Main News

ലണ്ടന്‍: മുസ്ലീങ്ങളെ വര്‍ഗ്ഗീയമായി അധിക്ഷേപിച്ച കുറ്റത്തിന് തീവ്രവലതുപക്ഷ സംഘടനയായ ബ്രിട്ടന്‍ ഫസ്റ്റിന്റെ നേതാക്കള്‍ക്ക് തടവുശിക്ഷ. നേതാവായ പോള്‍ ഗോള്‍ഡിംഗിന് 18 ആഴ്ചയും ഡെപ്യൂട്ടിയായ ജെയ്ഡ ഫ്രാന്‍സന് 36 ആഴ്ചയും തടവാണ് ഫോക്ക്‌സ്‌റ്റോണ്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചത്. മതവിശ്വാസത്തെ അവഹേളിക്കുന്ന വിധത്തില്‍ പെരുമാറിയതിന് ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. അഭിപ്രായ സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിനു പകരം സാധാരണക്കാരെ മതപരമായി അവഹേളിക്കുകയായിരുന്നു ഇവരെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ കാന്റര്‍ബറി ക്രൗണ്‍ കോര്‍ട്ടില്‍ നടന്ന ഒരു വിചാരണയോടനുബന്ധിച്ച് ലഘുലേഖകള്‍ വിതരണം ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതിന് ഇരുവരും അറസ്റ്റിലാകുകയായിരുന്നു. മൂന്ന് മുസ്ലീം പുരുഷന്‍മാരും ഒരു കൗമാരക്കാരനും ബലാല്‍സംഗക്കേസില്‍ കുറ്റക്കാരാണെന്ന് കാന്റര്‍ബറി കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് തടവുശിക്ഷ കോടതി നല്‍കുകയും ചെയ്തു. എന്നാല്‍ ഇതേക്കുറിച്ച് ഗോള്‍ഡിംഗും ഫ്രാന്‍സനും നടത്തിയ പ്രചാരണങ്ങള്‍ മുസ്ലീങ്ങള്‍ക്കും അവരുടെ വിശ്വാസങ്ങള്‍ക്കും എതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവയായിരുന്നുവെന്ന് ജഡ്ജിയായ ജസ്റ്റിന്‍ ബാരണ്‍ പറഞ്ഞു.

കാന്റര്‍ബറി കോടതിയുടെ നടപടികള്‍ തങ്ങളുടെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കാനായിരുന്നു ഇവര്‍ ശ്രമിച്ചതെന്നും ശിക്ഷിക്കപ്പെട്ടവരുടെ വംശം, മതം, കുടിയേറ്റ പശ്ചാത്തലം മുതലായ കാര്യങ്ങളിലേക്ക് ശ്രദ്ധതിരിച്ചു വിട്ട് വിദ്വേഷം പ്രചരിപ്പിക്കാനാണ് ഇരുവരും ശ്രമിച്ചതെന്നും കോടതി വ്യക്തമാക്കി. കുടിയേറ്റക്കാര്‍ക്കെതിരെ വംശീയാധിക്ഷേപം നടത്തിയ മറ്റും സംഭവങ്ങളിലും ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. മുമ്പും മുസ്ലീം വിരുദ്ധ നയങ്ങളുംവെളുത്ത വര്‍ഗ്ഗക്കാരുടെ മേല്‍ക്കോയ്മാ പ്രഖ്യാപനവുമായി ബ്രിട്ടന്‍ ഫസ്റ്റ് ശ്രദ്ധ നേടിയിട്ടുണ്ട്. ട്വിറ്ററിലും മറ്റും വംശീയ വീഡിയോകള്‍ ഫ്രാന്‍സണ്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഇവ ഡൊണാള്‍ഡ് ട്രംപ് റീട്വീറ്റ് ചെയ്തതിലൂടെ കുപ്രസിദ്ധമാകുകയും ചെയ്തു.

ലണ്ടന്‍: സര്‍ക്കാര്‍ വെബ്‌സൈറ്റുകളുടെ മാതൃകയില്‍ വ്യാജ സൈറ്റുകള്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ആറു പേര്‍ക്ക് ജയില്‍ ശിക്ഷ. പൊതുജനങ്ങളില്‍ നിന്ന് 37 മില്യന്‍ പൗണ്ട് തട്ടിയെടുത്ത ഈ സംഭവം യുകെയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ തട്ടിപ്പുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. സര്‍ക്കാര്‍ സൈറ്റുകളുടെ വ്യാജ പതിപ്പുകള്‍ നിര്‍മിച്ച് പാസ്‌പോര്‍ട്ടുകള്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയവയ്ക്കായി വന്‍തുകയാണ് സംഘം തട്ടിയെടുത്തത്. നാഷണല്‍ ട്രേഡിംഗ് സ്റ്റാന്‍ഡാര്‍ഡ്‌സിന്റെ ഇക്രൈം സംഘം നടത്തിയ ഏറ്റവും വലിയ അന്വേഷണമാണ് ഈ കേസില്‍ ഉണ്ടായത്.

2017 ജൂലെയിലും ഈയാഴ്ചയില്‍ അവസാനിച്ചതുമായ രണ്ട് വിചാരണകളാണ് കേസില്‍ ഉണ്ടായത്. കുറ്റക്കാരെന്ന് കണ്ടെത്തിയ പീറ്റര്‍ ഹാള്‍, ക്ലെയര്‍ ഹാള്‍, സയിദ് ബിലാല്‍ സൈദി, കോളെറ്റ് ഫെറോ, ലിയാം ഹിങ്ക്‌സ്, കെറി മില്‍ എന്നിവര്‍ക്ക് വിവിധ കാലയളവുകളിലുള്ള ശിക്ഷകളാണ് നല്‍കിയിരിക്കുന്നത്. 2011 ജനുവരിക്കും 2014 നവംബറിനുമിടയില്‍ റ്റാഡ്‌സര്‍വീസസ് ലിമിറ്റഡ് എന്ന കമ്പനിയിലൂടെ വ്യാജ സൈറ്റുകള്‍ നിര്‍മിച്ചതിനേക്കുറിച്ചായിരുന്നു കഴിഞ്ഞ ജൂലൈയിലെ വിചാരണയില്‍ കോടതി കേട്ടത്.

