Main News

ന്യൂസ് ഡെസ്ക്

നൈറ്റ് ഡ്യൂട്ടി ചെയ്യുന്ന സ്ത്രീകൾക്ക് ക്യാൻസർ വരാൻ സാധ്യത കൂടുതലാണ് എന്ന് മുന്നറിയിയിപ്പ്. ദീർഘകാലം നൈറ്റ് ഷിഫ്റ്റ് ചെയ്ത നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ കൂടുന്നതായുള്ള കണക്കുകൾ പുറത്തു വന്നു. നിലവിൽ ആരോഗ്യ പ്രശ്നങ്ങളുള്ള നഴ്സുമാർ ഹെൽത്ത് സ്ക്രീനിംഗ് നടത്തണമെന്ന നിർദ്ദേശവുമുണ്ട്. സ്കിൻ ക്യാൻസർ 41 ശതമാനവും ബ്രെസ്റ്റ് ക്യാൻസർ 32 ശതമാനവും സ്റ്റോമക് ക്യാൻസർ 18 ശതമാനവും  ബാധിക്കാനുള്ള സാധ്യത നൈറ്റ് ഷിഫ്റ്റ് ചെയ്യുന്ന വരിൽ കൂടുതലാണ്. നോർത്ത് അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ, ഏഷ്യ എന്നിവിടങ്ങളിൽ നടന്ന ദീർഘകാല പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലുകൾ. 3,909,152 പേർ പങ്കെടുത്ത പഠനത്തിൽ 114,628 ക്യാൻസർ കേസുകൾ അപഗ്രന്ഥിച്ചാണ് വിദഗ്ദർ ക്യാൻസർ റിസ്ക് സാധ്യത കണ്ടെത്തിയത്.

നോർത്ത് അമേരിക്കയിലും യൂറോപ്പിലും നൈറ്റ് ഷിഫ്റ്റ് സ്ഥിരമായി ചെയ്യുന്ന ഫീമെയിൽ നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ സാധ്യത വളരെ കൂടുതലാണെന്ന് പഠനം എടുത്തു പറയുന്നു. നൈറ്റ് ചെയ്യാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ നൈറ്റ് ചെയ്യുന്ന നഴ്സുമാരിൽ ബ്രെസ്റ്റ് ക്യാൻസർ സാധ്യത 58 ശതമാനവും ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ക്യാൻസർ സാധ്യത 35 ശതമാനവും ശ്വാസകോശ ക്യാൻസർ സാധ്യത 28 ശതമാനവും കൂടുതലാണ്. സ്ഥിരം നൈറ്റ് സ്യൂട്ടി ചെയ്യുന്ന സ്ത്രീകൾക്ക് കൂടുതൽ ആരോഗ്യ സംരക്ഷണം നൽകണമെന്നതിന്റെ ആവശ്യകത പഠനം നടത്തിയ ചൈനയിലെ സിച്ചുവാൻ യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്റ് പ്രഫസർ സുലെയ് മാ എടുത്തു പറഞ്ഞു.

ജീവിത സാഹചര്യങ്ങളും കുടുംബസംരക്ഷണത്തിന്റെ സമ്മർദ്ദങ്ങളും മൂലമാണ് മിക്ക നഴ്സുമാരും നൈറ്റ് ഡ്യൂട്ടി ചെയ്യാൻ നിർബന്ധിതരാകുന്നത്. നൈറ്റ് ഡ്യൂട്ടി അലവൻസുകളും ചിലരെ ഇതിലേയ്ക്ക് ആകർഷിച്ചിട്ടുണ്ട്. മൂന്നു ഷിഫ്റ്റുകൾ ചെയ്താൽ ഒരാഴ്ചത്തെ ഡ്യൂട്ടി പൂർത്തിയാക്കാമെന്ന മെച്ചവും നൈറ്റ് ഡ്യൂട്ടിക്ക് ഉണ്ട്. പക്ഷേ ഭാവിയിൽ ഇത് ശരീരത്തിന്റെ ആരോഗ്യസ്ഥിതിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

