Main News

ലണ്ടന്‍: ഫാമിലി ഡോക്ടര്‍മാര്‍ വന്‍ തോതില്‍ എന്‍എച്ച്എസില്‍ നിന്ന് പിന്‍മാറാന്‍ തയ്യാറെടുക്കുന്നതായി സൂചന. അഞ്ച് ജിപിമാരില്‍ രണ്ട് പേരെങ്കിലും എന്‍എച്ച്എസ് വിടാന്‍ തയ്യാറെടുക്കുന്നുവെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ഫാമിലി ഡോക്ടര്‍മാരുടെ ആത്മവിശ്വാസം ഇല്ലാതാകുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആരോഗ്യമേഖലയില്‍ വന്‍ പ്രതിസന്ധിക്ക് കാരണമായേക്കാവുന്ന സ്ഥിതിവിശേഷമാണ് ഇതിലൂടെ ഉണ്ടാവുകയെന്ന് വിലയിരുത്തപ്പെടുന്നു. ജിപി സര്‍ജറികള്‍ ആഴ്ചയില്‍ എല്ലാ ദിവസവും തുറക്കാനുള്ള തീരുമാനം മുതല്‍ ഡോക്ടര്‍മാരുടെ അസംതൃപ്തി വര്‍ദ്ധിച്ചു വരികയാണ്.

രാവിലെ 8 മണി മുതല്‍ വൈകിട്ട് 8 മണി വരെ ജിപിസര്‍ജറികള്‍ തുറക്കണമെന്ന് നിര്‍ദേശം ജെറമി ഹണ്ടാണ് പുറപ്പെടുവിച്ചത്. എന്‍എച്ച്എസ് ആശുപത്രികളിലെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്റെ ഭാഗമായി ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ജനറലിസ്റ്റുകളെ നിയമിക്കാനും തീരുമാനിച്ചിരുന്നു. നിലവില്‍ വര്‍ദ്ധിച്ചു വരുന്ന രോഗികളുടെ എണ്ണവും ജീവനക്കാരുടെ കുറവും ഫണ്ടുകള്‍ ഇല്ലാത്തതും മൂലം ജിപികള്‍ പ്രതിസന്ധിയിലാണെന്ന് നേരത്തേ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. ബ്രെക്സിറ്റ് മൂലം യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ തിരികെ പോയാല്‍ പ്രതിസന്ധി വീണ്ടും രൂക്ഷമാകും.

2000 ജിപിമാര്‍ക്കിടയില്‍ എക്സെറ്റര്‍ മെഡിക്കല്‍ സ്‌കൂളിലെ വിദഗ്ദ്ധര്‍ നടത്തിയ സര്‍വേയിലാണ് ജിപിമാര്‍ എന്‍എച്ച്എസ് ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി വ്യക്തമായത്. അവരില്‍ പകുതിയും ഈ സംവിധാനത്തില്‍ തങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടമായതായി പറയുന്നു. പ്രതിസന്ധി വളരെ രൂക്ഷമാണെന്നും സര്‍ക്കാര്‍ ശക്തമായ തീരുമാനങ്ങള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്നും ഗവേഷകര്‍ പറയുന്നു. പ്രതിസന്ധി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും പടരാതിരിക്കുന്നതിന് ഇത് അത്യാവശ്യമാണെന്ന അഭിപ്രായമാണ് വിദഗ്ദ്ധര്‍ പങ്കുവെക്കുന്നത്.
ഫുള്‍ ടൈം പ്രാക്ടീസ് നടത്തുന്ന ജിപിമാരുടെ എണ്ണത്തില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ മാസം പുറത്തു വിട്ട കണക്കുകള്‍ അനുസരിച്ച് 34500 ജിപിമാര്‍ ഇപ്പോള്‍ എന്‍എച്ച്എസില്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിത്ത് 0.3 ശതമാനത്തിന്റെ കുറവാണ് ഇതില്‍ രേഖപ്പെടുത്തിയത്. 2020ഓടെ 5000 ജിപിമാരെക്കൂടി നിയനിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. എന്നാല്‍ ബിഎംഎ നടത്തിയ സര്‍വേയനുസരിച്ച് മൂന്നിലൊന്ന് ജിപി സര്‍ജറികളിലും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താതെ കിടക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ഇവയിലേക്ക് നിയമനം നടക്കാന്‍ സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നു.

