്ഞൂറ്റി എഴുപത്തിനാലാം റാങ്കുമായി ജോസഫ് കെ മാത്യുവും നെഴ്‌സിംഗ് സമൂഹത്തിന് അഭിമാനമായി. ആതുരസേവനം മാത്രമാണ് തങ്ങളുടെ കര്‍മ്മരംഗമെന്ന് ധരിച്ചിരിക്കുന്ന നഴ്‌സിംഗ് സമൂഹത്തിന് വ്യത്യസ്ഥതയോടെ ഒരു മാര്‍ഗ്ഗം കാണിച്ചു കൊണ്ട് തെരേസാ ജോസഫും ജോസഫ് കെ മാത്യുവും നെഴ്‌സിംഗ് സമൂഹത്തിന് മൊത്തത്തില്‍ മാതൃകയായിരിക്കുകയാണ്.
ഉന്നത വിജയം കരസ്ഥമാക്കിയ തെരേസാ ജോസഫ് മലയാളം യുകെയൊട് പ്രതികരിച്ചു. ഇത് ആത്മനിര്‍വൃതിയുടെ നിമിഷങ്ങളാണ്. നെഴ്‌സിംഗില്‍ BSc, MSc ബിരുദങ്ങള്‍ ഉന്നത നിരയില്‍ പാസ്സായതിനു ശേഷം സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യവുമായി നീങ്ങിയ തെരേസാ ജോസഫിന് തന്റെ കഠിനാധ്വാനത്തിനും സ്ഥിരോത്സാഹത്തിനും ലഭിച്ച അംഗീകാരമാണ് ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്നമായ സിവില്‍ സര്‍വ്വീസ് വിജയം. അനുമോദനങ്ങളുടെ തിരക്കുകള്‍ക്കിടയിലും മലയാളം യുകെയ്ക്കനുവദിച്ച ഇന്റര്‍വ്യൂവില്‍ പെയിന്റിംഗ് ഹോബിയായി കൊണ്ടു നടക്കുന്ന തെരേസാ എങ്ങനെയാണ് തന്റെ ജീവിതം മനോഹരമായ ഒരു ചിത്രം പോലെയാക്കി ജീവിതവിജയം സായത്തമാക്കിയതെന്ന് വിശദീകരിച്ചു.
ചങ്ങനാശ്ശേരിക്കടുത്ത് കുറമ്പനാടത്ത് കയ്യാലപ്പറമ്പില്‍ കെ.എസ് ജോസഫിന്റെയും റോസമ്മ ജോസഫിന്റെയും മകളായ തെരേസാ കുട്ടിക്കാലം മുതല്‍ പാഠ്യപാഠ്യേതര വിഷയങ്ങളില്‍ മികവ് തെളിയിച്ചിരുന്നു. തെരേസാ ജോസഫിന്റെ പിതാവ് ജോലി ചെയ്തിരുന്നത് മഹാരാഷ്ട്രയിലെ ബാബാ ആറ്റോമിക് റിസേര്‍ച്ച് സെന്ററിലാണ്. അതു കൊണ്ടു തന്നെ തെരേസയുടെ ബാല്യകാലം ഇന്ത്യയുടെ ആണവ ഇന്ധനം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ആദ്യ ഊര്‍ജ്ജോത്പാതന കേന്ദ്രം സ്ഥിതി ചെയ്യുന്ന താരാപ്പൂര്‍ ആയിരുന്നു. താരാപ്പൂറിലെ സെന്‍ട്രല്‍ സ്‌ക്കൂളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ഒന്നാം റാങ്കോടെയാണ് തെരേസാ തന്റെ സ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. സ്‌കൂള്‍ പഠനകാലത്ത് ദേശീയ തലത്തില്‍ നടക്കുന്ന സയന്‍സ് ഒളിമ്പ്യാടില്‍ പങ്കെടുത്ത് തെരേസാ മികവ് തെളിയിച്ചിരുന്നു.
മുബൈയിലെ S.N.D.P വിമന്‍സ് കോളേജിലാണ് തെരേസാ തന്റെ നെഴ്‌സിംഗ് പoനം പൂര്‍ത്തിയാക്കിയത്. BScപഠനത്തിനു ശേഷം MSc പഠിക്കുന്നതിനായി തെരേസാ തെരഞ്ഞെടുത്തത് ജന്മനാടായ കേരളത്തിലെ തിരുവനംന്തപുരം മെഡിക്കല്‍ കോളേജായിരുന്നു. അത് തെരേസായുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവിന് കാരണമായി. തിരുവനംന്തപുരത്തെ അന്തരീക്ഷവും സിവില്‍ സര്‍വ്വീസ് അക്കാദമിയുമൊക്കെ തെരേസയുടെ സിവില്‍ സര്‍വ്വീസ് യാത്രയില്‍ ഒത്തിരിയേറെ സഹായിക്കുകയുണ്ടായി. ബിരുദാനന്തര പഠനത്തിനു ശേഷം ഇന്ത്യന്‍ നേഴ്‌സിംഗ് കൗണ്‍സിലിന്റെ GFATM പ്രൊജക്ടില്‍ പ്രൊജക്ട് ട്രെയിനിംന് കോര്‍ഡിനേറ്ററായി ജോലി ചെയ്യുമ്പോള്‍ മുതിര്‍ന്ന IAS ഉദ്യോഗസ്ഥ ഉഷാ റ്റൈറ്റസ്സിനെ കാണുവാന്‍ ഇടയായത് ജീവിതത്തിന് വഴിത്തിരിവായി. സിവില്‍ സര്‍വ്വീസ് എത്രമാത്രം പൊതുജനത്തിന് ഉപകാരപ്രദമാകുമെന്നും, തെരേസയെപ്പൊലെ കഴിവുറ്റവര്‍ സിവില്‍ സര്‍വ്വീസില്‍ കടന്നു വരണമെന്നും പറഞ്ഞത് പ്രചോദനമായി. സിവില്‍ സര്‍വ്വീസിന് ശ്രമിക്കുന്ന വിദ്യാര്‍ത്ഥികളുടെ സംഗമസ്ഥാനമാണ് തിരുവനംന്തപുരം എന്നതും ഗുണകരമായി.
തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് തെരേസാ ജോസഫിന് സിവില്‍ സര്‍വ്വീസില്‍ ഉന്നത വിജയം ലഭിച്ചത്. ആദ്യശ്രമത്തില്‍ പ്രിലിമിനറി പാസ്സായി മെയിന്‍ പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ല. സ്ഥിരോത്സാഹിയായ തെരേസാ, പക്ഷേ തോറ്റ് പിന്‍മാറാന്‍ തയ്യാറല്ലായിരുന്നു. തന്റെ രണ്ടാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വ്വീസ് പരീക്ഷ പാസ്സായെങ്കിലും ഉന്നത വിജയം ലഭിക്കാത്തതു കൊണ്ട് ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസിലേ നിയമനം ലഭിച്ചുള്ളൂ. പക്ഷേ, തെരേസാ അടങ്ങിയിയിരിക്കാന്‍ തയ്യാറല്ലായിരുന്നു. തുടര്‍ച്ചയായ തന്റെ മൂന്നാംശ്രമത്തില്‍ തെരേസാ ഉന്നത വിജയം കരസ്ഥമാക്കി. പബ്ലിക് അഡ്മിനിസ്‌ട്രേഷനാണ് തെരേസാ സിവില്‍ സര്‍വ്വീസില്‍ തന്റെ വിഷയമായി തെരെഞ്ഞെടുത്തിരുന്നത്.
