ഹേഗ്: അഫ്ഗാനിസ്ഥാനില്‍ താലിബാനെതിരെ നടത്തിയ യുദ്ധത്തില്‍ യുകെയ്ക്കും അമേരിക്കയ്ക്കുമെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് ആവശ്യം. അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലാണ് ഈ ആവശ്യം ഉന്നയിക്കപ്പെട്ടത്. അഫ്ഗാനില്‍ നടന്ന യുദ്ധക്കുറ്റങ്ങളില്‍ അമേരിക്കന്‍ സേനകള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കോടതി പ്രോസിക്യൂട്ടര്‍ ഫാത്തൗ ബെന്‍സൗദയാണ് ആവശ്യപ്പെട്ടത്.
2002 മുതല്‍ ആരംഭിച്ച യുദ്ധത്തില്‍ നിരവധി യുദ്ധക്കുറ്റങ്ങളും മനുഷ്യത്തത്തിനെതിരായുള്ള കുറ്റങ്ങളും നടന്നിട്ടുണ്ടെന്ന് അവര്‍ പറയുന്നു. 2007 മുതല്‍ 2011 വരെയുള്ള കാലയളവില്‍ 10,000 സിവിലിയന്‍മാരാണ് കൊല്ലപ്പെട്ടത്. താലിബാന്‍ ആക്രമണങ്ങള്‍ സിവിലിയന്‍മാരുടെ മരണത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര സേന നടത്തിയ ആക്രമണങ്ങളിലും ഒട്ടേറെ സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
അമേരിക്കന്‍ സേനക്കൊപ്പം യുകെ സേനയും അഫ്ഗാന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. അഫ്ഗാന്‍ സൈന്യവും അമേരിക്കന്‍ സേനയും സിഐഎയും സഖ്യ സേനകളും അഫ്ഗാനില്‍ വ്യാപകമായി മനുഷ്യത്വ വിരുദ്ധമായ നടപടികളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള കുറ്റകൃത്യങ്ങളില്‍ ഇടപെടുന്നതിന് 1998ല്‍ സ്ഥാപിച്ചതാണ് ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോടതി.
ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയും മ്യൂച്വല്‍ ഫിനാന്‍സ് സ്ഥാപനവുമായ നേഷന്‍വൈഡിന്റ ഇടപാടുകളില്‍ തടസം നേരിട്ടു. ഇതോടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായത്. ഓണ്‍ലൈന്‍, കാര്‍ഡ് ഇടപാടുകള്‍ തടസപ്പെട്ടു. സാങ്കേതിക പ്രശ്‌നം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് നേഷന്‍വൈഡ് വിശദീകരിക്കുന്നത്. സൈബര്‍ ആക്രമണത്തിനുള്ള സാധ്യത കമ്പനി തള്ളിക്കളഞ്ഞു. പ്രശ്‌നം എന്താണെന്ന് കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ ഇടപാടുകളില്‍ ബുദ്ധിമുട്ടുകളില്ലെന്നും കമ്പനി വക്താവ് പറഞ്ഞു.
സ്റ്റോറുകളില്‍ പണം നല്‍കാന്‍ നിന്നവരും എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ എത്തിയവരുമാണ് ഏറ്റവും ബുദ്ധിമുട്ടിയത്. ഓണ്‍ലൈന്‍ ഇടപാടുകള്‍ക്കും തടസമുണ്ടായി. ഇതോടെ ക്ഷുഭിതരായ ഉപഭോക്താക്കള്‍ പ്രതികരണങ്ങളുമായി സോഷ്യല്‍ മീഡിയയിലും എത്തി. 9 മണിക്കൂര്‍ ജോലിക്ക് ശേഷം ഭക്ഷണം വാങ്ങാനെത്തിയപ്പോള്‍ ഈ പ്രശ്‌നം മൂലം പട്ടിണി കിടക്കേണ്ടി വന്നതായി ഉപഭോക്താക്കളിലൊരാള്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി.
തില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം ചില ഉപഭോക്താക്കള്‍ക്ക് കാര്‍ഡ് ഇടപാടുകളില്‍ തടസം നേരിട്ടേക്കാമെന്നും അങ്ങനെ സംഭവിച്ചാല്‍ ഒരിക്കല്‍ കൂടി ശ്രമിച്ചാല്‍ മതിയാകുമെന്നുമാണ് നേഷന്‍വൈഡ് അറിയിക്കുന്നത്. പ്രശ്‌നം വേഗം തന്നെ പരിഹരിച്ചെന്നും ഇപ്പോള്‍ ഇടപാടുകള്‍ക്ക് കുഴപ്പമൊന്നും ഇല്ലെന്നും കമ്പനി അറിയിച്ചു.
