ലണ്ടന്‍: ഹീറ്റ് വേവ് മൂലം ചൂട് വര്‍ദ്ധിച്ചിട്ടും യൂണിഫോമില്‍ കടുംപിടിത്തം തുടര്‍ന്ന സ്‌കൂളിനെതിരെ ആണ്‍കുട്ടികള്‍ നടത്തിയ പാവാട സമരം ഫലം കണ്ടു. കടുത്ത ചൂടുള്ള കാലാവസ്ഥയില്‍ ഇനി ഷോര്‍ട്‌സ് ധരിക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. ചൂട് 30 ഡിഗ്രി വരെ ഉയര്‍ന്നതോടെ ഷോര്‍ട്‌സ് ധരിക്കാന്‍ അനുമതി ആവശ്യപ്പെട്ട് വിദാര്‍ത്ഥികള്‍ അധ്യാപകരെ സമീപിച്ചിരുന്നു. എന്നാല്‍ യൂണിഫോം നയം മാറ്റാന്‍ കഴിയില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ നിലപാട്.
പെണ്‍കുട്ടികള്‍ പാവാട ധരിക്കുന്നുണ്ട്. തങ്ങള്‍ മാത്രമാണ് ചൂടില്‍ ഉരുകുന്നതെന്ന് കുട്ടികള്‍ പറഞ്ഞപ്പോള്‍ നിങ്ങള്‍ക്കും പാവാട ധരിക്കാമല്ലോ എന്ന പരിഹാസമായിരുന്നു മറുപടി. ഇതോടെ ആണ്‍കുട്ടികള്‍ പാവാട ധരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 30 ഓളം കുട്ടികള്‍ പാവാട ധരിച്ച് ക്ലാസിലെത്തി. സംഭവം വാര്‍ത്തയാകുകയും ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. ഇതോടെയാണ് ഇളവുകള്‍ വരുത്താന്‍ സ്‌കൂള്‍ തയ്യാറായത്.
ഇളവുകള്‍ വരുത്തിയെങ്കിലും അടുത്ത വര്‍ഷം മുതല്‍ മാത്രമേ ആണ്‍കുട്ടികള്‍ക്ക് ഷോര്‍ട്‌സ് ഉപയോഗിക്കാന്‍ കഴിയൂ. പ്രതിഷേധിച്ച കുട്ടികള്‍ക്കെതിരെ ശിക്ഷാ നടപടികള്‍ ഉണ്ടാവില്ലെന്നും സ്‌കൂള്‍ വ്യക്തമാക്കി. ഷോര്‍ട്‌സിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സ്‌കൂള്‍ അറിയിച്ചു. എന്നാല്‍ യൂണിഫോമില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ലാത്തതിനാലാണ് അനുവദിക്കാന്‍ കഴിയാത്തതെന്നാണ് വിശദീകരണം.
ലണ്ടന്‍: യുകെയിലെ ഹൗസിംഗ് പ്രതിസന്ധി വരുന്ന വര്‍ഷങ്ങളില്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. 2020 ഓടെ ഭവനരഹിതരാകാന്‍ ഇടയുള്ളത് പത്ത് ലക്ഷത്തിലേറെ കുടുംബങ്ങളാണെന്ന് പഠനം. ചാരിറ്റിയായ ഷെല്‍റ്റര്‍ നടത്തിയ പഠനമാണ് ഞെട്ടിക്കുന്ന ഈ വിവരം വെളിപ്പെടുത്തുന്നത്. ഉയരുന്ന വാടക, ബെനഫിറ്റുകള്‍ ഇല്ലാതാകുന്നത്, സോഷ്യല്‍ ഹൗസിംഗിന്റെ അഭാവം എന്നിവയാണ് ഇത്രയും കുടുംബങ്ങള്‍ വഴിയാധാരമാകാന്‍ കാരണമെന്ന് പഠനം പറയുന്നു.
കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടുകള്‍ വാങ്ങാന്‍ കഴിയില്ല എന്നതു മാത്രമല്ല, സ്വകാര്യ മേഖലയിലെ വാടക നല്‍കാനുള്ള ശേഷിയും ഇല്ലാതാകും. ഇതോടെ വാടക വീടുകളില്‍ നിന്ന് കുടിയിറക്കലുകള്‍ വര്‍ദ്ധിക്കുകയും ഭവനരാഹിത്യം വര്‍ദ്ധിക്കുകയും ചെയ്യും. ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തത്തിനു ശേഷം ഓവര്‍ ഹൗസിംഗ് നയം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാരിനു മേല്‍ ഉയരുന്ന സമ്മര്‍ദ്ദത്തിന് ഈ പഠനം ആക്കം കൂട്ടുമെന്നാണ് കരുതുന്നത്. കൗണ്‍സില്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ സുരക്ഷാപ്പിഴവുകളാണ് ഗ്രെന്‍ഫെല്‍ ടവര്‍ ദുരന്തം സൂചിപ്പിക്കുന്നത്.
സോഷ്യല്‍ ഹൗസിംഗ് മേഖലയില്‍ വീടുകള്‍ ലഭിക്കാതെ വരുമ്പോള്‍ സ്വകാര്യ മേഖലയെ ആശ്രയിക്കേണ്ട ഗതികേടിലേക്ക് ജനങ്ങള്‍ പോകും. ഹൗസിംഗ് ബെനഫിറ്റുകള്‍ 2020 വരെ മരവിപ്പിച്ചിരിക്കുകയാണ്. ഇത് തുടരുന്നതോടെ ഒരാള്‍ക്ക് മാത്രം ജോലിയുള്ള 3,75,000 കുടുംബങ്ങള്‍ പെരുവഴിയിലേക്ക് ഇറക്കപ്പെടുമെന്നാണ് വിശദീകരിക്കപ്പെടുന്നത്. ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ അനുസരിച്ച് വാടക വീടുകളില്‍ കഴിയുന്ന 2,11,000 കുടുംബങ്ങളും കുടിയിറക്കപ്പെടുമെന്നാണ് മുന്നറിയിപ്പ്.
