ഹരാരെ: ബൈബിള്‍ വചനങ്ങള്‍ ഉള്‍ക്കൊണ്ട് കര്‍ത്താവ് നടന്നതുപോലെ വെള്ളത്തിനു മുകളിലൂടെ നടക്കാന്‍ ശ്രമിച്ച പാസ്റ്ററെ മുതലകള്‍ തിന്നു. സിംബാബ്‌വെയിലെ മപുമലാംഗയിലുള്ള സെയിന്റ് ഓഫ് ദി ലാസ്റ്റ് ഡേയ്‌സ് ദേവാലയത്തിലെ പാസ്റ്ററായ ജൊനാഥന്‍ മതെത്‌വയാണ് ബൈബിളിലെ അദ്ഭുതം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച് മുതലകള്‍ക്ക് ഇരയായത്. പ്രദേശത്തുള്ള മുതലകളുടെ നദി എന്നു തന്നെ വിളിപ്പേരുള്ള നദിയിലാണ് വൈദികന്‍ അദ്ഭുത പ്രവര്‍ത്തിയുടെ പരീക്ഷണം നടത്തി മരണം ഏറ്റുവാങ്ങിയത്.
കഴിഞ്ഞ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനയ്ക്കിടയില്‍ കര്‍ത്താവ് വെള്ളത്തിനു മുകളില്‍ കൂടി നടന്ന ബൈബിളിലെ ഭാഗം ഇദ്ദേഹം വിശ്വാസികളോട് പറഞ്ഞിരുന്നു. കൂടാതെ താനീ അദ്ഭുത പ്രവൃത്തി എല്ലാവര്‍ക്കും കാട്ടിത്തരുമെന്ന് പറഞ്ഞിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. വെള്ളത്തിനു മുകളിലൂടെ നടക്കുക എന്ന അദ്ഭുത പ്രവൃത്തിക്കായി കഴിഞ്ഞ ഒരാഴ്ചയായി ഇയാള്‍ ആഹാരം പോലും ഉപേക്ഷിച്ച് കടുത്ത പ്രാര്‍ത്ഥനയിലായിരുന്നെന്ന് ഡീക്കണ്‍ എന്‍കോസി പറയുന്നു. അതിനുശേഷവും അദ്ദേഹത്തെ മുതലകള്‍ അക്രമിച്ചു എന്നത് വിശ്വസിക്കാനാവുന്നില്ലെന്നും ഇയാള്‍ പ്രതികരിച്ചു.
പാസ്റ്റര്‍ വെള്ളത്തിലേക്കിറങ്ങി കുറച്ചു ദൂരത്തിനുശേഷം അദ്ദേഹം വെള്ളത്തിനു മുകളിലൂടെ നടക്കാനുള്ള ശ്രമം തുടങ്ങിയപ്പോഴായിരുന്നു മുതലകളുടെ അക്രമണം എന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. 3 മുതലകളാണ് അദ്ദേഹത്തെ അക്രമിച്ചത്. അവ എവിടെ നിന്ന് എത്തിയെന്നതും വിശ്വസിക്കാനാവുന്നില്ലെന്നും ഇവര്‍ പറയുന്നു. 30 മിനിറ്റുകള്‍ക്കുള്ളില്‍ അവ അദ്ദേഹത്തെ ആഹാരമാക്കിയെന്നും വൈദികന്റേതായി തിരിച്ച് കിട്ടിയത് ഒരു ജോഡി ചെരുപ്പും അടിവസ്ത്രവും മാത്രമാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.
ലണ്ടന്‍: ലേബര്‍ ഭരണത്തേക്കാള്‍ നികുതികള്‍ വര്‍ദ്ധിക്കുന്നത് ടോറി ഭരണത്തിന്‍ കീഴിലായിരിക്കുമെന്ന് വോട്ടര്‍മാര്‍ കരുതുന്നതായി സര്‍വേ. കോംറെസ് പോളിലാണ് ഈ വിവരങ്ങള്‍ ലഭിത്തതെന്ന് ഇന്‍ഡിപ്പെന്‍ഡന്റ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 80,000 പൗണ്ടിനു മേല്‍ വരുമാനമുള്ളവരുടെയും കമ്പനികളുടെയും നികുതികള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിക്കുന്ന ലേബര്‍ പ്രകടന പത്രിക പുറത്തു വന്നതിനു പിന്നാലെയാണ് ഈ സര്‍വേ ഫലവും പുറത്തു വന്നിരിക്കുന്നത്. ഏറ്റവും കൂടുതല്‍ നികുതി വര്‍ദ്ധനവ് കൊണ്ടുവരുന്ന പാര്‍ട്ടി എന്ന മുന്‍ പ്രതിച്ഛായയില്‍ നിന്ന് ലേബര്‍ രക്ഷപ്പെടുന്നു എന്നാണ് ഇത് കാണിക്കുന്നത്.
