ടെക്‌സാസ്: കടയില്‍ മോഷണം നടത്തിയതിന് പിടിക്കപ്പെട്ട യുവതി വിലങ്ങില്‍ നിന്ന് കൈ മോചിപ്പിച്ച ശേഷം പോലീസ് വാഹനവുമായി കടന്നു. ടെക്‌സാസിലെ ആന്‍ജലീനയിലാണ് സംഭവം. വിലങ്ങണിയിച്ച് പോലീസിന്റെ എസ്‌യുവിയില്‍ ഇരുത്തിയ ശേഷം ഉദ്യോഗസ്ഥര്‍ ഇവരുടെ ബാഗ് പരിശോധിക്കുന്നതിനിടെയായിരുന്നു യുവതി വാഹനവുമായി കടന്നത്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടാതെയാണ് 33കാരിയായ ടോഷ്ച ഫേ സ്‌പോണ്‍സ്ലര്‍ എന്ന യുവതി കൈവിലങ്ങില്‍ നിന്ന് കൈ ഊരിയെടുത്തതും വാഹനത്തിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നതും.
വാഹനത്തിലെ ക്യാമറയില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പിന്നീട് 100 മൈലോളം വേഗതയില്‍ വാഹനമോടിച്ച യുവതിയെ പിന്തുടര്‍ന്ന് പിടിക്കാന്‍ പോലീസിന് കുറച്ചൊന്നുമല്ല വിയര്‍ക്കേണ്ടി വന്നത്. വാഹനത്തിലുണ്ടായിരുന്ന ഒരു തോക്ക് കൈവശപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചെങ്കിലും അതിനു സാധിക്കാതെ വന്നതോടെയാണ് വാഹനമെടുത്ത് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. വാഹനത്തിന്റെ ടയറുകള്‍ പങ്ചറാക്കി ഇവരെ പിടികൂടാന്‍ സ്ഥാപിച്ച സ്‌പൈക്ക് സ്ട്രിപ്പില്‍ നിന്നും ഇവര്‍ രക്ഷപ്പെട്ടു.
23 മിനിറ്റോളം പോലീസ് ഇവരെ പിന്തുടര്‍ന്നു. എസ്‌യുവി ഒരു മരത്തില്‍ ഇടിച്ച് മറിഞ്ഞതിനു ശേഷമാണ് ഇവരെ പിടിക്കാനായത്. വാഹനമോടിക്കുന്നതിനിടയിലും അതിനുള്ളില്‍ ലോക്ക് ചെയ്തുവെച്ചിരുന്ന ഷോട്ട്ഗണ്‍ എടുക്കാന്‍ സ്ത്രീ ശ്രമിക്കുന്നുണ്ടായിരുന്നു. ഇടിച്ചു മറിഞ്ഞ വാഹനം പല തവണ കരണം മറിഞ്ഞു.
വീഡിയോ കാണാം
ഫാ. ബിജു കുന്നയ്ക്കാട്ട്, നോട്ടിംഗ്ഹാം
നോട്ടിംഗ്ഹാം: യു കെ ജനതയെ നടുക്കിയ മോട്ടോര്‍വേ അപകടത്തിലില്‍ മരണപ്പെട്ട നോട്ടിംഗ്ഹാം സ്വദേശി കടൂക്കുന്നേല്‍ സിറിയക് ജോസഫിന് (ബെന്നി – 52) അര്‍നോള്‍ഡ് ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ഇടവക ദേവാലയത്തില്‍ വച്ച് ഇന്ന് യാത്രാമൊിയേകും. (പള്ളിയുടെ അഡ്രസ്: 3, Thackeray’s Lane, NG 5 4HT, Nottingham). ഉച്ചകഴിഞ്ഞ് കൃത്യം 2 മണിക്ക് വി. കുര്‍ബാനയോടു കൂടി ശുശ്രൂഷകള്‍ ആരംഭിക്കും. വി. കുര്‍ബാനയ്ക്കും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും ശേഷം ബെന്നിയുടെ മൃതദേഹത്തില്‍ പൊതുദര്‍ശനത്തിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.
