Main News

ലണ്ടന്‍: നടപ്പാതകള്‍ തടസരഹിതമാക്കാനുള്ള പദ്ധതിയുമായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട്. വീല്‍ച്ചെയര്‍ ഉപയോഗിക്കുന്നവര്‍, പുഷ്‌ചെയര്‍ ഉപയോഗിക്കുന്നവര്‍, കാഴ്ചാ വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് തടസമാകുന്ന വിധത്തില്‍ നടപ്പാതകളില്‍ തടസങ്ങളുണ്ടാകാതിരിക്കാന്‍ നിയമങ്ങള്‍ പൊളിച്ചെഴുതുന്നതിനേക്കുറിച്ച് ആലോചിക്കുന്നതായി ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ട്രാന്‍സ്‌പോര്‍ട്ട് അറിയിച്ചു. ഈ നിര്‍ദേശങ്ങള്‍ അനുസരിച്ച് നടപ്പാതയുടെ അരികുകളിലും മറ്റും വാഹനങ്ങള്‍ മുന്‍കൂര്‍ അനുവാദമില്ലാതെ പാര്‍ക്ക് ചെയ്യുന്നത് കൗണ്‍സിലുകള്‍ക്ക് നിയമവിരുദ്ധമായി പ്രഖ്യാപിക്കാം. വീഴ്ച വരുത്തുന്നവര്‍ക്ക് 70 പൗണ്ട് വരെ പിഴശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

ലണ്ടനില്‍ കഴിഞ്ഞ 40 വര്‍ഷമായി പേവ്‌മെന്റിലെ പാര്‍ക്കിംഗിന് നിരോധനമുണ്ട്. ഈ നിയമം നടപ്പിലാക്കിയാല്‍ രാജ്യമൊട്ടാകെ നടപ്പാതയിലെ പാര്‍ക്കിംഗ് നിരോധനം പ്രാബല്യത്തിലാകും. ജനങ്ങള്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നതും നടക്കുന്നതും പ്രോത്സാഹിപ്പിക്കാനായി പേവ്‌മെന്റ് പാര്‍ക്കിംഗിന്റെ കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്ന് രണ്ട് വര്‍ഷം മുമ്പ് ഡിഎഫ്ടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അത് പ്രാവര്‍ത്തികമായിരുന്നില്ല. പക്ഷേ ഈ വര്‍ഷം ഗതാഗതച്ചട്ടങ്ങളില്‍ കാര്യമായ പൊളിച്ചെഴുത്ത് ഉണ്ടാകുമെന്നാണ് ഗവണ്‍മെന്റ് നല്‍കുന്ന സൂചന.

അതേസമയം ഈ നിരോധനത്തിനെതിരെ ഓട്ടോമൊബൈല്‍ അസോസിയേഷന്‍ രംഗത്തെത്തി. ചില തെരുവുകളില്‍ പാര്‍ക്കിംഗ് സാധ്യമാക്കാത്ത നിയമമാണ് നടപ്പലാകുന്നതെന്ന് പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു. വളരെ ഇടുങ്ങിയ ചില തെരുവുകളില്‍ പേവ്‌മെന്റ് ഒഴിവാക്കി പാര്‍ക്ക് ചെയ്താല്‍ ബിന്‍ ലോറികള്‍ക്കും എമര്‍ജന്‍സി വാഹനങ്ങള്‍ക്കും കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും. പേവ്‌മെന്റുകളില്‍ പാര്‍ക്ക് ചെയ്യുന്ന വാഹന ഉടമകള്‍ കാല്‍നട യാത്രക്കാരെയും വീല്‍ചെയര്‍, പുഷ്‌ചെയര്‍ ഉപയോക്താക്കളെയും പരിഗണിച്ചുകൊണ്ടാണ് പാര്‍ക്ക് ചെയ്യാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