വടക്കുകിഴക്കൻ സിറിയയിലെ ഖാൻ ഷെയ്ഖൂൻ പട്ടണത്തിൽ കഴിഞ്ഞയാഴ്ച 87 പേരുടെ മരണത്തിനിടയാക്കിയ രാസായുധാക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കും സിറിയ്ക്കുമെതിരേ ഉപരോധമേർപ്പെടുത്താനുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും നീക്കം തടഞ്ഞ് ജി-7 രാഷ്ട്രങ്ങൾ. ഇറ്റലിയിൽ നടന്ന ജി-7 രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ ഉച്ചകോടിയിലാണ് അമേരിക്കൻ- ബ്രിട്ടീഷ് വിദേശകാര്യമന്ത്രിമാരുടെ ഉപരോധ നിർദേശം ഇറ്റലിയും ജർമനിയും ചേർന്ന് വീറ്റോചെയ്തത്. ഉപരോധ നടപടികളിലൂടെ പുടിനെ സമ്മർദ്ദത്തിലാക്കി സിറിയയിലെ അസദ് ഭരണകൂടത്തിന് റഷ്യനൽകുന്ന പിന്തുണ അവസാനിപ്പിക്കുകയായിരുന്നു അമേരിക്കയുടെയും ബ്രിട്ടന്റെയും ലക്ഷ്യം. ഇത് നടക്കില്ലെന്ന് ഉറപ്പായതോടെ റഷ്യയുമായുള്ള കൂടുതൽ ഉഭയകക്ഷി ചർച്ചയ്ക്കായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ നേരിട്ട് മോസ്കോയിലെത്തും.

രാസായുധാക്രമണം നടത്തിയത് അസദ് ഭരണകൂടമാണെന്ന് അമേരിക്കയും ബ്രിട്ടനും ആവർത്തിക്കുമ്പോൾ ഇതുസംബന്ധിച്ച് അന്വേഷണങ്ങൾ പൂർത്തിയായശേഷം മറ്റ് നടപടികളിലേക്ക് കടന്നാൽ മതിയെന്ന നിലപാടിലായിരുന്നു മറ്റ് രാഷ്ട്രങ്ങൾ. ആക്രമണത്തിനു പിന്നിൽ വിമത പോരാളികളാണെന്നാണ് അസദിന്റെയും റഷ്യയുടെയും നിലപാട്. ഏതുസാഹചര്യത്തിലായാലും പുട്ടിനെ ഒറ്റപ്പെടുത്തിയുള്ള നടപടിയിലൂടെ സിറിയൻ പ്രശ്നത്തിന് പരിഹാരം സാധ്യമല്ലെന്ന നിലപാടാണ് ഇറ്റലിയ്ക്കുള്ളത്. സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായെത്തിയ യൂറോപ്യൻ യൂണിയൻ പ്രതിനിധിയും റഷ്യയ്ക്കെതിരായ ഉപരോധങ്ങളോട് യോജിച്ചില്ല.

രാസായുധാക്രമണത്തിനു പിന്നിൽ സിറിയൻ ഭരണകൂടമാണെന്നും ഇത് റഷ്യയുടെ അറിവോടെയാണെന്നുമുള്ള ഉറച്ച നിലപാടിലാണ് അമേരിക്കയും ബ്രിട്ടനും. രാസായുധാക്രമണത്തിന് തിരിച്ചടിയായി അമേരിക്ക സിറിയയിലെ അൽ ഷയാറത് വ്യോമതാവളത്തിലേക്ക് ശക്തമായ മിസൈൽ ആക്രമണം നടത്തിയിരുന്നു. 59 ടോമഹോക്ക് ക്രൂസ് മിസൈലുകൾ ഉപയോഗിച്ചുള്ള കനത്ത പ്രത്യാക്രമണമാണ് അമേരിക്ക നടത്തിയത്. ഈ നടപടി നിയമവിരുദ്ധമാണെന്ന നിലപാടാണ് റഷ്യക്കുള്ളത്. സിറിയയിൽ അമേരിക്കൻ സേന നടത്തിയ നേരിട്ടുള്ള ഇടപെടൽ ഇരുരാജ്യങ്ങളും തമ്മിൽ നിലവിലുള്ള ബന്ധത്തിൽ മാറ്റമുണ്ടാക്കുമെന്ന മുന്നറിയിപ്പും റഷ്യ നൽകി.

ഇതേത്തുടർന്നാണ് ബ്രിട്ടനെ കൂട്ടുപിടിച്ച് റഷ്യയ്ക്കെതിരേ ഉപരോധമേർപ്പെടുത്താൻ അമേരിക്ക നീക്കം നടത്തിയത്. അസദിനെ സഹായിക്കുന്ന റഷ്യയുടെ നിലപാടിൽ പ്രതിഷേധമറിയിക്കാൻ കഴിഞ്ഞദിവസം ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ബോറിസ് ജോൺസൺ മുൻകൂട്ടി നിശ്ചയിച്ചിരുന്ന തന്റെ റഷ്യൻ സന്ദർശനം റദ്ദാക്കിയിരുന്നു. തിങ്കളാഴ്ച രാത്രി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ടെലിഫോണിൽ ബന്ധപ്പെട്ട പ്രസിഡന്റ് ട്രംപ് റഷ്യയ്ക്കെതിരായ ശക്തമായ നടപടികൾക്ക് ജി-7 രാഷ്ട്രങ്ങളുടെ പിന്തുണ തേടുന്നകാര്യം വിശദമായി ചർച്ചചെയ്തിരുന്നു.