റിയാദ്: സൗദി അറേബ്യയില്‍ 11 രാജകുമാരന്‍മാര്‍ അറസ്റ്റില്‍. അഴിമതിയാരോപണത്തിലാണ് അബ്ദുള്ള രാജാവിന്റെ മകന്‍ അല്‍വാലിദ് ബിന്‍ തലാലും മന്ത്രിമാരുമടക്കം 11 പേര്‍ അറസ്റ്റിലായത്. കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ രൂപീകരിച്ച അഴിമതി വിരുദ്ധ സമിതിയാണ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്.
രാജകുടുംബത്തിലെ മുതിര്‍ന്ന അംഗത്തെ നാഷണല്‍ ഗാര്‍ഡിന്റെ ചുമതലയില്‍ നിന്ന് സല്‍മാന്‍ രാജാവ് നീക്കം ചെയ്തിരുന്നു. അതിന്റെ തുടര്‍ നടപടികളാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിവരം. നാഷണല്‍ ഗാര്‍ഡിന്റെ തലപ്പത്ത് നിന്ന് മിതേബ് ബിന്‍ അബ്ദുള്ള രാജകുമാരനെ മാറ്റി ഖാലിദ് ബിന്‍ അയ്യാബിനെയാണ് ചുമതലയേല്‍പ്പിച്ചിരിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് രാജകുമാരന്‍ കിരീടാവകാശത്തിലേക്ക് എത്തുന്നതിനു മുമ്പ് അടുത്ത ഭരണാധികാരിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നയാളാണ് മിതേബ്.
തടവിലാക്കപ്പെട്ടവര്‍ ആരാണെന്നോ അവര്‍ക്കെതിരെ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ എന്താണെന്നോ സൗദി വെളിപ്പെടുത്തിയിട്ടില്ല. 2009ലെ ജിദ്ദ പ്രളയം, 2012ലെ മെര്‍സ് വൈറസ് ബാധ എന്നിവയില്‍ പുതിയ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
സല്‍മാന്‍ രാജാവിന്റെ മകനായ മുഹമ്മദിന്റെ ആശയങ്ങളാണ് ഇപ്പോള്‍ സൗദിയുടെ നയരൂപീകരണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നത്. എണ്ണയ്ക്കു ശേഷം രാജ്യത്തിന്റെ ഭാവിയേക്കുറിച്ചുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും നേതൃത്വം നല്‍കുന്നത് ഇദ്ദേഹമാണ്.
ഇന്‍ഡോര്‍: ഇന്‍ഡോറിന് സമീപം ഉദയ്‌നഗറില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. മാര്‍ച്ച് 23ന് വത്തിക്കാന്‍ അംഗീകരിച്ച നടപടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു വനിതാ രക്തസാക്ഷി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെടുന്നത്. ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനും സമീപമുള്ള സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. രാവിലെ പത്ത് മണിയോടെയായിരുന്നു ചടങ്ങുകള്‍.
നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാനിലെ സംഘത്തില്‍ അംഗമായ കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യ കാര്‍മികത്വത്തിലുള്ള ദിവ്യബലിക്കിടെയാണ് പ്രഖ്യാപനം നടന്നത്. സിസ്റ്റര്‍ രാണി മരിയയെ വാഴ്ത്തപ്പെട്ടവളായി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന ലാറ്റിന്‍ ഭാഷയില്‍ കര്‍ദിനാള്‍ മാര്‍ അമാത്തോയും ഇംഗ്ലീഷില് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയും വായിച്ചു.
