Main News

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് കടുത്ത നിലപാടുമായി ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ നടപടി തുടരുന്നതിനിടെ ഇക്കാര്യത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ രംഗത്ത്. ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന നടത്തണമായിരുന്നുവെന്നും മൂന്നാറില്‍ ജാഗ്രതക്കുറവുണ്ടായെന്നും ആണ് പിണറായി വ്യക്തമാക്കിയിരിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടറുടെ ഓഫീസില്‍ നേരിട്ട് വിളിച്ച് മുഖ്യമന്ത്രിയുടെ അതൃപ്തി അറിയിച്ചതായാണ് സൂചനകള്‍. ശക്തമായ അതൃപ്തി അറിയിച്ചുകൊണ്ടാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കുരിശ് എന്തു പിഴച്ചുവെന്നാണ് ഇന്നലെ കുരിശ് പൊളിച്ചതിനെതിരെ പിണറായിയുടെ പ്രതികരണം. കുരിശ് തകര്‍ത്ത് ഒഴിപ്പിക്കല്‍ നടത്തിയതില്‍ അതൃപ്തിയുണ്ട്. കുരിശില്‍ കൈവയ്ക്കുമ്പോള്‍ സര്‍ക്കാരിനോട് ആലോചിക്കണമായിരുന്നു. കുരിശ് സര്‍ക്കാര്‍ പൊളിച്ചുവെന്ന പ്രതീതിയാണ് ഉണ്ടാക്കിയത്. ബാക്കി നടപടികള്‍ നാളെ പറയാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതോടെ സബ്കളക്ടര്‍ ശ്രീറാമിനെ മാറ്റിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നു. കയ്യേറ്റക്കാരുടെ പക്ഷത്തുനില്‍ക്കുന്നവരുടെ ഏറെക്കാലത്തെ ആവശ്യമാണിത്.

അനധികൃത കയ്യേറ്റം ഒഴിപ്പിക്കുന്നുവെന്ന പേരില്‍ ഇടുക്കി ജില്ലാ കലക്ടര്‍ ജി.ആര്‍. ഗോകുലും സബ് കലക്ടര്‍ വി. ശ്രീറാമും ചെയ്യുന്നത് തെമ്മാടിത്തരമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ ഇന്ന് പ്രസ്താവിച്ചിരുന്നു. 100 പൊലീസുകാരെ വിളിച്ചുകൊണ്ടുവന്ന് ഒഴിപ്പിക്കല്‍ നടത്തുന്നതു ശരിയല്ല. ദുഃഖഃവെള്ളിയാഴ്ച പ്രര്‍ഥിക്കാന്‍ സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. സര്‍ക്കാരിനെതിരെ ജനങ്ങളെ തിരിച്ചുവിടുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. സബ് കലക്ടറും മാധ്യമങ്ങളും ഭരണം കൈയേറാമെന്ന് കരുതേണ്ടെന്ന മുന്നറിയിപ്പും ജയചന്ദ്രന്‍ നല്‍കി.

പാപ്പാത്തിമലയിലെ ഭീമന്‍ കുരിശ് പൊളിച്ചതിനെതിരെ സിപിഐഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ്. രാജേന്ദ്രനും എതിര്‍പ്പുമായി എത്തിയിരുന്നു. നേരത്തേ മുതലേ സബ്കളക്ടര്‍ക്കെതിരെ ജില്ലയില്‍ സി.പി.എം നേതൃത്വം ശക്തമായ വിമര്‍ശനമാണ് അഴിച്ചുവിടുന്നത്. ഇന്ന് അത് രൂക്ഷമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയും പരസ്യ നിലപാടുമായി എത്തുന്നത്.

പൊലീസും സബ്കളക്ടറും ജനങ്ങളെ പേടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കൈയേറ്റമുണ്ടെങ്കില്‍ അത് ഒഴിപ്പിക്കണം. അല്ലാതെ പകരം കുരിശ് പൊളിക്കാന്‍ തയ്യാറാകുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് മറ്റുള്ളവര്‍ പ്രവേശിക്കുന്നത് വിലക്കിയാല്‍ മതി. മൂന്നാറില്‍ യുദ്ധമൊന്നും ഇല്ലല്ലോ 144 പ്രഖ്യാപിക്കാനെന്നും രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.
കൈയേറിയ സ്ഥലം തിരിച്ചെടുക്കുന്നതില്‍ വലിയ അത്ഭുതമൊന്നും സൃഷ്ടിക്കേണ്ടതില്ല. സിനിമ പോലുള്ള സാഹചര്യമൊരുക്കി ഈ പൊളിക്കല്‍ എന്തിനാണെന്ന് മനസിലാകുന്നില്ല. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇത്തരത്തിലുള്ള സമീപനം സ്വീകരിച്ചതിനോട് യോജിപ്പില്ല. സ്ഥലം ഏറ്റെടുത്ത് പ്രാര്‍ത്ഥനയ്ക്ക് പോകുന്നത് നിരോധിച്ചാല്‍ മതിയായിരുന്നു, പകരം കുരിശ് പൊളിച്ചത് ലോകമെങ്ങുമുള്ള ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് വേദനയുണ്ടാക്കുന്ന ദൃശ്യങ്ങള്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗമായുള്ളവര്‍ ഇതിന് പോകാന്‍ പാടില്ല. വിശ്വാസമാണ് മുന്നിലുള്ളത്. അതിനെ ഇല്ലാതാക്കാന്‍ പാടില്ല. കുരിശ് തകര്‍ത്താലും വിശ്വാസത്തെ തകര്‍ക്കാനാവില്ല. ഉദ്യോഗസ്ഥര്‍ക്ക് തിന്നിട്ട് ദഹിക്കുന്നില്ലെങ്കില്‍ നന്നായി അധ്വാനിക്കുകയാണ് വേണ്ടത്. അല്ലാതെ മറ്റുള്ളവരെ ദ്രോഹിക്കുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.

അതേസമയം, റവന്യൂ അധികാരികളുടെ കയ്യേറ്റമൊഴിപ്പിക്കല്‍ തടയാനായും ഇന്ന് ശ്രമം നടന്നിരുന്നു. വഴിയിലുടനീളം ഇവരെ തടയാനായുള്ള ശ്രമങ്ങള്‍ നടന്നു. മാര്‍ഗതടസമുണ്ടാക്കാനായി വഴിയില്‍ വാഹനങ്ങള്‍ കൊണ്ടിട്ടിരുന്നു. ജെസിബി ഉപയോഗിച്ച് വഴിയിലുണ്ടായിരുന്ന വാഹനങ്ങള്‍ മാറ്റിയതിന് ശേഷമാണ് സംഘം മുന്നോട്ട് നീങ്ങിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ജെസിബി അടക്കമുള്ള വന്‍ സന്നാഹത്തോടെയാണ് ഒഴിപ്പിക്കല്‍ സംഘം കൈയേറ്റ ഭൂമിയില്‍ എത്തിയത്. പ്രതിബന്ധങ്ങളെല്ലാം മറികടന്ന് പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശ് റവന്യൂസംഘം പൊളിച്ചുമാറ്റുകയായിരുന്നു.
ഇതിനിടെ മൂന്നാറില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിച്ച കുരിശ് തകര്‍ത്ത റവന്യൂ വകുപ്പ് അധികൃതര്‍ക്ക് പിന്തുണയുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് തന്‍റെ പിന്തുണ ഇദ്ദേഹം അറിയിച്ചത്. കേരളത്തില്‍ ഒരു സ്ഥലത്ത് തോമാസ്ലീഹയുടെ കാലത്തെ ഒരു കുരിശ് കണ്ടെത്തി എന്ന് പറഞ്ഞ് കുറെ നേതാക്കള്‍ പാവപ്പെട്ട വിശ്വാസികളെ സംഘടിപ്പിച്ച് ആ പ്രദേശം വെട്ടിപ്പിടിച്ചു. കൈയേറ്റ തിരക്കില്‍ തോമഗ്ലീഹയുടെ കാലത്ത് സിമന്റ് കുരിശ് ഇല്ലായിരുന്നു എന്ന് ചിന്തിക്കാനുള്ള ബുദ്ധി പോലും ആര്‍ക്കും ഉണ്ടായില്ല. ഇതു തന്നെയാണ് മൂന്നാറിലും ഉണ്ടായിരിക്കുന്നത്. ആ കുരിശ് ഇന്ന് നീക്കപ്പെട്ടപ്പോള്‍ ഏറ്റവും സന്തോഷിച്ചത് യേശുക്രിസ്തു തന്നെയായിരിക്കും. മൂന്നാര്‍ ദൗത്യത്തിന് അഭിവാദ്യങ്ങള്‍, നമുക്ക് അവസാനം ഒരു റവന്യൂ മന്ത്രി ഉണ്ടായിരിക്കുന്നുവെന്നും കുറച്ചാണ് ഭദ്രാസനാധിപന്‍ ഫെയ്‌സബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റ്‌ താഴെ

ലണ്ടന്‍: കുടിയേറ്റ നയത്തില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഇളവുകള്‍ വേണമെന്ന ആവശ്യം പ്രധാനമന്ത്രി അംഗീകരിച്ചതായി സൂചന. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പാര്‍ട്ടിക്കുള്ളില്‍ ഐക്യം നിലനിര്‍ത്തേണ്ടത് ആവശ്യമായതിനാല്‍ ഗത്യന്തരമില്ലാതെ മേയ് ഇക്കാര്യം അംഗീകരിച്ചുവെന്നാണ് വിവരം. കുടിയേറ്റം നിരുത്സാഹപ്പെടുത്തുന്നതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ എണ്ണത്തിലും നിയന്ത്രണമേര്‍പ്പെടുത്താനായിരുന്നു സര്‍ക്കാര്‍ നീക്കം. വിദ്യാര്‍ത്ഥികളെ കുടിയേറ്റക്കാരായി കാണാനാവില്ലെന്ന നയത്തിനെതിരെ ടോറി അംഗങ്ങള്‍ തന്നെ രംഗത്തെത്തിയിരുന്നു.

വിദ്യാര്‍ത്ഥികളെ പഠന കാലയളവില്‍ കുടിയേറ്റക്കാരായി പരിഗണിക്കമെന്നും ആനുകൂല്യങ്ങള്‍ നല്‍കണമെന്നും ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബില്ലില്‍ ഭേദഗതി നിര്‍ദേശിച്ചിരുന്നു. ഇതിനെതിരെ വോട്ട് ചെയ്യണമെന്നായിരുന്നു കോമണ്‍സില്‍ ടോറി വിപ്പ് നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നിര്‍ദേശത്തിനി സ്വന്തം അംഗങ്ങളില്‍ നിന്നു പോലും മേയ്ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നു. തെരഞ്ഞെടുപ്പു കൂടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിമത നീക്കം തടയാനായി ബില്ലിനുമേലുള്ള കടുംപിടിത്തം സര്‍ക്കാര്‍ ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

കുടിയേറ്റ നയത്തിലെ മാറ്റം മൂലം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. സെപ്റ്റംബറിലെ കണക്കനുസരിച്ച് 41,000 വിദ്യാര്‍ത്ഥികളുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഈ പ്രവണത തുടര്‍ന്നാല്‍ യൂണിവേഴ്സിറ്റികള്‍ ട്യൂഷന്‍ ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കകളും നിലവിലുണ്ടായിരുന്നു.

