Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇന്ത്യയിലെ രണ്ട് മുൻനിര ഭക്ഷ്യ ഉത്പാദകരായ എംഡിഎച്ചിന്റെയും എവറസ്റ്റിന്റെയും ഉത്പന്നങ്ങളിൽ മാരകമായ കീടനാശിനികളുടെ അംശം കണ്ടെത്തിയതിനെ തുടർന്ന് അവയ്ക്ക് നിരോധനം ഏർപ്പെടുത്താൻ യുകെ തീരുമാനിച്ചു. ക്യാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലിൻ ഓക്സൈഡ് വളരെ ഉയർന്ന അളവിൽ കണ്ടതാണ് കടുത്ത നടപടിക്ക് കാരണം. എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ സംസ്‌കരണ-നിർമ്മാണ പ്ലാൻ്റുകളിൽ പരിശോധന ആരംഭിച്ചതായി സുഗന്ധവ്യഞ്ജന കയറ്റുമതിയുടെ ഇന്ത്യയിലെ പ്രധാന നിയന്ത്രണ ഏജൻസിയായ സ്‌പൈസസ് ബോർഡ് അറിയിച്ചു.

ഇന്ത്യയിൽ നിന്നുള്ള എല്ലാ സുഗന്ധവ്യഞ്ജന ഇറക്കുമതികൾക്കും ബ്രിട്ടനിലെ ഫുഡ് വാച്ച് ഡോഗ് അധിക നിയന്ത്രണ നടപടികൾ ആരംഭിച്ചതായി ഫുഡ് സ്റ്റാൻഡേർഡ് ഏജൻസി കഴിഞ്ഞ ബുധനാഴ്ച അറിയിച്ചു. യുകെ മാത്രമല്ല മറ്റു രാജ്യങ്ങളും സമാനമായ നീക്കങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്. എംഡിഎച്ച്, എവറസ്റ്റ് എന്നീ കമ്പനികളുടെ 4 ഉത്പന്നങ്ങളുടെ വിൽപ്പനയാണ് യുകെയിൽ നിർത്തിവച്ചിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം എംഡിഎച്ചിന്റെയും ഒരെണ്ണം എവറസ്റ്റിന്റെയും ആണ്.

ന്യൂസീലൻഡ്, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓസ്‌ട്രേലിയ എന്നി രാജ്യങ്ങളും ഈ രണ്ട് ബ്രാൻഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കുന്നതായി അറിയിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ബ്രാൻഡുകളായ എംഡിഎച്ചും എവറസ്റ്റും തങ്ങളുടെ ഉൽപന്നങ്ങൾ ഉപഭോഗത്തിന് സുരക്ഷിതമാണെന്ന് അവകാശപ്പെട്ടു. അണുനാശിനിയായും കീടനാശിനിയായും പൊതുവെ ഉപയോഗിക്കുന്ന എഥിലീൻ ഓക്സൈഡ് അനുവദനീയമായ പരിധിക്കപ്പുറം അർബുദത്തിന് കാരണമാകും .

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്പിറ്റ് ഫയർ തകർന്ന് പൈലറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ റോയൽ എയർഫോഴ്സ് പുറത്തുവിട്ടു. റോയൽ എയർഫോഴ്സ് പൈലറ്റ് ആയ സ്ക്വാഡ്രൺ ലീഡർ മാർക്ക് ലോംഗ് ആണ് അപകടത്തിൽ മരണമടഞ്ഞത്. അദ്ദേഹം ഒരു നല്ല സുഹൃത്തും സഹപ്രവർത്തകനും മികച്ച വൈമാനികനുമായിരുന്നു എന്ന് വികാരനിർഭരമായ പ്രസ്താവനയിൽ റോയൽ എയർഫോഴ്സ് പറഞ്ഞു.

