Main News

യുകെ മലയാളികള്‍ക്ക് ദുഖത്തിന്റെ മറ്റൊരു ദിനം കൂടി നല്‍കിക്കൊണ്ട് ടണ്‍ബ്രിഡ്ജ് വെല്‍സില്‍ മലയാളി ഗൃഹനാഥന്‍ നിര്യാതനായി. ടണ്‍ബ്രിഡ്ജ് വെല്‍സില്‍ താമസിക്കുന്ന എല്‍ദോ വര്‍ഗീസ്‌ ആണ് അപ്രതീക്ഷിതമായി മരണമടഞ്ഞത്. കാര്യമായ അസുഖങ്ങള്‍ ഒന്നും ഇല്ലാതിരുന്ന എല്‍ദോയ്ക്ക് രണ്ട് ദിവസമായി കടുത്ത പനിയും അതെ തുടര്‍ന്നുള്ള അവശതകളും ഉണ്ടായിരുന്നു. ഇന്ന് വൈകുന്നേരം ഭാര്യയോടൊപ്പം സര്‍ജറിയില്‍ പോയി ഡോക്ടറെ കണ്ട് തിരികെ വന്നതായിരുന്നു എല്‍ദോ.

എല്‍ദോ വര്‍ഗീസ്‌എന്നാല്‍ വീട്ടിലെത്തിയ ഉടന്‍ തന്നെ കുഴഞ്ഞു വീണ എല്‍ദോ അബോധാവസ്ഥയില്‍ ആവുകയായിരുന്നു. ഭാര്യ ഉടന്‍ തന്നെ ആംബുലന്‍സ് വിളിച്ചെങ്കിലും എമര്‍ജന്‍സി ടീം എത്തുന്നതിന് മുന്പ് തന്നെ മരണം സംഭവിച്ചിരുന്നു. ഏറണാകുളം പെരുമ്പാവൂര്‍ ഐരാപുരം സ്വദേശിയാണ് എല്‍ദോ വര്‍ഗീസ്‌. ഭാര്യ ജെസി എല്‍ദോ. രണ്ട് മക്കള്‍ ആണ് ഇവര്‍ക്ക്. അക്സ എല്‍ദോ, ബേസില്‍ എല്‍ദോ.

കെന്റിലെ പെംബറി മെയ്ഡ്സ്റ്റോണ്‍ ടണ്‍ബ്രിഡ്ജ് വെല്‍സ് എന്‍എച്ച് എസ് ട്രസ്റ്റില്‍ കാറ്ററിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ ആയിരുന്നു എല്‍ദോ ജോലി ചെയ്തിരുന്നത്. ഭാര്യ ഇതേ ഹോസ്പിറ്റലില്‍ തന്നെ സ്റ്റാഫ് നഴ്സ് ആണ്. ടണ്‍ബ്രിഡ്ജ് വെല്‍സ് മലയാളികള്‍ മിക്കവരും തന്നെ എല്‍ദോയുടെ വീട്ടില്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് ഈ വാര്‍ത്തയില്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

എല്‍ദോയുടെ നിര്യാണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിന്‍റെ അനുശോചനങ്ങള്‍.

ലണ്ടന്‍: മലിനമായ സാഹചര്യത്തില്‍ അന്തേവാസികളെ താമസിപ്പിച്ചിരുന്ന കെയര്‍ ഹോം ഉടമയ്‌ക്കെതിരെ നടപടിയുമായി നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍. സുന്ദരേശന്‍ കൂപ്പന്‍ എന്ന മൗറീഷ്യസ് വംശജന്റെ ഉടമസ്ഥതയിലുള്ള മൂന്ന് കെയര്‍ ഹോമുകളിലെ അന്തേവാസികളെയാണ് ദയനീയ സാഹചര്യങ്ങളില്‍ കണ്ടെത്തിയത്. സറേയിലുള്ള മൂന്ന് കേന്ദ്രങ്ങളില്‍ കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് ഇതേക്കുറിച്ച് വ്യക്തമായത്. അന്തേവാസികളെ ദുരിതത്തില്‍ വിട്ടശേഷം ഇയാളും ഭാര്യ മാലിനിയും കുടുംബവും മൗറീഷ്യസില്‍ ആഘോഷങ്ങളിലായിരുന്നുവെന്ന് കണ്ടെത്തി. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെയര്‍ ഹോമുകള്‍ നടത്തുന്നതില്‍ നിന്ന് ഇയാളെ എന്‍എംസി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.