മാഞ്ചസ്റ്റര്‍: ഗാര്‍ഹിക പീഡനക്കേസില്‍ വിചാരണ നേരിടുന്ന യുകെയിലെ ഒഐസിസി നേതാവും ബിസിനസ്സുകാരനുമായ ലക്സന്‍ കല്ലുമാടിക്കല്‍ ഒരു വര്‍ഷത്തേക്ക് ഭാര്യയെയോ കുട്ടികളെയോ കാണാനോ ബന്ധപ്പെടാനോ പാടില്ല എന്ന് കോടതി ഉത്തരവ്. ലക്സന്‍ കല്ലുമാടിക്കലിന്റെ ഭാര്യയും സീനിയര്‍ എന്‍എച്ച്എസ് ഉദ്യോഗസ്ഥയുമായ മഞ്ജു ലക്സന്‍ നല്‍കിയ കേസിന്‍മേലാണ് കോടതി തീരുമാനം ഉണ്ടായത്. മാഞ്ചസ്റ്റര്‍ ക്രൌണ്‍ കോര്‍ട്ട് പുറപ്പെടുവിച്ച ഉത്തരവു പ്രകാരം ഒരു വര്‍ഷത്തേക്ക് ഭാര്യയെയും കുട്ടികളെയും കാണുകയോ ഏതെങ്കിലും വിധത്തില്‍ ഇവരെ ബന്ധപ്പെടാന്‍ ശ്രമിക്കുകയോ ചെയ്യുന്നതില്‍ നിന്നും ലക്സന്‍ ഫ്രാന്‍സിസ് കല്ലുമാടിക്കലിനെ വിലക്കിയിരിക്കുകയാണ്.

ബിസിനസ് ട്രിപ്പ്‌ എന്ന പേരില്‍ മറ്റ് സ്ത്രീകളെ കാണാന്‍ ലക്സന്‍ പോകുന്നത് സംബന്ധിച്ച് ചോദിച്ച മഞ്ജുവിനെ ക്രൂരമായ വാക്കുകള്‍ കൊണ്ട് അധിക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു എന്നതായിരുന്നു മഞ്ജുവിന്റെ പരാതി. ലക്സന്റെ അനാശാസ്യ ബന്ധങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ “ഞാന്‍ ആണാണ് എന്നും എനിക്ക് പലരുമായും ബന്ധം കാണുമെന്നും അത് എന്‍റെ മിടുക്കാണ് നീ ആരാണ് ചോദിയ്ക്കാന്‍” എന്നും പറഞ്ഞ ശേഷം മഞ്ജുവിനെ ഭീകരമായി മര്‍ദിച്ചു എന്ന് മഞ്ജു പരാതിയില്‍ പറഞ്ഞിരുന്നു.

ലക്സന്‍ ഫ്രാന്‍സിസ് മാഞ്ചസ്റ്റര്‍ കോടതിയില്‍ നിന്നും പുറത്തേക്ക് വരുന്നു

തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് വന്‍തുകയുടെ ലോണുകള്‍ എടുപ്പിക്കുകയും അത് ലക്സന്‍ സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു എന്നും മഞ്ജുവിന്റെ പരാതിയില്‍ പറയുന്നുണ്ട്. നവംബറില്‍ ലക്സന്‍ മഞ്ജുവിനെ മര്‍ദ്ദിക്കുന്നത് കണ്ട മൂത്ത മകള്‍ പോലീസിനെ വിളിച്ചതിനെ തുടര്‍ന്നായിരുന്നു ഗാര്‍ഹിക പീഡന കേസിന്‍റെ തുടക്കം. ഫോണ്‍ സന്ദേശം ലഭിച്ചതനുസരിച്ച് ഇവരുടെ വീട്ടിലെത്തിയ പോലീസ് ലക്സനെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് മാഞ്ചസ്റ്റര്‍ കോടതിയില്‍ ഹാജരാക്കിയ ലക്സന് എതിരെ തെളിവ് നല്‍കാന്‍ മഞ്ജു വിസമ്മതിച്ചതിനെ തുടര്‍ന്ന് ലക്സനെ കോടതി വിട്ടയയ്ക്കുകയായിരുന്നു.

2004ല്‍ വിവാഹിതരായ മഞ്ജുവും ലക്സനും മാഞ്ചസ്റ്ററിലെ സെയിലില്‍ ആണ് താമസിച്ചിരുന്നത്. കുടുംബ ജീവിതത്തിന്റെയും ജോലിയുടെയും തിരക്കുകള്‍ക്കിടയിലും പഠിക്കാന്‍ സമയം കണ്ടെത്തിയ മഞ്ജു ഇവിടെ ഡോക്ടറേറ്റ് ഉള്‍പ്പെടെ കരസ്ഥമാക്കി ഉയര്‍ന്ന ഉദ്യോഗത്തില്‍ പ്രവേശിച്ച വ്യക്തിയാണ്. 2015ല്‍ ഡോക്ടറേറ്റ് നേടിയ മഞ്ജു ജര്‍മ്മനിയിലും, ആസ്ട്രിയിലും, സ്വിറ്റ്സര്‍ലന്‍ഡിലും നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സുകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ ഈക്വാലിറ്റി ആന്‍ഡ്‌ ഡൈവേഴ്സിറ്റി കോര്‍ഡിനേറ്ററും ട്രാഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ അക്യൂട്ട് മെഡിസിനില്‍ റിസര്‍ച്ച് മാനേജറും ആണ് മഞ്ജു ഇപ്പോള്‍.

