ഫാ. ബിജു കുന്നയ്ക്കാട്ട്

യു.കെ ജനതയും മറ്റു വിദേശരാജ്യങ്ങളും ആകാംക്ഷയോടെ ഉറ്റുനോക്കിയ ആഴ്ചയാണ് കടന്നുപോയത്. ഭരണത്തിൻറെ കാലാവധി അവസാനിക്കാന്‍ രണ്ടു വര്‍ഷത്തിലേറെയുണ്ടായിരുന്നിട്ടും ഇടക്കാല പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യു.കെ. ജനതയെ ഒന്നാകെ ഞെട്ടിച്ചു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ യു.കെ. ജനത, തെരേസാ മേയെ ഞെട്ടിച്ചു! ഇരുപതു പോയിന്റ് മുന്നില്‍ നിന്നപ്പോള്‍ ഒരു ഇടക്കാല തെരഞ്ഞെടുപ്പ് നടത്തി ഒറ്റയ്ക്ക് മൃഗീയ ഭൂരിപക്ഷം നേടി അധികാരം അരക്കിട്ടുറപ്പിക്കാമെന്ന വ്യാമോഹത്തിനേറ്റ കനത്ത തിരിച്ചടിയായി തിരഞ്ഞെടുപ്പ് ഫലം. കൂടുതല്‍ നേടാനായില്ലെന്നു മാത്രമല്ല പന്ത്രണ്ടു സീറ്റുകള്‍ നഷ്ടപ്പെടുക കൂടി ചെയ്തത് അവരെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ടാവണം! ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലാത്തതിനാല്‍ മറ്റുമുന്നണികളെ കൂട്ടുപിടിച്ച് അധികാരം തുടരുമോ അതോ മറ്റെന്തെങ്കിലും രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉണ്ടാവുമോ എന്ന് ഈ ദിവസങ്ങളില്‍ കണ്ടറിയണം!

ശുഭാപ്തി വിശ്വാസത്തിൻറെ കൊടുമുടിയിലാണ് തെരേസാ മേയ് ഇലക്ഷന്‍ പ്രഖ്യാപനം നടത്തിയതെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ ദിവസങ്ങള്‍ മുന്നോട്ട് പോകുന്തോറും അവര്‍ക്ക് ആത്മവിശ്വാസത്തിൻറെ അളവും കുറഞ്ഞുവന്നു. ഒരു ജൂലൈ മാസത്തില്‍ അധികാരത്തില്‍ വന്ന ‘മേയ് ‘ മറ്റൊരു ജൂണ്‍ മാസത്തില്‍ ബ്രിട്ടൻറെ മുഖ്യധാരാ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് മാറ്റപ്പെടുമോ എന്നു പലരും ഭയന്നു (തെരേസാ മേയും ഭയന്നു കാണും!).  പിടിച്ചുനില്‍ക്കാന്‍ സാധിച്ചെങ്കിലും അധികാരത്തില്‍ തുടരണമെങ്കില്‍ ഇനി ആരെങ്കിലുമൊക്കെയായി രാഷ്ട്രീയക്കൂട്ട് കൂടണം. നല്ല നിലയില്‍ തുടര്‍ന്നുവന്ന ഒരു ഭരണത്തിന് ഇത്തരത്തിലൊരു പരിണാമം സംഭവിക്കാന്‍ ചില പ്രധാന കാരണങ്ങള്‍ പിന്നിലുണ്ട്. രാഷ്ട്രീയ ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന ചില അബദ്ധങ്ങളായി ഇവയെ ഒതുക്കി നിര്‍ത്തിക്കൂടാ. പലരുടെയും വ്യക്തിജീവിതത്തിലും ഈ അബദ്ധങ്ങള്‍ വില്ലന്‍ വേഷങ്ങളിലെത്താറുണ്ട്.