മൂത്രവും അഴുക്കും നിറഞ്ഞ സാഹചര്യമാണ് മൂന്നിടങ്ങളിലും പരിശോധനയില്‍ കണ്ടത്. അന്തേവാസികളില്‍ പോഷണക്കുറവും നിര്‍ജ്ജലീകരണവും ഉണ്ടായിരുന്നതായി വ്യക്തമായി. സട്ടനില മെറോക് പാര്‍ക്ക് അടച്ചു പൂട്ടിയിട്ടും സുന്ദരേശന്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തനിക്കു മേലുണ്ടായിരുന്ന വിശ്വാസം ഇയാള്‍ ദുരുപയോഗം ചെയ്‌തെന്ന് എന്‍എംസി വ്യക്തമാക്കിയിട്ടും ഇയാള്‍ക്ക് രക്ഷപ്പെടാനായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സറേയിലെ 2.5 മില്യന്‍ പൗണ്ട് മൂല്യമുള്ള വസതിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാള്‍ മൗറീഷ്യസില്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു.

അന്തേവാസികളില്‍ നിന്ന് 500 പൗണ്ട് വീതമാണ് ആഴ്ചയില്‍ ഇയാള്‍ ഈടാക്കിയിരുന്നത്. മെറോക് പാര്‍ക്കിലെ ലിഫ്റ്റ് തകരാറിലായതിനെത്തുടര്‍ന്ന് അന്തേവാസികള്‍ക്ക് ബാത്ത്‌റൂമിലേക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയായി. ഇതുമൂലം ഒരാള്‍ക്ക് സ്‌കേബീസ് ബാധിച്ചതായി കണ്ടെത്തി. സട്ടനില്‍ത്തന്നെയുള്ള ഗ്രാന്റ്‌ലി കോര്‍ട്ട് എന്ന കെയര്‍ ഹോമിലെ കിടക്കകള്‍ 20 വര്‍ഷം പഴക്കമുള്ളതായിരുന്നു. ഇത് വൃദ്ധരായ അന്തേവാസികള്‍ക്ക് അപകടകരമായ നിലയിലായിരുന്നുവെന്ന് എന്‍എംസി വ്യക്തമാക്കി.

ലണ്ടന്‍: കറുത്ത നിറമുള്ള കാറുകള്‍ വാങ്ങുന്നതാണ് ഇപ്പോള്‍ ബ്രിട്ടനിലെ ട്രെന്‍ഡ്. 2017ല്‍ കാറുകള്‍ വാങ്ങിയ 5 ലക്ഷത്തോളം പേര്‍ കറുത്ത നിറമുള്ള കാറുകളാണ് വാങ്ങിയത്. കറുപ്പിനോട് ബ്രിട്ടീഷുകാര്‍ക്ക് പ്രീതി വര്‍ദ്ധിക്കുന്നതിന്റെ കാരണമാണ് പക്ഷേ ഏറ്റവും വിചിത്രം. കാറുകള്‍ കഴുകി വൃത്തിയാക്കാന്‍ തിരക്കുമൂലം സാധിക്കുന്നില്ലത്രേ! രാജ്യത്തിന്റെ ദക്ഷിണ മേഖലയിലുള്ളവരും വെസ്റ്റ്മിഡ്‌ലാന്‍ഡ്‌സില്‍ ഉള്ളവരും കറുത്ത നിറത്തിനോട് പ്രാമുഖ്യം കാണിക്കുന്നവരാണ്. അതേസമയം ഈസ്റ്റ് മിഡിലാന്‍ഡ്‌സിലുള്ളവര്‍ക്ക് ഗ്രേയാണ് ഇഷ്ട നിറം.

വെള്ള നിറത്തിലുള്ള കാറുകളോട് വല്ലാത്തൊരു പ്രതിപത്തി ഒരു കാലത്ത് ബ്രിട്ടീഷുകാര്‍ക്ക് ഉണ്ടായിരുന്നുവെന്ന് യൂറോപ്പിലെ ഏറ്റവും വലിയ കാര്‍ ഡീലറായ സൈനര്‍ ഗ്രൂപ്പിലെ സെയില്‍സ് മാനേജര്‍ കരീം മുസില്‍ഹി പറയുന്നു. എന്നാല്‍ ഈ ട്രെന്‍ഡ് അസ്തമിക്കുകയാണ്. വെളുത്ത കാറുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ബുദ്ധിമുട്ടാണെന്നതും ജനങ്ങള്‍ക്ക് തിരക്ക് വര്‍ദ്ധിച്ചതും ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2017ല്‍ 4,82,099 വെളുത്ത കാറുകള്‍ യുകെയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. അതേസമയം 2015ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട വെളുത്ത കാറുകളുടെ എണ്ണം 5,64,393 ആണ്. 15 ശതമാനത്തിന്റെ ഇടിവാണ് ഇതില്‍ രേഖപ്പെടുത്തിയത്.