ടെലികോം കണ്‍സള്‍ട്ടന്‍സി ബിസിനസ് ചെയ്യുന്ന ലക്സന്‍ ഫ്രാന്‍സിസ് ട്രാഫോര്‍ഡില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു. പിന്നീട് നടന്ന പാര്‍ലിമെന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി ആയി മത്സരിച്ചും ലക്സന്‍ പരാജയപ്പെട്ടിരുന്നു.

മൂന്ന് മക്കളാണ് ലക്സന്‍ മഞ്ജു ദമ്പതികള്‍ക്ക്. 12വയസ്സ് പ്രായമുള്ള മൂത്ത കുട്ടി അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് വിവരങ്ങള്‍ അറിയുന്നതും മഞ്ജു അനുഭവിച്ചിരുന്ന പീഡനങ്ങള്‍ പുറത്ത് വന്നതും.

വിചാരണ സമയത്ത് കോടതിയില്‍ ലക്സന്‍ പറഞ്ഞത് തനിക്ക് ഇനി മഞ്ജുവിന്‍റെ മുഖം പോലും കാണേണ്ടയെന്നും വിവാഹമോചനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമാണ്.

ലണ്ടന്‍: പണമടച്ചില്ലെങ്കില്‍ സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ കുട്ടികളെ അനുവദിക്കില്ലെന്ന സ്‌കൂള്‍ നിലപാടിനെതിരെ മാതാപിതാക്കള്‍. ഉപകരണങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ 6 പൗണ്ട് വീതം വിദ്യാര്‍ത്ഥികള്‍ നല്‍കണമെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സില്‍ ടിപ്ടണിലുള്ള വെനസ്ബറി ഓക്ക് അക്കാഡമിയാണ് തീരുമാനിച്ചത്. എന്നാല്‍ ഇത് കുട്ടികള്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കുമെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു.

ഉപകരണങ്ങള്‍ വാങ്ങുന്നതിനായി പണം സംഭാവനയായി നല്‍കാനാണ് അക്കാഡമി പേരന്റ്‌സ് കൗണ്‍സിലിനോട് ആവശ്യപ്പെട്ടത്. എന്നാല്‍ പണം നല്‍കാത്ത കുട്ടികള്‍ക്ക് ഈ ഉപകരണങ്ങളില്‍ യാതൊരു വിധ അവകാശവും ഉണ്ടാകില്ല. ഈ നീക്കം കുട്ടികളെ സാമ്പത്തികവും സാമൂഹികവുമായുള്ള വിവേചനത്തിന് ഇരയാക്കുമെന്ന് ഓണ്‍ലൈന്‍ പരാതിയില്‍ രക്ഷിതാക്കള്‍ പറഞ്ഞു. നോ പേ, നോ പ്ലേ സ്‌കീം എന്നാണ് സ്‌കൂളിന്റെ പദ്ധതിയെ രക്ഷിതാക്കള്‍ വിശേഷിപ്പിക്കുന്നത്.

പണമടച്ചവരും അല്ലാത്തവരുമായ രക്ഷിതാക്കള്‍ ഈ പദ്ധതിക്ക് എതിരാണ്. അതുകൊണ്ടുതന്നെ ഇത് നിര്‍ത്തലാക്കണമെന്നും പെറ്റീഷന്‍ ആവശ്യപ്പെടുന്നു. അതേ സമയം ഈ പദ്ധതി പേരന്റ് കൗണ്‍സില്‍ തുടങ്ങി വെച്ചതാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ മരിയ ബുള്‍ എക്‌സ്പ്രസ് ആന്‍ഡ് സ്റ്റാര്‍ ദിനപ്പത്രത്തോട് പ്രതികരിച്ചത്.

ലണ്ടന്‍: വിന്റര്‍ പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുന്ന എന്‍എച്ച്എസിനെ കരകയറ്റാന്‍ കൂടുതല്‍ ഫണ്ടുകള്‍ നല്‍കണമെന്ന ലേബര്‍ ആവശ്യത്തിന് ഹൗസ് ഓഫ് കോമണ്‍സിന്റെ അംഗീകാരം. എതിര്‍ വോട്ടുകളില്ലാതെയാണ് നോണ്‍ ബൈന്‍ഡിംഗ് പ്രമേയത്തിന് സഭ അംഗീകാരം നല്‍കിയത്. റദ്ദാക്കിയ ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെയുള്ളവ നടത്താന്‍ ഹെല്‍ത്ത് സര്‍വീസിന് ഫണ്ടുകള്‍ കൂടുതലായി അനുവദിക്കുന്നത് സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. 55,000 ശസ്ത്രക്രിയകളാണ് വിന്റര്‍ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി മാറ്റിവെച്ചത്.

