Main News

ഡബ്ലിന്‍: ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ പൊതുജനത്തിന്റെ അഭിപ്രായം അറിയുന്നതിന് ഹിതപരിശോധന നടത്തുമെന്ന് അയര്‍ലന്‍ഡ്. അടുത്ത വര്‍ഷം ഹിതപരിശോധന നടത്താനാണ് പദ്ധതി. ഗര്‍ഭച്ഛിദ്രത്തിനെതിരെ കടുത്ത നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് അയര്‍ലന്‍ഡ്. ഗര്‍ഭസ്ഥ ശിശുവിനും ജീവിച്ചിരിക്കുന്നവരുടെ അതേ അവകാശങ്ങള്‍ തന്നെ നല്‍കുന്ന ഭേദഗതി അടുത്ത മെയിലോ ജൂണിലോ നടപ്പാക്കാനിരിക്കെയാണ് പുതിയ തീരുമാനം. നിയമത്തിലെ എട്ടാമത്തെ ഭേദഗതിയാണ് ഇത്.

ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കണോ എന്ന കാര്യത്തില്‍ ജനങ്ങള്‍ ഇനി തീരുമാനമെടുക്കുമെന്നാണ് ലിയോ വരദ്കര്‍ സര്‍ക്കാര്‍ ഇതു സംബന്ധിച്ച് നല്‍കുന്ന അറിയിപ്പ്. നിയമത്തില്‍ വരുത്തിയ ഭേദഗതി അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധ നേടിയിരുന്നു. ഇത് പിന്‍വലിക്കണമെന്ന് ക്യാംപെയ്‌നര്‍മാര്‍ ആവശ്യമുന്നയിച്ചു വരികയായിരുന്നു. ആറാമത്തെ മാര്‍ച്ച് ഫോര്‍ ചോയ്‌സ് ഡബ്ലിനിലും ലണ്ടനിലും നടക്കാനിരിക്കെയാണ് അയര്‍ലന്‍ഡ് നിലപാടില്‍ ഇളവ് വരുത്താനുള്ള സൂചന നല്‍കിയിരിക്കുന്നത്. ശനിയാഴ്ചയാണ് മാര്‍ച്ച്.

ഹിതപരിശോധന എന്നാണ് നടത്തുന്നതെന്നും എന്തൊക്കെയാണ് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അറിയാന്‍ ആഗ്രഹിക്കുന്നതെന്നും നിരീക്ഷിക്കുകയാണെന്ന് ലണ്ടന്‍ ഐറിഷ് അബോര്‍ഷന്‍ റൈറ്റ്‌സ് ക്യാംപെയ്്ന്‍ എന്ന സംഘടന വ്യക്തമാക്കി. ഒരു വര്‍ഷത്തോളം നീളുന്ന പ്രചാരണ പരിപാടികള്‍ക്ക് തയ്യാറാണെന്നും സംഘടന അറിയിച്ചു. അയര്‍ലന്‍ഡിലെ ഗര്‍ഭച്ഛിദ്ര നിരോധനം നീക്കം ചെയ്യണമെന്ന് കഴിഞ്ഞ ജൂലൈയില്‍ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതി ആവശ്യപ്പെട്ടിരുന്നു.

ലണ്ടന്‍: വാക്വം ക്ലീനര്‍ നിര്‍മാതാക്കളായ ഡൈസന്‍ കാര്‍ നിര്‍മാണ രംഗത്തേക്ക്. വരാനിരിക്കുന്ന ഇലക്ട്രിക് കാര്‍ വിപ്ലവം മുന്നില്‍ കണ്ട് ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാറുകള്‍ നിര്‍മിക്കാനാണ് ഡൈസന്‍ പദ്ധതിയിടുന്നത്. 2020ല്‍ ആദ്യ മോഡല്‍ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചു. 2ബില്യന്‍ പൗണ്ടാണ് പദ്ധതിക്കായി കമ്പനി നീക്കിവെച്ചിരിക്കുന്നത്. വാഹനത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കിയില്ലെങ്കിലും തങ്ങള്‍ അവതരിപ്പിക്കുന്ന മോഡല്‍ വ്യത്യസ്തവും പൂര്‍ണ്ണവുമായിരിക്കുമെന്ന് സര്‍. ജെയിംസ് ഡൈസന്‍ അറിയിച്ചു.