ബുധനാഴ്ചയോടുകൂടി ഫ്യൂണറല്‍ ഡയറക്ടേഴ്‌സിനു കൈമാറിയ ബെന്നിയുടെ മൃതദേഹം നോട്ടിംഗ്ഹാമിലുള്ള ഓഫീസിലാണ് സൂക്ഷിച്ചിരിക്കുന്നത്. യു.കെ.യിലെ പ്രധാന വഴിയായ മോട്ടോര്‍വേയുടെ യാത്രാസുരക്ഷ പോലും ചോദ്യം ചെയ്യപ്പെട്ടേക്കാവുന്ന ഈ ദാരുണ ദുരന്തത്തിന്റെ തുടര്‍ നടപടികള്‍ പതിവിലും വേഗത്തിലാണ് പോലീസ് അധികാരികളും ആശുപത്രി അധികൃതരും പൂര്‍ത്തിയാക്കിയത്. ദുരന്തത്തില്‍ മരണമടഞ്ഞ ബാക്കിയുള്ളവരുടെയും മൃതദേഹങ്ങള്‍ വിട്ടുനല്‍കുന്നതിനുള്ള നടപടികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്.
നോട്ടിംഗ്ഹാമിലെ ഇന്നത്തെ പ്രാര്‍ത്ഥനാ ശുശ്രൂഷകള്‍ക്കും പൊതുദര്‍ശനത്തിനുശേഷം ഞായറാഴ്ച രാവിലെ മാഞ്ചസ്റ്ററില്‍ നിന്നും പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തില്‍ ബെന്നിയുടെ മൃതദേഹം കടൂക്കുന്നേല്‍ കുടുംബക്കല്ലറയിലാണ് സംസ്‌കരിക്കുന്നത്. ബെന്നിയുടെ കുടുംബാംഗങ്ങളും സംസ്‌കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനായി നാട്ടിലേയ്ക്ക് പോകുന്നവരും ശനിയാഴ്ച നാട്ടിലേയ്ക്ക് തിരിക്കും.
ഞായറാഴ്ച ഉച്ചയോടുകൂടി ചേര്‍പ്പുങ്കലുള്ള കുടുംബവീട്ടില്‍ എത്തിക്കുന്ന ബെന്നിയുടെ മൃതദേഹം തുടര്‍ന്നുള്ള മണിക്കൂറുകളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചകഴിഞ്ഞ് 4 മണിക്ക് വീട്ടിലാരംഭിക്കുന്ന മൃതസംസ്‌കാര ശുശ്രൂഷകളെത്തുടര്‍ന്ന് മൃതദേഹം ചേര്‍പ്പുങ്കല്‍ പള്ളിയിലേയ്ക്കും തുടര്‍ന്ന് അന്ത്യവിശ്രമം കൊള്ളാനുള്ള കുടുംബക്കല്ലറയിലേക്കും കൊണ്ടുപോകും. ബെന്നിയുടെ ഭാര്യ ആന്‍സി, മക്കളായ ബെന്‍സണ്‍, ബെനീറ്റ, കുടുംബാംഗങ്ങളായ പ്രിയന്‍, ജോളി, മിനി സ്റ്റീഫന്‍ എന്നിവരെക്കൂടാതെ നോട്ടിംഗ്ഹാമിലെ ബെന്നിയുടെ സുഹൃത്തുക്കളായിരുന്ന അഡ്വ. ജോബി പുതുക്കുളങ്ങര, സോയിമോന്‍ ജോസഫ്, സിന്ധു സോയിമോന്‍, നോട്ടിംഗ്ഹാം രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട് തുടങ്ങിയവരും സംസ്‌കാര ശുശ്രൂഷകളില്‍ പങ്കുചേരാനായി പോകുന്നുണ്ട്.
കഴിഞ്ഞമാസം 26-ാം തീയതി വെളുപ്പിന് മൂന്ന് മണിയോടു കൂടിയാണ് ബെന്നി ഉള്‍പ്പെടെ എട്ടുപേരുടെ മരണത്തിനിടയാക്കിയ ദാരുണ സംഭവം എം 1 മോട്ടോര്‍വേയില്‍ ഉണ്ടായത്. ബെന്നിയുള്‍പ്പെടെ 12 പേര്‍ നോട്ടിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേയ്ക്ക് യാത്ര ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. നോട്ടിംഗ്ഹാം സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ കമ്മിറ്റിയംഗം, വിവിധ സംഘടനകളിലെ സാരഥി, മികച്ച ഗായകന്‍, സംഘാടകന്‍ ഇങ്ങനെ നിരവധി മേഖലകളില്‍ തിളങ്ങിയ വ്യക്തിത്വമായിരുന്നു ബെന്നി എന്നറിയപ്പെട്ടിരുന്ന സിറിയക് ജോസഫിന്റേത്. തങ്ങളുടെ ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ടതിന്റെ തീരാദുഃഖത്തിലാണ് നോട്ടിംഗ്ഹാം നിവാസികള്‍.
