Main News

ലണ്ടന്‍: രാജ്യത്തെ എക്കാലത്തെയും ഏറ്റവും വെറുക്കപ്പെട്ട മുന്‍ നിര രാഷ്ട്രീയ നേതാവ് ജെറെമി ഹണ്ടെന്ന് വെളിപ്പെടുത്തല്‍. ജോര്‍ജ് ഓസ്‌ബോണിനെയും ജെറമി കോര്‍ബിനെയും ഡേവിഡ് കാമറൂണിനെയും അപേക്ഷിച്ച് ജനപ്രീതി ഏറെ കുറഞ്ഞ നേതാവാണ് ഹണ്ടെന്നും യുഗോവ് സര്‍വേ കണ്ടെത്തി. സര്‍വേയില്‍ 48 പോയിന്റാണ് ഹണ്ട് നേടിയിട്ടുളളത്. ലേബര്‍ പാര്‍ട്ടി നേതാവ് ജെറെമി കോര്‍ബിനെക്കാള്‍ ആറ് പോയിന്റെ താഴെയാണ് ഹണ്ടിന്റെ സ്ഥാനം.
പതിനേഴ് ശതമാനം പേര്‍ക്ക് ഹണ്ടിനെക്കുറിച്ച് നല്ല അഭിപ്രായമാണ്. എന്നാല്‍ ആരോഗ്യവകുപ്പ് സെക്രട്ടറി എന്ന നിലയില്‍ മോശം പ്രകടനമാണ് ഹണ്ടിന്റേതെന്ന് 65 ശതമാനവും അഭിപ്രായപ്പെടുന്നു. ജൂനിയര്‍ ഡോക്ടര്‍മാരും ഹണ്ടും തമ്മിലുളള തര്‍ക്കം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുന്ന സമയത്താണ് ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഹണ്ട് കൊണ്ടുവന്ന പുതിയ കരാര്‍വ്യവസ്ഥകളാണ് ഇരുപക്ഷവും തമ്മിലുളള തര്‍ക്കം മൂര്‍ച്ഛിപ്പിച്ചത്. ജൂനിയര്‍ ഡോക്ടര്‍മാരെ ഒഴിവാക്കാന്‍ അവര്‍ ടിക്കറ്റെടുത്ത ഫണ്ട് റെയ്‌സിംഗ് പരിപാടി കഴിഞ്ഞ ദിവസം ഹണ്ടിന്റെ ആവശ്യത്തേത്തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിരുന്നു.

ജൂനിയര്‍ ഡോക്ടര്‍മാരുടെ അംഗീകാരം ഇല്ലെങ്കിലും കരാര്‍ നടപ്പാക്കുമെന്ന് കഴിഞ്ഞാഴ്ച ഹണ്ട് വ്യക്തമാക്കിക്കഴിഞ്ഞു. പുതിയ കരാര്‍ പ്രകാരം വാരാന്ത്യങ്ങളില്‍ രോഗികള്‍ക്ക് മികച്ച പരിചരണം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഇത് രോഗികള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് ഡോക്ടര്‍മാരുടെ പക്ഷം.

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് കന്‍ഹയ്യ കുമാറിനെതിരേയുള്ള കേസ് എന്‍ഐഎ അന്വേഷിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഡല്‍ഹി പോലീസ് അന്വേഷിക്കുന്ന സാഹചര്യത്തില്‍ എന്‍ഐഎക്കു കൈമാറേണ്ട സാഹചര്യമില്ലെന്നു കാട്ടിയാണ് ഹര്‍ജി കോടതി തള്ളിയത്. വിഷയത്തില്‍ എന്‍ഐഎയുടേയും കേന്ദ്ര സര്‍ക്കാരിന്റേയും അഭിപ്രായങ്ങള്‍ കോടതി ആരാഞ്ഞില്ല.
കന്‍ഹയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബിജെപി എംഎല്‍എ ഒ.പി. ശര്‍മ്മയുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും പൊലീസും വിദ്യാര്‍ത്ഥികളെയും മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷകരെയും മര്‍ദിച്ചതിന്റെ പശ്ചാത്തലത്തില്‍ പ്രക്ഷോഭത്തിന് ശക്തിയേറിയിട്ടുണ്ട്. ഇടതുപക്ഷ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവിനെയാണ് ഒ.പി. ശര്‍മ്മ മര്‍ദ്ദിച്ചത്.

രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചാല്‍ ഇനിയും താന്‍ മര്‍ദ്ദിക്കുമെന്നും ശര്‍മ ഭീഷണി മുഴക്കി. കോടതിക്കുള്ളിലും പരിസരത്തും നടന്ന മര്‍ദ്ദനത്തില്‍ അന്വേഷണം വേണമെന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും എഐഎസ്എഫ് നേതാവുമായ കന്നയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിന് തൊട്ടുമുമ്പ് ഡല്‍ഹി പാട്യാല ഹൗസ് കോടതിയില്‍ സംഘര്‍ഷം. സംഘര്‍ഷത്തിനിടെ സിപിഐ നേതാവും മുന്‍ മന്ത്രിയുമായ ബിനോയ് വിശ്വത്തിന് മര്‍ദ്ദനമേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. പട്യാല കോടതിയിലേക്കു കടന്നുകയറിയ ബിജെപി അനുകൂല അഭിഭാഷകര്‍ അധ്യാപകരെയും വിദ്യാര്‍ത്ഥികളേയും കയ്യേറ്റം ചെയ്യുകയായിരുന്നു. പോലീസ് നോക്കി നില്‍ക്കെ അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും കോടതിയില്‍ നിന്നും വലിച്ചിറക്കി അഭിഭാഷകര്‍ മര്‍ദിക്കുയായിരുന്നു.
കന്നയ്യയെ കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞ് ജെഎന്‍യുവിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കോടതിയില്‍ എത്തിയിരുന്നു. എന്നാല്‍, ഇവരെ കോടതി പരിസരത്ത് പ്രവേശിക്കാന്‍ അഭിഭാഷകര്‍ അനുവദിച്ചില്ല. അധ്യാപകരും അഭിഭാഷകരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ അമ്പതോളം പേരടങ്ങിയ സംഘം അധ്യപകരേയും മാധ്യമ പ്രവര്‍ത്തകരേയും മര്‍ദ്ദിക്കുകയായിരുന്നു. സംഘര്‍ഷം നടക്കുമ്പോള്‍ പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നെന്ന് ആരോപണമുണ്ട്.

Local residents of Munirka area protest outside the gates of the JNU, against a function that was allegedly anti national in nature praising Afzal Guru on campus, in the capital New Delhi on friday. Delhi Police security was provided at the entrance to the JNU during the protest. Express Photo by Tashi Tobgyal New Delhi 120216

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ സംഘര്‍ഷം. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ കനയ്യ കുമാറിനെ ഹാജരാക്കിയപ്പോള്‍ ബിജെപി അനുകൂല അഭിഭാഷകരാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. കോടതിയിലെത്തിയ അധ്യാപകരെയും മാധ്യമപ്രവര്‍ത്തകരെയും അഭിഭാഷക സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനിടെ കോടതി പരിസരത്ത് വിദ്യാര്‍ത്ഥികളും അഭിഭാഷകരും തമ്മില്‍ ഏറ്റുമുട്ടി. അക്രമ സംഭവങ്ങളെ തുടര്‍ന്നു കോടതി നടപടികള്‍ തടസപ്പെട്ടു. ഇതേതുടര്‍ന്നു ജില്ലാ ജഡ്ജി മുതിര്‍ന്ന ജഡ്ജിമാരുടെ യോഗം വിളിച്ചു.

ലോംഗ് ലീവ് ഇന്ത്യ’, ‘ജെഎന്‍യു അടച്ചു പൂട്ടുക’ എന്നീ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു അഭിഭാഷകര്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചത്. മാധ്യമപ്രവര്‍ത്തക സംഘത്തിനു നേരെയും ആക്രമണമുണ്ടായി. വനിതാ മാധ്യമ പ്രവര്‍ത്തകരെയടക്കം തടഞ്ഞുവെച്ച് ശേഷം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ആവശ്യപ്പെടുകയും ദൃശ്യങ്ങള്‍ പകര്‍ത്തിയത് ചോദ്യം ചെയ്യുകയും ചെയ്തു. കോടതി പരിസരത്ത് സംഘര്‍ഷാന്തരീക്ഷം നിലനില്‍ക്കുകയാണ്. പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ അനുസ്മരണച്ചടങ്ങു സംഘടിപ്പിച്ചതിനു വെള്ളിയാഴ്ചയാണ് കനയ്യ കുമാറിനെ കസ്റ്റഡിയിലെടുത്തത്. രാജ്യദ്യോഹക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ കനയ്യയെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കസ്റ്റഡി കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് കനയ്യകുമാറിനെ കോടതിയില്‍ ഹാജരാക്കിയത്.

