Main News

ഹവാന: പുതിയ ചരിത്രമായി മാറിയ  ആ കൂടിക്കാഴ്ച നടന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയും കിറില്‍ പാത്രിയര്‍ക്കീസും പരസ്പരം ആലിംഗനം ചെയ്തു.ലോകം കാത്തിരുന്ന അപൂര്‍വ സന്ദര്‍ഭം. പാശ്ചാത്യ, പൗരസ്ത്യ ക്രിസ്ത്യന്‍ സഭകളെ ആയിരത്തോളം വര്‍ഷമായി വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന ഭിന്നതയുടെ മുറിവുണക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും കിറില്‍ പാത്രിയര്‍ക്കീസും കൂടിക്കാഴ്ച നടത്തി.
ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്കു രണ്ടു മണിയോടെ ഹവാനയിലെ ഴോസെ മാര്‍ട്ടി രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങിയ മാര്‍പാപ്പ വിമാനത്താവളത്തില്‍വച്ചു തന്നെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ കിറില്‍ പാത്രിയര്‍ക്കീസുമായി ചര്‍ച്ച നടത്തി. പശ്ചിമേഷ്യയില്‍ ക്രിസ്ത്യാനികള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ മതിയാക്കാന്‍ ആ വശ്യപ്പെട്ടുള്ള സംയുക്ത പ്രസ്താവനയിലും ഇരുവരും ഒപ്പിട്ടു.

പശ്ചിമേഷ്യയിലെ ക്രിസ്തീയപീഡനത്തിന് അറുതിയുണ്ടാക്കാന്‍ ഇരു സഭകളും ഭിന്നതകള്‍ മറന്ന് ഇനി ഒത്തൊരുമിച്ചു നീങ്ങും. എന്നാല്‍, പാശ്ചാത്യ, പൗരസ്ത്യ സഭകളുടെ പുനരേകീകരണം ഇന്നലത്തെ കൂടിക്കാഴ്ചയുടെ അജന്‍ഡയിലില്ലെന്നാണ് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ വക്താക്കള്‍ പറയുന്നത്.

അരനൂറ്റാണ്ടത്തെ യുഎസ്– ക്യൂബ ശത്രുതയുടെ മഞ്ഞുരുക്കത്തിനു മേല്‍നോട്ടം വഹിച്ച മാര്‍പാപ്പ, ഇരുസഭകളുടെയും സൗഹൃദത്തിനുവേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് ക്യൂബ തന്നെ ആതിഥ്യം വഹിക്കുന്നതും ശ്രദ്ധേയം. ചരിത്രംകുറിക്കുന്ന കൂടിക്കാഴ്ചയ്ക്കായി കിറില്‍ പാത്രിയര്‍ക്കീസ് വ്യാഴാഴ്ചയാണു ഹവാനയിലെത്തിയത്.

സിറിയയില്‍ റഷ്യയുടെ സൈനിക ഇടപെടല്‍ നടക്കുന്ന ചരിത്രസന്ധിയില്‍ത്തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പയും കിറില്‍ പാത്രിയര്‍ക്കീസും ചര്‍ച്ചയ്ക്കിരുന്നത് രാഷ്ട്രീയ മാനങ്ങളുണ്ടാക്കുന്നുണ്ടെങ്കിലും കൂടിക്കാഴ്ചയ്ക്ക് അത്തരം അജന്‍ഡകളൊന്നുമില്ലെന്ന് റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ വക്താക്കള്‍ പറയുന്നു.

റോമില്‍ 1054 ലായിരുന്നു ക്രിസ്ത്യന്‍ സഭയിലെ ചരിത്രപ്രധാനമായ പിളര്‍പ്പ്. പിന്നീടുള്ള ചരിത്രത്തിലാദ്യമായാണ് ഒരു മാര്‍പാപ്പയും റഷ്യന്‍ പാത്രിയര്‍ക്കീസും ചര്‍ച്ചയ്ക്കിരിക്കുന്നത്. ക്യൂബന്‍ വിമാനത്താവളത്തിലെ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രാദേശിക സമയം ഇന്നലെ വൈകിട്ട് ഏഴരയോടെ മാര്‍പാപ്പ മെക്‌സിക്കോയിലേക്കു തിരിച്ചു.

മെക്‌സിക്കോയില്‍ അഞ്ചു ദിവസം നീളുന്ന സന്ദര്‍ശനപരിപാടികളാണുള്ളത്. പ്രാദേശിക സമയം ഇന്നു രാവിലെ ഒന്‍പതരയോടെ (ഇന്ത്യന്‍ സമയം രാത്രി 8.30) തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ മാര്‍പാപ്പയ്ക്ക് ഔദ്യോഗിക സ്വീകരണം നല്‍കും. മെക്‌സിക്കോ സിറ്റിയിലെ ഔര്‍ ലേഡി ഓഫ് ഗ്വാദലൂപ് ബസിലിക്കയില്‍ മാര്‍പാപ്പ കുര്‍ബാന അര്‍പ്പിക്കും.

കുഞ്ഞിനെ ഡേ കെയറിലാക്കിയ ശേഷം ജോലിക്ക് പോകേണ്ടിയിരുന്ന ജഡ്ജി കുഞ്ഞ് കാറിലുള്ള കാര്യം മറന്ന് ജോലിക്ക് പോയതിനെ തുടര്‍ന്ന്‍ കുഞ്ഞ് മരിച്ചു. അമേരിക്കയില്‍ നിന്നാണ് ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  എല്ലാവര്‍ക്കും മാതൃകായാകേണ്ടുന്ന ഒരു ജഡ്ജിയാണ് മറവി മൂലം സ്വന്തം കുഞ്ഞിനെ കാറിനുള്ളില്‍ കുരുതി കൊടുത്തിരിക്കുന്നത്. ഡേകെയറില്‍ കൊണ്ടു പോകാന്‍ കാറിന്റെ പുറകില്‍ ഇരുത്തിയ കുഞ്ഞിനെ മറന്ന് ഓഫീസില്‍ പോവുകയായിരുന്നു ജഡ്ജി. തിരിച്ച് പിക്ക് ചെയ്യാനായി കാര്‍ പാര്‍ക്കില്‍ ചെന്നപ്പോള്‍ അദ്ദേഹം കണ്ടത് കാറിനുള്ളില്‍ മരിച്ച് കിടക്കുന്ന കുഞ്ഞിനെയാണ്. സംഭവത്തെ തുടര്‍ന്ന് ജഡ്ജി അറസ്റ്റിലാവുകയും ചെയ്തു.
അടച്ചിട്ട കാറിനുള്ളിലെ 37 ഡിഗ്രി സെല്‍ഷ്യസ് കനത്ത ചൂടില്‍ വെന്തുരുകി ശ്വാസം മുട്ടിയാണ്കുട്ടി മരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ 18 മാസം മാത്രമുള്ള കുഞ്ഞിന്റെ മരണത്തിന് കാരണമായതിന്റെ പേരില്‍ സര്‍ക്യൂട്ട് ജഡ്ജായ വേഡ് നാറമോര്‍ കൊലക്കുറ്റത്തിന് അറസ്റ്റിലാവുകയായിരുന്നു. ദുഷ്‌ചെയ്തിയുടെ പേരിലും 36കാരനായ ഈ അര്‍കന്‍സാസ് ജഡ്ജിയുടെ പേരില്‍ നടപടിയെടുക്കുമെന്നാണ് ഗാര്‍ലാന്‍ഡ് കൗണ്ടിയില്‍ ഫയല്‍ ചെയ്ത അറസ്റ്റ് വാറന്റ് സൂചിപ്പിക്കുന്നത്.തോമസ് നറമോറാണ് ഇത്തരത്തില്‍ ദാരുണമായി മരണപ്പെട്ടിരിക്കുന്നത്. ടൊയോട്ട അലോണിലാണ് കുട്ടി ദാരുണമായി മൃതിയടഞ്ഞിരിക്കുന്നത്. താങ്ങാന്‍ പറ്റാത്ത ചൂട് മൂലമാണ് കുഞ്ഞ് മരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഏകദേശം അഞ്ച് മണിക്കൂറോളമാണ് കുഞ്ഞ് അടച്ചിട്ട കാറിനുള്ളില്‍ കഴിയേണ്ടി വന്നിരുന്നത്.

