ലണ്ടന്‍: മൂന്നു പേര്‍ മാതാപിതാക്കളാകുന്ന ആദ്യത്തെ കുട്ടി യുകെയില്‍ അടുത്ത വര്‍ഷം പിറക്കും. വിവാദ പരീക്ഷണത്തിന് സര്‍ക്കാര്‍ അനുവാദം നല്‍കിയതോടെയാണ് ഇത്. ഐവിഎഫ് രീതിയിലാണ് കുട്ടി ജനിക്കുന്നത്. ഇതിനായുള്ള രണ്ടു ഘട്ട അനുമതി ഗവേഷണം നടത്തുന്ന ന്യൂകാസില്‍ ഫെര്‍ട്ടിലിറ്റി സെന്റര്‍ അറ്റ് ലൈഫിന് ലഭിച്ചതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഹ്യൂമന്‍ ഫെര്‍ട്ടിലൈസേഷന്‍ ആന്‍ഡ് എംബ്രിയോളജി അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഈ ഗവേഷണത്തിനായി ഉപയോഗിക്കുന്ന ക്ലിനിക്കിലെ സൗകര്യങ്ങള്‍, ഉപകരണങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ക്ക് എച്ച്ഇഎഫ്എ അംഗീകാരം നല്‍കി. പരീക്ഷണത്തില്‍ പങ്കെടുക്കുന്ന വ്യക്തിയെക്കുറിയെയാണ് ഇനി അംഗീകരിക്കേണ്ടത്. ഇതിന് വേറെ അംഗീകാരം ആവശ്യമാണ്. പരീക്ഷണത്തിന് വിധേയനാകുന്ന വ്യക്തിയുടെ ആരോഗ്യ വിവരങ്ങളും ചരിത്രവും ശാരീരിക പ്രത്യേകതകളും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. പരീക്ഷണം ദോഷം ചെയ്യുമോ എന്നതും വിജയകരമാകുമോ എന്നതുമാണ് പരിശോധിക്കപ്പെടുന്നത്.
ഇതു കൂടി പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ ഈ വര്‍ഷം അവസാനത്തോടെ പരീക്ഷണത്തിന് ലൈസന്‍സ് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി അപേക്ഷിച്ചിട്ടുള്ളവരെ പ്രത്യേകം പരിശോധനകള്‍ക്ക് വിധേയമാക്കുകയാണ് ഇപ്പോള്‍ ചെയ്തു വരുന്നത്. മൂന്നു പേരുട ഡിഎന്‍എ അടങ്ങിയ ഭ്രൂണം ഐവിഎഫ് ചികിത്സയിലൂടെ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയെടുക്കാനുള്ള നീക്കം വന്‍ വിവാദമായിരുന്നു.
ലണ്ടന്‍: 2019-20 വര്‍ഷത്തോടെ നിലവില്‍ വരുന്ന ഫണ്ട് വെട്ടിക്കുറയ്ക്കലുകള്‍ ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളെയും ബാധിക്കുമെങ്കിലും പകുതിയോളം സ്‌കൂളുകളെ അതീവ ഗുരുതരമായി ബാധിക്കുമെന്ന് വെളിപ്പെടുത്തല്‍. ഓരോ കുട്ടിക്കു 6 മുതല്‍ 11 ശതമാനം വരെ വെട്ടിക്കുറയ്ക്കലിന്റെ ദോഷഫലം അനുഭവിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന പുതിയ ഫണ്ടിംഗ് ഫോര്‍മുല ഏതു വിധത്തിലാണ് തിരിച്ചടിക്കുകയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പുതിയ പദ്ധതി നടപ്പാക്കുമെന്നു തന്നെയാണ് പ്രധാനമന്ത്രിയുടെ ഓഫീസും വിദ്യാഭ്യാസ മന്ത്രാലയവും സ്ഥിരീകരിക്കുന്നത്.
നാണ്യപ്പെരുപ്പം മൂലമുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളും ലോക്കല്‍ അതോറിറ്റികള്‍ക്ക് അനുവദിക്കുന്ന ഫണ്ട് കുറയ്ക്കുന്നതും സ്‌കൂളുകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ചെലവ് ചുരുക്കല്‍ നടപടികളും മൂലം 2019-20ഓടെ പുതിയ നയമനുസരിച്ച് നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന സ്‌കൂളുകള്‍ക്ക് പോലും വിപരീത ഫലമാണ് ഉണ്ടാവുകയെന്നും വിലയിരുത്തപ്പെടുന്നു. എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റ്റ്റിയൂട്ട് തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പകുതിയോളം സ്‌കൂളുകളില്‍ വെട്ടിക്കുറയ്ക്കലുകള്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രൈമറി സ്‌കൂളുകള്‍ക്ക് ശരാശരി 74,000 പൗണ്ടും സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് 2,91,000 പൗണ്ടും നഷ്ടമാകുമെന്നാണ് ഇപിഐ സര്‍വേ വ്യക്തമാക്കുന്നത്. 30 ശതമാനത്തിലേറെ കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് പുതിയ ഫോര്‍മുല അനുസരിച്ച് നഷ്ടമുണ്ടാകുമ്പോള്‍ താരതമ്യേന സാമ്പത്തിക ശേഷിയുള്ള കുടുംബങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ക്ക് ചെറിയ നേട്ടമുണ്ടാകാനിടയുണ്ടെന്നും പഠനം പറയുന്നു.