തന്റെ വിജയത്തില്‍ എന്നും പ്രോത്സാഹനമായി നില്‍ക്കുന്ന അമ്മയുടെ സഹോദരിയും തിരുവനംന്തപുരം സെന്റ് ആന്‍സ് പേട്ട സ്‌കൂളിലെ മുന്‍ അദ്ധ്യാപികയുമായ മേരിക്കുട്ടി ജോസഫിനെ തെരേസാ പ്രത്യേകം അനുസ്മരിച്ചു. മെരിക്കുട്ടി ജോസഫിന്റെ ഭര്‍ത്താവ് ജോണ്‍സന്‍ ജോസഫ് തിരുവനംന്തപുരം നഗരസഭ കൗണ്‍സിലറാണ്. തെരേസയുടെ സഹോദരന്‍ ബാസ്റ്റ്യന്‍ ജോസഫ് SBl യിലാണ് ജോലി ചെയ്യുന്നത്.
നേഴ്‌സുമാരുടെ കഠിനാധ്വാനത്തിനും അര്‍പ്പണ മനോഭാവത്തിനും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്ന് തെരേസാ ജോസഫ് പറഞ്ഞു. തന്റെ ആശയങ്ങളും സ്വപ്നങ്ങളും സഫലീകരിക്കാന്‍ ഏറ്റവും അനുയോജ്യമാണ് സിവില്‍ സര്‍വ്വീസ് മേഘലയെന്ന് തെരേസാ ജോസഫ് മലയാളം യുകെയോട് പറഞ്ഞു.
കരുണയുടെ മാലാഖമാര്‍ ഭരണചക്രം തിരിക്കാനൊരുങ്ങുമ്പോള്‍ മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍….
ലണ്ടനിൽ വീണ്ടും ഭീകരാക്രമണമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. കാൽനടക്കാരുടെ മേൽ വാൻ ഇടിച്ചു കയറി. നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സായുധ പോലീസ് പരിസരം വളഞ്ഞു. ഒരാൾ അറസ്റ്റിലായതായി റിപ്പോർട്ടുണ്ട്. നിരവധി ആംബുലൻസുകളും പോലീസ് വാഹനങ്ങളും സ്ഥലത്തുണ്ട്. ഏയർ ആംബുലൻസും രക്ഷാ പ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. സമീപ റോഡുകളിലെ ഗതാഗതം പോലീസ് വഴി തിരിച്ചു വിടുകയാണ്. ആളുകൾ ലണ്ടൻ ബ്രിഡ്ജ് ഭാഗത്തേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മെട്രോ പൊലിറ്റൻ പോലീസ് അറിയിച്ചു. രാത്രി 10.30 ഓടെയാണ് ആക്രമണം നടന്നത്. ഒരു വെളുത്ത ട്രാൻസിറ്റ് വാനാണ് യാത്രക്കാരുടെ മേൽ പാഞ്ഞുകയറിയത്.
ഒന്നിലേറെ മരണം സംഭവിച്ചതായി പോലീസ് റിപ്പോർട്ട് ചെയ്തു. 20 ലേറെ പേർക്ക് പരിക്കുണ്ട്. വാൻ ഉപയോഗിച്ച് കാൽനടക്കാരെ ഇടിച്ചു തെറിപ്പിച്ചതിനു ശേഷം വാനിൽ നിന്ന് ചാടിയിറങ്ങിയ മൂന്നു പേർ 12 ഇഞ്ച് നീളമുള്ള ബ്ലേഡ് ഉപയോഗിച്ച് കണ്ണിൽ കണ്ടവരെയൊക്കെ ആക്രമിക്കുകയായിരുന്നു. ബോറോ മാർക്കറ്റിലും വോക്സ് ഹാളിലും മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
വ്യാജ ലൈംഗീകാരോപണത്തില്‍ പെട്ട് നട്ടം തിരിഞ്ഞ യുകെ മലയാളിക്ക് ഒടുവില്‍ തുണയായത് നീതിപീഠം. രണ്ട് വര്‍ഷം നീണ്ട് നിന്ന നിയമയുദ്ധത്തിനൊടുവിലാണ് പീഡനക്കേസില്‍ പ്രതിയായി നട്ടം തിരിഞ്ഞ ഇദ്ദേഹത്തിന് കോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ചത്. സംഭവം നടന്നത് വാറ്റ് ഫോര്‍ഡില്‍ ആണ്. ഇവിടുത്തെ എന്‍എച്ച്എസ് ഹോസ്പിറ്റലിലെ ജീവനക്കാരായിരുന്നു വാദിയും പ്രതിയും. ഇരുവരും ജോലി ചെയ്തിരുന്നത് ഒരേ വാര്‍ഡില്‍ ആയിരുന്നു. 2015 മെയ് മാസത്തില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇരുവരും ഒരുമിച്ച് ജോലിയിലുണ്ടായിരുന്ന ഒരു ദിവസം ഇവിടെ നഴ്സ് ആയി ജോലി ചെയ്തിരുന്ന മലയാളി തന്നെയായ പരാതിക്കാരി മേലധികാരികളുടെ അടുത്ത് റിപ്പോര്‍ട്ട് ചെയ്ത ഒരു കംപ്ലൈന്റില്‍ ആണ് സംഭവങ്ങളുടെ തുടക്കം.
ഒരുമിച്ച് ജോലി ചെയ്തിരുന്ന മലയാളി യുവാവ് തന്‍റെ ശരീരത്തില്‍ ദുരുദ്ദേശത്തോടെ സ്പര്‍ശിച്ചു എന്ന റിപ്പോര്‍ട്ട് ആണ് ഈ മലയാളി നഴ്സ് മേലധികാരികളുടെ മുന്‍പാകെ രേഖാമൂലം ഉന്നയിച്ചത്. തുടര്‍ന്ന് ഇത് മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും എന്‍എച്ച്എസ് ഇന്റേണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആരംഭിക്കുകയും ചെയ്തു. ആരോപണ വിധേയനായ ആള്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യപ്പെടുകയും ഉണ്ടായി. പരാതിക്കാരിയും ആരോപണ വിധേയനും മലയാളികള്‍ ആണ് എന്ന നിലയില്‍ ഈ സംഭവം പെട്ടെന്ന്‍ തന്നെ വാറ്റ്ഫോര്‍ഡ് മലയാളികള്‍ക്കിടയില്‍ ചര്‍ച്ചാ വിഷയം ആവുകയും ചെയ്തു.
യുകെയിലെ മറ്റെല്ലാ സ്ഥലങ്ങളിലും എന്ന പോലെ തന്നെ പരസ്പരം വളരെയധികം സാമൂഹിക ബന്ധങ്ങള്‍ സൂക്ഷിക്കുന്ന മലയാളി സമൂഹം തന്നെ ആയിരുന്നു വാറ്റ്ഫോര്‍ഡിലും ഉള്ളത്. തന്മൂലം ഈ സംഭവം ഇവിടുത്തെ മലയാളി സമൂഹത്തില്‍ പെട്ടെന്ന് ചര്‍ച്ചയാവുകയും ആരോപണ വിധേയനായ വ്യക്തിയും കുടുംബവും സാമൂഹികമായ ഒറ്റപ്പെടലിനും കുറ്റപ്പെടുത്തലുകള്‍ക്കും വിധേയനാവുകയും ചെയ്തു. ചുരുക്കം ചില സുഹൃത്തുക്കള്‍ ഒഴികെ ബാക്കിയുള്ള സമൂഹം കുറ്റക്കാരന്‍ എന്ന നിലയില്‍ തന്നെ ഇയാളെ കാണുകയായിരുന്നു.
എന്നാല്‍ താന്‍ നിരപരാധി ആണ് എന്ന് പൂര്‍ണ്ണ ബോദ്ധ്യം ഉള്ളതിനാല്‍ കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും പിന്തുണയോടെ ആരോപണ വിധേയനായ വ്യക്തി കോടതി നടപടികള്‍ മുന്നോട്ടു കൊണ്ട് പോവുകയും തന്‍റെ നിരപരാധിത്വം തെളിയിക്കുകയും ചെയ്തിരിക്കുകയാണ് ഇപ്പോള്‍. പക്ഷേ കോടതിയിലൂടെ നിരപരാധിത്വം തെളിയിക്കപ്പെടുന്നത് വരെയുള്ള രണ്ട് വര്‍ഷക്കാലം അനുഭവിച്ച മാനസിക പീഡനങ്ങള്‍ ഇദ്ദേഹത്തെ രോഗിയാക്കി തീര്‍ക്കുന്ന അവസ്ഥയില്‍ വരെ കൊണ്ട് ചെന്ന് എത്തിച്ചു. ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ നാല് മക്കളുടെ പിതാവായിരുന്ന ഈ വ്യക്തിക്ക് അനുഭവിക്കേണ്ടി വന്ന മാനസിക വ്യഥ ഊഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു. നാല് കുട്ടികളില്‍ ഒരാള്‍ മരണപ്പെട്ട ദുഃഖം പേറിക്കൊണ്ടിരുന്ന ഈ കുടുംബത്തിന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ഈ വ്യാജ ലൈംഗിക പീഡനക്കേസും തുടര്‍ന്നുള്ള സംഭവ വികാസങ്ങളും നല്‍കിയത്.
ഇതേ ആശുപത്രിയില്‍ ഇതേ വിഭാഗത്തില്‍ തന്നെ ജോലി ചെയ്തിരുന്ന ആരോപണ വിധേയനായ വ്യക്തിയുടെ ഭാര്യയ്ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിച്ചത് മുതല്‍ ആണ് പരാതിക്കാരിക്ക് ഇവരോട് ശത്രുതാ മനോഭാവം തുടങ്ങിയത് എന്നാണ് ആരോപണത്തിന് ഇരയാകേണ്ടി വന്ന ഇദ്ദേഹം പറയുന്നത്. അന്ന് മുതല്‍ മലയാളി അസോസിയേഷനിലും മറ്റും പല പദവികളും വഹിച്ചിരുന്ന പരാതിക്കാരി ഇവര്‍ക്കെതിരെ പല തരത്തിലുള്ള ഉപദ്രവങ്ങള്‍ തുടങ്ങിയിരുന്നു എന്ന് ഇദ്ദേഹം പറയുന്നു. ഇതാണ് ഒടുവില്‍ തന്‍റെ ജീവിതത്തെയാകെ മാറ്റി മറിക്കുന്ന രീതിയില്‍ ലൈംഗിക പീഡനക്കേസില്‍ വരെ പ്രതിയാകേണ്ട അവസ്ഥയില്‍ എത്തിച്ചത് എന്നും ഇദ്ദേഹം വിശദീകരിക്കുന്നു.
അന്വേഷണ വേളയിലും വിചാരണ വേളയിലും വ്യാജ സാക്ഷികളെ വരെ പരാതിക്കാരി ഹാജരാക്കിയെങ്കിലും ഇതെല്ലാം കോടതി തള്ളിക്കളയുകയായിരുന്നു. കേസിന്‍റെ വിചാരണ വേളയില്‍ വ്യാജ സാക്ഷികളും നടപടിയില്‍ കുടുങ്ങുമെന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയിരുന്നു. ഇതിനിടെ പരാതിക്കാരി ഇവിടുത്തെ ജോലി മതിയാക്കി മറ്റൊരു ലാവണം തേടുകയും ചെയ്തു. വിചാരണയ്ക്കൊടുവില്‍ സത്യം മനസ്സിലാക്കിയ കോടതി യുവാവിനെ ആരോപണങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
തന്‍റെ നിരപരാധിത്വം എല്ലാവരെയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും ഈ സംഭവം മൂലം തനിക്കും കുടുംബത്തിനും സംഭവിച്ച മാനഹാനിക്കും മറ്റ് ബുദ്ധിമുട്ടുകള്‍ക്കും പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് ഈ കുടുംബം ഇപ്പോള്‍. ഇത് പോലൊരു അവസ്ഥ ശത്രുക്കള്‍ക്ക് പോലും ഉണ്ടാകരുത് എന്നാഗ്രഹിക്കുന്ന ഇവര്‍ ഈ രീതിയില്‍ ഇനിയും മറ്റൊരാള്‍ ബുദ്ധിമുട്ടരുത് എന്ന ഉദ്ദേശത്തോടെ നിയമ നടപടികള്‍ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇതിനായി വ്യാജ ആരോപണം ഉന്നയിച്ച വ്യക്തിക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങി നല്‍കും എന്ന് ഉറപ്പ് വരുത്തുമെന്നും ഇവര്‍ പറയുന്നു.
