Main News

കുടിയേറ്റം എന്നും ബ്രിട്ടനെ സംബന്ധിച്ചിടത്തോളം ഒരു കീറാമുട്ടിയാണ്. യുകെ രാഷ്ട്രീയത്തിൽ ഒരു പ്രധാന വിഷയമാണ്. ജയപരാജയങ്ങൾ തീരുമാനിക്കുന്നതിൽ ഒരു പ്രധാന പങ്ക് ഇതിനുണ്ടുതാനും. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവരുന്ന വരുന്ന വാർത്തകൾ അനുസരിച്ചു മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് അത്ര ആശാവഹമല്ല എന്ന് പറയാതെ വയ്യ.

പതിനായിരത്തിലേക്ക് കുടിയേറ്റം കുറയ്ക്കും എന്ന വാക്ക് പറഞ്ഞാണ് കഴിഞ്ഞ തവണ തീവ്ര വലതുപക്ഷക്കാർ വോട്ട് പിടിച്ചത്. എന്നാൽ കോവിഡ്  പോലുള്ള മഹാമാരിയിൽ പലതും മാറിമറിഞ്ഞു. യുകെ യൂറോപ്പ്യൻ യൂണിയൻ വിട്ടെങ്കിലും കുടിയേറ്റം ചരിത്രത്തിലെ ഏറ്റവും വലിയ സൂചിക കാണിച്ചപ്പോൾ അത് കുറക്കാൻ തന്നെ ഉള്ള നിയമ ഭേദഗതിക്കാണ് യുകെ ഇപ്പോൾ മുൻകൈ എടുക്കുന്നത് എന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.

കുടിയേറ്റ നിയമങ്ങളില്‍ കര്‍ശന നിയന്ത്രണം കൊണ്ടുവരാനാണ് ഋഷി സുനക് സര്‍ക്കാര്‍ ആലോചിക്കുന്നത്.  ബ്രിട്ടീഷ് പൗരത്വം ലഭിക്കുന്നതിനുള്ള ആദ്യ പടിയായ ഇന്‍ഡഫനിറ്റ് ലീവ് ടു റെമെയ്ന്‍ (ഐ എല്‍ ആര്‍) ലഭിക്കുന്നതിനുള്ള കാലാവധി നീട്ടുന്ന കാര്യമാണ് ഇപ്പോള്‍ ഹോം ഓഫീസ് അധികൃതരുടെ  പരിഗണനയിൽ ഉള്ളത്. മറ്റു രാജ്യങ്ങളുടെ ചുവട് പിടിച്ച്, ഐ എല്‍ ആര്‍ ലഭിക്കുന്നതിന് യു കെ യില്‍ തുടര്‍ച്ചയായി താമസിക്കേണ്ട സമയ കാലാവധി അഞ്ചു വര്‍ഷം എന്നതില്‍ നിന്നും എട്ടുവര്‍ഷമായി ഉയർത്തുക എന്ന കുറുക്കു വഴിയാണ് ഇപ്പോൾ നോക്കുന്നത്. അതുമാത്രമല്ല, ഐ എല്‍ ആര്‍ അല്ലെങ്കിൽ പി ആർ ലഭിക്കണമെങ്കില്‍ ഒരു വ്യക്തി ചുരുങ്ങിയത് രണ്ടു വര്‍ഷമെങ്കിലും യു കെയില്‍ ജോലി ചെയ്തതായോ സ്‌കൂള്‍ പഠനം നടത്തിയതായും  തെളിയിക്കണം.

അതിനു പുറമെ അപേക്ഷിക്കുന്നതിന് മുന്‍പുള്ള പത്ത് വർഷത്തെ കാലയളവിൽ  ക്രിമിനല്‍ കുറ്റങ്ങള്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്ന് തെളിയിക്കണം. നിലവില്‍ 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബ്രിട്ടീഷ് ജീവിതത്തെ കുറിച്ചുള്ള അറിവ് പരിശോധിക്കുന്നതിനുള്ള പരീക്ഷയില്‍ നിന്നുള്ള ഇളവും ഇല്ലാതെയാക്കും.

