ലണ്ടന്‍: ജിപി അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാന്‍ ലക്ഷക്കണക്കിന് പേര്‍ ബുദ്ധിമുട്ടുന്നതായി റിപ്പോര്‍ട്ട്. ഔദ്യോഗിക രേഖകള്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ലേബര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇംഗ്ലണ്ടിലെ പേഷ്യന്റ് ഡേറ്റയില്‍ നടത്തിയ വിശകലനത്തില്‍ ജിപിമാരെ ഫോണില്‍ ബന്ധപ്പെടാനും തങ്ങള്‍ക്ക് ആവശ്യമായ ഡോക്ടറെ കാണുന്നതിനും അതിനായി ശരിയായ സമയത്ത് അപ്പോയിന്റ്‌മെന്റുകള്‍ ലഭിക്കാനും ലക്ഷക്കണക്കിനാളുകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ടെന്ന് വ്യക്തമായി. ജിപി സര്‍ജറികളുടെ പ്രവര്‍ത്തന സമയത്തിലും രോഗികള്‍ക്ക് അതൃപ്തിയുണ്ട്.
അഞ്ചു വര്‍ഷം മുമ്പ് ലേബര്‍ തയ്യാറാക്കിയ സര്‍വേ ഫലത്തെ അപേക്ഷിച്ച് കൂടുതല്‍ ആളുകള്‍ ജിപി സേവനങ്ങളില്‍ അതൃപ്തരാണ്. രണ്ടു വര്‍ഷത്തിലൊരിക്കലാണ് ജിപി പേഷ്യന്റ് സര്‍വേ പുറത്തുവിടുന്നത്. ഫാമിലി ഡോക്ടര്‍മാരെ സമീപിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ എളുപ്പത്തിലാക്കാനുള്ള നിര്‍ദേശങ്ങളും ഇതിലുണ്ടാകാറുണ്ട്. ഡോക്ടര്‍മാരെ കാണാന്‍ കഴിയാത്തതിനു പ്രധാന കാരണങ്ങളിലൊന്ന് ആരോഗ്യ സേവനങ്ങളിലെ കുറഞ്ഞ ഫണ്ടിംഗ് ആണെന്ന് ലേബര്‍ ആരോപിക്കുന്നു.
ജിപി സര്‍ജറികളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പരാതിപ്പെടുന്നവരുടെ നിരക്ക് 2012-2017 കാലയളവില്‍ 19 ശതമാനത്തില്‍ നിന്ന് 28 ശതമാനമായി വര്‍ദ്ധിച്ചു. തങ്ങള്‍ കാണാനാഗ്രഹിക്കുന്ന ജിപിയുടെ അപ്പോയിന്റ്‌മെന്റി ലഭിക്കുന്ന രോഗികളുടെ നിരക്ക് ഈ കാലയളവില്‍ 42 ശതമാനത്തില്‍ നിന്ന് 33 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്. രോഗികള്‍ക്ക് ആവശ്യമുള്ള സമയത്ത് ജിപി സര്‍ജറികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നില്ലെന്നും രോഗികള്‍ പറയുന്നു. ശനിയാഴ്ചകളിലും സര്‍ജറികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നാണ് 71 ശതമാനം പേരും അഭിപ്രായപ്പെടുന്നത്.
ഫാ. ബിജു കുന്നയ്ക്കാട്ട്
ബംഗളൂരുവിലെ ഒരു ആശുപത്രിയില്‍ ഒരു അപൂര്‍വ്വ ശസ്ത്രക്രിയ കഴിഞ്ഞ ആഴ്ചയില്‍ നടന്നു. ഡോക്ടര്‍മാര്‍ ഏഴുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ചെയ്യുമ്പോള്‍ ഓപ്പറേഷന്‍ ടേബിളില്‍ കിടന്ന രോഗി ഗിത്താര്‍ വായിച്ചു! തമാശയ്ക്ക് വേണ്ടിയോ അപൂര്‍വ്വ കാര്യങ്ങള്‍ ചെയ്ത് ഗിന്നസ് ബുക്കില്‍ കയറുന്നതിനുവേണ്ടിയോ ആയിരുന്നില്ല അത്, മറിച്ച് ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ചായിരുന്നു. ഗിത്താറിസ്റ്റായ തുഷാറിന് (യഥാര്‍ത്ഥ പേരല്ല) എല്ലിന്റെ ചലനങ്ങള്‍ക്കുണ്ടാകുന്ന രോഗമായ ‘ഡിസ്റ്റോണിയ’ പിടിപെട്ടതിനെ തുടര്‍ന്ന് ഇടതുകയ്യിലെ മൂന്ന് വിരലുകള്‍ ചലിക്കാത്ത സ്ഥിതിയിലായിരുന്നു. ഈ രോഗം ഭേദമാക്കാനാണ് തലച്ചോര്‍ തുരന്ന് ഓപ്പറേഷന്‍ നടത്തിയത്. കൈവിരലുകള്‍ ചലിപ്പിക്കുമ്പോള്‍ തലച്ചോറിലെ ഏതു ഭാഗത്താണ് പ്രശ്നമെന്നു മനസിലാക്കുന്നതിനുവേണ്ടിയാണ് ശസ്ത്രക്രിയാ ടേബിളില്‍ തുഷാറിനെക്കൊണ്ട് ഡോക്ടര്‍മാര്‍ ഗിത്താര്‍ വായിപ്പിച്ചത്. ഗിത്താര്‍ വായിക്കുമ്പോഴാണ് ഈ പ്രശ്നം അനുഭവപ്പെട്ടിരുന്നത് എന്നതിനാല്‍ ഓപ്പറേഷന്റെ പുരോഗതി അപ്പപ്പോള്‍ അറിയുന്നതിനുവേണ്ടിയാണ് രോഗിയെക്കൊണ്ട് ഓപ്പറേഷനിടയില്‍ത്തന്നെ ഗിത്താര്‍ വായിപ്പിച്ചതെന്ന് യൂണിവേഴ്സിറ്റ് ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ സീനിയര്‍ ന്യൂറോളജിസ്റ്റ് സി. സി. സജ്ജീവ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഇത്തരമൊരു ഓപ്പറേഷന് മാത്രമല്ല, മറ്റേതൊരു അസുഖവുമായി ആശുപത്രിയില്‍ ചെന്നാലും ഡോക്ടര്‍മാര്‍ രോഗിയെ വിശദമായി പരിശോധിച്ച് രോഗകാരണം കണ്ടെത്താന്‍ പരിശ്രമിക്കും. കാരണം പ്രധാനമായും രോഗിക്ക് എന്നതിനേക്കാള്‍ രോഗത്തിനാണ് ചികിത്സ വേണ്ടത്. പുറമേ കാണുന്ന ഏതാനും ലക്ഷണങ്ങള്‍ വച്ചോ രോഗിയുടെ ജീവിത സാഹചര്യം മനസിലാക്കിയതു കൊണ്ടു മാത്രമോ രോഗമെന്താണെന്നു ശരിയായി, കൃത്യമായി മനസിലാക്കണമെന്നില്ല. ആധുനിക വിദഗ്ധ പരിശോധനകള്‍ യഥാര്‍ത്ഥ രോഗകാരണം കാട്ടിത്തരുമ്പോള്‍, സംശയങ്ങള്‍ക്കിടയില്ലാതെ യഥാര്‍ത്ഥ രോഗകാരണവും രോഗവും രോഗവും കണ്ടെത്തി അതിനു ചികിത്സ ചെയ്യാനും രോഗിയെ സുഖപ്പെടുത്താനും കഴിയും.
ഓപ്പറേഷനും ചികിത്സയ്ക്കും മാത്രമല്ല, ഏതുകാര്യത്തിലും ഇത്തരമൊരു സമീപനമാണ് ശരി. നമ്മുടെ ബന്ധങ്ങളും സൗഹൃദങ്ങളും പലപ്പോഴും നഷ്ടപ്പെടുന്നതിനും മുറിഞ്ഞുപോകുന്നതിനും കാരണം അപൂര്‍ണമായ ചില അറിവുകളില്‍ നിന്നും തോന്നലുകളില്‍ നിന്നും മറ്റുള്ളവരെ മനസിലാക്കാനോ വിധിക്കാനോ ഇടയാകുന്നതുകൊണ്ടാണ്. ചിലപ്പോള്‍, പറഞ്ഞുകേള്‍ക്കുന്നതോ സാഹചര്യങ്ങള്‍ വച്ച് ഊഹിച്ചെടുക്കുന്നതോ മാത്രമാണ് ശരിയെന്നു ധരിച്ചുവശായാല്‍ പിന്നീട് മറ്റുള്ളവരോടുള്ള നമ്മുടെ മനോഭാവങ്ങളും പ്രവര്‍ത്തനങ്ങളും അതിനനുസരിച്ചായിരിക്കും. ഓരോ മനുഷ്യനും സംസാരിക്കുന്നതിനും പെരുമാറുന്നതിനും ജീവിത ശൈലി രൂപപ്പെടുത്തുന്നതിനും പിന്നില്‍ അവരുടെ പ്രത്യേക ജീവിത സാഹചര്യങ്ങളും സ്വാധീനമുണ്ടായിരിക്കും. ഓരോരുത്തരുടേയും പെരുമാറ്റത്തെയും സംസാസ ശൈലിയെയും പൂര്‍ണമായി വിലയിരുത്തി അവരെ പൂര്‍ണമായി മനസിലാക്കണമെങ്കില്‍ ഈ പശ്ചാത്തല സാഹചര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം.