റഷ്യയും യുകെയും നീങ്ങുന്നത് മനുഷ്യവംശത്തിന്റെ ചരിത്രത്തിന് അന്ത്യം കുറിക്കുന്ന യുദ്ധത്തിലേക്കെന്ന് മുന്‍ റഷ്യന്‍ ജനറല്‍. ശീതയുദ്ധത്തേക്കാള്‍ മോശം സാഹചര്യമാണ് ബ്രിട്ടനും റഷ്യക്കുമിടയില്‍ സംജാതമായിരിക്കുന്നതെന്ന് യെവ്‌ജെനി ബുഷിന്‍സ്‌കി പറഞ്ഞു. 40 വര്‍ഷത്തോളം റഷ്യന്‍ സൈന്യത്തില്‍ സേനമനുഷ്ഠിച്ചയാളാണ് ഇദ്ദേഹം. മുന്‍ റഷ്യന്‍ ഡബിള്‍ ഏജന്റ് സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെയുണ്ടായ നോവിചോക്ക് ആക്രമണത്തിനു പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയത് യുദ്ധത്തിലേക്ക് വരെ നയിക്കുന്ന സംഗതിയാണെന്ന് അദ്ദേഹം ബിബിസിയോട് പറഞ്ഞു.

ബ്രിട്ടനും റഷ്യും യഥാര്‍ത്ഥ യുദ്ധത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ അവസാന യുദ്ധമായിരിക്കും ഇതെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. സ്‌ക്രിപാലിനു നേരെയുണ്ടായ ആക്രമണം യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ചോദ്യത്തിന് സാലിസ്ബറി ആക്രമണമല്ല, അതേത്തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദങ്ങള്‍ ഒരു യുദ്ധത്തിന് മതിയായ കാരണമാണെന്ന് ബുഷിന്‍സ്‌കി മറുപടി നല്‍കി. സമ്മര്‍ദ്ദം തുടരുമെന്നാണ് അമേരിക്ക പറയുന്നത്. എന്നാല്‍ അതിലൂടെ എന്ത് നേടാനാകുമെന്നാണ് കരുതുന്നത്?

ഒരു നേതൃമാറ്റമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അത് നടപ്പാകില്ലെന്ന് ബുഷിന്‍സ്‌കി ഉറപ്പിച്ചു പറയുന്നു. റഷ്യയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുമറിയില്ല. കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാകുന്നതനുസരിച്ച് സമൂഹം പ്രസിഡന്റിന് കൂടുതല്‍ പിന്തുണ നല്‍കുകയേയുള്ളു. അത് സംഘര്‍ഷം വര്‍ദ്ധിപ്പിക്കാനേ ഉതകൂ എന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര പ്രതിനിധികളെ പുറത്താക്കിക്കൊണ്ടിരിക്കുന്നത് രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ ഇല്ലാതാക്കുകയാണ്. അതിലൂടെ റഷ്യയെ വളയുകയാണ് നിങ്ങള്‍ ചെയ്യുന്നത്. ഇത് വളരെ അപകടകരമാണെന്നും ബുഷിന്‍സ്‌കി പറഞ്ഞു.

ബ്രെക്‌സിറ്റ് മൂന്ന്‌ലക്ഷത്തോളം ബ്രിട്ടീഷ് വെബ്‌സൈറ്റുകള്‍ക്ക് ഭീഷണിയാകുമെന്ന് സൂചന. ബ്രെക്‌സിറ്റ് നടപടികള്‍ പൂര്‍ത്തിയാകുകയും രണ്ട് വര്‍ഷത്തെ ട്രാന്‍സിഷന്‍ പീരിയഡ് അവസാനിക്കുകയും ചെയ്യുന്നതോടെ ഈ വെബ്‌സൈറ്റുകള്‍ക്ക് പൂട്ട് വീഴാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ യൂണിയനാണ് മുന്നറിയിപ്പ് നല്‍കുന്നത്. യുകെ സ്ഥാപനങ്ങളും പൗരന്‍മാരും ഡോട്ട് ഇയു (.eu.) ഡൊമെയിനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സൈറ്റുകള്‍ക്കാണ് പിടിവീഴാന്‍ സാധ്യതയുള്ളത്. ബ്രെക്‌സിറ്റിനു ശേഷം ഈ ഡൊമെയിനുകള്‍ ഉപയോഗിക്കാന്‍ യുകെ പൗരന്‍മാരും സ്ഥാപനങ്ങളും നിയമപരമായി അര്‍ഹരല്ലെന്ന് ബ്രസല്‍സ് വിലയിരുത്തുന്നു.