ഡിവിഎല്‍എ കണക്കുകള്‍ അനുസരിച്ച് മോണോക്രോം നിറങ്ങള്‍ക്കാണ് കഴിഞ്ഞ് 18 വര്‍ഷമായി ആവശ്യക്കാര്‍ ഏറെയുള്ളത്. 2017ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 2.54 ദശലക്ഷം കാറുകളില്‍ 60 ശതമാനവും ബ്ലാക്ക്, ഗ്രേ, വൈറ്റ് എന്നീ നിറങ്ങളിലുള്ളവയാണ്. പ്രാഥമിക വര്‍ണ്ണങ്ങളില്‍ ബ്ലൂവിനാണ് ഒന്നാം സ്ഥാനം. ചുവപ്പിന് ആവശ്യക്കാര്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 1996ല്‍ ഏറ്റവും ജനപ്രിയമായിരുന്ന ഗ്രീന്‍ 2002 മുതല്‍ ആദ്യത്തെ അഞ്ച് നിറങ്ങളില്‍ പോലും എത്തുന്നില്ല. ഗോള്‍ഡ് നിറത്തിനാണ് പ്രിയം വര്‍ദ്ധിച്ചു വരുന്നത്. ആവശ്യക്കാര്‍ 19.1 ശതമാനം വരെയെത്തി എന്നാണ് കണക്ക്.

ലണ്ടന്‍: കുറഞ്ഞ അളവിലാണെങ്കില്‍ പോലും ദിവസവും മദ്യപിക്കുന്നവര്‍ക്ക് അത്ര സന്തോഷം പകരുന്ന വാര്‍ത്തയല്ല പുതിയ പഠനം നല്‍കുന്നത്. ആല്‍ക്കഹോളിന്റെ നിരന്തര ഉപയോഗം മനുഷ്യ മസ്തിഷ്‌കത്തിന്റെ പ്രതികരണ ശേഷിയെ ബാധിക്കുമെന്ന് പഠനം പറയുന്നു. ഒരു പൈന്റ് ബിയറിന്റെ മൂന്നിലൊന്ന് ഭാഗത്തിനു പോലും ഈ ദോഷഫലത്തിന് കാരണക്കാരനാകാം. 10 ഗ്രാം അല്ലെങ്കില്‍ ഒരു യൂണിറ്റ് ആല്‍ക്കഹോള്‍ ദിവസവും ഉള്ളില്‍ ചെല്ലുന്നവരുടെ കോഗ്നിറ്റീവ് ഫങ്ഷന്‍ കുറയുമെന്നാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ വ്യക്തമായത്.

പ്രായത്തിന് അനുസരിച്ച് ആല്‍ക്കഹോളിന്റെ ദോഷഫലങ്ങള്‍ വര്‍ദ്ധിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞു. ആരോഗ്യത്തിന് ദോഷകരമാകാതിരിക്കാന്‍ 16 ഗ്രാമില്‍ കൂടുതല്‍ ആല്‍ക്കഹോള്‍ കഴിക്കരുതെന്നാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്ത് നിര്‍ദേശിക്കുന്നത്. ഇത് രണ്ട് യൂണിറ്റോളം വരും. ഒരു പൈന്റ് ബിയര്‍ മാത്രം ഒരു യൂണിറ്റ് വരും. അതുപോലെ ഒരു സ്റ്റാന്‍ഡേര്‍ഡ് ഗ്ലാസിന്റെ പകുതിയോളം വൈനിലും ഒരു യൂണിറ്റ് ആല്‍ക്കഹോള്‍ ഉണ്ടാകും. 10 ഗ്രാം, അല്ലെങ്കില്‍ ഒരു യൂണിറ്റില്‍ കൂടുതല്‍ മദ്യപിക്കുന്നത് ശരീരത്തിന് ദോഷകരമാകുമെന്നാണ് വിശദീകരിക്കപ്പെടുന്നത്.

2006നും 2010നുമിടയില്‍ നടത്തിയ പഠനത്തില്‍ 40നും 72നുമിടയില്‍ പ്രായമുള്ള 13,342 ആളുകളെയാണ് നിരീക്ഷിച്ചത്. ചോദ്യാവലികളുടെ സഹായത്തോടെ ഇവരുടെ മദ്യപാന സ്വഭാവത്തെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ചു. രണ്ട് കാര്‍ഡുകള്‍ കംപ്യൂട്ടര്‍ സ്‌ക്രീനില്‍ കാട്ടിയാണ് ഇവരുടെ മസ്തിഷ്‌കത്തിന്റെ പ്രതികരണശേഷി അളന്നത്. പഠനത്തിന്റെ വിശദ വിവരങ്ങള്‍ ജേര്‍ണല്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലോകമെങ്ങുമുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍ പഠിക്കാനും പരിഹരിക്കാനുമായും, പ്രവാസി മലയാളികളെ സംസ്ഥാനത്തിന്‍റെ സമഗ്ര വികസന പദ്ധതിയിലെ പ്രധാന പങ്കാളികളാക്കി മാറ്റാനും ലക്‌ഷ്യം വച്ച് ആരംഭിച്ച ലോക കേരള സഭയുടെ ആദ്യ സമ്മേളനം വിജയകരമായി പര്യവസാനിച്ചു. ജനുവരി12,13 തീയതികളില്‍ തിരുവനന്തപുരത്ത് നിയമസഭാ മന്ദിരത്തില്‍ തന്നെയായിരുന്നു ലോക കേരള സഭയുടെ ആദ്യ സമ്മേളനവും നടന്നത്. കേരള സര്‍ക്കാരിനെ പ്രവാസി മലയാളികളുമായി നേരിട്ട് ബന്ധിപ്പിച്ച് കൊണ്ട് നടത്തിയ ഈ സമ്മേളനം ലോകമെങ്ങുമുള്ള പ്രവാസികളില്‍ വന്‍ പ്രതീക്ഷയാണ് ഉണര്‍ത്തിയിരിക്കുന്നത്.

