Main News

ലണ്ടന്‍: സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നതിനാല്‍ ക്വീന്‍സ് സ്പീച്ച് വൈകിയേക്കും. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതിനാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ചേര്‍ന്ന് തൂക്ക് പാര്‍ലമെന്റ് രൂപീകരിക്കാനുള്ള കണ്‍സര്‍വേറ്റീവ് പദ്ധതി അനന്തമായി നീളുന്നതാണ് പ്രതിസന്ധിക്ക് കാരണം.ഡിയുപിയുമായി നടക്കുന്ന ചര്‍ച്ചകളില്‍ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. അതേസമയം പാര്‍ലമെന്റ് യോഗത്തിന് ആരംഭം കുറിക്കുന്ന ക്വീന്‍സ് സ്പീച്ച് ജൂണ്‍ 19നാണ് തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ ഇത് വൈകുമെന്ന ഡൗണിംഗ് സ്ട്രീറ്റ് സൂചന നല്‍കുന്നു.

ഇക്കാര്യത്തില്‍ വിശദ വിവരങ്ങള്‍ ഇന്ന് അറിയാമെന്നാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് അറിയിക്കുന്നത്. എന്നാല്‍ ക്വീന്‍സ് സ്പീച്ച് വൈകുന്നതിന് മറ്റൊരു വിചിത്രമായ കാരണം കൂടി കേള്‍ക്കുന്നുണ്ട്. ഗോട്ട്‌സ്‌കിന്‍ പാര്‍ച്ച്‌മെന്റ് പേപ്പറിലാണ് ക്വീന്‍സ് സ്പീച്ച് എന്നപ്രധാനമന്ത്രിയുടെ ഒരു വര്‍ഷത്തെ നയപരിപാടികള്‍ എഴുതുന്നത്. ഇതിലെ മഷിയുണങ്ങാന്‍ താമസമുണ്ടെന്നാണ് പുതിയ വിവരം. മുമ്പ് ആട്ടിന്‍ തോല്‍ കൊണ്ടായിരുന്നു ഇത് തയ്യാറാക്കിയിരുന്നത്. ഇപ്പോള്‍ കട്ടിയുള്ള പേപ്പറാണ് ഉപയോഗിക്കുന്നതെങ്കിലും പേര് അതേവിധത്തില്‍ നിലനിര്‍ത്തിയിരിക്കുകയാണ്.

തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയതോടെ പ്രകടനപത്രികയേക്കുറിച്ച്
ടോറി നേതാക്കള്‍ അഭിപ്രായവ്യത്യാസം അറിയിച്ചിട്ടുണ്ട്. ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസും പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളില്‍ മാറ്റം വരുത്തേണ്ടതായിരുന്നു എന്ന അഭിപ്രായം അറിയിച്ചു. ക്വീന്‍സ് സ്പീച്ച് 19ന് തന്നെ നടക്കുമോ എന്ന കാര്യം പ്രധാനന്ത്രിയുടെ വക്താവും സ്ഥിരീകരിച്ചിട്ടില്ല.

ലണ്ടന്‍: പാര്‍ലമെന്റില്‍ നിലവിലുണ്ടായിരുന്ന ഭൂരിപക്ഷം കൂടി നഷ്ടപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഫലത്തില്‍ കണ്‍സര്‍വേറ്റീവ് എംപിമാരോട് മാപ്പ് അപേക്ഷിച്ച് തെരേസ മേയ്. ടോറി എംപിമാരുടെ യോഗത്തിലാണ് മേയുടെ ഖേദപ്രകടനം. താനാണ് ഈ അവസ്ഥയിലേക്ക് വലിച്ചിഴച്ചതെന്ന് അവര്‍ പറഞ്ഞു. അധികാരത്തില്‍ പാര്‍ട്ടിക്കുണ്ടായിരുന്ന പിടി അയയാന്‍ കാരണമായ പിഴവുകളുടെ ഉത്തരവാദിത്തം മേയ് ഈ യോഗത്തില്‍ വെച്ച് ഏറ്റെടുത്തു. സര്‍ക്കാര്‍ രൂപീകരണം താമസിക്കുന്നത് മൂലം ക്വീന്‍സ് സ്പീച്ച് വൈകിയാല്‍ അത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മേയ് നടത്തിയ വന്‍ ചൂതാട്ടത്തിന്റെ പരാജയമാകും.

ഇത് മേയുടെ നേതൃപാടവമില്ലായ്മയായിപ്പോലും വിലയിരുത്തപ്പെടും. സര്‍ക്കാരിന്റെ വിശ്വാസ്യതയുടെ ഏറ്റവും അടിസ്ഥാന പരീക്ഷയാണ് ക്വീന്‍സ് സ്പീച്ച് പാസാക്കുക എന്നത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പാര്‍ട്ടിയായ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി ധാരണയിലെത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ലെങ്കില്‍ ക്വീന്‍സ് സ്പീച്ച് വൈകുമെന്ന് ക്യാബിനറ്റിലെ മുതിര്‍ന്ന അംഗങ്ങള്‍ അറിയിച്ചു. ബ്രിട്ടനിലെ ഭരണ പ്രതിസന്ധി ബ്രെക്‌സിറ്റ് ചര്‍ച്ചകളെയും ബാധിക്കും. ബ്രെക്‌സിറ്റ് നടപടികള്‍ 2019 വരെ നീളാനും ഇത് കാരണമായേക്കും.