ഇപ്പോള്‍ ഈ ഡൊമെയിനില്‍ തുടരുന്നവര്‍ രജിസ്‌ട്രേഷന്‍ പുതുക്കുമ്പോള്‍ ഡൊമെയിന്‍ മാറണമെന്ന് യൂണിയന്‍ ആവശ്യപ്പെട്ടു. പിന്‍വാങ്ങല്‍ തിയതിക്കു മുമ്പായി ഇത് ചെയ്യണമെന്നാണ് നിര്‍ദേശം. 2019 മാര്‍ച്ച് 30നാണ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഔദ്യോഗികമായി പിന്‍മാറുന്നത്. ഇതോടെ യൂറോപ്യന്‍ നിയമങ്ങള്‍ ബ്രിട്ടനില്‍ പ്രാവര്‍ത്തികമല്ലാതാകും. അതുകൊണ്ടുതന്നെ ഇയു ഡൊമെയിനിലുള്ള യുകെ സൈറ്റുകള്‍ക്ക് ഈ തിയതിക്കു ശേഷം രജിസ്‌ട്രേഷന്‍ പുതുക്കി നല്‍കാന്‍ കഴിയില്ലെന്നും യൂണിയന്‍ വ്യക്തമാക്കുന്നു.

ഡോട്ട് ഇയു ഡൊമെയിന്‍ കൈകാര്യം ചെയ്യുന്നത് EURid എന്ന കണ്‍സോര്‍ഷ്യമാണ്. യൂറോപ്യന്‍ കമ്മീഷന്റെ ഈ തീരുമാനം ഞെട്ടിക്കുന്നതാണെന്ന് കണ്‍സോര്‍ഷ്യം അറിയിച്ചു. യൂറോപ്യന്‍ കമ്മീഷന്‍ പ്രസ്താവനയുടെ ലിങ്ക് തങ്ങള്‍ക്ക് ലഭിച്ചതായും ഈ തീരുമാനമെടുക്കുന്നതില്‍ യാതൊരു പങ്കും തങ്ങള്‍ക്കില്ലെന്നും കണ്‍സോര്‍ഷ്യം വ്യക്തമാക്കി. ഇയു ഡൊമെയിന്‍ ഉപയോക്താക്കള്‍ക്കെതിരെ ബ്രെക്‌സിറ്റിനു ശേഷവും നടപടികളൊന്നും സ്വീകരിക്കില്ലെന്നായിരുന്നു ഇയുറിഡ് 2016ല്‍ അറിയിച്ചിരുന്നത്.

ന്യൂകാസില്‍: ടാക്‌സ് ക്രെഡിറ്റ് ലഭിക്കുന്നതിനായി വ്യാജ ജനന രജിസ്‌ട്രേഷന്‍ നടത്തിയ 43കാരിക്ക് തടവുശിക്ഷ. ജെയിന്‍ തേഴ്സ്റ്റണ്‍ എന്ന സ്ത്രീയാണ് തനിക്ക് ഒരു ആണ്‍കുഞ്ഞ് ജനിച്ചെന്ന് കാട്ടി ന്യൂകാസില്‍ രജിസ്ട്രി ഓഫീസിനെ സമീപിച്ചത്. ഹാരി ജെയിംസ് സിഡ്‌നി തേഴ്സ്റ്റണ്‍ എന്ന പേരായിരുന്നു വ്യാജ ശിശുവിന് നല്‍കിയത്. നോര്‍ത്തംബര്‍ലാന്‍ഡ്, ക്രാംലിംഗ്ടണിലുള്ള നോര്‍ത്തംബ്രിയ സ്‌പെഷ്യലിസ്റ്റ് എമര്‍ജന്‍സി കെയര്‍ ഹോസ്പിറ്റലിലായിരുന്നു കുഞ്ഞ് ജനിച്ചതെന്നാണ് ഇവര്‍ അവകാശപ്പെട്ടത്. 2016 മെയ് 20നായിരുന്നു പ്രസവമെന്നും ഇവര്‍ അറിയിച്ചു.

എന്നാല്‍ പരിശോധനയില്‍ അങ്ങനെയൊരു പ്രസവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതോടെ കേസ് പോലീസിനി കൈമാറുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ ഇവര്‍ കൂടുതല്‍ നുണകള്‍ പറഞ്ഞു. നോര്‍ത്തംബര്‍ലാന്‍ഡിലായിരുന്നില്ല, ലീഡ്‌സിലായിരുന്നു താന്‍ കുഞ്ഞിന് ജന്മം നല്‍കിയതെന്നായിരുന്നു ജെയിന്‍ അവകാശപ്പെട്ടത്. എന്നാല്‍ ഈ വ്യാജ പ്രസവത്തിനു മുമ്പും ശേഷവും ഇവര്‍ക്ക് കുട്ടികള്‍ ജനിച്ചിട്ടുണ്ട്. കൂടുതല്‍ അന്വേഷണത്തിലാണ് ടാക്‌സ് ക്രെഡിറ്റ് ലഭിക്കുന്നതിനായാണ് വ്യാജ ജനന രജിസ്‌ട്രേഷന് ശ്രമിച്ചതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു.