അപ്പച്ചന്‍ കണ്ണഞ്ചിറ
ലണ്ടന്‍: ഈസ്റ്റ്ഹാമില്‍ മലയാളി ക്യാന്‍സര്‍ രോഗം മൂലം അന്തരിച്ചു. കൊല്ലം മയ്യനാട് സ്വദേശി റിച്ചാര്‍ഡ് ജോസഫ് (64) ആണ് അന്തരിച്ചത്. ഇന്ത്യന്‍ എയര്‍ ഫോഴ്സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായിരുന്ന പരേതന്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലണ്ടനില്‍ അര്‍ബുദ രോഗ ചികിത്സയിലായിരുന്നു. ലണ്ടനിലെ വൂള്‍വിച്ചില്‍ ‘ലക്കി ഫുഡ്‌സ് സെന്റര്‍’ എന്ന സ്ഥാപനത്തില്‍ ജോലിചെയ്തു വരികെയാണ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിക്കപ്പെട്ടത്. ഇന്ത്യന്‍ എയര്‍ ഫോഴ്‌സില്‍ നിന്നും റിട്ടയര്‍ ചെയ്ത ശേഷം രണ്ടു വര്‍ഷത്തോളം ദുബായിയിലുണ്ടായിരുന്ന റിച്ചാര്‍ഡ് പിന്നീട് 2007 ലാണ് ഭാര്യക്കൊപ്പം ഒത്തുചേരുവാനായി ഇംഗ്ലണ്ടിലേക്ക് വന്നത്.
ലീന റിച്ചാര്‍ഡ് ആണ് പരേതന്റെ ഭാര്യ. ഈസ്റ്റ് ഹാമിലുള്ള ഫോര്‍ സീസണ്‍ കെയര്‍ ഹോമില്‍ ജീവനക്കാരിയായ ലീന 2003ല്‍ ആണ് ലണ്ടനില്‍ വന്നത്. അബുദാബിയില്‍ ജോലി നോക്കുന്ന ഹണിസണ്‍ ആണ് ഏക മകന്‍. ഹണിസണിന്റെ കുടുംബം കൊല്ലത്തു തന്നെയാണ് താമസിക്കുന്നത്. പരേതന്റെ ഏക മകളായ ഹാരി മോള്‍ കൊല്ലത്തു തന്നെ കുടുംബ സമേതം താമസിക്കുന്നു. ഫ്രാന്‍സിസ് ജോസഫ്, ജെറാള്‍ഡ് ജോസഫ്, ടൈറ്റസ് ജോസഫ്, സീലി മരിയദാസ് എന്നിവര്‍ പരേതന്റെ സഹോദരരാണ്.
കുടുംബ സുഹൃത്തുക്കളും നാട്ടുകാരും സഹപ്രവര്‍ത്തകരും ഒക്കെയായി നിരവധി ആള്‍ക്കാര്‍ ഭവനത്തിലെത്തി ദുഃഖത്തില്‍ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നുണ്ട്. അടുത്ത ബന്ധുക്കള്‍ പലരും ഇംഗ്ലണ്ടില്‍ ഈയാഴ്ച തന്നെ വന്നു ചേരുമെന്ന് ലീന റിച്ചാര്‍ഡ് അറിയിച്ചു. പരേതന്റെ അന്ത്യാഭിലാഷം മാനിച്ച് റിച്ചാര്‍ഡ് ജോസഫിന്റെ മൃതദേഹം ഈസ്റ്റ് ഹാമില്‍ തന്നെ സംസ്‌ക്കരിക്കുവാന്‍ തീരുമാനിച്ചു എന്ന് കുടുംബത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ അറിയിച്ചു. മാര്‍ച്ച് 21 നു ശനിയാഴ്ച രാവിലെ 10:00 മണിക്ക് അന്ത്യോപചാര ശുശ്രൂഷകളും തുടര്‍ന്ന് സംസ്‌കാരവും നടത്തപ്പെടും.
സെന്റ് മൈക്കിള്‍ ചര്‍ച്ച്, 21,ടില്‍ബറി റോഡ്, ഈസ്റ്റ് ഹാം,
ലണ്ടന്‍, ഈ6 6ഈഡി.
സ്വന്തം ലേഖകന്‍
സ്വാന്‍സി: യുക്മ വെയില്‍സ് റീജിയണല്‍ സെക്രട്ടറിയും സ്വാന്‍സി മലയാളി അസോസിയേഷന്‍റെ സജീവാംഗവുമായ സെബാസ്റ്റ്യന്‍ ജോസഫ് (സോണി) കല്ലുകളത്തിന്‍റെ സഹോദരി മിനി സണ്ണി (48 വയസ്സ്) നിര്യാതയായി. ക്യാന്‍സര്‍ രോഗം മൂലം ചികിത്സയില്‍ ഇരിക്കെ ഏറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സണ്ണി തോംപുന്നയില്‍ ആണ് മിനിയുടെ ഭര്‍ത്താവ്. സുമിന്‍ സണ്ണി (23), സെറിന്‍ സണ്ണി (14) എന്നിവര്‍ മക്കളാണ്. പരേതനായ ജോസഫ് കല്ലുകളം ആണ് പിതാവ്. തെക്കേടത്ത് കുടുംബാംഗമായ മേരിക്കുട്ടി ജോസഫ് ആണ് മാതാവ്.