1922 കമ്മിറ്റിയിലാണ് മേയ് തന്റെ പരാജയം സമ്മതിച്ചത്. താനാണ് ഈ അവസ്ഥയ്ക്ക് ഉത്തരവാദിയെന്നും താന്‍ തന്നെ ഈ വിഷമസന്ധിയില്‍ നിന്ന് പാര്‍ട്ടിയെ പുറത്തെത്തിക്കുമെന്നും അവര്‍ പറഞ്ഞു. യോഗത്തില്‍ ബാക്ക് ബെഞ്ചേഴ്‌സ് തെരേസ മേയെ ഏറെ സമയം ചോദ്യം ചെയ്തതായാണ് വിവരം. യോഗം പതിവിന് വിപരീതമായി ഒരു മണിക്കൂറിലേറെ നേരം നീണ്ടു. യോഗത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനും മേയ് തയ്യാറായില്ല.

ലണ്ടന്‍: ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ കടുംപിടിത്തം ലക്ഷ്യമിട്ട് തയ്യാറാക്കിയ പദ്ധതികള്‍ അമിത ആത്മവിശ്വാസം മൂലം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് തകര്‍ത്തു കളഞ്ഞ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബ്രെക്‌സിറ്റ് വിഷയത്തില്‍ ലേബറുമായി ചര്‍ച്ച നടത്തി. തൂക്ക് പാര്‍ലമെന്റ് നിലവില്‍ വരാനുള്ള സാധ്യത നിലനില്‍ക്കെ സോഫ്റ്റ് ബ്രെക്‌സിറ്റിനായി തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദ്ദം പെരുകുകയാണ്. ഈ പശ്ചാത്തലത്തിലാണ് ചര്‍ച്ച. സോഫ്റ്റ് ബ്രെക്‌സിറ്റ് ലേബറിന്റെ പ്രഖ്യാപിത നയമാണ്. അതേസമയം ടോറികളില്‍ ഒരു പക്ഷവും ഈ നിലപാടുള്ളവരാണെന്നതാണ് മേയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നത്. സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരുന്നത് അടക്കമുള്ള കാര്യങ്ങളില്‍ മേയ്ക്ക് വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പോടെ സ്‌കോട്ടിഷ് കണ്‍സര്‍വേറ്റീവ് നേതാവ് റൂത്ത് ഡേവിഡ്‌സണിന്റെ സ്വാധീനം വര്‍ദ്ധിച്ചിട്ടുണ്ട്. 13 ടോറി എംപിമാരാണ് ഡേവിഡ്‌സണിന്റെ ഒപ്പമുള്ളത്. ഒരു ടോറി ബ്രെക്‌സിറ്റ് ആയിരിക്കില്ല വരുന്നതെന്ന് ഇവര്‍ പ്രഖ്യാപനവും നടത്തിക്കഴിഞ്ഞു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടതോടെ ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ സ്വീകരിക്കാന്‍ ഉദ്ദേശിച്ച കടുത്ത നിലപാടുകലില്‍ നിന്ന് കണ്‍സര്‍വേറ്റീവ് പിന്നോട്ട് പോകും എന്നു തന്നെയാണ് നിഗമനം.

മുന്‍ ചാന്‍സലറും ടോറി നേതാവുമായ ജോര്‍ജ് ഓസ്‌ബോണ്‍ പത്രാധിപരായ ദി ഈവനിംഗ് സ്റ്റാന്‍ഡാര്‍ഡ്, ഡെയ്‌ലി ടെലിഗ്രാഫ് എന്നീ പത്രങ്ങള്‍ കണ്‍സര്‍വേറ്റീവ് മന്ത്രിമാര്‍ ലേബറുമായി ചര്‍ച്ചകള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിന്റെ വ്യാപാര താല്‍പര്യങ്ങള്‍ ബലികഴിക്കാത്ത വിധത്തിലുള്ള ഒരു സോഫ്റ്റ് ബ്രെക്‌സിറ്റിനെ പിന്തുണയ്ക്കണമെന്ന അഭ്യര്‍ത്ഥനയുമായാണ് ചര്‍ച്ചകള്‍ എന്നാണ് വിവരം.

അപ്രതീക്ഷിതമായി മറ്റൊരു മരണ വാര്‍ത്ത കൂടി യുകെ മലയാളികളെ തേടിയെത്തിയത് വിശ്വസിക്കാനാവാതെ യുകെ മലയാളി സമൂഹം. നോര്‍ത്താംപ്ടനില്‍ താമസിക്കുന്ന മലയാളിയായ ജിന്‍സണ്‍ ഫിലിപ്പ് (38) ആണ് ആകസ്മികമായി നിര്യാതനായത്. ഹൃദയാഘാതം ആണ് മരണകാരണം എന്നറിയുന്നു.

കോട്ടയം കൈപ്പുഴ പാലതുരുത്ത് ഇടവകാംഗമാണ് ജിന്‍സന്‍ ഫിലിപ്പ്. കിഴക്കേകാട്ടില്‍ കുടുംബാംഗമാണ്. ജിന്‍സന്റെ മരണവാര്‍ത്ത അറിഞ്ഞ് നോര്‍ത്താംപ്ടന്‍ ഹോസ്പിറ്റലിലേക്ക് നിരവധി മലയാളികള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് ഈ വാര്‍ത്തയില്‍ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.

ജിന്‍സണ്‍ ഫിലിപ്പിന്‍റെ നിര്യാണത്തില്‍ മലയാളംയുകെ ന്യൂസ് ടീമിന്‍റെ അഗാധമായ ദുഃഖം അറിയിക്കുന്നു.

ബിനോയി ജോസഫ്

മലയാളികൾക്ക് അഭിമാനമായി ഗ്രിംസ് ബിയിലെ മലയാളി സമൂഹം.. ലോകത്തിന്റെ വേദനകളും ആവശ്യങ്ങളും അവരറിയുന്നു.. അത് സ്വന്തം ജീവിതത്തിരക്കിനിടയിൽ അവർ മറക്കുന്നില്ല.. അവരുടെ മനസുകൾ ഉരുവിടുന്നത് സ്നേഹത്തിന്റെ മന്ത്രങ്ങൾ.. ഐക്യത്തോടെ, ലക്ഷ്യം നേടാനായി കഠിനാദ്ധ്വാനം ചെയ്യാനുള്ള ആത്മാർത്ഥത ഇവർക്ക് എന്നും മുതൽകൂട്ട് .. നിസ്വാർത്ഥമായ സേവന പ്രവർത്തനത്തിന് അവർ എന്നും തയ്യാർ.. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഗ്രിംസ് ബിയിലെ മലയാളികൾക്ക് എന്നും സന്തോഷത്തിന്റെ നിമിഷങ്ങളാണ് സമ്മാനിക്കുന്നത്.. തങ്ങൾ ജീവിക്കുന്ന സംസ്കാരത്തിൽ അലിഞ്ഞു ചേരാനുള്ള അപൂർവ്വ അവസരങ്ങൾ ഇവർ പാഴാക്കാറേയില്ല.. നേതൃത്വം നല്കാൻ ഡോ. പ്രീതാ തോമസ്.. പൂർണ പിന്തുണയുമായി മറ്റു മലയാളി കുടുംബങ്ങളും..

ചാരിറ്റി വിഭാഗത്തിൽ ഈ വർഷം മലയാളം യുകെയുടെ എക്സൽ അവാർഡ് നേടിയ ഡോ. പ്രീതാ തോമസിന്റെ നേതൃത്വത്തിലാണ് ഇത്തവണ ഗ്രിംസ് ബിയിൽ ചാരിറ്റി ഇവൻറ് സംഘടിപ്പിച്ചത്. മലയാളം യുകെ യംഗ് അംബാസഡർ ഓഫ് ചാരിറ്റിയായി തെരഞ്ഞെടുക്കപ്പെട്ട നിത്യാ ബാലചന്ദ്രയും പൂർണ പിന്തുണയുമായി ഇവൻറിലുണ്ടായിരുന്നു. ഡോ. സുചിത്ര മേനോനായിരുന്നു മാസ്റ്റർ ഓഫ് സെറമണീസ്. ആഫ്റ്റർ നൂൺ ടീ വിത്ത് ഇൻഡ്യൻ ഫ്യൂഷൻ എന്നു പേരിട്ട ഇവൻറിൽ നിന്ന് ലഭിക്കുന്ന ഫണ്ട് യുണിസെഫിന് കൈമാറും. സിറിയയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾക്കായി ഈ തുക വിനിയോഗിക്കും. മലയാളി കുടുംബങ്ങളോടൊപ്പം മറ്റ് ഇന്ത്യൻ കുടുംബങ്ങളും ഇവൻറിന് പിന്തുണയുമായി രംഗത്തുണ്ടായിരുന്നു. ലോക്കൽ ഇംഗ്ലീഷ് കമ്യൂണിറ്റിയിൽ നിന്നുള്ളവരായിരുന്നു പങ്കെടുത്തവരിൽ ഭൂരിപക്ഷവും. യുകെയിലേക്ക് കുടിയേറിയവരുടെ ഈ ജീവകാരുണ്യ പ്രവർത്തനം ഇംഗ്ലീഷ് സമൂഹത്തിന്റെ മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമായി. വൈവിധ്യമാർന്ന സംസ്കാരങ്ങളുടെ ഐക്യം കാലത്തിന്റെ ആവശ്യമാണെന്ന് ഇതിൽ പങ്കെടുത്തവർ പറഞ്ഞു.

മൂന്നു മണിക്കൂർ നീണ്ടചാരിറ്റി ഇവന്റ് ഗ്രിംസ് ബിയിലെ ഹംബർ റോയൽ ഹോട്ടലിൽ ഇന്നലെ ജൂൺ 11 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 3.30 മുതൽ 6.30 വരെ ആണ് നടന്നത്. സംഗീതവും നൃത്തവുമായി കലാകാരികളും കലാകാരന്മാരും സ്റ്റേജിൽ നിറഞ്ഞു. ഭരതനാട്യവും മോഹിനിയാട്ടവും കേരളത്തനിമയിൽ സദസിൽ അവതരിപ്പിക്കപ്പെട്ടു. ബോളിവുഡ് ഡാൻസും മലയാളം, ഹിന്ദി ഗാനങ്ങളും സദസ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.

അബ്രാഹാം എൻ. അബ്രാഹാം, അമ്പിളി സെബാസ്റ്റ്യൻ, പൂജാ ബാലചന്ദ്ര, കവിതാ തര്യൻ, നക്ഷത്ര ബാലചന്ദ്ര, മെറീന ലിയോ, റൂത്ത് മാത്യൂസ്, റെബേക്കാ മാത്യൂസ്, റിച്ചി മാത്യൂസ്, ഷാരോൺ തോമസ്, ഈവാ മരിയ കുരിയാക്കോസ്, മുരളികൃഷ്ണൻ, നിഷാ ചന്ദ്രശേഖർ, സുവിദ്യാ രാജേന്ദ്രൻ, അഭിഷേക് രാംപാൽ, നെൽസൺ ബിജു എന്നിവർ വിവിധ പരിപാടികൾ സ്റ്റേജിൽ അവതരിപ്പിച്ചു. ഇംഗ്ലീഷ് ട്രൂപ്പായ ദി ഫാമിലി ടൈസ് ഗാനങ്ങൾ ആലപിച്ചു. ജെയ്ൻ ഫോസ്റ്റർ സ്മിത്ത് യൂണിസെഫിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

ലണ്ടന്‍: വന്‍ പ്രതിഷേധത്തിന് സാധ്യതയുള്ളതിനാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനം മാറ്റി വെക്കുന്നു. ബ്രിട്ടീഷ് ജനത തന്റെ വരവിനെ സ്വാഗതം ചെയ്യുന്നില്ലെങ്കില്‍ വരുന്നില്ലെന്ന് ട്രംപ് തെരേസ മേയെ ഫോണില്‍ അറിയിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ വരവ് ഒഴിവാക്കുകയാണെന്ന് ട്രംപ് അറിയിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ ട്രംപ് ഇക്കാര്യം ബ്രിട്ടീഷ് പ്രധാനമന്ത്രിയെ അറിയിച്ചതായാണ് സൂചന. ഡൗണ്ിംഗ്‌സട്രീറ്റ് വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്.