മലയാളം യുകെയുടെ രണ്ടാമത് വാര്‍ഷീകത്തോട് അനുബന്ധിച്ച് ലെസ്റ്ററില്‍ വെച്ചു നടത്തപ്പെടുന്ന മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ബ്രിട്ടണിലെ പ്രമുഖ മലയാളി സംഘടനയായ ലെസ്റ്റര്‍ കേരള കമ്യൂണിറ്റിയാണ് (LKC) മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് ആതിഥേയത്വം വഹിക്കുന്നത്. LKC ഭാരവാഹികളും മലയാളം യുകെയുടെ പ്രതിനിധികളും പ്രോഗ്രാം നടക്കുന്ന മെഹര്‍ സെന്ററില്‍ കഴിഞ്ഞ ദിവസം ഒത്തുകൂടി അവാര്‍ഡ് നൈറ്റിന്റെ പുരോഗതികള്‍ വിലയിരുത്തി.

രണ്ടായിരത്തോളം ആസ്വാദകരെ വളരെ സൗകര്യത്തോടെ ഉള്‍ക്കൊള്ളിക്കാന്‍ പറ്റുന്ന ലെസ്റ്ററിലെ മഹര്‍ സെന്റര്‍ ഇത്തരം പരിപാടികള്‍ക്കുള്ള ബ്രിട്ടണിലെ മികച്ച ഓഡിറ്റോറിയങ്ങളില്‍ ഒന്നാണ്. മലയാളം യുകെ മെഹര്‍ കമ്മൂണിറ്റി സെന്ററില്‍ ഒരുക്കുന്ന ആധുനീക ലൈറ്റിംഗ് സൗണ്ടിംഗ് സംവിധാനങ്ങള്‍ പരിപാടികളുടെ മനോഹാരിത വര്‍ദ്ധിപ്പിക്കും എന്നത് തീര്‍ച്ചയാണ്. അതി വിശാലമായ സ്റ്റേജും മികച്ച ഗ്രീന്‍ റൂമുകളും മെഹര്‍ സെന്ററിന്റെ പ്രത്യേകതയാണ്. ആസ്വാദകര്‍ക്ക് പരിപാടികള്‍ ആസ്വദിച്ചു കൊണ്ടു തന്നെ രുചികരവും ആസ്വാദ്യകരവുമായ വിഭവങ്ങള്‍ ആസ്വദിക്കുവാനുള്ള അവസരം മെഹര്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. മുന്നൂറ്റമ്പതോളം കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാമെന്നുള്ളത് മെഹര്‍ സെന്ററിന്റെ മറ്റൊരു സവിശേഷതയാണ്.

എല്‍കെസി ഭാരവാഹികളും മലയാളം യു കെ പ്രതിനിധികളും ഇത് വരെയുള്ള ഒരുക്കങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തി. മലയാളം യുകെ ന്യൂസ് ഡയറക്ടര്‍മാരായ ബിന്‍സു ജോണ്‍, ഷിബു മാത്യു, ജോജി തോമസ്‌, ബിനോയ്‌ ജോസഫ്, ബിനുമോന്‍ മാത്യു എന്നിവരും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് രാജേഷ് ജോസഫ്, ടെല്‍സ് മോന്‍, ജോസ് തോമസ്‌, സോണി ജോര്‍ജ്ജ്, അലന്‍ മാര്‍ട്ടിന്‍ തുടങ്ങിയവരും മീറ്റിംഗില്‍ പങ്കെടുത്തു.

മെയ് പതിമൂന്നാം തീയതി ഉച്ചതിരിഞ്ഞ് 1 മണിക്ക് ആരംഭിക്കുന്ന മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് സാമൂഹിക സാംസ്‌ക്കാരിക സിനിമാ രംഗത്തുള്ള പ്രമുഖര്‍ പങ്കെടുക്കുന്നതായിരിക്കും. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിഭകളെ കോര്‍ത്തിണക്കിയാണ് വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. എക്‌സല്‍ അവാര്‍ഡ് നൈറ്റിനോട് അനുബന്ധിച്ച്, ബ്രിട്ടണിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള മലയാളി സമൂഹത്തില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റ് ഒരു ജനകീയ ഉത്സവമാക്കാനുള്ള ഒരുക്കത്തിലാണ് ബ്രിട്ടണിലെ മലയാളി സമൂഹവും ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയും.