ക്രെഡിറ്റിനായി ഇവര്‍ നല്‍കിയ ക്ലെയിം അനുവദിക്കപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ജനന രജിസ്‌ട്രേഷനു വേണ്ടി കള്ളം പറഞ്ഞതില്‍ ജെയിന്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 1911ലെ നിയമമനുസരിച്ച് ഇത് രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. നാല് മാസത്തെ തടവുശിക്ഷയാണ് ജഡ്ജ് ജോണ്‍ താക്കറേ ഇവര്‍ക്ക് വിധിച്ചത്. ഇത് 12 മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ഫ്‌ളോറിഡ: അമേരിക്കയിലെ ഫ്‌ളോറിഡയിലുണ്ടായ അപകടത്തില്‍ നാലംഗ ബ്രിട്ടീഷ് കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു. കെന്നഡി സ്‌പേസ് സെന്ററില്‍ സ്‌പേസ് എക്‌സ് വിക്ഷേപണം കണ്ട് തിരിച്ചുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിലെ സാറ്റ്‌നാവ് നാവിഗേഷന്‍ സിസ്റ്റം നല്‍കിയ നിര്‍ദേശമനുസരിച്ച് ഹൈവേയില്‍ യുടേണ്‍ എടുക്കുന്നതിനിടെ ഒരു ഫോര്‍ഡ് എഫ് 250 പിക്കപ്പ് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു. ആഡം സ്റ്റീഫന്‍സണ്‍ (30), ഭാര്യ മേരിആന്‍ (29), ആഡമിന്റെ പിതാവ് ബ്രയാന്‍ സ്റ്റീഫന്‍സണ്‍ (66), മാതാവ് ഷെറലിന്‍ സ്റ്റീഫന്‍സണ്‍ (56) എന്നിവരാണ് കൊല്ലപ്പെട്ടത്. ബ്രിസ്റ്റോള്‍ സ്വദേശികളായ ഇവര്‍ അമേരിക്കയില്‍ ഹോളിഡേ ആഘോഷത്തിനെത്തിയതായിരുന്നു.

വാടകയ്‌ക്കെടുത്ത മിറ്റ്‌സുബിഷി സലൂണ്‍ കാര്‍ ഓടിച്ചിരുന്നത് ആഡം ആയിരുന്നു. തനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നാണ് ട്രക്കിന്റെ ഡ്രൈവര്‍ പോലീസിന് മൊഴി നല്‍കിയത്. ഫ്‌ളോറിഡയിലെ ടൈറ്റസ് വില്ലില്‍ സിസ്സണ്‍ റോഡിലെ എസ്ആര്‍ 405 ഇന്റര്‍സെക്ഷനിലായിരുന്നു അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവര്‍ എല്ലാവരും അപകടസ്ഥലത്തു തന്നെ മരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ടൈറ്റസ് വില്‍ പോലീസ് അറിയിച്ചു.

ഡാവന്‍പോര്‍ട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. സ്‌പേസ് സെന്ററില്‍ നിന്ന് ഡാവന്‍പോര്‍ട്ടിലേക്ക് നേരിട്ടുള്ള വഴിയാണ് ഇത്. എസ്ആര്‍ 407 ഇന്റര്‍സെക്ഷനില്‍ ഗതാഗത തടസമുള്ളതിനാല്‍ യുടേണ്‍ എടുക്കാനായിരുന്നു സാറ്റ്‌നാവ് നിര്‍ദേശം. ആഡമിന് ഈ പ്രദേശത്തെക്കുറിച്ച് വ്യക്തമായ അറിവില്ലാത്തതായിരിക്കാം അപകടത്തിന് കാരണമായതെന്ന് പോലീസ് ഡെപ്യൂട്ടി ചീഫ് റ്റോഡ് ഹച്ചിന്‍സണ്‍ പറഞ്ഞു. ട്രക്ക് ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആഡമിന്റെ സഹോദരനും ഇവര്‍ക്കൊപ്പം അമേരിക്കയിലെത്തിയിരുന്നെങ്കിലും സ്‌പേസ് സെന്റര്‍ സന്ദര്‍ശനത്തിന് കുടുംബത്തിനൊപ്പം പോയിരുന്നില്ല.