ഹീത്രോവില്‍ നിന്ന്‍ ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട വിര്‍ജിന്‍ അറ്റ്ലാന്റിക് വിമാനം ആണ് കോക്ക്പിറ്റില്‍ ലേസര്‍ രശ്മി കണ്ടതിനെ തുടര്‍ന്ന്‍ തിരിച്ചിറക്കിയത്. ലേസര്‍ രശ്മി അടിച്ചതിനെ തുടര്‍ന്ന്‍ പൈലറ്റ്‌മാരില്‍ ഒരാള്‍ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ ആണ് വിമാനം തിരികെ ഇറക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹീത്രോവില്‍ നിന്നും ഏഴോളം മൈല്‍ ദൂരം എത്തിയപ്പോള്‍ ആയിരുന്നു സംഭവം ഉണ്ടായത്.
ലേസര്‍ രശ്മി അടിച്ചതിനെ തുടര്‍ന്ന്‍ പൈലറ്റ്‌മാരില്‍ ഒരാള്‍ക്ക് കാഴ്ച തകരാര്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ്‌ വിമാനം തിരിച്ച് പറത്താന്‍ തീരുമാനിച്ചത്. രണ്ടാമത്തെ പൈലറ്റിന് കുഴപ്പം ഒന്നും ഉണ്ടായില്ല. തങ്ങളുടെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷയാണ് പരമ പ്രധാനം എന്നാണ് ഇത് സംബന്ധിച്ച് വിര്‍ജിന്‍ അറ്റ്‌ലാന്റിക് കമ്പനി വക്താവ് പ്രതികരിച്ചത്. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ഉണ്ടായ അസൌകര്യത്തില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചു.

സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വിമാനത്തിലേക്ക് ലേസര്‍ രശ്മി അടിച്ചയാള്‍ക്ക്  വേണ്ടിയാണ് പോലീസ് അന്വേഷിക്കുന്നത്.

കൊച്ചി: മന്ത്രി ഷിബു ബേബി ജോണിനും സരിത എസ്. നായര്‍ക്കും സോളാര്‍ കമ്മീഷന്റെ വിമര്‍ശനം. കമ്മീഷനെതിരായി നടത്തിയ പരാമര്‍ശങ്ങളിലാണ് മന്ത്രിക്കെതിരേ കമ്മീഷന്‍ വിമര്‍ശനമുന്നയിച്ചത്. പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഷിബു ബേബി ജോണ്‍ സത്യവാങമൂലം സമര്‍പ്പിച്ചിരുന്നു. ബോധപൂര്‍വം അവഹളിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. എന്നാല്‍ മന്ത്രി സ്ഥാനത്തിരുന്ന് ഇത്തരം മോശം പരാമര്‍ശങ്ങള്‍ പാടില്ലെന്നും, സമൂഹത്തിന് ഇത് മോശം സന്ദേശം നല്‍കുമെന്നും കമ്മീഷന്‍ മറുപടി നല്‍കി. സത്യവാങ്മൂലത്തില്‍ പൂര്‍ണ സംതൃപ്തിയില്ലെന്നും എങ്കിലും ഖേദപ്രകടനം അംഗീകരിക്കുന്നതായും കമ്മീഷന്‍ പറഞ്ഞു
കമ്മീഷനു മുന്നില്‍ ഹാജരാകാതിരുന്നതിനാണ് സരിതയെ കമ്മീഷന്‍ വിമര്‍ശിച്ചത്. ഹാജരാകാതെ കോയമ്പത്തൂരില്‍ പോകണം എന്നു പറഞ്ഞാല്‍ നടക്കില്ലെന്നും, ഇതിനു പിന്നില്‍ വേറെ എന്തെങ്കിലും ഉണ്ടോയെന്ന് സംശയമുണ്ടെന്നും കമ്മീഷന്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യകാരണങ്ങള്‍ മൂലമാണ് സരിത ഹാജരാകാതിരുന്നത് എന്ന് സരിതയുടെ അഭിഭാഷകന്‍ അറിയിച്ചു.18-ാം തിയതി സരിത ഹാജരാകണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. സരിതയ്ക്ക് എതിരായ കമ്മീഷന്റെ വിമര്‍ശനത്തെ സര്‍ക്കാര്‍ അഭിഭാഷകന്‍ പിന്തുണച്ചു.

അതേ സമയം ഷിബു ബേബിജോണിനെതിരായ സോളാര്‍ കമ്മീഷന്റെ പരാമര്‍ശിനെതിരേ യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ രംഗത്തെത്തി. ജഡ്ജിമാര്‍ക്ക് പരിധിവിടാം, ജനപ്രതിനിധികള്‍ക്ക് പാടില്ലേ എന്ന് തങ്കച്ചന്‍ ചോദിച്ചു. ജഡ്ജിമാര്‍ മുന്‍വിധിയോടെ പെരുമാറുന്നുവെന്നും തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കമ്മീഷന്‍ പലപ്പോഴും പരിധികള്‍ ലംഘിക്കുകയാണെന്നും തങ്കച്ചന്‍ ആരോപിച്ചു.

