ലണ്ടന്‍: സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ സുരക്ഷ വിലയിരുത്താന്‍ സര്ജന്മാര് ഒരുങ്ങുന്നു. റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് ആണ് സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്ന മരണങ്ങള്, സ്വകാര്യാശുപത്രികളിലെ സുരക്ഷ സംബന്ധിച്ച ഭീതികള്‍ എന്നിവ ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടി. അനാവശ്യ ശസ്ത്രക്രിയകള്‍ നടത്തിയ കുറ്റത്തിന് ഇയാന്‍ പാറ്റേഴ്സണ്‍ എന്ന സര്ജന് അടുത്തിടെ ശിക്ഷിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.
പാറ്റേഴ്സണെതിരെ പരാതികള്‍ ഉയര്‍ന്നിട്ടും പത്ത് വര്‍ഷത്തിലേറെ ഇയാള്‍ സര്‍ജനായി ജോലി ചെയ്തു എന്നതാണ് ആശങ്കയ്ക്ക് ഇടയാക്കുന്നത്. എന്‍എച്ച്എസ് ആശുപത്രികളിലേതിനേക്കാള്‍ സുരക്ഷാ കാര്യങ്ങളില്‍ യാതൊരു വിവരവും ലഭിക്കാതെയാണ് സ്വകാര്യ ആശുപത്രികളില്‍ രോഗികള്‍ ചികിത്സിക്കപ്പെടുന്നതെന്ന് ആര്‍സിഎസ് സര്‍ക്കാരിന് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നു. പാറ്റേഴ്സണ്‍ ആയിരക്കണക്കിന് സ്ത്രീകളില്‍ മാറിടത്തിന് അനാവശ്യ ശസ്ത്രക്രിയകള്‍ നടത്തിയെന്ന് നോട്ടിംഗ്ഹാം ക്രൗണ്‍ കോടതി കഴിഞ്ഞ ഏപ്രിലില്‍ കണ്ടെത്തിയിരുന്നു.
മെഡിക്കല്‍ പ്രാക്ടീസിന്റെ നിലവാരം, രോഗികളുടെ സുരക്ഷ ചികിത്സക്ക് അവരുടെ സമ്മതം എന്നീ വിഷയങ്ങളില്‍ ഈ സംഭവം ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നാണ് ആര്‍സിഎസ് പറയുന്നത്. സ്വകാര്യാശുപത്രികളില്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച ചോദ്യങ്ങളും ഇതോടൊപ്പം ഉയരുന്നു. ഇത്രയും ദീര്‍ഘകാലം പാറ്റേഴ്സണ്‍ സര്‍ജനായി തുടര്‍ന്നത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്ന ജെറമി ഹണ്ടിന്റെ നിര്‍ദേശത്തെയും റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സ് സ്വാഗതം ചെയ്തു.
ലണ്ടന്‍: പണക്കാരായ പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്മെന്റ് എടുത്തുകളയുമെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രകടനപത്രിക. 300 പൗണ്ട് വരെയാണ് ഈയിനത്തില്‍ നല്കിവന്നിരുന്നത്. ബ്രിട്ടനിലെ സോഷ്യല്‍ കെയര്‍ സിസ്റ്റത്തിലെ അടിസ്ഥാനപരമായ പിഴവുകള്‍ തിരുത്തുമെന്ന വാഗ്ദാനമാണ് ടോറി പ്രകടനപത്രിക മുന്നോട്ടു വെക്കുന്നത്. പാര്‍ട്ടിക്ക് പെന്‍ഷനേഴ്സില്‍ നിന്ന് ഏറ്റവും കൂടുതല്‍ പിന്തുണ ലഭിച്ചുകൊണ്ടിരുന്ന ഈ വാര്‍ഷിക പേയ്മെന്റ് സംവിധാനം എടുത്തുകളയാന്‍ കാമറൂണ്‍ പോലും ധൈര്യപ്പെട്ടിരുന്നില്ല എന്നാണ് വിവരം.
ഈ വിധത്തില്‍ മിച്ചം പിടിക്കുന്ന തുക സോഷ്യല്‍ കെയറിലേക്ക് വഴിതിരിച്ചു വിടാനാകുമെന്നാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പറയുന്നത്. എന്നാല്‍ പ്രായമായവരുടെ ക്ഷേമത്തിനായി നടപ്പാക്കിയ പദ്ധതി ഇല്ലാതാക്കുന്നത് തെരേസ മേയ്ക്ക് തിരിച്ചടിയായേക്കുമെന്ന ആശങ്കയും ചിലര്‍ പങ്കുവെക്കുന്നുണ്ട്. 72,000 പൗണ്ടിന്റെ വെട്ടിക്കുറയ്ക്കലുകള്‍ വരുത്താന്‍ കാമറൂണ്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും ഇത് നടപ്പാക്കുന്നത് 2020 വരെ മാറ്റിവെച്ചിരിക്കുകയാണ്.
ഈ പദ്ധതിക്കു പകരം സര്‍ക്കാര്‍ സഹായം ആവശ്യമുള്ളവരെ നിര്‍ണ്ണയിക്കുന്ന സ്വത്തിന്റെ പരിധി ഉയര്‍ത്താനാണ് മേയ് പദ്ധതിയിടുന്നത്. ഇത് നടപ്പാക്കിയാല്‍ പരമാവധി ദരിദ്രരായവര്‍ക്ക് ക്ഷേപദ്ധതികള്‍ എത്തിച്ചുകൊടുക്കാനാകുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. എന്നാല്‍ എന്ത് നടപടി സ്വീകരിച്ചാലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് അത് തിരിച്ചടി സമ്മാനിക്കുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
വാഷിംഗ്ടണ്‍: അമേരിക്കന്‍ ഭരണത്തില്‍ പ്രസിഡന്റിന്റെ കുടുംബത്തിന്റെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നു എന്ന ആരോപണം ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തി അധികകാലമെത്തുന്നതിനു മുമ്പ്തന്നെ കേട്ടു തുടങ്ങിയിരുന്നു. ഇപ്പോള്‍ ഇതാ പ്രസിഡന്റ് അധ്യക്ഷത വഹിക്കേണ്ട യോഗം നയിച്ച് മകള്‍ ഇവാന്‍ക അത് ആരോപണം മാത്രമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. വൈറ്റ് ഹൗസില്‍ നടന്ന അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗത്തിലാണ് ഇവാന്‍ക അധ്യക്ഷയായത്. ഡൊണാള്‍ഡ് ട്രംപ് കണക്ടിക്കട്ടില്‍ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് കേഡറ്റുകളുടെ ബിരുദദാനത്തില് പങ്കെടുക്കുന്ന സമയത്തായിരുന്നു മകള്‍ ഭരണം നടത്തിയത്.
മനുഷ്യക്കടത്ത് നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള റൗണ്ട്ടേബിള്‍ യോഗത്തിലാണ് ഇവാന്‍ക കോണ്‍ഗ്രസ് അംഗങ്ങളെ അഭിസംബോധന ചെയ്തത്. നിരവധി ഡെമോക്രാറ്റ് അംഗങ്ങളും റിപ്പബ്ലിക്കന്‍ അംഗങ്ങളും ഈ യോഗത്തില്‍ പങ്കെടുത്തു. അമേരിക്കയിലും ലോകമൊട്ടാകെയും മനുഷ്യക്കടത്ത് ഇല്ലാതാക്കാന്‍ അമേരിക്കന്‍ ഭരണകൂടം നടത്തുന്ന ഇടപെടലുകളേക്കുറിച്ച് ട്രംപിന്റെ മൂത്ത മകള്‍ രണ്ട് മിനിറ്റ് സംസാരിച്ചുവെന്നാണ് വൈറ്റ് ഹൗസ് പൂള് റിപ്പോര്‍ട്ട് പറയുന്നത്. അടുത്തയാഴ്ച കുട്ടികളുടെ സുരക്ഷ, മനുഷ്യക്കടത്ത് നിയന്ത്രണ വാരമായി കോണ്‍ഗ്രസ് ആചരിക്കുകയാണെന്നും ഈ വിഷയങ്ങളില്‍ സുപ്രധാന നിയമനിര്‍മാണങ്ങള്‍ക്ക് അംഗങ്ങള്‍ക്ക് അവസരമുണ്ടായിരിക്കുമെന്നും ഇവാന്‍ക യോഗത്തില്‍ പറഞ്ഞു.
എന്നാല്‍ പ്രസിഡന്റ് ട്രംപും ഇവാന്‍കയും മനുഷ്യക്കടത്തിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘടനകളും തമ്മില്‍ ഫെബ്രുവരിയില്‍ നടന്ന ഇക്കാര്യത്തിലുള്ള ചര്‍ച്ചയുടെ തുടര്‍നടപടികളുടെ ഭാഗമായിരുന്നു യോഗമെന്നാണ് വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചത്. അക്കാഡമിക്, പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ളവരില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അഭിപ്രായ രൂപീകരണകത്തിനുമാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും വക്താവ് അവകാശപ്പെട്ടു.
ശനിയാഴ്ച ലെസ്റ്റര്‍ മെഹര്‍ സെന്ററില്‍ നടന്ന മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് യുകെയിലെ നാനാഭാഗങ്ങളില്‍ നിന്നെത്തിയ മലയാളികള്‍ പങ്കെടുത്ത മികച്ച വേദിയായി മാറിയപ്പോള്‍ ഏവരുടെയും ആകാംക്ഷ ആരൊക്കെയാണ് അവാര്‍ഡ് വിജയികള്‍ എന്നതായിരുന്നു. വിവിധ വിഭാഗങ്ങളിലായി നിശ്ചയിക്കപ്പെട്ടിരുന്ന അവാര്‍ഡ് വിജയികളെ പ്രഖ്യാപിച്ചത് അവാര്‍ഡ് നൈറ്റ് വേദിയില്‍ വച്ചായിരുന്നു. പ്രശസ്ത സംവിധായകന് വൈശാഖ് ഉദ്ഘാടനം ചെയ്ത അവാര്‍ഡ് നൈറ്റ് വേദിയില്‍ ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ ആണ് മികച്ച അസോസിയേഷനുകള്‍ക്കുള്ള മലയാളം യുകെ എക്സല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
യുകെ മലയാളികള്‍ക്കിടയില്‍ ഇരുനൂറ്റി അന്‍പതിലധികം മലയാളി സംഘടനകള്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇവയില്‍ നിന്നും മികച്ച പ്രവര്‍ത്തനം നടത്തിയതിനുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയത് മൂന്ന് അസോസിയേഷനുകള്‍ ആയിരുന്നു. സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (സ്റ്റോക്ക് ഓണ്‍ ട്രെന്റ്), കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷന് വാറ്റ്ഫോര്‍ഡ്, കേരള ക്ലബ് നനീട്ടന് എന്നീ സംഘടനകള്‍ അവാര്‍ഡിന് അര്‍ഹരായി എന്ന പ്രഖ്യാപനം നിറഞ്ഞ കയ്യടികള്‍ക്കിടയില്‍ ആയിരുന്നു അവാര്‍ഡ് നൈറ്റ് വേദിയില്‍ പ്രഖ്യാപിക്കപ്പെട്ടത്.