ലണ്ടന്‍: ഫിനാന്‍ഷ്യല്‍ കോണ്‍ഡക്ട് അതോറിറ്റി ഏര്‍പ്പെടുത്തിയ ചട്ടങ്ങള്‍ ലംഘിച്ച ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെ നടപടി. ആര്‍എസിക്കെതിരെയാണ് നടപടി നിര്‍ദേശിച്ചിരിക്കുന്നത്. മുന്‍വര്‍ഷം ഉപഭോക്താക്കള്‍ അടച്ച തുകയും പോളിസി പുതുക്കുന്നതിന് എത്ര തുക വേണ്ടി വരുമെന്നതും വ്യക്തമായി കാണിച്ചിരിക്കണമെന്ന നിബന്ധനയാണ് ആര്‍എസി ലംഘിച്ചത്. പുതിയ നിരക്ക് കൂടുതലാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഓഫറുകള്‍ തേടാനുള്ള സൗകര്യമൊരുക്കുന്നതിനായാണ് ഈ നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് അയച്ച പോളിസി ലെറ്ററുകളില്‍ മുന്‍വര്‍ഷത്തെ പോളിസി തുകയും പുതുക്കാന്‍ എത്ര വേണ്ടി വരുമെന്നതും വ്യക്തമാക്കിയിട്ടില്ലായിരുന്നുവെന്ന് എഫ്‌സിഎ കണ്ടെത്തി.

1.2 മില്യനോളം വരുന്ന ഉപഭോക്താക്കളെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ടുള്ള നടപടിയായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഉപഭോക്താക്കള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാണ്. വിശദാംശങ്ങള്‍ കത്തില്‍ കാണിക്കാതിരുന്നതിന് വിശദീകരണവുമായി ഉപഭോക്താക്കള്‍ക്ക് കത്തെഴുതിക്കൊണ്ടിരിക്കുകയാണ് ആര്‍എസി എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നഷ്ടപരിഹാരത്തിന് ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ടെങ്കിലും ഏതു വിധത്തിലുള്ള നഷ്ടപരിഹാരമാണ് ലഭിക്കുക എന്ന കാര്യത്തില്‍ എഫ്‌സിഎ വിശദീകരണം നല്‍കിയിട്ടില്ല. ആരൊക്കെയായിരിക്കും നഷ്ടപരിഹാരത്തിന് അര്‍ഹരാകുക എന്ന കാര്യത്തിലും വ്യക്തമായ വിശദീകരണം ലഭിച്ചിട്ടില്ല.

എന്നാല്‍ റീഫണ്ടുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ആര്‍എസി മാത്രമല്ല, മറ്റ് ഇന്‍ഷുറന്‍സ് കമ്പനികളും ചട്ടലംഘനം നടത്തിയിട്ടുണ്ടെന്നാണ് എഫ്‌സിഎ അറിയിക്കുന്നത്. കമ്പനികള്‍ ഇത് പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എഫ്‌സിഎ ആവശ്യപ്പെടുന്നു. ശരിയായ വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് കരുതുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ഇന്‍ഷുറന്‍സ് കമ്പനികളോട് വിശദീകരണ ചോദിക്കാവുന്നതാണെന്നും ഏതെങ്കിലും വിധത്തില്‍ പണം തിരികെ ലഭിക്കാനുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്താവുന്നതുമാണെന്ന് എഫ്‌സിഎ അറിയിക്കുന്നു.

ബ്രേക്ക്ഡൗണ്‍ പോളിസി റിന്യൂവല്‍ ഡോക്യുമെന്റേഷനില്‍ എല്ലാ വിവരങ്ങളും കൃത്യമായി ചേര്‍ത്തിരുന്നെങ്കിലും പ്രധാനപ്പെട്ട ചില വിവരങ്ങള്‍ ചേര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് ആര്‍എസി വക്താവ് പറഞ്ഞു. അവ ചേര്‍ക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും പരാതികളുള്ളവര്‍ക്ക് സമീപിക്കാവുന്നതാണെന്നും വക്താവ് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്