ദാരുണമായ സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഗ്രൂപ്പ് ക്യാപ്റ്റൻ ലീസ് അറിയിച്ചു . വെയിൽസ് രാജകുമാരനും രാജകുമാരിയും നേരത്തെ പൈലറ്റിന് ആദരാഞ്ജലി അർപ്പിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ കോണിംഗ്‌സ്ബൈയിലെ ഒരു വയലിലാണ് രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ അഭിമാനമായിരുന്ന യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടത് . ലിങ്കൺ ഷെയറിൽ റോയൽ എയർഫോഴ്സ് സ്റ്റേഷന് സമീപമുള്ള വയലിലാണ് വിമാനം തകർന്നു വീണത്. കോയിൻസ് ബൈ ആസ്ഥാനമായുള്ള ബ്രിട്ടന്റെ യുദ്ധ സ്മാരകത്തിൽ ഉൾപ്പെട്ടിട്ടുള്ളതാണ് തകർന്നുവീണ വിമാനം. സംഭവങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് റോയൽ എയർഫോഴ്സ് അറിയിച്ചിട്ടുണ്ട്.


രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ അഭിമാനമായിരുന്നു സ്പിറ്റി ഫയർ യുദ്ധ വിമാനങ്ങൾ. 1940- ലെ യുദ്ധകാലത്ത് ജർമ്മൻ സേനക്കെതിരെ റോയൽ എയർഫോഴ്സിന് ശക്തി പകരുന്നതിൽ പ്രധാനിയായിരുന്നു ഈ ചെറു വിമാനം. ബ്രിട്ടീഷ് എഞ്ചിനീയറിംഗ് മികവിൻ്റെയും യുദ്ധകാലത്തെ പ്രതിരോധശേഷിയുടെയും പ്രതീകമായാണ് സ്പിറ്റ് ഫയർ വിമാനങ്ങൾ അറിയപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മെലെനോമ സ്കിൻ ക്യാൻസർ രോഗികളുടെ എണ്ണം യുകെയിൽ ക്രമാതീതമായി വർദ്ധിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ വർഷം ക്യാൻസർ രോഗികളുടെ എണ്ണം 20,800 ആയേക്കുമെന്നാണ് ക്യാൻസർ റിസർച്ച് യുകെ പ്രവചിക്കുന്നത്. ഇത് സമീപകാലത്തെ ഏറ്റവും കൂടിയ കണക്കാണ്.


2020 നും 2022 നും ഇടയിൽ പ്രതിവർഷ രോഗികളുടെ എണ്ണം ശരാശരി 19,300 മാത്രമായിരുന്നു. 2009 -നും 2019 -നും ഇടയിൽ രോഗികളുടെ എണ്ണത്തിൽ അതിനുമുമ്പുള്ള വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം മൂന്നിലൊന്ന് വർദ്ധനവ് ഉണ്ടായതായി കണക്കുകൾ കാണിക്കുന്നു. പ്രായമാകുന്നവരുടെ എണ്ണം കൂടുന്നതും കൂടുതൽ ആളുകൾ രോഗനിർണ്ണയത്തിനായി മുന്നോട്ട് വരുന്നതുമാണ് ചർമ്മ രോഗികളുടെ എണ്ണത്തിൽ കൂടുതൽ കാണിക്കുന്നതിന് ഒരു കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്.

മെലനോമ കേസുകളുടെ എണ്ണം കൂടുന്നതിനെ കുറിച്ച് ജനങ്ങൾ കൂടുതൽ ബോധവാന്മാരായിരിക്കണമെന്ന് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടു . കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ സൂര്യപ്രകാശത്തിൽ നിന്ന് സ്വയം സംരക്ഷിക്കാൻ കൂടുതൽ കാര്യങ്ങൾ ചെയ്യണമെന്ന് ഒരു ക്യാൻസർ ചാരിറ്റി മുന്നറിയിപ്പ് നൽകി. മെലനോമ ക്യാൻസറിൽ പത്തിൽ ഒൻപതെണ്ണത്തിനും കാരണം അമിതമായ അൾട്രാവയലറ്റ് രശ്മികൾ മൂലമാണ്. ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാൻ സാധ്യതയുള്ള ഗുരുതരമായ ചർമ്മ ക്യാൻസറാണ് മെലനോമ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓരോ വർഷവും ലോകമെമ്പാടുമുള്ള 300 ദശലക്ഷത്തിലധികം കുട്ടികൾ, ഓൺലൈനിൽ ലൈംഗിക ചൂഷണവും ദുരുപയോഗവും നേരിടേണ്ടി വരുന്നതായി കണ്ടെത്തി എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകർ. കഴിഞ്ഞ വർഷം വിവിധ രാജ്യങ്ങളിലെ 12.6% കുട്ടികൾക്ക് ലൈംഗിക ഉള്ളടക്കത്തോടുള്ള മെസേജുകൾ ലഭിച്ചിരുന്നു. സമാന രീതിയിൽ 12.5% കുട്ടികൾ സെക്‌സ്റ്റിംഗിന് ഇരയാണെന്നും ഗവേഷക സംഘം കണ്ടെത്തി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഡീപ്പ് ഫേക്ക് പോലുള്ള നിർമ്മിത ബുദ്ധിയുടെ സാങ്കേതിക വിദ്യകളാണ് കുറ്റവാളികൾ ഉപയോഗിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