തങ്ങളുടെ പ്രിയ ബെന്നിച്ചന് അന്ത്യയാത്ര പറയാന്‍ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് നോട്ടിംഗ്ഹാം അര്‍നോള്‍ഡ് ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഒത്തുചേരും. ഇന്ന് നോട്ടിംഗ്ഹാമില്‍ നടക്കുന്ന പ്രാര്‍ത്ഥനാ ശുശ്രൂഷകളുടെയും തിങ്കളാഴ്ച ചേര്‍പ്പുങ്കല്‍ പള്ളിയില്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകളുടെയും തല്‍സമയ സംപ്രേഷണം ക്‌നാനായ പത്രത്തിലും ക്‌നാനായ പത്രം ഫേസ്ബുക്ക് പേജിലും ലഭ്യമായിരിക്കും.
ലണ്ടന്‍: നീതിന്യായ വ്യവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയില്ലെങ്കില്‍ വംശീയ ന്യൂനപക്ഷങ്ങളിലെ കുട്ടിക്കുറ്റവാളികള്‍ ഭാവിയിലെ ക്രിമിനലുകളായി മാറുമെന്ന് ഡേവിഡ് ലാമി എംപി. ബ്ലാക്ക്, ഏഷ്യന്‍, വംശീയ ന്യൂനപക്ഷങ്ങള്‍ എന്നീ സമൂഹങ്ങളില്‍ നിന്നുള്ളവരാണ് ജയിലുകളില്‍ കഴിയുന്നവരില്‍ 25 ശതമാനവും. ജനസംഖ്യയുടെ 14 ശതമാനം മാത്രം വരുന്ന ഈ സമൂഹമാണ് ഇത്തരത്തില്‍ കുറ്റവാൡകളായി കഴിയുന്നതെന്ന് ലേബര്‍ എംപിയായ ലാമി നടത്തിയ വിശകലനത്തില്‍ പറയുന്നു. നീതിന്യായ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി 36 നിര്‍ദേശങ്ങളും ലാമി നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.
ഇത്തരം വിഭാഗങ്ങൡല്‍ നിന്നുള്ള ചെറുപ്രായത്തിലുള്ള കുറ്റവാളികളുടെ നിരക്ക് 10 വര്‍ഷത്തിനിടെ 25 ശതമാനത്തില്‍ നിന്ന് 41 ശതമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൗണ്‍ കോടതികളെ സമീപിക്കുന്ന കറുത്ത വര്‍ഗ്ഗക്കാരായവരുടെ നിരക്ക് 2006നും 2016നുമിടയില്‍ 41 ശതമാനമായിരുന്നു. വെളുത്ത വര്‍ഗ്ഗക്കാര്‍ 31 ശതമാനം പേര്‍ ഇതിനായി കോടതികളെ സമീപിച്ചിട്ടുണ്ട്. കുറ്റം ചെയ്ത് ആദ്യമായി പിടിക്കപ്പെടുന്ന വംശീയ ന്യൂനപക്ഷക്കാരുടെ നിരക്ക് 2006ല്‍ 11 ശതമാനമായിരുന്നെങ്കില്‍ 10 വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് 19 ശതമാനമായി വര്‍ദ്ധിച്ചു എന്നിങ്ങനെയാണ് ലാമി വിലയിരുത്തുന്നത്.
ഈ വിഭാഗത്തില്‍പ്പെടുന്നവരെ കുറ്റവാളികളായി മാത്രം പരിഗണിക്കുന്ന സമീപനമാണ് ഇതിനു കാരണമെന്നാണ് വിലയിരുത്തല്‍. നീതിന്യായ വ്യവസ്ഥ പക്ഷപാതപരമായി പെരുമാറുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. നീതിന്യായ വ്യവസ്ഥ വിശ്വാസം ആര്‍ജ്ജിക്കുന്ന വിധത്തില്‍ പൊളിച്ചെഴുതുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: ബീഫ് വിഷയത്തില്‍ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഇന്ത്യയിലേക്ക് വരുന്ന ടൂറിസ്റ്റുകള്‍ സ്വന്തം രാജ്യത്തുനിന്ന് തന്നെ ബീഫ് കഴിച്ചിട്ട് വരുന്നതായിരിക്കും ഉചിതമെന്ന് കണ്ണന്താനം പറഞ്ഞു. ടൂറിസത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ ശേഷം നടന്ന ആദ്യത്തെ പൊതുചടങ്ങില്‍ സംസാരിക്കുമ്പോളാണ് കണ്ണന്താനം തന്റെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടു പോയത്.
എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും ആഹാരശീലങ്ങള്‍ എന്തായിരിക്കണമെന്ന ബിജെപി ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ലെന്നും കണ്ണന്താനം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം കണ്ണന്താനം പറഞ്ഞത്. ടൂറിസ്റ്റുകള്‍ക്ക് സ്വന്തം രാജ്യത്ത് നിന്നും ബീഫ് കഴിക്കാം. എന്നിട്ട് ഇവിടേക്ക് വരാം എന്നായിരുന്നു മറുപടി.
ബീഫിന്റെ കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ഭക്ഷ്യവകുപ്പ് മന്ത്രിയല്ല, ടൂറിസം മന്ത്രിയാണെന്നും കണ്ണന്താനം പറഞ്ഞു. മലയാളികള്‍ ബീഫ് കഴിക്കുന്നത് തുടരുമെന്നായിരുന്നു സത്യപ്രതിജ്ഞയ്ക്കു ശേഷം കണ്ണന്താനത്തിന്റെ പ്രതികരണം. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ ഗോവയില്‍ ബീഫ് കഴിക്കാമെങ്കില്‍ കേരളത്തിലും ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് കണ്ണന്താനം കൂട്ടിച്ചേര്‍ത്തിരുന്നു.
ഫ്‌ളോറിഡ: ഹാര്‍വി ചുഴലിക്കാറ്റ് സൃഷ്ടിച്ച കെടുതികളില്‍ നിന്ന് ഫ്‌ളോറിഡ കഷ്ടിച്ച് കരകയറി വരുന്നതിനിടെ ഇര്‍മ കൊടുങ്കാറ്റ് വീണ്ടും ഭീതി വിതയ്ക്കുന്നു. എന്നാല്‍ ഇര്‍മ മാത്രമല്ല അമേരിക്കയ്ക്ക് ഭീഷണിയാകുന്നതെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ആറ് ദിവസത്തിനുള്ളില്‍ കാറ്റിയ എന്ന ചുഴലിക്കാറ്റും തീരത്തേക്ക് എത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് യുഎസ് നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍. കാറ്റഗറി 5ല്‍ പെട്ട ഇര്‍മ ആഞ്ഞടിക്കാനിരിക്കെ ഫ്‌ളോറിഡയില്‍ പലയിടത്തു നിന്നും ആളുകളെ ഒഴിപ്പിച്ചു. കരീബിയന്‍ ദ്വീപുകളില്‍ കനത്ത നാശം വിതച്ചുകൊണ്ടാണ് ഇര്‍മ എത്തുന്നത്.
അമേരിക്കയിലും ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകളിലും എത്തിയ ശേഷം പ്യൂര്‍ട്ടോറിക്കോയിലേക്കായിരിക്കും ഇര്‍മയുടെ പ്രയാണം. 185 മൈല്‍ വേഗതയില്‍ കാറ്റടിക്കാനുള്ള സാധ്യതയാണ് ഇര്‍മ ഉയര്‍ത്തുന്നത്. ആന്റിഗ്വയിലും ബാര്‍ബുഡയിലും കനത്ത നാശനഷ്ടങ്ങളാണ് ഇര്‍മ വരുത്തിയത്. മെക്‌സിക്കന്‍ തീരത്താണ് കാറ്റിയ പിറവിയെടുത്തിരിക്കുന്നത്. 120 കിലോമീറ്റര്‍ വേഗതയിലുള്ള കൊടുങ്കാറ്റാണ് കാറ്റിയ കൊണ്ടുവരുന്നത്. വരുന്ന 48 മണിക്കൂറിനുള്ളില്‍ ഇത് കൂടുതല്‍ ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്നും യുഎസ് നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍ വ്യക്തമാക്കി.
അറ്റ്‌ലാന്റിക്കിലെ ഉഷ്ണവാത പ്രവാഹങ്ങളിലൊന്നായ ജോസ് ഒരു ചുഴലിക്കാറ്റായി രൂപം പ്രാപിച്ചിട്ടുണ്ടെന്നും യുഎസ് നാഷണല്‍ ഹറിക്കെയ്ന്‍ സെന്റര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഫ്‌ളോറിഡയിലേക്ക് തന്നെ നീങ്ങുന്ന ജോസ് ഇര്‍മയുടെ പാത പിന്തുടര്‍ന്ന് കരീബീയനിലൂടെയായിരിക്കും എത്തുകയെന്നാണ് കരുതുന്നത്. എന്നാല്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വ്യക്തത ഹറിക്കെയ്ന്‍ സെന്റര്‍ നല്‍കിയിട്ടില്ല.
