ന്യൂസ് ഡെസ്ക്, മലയാളം യുകെ
മുൻ ഇംഗ്ലണ്ട് റഗ്ബി ഇൻ്റർനാഷണൽ താരം ടോം വോയ്‌സ് നോർത്തംബർലാൻഡിൽ ഡാരാഗ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചതായുള്ള സംശയം പ്രകടിപ്പിച്ച് പോലീസ്. കൊടുങ്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇദ്ദേഹത്തെ കാണാതായിരുന്നു. വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം ചെലവഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് 43 കാരനായ ടോം വോയ്‌സ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ഞായറാഴ്ച തന്നെ നോർത്തുംബ്രിയ പോലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു. അൽവിക്കിനടുത്തുള്ള അബർവിക്ക് ഫോർഡിന് കുറുകെ വാഹനം ഓടിച്ചുകൊണ്ടിരിക്കുമ്പോഴാകാം അദ്ദേഹത്തിൻ്റെ വാഹനം നദിയുടെ ശക്തമായ ഒഴുക്കിൽ ഒലിച്ചുപോയതെന്നാണ് നിഗമനം.

നിലവിൽ നോർത്തുംബ്രിയ പോലീസിൻ്റെ മറൈൻ സെക്ഷൻ, നാഷണൽ പോലീസ് എയർ സർവീസ്, ഡ്രോണുകൾ, ഡോഗ് ഹാൻഡ്‌ലർമാർ എന്നിവയുൾപ്പെടെയുള്ള സ്പെഷ്യലിസ്റ്റ് യൂണിറ്റുകൾ, പ്രാദേശിക മൗണ്ടൻ റെസ്ക്യൂ ടീമുകൾ, സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ എന്നിവരുടെ പിന്തുണയോടെ തിരച്ചിലിൽ നടന്നുവരികയാണ്. നിലവിൽ നദികളിലെ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നതും ശക്തമായ ഒഴുക്കുള്ളതും പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും ടോം വോയ്‌സിനായുള്ള തിരച്ചിൽ നടന്നു വരികയാണ്.

കോൺവാളിലെ ട്രൂറോയിൽ നിന്നുള്ള മിസ്റ്റർ വോയ്‌സ്, 2001-നും 2006-നും ഇടയിൽ ഇംഗ്ലണ്ടിനായി ഒമ്പത് മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2013-ൽ വിരമിക്കുന്നതിന് മുമ്പ് വാസ്‌പ്‌സ്, ബാത്ത്, ഗ്ലൗസെസ്റ്റർ എന്നിവയ്ക്കായി അദ്ദേഹം കളിച്ചു. 2020 മുതൽ ആൽവിക്കിലാണ് അദ്ദേഹം താമസിച്ചിരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഗൂഗിൾ വികസിപ്പിച്ച ക്വാണ്ടം ചിപ്പിൻെറ വിവരങ്ങൾ പുറത്ത് വിട്ടു. ഗൂഗിളിൻെറ ഫങ്ഷണൽ ക്വാണ്ടം കമ്പ്യൂട്ടർ സൃഷ്ടിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്. പരമ്പരാഗത കമ്പ്യൂട്ടറുകൾക്ക് 10 സെപ്‌റ്റില്യൺ വർഷമെടുക്കുമ്പോൾ 1.5 ഇഞ്ച് (4cm) വരുന്ന ചിപ്പിന് വെറും അഞ്ച് മിനിറ്റിനുള്ളിൽ ഈ ടാസ്‌ക്കുകൾ പൂർത്തിയാക്കാൻ കഴിയും. ഇത് ചിപ്പിൻ്റെ അസാധാരണമായ കമ്പ്യൂട്ടേഷണൽ ശക്തിയെ എടുത്തുകാണിക്കുന്നു.

ഏകദേശം 30 വർഷമായി ഗവേഷകർ അഭിമുഖീകരിച്ച വെല്ലുവിളിയെ അതിജീവിച്ചാണ് ഗൂഗിളിൻ്റെ പുതിയ ക്വാണ്ടം ചിപ്പ് വികസിപ്പിച്ചിരിക്കുന്നത്. വീടുകൾ, ഓഫീസുകൾ, ലാബുകൾ എന്നിവയിൽ ഉപയോഗിക്കാൻ സാധിക്കുന്ന കൊമേർഷ്യൽ ക്വാണ്ടം കമ്പ്യൂട്ടറുകൾ വികസിപ്പിക്കുക എന്നതാണ് കമ്പനിയുടെ നിലവിലെ ആത്യന്തിക ലക്ഷ്യം. 20 വർഷത്തിനുള്ളിൽ ഇത് സാധിക്കും ഗവേഷകർ പറയുന്നത്.

നിലവിൽ, ഗൂഗിൾ, ഐബിഎം തുടങ്ങിയ കമ്പനികൾ പരീക്ഷണാത്മക ക്വാണ്ടം കമ്പ്യൂട്ടറുകളുടെ ഗവേഷണ ഘട്ടത്തിലാണ്. സമീപഭാവിയിൽ തന്നെ, ക്ലാസിക്കൽ കമ്പ്യൂട്ടറുകൾക്ക് പകരം ക്വാണ്ടം കമ്പ്യൂട്ടറുകൾ വരുമെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ക്യാൻസർ ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് മരുന്നുകൾ വികസിപ്പിക്കാൻ വരെ ഇവ സഹായകരമാകും. ഗൂഗിളിൻെറ കാലിഫോർണിയയിലെ സാന്താ ബാർബറയിലുള്ള ക്വാണ്ടം എഐ ലാബിൽ വികസിപ്പിച്ചെടുത്ത വില്ലോ ക്വാണ്ടം ചിപ്പ് 2019-ൽ അവതരിപ്പിച്ച 70-ക്വിബിറ്റ് സികാമോർ ചിപ്പിനെ മറികടന്ന് 105 ക്വിബിറ്റിൽ പ്രവർത്തിക്കാൻ കഴിയും. ഈ ചിപ്പ് അഞ്ച് മിനിറ്റിനുള്ളിൽ ഒരു ബെഞ്ച്മാർക്ക് കംപ്യൂട്ടേഷൻ പൂർത്തിയാക്കി. ഇത് സാധാരണ ആധുനിക സൂപ്പർ കമ്പ്യൂട്ടറുകൾക്ക് 10 സെപ്റ്റില്യൺ വർഷമെടുക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻ എച്ച് എസ് ജീവനക്കാർ, അധ്യാപകർ, മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാർക്ക് അടുത്ത വർഷത്തേയ്ക്കുള്ള ശമ്പള വർദ്ധനവ് ശുപാർശ ചെയ്തതായുള്ള സുപ്രധാന റിപ്പോർട്ട് പുറത്തുവന്നു. ഈ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്ക് 2.8 ശതമാനം ശമ്പള വർദ്ധനവാണ് ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്. ഈ ശുപാർശകൾ ഇനി ശമ്പള അവലോകന സമിതികൾ പരിഗണിക്കും. അതിനു ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം ഉണ്ടാവുന്നത്.

ഓരോ പൊതു മേഖലാ സ്ഥാപനത്തിലും 2025 – 26 വർഷങ്ങളിലും ഭാവിയിലും തങ്ങളുടെ സ്ഥാപനത്തിൽ നടപ്പിലാക്കുന്ന ശമ്പള വർദ്ധനവിന്റെ ഭാരം അവർ തന്നെ വഹിക്കേണ്ടതായിരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. അതായത് ശമ്പള വർദ്ധനവിനായി അധികമായി ഫണ്ട് നൽകില്ല. സ്ഥാപനങ്ങൾ അവരുടെ ബഡ്ജറ്റിൽ നിന്ന് അതിനായി പണം കണ്ടെത്തേണ്ടതായി വരും. ശുപാർശ ചെയ്യുന്ന ശമ്പള വർദ്ധനവ് വകുപ്പുകൾക്ക് താങ്ങാനാവുന്നതിലും കൂടുതലാണെങ്കിലും ഈ തീരുമാനത്തിന് മാറ്റമുണ്ടാകില്ലെന്നാണ് സർക്കാർ സൂചിപ്പിക്കുന്നത്. മറ്റ് സമ്പാദ്യങ്ങളിലൂടെയോ ഉത്പാദന ക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയോ അധിക ചിലവുകൾക്കും ശമ്പളം കണ്ടെത്താനും കഴിയുമോ എന്നത് ഉദ്യോഗസ്ഥർ പരിഗണിക്കേണ്ടതുണ്ടെന്നുമാണ് സർക്കാർ പുതിയതായി പിൻതുടരുന്ന നയം.

