Main News

ലണ്ടന്‍: രോഗാണുക്കള്‍ കലര്‍ന്ന രക്തം സ്വീകരിച്ചതിലൂടെ 2400 രോഗികള്‍ മരിച്ചതായുള്ള ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. സര്‍ക്കാരിനു മേല്‍ വര്‍ഷങ്ങളായി തുടരുന്ന സമ്മര്‍ദ്ദങ്ങളുടെ ഫലമായാണ് ഇപ്പോള്‍ പ്രധാനമന്ത്രി തെരേസ മേയ് അന്വേഷണത്തിന് ഉത്തരവിട്ടത്. 1970കളിലും 80കളിലുമാണ് അണുബാധയുള്ള രക്തം സ്വീകരിച്ചതുമൂലം രോഗികള്‍ക്ക് ഹെപ്പറ്റൈറ്റിസ് സി, എച്ച്‌ഐവി എന്നിവ പകര്‍ന്നത്. കോമണ്‍സില്‍ ഇത് സംബന്ധിച്ച് നടക്കാനിരുന്ന വോട്ടെടുപ്പില്‍ പരാജയം മണത്തതോടെയാണ് തെരേസ മേയ് അന്വേഷണത്തിന് ഉത്തരവിട്ടത്.

അണുബാധയുള്ള രക്തം സ്വീകരിച്ചവരില്‍ ജീവിച്ചിരിക്കുന്നവര്‍ ഈ അന്വേഷണത്തെ സ്വാഗതം ചെയ്തു. ചൊവ്വാഴ്ച ലേബര്‍ എംപിയും ഇരകളായവര്‍ക്കു വേണ്ടി വര്‍ഷങ്ങളായി ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന ഡയാന ജോണ്‍സണ് കോമണ്‍സില്‍ എമര്‍ജന്‍സി ഡിബേറ്റിന് അനുമതി ലഭിക്കുകയായിരുന്നു. വിഷയത്തില്‍ ജോണ്‍സണിന് അനുകൂലമായാണ് ഭൂരിപക്ഷം എംപിമാരും പ്രതികരിച്ചത്. അതോടെ തെരേസ മേയ് അന്വേഷണത്തിന് അനുമതി നല്‍കുകയായിരുന്നു.

അന്വേഷണത്തിന്റെ രീതി ക്യാബിനറ്റ് യോഗത്തില്‍ തീരുമാനിക്കും. ഹീമോഫീലിയ രോഗികള്‍ക്കാണ് രക്തം സ്വീകരിച്ചതിലൂടെ മാരക രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ പകര്‍ന്നത്. ഈ ദുരന്തം ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്നെന്ന് മേയ് പിന്നീട് പ്രസ്താവനയില്‍ പറഞ്ഞു. ഇതിന് ഇരകളാക്കപ്പെട്ടവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മറുപടികള്‍ ലഭിക്കേണ്ടതുണ്ട്. അതിനാണ് അന്വേഷണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പാരീസ്: ബ്രെക്‌സിറ്റ് നടപ്പാകുന്നതോടെ ഉണ്ടാകാനിടയുണ്ടെന്ന് പ്രവചിക്കപ്പെട്ട കാര്യങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുന്നു. തങ്ങളുടെ ബാങ്കിലെ 75 ശതമാനം തസ്തികകളും യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് അമേരിക്കന്‍ ബാങ്ക് ആയ ജെപി മോര്‍ഗന്‍ വ്യക്തമാക്കി. പാരീസില്‍ നടന്ന യൂറോപ്ലേസ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ ഫോറം ചര്‍ച്ചയില്‍ സംസാരിച്ചുകൊണ്ട് ബാങ്ക് ചീഫ് എക്‌സിക്യട്ടീവ് ജെയ്മി ഡൈമന്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബാങ്കിന്റെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ ഇടപാടുകാരെയാണ് പ്രധാനമായു ലക്ഷ്യമിടുന്നത്.