53 ശതമാനം വോട്ടര്‍മാരും ലേബര്‍ ഭരണത്തേക്കാള്‍ കണ്‍സര്‍വേറ്റീവ് ഭരണത്തില്‍ കൂടുതല്‍ നികുതികള്‍ നല്‍കേണ്ടി വരുമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ തെരേസ മേയ് അധികാരത്തില്‍ തിരിച്ചു വരണമെന്നാണ് 86 ശതമാനം പേര്‍ ആഗ്രഹിക്കുന്നത്. 14 ശതമാനം ആളുകള്‍ക്ക് മാത്രമേ ജെറമി കോര്‍ബിന്‍ പ്രധാനമന്ത്രി പദത്തിലെത്തണമെന്ന് ആഗ്രഹമുള്ളൂ. നികുതിയേക്കുറിച്ചുള്ള ആശങ്കകള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ ഇടയില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നികുതി നിരക്കുകള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി കഴിഞ്ഞയാഴ്ച വ്യക്തമാക്കുകയും ചെയ്തിരുന്നു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷവും സര്‍വേ പ്രവചിക്കുന്നുണ്ട്. 18 പോയിന്റ് അധിക ലീഡ് പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്. 144 അധിക സീറ്റുകള്‍ തെരേസ മേയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്ക് ലഭിച്ചേക്കും. 1983ല്‍ മാര്‍ഗരറ്റ് താച്ചര്‍ക്ക് ലഭിച്ച അതേ മുന്നേറ്റം തന്നെയായിരിക്കും തെരേസ മേയ്ക്കും ലഭിക്കുക. എന്നാല്‍ കഴിഞ്ഞയാഴ്ച നടത്തിയ സര്‍വേയില്‍ നിന്ന് 25 പോയിന്റ് കണ്‍സര്‍വേറ്റീവുകള്‍ക്ക് ഇടിവ് ഉണ്ടായിട്ടുണ്ട്. അഞ്ച് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ലേബര്‍ 30 ശതമാനത്തില്‍ എത്തി.
ലണ്ടന്‍: എന്‍എച്ച്എസ് ഏറ്റവും വലിയ റിക്രൂട്ട്‌മെന്റ് പ്രതിസന്ധിയെ നേരിടുന്നതായി റിപ്പോര്‍ട്ട്. 40,000ത്തോളം നേഴ്‌സിംഗ് പോസ്റ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നുവെന്നാണ് വിവരം. 2013ലേതിനേക്കാള്‍ ഉയര്‍ന്ന നിരക്കാണ് ഇത്. ട്രസ്റ്റുകളില്‍ നിന്ന് റോയല്‍ കോളേജ് ഓഫ് നേഴ്‌സിംഗ് വിവരാവകാശ നിയമപ്രകാരം നേടിയ രേഖകളിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. ഒമ്പതില്‍ ഒരു പോസ്റ്റ് വീതം ഒഴിഞ്ഞു കിടക്കുന്നതായാണ് കണക്ക്. രജിസ്‌റ്റേര്‍ഡ് നഴ്‌സുമാരെ നിയമിക്കുന്നത് കുറവാണെന്നും ഈ രേഖകള്‍ പറയുന്നു. ഇത് രോഗികളുടെ സുരക്ഷയെ ബാധിക്കുമോ എന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്.
രജിസ്റ്റര്‍ ചെയ്യപ്പെട്ടതും പ്രവൃത്തിവരിചയമുള്ളതുമായ നഴ്‌സുമാരെ നിയമിക്കുന്നതിനു പകരം ചെലവുചുരുക്കാന്‍ മന്ത്രിമാര്‍ ശ്രമിക്കുന്നതാണ് ഈ വിധത്തിലുള്ള നിയമനങ്ങള്‍ക്ക് കാരണമെന്ന് ആര്‍സിഎന്‍ ചീഫ് എക്‌സിക്യൂട്ടീവും ജനറല്‍ സെക്രട്ടറിയുമായ ജാനറ്റ് ഡേവിസ് പറഞ്ഞു. ആര്‍സിഎന്നിനു വേണ്ടി കോംറെസ് നടത്തിയ സര്‍വേയില്‍ യുകെയിലെ നാല് രാജ്യങ്ങളിലും അഞ്ചില്‍ നാല് എന്‍എച്ച്എസ് നഴ്‌സിംഗ് ഡയറക്ടര്‍മാര്‍ തങ്ങളുടെ ആശങ്ക അറിയിച്ചു. ജീവനക്കാരുടെ കുറവ് കൂടാതെ സാമ്പത്തിക പ്രതിസന്ധി മൂലം സേവനനിലവാരം നിലനിര്‍ത്താന്‍ കഴിയുന്നില്ലെന്ന പ്രശ്‌നവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നഴ്‌സിംഗ് വേക്കന്‍സികള്‍ വര്‍ദ്ധിക്കുന്നുണ്ട്. നഴ്‌സിംഗ് ജീവനക്കാരുടെ ശമ്പളവര്‍ദ്ധനവ് 1 ശതമാനം മാത്രമായി വെട്ടിക്കുറക്കാനുള്ള ടോറി സര്‍ക്കാര്‍ തീരുമാനം ഇവര്‍ ജോലിയുപേക്ഷിച്ച് പോകുന്നതിന് കാരണമാകുന്നുവെന്ന വിവരങ്ങള്‍ പുറത്തു വന്നിരുന്നു. ബ്രെക്‌സിറ്റില്‍ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകളും നഴ്‌സിംഗ് റിക്രൂട്ട്‌മെന്റില്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുകയാണ്.
ജോസ് കുമ്പിളുവേലില്‍
ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യമായി ഒരു മലയാളി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നു. മാഞ്ചസ്റ്ററില്‍ താമസിയ്ക്കുന്ന ഡോ. ലക്‌സണ്‍ ഫ്രാന്‍സിസ് (അഗസ്റ്റിന്‍) കല്ലുമാടിക്കലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചരിത്രം കുറിയ്ക്കാന്‍ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പുഗോദയില്‍ അങ്കംകുറിയ്ക്കുന്നത്. ബ്രിട്ടന്റെ ചരിത്രത്തില്‍ ഇടം നേടുന്ന ആദ്യ മലയാളി സ്ഥാനാര്‍ഥി എന്ന ബഹുമതിയും ഇതോടെ ലക്‌സണ്‍ കൈവരിച്ചു. മുമ്പ് ടൗണ്‍, ലോക്കല്‍, മുനിസിപ്പല്‍, കൗണ്‍സില്‍ തുടങ്ങിയ മേഖലകളില്‍ നിരവധി മലയാളികള്‍ മത്സരിച്ച് വിജയിച്ചിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് പാര്‍ലമെന്റിലേയ്ക്ക് ഒരു മലയാളി മത്സരിയ്ക്കുന്നത് ഇതാദ്യമാണ്.