റാഞ്ചി ആര്‍ച്ച് ബിഷപ്പ് ഡോ.ടെലസ്‌ഫോര്‍ ടോപ്പോ ഇത് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്തു. പിന്നീട് വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയുമായി അള്‍ത്താരയിലേക്ക് പ്രദക്ഷിണം നടന്നു. എറണാകുളം അങ്കമാലി അതിരൂപതയിലെ അംഗമായിരുന്ന സിസ്റ്റര്‍ റാണി മരിയ 1995 ഫെബ്രുവരി 25നാണ് വാടകക്കൊലയാളിയാല്‍ കൊല്ലപ്പെടുന്നത്. സത്‌ന, ബിജ്‌നോര്‍, ഇന്‍ഡോര്‍ രൂപതളില്‍ അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്റര്‍ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ ടോറി എംപിയും കോമണ്‍സ് ട്രഷറി സെലക്ട് കമ്മിറ്റി അംഗവുമായ ചാര്‍ലി എല്‍ഫിക്കിനെ സസ്‌പെന്‍ഡ് ചെയ്തു. ഡോവര്‍ എംപിയായ എല്‍ഫിക്കിനെ സസ്‌പെന്‍ഡ് ചെയ്തതായി പാര്‍ട്ടി ചീഫ് വിപ്പ് ജൂലിയന്‍ സ്മിത്ത് ആണ് അറിയിച്ചത്. ഇയാള്‍ക്കെതിരായ ആരോപണങ്ങള്‍ പോലീസിന് കൈമാറിയതായും വിവരമുണ്ട്. 2010 മുതല്‍ കോമണ്‍സ് ട്രഷറി സെലക്ട് കമ്മിറ്റിയില്‍ അംഗമാണ് എല്‍ഫിക്ക്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച് എല്‍ഫിക്ക് രംഗത്തെത്തിയിട്ടുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ആരോപണങ്ങളെക്കുറിച്ച് തനിക്ക് അറിയില്ല. സസ്‌പെന്‍ഷനേക്കുറിച്ച് തന്നെ അറിയിക്കുന്നതിനു മുമ്പ് പാര്‍ട്ടി മാധ്യമങ്ങളെ അറിയിക്കുകയായിരുന്നുവെന്നും എല്‍ഫിക്ക് ട്വീറ്റ് ചെയ്തു.
ലേബര്‍ എംപി ക്ലൈവ് ലൂയിസിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ലേബര്‍ പാര്‍ട്ടി അന്വേഷണം ആരംഭിച്ചതായുള്ള വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ടോറി എംപിയുടെ സസ്‌പെന്‍ഷന്‍ വിവരം പുറത്തെത്തിയത്. ലേബര്‍ പാര്‍ട്ടി സമ്മേളനത്തില്‍ വെച്ച് പാര്‍ട്ടി അംഗമായ സ്ത്രീയെ കയറിപ്പിടിച്ചുവെന്നാണ് ലൂയിസിനെതിരെ ഉയര്‍ന്ന ആരോപണം. മറ്റൊരു ആരോപണത്തില്‍ കെവിന്‍ ഹോപ്കിന്‍സിനെതിരെയും അന്വേഷണം നടന്നു വരികയാണ്.
വെസ്റ്റ്മിന്‍സ്റ്റര്‍ ലൈംഗികാരോപണങ്ങളില്‍ കുരുങ്ങി ഒട്ടേറെ നേതാക്കള്‍ പുറത്തേക്കു പോകുമെന്നാണ് കരുതുന്നത്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെയാണ് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്. ആരോപണങ്ങളില്‍പ്പെട്ട ഡിഫന്‍സ് സെക്രട്ടറി സര്‍ മൈക്കിള്‍ ഫാലന്‍ സ്ഥാനം രാജിവെച്ചിരുന്നു.
ബെര്‍ക്ക്ഷയര്‍: 36 കാരിയായ സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച അക്രമിയെ നായ ആക്രമിച്ചു. ബെര്‍ക്ക്ഷയറിലെ വിന്നേര്‍ഷിലാണ് സംഭവമുണ്ടായത്. പാര്‍ക്കിലൂടെ തന്റെ നായയുമായി നടക്കാനിറങ്ങിയ സ്ത്രീയെയാണ് അക്രമി പിന്നില്‍ നിന്ന് കയറിപ്പിടിച്ചത്. നിലത്തേക്ക് വലിച്ചിട്ട സ്ത്രീയെ ഇയാള്‍ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് തെംസ് വാലി പോലീസ് പറഞ്ഞു. ഇതോടെ സ്ത്രീയുടെ വളര്‍ത്തുനായ അക്രമിക്കെതിരെ തിരിയുകയും അയാളെ അവിടെനിന്ന് തുരത്തുകയുമായിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ആക്രമണം ഉണ്ടായത്. അപ്രതീക്ഷിതമായ ആക്രമണത്തില്‍ മാനസികമായി തകര്‍ന്ന സ്ത്രീയെ വിദഗ്ദ്ധരായ ഉദ്യോഗസ്ഥര്‍ കൗണ്‍സലിംഗിന് വിധേയയാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. സംഭവത്തിനു ശേഷം ശക്തമായ പോലീസ് സാന്നിധ്യം പാര്‍ക്കിലുണ്ടായിരുന്നു. ആക്രമണത്തിന് ദൃക്‌സാക്ഷികളായി ആരെങ്കിലുമുണ്ടെങ്കില്‍ വിവരങ്ങള്‍ കൈമാറണമെന്നും പോലീസ് അറിയിച്ചു.