11 സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളുടെയും ഏജന്‍സികളുടെയും വ്യാജ സൈറ്റുകള്‍ ഇവര്‍ നിര്‍മിച്ചു. പാസ്‌പോര്‍ട്ട് മാറ്റുന്നതിനും വിസയ്ക്കും ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്കും വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുമായി ഓണ്‍ലൈനില്‍ തിരഞ്ഞവര്‍ ഈ വ്യാജ സൈറ്റുകളില്‍ എത്തുകയും അവരില്‍ നിന്ന് കൂടുതല്‍ പണം ഇവര്‍ ഈടാക്കുകയും ചെയ്തു. അമേരിക്കന്‍, കംബോഡിയന്‍, ശ്രീലങ്കന്‍, തുര്‍ക്കി, വിയറ്റ്‌നാമീസ് വിസകള്‍ക്കായുള്ള സൈറ്റുകളുടെ വ്യാജ പതിപ്പുകളും ഇവര്‍ നിര്‍മിച്ച് തട്ടിപ്പ് നടത്തിയതായി വ്യക്തമായിട്ടുണ്ട്.

എനര്‍ജി ബില്ലുകള്‍ക്ക് പരിധി കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ക്ക് തുരങ്കം വെക്കാന്‍ എനര്‍ജി കമ്പനികള്‍ നടത്തുന്ന ശ്രമങ്ങള്‍ അടുത്തിടെ പുറത്തു വന്നിരുന്നു.  ജനങ്ങളെ കൊള്ളയടിക്കാന്‍ എനര്‍ജി കമ്പനികള്‍ നിയമത്തെ പോലും ദുരുപയോഗം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ വീടുകളിലെ ഊര്‍ജോപഭോഗം കുറച്ചുകൊണ്ട് പരമാവധി ചെലവ് കുറയ്ക്കുക എന്നത് മാത്രമാണ് സാധാരണക്കാര്‍ക്ക് മുന്നിലുള്ള മാര്‍ഗം. പരിസ്ഥിതിയോടിണങ്ങുന്ന രീതികള്‍ അനുവര്‍ത്തിക്കുക എന്നതാണ് ഇതില്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗ്ഗമെങ്കിലും അത് അല്പം ബുദ്ധിമുട്ടുള്ളതാണെന്നതും അംഗീകരിക്കാതെ തരമില്ല. എന്നാല്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമായ പല വസ്തുക്കളും ഊര്‍ജ്ജോപയോഗത്തിലെ ഹരിത മാര്‍ഗം തേടുന്നതിന് സഹായകമാകുന്ന വിധത്തിലുള്ളവയാണ്.

പരിസ്ഥിതിക്കും നമ്മുടെ പോക്കറ്റിനും ഇണങ്ങുന്ന വിധത്തിലുള്ളവയാണ് പല സ്മാര്‍ട്ട് ഉപകരണങ്ങളും. സ്മാര്‍ട്ട് തെര്‍മോസ്റ്റാറ്റ് മുതല്‍ ഇന്‍ഡോര്‍ ചെടികള്‍ വളര്‍ത്തുന്നത് വരെയുള്ള പല മാര്‍ഗങ്ങളുമുണ്ട്. അവയില്‍ എട്ട് മാര്‍ഗങ്ങള്‍ പരിചയപ്പെടാം.

1. ഗ്രീന്‍ പവറിലേക്ക് മാറുക

ഇക്കോ ഫ്രണ്ട്‌ലി എനര്‍ജി പ്രൊവൈഡര്‍മാരുടെ സേവനം തേടാവുന്നതാണ്. പ്യുവര്‍ പ്ലാനെറ്റ് പോലെയുള്ള കമ്പനികള്‍ ചെലവു കുറഞ്ഞതും ഹരിത സ്രോതസുകളില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന വൈദ്യുതി വിതരണം ചെയ്യുന്നുണ്ട്. 100 ശതമാനം കാര്‍ബണ്‍ വിമുക്ത എനര്‍ജിയാണ് ഇവരുടെ വാഗ്ദാനം. 400 പൗണ്ട് വരെ എനര്‍ജി ബില്ലുകളില്‍ ലാഭിക്കാന്‍ ഇത്തരം കമ്പനികളുടെ സേവനം തേടുന്നതിലൂടെ കഴിയും.

2. ബള്‍ബുകള്‍ മാറ്റുക

സാധാരണ ഫിലമെന്റ് ബള്‍ബുകളാണ് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നത്. വില കുറവായതിനാല്‍ ആളുകള്‍ കൂടുതലായി വാങ്ങി ഉപയോഗിക്കാറുണ്ടെങ്കിലും ആത്യന്തികമായി നഷ്ടം വരുത്തുന്നവയാണ് ഇവ. എല്‍ഇഡി ബള്‍ബുകള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ പ്രകാശം ലഭിക്കുമെന്ന് മാത്രമല്ല ഇവയുടെ ആയുസ് കൂടുതലുമാണ്.

