പിതാവിന്റെ അവിഹിത ബന്ധത്തിന് തടസ്സമായ മൂന്നു മക്കളെ കൊലപ്പെടുത്തി ബന്ധുവിന്റെ ‘സഹായം’. ചണ്ഡിഗഢിലെ പഞ്ച്കുലയിലാണ് സംഭവം. സമര്‍ (മൂന്ന്), സമീര്‍(11), സിമ്രാന്‍(എട്ട്) എന്നീ പിഞ്ചുകുഞ്ഞുങ്ങളെയാണ് ബന്ധു വെടിവച്ചുകൊന്ന ശേഷം വനത്തില്‍ തള്ളിയത്. പഞ്ച്കുലയിലെ മോര്‍ണി വനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

ഞായറാഴ്ചയാണ് മനസാക്ഷിയെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്. ചൊവ്വാഴ്ചയാണ് മൃതദേഹങ്ങള്‍ പോലീസ് കണ്ടെടുത്തത്. കുരുക്ഷേത്ര ജില്ലയിലെ പെഹോവയിലെ സര്‍സയിലുള്ള ഒരു കുടുംബത്തിലെ സഹോദരങ്ങളെയാണ് കൊലപ്പെടുത്തിയത്.
കുട്ടികളുടെ പിതാവായ സോനു മാലികിനുള്ള അവിഹിത ബന്ധം സംരക്ഷിക്കുന്നതിനാണ് ഈ കൂട്ടക്കൊലയെന്ന് പറയുന്നു. സോനുവിനെയും ബന്ധുക്കളായ ജഗ്ദീപ് മാലികി (26)നെയും മറ്റെരാളെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. കൈതാലില്‍ ഫോട്ടോ സ്റ്റുഡിയോ നടത്തുകയാണ് സോനു.

ജഗദീഷ് കുറ്റസമ്മതം നടത്തിയെന്നും കൃത്യത്തില്‍ സോനുവിനുള്ള പങ്ക് വ്യക്തമാക്കിയെന്നും കുരുക്ഷേത്ര എസ്.പി അറിയിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം വ്യക്തമാക്കിയില്ല. മകന് ഒരു വിവാഹേതര ബന്ധമുണ്ടെന്നും അതിന്റെ പേരിലാകാം കൊലപാതകമെന്ന് സോനുവിന്റെ പിതാവ് ജീത മാലിക് പറയുന്നു. അതേസമയം, കുട്ടികളുടെ അമ്മയും മുത്തശ്ശിയും ഇതുവരെ കൂട്ടക്കൊലയെ കുറിച്ച് അറിഞ്ഞിട്ടില്ല. കുട്ടികളെ കാണാതായി എന്നു മാത്രമാണ് ഇവര്‍ക്കറിയാവുന്നത്. കുട്ടികളെ ഉച്ചഭക്ഷണത്തിന് കാണാതായതോടെയാണ് അമ്മ നാട്ടുകാരെ വിവരം അറിയിച്ചത്.

കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

ഞായറാഴ്ച 10.30 ഓടെ കളിക്കാന്‍ പോയ കുട്ടികളെ ജഗ്ദീഷ് ഗീത ജയന്തി ഉത്സവത്തിന് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി. ഇവരെ മോര്‍ണിയില്‍ എത്തിച്ചു. ഒറ്റപ്പെട്ട സ്ഥലത്ത് കാര്‍ നിര്‍ത്തി ഉച്ചത്തില്‍ പാട്ട് വച്ചശേഷം മൂത്തയാള്‍ സമീറിനെ വിളിച്ച് ഭക്ഷണം വാങ്ങാമെന്ന് പറഞ്ഞ് പുറത്തേക്ക് കൊണ്ടുപോയി 50 മീറ്റര്‍ അകലെവച്ച് വെടിവച്ചുകൊന്നു. പാട്ടിന്റെ ശബ്ദം മൂലം കുട്ടികള്‍ ഈ വെടിയൊച്ച കേട്ടില്ല. പിന്നീട് മറ്റുകുട്ടികളെയും ഇതുപോലെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. നാടന്‍ തോക്ക് ഉപയോഗിച്ചായിരുന്നു കൊല. ഈ തോക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു