പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി 20 സീറ്റില്‍ ഒതുങ്ങിയതിന് ശേഷം നടത്തിയ ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത്. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്താനാകുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. 2014ന് മുമ്പ് ബി.ജെ.പിയും വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തിരുന്നു. യന്ത്രത്തിലെ അപാകതകളെക്കുറിച്ച് അന്വേഷിക്കണമെന്ന് ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി അഭിപ്രായപ്പെട്ടിരുന്നുവെന്നും കെജ്‍‍രിവാള്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയും കുടുംബവും വോട്ട് ചെയ്തിട്ടും പഞ്ചാബിലെ ഒരു മണ്ഡലത്തില്‍ ഒരു ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്ക് വോട്ടൊന്നും കിട്ടിയില്ലെന്നും കെജ്‍രിവാള്‍ പറഞ്ഞു.

വോട്ട് ചെയ്തെന്ന് ഉറപ്പാക്കുന്ന രസീതുമായി വോട്ടെണ്ണല്‍ ഫലം ഒത്തുനോക്കണമെന്നും കെജ്‍‍രിവാള്‍ ആവശ്യപ്പെട്ടു. ഗോവയിലെ തോല്‍വി സമ്മതിച്ച കെജ്‍രിവാള്‍ ദില്ലിയിലും ബിഹാറിലും വോട്ടെണ്ണല്‍ യന്ത്രത്തില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നും വ്യക്തമാക്കി. അടുത്ത മാസം 22ന് നടക്കുന്ന ദില്ലിയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രത്തിന് പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. വോട്ടിങ് യന്ത്രത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാനൊരുങ്ങുന്ന ബി.എസ്‌.പി, രാജ്യവ്യാപക പ്രതിഷേധത്തിനും തയ്യാറെടുക്കുകയാണ്.