 

എഡിൻബർഗ് സർവകലാശാലയുടെ ഗവേഷക സംഘം പുറത്ത് വിട്ട കണക്കുകളിൽ ഒന്നാമത് യുഎസ് ആണ്. സർവ്വകലാശാലയുടെ ചൈൽഡ്‌ലൈറ്റ് എന്ന സംരംഭം നടത്തിയ പഠനത്തിൽ യുഎസിലെ 14 ദശലക്ഷം പുരുഷന്മാരും ഓൺലൈനിൽ കുട്ടികളെ ലൈംഗിക ചൂഷണം ചെയ്തതായി കണ്ടെത്തി. അതേസമയം യുകെയിലെ 1.8 ദശലക്ഷം പുരുഷന്മാർ ഇത് സമ്മതിച്ചു. കുട്ടികൾക്കെതിരായ ശാരീരിക ലൈംഗിക അതിക്രമങ്ങൾ രഹസ്യമായിരിക്കുമെന്ന് മനസിലാക്കിയതിനാലാണ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ ചെയ്‌തതെന്ന്‌ പലരും പറയുന്നു.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിൻ്റെയും ദുരുപയോഗം ചെയ്യുന്നതിന്റെയും അമ്പരിപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ട ചൈൽഡ്‌ലൈറ്റിൻ്റെ ചീഫ് എക്‌സിക്യൂട്ടീവായ പോൾ സ്റ്റാൻഫീൽഡ്, ഇത്തരം പ്രശ്‌നങ്ങളെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കേണ്ടതിന്റെ പ്രസക്തി ചൂണ്ടി കാട്ടി. ശ്രമിച്ചാൽ തടയാൻ കഴിയുന്ന പ്രശ്നമായി ഇതിനെ കണക്കാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇൻറർപോളിൻ്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്റ്റീഫൻ കവാനി, ഓൺലൈനിൽ കൂടി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും ദുരുപയോഗം ചെയ്യുന്നതിനുമുള്ള പ്രശ്നം പരിഹരിക്കുന്നതിൽ നിലവിലുള്ള നിയമങ്ങൾ പര്യാപ്തമല്ലെന്ന് വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ജൂലൈ 4- ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ബ്രിട്ടനിലെ തെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിച്ചിരിക്കുകയാണ്. ഓരോ ദിവസവും ജനപിന്തുണ ഉറപ്പിക്കാനായുള്ള വാഗ്ദാനങ്ങളും പദ്ധതികളുമായി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറും കളം നിറഞ്ഞ് കളിക്കുകയാണ്. 18 വയസ്സ് പൂർത്തിയായവർക്ക് നിർബന്ധിത ദേശീയ സേവനം നടപ്പിലാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പ്രഖ്യാപിച്ചത് വൻ ചർച്ചകൾക്കാണ് വഴി വച്ചിരിക്കുന്നത്.


പൊതുതിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ആദ്യ നയപ്രഖ്യാപനത്തിലാണ് ജൂലൈയിൽ തൻ്റെ പാർട്ടി വിജയിച്ചാൽ 18 വയസ്സുള്ളവർക്കായി നിർബന്ധിത ദേശീയ സേവനത്തിൻ്റെ ഒരു പുതിയ രൂപം അവതരിപ്പിക്കുമെന്ന് ഋഷി സുനക് പറഞ്ഞത് . 12 മാസത്തേക്ക് മുഴുവൻ സമയ സൈനിക സേവനമോ അല്ലെങ്കിൽ ഒരു വർഷത്തേക്ക് മാസത്തിൽ ഒരു വാരാന്ത്യത്തിൽ സന്നദ്ധസേവനം നടത്താനുള്ള ഒരു സ്കീമോ തിരഞ്ഞെടുക്കാൻ പറ്റുന്ന പദ്ധതിയാണ് നടപ്പിലാക്കുക . എന്നാൽ ഏതെങ്കിലും കൗമാരപ്രായത്തിലുള്ളവർ ദേശീയ സേവനം ചെയ്യാൻ വിമുഖത കാണിച്ചാൽ എന്ത് നടപടിയെടുക്കും എന്നതിനെ കുറിച്ച് വൻ ചർച്ചകളാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വഴിവെച്ചിരിക്കുന്നത്.


പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന് വന്ന ചർച്ചകൾക്ക് മറുപടിയുമായി ഹോം സെക്രട്ടറി ജെയിംസ് ക്ലവർലി മുന്നോട്ടു വന്നു. സൈനിക സേവനത്തിന് ആരെയും നിർബന്ധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ സേവനം ചെയ്യാത്തതിന്റെ പേരിൽ ആരും ജയിലിൽ പോകേണ്ടതായി വരില്ലെന്ന് ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. ദേശീയ സേവനത്തിന്റെ ഭാഗമായി സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കുന്നവർക്ക് ശമ്പളം ഉണ്ടാകും. എന്നാൽ സന്നദ്ധ സേവനം തിരഞ്ഞെടുക്കുന്നവർക്ക് പണം നൽകില്ല . സൈനിക സേവനത്തിന്റെ ഭാഗമായി ഒരു വർഷം പ്രവർത്തിക്കുന്നവർക്ക് പിന്നീട് സൈന്യത്തിന്റെ ഭാഗമാകാനുള്ള അവസരം ഉണ്ടാകും. നാഷണൽ സർവീസ് പ്രോഗ്രാമിന് പ്രതിവർഷം 2.5 മില്യൺ പൗണ്ട് ചിലവാകുമെന്നാണ് കണക്കാക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓരോ ദിവസം ചെല്ലുംതോറും ബ്രിട്ടനിൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂട് പിടിക്കുകയാണ്. അവകാശ വാദങ്ങളും വാഗ്ദാനങ്ങളുമായി പ്രധാനമന്ത്രി ഋഷി സുനകും പ്രതിപക്ഷ നേതാവ് കെയർ സ്റ്റാർമറും കളം നിറഞ്ഞു കളിക്കുകയാണ്. 18 വയസ്സുള്ളവർക്ക് ദേശീയ സേവനം തിരിച്ചുകൊണ്ടുവരുമെന്ന പ്രധാനമന്ത്രി ഋഷി സുനകിൻ്റെ നിർദേശമാണ് ഏറ്റവും പുതിയതായി ചർച്ചയായിരിക്കുന്നത്. തൻ്റെ പാർട്ടിയിൽ നിന്ന് റീഫോം യുകെയിലേയ്ക്ക് ഒഴുകുന്ന യുവജനങ്ങളെ പിടിച്ചുനിർത്താനാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത് .


18 വയസ്സ് പ്രായമുള്ള കുട്ടികൾ നടത്തേണ്ട സന്നദ്ധ സേവനങ്ങളുടെ ഒരു മാർഗരേഖയും പ്രധാനമന്ത്രി അവതരിപ്പിച്ചു. ഇതിൻപ്രകാരം സ്പെഷ്യൽ കോൺസ്റ്റബിൾ, ആർഎൻഎൽഐ വോളണ്ടിയർ, അല്ലെങ്കിൽ എൻഎച്ച്എസ് റെസ്‌പോണ്ടർ തുടങ്ങിയ റോളുകളിൽ ആണ് പ്രതിമാസം ഒരു വാരാന്ത്യത്തിൽ യുവജനങ്ങൾ സേവനം നടത്തേണ്ടത്. സന്നദ്ധ സേവനം നടത്താൻ തിരഞ്ഞെടുക്കുന്ന 18 വയസ്സ് പ്രായമുള്ള കുട്ടികളെ ദേശീയ സേവനത്തിന്റെ ധീരമായ മാതൃക എന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. പുതിയ നാഷണൽ സർവീസ് പ്രോഗ്രാം രൂപകല്പന ചെയ്യാനായി ഒരു റോയൽ കമ്മീഷനെ രൂപീകരിക്കും.