ലണ്ടന്‍: വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകളില്‍ അസൈന്‍മെന്റുകള്‍ നല്‍കാറുണ്ട്. ഈ അസൈന്‍മെന്റുകള്‍ കുട്ടികളുടെ ഗവേഷണാഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിനും മറ്റുമായാണ് വിഭാവനം ചെയ്തിരിക്കുന്നത്. എന്നാല്‍ ലണ്ടനിലെ ഒരു സ്‌കൂള്‍ കുട്ടികള്‍ക്ക് നല്‍കിയ അസൈന്‍മെന്റ് കേട്ടാല്‍ ഞെട്ടും. ആത്മഹത്യാക്കുറിപ്പ് തയ്യാറാക്കാനാണ് അവര്‍ക്ക് നല്‍കിയ നിര്‍ദേശം. ഇംഗ്ലീഷ് ക്ലാസില്‍ ഷേക്‌സ്പിയറിന്റെ മാക്‌ബെത്ത് ഗ്രൂപ്പ് സ്റ്റഡീസിന്റെ ഭാഗമായി നല്‍കിയപ്പോളായിരുന്നു സംഭവം. ലേഡി മാക്‌ബെത്തിന്റെ ആത്മഹത്യയാണ് ഈ അസൈന്‍മെന്റിന് പ്രേരണയായതത്രേ!
കിഡ്ബ്രൂക്ക് തോമസ് റ്റാലിസ് സ്‌കൂളിലാണ് 60 കുട്ടികള്‍ക്ക് വിചിത്രമായ അസൈന്‍മെന്റ് കുട്ടികള്‍ക്ക് നല്‍കിയത്. അസൈന്‍മെന്റ് ലഭിച്ച ഒരു കുട്ടിയുടെ മൂന്ന് സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്തവരാണ്. ഈ അസൈന്‍മെന്റ് കുട്ടിക്ക് വലിയ മാനസിക സംഘര്‍ഷമാണ് സമ്മാനിച്ചതെന്ന് മാതാവ് അറിയിച്ചു. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ത്തന്നെ സ്‌കൂള്‍ അധികൃതരെ വിവരമറിയിച്ചിരുന്നുവെന്ന് അവര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ മാപ്പപേക്ഷയുമായി രംഗത്തെത്തിയിട്ടുണ്ട്.
രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ഈ അസൈന്‍മെന്റ് ലഭിച്ചു. ചിലര്‍ അത് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇവരില്‍ എത്ര കുട്ടികള്‍ വിഷാദ രോഗികളായിരിക്കാമെന്ന് രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നു. ഇത്തരം ഒരു ജോലി ഇവരെ എങ്ങനെയായിരിക്കും സ്വാധീനിക്കുക എന്ന സംശയവും ഇവര്‍ ഉയര്‍ത്തുന്നുണ്ട്. ഷേക്‌സ്പിയര്‍ പഠിക്കുന്നത് നല്ലത് തന്നെ പക്ഷേ അതിന്റെ ഭാഗമായി ആത്മഹത്യാക്കുറിപ്പ് എഴുതിക്കുന്നത് അത്ര നല്ല പ്രവണതയല്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. നടപടി എടുത്തിട്ടുണ്ടെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നും ഹെഡ്ടീച്ചര്‍ കരോളിന്‍ റോബര്‍ട്ട്‌സ് പറഞ്ഞു.
യുകെ മലയാളികളെ സംബന്ധിച്ചിടത്തോളം വിശ്വസിക്കാൻ പറ്റാത്ത ഒരു വാർത്തയുമായാണ് ഇന്നത്തെ പ്രഭാതം കണ്ടത്. എഡിൻബൊറോയിലെ മലയാളികൾ മാത്രമല്ല യുകെയിലുള്ള എല്ലാ മലയാളികളും ഞെട്ടലോടെയാണ് ഫാദർ മാർട്ടിന്റെ മരണവാർത്തയെ സ്വീകരിച്ചത്. ഇപ്പോഴും അതിന്റെ ഞെട്ടലിനിന്ന് മോചിതരല്ലാത്ത യുകെ മലയാളികൾ, മിക്ക സദസ്സുകളിലും ചർച്ച അച്ചനെക്കുറിച്ചു മാത്രം. എങ്കിലും മുൻ തീരുമാനപ്രകാരമുള്ള യുക്മ നാഷണൽ സ്പോർട്സ് ബിർമിങ്ഹാമിൽ നടക്കുകയുണ്ടായി. മാനം ഇരുണ്ടു കാണിച്ചു പേടിപ്പിച്ചു എങ്കിലും മഴയായി പെയ്തിറങ്ങാൻ മറന്നുപോയപ്പോൾ യുക്മ കായികമേളക്ക് അത് ഒരു അനുഗ്രഹമായി മാറുകയായിരുന്നു. രാവിലെ പതിനൊന്നര മണിയോടുകൂടി ഉത്‌ഘാടനം കുറിച്ച യുക്മ കായികമേള അതിന്റെ അവസാനം കൊടിയിറങ്ങിയപ്പോൾ ചാംബ്യൻ പട്ടം നിലനിർത്തി മികവ് തെളിയിച്ചവർ സ്റ്റോക്ക് ഓൺ ട്രെന്റുകാർ.