ജൂലൈ 4- ലെ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ലേബർ പാർട്ടി സർക്കാരിനെ സംബന്ധിച്ച് അടുത്ത വർഷത്തെ ശമ്പള വർദ്ധനവ് ഒരു കീറാ മുട്ടിയായിരിക്കും എന്നാണ് പൊതുവെ വിലയിരുത്തുന്നത്. പല യൂണിയനുകളും ശമ്പള ശുപാർശ വളരെ അപര്യാപ്തമാണെന്ന തങ്ങളുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. ഒരു കാപ്പിയുടെ വിലയേക്കാൾ കുറവാണ് നിർദിഷ്ട ശമ്പള വർദ്ധനവ് എന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് ജനറൽ സെക്രട്ടറിയും ചീഫ് എക്സിക്യൂട്ടീവ് ആയ പ്രൊഫസർ നിക്കോള റേഞ്ചർ പറഞ്ഞു. ശമ്പള വർദ്ധനവ് നിരാശജനകമാണെന്ന് അധ്യാപകരുടെ യൂണിയൻ പറഞ്ഞു. എന്നാൽ സർക്കാർ നേരിടുന്ന സാമ്പത്തിക വെല്ലുവിളികളുടെ അടിസ്ഥാനത്തിൽ ശമ്പള വർദ്ധനവ് ശുപാർശ മുന്നോട്ട് വച്ചിരിക്കുന്നുവെന്നാണ് വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ പറയുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചരിത്രപരമായ തുല്യ വേതന ക്ലെയിമുകൾ പരിഹരിക്കുന്നതിന് കരാറിലെത്തി ബർമിംഗ്ഹാം സിറ്റി കൗൺസിൽ. ഈ ഒത്തുതീർപ്പ് കൗൺസിലിൻ്റെ തൊഴിലാളികൾക്കുള്ളിലെ ശമ്പള അസമത്വത്തിൻ്റെ ദീർഘകാല പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പായിരിക്കും. യൂണിയൻ നേതാക്കൾ കരാറിനെ സ്വാഗതം ചെയ്തു. പുതിയ മാറ്റം ബാധിക്കുന്ന സ്ത്രീകൾ സമ്പൂർണ്ണ സമത്വം ഇതുവരെ പൂർണ്ണമായി യാഥാർത്ഥ്യമായിട്ടില്ലെങ്കിലും, മുമ്പ് അന്യായമായി പണം നൽകിയ സ്ത്രീകൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ഈ കരാർ.

കൗൺസിൽ ജീവനക്കാരും ബർമിംഗ്ഹാം ചിൽഡ്രൻസ് ട്രസ്റ്റ് ജീവനക്കാരും ഉൾപ്പെടുന്ന കരാർ രഹസ്യമായി തുടരും. അടുത്തയാഴ്ച ചേരുന്ന കാബിനറ്റ് കമ്മിറ്റി യോഗത്തിൽ വ്യവസ്ഥകൾ ഔദ്യോഗികമായി അംഗീകരിക്കുമെന്ന് കൗൺസിൽ അറിയിച്ചു. ജനുവരിയിൽ മുൻ സർക്കാർ അംഗീകരിച്ച അസാധാരണമായ സാമ്പത്തിക സഹായ പാക്കേജിൻ്റെ പരിധിയിലാണ് സെറ്റിൽമെൻ്റിൻ്റെ ചെലവ് വരുന്നത്.

2023 സെപ്റ്റംബറിലാണ്, ബർമിംഗ്ഹാം സിറ്റി കൗൺസിൽ സെക്ഷൻ 114 നോട്ടീസ് പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ കൗൺസിൽ പ്രാദേശിക അധികാര ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റ് വെട്ടിക്കുറവും 10% കൗൺസിൽ നികുതി വർദ്ധനയും ഉൾപ്പെടെയുള്ള കടുത്ത നടപടികൾ നടപ്പാക്കി. GMB, യൂണിസൺ യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ശമ്പള തർക്കം, ശുചീകരണത്തൊഴിലാളികൾ, കാറ്ററിങ് ജീവനക്കാർ തുടങ്ങിയ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ ദീർഘനാൾ വേതനം കുറവായിരുന്നു. ബർമിംഗ്ഹാം സിറ്റി കൗൺസിലിൽ ചരിത്രപരമായ വേതന വിവേചനത്തിന് വിധേയരായ സ്ത്രീകൾക്ക് ലഭിച്ച വലിയ വിജയമാണിതെന്ന് പ്രതികരിച്ച് യൂണിയൻ നേതാക്കൾ രംഗത്ത് വന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സിറിയയിൽ ബശ്ശാറുൽ അസദിനെ അട്ടിമറിച്ചതിനെ തുടർന്ന് ഇസ്ലാമിക് തീവ്രവാദ സംഘടനയായ ഹയാത്ത് തഹ്‌രീർ അൽ ഷാമിനെ (എച്ച്ടിഎസ്) നിരോധിത ഭീകര സംഘടനകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കുന്ന കാര്യം യുകെ സർക്കാർ പരിഗണിക്കുന്നു. സിറിയയിലെ സ്ഥിതിഗതികൾ സുസ്ഥിരമാണെന്നും ഇത് തുടർന്നാൽ നിരോധനം പിൻവലിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങൾ വേഗത്തിൽ എടുക്കുമെന്നും ക്യാബിനറ്റ് മന്ത്രി പാറ്റ് മക്ഫാഡൻ പറഞ്ഞു. അൽ-ഖ്വയ്ദയുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി, 2017-ലാണ് തീവ്രവാദ ഗ്രൂപ്പായി എച്ച്ടിഎസിനെ പ്രഖ്യാപിച്ചത്.

വർഷങ്ങളോളം നീണ്ട ആഭ്യന്തരയുദ്ധത്തിന് ശേഷം എച്ച്ടിഎസും സഖ്യകക്ഷികളും ഡമാസ്കസിൻ്റെ നിയന്ത്രണം ഏറ്റെടുത്തതോടെ, അസദിൻ്റെ ഭരണത്തിൻ്റെ അന്ത്യത്തെ പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ സ്വാഗതം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നയമാറ്റത്തിനുള്ള സാധ്യത ഉയർന്നത്. ഭീകരവാദ നിയമം 2000 പ്രകാരം, ആനുപാതികമെന്ന് കരുതുന്ന പക്ഷം തീവ്രവാദത്തിൽ ഏർപ്പെട്ടിരിക്കുന്ന സംഘടനകളെ നിരോധിക്കാനോ പട്ടികയിൽ നിന്ന് പുറത്താക്കാനോ ആഭ്യന്തര സെക്രട്ടറിക്ക് അധികാരമുണ്ട്.

എച്ച്ടിഎസ് നേതാവ് അബു മുഹമ്മദ് അൽ-ജവ്‌ലാനി, 2016-ൽ അൽ-ഖ്വയ്ദയുമായുള്ള ബന്ധം വിച്ഛേദിക്കുകയായിരുന്നു. നിലവിൽ ഒരു അവലോകന പ്രക്രിയ നടക്കുന്നുണ്ടെന്ന് കാബിനറ്റ് മന്ത്രി പാറ്റ് മക്ഫാഡൻ സ്ഥിരീകരിച്ചു. സിറിയയിലെ സ്ഥിതി സുസ്ഥിരമാകുകയാണെങ്കിൽ, പുതിയ ഭരണകൂടവുമായി എങ്ങനെ ഇടപെടണമെന്ന് സർക്കാർ വേഗത്തിൽ തീരുമാനിക്കേണ്ടതുണ്ടെന്ന് മക്ഫാഡൻ അഭിപ്രായപ്പെട്ടു. നിലവിലെ നിയമപ്രകാരം, ഒരു നിരോധിത ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നതോ അതിൽ ചേരുന്നതോ ക്രിമിനൽ കുറ്റമാണ്. ഇത്തരം സംഘടനകളെ പ്രോത്സാഹിപ്പിക്കുന്നതിന് മീറ്റിംഗുകൾ സംഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എലി ലില്ലി നിർമ്മിച്ച ശരീരഭാരം കുറയ്ക്കാനുള്ള മരുന്നായ മൗഞ്ചാരോ ഇനി എൻഎച്ച്എസിൽ രോഗികൾക്ക് ലഭ്യമാകും. “കിംഗ് കോംഗ് ഓഫ് വെയ്റ്റ് ലോസിങ് ഡ്രഗ്‌സ്” എന്നാണ് ഈ മരുന്ന് അറിയപ്പെടുന്നത്. ഇതിൽ ടിർസെപാറ്റൈഡ് എന്ന മരുന്ന് ആഴ്ചയിലൊരിക്കൽ കുത്തിവയ്പ്പിലൂടെയാണ് നൽകുന്നത്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതിനൊപ്പം, ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മെച്ചപ്പെടുത്താനും മൗഞ്ചാരോ ഉപയോഗിക്കുന്നു. മൗഞ്ചാരോയ്ക്ക് ശേഷം ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്നത് നോവോ നോർഡിസ്ക് നിർമ്മിക്കുന്ന ഭാരം കുറയ്ക്കാനുള്ള കുത്തിവയ്പാണ്, ഇതിൽ സെമാഗ്ലൂറ്റൈഡ് അടങ്ങിയിരിക്കുന്നു.