എന്നാൽ പുതിയ പദ്ധതിയെ നോ കോസ്റ്റ് പോളിസി എന്നാണ് ലേബർ പാർട്ടി വിമർശിച്ചത്. ദേശീയ ഇൻഷുറൻസ് വെട്ടിക്കുറയ്ക്കുമെന്ന വാഗ്ദാനമാണ് ഇന്നലെ പ്രധാനമായും ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞത്. എന്നാൽ പ്രതിവർഷം 100,000 പൗണ്ടിനും 125,000 പൗണ്ടിനും ഇടയിൽ വരുമാനമുള്ളവർക്ക് നികുതി കുറയ്ക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞാണ് നാഷണൽ ഇൻഷുറൻസ് പോളിസി കുറയ്ക്കുമെന്ന ലേബർ വാഗ്ദാനങ്ങളെ തടയിടാൻ പ്രധാനമന്ത്രി ശ്രമിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ അഭിമാനമായിരുന്ന യുദ്ധവിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു. ലിങ്കൺ ഷെയറിൽ റോയൽ എയർഫോഴ്സ് സ്റ്റേഷന് സമീപമുള്ള വയലിലാണ് വിമാനം തകർന്നു വീണത്. കോയിൻസ് ബൈ ആസ്ഥാനമായുള്ള ബ്രിട്ടന്റെ യുദ്ധ സ്മാരകത്തിൽ ഉൾപ്പെട്ടിട്ടുള്ളതാണ് തകർന്നുവീണ വിമാനം എന്നാണ് റോയൽ എയർഫോഴ്സ് അറിയിച്ചിരിക്കുന്നത്. സംഭവങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് റോയൽ എയർഫോഴ്സ് അറിയിച്ചിട്ടുണ്ട്.

വിമാന അപകടത്തിൽ മരണമടഞ്ഞ പൈലറ്റിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. സംഭവങ്ങളെ കുറിച്ച് പൈലറ്റിന്റെ കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും ഈ പ്രയാസകരമായ സമയത്ത് അവരുടെ സ്വകാര്യതയെ മാനിക്കണമെന്നും റോയൽ എയർഫോഴ്സ് അഭ്യർത്ഥിച്ചു. വെയിൽസ്‌ രാജകുമാരനും രാജകുമാരിയും ഉൾപ്പെടെയുള്ളവർ പൈലറ്റിന് ആദരാഞ്ജലി അർപ്പിച്ചു . അപകടം നടന്ന സ്ഥലത്തേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഡോഗ്ഡൈക്ക് റോഡിനും സാൻഡി ബാങ്കിനും ചുറ്റുമുള്ള റോഡുകൾ അടച്ചിരിക്കുകയാണ്. ഈ പ്രദേശം ഒഴിവാക്കി വാഹനമോടിക്കണമെന്ന് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ അഭിമാനമായിരുന്നു സ്പിറ്റി ഫയർ യുദ്ധ വിമാനങ്ങൾ. 1940- ലെ യുദ്ധകാലത്ത് ജർമ്മൻ സേനക്കെതിരെ റോയൽ എയർഫോഴ്സിന് ശക്തി പകരുന്നതിൽ പ്രധാനിയായിരുന്നു ഈ ചെറു വിമാനം. ബ്രിട്ടീഷ് എഞ്ചിനീയറിംഗ് മികവിൻ്റെയും യുദ്ധകാലത്തെ പ്രതിരോധശേഷിയുടെയും പ്രതീകമായാണ് സ്പിറ്റ്ഫയർ വിമാനങ്ങൾ അറിയപ്പെടുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബീച്ചിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ 17 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ബോൺമൗത്ത് ബീച്ചിലാണ് ദാരുണ സംഭവം നടന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് പോലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. ദൃക്സാക്ഷികളായിട്ടുള്ളവർ വിവരം കൈമാറണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.