നൂറിൽപ്പരം അസോസിയേഷനുകൾ ഉള്ള യുക്മയിൽ ഒരിക്കൽ കൂടി എസ് എം എ കിരീടമുയർത്തിയപ്പോൾ തിളങ്ങിയത് മൂന്ന് വ്യക്തിഗത ചാംബ്യൻമാരുമായി സ്റ്റോക്ക് ഓൺ ട്രെന്റിലെ കുട്ടിപ്പട്ടാളം തന്നെ. റീജിണൽ കായികമേളയിൽ പെൺകുട്ടികളുടെ സബ് ജൂണിയർ വിഭാഗത്തിൽ വ്യക്തിഗത ചാംബ്യനായിരുന്ന അനീഷ വിനു, തന്റെ പതിവ് ആവർത്തിച്ചപ്പോൾ അൻപതു മീറ്റർ, നൂറ് മീറ്റർ, ലോങ്ങ് ജംബ് എന്നിവയിൽ ഒന്നാം സ്ഥാനത്തേക്ക് പറന്നുകയറുകയും 4 x 100 റിലേയിൽ ഒന്നാമതെത്തുകയും ചെയ്തപ്പോൾ സബ് ജൂനിയറിലെ വ്യക്തിഗത ചാംബ്യൻഷിപ്പിന് മറ്റൊന്ന് സംഭവിച്ചില്ല. മറ്റൊരു മിടുക്കി ഷാരോൺ ടെറൻസ്.. സ്പോർട്സിൽ വളരെയധികം താല്പര്യമുള്ള മാതാപിതാക്കൾ, എന്ത് ത്യാഗം ചെയ്തതും പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിച്ചപ്പോൾ വിരിഞ്ഞത് മറ്റൊരു ചാംബ്യൻ. ജൂണിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ നൂറ് മീറ്റർ, ഇരുന്നൂറ് മീറ്റർ, ലോങ്ങ് ജംബ് എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജൂണിയറിലെ വ്യക്തിഗത ചാംബ്യൻഷിപ് ഷാരോണിൽ എത്തിച്ചേർന്നു. കൂടാതെ 4 x 100 റിലേയിൽ ഒന്നാമതെത്തുകയും കൂടിയായപ്പോൾ എസ് എം യുടെ ഓവറോൾ ചാമ്ബ്യൻഷിപ്പിലേക്കുള്ള ദൂരം കുറഞ്ഞതായി.

എല്ലാവരെയും പിന്നിലാക്കി അന്പത് മീറ്റർ, നൂറു മീറ്റർ എന്നിവ കൂടാതെ ബോർഡ് ജംപിൽ ഒന്നാമതെത്തി ഏവരെയും ഞെട്ടിച്ച് കിഡ്‌സ് വിഭാഗത്തിൽ മൽസരിച്ച കുട്ടികുറുമ്പൻ റയൻ ജോബിയാണ്. കിഡ്‌സിലെ പെൺകുട്ടികളുടെ വിഭാഗത്തിൽ സിയന്ന സോണിയും ബോർഡ് ജംപിൽ ഒന്നാം സ്ഥാനം നേടി. സർവ്വകാലാവല്ലഭയായ ആഞ്ചലീന സിബിയാണ് മറ്റൊരു താരം. യുക്മ കലാമേളയിൽ എന്നല്ല സ്‌കൂൾ തലങ്ങളിൽ പോലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ആഞ്ജലീന സിബി. കായികമേളയിൽ എണ്ണൂർ മീറ്ററിൽ ഒന്നാമതെത്തിയപ്പോൾ ലോങ്ങ് ജംപിൽ മൂന്നാം സ്ഥാനത്തെത്തി.

എടുത്തുപറയേണ്ട മറ്റൊരു നേട്ടം കരസ്ഥമാക്കിയത് നികിത സിബിയും ആങ്ങളയായ നോയൽ സിബിയും ചേർന്നാണ്. നികിത 200 മീറ്ററിൽ മൂന്നാമതെത്തിയപ്പോൾ നോയൽ സിബി നൂറ് മീറ്ററിലും അന്പത് മീറ്ററിലും മൂന്നാം സ്ഥാനം നേടിയെടുത്തു. എസ് എം എ യുടെ പ്രസിഡണ്ട് ഷോട്ട് പുട്ടിൽ മൂന്നാം സ്ഥാനം കരഗതമായപ്പോൾ വിജയത്തിന് ഇരട്ടി മധുരം. അഭിമാനിയ്ക്കാൻ ഒരു പിടി നേട്ടങ്ങളുമായി എസ് എം എ, സ്റ്റോക്ക് ഓൺ ട്രെന്റിന് യാത്രതിരിച്ചപ്പോൾ പ്രസിഡണ്ട് വിനു ഹോർമിസിന്റെയും സെക്രട്ടറി ജോബി ജോസിന്റെയും നേതൃത്വത്തിലുള്ള ഭാരവാഹികൾക്ക് ഇത് അഭിമാന നിമിഷം… കൂടുതൽ വാർത്തകൾ പിന്നീട്
ഇന്നലത്തെ വാർത്ത കാണുക…



ഇംഗ്ലണ്ടിലെ വിശ്വാസികൾക്ക് പള്ളികളിലെ കളക്ഷന് ഇനി മുതൽ മോഡേൺ ടെക്നോളജി ഉപയോഗിക്കാം. പള്ളികൾ കുർബാന മദ്ധ്യേയുള്ള പിരിവിനായി കാർഡ് ഉപയോഗിക്കാൻ പദ്ധതി തയ്യാറാക്കി. ഓഗസ്റ്റ് മുതൽ ഈ സംവിധാനം നടപ്പാക്കിത്തുടങ്ങും. തുടക്കത്തിൽ നാല്പത് പള്ളികളിലാണ് കാർഡ് പേയ്മെന്റ് പരീക്ഷിക്കുന്നത്. ചർച്ച് ഓഫ് ഇംഗ്ലണ്ടാണ് തങ്ങളുടെ കീഴിലുള്ള പള്ളികളിൽ കോണ്ടാക്റ്റ് ലെസ് കാർഡും പേയ്മെൻറ് ടെർമിനലും ഉപയോഗിച്ചുള്ള ചരിത്രപരമായ മാറ്റത്തിന് തുടക്കം കുറിക്കുന്നത്. നിലവിലുള്ള പ്ലേറ്റ് സംവിധാനം ഇതോടെ ഇല്ലാതാകും. ഹാർവെസ്റ്റ് ഫെസ്റ്റിവലിനും ക്രിസ്മസിനും പുതിയ കളക്ഷൻ സംവിധാനം ഉപയോഗിക്കും.