സ്വാന്‍സിയില്‍ താമസിക്കുന്ന സോണിയുടെയും സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ താമസിക്കുന്ന മാനുവല്‍ ജോസഫിന്‍റെയും സഹോദരിയാണ് മരണമടഞ്ഞ മിനി. ഇവരെ കൂടാതെ ജോജിമോന്‍ ജോസഫ് (കണ്ണൂര്‍), പരേതനായ സോജന്‍ ജോസഫ്, മാത്യൂസ് കല്ലുകളം (യുഎസ്എ), പരേതയായ റെനിമോള്‍, ജിനോയ് ജോസഫ്, തോംസണ്‍ ജോസഫ് എന്നിവര്‍ സഹോദരങ്ങളാണ്.
മൃതദേഹം ശനിയാഴ്ച വൈകുന്നേരം സ്വവസതിയായ ചങ്ങനാശ്ശേരി കുരിശുംമൂട്ടിലെ തോംപുന്നയ്ക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം പിതൃഗൃഹമായ ഇത്തിത്താനം കല്ലുകളത്തിലേക്ക് കൊണ്ട് പോകും. ഇവിടെ നിന്നും ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് മാതൃ ഇടവകയായ ചങ്ങനാശ്ശേരി പാറേപ്പള്ളിയില്‍ എത്തിച്ച് ഇവിടുത്തെ സെമിത്തേരിയില്‍ സംസ്കരിക്കും.
മിനി സണ്ണിയുടെ നിര്യാണത്തില്‍ യുക്മ വെയില്‍സ് റീജിയന്‍ പ്രസിഡണ്ട് ബിനു കുര്യാക്കോസ്, സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ബിജു മാത്യു, സ്റ്റോക്ക് ഓണ്‍ ട്രെന്‍റ് മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് റിജോ ജോണ്‍ തുടങ്ങിയവര്‍ അനുശോചനങ്ങള്‍ അറിയിച്ചു. മിനിയുടെ മരണത്തില്‍ മലയാളം യുകെ ന്യൂസ് ടീമിനുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
സ്വന്തം ലേഖകന്‍
കൊച്ചി: ലാവ്ലിന്‍ കേസ്സില്‍ പിണറായി വിജയന് വേണ്ടി ഹാജരാകുന്നത് ബോളിവുഡ് താരം സൽമാൻ ഖാനെ കൊലകുറ്റത്തില്‍ നിന്നും രക്ഷിച്ചെടുത്ത വക്കീല്‍. വഴിയോരത്ത് കിടന്നുറങ്ങിയ ആളെ വണ്ടി ഇടിപ്പിച്ച് കൊന്ന കേസ്സില്‍ ആണ് ഈ വക്കീല്‍ സൽമാൻ ഖാനെ രക്ഷിച്ചെടുത്തത്. സുപ്രീം കോടതിയിലെ വളരെ സീനിയറായ അഭിഭാഷകനാണ് ഹരീഷ് സാല്‍വ. എന്തിനാണ് ഹരീഷ് സാല്‍വ വരുന്നത് എന്ന് ചോദിക്കുന്നില്ല. എന്നാല്‍ ഇത്രയും ഭീമമായ ഫീസ് ആരു കൊടുക്കും?. ജനങ്ങളുടെ നികുതി പണമെടുത്തു കൊടുക്കുമോ? അതെങ്ങനെ ശരിയാവും?.പിണറായി വിജയന്റെ വക്കീല്‍ ഫീസ് സര്‍ക്കാര്‍ കൊടുക്കുന്നത് ശരിയല്ല എന്നാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍ പറയുന്നത്. ഇനി സ്വന്തമായി കൊടുക്കാന്‍ കാശ്ശ് എവിടുന്ന്? തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നല്‍കിയ കണക്കില്‍ അത്രയും വരുമാനം കാണിച്ചിട്ടില്ലല്ലോ?. ഇനി ആരെങ്കിലും സഹായിക്കുന്നതാണോ?. ഇത്രയും വലിയ തുക സഹായം വാങ്ങാന്‍ ഒരു പൊതുസേവകനെങ്ങനെ കഴിയും?. എന്തു പ്രത്യുപകാരമാണ് ഇതു വഴി അയാള്‍ ലക്ഷ്യമിടുന്നത്?. ഫീസ് പാര്‍ട്ടി ഫണ്ടില്‍ നിന്ന് കൊടുക്കണം. ഈ കേസ്സു തന്നെ ഖജനാവിന് 377 കോടി നഷ്ടം വരുത്തിയതിനെതിരെയുള്ളതാണ്. വീണ്ടും ജനങ്ങള്‍ സഹിക്കണമെന്ന് പറയുന്നത് ദ്രോഹമാണ്. ഇങ്ങനെ കാശെടുത്ത് വക്കീലന്‍മാര്‍ക്കു കൊടുത്തതിന് ഉമ്മന്‍ചാണ്ടിയെ ഒരുപാട് കുററം പറഞ്ഞതാണ് പിണറായി. അതുകൊണ്ട് പാര്‍ട്ടി ഫണ്ടില്‍ നിന്ന് കൊടുക്കട്ടെ എന്നാണ് സുരേന്ദ്രന്‍ പറയുന്നത്.
