ജൂലൈയില്‍ ഇതുമായി ബന്ധപ്പെട്ട് പൊലീസിനെ അറിയിച്ചത് അടക്കമുളള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതാണെന്നും നിവേദിത മിഷന്‍ പറയുന്നു. ഓഗസ്റ്റ് 31 പരിപാടിക്കായി ഓഡിറ്റോറിയം വിട്ടുതരാന്‍ സാധിക്കില്ലെന്നും വിട്ടുതരണമെങ്കില്‍ പൊലീസില്‍ നിന്ന് എതിര്‍പ്പൊന്നും ഇല്ലെന്നുളള സര്‍ട്ടിഫിക്കെറ്റ് ഹാജരാക്കണമെന്നും ഓഡിറ്റോറിയം അധികൃതര്‍ അറിയിച്ചതായും നിവേദിത മിഷന്‍ വ്യക്തമാക്കുന്നു. പൊലീസില്‍ നിന്നും ഒരിക്കലും എന്‍ഒസി ലഭിക്കില്ലെന്നാണ് മനസിലായത്.

പിന്നീട് സെപ്റ്റംബര്‍ ഒന്നിന് ഓഡിറ്റോറിയം അധികൃതര്‍ വിളിക്കുകയും അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബുക്കിങ് റദ്ദാക്കുകയുമാണെന്നാണ് അറിയിച്ചതെന്നും നിവേദിത മിഷന്‍റെ ജനറല്‍ സെക്രട്ടറി കൂടിയായ രണ്‍ദീപ് സെന്‍ഗുപ്ത പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗാള്‍ ഗവര്‍ണര്‍ കൂടി പങ്കെടുക്കുന്ന പരിപാടിക്കായി മറ്റൊരു ഓഡിറ്റോറിയം തേടുകയാണ് നിവേദിത മിഷന്‍. അതേസമയം വിജയദശമിയും മുഹറവും അടുത്തടുത്ത ദിവസങ്ങളില്‍ വരുന്നതോടെയുളള സുരക്ഷാ ക്രമീകരണങ്ങള്‍ പരിഗണിച്ചാണ് ഓഡിറ്റോറിയത്തിന്റെ ബുക്കിങ് സര്‍ക്കാര്‍ റദ്ദാക്കിയതെന്നാണ് അറിയാന്‍ കഴിയുന്നത്.

ഈ സാഹചര്യത്തില്‍ ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ഭാഗവതിന്റെ സന്ദര്‍ശനവും പ്രസംഗവും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് വഴിതിരിച്ചേക്കുമെന്ന ആശങ്കയും ബംഗാള്‍ സര്‍ക്കാരിനുണ്ട്. 2016ല്‍ മുഹറം-വിജയദശമി ദിവസങ്ങളിലായി ബംഗാളിലെ പല ജില്ലകളിലായി ഹിന്ദു-മുസ്ലിം വര്‍ഗീയ കലാപങ്ങള്‍ നടന്നിരുന്നു. അതേസമയം ആയുധപൂജ അടക്കമുളള പരിപാടികളുമായി ഇത്തവണയും മുന്നോട്ട് പോകാന്‍ തന്നെയാണ് ആര്‍എസ്എസ് തീരുമാനം. കഴിഞ്ഞ ജനുവരിയിലും കൊല്‍ക്കത്തയില്‍ റാലി നടത്താനുളള അനുമതി മോഹന്‍ ഭാഗവതിന് ബംഗാള്‍ സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.