അന്ന് കോടതിയില്‍ നടക്കാനിരുന്ന ഒരു കേസിനെപ്പറ്റിയുള്ള ഉത്കണ്ഠ മൂലമാണ് ഇത്തരത്തിലുള്ള ഒരു പിഴവ് സംഭവിച്ചതെന്നാണ് ജഡ്ജി പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. അറസ്റ്റ്‌ചെയ്ത ജഡ്ജിയെ 5000 ഡോളര്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. വീട്ടില്‍ നിന്നും പ്രാര്‍ത്ഥനയും കഴിഞ്ഞ് കുഞ്ഞിനൊപ്പമിറങ്ങിയ തങ്ങള്‍ അന്ന് മാക്‌ഡൊണാള്‍ഡില്‍ നിന്നാണ് ബ്രേക്ക്ഫാസ്റ്റ് കഴിച്ചതെന്നും സാധാരണ വീട്ടില്‍ നിന്നാണ് കഴിക്കാറുള്ളതെന്നും ജഡ്ജ് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കുട്ടിയെ ഡേ കെയര്‍ സെന്ററിലേക്ക് കൊണ്ടു പോകുന്നത് മറന്ന നറമോര്‍ നേരിട്ട് ഓഫീലേക്ക് പോവുകയും കുട്ടിയെ കാറിനുള്ളില്‍ മറക്കുകയുമായിരുന്നു. തിരക്കിട്ട ജോലികള്‍ക്ക് ശേഷം ഉച്ചയ്ക്ക് ശേഷം കുട്ടിയെയും കൂട്ടി വീട്ടിലേക്ക് പോകാന്‍ ഒരുങ്ങുമ്പോഴാണ് കുട്ടിയെ മരിച്ച നിലയില്‍ കാറില്‍ കണ്ടെത്തിയിരുന്നത്.തുടര്‍ന്ന് 911 നമ്പറിലേക്ക് ഇദ്ദേഹം സഹായമഭ്യര്‍ത്ഥിച്ച് വിളിക്കുകയായിരുന്നു. അന്നേ ദിവസം ഊഷ്മാവ് 90 ഡിഗ്രി വരെ ഉയര്‍ന്നിരുന്നുവെന്നും കാറിനുള്ളിലെ കടുത്ത ചൂട് കാരണമാണ് കുട്ടി മരിച്ചതെന്നുമാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നത്. താന്‍ കുട്ടിയെ കൊന്നുവെന്ന് ഹൃദയവേദനയോടെ വിലപിക്കുന്ന നറമോറിനെ കണ്ടിരുന്നുവെന്നാണ് ആദ്യ ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നത്.

തന്റെ കുട്ടിയുടെ മരണത്തിന് ശേഷം നറമോര്‍ കേസുകള്‍ വിചാരണ ചെയ്യുന്നതില്‍ നിന്നും സ്വയം പിന്മാറുകയായിരുന്നു. എന്നാല്‍ അദ്ദേഹം രാജി വച്ചിട്ടില്ല. നറമോറിനെതിരെ അര്‍കന്‍സാസ് ജൂഡീഷ്യല്‍ ഡിസിപ്ലിന്‍ ആന്‍ഡ് ഡിസ്എബിലിറ്റി കമ്മീഷനില്‍ പരാതി പെന്‍ഡിംഗിലുണ്ട്. തങ്ങളുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സംബന്ധിച്ചിടത്തോളം കുട്ടിയുടെ മരണം ചിന്തിക്കാന്‍ പോലും പറ്റാത്തതാണെന്നാണ് നറമോറും അദ്ദേഹത്തിന്റെ ഭാര്യ അഷ്‌ലെയും പറയുന്നത്.

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. ജയരാജന് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്ന് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ജയരാജനെ ജയിലിലേക്ക് അയച്ചത്. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഡോക്ടറും ഇക്കാര്യം സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റാണ് ആദ്യം തീരുമാനിച്ചതെങ്കിലും ഏറ്റവും അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റാണ് ഡോക്ടര്‍മാര്‍ നിര്‍ദേശം നല്‍കിയത്.
വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയിലാണ് ജയരാജനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനെ തുടര്‍ന്നു കോടതിയില്‍ കീഴടങ്ങിയ ജയരാജനെ മാര്‍ച്ച് 11 വരെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ഡിസ്ചാര്‍ജായ ജയരാജന്‍ തലശേരി എകെജി സഹകരണ ആശുപത്രിയിലെത്തിയശേഷമാണ് കോടതിയിലെത്തി കീഴടങ്ങിയത്.

അതിനിടെ കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ സിബിഐ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. മൂന്നു ദിവസത്തെ കസ്റ്റഡി വേണമെന്നാണ് അപേക്ഷയില്‍ സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് തിങ്കളാഴ്ച കോടതി പരിഗണിക്കും.

യുഎപിഎ നിയമപ്രകാരമാണ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്തത്. നേരത്തെ, ആരോഗ്യ പ്രശ്‌നങ്ങളുള്ള ജയരാജനെ ആശുപത്രിയിലേക്ക് മാറ്റണമെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം തള്ളിയാണ് ഒരു മാസത്തേക്ക് റിമാന്‍ഡ് ചെയ്യാനുള്ള കോടതി ഉത്തരവ്. ഏത് ആശുപത്രിയില്‍ ചികിത്സ തുടരും മുതലായ കാര്യങ്ങള്‍ ജയില്‍ സൂപ്രണ്ടിന്റെ വിവേചനാധികാരത്തിന് വിടുന്നതായും കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജയരാജനെ ആശുപത്രിയിലേക്ക് മാറ്റുന്നത്.