എന്തേ പിണറായിയുടെ ആദ്യ വക്കീലായ എം കെ ദാമോദരന്‍ ഇപ്പോള്‍ മതിയാവാതെ വരാന്‍ കാരണം?. ഈ കേസ്സില്‍ പിണറായിക്ക് പേടി തുടങ്ങിയതിന്റെ ലക്ഷണമാണ് സാല്‍വയുടെ വരവ് കാണിക്കുന്നത് എന്നും കെ സുരേന്ദ്രന്‍ പറയുന്നു. ദാമോദരന്‍ വക്കീലിന്റെ കയ്യില്‍ നില്‍ക്കില്ല എന്ന് പിണറായിക്കും മനസിലായി എന്നാണ് കെ സുരേന്ദ്രന്റെ പോസ്റ്റിലെ കമന്റുകളും പറയുന്നത്. സുപ്രീം കോടതിയിലെ പ്രഗത്ഭനായ അഭിഭാഷകനാണ് ഹരീഷ് സാല്‍വെ. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന അഭിഭാഷകനാണ് ഇദ്ദേഹം. സല്‍മാന്‍ ഖാന്‍, ലളിത് മോഡി, മുകേഷ് അംബാനി, രത്തന്‍ ടാറ്റ തുടങ്ങിവര്‍ക്കുവേണ്ടി ഹാജരാകാറുള്ള അഭിഭാഷകനാണ്. ഓരോ ദിവസത്തിനും ലക്ഷങ്ങളാണ് ഇദ്ദേഹത്തിന്റെ പ്രതിഫലം.
അഡ്വ. ഹരീഷ് സാൽവ..! ഈ പേര് ഇന്ത്യൻ നിയമ ലോകത്തിന് മാത്രമല്ല, ലോകമെമ്പാടുമുള്ള നിയമജ്ഞർക്കിടയിൽ സുപരിചിതമായ നാമമാണ്. സുപ്രീംകോടതിയിലെ ഗർജ്ജിക്കുന്ന സിംഹമായ ഹരീഷ് സാൽവ തോൽവികൾ അറിയാത്ത കളിക്കാരനാണ്. കോർപ്പറേറ്റുകളുടെ ശീതയുദ്ധങ്ങൾക്കിടയിൽ നിന്നും പക്ഷം പിടിച്ച് കേസ് വാദിച്ച് കോടികൾ കൊയ്യുന്ന മിടുക്കൻ. ഇങ്ങനെ ഏറെ വിശേഷണങ്ങളുള്ള വ്യക്തിയാണ് ഹരീഷ് സാൽവേ. കോർപ്പറേറ്റുകളുടെ സ്വന്തം വക്കീലെന്ന് അറിയപ്പെടുന്ന അദ്ദേഹം ഇന്ത്യയിൽ ഏറ്റവും വിലകൂടിയ വക്കീലു കൂടിയാണ്. ലാവലിൻ കേസിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി വീണ്ടും കോടതിയിൽ ഹാജരാകാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് ഹരീഷ് സാൽവയുടെ പേര് വീണ്ടും കേരളത്തിൽ ഉയർന്നുവരാൻ ഇടയാക്കുന്നത്.
കേരള മുഖ്യമന്ത്രിയായ പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന ഏടാണ് ലാവലിൻ കേസ്. കേസിൽ വിജയിച്ചാൽ മാത്രം മുഖ്യമന്ത്രി കസേരയിൽ തുടരാൻ സാധിക്കുന്ന അവസ്ഥയാണുള്ളത്. പാർട്ടിയിലെ കരുത്തനാണെങ്കിലും കേസിൽ തിരിച്ചടി നേരിട്ടാൽ അത് പിണറായിയെ സംബന്ധിച്ചത്തോളം പാർട്ടിയിലെ പിടി അയയാനും കാരണമാകും. അതുകൊണ്ട് തന്നെ പിണറായിക്ക് വിടുതൽ നൽകിയ കീഴ്‌ക്കോടതി വിധി ഹൈക്കോടതിയും ശരിവെക്കണം എന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഇതിന് കേസിനെ വിശദമായി പഠിച്ച അഡ്വ. എം കെ ദാമോദരന് സാധിക്കുമെന്ന വിശ്വാസത്തിലാണ് പിണറായി. എങ്കിലും എം കെ ദാമോദരന്റെ മിടുക്കു കൊണ്ട് മാത്രം സുപ്രീംകോടതിയിൽ പിടിച്ചു നില്ക്കാൻ കഴിഞ്ഞെന്ന് വരില്ല. അതുകൊണ്ടാണ് കേരള ഹൈക്കോടതിയിലും കേസ് വാദിക്കാൻ രാജ്യത്തെ തലമുതിർന്ന അഭിഭാഷകനെ പിണറായി എത്തിക്കുന്നത്.
ഫീസിന്റെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ച്ചയും ഇല്ലാത്ത വ്യക്തിയാണ് അഡ്വ. ഹരീഷ് സാൽവെ. കോർപ്പറേറ്റുകളുടെ സ്വന്തം വക്കീൽ എന്ന നിലയിലാണ് ഹരീഷ് സാൽവെ ശ്രദ്ധിക്കപ്പെടുന്നത്. കോർപ്പറേറ്റുകൾക്കും ശതകോടീശ്വരന്മാർക്കും മറ്റ് പ്രമുഖ രാഷ്ട്രീയക്കാർക്കും വേണ്ടിയാണ് അദ്ദേഹം ഹാജരാകാര്. ഒരു കേസിനായി ഹാജരാകാൻ എത്തുമ്പോൾ ഫസ്റ്റ്ക്ലാസ് വിമാനടിക്കറ്റ്, പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസം തുടങ്ങിയ കാര്യങ്ങൾ നിർബന്ധമാണ്. ഫീസ് ചോദിച്ചു വാങ്ങുകയും ചെയ്യും. കോർപ്പറേറ്റുകൾ തമ്മിലുള്ള തർക്കങ്ങൾ തീർക്കുന്ന ഇടനിലക്കാരന്റെ റോളിലും അദ്ദേഹം എത്തിയിട്ടുണ്ട്. ഇതിൽ സുപ്രധാന കേസ് അംബാനി സഹോദന്മാർ തമ്മിലുള്ള നിയമ യുദ്ധമായിരുന്നു.