ഉന്നത നിലവാരം പുലര്‍ത്തുന്ന ബ്രിട്ടീഷ് നീതി ന്യായ വ്യവസ്ഥയുടെ വിജയം കൂടിയാണ് ഈ കോടതി വിധി സാധാരണ ലൈംഗിക പീഡന ആരോപണങ്ങളില്‍ സ്ത്രീകളുടെ വാക്കുകള്‍ വിശ്വസിച്ച് പുരുഷന്മാര്‍ക്ക് എതിരെ ഉടന്‍ നടപടി ഉണ്ടാകുന്ന സാഹചര്യം നിലവിലുള്ളപ്പോള്‍ ഈ സമൂഹം ഇത്തരം കാര്യങ്ങളില്‍ എത്ര ജാഗ്രതയോടെ ആണ് നീങ്ങുന്നത് എന്നതിന് ഉദാഹരണം കൂടിയാണ് ഈ കേസ്. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യിക്കുന്നതില്‍ എന്‍എച്ച് എസ് അലംഭാവം കാട്ടി എന്നാരോപിച്ച് പരാതിക്കാരി തന്നെ പോലീസിനെയും സമീപിച്ചത് അമിത ആത്മവിശ്വാസത്തില്‍ ആയിരുന്നു. പക്ഷേ എന്‍എച്ച്എസിലെ മേലധികാരികളും പോലീസും കേസിനെ ശരിയായ അന്വേഷണ രീതികളിലൂടെ മാത്രം മുന്നോട്ട് കൊണ്ട് പോയതോടെ പരാതിക്കാരിയുടെ നീക്കം ഒരു നിരപരാധിയെ കുടുക്കാന്‍ ആണെന്ന സത്യം പുറത്ത് കൊണ്ട് വന്നു.
ഈ കേസ് സംബന്ധിച്ച രേഖകളും പരാതിക്കാരിയുടെയും വ്യാജ ആരോപണത്തിനു വിധേയനായ വ്യക്തിയുടെയും കൂടുതല്‍ വിവരങ്ങള്‍ കൈവശമുണ്ടെങ്കിലും ഇരു കുടുംബങ്ങളുടെയും സ്വകാര്യത മാനിച്ച് ഞങ്ങള്‍ അക്കാര്യങ്ങള്‍ പുറത്ത് വിടുന്നില്ല. എങ്കിലും ഇത്തരമ സംഭവങ്ങള്‍ നമ്മുടെ സമൂഹത്തില്‍ ആവര്‍ത്തിക്കപ്പെട്ടു കൂടാ എന്ന ആഗ്രഹം ആരോപണ വിധേയനായ വ്യക്തിക്ക് ഉള്ളത് പോലെ ഞങ്ങള്‍ക്കും ഉള്ളതിനാല്‍ ആണ് ഇത് പ്രസിദ്ധീകരിക്കുന്നത്.
ഇത്തരം സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല എന്ന്‍ തെളിയിക്കുന്ന മറ്റ് ചില കാര്യങ്ങള്‍ കൂടി ഇവിടെ നടക്കുന്നുണ്ട് എന്നത് ഈ അവസരത്തില്‍ പറയാതിരിക്കുവാന്‍ വയ്യ. സ്വാര്‍ത്ഥ ലാഭങ്ങള്‍ക്ക് വേണ്ടി ലൈംഗീക ആരോപണങ്ങള്‍ വ്യക്തികളുടെ മേല്‍ ഉന്നയിക്കുന്ന പ്രവണത എത്ര മാത്രം ആപല്‍ക്കരമാണെന്ന് ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ ഓര്‍ക്കുക. തന്‍റെ മകളുടെ മുന്‍പിലെങ്കിലും തന്‍റെ നിരപരാധിത്വം ബോധ്യപ്പെടുത്തണമെന്ന ദൃഡനിശ്ചയമാണ് ഈ കേസില്‍ മുന്നോട്ട് പോയ ഓരോ ഘട്ടത്തിലും തന്നില്‍ ഉണ്ടായിരുന്നത് എന്ന് പറയുന്ന ഈ പിതാവിന്‍റെ അവസ്ഥ മറ്റൊരു വ്യക്തിക്കും ഉണ്ടാകാതിരിക്കട്ടെ.
ലണ്ടന്‍: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സംവാദത്തില്‍ പ്രധാനമന്ത്രി തെരേസ മേയെ ഉത്തരമം മുട്ടിച്ച് ഭിന്നശേഷിക്കാരിയായ യുവതി. ഒന്നര വര്‍ഷമായി എന്‍എച്ച്എസിന്റെ കൗണ്‍സലിംഗ് കാത്തിരിപ്പു പട്ടികയില്‍ തുടരുകയാണ് താനെന്ന് ഭാഗികമായി അന്ധയും മാനസിക പ്രശ്‌നങ്ങളുമുള്ള യുവതി തെരേസ മേയോട് പറഞ്ഞു. ഫിറ്റ്‌നസ് ടു വര്‍ക്ക് പരിശോധനയില്‍ ആത്മഹത്യയെക്കുറിച്ച് പരാമര്‍ശിച്ച് തന്നെ അപമാനിച്ചെന്നും തന്റെ കാഴ്ച പരിശോധിക്കാന്‍ അവര്‍ വിട്ടുപോയെന്നും യുവതി പറഞ്ഞു.
മാനസികരോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ എന്‍എച്ച്എസ് പൂര്‍ണ്ണ പരാജയമാണെന്ന വാദമാണ് യുവതി ഉയര്‍ത്തിയത്. 2015 അവസാനമാണ് താന്‍ കൗണ്‍സലിംഗിനായി അപേക്ഷിച്ചത്. അടുത്ത ചൊവ്വാഴ്ചയാണ് തനിക്ക് ആദ്യമായി ലഭിച്ച അപ്പോയിന്റ്‌മെന്റ് എന്നും യുവതി വെളിപ്പെടുത്തി. ഒന്നര വര്‍ഷമായി ഇതിനു വേണ്ടി താന്‍ കാത്തിരിക്കുകയാണ്. ഇക്കാലയളവില്‍ തന്റെ തൊഴില്‍ ശേഷി പരിശോധനയുടെ ഫലം മൂലം ഏറെ ബുദ്ധിമുട്ടിയെന്നും അവര്‍ പറഞ്ഞു. ഭാഗികമായേ തനിക്ക് കാഴ്ചശക്തിയുള്ളു, മാനസികമായി പ്രശ്‌നങ്ങള്‍ തന്നെ അലട്ടുന്നുണ്ട്. താടിയെല്ലിന് തകരാറുള്‍പ്പെടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ തന്നെ അലട്ടുന്നുണ്ട്.
തൊഴില്‍ ശേഷി പരിശോധിക്കാന്‍ എത്തിയ തന്നോട് എത്ര തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് നഴ്‌സ് ചോദിച്ചത്. നഴ്‌സിന്റെ ഈ വിധത്തിലുള്ള പെരുമാറ്റം മൂലം കരഞ്ഞുകൊണ്ടാണ് താന്‍ പുറത്തുവന്നത്. തന്റെ കാഴ്ച പരിശോധിക്കാന്‍ തയ്യാറാകാതിരുന്ന നഴ്‌സ് തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഒഴിവുകഴിവുകള്‍ പറയാന്‍ താനില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. മാനസികരോഗ ചികിത്സയില്‍ നാം ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നുവെന്നും മാത്രമായിരുന്നു തെരേസ മേയുടെ പ്രതികരണം.