ടിർസെപാറ്റൈഡും സെമാഗ്ലൂറ്റൈഡും GLP-1 എന്ന ഹോർമോണിനെ അനുകരിക്കുന്നു, ഇത് ഭക്ഷണം കഴിക്കുമ്പോൾ കുടലിൽ സ്വാഭാവികമായി ഉണ്ടാകുന്നതിന് കാരണമാകും. ഈ മരുന്നുകൾ ആമാശയം ശൂന്യമാക്കുന്നത് മന്ദഗതിയിലാക്കുന്നു, ഇതുമൂലം വിശപ്പ് കുറയും. ഇൻസുലിൻ ഉത്പാദനം വർദ്ധിക്കുകയും ചെയ്യും. ഈ മരുന്നുകൾക്കുള്ള ഉയർന്ന ഡിമാൻഡ്, പൊണ്ണത്തടി പരിഹരിക്കുന്നതിനും പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനുമുള്ള മരുന്നിൻെറ കഴിവിൻെറ ഉദാഹരണമാണ്.

മൗഞ്ചാരോയിലെ സജീവ ഘടകമായ ടിർസെപാറ്റൈഡ് GLP-1 എന്ന ഹോർമോണിനെ മാത്രമല്ല, GIP (ഗ്ലൂക്കോസ്-ആശ്രിത ഇൻസുലിനോട്രോപിക് പോളിപെപ്റ്റൈഡ്) എന്നറിയപ്പെടുന്ന ഹോർമോണിനെയും അനുകരിക്കുന്നു. ഈ സംവിധാനം സെമാഗ്ലൂറ്റൈഡിനെ അപേക്ഷിച്ച് കൂടുതൽ ശരീരഭാരം കുറയ്ക്കാൻ കാരണമാകുന്നു. ടൈപ്പ് 2 പ്രമേഹമുള്ളവരെ വച്ച് നടത്തിയ 68 ആഴ്ച നീണ്ടുനിൽക്കുന്ന ക്ലിനിക്കൽ പരീക്ഷണങ്ങളിൽ, ടിർസെപാറ്റൈഡ് 17.8% ശരീരഭാരം കുറയ്ക്കാൻ കാരണമായാതായും, സെമാഗ്ലൂറ്റൈഡ് 12.4% ശരീര ഭാരം കുറയ്ക്കുന്നതിനും കാരണമായതായി കണ്ടെത്തി. 30 -ഓ അതിൽ കൂടുതലോ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) ഉള്ള മുതിർന്നവർക്കും അല്ലെങ്കിൽ 27-ഓ അതിലധികമോ ബിഎംഐ ഉള്ളവർക്കും, ഹൈപ്പർടെൻഷൻ, ഹൃദ്രോഗം തുടങ്ങി ഭാരവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളുള്ളവർക്കും യുകെയിലെ മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്‌ട് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ) മൗഞ്ചാരോ ഉപയോഗിക്കാനുള്ള അധികാരം നൽകിയിട്ടുണ്ട്. സ്പെഷ്യലിസ്റ്റ് വെയ്റ്റ് മാനേജ്മെൻ്റ് പ്രോഗ്രാമുകളിൽ ഉള്ളവർക്കായിരിക്കും മരുന്ന് നൽകുന്നവരിൽ എൻഎച്ച്എസ് മുൻഗണന നൽകുക.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയും യൂറോപ്യൻ യൂണിയനും തമ്മിൽ കഴിഞ്ഞ കുറെ നാളുകളായി അത്ര സുഖകരമായ ബന്ധമല്ല. ബ്രെക്സിറ്റിനെ തുടർന്നുള്ള സംഭവങ്ങളാണ് അതിനു കാരണം. യുകെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വന്നത് മറ്റ് അംഗങ്ങൾക്ക് കടുത്ത അതൃപ്തി ഉണ്ടാക്കിയിരുന്നു. അത് മാത്രമല്ല കഴിഞ്ഞ സർക്കാരിന്റെ ഭരണകാലത്ത് യൂറോപ്യൻ യൂണിയനിലെ വിദ്യാർത്ഥികൾ യുകെയിൽ പഠിക്കുന്നതിനായി ഇളവുകൾ ആവശ്യപ്പെട്ടിരുന്നെങ്കിലും യുകെയുടെ ഭാഗത്തു നിന്നും അനുകൂല സമീപനം ഉണ്ടായിരുന്നില്ല. ഇത് ഉൾപ്പെടെ ഇരുവിഭാഗങ്ങളും തമ്മിൽ സാമ്പത്തിക കയറ്റുമതി രംഗങ്ങളിൽ തണുത്ത സമീപനമായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ യൂറോപ്യൻ യൂണിയനുമായി കൂടുതൽ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനായി ലേബർ പാർട്ടി സർക്കാർ മുൻകൈ എടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. യുകെയും ഇയുവും തമ്മിലുള്ള അടുത്ത ബന്ധം രാജ്യത്തിൻറെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുമെന്ന് ചാൻസിലർ റേച്ചൽ റീവ്സ് യൂറോ ഗ്രൂപ്പിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞത് അതിൻറെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം വ്യാപാരത്തിനുള്ള തടസ്സങ്ങൾ നീക്കുകയും പരസ്പര സഹകരണത്തിലൂടെ ഇരു കൂട്ടരുടെയും സാമ്പത്തിക രംഗം മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് അർത്ഥമാക്കുന്നതെന്ന് അവർ പറഞ്ഞു. ബ്രസൽസിൽ നടക്കുന്ന യൂറോ ഗ്രൂപ്പ് ധനമന്ത്രിമാരുടെ യോഗത്തിലാണ് ചാൻസിലർ തൻറെ അഭിപ്രായം പ്രകടിപ്പിച്ചത്.