മാഞ്ചസ്‌റററിലെ വിഥിന്‍ഷോ ആന്റ് സെയ്ല്‍ ഈസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ലക്‌സണ്‍ ജനവിധി തേടുന്നത്. ജൂണ്‍ എട്ടിനാണ് ബ്രിട്ടനില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. ബ്രിട്ടനിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനമായ ലേബര്‍ പാര്‍ട്ടിയുടെ കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായി 2014ല്‍ ലക്‌സണ്‍ മത്സരിച്ചിരുന്നുവെങ്കിലും വിജയം കണ്ടില്ല. എന്നാല്‍ 80% വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ഗ്രേറ്റര്‍ മാഞ്ചസ്റ്ററില്‍ ട്രാഫോര്‍ഡ് മെട്രോപൊളിറ്റന്‍ കൗണ്‍സിലിന്റെ രണ്ടാമത്തെ വാര്‍ഡായ അഷ്ടോണ്‍ അപ്പോണ്‍ മേഴ്‌സി വാര്‍ഡിലാണ് ലക്‌സണ്‍ അന്ന് മത്സരിച്ചിരുന്നത്. യുകെയുടെ ചരിത്രത്തില്‍ അന്ന് ഇതാദ്യമാണ് ട്രാഫോര്‍ഡില്‍ ഒരു മലയാളി കൗണ്‍സിലര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. 2004 മുതല്‍ ലേബര്‍ പാര്‍ട്ടിയുടെ അംഗത്വമുള്ള ലക്‌സണ്‍, 2014 ല്‍ പാര്‍ട്ടിയുടെ കോസ്റ്റിറ്റിയുവന്‍സി എക്‌സിക്യൂട്ടീവ് അംഗമായും, മെമ്പര്‍ഷിപ്പ് കാമ്പെയിന്‍ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചിരുന്നു. ലേബര്‍ പാര്‍ട്ടി ലേബലില്‍ കൗണ്‍സിലറായി മത്സരിച്ച അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും അടുപ്പക്കരാനായ ലക്‌സന്റെ പ്രവര്‍ത്തനം യുകെയിലെ മലയാളി സമൂഹത്തിന് അഭിമാനിയ്ക്കാനും വകയുണ്ട്.
2014ല്‍ ലക്‌സണ്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ ചേര്‍ന്നെങ്കിലും ഇക്കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച് തെരഞ്ഞെടുപ്പിലേയ്ക്കു നീങ്ങുകയായിരുന്നു. ഏതാണ്ട് 85,000 ഓളം വോട്ടര്‍മാരാണ് വിഥിന്‍ഷോ ആന്റ് സെയ്ല്‍ ഈസ്റ്റ് പാര്‍ലമെന്റ് മണ്ഡലത്തിലുള്ളത്. കഴിഞ്ഞതവണ 60,000 വോട്ടാണ് പോള്‍ ചെയ്തത്. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് ഇവിടെ ജയിച്ചത്. തൊട്ടുപിന്നാലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും ഉണ്ടായിരുന്നു. യുകെഐപിയുടെ വരവോടുകൂടി ഇരുപാര്‍ട്ടികള്‍ക്കും വോട്ടു ശതമാനത്തില്‍ കിഴിവു വന്നിട്ടുണ്ട്.
ഒട്ടനവധി മലയാളികള്‍ക്കൊപ്പം ഇന്‍ഡ്യാക്കാരും വിദേശികളും അധിവസിയ്ക്കുന്ന ഈ മണ്ഡലത്തില്‍ ലക്‌സണ്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായതുകൊണ്ടുതന്നെ വിജയപ്രതീക്ഷ ഏറെയാണ്. തന്നെയുമല്ല കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ ഏറെ അടിവേരുള്ള ലക്‌സണ്‍ അവരുടെയും വോട്ടുകള്‍ ലക്ഷ്യമാക്കുന്നുണ്ട്. ഒഐസിസി യുകെ ജോയിന്റ് കണ്‍വീനറും, ഇന്‍ഡ്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ (ഐഎന്‍ഒസി) യൂറോപ്പ് കേരള ചാപ്റ്റര്‍ കോര്‍ഡിനേറ്ററുമായ ലക്‌സണ്‍ ഫ്രാന്‍സിസ് കല്ലുമാടിയ്ക്കല്‍ ചങ്ങനാശേരി തുരുത്തി സ്വദേശിയാണ്.
2001 ല്‍ ഇലക്ട്രോണിക്, ടെലികമ്യൂണിക്കേഷന്‍ എന്നിവ മുഖ്യവിഷയമായി ബിടെക് എന്‍ജിനിയറിംഗ് ബിരുദം കരസ്ഥമാക്കിയ ശേഷം കെഎസ്ഇബിയില്‍ അസിസ്‌റന്റ് എന്‍ജിനീയറായി ജോലി നോക്കിയിട്ടുള്ള ലക്‌സണ്‍ 2002 ലാണ് ഉപരിപഠനത്തിനായി യുകെയിലെത്തുന്നത്. 2003ല്‍ യുകെയില്‍ നിന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ മാസ്റ്റര്‍ ബിരുദവും നേടി. ഫോണ്‍സ് ഫോര്‍ യു, ബ്രിട്ടീഷ് ടെലികോം, മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ട്, ടിസ്‌കാലി ബ്രോഡ്ബാന്റ് എന്നീ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ ടീം മനേജരായി ജോലി ചെയ്തിട്ടുണ്ട്. 2007 മുതല്‍ യുകെയില്‍ ഐടി, ടെലികോം എന്നിവയില്‍ സ്വന്തമായി ബിസിനസ് നടത്തിവരുന്ന ലക്‌സണ്‍ ബിസിനസ്സ് മാനേജ്‌മെന്റ് എന്റര്‍പ്രണര്‍ഷിപ്പില്‍ ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. നിലവില്‍ മാഞ്ചസ്‌ററര്‍ മെട്രൊപോളിറ്റന്‍ യൂണിവേഴ്‌സിറ്റിയില്‍ നിയമ വിദ്യാര്‍ത്ഥിയാണ് ലക്‌സണ്‍.