സിപിഎം നേതാക്കളെ കള്ളക്കേസുകളില്‍ കുടുക്കാനുള്ള കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണ് തനിക്കെതിരെ യുഎപിഎ ചുമത്താനുള്ള നീക്കമെന്ന് പി.ജയരാജന്‍ ആരോപിച്ചു. തന്നെ കള്ളക്കേസില്‍ കുടുക്കാനും യുഎപിഎ ചുമത്താനുമുള്ള ആര്‍എസ്എസ് ഗൂഢാലോനയ്ക്ക് ഉമ്മന്‍ചാണ്ടി കൂട്ടുനിന്നതായും ജയരാജന്‍ തലശേരി സെഷന്‍സ് കോടതി പരിസരത്തു മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകനായതിനാലണു തന്നെ ആര്‍എസ്എസ് നോട്ടമിടുന്നത്. ആര്‍എസ്എസില്‍ നിന്നും കൂടുതല്‍ അംഗങ്ങള്‍ ചോര്‍ന്നുപോകുമെന്ന ഭീതിയാണ് ഇത്തരം കേസുകള്‍ പടച്ചുണ്ടാക്കാന്‍ കാരണം. ഇതു വ്യക്തിപരമായ നീക്കമെന്നതിേനക്കാള്‍ രാഷ്ട്രീയപരമായ ആക്രമണമാണ്. സിപിഎമ്മിനെ ഒരു ഭീകരസംഘടനയായി പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാനാണ് എതിരാളികളുടെ ശ്രമമെന്നും ജയരാജന്‍ ആരോപിച്ചു.

കതിരൂര്‍ മനോജ് വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെതിരെ തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം (യുഎപിഎ) അനുസരിച്ച് ആരോപണമുന്നയിക്കുന്നതില്‍ പ്രഥമദൃഷ്ട്യാ തെറ്റില്ലെന്നു ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. യുഎപിഎ പ്രകാരം മുന്‍കൂര്‍ ജാമ്യത്തിനു വിലക്കുള്ളതിനാല്‍ ജസ്റ്റിസ് കെ.ടി. ശങ്കരന്‍, ജസ്റ്റിസ് കെ.പി. ജ്യോതീന്ദ്രനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജയരാജന്റെ അപ്പീല്‍ തള്ളുകയും ചെയ്തിരുന്നു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നും ജയരാജന്റെ യോഗ്യതകള്‍ മാനിച്ചു പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും അഭിപ്രായപ്പെട്ടുകൊണ്ടാണ് ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.

തലശേരി സെഷന്‍സ് കോടതി 2016 ജനുവരി 30ന് മുന്‍കൂര്‍ ജാമ്യം തള്ളിയതിനെതിരെയായിരുന്നു ജയരാജന്റെ അപ്പീല്‍. സിബിഐ ആറു വാല്യമായി ഹാജരാക്കിയ കേസ് ഡയറി കോടതി പരിശോധിച്ചു. മനോജ് വധത്തിന്റെ ആസൂത്രകനും ബുദ്ധികേന്ദ്രവും മുഖ്യകണ്ണിയും ജയരാജന്‍ ആണെന്നു സിബിഐ ആരോപിച്ചിരുന്നു. കൊല നടത്താനും ബോംബ് പൊട്ടിച്ചു ജനങ്ങളില്‍ ഭീതി പരത്താനുമുള്ള ഗൂഢാലോചനയില്‍ ജയരാജന്റെ പങ്കിനു തെളിവുണ്ടെന്നുള്ള സിബിഐ വാദം അംഗീകരിച്ചാണു കോടതി നടപടി.

വര്‍ഗീസ്‌ ആന്റണി
ഗ്രാവിറ്റേഷണല്‍ വേവ്സിന്‍റെ കണ്ടുപിടുത്തത്തില്‍ പങ്കാളിയായ അജിത്ത് പരമേശ്വരനെ കുറിച്ച് സുഹൃത്തും മലയാളം യുകെ ന്യൂസ് ടീം അംഗവുമായ വര്‍ഗീസ്‌ ആന്റണിയുടെ ലേഖനം
പ്രപഞ്ചത്തേക്കുറിച്ചുള്ള എണ്ണമില്ലാത്ത ചോദ്യങ്ങളില്‍ ചിലതിനെങ്കിലും ഉത്തരം നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന ഒരു ശാസ്ത്ര രഹസ്യം കൂടി മനുഷ്യന്‍ അനാവരണം ചെയ്തിരിക്കുന്നു. ഗ്രാവിറ്റേഷണല്‍ വേവ്‌സ് എന്ന ഗുരുത്വ തരംഗങ്ങളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ഇതിനേക്കുറിച്ച് ഗവേഷണം നടത്തുന്ന ലിഗോ പ്രൊജക്ട് തലവന്‍മാര്‍ ഇന്നലെ അമേരിക്കയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കൃത്യം ഒരു നൂറ്റാണ്ട് മുന്‍പ് (1916ല്‍) ആല്‍ബര്‍ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ശാസ്ത്ര സമസ്യമാണ് വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ കുരുക്കഴിച്ചെടുത്തിരിക്കുന്നത്. ലോകം ഒരു ചുവട് മുന്നോട്ട് കാല്‍ വച്ചു എന്നാണ് മാധ്യമങ്ങള്‍ ഈ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊള്ളായിരത്തോളം ഗവേഷകരായിരുന്നു ഈ അന്വേഷണത്തിന്റെ ഭാഗമായത്. അവരില്‍ ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത് അജിത്ത് പരമേശ്വരനുമുണ്ട് എന്നത് അഭിമാനകരമാണ്. Parameswaran Ajith

അജിത്ത് പരമേശ്വരൻ
കോട്ടയത്ത് എം.ജി.യൂണിവേഴ്‌സിറ്റി ക്യാംപസില്‍ പഠിക്കുന്ന കാലത്ത്, അവിടെ നാടകം കളിക്കാനും ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കാനും എസ്.എഫ്.ഐയുടെ പോസ്റ്ററെഴുതാനും മുന്‍പന്തിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു അജിത്ത്. കോട്ടയത്തെ പഠന ശേഷം ജര്‍മ്മനിയിലെ മാക്‌സ്പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഗ്രാവിറ്റേഷണല്‍ ഫിസിക്‌സില്‍ നിന്ന് ഗവേഷണ ബിരുദം. തുടര്‍ന്ന് അമേരിക്കയിലെ ലിഗോ പ്രൊജക്ടിലേക്ക്. വര്‍ഷങ്ങേളാളം അവിടെ നിന്ന ശേഷം അടുത്തിടെ ലിഗോ പ്രൊജക്ടിന്റെ ഇന്ത്യന്‍ ലാബ് ക്രമീകരിക്കുന്നതുള്‍പ്പെടെയുള്ള ദൗത്യങ്ങളുമായി ഇന്ത്യയിലേക്ക്. അതിനിടയിലുണ്ടായ സര്‍ക്കാര്‍ മാറ്റവും മറ്റും പദ്ധതിയെ അല്‍പം വൈകിച്ചെന്ന് തോന്നുന്നു. പക്ഷേ, കാര്യങ്ങള്‍ മുന്നോട്ട് തന്നെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്നലെ ട്വീറ്റ് ചെയ്ത വാക്കുകളില്‍ അതിന്റെ സൂചനയുണ്ട്. ഗ്രാവിറ്റേഷണല്‍ വേവ്‌സ് കണ്ടെത്തിയ സംഘത്തിലെ ഇന്ത്യന്‍ ഗവേഷകരെ അഭിനന്ദിച്ച് മോഡി നടത്തിയ പ്രസ്താവനയില്‍ ബാംഗ്ലൂരില്‍ വരാനിരിക്കുന്ന ലിഗോ പ്രൊജക്ട് ലാബിനേക്കുറിച്ച് പറയുന്നുണ്ട്. ” Historic detection of gravitational waves opens up new frontier for understanding of universe! Immensely proud that Indian scientists played an important role in this challenging quest. Hope to move forward to make even bigger cotnribution with an advanced gravitational wave detector in the coutnry.” മോഡി ഇന്നലെ ഇങ്ങനെ ട്വീറ്റ് ചെയ്തു.