യുകെയില്‍ നിന്ന് അഞ്ച് മലയാളികള്‍ക്കാണ് ലോക കേരള സഭയില്‍ പ്രതിനിധികളും ക്ഷനിതാക്കളും ആകാന്‍  ഭാഗ്യം ലഭിച്ചത്. ലണ്ടനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥനും ഒഐസിസി യുകെയുടെ കണ്‍വീനറുമായ ടി. ഹരിദാസ്‌, പൊതുപ്രവര്‍ത്തകനും അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രതിനിധിയുമായ കാര്‍മല്‍ മിറാന്‍ഡ, ഇടതുപക്ഷ മതേതര സംഘടനയായ സമീക്ഷ യുകെയുടെ വൈസ് പ്രസിഡണ്ടും ബിബിസിയില്‍ മുന്‍മാധ്യമ പ്രവര്‍ത്തകനുമായ രാജേഷ്‌ കൃഷ്ണ, എഴുത്തുകാരനായ മനു പിള്ള എന്നിവരെ പ്രതിനിധികളായും സാമൂഹ്യ പ്രവര്‍ത്തകയും ബ്രിട്ടീഷ് റെയില്‍വേയില്‍ സ്ട്രക്ച്ചറല്‍ എന്‍ജിനീയറുമായ രേഖ ബാബുമോനെ പ്രത്യേക ക്ഷണിതാവായും ആദ്യ ലോക കേരള സഭയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേരള സര്‍ക്കാര്‍ ആണ് ഇവരെ നോമിനേറ്റ് ചെയ്തത്. ഇതില്‍ തന്നെ ടി. ഹരിദാസ് പിന്നീട് സഭയെ നിയന്ത്രിക്കുന്ന ഏഴംഗ പ്രസീഡിയത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.

കാര്‍മല്‍ മിറാന്‍ഡ, രാജേഷ്‌ കൃഷ്ണ, ടി. ഹരിദാസ്‌, മനു പിള്ള, രേഖ ബാബുമോന്‍

എന്നാല്‍ അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച ഇവരെ അപമാനിക്കുന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച് കൊണ്ട് യുകെയിലെ ഒരു ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഇന്ന് രംഗത്ത് വന്നത് വിവാദങ്ങള്‍ക്ക് വഴി തെളിയിച്ചിരിക്കുകയാണ്. യുകെയില്‍ ഉള്ള മലയാളികളായ സാമൂഹിക പ്രവര്‍ത്തകരെയും ബിസിനസുകാരെയും അപമാനിച്ച് നിരന്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പോര്‍ട്ടല്‍ ഇത്തവണയും പതിവ് തെറ്റിക്കാതെ രംഗത്തെത്തുകയായിരുന്നു. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളില്‍ രണ്ട് പേരെ വ്യക്തിപരമായി അപമാനിച്ച് കൊണ്ട് വാര്‍ത്ത പ്രസിദ്ധീകരിച്ചാണ് ഈ പോര്‍ട്ടല്‍ രംഗത്ത് എത്തിയത്.

ലോക കേരള സഭ എന്നത് സര്‍ക്കാര്‍ പണം മുടക്കാനുള്ള ഒരു വെള്ളാനയാണ് എന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത എഴുതിയ പോര്‍ട്ടല്‍ ഇന്ന് ആരോപിച്ചിരിക്കുന്നത് അര്‍ഹതയില്ലാത്തവര്‍ ആണ് ലോക കേരള സഭയില്‍ യുകെയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത് എന്നാണ്. യുകെയില്‍ നിന്ന് ഇടതു പക്ഷ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേരില്‍ കാര്‍മല്‍ മിറാന്‍ഡ ഒഴികെയുള്ള രണ്ട് പേര്‍ മന്ത്രിമാര്‍ യുകെയിലെത്തുമ്പോള്‍ സ്വീകരണം നല്‍കിയതും കൊണ്ട് നടന്നതും വഴിയാണ് പ്രതിനിധികളായത് എന്ന ആരോപണമാണ് പോര്‍ട്ടല്‍ ഉന്നയിച്ചത്.