ഡൈസനിലെ മുതിര്‍ന്ന എന്‍ജിനീയര്‍മാരും വാഹനവ്യവസായത്തിലെ പ്രതിഭകളായ എന്‍ജിനീയര്‍മാരും അടങ്ങുന്ന സംഘത്തെ ഇതിനായി നിയോഗിച്ചുവെന്ന് ഡൈസന്‍ അറിയിച്ചു. നിലവില്‍ 400 പേരാണ് കാര്‍ നിര്‍മാണത്തിനുള്ള സംഘത്തില്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്. കൂടുതലാളുകളെ നിയമിക്കുമെന്നും ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ ജെയിംസ് ഡൈസന്‍ പറഞ്ഞു.

ടെസ്ല, നിസാന്‍, ബിഎംഡബ്ല്യു തുടങ്ങിയ വമ്പന്‍മാര്‍ മത്സരിക്കുന്നിടത്തേക്കാണ് ഡൈസന്‍ ചുവടുവെക്കാന്‍ ഒരുങ്ങുന്നത്. പദ്ധതി വളരെപ്പെട്ടെന്ന് തന്നെ വളര്‍ച്ച പ്രാപിക്കുമെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാനാകില്ലെന്നുമാണ് ഡൈസന്‍ പറയുന്നത്. വാഹന വ്യവസായത്തിലെ പുതിയ സാങ്കേതികവിദ്യയില്‍ വന്‍ മത്സരമാണ് നടക്കാന്‍ പോകുന്നത്. അതിനാല്‍ തങ്ങളുടെ മോഡലിനെക്കുറിച്ചുള്ള നവിവരങ്ങള്‍ തല്‍ക്കാലം രഹസ്യമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് നിലവിലുണ്ടായിരുന്ന നിരോധനം എടുത്തുകളഞ്ഞു. ഭരണാധികാരിയായ സല്‍മാന്‍ ബിന്‍ അബ്ദുള്‍അസീസ് അല്‍ സൗദ് ഇതിനായുള്ള ഉത്തരവ് പുറപ്പെടുവിച്ചതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം ടെലിവിഷനിലൂടെ അറിയിച്ചു. ഉത്തരവ് നടപ്പാക്കുന്നതിന്റെ പ്രായോഗികതയെക്കുറിച്ച് പഠിക്കാന്‍ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. 30 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കും. 2018 ജൂണ്‍ മുതല്‍ ഉത്തരവ് നടപ്പാക്കുമെന്നാണ് വിവരം.

പുരുഷന്‍മാരെപ്പോലെ സ്ത്രീകള്‍ക്കും ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്നത് മുതല്‍ ട്രാഫിക് നിയമങ്ങളിലെ പരിഷ്‌കാരങ്ങള്‍ വരെയുള്ള കാര്യങ്ങളാണ് ഇനി നടപ്പാക്കേണ്ടത്. അതിനുള്ള നിര്‍ദേശങ്ങളും ഉത്തരവില്‍ ഉണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി. ശരിയ നിയമം അനുസരിച്ചാണ് സൗദിയില്‍ ഭരണം നടക്കുന്നത്. പുതിയ നിയമങ്ങളും അതിനനുസൃതമായാണ് തയ്യാറാക്കേണ്ടതെന്നും ഉത്തരവില്‍ പറയുന്നു. രാജ്യത്തെ മതനേതൃത്വവും പണ്ഡിതരും ഈ ഉത്തരവിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള വിലക്ക് സംബന്ധിച്ച് സൗദി മതനേതൃത്വം ഒട്ടേറെ വിശദീകരണങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൗദി സംസ്‌കാരമനുസരിച്ച് സ്ത്രീകള്‍ ഡ്രൈവ് ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു ഒരു മത്പണ്ഡിതന്‍ വിശദീകരിച്ചത്. സ്ത്രീകള്‍ വാഹനമോടിക്കുന്നത് സൗദി സമൂഹത്തെ പാപത്തിലേക്ക് നയിക്കുമെന്നുവരെ ചിലര്‍ പറഞ്ഞിരുന്നു. 1990 മുതല്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുന്ന സംഘടനകള്‍ ഡ്രൈവിംഗിനായുള്ള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് വരികയായിരുന്നു.