തമോഗർത്തങ്ങൾ സൃഷ്ടിക്കുന്ന ഊർജ തരംഗങ്ങളുടെ ചിത്രീകരണം
ഗ്രാവിറ്റേഷണല്‍ വേവ്‌സ് എന്നാല്‍ എന്താണെന്ന് എനിക്ക് വിശദീകരിച്ച് തരാന്‍ അജിത് ശ്രമിച്ചിട്ടുണ്ട്. അത് കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടും വിശദീകരിച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്റെ അജ്ഞാത കോണുകളില്‍ നിന്നും പുറപ്പെടുന്ന ഊര്‍ജ തരംഗങ്ങള്‍ തിരമാലകളെന്ന പോലെ നമ്മളെ കടന്ന് പോകുന്നുണ്ട്. ഈ വേവ്‌സിന്റെ സാന്നിധ്യം ഭൂമി ഉള്‍പ്പെടെയുളള എല്ലാത്തിലും ചില മാറ്റങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. വളരെ ചെറിയ മാറ്റമാണ് ഇത് ഉണ്ടാക്കുന്നത്. ഗ്രാവിറ്റേഷണല്‍ വേവ്‌സ് വരുമ്പോള്‍ ഭൂമി ഒരു മില്ലീമീറ്റര്‍ വികസിക്കുന്നു എന്നാണ് സങ്കല്‍പം. ഭൂമി മാത്രമല്ല, സകല ചരാചരങ്ങളും വികസിക്കും. 24000 കിലോമീറ്റര്‍ വ്യാസമുള്ള ഭൂമി ഒരു മില്ലീമീറ്ററാണ്രേത വികസിക്കുന്നത്. അത് തെളിയിക്കാന്‍ എളുപ്പമാകില്ലല്ലോ. അതായിരുന്നു ഈ അന്വേഷണത്തിന്റെ ബുദ്ധിമുട്ട്. ഗ്രാവിറ്റേഷണല്‍ വേവ്‌സിനേക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ താഴത്തെ ലിങ്കിലുള്ള വീഡിയോ സഹായിക്കും.

ലിവിങ്‌സ്റ്റണിലും സ്റ്റാൻഫോഡിലുമുള്ള ലിഗോ ലാബുകൾ. നാല് കിലോമീറ്ററാണ് തുരങ്കത്തിന്റെ ഒരു വശത്തേക്കുള്ള നീളം

ലിഗോ ലാബിന്റെ സമീപ ദൃശ്യം

ഇത് കണ്ടെത്താന്‍ അമേരിക്കയില്‍ രണ്ടിടത്ത് കൂറ്റന്‍ ലാബുകളാണ് സ്ഥാപിച്ചിട്ടുള്ളത്. (വേറൊരെണ്ണം ഇന്ത്യയില്‍ സ്ഥാപിക്കാനാണ് അജിത് ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്) ഇംഗ്ലീഷ് അക്ഷരമാലയിലെ ‘L’ മാതൃകയില്‍ രണ്ട് വശത്തേക്ക് നിര്‍മ്മിച്ചിട്ടുള്ള വലിയ തുരങ്കമാണ് പ്രധാന ഭാഗം. ഒരു വശത്തേക്കുള്ള തുരങ്കത്തിന് നാല് കിലോമീറ്റര്‍ നീളമുണ്ട്. അതില്‍ നിറയെ വിവിധ തരം ഉപകരണങ്ങള്‍. ഇരുപത് വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടും തരംഗങ്ങളുടെ സാന്നിധ്യം കണ്ടെത്താന്‍ ഗവേഷക സംഘത്തിന് കഴിഞ്ഞില്ല. അതേത്തുടര്‍ന്ന് അടുത്തിടെ നവീകരിച്ച ലിഗോ ലാബ് അധികം വൈകാതെ ആ ചോദ്യത്തിന് ഉത്തരം നല്‍കി. ഭൂമിയില്‍ നിന്ന് 130 കോടി പ്രകാശ വര്‍ഷം അകലെയുള്ള രണ്ട് തമോഗര്‍ത്തങ്ങള്‍ പരസ്പരം ലയിക്കുമ്പോള്‍ ഉടലെടുത്ത ഊര്‍ജ പ്രവാഹത്തെ അത് കണ്ടെത്തി. 1992ല്‍ തുടങ്ങിയ അന്വേഷണത്തിനാണ് ഇതോടെ ഉത്തരമായത്.

ഒരാള്‍ ഒറ്റക്ക് തന്റെ ലാബിലിരുന്ന് കണ്ടെത്തുന്ന ശാസ്ത്രരഹസ്യങ്ങളുടെ കാലം കഴിഞ്ഞെന്ന് അജിത് പറയുമായിരുന്നു. ഒരുപാട് പേര്‍ ചേര്‍ന്ന് മാത്രം ചുരുളഴിക്കേണ്ട വലിയ സമസ്യകള്‍ നിരവധിയുണ്ട്. നൂട്രിനോ പരീക്ഷണമൊക്കെ ആ ഗണത്തില്‍ വരുന്നവയാണ്. ലിഗോ പ്രൊജക്ടില്‍ 900 പേരുണ്ടായിരുന്നു. അത്തരം അന്വേഷണങ്ങളാണ് മനുഷ്യ സമൂഹത്തെ മുന്നോട്ട് നയിക്കുക എന്ന് അജിത് പറയുന്നു. അത്തരമൊരു വലിയ പദ്ധതിയുടെ ഭാഗമായി, ഇനി വരാനിരിക്കുന്ന മനുഷ്യ സമൂഹത്തിനാകമാനം വെളിച്ചമാകുന്ന നേട്ടം കൊയ്തടുത്ത സംഘത്തിലെ അംഗമായ ഞങ്ങളുടെ അജിത്തിന് അഭിനന്ദനങ്ങള്‍. അതിരുകളില്ലാത്ത ആകാശത്തോളം വളരട്ടെ അവന്റെ നേട്ടങ്ങള്‍.

 

ലണ്ടന്‍: ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികളില്‍ മൂന്നിലൊന്നും പതിനാറു വയസിനു താഴെ പ്രായമുള്ളവരാണെന്ന് റിപ്പോര്‍ട്ട്. പീഡനങ്ങള്‍ക്കിരയാകുന്നവരേക്കുറിച്ചുള്ള വിശദ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ടാണ് ഇത് വ്യക്തമാക്കുന്നത്. പോലീസ് രേഖകലാണ് പുറത്തു വന്നത്. കഴിഞ്ഞ മാര്‍ച്ച് വരെയുളള ഒരു കൊല്ലക്കാലം ഇംഗ്ലണ്ടിലെയും വെയില്‍സിലെയും പതിമൂന്ന് സേനകളില്‍ നിന്ന് ശേഖരിച്ച കണക്കുകളാണിവ. ബലാല്‍സംഗത്തിനിരയാകുന്നവരില്‍ മുപ്പത് ശതമാനവും പതിനാറ് വയസില്‍ താഴെയുളളവരാണ്. ഇരുപത്തഞ്ച് ശതമാനം പതിനാലോ അതില്‍ താഴെയോ പ്രായമുളളവരാണ്. ഒമ്പത് ശതമാനം ഒമ്പത് വയസില്‍ താഴെയുളളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികളും ആണ്‍കുട്ടികളും പതിനഞ്ചിനും പത്തൊമ്പതിനും ഇടയില്‍ പ്രായമുളളവരാണ്. മറ്റ് ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കിരയാകുന്ന പകുതി പെണ്‍കുട്ടികളും പതിനാറ് വയസില്‍ താഴെയുളളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് വലിയ മുന്നറിയിപ്പാണ് നല്‍കുന്നതെന്ന് സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങള്‍ക്ക് അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിലെ സാറാ ഗ്രീന്‍ പ്രതികരിച്ചു.