2003 മുതല്‍ 2005 വരെ സീറോ മലബാര്‍ യുകെ നാഷണല്‍ കമ്മിറ്റി കോഓര്‍ഡിനേറ്ററും 2003 മുതല്‍ 2008 വരെ സീറോ മലബാര്‍ മാഞ്ചസ്‌ററര്‍ യൂണിറ്റ് ട്രസ്‌ററി, 2006 ല്‍ മാഞ്ചസ്‌റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. 2010 മുതല്‍ സീറോ മലബാര്‍ അജപാലക മിഷന്‍ (കാക്കനാട്ട്) സ്‌പെഷല്‍ ഇന്‍വൈറ്റിയാണ്.
ചങ്ങനാശേരി തുരുത്തി കല്ലുമാടിക്കല്‍ (പകലോമറ്റം മഹാകുടുംബയോഗം മെമ്പര്‍) പരേതനായ കെ.എഫ് അഗസ്റ്റിന്റെയും (പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്‍), ത്രേസ്യാമ്മ അഗസ്റ്റിന്റെയും (റിട്ട. ടീച്ചര്‍, സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍, കാഞ്ഞിരത്താനം)ഏക മകനാണ് ലക്‌സണ്‍. ഭാര്യ ഡോ. മഞ്ജു ലക്‌സണ്‍ മാഞ്ചസ്റ്റര്‍ റോയല്‍ ഇന്‍ഫര്‍മറി ഹോസ്പിറ്റലില്‍ ഡിവിഷണല്‍ റിസേര്‍ച്ച് മാനേജരായി ജോലി ചെയ്യുന്നു. ലിവിയാ മോള്‍, എല്‍വിയാ മോള്‍, എല്ലിസ് എന്നിവര്‍ മക്കളാണ്.
ലക്‌സന്റെ നോമിനേഷന്‍ സ്വീകരിച്ചതില്‍ പിന്നെ മലയാളികളുടെയും ഇന്‍ഡ്യാക്കാരുടെയും അകമഴിഞ്ഞ പിന്തുണയും പ്രവര്‍ത്തനവും ലക്‌സന്റെ വിജയത്തിനു കരുത്തേകുകയാണ്. ചരിത്രത്തില്‍ ഇടംപിടിച്ചുതന്നെ ലക്‌സന്റെ വിജയം ആഘോഷിയ്ക്കണമെന്ന വാശിയിലാണ് മാഞ്ചസ്റ്റര്‍ മലയാളികള്‍.
ലണ്ടന്‍: എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ വന്‍ സൈബര്‍ ആക്രമണം. എന്‍എച്ച്എസ് പ്രവര്‍ത്തനങ്ങള്‍ മൊത്തം ഇതുമൂലം സ്തംഭിച്ചു. ഐടി സംവിധാനം തകര്‍ന്നതിനാല്‍ അടിയന്തര പരിചരണം ആവശ്യമുള്ള രോഗികളെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റി. ഇംഗ്ലണ്ടിലെയും സ്‌കോട്ട്‌ലന്‍ഡിലെയും ആശുപത്രികളെ ആക്രമണം ബാധിച്ചുവെന്നാണ് വിവരം. യൂറോപ്പിലും ഏഷ്യയിലുമായി 74 രാജ്യങ്ങളില്‍ ഇന്നലെയുണ്ടായ വന്‍ ആക്രമണത്തിന്റെ ഇരയാവുകയായിരുന്നു എന്‍എച്ച്എസ് എന്ന് വിദഗ്ദ്ധര്‍ പറഞ്ഞു.
അമേരിക്കയില്‍ ഫെഡെക്‌സ് പ്രവര്‍ത്തനത്തെ സൈബര്‍ ആക്രമണം ബാധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.റഷ്യന്‍ ആഭ്യന്തര, എമര്‍ജന്‍സി മന്ത്രാലയങ്ങളുടെ പ്രവര്‍ത്തനത്തെയും രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ ഷെര്‍ബാങ്കിനെയും ആക്രമണം ബാധിച്ചു. റാന്‍സംവെയര്‍ എന്ന ആക്രമണരീതിയായിരുന്നു ഹാക്കര്‍മാര്‍ അവലംബിച്ചത്. ആക്രമണത്തിനിരയാകുന്നവര്‍ പണം നല്‍കിയാല്‍ മാത്രമേ അതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുകയുള്ളു.
ഡാര്‍ക്ക്‌വെബില്‍ ഉപയോഗിക്കുന്ന നാണയമായ ബിറ്റ്‌കോയിനില്‍ 300 അമേരിക്കന്‍ ഡോളറിനു തുല്യമായ തുക നല്‍കാനായിരുന്നു ആക്രമണത്തിനിരയായ കമ്പ്യൂട്ടറുകളില്‍ തെളിഞ്ഞ സന്ദേശം. പണം നല്‍കാന്‍ വൈകുന്നതനുസരിച്ച് ഫയലുകള്‍ ഡിലീറ്റ് ചെയ്യുമെന്ന ഭീഷണിയും സന്ദേശത്തിലുണ്ടായിരുന്നു. എന്‍എച്ച്എസ് ട്രസ്റ്റുകള്‍ ആക്രമണത്തിനിരയായ കമ്പ്യൂട്ടുര്‍ ശൃംഖലകള്‍ ഷട്ട്ഡൗണ്‍ ചെയ്തതോടെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയായിരുന്നു.