ന്യൂഡല്‍ഹി: ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന പ്രായപൂര്‍ത്തിയായ ലൈംഗികത്തൊഴിലാളികളുടെ കാര്യത്തില്‍ പൊലീസ് ഇടപെടരുതെന്ന് സുപ്രീം കോടതി. ഇത്തരക്കാരെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. ലെംഗികത്തൊഴിലാളികളുടെ തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയുളള സുപ്രീം കോടതി സമിതിയാണ് ഈ ശുപാര്‍ശകള്‍ മുന്നോട്ട് വച്ചിരിക്കുന്നത്. 2011ല്‍ രൂപീകരിച്ച സമിതി അടുത്ത മാസം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാജ്യത്ത് ലൈംഗികത്തൊഴിലിന് നിയമാനുമതി ഉണ്ടെങ്കിലും പലപ്പോഴും പല നിയമക്കുരുക്കുകളിലും ലൈംഗികത്തൊഴിലാളികള്‍ അകപ്പെടുന്നു.
പലപ്പോഴും തെരുവുകളിലും വേശ്യാലയങ്ങളിലും നടക്കുന്ന ലൈംഗിക ബന്ധങ്ങളില്‍ പൊലീസ് കേസെടുക്കാറുണ്ട്. വേശ്യാലയങ്ങളില്‍ റെയ്ഡ് നടത്തി ലൈംഗികത്തൊഴിലാളികളെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നും സമിതി നിര്‍ദേശിക്കുന്നു. ലൈംഗികത്തൊഴില്‍ കുറ്റകരമല്ല. എന്നാല്‍ വേശ്യാലയം നടത്തിപ്പ് നിയമവിധേയമല്ലെന്നും സമിതി നിരീക്ഷിച്ചു. ലൈംഗികത്തൊഴിലാളികെ അറസ്റ്റ് ചെയ്യാനോ പിഴയീടാക്കാനോ അധിക്ഷേപിക്കാനോ പാടില്ല. 1956 ഇമ്മോറല്‍ ട്രാഫിക് പ്രിവന്‍ഷന്‍ ആക്ടിന്റെ എട്ടാം വകുപ്പ് അന്വേഷണ ഏജന്‍സികള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി സമിതി കണ്ടെത്തിയിട്ടുണ്ട്.

മുതിര്‍ന്ന അഭിഭാഷകന്‍ പ്രദീപ് ഘോഷ് അധ്യക്ഷനായ സമിതിയാണ് ഇക്കാര്യങ്ങളെക്കുറിച്ച് സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുളളത്. ലൈംഗികത്തൊഴിലാളികള്‍ക്കായി പുനരധിവാസ കേന്ദ്രങ്ങള്‍ സൃഷ്ടിച്ചാല്‍ അവര്‍ക്ക് മാന്യമായി ജീവിക്കാനാകുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 12 ലക്ഷം ലൈംഗികത്തൊഴിലാളികളില്‍ ഏറെയും ദാരിദ്ര്യം മൂലം ഈ തൊഴില്‍ തെരഞ്ഞെടുത്തവരാണ്. മുന്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് പുനരധിവാസവും മറ്റ് തൊഴിലും നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായാല്‍ ഇവരെ ഇതില്‍ നിന്ന് മോചിപ്പിക്കാനാകുമെന്നും സമിതി പറയുന്നു.

ലൈംഗികത്തൊഴിലാളികള്‍ക്ക് മറ്റുളള സ്ത്രീകളേപ്പോലെ തന്നെ അവകാശങ്ങളുണ്ട്. ഇവരുടെ നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തെക്കുറിച്ചും പരാതി ലഭിച്ചാല്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണ്. പതിനെട്ട് വയസിന് മുകളിലുളള ലൈംഗികത്തൊഴിലാളികളെ പത്ത് വര്‍ഷം വരെ തടവിന് ശിക്ഷിക്കാനുളള നിയമം ഭേദഗതി ചെയ്യേണ്ടതുണ്ടെന്നും സമിതി ശുപാര്‍ശ ചെയ്തു.

ലൈംഗികത്തൊഴിലിലേക്ക് ഒരു സ്ത്രീയെ നയിച്ചത് അവരുടെ രക്ഷിതാക്കളോ മക്കളോ പങ്കാളിയോ അല്ലാത്ത സാഹചര്യത്തില്‍ അവരെ ശിക്ഷിക്കേണ്ട ആവശ്യമില്ലെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു. പൊതു ഇടങ്ങളില്‍ ലൈംഗിക വ്യാപാരം നടത്തുന്നവരെ ജയിലിലേക്ക് അയക്കുന്നതിന് പകരം കറക്ഷന്‍ ഹോമുകളിലേക്കാണ് അയക്കേണ്ടത്. ഇത്തരം കേന്ദ്രങ്ങളില്‍ ഇവരെ ഒരു കൊല്ലത്തില്‍ കൂടുതല്‍ പാര്‍പ്പിക്കാനും പാടില്ല. പൊതു ഇടങ്ങളിലെ ലൈംഗിക വ്യാപാരം കുറ്റകരമാണ്.