ഇതേത്തുടര്‍ന്ന് പ്രധാനമന്ത്രി തെരേസ മേയ്ക്കും ആരോഗ്യ സെക്രട്ടറി ജെറമി ഹണ്ടിനും ഒന്നിലേറെത്തവണ രോഗികളോട് ഖേദപ്രകടനം നടത്തേണ്ടി വന്നിരുന്നു. ലേബര്‍ നീക്കത്തില്‍ വോട്ടിങ്ങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് കണ്‍സര്‍വേറ്റീവ് അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ വിപ്പ് നല്‍കിയിരുന്നെങ്കിലും പ്രമേയം പാസാകുകയായിരുന്നു. നോണ്‍ ബൈന്‍ഡിംഗ് പ്രമേയമായതിനാല്‍ ഇതില്‍ നടപടിയെടുക്കാന്‍ സര്‍ക്കാരിന് നിയമപരമായി ബാധ്യതയില്ല. എങ്കിലും സര്‍ക്കാരിന്റെ ദൗര്‍ബല്യം വ്യക്തമാക്കുന്ന സംഭവമായാണ് ഇത് കണക്കാക്കപ്പെടുന്നത്.

ഈ പ്രമേയം പാസായതോടെ വിഷയത്തില്‍ സര്‍ക്കാരിന്റെ പ്രതികരണം കോമണ്‍സില്‍ അറിയിക്കാനുളള സമ്മര്‍ദ്ദവും ഹണ്ടിനു മേല്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. വിന്റര്‍ ക്രൈസിസ് പ്രവചിക്കാനോ തടയാനോ കഴിയില്ലെന്ന കണ്‍സര്‍വേറ്റീവ് വാദത്തെ ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോനാഥന്‍ ആഷ്‌വര്‍ത്ത് ചര്‍ച്ചയില്‍ വിമര്‍ശിച്ചു. വിന്റര്‍ ക്രൈസിസ് ഈ സമയത്തിന്റെ മാത്രം പ്രത്യേകതയല്ല. വര്‍ഷം മുഴുവന്‍ നീളുന്ന ഫണ്ടിംഗ് പ്രതിസന്ധിയുടെയും സോഷ്യല്‍ കെയര്‍ പ്രതിസന്ധിയുടെയും ആരോഗ്യ അസമത്വത്തിന്റെയും ജീവനക്കാരുടെ ക്ഷാമത്തിന്റെയും ആകെത്തുകയാണെന്നും സര്‍ക്കാരും പ്രധാനമന്ത്രിയുടെ ഓഫീസുമാണ് ഇതിന് ഉത്തരവാദികളെന്നും ആഷ്‌വര്‍ത്ത് ആരോപിച്ചു.

ജെറമി ഹണ്ട് ഇപ്പോഴും അധികാരത്തില്‍ തുടരുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഹണ്ടിനു മേലുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞു. പ്രധാനമന്ത്രിക്കു പോലും ആരോഗ്യ സെക്രട്ടറിക്കു മേല്‍ വിശ്വാസമില്ലെന്നാണ് കരുതാനാകുന്നതെന്നും കോമണ്‍സ് പ്രസംഗത്തില്‍ ആഷ്‌വര്‍ത്ത് പറഞ്ഞു.

ലണ്ടന്‍: സംശയം തോന്നുന്നവര്‍ക്കു നേരെയുള്ള പോലീസ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍. അടുത്തിടെയായി വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ ചെറുക്കാന്‍ സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് സാദിഖ് ഖാന്‍ വ്യക്തമാക്കിയത്. ജനങ്ങളെ തെരുവില്‍ തടഞ്ഞു നിര്‍ത്തി പരിശോധിക്കുന്ന ഈ രീതി വിവാദമുണ്ടാക്കുമെങ്കിലും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ പോലീസിന് ഫലപ്രദമായി ഉപയോഗിക്കാവുന്ന രീതിയെന്ന നിലയില്‍ ഇത് പ്രയോഗിച്ചേ മതിയാകൂ എന്ന് മേയര്‍ പറഞ്ഞു.

കത്തി ഉപയോഗിച്ചും ആസിഡ് ഉപയോഗിച്ചുമുള്ള ആക്രമണങ്ങളും കൊള്ളയും കൊലപാതകവും വ്യാപകമായി നടക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് വിശദീകരണം. ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കിടെ നാല് യുവാക്കള്‍ ലണ്ടനില്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവം ഒറ്റപ്പെട്ടതായി കണക്കാക്കാനാകില്ലെന്നാണ് ഈവനിംഗ് സ്റ്റാന്‍ഡേര്‍ഡില്‍ എഴുതിയ ലേഖനത്തില്‍ ഖാന്‍ പറയുന്നു. ബ്രിട്ടനില്‍ ആകമാനം വളര്‍ന്നു വരുന്ന കുറ്റകൃത്യങ്ങളുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് അത്. 2018ന്റെ ആദ്യ ദിനങ്ങള്‍ കുറ്റകൃത്യങ്ങളുടേതായിരുന്നു.