യൂറോപ്യൻ യൂണിയൻ വീണ്ടും ചേരുന്നത് ലേബർ പാർട്ടിയുടെ നയമല്ലെന്ന് നേരത്തെ വ്യക്തമാക്കപ്പെട്ടിരുന്നെങ്കിലും യൂറോപ്യൻ യൂണിനുമായുള്ള ബന്ധം ആഴത്തിലാക്കാൻ ആഗ്രഹിക്കുന്നതായി ചാൻസിലർ ആവർത്തിച്ചു പറഞ്ഞു. എന്നാൽ യുകെയുടെ വളർച്ചയ്ക്ക് താല്പര്യമുണ്ടെങ്കിൽ യുഎസുമായി വ്യാപാര കരാർ ഉണ്ടാക്കുന്നതിന് ലേബർ സർക്കാർ പരിശ്രമിക്കണമെന്ന് ചാൻസിലറിൻ്റെ ഇ യു പ്രേമത്തെ കുറിച്ച് ഷാഡോ ബിസിനസ് സെക്രട്ടറി ആൻഡ്രൂ ഗ്രിഫിത്ത് പറഞ്ഞു. സാമ്പത്തിക വളർച്ചയ്ക്ക് പ്രധാനപ്പെട്ട കാര്യം കയറ്റുമതി വർദ്ധിപ്പിക്കുകയാണെന്ന അഭിപ്രായമാണന്നും ഈ രംഗത്ത് കഷ്ടപ്പെടുകയാണെന്ന വിമർശനമാണ് ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രകടിപ്പിച്ചത്. ഏകദേശം 50,000 ബിസിനസ് സ്ഥാപനങ്ങളെയാണ് ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധീകരിക്കുന്നത്. യുകെയിലെ സ്ഥാനങ്ങൾ നിയന്ത്രിക്കുന്നതിന് ഭരണകൂടത്തിന്റെ നൂലാമാലകൾ തടസ്സം സൃഷ്ടിക്കുകയാണെന്ന വിമർശനമാണ് ബ്രിട്ടീഷ് ചേംബർ ഓഫ് കൊമേഴ്സിന് ഉള്ളത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ തൊഴിൽ ഒഴിവുകളിൽ ഗണ്യമായ കുറവ്. 2020-ലെ പാൻഡെമിക്കിൻ്റെ തുടക്കത്തിൽ കണ്ടതിന് തുല്യമായ നിലയിലുള്ള കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. കെപിഎംജിയുടെയും റിക്രൂട്ട്‌മെൻ്റ് ആൻഡ് എംപ്ലോയ്‌മെൻ്റ് കോൺഫെഡറേഷൻ്റെയും (ആർഇസി) റിപ്പോർട്ട് അനുസരിച്ച് ബിസിനസുകൾ രണ്ട് വർഷത്തിനിടയിലെ ഏറ്റവും മോശം നിലയിലേക്ക് എത്തിയിരിക്കുകയാണ്. ഇതുമൂലം, പുതിയ ജീവനക്കാരുടെ ആവശ്യം കുത്തനെ കുറഞ്ഞു. ബിസിനസുകളുടെ വളർച്ചയെ കുറിച്ച് പൂർണമായ ചിത്രം ലഭിക്കാത്തതിനാൽ പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ പല കമ്പനികളും ഇപ്പോൾ മടിക്കുന്നു.

സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങൾക്ക് ഈ മാന്ദ്യം വെല്ലുവിളി ഉയർത്തുന്നു. പുതിയ ബജറ്റ് നയങ്ങളുമായി ബന്ധപ്പെട്ട വർദ്ധിച്ചുവരുന്ന ചെലവുകളുടെ ഭാഗമായി പല ബിസിനസ്സുകളും നിയമന പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നതായി കെപിഎംജിയുടെ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ജോൺ ഹോൾട്ട് പറഞ്ഞു. ഈ പ്രവണത യുകെ തൊഴിൽ വിപണിയിലെ വർദ്ധിച്ചുവരുന്ന അനിശ്ചിതത്വത്തെ ചൂണ്ടിക്കാട്ടുന്നു.

സമ്പദ്‌വ്യവസ്ഥയെ വളർത്തുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉള്ള വാഗ്ദാനങ്ങൾ ലേബർ നേതാവ് കെയർ സ്റ്റാർമർ നൽകിയിരുന്നെങ്കിലും ഒക്ടോബർ ബജറ്റിലെ ബിസിനസ്സ് നികുതിയിലെ വർദ്ധനവ് ബിസിനസ്സ് നേതാക്കളുടെ ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. രാജ്യത്തെ കമ്പനികളുടെ ബിസിനസ് പ്രകടനങ്ങൾ അളക്കുന്ന ബി.ഡി.ഒയുടെ ഔട്ട്‌പുട്ട് സൂചിക,നിലവിൽ 2022 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോൾ. “സുവർണ്ണ പാദം” എന്ന് കണക്കാക്കുന്ന ക്രിസ്മസ് സീസണു പോലും ഈ തകർച്ചയെ തടയാൻ സാധിച്ചിട്ടില്ല.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
40 വർഷം മുമ്പ് ഗ്രേറ്റർ മാഞ്ചസ്റ്ററിൽ നടന്ന സ്‌കൂൾ വിദ്യാർത്ഥിനിയുടെ കൊലപാതകത്തിൽ വിവരങ്ങൾക്കായി അപ്പീൽ ആരംഭിച്ചതിന് പിന്നാലെ പോലീസ് 50,000 പൗണ്ട് പാരിതോഷികം വാഗ്ദാനം ചെയ്തു. 1984-ൽ ലീയിലെ ബോണിവെൽ റോഡിലുള്ള വീട്ടിൽ നിന്ന് 200 മീറ്ററിൽ താഴെയുള്ള ഒരു ഇടവഴിയിൽ 14 കാരിയായ ലിസ ഹെസിയോണിനെ കഴുത്ത് ഞെരിഞ്ഞ് കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തി.

ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് (ജിഎംപി) പറയുന്നതനുസരിച്ച്, പെൺകുട്ടിയുടെ അമ്മ ക്രിസ്റ്റീൻ മകൾ രാത്രി 10.30 – ന് തിരികെ എത്തുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു. എന്നാൽ 15 മിനിറ്റിന് ശേഷവും ലിസ വരാതിരുന്നതിനെ തുടർന്ന് കാണാതായ വിവരം പോലീസിനെ അറിയിച്ചു. സംഭവ സ്ഥലത്ത് നിന്ന് ഒരു ഡിഎൻഎ സാമ്പിൾ ലഭിച്ചിട്ടും ഇതുവരെയും കൊലയാളിയെ കണ്ടെത്താൻ ആയിട്ടില്ലെന്ന് പോലീസ് സേന പറയുന്നു.