പുതിയ തലമുറ കാഷ് ഉപയോഗിക്കാൻ കാണിക്കുന്ന വിമുഖതയ്ക്ക് ഒരു പരിഹാരമായാണ് ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതെന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നാഷണൽ സ്റ്റീവാർഡ്ഷിപ്പ് ഓഫീസർ ജോൺ പ്രെസ്റ്റൺ പറഞ്ഞു. ഏതൊക്കെ പള്ളികളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് ഉടൻ തീരുമാനിക്കും. വിജയകരമാണ് എങ്കിൽ എല്ലാ രൂപതകളിലും ഇത് നടപ്പാക്കും. വിവാഹവേളകൾ, മാമ്മോദീസ ചടങ്ങുകൾ എന്നിവ നടക്കുമ്പോഴും ഡിജിറ്റൽ കളക്ഷൻ ഉപയോഗിക്കും. സ്ഥിരമായി പള്ളികളിൽ വരാത്തവർ ഇത്തരം ചടങ്ങുകൾക്ക് എത്തുമ്പോൾ കാഷ് കരുതാറില്ലാത്തതിനാൽ ഡൊണേഷൻ നല്കാൻ കാർഡ് ഉപയോഗിക്കാനാകും. ചാരിറ്റി മേഖലയിൽ നടത്തിയ ഡിജിറ്റൽ കളക്ഷൻ പരീക്ഷണം വൻ വിജയമായിരുന്നു. ബോക്സ് ഡൊണേഷനേക്കാൾ മൂന്ന് മടങ്ങ് തുക ഡിജിറ്റൽ സംവിധാനം വഴി ജനങ്ങൾ കൂടുതൽ നല്കി.
ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ ഫാ. മാര്‍ട്ടിന്റെ മൃതദേഹം തിങ്കളാഴ്ച്ച പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മൃതദേഹമിപ്പോള്‍ എഡിന്‍ബര്‍ഗ്ഗില്‍ പോലീസിന്റെ നിയന്ത്രണത്തിലുള്ള മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണ കാരണത്തേക്കുറിച്ചുള്ള ദുരൂഹതകള്‍ തുടരുകയാണ്. ഒരു സാധാരണ ആധ്യാത്മിക സ്വഭാവമുള്ള വൈദീകനപ്പുറം പ്രത്യേകിച്ച് ശ്രദ്ധിക്കപ്പെടേണ്ട സ്വഭാവങ്ങള്‍ ഫാ. മാര്‍ട്ടിന് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശീകര്‍ പറയുന്നു. അല്പം ഉള്‍പ്രദേശങ്ങളില്‍ വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകുന്ന പ്രകൃതം ഫാ. മാര്‍ട്ടിനുണ്ട്. കൂടാതെ വിശ്വാസികള്‍ കുറഞ്ഞു കൊണ്ടിരുന്ന എഡിന്‍ബ്രോ രൂപതയിലെ ക്രിസ്റ്റോര്‍ഫിന്‍ ഇടവകയില്‍ ഫാ. മാര്‍ട്ടിന്‍ എത്തിയ കാലം മുതല്‍ പാശ്ചാത്യ വിശ്വാസികളുടെ എണ്ണത്തില്‍ ക്രമാധീതമായ വര്‍ദ്ധനവ് സംഭവിച്ചിട്ടുണ്ട്. ഇത് രണ്ടുമാണ് ഫാ. മാര്‍ട്ടിന്‍ സ്‌കോട്‌ലന്റില്‍ അല്പമെങ്കിലും ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയുള്ള സംഗതികള്‍.
ബ്രിട്ടണില്‍ സമീപകാലങ്ങളില്‍ ഉണ്ടായ സംഭവ വികാസങ്ങള്‍ ഫാ. മാര്‍ട്ടിന്റെ മരണത്തിന് കാരണമായോ എന്നും പരിശോധിക്കുന്നു. നിനച്ചിരിക്കാതെ ആരുടെയോ കൈകളില്‍ പെട്ടതാണന്ന് സാഹചര്യങ്ങള്‍ വിലയിരുത്തുന്നു. മൊബൈല്‍ ഫോണും പാസ്‌പോര്‍ട്ടുമുള്‍പ്പെടെ വില പിടിപ്പുള്ള എല്ലാം സുരക്ഷിതമാണെന്നുള്ളത് കൂടുതല്‍ സംശയങ്ങള്‍ക്ക് വഴിതെളിക്കുന്നു.
