ടോക്യോ: ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ ബോംബ് പരീക്ഷണം കലാശിച്ചത് വന്‍ ദുരന്തത്തില്‍. പരീക്ഷണം നടത്തിയ സഥലത്ത് ടണല്‍ ഇടിഞ്ഞുവീണ് 200ഓളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ ആദ്യം നടത്തിയ ആറാമത് ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിനിടെയാണ് ദുരന്തമുണ്ടായതെന്ന് ടോക്യോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആസാഹി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. പേര് വെളിപ്പെടുത്താത്ത ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ നടത്തുന്ന കില്‍ജു പട്ടണത്തിലെ പുങ്ഗിയേ-റിക്കുവിലാണ് സംഭവമുണ്ടായത്.

നൂറോളം പേര്‍ ടണലിലുണ്ടായിരുന്ന സമയത്താണ് ആദ്യം അപകടമുണ്ടായത്. ടണലിന്റെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ മറ്റൊരു ഭാഗം കൂടി ഇടിഞ്ഞു വീണു. ഹൈഡ്രജന്‍ ബോംബ് പരീക്ഷണത്തിലെ ശക്തമായ സ്‌ഫോടനം മൂലമാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരം പരീക്ഷണങ്ങള്‍ തുടര്‍ന്നാല്‍ മലകള്‍ പോലും ഇടിഞ്ഞു വീഴാനിടയുണ്ടെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്ന് ആണവ വികിരണ ഭീഷണിയും പരീക്ഷണങ്ങള്‍ മൂലമുണ്ട്.

ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച അണുബോംബിന്റഎ എട്ട് ഇരട്ടി സംഹാരശേഷിയുള്ള ബോംബായിരുന്നു ഉത്തരകൊറിയ പരീക്ഷിച്ചത്. പരീക്ഷണത്തിനു പിന്നാലെ നാലിലധികം ഭൂചലനങ്ങളും പ്രദേശത്ത് ഉണ്ടായി. എന്നാല്‍ ഈ അപകടം ഉത്തര കൊറിയ സ്ഥിരീകരിച്ചിട്ടില്ല. പരീക്ഷണങ്ങള്‍ക്കിടയിലുണ്ടാകുന്ന വന്‍ അപകടങ്ങള്‍ ഈ രാജ്യം ഇതേവരെ സ്ഥിരീകരിച്ചിട്ടില്ല.