ഇത് സര്‍ക്കാരിനുളള മുന്നറിയിപ്പാണ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ വര്‍ദ്ധിച്ച് വരുന്ന ഈ അതിക്രമങ്ങള്‍ക്കെതിരെ നാം എന്ത് നിലപാടാണ് സ്വീകരിക്കാന്‍ പോകുന്നതെന്നും ഇവര്‍ ചോദിക്കുന്നു. ചെറിയ കുട്ടികളെ വളരെ എളുപ്പത്തില്‍ കീഴടക്കാന്‍ ആകുന്നുവെന്നതാണ്. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ ചെറിയ പെണ്‍കുട്ടികളെ തന്നെ തെരഞ്ഞെടുക്കാന്‍ കാരണമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചെറിയ കുട്ടികളായാല്‍ വളരെയെളുപ്പം തങ്ങള്‍ക്ക് രക്ഷപ്പെടാമെന്നും കുറ്റ വാളികള്‍ കരുതുന്നു.

കഴിഞ്ഞ മാര്‍ച്ച് വരെ പൊലീസിന് ലഭിച്ച പരാതി പ്രകാരം രാജ്യത്ത് 88,106 ലൈംഗിക കുറ്റകൃത്യങ്ങളുണ്ടായി. 2002ല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ രേഖപ്പെടുത്താന്‍ തുടങ്ങിയതിന് ശേഷമുണ്ടായ ഏറ്റവും കൂടിയ കണക്കാണിത്. ഇരകളില്‍ പലരും പരാതി നല്‍കാന്‍ തയ്യാറായി മുന്നോട്ട് വരുന്നുണ്ടെന്നതിന് തെളിവാണിതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാനും പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനും കഴിയുന്ന വിധത്തിലേക്ക് സേനകളെ സജ്ജമാക്കേണ്ടിയിരിക്കുന്നുവെന്നും അധികൃതര്‍ പറഞ്ഞു.

ലണ്ടന്‍: യുകെയിലെ ജനങ്ങളുടെ ആയൂര്‍ദൈര്‍ഘ്യം എക്കാലത്തെയും ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് റിപ്പോര്‍ട്ട്. പെന്‍ഷന്‍ പ്രായത്തിലുളളവരുടെ ആയൂര്‍ദൈര്‍ഘ്യം നാഴികക്കല്ല് പിന്നിട്ടിരിക്കുന്നുവെന്നും പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അറുപത്തഞ്ച് വയസുളള ഒരാള്‍ക്ക് ഇനിയും പത്തൊമ്പത് കൊല്ലം കൂടി പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2013ലേതിനേക്കാള്‍ 0.3 വര്‍ഷം കൂടുതലാണിത്. എഴുപത്തഞ്ച് വയസുളളവര്‍ക്ക് ഇനി പന്ത്രണ്ട് വര്‍ഷം കൂടി ഇങ്ങനെ തുടരാനാകും. എണ്‍പ്പത്തഞ്ച് വയസുളളവര്‍ക്ക് ഇനി ആറ് വര്‍ഷം കൂടി അവശേഷിക്കുന്നുണ്ട്. 95കാരാകട്ടെ ഇനി മൂന്ന് വര്‍ഷം കൂടി ഇങ്ങനെ പോകും.
അറുപത്തഞ്ച് വയസുളള സ്ത്രീകള്‍ക്ക് ഇനി 21 വര്‍ഷം കൂടി ജീവിക്കാനാകും. 2013ലേതിനേക്കാള്‍ ഇതും 0.3വര്‍ഷം കൂടിയിട്ടുണ്ട്. 75കാര്‍ക്ക് ഇനിയും പതിമൂന്ന് വര്‍ഷം കൂടിയുണ്ട്. എണ്‍പത്തഞ്ചുകാര്‍ക്ക് ഏഴ് വര്‍ഷവും 95 കാര്‍ക്ക് മൂന്ന് വര്‍ഷവും കൂടി ലഭിക്കും. 2011-12 വര്‍ഷത്തില്‍ വൃദ്ധരുടെ ആയൂര്‍ദൈര്‍ഘ്യത്തില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ 2013ല്‍ ഇത് വീണ്ടെടുത്തു. എണ്‍പത്തഞ്ചുകാരുടെ ആയൂര്‍ദൈര്‍ഘ്യം മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ലണ്ടനിലും ദക്ഷിണപശ്ചിമ മേഖലയിലും ദക്ഷിണ പൂര്‍വ്വ മേഖലയിലും കിഴക്കന്‍ ഇംഗ്ലണ്ടിലും വടക്ക് കിഴക്കന്‍, വടക്ക് പടിഞ്ഞാറന്‍ മേഖലകളെ അപേക്ഷിച്ച് ആയൂര്‍ദൈര്‍ഘ്യം ഒരു വര്‍ഷം കൂടുതലാണ്.

ഇംഗ്ലണ്ടിലെ ഒരു ഭാഗത്ത് ഒഴിച്ച് എല്ലായിടത്തും അറുപത്തഞ്ച് വയസുളള പുരുഷന്‍മാരുടെ ആയുര്‍ദൈര്‍ഘ്യം 2013നും 14നും ഇടയില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വടക്ക് കിഴക്ക് മേഖലയില്‍ മാത്രമാണ് ഇതിന് മാറ്റമുളളത്. 2013ല്‍ ഇവിടെ രേഖപ്പെടുത്തിയ ആയുര്‍ദൈര്‍ഘ്യം എക്കാലത്തെയും ഉയര്‍ന്ന നിലയിലായിരുന്നു. ഈ പ്രാദേശിക വ്യത്യാസങ്ങള്‍ക്കുളള കാരണം മനസിലായിട്ടില്ലെന്ന് പബ്ലിക് ഹെല്‍ത്തിലെ ചീഫ് നോളജ് ഓഫീസര്‍ ജോണ്‍ ന്യൂട്ടന്‍ പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ കാലം ജീവിക്കുന്നുണ്ട്. എന്നാല്‍ ഇവരുടെ ആരോഗ്യനില വളരെ മോശമാണ്. മധ്യവയസിലും നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വൈകിയിട്ടില്ലെന്ന സൂചനയാണ് ഈ റിപ്പോര്‍ട്ട് നല്‍കുന്നത്.