ലണ്ടന്‍: ശമ്പളം വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് എയര്‍വേയ്‌സ് ക്യാബിന്‍ ജീവനക്കാര്‍ സമരത്തിലേക്ക്. ജൂണ്‍ 16 മുതല്‍ നാല് ദിവസത്തേക്ക് പണിമുടക്കാനാണ് തീരുമാനം. യുണൈറ്റ് യൂണിയന്‍ അംഗങ്ങളാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഐടി തകരാറ് മൂലം യാത്രാതടസമുണ്ടായ എയര്‍ലൈന് സമരം കനത്ത നഷ്ടമായിരിക്കും സമ്മാനിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു. സാങ്കേതികത്തകരാറ് മൂലം വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനാല്‍ 75,000 യാത്രക്കാരാണ് ബുദ്ധിമുട്ടിലായത്.
പോവര്‍ട്ടി പേ വിഷയത്തില്‍ മുമ്പ് സമരം ചെയ്ത ജീവനക്കാര്‍ക്ക് ചില വിലക്കുകള്‍ കമ്പനി ഏര്‍പ്പെടുത്തിയിരുന്നു. സമരത്തേത്തുടര്‍ന്ന് കമ്പനി ജീവനക്കാരുമായി ഒത്തുതീര്‍പ്പിലെത്തിയെങ്കിലും നടപടികള്‍ തുടരുകയായിരുന്നു. കഴിഞ്ഞ സമരകാലത്ത് മറ്റ് സര്‍വീസുകളില്‍ നിന്ന വിമാനങ്ങള്‍ വാടകയ്ക്ക് എടുത്തും ഫ്‌ളൈറ്റുകള്‍ സംയോജിപ്പിച്ചും യാത്രക്കാരെ ലക്ഷ്യങ്ങളിലെത്തിക്കാന്‍ കഴിഞ്ഞിരുന്നുവെന്നാണ് ബ്രിട്ടീഷ് എയര്‍വേയ്‌സ് അവകാശപ്പെടുന്നത്. കമ്പ്യൂട്ടര്‍ തകരാറ് മൂലമുണ്ടായ പ്രതിസന്ധി പോലെയുള്ള പ്രശ്‌നങ്ങള്‍ സമരം മൂലമുണ്ടാകില്ലെന്നും കമ്പനി പറയുന്നു.
ഐടി തകരാറിന്റെ കാരണം കമ്പനി അന്വേഷിച്ച് വരികയാണ്. മെയിന്റനന്‍സ് ജീവനക്കാരന്‍ അബദ്ധത്തില്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചതാണ് കാരണമെന്ന് വിവരമുണ്ടെങ്കിലും കമ്പനിയുടെ ഡേറ്റ സെന്ററിന്റെ വൈദ്യുതി വിതരണം കൈകാര്യം ചെയ്യുന്ന കരാര്‍ കമ്പനി ഇത് സ്ഥിരീകരിച്ചിട്ടില്ല. തകരാറിന് കാരണമെന്തെന്നത് ഇപ്പോഴും അവ്യക്തമായി തുടരുന്നു എന്നാണ് വിവരം.
ഡബ്ലിന്‍: അയര്‍ലന്‍ഡില്‍ ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രിപദത്തിലേക്ക്. ഭരണകക്ഷിയായ ഫൈന്‍ ഗെയിലിന്റെ നേതാവായ ലിയോ വരാഡ്കര്‍ ആണ് പുതിയ പ്രധാനമന്ത്രി. 38കാരനായ വരാഡ്കറിന്റെ പിതാവ് മുംബൈയില്‍ നിന്ന് അയര്‍ലന്‍ഡിലേക്ക് കുടിയേറിയയാളും അമ്മ അയര്‍ലന്‍ഡ്കാരിയുമാണ്. പ്രധാനമന്ത്രിയായിരുന്ന എന്‍ഡകെന്നി രാജിവെച്ച ഒഴിവിലാണ് വരാഡ്കര്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. അയര്‍ലന്‍ഡിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന ബഹുമതിയും ഇതോടെ കരസ്ഥമാക്കിയ വരാഡ്കര്‍ പ്രഖ്യാപിത സ്വവര്‍ഗ പ്രേമി കൂടിയാണ്.
നിലവിലെ മന്ത്രിസഭയില്‍ ക്ഷേമകാര്യ മന്ത്രിയായി പ്രവര്‍ത്തിച്ചു വരികയാണ്. പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 60 ശതമാനം വോട്ടുകള്‍ നേടിയതോടെയാണ് വരാഡ്കര്‍ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. നേതൃസ്ഥാനത്തേക്കുള്ള മത്സരത്തില്‍ പരിസ്ഥിതി മന്ത്രിയായ സൈമണ്‍ കോവെനിയെയാണ് വരാഡ്കര്‍ പരാജയപ്പെടുത്തിയത്. വരുന്ന 13-ാം തിയതി പാര്‍ലമെന്റ് ചേരുമ്പോള്‍ ഇദ്ദേഹം പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കും.
2007ലാണ് പാര്‍ലമെന്റംഗമായി വരാഡ്കര്‍ ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. 2011 മുതല്‍ മൂന്ന് ക്യാബിനറ്റ് ചുമതലകള്‍ ഇദ്ദേഹം വഹിച്ചിട്ടുണ്ട്. 1960 മുതല്‍ എല്ലാ പ്രധാനമന്ത്രിമാരും ധനകാര്യം, വിദേശകാര്യം എന്നിവയിലേതെങ്കിലും ചുമതലകള്‍ വഹിച്ചിരുന്നു. വരാഡ്കറുടെ മുന്‍ഗാമിയായ കെന്നിയാണ് ഈ പതിവ് തെറ്റിച്ചത്. 2015ലാണ് വരാഡ്കര്‍ സ്വവര്‍ഗ പ്രേമിയാണെന്ന കാര്യം വെളിപ്പെടുത്തുന്നത്. സ്വവര്‍ഗ വിവാഹം ആദ്യമായി നിയമവിധേയമാക്കിയ രാജ്യമാണ് അയര്‍ലന്‍ഡ്.