ലണ്ടന്‍: വെളളത്തിനടിയിലെ നഗരങ്ങളും ത്രീഡീ പ്രിന്റഡ് വീടുകളും എല്ലാം നൂറ് വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് റിപ്പോര്‍ട്ട്. സ്മാര്‍ട്ട് തിംഗ്‌സ് ഫ്യൂച്ചര്‍ ലിവിംഗ് റിപ്പോര്‍ട്ടിലാണ് ഈ അമ്പരപ്പിക്കുന്ന വിവരങ്ങളുളളത്. സാംസങാണ് ഈ പഠനം സംഘടിപ്പിച്ചത്. വെളളത്തിനടിയില്‍ 25 നില കെട്ടിടങ്ങള്‍ പണിത് മനുഷ്യന് ജീവിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അക്കാഡമിക്കുകളും ശില്‍പ്പികളും നഗരാസൂത്രകരും വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാലയിലെ ലക്ചറര്‍മാരും ഉള്‍പ്പെടുന്ന സംഘമാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്. ആഴങ്ങളില്‍ നിര്‍മിക്കുന്ന കുമിള നഗരങ്ങളില്‍ മനുഷ്യന് ജീവിക്കാനാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. വ്യക്തിഗത ഡ്രോണുകളിലായിരിക്കും മനുഷ്യന്‍ അന്ന് സഞ്ചരിക്കുക. അവധിയാഘോഷങ്ങള്‍ക്ക് വീടുമായി പോകാനും മനുഷ്യര്‍ക്ക് കഴിയും.
ഒരു നൂറ്റാണ്ട് മുമ്പ് ചിന്തിക്കാന്‍ പോലും കഴിയാത്ത വിധത്തില്‍ നമ്മുടെ ജീവിതം ഇപ്പോള്‍ മാറി മറഞ്ഞിട്ടുണ്ടെന്ന് പഠനസംഘത്തിലുണ്ടായിരുന്ന ബഹിരാകാശ ശാസ്ത്രജ്ഞ മാഗി അഡെരിന്‍ പോകോക്ക് പറഞ്ഞു. ഇന്റര്‍നെറ്റിലൂടെ നമ്മുടെ ആശയവിനിമയ സംവിധാനം ഏറെ മെച്ചപ്പെട്ടിരിക്കുന്നു, പഠനവും ജീവിത നിയന്ത്രണവും തന്നെ മാറിയിരിക്കുന്നു. പത്ത് വര്‍ഷം മുമ്പ് സ്മാര്‍ട്ട് തിംഗ്‌സ് സാങ്കേതികതയെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല. ഇപ്പോള്‍ ഇത് നമ്മെ നിയന്ത്രിക്കുന്നു. ഒരു സ്മാര്‍ട്ട് ഫോണിലെ ഒരു വിരല്‍സ്പര്‍ശത്തിലൂടെ നമ്മുടെ ജീവിതത്തെ സുഭദ്രമാക്കാനും കഴിയുന്നു. അടുത്ത നൂറ്റാണ്ടില്‍ ഇതിലും വിപുലമായ മാറ്റങ്ങള്‍ക്ക് മനുഷ്യര്‍ സാക്ഷ്യം വഹിക്കും. വീടിനുളളിലെ ഉപകരണങ്ങള്‍ മാത്രമാകില്ല 3ഡി സാങ്കേതികത കൊണ്ട് മനുഷ്യന്‍ ഉണ്ടാക്കുക. മറിച്ച് വീടുകള്‍ തന്നെ ഇത് കൊണ്ട് നിര്‍മിക്കാനാകും. ഹോളോഗ്രാമുകളുപയോഗിച്ച് തൊഴിലിടങ്ങളിലെ മീറ്റിംഗുകള്‍ നടത്താനും കഴിയും.

നമുക്കിഷ്ടമുളള വിഭവങ്ങള്‍ മിനിറ്റുകള്‍ക്കുളളില്‍ ഡൗണ്‍ലോഡ് ചെയ്ത് കഴിക്കാനാകും. ചന്ദ്രനിലും ചൊവ്വയിലും മനുഷ്യന്‍ കുടിയേറി പാര്‍ക്കാന്‍ തുടങ്ങും. ബഹിരാകാശത്തേക്കുളള വാണിജ്യ വിമാനങ്ങള്‍ ഇപ്പോള്‍ തന്നെ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കുന്നു. വീടുകളിലെ എല്‍ഇഡി സ്‌ക്രീനുകള്‍ കൊണ്ടുളള ചുമരുകള്‍ നിങ്ങളുടെ മൂഡിനും ആവശ്യത്തിനും അനുസരിച്ച് മാറ്റാനാകും.
സ്മാര്‍ട്ട് ഫോണ്‍ വിപ്ലവം നേരത്തെ തന്നെ സ്മാര്‍ട്ട് ഹോം വിപ്ലവത്തിന് തുടക്കമിട്ട് കഴിഞ്ഞു. നമ്മുടെ വീടുകള്‍ കൂടുതല്‍ സ്മാര്‍ട്ട് ആയിക്കൊണ്ടിരിക്കുന്നു. ആളുകളുടെയും വളര്‍ത്തു മൃഗങ്ങളുടെയും പുകയുടെയും ആര്‍ദ്രതയുടെയും വെളിച്ചത്തിന്റെയും ഒക്കെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയുന്ന തരത്തിലേക്ക് വീടുകള്‍ രൂപാന്തരം പ്രാപിച്ച് വരുന്നു. ഇതെല്ലാം ഒരു തുടക്കം മാത്രമാണെന്നാണ് പഠനസംഘത്തിന്റെ അഭിപ്രായം.