ലെസ്റ്റര്‍: ലെസ്റ്ററിലെ സീറോ മലബാര്‍ സമൂഹത്തെ നയിക്കാന്‍ പുതിയ ഇടയനെത്തി. ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് പള്ളിയിലെ മലയാളിയായ വൈദികന്‍ ഫാ. പോള്‍ സ്ഥലം മാറി പോയതിനെ തുടര്‍ന്നാണ് പുതിയ വൈദികന്‍ എത്തിയത്. ലെസ്റ്റര്‍ സെന്റ്‌ എഡ്വേര്‍ഡ്സ് പള്ളിയിലേക്കാണ് പുതിയ മലയാളി വൈദികന്‍ എത്തിയിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്‍റെ ശ്രമഫലമായാണ് സീറോമലബാര്‍ വിശ്വാസികളുടെ ആദ്ധ്യാത്മിക കാര്യങ്ങള്‍ ശ്രദ്ധിക്കുക എന്ന ദൗത്യവും കൂടി നല്‍കി റവ. ഫാ. ജോര്‍ജ്ജ് തോമസ്‌ ചേലയ്ക്കലിനെ ഇവിടേക്ക് നിയമിച്ചത്.

സ്തുത്യര്‍ഹമായ നിരവധി സേവനങ്ങളിലൂടെ സഭാ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയ ശേഷമാണ് ഫാ. ജോര്‍ജ്ജ് തോമസ്‌ ലെസ്റ്ററിലെത്തിയിരിക്കുന്നത്. താമരശ്ശേരി രൂപതയില്‍ ദീര്‍ഘകാലം നീണ്ടു നിന്ന തന്‍റെ അജപാലന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാണ് ഇദ്ദേഹം ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ പുതിയ ചുമതല ഏറ്റെടുത്തിരിക്കുന്നത്. യുകെയില്‍ സീറോമലബാര്‍ വിശ്വാസികള്‍ ഏറെയുള്ള ലെസ്റ്ററില്‍ പുതിയ ആദ്ധ്യാത്മിക ഉണര്‍വ് വരുത്തുവാന്‍ ഫാ. ജോര്‍ജ്ജ് തോമസിന് കഴിയുമെന്ന വിലയിരുത്തലിലാണ് വിശ്വാസികള്‍.

1987ല്‍ പൗരോഹിത്യ വ്രതം സ്വീകരിച്ച് കുളത്തുവയല്‍ ഇടവകയില്‍ അസിസ്റ്റന്റ്റ് വികാരിയായി തുടങ്ങിയ ഫാ. ജോര്‍ജ്ജ് തോമസ്‌ തുടര്‍ന്ന് താമരശ്ശേരി രൂപതയിലെ വിവിധ ചുമതലകള്‍ ഏറ്റെടുത്ത് നിര്‍വഹിക്കുകയുണ്ടായി. താമരശ്ശേരി രൂപതയുടെ കാറ്റക്കിസം ഡയറക്ടര്‍, മിഷന്‍ ലീഗ് ഡയറക്ടര്‍, ഫിലോസഫി, തിയോളജി വിഷയങ്ങളില്‍ ബിരുദവും സോഷ്യോളജി, ഇംഗ്ലീഷ് സാഹിത്യം എന്നീ വിഷയങ്ങളില്‍ ബിരുദാനന്തരബിരുദവും ബിഎഡും കരസ്ഥമാക്കിയിട്ടുള്ള ഫാ. ജോര്‍ജ്ജ് ജോസഫ് 2005 മുതല്‍ താമരശ്ശേരി രൂപതയുടെ കീഴിലുള്ള അല്‍ഫോന്‍സ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആയി പ്രവര്‍ത്തിച്ച് വരികയായിരുന്നു. 2015ല്‍ സിബിസിഐയുടെ ബെസ്റ്റ് പ്രിന്‍സിപ്പല്‍ അവാര്‍ഡ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

താമരശ്ശേരി പിതാവ് മാര്‍. റെമിജിയൂസ് ഇഞ്ചനാനിക്കല്‍ പിതാവിന്‍റെ ആശീര്‍വാദത്തോടെ യുകെയിലേക്ക് സേവനത്തിന് എത്തിയിരിക്കുന്ന ഫാ. ജോര്‍ജ്ജ് ജോസഫിന്‍റെ അനുഭവ സമ്പത്തും സേവന മികവും യുകെയിലെ സീറോ മലബാര്‍ സഭയ്ക്കും പ്രത്യേകിച്ച് ലെസ്റ്ററിലെ വിശ്വാസി സമൂഹത്തിനും ഒരു മുതല്‍ക്കൂട്ടായി മാറുമെന്നു അച്ചനെ ഇടവകാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ പിതാവ് പറഞ്ഞു. പുതിയ ഇടയനെ ലെസ്റ്ററിലെ വിശ്വാസികള്‍ക്ക് പരിചയപ്പെടുത്താനും ഭാവി കാര്യങ്ങള്‍ സംസാരിക്കുന്നതിനുമായി മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് പാരിഷ് ഹാളില്‍ വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് പിതാവ് ഇക്കാര്യം പറഞ്ഞത്. നോട്ടിംഗ്ഹാം ബിഷപ്പിന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് മദര്‍ ഓഫ് ഗോഡ് പള്ളിയിലോ അല്ലെങ്കില്‍ മറ്റ് പള്ളികളിലോ ആയി എല്ലാ ഞായറാഴ്ചയും ലെസ്റ്ററില്‍ സീറോമലബാര്‍ കുര്‍ബാനയും വേദപഠനവും ആരംഭിക്കുമെന്നും പിതാവ് അറിയിച്ചു.