അപ്പോയിന്റ്‌മെന്റുകള്‍ റദ്ദാക്കേണ്ടി വന്നു. ആംബുലന്‍സുകളുടെ പ്രവര്‍ത്തനം തകരാറിലായി, ചില ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പൂര്‍ണ്ണമായും അടച്ചിടേണ്ടതായി വന്നുവെന്ന് ട്രസ്റ്റുകള്‍ അറിയിച്ചു. ഡിജിറ്റല്‍ ഫയലുകള്‍ ലഭ്യമല്ലാതെ വന്നതോടെ പേപ്പറും പേനയുമുപയോഗിച്ചായിരുന്നു ജീവനക്കാര്‍ വിവരങ്ങള്‍ ശേഖരിച്ചത്. പ്രധാനമന്ത്രി തെരേസ മേയ്, സ്‌കോട്ട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജന്‍ എന്നിവര്‍ ക്രൈസിസ് മീറ്റിംഗുകളും ഇതേത്തുടര്‍ന്ന് വിളിച്ചിരുന്നു.
ഷിബു മാത്യു
കാരുണ്യത്തിന്റെ ലോകത്തേയ്ക്ക് ഒരു പുതിയ കാല്‍വെയ്പ്പ്… മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍. അക്ഷരങ്ങളോട് പൊരുതി ജനങ്ങളോടൊപ്പം സഞ്ചരിക്കുന്ന ഞങ്ങള്‍ മലയാളം യുകെ, അവരുടെ പ്രയാസങ്ങളിലും പങ്ക് ചേരുകയാണ്. ജനവികാരത്തിന്റെ സ്പന്ദനങ്ങള്‍ ഞങ്ങള്‍ തൊട്ടറിഞ്ഞു. ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം ഇതാണെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. നന്മയെ തിന്മയില്‍ നിന്നും ഞങ്ങള്‍ വേര്‍തിരിച്ചപ്പോള്‍ ഞങ്ങളുടെ പ്രിയ വായനക്കാര്‍ ഞങ്ങള്‍ക്കെന്നും വിലപ്പെട്ടതാണെന്ന് ഞങ്ങളറിഞ്ഞു. അര്‍ഹിക്കുന്നവര്‍ക്കൊരാശ്രയമാവുക എന്ന ലക്ഷ്യം മാത്രമേ ഇതിനുള്ളൂ. വായനക്കാര്‍ ഞങ്ങളുടെ ബലവും.
ശനിയാഴ്ച ലെസ്റ്ററില്‍ നടക്കുന്ന മലയാളം യുകെയുടെ രണ്ടാമത് വാര്‍ഷികാഘോഷത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ ഒദ്യോഗീക ഉദ്ഘാടനം നിര്‍വ്വഹിക്കും. ഫാ. ചിറമേല്‍ അതിനു സാക്ഷിയാകും.
ചിറമേലച്ചന്‍ സ്‌നേഹം കൊടുക്കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യാ ചാരിറ്റബിള്‍ ട്രസ്റ്റ്. അവിടേയ്ക്കാണ് മലയാളം യുകെയുടെ സഹായഹസ്തം ആദ്യമെത്തുക. ബര്‍മ്മിംഗ്ഹാമിലെ ഹാര്‍ട്ട്‌ലാന്റ് ഹോസ്പിറ്റലിലെ ഡയാലിസിസ് യൂണിറ്റിന്റെ മാനേജര്‍ പ്രിന്‍സ് ജോര്‍ജ്ജും സംഘവും നേതൃത്വം കൊടുത്ത് യുകെയിലെ എന്‍എച്ച്എസ് ഹോസ്പിറ്റലുകളില്‍ നിന്നും പുതിയ യൂണിറ്റുകള്‍ സ്ഥാപിക്കപ്പെടുന്നതിനെ തുടര്‍ന്ന് മാറ്റപ്പെടുന്ന ഡയാലിസിസ് മെഷീനുകള്‍ കേരളത്തില്‍, ചിറമേലച്ചന്റെ ചാരിറ്റബിള്‍ ട്രസ്റ്റില്‍ എത്തിച്ചു കൊടുക്കാന്‍ തീരുമാനിച്ചത് അച്ചനേപ്പോലെ തന്നെ ജീവന്റെ വില അവര്‍ തിരിച്ചറിഞ്ഞതുകൊണ്ടാകണം.
ഇനിയും പത്ത് വര്‍ഷം കൂടിയെങ്കിലും സുഗമമായി പ്രവര്‍ത്തിക്കും എന്ന് നിര്‍മ്മാതാക്കള്‍ ഉറപ്പ് നല്‍കുന്ന മെഷീനുകളാണ് ഇവിടെ നിന്നും ഇന്ത്യയിലേക്ക് എത്തിച്ച് നല്‍കുന്നത് . പ്രിന്‍സ് ജോര്‍ജ്ജും സംഘവും ചെയ്യുന്ന ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് എന്‍എച്ച്എസിന്‍റെ പൂര്‍ണ്ണ പിന്തുണയുണ്ട്. ജര്‍മ്മന്‍ നിര്‍മ്മിതമായ ഈ മെഷീനുകള്‍ക്ക് 15 ലക്ഷത്തോളം രൂപ വില വരും. തുടക്കത്തില്‍ 25 ഡയാലിസിസ് മെഷീനുകളാണ് കേരളത്തിലെത്തിക്കുക. ഇതിന് സമാനമായ മെഷീനുകള്‍ കേരളത്തില്‍ ഉള്ളതുകൊണ്ട് ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമതയുള്ളതാവും എന്നതില്‍ തര്‍ക്കമില്ല. കൂടാതെ കേരളത്തില്‍ ഡയാലിസിസ് വിഭാഗത്തില്‍ ജോലി ചെയ്യുന്നവരെ യുകെയിലെത്തിച്ച് കാലോചിതമായ കൂടുതല്‍ ട്രെയിനിംഗ് നല്‍കുവാനും പ്രിന്‍സും കൂട്ടരും ശ്രമിക്കുന്നുണ്ട്. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ മെഷീനുകള്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് ചിറമേലച്ചനുള്ളത്. ആരോഗ്യ മേഖലയില്‍ ഇതൊരു മാറ്റത്തിന് വലിയ തുടക്കമാകും.
മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ വഴിയാണ് പ്രിന്‍സ് ജോര്‍ജ്ജും സംഘവും എന്‍എച്ച്എസില്‍ നിന്നും സംഘടിപ്പിക്കുന്ന മെഷീനുകള്‍ കേരളത്തിലെത്തിക്കുന്നത്. മലയാളം യുകെയുടെ പുതിയ ജീവകാരുണ്യ സംരംഭമായ മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ ആയിരിക്കും ഇതിനാവശ്യമായ ഫണ്ട് കണ്ടെത്തുന്നത്. ഇരുപത്തിയഞ്ച് മെഷീനുകളാണ് ഈ മാസം അവസാനത്തോടെ കേരളത്തിലെത്തുന്നത്.
മലയാളം യുകെ എക്‌സല്‍ അവാര്‍ഡ് നൈറ്റില്‍ അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരിതെളിക്കുമ്പോള്‍ തന്നെ മലയാളം യുകെയുടെ ആദ്യ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് യുകെയില്‍ തുടക്കമാകും. ആതുരസേവന രംഗത്ത് വളരെ വിപുലമായ ചിന്തകളോടെയാണ് മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ മുന്നോട്ടിറങ്ങുന്നത്. മലയാളം യുകെ ഡയറക്ടര്‍ ആയ ബര്‍മിംഗ്ഹാമില്‍ നിന്നുള്ള ജിമ്മി മൂലംകുന്നേല്‍ ആണ് ഇതിനാവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് മുന്‍കൈ എടുത്തിരിക്കുന്നത്.
പൂളില്‍ നിന്നുള്ള ഷാജി തോമസിന്‍റെ നേതൃത്വത്തില്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ നിന്നുള്ള റോയ് ഫ്രാന്‍സിസ്, വോക്കിംഗില്‍ നിന്നുള്ള ആന്റണി എബ്രഹാം എന്നിവരാണ് മലയാളം യുകെ ചാരിറ്റബിള്‍ ഫൗണ്ടേഷന്‍റെ ആദ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ചാരിറ്റി രജിസ്ട്രേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് കൂടുതല്‍ ട്രസ്റ്റിമാരെ ചേര്‍ത്ത് വിപുലീകരിക്കും
മെയ് പതിമൂന്ന് ശനിയാഴ്ച. മലയാളം യു കെ എക്‌സല്‍ അവാര്‍ഡ് നൈറ്റിന് യുകെയുടെ നാനാഭാഗത്തു നിന്നുമായി ഇരുനൂറോളം താരങ്ങള്‍ ആണ് വേദിയില്‍ അണി നിരക്കുന്നത്. ആതിഥേയരായ ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ എത്തിക്കഴിഞ്ഞു. രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്ന, യുകെ മലയാളികള്‍ കണ്ടതില്‍ വെച്ചേറ്റവും വലിയ ആഘോഷത്തിന് തിരി തെളിയാന്‍ ഇനി ഒരു ദിവസം കൂടി മാത്രം. ഏവരെയും ഞങ്ങള്‍ ലെസ്റ്ററിലേക്ക് സ്വാഗതം ചെയ്യുന്നു.
വേദിയുടെ അഡ്രസ്സ്
Maher Centre,
15 Ravensbridge Dr
Leicester LE4 0BZ
Also Read:
മലയാളം യു കെ അവാര്‍ഡ് നൈറ്റില്‍ യോര്‍ക്ഷയറിന്റെ സംഗീതവും..
മലയാളം യുകെ അവാര്‍ഡ് നൈറ്റിന് ആശംസകള്‍ നേര്‍ന്ന് കൊണ്ട് കെ. എം. മാണി സംസാരിക്കുന്നു
ലണ്ടന്‍: നേഴ്‌സിംഗ് മേഖലയെ നശിപ്പിച്ചതിന് ഉത്തരവാദി പ്രധാനമന്ത്രിയാണെന്ന ആരോപണവുമായി തെരേസ മേയ്ക്ക് കത്ത്. ശമ്പളക്കുറവും ശമ്പള വര്‍ദ്ധനവില്ലാത്തതും ചികിത്സാരംഗത്ത് നടപ്പാക്കിയിരിക്കുന്ന ചെലവ് ചുരുക്കല്‍ നടപടികളും തങ്ങളുടെ ജോലി വേണ്ട വിധത്തില്‍ ചെയ്യാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കിയെന്ന് കത്തില്‍ നേഴ്‌സുമാര്‍ ആരോപിക്കുന്നു. ഭാവിയില്‍ ഈ മേഖലയിലേക്ക് ആളുകള്‍ കടന്നുവരാന്‍ തയ്യാറാകാത്ത അവസ്ഥയുണ്ടാകാതിരിക്കാന്‍ ശമ്പളവര്‍ദ്ധനവ് 1 ശതമാനമാക്കി ചുരുക്കിയ നടപടി പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
പല എന്‍എച്ച്എസ് നേഴ്‌സുമാരും ജീവിതച്ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ മറ്റ് ജോലികള്‍ ചെയ്യാനും നിര്‍ബന്ധിതരായിരിക്കുകയാണ്. ഹാര്‍ഡ്ഷിപ്പ് ഗ്രാന്റുകള്‍ക്കായി അപേക്ഷിക്കേണ്ട ഗതികേടിലും ഭക്ഷണത്തിനായി ഫുഡ് ബാങ്കുകളെ ആശ്രയിക്കേണ്ട അവസ്ഥയിലുമാണ് തങ്ങളെന്നും അവര്‍ പറയുന്നു. അടുത്ത തലമുറ നേഴ്‌സിംസഗ് ജോലിക്ക് തയ്യാറാകാത്ത സ്ഥിതിയാണ് പ്രധാനമന്ത്രിയുടെ ആരോഗ്യമേഖലയോടുള്ള നിലപാടുകള്‍ സൃഷ്ടിക്കുന്നത്. തങ്ങളുടെ തൊഴില്‍മേഖലയെ പ്രധാനമന്ത്രി നശിപ്പിക്കുകയാണെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു.