നിയമപരമായ നടപടിക്രമങ്ങള്‍ സ്‌കോട്‌ലാന്റ് പൊലീസ് ആരംഭിച്ചു കഴിഞ്ഞു. അസ്വാഭാവികമരണമെന്നാണ് പോലീസ് ഇതിനെ വിശേഷിപ്പിച്ചത്. ആദ്യം ഫാ. മാര്‍ട്ടിന്‍ എവിടെ ഉണ്ടെന്ന് കണ്ടു പിടിക്കുക എന്ന ലക്ഷ്യമായിരുന്നു. അത് കഴിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അന്വേഷണം കൂടുതല്‍ ഉയരങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നറിയുന്നു. എഡിന്‍ബര്‍ഗ്ഗ് അതിരൂപതയിലെ വൈദീക സമൂഹവും CMl സഭയുടെ പ്രതിനിധിയായി ലണ്ടനില്‍ നിന്നെത്തിയ ഫാ.കെവിനും ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളിയൊടൊപ്പം ഉന്നത പൊലീസധികാരികളുമായി ചര്‍ച്ച നടത്തിയിരുന്നു. കൂടാതെ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പളിയsക്കമുള്ളവര്‍ ഫാ. മാര്‍ട്ടിന്റെ മൃതശരീരം നേരില്‍ കണ്ടിരുന്നു. പ്രത്യക്ഷത്തില്‍ കാണാവുന്ന പരിക്കുകള്‍ ഒന്നും തന്നെ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫാ. മാര്‍ട്ടിന്റെ മരണത്തെ വളരെ ഗൗരവത്തോടെ കാണുന്നുവെന്നും മരണകാരണം എത്രയും വേഗത്തില്‍ വെളിച്ചത്ത് കൊണ്ടുവരുമെന്നും ഉന്നത പൊലീസധികാരികള്‍ അറിയിച്ചു.
കൂടാതെ സ്‌കോട്‌ലാന്റിലുള്ള മലയാളി സമൂഹവും മറ്റ് അസ്സോസ്സിയേഷനുകളും എഡിന്‍ബര്‍ഗ് അതിരൂപതാ അധികൃതരുമായി സംസാരിച്ച് സഹായ വാഗ്ദാനങ്ങള്‍ ചെയ്തിട്ടുണ്ട്.

ഫാ. മാര്‍ട്ടിന്റെ മൃതശരീരം കിടന്ന ഡാന്‍ബാര്‍ ബീച്ച്
സെന്റ് ആന്‍ഡ്രൂസ്എഡിന്‍ബര്‍ഗ്ഗ് അതിരൂപത ആര്‍ച്ച് ബിഷപ്പ് ലിയോ വില്യം കുഷ്‌ലി, ഫാദര്‍ മാര്‍ട്ടിന്‍ സേവ്യറിന്റെ വിയോഗത്തില്‍ അതീവ ദു:ഖവും അദ്ദേഹത്തിന്റെ കുടുംബത്തോടുo സി എം ഐ സഭാ സമൂഹത്തോടു മുള്ള അനുശോചനവും പത്രക്കുറിപ്പിലൂടെ അറിയിച്ചു കഴിഞ്ഞു. തുടര്‍ നടപടികള്‍ക്ക് പരിപൂര്‍ണ്ണ സഹകരണം അതിരൂപതയുടെ ഭാഗത്തു നിന്നും വാഗ്ദാനം ചെയ്യുകയും ചെയ്തു. ഈ രൂപതയിലെ തന്നെ മറ്റൊരു മലയാളി വൈദികനും മാര്‍ട്ടിനച്ചന്റെ സുഹൃത്തുമായ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളി
ഇനിയുള്ള നടപടിക്രമങ്ങള്‍ക്ക് നേത്രത്വം നല്കും.
മാര്‍ട്ടിനച്ചനെ കാണാതായ നിമിഷം മുതല്‍ സ്‌കോട്‌ലാന്‍ഡിനെ പ്രമുഖ മലയാളീ അസോസിയേഷനായ കലാകേരളം ഗ്ലാസ്ഗോ ഇന്‍ഡ്യന്‍
കോണ്‍സുലേറ്റുമായി ബന്ധപ്പെടുകയും അന്വേഷണ വിവരങ്ങളുടെ പുരോഗതി അറിയികയും ചെയ്തു കൊണ്ടിരിക്കുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവില്‍ കിട്ടിയ വിവരം അനുസരിച്ച്
എഡിന്‍ബര്‍ഗ്ഗിനടുത്തുള്ള ഡന്‍ബാര്‍ ബീച്ചില്‍ നിന്നുമാണ് മൃതശരീരം ലഭിച്ചെതെന്നാണ് അറിയിച്ചിരിക്കുന്നത്.
തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ക്ക് ഏതു സമയത്തും എംബസിയുമായി ബന്ധപ്പെടാമെന്നും അറിയിച്ചിട്ടുണ്ട്.
രാവിലെ 10 മണിയുടെ കുര്‍ബാനയ്ക്ക് ശേഷം തുരുത്തിപ്പള്ളി അച്ചനും എഡിന്‍ബര്‍ഗ്ഗ് രൂപതയിലെ മറ്റു വൈദികരുമായി നടക്കുന്ന മീറ്റിംഗില്‍ ഭാവി കാര്യങ്ങള്‍ തീരുമാനിക്കും .
സെന്റ് ആന്‍ഡ്രൂസ് എഡിന്‍ബര്‍ഗ്ഗ് അതിരൂപതാധികൃതരുമായി കലാകേരളം ഗ്ലാസ് ഗോ പ്രതിനിധികള്‍ ബന്ധപ്പെട്ട് എല്ലാവിധ സഹകരണവും അറിയിച്ചിട്ടുണ്ട്
സ്‌കോട്‌ലാന്‍ഡ് പോലീസില്‍ 1307 നംബര്‍ പ്രകാരം ജൂണ്‍ 22നാണ് കേസ് രജിസ്ട്രര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. ഫാദര്‍ മാര്‍ട്ടിന്റെ വേര്‍പാടില്‍ മലയാളം യുകെയുടെ അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും
ബിജോ തോമസ് അടവിച്ചിറ
യുകെയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയില്‍ മാർട്ടിൻ അച്ഛന്റെ വിയോഗം, പത്രങ്ങളിൽ വായിച്ചു. അപരിചിതമായ ആ ദുരന്തം ചെറിയ ഒരു കുട്ടനാടൻ ഗ്രാമത്തിന്റെ നെഞ്ചുപിളർത്തിയതിന്റെ വേദനയിൽ ആണ് ഗ്രാമവാസികളും അച്ഛന്റെ സുഹൃത്തുക്കളും.