ബ്രെക്‌സിറ്റോടെ യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം മുറിയുന്നത് തങ്ങളുടെ ഈ പ്രവര്‍ത്തനങ്ങളെത്തന്നെ ബാധിച്ചേക്കുമെന്ന ആശങ്കയാണ് ഈ തീരുമാനത്തിന് കാരണം. 16,000 ജീവനക്കാരാണ് യുകെയില്‍ ബാങ്കിന് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. അവരില്‍ 75 ശതമാനവും യൂറോപ്യന്‍ കമ്പനികള്‍ക്കുള്ള സേവനങ്ങളാണ് നല്‍കിവരുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ പിന്നീട് ഉണ്ടാകാനിടയുള്ള സാങ്കേതിക നൂലാമാലകള്‍ ഒഴിവാക്കാന്‍ ഈ നടപടി സ്വീകരിച്ചേ മതിയാകൂ എന്നും ഡൈമന്‍ വ്യക്തമാക്കി.

തങ്ങളുടെ യൂറോപ്പിലെ പ്രവര്‍ത്തനങ്ങള്‍ ഡബ്ലിന്‍, ഫ്രാങ്ക്ഫര്‍ട്ട്, ലക്‌സംബര്‍ഗ് എന്നീ നഗരങ്ങള്‍ കേന്ദ്രീകരിച്ച് നടത്താനാണ് പദ്ധതിയെന്ന് ഈ വര്‍ഷം ആദ്യം ബാങ്ക് അറിയിച്ചിരുന്നു. കൂടുതല്‍ തസ്തികകളും ഇവിടങ്ങളിലായിരിക്കും. പാരീസ്, മിലാന്‍, മാഡ്രിഡ്, സ്റ്റോക്ക്‌ഹോം എന്നിവിടങ്ങളില്‍ നിലവിലുള്ള ഓഫീസുകളിലായിരിക്കും ബാക്കി തസ്തികകള്‍ വിന്യസിക്കപ്പെടുക.

ലണ്ടന്‍: ബ്രിട്ടന്റെ പൊതുജനാരോഗ്യ മേഖലയില്‍ വീണ്ടും ബജറ്റ് വെട്ടിക്കുറയ്ക്കലിന് സാധ്യത. ലൈംഗികാരോഗ്യം, പുകവലി, പുകയില ജന്യ രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വിവിധ മേഖലകളിലായി 85 മില്യന്‍ പൗണ്ട് വെട്ടിക്കുറയ്ക്കാനാണ് പ്രധാനമന്ത്രിയുടെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. 2013-14 വര്‍ഷത്തേതിനേക്കാള്‍ 5 ശതമാനം കുറവ് തുക മാത്രം ആരോഗ്യ മേഖലയില്‍ വിനിയോഗിച്ചാല്‍ മതിയെന്നാണ് ലോക്കല്‍ അതോറിറ്റികള്‍ക്കു മേല്‍ ഉണ്ടാകുന്ന സമ്മര്‍ദ്ദം. കിംഗ്‌സ് ഫണ്ട് വിശകലനത്തിലാണ് ഈ വിവരങ്ങള്‍ പുറത്തായത്.

കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടെ ലൈംഗികാരോഗ്യ സേവന മേഖലയില്‍ ചെലവാക്കാന്‍ അനുവദിക്കുന്ന തുക 10 ശതമാനം കുറഞ്ഞിട്ടുണ്ട്. 64 മില്യന്‍ പൗണ്ട് മാത്രമാണ് ഇപ്പോള്‍ അനുവദിക്കപ്പെടുന്നത്. ഈ മേഖലയില്‍ ഫണ്ട് വെട്ടിക്കുറയ്ക്കുന്നത് വലിയ അബദ്ധമാണെന്നും ഭാവിയില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാനിടയുള്ള തീരുമാനമാണ് ഉതെന്നും കിംഗ്‌സ് ഫണ്ട് പ്രതിനിധി ഡേവിഡ് ബക്ക് പറഞ്ഞു. ഇംഗ്ലണ്ടില്‍ സിഫിലിസ് രോഗബാധിതരുടെ എണ്ണം വര്‍ദ്ധിച്ചതായുള്ള കണക്കുകള്‍ പുറത്തു വന്നിരുന്നു. 1949ല്‍ മാത്രമാണ് ഇത്രയും ഉയര്‍ന്ന നിരക്ക് രോഗബാധിതരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയത്.