അധികാരത്തിലേറി ഒരാഴ്ചക്കുള്ളില്‍ ട്രംപിന് ബ്രിട്ടീഷ് സന്ദര്‍ശനത്തിനുള്ള ക്ഷണം ലഭിച്ചതാണ്. പ്രഡിഡന്റ് എന്ന നിലയില്‍ മേയ് ആയിരുന്ന ട്രംപിനെ സന്ദര്‍ശിച്ച ആദ്യ രാഷ്ട്ര നേതാവ്. ഇരുവരും ഒരുമിച്ചുള്ള വാര്‍ത്താസമ്മേളനത്തിലാണ് യുകെ സന്ദര്‍ശിക്കാന്‍ ട്രംപിനെ ബ്രിട്ടീഷ് രാജ്ഞി ക്ഷണിക്കുന്നതായി മേയ് അറിയിച്ചത്. ക്ഷണം ട്രംപ് സ്വീകരിച്ചതാും മേയ് പറഞ്ഞിരുന്നു. മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ലോര്‍ഡ് റിക്കറ്റ്‌സ് ഉള്‍പ്പെടെ നിരവധി നയതന്ത്ര വിദഗ്ദ്ധര്‍ ഈ ക്ഷണത്തെ അപക്വമെന്നായിരുന്നു വിശേഷിപ്പിച്ചത്.

എന്നാല്‍ ഈ ക്ഷണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നില്ല. സമീപകാലത്ത് നയതന്ത്ര തലത്തിലുണ്ടായ ചില സംഭവവികാസങ്ങളും ട്രംപിന്റെ പിന്‍മാറ്റത്തിന് കാരണമായിട്ടുണ്ടെന്ന് സൂചനയുണ്ട്. ലോകമൊട്ടാകെ അമേരിക്കന്‍ അംബാസഡര്‍മാരെ നിയമിക്കുന്നതില്‍ ഭരണകൂടം പൂര്‍ണമായി വിജയിച്ചിട്ടില്ല. ന്യൂയോര്‍ക്ക് ജെറ്റ്‌സ് ഉടമയും റിപ്പബ്ലിക്കന്‍ ഡോണറുമായ വൂഡി ജോണ്‍സണെ യുകെയിലെ അമേരിക്കന്‍ അംബാസഡറായി നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നിലവിലുള്ള അംബാസഡര്‍ ലൂയിസ് ലൂക്കന്‍സ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാനെ പ്രശംസിച്ചുകൊണ്ട് ട്രംപുമായി കോര്‍ക്കുകയും ചെയ്തു.

ലണ്ടന്‍: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ തന്നെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി തെരേസ മേയ് എംപിമാരെ സമീപിച്ചു. ഇന്ന് ചേരുന്ന യോഗത്തില്‍ മേയ് എംപിമാരോട് ഈ ആവശ്യം നേരിട്ട് ഉന്നയിക്കു. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ട് തന്റെ ഭാവി തുലാസിലായതോടെയാണ് മേയ് ഈ നീക്കം നടത്തുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത് വരെ നിലവിലുള്ള ക്യാബിനറ്റില്‍ ചെറിയ മാറ്റം വരുത്തിക്കൊണ്ട് കുറഞ്ഞ അധികാരങ്ങളുള്ള സര്‍ക്കാര്‍ നിലനിര്‍ത്താനാണ് മേയ് ശ്രമിക്കുന്നത്.

മൈക്കിള്‍ ഗോവിനെ പരിസ്ഥിതി സെക്രട്ടറി സ്ഥാനത്ത് തിരികെ കൊണ്ടുവന്നതാണ് ഞായറാഴ്ച ക്യാബിനറ്റില്‍ വരുത്തിയ മാറ്റം. ആന്‍ഡ്രിയ ലീഡ്‌സമിനെ മാറ്റിക്കൊണ്ട് ഈ അവസാനഘട്ടത്തില്‍ വരുത്തിയ മാറ്റം ടോറി നേതൃസ്ഥാനത്തേക്ക് ബോറിസ് ജോണ്‍സണ്‍ വരുന്നത് തടയാനാണെന്ന് വിലയിരുത്തപ്പെടുന്നു. തെരേസ മേയ്‌ക്കെതിരെ നേതൃ്ത്വ മത്സരത്തില്‍ രംഗത്തെത്തിയതോടെയാണ് മൈക്കിള്‍ ഗോവ് മന്ത്രിസഭയില്‍ നിന്ന് പുറത്തായത്.

പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്ക് മേയ് ഉത്തരവാദിത്വമേല്‍ക്കണമെന്ന് ബാക്ക്‌ബെഞ്ചേഴ്‌സ് പറയുന്നുണ്ടെങ്കിലും ചില മുതിര്‍ന്ന നേതാക്കള്‍ക്ക് അവര്‍ തുടരണമെന്ന അഭിപ്രായമാണ് ഉള്ളത്. എന്നാല്‍ ടോറികള്‍ക്കുള്ളില്‍ മേയ്‌ക്കെതിരെയുള്ള വികാരം പടരുന്നതായും സൂചനയുണ്ട്. മുന്‍ ചാന്‍സലറായിരുന്ന ജോര്‍ജ് ഓസ്‌ബോണ്‍ അവരെ ഇപ്പോഴും നടക്കുന്ന മരിച്ച സ്ത്രീ എന്ന് ബിബിസി അഭിമുഖത്തില്‍ വിശേഷിപ്പിച്ചത് വന്‍ തലക്കെട്ടുകളാണ് മാധ്യമങ്ങളില്‍ സൃഷ്ടിച്ചത്.