3. പ്ലഗ്ഗുകള്‍ ഓഫ് ചെയ്ത് വെയ്ക്കുക

ഉപകരങ്ങള്‍ പ്ലഗ് ചെയ്ത് ഓണ്‍ ചെയ്ത് സ്റ്റാന്‍ഡ്‌ബൈയില്‍ ഇടുന്നത് ഏറെ വൈദ്യുതി പാഴാക്കുന്ന രീതിയാണ്. ടിവികളും ഗെയിം കണ്‍സോളുകളും ഈ വിധത്തില്‍ ഒരു വര്‍ഷം 45 മുതല്‍ 80 പൗണ്ട് വരെ പാഴാക്കാറുണ്ട്. സ്മാര്‍ട്ട് പ്ലഗുകള്‍ ഉപയോഗിക്കുന്നതിലൂടെ ഈ പാഴ്‌ചെലവ് ഒരു പരിധി വരെ ഒഴിവാക്കാനാകും. അയണുകള്‍ പോലെയുള്ള ഉപകരണങ്ങള്‍ ഓഫ് ചെയ്യാന്‍ മറക്കുന്നതു പോലെയുള്ള അപകടങ്ങള്‍ ഒഴിവാക്കാനും ഇതിലൂടെ കഴിയും.

4. പരിസ്ഥിതി സൗഹൃദ ബെഡ്ഡിംഗുകള്‍ ഉപയോഗിക്കുക

ഗൂസ് തൂവലുകളാണ് ലക്ഷ്വറി ബെഡിംഗുകളില്‍ സാധാരണ ഉപയോഗിക്കാറുള്ളത്. ഇത്തരം ബെഡിംഗുകള്‍ ചൂടുള്ളവയായതിനാല്‍ ഹീറ്റിംഗിലൂടെയുള്ള ഊര്‍ജ്ജ നഷ്ടം കുറയ്ക്കാനാകും. ലക്ഷ്വറി ബെഡുകളുടെ വില താങ്ങാനാകാത്തവര്‍ക്ക് പെറ്റ് പ്ലാസ്റ്റിക് ബോട്ടിലുകള്‍ റീസൈക്കിള്‍ ചെയ്ത് തയ്യാറാക്കുന്ന മൃദുവായ പദാര്‍ത്ഥം ഉപയോഗിക്കുന്ന ബെഡുകളും ലഭ്യമാണ്.

5. വാഷിംഗ് മെഷീനുകളും ഡിഷ് വാഷറുകളും പരമാവധി ശേഷിയില്‍ ഉപയോഗിക്കുക

വാഷിംഗ് മെഷീനുകളും ഡിഷ് വാഷറുകളും പരമാവധി നിറച്ച് ഉപയോഗിക്കുന്നത് ഇവയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം കുറയ്ക്കും. അതു മാത്രമല്ല വസ്ത്രങ്ങള്‍ പുറത്ത് ഉണക്കുന്നത് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളുന്നത് കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഒരു ലോഡ് തുണികള്‍ ഉണക്കുമ്പോള്‍ ശരാശരി വാഷിംഗ് മെഷീനുകള്‍ 7.27 പൗണ്ട് കാര്‍ബണ്‍ ഡയോക്‌സൈഡ് പുറത്തു വിടുന്നുണ്ട്.

6. ഹീറ്റിംഗ് സ്മാര്‍ട്ട് ആക്കുക

റൂം ഹീറ്റിംഗിനായി സ്മാര്‍ട്ട് തെര്‍മോസ്റ്റാറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇവ നമ്മുടെ സ്മാര്‍ട്ട്‌ഫോണുകളിലൂടെ നിയന്ത്രിക്കാവുന്നവയായതിനാല്‍ ഹീറ്റിംഗ് ബില്ലില്‍ 130 പൗണ്ട് വരെ ലാഭമുണ്ടാക്കും.

7. കംപോസ്റ്റര്‍ സ്ഥാപിക്കുക

റീസൈക്ലിംഗില്‍ ബ്രിട്ടീഷുകാര്‍ ഒരു പരിധി വരെ സാക്ഷരരാണെങ്കിലും ജൈവ മാലിന്യത്തിന്റെ കാര്യത്തില്‍ എന്ത് ചെയ്യണമെന്ന ആശയക്കുഴപ്പം അവരെ വിട്ടുമാറിയിട്ടില്ല. ഒരു കംപോസ്റ്റര്‍ സ്ഥാപിക്കുന്നതിലൂടെ ഈ പ്രശ്‌നം പരിഹരിക്കാനാകും. ലാന്‍ഡ്ഫില്ലിനായി കൊണ്ടുപോകുന്ന മാലിന്യത്തില്‍ 50 ശതമാനം കുറവ് വരുത്താനും ഇത് സഹായിക്കും.

8. ഗ്രീന്‍ അല്ലെങ്കില്‍ ഹരിതമാകുക

ഗ്രീന്‍ അല്ലെങ്കില്‍ ഹരിതമാകുക എന്ന് പറഞ്ഞാല്‍ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തിലെത്തണമെങ്കില്‍ ഒരു ചെടിയെങ്കിലുംനട്ടേ തീരൂ. എങ്കില്‍ അത് എന്തുകൊണ്ട് വീടിനുള്ളിലായിക്കൂടാ? കാര്‍ബണ്‍ ഡയോക്‌സൈഡിനെയും ദോഷകരമായ വാതകങ്ങളെയും വലിച്ചെടുക്കുന്ന ചെടികള്‍ വീട്ടിനുള്ളില്‍ വളര്‍ത്തുന്നത് ഒരു നല്ല ശീലമാണ്. ഇതിനായി ഇന്‍ഡോര്‍ പ്ലാന്റുകള്‍ ഇപ്പോള്‍ വിപണിയില്‍ ഏറെ ലഭ്യമാണ്. പച്ചക്കറികള്‍ വളര്‍ത്തിയാല്‍ അവയിലൂടെ അടുക്കള ബില്ലിലും ലാഭമുണ്ടാക്കാം.

ലോകപ്രശസ്ത ശീതളപാനീയ കമ്പനിയായ കോക്കകോള ആല്‍ക്കഹോള്‍ അടങ്ങിയ പാനീയങ്ങളുടെ വിപണിയിലേക്ക്. കമ്പനിയുടെ 130 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് ആല്‍ക്കഹോള്‍ അടങ്ങിയ പാനീയം വിപണിയിലെത്തിക്കുന്നത്. ജപ്പാനിലെ ജനപ്രിയ ലഹരിപാനീയമായ ചൂ-ഹി നിര്‍മിച്ച് വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഡിസ്റ്റില്‍ഡ് ഷോചു ആല്‍ക്കഹോളും ഫ്‌ളേവേര്‍ഡ് സോഡയും അടങ്ങിയതാണ് ഈ പാനീയം. ആല്‍ക്കഹോളിന്റെ അംശം കുറവായ ഈ പാനീയം ജപ്പാനിലായിരിക്കും ആദ്യം വിപണിയില്‍ എത്തിക്കുക. ചൂ-ഹിയുടെ നിരവധി ബ്രാന്‍ഡുകള്‍ വിപണിയിലുള്ള ജാപ്പനീസ് മാര്‍ക്കറ്റില്‍ കോക്കകോള കൂടുതല്‍ മത്സരം സൃഷ്ടിക്കും.

കോക്കകോള ജപ്പാന്‍ പ്രസിഡന്റ് ജോര്‍ജ് ഗാര്‍ഡൂനോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദ്യമായാണ് ആല്‍ക്കഹോള്‍ പാനീയ രംഗത്ത് കോക്കകോള പരീക്ഷണത്തിന് മുതിരുന്നതെന്നും പ്രധാന മേഖലയില്‍ നിന്ന് മാറി മറ്റ് മേഖലകളിലും സാധ്യതകള്‍ തേടുന്നതിന് ഉദാഹരണമാണ് ഇതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ചൂ-ഹി പാനീയങ്ങള്‍ ജപ്പാന്റെ മാത്രം പ്രത്യേകതയാണ്. ആല്‍ക്കഹോള്‍ അടങ്ങിയ കോക്കകോള ഡ്രിങ്കിന്റെ വില്‍പന ഈ പ്രത്യേകത മൂലം ജപ്പാനില്‍ തന്നെ ഒതുങ്ങാനാണ് സാധ്യത. 130 വര്‍ഷം മുമ്പ് അമേരിക്കയിലാണ് കോക്കകോള അവതരിപ്പിക്കപ്പെട്ടത്.

കര്‍ശനമായ നിയമങ്ങള്‍ മൂലം കോക്കകോളയില്‍ ആല്‍ക്കഹോള്‍ ചേര്‍ത്തിരുന്നില്ല. കോക്കകോള ലഹരി പാനീയ വിപണിയിലേക്ക് കടക്കാന്‍ മറ്റു കാരണങ്ങളുണ്ടെന്നും വിലയിരുത്തപ്പെടുന്നു. കോള ഉല്‍പന്നങ്ങള്‍ക്ക് ആഗോള തലത്തില്‍ വിപണിയിടിയുന്നത് കമ്പനിയെ ബാധിച്ചിട്ടുണ്ട്. പഞ്ചസാരയടങ്ങിയ പാനീയങ്ങള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ജനങ്ങളുടെ തിരിച്ചറിവ് ശീതളപാനീയ വിപണിയെ ലോകമൊട്ടാകെ ബാധിച്ചിരുന്നു. ഇതു കൂടാതെ ജപ്പാനിലെ ചൂ-ഹി വിപണിക്കുണ്ടായ ദ്രുത വളര്‍ച്ചയും ഈ മേഖലയിലേക്ക് കാലെടുത്ത് വെക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.

മാഞ്ചസ്റ്റര്‍: സിറ്റി സെന്ററില്‍ ഡബിള്‍ ഡെക്കര്‍ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പതിനാല് പേര്‍ക്ക് പരിക്ക്. രാവിലെ 7.30നാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട രണ്ട് ബസുകളുടെയും ഡോറുകള്‍ ജാമായതിനെത്തുടര്‍ന്ന് ചില യാത്രക്കാര്‍ കുറച്ചു നേരത്തേക്ക് ബസുകള്‍ക്കുള്ളില്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. അയ്ടൗണ്‍ സ്ട്രീറ്റിനും മിന്‍സ്ഹള്‍ സ്ട്രീറ്റിനുമിടയിലുള്ള ജംഗ്ഷനില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്‍വശത്തായാണ് അപകടം നടന്നത്. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സ്‌റ്റേജ്‌കോച്ചിന്റെ രണ്ട് ബസുകളാണ് അപകടത്തില്‍പ്പെട്ടത്. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചു. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം നടത്തുമെന്നും സ്റ്റേജ്‌കോച്ച് അറിയിച്ചു. യാത്രക്കാര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമാണ് ഏറ്റതെന്നും സംഭവസ്ഥലത്തു വെച്ചുതന്നെ അവര്‍ക്ക് ആവശ്യമായ പ്രഥമശുശ്രൂഷകള്‍ നല്‍കിയെന്നും ഫയര്‍ സര്‍വീസ് വ്യക്തമാക്കിയെന്ന് മാഞ്ചസ്റ്റര്‍ ഈവനിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പരിക്കേറ്റ രണ്ടു പേരെ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫേമറിയില്‍ പ്രവേശിപ്പിച്ചതായി ആംബുലന്‍സ് സര്‍വീസ് വ്യക്തമാക്കി. അപകടത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുലര്‍ച്ചെ തിരക്കേറിയ സമയത്തുണ്ടായ അപകടം ഗതാഗതക്കുരുക്കിനും കാരണമായി. പിന്നീട് റിക്കവറി ട്രക്കുകള്‍ എത്തിച്ചാണ് ബസുകള്‍ അവിടെ നിന്ന് മാറ്റിയത്.

ലണ്ടന്‍: അമിതവണ്ണവും അതു മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളും തടയാന്‍ പുതിയ ക്യാംപെയിനിന് തുടക്കം കുറിച്ച് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട്. ബ്രിട്ടന്‍ ആഹാര ക്രമീകരണത്തിലേക്ക് നീങ്ങാനുള്ള സമയം അധികരിച്ചിരിക്കുന്നുവെന്നാണ് പിഎച്ച്ഇ നല്‍കുന്ന മുന്നറിയിപ്പ്. പുതിയ കലോറി ഗൈഡ്‌ലൈനുകളും പിഎച്ച്ഇ പുറത്തിറക്കി. ഫിഷ് ഫ്രൈ, ചിപ്‌സ്, സണ്‍ഡേ റോസ്റ്റ് തുടങ്ങി അമിത കലോറിയടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ഈ ഗൈഡ്‌ലൈനുകളില്‍ ഉള്ളത്. പിഎച്ച്ഇ ആരംഭിച്ച വണ്‍ യൂ എന്ന ക്യാംപെയിനാണ് ഈ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്കായി നല്‍കിയിരിക്കുന്നത്. ഇതനുസരിച്ച് ബ്രേക്ക്ഫാസ്റ്റിന് 400 കലോറിയും ലഞ്ചിനും ഡിന്നറിനും 600 കലോറി വീതവും മാത്രമേ ആകാവൂ എന്നാണ് പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ഇത്രയും കുറഞ്ഞ കലോറി അളവിലുള്ള ഭക്ഷണം യുദ്ധകാലത്തെ റേഷന് സമമാണെന്നും വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് ഇത് മതിയാകില്ലെന്നുമുള്ള വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. അതേസമയം നൂറ് കണക്കിന് അധിക കലോറിയാണ് മിക്കയാളുകളും ഇപ്പോള്‍ ദിവസവും അകത്താക്കുന്നതെന്നും അതിലൂടെ പൊണ്ണത്തടി ഒരു സാധാരണ സംഭവമായി മാറിയിരിക്കുകയാണെന്നും ആരോഗ്യ വിദഗദ്ധരും അഭിപ്രായപ്പെടുന്നു. ഫിഷ് ആന്‍ഡ് ചിപ്‌സിലും സണ്‍ഡേ റോസ്റ്റിലും മറ്റും 800 കലോറിയോളമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. മിക്ക കറികളിലും പിസ, പാസ്റ്റ തുടങ്ങിയവയിലും അമിത കലോറി മൂല്യം അടങ്ങിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ ബ്രിട്ടന്‍ ഡയറ്റിലേക്ക് നീങ്ങിയേ മതിയാകൂ എന്ന് പിഎച്ച്ഇ ചീഫ് എക്‌സിക്യൂട്ടീവ് ഡങ്കന്‍ സെല്‍ബീ പറഞ്ഞു. നാം ഭക്ഷണത്തിന്റെ അളവ് കുറച്ചേ മതിയാകൂ. കുട്ടികളും മുതിര്‍ന്നവരും ഒരു ശ്രദ്ധയുമില്ലാതെയാണ് ആഹാരം വാരിവലിച്ചു കഴിക്കുന്നത്. ഇതു മൂലം മിക്കയാളുകളും അമിതഭാരമുള്ളവരും പൊണ്ണത്തടിക്കാരുമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫാമിലി ഫുഡില്‍ 20 ശതമാനം വരെ കലോറി കുറയ്ക്കാന്‍ ഭക്ഷ്യവ്യവസായങ്ങള്‍ക്ക് ആറ് വര്‍ഷത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇതില്‍ പരാജയപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ഉപരോധമുള്‍പ്പെടെയുള്ള നടപടികളെ നേരിടേണ്ടി വരും.

ഇതിനായി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ രീതികള്‍ മാറ്റുകയോ അളവില്‍ കുറവു വരുത്തുകയോ ചെയ്യാം. അതു കൂടാതെ കുറഞ്ഞ കലോറിയുള്ള ഭക്ഷണം വാങ്ങാന്‍ ഉപഭോക്താക്കളെ ഉപദേശിക്കണമെന്ന നിര്‍ദേശവും പിഎച്ച്ഇ നല്‍കിയിട്ടുണ്ട്. ബ്രെഡ്, കുക്കിംഗ് സോസുകള്‍, ക്രിസ്പുകള്‍, പ്രോസസ്ഡ് ഇറച്ചി, അരി, പാസ്റ്റ, റെഡി മീല്‍സ്, പിസ, സാന്‍ഡ് വിച്ചുകള്‍ തുടങ്ങി എല്ലാ ഭക്ഷ്യവസ്തുക്കളും കലോറി കുറയ്ക്കല്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍ – ജോജി തോമസ്

ഡെല്‍ഹി : ആം ആദ്മി പാര്‍ട്ടിയുടെ നേതാവും , ഡെല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനൊരുങ്ങുന്നതായി സൂചന . തന്റെ പ്രവര്‍ത്തനമേഖല ഡെല്‍ഹിയില്‍ മാത്രമായി ഒതുക്കാതെ രാജ്യവ്യാപകമായി ബിജെപിക്കെതിരെ പടയൊരുക്കം നടത്തുകയാണ് കെജരിവാളിന്റെയും , ആം ആദ്മി പാര്‍ട്ടിയുടെയും ലക്ഷ്യം . ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ തിരിമറിയായിരിക്കും പ്രചാരണത്തിലെ മുഖ്യവിഷയം . ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയാണ് കെജരിവാള്‍ രാജിവെയ്ക്കുകയാണെങ്കില്‍ , ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

എന്നും സാഹസികത ഇഷ്ടപ്പെടുന്ന കെജരിവാള്‍ സിവില്‍ സര്‍വ്വീസിലെ തന്റെ ഉന്നത ഉദ്യോഗവും സുഖസൗകര്യങ്ങളും ഉപേക്ഷിച്ചാണ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇറങ്ങിയത് . അണ്ണാ ഹസ്സാരെയോടൊപ്പം അഴിമതി വിരുദ്ധ പ്രക്ഷോഭത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന കെജരിവാള്‍ , ബഹുജന സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും മാത്രം രാഷ്ട്രീയത്തെ ശുദ്ധീകരിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞ് , സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു . അങ്ങനെ ആം ആദ്മി പാര്‍ട്ടി രൂപീകരിച്ചതിനു ശേഷമുള്ള ആദ്യ ഇലക്ഷനില്‍ തന്നെ കെജരിവാള്‍ ഡല്‍ഹിയില്‍ അധികാരത്തിലെത്തിയെങ്കിലും , ഭരിക്കാനാവശ്യമായ ഭൂരിപക്ഷമില്ലാത്തതിനാല്‍ രണ്ടുമാസം പോലും തികയുന്നതിന് മുമ്പ് മന്ത്രിസഭ മുഴുവനും രാജിവെച്ച് , പുതിയ തെരഞ്ഞെടുപ്പിലൂടെ വന്‍ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയാണ് ജനങ്ങളുടെ ഇടയില്‍ താരമായത്.

മോദിയുടെയും അമിത് ഷായുടെയും കുതന്ത്രങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനാവാതെ ഓരോ ദിവസവും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന പ്രതിപക്ഷത്തിന്റെ നേതൃസ്ഥാനമേറ്റെടുത്ത് , പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്തുകയാണ് കെജരിവാളിന്റെ ലക്ഷ്യം . ഇതിന്റെ ഭാഗമായാണ് കമലഹാസന്റെ പാര്‍ട്ടി പ്രഖ്യാപനവേളയില്‍ തമിഴ്‌നാട്ടിലെത്തി തന്റെ പിന്തുണ അറിയിച്ചതും . കഴിഞ്ഞ യുപിഎ ഗവണ്‍മെന്റിന്റെ കാലത്ത് അഴിമതിക്കെതിരെയുള്ള കെജരിവാളിന്റെ പോരാട്ടം യുപിഎ ഗവണ്‍മെന്റിനെ സമ്മര്‍ദ്ദത്തിലാക്കുകയും , ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു . എന്നാല്‍ ഡല്‍ഹിക്ക് പുറത്ത് ആം ആദ്മി പാര്‍ട്ടി വളര്‍ന്നിട്ടില്ലാത്തതിനാല്‍ അതിന്റെ ഗുണഫലങ്ങള്‍ കൂടുതലായി കിട്ടിയത് ബിജെപിക്കാണ്.

പ്രതിപക്ഷത്തിന് നേതൃത്വം നല്‍കാനും , ജനകീയ പ്രക്ഷോഭങ്ങള്‍ ഏറ്റെടുക്കാനും രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസിനുള്ള ഇന്നത്തെ അവസ്ഥയില്‍ രാഷ്ട്രീയ നിരീക്ഷകര്‍ സംശയാലുക്കളാണ് . ഭരണപക്ഷത്തിനെതിരെയുള്ള പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധി മുന്നേറുന്നുണ്ടെങ്കിലും , നിര്‍ണായക സന്ദര്‍ഭങ്ങളില്‍ യുദ്ധമുഖത്തുനിന്ന് പിന്മാറുന്ന രാഹുല്‍ ഗാന്ധിയുടെ ശൈലിക്ക് ഇതുവരെ കാര്യമായ മാറ്റങ്ങളൊന്നുമില്ല . വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം മേഘാലയയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയെങ്കിലും ഗവണ്‍മെന്റ് ഉണ്ടാക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല.

21 നിയമസഭാംഗങ്ങളുള്ള കോണ്‍ഗ്രസിനെ നോക്കുകുത്തിയാക്കി 2 അംഗങ്ങളുള്ള ബിജെപി ഗവണ്‍മെന്റ് രൂപീകരിക്കാനുള്ള ശ്രമത്തിലുമാണ് . കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് നേതൃത്വവും ഉത്തേജനവും നല്‍കേണ്ട രാഹുല്‍ ഗാന്ധിയാകട്ടെ വിദേശത്തുമാണ് . ഈയൊരു സാഹചര്യത്തില്‍ ഇന്ത്യയില്‍ ശക്തമായൊരു പ്രതിപക്ഷ നേതാവിന്റെ ആവശ്യമുണ്ടെന്നുള്ള തിരിച്ചറിവാണ് കെജരിവാളിന്റെ നീക്കത്തിനു പിന്നില്‍.

അതോടൊപ്പം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അന്തകനായി മാറിക്കൊണ്ടിരിക്കുന്ന  ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ക്രമക്കേടുകള്‍ തെളിവുകള്‍ അടക്കം നിരത്തി , ജനമനസ്സുകളില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് കെജരിവാള്‍ . രാജ്യത്ത് നടന്ന പല തെരഞ്ഞെടുപ്പുകളിലും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ തിരിമറി നടത്തിയാണ്  ബി ജെ പി അധികാരത്തില്‍ എത്തിയതെന്ന് ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോടകം പരാതി ഉന്നയിച്ചു കഴിഞ്ഞു . ഈ സാഹചര്യത്തില്‍ ബാലറ്റ് പേപ്പറിലൂടെ തന്നെ തെരഞ്ഞെടുപ്പ് നടത്തി ജനാധിപത്യത്തെ തിരികെ കൊണ്ടുവരണമെന്നുള്ള കെജരിവാളിന്റെ പ്രചാരണത്തിന് , ഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയും വന്‍ പിന്തുണ നല്‍കും എന്ന് തന്നെയാണ് കരുതുന്നത് .

ലണ്ടന്‍: ട്രംപോളീന്‍ ജ്വരം പടര്‍ന്നു പിടിക്കുന്നത് കുട്ടികളുടെ അപകട സാധ്യതകള്‍ ഇരട്ടിയാക്കുന്നതായി ആരോഗ്യ വിദഗ്ദ്ധര്‍. കൈകാലുകള്‍ ഒടിഞ്ഞ നിലയില്‍ നിരവധി കുട്ടികളെയാണ് ദിവസവും ആശുപത്രികളില്‍ എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ ഇന്‍ഡോര്‍ ട്രംപോളീന്‍ പാര്‍ക്കുകളില്‍ നിന്ന് ശരാശരി മൂന്ന് പരിക്കുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് എന്‍എച്ച്എസ് കണക്കുകള്‍ പറയുന്നത്. അസ്ഥികള്‍ക്ക് ഒടിവ്, ഉളുക്ക്, ലിഗമെന്റ് പരിക്കുകള്‍ മുതലായവയ്ക്കാണ് പ്രധാനമായും ചികിത്സ തേടുന്നത്. 1181 കോളുകള്‍ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്നാണ് കണക്ക്.

2014ല്‍ വെറും മൂന്ന് ട്രംപോളീന്‍ പാര്‍ക്കുകള്‍ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം യുകെയില്‍ നിലവിലുള്ളത് 200 പാര്‍ക്കുകളാണ്. ഇവയുടെ വര്‍ദ്ധനയ്ക്കനുസരിച്ച് പരിക്കേല്‍ക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ടാകുന്നു. 2002ല്‍ അമേരിക്കയില്‍ നിന്നാണ് ട്രംപോളീന്‍ ജ്വരം യുകെയില്‍ എത്തിയതെന്നാണ് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ട്രംപോളീന്‍ പാര്‍ക്ക്‌സ് പ്രതിനിധി പീറ്റ് ബ്രൗണ്‍ പറയുന്നത്. എത്ര സുരക്ഷിതമാണെങ്കിലും അപകട സാധ്യതകള്‍ ഏറെയുള്ള ഒരു ജിംനാസ്റ്റിക് ഇനമാണ് ഇത്.

മികച്ച രീതിയില്‍ തയ്യാറാക്കിയ ഒരു ട്രംപോളീന്‍ പാര്‍ക്കിന് അപകട സാധ്യകള്‍ കുറച്ചുകൊണ്ട് നല്ല പരിശീലനം നല്‍കാനാകുമെന്നും ബ്രൗണ്‍ വ്യക്തമാക്കി. ഇന്‍ഡോര്‍ പാര്‍ക്കുകളില്‍ നിന്ന് പരിക്കേറ്റ് എത്തുന്നവരുടെ എണ്ണം കൂടുതലാണെന്ന് ഷെഫീല്‍ഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലെ ട്രോമ നഴ്‌സ് കോഓര്‍ഡിനേറ്റര്‍ ഡോണ ബ്രെയില്‍സ്‌ഫോര്‍ഡ് പറഞ്ഞു. കഴിഞ്ഞ ആറു മാസങ്ങള്‍ക്കിടെ തന്റെ ആശുപത്രിയില്‍ മാത്രം 198 പേര്‍ ചികിത്സ തേടിയെന്നും ഇവര്‍ വ്യക്തമാക്കി.

ലണ്ടന്‍: 2015ല്‍ അവതരിപ്പിച്ച ഫ്രീഡം ഓവര്‍ റിട്ടയര്‍മെന്റ് മണി പദ്ധതി പെന്‍ഷന്‍കാര്‍ക്ക് മേല്‍ വരുത്തുന്നത് വന്‍ നികുതിഭാരമെന്ന് മുന്നറിയിപ്പ്. വാര്‍ഷിക പലിശ ഉപേക്ഷിച്ച് പെന്‍ഷന്‍ തുകയുടെ ഭൂരിഭാഗവും ഒരുമിച്ച് പിന്‍വലിക്കുന്നവരെ കാത്തിരിക്കുന്നത് വന്‍ ടാക്‌സ് ബില്ലുകളാണെന്നാണ് പേഴ്‌സണല്‍ ഫിനാന്‍സ് സൊസൈറ്റി പറയുന്നത്. പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് പിന്‍വലിക്കുന്ന 25 ശതമാനം തുകക്ക് മാത്രമാണ് നികുതിയിളവുകള്‍ ബാധകമായിരിക്കുന്നത്. ഇത് അറിയാതെ പണം പിന്‍വലിക്കുന്നവര്‍ അബദ്ധത്തില്‍ ചാടുകയാണ് ചെയ്യുന്നതെന്ന് പേഴ്‌സണല്‍ ഫിനാന്‍സ് സൊസൈറ്റി ചീഫ് എക്‌സിക്യൂട്ടീവ് കെയ്ത്ത് റിച്ചാര്‍ഡ്‌സ് പറഞ്ഞു.