കുടിയേറ്റ നയങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുക എന്നത് തന്റെ പ്രഖ്യാപിത നയങ്ങളില്‍ പ്രഥമ പരിഗണന എന്ന്  പ്രധാന മന്ത്രി ഋഷി സുനക് പറഞ്ഞതിനു ചുവടുപിടിച്ചാണ് ഇപ്പോൾ വരുത്തുന്ന ഭേദഗതികൾ.  കുടിയേറ്റം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ രാഷ്ട്രത്തലവന്മാരുടെ ഒരു ചര്‍ച്ചയും ഋഷി സുനക് മുന്‍കൈ എടുത്ത് സംഘടിപ്പിച്ചിരുന്നു. മാത്രമല്ല, അടുത്ത തെരെഞ്ഞെടുപ്പിന്’ മുന്‍പായി നടത്തുമെന്ന് പ്രഖ്യാപിച്ച അഞ്ച് കാര്യങ്ങളില്‍ ഒന്നാണ് ചാനല്‍ വഴിയുള്ള അനധികൃത അഭയാര്‍ത്ഥി പ്രവാഹം തടയും എന്നത്. ഇതിനായി ഫ്രാൻസുമായി ഒരു കരാർ തന്നെ യുകെ ഇതിനകം ഉണ്ടാക്കിയിട്ടുണ്ട്. നല്ലൊരു തുകയും ഇതിനായി യുകെ സർക്കാർ ഫ്രാൻസിന് കൈമാറി കഴിഞ്ഞു.

ബ്രിട്ടീഷ് പൗരത്വം എന്നത് ഒരു അവകാശമല്ലെന്നും മറിച്ച് ഒരു വിശിഷ്ട പദവിയാണെന്നുമായിരുന്നു ഹോം ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് വ്യക്തമാക്കിയത്‌. അത് ലഭിച്ചിട്ടുള്ളവർ രാജ്യത്തിനായി നിരവധി സംഭാവനകള്‍ നല്‍കിയവരാണെന്നും ഹോം ഓഫീസ് പറയുകയുണ്ടായി. യു കെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്മാര്‍ക്ക് യു കെ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കാന്‍ സര്‍ കീര്‍ സ്റ്റാര്‍മര്‍ ആലോചിക്കുന്നു വാർത്തക്കുള്ള മറുപടി എന്ന നിലക്കാണ് വ്ക്താവിന്റെ മറുപടി എന്നാണ് ഡെയിലി മെയിൽ ഉൾപ്പെടെയുള്ള ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌.

കുടിയേറ്റ നിയമങ്ങളിൽ മാറ്റം വന്നാൽ ഉണ്ടാകുന്ന നഷ്ട്ടം മലയാളികൾക്കാണ്. കാരണം നഴ്സുമാരായി യുകെയിൽ എത്തിയവർ കൂടുതൽ കാലം കാത്തിരിക്കേണ്ടിവരും എന്ന് സാരം. എന്നാൽ ഇത്രയയധികം നഴ്‌സ് ക്ഷാമം  അനുഭവിക്കുന്ന ആരോഗ്യ മേഖലയെ ഒഴിവാക്കുമോ എന്നുള്ള കാര്യം കാത്തിരുന്ന് കാണേണ്ടിവരും.

സ്വന്തം ലേഖകൻ 

ലീഡ്സ്:  യുകെയിലെ ഏറ്റവും മികച്ച ഇന്ത്യൻ റെസ്റ്റോറന്റ് ഏതാണ് എന്ന് ചോദിച്ചാൽ, നിസംശയം ഉത്തരം പറയാം അത് തറവാട് റസ്റ്റോറൻറ് ആണെന്ന് . 2014 മെയ്‌ 31 ന് ജൈത്രയാത്ര ആരംഭിച്ച്, മലയാളികളുടെ മാത്രമല്ല മുഴുവൻ ആളുകളുടെയും രുചിയുടെ സ്വന്തം തറവാടായി മാറിയിരിക്കുകയാണ് തറവാട് ലീഡ്സ്. അതുകൊണ്ട് തന്നെ എവിടെ പോയി ഭക്ഷണം കഴിക്കണം എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു, നേരെ തറവാട് എന്ന്. ഒൻപത് വർഷം കൊണ്ട് ചെറുതല്ലാത്ത ഒരുപിടി വലിയ നേട്ടങ്ങളുടെ പട്ടികയുമായാണ് തറവാട് റസ്റ്റോറൻറ് മുന്നോട്ട് നീങ്ങുന്നത്. ഭക്ഷണത്തിന്റെ നിലവാരത്തിലും രുചിയിലും യാത്രയൊരുവിധ വിട്ടുവീഴ്ചയും ഇല്ലാത്ത സമീപനമാണ് തറവാടിന്റെ വിജയരഹസ്യം എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്.