ഒട്ടും ആവശ്യമില്ലാത്ത സമയത്തും ആരും ആഗ്രഹിക്കാത്ത നേരത്തും ഒരു ‘ഇലക്ഷനെ നേരിടാനൊരുങ്ങിയ  ‘എടുത്തുചാട്ട’മാണ് അവര്‍ക്ക് വിനയായതെന്നാണ് ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. ആവശ്യമായ പഠനങ്ങള്‍ നടത്താതെയും ഇപ്പോഴത്തെ സാഹചര്യം മനസിലാക്കാതെയും വരും വരായ്കകള്‍ ചിന്തിക്കാതെയും നടത്തുന്ന എടുത്തു ചാട്ടങ്ങള്‍ക്ക് പലപ്പോഴും വലിയ വില ജീവിതത്തില്‍ കൊടുക്കേണ്ടി വരും. പലരുടേയും വ്യക്തിജീവിതത്തില്‍ വിനയായി മാറുന്നതും ചിന്തയില്ലാതെയുള്ള പെരുമാറ്റവും സാഹചര്യങ്ങള്‍ പരിഗണിക്കാതെയുള്ള പ്രതികരണങ്ങളുമാണ്. ചിലതൊക്കെ കേട്ടിട്ട് പരിഗണന കൊടുക്കാതെ, വിട്ടുകളയേണ്ടതിനു പകരം ചുട്ട മറുപടി കൊടുക്കാനും പ്രതികരണങ്ങളിലൂടെ മറുഭാഗത്തുള്ളവരെ ‘ഒതുക്കാനും’ ശ്രമിക്കുമ്പോള്‍ ഫലം മോശമായിരിക്കും. ഒരു ചെറിയ പ്രകോപനത്തില്‍ വീണുപോകാനുള്ള മനസിൻറെ വലിപ്പമേ നമ്മളില്‍ പലര്‍ക്കുമുള്ളൂ. രാഷ്ട്രപിതാവായ ഗാന്ധിജിയെക്കുറിച്ച് പറഞ്ഞുകേട്ട ഒരു കഥയിങ്ങനെ: ഗാന്ധിജിയും ചില ബ്രിട്ടീഷുകാരുമൊരുമിച്ച് ഒരിക്കല്‍ ഒരു കപ്പലില്‍ യാത്ര ചെയ്യുമ്പോള്‍ ഗാന്ധിജിയുടെ അടുത്തിരുന്ന ബ്രിട്ടീഷുകാരന്‍ ഗാന്ധിജിയെയും ഇന്ത്യയെയും കളിയാക്കി ഒരു കവിതയെഴുതി, ഗാന്ധിജിക്ക് വായിക്കുവാനായി കൊടുത്തു. അതിലെ വരികള്‍ ഗാന്ധിജിയെ അസ്വസ്ഥപ്പെടുത്തിയെങ്കിലും ഒന്നും മിണ്ടാതെ ആ പേപ്പറിൻറെ മുകളില്‍ കുത്തിയിരുന്ന മൊട്ടുസൂചി ഊരി എടുത്തിട്ട് പേപ്പര്‍ ചുരുട്ടി കൂട്ടി കടലിലേയ്ക്കിട്ടു. ഗാന്ധിജിയുടെ ഈ പ്രതികരണത്തില്‍ അല്പം അസ്വസ്ഥനായ ബ്രിട്ടീഷുകാരന്‍ പറഞ്ഞു. ‘അതില്‍ കാര്യമായ ചില കാര്യങ്ങളുണ്ടായിരുന്നു.’ ഒരു ചെറു പുഞ്ചിരിയോടെ ഗാന്ധിജി മറുപടി പറഞ്ഞു. “കാര്യമായത് ഞാന്‍ ഊരിയെടുത്തിട്ടാണ് (മൊട്ടുസൂചി) ഉപയോഗശൂന്യമായത് കളഞ്ഞത്” ചെറിയ പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും ചിന്തയില്ലാതെ സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന എടുത്തു ചാട്ടത്തിൻറെ ശീലം തീര്‍ത്തും ഒഴിവാക്കേണ്ടതാണ്. ചെറിയ പ്രലോഭനങ്ങളിലൊന്നും നമ്മുടെ മനസ് ഉടക്കി നില്‍ക്കാനോ ഇടറി വീഴാനോ ഇടയാകരുത്.

ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുണ്ടായ രണ്ടാമത്തെ പ്രശ്നം അമിത ആത്മവിശ്വാസമായിരുന്നു (over confidence). ആ ആത്മവിശ്വാസം (Confidence) നല്ലതാണ്, വേണ്ടതുമാണ്. പക്ഷേ, അത് അധികമായാല്‍ ഇതുപോലെ അപകടം ക്ഷണിച്ചുവരുത്തും. ഇരുപതു പോയിന്റിൻറെ ഭൂരിപക്ഷമുണ്ടായിരുന്നത് വീണ്ടും ഉയര്‍ത്താനാവുമെന്ന് അവര്‍ വേണ്ടത്ര കണക്കുക്കൂട്ടലുകളില്ലാതെ പ്രതീക്ഷിച്ചു. ഇടക്കാല തിരഞ്ഞെടുപ്പ് എന്ന എടുത്തുചാട്ടത്തിലേയ്ക്ക് അവരെ നയിച്ചത് വളരെ എളുപ്പത്തില്‍ ജയിച്ചുകയറാന്‍ സാധിക്കും എന്ന അമിത ആത്മവിശ്വാസം കലര്‍ന്ന ചിന്തയായിരിക്കാം. അമിത ആത്മവിശ്വാസത്തില്‍ വ്യക്തി ജീവിതങ്ങളിലും അപകടങ്ങളില്‍ ചെന്നു ചാടുന്നവരുണ്ട്. അമിത ആത്മവിശ്വാസം ജനിക്കുന്നത് സ്വന്തം കഴിവുകൊണ്ട് കാര്യങ്ങള്‍ നടത്താമെന്ന് ചിന്തിക്കുന്നിടത്തും തനിക്ക് എല്ലാ കാര്യങ്ങളും അറിയാമെന്നും കരുതുന്നിടത്തുമാണ്. ചിലരെ ഈ അമിത ആത്മവിശ്വാസം അഹങ്കാരത്തിലേയ്ക്ക് നയിക്കാറുമുണ്ട്’ ”അഹങ്കാരം നാശത്തിൻറെ മുന്നോടിയാണ്, അഹന്ത അധഃപതനത്തിൻറെയും (സുഭാഷിതങ്ങള്‍ 16:18). ആരൊക്കെ നിന്നെ തള്ളിപ്പറഞ്ഞാലും ഞാന്‍ നിന്നെ തള്ളപ്പറയില്ലെന്ന് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച പത്രോസിനോട് ഈശോ പറഞ്ഞു. ”സത്യമായി ഞാന്‍ നിന്നോട് പറയുന്നു, ഇന്ന് രാത്രി കോഴി കൂവുന്നതിനുമുമ്പ് മൂന്ന് പ്രാവശ്യം നീ എന്നെ തള്ളിപ്പറയും” (മത്തായി 23:33 – 34). പിന്നെ നടന്നതു ചരിത്രം: മൂന്ന് ചെറിയ പ്രലോഭനങ്ങളുടെ മുമ്പില്‍ മൂന്ന് പ്രാവശ്യം പത്രോസ് ഈശോയെ തള്ളിപ്പറഞ്ഞു. ബൈബിള്‍ പറയുന്നതുപോലെ, ‘അതുകൊണ്ട് നില്‍ക്കുന്നു എന്നു വിചാരിക്കുന്നവന്‍ വീഴാതിരിക്കട്ടെ’ (1 കോറിന്തോസ് 10: 12).

