അവസരോചിതമായി ഇടപെട്ട പൈലറ്റ്, വിമാനം റൺവേയിലേക്ക് എത്തിച്ചു നിർത്തിയതോടെ ഒഴിവായതു വൻ ദുരന്തം. യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. വിമാനത്താവളത്തിൽ വലിയ വിമാനങ്ങളുടെ സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി ഡിജിസിഎ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്ന സമയത്തുതന്നെയായിരുന്നു അപകടം.
ദുബായിലേക്കു യാത്രതിരിക്കാൻ റൺവേയിലേക്കു പോയതായിരുന്നു എഐ 937 വിമാനം. ടേക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുൻപ് വിമാനത്തിൽനിന്നു ശബ്ദമുണ്ടായി. എൻജിനിൽ ഒന്നു കേടായെന്ന വിവരം പൈലറ്റ് എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തെ അറിയിച്ചു. വിമാനം മുന്നോട്ടു കുതിക്കുന്നതിനിടെ യന്ത്രഭാഗങ്ങൾ തകർന്നു ചെറുഭാഗങ്ങളായി റൺവേയിലേക്കു വീണുകൊണ്ടിരുന്നു. വിമാനത്തിന്റെ നിയന്ത്രണം വലതുവശത്തെ എൻജിനിലേക്കു മാറ്റിയതിനൊപ്പം ഇടതുവശത്തേക്കു തെന്നിയ വിമാനം റൺവേ പരിധിവിട്ടു പുറത്തേക്കുനീങ്ങി.
വശങ്ങളിൽ റൺവേ കാണാൻ സ്ഥാപിച്ച ലൈറ്റുകളിലൂടെയും ചെറിയ തറകളിലൂടെയും കയറിയിറങ്ങിയതോടെ വിമാനത്തിന്റെ ഇടതുവശത്തെ ചക്രങ്ങളിൽ ഉൾഭാഗത്തേതു പൊട്ടിത്തെറിച്ചു. വലത്തോട്ടു മാറ്റാനായതിനാൽ വിമാനം റൺവേയുടെ മധ്യത്തിലെത്തിച്ചു നിർത്താൻ പൈലറ്റിനു കഴിഞ്ഞു. അപകടമുണ്ടായാൽ രക്ഷാപ്രവർത്തനം നടത്താൻ അഗ്നിശമന സേനയും ആംബുലൻസുകളും മറ്റും ഈ സമയത്തിനകം വിമാനത്തിനു ചുറ്റും നിരന്നു. പിന്നീട്, ടാക്സി ബേയിലൂടെ ഏപ്രണിൽ എത്തിച്ച് യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി.
റൺവേയിൽ ചിതറിയ യന്ത്രഭാഗങ്ങൾ വൃത്തിയാക്കാൻ റൺവേ ഒന്നര മണിക്കൂർ അടച്ചിട്ടു. പിന്നീടാണു വിമാന സർവീസുകൾ ആരംഭിച്ചത്. അപകടത്തിൽപെട്ട വിമാനത്തിലെ യാത്രക്കാരെ മറ്റൊരു വിമാനമെത്തിച്ച് കൊണ്ടുപോകുമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.