നിലവിൽ തറവാട് പത്താം വയസിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഇതിനോട് ചേർന്ന് ആകർഷകമായ ഒരു ഗീവ് എവേയുമായിട്ടാണ് ഇപ്പോൾ തറവാട് റസ്റ്റോറൻറ് രംഗത്ത് എത്തിയിയിരിക്കുന്നത്. ലീഡ്‌സ് ലിസ്റ്റ് എന്ന വെബ്സൈറ്റുമായി ചേർന്ന് നടത്തുന്ന പരിപാടിയിൽ രജിസ്റ്റർ ചെയുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് 200 പൗണ്ടിന്, ഏകദേശം 4 പേർക്കുള്ള വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കാൻ അവസരം നൽകുന്നു. മാത്രമല്ല, ഇതിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ ആളുകൾക്കും 25% ഡിസ്‌കൗണ്ടും തറവാട് ഒൻപതാം വാർഷിക ആഘോഷത്തിൽ നൽകുന്നു. നാളിതുവരെയായി വലിയ പിന്തുണയും പ്രോത്സാഹനവുമാണ് യുകെ മലയാളികൾ ഉൾപ്പെടെയുള്ളവർ ഈ റെസ്റ്റോറന്റിന് നൽകുന്നത് .

അഭൂതപൂർവമായ നേട്ടങ്ങൾ കൊയ്തുകൊണ്ടാണ് തറവാട് മുന്നോട്ട് നീങ്ങുന്നത്. സ്‌ക്വറാമീലിന്റെ ടോപ് 100 യുകെ റെസ്റ്റോറന്റിൽ 2023 ൽ ഇടം പിടിച്ചതാണ് ഏറ്റവും പുതിയ നേട്ടം. ഇതിന് പുറമെ, വെയിറ്റ്റോസ് ഗുഡ് ഫുഡ്‌ ഗൈഡ്, ബെസ്റ്റ് സ്പെഷ്യലിറ്റി റെസ്റ്റോറന്റ്, തുടർച്ചയായി മൂന്ന് തവണ ഇംഗ്ലീഷ് കറി അവാർഡ്സ്, ബെസ്റ്റ് ഇന്ത്യൻ റെസ്റ്റോറന്റ് എന്നിവ അവയിൽ ചിലതാണ്. ഇത്രയുമധികം അംഗീകാരങ്ങൾ തേടിയെത്തിയത് ഗുണമേന്മ എന്ന സത്യം ഉള്ളത് കൊണ്ട് മാത്രമാണ്. ആളുകൾക്ക് നല്ല രുചിയും ക്വാളിറ്റിയുമുള്ള ഭക്ഷണം നൽകുക എന്നുള്ളതാണ് തറവാടിന്റെ ലക്ഷ്യം. മുൻപ് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് തറവാട്ടിൽ ഓണസദ്യ ഒരുക്കിയത് മലയാളം യുകെ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരുന്നു. പ്രമുഖ ചലച്ചിത്രതാരം സൈമൺ പെഗ്ഗ് , അമേരിക്കൻ നടൻ ക്രിസ്റ്റഫർ ലോയ്ഡ്, സംവിധായകൻ ആദം സിഗാൾ എന്നിവർ രുചിവൈഭവങ്ങൾക്ക് പേരുകേട്ട തറവാടിൽ എത്തിയതും വാർത്ത പ്രാധാന്യം നേടിയിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: കാണാതായ സ്ത്രീ മരിച്ച നിലയിൽ. 10 ദിവസം മുൻപ് കാണാതായ സ്ത്രീയെ ഷെഫീൽഡിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വെള്ളിയാഴ്ച സൗത്ത് യോർക്ക്ഷെയർ പോലീസ് എമിലി സാൻഡേഴ്സനെ(48) കൊലപ്പെടുത്തിയെന്ന കേസിൽ മാർക്ക് നിക്കോൾസിനെ(43) അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. റിമാൻഡ് ചെയ്ത നിക്കോൾസിനെ നാളെ കോടതിയിൽ ഹാജരാക്കും.