ലണ്ടന്‍: യുകെയില്‍ അമിത വേഗതയില്‍ വാഹനമോടിക്കുന്നവര്‍ക്കുള്ള പിഴ അടുത്തയാഴ്ച മുതല്‍ വര്‍ദ്ധിപ്പിക്കുന്നു. ഏപ്രില്‍ 24 മുതല്‍ അമിത വേഗതയ്ക്ക് പിടിക്കപ്പെടുന്നവര്‍ക്ക് 2500 പൗണ്ട് വരെ പിഴ ലഭിക്കും. നിലവില്‍ പരമാവധി 1000 പൗണ്ട് വരെയാണ് പിഴ. നിലവിലുള്ള ശിക്ഷകള്‍ അമിത വേഗത മുലമുണ്ടാകുന്ന അപകടങ്ങളേക്കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് വേണ്ടത്ര അവബോധം നല്‍കുന്നില്ലെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് പിഴ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ വര്‍ഷം എടുത്ത തീരുമാനം അടുത്തയാഴ്ച മുതല്‍ നടപ്പിലാകും.

പരമാവധി സ്പീഡ് ലിമിറ്റിനു മുകളില്‍ വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ പ്രതിവാര വരുമാനത്തിന്റെ 150 ശതമാനമാനമായിരിക്കും ഇനി മുതല്‍ നല്‍കേണ്ടിവരുന്ന ശിക്ഷ. നിലവിലുള്ള 100 ശതമാനത്തില്‍ നിന്നാണ് ഇത്രയും വര്‍ദ്ധനവ് വരുത്തുന്നത്. ഡ്രൈവിംഗ് ലൈസന്‍സില്‍ പെനാല്‍റ്റി പോയിന്റുകളും ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള കടുത്ത ശിക്ഷകളും ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നാണ് വിവരം. കുറ്റകരമായ വിധത്തിലുള്ള ഡ്രൈവിംഗ് ശീലങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കടുത്ത ശിക്ഷകള്‍ നടപ്പില്‍ വരുന്നത്.

ഡ്രൈവര്‍മാര്‍ക്ക് പിഴ നല്‍കാന്‍ തീരുമാനിക്കുന്നത് മൂന്നു വിധത്തിലാണ്. ബാന്‍ഡ് എ അനുസരിച്ച് പ്രതിവാര വരുമാനത്തിന്റെ പകുതി പിഴയായി ഈടാക്കും. ബാന്‍ഡ് ബിയില്‍ മുഴുവന്‍ വരുമാനവും പിഴയായി നല്‍കേണ്ടി വരും. ബാന്‍ഡ് സിയില്‍ വരുമാനത്തിന്റെ 150 ശതമാനം അധികം തുകയും നല്‍കേണ്ടി വരും. അമിത വേഗത അപകടങ്ങള്‍ ഉണ്ടാക്കുക മാത്രമല്ല തങ്ങളുടെ പോക്കറ്റുകള്‍ കാലിയാക്കുമെന്നുകൂടിയുള്ള തിരിച്ചറിവ് ഡ്രൈവര്‍മാരെ കൂടുതല്‍ ബോധവാന്‍മാരാക്കുമെന്നാണ് വിലയിരുത്തല്‍.

ഡോ.ജോണ്‍സണ്‍ വാലയില്‍ ഇടിക്കുള,
(ജനറല്‍ സെക്രട്ടറി,
വേള്‍ഡ് പീസ് ചെയിന്‍ പ്രമോഷണല്‍ കൗണ്‍സില്‍)

മൂന്നാം ലോകമഹായുദ്ധത്തിനു വഴിതെളിയുന്നതിന്റെ സൂചനയാണോ നോര്‍ത്ത് കൊറിയയും അമേരിക്കയും തുടക്കം കുറിച്ച യുദ്ധസന്നാഹം? ഒരു പക്ഷെ സാധാരണക്കാര്‍ അറിയും മുമ്പേ ഭൂതലത്തെ ദുരന്തം വിഴുങ്ങുമോ എന്ന് ഭയപ്പെടുന്നു? അന്താരാഷ്ട്ര സമുദ്രമായ South China Sea-യില്‍ ചൈന സ്ഥാപിച്ച പുതിയ സൈനികത്താവളം രാജ്യാന്തര വ്യാപാരത്തിനു ഭീഷണി എന്ന കാരണത്താല്‍ ചൈനയുടെ സമുദ്രാതിര്‍ത്തിയില്‍ അമേരിക്കയുടെയും ഇന്‍ഡ്യയുടെയും ജപ്പാന്റെയും യുദ്ധക്കപ്പലുകള്‍ സൈനിക ഉപരോധം തീര്‍ത്തിരിക്കുന്നു.