എതിരാളിയുടെ ശക്തിയും സ്വാധീനവും കൃത്യമായി അളക്കാന്‍ കഴിയാതെ പോയതാണ് ഉയര്‍ച്ച പ്രതീക്ഷിച്ചിടത്ത് തളര്‍ച്ച നേരിട്ടതിന് മറ്റൊരു പ്രധാന കാരണമായത്. നല്ല മത്സരങ്ങള്‍ക്കിറങ്ങുന്നവര്‍ സ്വയം ഒരുങ്ങുന്നവര്‍ മാത്രമല്ല, എതിരാളിയെയും മറുഭാഗത്തുള്ളവരെയും നന്നായി പഠിക്കുന്നവരും കൂടിയായിരിക്കും. എതിരാളിയുടെ ബലഹീനത അറിയുന്നതാണ് മത്സരത്തിനിറങ്ങുന്നയാളിൻറെ യഥാര്‍ത്ഥ ശക്തി. എതിരാളിയുടെ ശക്തി കുറച്ചുകാണുന്ന പലരും അവരുടെ മുമ്പില്‍ തോറ്റുപോയവരുമാണ്. ആയ് പട്ടണം പിടിച്ചടക്കാന്‍ ജ്വോഷ്വാ ഒരുങ്ങവേ, അതിനെക്കുറിച്ചന്വേഷിക്കാന്‍ പറഞ്ഞയയ്ക്കപ്പെട്ടവര്‍ തിരിച്ചുവന്നു പറഞ്ഞു. ‘എല്ലാവരും അങ്ങോട്ടു പോകേണ്ടതില്ല, അവര്‍ കുറച്ചുപേര്‍ മാത്രമേയുള്ളൂ’ എന്നാല്‍ അവര്‍ ആയ് പട്ടണക്കാരുടെ മുമ്പില്‍ തോറ്റോടി. (ജോഷ്വാ 7: 2-5).

നമ്മുടെ ആത്മീയ ജീവിതത്തിലും ഏറെ പ്രസക്തമായ ഒരു ചിന്തയാണിത്. തിന്മയുടെയും പാപത്തിൻറെയും സ്വാധീനവും ശക്തിയും ഏറെയുള്ള ഈ ലോകത്ത്, ആത്മീയ കാര്യങ്ങള്‍ വളരെ മിനിമം മാത്രം മതി എന്നു പറഞ്ഞു കഴിയുന്നവര്‍, എല്ലാം ഭദ്രമാണെന്നു സ്വയം കരുതുമ്പോഴും ചില വലിയ ധാര്‍മ്മിക – ആത്മീയ അപകടങ്ങളില്‍ ചെന്നു ചാടിയേക്കാം. പാപവും തിന്മയും ഉയര്‍ത്തുന്ന ആകര്‍ഷണങ്ങളെയും പ്രലോഭനങ്ങളെയും ചെറുത്തു തോല്‍പിക്കാനുള്ളത്ര ശക്തി ആത്മീയ ജീവിതത്തിലൂടെ ഓരോരുത്തരും നേടിയെടുക്കണം. അല്ലെങ്കില്‍, വി. പത്രോസ് ഓര്‍മ്മിപ്പിക്കുന്നു. ”നിങ്ങള്‍ സമചിത്തതയോടെ ഉണര്‍ന്നിരിക്കുവിന്‍. നിങ്ങളുടെ ശത്രുവായ പിശാച് അലറുന്ന സിംഹത്തെപ്പോലെ ആരെ വിഴുങ്ങണമെന്ന് അന്വേഷിച്ചുകൊണ്ട് ചുറ്റിനടക്കുന്നു. വിശ്വാസത്തില്‍ ഉറച്ചുനിന്നുകൊണ്ട് അവനെ എതിര്‍ക്കുവിന്‍.” (1 പത്രോസ് 5: 8)

