Main News

ജനപ്രിയ മോര്‍ട്‌ഗേജ് പദ്ധതികളുടെ നിരക്ക് രണ്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. അടുത്ത മാസം അടിസ്ഥാന പലിശ നിരക്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് വര്‍ദ്ധിപ്പിക്കാനിടയുണ്ടെന്ന നിഗമനത്തില്‍ ലെന്‍ഡര്‍മാര്‍ നേരത്തേ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു. കഴിഞ്ഞ മാസത്തേക്കാള്‍ 0.25 ശതമാനം വര്‍ദ്ധനവാണ് നിരക്കുകളില്‍ ഉണ്ടായിട്ടുള്ളത്. നവംബറിലും ലെന്‍ഡര്‍മാര്‍ മോര്‍ട്‌ഗേജ് നിരക്കുകളില്‍ 0.25 ശതമാനം വര്‍ദ്ധന വരുത്തിയിരുന്നു. രണ്ടു വര്‍ഷത്തിനിടയിലെ ശരാശരി ഫിക്‌സഡ് മോര്‍ട്‌ഗേജ് നിരക്ക് ഇപ്പോള്‍ 2.5 ശതമാനമായി മാറിയിരിക്കുകയാണ്. 2016 ജൂലൈക്ക് ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്.

ആറ് മാസങ്ങള്‍ക്കുള്ളിലുണ്ടായ രണ്ട് നിരക്ക് വര്‍ദ്ധനവുകള്‍ മോര്‍ട്‌ഗേജുകള്‍ തിരിച്ചടക്കുന്നവര്‍ക്ക് ഭാരമാകും. 1,75,000 പൗണ്ടിന്റെ ലോണ്‍ തിരിച്ചടക്കുന്ന ഒരു ശരാശരി വീട്ടുടമയ്ക്ക് കഴിഞ്ഞ ഓട്ടത്തില്‍ അടക്കേണ്ടി വന്നതിനേക്കാള്‍ 44 പൗണ്ട് അധികമായി അടക്കേണ്ടി വരുമെന്നാണ് കരുതുന്നത്. 2020നുള്ളില്‍ സെന്‍ട്രല്‍ ബാങ്ക് രണ്ട് തവണ കൂടി പലിശനിരക്കില്‍ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ മോര്‍ട്‌ഗേജ് നിരക്കുകള്‍ വീണ്ടും വര്‍ദ്ധിക്കുമെന്നത് ഉറപ്പാണ്.

്അടുത്ത മാസം നടക്കുന്ന റിവ്യൂവില്‍ പലിശനിരക്കുകള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഉയര്‍ത്തിയേക്കുമെന്നാണ് കരുതുന്നത്. നിലവില്‍ 0.5 ശതമാനത്തില്‍ നില്‍ക്കുന്ന അടിസ്ഥാന നിരക്ക് 0.75 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന. അതുകൊണ്ടുതന്നെ ലെന്‍ഡര്‍മാര്‍ നിരക്കുകള്‍ നേരത്തേ വര്‍ദ്ധിപ്പിച്ചു തുടങ്ങിയിരിക്കുകയാണ്. അതേസമയം ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് താഴ്ന്നതിനു ശേഷം മോര്‍ട്‌ഗേജ് വിപണി ഇപ്പോള്‍ ഒരു കുതിപ്പിന് തയ്യാറെടുക്കുകയാണെന്ന് മണിഫാക്ട്‌സ് എന്ന ഫിനാന്‍ഷ്യല്‍ ഡേറ്റ പ്രൊവൈഡര്‍ സ്ഥാപനത്തിന്റെ പ്രതിനിധി ഷാര്‍ലറ്റ് നെല്‍സണ്‍ പറഞ്ഞു.

സെക്യൂരിറ്റി സര്‍വീസുകള്‍ക്കും പോലീസിനും പ്രത്യേക അധികാരങ്ങള്‍ നല്‍കിക്കൊണ്ട് പുതിയ തീവ്രവാദവിരുദ്ധ നയം. ചില കമ്യൂണിറ്റികളെ പ്രത്യേകമായി ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ നയം തയ്യാറാക്കിയിരിക്കുന്നത്. ജനങ്ങള്‍ തീവ്രവാദത്തിലേക്ക് ചായാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള കമ്യൂണികളിലെ ആളുകളെ സംശയമുണ്ടെങ്കില്‍ പിടികൂടാന്‍ ഈ നയം അനുമതി നല്‍കുന്നു. ഭീകരാക്രമണങ്ങള്‍ക്ക് അന്തിമ പദ്ധതി തയ്യാറാക്കുന്നതിനു മുമ്പുതന്നെ ഗൂഢാലോചന നടത്തുന്നവരെ പിടികൂടാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം. പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് ഈ വിധത്തിലുള്ള ഒരു ചുവടുമാറ്റം അനിവാര്യമാണെന്ന് സെക്യൂരിറ്റി മേധാവിമാര്‍ കരുതുന്നതായി സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തീവ്രവാദത്തിനും തീവ്രവാദ ആശയങ്ങള്‍ക്കും പടരാന്‍ കൂടുതല്‍ സാഹചര്യങ്ങളുള്ള കമ്യൂണിറ്റികളില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും ഏതെങ്കിലും വിധത്തിലുള്ള ഭീകരാക്രമണ പദ്ധതികള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അവ തടയുന്നതിന് എംഐ 5നും ഡിറ്റക്ടീവുകള്‍ക്കും പ്രത്യേക അധികാരങ്ങള്‍ നല്‍കുമെന്നും ഭീകരവിരുദ്ധനയത്തിന്റെ പുറത്തായ രേഖകള്‍ വ്യക്തമാക്കുന്നു. ഈ വിധത്തില്‍ ചില സമൂഹങ്ങളെ മാത്രം ലക്ഷ്യമിടുന്നത് ഈ നയത്തെ വിവാദത്തിലേക്ക് നയിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷം മാഞ്ചസ്റ്റര്‍, വെസ്റ്റ്മിന്‍സ്റ്റര്‍, ലണ്ടന്‍ ബ്രിഡ്ജ് എന്നിവിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നയത്തിന് രൂപം നല്‍കിയിരിക്കുന്നത്. ഈ ആക്രമണങ്ങളില്‍ 35 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