ലണ്ടന്‍: ലേബര്‍ നേതാവ് ജെറമി കോര്‍ബിനെതിരെ ഫേസ്ബുക്കില്‍ നെഗറ്റീവ് ക്യാംപെയിന്‍ നടത്താന്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 1 മില്യന്‍ പൗണ്ടിലേറെ ചെലവഴിച്ചുവെന്ന് റിപ്പോര്‍ട്ട്. വിവിധ വിഷയങ്ങളില്‍ കോര്‍ബിന്‍ മുമ്പ് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ വീഡിയോയും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചായിരുന്നു കണ്‍സര്‍വേറ്റീവ് ഈ തന്ത്രം നടപ്പാക്കിയത്. കടം, തീവ്രവാദ വിരുദ്ധ നിയമങ്ങള്‍, ഐആര്‍എ എന്നീ വിഷയങ്ങളില്‍ ലേബര്‍ നേതാവ് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ വീഡിയോ പ്രചരിപ്പിക്കപ്പെട്ടത് ടോറി അനുകൂല അക്കൗണ്ടുകളില്‍ നിന്നായിരുന്നു.

എന്നാല്‍ ഇതിനു വിപരീതമായി വികസന അജണ്ടകള്‍ ഉള്‍പ്പെടുത്തിയുള്ള ലേബര്‍ പ്രചാരണം തെരഞ്ഞെടുപ്പില്‍ അവക്ക് നേട്ടം സമ്മാനിക്കുകയും ചെയ്തു. കണ്‍സര്‍വേറ്റീവുകളേക്കാള്‍ ഇപ്പോളും സീറ്റ് നിലയില്‍ താഴെയാണെങ്കിലും മുമ്പുണ്ടായിരുന്ന ദയനീയാവസ്ഥയില്‍ നിന്ന് കരകയറാന്‍ ഈ തന്ത്രത്തിലൂടെ സാധിച്ചു. പ്രധാനമന്ത്രി പദത്തിന് തൊട്ടരികില്‍ വരെ കോര്‍ബിന് എത്താന്‍ സാധിച്ചത് തങ്ങളെ അനുകൂലിക്കുന്ന വലിയൊരു വിഭാഗത്തെ മുന്നില്‍കണ്ടുകൊണ്ടുള്ള ആ പ്രവര്‍ത്തന ശൈലിയാണെന്ന് വിലയിരുത്തപ്പെടുന്നു.

വളരെ നേരത്തേ തന്നെ ഓണ്‍ലൈന്‍ പ്രചാരണം ആരംഭിക്കാന്‍ ലേബറിന് കഴിഞ്ഞു. വോട്ടര്‍മാരെ, പ്രത്യേകിച്ച് യുവാക്കളെ പോളിംഗ് ബൂത്തിലെത്തിക്കാന്‍ ഈ പരിശ്രമങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പിന് 24 മണിക്കൂര്‍ മുമ്പ് 6,22,000 പുതിയ വോട്ടര്‍മാര്‍ ഇലക്ടറല്‍ റോളില്‍ എത്തിയെന്നത് ഈ പരിശ്രമത്തിന്റെ ഫലമാണ്. ഇത് റെക്കോര്‍ഡാണ്. ഇവരില്‍ വലിയൊരു ഭൂരിപക്ഷവും ലേബര്‍ പാര്‍ട്ടിയാലും നേതാവ് കോര്‍ബിനാലും പ്രചോദിതരായാണ് എത്തിയതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

സ്ലൊവാനിയയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട യാത്രാ വിമാനത്തിനുള്ളിൽ നിന്ന് ‘സംശയകരമായ സംഭാഷണം’ ഉണ്ടായതിനെ തുടർന്ന് ജർമനിയിൽ അടിയന്തിരമായി ഇറക്കി. യാത്രക്കാരെ മുഴുവൻ ഒഴിപ്പിക്കുകയും മൂന്നു യാത്രക്കാരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരാണ്, മൂന്നു പേർ ഭീകര പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.

ഇതേതുടർന്ന് വിമാനം ജർമനിയിലെ കൊളോണിൽ അടിയന്തരമായി ഇറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു. എന്തു സംഭാഷണമാണ് യാത്രക്കാർ സംശയകരമായി നടത്തിയതെന്ന് പൊലീസ് അറിയിച്ചില്ല. കൊളോണിൽ വിമാനം ഇറക്കിയ ശേഷം 151 യാത്രക്കാരെയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടാണ് സംഭവം.

Image result for /london-bound-plane-diverted-over-suspicious-conversation-3-arrested

വിമാനത്തിനുള്ളിൽ സംശയകരമായി പെരുമാറിയ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരുടെ ബാഗുകൾ ബോംബ് സ്ക്വാഡ് പ്രത്യേകം പരിശോധിക്കുകയും ചെയ്തു. ഇതിൽ നിന്നും സംശയകരമായി ഒന്നും കണ്ടെത്തിയില്ല. സംഭവത്തെ തുടർന്ന് ഏഴു മണിക്കും 10 മണിക്കും ഇടയിൽ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ താളം തെറ്റി. ഏതാണ്ട് ഇരുപതോളം വിമാനങ്ങള്‍ വൈകിയാണ് പുറപ്പെട്ടത്.