ഇപ്രകാരം മറ്റുള്ളവരെ മനസിലാക്കാന്‍ പലപ്പോഴും നമുക്ക് സാധിക്കാറില്ല. അതുകൊണ്ടുതന്നെ നമുക്ക് മറ്റുള്ളവരെ മനസിലാക്കുന്നിടത്ത് തെറ്റിപ്പോകുന്നു. കണ്‍മുമ്പില്‍ കാണുന്നതനുസരിച്ച് ഒരാളെ നാം വിലയിരുത്തുന്നതാണ് ഏറ്റവും വലിയ അപകടം. അന്ധരായി പിറന്നവര്‍ക്ക് ലോകത്തിന്റെ സൗന്ദര്യങ്ങളും സൗഭാഗ്യങ്ങളുമൊന്നും കാണാന്‍ പറ്റില്ലെങ്കിലും അവര്‍ ഒരു കാര്യത്തില്‍ അനുഗ്രഹീതരാണ്, കണ്‍മുമ്പിലെ കാഴ്ചയ്ക്കനുസരിച്ച് അവര്‍ക്ക് ആരെയും വിധിക്കേണ്ടി വരുന്നില്ല. മറിച്ച് അവര്‍ ആളുകളെ മനസിലാക്കുന്നത് മറ്റുള്ളവര്‍ അവരോട് പെരുമാറുന്നതിനനുസരിച്ചാണ്. കടല്‍ത്തീരത്ത് അലഞ്ഞുതിരിഞ്ഞു നടന്ന, ഭ്രാന്തിയെപ്പോലെ തോന്നിപ്പിച്ചിരുന്ന വൃദ്ധയായ ഒരു സ്ത്രീയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. അവരുടെ രൂപവും തനിയെ സംസാരിക്കുന്ന പ്രകൃതവുമൊക്കെ കണ്ടിരുന്ന ആളുകള്‍, കുട്ടികള്‍ അവരുടെ അടുത്തേയ്ക്ക് പോകുന്നത് വിലക്കിയിരുന്നു. ‘പലപ്പോഴും കടല്‍ത്തീരത്തു കൂടി അലഞ്ഞുനടന്ന് തീരത്തുനിന്ന് എന്തൊക്കെയോ പെറുക്കിയെടുത്ത് അവരുടെ തോളിലെ സഞ്ചിയില്‍ ഇടുന്നതു കാണാമായിരുന്നു. ആരെങ്കിലും ഭയം തോന്നി ദാനമായി കൊടുത്തിരുന്ന ഭക്ഷണം കഴിച്ചാണവര്‍ ജീവിച്ചിരുന്നത്. ഒരു ദിവസം ആ കടല്‍ത്തീരത്തുതന്നെ അവര്‍ മരിച്ചുകിടക്കുന്നതാണ് ആളുകള്‍ കണ്ടത്. അടുത്ത് ചെന്ന് കടല്‍ത്തീരത്ത് നിന്ന് അവരെ എടുത്തുമാറ്റുമ്പോള്‍ അവരുടെ തോളിലെ സഞ്ചി ആളുകളുടെ ശ്രദ്ധയില്‍ പെട്ടു. അതുപരിശോധിച്ചപ്പോള്‍ അതില്‍ മുഴുവന്‍ കുപ്പിച്ചിലുകളായിരുന്നു. കടല്‍ത്തീരത്ത് ഓടി നടക്കുന്ന കുഞ്ഞുങ്ങളുടെ കാലില്‍ കയറാതിരിക്കാന്‍ കുപ്പിച്ചില്ലുകള്‍ പെറുക്കി മാറ്റുന്നത് ജീവിതവ്രതമായി കരുതിയിരുന്നവള്‍. പക്ഷേ, അവരുടെ പെരുമാറ്റവും കണ്ട ആളുകള്‍ അവളെ മനസിലാക്കിയത് ഒരു ഭ്രാന്തിയായും.
”വിധിക്കപ്പെടാതിരിക്കാന്‍ നിങ്ങള്‍ ആരെയും വിധിക്കരുത് (മത്തായി 7:1) എന്ന് ഈശോ പഠിപ്പിക്കുന്നു. നമ്മുടെ വിധി അപൂര്‍ണമാവാന്‍ കാരണം നമ്മള്‍ വിധിക്കുന്ന ആളിന്റെ മനസും പശ്ചാത്തലവും നമുക്കറിയില്ല എന്നതുകൊണ്ടുതന്നെ. ഒരാളുടെ അകവും പുറവും കാണുന്നവന്‍ ദൈവം മാത്രം. അതുകൊണ്ട് കാര്യവും കാരണങ്ങളും അകവും പുറവും നന്നായറിഞ്ഞ് വിധിക്കാന്‍ സാധിക്കുന്നത് ദൈവത്തിനുമാത്രം. വേണ്ടത്ര ആലോചനയില്ലാതെ കാര്യങ്ങള്‍ക്ക് ഉടനടി പ്രതികരിക്കുന്നവര്‍ സ്വയം കുഴിതോണ്ടുന്നവരാകും. ഇക്കാലത്ത് ജീവിച്ചിരിക്കെത്തന്നെ സ്വന്തം മരണവാര്‍ത്ത കേള്‍ക്കേണ്ടി വന്നവര്‍ നിരവധി. ആരെങ്കിലും പോസ്റ്റു ചെയ്യുന്ന ഒരു വാട്സാപ്പ് മെസേജ് കൃത്യമായ അറിവും ഉറപ്പുമില്ലാതെ മറ്റുള്ളവര്‍ക്ക് ഫോര്‍വേര്‍ഡ് ചെയ്യുന്ന എടുത്തുചാട്ടം കാണിക്കുന്നവര്‍ പിന്നീട് പഴികേള്‍ക്കേണ്ടി വരുന്നു. കൊച്ചുകുട്ടികള്‍ തമ്മില്‍ ചെറിയ വഴക്കു കൂടുമ്പോള്‍ കാരണമറിയാതെ അതേറ്റു പിടിച്ച് വലിയ വഴക്കുകളിലേയ്ക്ക് പോകുന്ന അയല്‍ക്കാര്‍ ഏതാനു മണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും സ്നേഹത്തോടെ കളിക്കുകയും കൂട്ടുകൂടുകയും ചെയ്യുന്ന അതേ കുട്ടികളെത്തന്നെ കണ്ട് ഇളിഭ്യരാകും.