ലിങ്കണ്‍ഷയര്‍: ഗുരുതരമായ സ്റ്റാഫിംഗ് പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ രീതി അവലംബിച്ച് എന്‍എച്ച്എസ്. അഭയാര്‍ത്ഥികളായ ഡോക്ടര്‍മാര്‍ക്കും നിയമനം നല്‍കാനാണ് തീരുമാനം. ലിങ്കണ്‍ഷയര്‍ റെഫ്യൂജി ഡോക്ടര്‍ പ്രോജക്ട് എന്ന പേരില്‍ ലിങ്കണ്‍ഷയറില്‍ ഡോക്ടര്‍മാരെ നിയമിക്കും. ഇതിലൂടെ യുകെയില്‍ ജോലി ചെയ്യുന്നതിന് ആവശ്യമായ പ്രവൃത്തിപരിചയം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അഫ്ഗാനിസ്ഥാന്‍, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കും ഈ പദ്ധതിയനുസരിച്ച് ഭാഷാ പരിശീലനവും മറ്റും നല്‍കും.
ആദ്യ ഘട്ടമായി 10 ഡോക്ടര്‍മാര്‍ക്ക് ഈ വിധത്തില്‍ പരിശീലനം നല്‍കാനാണ് നീക്കമെന്ന് എന്‍എച്ച്എസ് അറിയിച്ചു. മിഡില്‍സ്ബറോയിലും ലണ്ടനിലും സമാനമായ പദ്ധതികള്‍ നേരത്തേ തുടങ്ങിയിരുന്നെങ്കിലും ദേശവ്യാപകമായി ഈ പദ്ധതി ആരംഭിച്ചിരുന്നില്ല. എന്നാല്‍ ഈ പദ്ധതിക്കും ഫണ്ടിംഗ് പ്രശ്‌നമാണെന്ന് വാര്‍ത്തകളുണ്ട്. ബ്രിട്ടീഷ് ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്നതിലും ചെലവ് കുറവാണ് ഇവരെ പരിശീലിപ്പിക്കാനെങ്കിലും സാമ്പത്തിക പ്രതിസന്ധി ഇതിനെയും ബാധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ബ്രിട്ടീഷ് ഡോക്ടര്‍മാരെ പരിശീലിപ്പിക്കുന്നതിന്റെ പത്തിലൊന്ന് പണവും പകുതി സമയവും മതി അഭയാര്‍ത്ഥികളായെത്തിയ ഡോക്ടര്‍മാരെ പരിശീലിപ്പിക്കാന്‍. മൂന്ന് മുതല്‍ 5 വര്‍ഷത്തിനുള്ളില്‍ ഇവരുടെ പരിശീലനം പൂര്‍ത്തിയാകും. പ്രാക്ടീസ് തുടങ്ങണമെങ്കില്‍ ക്ലിനിക്കല്‍, ഭാഷാ പരീക്ഷകള്‍ പാസാകുകയും പിന്നീട് ജനറല്‍ മെഡിക്കല്‍ കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.
ലണ്ടന്‍: എന്‍എച്ച്എസ് അതിന്റെ ചരിത്രത്തില്‍ ആദ്യമായി നേരിടുന്ന സ്റ്റാഫിംഗ് പ്രതിസന്ധിയില്‍ പ്രതിഷേധവുമായി നഴ്‌സുമാര്‍. 2000ത്തോളം നഴ്‌സുമാര്‍ പാര്‍ലമെന്റിനു മുന്നില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. ഇത്രയും നഴ്‌സുമാര്‍ ഒരേ ദിവസം ആനുവല്‍ ലീവ് എടുത്താണ് പ്രതിഷേധിക്കാന്‍ എത്തിയത്. 2010 മുതല്‍ വേതനവര്‍ദ്ധനവിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്ന ടോറി സര്‍ക്കാര്‍ നടപടിക്കെതിരെയാണ് ഇവര്‍ പ്രതിഷേധിച്ചത്. ശമ്പളത്തില്‍ 14 ശതമാനത്തിന്റെ കുറവാണ് ഈ വെട്ടിക്കുറയ്ക്കലോടെ നഴ്‌സുമാര്‍ക്ക് ഉണ്ടാകുന്നത്. ഏകദേശം 3000 പൗണ്ടോളം വരും ഇത്. നിയന്ത്രണം എടുത്തു കളയണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.
കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന ഒട്ടേറെ നഴ്‌സുമാര്‍ തങ്ങളുടെ അനുഭവങ്ങളും പങ്കുവെച്ചു. ഹെല്‍ത്ത് വിസിറ്ററായ ബാര്‍ബര കോംബ് എന്ന 44 കാരിക്ക് ഓവര്‍ടൈം ഉള്‍പ്പെടെ ലഭിക്കുന്നത് 1800 പൗണ്ട് മാത്രമാണ്. സൗത്ത് ഈസ്റ്റ് ലണ്ടനില്‍ 2 ബെഡ് കൗണ്‍സില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്ന ഇവര്‍ 14 വര്‍ഷമായി എന്‍എച്ച്എസില്‍ ജോലി ചെയ്യുന്നു. 2012 മുതല്‍ ഒരു അവധിക്കാല യാത്രക്കോ ഒരു ശവസംസ്‌കാരച്ചടങ്ങിനോ പോലും പങ്കെടുക്കാന്‍ തന്റെ വരുമാനം തികയുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. വാരാന്ത്യങ്ങളില്‍ മറ്റു ജോലികള്‍ ചെയ്താണ് ഇവര്‍ ജീവിക്കുന്നത്.
ലണ്ടനു പുറത്തേക്ക് പോകണമെങ്കില്‍ മറ്റുള്ളവരുടെ ഓയ്‌സ്റ്റര്‍ ട്രാവല്‍ കാര്‍ഡ് കടം വാങ്ങേണ്ട ഗതികേടിലാണ് താന്‍ എന്നും അവര്‍ പറഞ്ഞു. പെട്രോളിനുള്ള പണം പോലും ചിലപ്പോള്‍ ഉണ്ടാകില്ലെന്ന് പറഞ്ഞ ഇവര്‍ എന്‍എച്ച്എസ് ജീവനക്കാരുടെ ജീവിതദുരിതത്തിന്റെ ഏറ്റവും ദൈന്യം നിറഞ്ഞ ഉദാഹരണമാണ്. മറ്റ് നഴ്‌സുമാരും തങ്ങളഴുടെ ദുരിതങ്ങള്‍ പങ്കുവെച്ചു. ചിലര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിമകളാണ്. മിക്കവരും നഴ്‌സിംഗ് ജോലി തന്നെ ഉപേക്ഷിക്കുകയാണെന്നും വെളിപ്പെടുത്തി.
ഫാ. ബിജു കുന്നയ്ക്കാട്ട്, നോട്ടിംഗ്ഹാം
നോട്ടിംഗ്ഹാം: ഓഗസ്റ്റ് 26-ാം തീയതി മോട്ടോര്‍ വേ 1-ല്‍ ഉണ്ടായ വാഹന അപകടത്തില്‍ മരണമടഞ്ഞ നോട്ടിംഗ്ഹാം സ്വദേശിയായ സിറിയക് ജോസഫിന്റെ (ബെന്നി) മൃതസംസ്‌കാര ശുശ്രൂഷകള്‍ അദ്ദേഹത്തിന്റെ മാതൃ ഇടവകയായ കോട്ടയം ജില്ലയിലെ ചേര്‍പ്പുങ്കല്‍ പള്ളി സെമിത്തേരിയില്‍ വരുന്ന തിങ്കളാഴ്ച നടക്കും. മൃതദേഹം നാട്ടിലേയ്ക്കു കൊണ്ടുപോകുന്നതിനു മുമ്പായി യുകെയിലുള്ള ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അന്തിമോപചാരമര്‍പ്പിക്കാനായി വെള്ളിയാഴ്ച, 8-ാം തീയതി നോട്ടിംഗ്ഹാമിലുള്ള ഗുഡ് ഷെപ്പേര്‍ഡ് കത്തോലിക്കാ ദേവാലയത്തില്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക് ദിവ്യബലിയും മറ്റു പ്രാര്‍ത്ഥനാ ശുശ്രൂഷകളും പൊതുദര്‍ശനത്തിന് സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.