സുരക്ഷാ സര്‍വീസുകളുടെ നിരീക്ഷണത്തിലുണ്ടായിരുന്ന 23,000 തീവ്രവാദികളില്‍പ്പെടുന്നവരായിരുന്നു ആക്രമണങ്ങളില്‍ പങ്കെടുത്ത മൂന്ന് പേര്‍. അവരില്‍ ഒരാളുടെ പേരില്‍ മാത്രമായിരുന്നു എംഐ5 അന്വേഷണം നടത്തി വന്നിരുന്നത്. പുതിയ പദ്ധതിയനുസരിച്ച് തീവ്രവാദത്തിനുള്ള ജയില്‍ ശിക്ഷ വര്‍ദ്ധിപ്പിക്കുകയും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്നവരെ കര്‍ശന നിരീക്ഷണത്തിന് വിധേയരാക്കുകയും ചെയ്യും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും കൗണ്‍സിലുകള്‍ക്കും പ്രവിശ്യാ സര്‍ക്കാരുകള്‍ക്കും തങ്ങളുടെ നിരീക്ഷണത്തിലുള്ള വ്യക്തികളേക്കുറിച്ച് പോലീസിനും എംഐ 5നും വിവരങ്ങള്‍ കൈമാറാനും കഴിയും. പുതിയ നയം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടപ്പാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞയാഴ്ച ലണ്ടന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേറ്റത് വന്‍ പ്രതിഷേധമായിരുന്നു. കത്വയില്‍ എട്ടു വയസ്സുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതും ഉന്നാവോയില്‍ ബിജെപി എംഎല്‍എ ഉള്‍പ്പെട്ട ബലാത്സംഗ കേസും, ഇന്ത്യയില്‍ വര്‍ദ്ധിച്ച് വരുന്ന മതപരമായ അസഹിഷ്ണുതയും മറ്റുമായിരുന്നു പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ കാരണം. യുകെയിലെ ഇന്ത്യക്കാരും തദ്ദേശീയരായ മനുഷ്യാവകാശ പ്രവര്‍ത്തകരും മറ്റ് രാജ്യക്കാരും ഒക്കെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു.

എന്നാല്‍ പ്രതിഷേധങ്ങളുടെ മറവില്‍ ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചതും പതാക വലിച്ച് കീറിയതും യുകെയിലെ ഇന്ത്യക്കാരുടെ ഇടയില്‍ വലിയ എതിര്‍പ്പ് ഉണ്ടാക്കിയിരിക്കുകയാണ്. മോദിയോടും ബിജെപി ഗവണ്മെന്റിനോടും എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ എന്ന പേരില്‍ ഇന്ത്യന്‍ ദേശീയതയെ അപമാനിക്കാനുള്ള ശ്രമമായി ഇതിനെ കാണണമെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങളുടെ മറവില്‍ കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ പതാക ഉയര്‍ത്തിയിരുന്ന മൈതാനത്തിലെ ഇന്ത്യന്‍ പതാക വലിച്ച് കീറിയത് മനപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ തന്നെ ആയിരുന്നു എന്ന് ഈ സംഭവത്തിന്‍റെ വീഡിയോ പുറത്ത് വന്നതോടെ വ്യക്തമായിട്ടുണ്ട്. പാക്കിസ്ഥാന്‍ അനുകൂലികളും ഖലിസ്ഥാന്‍ വാദികളും ആണ് പതാക കീറാന്‍ മുന്‍കൈയെടുത്തത് എന്നും വ്യക്തമായിട്ടുണ്ട്.

ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചവര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ ഇന്ത്യന്‍ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രതിഷേധത്തിന്റെ മറവില്‍ ഇന്ത്യന്‍ പതാക വലിച്ച് കീറുന്ന വീഡിയോ താഴെ

ഹൈദരബാദ്: സിപിഐഎം കേന്ദ്രകമ്മിറ്റിയിലെയും പൊളിറ്റ് ബ്യൂറോയിലെയും രാഷ്ട്രീയ ബലാബലത്തിന് മാറ്റം വരുന്നു. പൊളിറ്റ് ബ്യൂറോയില്‍ പുതിയതായി ബംഗാളില്‍ നിന്ന് രണ്ട് പേരെ ഉള്‍പ്പെടുത്തി. കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് 15 പേരെ ഒഴിവാക്കി 19 പേരെ പുതിയതായി ഉള്‍പ്പെടുത്തി. ഇതോടെ പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും പ്രകാശ് കാരാട്ട് പക്ഷത്തിന് ഉണ്ടായിരുന്ന വലിയ മേല്‍ക്കൈ നഷ്ടമായി. പശ്ചിമ ബംഗാള്‍ ഘടകത്തിന്റെ കടുത്ത നിലപാടും യെച്ചൂരി മുന്നോട്ട് വച്ച രാഷ്ട്രീയ ലൈനിന് ലഭിച്ച സ്വീകാര്യതയുമാണ് സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ രാഷ്ട്രീയ ബലാബലം ഉടച്ച് വാര്‍ക്കുന്ന പുതിയ കേന്ദ്ര കമ്മിറ്റിക്കും പൊളിറ്റ് ബ്യൂറോയ്ക്കും രൂപം കൊടുത്തിന് പിന്നില്‍.

ജനറല്‍ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. ഇത് രണ്ടാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയാകുന്നത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ അവസാന ദിവസം ചേര്‍ന്ന പുതിയ കേന്ദ്രകമ്മിറ്റി യോഗത്തിലാണ് സീതാറാം യെച്ചൂരിയെ വീണ്ടും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത്. സീതാറാം യെച്ചൂരിയും കാരാട്ട് പക്ഷവും തമ്മില്‍ നിലനിന്ന കടുത്ത അഭിപ്രായ ഭിന്നതകള്‍ക്കൊടുവിലാണ് പുതിയ നേതൃത്വത്തിന് വോട്ടെടുപ്പില്ലാതെ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്.

കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ എണ്ണം 91ല്‍ നിന്ന് 95 ആക്കി ഉയര്‍ത്തി. 95 അംഗങ്ങളടങ്ങിയ കേന്ദ്രകമ്മിറ്റി പാനലിനാണ് അവസാനദിവസം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയത്. 19 പുതുമുഖങ്ങള്‍ ഉള്‍പ്പെട്ട കമ്മിറ്റിയില്‍ നാലുപേര്‍ മലയാളികളാണ്. മുരളീധരന്‍, വിജൂ കൃഷ്ണന്‍, എം.വി. ഗോവിന്ദനും, കെ. രാധാകൃഷ്ണനും കേന്ദ്രകമ്മിറ്റിയില്‍ ഇടം പിടിച്ചു.

സിസിയിലെ പുതുമുഖങ്ങള്‍

1. എം.വി. ഗോവിന്ദന്‍

2. കെ. രാധാകൃഷ്ണന്‍

3. മുരളീധരന്‍

4. വിജൂ കൃഷ്ണന്‍

5. സുപ്രകാശ് താലൂക്ദര്‍

6. അരുണ്‍ കുമാര്‍ മിശ്ര

7. കെ.എം. തിവാരി

8. ജസ്വീന്ദര്‍ സിങ്

9. ജെ.പി. ഗാവിത്

10. ജി. നാഗയ്യ

11. തപന്‍ ചക്രവര്‍ത്തി

12. ജിതെന്‍ ചൗധരി

13. അരുണ്‍ കുമാര്‍

14. മറിയം ധാവലെ

15. റാബിന്‍ ദേബ്

16. അഭാസ് റോയ് ചൗധരി

17. സുജന്‍ ചക്രവര്‍ത്തി

18. അമിയോ പാത്ര

19 സുഖ്‌വീന്ദര്‍ സിങ് ശേഖന്‍

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന അംഗം പി.കെ.ഗുരുദാസനെ കേന്ദ്രകമ്മിറ്റിയില്‍ നിന്നൊഴിവാക്കി. വൈക്കം വിശ്വന്‍ തുടരും.

വി.എസ്.അച്യുതാനന്ദന്‍ ഉള്‍പ്പെടെ ആറ് പ്രത്യേക ക്ഷണിതാക്കള്‍ ഉണ്ട്.  വി.എസും പാലോളി മുഹമ്മദ് കുട്ടിയും സിസിയില്‍ പ്രത്യേക ക്ഷണിതാക്കളാണ്. പ്രത്യേക ക്ഷണിതാവായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യയെ ഒഴിവാക്കി. സ്ഥിരം  ക്ഷണിതാക്കളായി രണ്ട് പേരും ഉണ്ട്.

പ്രത്യേക ക്ഷണിതാക്കള്‍

1. വി എസ് അച്യുതാനന്ദന്‍

2. മല്ലു സ്വരാജ്യം

3. മദന്‍ ഘോഷ്

4. പാലോളി മുഹമ്മദ് കുട്ടി

5. പി രാമയ്യ

6.  കെ വരദരാജന്‍

സ്ഥിരം ക്ഷണിതാക്കള്‍

1. രജീന്ദര്‍ നേഗി ( സെക്രട്ടറി, ഉത്തരാഖണ്ഡ് സംസ്ഥാന കമ്മറ്റി)

2. സഞ്ജയ് പരാട് ( സെക്രട്ടറി, ഛത്തീസ്ഗഢ് സംസ്ഥാന കമ്മറ്റി)

സിപിഐഎം പോളിറ്റ് ബ്യൂറോയുടെ അംഗബലം 17 ആക്കി ഉയര്‍ത്തി. 21-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ 16 പേരെയാണ് പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഇത്തവണ ഒരാളെക്കൂടി പിബിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.പോളിറ്റ് ബ്യൂറോയില്‍ മാറ്റൊന്നും വേണ്ടതില്ലെന്നും എസ്.രാമചന്ദ്രപിള്ളയ്ക്ക് പ്രായത്തില്‍ ഇളവ് നല്‍കി പിബിയില്‍ തുടരാന്‍ അനുവദിക്കണമെന്നുമാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. ഇതോടെയാണ് എസ്.ആര്‍.പിക്ക് പിബിയില്‍ തുടരാന്‍ അവസരം ഒരുങ്ങിയത്. പോളിറ്റ് ബ്യൂറോയില്‍ നിന്ന് എ.കെ.പത്മനാഭന്‍ ഒഴിയും. തപന്‍സെന്നും നിലോത്പല്‍ ബസുവുമാണ് പിബിയിലേക്ക് തിരഞ്ഞെടുത്ത പുതുമുഖങ്ങള്‍.