 

ലണ്ടന്‍: വിന്റര്‍ പ്രസിസന്ധി നേരിടുന്നതിനായി ലേബറിന് 500 മില്യന്‍ പൗണ്ട് സഹായം അനുവദിക്കണമെന്ന് ലേബര്‍ പാര്‍ട്ടി. ആയിരക്കണക്കിന് രോഗികള്‍ക്കുണ്ടാകാനിടയുള്ള ദുരിതങ്ങള്‍ ഒഴിവാക്കാന്‍ ഈ നടപടി അനിവാര്യമാണെന്ന് മുഖ്യ പ്രതിപക്ഷമായ ലേബര്‍ പറഞ്ഞു. നിലവിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ 10,000ത്തോളം രോഗികള്‍ ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് പുതിയ വിശകലനങ്ങള്‍ വ്യക്തമാക്കുന്നത്.

ഈ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകകയാണ് പ്രധാനമന്ത്രിയെന്നും ലേബര്‍ കുറ്റപ്പെടുത്തുന്നു. തെരേസ മേയ് മണ്ണില്‍ തല പൂഴ്ത്തിയിരിക്കുകയാണെന്ന് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്വര്‍ത്ത് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ വിന്റര്‍ എന്‍എച്ച്എസിന്റൈ ചരിത്രത്തിലെ ഏറ്റവും മോശം കാലയളവായിരുന്നു. മുമ്പില്ലാത്ത വിധത്തിലാണ് ആശുപത്രികളില്‍ രോഗികള്‍ എത്തിയത്. കാലാവസ്ഥ മോശമാകുന്നതോടെ അസുഖങ്ങള്‍ പെരുകുകയും പ്രതിസന്ധിയിലായിരിക്കുന്ന എന്‍എച്ച്എസിനെ അത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇന്ന് ലേബര്‍ സമ്മേളനത്തില്‍ നടത്തുന്ന പ്രസംഗത്തില്‍ ഇക്കാര്യങ്ങള്‍ ആഷ്വര്‍ത്ത് ഉന്നയിക്കും. ആശുപത്രികളുടെ ശേഷി ഉയര്‍ത്താന്‍ 500 മില്യന്‍ പൗണ്ട് അനുവദിക്കണമെന്നതാണ് പ്രധാന ആവശ്യം. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം വര്‍ദ്ധിപ്പിക്കണമെന്നും സോഷ്യല്‍ കെയര്‍ സര്‍വീസുകളുടെ വൈകല്യങ്ങള്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യതപ്പെടും.

ലണ്ടന്‍: പെരുമ്പാമ്പുകളെ വീട്ടില്‍ വളര്‍ത്തിയ യുവാവിനെ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഡാന്‍ ബ്രാന്‍ഡന്‍ എന്ന 31 കാരനാണ് മരിച്ചത്. ഹാന്റ്‌സിലെ ചര്‍ച്ച് ക്രൂക്ക്ഹാമിലെ വീട്ടിലാണ് ഇയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പാമ്പ് സ്‌നേഹിയായിരുന്ന ബ്രാന്‍ഡന്‍ പെരുമ്പാമ്പുകളുമായുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക്വെക്കുമായിരുന്നു. ബര്‍മീസ് പെരുമ്പാമ്പ് ഉള്‍പ്പെടെയുള്ളവ ഇയാളുടെ സംരക്ഷണയില്‍ ഈ വീട്ടിലുണ്ടായിരുന്നു. ഇയാളുടെ മരണത്തില്‍ പാമ്പുകള്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ലെങ്കിലും മരണം ഞെരുങ്ങി, ശ്വാസംമുട്ടിയാണെന്ന് ബേസിംഗ്‌സ്‌റ്റോക്ക് കൊറോണറുടെ ഓഫീസ് അറിയിച്ചു.