ഈ കേസിൽ മുകേഷ് അംബാനിയുടെ പക്ഷത്തായിരുന്നു ഹരീഷ് സാൽവെ. അംബാനിക്ക് വേണ്ടി നിരവധി സിറ്റിംഗുകൾ നടത്തി അദ്ദേഹം. ഇന്ത്യയിലെ അതിസമ്പന്നരായ സഹോദരന്മാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒരു സിറ്റിംഗിന് 30 ലക്ഷം വെച്ച് നിരവധി തവണ അദ്ദേഹം കോടതിയിൽ ഹാജരായി. ഒടുവിൽ മുകേഷിനെ വിജയിപ്പിക്കുകയും ചെയ്തു. ഈ കേസിന് വേണ്ടി മുകേഷ് എറിഞ്ഞത് 200 കോടിയിലേറെ രൂപയാണ്. പത്ത് വർഷത്തോളം നീണ്ടു നിന്നു ഈ നിയമയുദ്ധം. ഈ കേസിന് വേണ്ടി 15 കോടിയിലേറെ രൂപ ഹരീഷ് സാൽവെ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. കേസിൽ അനിൽ അംബാനിക്കായി ഹാജരായത് രാംജത് മലാനിയെന്ന അതികായൻ തന്നെയായിരുന്നു.എന്നാല്‍ ഈ വമ്പനെയും മുട്ടുകുത്തിക്കാൻ സാൽവക്ക് സാധിച്ചു.
ബോളിവുഡ് താരം സൽമാൻ ഖാനെ ഹിറ്റ് ആൻഡ് റൺ കേസിൽ പുഷ്പം പോലെ ഊരിയെടുത്തതും മറ്റാരുമല്ല. ഇവിടെയും കോടികളുടെ പ്രതിഫലം പറ്റുന്ന അഭിഭാഷകൻ തന്നെയാണ് വിജയം കണ്ടത്. കേന്ദ്ര സർക്കാറും വോഡാഫോണും തമ്മിലുള്ള നിയമയുദ്ധവും ഹരീഷ് സാൽവയെ പ്രശസ്തനാക്കി. 15000 കോടി രൂപയുടെ ആദായ നികുതി കേസിൽ നിന്നും വൊഡാഫോണിനെ അനായാസം രക്ഷിച്ചെടുത്തതും സാൽവെയും മികവായിരുന്നു. നീരാ റാഡിയ കേസിൽ രത്തൻ ടാറ്റായുടെ വക്കാലത്തുമായെത്തിയതും അദ്ദേഹമാണ്. സൈറസ് മിസ്ട്രിക്ക് എതിരായ ടാറ്റയുടെ നിയമ യുദ്ധങ്ങൾക്ക് കടിഞ്ഞാൺ ഇടാന്‍ ടാറ്റ ഏൽപ്പിച്ചിരിക്കുന്നതും ഈ സിംഹത്തെയാണ്. ഭോപ്പാൽ വാതക ദുരന്ത കേസിൽ കേശവ് മഹീന്ദ്രക്ക് വേണ്ടിയും ഇദ്ദേഹം ഹാജരായി. മൂവായിരത്തിലേറെ പേർ കൊല്ലപ്പെട്ട ഈ കേസിൽ കേശവ് മഹീന്ദ്രയെ അനായാസം രക്ഷിച്ചതും സാൽവെയുടെ മിടുക്കായിരുന്നു. മുലായംസിങ് യാദവ്, പ്രകാശ് സിങ് ബാദൽ, ലളിത് മോദി തുടങ്ങിയ പ്രമുഖർക്കായും ഹരീഷ് സാൽവേ ഹാജരായിട്ടുണ്ട്.
നേരത്തെ സി.പി.എം ജനറൽ സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ കേസിന് ആവശ്യമായ പണം കണ്ടെത്തിയത് പാർട്ടി തന്നെയായിരുന്നു. അതുകൊണ്ട് തന്നെ പോളിറ്റ്ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായിക്ക് വേണ്ടി പാർട്ടി തന്നെ പണം മുടക്കാനാണ് സാധ്യത. കമ്മൂണിസ്റ്റ് പാര്‍ട്ടി ഇന്ത്യ മുഴുവനിലും തകര്‍ന്നടിഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പിണറായി അഴിമതി നടത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും പിണറായിയെ രക്ഷിച്ചെടുക്കാന്‍ കമ്മൂണിസ്റ്റ് പാര്‍ട്ടി എത്ര കോടികള്‍ വേണമെങ്കിലും മുടക്കും എന്നാണ് സാല്‍വെ എന്ന വക്കീലിന്റെ വരവോടെ വ്യക്തമാകുന്നത്. പൊതുവേ പാര്‍ട്ടി പറയുന്നത് പ്രമാണം എന്ന് കരുതുന്ന അണികള്‍ കമ്മൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉള്ളതുകൊണ്ട് തന്നെ കേസ്സ് തോറ്റാലും ജയിച്ചാലും അണികളെ കൂടെ നിര്‍ത്താം എന്ന ധാരണയാണ് പാര്‍ട്ടി നേതൃത്തത്തിനുള്ളത്. ഉമ്മന്‍ചാണ്ടിയുടെ പാമോയിലിന്‍, സോളാര്‍ – സരിത തുടങ്ങിയ കേസ്സുകളില്‍ വളരെ വ്യക്തമായ പരസ്പര സഹായം ചെയ്തു കൊടുത്തും കഴിഞ്ഞു പിണറായി. അതുകൊണ്ട് തന്നെ പ്രതിപക്ഷത്ത് നിന്ന് യാതൊരുവിധ ശല്യങ്ങളും ഉണ്ടാകില്ല എന്നത് ഉറപ്പാണ്. വലിയ പ്രതീക്ഷ ഇല്ലെങ്കിലും പൊതു ജനത്തിന്റെ അവസാന ആശ്രയമായ കോടതി എന്ത് നടപടിയാണ് ഈ അഴിമതി കേസ്സില്‍ എടുക്കുന്നത് എന്നാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.