ആരോഗ്യമേഖലയിലെ ചെലവ് ചുരുക്കലിന്റെ പ്രത്യാഘാതങ്ങള്‍ ഭീകരമാണെന്ന് റോയല്‍ സൊസൈറ്റി ഫോര്‍ പബ്ലിക് ഹെല്‍ത്ത് പറഞ്ഞു. ജനങ്ങളുടെ ആരോഗ്യത്തില്‍ വലിയ ആഘാതമായിരിക്കും ഈ നടപടി സൃഷ്ടിക്കുകയെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 2030ഓടെ മൂന്നിലൊന്ന് ബ്രിട്ടീഷുകാരും പൊണ്ണത്തടി എന്ന അവസ്ഥയിലാകുമെന്നും പുകവലി മൂലം പ്രതിവര്‍ഷം ഒരുലക്ഷം ആളുകള്‍ യുകെയില്‍ മരിക്കുമെന്നുമുള്ള പ്രവചനങ്ങള്‍ നിലനില്‍ക്കെയാണ് ആരോഗ്യമേഖലയില്‍ വീണ്ടും ചെലവ്ചുരുക്കലിന് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ലണ്ടന്‍: ഉത്തരങ്ങളിലെ ചിഹ്നങ്ങള്‍ തെറ്റിയാലും മാര്‍ക്ക് നല്‍കില്ലെന്ന സാറ്റ് പരീക്ഷയിലെ നിബന്ധനക്കെതിരെ പരാതികള്‍. കോമകളുടെയും സെമികോളനുകളുടെയും രൂപവും വളവും വലിപ്പവും തെറ്റിയതിന്റെ പേരില്‍ തങ്ങലുടെ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് കുറച്ചുവെന്ന് ഒരു വിഭാഗം പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ പരാതിപ്പെട്ടു. സെമി കോളനുകള്‍ക്ക് വലിപ്പം കൂടിയെന്നും കൃത്യമായ സ്ഥലത്ത് ആയിരുന്നില്ല അവ ഇട്ടിരുന്നതെന്നും ആരോപിച്ചാണ് ഇവര്‍ക്ക് മാര്‍ക്ക് കുറച്ചതെന്നാണ് പരാതി.

10, 11 വയസ് വിഭാഗത്തിലുള്ള കുട്ടികള്‍ക്കായി നടത്തിയ കീ സ്റ്റേജ് 2 സാറ്റ് പരീക്ഷയിലാണ് കുട്ടികള്‍ക്ക് മാര്‍ക്ക് നല്‍കാതിരുന്നതെന്ന് അധ്യാപകര്‍ ആരോപിക്കുന്നു. #SATsshamblse എന്ന പേരില്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയ ക്യാംപെയിനും ആരംഭിച്ചു കഴിഞ്ഞു. ഈ വിധത്തിലുള്ള പിഴവുകള്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ‘Jenna a very gifted singer won the talent competition that was held in the local theatre.’ എന്ന വാചകത്തില്‍ കൃത്യമായ ചിഹ്നങ്ങള്‍ ഇടാനായിരുന്നു ചോദ്യം. a very gifted singer എന്ന ഭാഗത്ത് ഇന്‍വേര്‍ട്ടഡ് കോമകള്‍ ഇട്ടവര്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു.

അതുപോലെ സെമികോളന്‍ ഇടാനുള്ള ഒരു ചോദ്യത്തിനും കുട്ടികള്‍ക്ക് മാര്‍ക്ക് നഷ്ടമായിട്ടുണ്ട്. സെമികോളന്‍ കൃത്യമായി നല്‍കിയവര്‍ക്കും മാര്‍ക്ക് നഷ്ടമായെന്ന് ചില അധ്യാപകര്‍ അഭിപ്രായപ്പെടുന്നു. സാങ്കേതികതയുടെ പേരില്‍ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ക്ക് നിഷേധിക്കുന്നതിനെതിരെയാണ് പ്രധാന വിമര്‍ശനം.

മലയാളം യുകെ ന്യൂസ് ടീം.