പൊളിറ്റ് ബ്യൂറോ

1. സീതാറാം യെച്ചൂരി

2. പ്രകാശ് കാരാട്ട്

3. എസ്. രാമചന്ദ്രന്‍ പിള്ള

4. മണിക് സര്‍ക്കാര്‍

5. പിണറായി വിജയന്‍

6. ബിമന്‍ ബോസ്

7. കോടിയേരി ബാലകൃഷ്ണന്‍

8. പി.ബി.രാഘവലു

9. ഹനന്‍ മുള്ള

10. ജി.രാമകൃഷ്ണന്‍

11. സൂര്യകാന്ത മിശ്ര

12. ബൃന്ദകാരാട്ട്

13. എം.എ.ബേബി

14. മുഹമ്മദ് സലിം

15. സുഭാഷണി അലി

16. നീലോല്‍പല്‍ ബസു

17. തപന്‍ സെന്‍

ഭൂമിയില്‍ ജീവന്‍ എങ്ങനെയുണ്ടായി എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം തരാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിട്ടില്ല. ഇതു സംബന്ധിച്ച് ഒട്ടേറെ സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്. ബഹിരാകാശത്തു നിന്ന് ഭൂമിയിലെത്തിയ പാറകളിലും പൊടിയിലും മറ്റുമുണ്ടായിരുന്ന ബാക്ടീരിയകളില്‍ നിന്നായിരിക്കാം ഭൂമിയില്‍ ജീവന്‍ എത്തിയതെന്ന സിദ്ധാന്തം ശാസ്ത്രലോകത്തുണ്ടായിരുന്നെങ്കിലും അതിന്റെ സാധ്യതകള്‍ പിന്നീട് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ 20 വര്‍ഷം മുമ്പ് ഭൂമിയില്‍ വീണ ഒരു ഉല്‍ക്കാശിലയില്‍ ജീവന്റെ ആവിര്‍ഭാവത്തിന് കാരണമായ അടിസ്ഥാന വസ്തുക്കളുണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. മറ്റു ഗ്യാലക്‌സികളിലെ ഗ്രഹങ്ങളിലും ജീവന്റെ സാന്നിധ്യമുണ്ടാകാമെന്നും അവയില്‍ നിന്നായിരിക്കാം ഭൂമിയിലും ജീവന്‍ എത്തിയതെന്നും ചില ഗവേഷകര്‍ ഇപ്പോഴും വിശ്വസിക്കുന്നു.

മനുഷ്യവംശത്തിന്റെ ആവിര്‍ഭാവത്തെപ്പറ്റി ഡോ.എല്ലിസ് സില്‍വര്‍ എന്ന പരിണാമ ശാസ്ത്രകാരന് ചില സിദ്ധാന്തങ്ങളുണ്ട്. ഹ്യൂമന്‍സ് ആര്‍ നോട്ട് ഫ്രം എര്‍ത്ത് എന്ന പുസ്തകത്തിലാണ് തന്റെ കാഴ്ചപ്പാടുകള്‍ അദ്ദേഹം അവതരിപ്പിക്കുന്നത്. ഇവയേക്കുറിച്ച് ഒരു ഓണ്‍ലൈന്‍ സംവാദവും ഇദ്ദേഹം നടത്തിയിരുന്നു. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്യഗ്രഹജീവികളാണ് മനുഷ്യവംശത്തെ ഭൂമിയില്‍ എത്തിച്ചതെന്നാണ് സില്‍വര്‍ വാദിക്കുന്നത്. അതിനുള്ള കാരണങ്ങളും അദ്ദേഹം നിരത്തുന്നു. ഭൂമിയിലെ ഏറ്റവും വികാസം പ്രാപിച്ച ജീവിവര്‍ഗ്ഗമാണ് മനുഷ്യന്‍. എങ്കിലും ഭൂമിയുടെ സാഹചര്യങ്ങളുമായി ഒത്തുചേര്‍ന്ന് പോകാന്‍ കഴിയാത്ത ശരീരഘടനയാണ് മനുഷ്യനുള്ളത്.