അവാര്‍ഡ് നൈറ്റ് നടക്കുന്ന കമ്മൂണിറ്റി സെന്ററിന്റെ അഡ്രസ്‌

Maher Centre,

15 Ravensbridge Drive,

Leicester,

LE4 OBZ

ലണ്ടന്‍: പന്ത്രണ്ടു വയസുള്ള പെണ്‍കുട്ടിയില്‍ കൃത്രിമ ഹൃദയം ഘടിപ്പിച്ചു. ലണ്ടനിലെ റോയല്‍ ബ്രോംപ്റ്റണ്‍ എന്‍എച്ച്എസ് ആശുപത്രിയില്‍ നടന്ന ശ്‌സ്ത്രക്രിയയിലാണ് വോസ്റ്റര്‍ സ്വദേശിനിയായ ക്ലോ നാര്‍ബോണിന് കൃത്രിമ ഹൃദയം ഘടിപ്പിച്ചത്. ഇതോടെ ബ്രിട്ടനില്‍ ആദ്യമായി കൃത്രിമ ഹൃദയം സ്വീകരിച്ച വ്യക്തി എന്ന പേരും ക്ലോയ്ക്ക് സ്വന്തമായി. 9 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ 30 ഡോക്ടര്‍മാരാണ് പങ്കെടുത്തത്. രണ്ടാഴ്ചയ്ക്കു ശേഷം മറ്റൊരു ഹൃദയം ലഭിക്കുന്നതുവരെ ഈ കൃത്രിമഹൃദയം കുട്ടിയുടെ ജീവന്‍ കാത്തു.

ഇതിനു മുമ്പ് ഒരുതവണ ഇവള്‍ക്ക് ഹൃദയം മാറ്റിവെച്ചിട്ടുണ്ടെങ്കിലും അത് പരാജയമായതാണ് കൃത്രിമ ഹൃദയം എന്ന ആശയത്തിലേക്ക് ഡോക്ടര്‍മാരെ എത്തിച്ചത്. അതിനു ശേഷം പുതിയ ഒരു ദാതാവിനെ ലഭിക്കുകയും വീണ്ടും ഹൃദയം മാറ്റിവെക്കുകയും ചെയ്തു. ക്ലോ ഇപ്പോള്‍ തന്റെ നാലാമത്തെ ഹൃദയവുമായി ആരോഗ്യവതിയായി കഴിയുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അവള്‍ ഇപ്പോള്‍ സ്‌കൂളില്‍ പോവുകയും ഗാര്‍ഡനിംഗിലും ഗോള്‍ഫ് കളിയിലുമൊക്കെ ഏര്‍പ്പെടുകയും ചെയ്യുന്നുണ്ട്.

കൃത്രിമ ഹൃദയം സ്വീകരിക്കുന്ന യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍, ലോകത്തെതന്നെ പ്രായം കുറഞ്ഞ മൂന്നാമത്തെയാള്‍ എന്നീ സ്ഥാനങ്ങളും ഇതോടെ ഇവള്‍ക്ക് സ്വന്തമായി. നാലാഴ്ച പ്രായമുള്ളപ്പോള്‍ ഹൃദയരോഗം സ്ഥിരീകരിച്ച ഇവള്‍ക്ക് 11 വയസുള്ളപ്പോള്‍ ആണ് ഹൃദയസ്തംഭനം ഉണ്ടായത്. ഹൃദയം മാറ്റിവെക്കുന്നതിന് ദാതാവിനായി കാത്തിരിക്കുന്നതിനിടെ പക്ഷാഘാതവും ഇവള്‍ക്കുണ്ടായി. ആദ്യം മാറ്റിവെച്ച ഹൃദയം പരാജയപ്പെട്ടതോടെ മരണത്തെ മുഖാമുഖം കണ്ട അനുഭവവും ഇവള്‍ക്കുണ്ട്.

അതോടെയാണ് കൃത്രിമ ഹൃദയം ഘടിപ്പിച്ച് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. ശസ്ത്രക്രിയക്കിടെ തുറന്ന നെഞ്ചുമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റപ്പെട്ട ആദ്യത്തെ വ്യക്തിയെന്ന പേരും ഇതിനൊപ്പം ക്ലോയ്ക്ക് ലഭിച്ചു. ഹൃദയശസ്ത്രക്രിയക്കിടെ ശരീരത്തിന് ആവശ്യമായ ഓക്‌സിജന്‍ പുറത്തുനിന്ന് നല്‍കുന്ന സംവിധാനങ്ങള്‍ ഉള്‍പ്പെടെയാണ് ഇവളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയത്.

ലണ്ടന്‍: മോഷന്‍ സെന്‍സറുകള്‍ ഫോണുകളില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ സേവ് ചെയ്തിരിക്കുന്ന ബാങ്ക് വിവരങ്ങളും പാസ്‌വേര്‍ഡുകളുമുള്‍പ്പെടെയുള്ള വിവരങ്ങള്‍ മോഷ്ടിക്കാന്‍ ഹാക്കര്‍മാരെ സഹായിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഫോണുകള്‍ വെറുതെ ഒന്നു തിരിച്ചാല്‍ മാത്രം മതിയാകും ഹാക്കര്‍മാര്‍ക്ക് ഈ വിവരങ്ങള്‍ ലഭിക്കാനെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ന്യൂകാസില്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഗവേഷണങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയത്. കീബോര്‍ഡ് ഉപയോഗിക്കുമ്പോളുണ്ടാകുന്ന ചലനങ്ങളിലൂടെ നാലക്ക പിന്‍ നമ്പറുകള്‍ വളരെ വേഗം മനസിലാക്കാന്‍ ഹാക്കര്‍മാര്‍ക്ക് കഴിയുമെന്ന് സൈബര്‍ വിദഗ്ദ്ധര്‍ പറയുന്നു.