ലണ്ടന്‍: കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യവുമായി ലിബറല്‍ ഡെമോക്രാറ്റിക് നേതാവ് ടിം ഫാരന്‍ രംഗത്ത്. ആദ്യമായാണ് രാജ്യത്തെ ഒരു മുഖ്യധാരാ പാര്‍ട്ടി നേതാവ് കഞ്ചാവിനു വേണ്ടിയുളള വാദവുമായി രംഗത്തെത്തുന്നത്. കഞ്ചാവിനെതിരെയുളള പോരാട്ടം അവസാനിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി. കഞ്ചാവിനെ നിയമവിധേയമാക്കാനുളള നടപടികള്‍ ആരംഭിക്കണമെന്ന നിര്‍ദേശവും അദ്ദേഹം സര്‍ക്കാരിന് മുന്നില്‍ വച്ചു. ചികിത്സാ ആവശ്യങ്ങള്‍ക്കും വിനോദ ആവശ്യങ്ങള്‍ക്കുമായി കഞ്ചാവിനെ നിയമവിധേയമാക്കണെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇത് സംബന്ധിച്ച പ്രമേയം മുന്‍ ആരോഗ്യമന്ത്രി നോര്‍മാന്‍ ലാംബ് സഭയുടെ മേശപ്പുറത്ത് വച്ചു.
ലിബറല്‍ ഡെമോക്രാറ്റുകള്‍ രൂപീകരിച്ച ഒരു വിദഗ്ദ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്‍മേലുളള ചര്‍ച്ചയ്ക്ക് ശേഷമാണ് പ്രമേയം അവതരിപ്പിച്ചത്. കഞ്ചാവ് വിപണിക്ക് നിയമപരമായി രാജ്യത്ത് എങ്ങനെ പ്രവര്‍ത്തിക്കാനാകും എന്നതിനെക്കുറിച്ചാണ് വിദഗ്ദ്ധ സമിതി പ്രധാനമായും പരിശോധിച്ചത്. രാജ്യത്തെ പൊതുചെലവ് ഒരു ബില്യന്‍ ഡോളര്‍ കുറയ്ക്കാന്‍ കഞ്ചാവ് നിയമവിധേയമാക്കുന്നതിലൂടെ സാധിക്കുമെന്നും വിദഗ്ദ്ധ സമിതി കണ്ടെത്തി. ഇതിന് പുറമെ നികുതിയിനത്തില്‍ 400 മുതല്‍ 900 മില്യന്‍ പൗണ്ട് വരെ സര്‍ക്കാരിലേക്ക് ലഭിക്കുമെന്നും സമിതി വ്യക്തമാക്കി.
കഞ്ചാവിന്റെ വില്‍പ്പന നിയമവിധേയമാക്കാനുളള നടപടികള്‍ ആരംഭിക്കുന്ന മുറക്ക് റിപ്പോര്‍ട്ട് പുറത്ത് വിടുമെന്ന് ലിബറല്‍ ഡെമോക്രാറ്റുകള്‍ അറിയിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി തന്റെ നിലപാടിനെ അംഗീകരിച്ചതായി ടിം ഫാരന്‍ അറിയിച്ചു. ഇനി ഇത് നടപ്പാക്കാനുളള ആര്‍ജ്ജവമാണ് അദ്ദേഹം കാട്ടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മരുന്നുകളുടെ ദുരുപയോഗത്തെക്കുറിച്ച് പഠിക്കാനായി സര്‍ക്കാര്‍ രൂപീകരിച്ച മുന്‍ ഉപദേശകസമിതി അംഗമായിരുന്ന പ്രൊഫ.ഡേവിഡ് നട്ട് അടക്കമുളളവരായിരുന്നു ലിബറല്‍ ഡെമോക്രാറ്റ് രൂപീകരിച്ച സമിതിയില്‍ ഉണ്ടായിരുന്നത്. 2012ല്‍ മുതല്‍ കഞ്ചാവ് വ്യാപാരം നിയമവിധേയമാക്കിയ കൊളറാഡോയും വാഷിംഗ്ടണുമെല്ലാം സമിതി പഠനവിധേയമാക്കി. എന്നാല്‍ മയക്കുമരുന്നുകളെ നിയമവിധേയമാക്കാനുളള നിര്‍ദേശങ്ങളെ പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നിരാകരിച്ചു.

അനീഷ്‌ ജോണ്‍ 
മികവുകളെ എന്നും ആദരിച്ച പാരമ്പര്യമാണ് യുക്മയ്ക്കുള്ളത്. സംഘടനാതലത്തിലും വ്യക്തിപരമായും ഉള്ള കഴിവുകളെ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ച യുക്മ ഇക്കുറിയും പതിവിന് യാതൊരു മാറ്റവും വരുത്തുന്നില്ല. മാര്‍ച്ച് അഞ്ചിന് നടക്കുന്ന യുക്മ ഫെസ്റ്റില്‍ ഇക്കുറി അംഗസംഘടനകളേയും പ്രവര്‍ത്തകരേയും കാത്തിരിക്കുന്നത് നിരവധി അവാര്‍ഡുകളാണ്.

ഓരോ നിമിഷവും പ്രവര്‍ത്തന നിരതമാകുക, അതുവഴി ആഗോള മലയാളിയ്ക്ക് മാതൃകയാവുക എന്ന ലക്ഷ്യത്തോടെ യുകെ മലയാളികളുടെ സ്വന്തം സംഘടനയായ യുക്മ മുന്നോട്ട് വെയ്ക്കുന്ന ഓരോ പരിപാടികളും ആവേശത്തോടെ ഏറ്റെടുത്ത് വിജയിപ്പിച്ച പാരമ്പര്യമാണ് യുക്മയിലെ അംഗസംഘടനകള്‍ക്കുള്ളത്. ഓരോ പരിപാടിയുടേയും സംഘടാന മികവും വന്‍പിച്ച ജനപങ്കാളിത്തവുമാണ് യുക്മയുടെ ജീവശ്വാസമായി നിലനില്‍ക്കുന്നതും. വരുന്ന മാര്‍ച്ച് അഞ്ച് ശനിയാഴ്ച സൗത്താംപ്ടണില്‍ വച്ചാണ് യുക്മ ഫെസ്റ്റിന് അരങ്ങൊരുങ്ങുന്നത്.

കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവച്ച റീജിയനുകള്‍ക്കുള്ള യുക്മ ഗോള്‍ഡണ്‍ ഗ്യാലക്‌സി അവാര്‍ഡുകള്‍ യുക്മ ഫെസ്റ്റില്‍ വച്ച് പ്രഖ്യാപിക്കും. ഓരോ നിമിഷവും പ്രവര്‍ത്തന നിരതമാക്കിയ നിരവധി റീജിയനുകളാണ് യുക്മയുള്ളത് എന്നതിനാല്‍ അവാര്‍ഡിനായി ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടക്കുന്നത്. മികച്ച ചാരിറ്റി പ്രവര്‍ത്തനത്തിനായുള്ളയുക്മ സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡ് യുക്മയുടെ സാമുഹ്യ പ്രതിബന്ധതയുടെ പര്യായമാണ്. ഇത് കൂടാതെ സ്‌പോര്‍ട്‌സില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചവര്‍ക്കായും യുക്മ സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡ് നല്‍കുന്നുണ്ട്.uukma fest 2016 logo

മികച്ച അസോസിയേഷനുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായും യുക്മ അവാര്‍ഡുകള്‍ ഒരുക്കിയിട്ടുണ്ട്. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച അസോസിയേഷനുകള്‍ക്കുള്ള യുക്മ ഗോള്‍ഡണ്‍ ഗ്യാലക്‌സി അവാര്‍ഡ്, മികച്ച ചാരിറ്റി പ്രവര്‍ത്തനം നടത്തിയ അസോസിയേഷനുളല്‍യുക്മ സില്‍വര്‍ ഗ്യാലകസി അവാര്‍ഡ്, സ്‌പോര്‍ട്‌സില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കും, കല അല്ലെങ്കില്‍ സാഹിത്യത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള സില്‍വര്‍ ഗ്യാലക്‌സി അവാര്‍ഡും യുക്മ ഫെസ്റ്റില്‍ വച്ച് പ്രഖ്യാപിക്കും.