എങ്ങനെ ഈ പ്രശ്നങ്ങളെ ഒഴിവാക്കാം? മുന്‍വിധികള്‍ ഇല്ലാത്ത മനസുമായി മറ്റുള്ളവരെ കാണുക എന്നതുതന്നെയാണ് ഒന്നാമത്തെ കാര്യം. ‘മഞ്ഞപ്പിത്തമുള്ളവന്‍ എല്ലാം മഞ്ഞയായേ കാണൂ’ എന്ന പഴമൊഴി നമ്മുടെ ഓര്‍മ്മയിലിരിക്കട്ടെ. തെറ്റായ അറിവുകളില്‍ നിന്നും സ്വന്തം ഭാവനകളില്‍ നിന്നും ഊഹങ്ങളില്‍ നിന്നും ഉണ്ടാക്കിയെടുക്കുന്ന കാഴ്ചപ്പാടുകള്‍ ഒരാളുടെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കുന്നതില്‍ നിന്നു നമ്മെ തടയും. തുറന്ന മനസോടെ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കുകയും അവരുടെ സാഹചര്യത്തിന്റെ നിജസ്ഥിതി മനസിലാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുക എന്നതാണ് രണ്ടാമത്തെ കാര്യം. ‘അന്വേഷിച്ചറിയാതെ കുറ്റം ആരോപിക്കരുത്’ എന്ന ബൈബിള്‍ വചനത്തിന്റെ അതുതന്നെ. സംസാരത്തിലും പെരുമാറ്റത്തിലുമുള്ള എടുത്തുചാട്ടത്തിന്റെ മനോഭാവം മാറ്റുക എന്നതാണ് മൂന്നാമത്തെ കാര്യം. കേള്‍ക്കുന്നതിനു മുമ്പ് മറുപടി പറയാനും ചോദിച്ചറിയുന്നതിനു മുമ്പ് പ്രതികരിക്കാനും തുടങ്ങുന്നത് ശരിയായ രീതിയല്ല. ‘We listen to respond, not to understand’ എന്നുപറയാറുണ്ട്.
ഇക്കാര്യത്തില്‍ മനുഷ്യരായ നമുക്ക് വ്യക്തമായ മാതൃക തരാാനായി, ഒരു പ്രശ്നത്തില്‍ ഇടപെടുന്നതിന് മുമ്പ് അതിനെക്കുറിച്ച് എത്ര വ്യക്തമായി മനസിലാക്കണമെന്നു നമ്മെ പഠിപ്പിക്കാനായി അപസ്മാര രോഗിയായ പിശാചു ബാധിച്ച ബാലനെ സുഖപ്പെടുത്തുന്നതിനു മുമ്പ് ഈശോ അവന്റെ പിതാവിനോട് അവന്റെ അസുഖവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചോദിച്ചു മനസിലാക്കുന്നു (മര്‍ക്കോസ് 9: 21-25) ഒരു ഡോക്ടര്‍ വിശദമായ രോഗവിവരങ്ങള്‍ ചോദിച്ചറിയുന്നതുപോലെ! അതുകൊണ്ട് ഈശോ ഓര്‍മ്മിപ്പിച്ചു: ”പുറമേ കാണുന്നതിനനുസരിച്ച് വിധിക്കാതെ, നീതിയായ വിധിക്കുവിന്‍” (യോഹന്നാന്‍ 7:24). ഭാരതീയ സന്ന്യാസിയുടെ രീതിയില്‍ വസ്ത്രം ധരിച്ച സ്വാമി വിവേകാനന്ദനോട് ഒരിക്കല്‍ ഒരു വിദേശി ചോദിച്ചു; ‘പാന്റ്‌സും ഷര്‍ട്ടും ടൈയുമൊക്കെ ധരിച്ച് എന്തുകൊണ്ട് നിങ്ങള്‍ക്ക് ഒരു മാന്യനെപ്പോലെ നടന്നുകൂടാ?’ സ്വാമി വിവേകാനന്ദന്‍ മറുപടി പറഞ്ഞു; ”നിങ്ങളുടെ സംസ്‌കാരത്തില്‍ തയ്യല്‍ക്കാരനാണ് നിങ്ങളെ മാന്യനാക്കുന്നതെങ്കില്‍ ഞങ്ങളുടെ സംസ്‌കാരത്തില്‍ ഒരാളുടെ സ്വഭാവമാണ് അയാളെ മാന്യനാക്കുന്നത്. ”

പുറമേ കാണുന്നതിനനുസരിച്ച് മുന്‍വിധികളോടെ ആരെയും വിധിക്കാതിരിക്കാനും ഓരോ കാര്യത്തിന്റെയും പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങളെ സമചിത്തതയോടെ മനസിലാക്കാനും പ്രശ്നങ്ങളെ ശാന്തമായും സൗമ്യമായും പരിഹരിക്കാനും നമുക്കാവട്ടെ. നന്മനിറഞ്ഞ ഒരാഴ്ച പ്രാര്‍ത്ഥനാപൂര്‍വം ആശംസിക്കുന്നു. ഫാ. ബിജു കുന്നയ്ക്കാട്ട്
എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍ സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.
ലണ്ടന്‍: ബ്രെക്‌സിറ്റ് യുകെയിലെ കാര്‍ വ്യവസായത്തിന് കനത്ത ആഘാതം സൃഷ്ടിക്കുമെന്ന് നിര്‍മാതാക്കളും ആണവ രംഗത്തെ വിദഗ്ദ്ധരും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പിന്‍മാറുന്നത് കഴിഞ്ഞ രണ്ട് ദശകങ്ങളിലായി വ്യവസായ മേഖലക്കുണ്ടായ വളര്‍ച്ചയെ പിന്നോട്ടടിക്കുമെന്നാണ് കാര്‍ നിര്‍മാതാക്കള്‍ പറയുന്നത്. എന്നാല്‍ യൂറാറ്റം എന്ന യൂറോപ്യന്‍ ആണവ ഏജന്‍സിയില്‍ നിന്ന് പിന്‍മാറുന്നത് ബ്രിട്ടനിലെ ഊര്‍ജോല്‍പാദന മേഖലയ്ക്ക് തിരിച്ചടിയാകുമെന്നും അത് വളര്‍ന്നുവരുന്ന ഇലക്ട്രിക് കാര്‍ വ്യവസായത്തിന് തിരിച്ചടിയാകുമെന്ന് ആണവ വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.