ഫോണ്‍ നിര്‍മാതാക്കള്‍ക്ക് ഇതിനേക്കുറിച്ച് അറിയാമെങ്കിലും പരിഹാരം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. നിര്‍മാതാക്കള്‍ സെന്‍സറുകള്‍ പല വിധത്തിലാണ് ഫോണുകളില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന് പൊതുവായ ഒരു രീതിയില്ലാത്തതാണ് ഈ സുരക്ഷാ പ്രശ്‌നത്തിന് പകുതിയും കാരണമാകുന്നത്. മിക്ക ഫോണുകളിലും ഒരേ വിധത്തില്‍ ഉപയോഗിക്കുന്ന 25 സെന്‍സറുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയാണ് ഹാക്കര്‍മാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ ഉപയോഗിക്കുന്നത്.

ഓരോ ഉപയോക്താവും ഫോണുകളില്‍ ടച്ച് ചെയ്യുന്നതും സ്‌ക്രോള്‍ ചെയ്യുന്നതും ടാപ്പ് ചെയ്യുന്നതും മറ്റും പ്രത്യേക വിധത്തിലായിരിക്കും. എന്നാല്‍ നിരീക്ഷണത്തിലൂടെ ഉപയോക്താക്കള്‍ ടൈപ്പ് ചെയ്യുന്നത് എന്താണെന്ന് കണ്ടെത്താനാകുമെന്നാണ് ഗവേഷണത്തില്‍ വ്യക്തമായത്. സ്മാര്‍ട്ട് ഫോണുകളിലും ടാബ്ലറ്റുകളിലും മറ്റും ജിപിഎസ്, ക്യാമറ, മൈക്രോഫോണ്‍ തുടങ്ങി റൊട്ടേഷന്‍ സെന്‍സറുകളും ഗൈറോസ്‌കോപ്പുകളുമുള്‍പ്പെടെയുള്ള സെന്‍സറുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇവയുടെ മേല്‍ നിയന്ത്രണം ലഭിക്കാന്‍ ആപ്പുകള്‍ക്കും മറ്റും അനുമതി ചോദിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ മാല്‍വെയറുകള്‍ക്ക് ഈ ഉപകരണങ്ങളില്‍ നുഴഞ്ഞുകയറാന്‍ എളുപ്പം സാധിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ഇവയ്ക്ക് നിങ്ങളുടെ സെന്‍സര്‍ ഡേറ്റ വായിക്കാനും അതിലൂടെ ഫോണ്‍ കോള്‍ ടൈമിംഗ്, പിന്‍ നമ്പറുകള്‍, വാസ് വേര്‍ഡുകള്‍ മുതലായവ മനസിലാക്കാനും സാധിക്കും. ഇത്തരം സുരക്ഷാപ്പിഴവുകളേക്കുറിച്ച് ഗൂഗിള്‍, ആപ്പിള്‍ മുതലായ പ്രമുഖ ബ്രൗസര്‍ നിര്‍മാതാക്കളെ അറിയിച്ചെങ്കിലും ആരും അനുകൂലമായി പ്രതികരിച്ചിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കി.

നന്തന്‍കോട് കൂട്ടക്കൊലപാതകകേസിലെ പ്രതി കേഡല്‍ ആദ്യം കൊന്നത് അമ്മയെ. താനുണ്ടാക്കിയ കമ്പ്യൂട്ടര്‍ ഗെയിമിംഗ് കാണിച്ചു തരാമെന്ന്  പറഞ്ഞ് മുറിയില്‍ വിളിച്ചുവരുത്തിയാണ് അമ്മയെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ആത്മാവിന് ശക്തിയേകാനാണ് കൊലപാതകങ്ങള്‍ ചെയ്തതെന്നാണ് മൊഴി. പ്രതിപറയുന്ന കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ശാസ്ത്രീയ പരിശോധന വേണ്ടിവരുമെന്ന്  പൊലീസ് പറയുന്നു.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് കേഡല്‍ അമ്മയെയും അച്ഛനെയും സഹോദരിയും കൊല്ലുന്നത്. രാവിലെ പത്തുമണിക്ക് അമ്മ ഡോ. ജീന്‍ പദ്മ ഒരു ബന്ധുവിനെ വിളിച്ചിരുന്നു. ഇതിനുശേഷമാകാം കൊലപാതകം നടന്നതെന്നാണ് സംശയം. കുട്ടികള്‍ക്കായി തയ്യാറാക്കിയ കമ്പ്യൂട്ടര്‍ ഗെയിം കാണിച്ചുതരാമെന്ന് പറഞ്ഞാണ് അമ്മയെ മുറിയിലേക്ക് വിളിപ്പിച്ചത്. കൈയിലുള്ള മഴുകൊണ്ട് കഴുത്തില്‍ വെട്ടി കൊലപ്പെടുത്തി. ഉച്ചയ്ക്കാണ് അച്ഛന്‍ രാജ തങ്കവും സഹോദരി  കരോലിനും പുറത്തുനിന്നും എത്തുന്നത്.താഴത്തെ നിലയില്‍ രണ്ടുപേരും ആഹാരം കഴിച്ചു.  ആദ്യം കരോലിനാണ് മുകളിലെത്തി മുറിയിലേക്ക് പോയത്. പിന്നാലെ അച്ഛനും പോയി. രണ്ടുപേരെയും മുറിയിലേക്ക് വിളിപ്പിച്ചായിരുന്നു കൊലചെയ്തതെന്നാണ് കേഡലിന്റെ മൊഴി. മൃതദേഹങ്ങള്‍ മുറിയിലെ കുളിമുറിയില്‍ കൊണ്ടിട്ടു. ശനിയാഴ്ചയാണ് ബന്ധുവായ ലളിതയെ കൊലപ്പെടുത്തുന്നത്. ഇതിനുശേഷം മൃതദേഹങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. ഇടക്ക് തീയണക്കാന്‍ ശ്രമിച്ചപ്പോഴാണ് പൊള്ളലേറ്റത്.