തൻറെ പൊതുപ്രവര്‍ത്തനങ്ങളും രാഷ്ട്രീയ പദ്ധതികളുമായി മുമ്പോട്ടു പോകുമ്പോള്‍, തെരേസാ മേയ് ജനങ്ങളുടെ മനസ്സും ആവശ്യങ്ങളും അറിയാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും തയ്യാറായിരുന്നോ എന്നതും ചിന്തനീയമാണ്. തിരഞ്ഞെടുപ്പ് വിജയത്തിൻറെ മാറ്റ് കുറഞ്ഞതിന് ഇതും കാരണമാകാം എന്നു വിലയിരുത്തപ്പെടുന്നു. മെഡിക്കല്‍ രംഗത്തെ അനിശ്ചിതത്വവും ബ്രെക്സിറ്റിൻറെ പശ്ചാത്തലവും ഐസിസ് ആക്രമണങ്ങളും തുടങ്ങി കുറേയേറെ കാര്യങ്ങളില്‍ ജനങ്ങളുടെ താല്‍പര്യവും മനസും വേണ്ടവിധം പ്രധാനമന്ത്രി മനസിലാക്കിയിരുന്നില്ല എന്ന് പലരും അഭിപ്രായപ്പെടുന്നു. കുടുംബജീവിതത്തിലും സമൂഹ ജീവിതത്തിലും ഏറെ പ്രധാനപ്പെട്ട ഒരു കാര്യമാണിത്. കുടുംബത്തിലായാലും സമൂഹത്തിലായാലും നേതൃനിരയിലുള്ളവര്‍ കൂടെയുള്ളവരുടെ ചിന്തകളും വികാരങ്ങളും കൂടി മനസിലാക്കി പ്രവര്‍ത്തിക്കേണ്ടതാണ്. തന്നോടൊപ്പം താമസിക്കുന്ന മറ്റ് കുടുംബാംഗങ്ങളെ ഒട്ടും ശ്രദ്ധിക്കാതെ അവരുടെ വികാരങ്ങളെ തെല്ലും പരിഗണിക്കാതെ മദ്യപാനത്തിലും അനാവശ്യ കൂട്ടുകെട്ടുകളിലും ധൂര്‍ത്തിലും ജീവിക്കുന്നവര്‍ സ്വയം നാശവും കുടുംബസമാധാന തകര്‍ച്ചയും ക്ഷണിച്ചുവരുത്തുകയാണ്. ഗ്രൂപ്പുകള്‍ക്കും സമൂഹത്തിനും നേതൃത്വം കൊടുക്കുന്നവരും കൂടെയുള്ളവരെയും അവരുടെ ചിന്തകളെയും പരിഗണിക്കാതെ പോയാല്‍ പൊതുസമൂഹത്തിൻറെ പിന്നാമ്പുറങ്ങളിലേയ്ക്ക് തള്ളി മാറ്റപ്പെടും.

ഓരോ അനുഭവവും ഓരോ പാഠമാണ്, ചില പാഠങ്ങള്‍ പഠിക്കാനും ഭാവിയിലേക്ക് വേണ്ട മുന്‍കരുതലുകള്‍ എടുക്കാനും. നമ്മുടെ ജീവിതത്തിലെ അനുഭവങ്ങളില്‍ നിന്നു മാത്രമേ പഠിക്കൂ എന്നു ശഠിക്കേണ്ട, മറ്റുള്ളവരുടെ ജീവിതവും അനുഭവങ്ങളും നമ്മുടെ ജീവിതത്തിനുള്ള തുറന്ന പുസ്തകങ്ങളാണ്. നാം കണ്ടുമുട്ടുന്ന ഓരോ വ്യക്തിയില്‍ നിന്നും നമുക്ക് എന്തെങ്കിലും പഠിക്കാനുണ്ട്. ഒന്നുകില്‍ അവരെപ്പോലെയാകാന്‍ അല്ലെങ്കില്‍ അവരെപ്പോലെ ആകാതിരിക്കാന്‍ – രണ്ടും ഗുണപാഠം തന്നെ. ”നിൻറെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും അവസാനത്തെ പിഴവാണ് നിൻറെ ഏറ്റവും നല്ല ഗുരു” എന്ന മഹാനായ ഡോ. എ.പി.ജെ അബ്ദുള്‍ കലാമിൻറെ വാക്കുകളോടെ, നന്മനിറഞ്ഞ ഒരാഴ്ച പ്രാര്‍ത്ഥനയോടെ ആശംസിക്കുന്നു.

‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം – 50’ – സ്നേഹപൂര്‍വ്വം, ഫാ. ബിജു കുന്നയ്ക്കാട്ട്

എല്ലാ ഞായറാഴ്ചകളിലും പ്രസിദ്ധീകരിക്കുന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് യുകെയിലെ നോട്ടിംഗ്ഹാം രൂപതയില്‍  സീറോ മലബാര്‍ ചാപ്ലിനും ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പി.ആര്‍.ഒ.യും  ആയ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് ആണ്. ‘ഞായറാഴ്ചയുടെ സങ്കീര്‍ത്തനം’ എന്ന  ഈ പംക്തിയില്‍ അതാത് ആഴ്ചകളില്‍ യുകെയില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന സമകാലീന വിഷയങ്ങള്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.