നേഴ്‌സിംഗ് ദിനമായി ആചരിക്കുന്ന ഇന്നാണ് പ്രധാനമന്ത്രിക്ക് നേഴ്‌സുമാര്‍ ഈ കത്ത് എഴുതിയിരിക്കുന്നത്. ശമ്പളവര്‍ദ്ധനയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ നികത്തണമെന്നും കത്തില്‍ ആവശ്യമുണ്ട്. നൂറിലേറെ നേഴ്‌സുമാരാണ് ഈ കത്തില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ലണ്ടന്‍: ആരെങ്കിലും വാതിലില്‍ മുട്ടി വിളിച്ചാല്‍ നാം എന്താണ് ചെയ്യുക? ഡോര്‍ ക്യാമറയില്‍ നോക്കി വാതില്‍ തുറന്നുകൊടുക്കും എന്നതായിരിക്കും എല്ലാവരുടെയും മറുപടി. എന്നാല്‍ സതാംപ്ടണില്‍ താമസിക്കുന്ന ബ്രയാന്‍ എന്ന യുവാവ് ചെയ്തത് കേട്ടാല്‍ ആരും ഒന്ന് അമ്പരക്കും. പ്രത്യേകിച്ച് വാതിലില്‍ മുട്ടിയത് രാജ്യത്തിന്റെ പ്രധാനമന്ത്രി കൂടിയാകുമ്പോള്‍. ഡോര്‍ ക്യാമറയില്‍ പ്രധാനമന്ത്രിയെ കണ്ട് ഞെട്ടിയ യുവാവ് പക്ഷേ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ തനിക്ക് ഭയമായിരുന്നു എന്നാണ് ഇയാള്‍ പിന്നീട് പ്രതികരിച്ചത്.
തനിക്ക് അവരോട് എന്താണ് സംസാരിക്കേണ്ടത് എന്ന് അറിയില്ലായിരുന്നു. ഒന്നും സംസാരിക്കാന്‍ ഇല്ലായിരുന്നു എന്നുതന്നെ പറയാം. അവരുടെ സമയം മെനക്കെടുത്താന്‍ താല്‍പര്യമില്ലാത്തതിനാലാണ് വാതില്‍ തുറക്കാതിരുന്നതെന്നും ബ്രയാന്‍ വ്യക്തമാക്കി. സാധാരണ രാഷ്ട്രീയക്കാര്‍ വന്നാല്‍ അവരുമായി സംസാരിക്കുന്നതില്‍ താന്‍ അത്ര താല്‍പര്യം കാണിക്കാറില്ല. പക്ഷേ പ്രധാനമന്ത്രി എത്തിയപ്പോള്‍ അല്‍പം ഭയന്നുപോയതായി ബ്രയാന്‍ പറയുന്നു. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ താന്‍ വോട്ട് ചെയ്തിട്ടില്ല. ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയന് അനുകൂലമായാണ് വോട്ട് ചെയ്തത്.
രാഷ്ട്രീയത്തില്‍ തനിക്ക് വലിയ താല്‍പര്യമില്ല. അതുകൊണ്ടുതന്നെ അത്തരം ചര്‍ച്ചകളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കുകയാണ് പതിവ്. എന്നാല്‍ ജെറമി കോര്‍ബിനുമായി സംസാരിക്കാന്‍ തനിക്ക് താല്‍പര്യമുണ്ട്. അത് തെരേസ മേയേക്കാള്‍ കോര്‍ബിനെ ഇഷ്ടപ്പെടുന്നതുകൊണ്ടോ പിന്തുണയ്ക്കുന്നതുകൊണ്ടോ അല്ലെന്നും ഈ യുവാവ് പറഞ്ഞു. തെരേസ മേയ്ക്ക് വലിയ പ്രശസ്തിയുണ്ട്. അതുകൊണ്ടുതന്നെ തന്നെ സമ്മര്‍ദ്ദത്തിലാക്കുന്ന ചോദ്യങ്ങള്‍ ഒട്ടേറെ അവര്‍ ചോദിക്കും. അത് ഒഴിവാക്കാനും കൂടിയാണ് വാതില്‍ തുറക്കാതിരുന്നതെന്നും ബ്രയാന്‍ പറഞ്ഞു.
എന്നാല്‍ ബ്രയാന്‍ മാത്രമായിരുന്നില്ല ഈ വിധത്തില്‍ പ്രതികരിച്ചത്. തെരേസ മേയ് ഒട്ടേറെ വീടുകളില്‍ തട്ടി വിളിച്ചിട്ടും പലരും വാതില്‍ തുറക്കാനോ സംസാരിക്കാനോ തയ്യാറായില്ലെന്ന് സ്‌കൈ ന്യൂസ് വാര്‍ത്താ സംഘം റിപ്പോര്‍ട്ട് ചെയ്യുന്നു. അണികളുടെയും മാധ്യമങ്ങളുടെയും അകമ്പടിയോടെയാണ് മേയ് ഭവന സന്ദര്‍ശനത്തിന് ഇറങ്ങിയത്.