ഓണ്‍ലൈന്‍ വഴി മാസങ്ങള്‍ക്ക് മുമ്പ് മഴു വാങ്ങി. മാസങ്ങള്‍ക്കു മുമ്പ് ഒരു ആള്‍രൂപമുണ്ടാക്കി മുറിക്കുള്ളില്‍ വച്ചിരുന്നു. ആസ്‌പ്രല്‍ പ്രജക്ഷന്‍ പോലെ ആത്മാവിനെ പുറത്തെടുത്തുകൊണ്ടുള്ള ചില പരീക്ഷണങ്ങള്‍  ചെയ്തിരുന്നതായി പ്രതി മൊഴി നല്‍കിയിട്ടുണ്ട്.പത്ത് വർഷത്തിലേറെയായി കുടുംബാംഗങ്ങൾ അറിയാതെ സാത്താൻ സേവ നടത്തുകയായിരുന്നു എന്നാണ് കേഡൽ ജീൻസൺ പൊലീസിന് മൊഴി നൽകിയത്. ഒാസ്ട്രേലിയയിൽ നിന്ന് നാട്ടിൽ എത്തിയശേഷം ഇന്റർനെറ്റിലൂടെയാണ് സാത്താൻ സേവയുടെ ഭാഗമായത്. ശരീരത്തെ കുരുതി നൽകി ആത്മാവിനെ മോചിപ്പിക്കാനുള്ള പരീക്ഷണമാണ് താൻ നടത്തിയതെന്നും കേഡൽ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.  നാലുപേരെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുനെന്നും പ്രതി പറഞ്ഞു. എന്നാൽ ഇൗ വെളിപ്പെടുത്തൽ പൂർണ്ണമായും അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല.

കേഡൽ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതിനെ തുടർന്ന് പൊലീസിന്റെ ചോദ്യം ചെയ്യൽ തൽക്കാലത്തേയ്ക്ക് അവസാനിപ്പിച്ചു. വിദഗ്ധ ഡോക്ടർമാർ പരിശോധന നടത്തിയശേഷമാകും വിശദമായ ചോദ്യം ചെയ്യൽ. നാട്ടുകാർ പ്രകോപിതരാകാനുള്ള സാധ്യതയുള്ളതിനാൽ പ്രതിയെ രഹസ്യമായി സംഭസസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