യൂറോപ്യൻ രാജ്യങ്ങളിലുണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ജർമ്മനിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഫാ. ബിജു കുന്നയ്ക്കാട്ട്

യു.കെ ജനതയും മറ്റു വിദേശരാജ്യങ്ങളും ആകാംക്ഷയോടെ ഉറ്റുനോക്കിയ ആഴ്ചയാണ് കടന്നുപോയത്. ഭരണത്തിൻറെ കാലാവധി അവസാനിക്കാന്‍ രണ്ടു വര്‍ഷത്തിലേറെയുണ്ടായിരുന്നിട്ടും ഇടക്കാല പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യു.കെ. ജനതയെ ഒന്നാകെ ഞെട്ടിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യു.കെ. ജനത, തെരേസാ മേയെ ഞെട്ടിച്ചു! ഇരുപതു പോയിന്റ് മുന്നില്‍ നിന്നപ്പോള്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി ഒറ്റയ്ക്ക് മൃഗീയ ഭൂരിപക്ഷം നേടി അധികാരം അരക്കിട്ടുറപ്പിക്കാമെന്ന വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയായി തിരഞ്ഞെടുപ്പ് ഫലം. കൂടുതല്‍ നേടാനായില്ലെന്നു മാത്രമല്ല പന്ത്രണ്ടു സീറ്റുകള്‍ നഷ്ടപ്പെടുക കൂടി ചെയ്തത് അവരെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ടാവണം! ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തതിനാല്‍ മറ്റുമുന്നണികളെ കൂട്ടുപിടിച്ച് അധികാരം തുടരുമോ അതോ മറ്റെന്തെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടാവുമോ എന്ന് ഈ ദിവസങ്ങളില്‍ കണ്ടറിയണം!

ശുഭാപ്തി വിശ്വാസത്തിൻറെ കൊടുമുടിയിലാണ് തെരേസാ മേയ് ഇലക്ഷന്‍ പ്രഖ്യാപനം നടത്തിയതെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ ദിവസങ്ങള്‍ മുന്നോട്ട് പോകുന്തോറും അവര്‍ക്ക് ആത്മവിശ്വാസത്തിൻറെ അളവും കുറഞ്ഞുവന്നു. ഒരു ജൂലൈ മാസത്തില്‍ അധികാരത്തില്‍ വന്ന ‘മേയ് ‘ മറ്റൊരു ജൂണ്‍ മാസത്തില്‍ ബ്രിട്ടൻറെ മുഖ്യധാരാ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് മാറ്റപ്പെടുമോ എന്നു പലരും ഭയന്നു (തെരേസാ മേയും ഭയന്നു കാണും!).  പിടിച്ചുനില്‍ക്കാന്‍ സാധിച്ചെങ്കിലും അധികാരത്തില്‍ തുടരണമെങ്കില്‍ ഇനി ആരെങ്കിലുമൊക്കെയായി രാഷ്ട്രീയക്കൂട്ട് കൂടണം. നല്ല നിലയില്‍ തുടര്‍ന്നുവന്ന ഒരു ഭരണത്തിന് ഇത്തരത്തിലൊരു പരിണാമം സംഭവിക്കാന്‍ ചില പ്രധാന കാരണങ്ങള്‍ പിന്നിലുണ്ട്. രാഷ്ട്രീയ ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന ചില അബദ്ധങ്ങളായി ഇവയെ ഒതുക്കി നിര്‍ത്തിക്കൂടാ. പലരുടെയും വ്യക്തിജീവിതത്തിലും ഈ അബദ്ധങ്ങള്‍ വില്ലന്‍ വേഷങ്ങളിലെത്താറുണ്ട്.