ഷാജന്‍ സ്കറിയ, കെ ആര്‍ ഷൈജുമോന്‍

ഷാജന്‍ സ്കറിയയുടെ ഉടമസ്ഥതയില്‍, കവന്‍ട്രിയില്‍ താമസിക്കുന്ന കെ ആര്‍ ഷൈജുമോന്‍ എന്നയാളുടെ മേല്‍നോട്ടത്തില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന പോര്‍ട്ടലില്‍ ആണ് ഗുരുതരമായ ഈ ആക്ഷേപം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുകെയിലെ ഒരു പ്രമുഖ ബിസിനസുകാരന് എതിരെ നുണക്കഥകള്‍ എഴുതി പ്രചരിപ്പിച്ചതിന് വന്‍തുക പിഴയായി നല്‍കേണ്ടി വന്ന് മാസങ്ങള്‍ കഴിയുന്നതിന് മുന്‍പാണ് ഇവര്‍ വീണ്ടും വ്യക്തിഹത്യയുമായി ഇറങ്ങിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

യുകെയിലും കേരളത്തിലും ഉള്ള ഇടതുപക്ഷ പ്രവര്‍ത്തകരുടെ ഇടയില്‍ കനത്ത പ്രതിഷേധം ആണ് ഈ വാര്‍ത്ത ഉണ്ടാക്കിയിരിക്കുന്നത്. പോര്‍ട്ടലിന് എതിരെ നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം കേരളത്തിലും യുകെയിലും ഉള്ള ഇവരുടെ വീടുകള്‍ക്ക് മുന്‍പില്‍ പ്രതിഷേധം സംഘടിപ്പിക്കാനും വരെ യുകെയിലെ ഇടത് പക്ഷ പ്രവര്‍ത്തകര്‍ ആലോചിച്ച് കഴിഞ്ഞു.

മന്ത്രിമാരുടെയും നേതാക്കളുടെയും ഇടയില്‍ എനിക്ക് ഉള്ള സ്വാധീനം ഇത്ര വലുതാണ്‌ എന്ന് ഒരു മഞ്ഞ പത്രം വഴി അറിയേണ്ടതില്ലെന്നും അതിനാല്‍ തന്നെ വിലകുറഞ്ഞ ഈ ആരോപണത്തെ അവജ്ഞയോടെ തള്ളിക്കളയുന്നു എന്നും ഇപ്പോള്‍ കേരളത്തിലുള്ള രാജേഷ്‌ കൃഷ്ണ മലയാളം യുകെ പ്രതിനിധിയോട് പറഞ്ഞു. എന്നാല്‍ തന്നെക്കുറിച്ച് പറഞ്ഞതിലുപരി സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ ലോക കേരള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു വനിതയെക്കുറിച്ച് എഴുതിയതില്‍ ശക്തമായ പ്രതിഷേധം ഉണ്ടെന്നും ഇത്തരം നിലപാടുകള്‍ തുടര്‍ന്നും ഉണ്ടാവാതിരിക്കാന്‍ വേണ്ട ശക്തമായ നടപടികള്‍ സ്വീകരിക്കും എന്നും രാജേഷ്‌ കൃഷ്ണ അറിയിച്ചു. യുകെയിലെ ഇടതുപക്ഷ സുഹൃത്തുക്കള്‍ ഇക്കാര്യത്തില്‍ വേണ്ട പ്രതിഷേധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാജേഷ്‌ പറഞ്ഞു.

രേഖ ബാബുമോനെ പ്രതികരണത്തിനായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു എങ്കിലും ലഭ്യമായില്ല.

തിരുവനന്തപുരം: അനുജന്റെ മരണത്തില്‍ നീതി തേടി സെക്രട്ടറിയേറ്റ് പടിക്കല്‍ ശ്രീജിത്ത് നടത്തുന്ന സമരം തുടരും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശ്രീജിത്ത് ഇക്കാര്യം അറിയിച്ചത്. വൈകിട്ട് ആറരയോടെയാണ് ശ്രീജിത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. അമ്മയും സഹോദരിയും സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ രണ്ട് പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

മുഖ്യമന്ത്രി പിന്തുണ അറിയിച്ചതായി ശ്രീജിത്ത് വ്യക്തമാക്കി. എന്നാല്‍ സി.ബി.ഐ അന്വേഷണം തുടങ്ങുന്നത് വരെ നിരാഹാര സമരം തുടരും. സി.ബി.ഐ അന്വേഷണം സംബന്ധിച്ച ഉത്തരവ് വന്നു കഴിഞ്ഞാല്‍ സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കുമെന്ന് ശ്രീജിത്ത് വ്യക്തമാക്കി. ശ്രീജിവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ക്ക് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ഉറപ്പുനല്‍കിയിരുന്നു. എം.പിമാരായ കെ.സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവര്‍ക്കാണ് മന്ത്രി ഉറപ്പ് നല്‍കിയത്.