മറുവശത്തായി ചൈനയുടെ ഉത്തരാതിര്‍ത്തിയിലുള്ള ഉത്തരകൊറിയയിലെ സ്വേഛാധിപതി കിം ജോംഗ് ഉന്‍ ചൈനയുടെ സഹായത്തോടെ ആധുനിക മിസൈല്‍ ഉപയോഗിച്ച് അമേരിക്കയുടെ പസഫിക്കു തീരത്തെയും ന്യൂയോര്‍ക്ക് നഗരത്തെയും അണുബോംബിനാല്‍ തകര്‍ക്കും എന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്നു. ഈ ഭീഷണിയെ നേരിടാന്‍ വേണ്ടി അമേരിക്കയുടെ ആധുനികമായ യുദ്ധവിമാനങ്ങളും അണുവായുധ ബോംബര്‍ വിമാനങ്ങളും തെക്കേ കൊറിയയില്‍ സന്നദ്ധമായി നില ഉറപ്പിച്ചിരിക്കുന്നു. ഉത്തര കൊറിയയുമായുള്ള സൈനിക ഏറ്റുമുട്ടല്‍ കേവലം 30 മൈല്‍ വിദൂരതയിലുള്ള ദക്ഷിണ കൊറിയയിലെ 10 മില്ല്യണ്‍ നിവാസികളുടെ (10000000) നാശത്തിനിട വരുത്തുമെന്നും അത് ചൈനയുമായുള്ള തുറന്ന അണുവായുധ യുദ്ധത്തില്‍ കലാശിക്കുമെന്നും ഭയപ്പെടുന്നു.

ചരിത്രത്തില്‍ ആദ്യമായി 4 പ്രമുഖ അണുവായുധ ശക്തികള്‍ – ഇന്ത്യ ഉള്‍പ്പടെ – ഇരുവശത്തും ഏറ്റുമുട്ടുവാന്‍ തയ്യാറായി നിലകൊള്ളുന്നു. കുറഞ്ഞ പക്ഷം അമേരിക്ക , ചൈന, ഉത്തരകൊറിയ, ദക്ഷിണ കൊറിയ, ജപ്പാന്‍, ഇന്ത്യ, എന്നീ രാജ്യങ്ങളിലെ വലിയൊരു ജനസംഖ്യ അണുവായുധ നാശത്തെ നേരിടേണ്ടി വരും. 2017-18 വര്‍ഷങ്ങളെ കുറിച്ച് 1500 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് ജ്യോതിഷ ശാസ്ത്രഞ്ജന്‍ നോസ്ട്രഡാമസ് നടത്തിയ ഒരു പ്രവചനം ശരിവെക്കുന്ന സൂചനകള്‍ ലോകത്ത് കാണുന്നു .രണ്ടു വന്‍ശക്തികള്‍ തുടങ്ങിവയ്ക്കുന്ന തര്‍ക്കം 27 വര്‍ഷം നീളുന്ന മൂന്നാം ലോകമഹായുദ്ധത്തിനു വഴിതെളിക്കും എന്നാണത്രെ അദ്ദേഹം പറഞ്ഞിരിക്കുന്നത്.

നിലവിലെ അമേരിക്ക ഉത്തരകൊറിയ സംഘര്‍ഷങ്ങള്‍ കാണുമ്പോള്‍ ഈ പ്രവചനം സത്യമാകാന്‍ ആണ് സാധ്യത. ഈ മഹാനാശത്തെ കുറിച്ച് വി. ബൈബിളില്‍ പ്രവാചകനായ യിരമ്യാവ് മുന്നറിയിച്ചത് ചുവടെ ചേര്‍ക്കുന്നു: ‘ഞാന്‍ ഭൂമിയെ നോക്കി. അതിനെ പാഴും ശൂന്യവുമായി കണ്ടു. ഞാന്‍ ആകാശത്തെ നോക്കി. അതിനു പ്രകാശം ഇല്ലാതെ ഇരുന്നു. ഞാന്‍ പര്‍വ്വതങ്ങളെ നോക്കി, അവ വിറയ്ക്കുന്നതു കണ്ടു. കുന്നുകള്‍ എല്ലാം ആടിക്കൊണ്ടിരുന്നു. ഞാന്‍ നോക്കി, ഒരു മനുഷ്യനെയും കണ്ടില്ല. ആകാശത്തിലെ പക്ഷികള്‍ ഒക്കെയും പറന്നു പോയിരുന്നു. ഞാന്‍ നോക്കി ഉദ്യാനം മരുഭൂമി ആയിരിക്കുന്നതു കണ്ടു. അതിലെ പട്ടണങ്ങളൊക്കെയും യഹോവയാല്‍ അവന്റെ ഉഗ്രകോപം ഹേതുവായി ഇടിഞ്ഞു പോയിരുന്നു.’

ദൈവപുത്രനായ യേശുക്രിസ്തു അരുളിച്ചെയ്തത്:
‘ലോകാരംഭം മുതല്‍ ഇന്ന് വരെയും സംഭവിച്ചിട്ടില്ലാത്തതും ഇനി മേല്‍ സംഭവിക്കാത്തതും വലിയ കഷ്ടം അന്നുണ്ടാകും.’ പഴയ സോവിയറ്റു സാമ്രാജ്യത്തിലെ ശക്തനായ കമ്മ്യൂണിസ്റ്റു നേതാവ് ബ്രഷ്‌ണേവ് മുന്നറിയിച്ചത്. ‘ഒരു ഭ്രാന്തനു മാത്രമേ ഒരു അണുവായുധ ബോംബിനു ബട്ടണ്‍ അമര്‍ത്താന്‍ കഴിവുള്ളു.’ കാരണം ഭൂതലത്തിന്റെ ഏതു കോണിലെങ്കിലും പൊട്ടി വിടരുന്ന ഏതൊരു അണുവായുധ സ്ഫോടനത്തിന്റെയും കൊടുങ്കാറ്റ് വളരെ വേഗം എല്ലാ കോണിലേക്കും വ്യാപിക്കയും മാനവജാതിയുടെ അന്ത്യനാശത്തിലേക്കു വഴി തെളിക്കയും ചെയ്യും.