നഴ്സുമാർക്ക് അടിസ്ഥാന ശമ്പളം 20,000 രൂപയാക്കണമെന്ന ആവശ്യം മാനേജ്മെന്റുകളുടെ സമ്മർദ്ദത്തിനു മുമ്പിൽ നടപ്പാവില്ലെന്ന് ഉറപ്പായി. സുപ്രീം കോടതി നിർദ്ദേശിച്ച അടിസ്ഥാന ശമ്പളം നഴ്സുമാർക്ക് നൽകേണ്ടെന്ന് കേരള മിനിമം വേജസ് അഡ്വൈസറി കമ്മിറ്റി ശിപാർശ ചെയ്തു.  ഇന്ന് ഗവൺമെന്റ് മാനേജ്മെൻറ് പ്രതിനിധികളും യൂണിയനുകളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ജനറൽ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം 17, 200 രൂപയായി നിശ്ചയിച്ചു. ഇതുമായി ബന്ധപ്പെട്ട മിനിമം വേജസ് അഡ്‌വൈസറി കമ്മിറ്റിയുടെ ശിപാർശ അംഗീകരിക്കില്ലെന്ന് സമരരംഗത്തുള്ള യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പറഞ്ഞു. തീരുമാനം നിരാശാജനകമാണെന്ന് സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ പറഞ്ഞു. ജൂലൈ 11 ലെ സെക്രട്ടറിയേറ്റ് മാർച്ചുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. അര ലക്ഷത്തോളം നഴ്സുമാർ മാർച്ചിൽ പങ്കെടുത്ത് സെക്രട്ടറിയേറ്റ് വളയും.

കമ്മിറ്റി ശിപാർശ സംസ്ഥാന ഗവൺമെന്റിന് സമർപ്പിക്കുമെന്ന് ആരോഗ്യ മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചു. ഗവൺമെന്റ് തുടർ നടപടികൾക്കായി റിപ്പോർട്ട് മിനിമം വേജസ് അഡ് വൈസറി ബോർഡിന് റഫർ ചെയ്യും. മാനേജുമെൻറുകൾക്കും ജീവനക്കാർക്കും തങ്ങളുടെ പരാതികളും നിർദ്ദേശങ്ങും അഡ്വൈസറി ബോർഡിന് മുമ്പിൽ വീണ്ടും അവതരിപ്പിക്കാം. തർക്ക വിഷയങ്ങൾ ഇല്ലെങ്കിൽ രണ്ടു മാസത്തിനകം തീരുമാനം നടപ്പിലാക്കുമെന്ന് ഗവൺമെന്റ് പറഞ്ഞു. പരാതികൾ പരിഹരിക്കാനായില്ലെങ്കിൽ ശമ്പള വർദ്ധന  നടപ്പാക്കൽ അനിശ്ചിതമായി നീളാൻ സാധ്യതയുണ്ട്. മിനിമം വേജസ് അഡ് വൈസറി ബോർഡ് ശമ്പള വർദ്ധന അംഗീകരിച്ചതിനു ശേഷം ഗവൺമെന്റ് നോട്ടിഫിക്കേഷൻ നല്കുന്നതിനു ശേഷമേ വർദ്ധന നിലവിൽ വരുകയുുള്ളു.

ജനറൽ നഴ്സിംഗ് വിഭാഗത്തിൽ  നിർദ്ദേശിക്കപ്പെട്ട അലവൻസുകൾ ഉൾപ്പെടെയുള്ള ശമ്പള സ്കെയിൽ താഴെക്കൊടുക്കുന്നു.

Basic Salary Rs. 17200/-

Bed Capacity (0 – 20)                       : Rs. 18232/-

Bed Capacity (21 – 100)                   : Rs. 19810/-

Bed Capacity (101 – 300)                : Rs. 20014/-

Bed Capacity (301 – 500)                : Rs. 20980/-

Bed Capacity (501 – 800)                : Rs. 22040/-

Bed Capacity (801   and above)    : Rs. 23760/-

ഗ്രൂപ്പ് 8 ൽ വരുന്ന മിനിസ്റ്റീരിൽ ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 15,600 രൂപയാക്കും. നേരത്തെ ഇത് 7775 രൂപയായിരുന്നു. ജനറൽ നഴ്സുമാരുടെ ശമ്പളം 8775 രൂപയിൽ നിന്നാണ് 17, 200 രൂപയാക്കാൻ ശിപാർശ നല്കിയിരിക്കുന്നത്.

ലണ്ടന്‍: കൗമാരക്കാരായ പെണ്‍കുട്ടികളുടെ മരണത്തിന് ഏറ്റവും കൂടുതല്‍ കാരണമാകുന്നത് ഗര്‍ഭവും പ്രസവവുമാണെന്ന വെളിപ്പെടുത്തല്‍. ലോകത്ത് ഓരോ 20 മിനിറ്റിലും ഒരു കൗമാരക്കാരി ഈ കാരണങ്ങളാല്‍ മരണത്തിന് ഇരയാകുന്നുണ്ട്. 15 മുതല്‍ 19 വയസ് വരെയുള്ള പെണ്‍കുട്ടികളാണ് ഈ വിധത്തില്‍ മരിക്കുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഗര്‍ഭാവസ്ഥയിലുണ്ടാകുന്ന പ്രശ്‌നങ്ങളും പ്രസവത്തിലെ സങ്കീര്‍ണതകളും മൂലം 30,000ത്തോളം കൗമാരക്കാരായ പെണ്‍കുട്ടികള്‍ ഓരോ വര്‍ഷവും മരിക്കുന്നുണ്ടെന്നാണ് കണക്ക്.

ദരിദ്ര സാഹചര്യങ്ങളുള്ള കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളും ഗ്രാമീണ മേഖലകളില്‍ നിന്നുള്ളവരുമാണ് ഇങ്ങനെയുള്ള ദുരന്തങ്ങള്‍ക്ക് കൂടുതല്‍ ഇരയാക്കപ്പെടുന്നതെന്ന് സേവ് ദി ചില്‍ഡ്രന്‍ എന്ന ചാരിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായി. ഗര്‍ഭാവസ്ഥയോട് അനുബന്ധിച്ച് ഉണ്ടാകുന്ന രക്തസ്രാവം, രക്തം വിഷമയമാകുക, സുരക്ഷിതമല്ലാത്ത ഗര്‍ഭം അലസിപ്പിക്കല്‍ മാര്‍ഗങ്ങള്‍ തേടുന്നതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയവയാണ് മരണങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ കാരണമാകുന്നത്.

കൗമാരക്കാരായ അമ്മമാര്‍ക്കുണ്ടാകുന്ന കുട്ടികളില്‍ ശൈശവ മരണ നിരക്കും കൂടുതലാണ്. 20 വയസിനു മുകളില്‍ പ്രായമുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികളിലെ ശിശുമരണ നിരക്കിനേക്കാള്‍ 30 ശതമാനം കൂടുതലാണ് കൗമാരക്കാരായ അമ്മമാരുടെ കുഞ്ഞുങ്ങള്‍ക്കെന്നും പഠനം വ്യക്തമാക്കുന്നു. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ അവലംബിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും അത്തരം മാര്‍ഗങ്ങള്‍ ലോകമൊട്ടാകെ എത്തിക്കാന്‍ യുകെ സര്‍ക്കാര്‍ ഇടപെടണമെന്നും ചാരിറ്റി ആവശ്യപ്പെട്ടു.

കുഞ്ചെറിയ മാത്യു

പ്രമുഖ സിനിമാ താരത്തെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ ഇന്നലെ അറസ്റ്റിലായ സിനിമാതാരം ദിലീപ് ജനങ്ങളുടെ മനസില്‍ ജനപ്രിയ നായകനായിരിക്കുമ്പോള്‍ തന്നെ ചലച്ചിത്ര രംഗത്തെ ബിനാമി പ്രവര്‍ത്തനങ്ങളെയും അധോലോകത്തെയും നിയന്ത്രിക്കുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവായിരുന്നോ എന്ന സംശയത്തിന് ആക്കം കൂടുകയാണ്. സ്ത്രീകളുടെയും കുട്ടികളുടെയും പ്രിയ താരമായിരുന്ന ദിലീപിന്റെ പ്രവര്‍ത്തനങ്ങള്‍ അധോലോകത്തെ പോലും അതിശയിപ്പിക്കുന്ന പകപോക്കലിന്റെയും തന്റെ സാമ്പത്തിക സാമ്രാജ്യം വിപുലപ്പെടുത്തുന്നതിനുളള വെട്ടിപ്പിടിക്കലിന്റേതും ആയിരുന്നു. സിനിമാ രംഗത്തെ പ്രമുഖരും വ്യവസായത്തെ അടുത്തറിയുന്നവരുമായ രാജസേനന്റെയും വിനയന്റെയും വിവിധ മാധ്യമങ്ങളോടുള്ള വെളിപ്പെടുത്തലുകള്‍ ദിലീപിന്റെ തനിനിറം വെളിവാക്കുന്നതാണ്. സാമ്പത്തിക നേട്ടത്തിന് വേണ്ടിയും പകപോക്കലിനായും പലരേയും സിനിമാ ലോകത്ത് നിന്ന് വെട്ടിനിരത്തിയ കഥകളാണ് രാജസേനന്‍ ഇന്നലെ ഒരു പ്രമുഖ മാധ്യമവുമായി പങ്കുവെച്ചത്.