നവംബറില്‍ നടക്കുന്ന ഹിയറിംഗിനു ശേഷം മാത്രമേ പാമ്പുകളാണ് ഇയാളെ കൊന്നതെന്ന കാര്യം സ്ഥിരീകരിക്കാനാകൂ എന്നും കൊറോണര്‍ അറിയിച്ചു. മകന്റെ മരണത്തേക്കുറിച്ച് അമ്മയായ ബാര്‍ബറ പ്രതികരിച്ചില്ല. 31കാരനായ യുവാവ് പരിക്കുകളേറ്റ് സ്ഥലത്തു തന്നെ മരിച്ചു എന്ന സന്ദേശമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഹാംപ്ഷയര്‍ പോലീസ് അറിയിച്ചു. മരണത്തില്‍ സംശയകരമായി ഒന്നും ഇല്ലെന്നേ നിലവില്‍ പറയാനാകൂ എന്ന് പോലീസ് വ്യക്തമാക്കി.

വേള്‍ഡ് വൈഡ് ഫണ്ട് ഫോര്‍ നേച്ചറിന്റെ ധനശേഖരണാര്‍ത്ഥം ബ്രാന്‍ഡന്റേ പേരില്‍ ഒരു ജസ്റ്റ്ഗിവിംഗ് പേജ് ആരംഭിച്ചിട്ടുണ്ട്. ബ്രാന്‍ഡന്റെ സംസ്‌കാരത്തിന് ഒരു ഫോട്ടോയ്ക്കായി തിരഞ്ഞപ്പോള്‍ ഇയാള്‍ ഏതെങ്കിലും ജന്തുക്കള്‍ക്കൊപ്പം നില്‍ക്കുന്നതല്ലാതെയുള്ളതൊന്നും ലഭിച്ചില്ലെന്ന് പേജിന്റെ ബയോഗ്രഫിയില്‍ പറയുന്നു. അതുകൊണ്ടുതന്നെ ബ്രാന്‍ഡന്റെ പേരില്‍ തുടങ്ങിയ ഈ പേജ് അദ്ദേഹത്തിന് ശരിയായ സ്മാരകം തന്നെയാണെന്നും പേജ് വ്യക്തമാക്കുന്നു.

കെയ്‌റോ: ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈജിപ്റ്റിലെ പിരമിഡുകളില്‍ ഒളിച്ചിരിക്കുന്ന അതിശയങ്ങള്‍ ഒട്ടേറെയാണ്. പുരാതന ഈജിപ്റ്റിലെ ഭരണാധികാരികളായിരുന്ന ഫറവോമാരുടെ ശവകുടീരങ്ങളായ പിരമിഡുകള്‍ വമ്പന്‍ പാറകള്‍ ഉപയോഗിച്ചാണ് നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍ ഇവ നില്‍ക്കുന്ന മരുഭൂമിയുടെ സമീപത്ത് ഇത്തരം പാറകള്‍ ഇല്ല എന്നതാണ് ഗവേഷകരെയും പിരമിഡ് കാണാനെത്തുന്ന സഞ്ചാരികളെയും അതിശയിപ്പിച്ചിരുന്നത്. ഏറ്റവും വലിയ പിരമിഡ് ആയ ഗ്രേറ്റ് പിരമിഡ് നിര്‍മിച്ചരിക്കുന്നത് 1,70,000 ടണ്‍ പാറകള്‍ കൊണ്ടാണ്. ഈ പാറകള്‍ ഇവിടെ എത്തിച്ചതിന്റെ രഹസ്യം കണ്ടെത്താന്‍ കഴിഞ്ഞുവെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ഗിസയിലെ ഗ്രേറ്റ് പിരമിഡ് നിര്‍മിക്കാന്‍ ആവശ്യമായ പാറ എട്ട് മൈല്‍ അകലെ നിന്ന് എത്തിച്ചുവെന്നാണ് ഗവേഷകര്‍ കരുതുന്നത്. എന്നാല്‍ ഇതിന്റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്ന ഗ്രാനൈറ്റ് 500 മൈല്‍ അകലെ മാത്രമാണ് ഉള്ളത്. 4000 വര്‍ഷങ്ങള്‍ക്കു മുമ്പ് 2550 ബിസിയില്‍ നിര്‍മിച്ച ഈ പിരമിഡിനു വേണ്ടി ഗ്രാനൈറ്റ് ഇത്രയും ദൂരം എങ്ങനെയായിരിക്കും കൊണ്ടുവന്നിരിക്കുക എന്നതിന്റെ വിവരങ്ങള്‍ ലഭിച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ഇത്രയും കാലം ഗവേഷകര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായിരുന്ന ഒരു പ്രശ്‌നത്തിനു കൂടിയാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്.