ലണ്ടനില്‍ മാത്രമല്ല, ബ്രിസ്റ്റോള്‍, ഷെഫീല്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, ബര്‍മിംഗ്ഹാം എന്നിവിടങ്ങളിലും കത്തി ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ അരങ്ങേറി. ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ മെട്രോപോളിറ്റന്‍ പോലീസ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകളില്‍ കാര്യമായ വര്‍ദ്ധനയുണ്ടാകുമെന്നാണ് മേയര്‍ സൂചന നല്‍കിയത്. സ്റ്റോപ്പ് ആന്‍ഡ് സെര്‍ച്ചുകള്‍ തെളിവുകളുടെ അടിസ്ഥാനത്തിലും സംശയമുള്ളവരെ ലക്ഷ്യമിട്ടുമായിരിക്കും നടത്തുകയെന്നായിരുന്നു 2016ല്‍ സാദിഖ് ഖാന്‍ നല്‍കിയ തെരഞ്ഞെടുപ്പ് വാഗ്ദാനം.

കത്തി ഉപയോഗിച്ച് ജനങ്ങളെ ആക്രമിക്കുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചതോടെ കഴിഞ്ഞ ജൂണിലാണ് സ്‌റ്റോപ്പ് ആന്‍ഡ് സെര്‍ച്ച് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം മേയര്‍ ആദ്യം നടപ്പിലാക്കിയത്. ഇതിനെ ആംബര്‍ റൂഡ് പിന്‍തുണക്കുകയും മെറ്റ് പോലീസ് പൂര്‍ണ്ണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. ലണ്ടനിലെ പോലീസുകാര്‍ക്ക് ശരീരത്ത് ധരിക്കാവുന്ന ക്യാമറകള്‍ നല്‍കുകയും സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ നേതൃത്വത്തില്‍ ആയുധങ്ങള്‍ക്കായി തെരച്ചില്‍ നടത്തുകയും ചെയ്തു.

ന്യൂസ് ഡെസ്ക്

ശാരീരികമായി കുട്ടികളെ ശിക്ഷിക്കുന്നത് നിരോധിക്കാൻ വെൽഷ് ഗവൺമെന്റ് നടപടികൾ ആരംഭിച്ചു. കുട്ടികളെ അടിക്കുന്നതുപോലുള്ള ശിക്ഷാരീതികൾ മാതാപിതാക്കളോ കെയറർമാരോ നടപ്പാക്കുന്നത് നിയമം മൂലം നിരോധിക്കാനാണ് നീക്കം. സ്കോട്ട്ലണ്ടിലും അയർലണ്ടിലും ഈ നിയമം ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതിനായി 12 ആഴ്ച നീളുന്ന കൺസൽട്ടേഷൻ വെയിൽസിൽ തുടങ്ങി. മിനിസ്റ്റർ ഫോർ ചിൽഡ്രൻ ആൻഡ് സോഷ്യൽ കെയർ ഹു ഇറാൻക ഡേവിസ് ആണ് കൺസൽട്ടേഷൻ പ്രോസസ് ഇന്ന് പ്രഖ്യാപിച്ചത്. കുട്ടികൾക്കും മാതാപിതാക്കൾക്കും ജീവിതത്തിലെ ഏറ്റവും തുടക്കത്തിന്റെ നിമിഷങ്ങൾ നല്കുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അവർ പറഞ്ഞു.

2018 ൽ നിയമം നടപ്പാക്കാനാണ് പദ്ധതിയെന്ന് വെൽഷ് ഫസ്റ്റ് മിനിസ്റ്റർ കാൽവിൻ ജോൺസ്  പറഞ്ഞു.  അസംബ്ലിയിൽ പാസായിക്കഴിഞ്ഞാൽ കുട്ടികളെ അടിക്കുന്നതും ശാരീരികമായി ശിക്ഷിക്കുന്നതും നിയമ വിരുദ്ധമാകും. ഫലപ്രദമായ മറ്റു മാർഗങ്ങളിലൂടെ കുട്ടികളെ ശരിയായ ശിക്ഷണം നല്കി വളർത്തിക്കൊണ്ടുവരാൻ മാതാപിതാക്കൾക്ക് കഴിയണമെന്ന് ഫസ്റ്റ് മിനിസ്റ്റർ പറഞ്ഞു. ലോകത്തിലെ 52 രാജ്യങ്ങളിൽ ഈ നിയമം നിലവിലുണ്ട്. വെയിൽസിന്റെ മാതൃക പിന്തുടർന്ന് ഇംഗ്ലണ്ടിലും നിയമം നടപ്പാക്കാൻ പ്രധാനമന്ത്രിയുടെ മേൽ സമ്മർദ്ദം ഏറിവരികയാണ്.