ബിനോയി ജോസഫ്
നന്മയുടെ പുസ്തകത്തിൽ ഇവരുടെ പേരുകൾ എഴുതിച്ചേർക്കപ്പെടും.. കാരുണ്യത്തിന്റെ നീരുറവ വറ്റാത്ത യുവതലമുറയുടെ പ്രതീകങ്ങളായി, ജനമനസുകളുടെ സ്നേഹസാന്ത്വനമായി അവർ മാറുകയാണ്.. ജീവകാരുണ്യ പ്രവർത്തങ്ങളിൽ ഏവർക്കും മാതൃകയാവുകയാണ് യുകെയിലെ മലയാളി ദമ്പതികളായ ബിജു ചാക്കോയും ലീനുമോളും. പൂർണ പിന്തുണയുമായി ബിജുവിൻറെ അമ്മയും സഹോദരൻ ബിജോയിയും സഹോദരിമാരുമുണ്ട്. ഓർമ്മകളിൽ മാത്രം ജീവിക്കുന്ന പ്രിയപ്പെട്ട അച്ചാച്ചൻറെ സ്മരണയിൽ ലിങ്കൺ ഷയറിലെ ഗ്രിംസ്ബിയിൽ താമസിക്കുന്ന ബിജു ചാക്കോയും പത്നി ലീനു മോളുമാണ് പാവപ്പെട്ടവർക്കായി ഭവനങ്ങൾ ഒരുക്കുന്നത്. കോട്ടയം മാഞ്ഞൂരിലാണ് നാടിൻറെ ഉത്സവമായി മാറുന്ന ഈ ജീവകാരുണ്യ സംരംഭം ഫലപ്രാപ്തിയിലെത്തുന്നത്. ലോകത്തിനു മുഴുവൻ മാതൃകയാവുന്ന ഈ സുമനസുകളെ അനുഗ്രഹാശിസുകൾ കൊണ്ട് മൂടുകയാണ് സുഹൃത്തുക്കൾ.
ഭവനരഹിതരായ അഞ്ചു കുടുംബങ്ങൾക്ക് സുരക്ഷിതമായുറങ്ങാൻ ഒരു കൊച്ചു ഭവനം സമ്മാനമായി നല്കാൻ കഴിഞ്ഞതിൽ ദൈവത്തോടു നന്ദി പറയുകയാണ് ബിജു ചാക്കോയും ലീനുമോളും. ബിജുവിൻറെ പിതാവ് എം.കെ ചാക്കോ മൂശാരിപറമ്പിലിൻറെ ഓർമ്മയ്ക്കായി, അദ്ദേഹത്തിൻറെ പത്താം ചരമവാർഷികത്തോട് അനുബന്ധിച്ചാണ് കോട്ടയം മാഞ്ഞൂർ പഞ്ചായത്തിൽ ഈ സ്നേഹഭവനങ്ങൾ ഒരുങ്ങുന്നത്. മക്കൾ ചെയ്യുന്ന സൽപ്രവൃത്തികൾക്ക് നേതൃത്വം കൊടുക്കാൻ ബിജുവിൻറെ അമ്മ മറിയാമ്മ ചാക്കോ സന്തോഷത്തോടെ മുന്നിൽ തന്നെയുണ്ട്. ഭവന നിർമ്മാണ കമ്മിറ്റിയുടെ രക്ഷാധികാരിയാണ് മറിയാമ്മ ചാക്കോ.
പതിനാറ് വർഷങ്ങൾക്കു മുൻപാണ് ബിജുവും ലീനുമോളും യുകെയിലേയ്ക്ക് കുടിയേറിയത്. 2001 ൽ യുകെയിൽ എത്തിയ ഇരുവരും ബി എസ് സി നഴ്സുമാരാണ്. ഇവർക്ക് നാല് ആൺകുട്ടികൾ ഉണ്ട്. ഇയർ 7 ൽ പഠിക്കുന്ന ജെയ്ക്ക്, ഇയർ 5 ൽ പഠിക്കുന്ന ജൂഡ്, ഇയർ 3 ൽ പഠിക്കുന്ന എറിക് പിന്നെ നഴ്സറി വിദ്യാർത്ഥിയായ ഏബൽ. നഴ്സിംഗ് ജോലിയോടൊപ്പം യു കെയിൽ ചെറിയ ബിസിനസ് സംരംഭങ്ങൾക്ക് തുടക്കമിട്ട ഇവർ പടിപടിയായി വിവിധ ബിസിനസ് മേഖലകളിൽ വിജയക്കൊടി പാറിച്ചു കഴിഞ്ഞു. ഡുറം വിൻഗേറ്റിലുള്ള ഡിവൈൻ കെയർ സെന്റർ ഇവരുടെ ഉടമസ്ഥതയിലുള്ള എൽബാ ഹെൽത്ത് കെയറിൻറെ ഭാഗമാണ്. യുകെയിൽ റീറ്റെയിൽ ബിസിനസ് ആരംഭിച്ച ധാരാളം മലയാളികൾക്ക് വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും നൽകാറുണ്ട്. യുകെയിലെ ക്നാനായ സഭയുടെ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിലാണ് ബിജുവും കുടുംബവും. സാമൂഹിക സംസ്‌കാരിക രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ച ഇവർക്ക് യുകെയിലും പുറത്തും വളരെ വലിയ ഒരു സുഹൃദ് വലയവുമുണ്ട്. കവിതയെയും സംഗീതത്തെയും സ്നേഹിക്കുന്ന ബിജുവും ലീനുമോളും യുകെയിലെ മിക്ക ഇവന്റുകളിലും നിറസാന്നിധ്യമാണ്.
പാവപ്പെട്ടവരോട് എന്നും അനുകമ്പയോടെ സാമൂഹിക രംഗത്ത് പ്രവർത്തിച്ചിരുന്ന തൻറെ പിതാവിൻറെ പ്രവർത്തന മാതൃകയാണ്, പാവപ്പെട്ടവർക്ക് സൗജന്യ ഭവനപദ്ധതി എന്ന ആശയത്തിലേക്ക് തന്നെ നയിച്ചത് എന്ന് ബിജു ചാക്കോ പറഞ്ഞു. മാഞ്ഞൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻറ്, ക്ഷീര വ്യവസായ സഹകരണ സംഘം പ്രസിഡൻറ്, ചാമക്കാല സെന്റ് ജോൺസ് കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം പരേതനായ എം.കെ ചാക്കോ മൂശാരിപറമ്പിൽ കാഴ്ച വച്ചിട്ടുണ്ട്. ബിജുവിൻറെ സഹോദരൻ ബിജോയി ചാക്കോയും കുടുംബവും അമേരിക്കയിലാണ്. സഹോദരിമാരായ മിനിയും മേഴ്സിയും യുകെയിൽ ജോലി ചെയ്യുന്നു. മറ്റൊരു സഹോദരി സിസ്റ്റർ ഫ്രാൻസി മോനിപ്പള്ളി എം.യു. എം ഹോസ്പിറ്റലിൻറെ അഡ്മിനിസ്ട്രേറ്റർ ആണ്.