ഗിസ പിരമിഡിനു സമീപം നടത്തിയ ഉല്‍ഖനനത്തില്‍ ലഭിച്ച പാപ്പിറസ് ചുരുളുകളും ഒരു ബോട്ടിന്റെ അവശിഷ്ടങ്ങളും പിരമിഡിന് അടുത്തേക്കുണ്ടായിരുന്ന ജലയാത്രാ സൗകര്യത്തെക്കുറിച്ചുള്ള തെളിവുകളുമാണ് ഈ രഹസ്യത്തിന്റെ ചുരുള്‍ അഴിക്കുന്നത്. ലോകത്ത് ലഭിച്ചതില്‍ ഏറ്റവും പഴക്കമുള്ള പാപ്പിറസ് ചുരുളാണ് ഇതെന്നും നാല് വര്‍ഷത്തോളം ഇതില്‍ പഠനങ്ങള്‍ നടത്തിയ പിയര്‍ ടെയില്‍ എന്ന ഗവേഷകന്‍ വ്യക്തമാക്കി. നൈല്‍ നദിയില്‍ നിന്ന് പിരമിഡ് നില്‍ക്കുന്ന സ്ഥലത്തേക്ക് നിര്‍മിച്ച കനാലുകളിലൂടെയാണ് പ്രത്യേകം രൂപകല്‍പന ചെയ്ത വള്ളങ്ങളില്‍ ഈ പാറകള്‍ എത്തിച്ചതെന്നാണ് കരുതുന്നത്.

മെറെര്‍ എന്നയാളാണ് ഈ പാപ്പിറസ് ലിഖിതങ്ങള്‍ എഴുതിയത്. ആയിരക്കണക്കിന് ആളുകള്‍ ചേര്‍ന്നാണത്രേ പാറകള്‍ കനാലുകളിലൂടെ ഇവിടെ എത്തിച്ചത്. വടങ്ങള്‍ ഉപയോഗിച്ച് ബന്ധിച്ചിരുന്ന വള്ളങ്ങളില്‍ ചിലത് കേടുപാടുകള്‍ കാര്യമായി ഇല്ലാത്ത വിധത്തില്‍ ലഭിച്ചുവെന്നും ഗവേഷകര്‍ പറഞ്ഞു.

മലയാളംയുകെ ന്യൂസ് ടീം

സാലിസ്ബറി: സാലിസ്ബറി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണം കഴിഞ്ഞ ശനിയാഴ്ച്ച, ഇരുപത്തിമൂന്നാം തിയതി ആൽഡർ ബെറി വില്ലേജ് ഹാളിൽ വച്ച് നടന്നു. അസോസിയേഷൻ പ്രസിഡന്റ ഷിബു ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മുഖ്യാതിഥിയായ സാലിസ്ബറി മേയർ ജോൺ ലിൻഡ്‌ലി നിലവിളക്ക് കൊളുത്തി ഉത്‌ഘാടനം ചെയ്തു. സാലിസ്ബറി സെന്റ് ഓസ്‍മൻഡ് സ്‌കൂൾ ഹെഡ് ടീച്ചർ റിച്ചാർഡ്‌സ് സാൻഡേഴ്സൺ, യുക്മ സാംസ്ക്കാരിക വേദി സെക്രട്ടറിയും നാടക നടനുമായ ജെയ്‌സൺ ജോർജ്, സെന്റ് ഓസ്മാൻഡ് അസിസ്റ്റന്റ് വികാരി ഫാദർ സജി നീടൂർ, യുക്മ നാഷണൽ വൈസ് പ്രസിഡന്റ് സുജു ജോസഫ്, യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി എൻ ഡി പത്മരാജ്, അസോസിയേഷൻ സെക്രട്ടറി സിൽവി ജോസ്, ട്രെഷറർ സെബാസ്റ്റ്യൻ ചാക്കോ, നാട്ടിൽ നിന്നും വന്നിട്ടുള്ള മാതാപിതാക്കളും സന്നിഹിതരായിരുന്നു. ശ്രീമതി സിൽവി ജോസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ജോയിന്റ് ട്രെഷറർ കുര്യാച്ചൻ സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കുകയും ചെയ്‌തു.  ക്ഷണം സ്വീകരിച്ചു എത്തിച്ചേർന്ന അതിഥികൾക്ക് അസോസിയേഷൻ ഭാരവാഹികൾ ഒത്തുചേർന്ന് ഉപഹാരം സമ്മാനിച്ചു. വൈസ് പ്രസിഡന്റ് മേഴ്‌സി സജീഷിന്റെ നന്ദി പ്രകാശനത്തോടെ ഔദ്യോഗിക പരിപാടികളുടെ സമാപനം കുറിച്ചു.