നിക്ഷേപം വലിയ തോതില്‍ കുറയുമെന്നാണ് കാര്‍ വ്യവസായ മേഖലയുടെ ഭീതിയെന്ന് സൊസൈറ്റി ഓഫ് മോട്ടോര്‍ മാനുഫാക്ചറേഴ്‌സ് ആന്‍ഡ് ട്രേഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് ഹോവ്‌സ് അഭിപ്രായപ്പെട്ടത്. വ്യവസായം യുകെ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതിനെയാണ് പിന്തുണയ്ക്കുന്നത്. കാരണം ബ്രെക്‌സിറ്റ് മൂലമുള്ള പ്രത്യാഘാതങ്ങള്‍ തടയുന്നതിന് കോടിക്കണക്കിന് പൗണ്ട് ചെലവുള്ള പദ്ധതികള്‍ ഇനി ആവിഷ്‌കരിക്കേണ്ടി വരും. നിര്‍മാതാക്കളില്‍ 80 ശതമാനവും യുകെ യൂണിയനില്‍ തുടരണമെന്നാണ് താല്‍പര്യപ്പെടുന്നത്.
യുകെ സര്‍ക്കാര്‍ മുന്നോട്ടു വെക്കുന്ന ഇലക്ട്രിക് കാറുകളെ പ്രോത്സാഹിപ്പിക്കാനുള്ള നയത്തിന് ബ്രെക്‌സിറ്റ് തിരിച്ചടിയാകുമെന്ന് ആണവ വിദഗ്ദ്ധര്‍ പറയുന്നു. യൂറാറ്റമില്‍ നിന്ന് പിന്മാറുന്നത് വൈദ്യുതി മേഖലയില്‍ തിരിച്ചടിക്ക് സാധ്യത ഉയര്‍ത്തുന്നുണ്ട്. ഇലക്ട്രിക് കാറുകളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ അതിന് അനുസൃതമായി വൈദ്യുതി നല്‍കാനുള്ള ശേഷി ബ്രെക്‌സിറ്റോടെ രാജ്യത്തിന് നഷ്ടമാകുമെന്ന് പ്രശസ്ത ആണവ ശാസ്ത്രജ്ഞനായ പ്രൊഫ. മാര്‍ട്ടിന്‍ ഫ്രിയര്‍ മുന്നറിയിപ്പു നല്‍കി. പിന്‍മാറാനുള്ള നീക്കം ദീര്‍ഘദൃഷ്ടിയില്ലാത്തതും അപകടകരവുമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ലണ്ടന്‍: യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതിയെത്തിക്കാന്‍ യുകെ നീക്കമാരംഭിച്ചു. ഇതിന്റെ ഭാഗമായി ഊര്‍ജ്ജ നിരക്കുകള്‍ അവലോകനം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വൈദ്യുതി വിതരണ ശൃംഖല പൂര്‍ണ്ണമായി പരിശോധനയ്ക്ക് വിധേയമാക്കാനും നിരക്കുകള്‍ പരമാവധി കുറച്ചുകൊണ്ട് പരിസ്ഥിതിക്ക് ദോഷം വരുത്താത്ത ഊര്‍ജ്ജോല്‍പാദന രീതികള്‍ അവലംബിക്കാനുമാണ് തീരുമാനം.
കാര്‍ബണ്‍ ടാക്‌സിനു വേണ്ടി വാദിക്കുകയും ഗ്രീന്‍ഹൗസ് വാതകങ്ങള്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ നടത്തി ഇടപെടലിനെതിരെ രംഗത്തുവരികയും ചെയ്ത പ്രൊഫ. ഡയറ്റര്‍ ഹെം ഇതിന് നേതൃത്വം വഹിക്കും. ഗ്രീന്‍ ഹൗസ് വാതകങ്ങളുടെ ബഹിര്‍ഗമനം തടയുന്നതിന് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ നല്ലത് വ്യവസായങ്ങള്‍ക്ക് കാര്‍ബണ്‍ ടാക്‌സ് ഏര്‍പ്പെടുത്തുന്നതാണെന്നായിരുന്നു പ്രൊഫ. ഹെം അഭിപ്രായപ്പെട്ടത്.
വ്യവസായ നയത്തിന്റെ ഭാഗമായി ഊര്‍ജ്ജ നിരക്കുകള്‍ ഏറ്റവും കുറയ്ക്കുകയും കാലാവസ്ഥാ നയത്തിന്റെ ലക്ഷ്യങ്ങള്‍ പ്രാപ്തമാകുന്ന വിധത്തിലുള്ള നടപടികള്‍ സ്വീകരിക്കുകയും വേണമെന്ന് ബിസിനസ് ആന്‍ഡ് എനര്‍ജി സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് പറഞ്ഞു. നമ്മുടെ ഊര്‍ജ്ജ മേഖലയില്‍ മാറ്റങ്ങള്‍ എങ്ങനെ ഫലവത്തായി കൊണ്ടുവരാം, ശുദ്ധവും സുരക്ഷിതവുമായ ഊര്‍ജ്ജം വരും ദശകങ്ങളിലും ലഭിക്കാനായി പുതിയ സാങ്കേതികത എങ്ങനെ ഉപയോഗിക്കാം എന്നീ കാര്യങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വീടുകള്‍ക്കും വ്യവസായങ്ങള്‍ക്കും വൈദ്യുതി ലഭ്യമാക്കുന്നതിന് സമയപരിധിയൊന്നും നിശ്ചയിച്ചിട്ടില്ല. ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.