മുപ്പതുകളിലുള്ള 5 അടി 7 ഇഞ്ച് ഉയരമുള്ളയാളാണ് ആക്രമണം നടത്തയതെന്ന് പോലീസ് അിയിച്ചു. ഇരുണ്ട നിറവും ക്ലീന്‍ ഷേവ് ചെയ്ത മുഖവുമാണ് ഇയാള്‍ക്കുണ്ടായിരുന്നത്. സൂചനകളുടെ അടിസ്ഥാനത്തില്‍ പരിസരങ്ങളില്‍ അന്വേഷണം നടത്തിയെങ്കിലും പ്രതിയെ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
ലണ്ടന്‍: എന്‍എച്ച്എസിന്റെ ഘടന പുനര്‍നിര്‍വചിക്കാനുള്ള ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. അമേരിക്കന്‍ ശൈലിയില്‍ പബ്ലിക്, പ്രൈവറ്റ് പങ്കാളിത്തത്തിലേക്ക് എന്‍എച്ച്എസിനെ മാറ്റാനാണ് ശ്രമം. ഇത് അമേരിക്കന്‍ ശൈലിയിലുള്ള സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് അടിസ്ഥാനമാക്കിയുള്ള രീതിയാണെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. എന്നാല്‍ ഈ രീതി നടപ്പാക്കാനുളള തീരുമാനം കോടതി കയറുമെന്നാണ് പുതിയ വാര്‍ത്ത. മുതിര്‍ന്ന ആരോഗ്യ വിദഗ്ദ്ധരും ക്യാംപെയിനര്‍മാരും ഹണ്ടിനും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹെല്‍ത്തിനുമെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
എന്‍എച്ച്എസ് സംവിധാനത്തില്‍ വരുത്താനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ക്ക് ജുഡീഷ്യല്‍ വിലയിരുത്തല്‍ വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. നിര്‍ദേശങ്ങള്‍ പാര്‍ലമെന്റിന്റെ പരിശോധനക്ക് വിധേയമാക്കണം. പുതിയ നിര്‍ദേശമനുസരിച്ച് ഹെല്‍ത്ത് കെയര്‍, സോഷ്യല്‍ കെയര്‍ എന്നിവയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകും. അതിനൊപ്പം മറ്റ് ഫണ്ടിംഗ് സംവിധാനങ്ങള്‍ക്ക് അവസരം നല്‍കുകയും ചെയ്യും. അക്കൗണ്ടബിള്‍ കെയര്‍ ഓര്‍ഗനൈസേഷന്‍സ് എന്ന പേരില്‍ പുതിയ മേല്‍നോട്ട സംവിധാനത്തിന് രൂപം നല്‍കുകകയും ചെയ്യും.
എന്‍എച്ച്എസ് ഇതര, കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ക്ക് ഹെല്‍ത്ത്, സോഷ്യല്‍ കെയര്‍ സേവനങ്ങള്‍ നടത്താന്‍ എസിഒ അനുമതി നല്‍കും. ഇത്തരക്കാര്‍ക്ക് എന്‍എച്ച്എസ് സബ് കോണ്‍ട്രാക്റ്റായി നല്‍കാനുള്ള അധികാരവും എസിഓക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. എന്‍എച്ച്എസിന്റെ നിയന്ത്രണം പൂര്‍ണ്ണമായി ഇതിലേക്ക് എത്തുകയും പൊതു ധനം വിനിയോഗിക്കുന്നതില്‍ പോലും കൈകടത്തലുകള്‍ ഉണ്ടാകുമെന്നുമാണ് ആശങ്ക ഉയര്‍ന്നിരിക്കുന്നത്.