ലണ്ടന്‍: യുകെയില്‍ ചൂട് വര്‍ദ്ധിക്കുന്നു. അടുത്തയാഴ്ച ഹീറ്റ് വേവിന് സാധ്യതയുള്ളതിനാല്‍ 22 ഡിഗ്രി വരെ ചൂട് ഉയരുമെന്നാണ് മെറ്റ് ഓഫീസ് അറിയിക്കുന്നത്. തെക്കന്‍ ഭാഗങ്ങളില്‍ ഈ വാരാന്ത്യം മഴയുണ്ടാകാന്‍ ഇടയുണ്ട്. ഇത് രാജ്യമൊട്ടാകെ വ്യാപിക്കാനും ഇടയുണ്ടെന്നാണ പ്രവചനം. അടുത്തയാഴ്ച ചൂട് കാലാവസ്ഥ തിരികെ വന്നേക്കും. ഇന്ന് തെളിഞ്ഞ ആകാശമായിരിക്കും കാണപ്പെടുകയെന്നും ചൂട് കാലാവസ്ഥയായിരിക്കുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു.
എന്നാല്‍ എപ്പോള്‍ വേണമെങ്കിലും ഇത് മഴയ്ക്ക് വഴി മാറാമെന്നും മെറ്റ് ഓഫീസ് വക്താവ് പറഞ്ഞു. രണ്ടു ദിവസത്തേക്ക് കാലാവസ്ഥ ഈ വിധത്തില്‍ തുടരാമെന്നും പ്രസ്താവനയില്‍ മെറ്റ് ഓഫീസ് വ്യക്തമാക്കി. അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി ചൂട് ഉയരുകയും 20 ഡിഗ്രിക്കു മേല്‍ എത്തുകയും ചെയ്യും. ചൂട് കാലാവസ്ഥ തുടരുന്നത് വരള്‍ച്ചയ്ക്ക് കാരണമാകുമോ എന്ന സംശയവും ഉയരുന്നുണ്ട്.
20 വര്‍ഷത്തിനിടെയാണ് ഇത്രയും നീണ്ടു നില്‍ക്കുന്ന ചൂടുകാലം യുകെ ദര്‍ശിക്കുന്നത്. ഇതിനു ശേഷം കാര്യമായ മഴ ലഭിച്ചില്ലെങ്കില്‍ കുടിവെള്ള ക്ഷാമം ഉണ്ടാകാന്‍ ഇടയുണ്ടെന്ന് കഴിഞ്ഞ മാസം അധികൃതര്‍ വ്യക്തമാക്കിയിരുന്നു. 25 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്പാനിഷ് പാര്‍ട്ടി ഐലന്‍ഡിനേക്കാള്‍ ചൂട് യുകെയില്‍ രേഖപ്പെടുത്തുമെന്നും പ്രവചനമുണ്ട്.
ഓട്ടം, വിന്റര്‍ സമയങ്ങളില്‍ മഴ കുറഞ്ഞതും സ്പ്രിംഗ് നേരത്തേ എത്തിയതും മൂലം നദികളില്‍ വെള്ളം കുറവാണ്. സൗത്ത്, വെസ്റ്റ് മേഖലകളില്‍ ഇത് പ്രതിസന്ധിയുണ്ടാക്കും. ലഭിക്കുന്ന മഴയുടെ അളവ് കുറയുമെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു. ഇത് കര്‍ഷകര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ കാരണമാകും.
കൊച്ചി: ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്കും തൊഴിലവസരങ്ങള്‍. പ്രാരംഭഘട്ടത്തിലെ നിയമനത്തില്‍ കുടുംബശ്രീ മുഖേന തെരഞ്ഞെടുക്കുന്ന 530 പേരില്‍ 23 ഒഴിവുകള്‍ ഭിന്നലിംഗക്കാര്‍ക്കായി മാറ്റിവെക്കാനാണ് തീരുമാനം. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള പതിനൊന്ന് സ്റ്റേഷനുകളിലേക്കുള്ള നിയമനത്തിലാണ് വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് അവസരം ലഭിക്കുക. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് ടിക്കറ്റ് കൗണ്ടറിലും മറ്റുള്ളവര്‍ക്ക് ഹൗസ്‌കീപ്പിങ്ങ് വിഭാഗത്തിലുമായിരിക്കും ജോലി ലഭിക്കുന്നത്.
ഭിന്നലിംഗക്കാര്‍ക്ക് അവകാശപ്പെട്ട തൊഴിലാണ് മെട്രോ നല്‍കുന്നതെന്നും ഇവരും മറ്റ് സ്ത്രീ ജീവനക്കാരും തമ്മില്‍ യാതൊരു തരത്തിലുള്ള വിവേചനവും ഉണ്ടാകില്ലെന്നും കൊച്ചി മെട്രോ റെയില്‍ എംഡി ഏലിയാസ് ജോര്‍ജ്ജ് വ്യക്തമാക്കി. ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കുന്ന കാര്യം അദ്ദേഹം കൊച്ചി മെട്രോയുടെ ഔൃദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ നേരത്തെ തന്നെ അറിയിച്ചിരുന്നു.
രാജ്യത്ത് തന്നെ ആദ്യമായാണ്‌സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനി ഭിന്നലിംഗക്കാര്‍ക്ക് നിയമനം നല്‍കുന്നത്. കുടുംബശ്രീ വഴി നിയമിക്കുന്ന 530 മെട്രോ ജീവനക്കാരെ ഇതിനോടകം തന്നെ തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് സൂചന.