മെയ് 19 നാണ് എമിലി സാൻഡേഴ്നെ അവസാനമായി ജീവനോടെ കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റാണ് അവർ മരിച്ചതെന്നാണ് പോസ്റ്റ് മോർട്ടം പരിശോധനയിലെ ഫോറൻസിക്കിൻെറ കണ്ടെത്തൽ. കുറ്റവാളികളെ സഹായിച്ചുവെന്ന് സംശയിക്കുന്ന 40 കാരിയായ സ്ത്രീയെയും പോലീസ് ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എമിലിയുടെ കുടുംബത്തിന് പോലീസ് എല്ലാവിധ പിന്തുണയും ഇതിനോടകം തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ട്. കേസിൽ എത്ര കുറ്റക്കാർ ഉണ്ടെങ്കിലും അവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും പോലീസ് പറഞ്ഞു.

മെയ് 25 ന് കാണാതായ എമിലിയെ പിന്നീട് മൃതദേഹമായിട്ടാണ് കണ്ടെത്തിയത്. അവസാനമായി കണ്ടതിന് പത്ത് ദിവസത്തിന് ശേഷമാണ് ദാരുണമായ സംഭവം. എമിലി മരണപ്പെട്ട സ്ഥലത്ത് ഫോറെൻസിക് സംഘം തെളിവുകൾ ശേഖരിക്കുകയും, വിദഗ്ധമായ പരിശോധനകൾ നടത്തുകയും ചെയ്തിട്ടുണ്ട്. വേണ്ടി വന്നാൽ, കൂടുതൽ വിപുലമായ സംവിധാനങ്ങളുടെ സേവനം ലഭ്യമാക്കുമെന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ആൻഡ്രിയ ബോവൽ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

സൗത്തെൻഡിലെ തിരക്കേറിയ അമ്യൂസ്മെൻറ് പാർക്കിൽ 11 വയസ്സുകാരിയായ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം . തിരക്കേറിയ കടൽതീരത്തു നടന്ന സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് സൗത്തെൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥർ 57 വയസ്സുകാരനെ അറസ്റ്റു ചെയ്തു.


അറുപതിനോടടുത്ത് പ്രായമുള്ള നരച്ച മുടിയുള്ള പച്ച ടീഷർട്ടും സൺഗ്ലാസും ധരിച്ച ഒരു വെള്ളക്കാരൻ എന്നു മാത്രമേ പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടുള്ളൂ. പ്രതി നിലവിൽ ജാമ്യത്തിൽ പുറത്തിറങ്ങിയതായാണ് റിപ്പോർട്ടുകൾ . സംഭവത്തിന് ദൃസാക്ഷികളായുള്ളവരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ് .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: യുകെയിൽ ക്യാൻസർ ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. കൊല്ലം പള്ളിക്കൽ സ്വദേശി അനസ് ഖാൻ ഇബ്രാഹിം ആണ് അന്തരിച്ചത്. ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു മരണം. ലണ്ടനിലെ കേരളീയ സമൂഹത്തിനിടയിൽ ക്രിക്കറ്റർ എന്ന നിലയിൽ ഏറെ സുപരിചിതനായിരുന്നു അദ്ദേഹം . അനസ് കാൻസർ ബാധിതനായിരുന്നുവെങ്കിലും അസുഖ വിവരത്തെ കുറിച്ച് അധികമാരും അറിഞ്ഞിരുന്നില്ല.

ലണ്ടനിലെ യൂസ്റ്റൺ പാലിയേറ്റീവ് കെയർ ഹോമിൽ വെച്ചായിരുന്നു മരണം. ലണ്ടനിലെ ഈസ്റ്റ് ഹാമിലാണ് താമസിച്ചിരുന്നത്. യുകെ മലയാളി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായ ഗ്ലോബൽ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടിയാണ് അനസ് കളിച്ചിരുന്നത്.  സംസ്കാരം സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതായിരിക്കും .

യുകെ മലയാളികൾക്കിടയിലെ നിറസാന്നിധ്യമായിരുന്നു അനസ്. രോഗശയ്യയിൽ ആയിരുന്നപ്പോഴും വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനസ് ശ്രമിച്ചിരുന്നു. രോഗം മൂർച്ഛിച്ച ഘട്ടത്തിൽ അനസിന് ആശ്വാസ വാക്കുകളുമായി ധാരാളം പേർ എത്തിയിരുന്നു. തങ്ങളുടെ പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വേർപാടിന്റെ ഞെട്ടലിലാണ് യുകെ മലയാളി സമൂഹം.