ലെസ്റ്റര്‍: ചികിത്സാമുറിയില്‍ വെച്ച് പുരുഷ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി യുവാവിന്റെ പരാതി. ലെസ്റ്ററില്‍ ജിപിയായ ഫറൂഖ് പട്ടേലിനെതിരാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. അതേസമയം ഡോക്ടര്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. പരിശോധനാ സമയത്ത് രോഗിയുടെ അരയ്ക്ക് താഴേക്കുള്ള വസ്ത്രങ്ങള്‍ ഉരിയുകയും ലൈംഗിക തൃഷ്ണയോടെ തന്നെ പിന്‍ഭാഗത്ത് സ്പര്‍ശിക്കുകയും തഴുകുകയും ചെയ്തതായി യുവാവിന്റെ പരാതിയില്‍ പറയുന്നു.

ലെസ്റ്റര്‍ ബെല്‍ഗ്രേവ്‌ റോഡ്‌ സര്‍ജറിയില്‍ പ്രാക്ടീസ് ചെയ്തു വരികയായിരുന്നു ഡോ. ഫാറൂഖ് പട്ടേല്‍. 2016 ജൂലൈയില്‍ ലൈംഗിക അതിക്രമത്തിന്റെ പേരില്‍ പട്ടേലിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ തനിക്കെതിരെ ചുമത്തപ്പെട്ട രണ്ട് കുറ്റങ്ങളും പട്ടേല്‍ കോടതിയില്‍ നിഷേധിച്ചു. പൊലീസിന്റെ ചോദ്യംചെയ്യലില്‍ സന്തോഷപൂര്‍ണ്ണമായ കുടുംബ ജീവിതം നയിക്കുന്ന ആളായിട്ടാണ് ഡോക്ടര്‍ പട്ടേല്‍ പ്രതികരിച്ചത്. അതേസമയം ഇയാള്‍ ജോലി ചെയ്ത രണ്ട് സര്‍ജറികളില്‍ നടത്തിയ ശാസ്ത്രീയ പരിശോധനകളില്‍ സ്വവര്‍ഗ്ഗ ലൈംഗികതയില്‍ ഏര്‍പ്പെട്ടതിന് തെളിവുകള്‍ ലഭിച്ചിരുന്നു.

പട്ടേലിന്റെയും അജ്ഞാതരായ നാല് പുരുഷന്‍മാരുടെയും ഡിഎന്‍എ തെളിവുകളാണ് ലഭിച്ചത്. ഇവരുമായി ഡോക്ടര്‍ പട്ടേല്‍ ചികിത്സാ മുറിയില്‍ വെച്ച് ‘അപകടകരമായ’ സ്വവര്‍ഗസംഭോഗം നടത്തിയതായാണ് വ്യക്തമായത്.

അഞ്ച് മിനിറ്റ് മാത്രമെടുക്കേണ്ട ചികിത്സയ്ക്ക് ഡോക്ടര്‍ പട്ടേല്‍ മുപ്പത് മിനിറ്റിലധികം സമയമെടുത്തായി യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു. ലൈംഗികാതിക്രമം നടന്നയുടന്‍ യുവാവ് റിസപ്ഷനിലെത്തി വിവരമറിയിക്കുകയും തുടര്‍ന്ന് മാന്‍സ്ഫീല്‍ഡ് ഹൗസ് പൊലീസ് സ്റ്റേഷനിലെത്തി രേഖാമൂലം പരാതിയറിയിക്കുകയുമായിരുന്നു.

 

ടൂറിസ്റ്റ് വിസലെത്തിയ വിദേശികളെ താമസിച്ചിരുന്ന ഹോട്ടല്‍ മുറികളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യത്യസ്ത സംഭവങ്ങളില്‍ തിരുവനന്തപുരം കോവളത്തും ചെന്നൈയിലുമാണ് വിദേശികളെ മരിച്ച നിലയില്‍ കണ്ടത്. ബ്രിട്ടീഷ് പൗരനായ ഇയാന്‍ കിറ്റിലിനെ(67) ആണ് കോവളത്ത് മരിച്ച നിലയില്‍ കണ്ടത്. ഫിന്‍ലന്‍ഡുകാരിയായ ഹിലിയ എമില (22) എന്ന യുവതിയെ ആണ് ചെന്നൈയില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.

കോവളം സന്ദര്‍ശനത്തിന് ഭാര്യ കാര്‍ട്ടിന്‍ ഫിലിസുമായി ജനുവരി ഏഴിന് എത്തിയതാണ് ഇയാന്‍ കിറ്റില്‍. ഇന്ന് രാവിലെ എഴുന്നേല്‍ക്കാന്‍ വൈകിയതിനെ തുടര്‍ന്ന് ഭാര്യ നോക്കിയപ്പോഴാണ് മരിച്ചു കിടക്കുന്നതായി കണ്ടത്. ഹൃദയാഘാതമാകാം മരണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് സംഘവും ഹോട്ടലില്‍ എത്തി പരിശോധന നടത്തി. പതിനഞ്ചാം തീയതി മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.