വിവാഹിതരായവര്‍ക്കും പുരോഹിതരാകാനുള്ള സാധ്യതയേക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ സൂചന നല്‍കിയതായി റിപ്പോര്‍ട്ട്. ബ്രസീലിലെ വിവാഹിതരായ പുരുഷന്‍മാര്‍ക്ക് ഈ വിധത്തില്‍ അനുമതി നല്‍കണമെന്ന് പോപ്പ് അഭ്യര്‍ത്ഥിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കത്തോലിക്കാ സഭയിലെ കടുത്ത യാഥാസ്ഥിതികത്വം പുലര്‍ത്തുന്നവരില്‍ നിന്ന് എതിര്‍പ്പുണ്ടാകാന്‍ സാധ്യതയുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ആമസോണിലും വിദൂര പ്രദേശങ്ങളിലുമുള്ള വിശ്വാസ സമൂഹങ്ങള്‍ക്ക് പുരോഹിതന്‍മാരെ ലഭിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഈ രീതി പരിഗണിക്കണമെന്ന് ആമസോണ്‍ എപ്പിസ്‌കോപ്പല്‍ കമ്മീഷന്‍ പ്രസിഡന്റ് കാര്‍ഡിനല്‍ ക്ലോഡിയോ ഹംസ് പോപ്പിനോട് അഭ്യര്‍ത്ഥിച്ചതായാണ് വിവരം.
കഴിഞ്ഞ മാര്‍ച്ചില്‍ ഒരു ജര്‍മന്‍ വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ വിരി പ്രൊബാറ്റി എന്ന് അറിയപ്പെടുന്ന വിശ്വാസം തെളിയിച്ച പുരുഷന്‍മാര്‍ക്ക് പൗരോഹിത്യത്തിന്റെ ചില ഉത്തരവാദിത്തങ്ങള്‍ നല്‍കുന്നതിന്റെ സാധ്യതയെക്കുറിച്ച് പോപ്പ് പറഞ്ഞിരുന്നു. വിദൂര പ്രദേശങ്ങളിലുള്ള കമ്യൂണിറ്റികളില്‍ വിവാഹിതരായവര്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഉത്തരവാദിത്തങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാ പുരോഹിതരിലെ ബ്രഹ്മചര്യം അച്ചടക്കമാണെന്ന് പറഞ്ഞ അദ്ദേഹം അതൊരു നിര്‍ബന്ധിത നിയമല്ലെന്നും പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.
ഇപ്പോള്‍ത്തന്നെ സഭ ഇക്കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കുന്നുണ്ട്. കിഴക്കന്‍ സഭകളിലും ആംഗ്ലിക്കന്‍ സഭയില്‍ നിന്ന് കത്തോലിക്കാ വിശ്വാസത്തിലേക്ക് എത്തുന്നവര്‍ക്കും ഇളവുകളുണ്ട്. പൈലറ്റ് പദ്ധതിയായി അവതരിപ്പിച്ച ഈ ഇളവ് വിജയകരമായാല്‍ ആഫ്രിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അനുവദിക്കാനും പദ്ധതിയുണ്ടെന്നാണ് വിവരം. വിവാഹമോചിതര്‍ക്ക് വീണ്ടും വിവാഹം കഴിക്കാനുള്ള അനുമതി നല്‍കാനുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം സഭയ്ക്കുള്ളിലെ യാഥാസ്ഥിതികരുടെ വിമര്‍ശനത്തിനിരയായിരിക്കെയാണ് പുതിയ നിര്‍ദേശം വന്നിരിക്കുന്നത്.
ലണ്ടന്‍: ഒരു കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോള്‍ മറ്റൊരു ഗര്‍ഭധാരണത്തിനു കൂടി സാധ്യതയുണ്ടോ? പലര്‍ക്കും സ്വാഭാവികമായി തോന്നാവുന്ന സംശയമാണ്. സാധ്യതയില്ലെന്ന് ചിലര്‍ക്ക് തോന്നുകയും ചെയ്യും. എന്നാല്‍ ശാസ്ത്രത്തിന് പറയാനുള്ളത് ഇതിന് വിരുദ്ധമായ മറുപടിയാണ്. ഗര്‍ഭിണിയാണെങ്കിലും മറ്റൊരു ഗര്‍ഭത്തിനു കൂടി സാധ്യതയുണ്ടെന്നാണ് വെളിപ്പെടുത്തല്‍. എന്നാല്‍ ഇത് സാധാരണമല്ലെന്നും വളരെ വിരളമായി മാത്രം സംഭവിക്കുന്ന കാര്യമാണെന്നും വിശദീകരണമുണ്ട്.