വെള്ളിയാഴ്ചയാണ് വൈദികനെ താമസസ്ഥലത്തുനിന്നു കാണാതായെന്ന വാര്‍ത്തകള്‍ വന്നത്. 2013 ഡിസംബറില്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. മാര്‍ട്ടിന്‍ സേവ്യര്‍, ചെത്തിപ്പുഴ പള്ളിയില്‍ സഹവികാരിയായിരിക്കെയാണ് 2016 ജൂലായില്‍ സ്‌കോട്ട്ലന്‍ഡിലേക്ക് പോയത്. അവിടെ പി.എച്ച്.ഡി പഠനത്തോടൊപ്പം, എഡിന്‍ബറോ രൂപതയുടെ കീഴിലുള്ള ക്രിസ്റ്റോര്‍ഫിന്‍ ഇടവകയുടെ ചുമതലയും വഹിച്ചു വരികയായിരുന്നു. ചൊവ്വാഴ്ച വരെ നാട്ടിലെ ബന്ധുക്കളുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയിരുന്ന വൈദികനെപ്പറ്റി ബുധനാഴ്ച മുതലാണ് വിവരമൊന്നും ഇല്ലാതായത്. പിഎച്ച്ഡി പഠനത്തോടൊപ്പം ഇടവകയുടെ ചുമതലയും വഹിച്ചിരുന്ന വൈദികന്‍ ദിവ്യബലിയര്‍പ്പിക്കാന്‍ എത്താതിരുന്നതോടെ അന്വേഷിച്ചെത്തിയ വിശ്വാസികളാണ് താമസസ്ഥലത്തിനടുത്തുള്ള ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായാണ് വിവരം അറിയുന്നത്.
നീണ്ട ഇരുപതു വർഷത്തിന് മുകളിൽ അടുത്ത സൗഹൃദം അച്ഛനുമായും അവരുടെ കുടുംബവുമായി ഉണ്ടായിരുന്ന ഒരു സഹപാഠി എന്ന നിലയിൽ എന്റെ ഉള്ളിലെ തീരാനഷ്ടവും വേദനയും പങ്കുവച്ചാണ് ഞാൻ ഇത് എഴുതുന്നത്. ഫാദർ മാർട്ടിൻ സൺഡേ മതബോധന ക്‌ളാസ്സിൽ എന്റെ സഹപാഠി ആയിരുന്നു. ആ കാലങ്ങളിൽ പതിഞ്ഞ ശബ്ദത്തിൽ മാത്രം സംസാരിച്ചിരുന്ന മാർട്ടിൻ ഏവരുടെയും സൗഹൃദപാത്രം ആയിരുന്നു. സ്കൂൾ കാലം മുതലേ പ്രാര്‍ത്ഥന കാര്യങ്ങളിലും പള്ളിയുമായും അടുത്ത ബന്ധം പുലർത്തിയിരുന്ന മാർട്ടിൻ സ്കൂൾ പഠന കാലശേഷം സെമിനാരിയിൽ പോയത് കൂട്ടുകാർക്ക് അത്ഭുതമായി തോന്നിയില്ല. സഹചാരിയെ അകാലത്തിൽ നഷ്ടപെട്ട വേദനയിൽ ആണ് പുളിങ്കുന്ന് സെന്റ് : ജോസഫ് സ്കൂളും അവിടുത്തെ സിഎംഐ സന്യാസസമൂഹവും. സിഎംഐ സഭയുടെ കീഴിൽ തന്നെയുള്ള കെ ഇ കാർമൽ സ്കൂളിൽ അച്ഛന്റെ വിലമതിക്കുന്ന സേവനം അവിടുത്തെ കോ സ്റ്റാഫ് അംഗങ്ങൾ സ്നേഹപൂര്‍വ്വം ഓർക്കുന്നു. ദുരന്ത വാർത്ത മലയാളംയുകെ പത്രത്തിലൂടെയും രാവിലെ പള്ളിയിലൂടെയും അറിഞ്ഞ നാട്ടുകാരും സുഹൃത്തുക്കളും വീട്ടിലേക്കു പ്രവഹിക്കുകയാണ്. ‘അമ്മ കുറച്ചു നാൾ മുൻപേ നഷ്ടപെട്ട മാർട്ടിൻ അച്ഛന്റെ പിതാവ് വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടർന്ന് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ മേലാത്ത അവസ്ഥയിലാണ്. സഹോദരി സഹോദരമാരായി എട്ടുപേർ ഉള്ള കുടുബത്തിലെ ഏറ്റവും ഇളയ പുത്രൻ ആയിരുന്നു മാർട്ടിൻ അച്ചന്‍. ദുരന്ത വാർത്ത അറിഞ്ഞു വീട്ടിലെത്തുന്ന നാട്ടുകാർ വീട്ടുകാരെ ആശ്വസിപ്പിക്കുന്നതോടൊപ്പം, കൂടെ സഹോദരനായും മകനായും കുട്ടുകാരനായും കണ്ടുകൊണ്ടിരുന്ന തങ്ങളുടെ മാർട്ടിന് എങ്ങനെ ഒരു അപകടം പിണഞ്ഞു എന്നോർത്ത് വിലപിക്കുന്നു.