നവിമുംബൈയിൽ മലയാളി നവവധുവിനെ കാണാതായി രണ്ടര മാസത്തിനു ശേഷവും വിവരമില്ല. നെരുൾ സെക്ടർ പത്തിലെ എൻഎൽബി 32-6 ൽ താമസിക്കുന്ന കൊല്ലം അഞ്ചാലുംമൂട് സ്വദേശി മോഹനൻ പിള്ളയുടെ മകൾ നിത്യയെ (27) വിവാഹം കഴിഞ്ഞു രണ്ടാഴ്ചയ്ക്കുശേഷമാണു കാണാതായത്.ഡിസംബർ 18നു താനെ ഘോഡ്ബന്ദർ റോഡ് നിവാസിയും ആറന്മുള സ്വദേശിയുമായ ശിവശങ്കരൻ നായരുടെ മകൻ ശൈലേന്ദ്രനെ വിവാഹം കഴിച്ച നിത്യയെ ജനുവരി മൂന്നിനു രാവിലെ മുതലാണു കാണാതായത്.
ഭർതൃവീട്ടുകാർ അറിയിച്ച പ്രകാരം അടുത്ത ദിവസം മോഹനൻ പിള്ള താനെ കാസർവഡാവ്‌ലി പൊലീസിൽ പരാതി നൽകി.ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. ഹോട്ടൽ മാനേജ്മെന്റ് പഠിച്ച നിത്യ ബെംഗളൂരുവിലെ ഹോട്ടലിൽ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഇവരുടേത് പ്രണയവിവാഹമായിരുന്നു.വിവരം ലഭിക്കുന്നവർ പൻവേൽ കേരളീയ കൾചറൽ സൊസൈറ്റിയുമായി ബന്ധപ്പെടണം.ഫോൺ:22 -27492007, 9967327424.
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്ന നടപടികള്‍ എടുക്കില്ലെന്നും ആ കട്ടില്‍ കണ്ട് ആരും പനിക്കേണ്ടെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു. അഴിമതിക്കെതിരെ വിട്ടുവീഴ്ച്ചയില്ലാത്തെ നടപടി എടുത്ത ആളാണ് ജേക്കബ് തോമസ്. വിജിലന്‍സ് ഡയറക്ടര്‍ അഴിമതി കാട്ടിയിട്ടുണ്ടെങ്കില്‍ സംരക്ഷിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തില്‍ പ്രതികരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. എം വിന്‍സന്റ് എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന ജേക്കബ് തോമസ് ഞെട്ടിക്കുന്ന ക്രമക്കേടാണ് കാട്ടിയതെന്നും ജേക്കബ് തോമസിനെ ആര് ചുവപ്പുകാര്‍ഡ് കാണിക്കുമെന്ന് വിന്‍സന്റ് ചോദിച്ചു.
ജേക്കബ് തോമസിനെതിരെ മുഖ്യമന്ത്രി ചുവപ്പ് കാര്‍ഡ് കാട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സര്‍ക്കാരിനേയും കോടതിയേയും ‘തത്ത’ തിരിഞ്ഞു കൊത്തുകയാണ്. ഭരണസ്തംഭനത്തിന്റെ പ്രധാന ഉത്തരവാദി ജേക്കബ് തോമസ് ആണെന്നും കള്ളന്റെ കയ്യിലാണ് സര്‍ക്കാര്‍ താക്കോല്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
ലണ്ടന്‍: പ്രമുഖ സ്‌പോര്‍ട്‌സ് വസ്ത്ര നിര്‍മ്മാതാക്കളായ നൈക്കി, മുസ്ലീം വനിതാ അത്‌ലറ്റുകള്‍ക്കായി വിപണിയിലിറക്കാന്‍ രൂപകല്‍പ്പന ചെയ്ത ദf നൈക്കി പ്രോ ഹിജാബിനെതിരേ ഒരുവിഭാഗം കടുത്ത പ്രതിഷേധത്തില്‍. യാഥാസ്ഥിതിക നിലപാടുകളെ പ്രോത്സാഹിപ്പിക്കുകയാണ് നൈക്കി ചെയ്യുന്നതെന്നും സ്ത്രീ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണിതെന്നുമുള്‍പ്പെടെ നിരവധി ആരോപണങ്ങളാണ് നൈക്കിക്കെതിരേ ട്വിറ്ററിലും നവമാധ്യമങ്ങളിലും ഉയരുന്നത്. ഹിജാബിനെ പിന്തുണക്കുന്നത് സ്ത്രീ സ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്ന് വിമര്‍ശിക്കുന്നവരും ഏറെ. വിപണനതന്ത്രം മാത്രമാണ് നൈക്കിയുടേതെന്നും അതിനാല്‍ നൈക്കി ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ആഹ്വാനമുയരുന്നുണ്ട്.