വാഷിംഗ്ടണ്‍: രണ്ടാം ഭാഷയുടെ പഠനം ഏറെ ഗുണകരമാണെന്ന് ശാസ്ത്രജ്ഞര്‍. രണ്ടാം ഭാഷ പഠിക്കുന്നത് ചിന്താശേഷി വളര്‍ത്താന്‍ ഉപകരിക്കും. മാനസിക ശേഷി വികസിപ്പിക്കാനും ഇത് ഏറെ സഹായകമാണ്. കൂടാതെ തലച്ചോറിനെ ചെറുപ്പമായി സൂക്ഷിക്കാനും മറ്റൊരു ഭാഷയുടെ പഠനം സഹായിക്കും. ന്യൂനപക്ഷ ഭാഷകള്‍ സ്‌കൂളുകളിലും സര്‍വകലാശാലകളിലും പഠിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്നാണ് ഗവേഷകരുടെ പക്ഷം. മറ്റൊരു ഭാഷ പഠിക്കാനായി നാം എടുക്കുന്ന അദ്ധ്വാനമാണ് ഇതിന് സഹായിക്കുന്നതെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
വ്യാകരണവും പദസമ്പത്തും പ്രാപ്യമാകാന്‍ നാം ഏറെ പണിപ്പെടേണ്ടി വരുന്നു. പല രക്ഷിതാക്കളും തങ്ങളുടെ ഭാഷയില്‍ കുട്ടികളുമായി സംവദിക്കാറില്ല. തങ്ങളുടെ ഭാഷ കുട്ടിക്ക് ആവശ്യമില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണം. ന്യൂനപക്ഷ ഭാഷ പലപ്പോഴും കുട്ടികളെ ആശയക്കുഴപ്പത്തിലാക്കുമെന്ന സംശയവും മുതിര്‍ന്നവര്‍ക്കുണ്ട്. ഇത് സ്‌കൂളുകളില്‍ ചിലപ്പോള്‍ അവര്‍ക്ക് ദോഷമുണ്ടാക്കിയേക്കാം എന്നും പലരും കരുതുന്നു. എന്നാല്‍ തങ്ങള്‍ നടത്തിയ ഗവേഷണത്തില്‍ ഏകഭാഷ അറിയാവുന്ന കുട്ടികളേക്കാള്‍ അതില്‍ കൂടുതല്‍ അറിയുന്നവര്‍ മികച്ച പ്രകടനം നടത്തുന്നുവെന്ന് തെളിഞ്ഞതായി എഡിന്‍ബറോ സര്‍വകലാശാലയിലെ അന്റോണെല്ല സോറേയ്‌സ് പറയുന്നു. കരൂടുതല്‍ ഭാഷകള്‍ അറിയാവുന്ന കുട്ടികള്‍ക്ക് ഭാഷാപപരമായ നല്ല കഴിവുകളുണ്ട്. മറ്റുളളവരുടെ കാഴ്ചപ്പാടില്‍ നിന്ന് കാര്യങ്ങളെ വിശകലനം ചെയ്യാന്‍ അവര്‍ക്കാകും. വളരെ സങ്കീര്‍ണമായ സാഹചര്യങ്ങളെ മികച്ച മാനസിക നിലയോടെ നേരിടാനും അവര്‍ക്കാകും.

ഇത്തരം നേട്ടങ്ങള്‍ രണ്ട് ഭാഷ പഠിച്ചിട്ടുളള മുതിര്‍ന്നവരിലും ദൃശ്യമാണ്. ഉദ്യോഗങ്ങളില്‍ നിന്ന് വിരമിച്ചവരെ ദിവസം അഞ്ച് മണിക്കൂര്‍ മറ്റൊരു ഭാഷ പഠിപ്പിച്ചതിലൂടെ പ്രകടമായ മാറ്റങ്ങള്‍ കാണാനായി. ഇവരുടെ മാനസിക നിലയില്‍ വലിയ പുരോഗതിയാണ് ഉണ്ടായത്. ഒരാഴ്ച നീണ്ട തീവ്ര പഠനക്ലാസുകളാണ് ഇവര്‍ക്ക് വേണ്ടി ഒരുക്കിയത്. മറവി രോഗം പോലെയുള്ള രോഗങ്ങള്‍ രണ്ട് ഭാഷ അറിയാവുന്നവരില്‍ വൈകിയാണ് എത്തുന്നതെന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു. എല്ലാ ബിരുദങ്ങള്‍ക്കും ഭാഷാപഠനം നിര്‍ബന്ധമാക്കണമെന്നും ശാസ്ത്രജ്ഞര് ആവശ്യപ്പെടുന്നു.