സൂര്യപ്രകാശം താങ്ങാന്‍ മനുഷ്യന് കഴിയുന്നില്ല, പ്രകൃതിയില്‍ നിന്ന് നേരിട്ട് ലഭിക്കുന്ന ഭക്ഷണം കഴിക്കാന്‍ സാധിക്കില്ല, മാരകമായ രോഗങ്ങള്‍ അമിതമായി കാണപ്പെടുന്നു തുടങ്ങി ഒട്ടേറെ വസ്തുതകളാണ് അദ്ദേഹം കാരണമാണ് സമര്‍ത്ഥിക്കുന്നത്. പ്രസവത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തന്നെ മനുഷ്യന്‍ ഭൂമിയിലുണ്ടായതല്ലെന്നതിന് മതിയായ തെളിവാണെന്ന് അദ്ദേഹം പറയുന്നു. മനുഷ്യന് മാത്രമാണ് നടുവിന് പ്രശ്‌നങ്ങള്‍ കാണുന്നത്. താരതമ്യേന ഗുരുത്വാകര്‍ഷണം കുറഞ്ഞ ഗ്രഹത്തിലായിരുന്നു മനുഷ്യന്‍ കഴിഞ്ഞിരുന്നത് എന്നതിന് തെളിവാണ് ഇത്. ഭൂമി ഒരു ഗ്രഹാന്തര ജയിലാകാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തുന്നു. മനുഷ്യന്റെ അക്രമണോത്സുകത ഇതിനുള്ള തെളിവാണെന്നും ഡോ.സില്‍വര്‍ വാദിക്കുന്നു.

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ വളരെ ആവേശത്തോടെ കാത്തിരുന്നതും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇടംപിടിക്കേണ്ടതുമായിരുന്ന രണ്ട് പ്രമുഖ മത്സരങ്ങളാണ് മതിയായ കാരണങ്ങളില്ലാതെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് ഉപേക്ഷിച്ചത്. ക്രിക്കറ്റ് ലോകത്തേ അതികായകരും പാരമ്പര്യമുള്ളവരുമായ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകളുമായുള്ള പകല്‍-രാത്രി മത്സരങ്ങളാണ് ബിസിസിഐ ഉപേക്ഷിച്ചത്.

പുറമേ പറയുന്ന കാരണങ്ങള്‍ മറ്റു പലതാണെങ്കിലും രാത്രി മത്സരങ്ങള്‍ക്ക് തയ്യാറാകാത്ത കളിക്കാരുടെ താല്‍പര്യങ്ങളാണ് ഇത്തരത്തിലൊരു തീരുമാനത്തിന് പിന്നിലെന്നാണ് പിന്നാമ്പുറ വാര്‍ത്ത. ക്രിക്കറ്റ് ലോകത്തു നിന്നു ലഭിക്കുന്ന അളവില്ലാത്ത പ്രശസ്തിയും പണവും കൈവന്നു കഴിയുമ്പോള്‍ പല കളിക്കാര്‍ക്കും ക്രിക്കറ്റിനേക്കാള്‍ കൂടുതല്‍ താല്‍പര്യം രാത്രി പാര്‍ട്ടികളിലും മറ്റ് ഉല്ലാസങ്ങളിലുമാണ്. മലയാളിയായ ഒരു പ്രമുഖ ക്രിക്കറ്റ് താരത്തിന്റെ കരിയറിന് അന്ത്യം കുറിച്ചതും ഇത്തരം താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയതാണ്.

പകല്‍ രാത്രി മത്സരങ്ങള്‍ കളിക്കാരുടെ രാത്രി സമയങ്ങളിലേ ഉല്ലാസസമയം കവര്‍ന്നെടുക്കുമെങ്കിലും ക്രിക്കറ്റ് പ്രേമികള്‍ക്ക് കളി കാണാനും ആസ്വദിക്കാനും കൂടുതല്‍ അനുയോജ്യമാണ്. ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന് പരസ്യയിനത്തിലും മറ്റു കൂടുതല്‍ വരുമാനം കൊണ്ടുവരുന്നതും പകല്‍ രാത്രി മത്സരങ്ങളാണ്. ഇന്ത്യ പോലെ ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളുള്ള നാട്ടില്‍ പകല്‍ രാത്രി മത്സരങ്ങളാണ് അനുയോജ്യം. പകല്‍ സമയങ്ങളില്‍ ക്രിക്കറ്റ് ഉള്ളപ്പോള്‍ ഇന്ത്യയുടെ ഉത്പാദന ശേഷിയില്‍ കാര്യമായ കുറവ് ഉണ്ടാകുന്നുണ്ട. ധാരാളം ആളുകള്‍ തങ്ങളുടെ ജോലി ഉപേക്ഷിച്ച് ക്രിക്കറ്റ് കാണാന്‍ ടെലിവിഷനു മുമ്പില്‍ ഇരിക്കുന്നതാണ് ഇതിനു കാരണം. മത്സരങ്ങള്‍ പകല്‍-രാത്രിയായാല്‍ ഇതിന് ഭാഗിക പരിഹാരമാകും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് പകല്‍ – രാത്രി മത്സരങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് എടുത്തതെന്നാണ് വിവരം. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഒക്ടോബറില്‍ ഇന്ത്യയുടെ ആദ്യ പകല്‍-രാത്രി മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഓസിസ് ടീമിന്റെ ഇന്ത്യന്‍ പര്യടനവും പകല്‍ – രാത്രി മത്സരങ്ങളും പൂര്‍ണമായും ഉപേക്ഷിച്ചിട്ടില്ലെങ്കിലും നടക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാലഘട്ടത്തിന് ചേരാത്ത കളിയാണ് ക്രിക്കറ്റിലെ ടെസ്റ്റ് മത്സരങ്ങളെന്ന ആക്ഷേപം ഉയരുമ്പോഴാണ് ക്രിക്കറ്റ് പ്രേമികള്‍ ക്രിക്കറ്റിന്റെ ജീവനായി കരുതുന്ന ടെസ്റ്റ് മത്സരങ്ങളോട് കളിക്കാരുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ ആശങ്കയുണര്‍ത്തുന്നത്.