ലണ്ടന്‍: ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടുപോയി ഡാര്‍ക്ക് വെബില്‍ ലേലത്തിനു വെച്ച സംഭവത്തില്‍ പോളണ്ടുകാരന്‍ പിടിയില്‍. വടക്കന്‍ ഇറ്റലിയില്‍ കഴിഞ്ഞ മാസമാണ് സംഭവമുണ്ടായത്. 20കാരിയായ ബ്രിട്ടീഷ് മോഡലിനെ തട്ടിക്കൊണ്ടു പോയതിനും ആറ് ദിവസം തടങ്കലില്‍ വെച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തതായി മിലാന്‍ പോലീസ് അറിയിച്ചു. ബ്രിട്ടീഷ് റസിഡന്റ് വിസ ഉടമയായ പോളിഷ് പൗരന്റെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ഒരു ഫോട്ടോഷൂട്ടിനായാണ് മോഡല്‍ മിലാനില്‍ എത്തിയത്. ജൂലൈ 11ന് ഇവരെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.
ഇവരെ മയക്കുമരുന്ന് നല്‍കിയശേഷം പൈഡ്‌മോണ്ട് മേഖലയിലെ ചെറിയ പട്ടണത്തില്‍ എത്തിക്കുകയായിരുന്നു. 50,000 യൂറോ ലഭിച്ചാല്‍ വിട്ടയക്കാമെന്നായിരുന്നു ഇയാള്‍ യുവതിയോട് പറഞ്ഞത്. ലൈംഗിക അടിമയായി ഡാര്‍ക്ക് വെബില്‍ ലേലത്തിന് ഇവരെ വെച്ചിട്ടുണ്ടാകുമെന്നാണ് അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നത്. ലോറന്‍സോ ബുകോസി എന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചതെന്ന് ഒരു ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
തട്ടിക്കൊണ്ടുപോയ മോഡലിന് ഒരു കുട്ടിയുണ്ടെന്ന കാര്യം പിടിയിലായയാള്‍ക്ക് പിന്നീടാണ് മനസിലായതെന്ന് പത്രം വ്യക്തമാക്കുന്നു. ഇതോടെ ലൈംഗിക വിപണിയില്‍ സാധ്യതയില്ലെന്ന് മനസിലായതിനാല്‍ മിലാനിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റിനു സമീപം ഇവരെ ഉപേക്ഷിക്കുകയായിരുന്നു. 17-ാം തിയതിയാണ് യുവതിയെ ഇവിടെ ഉപേക്ഷിച്ചത്. എന്നാല്‍ ഇവരെ മോചിതയാക്കിയതിനു പിന്നില്‍ മറ്റു കാര്യങ്ങള്‍ ഉണ്ടോ എന്ന കാര്യവും കുറ്റകൃത്യത്തിന് മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നതും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
ലണ്ടന്‍: കാലാനവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഈ നൂറ്റാണ്ടിന്റെ അവസാന വര്‍ഷങ്ങൡ വന്‍തോതിലുള്ള മരണങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനം. യൂറോപ്പില്‍ പ്രതിവര്‍ഷം 1.5 ലക്ഷം ആളുകള്‍ കൊല്ലപ്പെടുമെന്നാണ് പ്രവചിക്കപ്പെടുന്നത്. കാലാവസ്ഥാ മാറ്റങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം 50 മടങ്ങായി ഉയരും. യൂറോപ്പിലെ മൂന്നില്‍ രണ്ട് ജനങ്ങളും കാലാവസ്ഥാ ദുരന്തങ്ങളുടെ ഇരയാകും. ആഗോള താപനത്തിന്റെ അനന്തരഫലമാണ് ഈ ദുരന്തമെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.
യൂറോപ്യന്‍ കമ്മീഷന്‍ ശാസ്ത്രജ്ഞരാണ് ഈ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കടുത്ത ചൂട് മൂലം ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെടും. ശ്വാസന പ്രശ്‌നങ്ങളും ഹൃദയവുമായി ബന്ധപ്പെട്ട തകരാറുകളും കടുത്ത ചൂടുമൂലം ഉണ്ടാകുമെന്നും അത് നിരവധിപേരുടെ ജീവനെടുക്കുമെന്നുമാണ് പഠനം പറയുന്നത്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രളയങ്ങളും മരണങ്ങള്‍ക്ക് കാരണമാകും. കടുത്ത വരള്‍ച്ച ഭക്ഷ്യക്ഷാമത്തിന് കാരണമാകും. അണുബാധയാലും രോഗങ്ങളാലും മനുഷ്യര്‍ വന്‍തോതില്‍ മരണത്തിന് കീഴടങ്ങും.
കാട്ടുതീ വനത്തോടു ചേര്‍ന്ന പ്രദേശങ്ങളെ വിഴുങ്ങുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള കാലാവസ്ഥാ ദുരന്തങ്ങള്‍ വിശകലനം ചെയ്താണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജനസംഖ്യയിലെ മാറ്റവും കാലാവസ്ഥാ മാറ്റങ്ങള്‍ ഏതു വിധത്തിലായിരിക്കും പ്രതിഫലിക്കുകയെന്നും ആഗോള താപനം മൂലമുണ്ടാകാനിടയുള്ള മരണങ്ങള്‍ എത്രയാണ് തുടങ്ങിയ കണക്കുകളും പഠനത്തില്‍ അവലംബിച്ചു.
ലണ്ടന്‍: ഇരയാക്കപ്പെടുന്നവരുടെ ജീവിതം തന്നെ മാറ്റിമറിക്കുന്ന ആസിഡ് ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കാന്‍ നിര്‍ദേശം. കത്തി പോലെയുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങള്‍ക്കൊപ്പം ആസിഡ് ആക്രമണങ്ങളെയും പരിഗണിക്കുന്ന ജുഡീഷ്യല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലായി. ഇരകള്‍ക്ക് കാര്യമായ പരിക്കേറ്റില്ലെങ്കില്‍ പോലും ആസിഡ് ആക്രമണം ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമായി പരിഗണിക്കുന്നതാണ് പുതിയ നിര്‍ദേശം.
ആസിഡ് ആക്രമണത്തിന് കടുത്ത ശിക്ഷ നല്‍കണമെന്ന നിര്‍ദേശത്തിന് വലിയ തോതിലുള്ള പൊതുപിന്തുണ ക്രൗണ്‍ പ്രോസിക്യൂഷന്‍ സര്‍വീസിന് ലഭിച്ചതായി ഡയറക്ടര്‍ ഓഫ് പബ്ലിക് പ്രോസിക്യൂഷന്‍സ്, ആലിസണ്‍ സോണ്ടേഴ്‌സ് പറഞ്ഞു. ആസിഡ് കാരണമില്ലാതെ കൈവശം കൊണ്ടുനടക്കുന്നതു പോലും കുറ്റകരമാണ്. കത്തി, സ്‌ക്രൂ ഡ്രൈവര്‍ മുതലായവ കൊണ്ടു നടക്കുന്നതിനു തുല്യമായി ഇത് പരിഗണിക്കാനാണ് നിര്‍ദേശം.
അടുത്തിടെ ഉണ്ടായ നിരവധി ആസിഡ് ആക്രമണങ്ങള്‍ക്കു ശേഷം ഈ കുറ്റകൃത്യത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ ലണ്ടനിലുണ്ടായ ആസിഡ് ആക്രമണങ്ങള്‍ ഇരട്ടിയായതായാണ് റിപ്പോര്‍ട്ട്. ഇംഗ്ലണ്ടിലെ മറ്റു പ്രദേശങ്ങളിലും ആസിഡ് ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു.2014 മാര്‍ച്ചിനും 2015 മാര്‍ച്ചിനുമിടയില്‍ ലണ്ടനിലുണ്ടായത് 186 ആക്രമണങ്ങളാണെങ്കില്‍ 2016-17 കാലയളവില്‍ ഇത് 397 ആയി ഉയര്‍ന്നതായാണ് ഔദ്യോഗിക കണക്കുകള്‍.
ലണ്ടന്‍: ജോലിക്കയറ്റത്തിനു പകരം എന്‍എച്ച്എസ് വനിതാ ആംബുലന്‍സ് ജീവനക്കാര്‍ ലൈംഗിക ചൂഷണങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് റിപ്പോര്‍ട്ട്. എന്‍എച്ച്എസ് മാനേജ്‌മെന്റിലെ ചിലര്‍ക്ക് ഇക്കാര്യത്തില്‍ വേട്ടക്കാരുടെ പരിവേഷമാണ് ഉള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കെയര്‍ ക്വാളിറ്റി കമ്മീഷന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ അവലോകനത്തിലും ജീവനക്കാര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലും ലഭിച്ച ഫലങ്ങളുടെ വെളിച്ചത്തിലാണ് ഈ വിവരം പുറത്തു വിട്ടത്. സൗത്ത് ഈസ്റ്റ് കോസ്റ്റ് ആംബുലന്‍സ് സര്‍വീസ് എന്‍എച്ച്എസ് സര്‍വീസിലെ വനിതാ ജീവനക്കാര്‍ തങ്ങള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരാകുന്നുവെന്ന് വെളിപ്പെടുത്തി.
രോഗികള്‍ക്കു മുന്നില്‍ വെച്ചു പോലും ലൈംഗികച്ചുവയോടെയുള്ള നോട്ടങ്ങള്‍ മേലുദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. ലൈംഗികാവശ്യങ്ങള്‍ക്കായി ഈ വേട്ടക്കാര്‍ തങ്ങളെ ഒരുക്കുകയാണെന്നും സ്ത്രീ ജീവനക്കാര്‍ പരാതിപ്പെടുന്നു. അധികാരത്തിലുള്ളവര്‍ ഇത്തരത്തില്‍ പെരുമാറുന്നത് പതിവാണെന്ന് വനിതാ ജീവനക്കാര്‍ പറയുന്നു. എന്നാല്‍ ഇത്തരക്കാര്‍ ട്രസ്റ്റില്‍ ഇപ്പോള്‍ ഇല്ലെന്നാണ് മുതിര്‍ന്ന ജീവനക്കാര്‍ അവകാശപ്പെടുന്നത്. 2000 ജീവനക്കാരില്‍ 40 ശതമാനം പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇവര്‍ക്ക് പല വിധത്തിലുള്ള ഭീഷണികള്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തി. സീക്യാംബ് തന്നെയാണ് സ്വതന്ത്ര അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. ജോലിക്കയറ്റത്തിനായി വനിതാ ജീവനക്കാരോട് വഴങ്ങിത്തരാന്‍ പരസ്യമായി ആവശ്യപ്പെടുന്നതു വരെ കാര്യങ്ങള്‍ എത്തിയെന്നാണ് ചിലര്‍ പറഞ്ഞത്. ചിലര്‍ ഇത് സ്വാഭാവികമാണെന്ന് കരുതിയെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രകൃതി പോലും തേങ്ങി, പ്രിയ സുഹൃത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി ….