34 വയസ്സുകാരിയായ യുവതി സംഭവസ്ഥലത്ത് വച്ചു മരിച്ചിരുന്നു. 38 വയസ്സുള്ള മറ്റൊരു സ്ത്രീയെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . വെള്ളിയാഴ്ച അർദ്ധരാത്രിക്ക് മുൻപ് ഡർലി ചൈൻ ബീച്ചിലാണ് 17 വയസ്സുകാരനായ കൗമാരക്കാരൻ ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം നടക്കുന്നതിനാൽ ബീച്ച് അടച്ചിട്ടിരിക്കുകയാണ്.


കൗമാരക്കാരനായ പ്രതി ലങ്കാ ഷെയറിൽ നിന്നുള്ള ആളാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് റിച്ചാർഡ് ഡിക്‌സെ പറഞ്ഞു. ഡർലി ചൈൻ ബീച്ച് ബോൺമൗത്തിൻ്റെ പടിഞ്ഞാറ് ഭാഗത്തുള്ള കടൽത്തീരമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒരുകാലത്ത് ലേബർ പാർട്ടിയുടെ മുഖമായിരുന്നു ജെറമി കോർബിൻ. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്തായ അദ്ദേഹം തന്റെ സ്വന്തം പാർട്ടിയായ ലേബറിനെതിരെ മത്സരിക്കാൻ തയ്യാറെടുക്കുകയാണ് . 2015 മുതൽ 2020 വരെ താൻ നയിച്ച പാർട്ടിക്കെതിരെ മത്സരിക്കുമെന്ന് ജെറമി കോർബ് സ്ഥിരീകരിച്ചു. 1983 മുതൽ അദ്ദേഹം കൈവശം വച്ചിരുന്ന ഇസ്ലിംഗ്ടൺ നോർത്ത് സീറ്റിൽ ജൂലൈ 4 ന് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കും.

സമത്വത്തിനും ജനാധിപത്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള ശബ്ദമാകാനാണ് താൻ മത്സരിക്കുന്നത് എന്ന് പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം അറിയിച്ചു. 2020 – ൽ ആണ് കോർബിനെ പാർലമെൻററി ലേബർ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. യഹൂദ വിരുദ്ധ പരാതികൾ പാർട്ടി കൈകാര്യം ചെയ്തതിനെ കുറിച്ചുള്ള വിവാദങ്ങളെ തുടർന്നായിരുന്നു നടപടി. പാർലമെൻററി പാർട്ടിയിൽ നിന്ന് പുറത്തായെങ്കിലും അദ്ദേഹം പാർട്ടിയുടെ അംഗമായി തുടരുകയായിരുന്നു. പാർട്ടി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കുന്നതിലൂടെ അദ്ദേഹം പാർട്ടിയിൽ നിന്നും പുറത്താകുമെന്ന് ഉറപ്പായി .