2012 ലണ്ടന്‍ ഒളിമ്പിക്‌സില്‍ സൗദി അറേബ്യന്‍ സ്പ്രിന്റ് താരം സാറാ അത്താര്‍ ഹിജാബ് ധരിച്ച് മത്സരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ഇത്തരമൊരു മാറ്റത്തിന് നൈക്കി തുടക്കമിട്ടത്. സ്‌കേറ്റിംഗ് താരം സഹാറ ലാറിയും യുഎഇ വെയ്റ്റ് ലിഫ്റ്റിംഗ് ഒളിംപ്യന്‍ അംന അല്‍ ഹദ്ദാദുമാണ് നൈക്കിയുടെ പുതിയ വസ്ത്രത്തിന്റെ ഡിസൈനും ടെസ്റ്റും നടത്തിയത്. മികച്ച അഭിപ്രായമാണ് ഇരുവരും ഹിജാബിനെക്കുറിച്ച് നല്‍കിയത്. 2018 ലാണ് ഹിജാബ് വിപണിയില്‍ ലഭ്യമാക്കാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.
വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ ഇതിനെതിരേ ട്വിറ്ററില്‍ പ്രതികരണവുമായി വെയ്റ്റ് ലിഫ്റ്റിംഗ് ഒളിംപ്യന്‍ ആംന രംഗത്തെത്തി. നൈക്കി ഇത്തരമൊരു വസ്ത്രം അവതരിപ്പിക്കുന്നതിനെതിരേ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങളുണ്ടാകുമെന്ന് തനിക്ക് നേരത്തെ അറിയാമായിരുന്നു. പ്രാദേശികമായി നിര്‍മ്മിച്ച നിലവാരം കുറഞ്ഞ ഹിജാബ് ധരിച്ച് മത്സരത്തില്‍ പങ്കെടുത്തിട്ടുള്ളയാള്‍ എന്ന നിലയിലാണ് താനിത് പറയുന്നത്. വന്‍കിട ബ്രാന്‍ഡുകളൊന്നും ഇത്തരമൊരു ഹിജാബിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിരുന്നില്ല. ഹിജാബ് ധരിച്ച ഒരു യുവതി മത്സരിക്കുന്നതും ചിന്തിക്കാനാകുമായിരുന്നില്ല. പക്ഷെ നൈക്കി ഇത് സാധ്യമാക്കിയതോടെ മറ്റുള്ളവരും ഇതേക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരിക്കുന്നു. നിരവധി മുസ്ലീം വനിതകള്‍ ഹിജാബ് ധരിച്ച് കായിക മത്സരത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധരാകുന്ന ഇക്കാലത്ത് ഇത്തരമൊരു വസ്ത്രം അനിവാര്യമാണ് ആംന എഴുതുന്നു.
ഇതിനെ തള്ളിക്കളയാനാകില്ല. മുസ്ലീം കായികതാരങ്ങളെ അധകൃതരായി കരുതിയിരുന്ന കാലത്തും തങ്ങള്‍ പ്രാദേശികമായി വികസിപ്പിച്ച ഹിജാബ് ഉപയോഗിച്ച് മത്സരരംഗത്ത് സജീവമായിരുന്നു. നൈക്കിയുടെ എന്തോ ആയിക്കൊള്ളട്ടെ, പക്ഷെ തീരുമാനം നല്ലതാണ്. എന്നാല്‍ സ്‌പോര്‍ട്‌സ് ഹിജാബ് നിര്‍മ്മിക്കാന്‍ ശ്രമിച്ച ഒരു കമ്പനിയെയും തള്ളിപ്പറയുന്നില്ലെന്നും ആംന കുറിച്ചു.
മുസ്ലീം യുവതികള്‍ നിര്‍ബന്ധമായും ഹിജാബ് ധരിക്കണമെന്ന അഭിപ്രായവും തനിക്കില്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. പക്ഷെ നൈക്കി സ്‌പോര്‍ട്‌സ് ഹിജാബ്, പുതുതലമുറ മുസ്ലീം യുവതികള്‍ക്ക് കായികരംഗത്തേക്ക് വരുന്നതിന് പ്രയോജനമാകുമെന്നുറപ്പാണെന്നും ആംന പറയുന്നു. പരസ്യക്കമ്പനിക്കുവേണ്ടി പണം വാങ്ങിയുള്ള ഒരഭ്യര്‍ത്ഥനയല്ല ഇതെന്നും അത്തരത്തില്‍ ഇതിനെ കാണരുതെന്നുമുള്ള അഭ്യര്‍ത്ഥനയും അംനക്കുണ്ട്. നിരവധിപേരാണ് ഈ അഭിപ്രായത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
കായികതാരങ്ങളായ മുസ്ലീം വനിതകളില്‍ നിന്ന് തങ്ങള്‍ക്ക് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്ന് നൈക്കി വക്താക്കള്‍ അറിയിച്ചു. കൂടുതല്‍ അത്‌ലറ്റുകളില്‍ നിന്ന് ഹിജാബ് സംബന്ധിച്ച അഭിപ്രായം തേടിക്കൊണ്ടിരിക്കുകയാണെന്നും അവര്‍ പറയുന്നു.