വെറും 600 പൗണ്ടില്‍ നിന്ന് കോടിക്കണക്കിന് പൗണ്ട് മൂലധനമുള്ള കമ്പനിയുടെ തലപ്പത്തേക്കുള്ള യാത്ര മലയാളിയായ രൂപേഷ് തോമസിന് അത്ര എളുപ്പമുള്ളതായിരുന്നില്ല. 23-ാമത്തെ വയസില്‍ ഇംഗ്ലണ്ടിലെത്തി മണിക്കൂറിന് 4 പൗണ്ട് ശമ്പളത്തില്‍ മക്‌ഡൊണാള്‍ഡ്‌സില്‍ ജോലിക്ക് കയറിയ രൂപേഷ് 16 വര്‍ഷം പിന്നിടുമ്പോള്‍ ടുക് ടുക് ചായ് ടീ എന്ന സ്വന്തം ബ്രാന്‍ഡിനൊപ്പം ഹാര്‍വെ നിക്കോളാസ് പോലെയുള്ള ആഡംബര ബ്രാന്‍ഡുകളും വില്‍ക്കുന്ന ചെയിനിന് ഉടമയാണ്. പിതാവില്‍ നിന്ന് കടം വാങ്ങിയതും തന്റെ ബൈക്ക് വിറ്റ് നേടിയ 300 പൗണ്ടിന് തുല്യമായ തുകയുമായാണ് രൂപേഷ് സ്റ്റാഫോര്‍ഡില്‍ വന്നിറിങ്ങിയത്.

മിഡില്‍ ഈസ്റ്റില്‍ ട്രാവല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്ന പിതാവില്‍ നിന്നാണ് ഇംഗ്ലണ്ട് തനിക്കുള്ളില്‍ ഒരു സ്വപ്‌നമായി മാറിയതെന്ന് രൂപേഷ് പറയുന്നു. അച്ഛന്റെ കയ്യിലുണ്ടായിരുന്ന ലണ്ടന്‍ നഗരത്തിന്റെ ചിത്രത്തില്‍ താന്‍ നോക്കിയിരിക്കുമായിരുന്നു. അവിടെയൊരു മികച്ച ജീവിതം താന്‍ സ്വപ്‌നം കാണുന്നുണ്ടായിരുന്നു. ഇപ്പോള്‍ സൗത്ത് ലണ്ടനിലെ വിംബിള്‍ഡനില്‍ ഭാര്യ അലക്‌സാന്‍ഡ്രക്കും ഏഴു വയസുള്ള മകന്‍ കിയാനുമൊത്ത് ജീവിക്കുകയാണ് രൂപേഷ്. പിതാവില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാനാണ് മണിക്കൂറിന് 4 പൗണ്ട് ശമ്പളത്തില്‍ മക്‌ഡൊണാള്‍ഡ്‌സില്‍ രൂപേഷ് ജോലിക്ക് കയറിയത്.

അവിടുത്തെ കഷ്ടപ്പാട് മൂലം പിന്നീട് ഒരു കെയററായും ഡോര്‍ ടു ഡോര്‍ സെയില്‍സ്മാനായും മാറി. അവിടെ നിന്നാണ് നിരാസങ്ങളെയും ചിരിച്ചുകൊണ്ട് സ്വീകരിക്കാന്‍ പഠിച്ചത്. തന്റെ ഈ രീതി പിന്നീട് കമ്പനിയില്‍ ടീം ലീഡറായി മാറാന്‍ സഹായിച്ചു. അതിനിടയിലാണ് അലക്‌സാന്‍ഡ്രയുമായി പരിചയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. ഇവരുടെ വിവാഹച്ചടങ്ങുകള്‍ ഫ്രാന്‍സിലും കേരളത്തിലും നടത്തിയിരുന്നു. ഇന്ത്യയില്‍ വെച്ചാണ് ചായ അലക്‌സാന്‍ഡ്രയ്ക്ക് ഇഷ്ടമാകുന്നത്. കേരളത്തില്‍ വെച്ച് 10 കപ്പ് ചായയെങ്കിലും അലക്‌സാന്‍ഡ്ര കുടിക്കുമായിരുന്നു. ഇത് യുകെയില്‍ അവതരിപ്പിച്ചാലോ എന്നായി പിന്നീട് ആലോചന. 2015ല്‍ 150,000 പൗണ്ട് നിക്ഷേപിച്ച് ടുക് ടുക് ചായ ടീ തുടങ്ങി. 2017ല്‍ ഹാര്‍വെ ആന്‍ഡ് നിക്കോള്‍സ് യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാകാന്‍ തുടഭങ്ങിയപ്പോള്‍ രൂപേഷ് സെയിന്‍സ്ബറീസുമായി ധാരണയിലെത്തുകയും സംരംഭം വന്‍ വിജയമായി മാറുകയുമായിരുന്നു.

ലീഡ്‌സ്: ലീഡ്‌സിലെ സ്‌പോര്‍ട്‌സ് സെന്ററിലെ സ്വിമ്മിംഗ് പൂളില്‍ മൂന്നു വയസുകാരന്‍ മുങ്ങിമരിച്ചു. ടങ് ലെയിനിലെ ഡേവിഡ് ലോയ്ഡ് ക്ലബിലെ സ്വിമ്മിംഗ് പൂളില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കുടുംബാംഗങ്ങള്‍ക്കൊപ്പം നീന്തുന്നതിനിടെയായിരുന്നു സംഭവമെന്നാണ് വിവരം. അപകടമെന്ന നിലയിലാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നതെങ്കിലും ദൃക്‌സാക്ഷികള്‍ ആരെങ്കിലുമുണ്ടോ എന്ന കാര്യവും അന്വേഷിക്കുന്നുണ്ട്.