വാഷിംഗ്ടണ്‍: ബ്രിട്ടനില്‍ കുട്ടികളെ കുറ്റകൃത്യങ്ങളില്‍ നിന്നു തടയുന്നതിന് ടേസര്‍ ഗണ്‍ പയോഗിക്കുന്നതിനെ ഐക്യരാഷ്ട്രസഭ അപലപിക്കും. പൊലീസ് സേനയ്ക്ക് 50,000 വോള്‍ട്ട് ശേഷിയുളള തോക്കുകളാണ് അധികൃതര്‍ നല്‍കിയിട്ടുളളത്. പ്രശ്‌നത്തില്‍ അധികൃതര്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ആറ് മണിക്കൂറോളം വിചാരണയ്ക്ക് വിധേയമാകുമെന്നാണ് സൂചന. ഐക്യരാഷ്ട്രസഭയുടെ റൈറ്റ്‌സ് ഓഫ് ചില്‍ഡ്രന്‍ കണ്‍വന്‍ഷനിലാകും ബ്രിട്ടന്‍ ഇതേക്കുറിച്ച് വിശദീകരിക്കേണ്ടി വരിക. 1990ല്‍ ബ്രിട്ടന്‍ കൂടി ഒപ്പുവച്ചതാണ് റൈറ്റ് ഓഫ് ചില്‍ഡ്രന്‍. തൊട്ടടുത്ത വര്‍ഷം തന്നെ ഇതിന് അംഗീകാരവും ലഭിച്ചു.
2008ലാണ് കുട്ടികളുടെ അവകാശങ്ങള്‍ക്കെതിരെ ബ്രിട്ടന്‍ ആദ്യമായി പരസ്യമായി രംഗത്ത് വന്നത്. ഇംഗ്ലണ്ടും വെയില്‍സും കുട്ടികള്‍ക്കെതിരെ ടേസര്‍ ഗണ്ണുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് അത് അവസാനിപ്പിക്കണമെന്ന നിര്‍ദേശം യുഎന്‍ മുന്നോട്ട് വച്ചു. 2003 മുതല്‍ തന്നെ ബ്രിട്ടീഷ് പൊലീസ് കുട്ടികള്‍ക്ക് നേരെ ടേസര്‍ ഗണ്ണുകള്‍ ഉപയോഗിക്കുന്നുണ്ട്. 2013 എത്തിയപ്പോഴേക്കും ഇവയുടെ ഉപയോഗം 38 ശതമാനം വര്‍ദ്ധിച്ചു. ടേസര്‍ ഗണ്ണുകള്‍ക്ക് പ്രധാനമായും രണ്ട് തരം ഉപയോഗമുണ്ട്. കുട്ടികളെ താത്ക്കാലികമായി സ്തംഭിപ്പിക്കാനും അഞ്ച് സെക്കന്റ് നേരം 50,000 വോള്‍ട്ട് പ്രവഹിപ്പിക്കുക വഴി കുട്ടികളെ മസിലുകളും നാഡിവ്യവസ്ഥയും നിശ്ചമാക്കാനും ഇതിന് കഴിയും.

പൊലീസിന്റെ ടേസര്‍ ഉപയോഗത്തെക്കുറിച്ചുളള വിശദാംശങ്ങള്‍ നല്‍കണമെന്ന് യുഎന്‍ ബ്രിട്ടനോട് നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് നേരെ പ്രയോഗിച്ച റബ്ബര്‍, പ്ലാസ്റ്റിക് ബുളളറ്റുകളെക്കുറിച്ചുളള വിവരങ്ങള്‍ നല്‍കണമെന്ന നിര്‍ദേശവും ഉണ്ട്. കുട്ടികളില്‍ പ്രത്യേകിച്ച് കൗമാരക്കാരില്‍ ഇത്തരം പ്രയോഗങ്ങള്‍ അവസാനിപ്പിക്കണമെന്ന നിര്‍ദേശം ശക്തമായി ഉയര്‍ത്താന്‍ അംഗരാജ്യങ്ങളോടും യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ടേസറുകളുടെ ഉപയോഗം കുട്ടികളെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ചില്‍ഡ്രന്‍സ് റൈറ്റ്‌സ് അലയന്‍സ് ഇംഗ്ലണ്ടിന്റെ കോ ഓര്‍ഡിനേറ്റര്‍ കാര്‍ല ഗാര്‍ണെലാസ് പറഞ്ഞു. ഇത് കുട്ടികളില്‍ ശാരീരികമാനസിക വെല്ലുവിളികള്‍ക്ക് കാരണമാകുമെന്നും അവര്‍ വ്യക്തമാക്കി.