തൻ്റെ മകളുടെ കൊലപാതകത്തിന് ഉത്തരവാദി ആരാണെന്ന് അറിയാതെ ലിസയുടെ അമ്മ ക്രിസ്റ്റീൻ 2016 ൽ മരിച്ചു. സംഭവ ദിവസം രാത്രി അസ്വാഭാവികമായി എന്തെങ്കിലും കണ്ടാവരോ അല്ലെങ്കിൽ അന്വേഷണത്തെ സഹായിക്കാൻ കഴിയുന്ന വിവരങ്ങളുളവരോ ഉണ്ടെങ്കിൽ മുന്നോട്ടുവരാൻ പൊതുജനങ്ങളോട് ജിഎംപി ആവശ്യപ്പെട്ടു. ലിസയുടെ കൊലയാളിയെ തിരിച്ചറിയുന്നതിനായുള്ള വിവരണങ്ങൾ നൽകുന്നവർക്ക് 50,000 പൗണ്ട് പാരിതോഷികം ഇപ്പോഴും ലഭ്യമാണ്. എന്ത് ചെറിയ വിവരവും കൊലയാളിയെ കണ്ടെത്താൻ സഹായിക്കുമെന്ന് പോലീസ് സേന പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടീഷ് സർക്കാർ ഡിജിറ്റൽ വിസകളിലേക്കുള്ള മാറ്റത്തിനുള്ള സമയ പരിധി നീട്ടി. 2025 മാർച്ച് അവസാനം വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. നേരത്തെ സമയ പരിധി 2024 ഡിസംബർ 31 വരെയായിരുന്നു. ഇവിസകളിലേക്കുള്ള ഷിഫ്റ്റ് കാര്യമായ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിന് പിന്നാലെയാണ് ഈ നടപടി. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനും സുഗമമായ റോൾഔട്ട് ഉറപ്പാക്കാനും കൂടുതൽ സമയം ലഭിക്കാനാണ് ഈ തീരുമാനം.

സമയപരിധിയിൽ മാറ്റം വന്നെങ്കിലും ഇമിഗ്രേഷൻ ലോ പ്രാക്ടീഷണേഴ്‌സ് അസോസിയേഷനും (ഐഎൽപിഎ), കുടിയേറ്റ അവകാശ ഗ്രൂപ്പുകളും പുതിയ സമയപരിധി മറ്റ് രാജ്യങ്ങളിലെ വിമാനത്താവള ജീവനക്കാരും ഉദ്യോഗസ്ഥരും അറിയണമെന്നില്ലെന്നുള്ള ആശങ്ക പ്രകടിപ്പിച്ചു. അതായത്, വിദേശ എയർലൈനുകളും എയർപോർട്ട് ജീവനക്കാരും ബ്രിട്ടീഷ് യാത്രക്കാരുടെ താമസാവകാശം അംഗീകരിച്ചില്ലെങ്കിൽ, ഇവരെ യുകെയിലേക്ക് മടങ്ങുന്നതിൽ നിന്ന് ഇത് തടയുന്നതിന് കാരണമാകും.

മുൻകാല അനുഭവത്തെ അടിസ്ഥാനമാക്കി, ചെക്ക്-ഇൻ ഏജൻ്റുമാർ, ബോർഡിംഗ് ഗേറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയ അന്താരാഷ്‌ട്ര യാത്രകളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ജീവനക്കാരും പുതുക്കിയ സമയക്രമത്തെ കുറിച്ച് ബോധവാന്മാരായിരിക്കില്ലെന്ന് ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകി. സമയപരിധി ഔദ്യോഗികമായി പിൻവലിച്ചിട്ടുണ്ടെങ്കിലും, ജീവനക്കാർ ഇത് അറിയാത്തത് ബ്രിട്ടീഷ് യാത്രക്കാർ വിദേശത്ത് കുടുങ്ങി കിടക്കുന്നതിന് കാരണമാകും. യൂറോപ്യൻ യൂണിയൻ പൗരന്മാർക്കായി ഇവിസ സംവിധാനം ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. ട്രാൻസ്‌പോർട്ട് ഓപ്പറേറ്റർമാർക്കായി 24 മണിക്കൂർ സപ്പോർട്ട് ഹബ് നിലവിലുണ്ടെങ്കിലും, യാത്രക്കാർക്കുള്ള ഹെൽപ്പ് ലൈൻ ബ്രിട്ടീഷ് പകൽസമയത്ത് മാത്രമേ പ്രവർത്തിക്കൂ, ഇതിനായി പലപ്പോഴും ദീർഘനേരം കാത്തിരിക്കേണ്ടി വരും. യുകെ വിസ, ഇമിഗ്രേഷൻ (യുകെവിഐ) അക്കൗണ്ടുകൾ വഴി 3.1 ദശലക്ഷം ആളുകൾ തങ്ങളുടെ ഇവിസകൾ ആക്‌സസ് ചെയ്‌തിട്ടുണ്ടെന്ന് ഹോം ഓഫീസ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇനിയും എത്ര പേർ പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ടെന്ന് വ്യക്തമല്ല.