കോരിച്ചൊരിയുന്ന മഴയിലും ആയിരങ്ങൾ ഒഴുകിയെത്തി താങ്ങളുടെ പ്രിയ മാർട്ടിൻ അച്ചനെ അവസാനമായി ഒരു നോക്ക് കാണാൻ. സ്വന്തം നാട്ടുകാരായ പുളിങ്കുന്ന് നിവാസികളെകൊണ്ടും, അച്ചന്‍ അവസാനമായി സേവനം അനുഷ്ടിച്ച ചെത്തിപ്പുഴ തിരുഹൃദയ ആശ്രമദേവാലയ നിവാസികളെകൊണ്ടും അന്ത്യശുശ്രുകള്‍ ഒരുക്കിയ ദേവാലയം നിറഞ്ഞു കവിഞ്ഞു. ഏവരുടെയും മനസ്സിൽ ദുഃഖം കെട്ടിനിന്ന അന്തരീക്ഷത്തിൽ പ്രകൃതി പോലും വിതുമ്പി. രാവിലെ 8 മണിമുതൽ പൊതുദർശനത്തിനുവച്ച ദേവാലയത്തിലേയ്ക്ക് നാടിന്റെ നാനാതുറകളിൽനിന്നുള്ള ജനസമൂഹം ഒഴികിയെത്തി. സന്യസസമൂഹവും, രാഷ്ട്രിയക്കാരും മറ്റു പ്രമുഖ വ്യക്തികളും അന്ത്യോപചാരം അർപ്പിക്കാന്‍ കാത്ത് നിന്നു.

മതചിന്തകൾക്ക് അതീതമായി സുഹൃത്തായും, സഹപാഠിയായും, മകനായും മാർട്ടിൻ അച്ചനെ കണ്ടുകൊണ്ടിരുന്ന സ്വന്തം നാട്ടുകാരായ കുട്ടനാട്ടിലെ പുളിങ്കുന്ന് നിവാസികൾ ഒന്നടക്കം ചങ്ങനാശേരി തിരുഹൃദയ ആശ്രമദേവാലയത്തിലേക്ക് ഒഴുകിയെത്തി. 8.30ന് ആശ്രമം പ്രിയോർ ഫാ.സെബാസ്റ്റ്യൻ അട്ടിച്ചിറയുടെ കാർമ്മികത്വത്തിൽ പ്രാർഥനാശുശ്രൂഷകൾ തുടങ്ങി. 12 മണിയോടെ ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. 1 മണിയോടെ സംസ്ക്കാരശുശ്രൂഷകൾ ആരംഭിച്ചു. കോരിച്ചൊരിയുന്ന മഴയിലും അച്ചന് അന്ത്യാചുബനം അർപ്പിക്കാൻ ക്ഷമയോടെ സമൂഹം കത്ത് നിന്നു. ഒടുവിൽ സംസ്കാരശുശ്രൂഷകൾക്ക് ശേഷം അച്ചന്റെ കുഴിമാടത്തിൽ കുന്തിരിക്കങ്ങളും ആർപ്പിച്ചു തങ്ങളുടെ പ്രിയ സഹോദരനെ യാത്രയാക്കി.
ഇനി നിഗുഢമായ ആ സത്യത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മാർട്ടിൻ അച്ചന്റെ സോദ്ദേശവാസികൾക്കൊപ്പം ചെത്തിപ്പുഴ തിരുഹൃദയം ഇടവകക്കാരും. ഒരു സഹപാഠിയും സുഹൃത്തായും നീണ്ട 30 വർഷത്തോളം കൂടെ ഉണ്ടായിരുന്ന എന്റെ പ്രിയ സ്‌നേഹിതൻ മാർട്ടിന് എങ്ങനെ ഈ അപകടം സംഭവിച്ചു എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഞാനും….
ലണ്ടന്‍: പ്രവര്‍ത്തനത്തിന് കൂടുതല്‍ പണം ആവശ്യപ്പെടുന്നതിനു മുമ്പായി സ്വന്തം കാര്യങ്ങള്‍ എന്‍എച്ച്എസ് ക്രമത്തിലാക്കണമെന്ന് നിര്‍ദേശം. ഇന്റേണല്‍ ഓഡിറ്റിനു ശേഷം ക്ലിനിക്കല്‍ ക്വാളിറ്റി ആന്‍ഡ് എഫിഷ്യന്‍സി ദേശീയ ഡയറക്ടര്‍ പ്രൊ. ടിം ബ്രിഗ്‌സ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. മോശം സേവനങ്ങള്‍ക്കായി എന്‍എച്ച്എസ് ഏറെ പണം പാഴാക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കാര്യങ്ങള്‍ ക്രമപ്പെടുത്താതെ കൂടുതല്‍ പണം ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
പരിചരണത്തില്‍ കൂടുതല്‍ നിലവാരം കൊണ്ടുവന്നാല്‍ ചെലവ് കുറയ്ക്കാനാകും. മുട്ട്, ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കു ശേഷമുള്ള അണുബാധയുടെ തോത് ദേശീയ തലത്തില്‍ 0.2ശതമാനമായി കുറയ്ക്കാനായാല്‍ 250 മുതല്‍ 300 മില്യന്‍ പൗണ്ട് വരെ ഓരോ വര്‍ഷവും ലാഭിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. അനാവശ്യമായി ആശുപത്രികലളില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്നവരാണ് എന്‍എച്ച്എസ് ധൂര്‍ത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. എമര്‍ജന്‍സി സര്‍ജറി ബെഡുകളില്‍ ഈ വിധത്തില്‍ പ്രവേശിപ്പിക്കുന്നവര്‍ സേവനം ആവശ്യമുള്ളവര്‍ക്കും തടസമാകുന്നു.
സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വില വര്‍ദ്ധിക്കുന്നതും മറ്റേണിറ്റി വാര്‍ഡുകളിലെ പിഴവു മൂലം നല്‍കേണ്ടി വരുന്ന നഷ്ടപരിഹാരവും നിയമ നടപടികള്‍ക്കുള്ള ചെലവുകളും എന്‍എച്ച്എസിന് ഭാരമാകുകയാണ്. പ്രാക്ടീസിലും പരിചരണത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തിയാല്‍ എന്‍എച്ച്എസ് പ്രതിസന്ധി ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.