മികവിന്റെ അടിസ്ഥാനത്തില്‍ വ്യക്തിതലത്തിലും നിരവധി അവാര്‍ഡുകളാണ് യുക്മ ഒരുക്കിയിട്ടുള്ളത്. മികച്ച പ്രകടനം കാഴ്ചവച്ച വ്യക്തികള്‍ക്കായുള്ള യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ അവാര്‍ഡ്, മികച്ച ചാരിറ്റി പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്കുലല്‍യുക്മ സില്‍വര്‍ സ്റ്റാര്‍ അവാര്‍ഡ്, സ്‌പോര്‍ട്‌സ്, കല, എന്നിവയില്‍ മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കുള്ള സില്‍വര്‍ സ്റ്റാര്‍ അവാര്‍ഡ്, മാധ്യമപ്രവര്‍ത്തനം, കല എന്നിവയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയവര്‍ക്കുള്ള സ്‌പെഷ്യല്‍ റെക്കഗ്‌നീഷ്യന്‍ സ്റ്റാര്‍ അവാര്‍ഡ് എന്നിവയും യുക്മ ഫെസ്റ്റില്‍ വിതരണം ചെയ്യും.

ഇത് കൂടാതെ കരിയര്‍ രംഗത്ത് നേട്ടങ്ങള്‍ സ്വന്തമാക്കിയവരേയും യുക്മ അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നുണ്ട്.

മികച്ച മെയില്‍ നഴ്‌സിനായുള്ള യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ ആവാര്‍ഡ്, മികച്ച ഫീമെയില്‍ നഴ്‌സിനായുള്ള യുക്മ ഗോള്‍ഡന്‍ എയ്ഞ്ചല്‍ അവാര്‍ഡ്, മികച്ച മെയില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്‍്‌റിനുള്ള യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ ആവാര്‍ഡ്, മികച്ച ഫീമെയില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റിനുള്ള യുക്മ ഗോള്‍ഡന്‍ എയ്ഞ്ചല്‍ അവാര്‍ഡ്, ഡോക്ടര്‍, നഴ്‌സ് രംഗത്ത് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തികള്‍ക്കുള്ള യുക്മ സ്‌പെഷ്യല്‍ റെക്കഗ്‌നീഷ്്യന്‍ സ്റ്റാര്‍ അവാര്‍ഡ് എന്നിവയും ഇത് കൂടാതെ വിദ്യാഭ്യാസത്തില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള ഗോള്‍ഡന്‍ റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരം, സ്‌പോര്‍ട്‌സ്, കല എന്നിവയില്‍ മികവ് പുലര്‍ത്തിയ കുട്ടികള്‍ക്കുള്ള ഗോള്‍ഡന്‍ റൈസിംഗ് സ്റ്റാര്‍ പുരസ്‌കാരം, പ്രത്യേക നേട്ടങ്ങള്‍ കരസ്ഥമാക്കിയ കുട്ടികള്‍ക്കുള്ള സ്‌പെഷ്യല്‍ റെക്കഗ്‌നീഷ്യന്‍ സ്റ്റാര്‍ പുരസ്‌കാരം എന്നിവയും നല്‍കുന്നതാണ്.

uukma fest

യുക്മയുടെ മുന്‍ ഭാരവാഹികള്‍ക്കുള്ള യുക്മ സ്റ്റാര്‍ പെര്‍ഫോമന്‍സ് അവാര്‍ഡും യുക്മ ഫെസ്റ്റില്‍ വിതരണം ചെയ്യും. യുക്മയ്ക്കായി മികച്ച സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കുള്ള യുക്മ ഗോള്‍ഡന്‍ സ്റ്റാര്‍ പെര്‍ഫോമന്‍സ് അവാര്‍ഡുകളും സ്‌പെഷ്യല്‍ റെഗ്‌നീഷ്യന്‍ അവാര്‍ഡുകളുമാകും വിതരണം ചെയ്യുന്നത്. മികച്ച സാമൂഹിക സേവനം നടത്തിയ വ്യക്തികള്‍ക്കും മനുഷ്വത്വപരമായ പ്രവര്‍ത്തനം നടത്തിയ വ്യക്തികള്‍ക്കുമുള്ള യുക്മ ഡയമണ്ട് അവാര്‍ഡുകള്‍ യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും താങ്ങും തണലുമായി നിന്ന സ്‌പോണ്‍സര്‍മാര്‍ക്കുള്ള താങ്ക്യൂ അവാര്‍ഡുകള്‍ എന്നിവയും ചടങ്ങില്‍ വിതരണം ചെയ്യും.

പ്രവാസജീവിതത്തിനിടയില്‍ വിവിധ നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ട്, സ്തുത്യര്‍ഹമായ സാമൂഹിക സേവനങ്ങള്‍കൊണ്ട് മലയാളിയുടെ പെരുമയെ ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യമാണ് യുക്മയ്ക്കുള്ളത്. യുക്മയുടെ ദേശീയ കലാമേള കഴിഞ്ഞാല്‍ ഏറ്റവും അധികം ജനപ്രീയമായ പരിപാടിയാണ് യുക്മ ഫെസ്റ്റ് എന്നതിനാല്‍ ഇതിന്റെ പ്രസക്തി ഏറെ വലുതാണ്. യുക്മ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സൗത്ത് വെസ്റ്റ് റീജിയനിലെ സൗത്താംപ്ടണില്‍വച്ചാണ് ഇക്കുറി യുക്മ ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. എല്ലാ റീജിയനുകളിലേയും മികച്ച കലാകാരന്‍മാരേയും കലാകാരികളേയും അണിനിരത്തികൊണ്ട് സംഘടിപ്പിക്കുന്ന യുക്മ ഫെസ്റ്റിന് ിക്കുറി സൗത്താംപ്ടണ്‍ അസോസിയേഷന്‍ പ്രസിഡന്റ് റോബിന്‍ എബ്രഹാമിന്റേയും സെക്രട്ടറി ബിനും ആന്റണിയുടേയും നേതൃത്വത്തില്‍ 150 ഓളം വരുന്ന കുടുംബങ്ങളുടെ സഹകരണത്തിലാണ് നടത്തപ്പെടുന്നത്.