ഒട്ടും ആവശ്യമില്ലാത്ത സമയത്തും ആരും ആഗ്രഹിക്കാത്ത നേരത്തും ഒരു ‘ഇലക്ഷനെ നേരിടാനൊരുങ്ങിയ  ‘എടുത്തുചാട്ട’മാണ് അവര്‍ക്ക് വിനയായതെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ആവശ്യമായ പഠനങ്ങള്‍ നടത്താതെയും ഇപ്പോഴത്തെ സാഹചര്യം മനസിലാക്കാതെയും വരും വരായ്കകള്‍ ചിന്തിക്കാതെയും നടത്തുന്ന എടുത്തു ചാട്ടങ്ങള്‍ക്ക് പലപ്പോഴും വലിയ വില ജീവിതത്തില്‍ കൊടുക്കേണ്ടി വരും. പലരുടേയും വ്യക്തിജീവിതത്തില്‍ വിനയായി മാറുന്നതും ചിന്തയില്ലാതെയുള്ള പെരുമാറ്റവും സാഹചര്യങ്ങള്‍ പരിഗണിക്കാതെയുള്ള പ്രതികരണങ്ങളുമാണ്. ചിലതൊക്കെ കേട്ടിട്ട് പരിഗണന കൊടുക്കാതെ, വിട്ടുകളയേണ്ടതിനു പകരം ചുട്ട മറുപടി കൊടുക്കാനും പ്രതികരണങ്ങളിലൂടെ മറുഭാഗത്തുള്ളവരെ ‘ഒതുക്കാനും’ ശ്രമിക്കുമ്പോള്‍ ഫലം മോശമായിരിക്കും. ഒരു ചെറിയ പ്രകോപനത്തില്‍ വീണുപോകാനുള്ള മനസിൻറെ വലിപ്പമേ നമ്മളില്‍ പലര്‍ക്കുമുള്ളൂ. രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞുകേട്ട ഒരു കഥയിങ്ങനെ: ഗാന്ധിജിയും ചില ബ്രിട്ടീഷുകാരുമൊരുമിച്ച് ഒരിക്കല്‍ ഒരു കപ്പലില്‍ യാത്ര ചെയ്യുമ്പോള്‍ ഗാന്ധിജിയുടെ അടുത്തിരുന്ന ബ്രിട്ടീഷുകാരന്‍ ഗാന്ധിജിയെയും ഇന്ത്യയെയും കളിയാക്കി ഒരു കവിതയെഴുതി, ഗാന്ധിജിക്ക് വായിക്കുവാനായി കൊടുത്തു. അതിലെ വരികള്‍ ഗാന്ധിജിയെ അസ്വസ്ഥപ്പെടുത്തിയെങ്കിലും ഒന്നും മിണ്ടാതെ ആ പേപ്പറിൻറെ മുകളില്‍ കുത്തിയിരുന്ന മൊട്ടുസൂചി ഊരി എടുത്തിട്ട് പേപ്പര്‍ ചുരുട്ടി കൂട്ടി കടലിലേയ്ക്കിട്ടു. ഗാന്ധിജിയുടെ ഈ പ്രതികരണത്തില്‍ അല്പം അസ്വസ്ഥനായ ബ്രിട്ടീഷുകാരന്‍ പറഞ്ഞു. ‘അതില്‍ കാര്യമായ ചില കാര്യങ്ങളുണ്ടായിരുന്നു.’ ഒരു ചെറു പുഞ്ചിരിയോടെ ഗാന്ധിജി മറുപടി പറഞ്ഞു. “കാര്യമായത് ഞാന്‍ ഊരിയെടുത്തിട്ടാണ് (മൊട്ടുസൂചി) ഉപയോഗശൂന്യമായത് കളഞ്ഞത്” ചെറിയ പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും ചിന്തയില്ലാതെ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന എടുത്തു ചാട്ടത്തിൻറെ ശീലം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. ചെറിയ പ്രലോഭനങ്ങളിലൊന്നും നമ്മുടെ മനസ് ഉടക്കി നില്‍ക്കാനോ ഇടറി വീഴാനോ ഇടയാകരുത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുണ്ടായ രണ്ടാമത്തെ പ്രശ്നം അമിത ആത്മവിശ്വാസമായിരുന്നു (over confidence). ആ ആത്മവിശ്വാസം (Confidence) നല്ലതാണ്, വേണ്ടതുമാണ്. പക്ഷേ, അത് അധികമായാല്‍ ഇതുപോലെ അപകടം ക്ഷണിച്ചുവരുത്തും. ഇരുപതു പോയിന്റിൻറെ ഭൂരിപക്ഷമുണ്ടായിരുന്നത് വീണ്ടും ഉയര്‍ത്താനാവുമെന്ന് അവര്‍ വേണ്ടത്ര കണക്കുക്കൂട്ടലുകളില്ലാതെ പ്രതീക്ഷിച്ചു. ഇടക്കാല തിരഞ്ഞെടുപ്പ് എന്ന എടുത്തുചാട്ടത്തിലേയ്ക്ക് അവരെ നയിച്ചത് വളരെ എളുപ്പത്തില്‍ ജയിച്ചുകയറാന്‍ സാധിക്കും എന്ന അമിത ആത്മവിശ്വാസം കലര്‍ന്ന ചിന്തയായിരിക്കാം. അമിത ആത്മവിശ്വാസത്തില്‍ വ്യക്തി ജീവിതങ്ങളിലും അപകടങ്ങളില്‍ ചെന്നു ചാടുന്നവരുണ്ട്. അമിത ആത്മവിശ്വാസം ജനിക്കുന്നത് സ്വന്തം കഴിവുകൊണ്ട് കാര്യങ്ങള്‍ നടത്താമെന്ന് ചിന്തിക്കുന്നിടത്തും തനിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും കരുതുന്നിടത്തുമാണ്. ചിലരെ ഈ അമിത ആത്മവിശ്വാസം അഹങ്കാരത്തിലേയ്ക്ക് നയിക്കാറുമുണ്ട്’ ”അഹങ്കാരം നാശത്തിൻറെ മുന്നോടിയാണ്, അഹന്ത അധഃപതനത്തിൻറെയും (സുഭാഷിതങ്ങള്‍ 16:18). ആരൊക്കെ നിന്നെ തള്ളിപ്പറഞ്ഞാലും ഞാന്‍ നിന്നെ തള്ളപ്പറയില്ലെന്ന് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച പത്രോസിനോട് ഈശോ പറഞ്ഞു. ”സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ഇന്ന് രാത്രി കോഴി കൂവുന്നതിനുമുമ്പ് മൂന്ന് പ്രാവശ്യം നീ എന്നെ തള്ളിപ്പറയും” (മത്തായി 23:33 – 34). പിന്നെ നടന്നതു ചരിത്രം: മൂന്ന് ചെറിയ പ്രലോഭനങ്ങളുടെ മുമ്പില്‍ മൂന്ന് പ്രാവശ്യം പത്രോസ് ഈശോയെ തള്ളിപ്പറഞ്ഞു. ബൈബിള്‍ പറയുന്നതുപോലെ, ‘അതുകൊണ്ട് നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതിരിക്കട്ടെ’ (1 കോറിന്തോസ് 10: 12).

എതിരാളിയുടെ ശക്തിയും സ്വാധീനവും കൃത്യമായി അളക്കാന്‍ കഴിയാതെ പോയതാണ് ഉയര്‍ച്ച പ്രതീക്ഷിച്ചിടത്ത് തളര്‍ച്ച നേരിട്ടതിന് മറ്റൊരു പ്രധാന കാരണമായത്. നല്ല മത്സരങ്ങള്‍ക്കിറങ്ങുന്നവര്‍ സ്വയം ഒരുങ്ങുന്നവര്‍ മാത്രമല്ല, എതിരാളിയെയും മറുഭാഗത്തുള്ളവരെയും നന്നായി പഠിക്കുന്നവരും കൂടിയായിരിക്കും. എതിരാളിയുടെ ബലഹീനത അറിയുന്നതാണ് മത്സരത്തിനിറങ്ങുന്നയാളിൻറെ യഥാര്‍ത്ഥ ശക്തി. എതിരാളിയുടെ ശക്തി കുറച്ചുകാണുന്ന പലരും അവരുടെ മുമ്പില്‍ തോറ്റുപോയവരുമാണ്. ആയ് പട്ടണം പിടിച്ചടക്കാന്‍ ജ്വോഷ്വാ ഒരുങ്ങവേ, അതിനെക്കുറിച്ചന്വേഷിക്കാന്‍ പറഞ്ഞയയ്ക്കപ്പെട്ടവര്‍ തിരിച്ചുവന്നു പറഞ്ഞു. ‘എല്ലാവരും അങ്ങോട്ടു പോകേണ്ടതില്ല, അവര്‍ കുറച്ചുപേര്‍ മാത്രമേയുള്ളൂ’ എന്നാല്‍ അവര്‍ ആയ് പട്ടണക്കാരുടെ മുമ്പില്‍ തോറ്റോടി. (ജോഷ്വാ 7: 2-5).