ഹിരോഷിമ, നാഗസാക്കി ദുരന്തങ്ങളില്‍ നിന്നും ഇനിയും ജനം മോചിതരായിട്ടില്ല. ആ മുറിവുകള്‍ ഉണങ്ങുന്നതിന് മുമ്പ് മറ്റൊരു യുദ്ധ ഭീഷണി ലോകത്തിന് താങ്ങുവാന്‍ പറ്റുന്നതല്ല. യുദ്ധത്തിന്റെ ബാക്കിപത്രം കണ്ണുനീര്‍ മാത്രമാണ് . യുദ്ധം മൂലം ഉണ്ടാക്കുന്ന വിപത്തുകള്‍ മനസ്സിലാക്കി യുദ്ധക്കൊതിയന്മാര്‍ അതില്‍ നിന്നും പിന്മാറണം. യുദ്ധ രഹിത ലോകമെന്ന സ്വപ്നം യാഥാര്‍ത്ഥം മാക്കുന്നതിന് നമുക്ക് ഒന്നിച്ച് അണിചേരാം.സമാധാനത്തിന്റെ സന്ദേശ വാഹരാകാം.രക്ഷിക്കൂ! ലോകത്തെ യുദ്ധ ഭീതിയില്‍ നിന്നും.

റജി നന്തികാട്ട്

യുക്മയുടെ പ്രധാന റീജിയനുകളില്‍ ഒന്നായ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ 2017ലെ കായികമേള മെയ് 20ന് സൗത്തെന്‍ഡിലെ ലെഷര്‍ ആന്‍ഡ് ടെന്നീസ് സെന്ററില്‍ വച്ച് നടക്കും. റീജിയന്‍ പ്രസിഡന്റ് രഞ്ജിത് കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് തീരുമാനം എടുത്തത്. 2017 മെയ് 20ന് രാവിലെ 11.30ന് മാര്‍ച്ച് പാസ്റ്റോടെ മത്സരങ്ങള്‍ ആരംഭിക്കും. ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്കോട് കൂടിയ കായികവേദിയില്‍ മത്സരാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിയും.

ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് ട്രോഫികള്‍ നല്‍കുന്നു. കൂടുതല്‍ പോയിന്റ് നേടുന്ന അസോസിയേഷന് പ്രത്യേക പുരസ്‌കാരവും നല്‍കുന്നതായിരിക്കും. റീജിയന്‍ കായിക മേളകളില്‍ സിംഗിള്‍ ഇനങ്ങളില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന ടീമുകള്‍ക്കും ആണ് യുക്മ നാഷണല്‍ കായികമേളയില്‍ പങ്കെടുക്കവാന്‍ അവസരം ലഭിക്കുക.

മത്സരങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടങ്ങുന്ന ഇമെയില്‍ സന്ദേശം എല്ലാ അസോസിയേഷന്‍ കമ്മറ്റികള്‍ക്കും അയക്കുന്നതായിരിക്കും. റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത എക്സിക്യൂട്ടീവ് കമ്മറ്റി ഭാവി പരിപാടികള്‍ക്ക് രൂപം നല്‍കി. റീജിയന്റെ 2017 ലെ കലാമേള ഒക്ടോബര്‍ 7ന് ബാസില്‍ഡനില്‍ നടക്കും.

റീജിയന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറി ജോജോ തെരുവാനുമായി (07753329563) ബന്ധപ്പെടാവുന്നതാണ്.

ലണ്ടന്‍: വോട്ടവകാശത്തിനുള്ള കുറഞ്ഞ പ്രായപരിധി 16 വയസാക്കി പുനര്‍നിര്‍ണ്ണയിക്കണമെന്ന് ആവശ്യം. ജൂണില്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഈ പ്രായത്തിലുള്ളവര്‍ക്കും വോട്ടവകാശം നല്‍കണമെന്ന് ഹൗസ് ഓഫ് കോമണ്‍സിലാണ് ആവശ്യം ഉയര്‍ന്നത്. നിയമത്തില്‍ ആവശ്യമായ മാറ്റം വരുത്തി ജനാധിപത്യത്തിലൂടെ തങ്ങളുടെ ഭാവി നിര്‍ണ്ണയിക്കാനുള്ള അവകാശം ഈ പ്രായക്കാര്‍ക്കും നല്‍കണമെന്ന് ഗ്രീന്‍ പാര്‍ട്ടി നേതാവും എംപിയുമായ കരോളിന്‍ ലൂക്കാസ് ആവശ്യപ്പെട്ടു. എസ്എന്‍പി ഉപ നേതാവ് ആന്‍ഗസ് റോബര്‍ട്ട്‌സണ്‍ ഇതിനെ പിന്തുണയ്ക്കുകയും ചെയ്തു.

പ്രധാനമന്ത്രി പറയുന്നതനുസരിച്ച് രാജ്യത്തിന്റെ സുരക്ഷിതമായ ഭാവിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. അത്തരത്തിലുള്ള ദേശീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നതെങ്കില്‍ 1.5 മില്യനോളെ വരുന്ന 16ഉം 17ഉം വയസ് പ്രായമുള്ളവര്‍ക്കും വോട്ടവകാശം നല്‍കണം. അതിനു വേണ്ടി ആവശ്യമാണെങ്കില്‍ നിയമങ്ങളില്‍ ഭേദഗതികള്‍ വരുത്തണമെന്നും കരോളിന്‍ ലൂക്കാസ് ആവശ്യപ്പെട്ടു.