രാവിലെ 9.30ഓടെയാണ് കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. സ്‌പോര്‍ട്‌സ് സെന്ററിലെ ജീവനക്കാര്‍ തന്നെയാണ് കുട്ടിയെ വെള്ളത്തില്‍ നിന്ന് പുറത്തെടുത്തതും. ഇത്തരം അപകട സന്ധികളില്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ പ്രത്യേകം പരിശീലനം ലഭിച്ചിട്ടുള്ള ക്ലബ് ടീം എമര്‍ജന്‍സി സംഘമെത്തുന്നതിനു മുമ്പ് തന്നെ പ്രഥമ ശുശ്രൂഷകള്‍ നല്‍കിയിരുന്നുവെന്ന് ക്ലബ് വക്താവ് അറിയിച്ചു. ഇന്‍ഡോര്‍ പൂളില്‍ രക്ഷിതാക്കള്‍ക്കൊപ്പമായിരുന്നു കുട്ടി നീന്തിയിരുന്നതെന്നും ക്ലബ് അറിയിച്ചു.

9.45നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയതെന്ന് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് അറിയിച്ചു. ലീഡ്‌സ് ജനറല്‍ ഇന്‍ഫേമറിയിലേക്കാണ് കുട്ടിയെ കൊണ്ടുപോയത്. കുട്ടി മരിച്ചതായി ആശുപത്രി പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. മരണത്തില്‍ സംശയകരമായി യാതൊന്നുമില്ലെങ്കിലും അന്വേഷണത്തിന്റെ ഭാഗമായാണ് സാക്ഷികളുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നതെന്നും പോലീസ് അറിയിച്ചു.

ബസ് ലെയിനുകള്‍ തെറ്റിക്കുന്ന ഡ്രൈവര്‍മാരില്‍ നിന്ന് വന്‍ തുക പിഴയീടാക്കുന്ന കൗണ്‍സിലുകളെ വിമര്‍ശിച്ച് ക്രിസ് ഗ്രെയിലിംഗ്. 2015നും 2017നുമിടയില്‍ ഡ്രൈവര്‍മാര്‍ക്ക് നല്‍കിയത് 3.4 മില്യന്‍ പെനാല്‍റ്റി ചാര്‍ജ് നോട്ടീസുകളാണെന്ന വസ്തുതയുടെ അടിസ്ഥാനത്തില്‍ അത്യാഗ്രഹികളായ കൗണ്‍സിലുകള്‍ക്കായി പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് ട്രാന്‍സ്‌പോര്‍ട്ട്‌ സെക്രട്ടറി കൂടിയായ ഇദ്ദേഹം. പുതുതലമുറ സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഡ്രൈവര്‍മാരെ കുടുക്കാനുള്ള കൗണ്‍സിലുകളുടെ തന്ത്രത്തിന് തടയിടണമെന്ന് സര്‍ക്കാരിനോട് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. ഓട്ടോമാറ്റിക് ഫൈനുകള്‍ക്ക് പകരം സംവിധാനമേര്‍പ്പെടുത്തണമെന്നതായിരുന്നു ആവശ്യം.

ഈ ആവശ്യം ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി അംഗീകരിക്കുകയായിരുന്നു. നിയന്ത്രണങ്ങളും മറ്റും നടപ്പിലാക്കുമ്പോള്‍ അവ സന്തുലിതവും സുതാര്യവുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന ഹോട്ട്‌സ്‌പോട്ടുകള്‍ എവിടെയൊക്കെയാണെന്ന വിവരം പൊതുജനങ്ങളെ അറിയിക്കണമെന്ന ആവശ്യത്തിന് പിന്തുണ നല്‍കിക്കൊണ്ടാണ് ഇക്കാര്യം സെക്രട്ടറി വ്യക്തമാക്കിയത്. ബസ് ലെയിന്‍ ഫൈനുകള്‍ അവതരിപ്പിച്ച ആദ്യ ആഴ്ചയില്‍ത്തന്നെ 1,15,000 പൗണ്ടിന്റെ പെനാല്‍റ്റി ചാര്‍ജ് നോട്ടീസുകളായിരുന്നു പ്രെസ്റ്റണ്‍-ലാന്‍കാഷയര്‍ പ്രദേശത്ത് മാത്രം നല്‍കിയത്. ആദ്യ പിഴവുകള്‍ക്ക് ഫൈന്‍ ഈടാക്കുന്നത് കഴിഞ്ഞ 10 വര്‍ഷമായി ഇല്ലായിരുന്നു. ഇതാദ്യമായാണ് ഇത്തരമൊരു നീക്കമെന്നും ഓട്ടോമൊബൈല്‍ അസോസിയേഷന്‍ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു.