ഇതിനിടയില്‍ നടിക്കെതിരെ നടന്ന അതിക്രമം റിയല്‍ എസ്റ്റേറ്റ് ക്വട്ടേഷനില്‍ നിന്ന് വ്യക്തിവൈരാഗ്യവും കുടുംബപ്രശ്നവുമായി ചുരുങ്ങിയത് സംശയാസ്പദമാണ്. റിയല്‍ എസ്റ്റേറ്റ് ക്വട്ടേഷന്‍ സംബന്ധിച്ച അന്വേഷണം മുന്നോട്ട് പോയാല്‍ മലയാള സിനിമാ വ്യവസായം തന്നെ ആടിയുലയാന്‍ സാധ്യത ഏറെയാണ്. അന്വേഷണം പല മേഖലകളിലേക്ക് പ്രത്യേകിച്ച് സിനിമാ വ്യവസായത്തില്‍ നടമാടുന്ന കള്ളപ്പണത്തിലേക്കും ബിനാമി പ്രവര്‍ത്തനത്തിലേക്കും എല്ലാം നീളാന്‍ സാധ്യതയുണ്ട്. ദിലീപിനുപരിയായി പല പ്രമുഖരും കള്ളപ്പണത്തിന്റെയും ബിനാമി പ്രവര്‍ത്തനങ്ങളുടെയും പേരില്‍ കുടുങ്ങാന്‍ സാധ്യതയുണ്ട്. ഇതുകൊണ്ടുതന്നെ ഇത്തരത്തില്‍ ഒരന്വേഷണത്തിന്റെ മുനയൊടിക്കാനാണ് നടിക്കെതിരെയുള്ള അന്വേഷണം കുടുംബപ്രശ്നവും വ്യക്തി വൈരാഗ്യം മാത്രമായി ഒതുക്കിയതെന്ന് സംശയിക്കപ്പെടുന്നു.

ദിലീപിനെ സംരക്ഷിക്കാനും ദിലീപിന് ചുറ്റും സംരക്ഷണവലയം തീര്‍ക്കുവാനും മുന്നിട്ടിറങ്ങിയ ജനപ്രതിനിധികളായ ഇന്നസെന്റും മുകേഷും ഗണേഷ് കുമാറും രാജിവെക്കണമെന്ന ആവശ്യവും ശക്തമാവുകയാണ്. നേരും നെറിയുമുള്ള രാഷ്ട്രീയക്കാരനായി അറിയപ്പെട്ടിരുന്ന പി കെ ഗുരുദാസനെ മാറ്റിയാണ് സിപിഎം മുകേഷിനെ നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കിയത്. അതിക്രമത്തിന്റെ വാര്‍ത്ത പുറംലോകം അറിഞ്ഞപ്പോള്‍ മുതല്‍ ദിലീപ് സംശയത്തിന്റെ മുള്‍മുനയിലായിരുന്നു. എങ്കിലും തങ്ങളുടെ പ്രതിച്ഛായ പോലും നോക്കാതെ ഇന്നസെന്റും ഗണേഷും മുകേഷും ദിലീപിനെ സംരക്ഷിക്കുവാന്‍ പൊരുതുകയായിരുന്നു. അമ്മയുടെ പൊതുയോഗത്തിന് ശേഷം ജനപ്രതിനിധികളാണെന്ന തങ്ങളുടെ സ്ഥാനം പോലും മറന്ന് മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയ ഇവരുടെ നടപടി ഇതിനുദാഹരണമാണ്.