കാലിഫോര്‍ണിയ സ്വദേശിനിയായ സറോഗേറ്റ് അമ്മ, ജെസീക്ക അലന് പിറന്ന ഇരട്ടക്കുട്ടികളില്‍ ഒരാള്‍ ജസീക്കയുടെ ഭര്‍ത്താവില്‍ നിന്നുള്ളതായിരുന്നുവെന്ന് പരിശോധനകളില്‍ തെളിഞ്ഞിരുന്നു. ഇന്‍വിട്രോ രീതിയില്‍ താന്‍ ഗര്‍ഭിണിയായതിനു ശേഷം ഭര്‍ത്താവുമായി ഗര്‍ഭനിരോധന ഉറയില്ലാതെ ബന്ധപ്പെട്ടിരുന്നുവെന്നും അതില്‍ നിന്നുള്ള കുട്ടിയാണ് തനിക്ക് പിറന്ന ഇരട്ടക്കുട്ടികളില്‍ ഒരാളെന്നുമാണ് ജസീക്ക പറയുന്നത്.
സൂപ്പര്‍ഫീറ്റേഷന്‍ എന്നാണ് ഈ അവസ്ഥയ്ക്ക് ശാസ്ത്രീയമായി പറയുന്നത്. ഗര്‍ഭിണിയായിരിക്കെ ഗര്‍ഭപാത്രത്തില്‍ അണ്ഡോല്‍പാദനം നടക്കുന്ന അവസ്ഥയിലാണ് ഇങ്ങനെ സംഭവിക്കുന്നത്. വളരെ വിരളമായി മാത്രമുണ്ടാകുന്ന അവസ്ഥയാണ് ഇതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഗര്‍ഭിണിയാകുമ്പോള്‍ ഓവുലേഷന്‍ നിലയ്ക്കാറാണ് പതിവെങ്കിലും ഈ വിചിത്രമായ അവസ്ഥയില്‍ ഇരട്ട ഗര്‍ഭത്തിന് സാധ്യയതയുണ്ടെന്നാണ് വിശദീകരിക്കപ്പെടുന്നത്.
ലണ്ടന്‍: ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് ഉയര്‍ത്തി. നിലവിലുണ്ടായിരുന്ന 0.25 ശതമാനത്തില്‍ നിന്ന് 0.50 ശതമാനമായാണ് നിരക്കുകള്‍ ഉയര്‍ത്തിയത്. യുകെയില മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രതികൂലമാകുന്ന തീരുമാനമാണ് സെന്‍ട്രല്‍ ബാങ്ക് എടുത്തിരിക്കുന്നത്. ബാങ്കുകള്‍ പലിശ നിരക്ക് ഇതിന് ആനുപാതികമായി ഉയര്‍ത്തുന്നതോടെ നിക്ഷേപങ്ങളുടെയും വായ്പകളുടെയും നിരക്കില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകും. വേരിയബിള്‍ പലിശനിരക്കില്‍ മോര്‍ഗേജ് എടുത്തിട്ടുള്ളവര്‍ക്കും വീടുകള്‍ വാങ്ങാനുദ്ദേശിക്കുന്നവരെയും നിരക്ക് വര്‍ദ്ധന പ്രതികൂലമായി ബാധിക്കും.
മോര്‍ഗേജ് നിരക്കിലെ വര്‍ദ്ധനവ് വാടക നിരക്ക് ഉയരാന്‍ കാരണമാകും. ഇത് പ്രവാസികളെയായിരിക്കും ഏറ്റവും ബാധിക്കുക. പലിശ നിരക്ക് ഉയര്‍ത്തിയതിനു പിന്നാലെ ബില്‍ഡിംഗ് സൊസൈറ്റികളും ബാങ്കുകളും പലിശ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഹോം ലോണുകള്‍ക്കും ക്രെഡിറ്റ് കാര്‍ഡുകള്‍ക്കും പലിശ ഉയരുന്നത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കും. നിക്ഷേപങ്ങള്‍ക്ക് പലിശ കൂടുതല്‍ ലഭിക്കുമെന്നതാണ് ഈ പ്രഖ്യാപനം കൊണ്ടുള്ള നേട്ടം. ബ്രെക്‌സിറ്റ് പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിനും പണപ്പെരുപ്പം കുറക്കാനുമാണ് തീരുമാനമെന്ന് ബാങ്ക് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി പറഞ്ഞു.
മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇനിയും നിരക്ക് കൂട്ടേണ്ടി വരുമെന്ന സൂചനയും ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കിയിട്ടുണ്ട്. യുകെ അടുത്ത രണ്ട് വര്‍ഷത്തേക്ക് ലക്ഷ്യമിടുന്ന 1.7 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിക്കണമെങ്കില്‍ നിരക്ക് വര്‍ദ്ധന അത്യാവശ്യമാണെന്ന വിശദീകരണമാണ് കാര്‍ണി നല്‍കിയത്.