ഹിമാലയ റസിഡന്‍സി ഹോട്ടലിലാണ് ഫിന്നിഷ് യുവതിയായ ഹിലിയ എമിലയെ മരിച്ച നിലയില്‍ കണ്ടത്. ഇന്നലെ വൈകുന്നേരം പരുഷസുഹൃത്ത് അലക്‌സി ജോയല്‍ സാന്റെറിനൊപ്പമാണ് ഹോട്ടലിലെത്തി മുറിയെടുത്തത്. രാവിലെ യുവതിയെ അബോധാവസ്ഥയില്‍ കണ്ട സുഹൃത്ത് വിവരമനുസരിച്ചതനുസരിച്ച് പൊലീസ് എത്തി പരോശധിച്ചപ്പോഴാണ് യുവതി മരിച്ചതായി കണ്ടത്.

അമിതതോതില്‍ മയക്കുമരുന്നും മദ്യവും ഉപയോഗിച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. യുവതിയുടെ ശരീരത്തില്‍ മുറിവുകള്‍ ഇല്ലായിരുന്നുവെന്നും പോസ്റ്റുമോര്‍ട്ടത്തിനുശേഷമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. യുവതിക്കൊപ്പമുണ്ടായിരുന്ന അലക്‌സിയെ ചോദ്യം ചെയ്തതായും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

മലയാളം യുകെ ന്യൂസ് സ്‌പെഷ്യല്‍

കുട്ടികള്‍ക്ക് ഫാസ്റ്റ് ഫുഡിനോടുള്ള പ്രേമം പ്രസിദ്ധമാണ്. നമ്മള്‍ ഒരിക്കല്‍ വാങ്ങി നല്‍കിയാല്‍ കുട്ടികള്‍ അത് വീണ്ടും വീണ്ടും ആവശ്യപ്പെട്ടുകൊണ്ടിരിക്കും. തിരക്കേറിയ ജീവിതത്തിനിടയില്‍, പ്രത്യേകിച്ച് പ്രവാസികളുടെ ജീവിത ശൈലിയില്‍ പലപ്പോഴും ഫാസ്റ്റ്ഫുഡ് ഒഴിവാക്കാനാകാത്ത കാര്യമാണ്. എന്നാല്‍ കുട്ടികളുടെ ശാഠ്യത്തിന് വഴങ്ങി, കുട്ടികളോടുള്ള സ്‌നേഹം കാണിക്കാന്‍ ഫാസ്റ്റ് ഫുഡിനെ ആശ്രയിക്കുന്ന മാതാപിതാക്കള്‍ മക്‌ഡൊണാള്‍ഡിനെതിരെയുള്ള കോടതി വിധി വായിച്ചിരിക്കണം. പല മുഖ്യധാരാ മാധ്യമങ്ങളും തമസ്‌കരിച്ച വാര്‍ത്താണ് ഇത്.

ലോകപ്രസിദ്ധ പാചകക്കാരനായ ജയ്മി ഒലിവറാണ് മക്‌ഡൊണാള്‍ഡിനെതിരെ അമേരിക്കന്‍ കോടതിയെ സമീപിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വിപുലമായ ഫാസ്റ്റ്ഫുഡ് ശൃംഖലയാണ് അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ മക്‌ഡൊണാള്‍ഡിന്റേത്. മക്‌ഡൊണാള്‍ഡ് കമ്പനി അവകാശപ്പെട്ടിരുന്നത് തങ്ങളുടെ ബീഫ് ബര്‍ഗറില്‍ നൂറ് ശതമാനവും ബീഫ് ആണെന്നാണ്. എന്നാല്‍ വിദഗ്ധരുടെ സഹായത്തോടെ മക്‌ഡൊണാള്‍ഡിന്റെ ബീഫ് ബര്‍ഗറില്‍ 15 ശതമാനം മാത്രമേ ബീഫ് അടങ്ങിയിട്ടുള്ളൂവെന്നും ബാക്കി 85 ശതമാനവും മനുഷ്യന് ഭക്ഷ്യയോഗ്യമല്ലെന്നും തെളിയിക്കാന്‍ ജെയ്മി ഒലിവറിനായി. ബീഫ് ബര്‍ഗറിലെ 85 ശതമാനം വസ്തുക്കളും മൃഗങ്ങള്‍ക്ക് പോലും കൊടുക്കാനുള്ള ഗുണനിലവാരമില്ലാത്ത വസ്തുക്കളാണ്.