തിരുവനന്തപുരം നന്തന്‍കോട് മാതാപിതാക്കളും സഹോദരിയും അടക്കം നാല് പേരെ കൊലപ്പെടുത്തിയത് സാത്താന്‍  സേവക്ക് വേണ്ടിയെന്ന് പൊലീസ്. ഇക്കാര്യം പിടിയിലായ കേദല്‍ ജിന്‍സണ്‍ സമ്മതിച്ചെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് പിടികൂടിയ  കേദലിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.ജീവൻകൊടുത്ത് ആത്മാവിനെ വേർപെടുത്തുന്ന പൈശാചിക ആരാധനയുടെ ഭാഗമായിരുന്നു കൊലപാതകമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രതി കുറ്റം സമ്മതിച്ചതായും എല്ലാ കൊലപാതകങ്ങളും ഒരേ ദിവസം തന്നെയാണു നടന്നതെന്നും ഡിസിപി അരുൾ ബി. കൃഷ്ണ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിനു സമീപമുള്ള വീട്ടിൽ നാലുപേരെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്ന കേഡലിനെ ഇന്നു വൈകിട്ട് 6.50ന് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണു കസ്റ്റഡിയിൽ എടുത്തത്. ഞായറാഴ്ചയാണ് ദമ്പതികളും മകളും അടക്കം ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമൊക്കെ താമസിക്കുന്ന അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസിന് സമീപമുള്ള ബെയ്ൻസ് കോംപൗണ്ട് റസിഡൻസ് അസോസിയേഷൻ 117ാം നമ്പർ വീട്ടിൽ അച്ഛനും അമ്മയും മകളും ഇവരുടെ പ്രായമായ ഒരു ബന്ധുവുമാണ് കൊല്ലപ്പെട്ടത്. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശി റിട്ട. ഹിസ്റ്ററി പ്രൊഫസർ രാജ് തങ്കം (60), ഭാര്യ തിരുവനന്തപുരം ജനറൽ ആശുപത്രി റിട്ട. ആർ.എം.ഒ ഡോ.ജീൻ പത്മ (58), മെഡിക്കൽ വിദ്യാർത്ഥിയായ മകൾ കരോളിൻ (25), ബന്ധുവായ ലളിത (70) എന്നിവരാണു കൊല്ലപ്പെട്ടത്.കൊലപാതകങ്ങൾക്കുശേഷം താൻ ചെന്നൈയിലേക്കു പോയെന്ന് ഇയാൾ അന്വേഷണ സംഘത്തോടു പറഞ്ഞു. കീഴടങ്ങാൻ തീരുമാനിച്ചാണ് കേഡൽ തിരുവനന്തപുരത്തേക്കു മടങ്ങിയെത്തിയതെന്നും സൂചനയുണ്ട്. തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലെത്തിയ താൻ ഒരു ലോഡ്ജിലാണു താമസിച്ചിരുന്നതെന്നും ഇയാൾ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ചെന്നൈയിലെ ലോഡ്ജിൽ താമസിക്കുന്നതിനിടെ ചാനലുകളിലും പത്രങ്ങളിലും തന്റെ മുഖചിത്രം കണ്ടു. ഇതോടെ നാട്ടിലേക്കു മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. പരസ്പര വിരുദ്ധമായ മൊഴികളാണ് ഇയാൾ അന്വേഷണ സംഘത്തിനു നല്കുന്നതെന്നും റിപ്പോർട്ടുണ്ട്.

ലണ്ടന്‍: ഇംഗ്ലണ്ടിലെ മുന്‍നിര അക്കാഡമി, പരീക്ഷാഫലം ഉയര്‍ത്തുന്നതിനായി വിചിത്ര മാര്‍ഗം അവലംബിക്കുന്നു. വിദ്യാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് എക്‌സ്‌ബോക്‌സുകളും പ്ലേ സ്റ്റേഷനുകളും സ്‌കൂള്‍ അധികൃതര്‍ പിടിച്ചെടുത്തു. കിംഗ് സോളമന്‍ അക്കാഡമിയാണ് വിചിത്ര നടപടിയുമായി രംഗത്തെത്തിയത്. രക്ഷിതാക്കളുടെ സമ്മതത്തോടെ ഇത്തരം യെിമിംഗ് ഉപകരണങ്ങളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തതായി പ്രിന്‍സിപ്പല്‍ മാക്‌സ് ഹെയ്മന്‍ഡോര്‍ഫ് അറിയിച്ചു. ഗ്രേഡുകള്‍ ഉയര്‍ത്താനും വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം നന്നാക്കാനുമാണ് നടപടിയെന്നാണ് വിശദീകരണം.

ഒരു രക്ഷിതാവ് ഇത്തരം ഉപകരണങ്ങളുമായി സ്‌കൂളിനെ സമീപിച്ചതാണ് ഈ നടപടി വ്യാപകമാക്കാന്‍ സ്‌കൂളിനെ പ്രേരിപ്പിച്ചതെന്നാണ് വിശദീകരണം. മറ്റു രക്ഷിതാക്കളും സ്‌കൂളിന്റെ നടപടിയെ അംഗീകരിക്കുകയാണെന്നാണ് പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നത്. കുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഈ ഉപകരണങ്ങള്‍ സ്‌കൂളില്‍ രക്ഷിതാക്കള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു.

പ്ലേസ്‌റ്റേഷനില്‍ കളിച്ചതിനാല്‍ ഉറങ്ങാന്‍ വൈകി, രാത്രി വൈകിയും ഇന്റര്‍നെറ്റിലായിരുന്നു എന്നിങ്ങനെയുള്ള ഒഴിവുകഴിവുകള്‍ പറയുന്ന കുട്ടികള്‍ ക്ലാസ് മുറികളില്‍ തീര്‍ച്ചയായും ക്ഷീണിതരാകുമെന്നും പ്രിന്‍സിപ്പല്‍ അവകാശപ്പെടുന്നു. ജിസിഎസ്ഇ ഫലങ്ങളില്‍ മികച്ച പ്രകടനവുമായി 2015ല്‍ ലീഗ് ടേബിളുകളില്‍ മുന്‍നിരയില്‍ എത്തിയ സ്‌കൂളാണ് കിംഗ് സോളമന്‍ അക്കാഡമി.