സെന്റ് ഹെലേന: വിമാനത്താവളം പ്രവര്‍ത്തനക്ഷമമാകാത്തതിനാല്‍ ലോകത്തില്‍ നിന്നു തന്നെ ഒറ്റപ്പെട്ട അവസ്ഥയിലാണ് സെന്റ് ഹെലേന ദ്വീപ്. ദക്ഷിണ അറ്റ്‌ലാന്റിക്കിന്റെ മധ്യത്തിലുളള സെന്റ് ഹെലേന ദ്വീപാണ് ലോകത്തിലെ ഏറ്റവും ഒറ്റപ്പെട്ട സ്ഥലം. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിനെ ഏകാന്തവാസത്തിനയച്ച ദ്വീപെന്ന നിലയില്‍ ഇതിന് ഏറെ ചരിത്രപ്രാധാന്യവുമുണ്ട്. 47 ചതുരശ്ര മൈല്‍ വിസ്തീര്‍ണമുളള ഇവിടെ 4000 പേര്‍ ജീവിക്കുന്നു. പുതിയ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോടെ ബ്രിട്ടന്റെ അധീനതയിലുളള ഈ പ്രദേശത്തിന്റെ ഒറ്റപ്പെടല്‍ അവസാനിക്കുമെന്നാണ് കരുതുന്നത്.
ഒരു പതിറ്റാണ്ടായി കാത്തിരിക്കുന്ന വിമാനത്താവളം ഇക്കൊല്ലമെങ്കിലും തുറന്ന് കൊടുക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ദ്വീപ് നിവാസികള്‍. 250 മില്യന്‍ പൗണ്ട് ചെലവിട്ടാണ് വിമാനത്താവളത്തിന്റെ നിര്‍മാണം. മെയ് മാസത്തിലെങ്കിലും ഇവിടെ നിന്ന് ആദ്യവിമാനം പറന്നുയരുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതിലേക്കുളള ടിക്കറ്റുകള്‍ ഇനിയും വില്‍ക്കാന്‍ തുടങ്ങിയിട്ടില്ല. തടസങ്ങള്‍ ഇനിയും നീങ്ങിയിട്ടില്ല. 2005ലാണ് വിമാനനിര്‍മാണത്തിനുളള തീരുമാനമെടുത്തത്. എന്നാല്‍ 2010ല്‍ സഖ്യസര്‍ക്കാരിന്റെ അനുമതി ലഭിക്കും വരെ ഇത് വൈകി. നവംബര്‍ 2011ല്‍ നിര്‍മാണം ആരംഭിച്ചു.

സര്‍ക്കാരിന്റെ ഏറ്റവും പണച്ചെലവുളള നിക്ഷേപമാണിത്. ഓരോ വ്യക്തിയ്ക്കും 60,000 പൗണ്ടാണ് ഇതിന് വേണ്ടി ചെലവിടേണ്ടി വരുന്നത്. നിലവില്‍ ഈ ദ്വീപിലേക്ക് വരണമെങ്കില്‍ കപ്പലിലൂടെ മാത്രമേ കഴിയൂ. കേപ് ടൗണില്‍ നിന്ന് അഞ്ച് ദിവസം വേണം കപ്പലില്‍ ഇവിടെ എത്താന്‍. ഓരോ മൂന്നാഴ്ച കൂടുമ്പോഴുമാണ് ഇവിടെക്ക് സര്‍വീസുളളത്. ദ്വീപിലെ മണ്ണില്‍ ആദ്യമിറങ്ങാന്‍ അനുവദിക്കണമെന്ന് കാട്ടി ബ്രിട്ടീഷ് വിമാനക്കമ്പനി അറ്റ്‌ലാന്റിക് സ്റ്റാര്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കന്‍ വിമാനക്കമ്പനിയായ കോം എയറും ഇതേ ആവശ്യവുമായി രംഗത്തുണ്ട്. എന്നാല്‍ ചില നടപടികള്‍ പൂര്‍ത്തിയാക്കാനാകാത്തതിനാല്‍ വിമാനങ്ങള്‍ വരാനും പോകാനും സമയം ഇനിയും എടുക്കുമെന്നാണ് സൂചന. അത് കൊണ്ട് തന്നെ ടിക്കറ്റ് വില്‍പ്പനയും തുടങ്ങാനായിട്ടില്ല.

Copyright © . All rights reserved