ഇതിനിടെ ശ്രീജിത്തിന്റെ അമ്മ രമണി പ്രമീള രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. സി.ബി.ഐ അന്വേഷണത്തിനുള്ള പിന്തുണ നല്‍കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി അവര്‍ പറഞ്ഞു. 2014 മുതലുള്ള മുഴുവന്‍ രേഖകളും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

2014 മെയ് 21നാണ് ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവ് മരിച്ചത്. മോഷണക്കുറ്റം ആരോപിച്ച് ശ്രീജിവിനെ അറസ്റ്റ് ചെയ്ത പോലീസ് മര്‍ദ്ദിച്ചും വിഷം കൊടുത്തും സഹോദരനെ കൊലപ്പെടുത്തിയെന്നാണ് ശ്രീജിത്തിന്റെ ആരോപണം. പോലീസ് കംപ്ലെയ്ന്‍്‌സ് അതോറിറ്റിയും ഇക്കാര്യം കണ്ടെത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ശ്രീജിവിനുണ്ടായിരുന്ന പ്രണയബന്ധമാണ് പോലീസിന്റെ പ്രതികാര നടപടിയിലേക്ക് നയിച്ചത്.

 

ലണ്ടന്‍: യുകെയിലെ ബാങ്കുകള്‍ കുടിയേറ്റക്കാരുടെയും നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുന്നവരെന്ന് കരുതുന്നവരുടെയും അക്കൗണ്ടുകളുടെ പരിശോധന തുടങ്ങുന്നു. ഹോം ഓഫീസ് നിര്‍ദേശമനുസരിച്ചാണ് ഈ നടപടി. നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവരെ കണ്ടെത്താനും അവരെ നാട്കടത്താനുമുള്ള ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ നീക്കത്തിന്റെ ഭാഗമായാണ് ഇത്. ബാങ്കുകള്‍ക്കും ബില്‍ഡിംഗ് സൊസൈറ്റികള്‍ക്കുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിയമവിരുദ്ധമായി താമസിക്കുന്നവരെന്ന് കണ്ടെത്തുന്നവരുടെ വിവരങ്ങള്‍ ഹോം ഓഫീസില്‍ അറിയിക്കണമെന്നാണ് നിര്‍ദേശം.

്അപ്രകാരം കണ്ടെത്തുന്നവരുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും. രാജ്യത്ത് താമസിക്കാന്‍ അവകാശമില്ലാത്തവര്‍ നിയമവിരുദ്ധമായി തുടരുന്നത് അവസാനിപ്പിക്കാനാണ് നീക്കം. അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതോടെ ഇത്തരക്കാരുടെ താമസം ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാകുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. എന്നാല്‍ ഈ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ നടപടി നിയമപരമായി കുടിയേറിയവര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യാതൊരു മുന്നറിയിപ്പുമില്ലാതെ തങ്ങളുടെ അക്കൗണ്ടുകള്‍ ഇല്ലാതാകുന്നത് ദരിദ്ര സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ സാരമായി ബാധിക്കും. ഇവര്‍ക്ക് പരാതിപ്പെടാനോ നഷ്ടപരിഹാരം ലഭിക്കാനോ ഉള്ള സാധ്യതകളും നിഷേധിക്കപ്പെടുമെന്നാണ് സംഘടനകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ചൂഷണത്തിന് വിധേയരായിക്കൊണ്ടിരിക്കുന്ന ഇത്തരം കുടിയേറ്റക്കാരില്‍ ഭൂരിപക്ഷത്തിന്റെയും അക്കൗണ്ടുകള്‍ നഷ്ടമാകുന്നത് അവരുടെ തൊഴിലുടമകളുടെയും വീട്ടുടമകളുടെയും ചൂഷണം വര്‍ദ്ധിപ്പിക്കുമെന്നും വിശദീകരിക്കപ്പെടുന്നു.

ലണ്ടന്‍: ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ ചികിത്സ തേടുന്ന വിദേശീയരില്‍ നിന്ന് പണമീടാക്കണമെന്ന് ഭൂരിപക്ഷം ഡോക്ടര്‍മാരും അഭിപ്രായപ്പെടുന്നതായി സര്‍വേ. സൗജന്യ ചികിത്സക്ക് അര്‍ഹരല്ലാത്തവര്‍ക്ക് മുന്‍കൂര്‍ പണമടച്ച് ചികിത്സകള്‍ സ്വീകരിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. ഇത്തരക്കാരില്‍ നിന്ന് ആക്‌സിഡന്റ് ആന്‍ഡ് എമര്‍ജന്‍സികളില്‍ പണമീടാക്കാനും പദ്ധതിയുണ്ടായിരുന്നെങ്കിലും പ്രതിഷേധങ്ങള്‍ ഭയന്ന് അവ നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ ഇത്തരം ചാര്‍ജുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് 583 ഡോക്ടര്‍മാരില്‍ നടത്തിയ സര്‍വേ വ്യക്തമാക്കുന്നത്.

സര്‍വേയില്‍ പങ്കെടുത്ത 63 ശതമാനം പേരും ഫീസുകള്‍ ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ചു. യുകെയില്‍ റസിഡന്റ്‌സ് അല്ലാത്തവര്‍ക്ക് എ ആന്‍ഡ് ഇകളിലും ജിപി ക്ലിനിക്കുകളിലും ഫീസുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് ഇവരില്‍ 74 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത്. അപ്പോയിന്റ്‌മെന്റുകള്‍ തെറ്റിക്കുന്നവരില്‍ നിന്ന് പണമീടാക്കണമെന്ന നിര്‍ദേശവും ഡോക്ടര്‍മാര്‍ നല്‍കി. വിദേശ രോഗികള്‍ക്ക് ഫീസ് ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നാണ് വിവരം.

ബ്രിട്ടീഷ് നികുതിദായകരാണ് എന്‍എച്ച്എസിനെ വളര്‍ത്തിയതെന്നും സൗജന്യ ചികിത്സക്ക് അര്‍ഹരല്ലാത്തവരില്‍ നിന്ന് ഫീസ് ഈടാക്കേണ്ടത് അത്യാവശ്യമാണെന്നും ഹെല്‍ത്ത് മിനിസ്റ്റര്‍ ലോര്‍ഡ് ഓ’ ഷോഗ്നെസ്സി പറഞ്ഞു. 2013 മുതല്‍ പ്ലാന്‍ഡ് കെയര്‍ സ്വീകരിച്ച വിദേശികളില്‍ നിന്ന് ഈടാക്കിയ ഫീസ് നാലിരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്. 89 മില്യന്‍ പൗണ്ടില്‍ നിന്ന് 358 മില്യന്‍ പൗണ്ടായാണ് ഇത് ഉയര്‍ന്നത്. എന്നാല്‍ അടിയന്തര ചികിത്സ വേണ്ടി വരുന്ന ഘട്ടങ്ങളില്‍ എ ആന്‍ഡ് ഇയിലെ ഫീസുകള്‍ നിര്‍ബന്ധമാക്കരുതെന്ന അഭിപ്രായവും ഉയരുന്നുണ്ട്.

ക്രിപ്‌റ്റോകറന്‍സികള്‍ വളരെ വേഗത്തില്‍ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്. ക്രിപ്‌റ്റോകറന്‍സിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ചവര്‍ അവ സുരക്ഷിതമായി നിക്ഷേപിക്കാന്‍ കണ്ടെത്തിയിരിക്കുന്നത് റിയല്‍ എസ്‌റ്റേറ്റിലാണെന്നതാണ് വാസ്തവം. ഭൂരിപക്ഷം ക്രിപ്‌റ്റോകറന്‍സികളും അണ്‍റെഗുലേറ്റഡ് ആണെന്നതിനാല്‍ വസ്തുക്കള്‍ വാങ്ങുന്നവര്‍ക്ക് അതില്‍ താല്‍പര്യം വര്‍ദ്ധിച്ചു വരികയുമാണ്. അടുത്തിടെ ക്രിപ്‌റ്റോകറന്‍സികളുടെ മൂല്യം വലിയ തോതില്‍ ഉയര്‍ന്നതോടെ നിരവധി പേരാണ് ലക്ഷപ്രഭുക്കളായത്.

ഇത്തരത്തില്‍ ലഭിച്ച പണം നിക്ഷേപിക്കാന്‍ മൂല്യം കുറയാത്ത നിക്ഷേപം എന്ന നിലയിലാണ് പലരും റിയല്‍ എസ്റ്റേറ്റിനെ സമീപിക്കുന്നത്. ലോസാന്‍ജലസ് സ്വദേശിയായ റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് ടോണി ജിയോര്‍ദാനോ ഇത്തരത്തിലുള്ള നിക്ഷേപങ്ങള്‍ ലക്ഷ്വറി റിയല്‍ എസ്റ്റേറ്റിലേക്ക് മാറ്റുന്നതില്‍ മാര്‍ഗദര്‍ശനം നല്‍കുന്നു. ക്രിപ്‌റ്റോകറന്‍സി ഇടപാടുകളെക്കുറിച്ച് മറ്റുള്ള ഏജന്റുമാര്‍ക്ക് വേണ്ട നിര്‍ദേശങ്ങളും പാഠങ്ങളും നല്‍കി വരികയാണ് ഇയാള്‍. ഒട്ടേറെ വീടുകളും വസ്തുക്കളും ക്രിപ്‌റ്റോകറന്‍സി ഇടപാടുകളിലൂടെ താന്‍ ചെയ്തു കഴിഞ്ഞതായി ജിയോര്‍ദാനോ പറഞ്ഞു.