ജൂൺ 11 ന് എം.കെ ചാക്കോ അനുസ്മരണവും ഹോം ഫോർ ഹോംലെസ് പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അഞ്ചു വീടുകളുടെ താക്കോൽ ദാനവും നടക്കും. രാവിലെ 10 മണിക്ക് ചാമക്കാല സെന്റ് ജോൺസ് പള്ളിയിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിൻറെ മുഖ്യ കാർമ്മികത്വത്തിൽ ദിവ്യബലി അർപ്പിക്കും. തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ വച്ച് മുൻ കേരളാ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വീടുകളുടെ താക്കോൽ ദാന കർമ്മം നിർവ്വഹിക്കും. ചാമക്കാല ഇടവക വികാരി ഫാ. ജോസ് കടവിൽച്ചിറ സമ്മേളനത്തിൽ സ്വാഗതമാശംസിക്കും. മോൻസ് ജോസഫ് എം.എൽ.എ, പി.കെ ബിജു എം.പി, മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺ നീലംപറമ്പിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലൂക്കോസ് മാക്കിൽ എന്നിവർ പ്രസംഗിക്കും. ബിജു ചാക്കോ നന്ദി പ്രകാശനം നടത്തും.
യുകെ മലയാളികൾക്കെല്ലാം മാതൃകയായി മാറുന്ന ഈ ജീവകാരുണ്യ പ്രവർത്തനത്തിന് നേതൃത്വം നല്കുന്ന ബിജു ചാക്കോയ്ക്കും ലീനുമോൾക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ അഭിനന്ദനങ്ങൾ.
യുകെയിൽ പുതിയ കെട്ടിടം പണിയാനുളള ഒരുക്കത്തിലാണ് ഗൂഗിൾ. കെട്ടിടത്തിന്റെ രൂപരേഖ കാംഡെൻ കൗൺസിലിനു മുൻപാകെ ഗൂഗിൾ സമർപ്പിച്ചിട്ടുണ്ട്. യൂറോപ്പിലെ തന്നെ വലിയ കെട്ടിടം പണിയാനാണ് ഗൂഗിൾ ലക്ഷ്യമിടുന്നത്. ജീവനക്കാർക്കായി നിരവധി സൗകര്യങ്ങളാണ് ഗൂഗിൾ ഒരുക്കിയിട്ടുളളത്.
മൂന്നു ലൈനിലുളള സ്വിമ്മിങ് പൂൾ, മസാജ് മുറികൾ, വ്യായാമം ചെയ്യാനുളള മുറികൾ, ബാസ്കറ്റ്ബോൾ, സോക്കർ, ബാഡ്മിന്റൻ എന്നിവ കളിക്കാനായി പ്രത്യേക സ്ഥലങ്ങൾ, സ്റ്റെയർകേസിൽനിന്നും കളിക്കാൻ താൽപര്യമില്ലാത്തവർക്ക് കളി കാണാനുളള സൗകര്യം തുടങ്ങി വലിയ സൗകര്യങ്ങളാണ് ജോലിക്കാർക്കായി ഗൂഗിൾ കെട്ടിടത്തിൽ ഒരുക്കിയിരിക്കുന്നത്. കിങ്സ് ക്രോസിലെ നിലവിലെ കമ്പനിയോട് ചേർന്ന് ഒരു മില്യൻ സ്ക്വയർ ഫീറ്റിലായിരിക്കും കെട്ടിടം നിർമിക്കുക.
കെട്ടിടത്തിന്റെ മേൽക്കൂര പൂന്തോട്ടം കൊണ്ടായിരിക്കും മറയ്ക്കുക. 300 മീറ്റർ നീളമാണ് പൂന്തോട്ടത്തിന് ഉണ്ടായിരിക്കുക. ഇതിനുപുറമേ ഓടാനുളള ട്രാക്കും വിശ്രമിക്കാനുളള സ്ഥലങ്ങളും ഭാഗികമായി പൂക്കളാൽ നിറയ്ക്കും. ഒരുകൂട്ടം പ്രശസ്തരായ ആർക്കിടെക്കുകളെയും ഡിസൈനർമാരെയും ആണ് ലണ്ടനിലെ ഓഫിസ് നിർമാണത്തിന് ഗൂഗിൾ ചുതമലപ്പെടുത്തിയിരിക്കുന്നത്. കാലിഫോർണിയയിൽ കമ്പനിയുടെ ഓഫിസ് നിർമാണത്തിൽ പങ്കാളിയായ തോമസ് ഹെതർവിക്കും ഇക്കൂട്ടത്തിലുണ്ട്.
10 നിലകളായിരിക്കും കെട്ടിടത്തിന് ഉണ്ടാവുക. 7,000 ത്തോളം ജീവനക്കാരായിരിക്കും ഈ ഓഫിസിൽ ജോലി ചെയ്യുക. കെട്ടിടത്തിന്റെ നിർമാണം അടുത്ത വർഷത്തോടെ തുടങ്ങും.
മലയാളം യുകെ ന്യൂസ് ടീം
ലെസ്റ്റര്‍: മലയാളം യുകെ ഓണ്‍ ലൈന്‍ ന്യൂസ് പേപ്പര്‍ ആദ്യമായി നടത്തിയ എക്സല്‍ അവാര്‍ഡ് നൈറ്റ് വന്‍ വിജയമായി മാറിയപ്പോള്‍ അതിന് കാരണക്കാരായ ഒരു കൂട്ടം നിസ്വാര്‍ഥരായ സംഘാടകരെ നിങ്ങള്‍ക്ക് മുന്നില്‍ ഞങ്ങള്‍ പരിചയപ്പെടുത്തുകയാണ്. ഞങ്ങളുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് എല്ലാ പ്രതിസന്ധികളേയും നേരിട്ട് യുകെയുടെ നാനാഭാഗങ്ങളില്‍ നിന്നും മെഹര്‍ സെന്ററിലേയ്ക്ക് ഒഴുകിയെത്തിയ എല്ലാ കലാസ്നേഹികള്‍ക്കും മലയാളം യുകെയുടെ അകമഴിഞ്ഞ നന്ദി അറിയിക്കുന്നു. നിങ്ങളാണ് ഈ അവാര്‍ഡ് നൈറ്റ് വിജയത്തിന്റെ യഥാര്‍ത്ഥ കാരണക്കാര്‍. അതോടൊപ്പം നീണ്ട പരിശീലനങ്ങള്‍ക്ക് ശേഷം തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുവാന്‍ അഹോരാത്രം പ്രയത്നിച്ച ഓരോ കലാകാരന്മാര്‍ക്കും, അവര്‍ക്ക് എല്ലാ പിന്തുണയും നല്‍കിയ മാതാപിതാക്കള്‍ക്കും മലയാളം യുകെയുടെ വന്ദനം.