ലേബർ പാർട്ടി ജെറമി കോർബിന്റെ മണ്ഡലത്തിൽ പ്രഖ്യാപിച്ച സാധ്യത പട്ടികയിൽ അദ്ദേഹത്തിൻറെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. മുൻ നേതാവിന്റെ സ്ഥാനാർത്ഥിത്തത്തോടെ പരസ്യമായി പ്രതികരിക്കാൻ നിലവിലെ നേതാവ് വിസമ്മതിച്ചു. ഞങ്ങൾക്ക് അവിടെ മികച്ച ഒരു സ്ഥാനാർത്ഥി ഉണ്ടാകുമെന്നാണ് കെയർ സ്റ്റാർമർ മാധ്യമങ്ങളോട് പ്രതികരിച്ചത് . ജെറമി കോർബിന്റെ സ്ഥാനാർത്ഥിത്തത്തിന് കെയർ സ്റ്റാർമറിൻ്റെ നേതൃത്വത്തിനോട് താത്പര്യമില്ലാത്ത പാർട്ടി അണികളുടെ പിന്തുണ ലഭിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ ജനിച്ച് സഭയുടെ വിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നതിന് ഓൺലൈൻ മാധ്യമങ്ങൾ ഉപയോഗിച്ച കാർലോ അക്യൂട്ടിനെ കത്തോലിക്കാ സഭ വിശുദ്ധനായി പ്രഖ്യാപിച്ചു. 15-ാം വയസ്സിൽ അന്തരിച്ച കാർലോ അക്യൂട്ടിനെ വിശുദ്ധരുടെ പദവിയിലേയ്ക്ക് ഉയർത്താൻ ഫ്രാൻസിസ് മാർപാപ്പയുടെ അധ്യക്ഷതയിൽ ചേർന്ന സമിതിയാണ് തീരുമാനിച്ചത്. ഈ നൂറ്റാണ്ടിൽ കത്തോലിക്കാ സഭ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയവരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും ആദ്യ കമ്പ്യൂട്ടർ പ്രതിഭയുമാണ് കാർലോ അക്യൂട്ട്.


മാറുന്ന കാലത്ത് പുതിയ രീതിയിലുള്ള വിശ്വാസപ്രഘോഷണത്തെ സഭ എങ്ങനെ കാണുന്നു എന്നത് വെളിവാക്കുന്നതായി മാർപാപ്പയുടെ പ്രഖ്യാപനം. സമൂഹമാധ്യമങ്ങളും തന്റെ കമ്പ്യൂട്ടർ പരിജ്ഞാനവും ജപമാലയും ജീവിതത്തിൽ സമന്വയിപ്പിച്ച് വിശ്വാസ പ്രചാരണത്തിനും ക്രിസ്തുവിൻറെ സന്ദേശം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനും തൻറെ ജീവിതം ഉഴിഞ്ഞു വയ്ക്കുകയാണ് കാർലോ അക്യൂട്ടീസ് ചെയ്തത്. തൻറെ 11-ാം വയസ്സിൽ അവീവിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് കാർലോ വിശ്വാസപ്രചാരണത്തിന് തുടക്കമിട്ടത്.


വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒട്ടേറെ വിശ്വാസ സത്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിൽ നേതൃത്വം നൽകി. കമ്പ്യൂട്ടറിന് മുന്നിൽ സമയം ചിലവഴിക്കുന്നതു പോലെ തന്നെ മണിക്കൂറുകളോളം പ്രാർത്ഥനയിലും കാർലോ മുഴുകുമായിരുന്നു . രക്താർബുദം ബാധിച്ച് 2006 ൽ ഒക്ടോബർ 12ന് മരിക്കും വരെ സജീവസാക്ഷ്യം തുടർന്നു. കഴിഞ്ഞ വർഷം പോർച്ചുഗലിൽ നടന്ന ലോക യുവജനദിനത്തിന്റെ മധ്യസ്ഥൻ കാർലോ ആയിരുന്നു.


കാർലോയുടെ മധ്യസ്ഥതയിൽ പലർക്കും രോഗശാന്തി കിട്ടിയിരുന്നു. ബ്രസീലിൽ ഒരു ബാലൻ രോഗസൗഖ്യം നേടിയത് കാർലോയുടെ മധ്യസ്ഥതയിലാണെന്നു സാക്ഷ്യപ്പെടുത്തിയതിനെ തുടർന്ന് 2020 ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. വിശുദ്ധരെ പ്രഖ്യാപിക്കുന്നതിന് സഭാ അംഗീകരിച്ച അത്ഭുതങ്ങൾ രേഖപ്പെടുത്തി പരിശുദ്ധ ജീവിതം നയിച്ച കാർലോ വിശുദ്ധ പദവിയിലേക്ക് ഉയരുമ്പോൾ നവമാധ്യമങ്ങളെ വിശ്വാസപ്രഘോഷണത്തിന് ഉപയോഗിക്കുന്നവർക്കുള്ള പ്രചോദനം കൂടിയായി കാർലോയുടെ വിശുദ്ധ പദവി

Copyright © . All rights reserved