M62 മോട്ടോർവേയിൽ ഇന്ന് രാവിലെ ഉണ്ടായ അപകടത്തെ തുടർന്ന് ജംഗ്ഷൻ 36 നും 37 നും ഇടയിൽ ഇരു ദിശകളിലും അടച്ചു. വൻ ട്രാഫിക് ക്യൂ മോട്ടോർവേയിൽ രൂപപ്പെട്ടിട്ടുണ്ട്. അർദ്ധരാത്രി വരെ മോട്ടോർവേ തുറന്നേക്കില്ല. രാവിലെ 9.30നാണ് ഗൂളിനടുത്ത് ഔസ് ബ്രിഡ്ജിൽ കാരവാൻ ട്രാൻസ്പോർട്ടർ അപകടത്തിൽ പെടുകയായിരുന്നു. സെൻട്രൽ റിസർവേഷൻ ഇടിച്ചു തകർത്ത ട്രാൻസ്പോർട്ടർ വെസ്റ്റ് ബൗണ്ട് കാരിയേജ് വേയിൽ നിന്ന് ഈസ്റ്റ് ബൗണ്ട് സൈഡിൽ നിന്ന് വന്ന കാറിൽ ഇടിച്ചു. ട്രാൻസ്പോർട്ടറിൽ ഉണ്ടായിരുന്ന കാരവാൻ മോട്ടോർവേയിൽ പതിച്ച് എല്ലാ ലെയിനുകളും ബ്ലോക്ക് ആയി. തുടർന്ന് മോട്ടോർ വേ ഇരു ദിശകളിലും അടയ്ക്കുകയായിരുന്നു.

ഉടൻ തന്നെ എയർ ആംബുലൻസ് മോട്ടോർവേയിൽ ലാൻഡ് ചെയ്തു. പരിക്കേറ്റവരെ ഹോസ്പിറ്റലിലേയ്ക്കു മാറ്റി. ഗുരുതരമായ അപകടം എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പരിക്കേറ്റവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പോലീസ് ട്രാഫിക് വിവിധ സൈഡ് റോഡുകളിലൂടെ തിരിച്ചുവിട്ടെങ്കിലും ഹള്ളിലേയ്ക്കും തിരിച്ചുമുള്ള ട്രാഫിക് മൈലുകളോളം തടസപ്പെട്ടു. ഇന്ന് രാത്രി വൈകി മാത്രമേ ട്രാഫിക് പൂർണ സ്ഥിതിയിലാകുകയുള്ളൂ എന്നാണ് അറിയുന്നത്. ഈ റൂട്ടിലുള്ള യാത്ര ഒഴിവാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.

ലണ്ടന്‍: ലണ്ടനില്‍ അക്രമ സംഭവങ്ങള്‍ തുടരുന്നു. നോര്‍ത്ത് ലണ്ടനിലെ ടോട്ടന്‍ഹാമിലുണ്ടായ വെടിവെപ്പാണ് ഏറ്റവുമൊടുവിലെ സംഭവം. തിങ്കളാഴ്ച രാത്രി 9.35നാണ് സംഭവമുണ്ടായത്. നോര്‍ത്തംബര്‍ലാന്‍ഡ് പാര്‍ക്ക് സ്‌റ്റേഷന് സമീപം ചാല്‍ഗ്രോവ് റോഡില്‍ 17 വയസുള്ള ഒരു പെണ്‍കുട്ടിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 10.43ഓടെ മരിച്ചതായി സ്ഥിരീകരിച്ചുവെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് വക്താവ് അറിയിച്ചു.

ഈ സംഭവത്തില്‍ അറസ്റ്റുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. ഈ സംഭവത്തിന് അര മണിക്കൂറിന് ശേഷം മൂന്ന് മൈല്‍ അപ്പുറത്ത് ഈസ്റ്റ് ലണ്ടനില്‍ മറ്റൊരു വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാത്രി 10 മണിയോടെ വാല്‍ത്താംസ്‌റ്റോവിലെ മാര്‍ക്ക്ഹൗസ് റോഡിലായിരുന്നു സംഭവം. രണ്ട് കൗമാരക്കാരെ ഇവിടെ ബുള്ളറ്റുകളും കത്തിക്കുത്തുമേറ്റ നിലയില്‍ കണ്ടെത്തി. ഒരു പതിനാറുകാരനെയാണ് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. ഈസ്റ്റ് ലണ്ടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