മനുഷ്യശരീരത്തിന് ഹാനികരമായ അമോണിയം ഹൈഡ്രോക്‌സൈഡ് ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. അമോണിയം ഹൈഡ്രോക്‌സൈഡ് നിരോധിക്കണമെന്നത് ആരോഗ്യ പ്രവര്‍ത്തകരുടെ കാലങ്ങളായുള്ള ആവശ്യമാണ്. ഫാസ്റ്റ് ഫുഡില്‍ അടങ്ങിയിരിക്കുന്ന കൂടിയ അളവിലുള്ള ഉപ്പ്, കൊഴുപ്പ്, പഞ്ചസാര തുടങ്ങിയവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വളരെയധികം ഹാനികരമാണ്. ഫാസ്റ്റ് ഫുഡിന് ഉപഭോക്താക്കളെ പ്രത്യേകിച്ച് കുട്ടികളെ അടിമയാക്കുന്ന രാസപദാര്‍ത്ഥങ്ങളും ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകള്‍ ഉപയോഗിക്കുന്നുണ്ട്.

കരളിനുണ്ടാകുന്ന തകരാറുകള്‍, ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഫാസ്റ്റ്ഫുഡ് ശീലമാക്കിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളാണ്. ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകള്‍ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഇതിന് പുറമെയാണ്. മനുഷ്യനും പരിസ്ഥിതിക്കും ഫാസ്റ്റ്ഫുഡ് റെസ്‌റ്റോറന്റുകള്‍ ഉണ്ടാക്കുന്ന ദൂഷ്യങ്ങളെക്കുറിച്ച് അധികാരികള്‍ ബോധവാന്മാരാണെങ്കിലും മള്‍ട്ടി നാഷണല്‍ കമ്പനികളുടെ പണക്കൊഴുപ്പിന് മുമ്പില്‍ എല്ലാം വിസ്മരിക്കപ്പെടുകയാണ് ചെയ്യുന്നത്.

നോട്ടിംഗ്ഹാംഷയര്‍: ട്രെന്റ് നദിയില്‍ അപകടത്തില്‍പ്പെട്ട സുഹൃത്തുക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 12കാരന്‍ മുങ്ങി മരിച്ചു. ഓവന്‍ ജെന്‍കിന്‍സ് ആണ് ഒഴുക്കില്‍പ്പെട്ട ജോര്‍ഗി മയേഴ്‌സ്, ചെല്‍സി ഹോല്‍റോയ്ഡ് എന്നീ കുട്ടികളെ രക്ഷിക്കുന്നതിനിടെ മുങ്ങി മരിച്ചത്. ജോര്‍ഗിയെ രക്ഷിച്ച് കരയ്‌ക്കെത്തിച്ച ശേഷമാണ് ഓവന്‍ ഒഴുക്കില്‍പ്പെട്ടത്. ബീസ്റ്റണ്‍ വെയറിലാണ് അപകടമുണ്ടായത്. മുങ്ങല്‍ വിദഗ്ദ്ധരുടെ സഹായത്തോടെ നാല് മണിക്കൂറിന് ശേഷമാണ് ഓവന്റെ മൃതദേഹം കണ്ടെത്തിയത്.

മുങ്ങിമരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ജൂലൈ പത്തിനായിരുന്നു സംഭവമുണ്ടായത്. നാല് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് ഓവന്‍ ഇവിടെയെത്തിയത്. അതിനിടെ ജോര്‍ഗിയും ചെല്‍സിയും ഒഴുക്കില്‍പ്പെടുകയും കരയില്‍ നില്‍ക്കുകയായിരുന്ന ഓവന്‍ ഇവരെ രക്ഷിക്കാനായി നദിയില്‍ ചാടുകയുമായിരുന്നുവെന്ന് നോട്ടിംഗ്ഹാം കൊറോണര്‍ പറഞ്ഞു.

ഒപ്പമുണ്ടായിരുന്ന എമ്മയോട് ചെല്‍സിയെ രക്ഷിക്കാന്‍ പറഞ്ഞതിനു ശേഷമാണ് ജോര്‍ഗിയെ ഓവന്‍ രക്ഷിച്ചത്. അത്‌ലറ്റിക് താരവും റഗ്ബി കളിക്കാരനുമായിരുന്നു ഓവന്‍. സുഹൃത്തുക്കളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ ജീവന്‍ വെടിഞ്ഞ ഓവനെ ബീസ്റ്റണ്‍ വെയര്‍ സമൂഹം ഹീറോ എന്നാണ് വിശേഷിപ്പിച്ചത്. ഓവന്റെ അമ്മ നിക്കോള, അച്ഛന്‍ ഗാരി, സഹോദരന്‍ ജോര്‍ദാന്‍ എന്നിവര്‍ ഇന്‍ക്വസ്റ്റ് കേള്‍ക്കാന്‍ എത്തിയിരുന്നു.

Copyright © . All rights reserved