അനസ് ഖാൻ ഇബ്രാഹിമിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ലണ്ടൻ: ലോകത്തിൽ മലിനീകരണം ഏറ്റവും കൂടുതൽ ഉള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്. വിസ്മയിപ്പിക്കുന്ന ഭൂപ്രകൃതി ഉണ്ടായിരുന്നിട്ടും നേപ്പാൾ യഥാർത്ഥത്തിൽ ലോകത്തിലെ ഏറ്റവും മലിനീകരണം നിലനിൽക്കുന്ന രാജ്യമാണ്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയുടെ ഔവർ വേൾഡ് ഇൻ ഡാറ്റാ പ്ലാറ്റ്‌ഫോം അനുസരിച്ച്, സൗത്ത് ഏഷ്യയിലെ ഭൂപ്രദേശത്ത് താമസിക്കുന്നവർക്ക് പൊതുവെ മലിനീകരണ നിരക്ക് കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ മാർഗ്ഗനിർദ്ദേശ പരിധിയായ 5μg/m3 എന്നതിനേക്കാൾ ഏകദേശം 20 മടങ്ങ് കൂടുതലാണ് എന്നാണ് ഈ കണക്കിനെ വിദഗ്ധർ വിശേഷിപ്പിച്ചത്.

അതേസമയം,യുകെയിലെ ലെവലുകൾ 10.47μg/m3 ആയിരുന്നു. യുഎസ് ലോഗ് ചെയ്തത് 7.41μg/m3 ആണ്. അതിനർത്ഥം ഈ രാജ്യങ്ങൾ യഥാക്രമം 24മതും ഒൻപതാമതും പട്ടികയിൽ ഇടംപിടിച്ചു എന്നാണ്. ഈ കണക്കുകൾ ഹൃദ്രോഗം പോലുള്ള മാരകമായ രോഗവസ്ഥകളിലേയ്ക്ക് നയിക്കുന്നെന്ന് പഠനം പറയുന്നു. പൊടി, മണം, പുക എന്നിവയിൽ നിന്നൊക്കെയാണ് ഈ മലിനീകരണ തോത് ഉയർന്നിരിക്കുന്നത്. ഫോസിൽ ഇന്ധനങ്ങൾ കത്തുന്നത് ഒരു പ്രധാന കാരണമാണ്. പ്രധാനമായും ഇത്, കാർ എഞ്ചിനുകളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറത്തുവിടുന്നു.

മലിനീകരണം പലപ്പോഴും പ്രധാനമായും ശ്വാസകോശത്തെ സാരമായി ബാധിക്കാറുണ്ട്. അന്തരീക്ഷത്തിലെ പുക പടലങ്ങൾ, ശ്വാസകോശത്തിനുള്ളിൽ കടക്കുകയും ക്യാൻസർ പോലുള്ള മാരകമായ ആരോഗ്യ കാരണങ്ങളിലേക്ക് ഇത് നയിക്കുകയും ചെയ്യുന്നു. വാഹനം ഇന്ന് ഉപയോഗിക്കുന്നവരുടെ എണ്ണം കണക്കുകൾക്കും അപ്പുറത്താണ്. വാഹനത്തെ ആശ്രയിക്കാതെ ആരും തന്നെ ജീവിക്കുന്നില്ല എന്നുള്ളതാണ് യാഥാർഥ്യം. വാഹനങ്ങൾ പുറം തള്ളുന്ന പുകയാണ് ഈ പട്ടികയിൽ പല രാജ്യങ്ങളെയും ഇടംപിടിപ്പിച്ചത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

നിങ്ങൾ യൂറോ മില്യൺ ടിക്കറ്റുകൾ എടുത്തിട്ടുണ്ടോ ? എങ്കിൽ ടിക്കറ്റ് പരിശോധിച്ചോളൂ. യുകെയിൽ വിറ്റ ടിക്കറ്റിന്റെ ഉടമയാണ് ആ മഹാഭാഗ്യവാൻ. വെള്ളിയാഴ്ച നടന്ന നറുക്കെടുപ്പിൽ യുകെയിൽ വിറ്റ ടിക്കറ്റിനാണ് 111.7 മില്യൺ പൗണ്ട് നേടിയത്.

ടിക്കറ്റിന്റെ ഉടമ ആരാണെന്ന് വെളിവായിട്ടില്ല. യൂറോ മില്യൺ ജാക്ക്പോട്ടിൽ 100 മില്യണിൽ അധികം നേടുന്ന 18 -മത്തെ യുകെ കാരനായിരിക്കും ടിക്കറ്റിന്റെ ഉടമ. ലോട്ടറി എടുത്തവരോട് അവരുടെ ടിക്കറ്റുകൾ പരിശോധിക്കുവാൻ അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. പേര് പരസ്യപ്പെടുത്തണോ വേണ്ടയോ എന്നുള്ളത് വിജയിയുടെ തീരുമാനപ്രകാരം ആയിരിക്കും. വിജയിച്ച ആൾ ഇംഗ്ലണ്ടിലെ കോടീശ്വരന്മാരുടെ മുൻപന്തിയിൽ എത്തും. സൺഡേ ടൈംസ് റിച്ച് ലിസ്റ്റ് പ്രകാരം ഇംഗ്ലണ്ട് ഫുട്ബോൾ താരം ഹാരി കെയ്ൻ (£ 51 മില്യൺ), ഹാരി പോട്ടർ നടൻ ഡാനിയൽ റാഡ്ക്ലിഫ് (£ 92 മില്യൺ), പോപ്പ് ഗായിക ദുവാ ലിപ (£ 75 മില്യൺ) എന്നിവരേക്കാൾ ലോട്ടറി ടിക്കറ്റിൻ്റെ ഉടമ സമ്പന്നനാകും

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിൻ പാളം തെറ്റിയുണ്ടായ അപകടത്തിൽ മരണം 221 കടന്നു. ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചാണിത് . 900 -ത്തിൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. 207 മൃതദേഹങ്ങൾ കണ്ടെടുത്തെന്നും 900ലധികം പേർക്ക് പരിക്കേറ്റെന്നും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെനയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. രക്ഷാപ്രവർത്തനം തുടരുകയാണ്.

മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണെന്നും പരുക്കേറ്റ 400 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നും ഒഡീഷ അഗ്നിശമന വിഭാഗം ഡയറക്ടർ ജനറൽ സുധാംശു സാരംഗി അറിയിച്ചു. ഒഡീഷയിൽ ശനിയാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ട്രെയിൻ അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്.

ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു. ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന്‍ സംഘം അപകട സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

നേഴ്‌സിംഗ് ഏജന്റുമാർ പലപ്പോഴും യുകെയിലേക്ക് എത്തുന്ന അന്താരാഷ്ട്ര നേഴ്‌സുമാരിൽ നിന്ന് സത്യം മറച്ചുവയ്ക്കുന്നതായി ബ്രിട്ടീഷ് ഇന്ത്യൻ നേഴ്‌സസ് അസോസിയേഷൻെറ (ബി ഐ എൻ എ) മേധാവി മറിമോട്ട്ടോ കൗരമസ്സി. അടുത്തിടെ യുകെയിലെത്തിയ നേഴ്‌സുമാർ വാടകയും ജീവിത ചിലവും മറ്റും അറിഞ്ഞപ്പോഴുള്ള പ്രതികരണവും അദ്ദേഹം പങ്കുവച്ചു. യുകെയിൽ ജോലിക്കായി എത്തുന്ന അന്താരാഷ്‌ട്ര നേഴ്‌സുമാർക്ക് എൻഎച്ച്എസ് ട്രസ്റ്റ് നാല് മുതൽ ആറ് ആഴ്ച വരെ താൽക്കാലിക താമസസൗകര്യം നൽകുന്നുണ്ട്. പക്ഷേ, ഈ കാലയളവിനുള്ളിൽ ഇവർ മറ്റൊരു ഭവനം കണ്ടെത്തണം. മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന നേഴ്സുമാർ താമസ സൗകര്യങ്ങൾക്കായി ബുദ്ധിമുട്ടുന്നത് കണക്കിലെടുത്താണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