കുട്ടികളും മുതിർന്നവരും വ്യത്യസ്തങ്ങളായ പല പരിപാടികളുമായി എസ് എം എ യുടെ 2017 ഓണാഘോഷം മനോഹരമാക്കി. താലപ്പൊലിയെന്തിയ പെൺകുട്ടികളും, വിശിടാതിഥികളും  ചേർന്ന് മാവേലി മന്നനെ പുലികളിയോടും ചെണ്ടമേളത്തിന്റെ അകമ്പടിയോടുകൂടി വേദിയിലേക്ക് ആനയിച്ചു. കേരളതനിമ വിളിച്ചോതുന്ന തീം ഡാൻസുമായി കുട്ടികൾ സ്റ്റേജിൽ എത്തിയപ്പോൾ കേരളത്തിൽ എത്തിയ പ്രതീതി എല്ലാവരുടെയും മുഖത്തു തെളിഞ്ഞു കാണുമാറായി..

ജോസ് ആൻ്റണി,  സജീഷ് കുഞ്ചെറിയാ, സന്തു ജോർജിന്റെയും നേതൃത്തത്തിൽ എല്ലാ വർഷത്തെയും പോലെ നാടൻ വാഴയിലയിൽ ആവി പറക്കുന്ന ചോറും രുചിഭേദങ്ങളുടെ മാസ്മരികത തെളിയിച്ച കറികളുമായി ഓണസദ്യ എല്ലാവരും ഒന്നുപോലെ ആസ്വദിച്ചു. ഓണസദ്യ കഴിച്ച എല്ലാവരും ഫുഡ് കമ്മിറ്റി അംഗങ്ങളെ അഭിനന്ദിക്കാൻ മറന്നില്ല എന്നത് ഓണസദ്യയുടെ ഏറ്റവും വലിയ വിജയമായി.

തിരുവാതിരയും എസ് എം എ യുടെ ചുണ്ടൻ വള്ളം തുഴഞ്ഞുള്ള വള്ളം കളിയും വേറിട്ട കാഴ്ച്ചയായപ്പോൾ പങ്കെടുത്തത് അസോസിയേഷനിലെ പിഞ്ചുകുട്ടികൾ  മുതൽ മുതിർന്നവർ വരെ…  ഈ ഓണാഘോഷം എല്ലാവരും കയ്യടിച്ചും ഡാൻസുകളിച്ചും ആണ് ആസ്വദിച്ചത്. വളരെ മനോഹരമായി ഈ വർഷത്തെ ഓണാഘോഷം കോർഡിനേറ്റു ചെയ്തത് കുര്യച്ചൻ സെബാസ്റ്റിയൻ, മേഴ്‌സി സജീഷ്,സിൽവി ജോസ് എന്നിവർ ചേർന്നാണ്. മനോഹരമായ സ്റ്റേജിന്റെയും ഹാളിന്റെയും അത്തപൂക്കളത്തിന്റെയും മേൽനോട്ടം എം പി പത്മരാജനും, സ്റ്റാലിൻ സണ്ണിക്കും, ജിനോയിസിനും, ബിജു മൂന്നാനപ്പള്ളിക്കും ആയിരുന്നു.

വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ ‘ജിമിക്കി കമ്മല്‍’ എന്ന ഗാനം ഇതിനോടകം ഹിറ്റ് ആയിട്ടുണ്ട്. എന്നാല്‍ സാലിസ്ബറി മലയാളീ അസോസിയേഷന്‍ അവതരിപ്പിച്ച ഈ ഡാന്‍സ് യൂട്യൂബില്‍ ഇട്ട ഒരു ദിവസത്തിനകം ഏഴായിരത്തില്‍ അധികം ആളുകള്‍ ഇതിനോടകം കണ്ടു കഴിഞ്ഞു. കലാതിലകം മിന്നാ ജോസ്, സോനാ ജോസ്, ദിയ സജീഷ്, രേഷ്മ ലൂയിസ് എന്നിവര്‍ ജിമിക്കി കമ്മല്‍ എന്ന പാട്ടു ആടിതകര്‍ത്തപ്പോള്‍,സാലിസ്ബറിയിലെ ഫിസിയോ തെറാപ്പിസ്റ്റുകളായ എം പി പത്മരാജ്,ജിനോ ജോസ്,ഷറഫ് അഹമ്മദ് എന്നിവര്‍ കുറച്ചു ആക്ഷനും കോമഡിയും ചേര്‍ത്ത് ആണ് ‘എന്റമ്മേടെ ജിമിക്കി കമ്മല്‍ ‘ സ്റ്റേജില്‍ അവതരിപ്പിച്ചത്. കുട്ടികളും മുതിര്‍ന്നവരും എല്ലാം മറന്നു കയ്യടിക്കുന്നതും ചിരിക്കുന്നതും കാണാമായിരുന്നു. ഈ ദൃശ്യങ്ങള്‍ പകര്‍ത്തി എഡിറ്റു ചെയിതു യൂട്യുബില്‍ ഇട്ടതു സ്റ്റാലിന്‍ സണ്ണിയാണ്. മനോഹരമായ വീഡിയോ കാണാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക.

[ot-video][/ot-video]

 

പുതിയ അസോസിയേഷന്‍ അംഗങ്ങളെ എല്ലാവര്ക്കും പരിചയപ്പെടുത്തുകയും ഈ മാസം ജന്മദിനവും വിവാഹവാര്‍ഷികവും ആഘോഷോക്കുന്നവര്‍ സ്റ്റേജില്‍ വന്നു കേക്ക് മുറിക്കുകയും ചെയ്തു.ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കുകയും ഇതിന്റെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രോഗ്രാം കോഡിനേറ്റര്‍ ഷീന ജോബിന്‍ നന്ദി പറഞ്ഞു.ദേശീയഗാനത്തോടെ ഈ വര്‍ഷത്തെ ഓണാഘോഷം അവസാനിച്ചു.

 

 

ഭാരത് ആശുപത്രിയിൽ സമരം നടത്തിവന്ന മുഴുവൻ നഴ്സുമാരെയും പിരിച്ചുവിട്ടു. 60 നഴ്സുമാരെയാണ് പിരിച്ചുവിട്ടത്. വിവിധ ആവശ്യങ്ങളുന്നയിച്ച് നടത്തിവന്ന സമരം 50 ദിവസം പിന്നിടുമ്പോഴാണ് മാനേജ്മെന്‍റിന്‍റെ ഈ നടപടി. എന്നാൽ ആശുപത്രിയിൽ നിന്ന് ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നും, കരാർ അവസാനിച്ച നഴ്സുമാരെ അത് പുതുക്കാൻ അനുവദിക്കാതിരിക്കുക മാത്രമാണ് ചെയ്തതെന്നും ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു.

ബ്രിട്ടണിലെ കുപ്രസിദ്ധ ബാലപീഡകന് അവസാനം കിട്ടിയത് ആജീവനാന്ത ജയില്‍ശിക്ഷ. നൂറുകണക്കിന് ചെറിയ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിട്ടുള്ള റിച്ചാര്‍ഡ് ഹക്കിളിന് കോടതി 22 ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്.

ബ്രിട്ടീഷ് കൗണ്‍സിലിന്റെ മലേഷ്യയിലെ പ്രചാരകനായിരുന്നു റിച്ചാര്‍ഡ് ഹക്കിള്‍. ഇയാള്‍ ബാലപീഡകനാണെന്ന് പിന്നീടാണ് വെളിപ്പെടുന്നത്. ബിബിസിയിലെ ബ്രോനാഗ് മണ്‍റോ ഇയാളെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററിയിലൂടെയാണ് ഒട്ടേറെ കാര്യങ്ങള്‍ വെളിപ്പെട്ടത്.ഗ്യാപ് സ്റ്റുഡന്റ് വേഷത്തില്‍ ഏഷ്യയിലെ പല രാജ്യങ്ങളിലും ചുറ്റിക്കറങ്ങിയ ഇയാള്‍ കുട്ടികള ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

RECENT POSTS
Copyright © . All rights reserved