ഹൈ എന്‍ഡ് റിയല്‍ എസ്റ്റേറ്റുകള്‍ വാങ്ങുന്നവര്‍ പലരും നികുതികളെയാണ് ഭയക്കുന്നത്. ഇത്തരം ഇടപാടുകാര്‍ക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നിടുകയാണ് ക്രിപ്‌റ്റോ കറന്‍സികള്‍ എന്നാണ് ജിയോര്‍ദാനോ പറയുന്നത്. ഈ സാധ്യതകള്‍ ബയര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും. ഇടപാടുകാര്‍ക്കായി അഞ്ച് ടിപ്പുകളും ജിയോര്‍ദാനോ നല്‍കുന്നു.

$ റിസര്‍ച്ച്: ക്രിപ്‌റ്റോകറന്‍സികളേക്കുറിച്ചുള്ള ജ്ഞാനം പ്രധാനമാണ്. ഇത് ഏതു വിധത്തിലാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്ന് മനസിലാക്കാന്‍ യൂട്യൂബ് വീഡിയോകളും മറ്റും ലഭ്യമാണ്.

$ മനസിലാക്കല്‍: ക്രിപ്‌റ്റോകറന്‍സികളിലുള്ള നിക്ഷേപേത്തേക്കുറിച്ച് ആദ്യം ചിന്തിക്കാതിരിക്കുക. സാധാരണ കറന്‍സികളേപ്പോലെ തന്നെ ഉപയോഗിക്കാവുന്ന മറ്റൊരു കറന്‍സി തന്നെയാണ് ഇതെന്ന് മനസിലാക്കുക.

$ വിദഗ്ദ്ധനെ സമീപിക്കുക: തങ്ങളുടെ ക്രിപ്‌റ്റോകറന്‍സിയില്‍ വാങ്ങാന്‍ സമീപിക്കുന്നയാള്‍ ഈ മേഖലയില്‍ പരിചയമുള്ളയാളാണെന്ന് മനസിലാക്കാന്‍ വിദഗ്ദ്ധരുടെ സഹായം സ്വീകരിക്കാം.

$ പരിശീലനം: കോയിന്‍ബേസ് പോലെയുള്ള ക്രിപ്‌റ്റോകറന്‍സി ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഇടപാടുകള്‍ എങ്ങനെയാണ് ചെയ്യുന്നതെന്ന് പരിശീലിക്കുക. 20 ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോകറന്‍സി വാങ്ങി അത് എക്‌സ്‌ചേഞ്ചിലൂടെ പണമാക്കി മാറ്റുന്നത് എങ്ങനെയാണെന്ന് മനസിലാക്കാവുന്നതാണ്.

$ ഓരോ ചലനവും മനസിലാക്കുക: ക്രിപ്‌റ്റോകറന്‍സി രംഗത്തെ ഓരോ ചലനവും മനസിലാക്കുക. ബിറ്റ്‌കോയിന്‍ മാത്രമല്ല, പ്രധാന കറന്‍സികളായ ബിറ്റ്‌കോയിന്‍ ക്യാഷ്, എതീറിയം, ക്രിപ്റ്റോ കാര്‍ബണ്‍, ലൈറ്റ് കോയിന്‍, റിപ്പിള്‍ എന്നിവയേക്കുറിച്ചുമുള്ള അറിവുകള്‍ സമ്പാദിക്കുക.

റണ്‍വേയില്‍ നിന്നും തെന്നി മാറിയ വിമാനം പോയത് കടലിലേക്ക്. കടലിനോട് ചേര്‍ന്ന് ചെളി നിറഞ്ഞ മണ്‍തിട്ട ഉണ്ടായിരുന്നത് വന്‍ അപകടത്തില്‍ നിന്ന് രക്ഷയായി. ടര്‍ക്കിഷ് നഗരമായ ട്രസ്ബോണ്‍ വിമാന താവളത്തിലാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് സംഭവം. അപകട സമയത്ത് വിമാനത്തില്‍ 162 യാത്രക്കാരും വിമാന ജീവനക്കാരും ഉണ്ടായിരുന്നു.

പെഗാസസ് എയര്‍ലൈന്‍സിന്‍റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍ പെട്ടത്. ചെളിയില്‍ പുതഞ്ഞത് കൊണ്ട് മാത്രമാണ് വന്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അങ്കോറയില്‍ നിന്നും ട്രസ്ബോണിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. അപകട കാരണം വ്യക്തമല്ല. മഴ പെയ്ത് റണ്‍വേ തെന്നിക്കിടന്നാതായിരിക്കാം കാരണം എന്ന് കരുതുന്നു.

RECENT POSTS
Copyright © . All rights reserved