ഏതൊരു കലാസന്ധ്യയും വിജയിക്കുന്നത് കഠിനാധ്വാനികളായ ഒരു കൂട്ടം സന്മനസ്സുകളുടെ കൂട്ടായ പരിശ്രമം ഒന്നുകൊണ്ട് മാത്രമായിരിക്കും എന്ന് ഞങ്ങള്‍ ഉറച്ച് വിശ്വസിക്കുന്നു. മലയാളം യുകെയുടെ എക്സല്‍ അവാര്‍ഡ് നൈറ്റിന് ഇത്രവലിയ വിജയം സമ്മാനിച്ചതിന്റെ പിന്നിലും ഇതേപോലെ ഒരു കൂട്ടം സന്മനസ്സുകള്‍ നല്‍കിയ പൂര്‍ണ്ണ പിന്തുണയാണെന്ന് തുറന്ന് പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുകയാണ്.
ഏറ്റവും അധികം നന്ദി പറയേണ്ടത് ലെസ്റ്റര്‍ കേരള കമ്മൂണിറ്റി എന്ന മഹത്തായ സംഘടനയോടാണ്. ആദ്യം മുതല്‍ അവസാനം വരെ ഈ അവാര്‍ഡ് നൈറ്റിന്റെ വിജയത്തിനായി എല്‍ കെ സി സ്വീകരിച്ച നിലപാടുകളാണ് ഈ കലാസന്ധ്യയെ ഇത്രയും മനോഹരമാക്കിയത്. ആത്മാര്‍ത്ഥയുള്ള ഒരു കൂട്ടം കുടുംബങ്ങള്‍ ഈ അവാര്‍ഡ് നൈറ്റിനെ സ്വന്തം കുടുംബ പരിപാടിപോലെ ഏറ്റെടുത്തപ്പോള്‍ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ വിജയം ഉറപ്പായിരുന്നു. തലേദിവസം മുതല്‍ അവാര്‍ഡ് നൈറ്റിന്റെ അവസാനം വരെ മെഹര്‍ കമ്മൂണിറ്റി സെന്ററിന്റെ മുക്കും മൂലയും എല്‍ കെ സിയുടെ കഴിവുറ്റ കുടുംബാംഗങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. അജയ് പെരുമ്പലത്തിന്റെയും, രാജേഷ് ജോസഫിന്റെയും, ടെല്‍സ്മോന്‍ തോമസിന്‍റെയും, ജോസ് തോമസിന്റെയും, സോണി ജോര്‍ജ്ജിന്റെയും, ജോര്‍ജ്ജ് എടത്വായുടെയും നേതൃത്വത്തില്‍ അനേകം കുടുംബങ്ങള്‍ ആണ് ഈ അവാര്‍ഡ് നൈറ്റിന്റെ വിജയത്തിനായി അക്ഷീണം പ്രയഗ്നിച്ചത്.
പ്രൌഡിയേറിയ ഓഡിറ്റോറിയം, രണ്ടായിരത്തോളം കാണികള്‍ക്ക് ഇരിക്കാന്‍ പറ്റുന്ന രീതിയിലുള്ള സൗകര്യങ്ങള്‍, മനോഹരമായി തയ്യാറാക്കിയ സ്റ്റേജ്, കലാഭവന്‍ നൈസ്സും, സോണി ജോര്‍ജ്ജും അണിയിച്ചൊരുക്കിയ നിലവാരമുള്ള കലാവിരുന്നുകള്‍, മിതമായ നിരക്കില്‍ സ്വാദേറിയ ഭക്ഷണം, മാഗ്നാവിഷന്‍ ടി വി ചാനലിലൂടെ തല്‍സമയ സംപ്രക്ഷണം, ലണ്ടന്‍ മലയാളം റേഡിയോയിലൂടെ തല്‍സമയ സംപ്രക്ഷണം, മികവാര്‍ന്ന ലൈറ്റ് ആന്റ് സൌണ്ട് സിസ്റ്റം, ആവശ്യത്തിലധികം പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ഇതെല്ലാം ഇക്കഴിഞ്ഞ അവാര്‍ഡ് നൈറ്റിലെ പ്രത്യേകതകള്‍ ആയിരുന്നു..
ഈ അവാര്‍ഡ് നൈറ്റിന്റെ വിജയത്തിനായി ആദ്യ ആലോചനകള്‍ മുതല്‍ അവസാനം വരെ എല്ലാവിധ നിര്‍ദ്ദേശങ്ങളും നല്‍കി ഞങ്ങളെ സഹായിച്ച സോണി ജോര്‍ജ്ജ്, സ്റ്റാന്‍ലി തോമസ്സ്, റോബി മേക്കര, മോനി ഷിജോ, കുശാല്‍ സ്റ്റാന്‍ലി എന്നിവര്‍ക്ക് പ്രത്യേകം നന്ദി അറിയിക്കുന്നു.
അവാര്‍ഡ് നൈറ്റ് വിജയകരമാക്കുവാന്‍ കുടുംബസുഹൃത്തിനെപ്പോലെ ഞങ്ങള്‍ക്ക് സഹായിയായിരുന്ന സ്റ്റാന്‍ലി തോമസ്സിനെയും കുടുംബത്തെയും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റില്‍ സ്റ്റാന്‍ലി തോമസ് പകര്‍ത്തിയ മനോഹരമായ ചിത്രങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക.
https://www.facebook.com/stanly.thomas.374/posts/1326731687382666?pnref=story
യുകെ മലയാളികളുടെ സ്വന്തമായ ബിറ്റിഎം ഫോട്ടോഗ്രാഫി മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ മുഴുവന്‍ ചിത്രങ്ങളും പകര്‍ത്തിയിരുന്നു. ബിറ്റിഎം ഫോട്ടോഗ്രാഫിക്ക് വേണ്ടി ബിജു മൂന്നാനപ്പള്ളി പകര്‍ത്തിയ വര്‍ണ്ണ മനോഹരമായ ചിത്രങ്ങള്‍ കാണുവാന്‍ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക
മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റിന്റെ അവതാരകരായ ജോഷി വാലയില്‍, മരിയ, എലിസ എന്നിവരും അവാര്‍ഡ് നൈറ്റ് വേദിയിലെ കൂറ്റന്‍ എല്‍ഇഡി വാളില്‍ സാങ്കേതിക തികവോടെ പശ്ചാത്തല ചിത്രങ്ങളും വീഡിയോയും ഒരുക്കിയ ജെയിംസ് ജോണ്‍, എബിസന്‍, ഷൈന്‍, ഫെര്‍ണാണ്ടസ് തുടങ്ങിയവരും ഒക്കെ ഈ അവാര്‍ഡ് നൈറ്റ് പൂര്‍ണ്ണ വിജയമാകാന്‍ കാരണക്കാരായവര്‍ ആണ്. ഈ അവാര്‍ഡ് നൈറ്റിനെ വന്‍ വിജയമാക്കാന്‍ സഹകരിച്ച എല്ലാ നല്ല യുകെ മലയാളികള്‍ക്കും മലയാളം യുകെയുടെ നന്ദി ,,, നന്ദി,, നന്ദി,,,