ന്യൂഡൽഹി∙ ‘ഇന്ത്യൻ ചാരൻ’ എന്നാരോപിച്ച് 2016 മാർച്ചിൽ പാക്കിസ്ഥാൻ പിടികൂടിയ കുൽഭൂഷൺ ജാദവിനു വധശിക്ഷ പ്രഖ്യാപിച്ച നടപടിയിൽ ഇന്ത്യ പ്രതിഷേധമറിയിച്ചു. പാക്ക് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തിയാണ് പ്രതിഷേധമറിയിച്ചത്. വധശിക്ഷ നടപ്പാക്കിയാൽ അത് സാമാന്യനീതിയുടെ ലംഘനമാകുമെന്ന് ഇന്ത്യ അറിയിച്ചു. കുൽഭൂഷണെതിരായ നടപടി അപഹാസ്യമാണ്. അടിസ്ഥാന നിയമവും നീതിയും കണക്കിലെടുത്തില്ലെങ്കിൽ വധശിക്ഷ കൊലപാതകത്തിനു സമാനമായി കണക്കാക്കും. കുൽഭൂഷണെതിരെ വിചാരണ നടത്തുന്ന വിവരം ഇന്ത്യൻ ഹൈക്കമ്മീഷണറെ അറിയിച്ചിരുന്നില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അതിനിടെ, ബുധനാഴ്ച വിട്ടയ്ക്കാനിരുന്ന 12 പാക്ക് പൗരന്മാരുടെ മോചനം ഇന്ത്യ റദ്ദാക്കി.

ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പാക്ക് സൈനിക കോടതിയാണ് കുൽഭൂഷണിന് വധശിക്ഷ വിധിച്ചത്. ഇന്ത്യൻ ചാരസംഘടനയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിനു (റോ) വേണ്ടി പ്രവർത്തിക്കുകയാണെന്ന് ആരോപിച്ചാണ് കുൽഭൂഷണെ പാക്കിസ്ഥാൻ പിടികൂടിയത്. 2003 മുതൽ ഇറാനിലെ ചാബഹറിൽ കച്ചവടം നടത്തിവന്ന ജാദവ് പാക്കിസ്ഥാനിലേക്കു പോകും വഴിയാണു പാക്ക് രഹസ്യാന്വേഷണ ഏജൻസിയുടെ വലയിലായത്. കുൽഭുഷൺ ജാദവിന്റെ പേരിൽ ഭീകരപ്രവർത്തനം, അട്ടിമറിശ്രമം തുടങ്ങിയ വകുപ്പുകൾ ചേർത്ത് പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) റജിസ്റ്റർ ചെയ്തിരുന്നു.

ന്യൂഡൽഹി ∙ വികസനവഴിയിൽ ഇന്ത്യയെ നയിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ഓസ്ട്രേലിയൻ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ. നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയതായിരുന്നു അദ്ദേഹം. ഞായറാഴ്ച ന്യൂഡൽഹിയിലെത്തിയ അദ്ദേഹം 12 വരെ ഇവിടെയുണ്ടാകും. പ്രധാനമന്ത്രിയെന്ന നിലയിൽ ടേൺബുളിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.

ഈ സന്ദർശനത്തിലൂടെ ഇരുരാജ്യങ്ങൾക്കിടയിലെ ബന്ധം പുതിയ തലങ്ങളിലേക്ക് വളരുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ലോകത്തിലെ സുപ്രധാന രാജ്യങ്ങളിലൊന്നിനെ സവിശേഷമായ വിധത്തിലാണ് വളർച്ചയുടെയും വികസനത്തിന്റെയും പാതയിൽ മോദി നയിക്കുന്നതെന്ന് ടേൺബുള്‍‌ ചൂണ്ടിക്കാട്ടി. ലോകരാജ്യങ്ങള്‍ക്കിടയിൽ തന്നെ ഏറെ പ്രശംസ നേടിയതാണ് ഇന്ത്യയുടെ നേട്ടങ്ങൾ. ഇന്ത്യയുമായി കഴിയുന്നത്ര ചേർന്നു പ്രവർത്തിക്കാനാണ് ഓസ്ട്രേലിയ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഓസ്ട്രേലിയയിലുള്ള നിരവധി ആളുകൾ ഇന്ത്യൻ പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ഇത്തരത്തിൽ ഒരുപാട് സമാനതകൾ പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും ഓസ്ട്രേലിയയുമെന്ന് അദ്ദേഹം പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച ആണവക്കരാറിന്റെ അടിസ്ഥാനത്തിൽ ഓസ്ട്രേലിയയിൽനിന്നു യുറേനിയവുമായി ആദ്യ കപ്പൽ വരുന്നതിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സന്ദർശന വേളയിൽ തീരുമാനിക്കും.

RECENT POSTS
Copyright © . All rights reserved