പോലീസ് – ആശുപത്രി നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നാണ് മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്സിന് കൈമാറിയത്. യു കെ ജനതയെ ഒന്നാകെ നടുക്കിയ ഈ വലിയ ദുരന്തത്തിന്റെ തുടര്‍ നടപടികള്‍ പോലീസ് പതിവിലും വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു. ദുരന്തത്തില്‍ മരണമടഞ്ഞ ബാക്കിയുള്ളവരുടെയും മൃതദേഹങ്ങള്‍ വിട്ടുകിട്ടുന്നതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയായി വരുന്നെന്നാണ് ലഭ്യമാകുന്ന വിവരം. വെള്ളിയാഴ്ച നടക്കുന്ന അന്തിമോപചാരത്തിനും പൊതുദര്‍ശനത്തിനു ശേഷം ഞായറാഴ്ച രാവിലെ പുറപ്പെടുന്ന എമിറേറ്റ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പ്രാരംഭ പ്രാര്‍ത്ഥനകളോടെ ചേര്‍പ്പുങ്കല്‍ ഇടവകയിലെ വീട്ടില്‍ വച്ച് മൃതസംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. വീട്ടിലും ദേവാലയത്തിലുമുള്ള പ്രാര്‍ത്ഥനകള്‍ക്കു ശേഷം മൃതദേഹം പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍ സംസ്‌കരിക്കും.
ബെന്നിയുടെ ഭാര്യ ആന്‍സിയും മക്കളായ ബെന്‍സണ്‍, ബെനീറ്റ എന്നിവരും യുകെയിലുള്ള മറ്റു കുടുംബാംഗങ്ങളും ശനിയാഴ്ച നാട്ടിലേയ്ക്ക് തിരിക്കും. നോട്ടിംഗ്ഹാമിന്റെ മത-സാമൂഹിക-സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിറസാന്നിധ്യമായിരുന്ന ബെന്നിയുടെ സുഹൃത്തുക്കളായ സീറോ മലബാര്‍ രൂപതാ ചാപ്ലയിന്‍ ഫാ. ബിജു കുന്നയ്ക്കാട്ട്, അഡ്വ. ജോബി പുതുക്കുളങ്ങര, മിസിസ് ആന്റ് മി. സോയിമോന്‍ ജോസഫ് എന്നിവരും മൃതസംസ്‌കാരശുശ്രൂഷകളില്‍ പങ്കെടുക്കാനായി നാട്ടിലേയ്ക്ക് പോകുന്നുണ്ട്.
എബിസി ട്രാവല്‍സ് എന്ന പേരില്‍ മിനി ബസ് സര്‍വ്വീസ് നടത്തിക്കൊണ്ടിരുന്ന തങ്ങളുടെ പ്രിയ സുഹൃത്തിന്റെ അകാല വേര്‍പാടിന്റെ നടുക്കത്തില്‍ നിന്ന് നോട്ടിംഗ്ഹാമിലുള്ളവര്‍ ഇനിയും വിമുക്തരായിട്ടില്ല. കഴിഞ്ഞ 26-ാം തീയതി നോട്ടിംഗ്ഹാമില്‍ നിന്ന് ലണ്ടനിലേയ്ക്ക് മറ്റു പതിനൊന്നു പേരുമായി യാത്ര ചെയ്യുമ്പോഴാണ് നാടിനെ നടുക്കിയ വന്‍ ദുരന്തമുണ്ടായതും ബെന്നിക്കും 7 സഹയാത്രികര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടതും.
ലണ്ടന്‍: യൂണിവേഴ്‌സിറ്റി പഠനം ആവശ്യമില്ലായിരുന്നുവെന്ന് നാലിലൊന്ന് ബിരുദധാരികള്‍ അഭിപ്രായപ്പെടുന്നതായി പഠനം. വിദ്യാഭ്യാസത്തിനായി കൂടുതല്‍ പണം മുടക്കേണ്ടതായി വന്നുവെന്നും പഠനത്തിനായി തെരഞ്ഞെടുത്ത കോഴ്‌സും സ്ഥാപനവും തെറ്റായിരുന്നുവെന്നും ഒട്ടേറെപ്പേര്‍ അഭിപ്രായപ്പെടുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്. ഇതിലൂടെ പണവും സമയവും നഷ്ടമായെന്ന് ഇവര്‍ പറയുന്നു. 2000 ബിരുദധാരികള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ തങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന ജോലി അപ്രന്റീസ്ഷിപ്പിലൂടെയോ ട്രെയിനിയായോ നേടാവുന്നതായിരുന്നുവെന്നും ഇവര്‍ പറഞ്ഞുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.