ലണ്ടന്‍: മദ്യലഹരിയിലായിരുന്ന യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച യുവാവ് പോലീസ് ജോലി തേടിയെത്തി. ഇന്റര്‍വ്യൂവിനിടെ പീഡനവിവരം തുറന്നു സമ്മതിച്ചതോടെ പോലീസാകേണ്ടയാള്‍ നേരെ ജയിലിലുമായി. വെസ്റ്റ് വിര്‍ജീനിയ സ്വദേശിയായ ടെയ്‌ലര്‍ പ്രൈസാണ് അറസ്റ്റിലായത്. സൗത്ത് ചാള്‍സ്റ്റണ്‍ പോലീസ് ഇന്റര്‍വ്യൂവിന് പോയപ്പോഴാണ് മേലധികാരിയായ സെര്‍ജന്റ് എ ആര്‍ ഗോര്‍ഡനോട് ഇയാള്‍ പീഡനവിവരത്തെക്കുറിച്ച് പറഞ്ഞത്. മദ്യലഹരിയിലായിരുന്നു ഇരുവരുമെന്നും പ്രതി പറയുന്നു.
പീഡനത്തിന് ശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണ്‍ വീഡിയോയില്‍ പകര്‍ത്തിയെന്നും ഇതിപ്പോഴും കൈവശമുണ്ടെന്നും ഇയാള്‍ പറഞ്ഞു. ഇതിന്റെയടിസ്ഥാനത്തില്‍ യുവതിയെ പോലീസ് കണ്ടെത്തിയെങ്കിലും പീഡനത്തെക്കുറിച്ച് യാതൊരു ഓര്‍മ്മയും അവര്‍ക്കുണ്ടായിരുന്നില്ല. ദൃശ്യങ്ങള്‍ പകര്‍ത്തിയതിനെക്കുറിച്ചും യുവതി അറിഞ്ഞിരുന്നില്ല. പീഡനസമയത്ത് യുവതി അമിതമായി മദ്യപിച്ചിരുന്നു.
പോലീസ് ജോലിക്കെത്തിയയാളെക്കുറിച്ച് പൂര്‍ണമായി ഒന്നുമറിയില്ലായിരുന്നുവെന്നും ഇന്റര്‍വ്യൂവിന് എത്തിയപ്പോഴാണ് കാര്യങ്ങളെല്ലാം മനസിലായതെന്നും പോലീസ് വക്താവ് പറഞ്ഞു. തങ്ങളാണ് ശരിയെന്ന് അറസ്റ്റിലൂടെ തെളിയിക്കപ്പെട്ടുവെന്നും അദ്ദേഹം പ്രതികരിച്ചു. പ്രതിയിപ്പോള്‍ സൗത്ത് സെന്‍ട്രല്‍ റീജണല്‍ ജയിലിലാണ്.
ഫാ. ബിജു കുന്നയ്ക്കാട്ട് പി ആര്‍ ഒ
ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആദ്യ ‘അഭിഷേകാഗ്‌നി’ ബൈബിള്‍ കണ്‍വന്‍ഷന് ഒരുക്കമായി റീജിയണല്‍ തലങ്ങളില്‍ വച്ച് ബൈബിള്‍ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നു. ഒക്ടോബറില്‍ നടക്കുന്ന അഭിഷേകാഗ്‌നി കണ്‍വന്‍ഷനുവേണ്ടി വിശ്വാസികളെ ആത്മീയമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റീജിയണല്‍ ഒരുക്ക കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കുന്നത്.
ജൂണ്‍ 6 മുതല്‍ 20 വരെ എട്ട് വിവിധ സെന്ററുകളിലായി നടക്കുന്ന കണ്‍വന്‍ഷന്, ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ ന്യൂ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ റവ. ഫാ. സോജി ഓലിക്കലും പ്രസിദ്ധ വചന പ്രഘോഷകന്‍ ബ്ര. റെജി കൊട്ടാരവും നേതൃത്വം നല്‍കും. ബ്രിസ്റ്റോള്‍, ലണ്ടന്‍, ഈസ്റ്റ് ആംഗ്ലിയ, മാഞ്ചസ്റ്റര്‍, ഗ്ലാസ്ഗോ, പ്രസ്റ്റണ്‍, ബര്‍മിംഗ്ഹാം, സൗത്താംപ്ടണ്‍ എന്നിവിടങ്ങളില്‍ നടക്കുന്ന കണ്‍വന്‍ഷനുകള്‍ക്ക് യഥാക്രമം ഫാ. പോള്‍ വെട്ടിക്കാട്ട്, ഫാ. തോമസ് പാറയടിയില്‍, ഫാ. ടെറിന്‍ മുല്ലക്കര, ഫാ. സജി മലയില്‍ പുത്തന്‍പുരയില്‍, ഫാ. ജോസഫ് വെമ്പാടംതറ, ഫാ. മാത്യൂ പിണക്കാട്ട്, എ ജെയ്സണ്‍ കരിപ്പായി, ഫാ. ടോമി ചിറയ്ക്കല്‍ മണവാളന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
സെഹിയോന്‍ മിനിസ്ട്രീസ് ഡയറക്ടര്‍ റവ.ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ ഒക്ടോബറില്‍ നയിക്കുന്ന രൂപതയുടെ ആദ്യ ഔദ്യോഗിക ബൈബിള്‍ കണ്‍വന്‍ഷന്‍ 22 മുതല്‍ 29 വരെ തീയതികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. രൂപതാ കുടുംബം ഒരുമിച്ചിരുന്ന് വചനം വായിക്കുകയും പഠിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ഈ കണ്‍വന്‍ഷനുകളില്‍ എല്ലാ വിശ്വാസികളും താല്‍പര്യപൂര്‍വ്വം പങ്കുചേരണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭ്യര്‍ത്ഥിച്ചു.