ഏതായാലും മിമിക്രി കലാകാരന്‍ എന്ന എളിയ നിലയില്‍ നിന്ന് മലയാള സിനിമാ ലോകത്തെ താരസിംഹാസനം പിടിച്ചടക്കിയ, മലയാള സിനിമാ വ്യവസായത്തെ തന്റെ നിയന്ത്രണത്തിലാക്കിയ ഗോപാലകൃഷ്ണന്‍ എന്ന ദിലീപിന്റെ അണിയറ കഥകളുടെ കൂട്ടത്തില്‍ സിനിമാലോകത്തെ കള്ളപ്പണത്തിന്റെയും ബിനാമി ഇടപാടുകളുടെയും പ്രതികാരത്തിന്റെയും ഒതുക്കലുകളുടെയും കഥകള്‍ കൂടി പുറത്തുവരുമോയെന്നാണ് വരും ദിവസങ്ങളില്‍ അറിയാനുള്ളത്.

ലണ്ടന്‍: പൊതുമേഖലയിലെ ചെലവുചുരുക്കല്‍ നടപടികള്‍ ഒഴിവാക്കാനാകില്ലെന്ന് സര്‍ക്കാര്‍. അധ്യാപകരുടെ വേതന വര്‍ദ്ധനവ് 1 ശതമാനത്തില്‍ തന്നെ നിലനിര്‍ത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. 2010ലാണ് വേതന വര്‍ദ്ധനവ് 1 ശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനിച്ചത്. ഈ നിയന്ത്രണം എടുത്തു കളയാന്‍ സമ്മര്‍ദ്ദം പെരുകിയ സാഹചര്യത്തിലും തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ നിലപാട് സ്വീകരിച്ചിരിക്കുന്നത്. അധ്യാപക ജോലിക്ക് പരിശീലനം നേടി ഈ ജോലി തിരഞ്ഞെടുത്തവരില്‍ 25 ശതമാനത്തോളം പേര്‍ 2011 മുതല്‍ കുറഞ്ഞ വേതനം മൂലം ജോലി ഉപേക്ഷിച്ചു എന്ന് പഠനങ്ങളില്‍ വ്യക്തമായിരുന്നു.

സ്‌കൂള്‍ ടീച്ചേഴ്‌സ് റിവ്യൂ ബോഡി ശുപാര്‍ശ അനുസരിച്ച് വേതന വര്‍ദ്ധനവ് ഒരു ശതമാനത്തില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നെന്ന് എഡ്യുക്കേഷന്‍ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ് പ്രസ്താവനയില്‍ പറഞ്ഞു. സര്‍ക്കാര്‍ നയത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണ് സെപ്റ്റംബറില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ഈ ശുപാര്‍ശകളെന്നും ഗ്രീനിംഗ് വ്യക്തമാക്കി. അധ്യാപനത്തിന്റെ മൂല്യവും കഠിനാധ്വാനവും തങ്ങള്‍ വിലമതിക്കുന്നുവെന്നും അതുകൊണ്ടാണ് എസ്ടിആര്‍ബിയുടെ നിര്‍ദേശങ്ങള്‍ സ്വീരിച്ചതെന്നുമായിരുന്നു ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ എഡ്യുക്കേഷന്‍ പ്രതിനിധി പറഞ്ഞത്.

പൊതുമേഖലാ ജീവനക്കാര്‍ക്ക് ലഭിക്കുന്ന വേതനവും നികുതിദായകന്‍ നല്‍കുന്ന പണവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഈ നടപടി ആവശ്യമാണെന്ന സര്‍ക്കാര്‍ വാദം ഡിപ്പാര്‍ട്ട്‌മെന്റ് ആവര്‍ത്തിക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അധ്യാപക ക്ഷാമം വര്‍ദ്ധിപ്പിക്കാനേ ഈ നടപടി ഉതകൂ എന്ന് അധ്യാപക യൂണിയനുകള്‍ പ്രതികരിച്ചു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ചലച്ചിത്രതാരം ദിലീപിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കേസില്‍ 11-ാം പ്രതിയായാണ് ഇപ്പോള്‍ ദിലീപിനെ ചേര്‍ത്തിരിക്കുന്നത്. വിശദമായ കുറ്റപത്രം തയ്യാറാക്കുമ്പോള്‍ ദിലീപ് രണ്ടാം പ്രതിയായേക്കുമെന്നാണ് സൂചന. ഗൂഢാലോചനയ്ക്കു പുറമേ കൂട്ട ബലാല്‍സംഗക്കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്ക് മാറ്റി.