എന്നാല്‍ രക്ഷിതാക്കളില്‍ നിന്ന് അകന്ന് നിന്നതിലൂടെ തങ്ങള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യം പഠനകാലത്ത് കൂടുതല്‍ ആസ്വദിക്കാന്‍ കഴിഞ്ഞുവെന്ന് ഇവരില് 93 ശതമാനം പേര്‍ പറഞ്ഞു. തങ്ങള്‍ നേടിയ ഡിഗ്രിക്കനുസരിച്ചുള്ള ജോലിയല്ല ചെയ്യുന്നതെന്ന് പകുതിയോളം പേര്‍ വ്യക്തമാക്കുകയും ചെയ്തു. ആവശ്യത്തിന് വരുമാനം ലഭിക്കാത്തതും വിദ്യാഭ്യാസത്തിന് അനുസൃതമല്ലാത്തതുമായ ജോലി ചെയ്യുന്നതിലൂടെ 18,000 പൗണ്ടിലേറെ കടത്തിലാണ് ബിരുദധാരികളെന്നും വ്യക്തമായിട്ടുണ്ട്.
ക്യൂബ് ലേണിംഗിലെ ബിസിനസ് ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജോ ക്രോസ്ലി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ജോലികള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാകുമെന്ന ധാരണയില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ നേടാനാണ് പഠനകാലത്ത് വിദ്യാര്‍ത്ഥികള്‍ ശ്രമിക്കുന്നത്. എന്നാല്‍ പിന്നീട് ജോലികള്‍ ലഭിക്കുമ്പോള്‍ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ളവയല്ല അതെന്ന് വ്യക്തമാകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പാരീസ്: വിമാനത്തിനുള്ളില്‍ തേളിനെ കണ്ടെത്തിയതിനെത്തുടര്‍ന്ന് പാരീസില്‍ നിന്നുള്ള ഈസിജെറ്റ് വിമാനം മണിക്കൂറുകളോളം വൈകി. പാരീസില്‍ നിന്ന് ഗ്ലാസ്‌ഗോയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത വിമാനമാണ് യാത്രക്കാരന്‍ തേളിനെ കണ്ടതോടെ വൈകിയത്. സീറ്റിനു മുകളിലൂടെ തേള്‍ നടക്കുന്നത് കണ്ടെന്നാണ് യാത്രാക്കാരന്‍ പറഞ്ഞത്. പിന്നീട് സുരക്ഷയുടെ ഭാഗമായി വിമാനത്തില്‍ പുക നിറച്ചു. ഇതു മൂലം യാത്രക്കാര്‍ ഒരു രാത്രി പാരീസില്‍ കുടുങ്ങിയതായാണ് റിപ്പോര്‍ട്ട്. 4-ാം തിയിതിയായിരുന്ന സംഭവം. ഉച്ചക്ക് 2 മണിക്ക് പുറപ്പെടാനിരുന്ന വിമാനമാണ് വൈകിയത്.
പാരീസിലെ ചാള്‍സ് ഡിഗോള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ യാത്രക്കാരെ പിന്നീട് ഹോട്ടലുകളിലേക്ക് മാറ്റി. ഗ്ലാസ്‌ഗോയിലേക്കുള്ള യാത്രക്കാരനായിരുന്ന ജിമ്മി സ്മിത്ത് എന്നയാളോട് വിമാനത്തിലെ ക്ലീനിംഗ് ജീവനക്കാരിയാണ് തേളിനെ കണ്ട കാര്യം പറഞ്ഞത്. ഗേറ്റില്‍ വെച്ചാണ് ഇക്കാര്യം ജീവനക്കാരി പറഞ്ഞതെന്നും പിന്നീട് പരിശോധനകള്‍ക്കായി യാത്രക്കാരെ മാറ്റുകയായിരുന്നുവെന്നും സ്മിത്ത് പറഞ്ഞു.
ആദ്യഘട്ടത്തില്‍ ഈിസിജെറ്റ് സംഭവത്തേക്കുറിച്ച് പ്രതികരണത്തിന് തയ്യാറായില്ലെങ്കിലും പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചു. ഒരു യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ തേളിനെ കണ്ടതായി ജീവനക്കാരോട് പറഞ്ഞുവെന്നും അതിനാലാണ് വിമാനത്തില്‍ പരിശോധനകള്‍ നടത്തിയതെന്നും കമ്പനി വക്താവ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലില്‍ ഹൂസ്റ്റണില്‍ നിന്നുള്ള യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിനുള്ളില്‍ വെച്ച് യാത്രക്കാരന് തേളിന്റെ കുത്തേറ്റിരുന്നു.