മിക്കപ്പോഴും തങ്ങളുടെ രാജ്യത്തിനെക്കാൾ തികച്ചും വ്യത്യസ്‌തമായ യുകെയിലെ സംസ്കാരം തന്നെ പലർക്കും പൊരുത്തപ്പെടാൻ സമയമെടുക്കും. ഇതിന് ഒപ്പം താമസസൗകര്യം കണ്ടെത്തുക എന്നത് സമ്മർദ്ദം കൂട്ടുന്നു. മിക്ക നേഴ്സുമാർക്കും ലണ്ടനിലും ഇംഗ്ലണ്ടിലും ഒരു നല്ല വീടിൻെറ വാടകയെ കുറിച്ച് ഇവർക്ക് യാതൊരു ധാരണയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വർദ്ധിച്ചുവരുന്ന ജീവിതച്ചെലവുകൾക്കിടയിൽ നിലവിലുള്ള എൻഎച്ച്എസ് നേഴ്‌സുമാരുടെ ശമ്പള നിരക്കിൽ അതിജീവിക്കാനുള്ള ബുദ്ധിമുട്ട് പ്രകടിപ്പിച്ച് കൊണ്ട് ഈയടുത്ത മാസങ്ങളിൽ സമരത്തിലായിരുന്ന യൂണിയനുകളും നേഴ്‌സുമാരും ഉയർത്തിക്കാട്ടിയിരുന്നു.

ഈയിടെ ജോലിയിൽ പ്രവേശിച്ച ഇന്ത്യൻ നേഴ്‌സുമാർക്ക് തങ്ങളുടെ സാലറിയിൽ എന്ത് വാങ്ങാൻ സാധിക്കും എന്നതിനെ കുറിച്ച് പോലും ധാരണ ഉണ്ടായിരുന്നില്ല എന്ന ഞെട്ടിപ്പിക്കുന്ന വിവരവും അദ്ദേഹം പങ്കുവച്ചു. കുറഞ്ഞ ജീവിതച്ചെലവും കുറഞ്ഞ ശരാശരി വേതനവുമുള്ള ഒരു രാജ്യമായ ഇന്ത്യയിൽ നിന്ന് വരുന്നവരോട് ജീവിത ചിലവുകളെ കുറിച്ച് ധാരണ നൽകാത്തത് അന്യായമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :-സ്റ്റോക്ക്പോർട്ടിലെ ഒരു വീട്ടിൽ നിന്നും സ്ഫോടക വസ്തുക്കൾ പോലീസ് കണ്ടെത്തിയതിനെ തുടർന്ന് ചുറ്റുപാടുമുള്ള നിരവധി ഭവനങ്ങളിൽ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. സ്റ്റോക്ക്‌പോർട്ടിലെ മിഡിൽടൺ റോഡിലെ ഒരു വീട്ടിൽ നിന്നും 50 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) അറിയിച്ചു. അനധികൃതമായി പടക്കങ്ങൾ നിർമ്മിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെത്തുടർന്നാണ് തുടർന്നാണ് പരിശോധനയും അറസ്റ്റും ഉണ്ടായതെന്ന് പോലീസ് വക്താവ് പറഞ്ഞു.

ബോംബ് ഡിസ്പോസൽ ഉദ്യോഗസ്ഥരും ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകളിൽ പങ്കാളികളായി. ഒഴിപ്പിക്കപ്പെട്ട കുടുംബാംഗങ്ങളോട് സുഹൃത്തുക്കളോടൊപ്പം താമസിക്കാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ താമസസൗകര്യമില്ലാത്തവരെ ലൈഫ് ലെഷർ ഹോൾഡ്‌സ്‌വർത്ത് വില്ലേജിലെ റിസപ്ഷനിൽ താമസസൗകര്യം ഏർപ്പെടുത്തി നൽകുകയും ചെയ്തിട്ടുണ്ട്. സംഭവത്തെ തുടർന്ന് സമീപപ്രദേശങ്ങളിൽ ഉള്ള നിരവധി റോഡുകളും പോലീസ് ബ്ലോക്ക് ചെയ്തു.


സ്ഫോടക വസ്തു ആക്ടിലെ സെക്ഷൻ 4 പ്രകാരമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ഇതൊരു മുൻകരുതലാണെന്നും പൊതുജനങ്ങൾക്ക് യാതൊരുവിധ തരത്തിലുള്ള ഭീഷണി ഇല്ലെന്നും സൂപ്രണ്ട് സീഷാൻ നസിം പറഞ്ഞു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഈ സ്ഥലത്തൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നുമുള്ള കർശന നിർദേശവും ഉണ്ട്.

RECENT POSTS
Copyright © . All rights reserved