മറ്റു തടവുകാര്‍ ആക്രമിക്കാതിരിക്കാന്‍ പ്രത്യേക സെല്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് അനുമതി ലഭിച്ചില്ല. 5 സഹതടവുകാര്‍ക്കൊപ്പം സാധാരണ സെല്ലിലാണ് ദിലീപിനെ അടച്ചിരിക്കുന്നത്. പുലര്‍ച്ചെ 6 മണിയോടെ അങ്കമാലിക്കു സമീപം വേങ്ങൂരിലുള്ള മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയാണ് ദിലീപിനെ റിമാന്‍ഡ് ചെയ്തത്. ഇന്നലെ ആലുവ പോലീസ് ക്ലബില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദിലീപിന്റെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തുകയായിരുന്നു.

കസ്റ്റഡിയില്‍ വിടണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും മജിസ്‌ട്രേറ്റ് അനുമതി നല്‍കിയില്ല. ദിലീപിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് നാളെ വീണ്ടും അപേക്ഷ നല്‍കും. ദിലീപിന്റെ ജാമ്യാപേക്ഷയും നാളെയാണ് പരിഗണിക്കുന്നത്. അഡ്വ. കെ.രാംകുമാര്‍ ആണ് ദിലീപിനു വേണ്ടി ജാമ്യാപേക്ഷ നല്‍കിയത്. താന്‍ നിരപരാധിയാണെന്ന് ദിലീപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തെറ്റു ചെയ്യാത്തതിനാല്‍ ഭയമില്ലെന്നും ദിലീപ് പറഞ്ഞു. കൃത്രിമ തെളിവുകളാണ് പോലീസ് ഹാജരാക്കിയതെന്നായിരുന്നു രാംകുമാര്‍ പറഞ്ഞത്.

ലണ്ടനിലെ കാംഡൺ മാർക്കറ്റിൽ വൻ അഗ്നിബാധ. ഇന്നലെ രാത്രിയോടെയാണ് അപകടം ഉണ്ടായത്. തീ ഇനിയും നിയന്ത്രണ വിധേയമായിട്ടില്ല. ഗ്രെന്‍ഫെല്‍ ടവറില്‍ വന്‍ തീപ്പിടുത്തമുണ്ടായി ഒരു മാസം തികയും മുമ്പാണ് ഇംഗ്ലണ്ടിനെ ആശങ്കയിലാക്കി വീണ്ടും തീപിടിത്തം ഉണ്ടായത്.

Image result for /london-fire-fighters-camden-lock-market-death-tollഞായറാഴ്ച്ച അർധരാത്രിയാണ് തീപിടുത്തമുണ്ടായ വിവരം പുറത്തുവന്നത്. ഉടൻ സ്ഥലത്തെത്തിയ അഗ്നി ശമന സേന തീയണയ്ക്കാൻ ശ്രമം തുടങ്ങിയെങ്കിലും ഇത് ആളിപ്പടരുകയായിരുന്നു.

Image result for /london-fire-fighters-camden-lock-market-death-toll

പുറത്ത് വരുന്ന ചിത്രങ്ങളെല്ലാം അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്നു. ബഹു നില കെട്ടിടങ്ങളുടെ ഉയരത്തിലാണ് തീ ആളിപ്പടർന്നിരിക്കുന്നത്. ആയിരത്തിലധികം കടകളുള്ളതാണ് കാംഡണ്‍ മാര്‍ക്കറ്റ്. ഏറ്റവും ജനത്തിരക്കേറിയ പ്രദേശവുമാണിത്.

Copyright © . All rights reserved