പരിക്കേറ്റ രണ്ടാമത്തെയാള്‍ 15കാരനാണ്. ഈസ്റ്റ് ലണ്ടന്‍ ഹോസ്പിറ്റലില്‍ത്തന്നെയാണ് ഇയാളെയും പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ബ്രിട്ടീഷ് തലസ്ഥാനത്ത് അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതിനിടെയാണ് പുതിയ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഈസ്റ്റര്‍ ദിവസം ലണ്ടനില്‍ ഒരു 20കാരന്‍ കത്തിക്കുത്തേറ്റ് മരിച്ചിരുന്നു. ഈ വര്‍ഷം കത്തികൊണ്ടുള്ള ആക്രമണത്തിന് ഇരയാകുന്ന 31-ാമത്തെ ആളാണ് ഇയാള്‍. വാന്‍ഡ്‌സ്‌വര്‍ത്തിലെ ബാറില്‍ നിന്ന് ഇറങ്ങിയ ശേഷമാണ് ഇയാള്‍ക്ക് കുത്തേറ്റത്. തെരുവില്‍ക്കിടന്ന് പിന്നീട് ഇയാള്‍ മരിക്കുകയായിരുന്നു.

ഈസ്റ്റര്‍ തിങ്കളാഴ്ച്ച എം62യിലുണ്ടായ കാറപകടത്തില്‍ മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞു. ആദം അഫ്‌സര്‍ അദ്ദേഹത്തിന്റെ സുഹൃത്തായ ജെയിസണ്‍ വില്‍ബി എന്നിവരാണ് ദുരന്തത്തില്‍ മരിച്ചത്. മറ്റൊരു കാര്‍ തെറ്റായ ദിശയില്‍ സഞ്ചരിച്ചതാണ് അപകടത്തിന് കാരണമെന്നും രണ്ടു പേരും സംഭവ സ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടതായും വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍ പോലീസ് അറിയിച്ചു. അപകടത്തിന് കാരണമാകുന്ന രീതിയില്‍ അശ്രദ്ധമായി വാഹനമോടിച്ച 22 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. മരിച്ച ആദം അഫ്‌സറും ജെയിസണ്‍ വില്‍ബിയും ആത്മ സുഹൃത്തുക്കളാണ്. അഫ്‌സര്‍ തന്റെ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയുണ്ടായ ദുരന്തം സുഹൃത്തുക്കളെയും കുടുംബത്തെയും ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

അവന്‍ എന്റെ പേരക്കുട്ടികളുടെ അച്ഛന്റെ ജീവനെടുത്തെന്നും ഞങ്ങളുടെ ജീവിതം എന്നേെന്നക്കുമായി നശിപ്പിച്ചുവെന്നും അഫ്‌സറിന്റെ മുത്തശ്ശി ഫെയിസ്ബുക്കില്‍ കുറിച്ചു. 34 കാരനായ അഫ്‌സര്‍ കലര്‍പ്പില്ലാത്ത സൗഹൃദങ്ങള്‍ സൂക്ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു. രാത്രി ഏറെ വെകിയതിനാല്‍ അഫസറിനൊപ്പം കാറില്‍ വരൈന്‍ വില്‍ബിയും തീരുമാനിക്കുകയായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കോഡ ഒക്ടാവിയ അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു. എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങള്‍ അപകടസ്ഥലത്ത് എത്തുന്നതിന് മുന്‍പ് തന്നെ ഇരുവരും മരണപ്പെട്ടിരുന്നു.

കുടുംബത്തിന്റെ വെളിച്ചവും നന്മയുമായിരുന്നു തന്റെ മക്കളില്‍ മൂത്തവനായ അഫ്‌സറെന്ന് അദ്ദേഹത്തിന്റെ അമ്മ ടിഷ് പീസ് പറയുന്നു. അവന്‍ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്. ജെയിസണ്‍ അവന്റെ ആത്മ സുഹൃത്താണ് എല്ലാ സമയത്തും അവരൊന്നിച്ചായിരിക്കും ടിഷ് പീസ് പറയുന്നു. അവന്‍ മരിച്ചതായി എനിക്ക് വിശ്വസിക്കാന്‍ കഴിയുന്നേയില്ല. കണ്ണുകള്‍ അടച്ചിരിക്കുന്നതായി മാത്രമെ തോന്നുന്നുള്ളു. എന്റെ ജീവിതകാലം മുഴുവന്‍ അവന്റെ ഓര്‍മ്മകള്‍ കൂടെയുണ്ടാവും ടിഷ് പീസ് നിറകണ്ണുകളുമായി പറഞ്ഞു.