ഇക്കാര്യം ആദ്യം ഉന്നയിച്ച നേതാവാണ് ആന്‍ഗസ് റോബര്‍ട്ട്‌സണ്‍. ലൂക്കാസിന്റെ അഭിപ്രായത്തോട് താന്‍ പൂര്‍ണ്ണമായും യോജിക്കുകയാണെന്ന് റോബര്‍ട്ട്‌സണ്‍ വ്യക്തമാക്കി. ദീര്‍ഘകാലത്തേക്ക് ഭരണ സ്ഥിരത വരുത്താനാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നായിരുന്നു തെരേസ മേയ് പറഞ്ഞത്. ബ്രെക്‌സിറ്റിന്റെ പശ്ചാത്തലത്തില്‍ സ്ഥിരതയുള്ള നേതൃത്വമാണ് ആവശ്യമെന്നും മേയ് വ്യക്തമാക്കിയിരുന്നു.

ഇടുക്കി: മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കലിന്റെ പേരില്‍ നടക്കുന്നത് തെമ്മാടിത്തമാണെന്ന് സിപിഎം നേതാക്കള്‍. പാര്‍ട്ടി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനാണ് ഈ പരാമര്‍ശം നടത്തിയത്. കയ്യേറ്റം ഒഴിപ്പിക്കാനായി 100 പോലീസുകാരെ കൊണ്ടുവന്ന നടപടി ശരിയല്ലെന്നും സബ്കളക്ടറും മാധ്യമങ്ങളും ഭരണം കയ്യേറാമെന്ന് കരുതേണ്ടെന്നും ജയചന്ദ്രന്‍ പറഞ്ഞു. അതേ സമയം മൂന്നാറില്‍ 144 പ്രഖ്യാപിക്കാന്‍ യുദ്ധമൊന്നും നടക്കുന്നില്ലല്ലോ എന്നായിരുന്നു ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പ്രതികരിച്ചത്.

കയ്യേറ്റം ഒഴിപ്പിക്കുന്നത് സിപിഎം നിലപാടാണ്. എന്നാല്‍ അത് നീതിബോധത്തിന്റെ അടിസ്ഥാനത്തിലാകണം. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇങ്ങനെയൊരു സമീപനം സ്വീകരിച്ചതില്‍ യോജിപ്പില്ല. സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രാര്‍ത്ഥനയ്ക്ക് പോകുന്നത് നിരോധിച്ചാല്‍ മതിയായിരുന്നു. കുരിശ് പൊളിച്ചത് ലോകമെങ്ങുമുള്ള ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് വേദനയുണ്ടാക്കും. കയ്യേറിയ സ്ഥലം തിരിച്ചെടുക്കുന്നതിന് സിനിമ പോലുള്ള സാഹചര്യം സൃഷ്ടിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.

ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നേരത്തേ തന്നെ എതിര്‍ നിലപാട് സ്വീകരിച്ചിട്ടുള്ള സിപിഎം പ്രാദേശിക നേതൃത്വം കയ്യേറ്റമൊഴിപ്പിക്കലിനെ വാക്കുകളിലൂടെ നേരിടുകയാണ്. പാപ്പാത്തിച്ചോലയില്‍ അനധികൃതമായി സ്ഥാപിച്ച കുരിശ് ഇന്ന് വന്‍ സന്നാഹത്തോടെ എത്തിയാണ് റവന്യൂ സംഘം പൊളിച്ചു മാറ്റിയത്. സംഘര്‍ഷ സാധ്യത പരിഗണിച്ച് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ബെംഗളൂരു∙ മൂന്നര വയസ്സുകാരിയായ മകളെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്‌ഥൻ പാസ്‌ക്കൽ മസൂരിയറിനെ ബെംഗളൂരു കോടതി കുറ്റവിമുക്തനാക്കി. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് നടപടി. നീതി നടപ്പായതിൽ സന്തോഷമുണ്ടെന്ന് പാസ്ക്കൽ പ്രതികരിച്ചു. സ്വന്തം ഭാര്യതന്നെ ചതിക്കുമ്പോഴുള്ള വിഷമമെന്തെന്ന് ഞാൻ മനസിലാക്കി. ഇത്തരമൊരു സാഹചര്യത്തിൽ പിടിച്ചുനിൽക്കാനുള്ള ശക്തി നൽകിയത് ദൈവമാണെന്നും പാസ്ക്കൽ പറഞ്ഞു. അതേസമയം, കോടതി വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഭാര്യ സുജ ജോൺസ് പറഞ്ഞു.

മകളെ മാനഭംഗപ്പെടുത്തിയെന്ന ഭാര്യയും മലയാളിയുമായ സുജ ജോൺസിന്റെ പരാതിയിൽ ജൂൺ 19നാണ് പാസ്‌ക്കൽ മസൂരിയറെ പൊലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് മാസങ്ങളോളം ജുഡീഷ്യൽ കസ്‌റ്റഡിയിലായിരുന്ന മസൂരിയർ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ഭാര്യയ്‌ക്കെതിരെ കേസ് നൽകിയിരുന്നു. കുട്ടി മാനഭംഗത്തിനിരയായെന്നു തെളിഞ്ഞെങ്കിലും മസൂരിയറിന് ഇതിൽ നൂറുശതമാനം പങ്കുണ്ടെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയിൽ സാധിച്ചിരുന്നില്ല. മാത്രമല്ല സംഭവം ആരും നേരിട്ടു കണ്ടിട്ടുമില്ല.

സാഹചര്യ തെളിവുകൾ നൽകിയ വീട്ടുവേലക്കാരി ഗീത, പാചകക്കാരി ജ്യോതി, ഡ്രൈവർ ചാൾസ് എന്നിവരും മസൂരിയർ കുറ്റകൃത്യം നടത്തിയതായി വ്യക്‌തമാക്കിയില്ല.

ചെന്നൈ ∙  തമിഴ്നാട്ടിൽ രാഷ്ട്രീയ വിസ്ഫോടനം. പാർട്ടി ജനറൽ സെക്രട്ടറി ശശികലയെയും ഡപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനെയും പുറത്താക്കിയെന്ന് മുതിർന്ന അണ്ണാ ഡിഎംകെ നേതാക്കളുടെ പ്രഖ്യാപനം.

മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയുടെ വസതിയിൽ 20 മുതിർന്ന മന്ത്രിമാർ പങ്കെടുത്ത യോഗത്തിലായിരുന്നു തീരുമാനം. ‘‘ദിനകരന്റെയും കുടുംബത്തിന്റെയും സ്വാധീനമില്ലാതെ മുന്നോട്ടുപോകും. പാർട്ടിയെ നയിക്കാൻ പുതിയ സമിതി വരും’’– യോഗശേഷം ധനമന്ത്രി ഡി.ജയകുമാർ അറിയിച്ചു.

മുഴുവൻ എംഎൽഎമാരുടെയും പിന്തുണ തീരുമാനത്തിനുണ്ടെന്നാണ് അവകാശവാദമെങ്കിലും ഇരുപതോളം പേർ ഇപ്പോഴും ശശികലയെ പിന്തുണയ്ക്കുന്നതായാണു സൂചന. വെട്രിവേൽ, തങ്കത്തമിഴ്സെൽവൻ എന്നീ എംഎൽഎമാർ ദിനകരനു പരസ്യ പിന്തുണയുമായി രംഗത്തെത്തി.

കൂടുതൽ എംഎൽഎമാർ ഇവർക്കൊപ്പം ചേർന്നാൽ സർക്കാർ പ്രതിസന്ധിയിലാകുമെന്നതിനാൽ അനുനയനീക്കം സജീവമാണ്. ഇതു വിജയിച്ചാൽ പനീർസെൽവം മുഖ്യമന്ത്രിസ്ഥാനത്തേക്കോ പാർട്ടി നേതൃസ്ഥാനത്തേക്കോ എത്തിക്കൂടെന്നില്ല.

പാർട്ടി സ്ഥാനാർഥിയായ ടി.ടി.വി. ദിനകരനു വേണ്ടി വോട്ടർമാർക്കു വൻതോതിൽ പണം നൽകിയെന്ന സൂചനകളെ തുടർന്ന് ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് റദ്ദാക്കിയതോടെ പുകഞ്ഞു തുടങ്ങിയ അമർഷമാണ് രാഷ്ട്രീയ പൊട്ടിത്തെറിക്കു വഴി തുറന്നത്.

അണ്ണാ ഡിഎംകെയുടെ രണ്ടില ചിഹ്നം കിട്ടാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥനു കൈക്കൂലി കൊടുക്കാൻ ദിനകരൻ ശ്രമിച്ചെന്ന ഡൽഹി ക്രൈംബ്രാഞ്ച് കേസ് കൂടി പുറത്തു വന്നതോടെ മുഖം നഷ്ടപ്പെട്ട ശശികല വിഭാഗം, പനീർസെൽവം പക്ഷവുമായി ലയനത്തിനു തയാറാണെന്നു പ്രഖ്യാപിച്ചതു തിങ്കളാഴ്ച രാത്രിയാണ്.

തങ്ങളും പനീർസെൽവം പക്ഷവും അണ്ണനും തമ്പിയുമാണെന്നു തിങ്കളാഴ്ച രാത്രി തന്നെ പളനിസാമി വിഭാഗം വ്യക്തമാക്കിയപ്പോൾ ചിന്നമ്മ പുറത്താകുമോ എന്നു മാധ്യമപ്രവർത്തകർ ചോദിച്ചിരുന്നു.

ശശികലയെയും കുടുംബത്തെയും പൂർണമായി ഒഴിവാക്കാതെ ഒത്തുതീർപ്പൊന്നുമില്ലെന്ന് ഒ. പനീർസെൽവം അറുത്തുമുറിച്ചു പറഞ്ഞതോടെ ഐക്യ ചർച്ചകൾ ഇന്നലെ പകൽ വഴിമുട്ടി.

ശശികല ജനറൽ സെക്രട്ടറിയായി തുടരുകയും ദിനകരൻ ഡപ്യൂട്ടി ജനറൽ സെക്രട്ടറി സ്ഥാനം ഒഴിയുകയുമെന്ന ഒത്തുതീർപ്പു നിർദേശം ഉപേക്ഷിക്കേണ്ടിവന്നു. തുടർന്നാണു രാത്രി മുഖ്യമന്ത്രിയുടെ വസതിയിൽ യോഗം ചേർന്ന് ശശികലയെയും ദിനകരനെയും തള്ളിപ്പറയാൻ തീരുമാനിച്ചത്.