സത്യം ഉടൻ പുറത്തു വരും എന്ന പ്രതീക്ഷയിലാണ് ഈ ദുഃഖത്തിലും നാട്ടുകാരും സുഹൃത്തുക്കളും. പ്രിയ സുഹൃത്തും സഹപാഠിയുമായ മാർട്ടിൻ അച്ഛന്റെ അകാല വിയോഗത്തിൽ ലേഖകൻ എന്നതിലുപരി ഒരു കൂട്ടുകാരനെ നഷ്ടപെട്ട സഹപാഠിയായി നിങ്ങളോടൊപ്പം ഹൃദയത്തിൽ നിന്നുള്ള അഗാധദുഃഖത്തിൽ പങ്കുചേരുന്നു . വീട്ടുകാരോടൊപ്പം അച്ഛന്റെ ആത്മാവിന്റെ നിത്യശാന്തിക്കായുള്ള പ്രാത്ഥനയിൽ പങ്കു ചേരുന്നു. ഒപ്പം യുകെ മലയാളികളുടെ കൂടെ പ്രവർത്തിക്കുന്ന ചാരിറ്റബിൾ ഫൗണ്ടേഷനും പ്രമുഖ ഓൺലൈൻ ന്യൂസ് പത്രവുമായ മലയാളം യുകെയുടെ പ്രതിനിധികളുടെയും അഗാധ ദുഃഖം കുടുബാംഗങ്ങളെ അറിയിക്കുന്നു.
എഡിന്‍ബറോ: കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ച മുതൽ ദുരൂഹസാഹചര്യത്തില്‍ സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നും കാണാതായ മലയാളി വൈദികൻ ഫാദർ മാർട്ടിൻ മരിച്ചതായി കണ്ടെത്തി. സിഎംഐ സഭാംഗവും ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയും സെന്റ്: മേരീസ് ഫൊറോനാപ്പള്ളി ഇടവകാംഗവും ആയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ തെക്കേപുത്തൻപറമ്പ് ( വാഴച്ചിറ, 33)ന്റെ മൃതദേഹം ആണ് കണ്ടെത്തിയതായി നാട്ടിലെ ബന്ധുക്കൾക്ക് വിവരം ലഭിച്ചിരിക്കുന്നത്. സി എം ഐ സഭയിലെ വൈദീകർ അച്ചന്റെ വീട്ടിലെത്തി വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
അച്ചന്റെ താമസ സ്ഥലത്തുനിന്നും ഏകദേശം പന്ത്രണ്ട് മയിൽ അകലെ കടൽ തീരത്താണ് ബോഡി കണ്ടെടുത്തത് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ബുധനാഴ്ച്ച രാവിലെ നായയുമായി നടക്കാൻ പോയവരാണ് അജ്ഞാതമായ ഒരു മൃതദേഹം കാണുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തത്. പിന്നീട് പോലീസും ആംബുലൻസ് സർവീസും ചേർന്ന് തിരിച്ചറിയാത്ത ബോഡി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ മരിച്ചത് ഫാദർ മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരിച്ചത്, ഇന്നലെ പോലീസ് അച്ചന്റെ മുറിയിനിന്നും കണ്ടെത്തിയ ഫോറൻസിക് വിവരങ്ങൾ മോർച്ചറിയിൽ ഉണ്ടായിരുന്ന ബോഡിയുടെ വിവരങ്ങളുമായി ഒത്തുനോക്കിയതിന് ശേഷമായിരുന്നു. അടുത്ത ചൊവ്വാഴ്ചയാണ് പോസ്റ്റ്മാർട്ടം ഉണ്ടാവുക എന്നതാണ് ഇപ്പോൾ കിട്ടുന്ന വിവരം. എന്താണ് മരണകാരണമെന്ന് അതിന് ശേഷമേ വ്യക്തമാകുകയുള്ളു.
ഞായറാഴ്ച തിരുക്കര്‍മ്മങ്ങള്‍ക്കുശേഷം ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിവരെ വൈദികനുമായി നേരിട്ടും, ഫോണിലും സംസാരിച്ചവരുണ്ട്. എന്നാല്‍ അതിനുശേഷം ഒരു വിവരവും ഇല്ലാതായതോടെയാണ് രൂപതാധികൃതര്‍തന്നെ കാണാതായ വിവരം പൊലീസില്‍ അറിയിച്ചത്. പഴ്‌സും പാസ്‌പോര്‍ട്ടും മറ്റ് സ്വകാര്യസാമഗ്രികളും എല്ലാം റൂമില്‍തന്നെയുണ്ട്, മുറിയുടെ വാതില്‍ തുറന്നുമാണ് കിടന്നിരുന്നത്. വ്യാഴാഴ്ച്ച രാവിലെ വിശുദ്ധ കുര്‍ബാനയ്‌ക്കെത്തിയ വിശ്വാസികളാണ് വൈദീകന്റെ അസാന്നിധ്യം രൂപതാധികൃതരെ അറിയിച്ചത് എന്നാണ് പോലീസിന്റെ നോട്ടീസിൽ പറഞ്ഞിട്ടുള്ളത്. ഉടൻതന്നെ രൂപതാ അധികൃതർ പോലീസിൽ അറിയിക്കുകയായിരുന്നു.