ബ്രിട്ടനിലെ ഒരു ദശലക്ഷത്തിലധികം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് മോശം ബ്രോഡ്ബാന്‍ഡ് സേവനമാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. കണക്ഷന്‍ ബ്ലാക്ക്ഔട്ടും വേഗത കുറഞ്ഞ ഇന്റര്‍നെറ്റുമാണ് ഇവര്‍ക്ക് ലഭിക്കുന്നതെന്ന് സര്‍വ്വേ വ്യക്തമാക്കുന്നു. ബ്രോഡ്ബാന്റുകള്‍ ഉപയോഗിക്കുന്ന പകുതിയിലേറെ ഗാര്‍ഹിക ഉപഭോക്താക്കള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരം പ്രശ്‌നങ്ങള്‍ അനുഭവിച്ചു വരികകയാണ്. ബ്രോഡ്ബാന്‍ഡ് സേവനങ്ങളുടെ നിരക്കിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ്, കുറഞ്ഞ ഇന്റര്‍നെറ്റ് സ്പീഡ്, റൂട്ടര്‍ തകരാറുകള്‍ മുതലായവയാണ് ഉപഭോക്താക്കള്‍ പ്രധാനമായും ഉന്നയിക്കുന്ന പരാതികള്‍. ബ്രോഡ്ബാന്റ് സാറ്റിസ്ഫാക്ഷന്‍ സംബന്ധിച്ച് 12ഓളം കമ്പനികളുടെ ഉപഭോക്താക്കളില്‍ ഡെയിലി എക്‌സ്പ്രസ് നടത്തിയ സര്‍വേയിലാണ് ഈ വിവരം പുറത്തു വന്നത്.

ലോകത്തിലെ തന്നെ മികച്ച ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നല്‍കിയില്ലെങ്കില്‍ തകരുന്നത് മികച്ചൊരു ബിസിനസ് ആയിരിക്കുമെന്ന് സേവനദാതാക്കള്‍ക്ക് സര്‍വേ മുന്നറിയിപ്പ് നല്‍കു്ന്നു. യുകെയിലെ ബ്രോഡ്ബാന്‍ഡ് സേവനങ്ങളുടെ പ്രീതി നഷ്ടപ്പെട്ടിരിക്കുകയാണെന്നും മികച്ച ബ്രോഡ്ബാന്‍ഡ് എന്നാല്‍ ഇപ്പോള്‍ ഒരു ആഡംബരമല്ലെന്നും ഇന്റര്‍നെറ്റ് കമന്റേറ്റര്‍ റോസ് ക്ലാര്‍ക്ക് പറയുന്നു. വെള്ളവും വൈദ്യൂതിയും പോലെ അവശ്യവസ്തുവായി ഇന്റര്‍നെറ്റ് മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിര്‍ജിന്‍ മീഡിയ ഉപഭോക്താക്കളില്‍ മിക്കവര്‍ക്കും മോശം ബ്രോഡ്ബാന്റ് സേവനങ്ങളാണ് ലഭിക്കുന്നതെന്നും 73 ശതമാനം പേരും ഇത്തരം പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായും പഠനം വ്യക്തമാക്കുന്നു. സെന്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണ് ഏറ്റവും കുറവ് പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സെന്‍ ഇന്റര്‍നെറ്റിന്റെ ആകെ ഉപഭോക്താക്കളുടെ 25 ശതമാനം മാത്രമാണ് പരാതികളുമായി മുന്നോട്ട് വന്നിരിക്കുന്നത്. ടോക്ക് ടോക്ക് ഉപഭോക്താക്കളാണ് ഇന്റര്‍നെറ്റ് സ്പീഡിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ രേഖപ്പെടുത്തിയത്. ബ്രോഡ്ബാന്റ് സേവനങ്ങള്‍ തരുന്ന കമ്പനിയുടെ കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെടുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നതായും പ്രശ്‌ന പരിഹാരങ്ങള്‍ക്കായി എഞ്ചിനീയര്‍മാര്‍ സ്ഥലത്ത് എത്തണമെങ്കില്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നതായും ഉപഭോക്താക്കള്‍ക്ക് പരാതിയുണ്ട്.

RECENT POSTS
Copyright © . All rights reserved