എളുപ്പമല്ല, സമ്പൂർണ ഐക്യം

മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവവും കൈകോർത്തെങ്കിലും ശശികല പക്ഷത്ത് ഇപ്പോഴുമുള്ള ഇരുപതോളം എംഎൽഎമാരെ കൂടി ഒപ്പം നിർത്താനായില്ലെങ്കിൽ അണ്ണാ ഡിഎംകെയിൽ അടുത്ത പിളർപ്പാകും സംഭവിക്കുക.

ഡിഎംകെയും കോൺഗ്രസും അടക്കമുള്ള മറ്റു പാർട്ടികളുടെ നിലപാട് വീണ്ടും പ്രസക്തമാകുകയും ചെയ്യും.  ശശികലയുടെ വിശ്വസ്തരായ 20 പേർ പിൻവാങ്ങിയാൽ സർക്കാർ പ്രതിസന്ധിയിലാകും. ശശികലയെ പിന്തുണയ്ക്കുന്ന മന്ത്രിമാർ- സി.വിജയഭാസ്കർ, ദിണ്ടിഗൽ സി.ശ്രീനിവാസൻ, ആർ.കാമരാജ്, ഉദുമലൈ കെ.രാധാകൃഷ്ണൻ.

തമിഴ്നാട് നിയമസഭ : 234

കേവല ഭൂരിപക്ഷത്തിനു വേണ്ടത് 117

അണ്ണാ ഡിഎംകെ 135 (സ്പീക്കർ ഉൾപ്പെടെ)

പളനിസാമിയെ പിന്തുണയ്ക്കുന്നവർ 123

പനീർസെൽവത്തെ പിന്തുണയ്ക്കുന്നവർ 12

ഡിഎംകെ 89

കോൺഗ്രസ് എട്ട്

മുസ്‌ലിം ലീഗ് ഒന്ന്

മുംബൈ: പള്ളികളിലെ ബാങ്കുവിളിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ തല മൊട്ടയടിച്ച് ഗായകന്‍ സോനു നിഗം. ഗായകന്റെ തല മൊട്ടയടിക്കുന്നവര്‍ക്ക്  പശ്ചിമ ബംഗാള്‍ യുണൈറ്റഡ് മൈനോറിറ്റി കൗണ്‍സില്‍ പ്രസിഡന്റ് സയ്യിദ് ഷാ അതെഫ് അലി അല്‍ ക്വാദെരി പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തല മുണ്ഠനം ചെയ്താണ് സോനു നിഗം വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കാനായി വിളിച്ചുചേര്‍ത്ത വാര്‍ത്തസമ്മേളനത്തിനെത്തിയത്. ഒരു മതപ്രശ്നമല്ല, സാമൂഹിക പ്രശ്നമാണ് താന്‍ ഉയര്‍ത്തിക്കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

ആരാധനാലയങ്ങളിലെ ലൗഡ് സ്പീക്കറുകളുടെ ഉപയോഗത്തിനെതിരായ സോനു നിഗമിന്റെ ട്വീറ്റ് വന്‍ വിവാദ കൊടുങ്കാറ്റിനാണ് തിരി കൊളുത്തിയത്. കാലത്ത് പള്ളിയിലെ ബാങ്കുവിളി കേട്ടാണ് ഉണര്‍ന്നതെന്നും മതവും വിശ്വാസവും അടിച്ചേല്‍പ്പിക്കുന്നത് എന്നാണ് അവസാനിക്കുക എന്നുമായിരുന്നു ട്വീറ്റ്. ഒരു വിഭാഗം ഗായകനെ പിന്തുണച്ചപ്പോള്‍ മറ്റൊരു വിഭാഗം ശക്തമായ എതിര്‍പ്പുമായി രംഗത്തുവന്നു. ഇതിനിടെയാണ് ബാങ്കുവിളിക്കെതിരെ പ്രതികരിച്ച ഗായകന്റെ തല മൊട്ടയടിക്കുകയും ചെരിപ്പ്മാല അണിയിക്കുകയും ചെയ്യുന്നവർക്ക് പത്ത് ലക്ഷം രൂപ സമ്മാനം നല്‍കാമെന്ന വാഗ്ദാനവുമായി അല്‍ ക്വാദെരി രംഗത്തുവന്നത്.

ഞാന്‍ മതേതര ചിന്താഗതിയുള്ള ഒരു വ്യക്തിയാണ്. ബാങ്കുവിളിക്കെതിരെയല്ല, ലൗഡ് സ്പീക്കറിന്റെ ഉപയോഗത്തിനെതിരെയായിരുന്നു എന്റെ ട്വീറ്റ്. സ്പീക്കറില്‍ ഇങ്ങനെ ഉച്ചത്തില്‍ ശബ്ദം വയ്ക്കുന്നത് ശരിയായ കാര്യമല്ലെന്നാണ് ഞാന്‍ പറഞ്ഞത്. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത്. ആര്‍ക്കും ആര്‍ക്കെതിരെയും ആക്രമണം അഴിച്ചുവിടാം, ഫത്വ പുറപ്പെടുവിക്കാം. ഞാന്‍ ഒരു പ്രത്യേക മതത്തെയും കുറിച്ചല്ല സംസാരിക്കുന്നത്. പള്ളിയെക്കുറിച്ച് മാത്രമല്ല, ക്ഷേത്രങ്ങളെക്കുറിച്ചും ഗുരുദ്വാരകളെക്കുറിച്ചും ഞാന്‍ എഴുതിയിട്ടുണ്ട്. അതാരും ശ്രദ്ധിക്കുന്നില്ല- വാര്‍ത്താസമ്മേളനത്തില്‍ സോനു നിഗം പറഞ്ഞു.

RECENT POSTS
Copyright © . All rights reserved