പുതിയ പദ്ധതി പ്രഖ്യാപിച്ച ശേഷം വെറും പത്ത് ശതമാനം ആളുകള്‍ മാത്രമാണ് വാര്‍ഷിക പലിശക്കായി പണം പെന്‍ഷന്‍ ഫണ്ടില്‍ നിലനിര്‍ത്തിയിരിക്കുന്നത്. പണം പിന്‍വലിച്ചവര്‍ക്ക് ഇനി കൂടുതല്‍ പണം നഷ്ടമാകുമെന്ന് പിഎസ്എഫ് മുന്നറിയിപ്പ് നല്‍കുന്നു. റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നവരെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്ന പദ്ധതിയാണ് ഇതെന്ന അഭിപ്രായമാണ് ഉയരുന്നത്. 2019 ഏപ്രിലോടെ ഈ പദ്ധതിയനുസരിച്ച് പണം പിന്‍വലിച്ചവരില്‍ നിന്ന് 5.1 ബില്യന്‍ പൗണ്ട് നികുതിയിനത്തില്‍ പിരിഞ്ഞു കിട്ടുമെന്നാണ് ട്രഷറി പ്രതീക്ഷിക്കുന്നത്.

ബജറ്റ് രേഖകള്‍ അനുസരിച്ച് 2015-16ല്‍ ഈ നികുതിയിനത്തില്‍ 300 മില്യന്‍ പൗണ്ടും 2016-17ല്‍ 600 മില്യന്‍ പൗണ്ടും ലഭിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ 2015-16 മാത്രം 1.5 മില്യന്‍ പൗണ്ട് പെന്‍ഷന്‍കാരില്‍ നിന്ന് ഈടാക്കി. 2016-17ല്‍ 1.1 ബില്യനാണ് പ്രതീക്ഷിക്കുന്നത്. 4,00,000 പൗണ്ട് പെന്‍ഷന്‍ ഫണ്ടുള്ള ഒരു 55 വയസുകാരനായ പെന്‍ഷനര്‍ വര്‍ഷം 20,000 പൗണ്ട് വീതം പിന്‍വലിച്ചാല്‍ 1700 പൗണ്ട് നികുതിയിനത്തില്‍ നല്‍കേണ്ടതായി വരുമെന്നാണ് കണക്കാക്കുന്നത്.

ഇര്‍വിന്‍: സ്‌കോട്ട്‌ലന്‍ഡിലെ ഇര്‍വിനില്‍ ഉപേക്ഷിക്കപ്പെട്ട സിറിഞ്ചില്‍ നിന്ന് കുത്തേറ്റ ഏഴ് പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്തം എച്ച്‌ഐവി പരിശോധനയ്ക്ക് അയച്ചു. പുറത്ത് കളിക്കുന്നതിനിടെയാണ് ഇവര്‍ക്ക് സിറിഞ്ചില്‍ നിന്ന് കുത്തേറ്റതെന്നാണ് വിവരം. എച്ച്‌ഐവിക്കു പുറമേ ഹെപ്പറ്റൈറ്റിസ് പരിശോധനയ്ക്കും ഇവരുടെ രക്തം വിധേയമാക്കും. റെഡ്‌ബേണ്‍ കമ്യൂണിറ്റി സെന്ററില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഒരു കുട്ടിയുടെ അമ്മ ഇക്കാര്യം സ്‌കൂളിലെ അധ്യാപകരെ അറിയിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞതെന്ന് ഡെയ്‌ലി റെക്കോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതേത്തുടര്‍ന്ന് കുട്ടികളെ ക്രോസ്ഹൗസ് ആശുപത്രിയില്‍ എത്തിക്കുകയും രക്തപരിശോധനക്ക് വിധേയരാക്കുകയുമായിരുന്നു. ചിലര്‍ക്ക് കുത്തിവെയ്പുകള്‍ നല്‍കിയതിനു ശേഷമാണ് വീട്ടിലേക്ക് അയച്ചത്. പരിശോധനാഫലങ്ങള്‍ വരണമെങ്കില്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നതിനാല്‍ രക്ഷിതാക്കള്‍ ആശങ്കയിലാണ്. ചിലര്‍ തങ്ങളുടെ ആശങ്ക മാധ്യമങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. പ്രദേശത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒട്ടേറെ സിറിഞ്ചുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്തെങ്കിലും അടിയന്തരമായി ചെയ്യണമെന്ന് ഒരു രക്ഷിതാവ് ആവശ്യപ്പെട്ടു.

സംഭവത്തേക്കുറിച്ച് എന്‍എച്ച്എസ് ഐര്‍ഷയര്‍ ആന്‍ഡ് അറാന്റെ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന് വിവരം ലഭിച്ചിട്ടുണ്ടെന്നും പരിശോധന നടത്തിയെന്നും കണ്‍സള്‍ട്ടന്റായ ഹെയ്‌സല്‍ ഹെന്‍ഡേഴ്‌സണ്‍ പറഞ്ഞു. രക്തത്തില്‍ കൂടി പകരാവുന്ന വൈറസുകള്‍ ഈ സംഭവത്തില്‍ കുട്ടികളിലേക്ക് എത്താനുള്ള സാധ്യത വിരളമാണെന്നും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുന്ന സിറിഞ്ചുകളോ സൂചികളോ ഒരു കാരണവശാലും എടുക്കരുതെന്ന് കുട്ടികളെയും മുതിര്‍ന്നവരെയും ഓര്‍മിപ്പിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

RECENT POSTS
Copyright © . All rights reserved