പാര്‍ക്കിംഗ് ഫീസിനത്തിലും പിഴകളിലുമായി 2.5 ലക്ഷം പൗണ്ട് കൗണ്‍സിലുകള്‍ ഈടാക്കിയിട്ടുണ്ടെന്നും ആര്‍എസിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫൈനുകളില്‍ നിന്നായി 70 മില്യന്‍ പൗണ്ടാണ് ബ്രിട്ടനിലെ വലിയ നഗരങ്ങള്‍ ഈടാക്കിയിരിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി കൗണ്‍സില്‍ മാത്രം 1,72,311 ഡ്രൈവര്‍മാര്‍ക്ക് പിഴ ശിക്ഷ നല്‍കിയിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

കേരളത്തിൽ അതിക്രൂരമായ പീഡനങ്ങൾ ആനകൾക്ക് നേരിടേണ്ടി വരുന്നതിനെതിരെ ലണ്ടനിൽ വൻ പ്രതിഷേധം നടന്നു. എലിഫൻറ് വെൽഫയർ കാമ്പയിനേഴ്സാണ് ലോകത്തിൽ നടക്കുന്നതിൽ വച്ച് ഏറ്റവും ക്രൂരമായ പീഡനമുറയാണ് കേരളത്തിൽ നടക്കുന്നതെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. അമ്പലങ്ങളിൽ ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ആനകളെ അടിമളെപ്പോലെ ആണ് പരിഗണിക്കുന്നതെന്നും ദേഹോപദ്രവം ഏല്പിക്കുകയും മുറിവുകൾ ഉണ്ടാക്കുകയും ദിവസങ്ങളോളം ചങ്ങലയ്ക്കിട്ട് ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ആവശ്യത്തിന് ഭക്ഷണം പോലും കൊടുക്കാറില്ല. ആനകളുടെ ദയനീയമായ സാഹചര്യങ്ങൾ വിവരിക്കുന്ന ചിത്രങ്ങൾ പ്ളാക്കാർഡുകളിൽ പതിപ്പിച്ചാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ മുന്നിൽ നൂറുകണക്കിനാളുകൾ ഒത്തുചേർന്നത്.

നിരവധി സെലബ്രിറ്റികളും എംപിമാരും മൃഗസ്നേഹികളും പ്രതിഷേധത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ നാട്ടാനകളുള്ള സംസ്ഥാനമായ കേരളത്തിൽ നടക്കുന്ന ക്രൂരമായ പീഡനങ്ങൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കോമൺവെൽത്ത് സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിൽ ഉള്ള മോദിക്ക് പ്രതിഷേധ കൂട്ടായ്മയുടെ സംഘാടകർ കത്ത് കൈമാറിയിട്ടുണ്ട്. മൃഗപീഡനത്തിന്റെ ഗ്രൗണ്ട് സീറോയാണ് കേരളമെന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത്.

ഇരുമ്പിന്റെ കൊളുത്തുകളും വടിയും ചാട്ടയും ചങ്ങലയും തീയും വരെ ആനയെ പീഡിപ്പിക്കുന്നതിനായി ഉപയോഗിക്കുകയാണെന്ന് പ്രധാനമന്ത്രിയ്ക്ക് നല്കിയ നിവേദനത്തിൽ പറയുന്നു. പീഡനങ്ങൾ നിയന്ത്രിക്കാൻ നടപടിയുണ്ടായില്ലെങ്കിൽ ടൂറിസ്റ്റുകൾ കേരളത്തെ ബഹിഷ്കരിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകുമെന്ന് പ്രതിഷേധക്കാർ പറയുന്നു. ഇൻഷുറൻസ് തുക കൈക്കലാക്കാനായി ആനകളെ പീഡിപ്പിച്ച് കൊല്ലുന്ന നിരവധി സംഭവങ്ങൾ കേരളത്തിൽ നടക്കുന്നതായുള്ള റിപ്പോർട്ടുകൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മനോഹരമായി അലങ്കരിക്കപ്പെട്ട് ഉത്സവത്തിൽ എഴുന്നള്ളിക്കപ്പെടുന്ന ആനകളുടെ കാണാമറയത്തുള്ള ദുരിതങ്ങൾ ഹൃദയഭേദകമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു.  ആനകളെ ഭയപ്പെടുത്തി മനുഷ്യന്റെ നിയന്ത്രണത്തിലാക്കാൻ ഉപയോഗിക്കുന്ന ക്രൂരമായ മുറകൾ മാനവരാശിക്ക് തന്നെ നാണക്കേടാണ്. പൊട്ടിയൊലിക്കുന്ന വ്രണങ്ങളും  ചങ്ങലപ്പാടുകളിൽ നിന്ന് രക്തം വാർന്നൊഴുകുന്നതും കേരളത്തിലെ നാട്ടാനകളുടെ ജീവിതത്തിൽ ഒരു പതിവു കാര്യമാണ്. ഉത്സവത്തിനുപയോഗിച്ചിരുന്ന 58 ആനകളാണ് കഴിഞ്ഞ രണ്ടു വർഷക്കാലത്തിൽ കേരളത്തിൽ ചെരിഞ്ഞത്. ആവശ്യമായ ഭക്ഷണവും വെള്ളവും നല്കാത്തതും കൊടുംചൂടിൽ നൂറുകണക്കിന് കിലോമീറ്ററുകൾ നടത്തുന്നതും ആനകളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ആനകൾക്ക് വേണ്ട സംരക്ഷണം നല്കാൻ മൃഗസംരക്ഷണ നിയമങ്ങൾ കർശനമായി പാലിക്കാൻ ഇന്ത്യാ ഗവൺമെന്റ് തയ്യാറാകണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Copyright © . All rights reserved