പാട്ടും നൃത്തവുമായി ദിവസം മുഴുവന്‍ നീണ്ട് നില്‍ക്കുന്ന ആഘോഷത്തോടൊപ്പം യുക്മയുടെ പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയവരെ ആദരിക്കുകയും ചെയ്യുന്ന യുക്മ ഫെസ്റ്റിലേക്ക് എല്ലാ യുകെ മലയാളികളുടേയും സഹകരണം അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥിയായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് നടന്‍ സുരേഷ്‌ഗോപി. ഇക്കാര്യം ബിജെപിയുടെ കേന്ദ്രസംസ്ഥാന നേതാക്കളെ സുരേഷ്‌ഗോപി അറിയിച്ചു. സുരേഷ്‌ഗോപിയെ തിരുവനന്തപുരത്തോ വട്ടിയൂര്‍ക്കാവിലോ മത്സരിപ്പിക്കാന്‍ നീക്കം നടത്തിയ ബിജെപിക്ക് നടന്റെ തീരുമാനം കനത്ത തിരിച്ചടിയായി. അനുനയ ശ്രമങ്ങളുമായി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്രനേതൃത്വത്തെയും സംസ്ഥാന നേതൃത്വത്തെയും അറിയിച്ചിട്ടുണ്ട്. സുരേഷ്‌ഗോപിയുമായി അടുത്തവൃത്തങ്ങള്‍ അറിയിച്ചു. ദേശീയ ചലചിത്ര വികസന കോര്‍പ്പറേഷന്‍ (എന്‍എഫ്ഡിസി) ചെയര്‍മാന്‍ സ്ഥാനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് നടന്റെ പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
സുരേഷ്‌ഗോപിയെ എന്‍എഫ്ഡിസി ചെയര്‍മാനായി നിയമിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. സുരേഷ്‌ഗോപിയും മാധ്യമങ്ങളോട് ഇക്കാര്യം ശരിവച്ചിരുന്നു. കഴിഞ്ഞവര്‍ഷം മെയില്‍ ഡല്‍ഹിയിലെത്തി അരുണ്‍ ജെയ്റ്റ്‌ലിയെയും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ സഹമന്ത്രിയെയും കണ്ടത് പ്രചരണങ്ങള്‍ക്ക് ആക്കംകൂട്ടി. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും കേന്ദ്രത്തിന്റെ തീരുമാനമുണ്ടായില്ല. ഇതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നറിയുന്നു. എന്നാല്‍, വാര്‍ത്തയോട് പ്രതികരിക്കാന്‍ ബിജെപി നേതൃത്വം തയ്യാറായില്ല. സുരേഷ്‌ഗോപി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വര്‍ഷങ്ങളായി പ്രചരണമുണ്ട്. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നായിരുന്നു ആദ്യപ്രചരണം. പിന്നീട് താരം ബിജെപിയുമായി അടുത്തു. തിരുവനന്തപുരം മണ്ഡലത്തില്‍ തരൂരിനെതിരെ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും സ്ഥാനാര്‍ഥിമോഹം ഉപേക്ഷിക്കേണ്ടിവന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കായി സുരേഷ്‌ഗോപി പ്രചരണത്തിനിറങ്ങിയിരുന്നു.

നേരത്തെ കൊല്ലം ലോകസഭാ സീറ്റുകിട്ടുമെന്ന പ്രതീക്ഷയില്‍ സുരേഷ്‌ഗോപി കുറേക്കാലം കോണ്‍ഗ്രസ് അനുകൂല നിലപാടുമായി മുന്നോട്ടു പോയിരുന്നു. പിന്നീട് സീറ്റു കിട്ടാതെ വന്നപ്പോള്‍ ആണ് ഡല്‍ഹിയില്‍ പോയി മോഡിയെ കണ്ടതും താന്‍ മോഡിയുടെ അടിമയാണെന്ന പ്രസ്താവന നടത്തിയതും.

വാഷിങ്ടണ്‍: ശാസ്ത്ര ലോകത്തിന് വന്‍ നേട്ടമായി ഗുരുത്വതരംഗങ്ങളെ കണ്ടെത്തി. നക്ഷത്രസ്‌ഫോടനത്തിലും തമോഗര്‍ത്തങ്ങളുടെ കൂടിച്ചേരലിലും ഗുരുത്വതരംഗങ്ങള്‍ രൂപപ്പെടുമെന്നാണ് കണ്ടെത്തിയത്. ഇതോടെ 100 കൊല്ലം മുന്‍പ് ഐന്‍സ്റ്റീന്‍ ആവിഷ്‌കരിച്ച സിദ്ധാന്തത്തിന് സ്ഥിരീകരണമാവുകയാണ്. പുതിയ കണ്ടെത്തല്‍ പ്രപഞ്ചോല്‍പത്തിയിലേക്കുവരെ വെളിച്ചം വീശാന്‍ സഹായകമായേക്കുമെന്നാണ് കരുതുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 900 ശാസ്ത്രജ്ഞരുടെ കൂട്ടായ്മയായ ലിഗോയുടെ പ്രതിനിധികളാണ് ഇക്കാര്യം അറിയിച്ചത്. ഗുരുത്വതരംഗങ്ങളെ കണ്ടെത്തിയ ശാസ്ത്രസംഘത്തില്‍ 31 ഇന്ത്യക്കാരുണ്ട്. ഇന്ത്യന്‍ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഒരു നൂറ്റാണ്ടിന് മുമ്പ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പ്രവചിച്ച ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടെത്തിയെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. 1915 നവംബര്‍ 25നാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ സാമാന്യ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിച്ചത്. ഗുരുത്വാകര്‍ഷണ തരംഗങ്ങളെക്കുറിച്ച് ഐന്‍സ്റ്റീന്‍ ആദ്യമായി പ്രവചിക്കുന്നതും ഈ സിദ്ധാന്തത്തിലായിരുന്നു. തമോഗര്‍ത്തങ്ങളുടെ അതിര്‍ത്തി പോലുള്ള അത്യന്തം വിചിത്രമായ പ്രപഞ്ചഭാഗങ്ങളില്‍ നിന്നാണ് ഭൂഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ ഉണ്ടാകുകയെന്നും തമോഗര്‍ത്തങ്ങളുടെ കൂട്ടിയിടി പോലുള്ള അസാധാരണ പ്രതിഭാസങ്ങളെ തുടര്‍ന്ന് ഇവ സൃഷ്ടിക്കപ്പെടാമെന്നുമായിരുന്നു ഐന്‍സ്റ്റീന്‍ പ്രവചിച്ചത്.

ഐന്‍സ്റ്റീന്റെ പ്രവചനത്തെ തുടര്‍ന്ന് നിരവധി ശാസ്ത്രജ്ഞര്‍ പലകാലഘട്ടങ്ങളിലായി ഗുരുത്വാകര്‍ഷണ തരംഗങ്ങളെ തെളിവുസഹിതം പിടികൂടാന്‍ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഇതേ തുടര്‍ന്നാണ് ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 900 ശാസ്ത്രജ്ഞര്‍ ഐന്‍സ്റ്റീന്റെ പ്രവചനത്തെ പിന്തുടര്‍ന്ന് ഗവേഷണങ്ങള്‍ നടത്താന്‍ പരിശ്രമിച്ചത്. ഇവരുടെ കൂട്ടായ പരിശ്രമമാണ് ലിഗോ (അഡ്വാന്‍സ്ഡ് ലേസര്‍ ഇന്റര്‍ഫെറോമീറ്റര്‍ ഗ്രാവിറ്റേഷണല്‍ വേവ് ഒബ്‌സര്‍വേറ്ററി) എന്ന പരീക്ഷണ ശാലയില്‍ നടന്നത്. 500 ദശലക്ഷം ഡോളര്‍ ചിലവിട്ടാണ് ഭീമന്‍ പരീക്ഷണശാല ഒരുക്കിയത്.

RECENT POSTS
Copyright © . All rights reserved