കഴിഞ്ഞ പത്തിലധികം വര്‍ഷങ്ങളായി സ്റ്റഫോര്‍ഡ്ഷയറിനും സമീപങ്ങളിലും ഉള്ള മലയാളി സമൂഹത്തെ കൂട്ടിയിണക്കി യുകെ മലയാളി സമൂഹത്തിന് തന്നെ അഭിമാനകരമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് എസ്എംഎ സ്റ്റോക്ക് ഓണ്‍ ട്രെന്റ് അവാര്‍ഡ് നൈറ്റ് വേദിയില്‍ എത്തിച്ചേര്‍ന്നത്. കലാ, കായിക രംഗങ്ങളില്‍ നിരവധി നേട്ടങ്ങള്‍ക്ക് അര്‍ഹരായിട്ടുള്ള അസോസിയേഷന് ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ തന്നെയാണ്. കഴിഞ്ഞ കാലങ്ങളില്‍ ഇവര്‍ ചെയ്തിട്ടുള്ള നിരവധിയായ പ്രവര്‍ത്തനങ്ങളുടെ അംഗീകാരമായാണ് എസ്എംഎ ഭാരവാഹികള്‍ അവാര്‍ഡ് ഏറ്റു വാങ്ങിയത്. അസോസിയേഷന് പ്രസിഡണ്ട് റിജോ ജോണ്‍, സെക്രട്ടറി എബിന് ജോസ്, ട്രഷറര്‍ സിറില്‍ മാഞ്ഞൂരാന് എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് അസോസിയേഷന് വേണ്ടി ഏറ്റുവാങ്ങിയത്.
രണ്ടു സംഘടനകളായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച ശേഷം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒറ്റ സംഘടനയായി മാറുകയും ഐക്യത്തിന്റെ ശക്തി യുകെ മലയാളികളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്ത കേരള കമ്മ്യൂണിറ്റി ഫൌണ്ടേഷന് വാറ്റ്ഫോര്‍ഡ് ആണ് അവാര്‍ഡിനര്‍ഹരായ രണ്ടാമത്തെ അസോസിയേഷന്. ചാരിറ്റി മുഖ്യ ലക്ഷ്യമാക്കി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ആണ് കെസിഎഫ് വാറ്റ് ഫോര്‍ഡിനെ അവാര്‍ഡിന് അര്‍ഹരാക്കിയത്. ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ആണ് കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ കെസിഎഫിന്റെ നേതൃത്വത്തില്‍ നടന്നത്. അസോസിയേഷന് വേണ്ടി ഭാരവാഹികളായ സണ്ണിമോന്‍ മത്തായി, ജോസ് തോമസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
വൈവിധ്യം മുഖമുദ്രയാക്കി വേറിട്ട വഴികളിലൂടെ എന്നും സഞ്ചരിച്ചിട്ടുള്ള കേരള ക്ലബ് നനീട്ടന് ആണ് അവാര്‍ഡ് നൈറ്റ് വേദിയില്‍ ആദരിക്കപ്പെട്ട മറ്റൊരു സംഘടന. അസോസിയേഷന് അംഗങ്ങളുടെ മക്കള്‍ക്ക് സ്കൂളില്‍ പോകാന്‍ സ്വന്തമായി ബസ് ഉള്‍പ്പെടെ മറ്റ് അസോസിയേഷനുകള്‍ക്ക് ചിന്തിക്കാന്‍ പോലുമാകാത്ത പ്രവര്‍ത്തനങ്ങള്‍ കേരള ക്ലബ് കൈവരിച്ചത് അംഗങ്ങള്‍ക്കിടയിലെ മാനസിക ഐക്യത്തിന്റെ പിന്‍ബലത്തില്‍ കൂടിയാണ്. കേരള ക്ലബ്ബിന് വേണ്ടി അസോസിയേഷന് ഭാരവാഹികള്‍ ആയ ജോബി ഐത്തിയാല്‍, സെന്‍സ് ജോസ് കൈതവേലില്‍, ബിന്‍സ് ജോര്‍ജ്ജ്, സജീവ് സെബാസ്റ്റ്യന്‍, ബെന്നി ജോസ്, ജിറ്റോ ജോണ്‍ തുടങ്ങിയവര്‍ അവാര്‍ഡ് സ്വീകരിച്ചു.
മലയാളം യുകെയുടെ പ്രഥമ അവാര്‍ഡ് നൈറ്റില്‍ ആദരിക്കപ്പെട്ട മലയാളി അസോസിയേഷനുകള്‍ യുകെയിലെ മലയാളി അസോസിയേഷനുകളില്‍ ഏറ്റവും അര്‍ഹമായവ തന്നെ ആയിരുന്നു എന്നതിന്റെ തെളിവായിരുന്നു ഓരോ അസോസിയേഷന് പ്രതിനിധികളും അവാര്‍ഡ് സ്വീകരിക്കാന്‍ വേദിയില്‍ എത്തിയപ്പോള്‍ ഉണ്ടായ കയ്യടി. രണ്ടായിരത്തോളം യുകെ മലയാളികള്‍ ആണ് അവാര്‍ഡ് നൈറ്റ് നടന്ന വേദിയില്‍ എത്തിച്ചേര്‍ന്നത്.
സ്വന്തം ലേഖകന്‍
യുകെയിലെ മലയാളികള്‍ക്കിടയില്‍ അമിത പലിശയ്ക്ക് പണം കടം കൊടുത്തും ഗുണ്ടായിസം നടത്തിയും വിലസിയിരുന്ന സിജോ സെബാസ്റ്റ്യന്‍ ജയില്‍ ശിക്ഷ. ബാസില്ഡനില് താമസിക്കുന്ന കോട്ടയം അതിരമ്പുഴ സ്വദേശിയായ സിജോ സെബാസ്റ്റ്യന്‍ മണ്ണഞ്ചേരിലിനെ വെള്ളിയാഴ്ച ആണ് കോടതി കുറ്റക്കാരനായി കണ്ടെത്തി ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. ഇതനുസരിച്ച് പോലീസ് സിജോയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. നാലു മാസം ആണ് ശിക്ഷാ കാലാവധി. സൌത്തെന്‍ഡ് ക്രൌണ്‍ കോര്‍ട്ടില്‍ ആണ് സിജോയുടെ കേസ് വിചാരണയ്ക്ക് എടുത്തത്.
2009 ജൂലൈ മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കാലയളവില്‍ അനധികൃത പലിശ ഇടപാടിലൂടെ 325000 പൌണ്ടിലധികം സിജോ സെബാസ്റ്റ്യന്‍ സമ്പാദിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ബാസില്‍ഡന്‍ റാഫേല്‍സില്‍ ഉള്ള സിജോയുടെ വീട്ടിലും ലണ്ടന്‍ ഈസ്റ്റ്ഹാമിലെ ഓഫീസിലും പോലീസ് നടത്തിയ റെയ്ഡുകളില് ആണ് അനധികൃത ഇടപാടുകളുടെ തെളിവുകള്‍ കണ്ടെടുത്തത്. ഇടപാടുകാരില്‍ നിന്നും 67% വരെ പലിശ ഈടാക്കിയിരുന്നതിന്റെ തെളിവുകള്‍ ഇയാളുടെ ഓഫീസ് കമ്പ്യൂട്ടറില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
എട്ട് ബാങ്ക് അക്കൌണ്ടുകളിലായി 2.1 മില്യണ്‍ പൗണ്ട് ആണ് ഷിജോയുടെ അക്കൌണ്ടുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്രയും വരുമാനത്തിന് ആധാരമായ ഉറവിടം പക്ഷെ സിജോയ്ക്ക് കാണിക്കുവാന്‍ കഴിഞ്ഞില്ല. സിജോയെ സപ്പോര്‍ട്ട് ചെയ്യുന്ന ചില മലയാളി നേതാക്കന്മാരുടെ ബിനാമി പണമാണ് ഇതെന്നാണ് നിഗമനം.
നൂറു പൗണ്ട് കടമായി വാങ്ങിയാല്‍ മാസം ഏഴ് പൗണ്ട് വരെ പലിശ ഈടാക്കി ആയിരുന്നു സിജോയുടെ പലിശ വ്യാപാരം കൊഴുത്തത്. ഇതിനായി ഇടപാടുകാരില്‍ നിന്നും യുകെയിലെയും നാട്ടിലെയും ബാങ്കുകളിലെ ബ്ലാങ്ക് ചെക്കുകള്‍ ഉള്‍പ്പെടെ ഇയാള്‍ ഈടായി കൈവശപ്പെടുത്തിയിരുന്നു.
യുകെയിലെ മലയാളികളുടെ ഒരുമയ്ക്കും ഉന്നമനത്തിനും ആയി രൂപീകരിക്കപ്പെട്ട യുക്മ എന്ന സംഘടനയില്‍ ഇയാള്‍ക്ക് ഉള്ള സ്വാധീനം ആണ് ഇടപാടുകാരെ ഭീഷണിപ്പെടുത്താന്‍ ഇയാള്‍ ഉപയോഗിച്ചിരുന്നത്. യുകെ മലയാളികളെ ഇത് പോലെയുള്ള അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ പിന്തുണ നല്‍കേണ്ട സംഘടന അതിന്റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചത് സിജോ സെബാസ്റ്റ്യനെ സംരക്ഷിക്കാന്‍ ആയിരുന്നു. സിജോ സെബാസ്റ്റ്യന്‍ ഏറ്റവും അധികം സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഇയാളുടെ സുഹൃത്ത് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ യുക്മ പ്രസിഡണ്ട് ആയിരുന്നപ്പോള്‍ ആണ്. ഇയാളെ രക്ഷിക്കാനായി യുക്മ പ്രസിഡണ്ട് എന്ന പദവി ദുരുപയോഗം ചെയ്ത് കോടതിയില്‍ കത്ത് നല്കുന്നിടം വരെയെത്തി നില്ക്കുന്നു ഇവര്‍ തമ്മിലുള്ള ബന്ധം. ഫ്രാന്‍സിസ് മാത്യുവിന്റെ പിന്‍ബലത്തില്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന് ഭാരവാഹി ആയിരുന്നു കൊണ്ടാണ് സിജോ തന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചത്.
സിജോയില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങി കടക്കെണിയില്‍ പെട്ട നിരവധി ആളുകള്‍ ഉണ്ടെങ്കിലും യുക്മ നേതാക്കന്മാരുടെ സ്വാധീനം മൂലം ഇവരില്‍ ആരും തന്നെ കോടതിയില്‍ സാക്ഷി പറയാന്‍ എത്തിയില്ല എന്നത് തന്നെ ഇത്തരം സാമൂഹിക വിപത്തുകളുടെ കാര്യത്തില്‍ ഇപ്പോഴുള്ള യുക്മ നേതൃത്വം എടുക്കുന്ന നിലപാടുകള്‍ ആണ് തെളിയിക്കുന്നത്. ഇക്കഴിഞ്ഞ യുക്മ ഇലക്ഷനില്‍ സിജോയെ പോലുള്ളവരുടെ പണക്കൊഴുപ്പ് ആണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് അന്ന് മലയാളം യുകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്ന പേരില്‍ ഭരണഘടനയില്‍ വരെ കൃത്രിമം നടത്തി അധികാരത്തില്‍ എത്തിയ ഇപ്പോഴത്തെ നേതൃത്വം കഴിഞ്ഞ ഏഴ് വര്‍ഷക്കാലം യുക്മ നാഷണല്‍ കമ്മറ്റിയില്‍ വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ച ഫ്രാന്‍സിസ് മാത്യുവിനെ വീണ്ടും യുക്മയുടെ ചാരിറ്റിയുടെ ചെയര്‍മാനായി അവരോധിച്ചത് ഈ ഇലക്ഷനില്‍ ലഭിച്ച വഴിവിട്ട സഹായങ്ങളുടെ പേരില്‍ ആണ്. ഇതു യുക്മയില്‍ പൊട്ടിത്തെറി ഉണ്ടാക്കിയെങ്കിലും പുറത്തറിയിക്കാതെ ഒതുക്കി തീര്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഫ്രാന്‍സിസ് മാത്യു പങ്കെടുത്തിരുന്നില്ല.
എന്തായാലും പലിശ ബിസിനസ്സുകാരന് ജയിലില്‍ എത്തിയത് സംരക്ഷകരുടെ മുഖം പൊതുസമൂഹത്തില്‍ വികൃതമാക്കിയിരിക്കുകയാണ്. മുന്‍കാല നേതാക്കന്മാര് അവരുടെ ഒരുപാട് സമയവും അദ്ധ്വാനവും ചെലവഴിച്ച് കെട്ടിപ്പടുത്ത യുക്മയെന്ന പ്രസ്ഥാനം ഇത്തരം ആളുകളുടെ കയ്യില്‍ അകപ്പെട്ടല്ലോ എന്ന ഗതികേടില്‍ തലയില്‍ കൈ വച്ചിരിക്കുകയാണ് യുകെ മലയാളി സമൂഹം.
തിരുവനന്തപുരം: നിയമസഭയില്‍ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്. പ്രതിപക്ഷം നല്കിയ പരാതിയിലാണ് സ്പീക്കര്‍ റൂളിംഗ് നല്‍കിയത്. മന്ത്രിമാര്‍ ചോദ്യങ്ങള്‍ക്ക് കൃത്യസമയത്ത് ഉത്തരം നല്‍കാത്തത് നിര്‍ഭാഗ്യകരമാണെന്നും പരാതി വസ്തുതാപരമാണെന്നും സ്പീക്കര്‍ പറഞ്ഞു. ചട്ടം നിഷ്കര്‍ഷിക്കുന്ന രീതിയില്‍ മറുപടി പറയണം. നിരുത്തരവാദപരമായ സമീപനമാണ് ഇക്കാര്യത്തിലുളളതെന്നും സ്പീക്കര്‍ വ്യക്തമാക്കി.
ന്യായീകരണങ്ങള്‍ ഒന്നും നിലനില്‍ക്കുന്നതല്ലെന്നും എല്ലാ ചോദ്യങ്ങള്‍ക്കും ഈ മാസം 25നകം മറുപടി നല്‍കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. സ്വാശ്രയ ഫീസുമായി ബന്ധപ്പെട്ട് കെഎസ്യു നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജും തുടര്‍ന്ന് പരുക്കേറ്റ പ്രവര്‍ത്തകര്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ചികിത്സ നിഷേധിച്ചതും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അവതരമആനുമതി നിഷേധിക്കുകയും ചെയ്തു. ഹൈബി ഈഡനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കെഎസ്യു പ്രവര്‍ത്തകരുടെ ചോരപുരണ്ട വസ്ത്രങ്ങളും ലാത്തിച്ചാര്‍ജിന്റെ ഫോട്ടോകളുമായിട്ടായിരുന്നു പ്രതിപക്ഷം സഭയില്‍ എത്തിയത്. പ്രകോപനമില്ലാതെയാണ് ലാത്തിച്ചാര്‍ജ് ഉണ്ടായതെന്ന് ഹൈബി ഈഡന് പറഞ്ഞു. എന്നാല്‍ കല്ലുകളും വടികളുമായിട്ടാണ് കെഎസ്യു പ്രവര്‍ത്തകര്‍ എത്തിയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. പ്രവര്‍ത്തകര്‍ പൊലീസിനെതിരെ മനപൂര്‍വം പ്രകോപനമുണ്ടാക്കുക ആയിരുന്നു. ലാത്തിച്ചാര്‍ജില്‍ ആര്‍ക്കും ഗുരുതര പരുക്കില്ല. ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ല. പൊലീസ് ആരുടെയും തലയ്ക്ക് അടിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
ലണ്ടന്‍: ജനപ്രിയ നയങ്ങളും വന്‍കിടക്കാര്‍ക്ക് നികുതി വര്‍ദ്ധനയുമായി ലേബര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രഖ്യാപിച്ചു. വന്‍തുക ശമ്പളയിനത്തില്‍ ചെലവാക്കുന്ന കമ്പനികള്‍ക്ക് നികുതി വര്‍ദ്ധിപ്പിക്കുന്ന ഫാറ്റ് ക്യാറ്റ് ടാക്സ് എന്ന പദ്ധതിയടക്കമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 3,30,000 പൗണ്ടിനു മേല്‍ ശമ്പളത്തിന് 2.5 ശതമാനം ലെവിയും 5 ലക്ഷത്തിനു മേല്‍ ശമ്പളമുള്ളവര്‍ക്ക് 5 ശതമാനം ലെവിയുമാണ് ലേബര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ തുക പൊതുമേഖലയിലെ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ഉപയോഗിക്കും.
രണ്ട് വയസ് മുതല്‍ സ്കൂള്‍ പഠനം ആരംഭിക്കുന്നത് വരെയുള്ള കാലയളവില്‍ കുട്ടികള്‍ക്ക് നല്കുന്ന പരിചരണം വര്‍ദ്ധിപ്പിക്കുമെന്നും ലേബര്‍ വാഗ്ദാനം നല്കുന്നു. 80,000 പൗണ്ടിനു മുകളില്‍ ശമ്പളം വാങ്ങുന്നവരുടെ ആദായ നികുതി 45 ശതമാനമായി വര്‍ദ്ധിപ്പിക്കാനും 1,23,000 പൗണ്ടിനു മുകളിലുള്ളവര്‍ക്ക് ഇത് 50 ശതമാനമാക്കാനുമുള്ള നിര്‍ദേശവും പ്രകടനപത്രികയിലുണ്ട്. സ്കോട്ട്ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുയരുന്ന സ്വയംഭരണാവശ്യങ്ങള്‍ പരിഗണിച്ച് കൂടുതല്‍ ഫെഡറല്‍ സ്വഭാവത്തിലേക്ക് രാജ്യം നീങ്ങുമെന്നും ജെറമി കോര്ബിന് പറഞ്ഞു.
മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ചിരുന്നവയേക്കാള്‍ വ്യത്യസ്തമായ പ്രകടനപത്രികയാണ് ലേബര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമ്പദ് വ്യവസ്ഥയെ വീണ്ടും സന്തുലിതമാക്കാനുള്ള ശ്രമങ്ങളാണ് ലേബര്‍ ഉദ്ദേശിക്കുന്നതെന്നാണ് ഇതിനോട് കോര്ബിന് പ്രതികരിച്ചത്. ഉയര്‍ന്ന ശമ്പളം ചിലര്‍ക്ക് മാത്രം നല്കുന്ന രീതി സമൂഹത്തില്‍ അസമത്വം വളര്‍ത്തുമെന്നും അതുകൊണ്ടാണ് ഈ രീതി നിയന്ത്രിക്കാന്‍ ലേബര്‍ ശ്രമിക്കുന്നതെന്നും കോര്ബിന് വ്യക്തമാക്കി.
ജനീവ: കമ്പ്യൂട്ടറുകളിലും മൊബൈല്‍, ടാബ്ലറ്റ് എന്നിവയിലും ഏറെനേരം ചെലവഴിക്കുന്നത് കുട്ടികളുടെ ആരോഗ്യം ക്ഷയിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. സോഷ്യല്‍ മീഡിയ ഉപയോഗം വര്‍ദ്ധിച്ചതോടെയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇത്തരം ഉപകരണങ്ങള്‍ക്കു മുന്നില്‍ ഏറെ നേരം ചെലവഴിക്കാന്‍ തുടങ്ങിയത്. 11 വയസ് വരെ പ്രായമുള്ള കുട്ടികളും ഇതുമൂലം ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. ദിവസവും ആവശ്യമായ വ്യായാമം ചെയ്യാന്‍ പോലും യുവാക്കള്‍ തയ്യാറാകുന്നില്ലെന്നും പഠനം വ്യക്തമാക്കുന്നു.
ദിവസവും രണ്ട് മണിക്കൂറിലേറെ സമയം സോഷ്യല്‍മീഡിയയും മറ്റും ഉപയോഗിക്കുന്നതായാണ് വ്യക്തമായത്. 2002 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യത്തില്‍ കാര്യമായ വര്‍ദ്ധന രേഖപ്പെടുത്തിയിട്ടുള്ളതായി കാണാം. സ്ത്രീകളിലും പുരുഷന്മാരിലും സോഷ്യല്‍ മീഡിയ ഉപയോഗത്തിന്റെ നിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. 15 വയസും അതിനു മേലും പ്രായമുള്ള പെണ്‍കുട്ടികളുടെ ഇടയില്‍ ഇത് മൂന്നിരട്ടിയായാണ് വര്‍ദ്ധിച്ചിരിക്കുന്നത്.
2014ല്‍ ഇംഗ്ലണ്ടിലെ 11നും 15നുമിടയില്‍ പ്രായമുള്ള 74.6 ശതമാനം പെണ്‍കുട്ടികളും 83.6 ശതമാനം ആണ്‍കുട്ടികളും ദിവസവും രണ്ടു മണിക്കൂര്‍ കംപ്യൂട്ടര്‍, ടാബ്ലറ്റ്, ഫോണ്‍ എന്നിവ ഉപയോഗിച്ചിരുന്നു. സ്കോട്ട്ലന്‍ഡില്‍ ഈ കണക്ക് 79.9 ശതമാനം, 83.6 ശതമാനം എന്നിങ്ങനെയാണ്. 42 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ പെണ്‍കുട്ടികളുടെ കംപ്യൂട്ടര്‍ ഉപയോഗത്തില്‍ സ്കോട്ട്ലന്‍ഡിനാണ് ഒന്നാം സ്ഥാനം. വെയില്‍സ് നാലാം സ്ഥാനത്തും ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തും എത്തി. രണ്ട് ലക്ഷം കുട്ടികളിലാണ് ലോകാരോഗ്യ സംഘടന പഠനം നടത്തിയത്.
മലയാളം യുകെ ന്യൂസ് ടീം.
പ്രകാശത്തിന്റെ തിരിനാളങ്ങൾ തെളിയിക്കപ്പെട്ടു.. വേദനയുടെയും നിരാശയുടെയും ലോകത്ത് നിന്ന് മോചനം നല്കുന്ന പ്രതീക്ഷയുടെ രശ്മികൾ വഹിച്ച് കരുണയുടെ മാലാഖമാർ സദസിൽ നിന്നും വേദിയിലെത്തി. ഇന്റർനാഷണൽ നഴ്സസ് ഡേയുടെ ഭാഗമായി നഴ്സുമാരുടെ പ്രതിനിധികളായി 11 കരുണയുടെ മാലാഖമാർ മലയാളം യുകെ എക്സൽ അവാർഡ് നൈറ്റിൽ ആദരണീയമായ സദസിന്റെ അനുഗ്രഹാശിസുകൾ ഏറ്റു വാങ്ങിക്കൊണ്ട് മുന്നോട്ട് വന്നു. ലെസ്റ്ററിന്റെ പ്രണാമം ലോകമെമ്പാടുമുള്ള നഴ്സുമാർക്കായി സമർപ്പിക്കപ്പെട്ടു. മെയ് 13 ശനിയാഴ്ച മലയാളം യുകെ അവാർഡ് നൈറ്റ് നഴ്സുമാർക്കായി ചരിത്രത്തിൽ എഴുതിച്ചേർക്കപ്പെടുകയായിരുന്നു. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ആതിഥേയത്വം വഹിച്ച മലയാളം യുകെ എക്സല്‍ അവാര്‍ഡ് നൈറ്റ് വേദി ആതുരസേവനം തപസ്യയാക്കി മാറ്റിയ നഴ്സുമാര്‍ക്ക് ആദരവ് അര്‍പ്പിക്കുന്ന വേദിയായി മാറി.
പ്രതീകാത്മക ലാമ്പ് ലൈറ്റിംഗ് സെറിമണി ലെസ്റ്ററിലെ മെഹർ സെൻററിൽ പുനരാവിഷ്കരിക്കപ്പെട്ടു. ‘You raise me up….’ എന്ന ഗാനത്തിന്റെ അകമ്പടിയോടെ.. നാളെയുടെ പുതുനാമ്പുകൾക്ക് താങ്ങും തണലുമായി.. ആശ്വാസ വചനങ്ങളുമായി.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ.. വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയോടെ സന്തോഷത്തിന്റെ ലോകത്തേയ്ക്ക് നയിക്കുന്നവർ.. വേദനയുടെയും ദു:ഖത്തിന്റെയും ലോകത്ത് ആശ്വാസമായി രാപകലുകൾ അദ്ധ്വാനിക്കുന്ന ആത്മാർത്ഥമായ സേവനത്തിന്റെ പ്രതീകങ്ങളായ നഴ്സുമാർ.. പ്രകാശം പരത്തുന്ന നന്മയുടെ മാലാഖമാർ സ്റ്റേജിലേക്ക് കത്തിച്ച തിരികളുമായി കടന്നു വന്നു. വരുംതലമുറക്കായി ജീവനെ കാത്തു സൂക്ഷിക്കുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ പിൻഗാമികൾ തിങ്ങി നിറഞ്ഞ സദസിന്റെ മുന്നിൽ അണിനിരന്നപ്പോൾ ഹർഷാരവത്താൽ മെഹർ സെൻറർ മുഖരിതമായി.
കരുണയുടെ.. സ്നേഹത്തിന്റെ.. പ്രതീക്ഷയുടെ നാളെകൾക്ക് ജീവനേകുന്ന ഈ പ്രകാശവാഹകർക്ക് നന്ദിയേകാൻ പുതുതലമുറയും തുടർന്ന് എത്തിച്ചേർന്നു. കൈകളിൽ സ്നേഹത്തിന്റെ പൂക്കളുമായി.. പുതുതലമുറയെ പ്രതിനിധീകരിച്ച് 11 കുട്ടികൾ ശുഭ്രവസ്ത്രധാരികളായി സ്നേഹത്തിന്റെ പുഞ്ചിരിയുമായി നഴ്സുമാർക്ക് സ്നേഹാദരം അർപ്പിക്കുവാൻ എത്തി. നാളെയുടെ പുതുനാമ്പുകൾക്ക് താങ്ങും തണലുമായി.. ആശ്വാസ വചനങ്ങളുമായി.. ഭാരിച്ച ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റുന്നവർ.. വേദനിക്കുന്നവരെ ഒരു നറുപുഞ്ചിരിയോടെ സന്തോഷത്തിന്റെ ലോകത്തേയ്ക്ക് നയിക്കുന്നവർ.. നഴ്സിംഗ് സമൂഹത്തിന് അർഹിച്ച ആദരം നല്കാൻ മലയാളം യുകെ സംഘടിപ്പിച്ച ചടങ്ങ് നഴ്സുമാരുടെ അഭൂത പൂർവ്വമായ സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായി..
കൃതജ്ഞതയുടെ നറുപുഷ്പങ്ങളുമായി നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികളും സ്റ്റേജിൽ തലമുറകളുടെ സംഗമമായി അണിനിരന്നപ്പോൾ നഴ്സിംഗ് സമൂഹത്തിന് നല്കാവുന്ന ഏറ്റവും വലിയ നന്ദി സമർപ്പണമായി ലെസ്റ്റർ ഇവൻറ് മാറുകയായിരുന്നു. അന്താരാഷ്ട്ര നഴ്സസ് ദിന സ്മരണയിൽ The Nightingale Pledge ന് നേതൃത്വം നല്‍കിയത് എലിസ മാത്യു ആയിരുന്നു. സ്റ്റേജിൽ ഉള്ള നഴ്സുമാർക്കൊപ്പം സദസിൽ ഉപവിഷ്ടരായിരുന്ന നഴ്സുമാരും ഇതിൽ പങ്കെടുത്തു. തുടർന്ന് നന്ദി സൂചകമായി ആതുര ശുശ്രൂഷാ ലോകത്തെ മാലാഖമാർക്ക് കുട്ടികൾ പൂക്കൾ സമ്മാനിച്ചു. ചടങ്ങിന് മുന്നോടിയായി ലണ്ടൻ കിംഗ്സ് കോളജ് ഹോസ്പിറ്റലിലെ ലീഡ് തിയറ്റർ നഴ്സ് മിനിജാ ജോസഫ് നഴ്സസ് ദിന സന്ദേശം നല്കി.
നഴ്സുമാരെ പ്രതിനിധീകരിച്ച് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നഴ്സുമാരായ റീനാ ഷിബു, ലിറ്റി ദിലീപ്, ലവ് ലി മാത്യു, ആൻസി ജോയി, എൽസി തോമസ്, ജിജിമോൾ ഷിബു, ജീനാ സെബാസ്റ്റ്യൻ, സിൽവി ജോസ്, അനുമോൾ ജിമ്മി, ബീനാ സെൻസ്, വിൻസി ജെയിംസ് എന്നിവർ സ്റ്റേജിൽ തിരി തെളിച്ച് പ്രതിജ്ഞ ചൊല്ലി.
നഴ്സസ് ദിനത്തിൽ മലയാളം യുകെയെ പ്രതിനിധീകരിച്ച് മലയാളം യുകെ ഡയറക്ടറും പ്രോഗ്രാം കോർഡിനേറ്റുമായ ബിനോയി ജോസഫ് ആശംസകളർപ്പിച്ചു. സാമൂഹിക മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന മലയാളം യുകെയ്ക്ക് അഭിമാന നിമിഷമാണ് ഇതെന്നും കൂടുതൽ കരുത്തോടെ ഊർജ്ജസ്വലമായി മുന്നോട്ട് പോകുവാൻ കഴിയട്ടെയെന്നും നഴ്സിംഗ് രംഗത്തെ മുന്നോട്ടുള്ള പ്രയാണത്തിൽ പൂർണ പിന്തുണ മലയാളം യുകെ വാഗ്ദാനം ചെയ്യുന്നതായും ആശംസ അർപ്പിച്ചു കൊണ്ട് ബിനോയി ജോസഫ് പറഞ്ഞു. നഴ്സുമാരായ ലിസാ ബിനോയി, നിധി ബിൻസു, അൽഫോൻസാ തോമസ് തുടങ്ങിയവർ സെറിമണിയ്ക്ക് നേതൃത്വം നല്കി.
നഴ്സസ് ദിനാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Also Read:
ജോജി തോമസ്
ലണ്ടന്‍: ബ്രിട്ടനില്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം ആദ്യമായി ലേബര്‍ പാര്‍ട്ടി തിരിച്ചുവരവിന്റെ പാതയിലാണെന്നുള്ള സൂചനകള്‍ ലഭിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം പുറത്തുവന്ന സര്‍വ്വേകളില്‍ ഒന്നിലാണ് ലേബര്‍ പാര്‍ട്ടിയുടെ വോട്ടിംഗ് ശതമാനത്തിലെ പുരോഗതി രേഖപ്പെടുത്തിയത്. ഇതിന് പ്രധാന കാരണമായത് യൂണിവേഴ്സിറ്റി വിദ്യാഭ്യാസം സൗജന്യമാക്കുമെന്ന വാഗ്ദാനമാണ്.
പ്രതിവര്‍ഷം മൂവായിരം പൗണ്ട് മാത്രമായിരുന്ന യൂണിവേഴ്സിറ്റി ഫീസ് കഴിഞ്ഞ കണ്‍സര്‍വേറ്റീവ് ഭരണകാലത്ത് ഒറ്റയടിക്കാണ് ഒന്‍പതിനായിരം പൗണ്ടായി വര്‍ദ്ധിപ്പിച്ചത്. ഈ വര്‍ദ്ധനവ് ബ്രിട്ടനിലെ സാധാരണക്കാരേയും ഇടത്തരക്കാരേയും വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. കൂടാതെ വിദ്യാഭ്യാസവായ്പ എടുക്കുന്നവര്‍ക്ക് വലിയൊരു ബാധ്യതയ്ക്ക് ഇത് കാരണമാകുകയും ചെയ്തിരുന്നു. പണമുള്ളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്ന കണ്‍സര്‍വേറ്റീവുകളുടെ നയവും ചിന്താഗതിയും വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്തായാലും യൂണിവേഴ്സിറ്റി പഠനം സൗജന്യമാക്കുമെന്ന ലേബറിന്റെ പ്രഖ്യാപനം ജനങ്ങള്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയെന്നു തന്നെയാണ് സര്‍വ്വേ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. മക്കളുടെ വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്കുന്ന മലയാളികളടങ്ങിയ ഇന്ത്യന്‍ സമൂഹവും ലേബറിന്റെ ഈ പ്രഖ്യാപനത്തെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
റോയല്‍ മെയിലും റെയില്‍വേയും ദേശസാത്കരിക്കുമെന്നലേബറിന്റെ പ്രഖ്യാപനവും വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. വോട്ടവകാശം ലഭിക്കുന്നതിനുള്ള കുറഞ്ഞ പ്രായം പതിനാറാക്കാനുള്ള ലേബറിന്റെ നീക്കം യുവജനങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കികാണുന്നത്. എന്തായാലും പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഉണ്ടായ അമ്പരപ്പില്‍ നിന്ന് മുക്തമായി ഇലക്ഷന് പ്രചരണ രംഗത്ത് ലേബര്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവരുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്.