പുളിങ്കുന്ന് കണ്ണാടി വാഴച്ചിറ മാമ്മച്ചന്റെ മകനായ ഫാ. മാര്‍ട്ടിന്‍ 2013 ലാണ് സി എം ഐ സഭയിലെ അച്ചനായി പട്ടം സ്വീകരിച്ചത്. ചെത്തിപ്പുഴ പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായിരിക്കെ 2016 ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്‌കോട്‌ലന്‍ഡിലേക്കു വന്നത്. പഠനത്തിനൊപ്പം ഫാര്‍കിക് ഇടവകയില്‍ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് എഡിന്‍ബറോ രൂപതയിലെ കോര്‍സ്‌ട്രോഫിന്‍ ‘സെന്റ് ജോണ്‍ ദ ബാപ്റ്റിസ്റ്റ്’ റോമന്‍ കാത്തലിക് പള്ളിയിലായിരുന്നു ഫാ. മാര്‍ട്ടിന്റെ സേവനവും താമസവും. കോര്‍സ്‌ട്രോഫിന്‍ മലനിരകളിലൂടെയുള്ള നടത്തം ഫാ. മാര്‍ട്ടിന്‍ ഏറെ ആസ്വദിച്ചിരുന്നതായി കേസ് അന്വേഷിക്കുന്ന പൊലീസ് പറഞ്ഞിരുന്നു. വൈദികനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ പൊലീസില്‍ അറിയിക്കണമെന്ന് കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍സ്‌പെക്ടര്‍ ക്രെയ്ഗ് റോജേഴ്‌സണ്‍ അറിയിച്ചിരുന്നു. എട്ടുമാസമായി ഇവിടെ താമസിക്കുന്ന വൈദികന് പ്രദേശത്തെ വഴികളും മറ്റും സുപരിചിതമാണെന്നതിനാല്‍ വഴിതെറ്റി അലയാനുള്ള സാധ്യത പോലീസ് തള്ളിയിരുന്നു. ബ്രിട്ടനിലെ സിഎംഐ. വൈദികരും സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയും എഡിന്‍ബറോ രൂപതയുമായി ചേര്‍ന്ന് വൈദികനെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.
ഫാ. മാര്‍ട്ടിന്റെ സുഹൃത്തും കോതമംഗലം രൂപതയിലെ വൈദികനുമായ ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പള്ളില്‍ എഡിന്‍ബറോയിലെത്തിയിരുന്നു. ബ്രിട്ടനിലെ മലയാളി സമൂഹം ഒന്നടങ്കം വിവിധ പള്ളികളിലും പ്രാര്‍ത്ഥന കൂട്ടായ്മകളിലും ഫാ. മാര്‍ട്ടിനുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചിരുന്നു. ഫാ. മാട്ടിന്‍ സുരക്ഷിതമായി തിരിച്ചുവരാനായി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ് മാര്‍ ഡോ. ജോസഫ് സ്രാമ്പിക്കല്‍ വിശ്വാസികളോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഫലമാക്കിയാണ് അച്ചൻ ഈ ലോകത്തോട് വിടപറഞ്ഞത്. ഫാദർ മാർട്ടിന്റെ അകാല വിയോഗത്തിലും, ബന്ധുമിത്രാധികളുടെ ദുഃഖത്തിലും ഞങ്ങളും പ്രാർത്ഥനയോടെ പങ്കുചേരുന്നു..
ലണ്ടന്‍: ബ്രെക്‌സിറ്റില്‍ അടക്കം തെരേസ മേയുടെ പദ്ധതികള്‍ പരാജയപ്പെടുത്തുന്നതിനായി എംപിമാരുടെ കൂട്ടായ്മ പദ്ധതിയിടുന്നു. ഹാര്‍ഡ് ബ്രെക്‌സിറ്റ് അടക്കമുള്ള പദ്ധതികള്‍ക്കെതിരെ എല്ലാ പാര്‍ട്ടികളില്‍ നിന്നുമുള്ള പാര്‍ലമെന്റ് അംഗങ്ങളാണ് പദ്ധതിയിടുന്നത്. അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ ബ്രെക്‌സിറ്റില്‍ മൃദുസമീപനം എടുക്കുമെന്ന് ഉറപ്പാക്കാനുള്ള തന്ത്രങ്ങളാണ് മെനയുന്നത്. രാജ്യം സോഫ്റ്റ് ബ്രെക്‌സിറ്റാണ് ഉദ്ദേശിക്കുന്നതെന്ന് യൂറോപ്യന്‍ യൂണിയനെ മനസിലാക്കിക്കാനും ബിസിനസ് ഗ്രൂപ്പുകളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്ത് നീങ്ങാനും സര്‍ക്കാരിനെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.
തെരേസ മേയുടെ പദ്ധതികള്‍ രാജ്യത്തെ നാശത്തിലേക്കാണ് നയിക്കുന്നതെന്നും പ്രധാനമന്ത്രിയുടെ നിലപാടുകളെ പരസ്യമായി അംഗീകരിക്കാന്‍ കഴിയാത്ത മന്ത്രിമാര്‍ക്ക് ആത്മവിശ്വാസം പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒരു കണ്‍സര്‍വേറ്റീവ് എംപി പറഞ്ഞു. യൂറോപ്യന്‍ യൂണിയന് അഭിമതമായ നിലപാടുകളില്‍ സര്‍ക്കാരിനെ എത്തിക്കാനും ബ്രെക്‌സിറ്റില്‍ കൂടുതല്‍ ഫലവത്തായി പാര്‍ലമെന്റിനെയും ബ്രസല്‍സിനെയും ഏകോപിപ്പിക്കാനും കഴിയുമെന്നും മറ്റൊരു എംപി പ്രത്യാശ പ്രകടിപ്പിച്ചു.
പാര്‍ലമെന്റിന് ഇക്കാര്യത്തില്‍ ഏകോപനം സാധ്യമാകുകയാണെങ്കില്‍ അധികാരം ഏതു വിധത്തിലാണ് തങ്ങളിലേക്ക് എത്തിയതെന്ന് കാട്ടാമെന്നും ഒരു എംപി വ്യക്തമാക്കി. ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നത് സംബന്ധിച്ച് ടോറികളില്‍ അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്നതാണ് ഈ പ്രത്യേക സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.