നമ്മുടെ ആത്മീയ ജീവിതത്തിലും ഏറെ പ്രസക്തമായ ഒരു ചിന്തയാണിത്. തിന്മയുടെയും പാപത്തിൻറെയും സ്വാധീനവും ശക്തിയും ഏറെയുള്ള ഈ ലോകത്ത്, ആത്മീയ കാര്യങ്ങള്‍ വളരെ മിനിമം മാത്രം മതി എന്നു പറഞ്ഞു കഴിയുന്നവര്‍, എല്ലാം ഭദ്രമാണെന്നു സ്വയം കരുതുമ്പോഴും ചില വലിയ ധാര്‍മ്മിക – ആത്മീയ അപകടങ്ങളില്‍ ചെന്നു ചാടിയേക്കാം. പാപവും തിന്മയും ഉയര്‍ത്തുന്ന ആകര്‍ഷണങ്ങളെയും പ്രലോഭനങ്ങളെയും ചെറുത്തു തോല്‍പിക്കാനുള്ളത്ര ശക്തി ആത്മീയ ജീവിതത്തിലൂടെ ഓരോരുത്തരും നേടിയെടുക്കണം. അല്ലെങ്കില്‍, വി. പത്രോസ് ഓര്‍മ്മിപ്പിക്കുന്നു. ”നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍.” (1 പത്രോസ് 5: 8)

തൻറെ പൊതുപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പദ്ധതികളുമായി മുമ്പോട്ടു പോകുമ്പോള്‍, തെരേസാ മേയ് ജനങ്ങളുടെ മനസ്സും ആവശ്യങ്ങളും അറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും തയ്യാറായിരുന്നോ എന്നതും ചിന്തനീയമാണ്. തിരഞ്ഞെടുപ്പ് വിജയത്തിൻറെ മാറ്റ് കുറഞ്ഞതിന് ഇതും കാരണമാകാം എന്നു വിലയിരുത്തപ്പെടുന്നു. മെഡിക്കല്‍ രംഗത്തെ അനിശ്ചിതത്വവും ബ്രെക്സിറ്റിൻറെ പശ്ചാത്തലവും ഐസിസ് ആക്രമണങ്ങളും തുടങ്ങി കുറേയേറെ കാര്യങ്ങളില്‍ ജനങ്ങളുടെ താല്‍പര്യവും മനസും വേണ്ടവിധം പ്രധാനമന്ത്രി മനസിലാക്കിയിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെടുന്നു. കുടുംബജീവിതത്തിലും സമൂഹ ജീവിതത്തിലും ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. കുടുംബത്തിലായാലും സമൂഹത്തിലായാലും നേതൃനിരയിലുള്ളവര്‍ കൂടെയുള്ളവരുടെ ചിന്തകളും വികാരങ്ങളും കൂടി മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതാണ്. തന്നോടൊപ്പം താമസിക്കുന്ന മറ്റ് കുടുംബാംഗങ്ങളെ ഒട്ടും ശ്രദ്ധിക്കാതെ അവരുടെ വികാരങ്ങളെ തെല്ലും പരിഗണിക്കാതെ മദ്യപാനത്തിലും അനാവശ്യ കൂട്ടുകെട്ടുകളിലും ധൂര്‍ത്തിലും ജീവിക്കുന്നവര്‍ സ്വയം നാശവും കുടുംബസമാധാന തകര്‍ച്ചയും ക്ഷണിച്ചുവരുത്തുകയാണ്. ഗ്രൂപ്പുകള്‍ക്കും സമൂഹത്തിനും നേതൃത്വം കൊടുക്കുന്നവരും കൂടെയുള്ളവരെയും അവരുടെ ചിന്തകളെയും പരിഗണിക്കാതെ പോയാല്‍ പൊതുസമൂഹത്തിൻറെ പിന്നാമ്പുറങ്ങളിലേയ്ക്ക് തള്ളി മാറ്റപ്പെടും.

ഓരോ അനുഭവവും ഓരോ പാഠമാണ്, ചില പാഠങ്ങള്‍ പഠിക്കാനും ഭാവിയിലേക്ക് വേണ്ട മുന്‍കരുതലുകള്‍ എടുക്കാനും. നമ്മുടെ ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നു മാത്രമേ പഠിക്കൂ എന്നു ശഠിക്കേണ്ട, മറ്റുള്ളവരുടെ ജീവിതവും അനുഭവങ്ങളും നമ്മുടെ ജീവിതത്തിനുള്ള തുറന്ന പുസ്തകങ്ങളാണ്. നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിയില്‍ നിന്നും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ട്. ഒന്നുകില്‍ അവരെപ്പോലെയാകാന്‍ അല്ലെങ്കില്‍ അവരെപ്പോലെ ആകാതിരിക്കാന്‍ – രണ്ടും ഗുണപാഠം തന്നെ. ”നിൻറെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും അവസാനത്തെ പിഴവാണ് നിൻറെ ഏറ്റവും നല്ല ഗുരു” എന്ന മഹാനായ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിൻറെ വാക്കുകളോടെ, നന്മനിറഞ്ഞ ഒരാഴ്ച പ്രാര്‍ത്ഥനയോടെ ആശംസിക്കുന്നു.

‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 50’ – സ്നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved