Main News

അങ്കാറ: തുര്‍ക്കി തീരത്തിനടുത്ത് മറ്റൊരു കുടിയേറ്റ ബോട്ടുകൂടി മുങ്ങി അഭയാര്‍ത്ഥികള്‍ മരിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുളളവരുടെ മൃതദേഹങ്ങള്‍ തുര്‍ക്കി തീരത്തടിഞ്ഞതായി തീരസംരക്ഷണ സേന അറിയിച്ചു. യൂറോപ്പിലേക്കുളള യാത്രയ്ക്കിടെ മുപ്പത്തേഴുപേര്‍ മുങ്ങി മരിച്ചതായാണ് നിഗമനം. ഐലന്‍ കുര്‍ദിയുടെ മരണത്തെ ഓര്‍മിപ്പിക്കും വിധം പിഞ്ചുകുഞ്ഞുങ്ങളടക്കമുളളവരുടെ മൃതദേഹങ്ങള്‍ തീരത്തടിഞ്ഞിട്ടുണ്ടെന്ന് വാര്‍ത്താഏജന്‍സി നല്‍കിയിട്ടുളള ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. തുര്‍ക്കിയുടെ വടക്കന്‍ പ്രവിശ്യയായ കനാക്കലിലെ ഐവാസിക് എന്ന നഗരത്തിനടുത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുളളത്.
സിറിയ, അഫ്ഗാന്‍, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിലേക്ക് പോയ ബോട്ടാണ് മുങ്ങിയതെന്ന് കരുതുന്നു. ജര്‍മനിയില്‍ അഭയം തേടിയ സിറിയക്കാര്‍ക്കും ഇറാഖികള്‍ക്കും അവരുടെ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കുമ്പോള്‍ മടങ്ങിപ്പോകാമെന്ന് ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കല്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈദുരന്തം. രാജ്യത്തേക്ക് കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിന് മെര്‍ക്കല്‍ കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. 1990ല്‍ യുഗോസ്ലാവിയയില്‍ നിന്ന് അഭയം തേടിയെത്തിയവരില്‍ എഴുപത് ശതമാനം പേരും പിന്നീട് സ്വന്തം രാജ്യത്തേക്ക് മടങ്ങിയതായും മെര്‍ക്കല്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ട് ദിവസം മുമ്പും തുര്‍ക്കിയ്ക്കടുത്ത് മറ്റൊരു ബോട്ട് മുങ്ങി ഇരുപത്തഞ്ച് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതില്‍ പത്ത് പേര്‍ കുട്ടികളായിരുന്നു. തുര്‍ക്കിയിലെ സാമോസ് ദ്വീപിലേക്ക് പോയവരാണ് മുങ്ങി മരിച്ചത്. ഇപ്പോള്‍ തകര്‍ന്ന ബോട്ടില്‍ നിന്ന് 75 പേരെ രക്ഷപ്പെടുത്തിയതായും തുര്‍ക്കി തീരസംരക്ഷണ സേന വ്യക്തമാക്കിയിട്ടുണ്ട്. ഇരുപത് പേരെക്കുറിച്ച് ഇനിയും വിവരം ലഭിക്കാനുണ്ടെന്നും രക്ഷപ്പെട്ടവര്‍ പറയുന്നു. തീരത്ത് നിന്ന് അമ്പത് മീറ്റര്‍ അകലെയായാണ് ബോട്ട് മുങ്ങിയത്. കഴിഞ്ഞ കൊല്ലം നാലായിരം പേര്‍ യൂറോപ്പ് കടലില്‍ മുങ്ങി മരിച്ചതോടെയാണ് അഭയാര്‍ത്ഥികളുടെ ഈ ദാരുണാന്ത്യങ്ങളുടെ കഥ പുറം ലോകം അറിഞ്ഞ് തുടങ്ങിയത്. ഇക്കൊല്ലം ആദ്യത്തെ 28 ദിവസങ്ങളിലായി 244 പേര്‍ ഇത്തരത്തില്‍ കടലില്‍ മുങ്ങിമരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കരയിലും നിരവധി കുടിയേറ്റക്കാര്‍ക്ക് മരണം സംഭവിച്ചു.

 

അങ്കാറ: പോര്‍വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് തുര്‍ക്കി റഷ്യന്‍ അംബാസിഡറെ വിളിച്ച് വരുത്തി വിശദീകരണം തേടി. റഷ്യന്‍ ഭാഷയിലും ഇംഗ്ലീഷിലും വിമാനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടും വിമാനം അതിര്‍ത്തി കടന്നെന്നാണ് തുര്‍ക്കിയുടെ ആരോപണം. ഇത് തികച്ചും നിരുത്തരവാദപരമായ പ്രവൃത്തിയാണെന്നും തുര്‍ക്കി കുറ്റപ്പെടുത്തി. ഇതിന്റെ പ്രത്യാഘാതങ്ങള്‍ക്ക് റഷ്യ മാത്രമാകും ഉത്തരവാദിയെന്നും തുര്‍ക്കി മുന്നറിയിപ്പ് നല്‍കുന്നു.  എന്നാല്‍ തങ്ങളുടെ പോര്‍വിമാനങ്ങള്‍ തുര്‍ക്കി അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ ഇഗോര്‍ കനാഷെങ്കോവിന്റെ വിശദീകരണം. തുര്‍ക്കിയുടെത് കളളപ്രചരണങ്ങളാണെന്നും റഷ്യ ആരോപിക്കുന്നു.
നവംബറില്‍ റഷ്യയുടെ എസ് യു 24 യുദ്ധവിമാനം വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് തുര്‍ക്കി വെടിവച്ച് വീഴ്ത്തിയിരുന്നു. ഈ സംഭവത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷത്തിലാണ്. ഇതേതുടര്‍ന്ന് തുര്‍ക്കിയുടെ മേല്‍ റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമര്‍ പുടിന്‍ ധാരാളം ഉപരോധങ്ങളും ഏര്‍പ്പെടുത്തി.

സെപ്റ്റംബര്‍ മുതല്‍ റഷ്യന്‍ സൈന്യം സിറിയയില്‍ വ്യോമാക്രമണം നടത്തുകയാണ്. വീണ്ടും വ്യോമാതിര്‍ത്തി ലംഘിച്ചതിലൂടെ റഷ്യ സംഘര്‍ഷം കടുപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രാലയം പറഞ്ഞു.

സ്വന്തം ലേഖകന്‍
ഇന്ന് നടന്ന യുകെകെസിഎ നാഷണല്‍ ഇലക്ഷനില്‍ പ്രസിഡണ്ടായി ബിജു മടുക്കകുഴി വിജയിച്ചു. ട്രഷറര്‍ ആയി ബാബു തോട്ടവും ജോയിന്റ് സെക്രട്ടറി ആയി സക്കറിയ പുത്തന്‍കളവും തെരഞ്ഞെടുക്കപ്പെട്ടു. ബിജു മടുക്കക്കുഴിയ്ക്ക് 50 വോട്ടും, ബാബു തോട്ടത്തിന് 51 വോട്ടും സക്കറിയ പുത്തന്‍കളത്തിന് 73 വോട്ടും ആണ് ലഭിച്ചത്.

സെക്രട്ടറി, വൈസ് പ്രസിഡന്റ്, ജോയിന്റ് ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്ക് ഒന്നിലേറെ പത്രികകള്‍ ലഭിക്കാത്തതു കൊണ്ട് ജോസി നെടുംതുരുത്തി പുത്തന്‍പുരയില്‍ (ബ്രിസ്‌റ്റോള്‍ യൂണിറ്റ്), ജോസ് മുഖച്ചിറയില്‍ (ഷെഫീല്‍ഡ് യൂണിറ്റ്), ഫിനില്‍ കളത്തി കോട്ടില്‍ (നോര്‍ത്ത് വെസ്റ്റ് ലണ്ടന്‍ ) എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

ukkca final.
അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള സെക്രട്ടറി ശ്രീറോയി കുന്നേലിനെ (സ്വിന്‍ഡന്‍ യൂണിറ്റ്) ആണ് ബിജു മടക്കക്കുഴി പരാജയപ്പെടുത്തിയത് .തന്റെ കറതീര്‍ന്ന സമുദായ സ്‌നേഹത്തിനും അര്‍പ്പണബോധത്തിനുമുള്ള അംഗീകാരമായി ഈ വിജയത്തെ കാണുന്നതായി ശ്രീ ബിജു മടക്കക്കുഴി പറഞ്ഞു.
ട്രഷറര്‍ സ്ഥാനത്തേയ്ക്ക് നീണ്ടൂര്‍ ഇടവകാംഗമായ ബര്‍മിംഗ്ഹാം യൂണിറ്റില്‍ നിന്നുള്ള ബാബു തോട്ടവും പുനലൂര്‍ ഇടവകാംഗമായ കവന്‍ട്രി & വാര്‍വിക്ഷയര്‍ യൂണിറ്റില്‍ നിന്നുള്ള മോന്‍സി തോമസും തമ്മിലായിരുന്നു മത്സരം.

ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ലീഡ്‌സ് യൂണിറ്റില്‍ നിന്നുള്ള കുമരകം വള്ളാറ പുത്തന്‍ പള്ളി ഇടവകാംഗമായ സക്കറിയ പുത്തന്‍ കളവും ബ്ലാക്പൂള്‍ യൂണിറ്റില്‍ നിന്നുള്ള പുന്നത്തറ പള്ളി ഇടവകാംഗമായ ജോണ്‍ ചാക്കോയും തമ്മിലായിരുന്നു മല്‍സരം.

യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി അല്‍മായ സംഘടനയായ യുകെകെസിഎയുടെ അമരക്കരായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മലയാളം യുകെയുടെ ആശംസകള്‍ നേരുന്നു.

ukkca

വാറ്റ്ഫോര്‍ഡ്: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ അര്‍ദ്ധവാര്‍ഷിക പൊതുയോഗം നാളെ (31/01/2016) കേംബ്രിഡ്ജില്‍ വച്ച് നടക്കും. കേംബ്രിഡ്ജിലെ സെന്റ്‌ ജോണ്‍സ് ഹാളില്‍ വച്ച് വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ജനറല്‍ ബോഡി യോഗത്തില്‍  റീജിയനിലെ യുക്മ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് 1.00 മണി മുതല്‍ വൈകുന്നേരം 06.00 മണി വരെയായിരിക്കും ജനറല്‍ ബോഡി യോഗം നടക്കുക എന്ന്‍ റീജിയണല്‍ സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ അറിയിച്ചു.
യുക്മ ഈസ്റ്റ് ആംഗ്ലിയ പ്രസിഡണ്ട് രഞ്ജിത് കുമാര്‍ അസുഖം മൂലം ആശുപത്രിയില്‍ ആയതിനാല്‍ യോഗത്തില്‍ പങ്കെടുക്കുകയില്ല എന്ന്‍ അറിയിച്ചിട്ടുണ്ട്. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്റെ ഇത്തവണത്തെ ഭരണ സമിതി അധികാരത്തില്‍ വന്ന് ഏറെ താമസിയാതെ തന്നെ പ്രസിഡണ്ട് രഞ്ജിത് കുമാര്‍ അസുഖ ബാധിതന്‍ ആയിരുന്നു. തുടര്‍ന്ന്‍ അവധിയില്‍ പ്രവേശിച്ച ഇദ്ദേഹം യുക്മ നാഷണല്‍ കലാമേള ഈസ്റ്റ് ആംഗ്ലിയ റീജിയനില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന്‍ യുക്മ പ്രവര്‍ത്തനങ്ങളില്‍ സജീവമായി വരുന്നതിനിടയില്‍ ആണ് വീണ്ടും അസുഖം ആയി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

ആക്ടിംഗ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായി, നാഷണല്‍ കമ്മറ്റിയംഗം തോമസ്‌ മാറാട്ട്കളം, സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു റീജിയനില്‍ കലാമേള, കായികമേള തുടങ്ങിയവ വിജയകരമായി നടത്തിയത്. സ്ഥിരമായി സാമ്പത്തിക ബാധ്യതയില്‍ കലാശിക്കാറുള്ള കലാമേള പോലെയുള്ള പരിപാടികള്‍ ഇത്തവണ സാമ്പത്തിക അച്ചടക്കവും, സംഘടനാ പാടവവും കൈമുതലാക്കി ഈ ടീം സാമ്പത്തികമായി വിജയിപ്പിച്ചിരുന്നു. യുക്മ നടത്തിയ നേപ്പാള്‍ ചാരിറ്റി അപ്പീലിലും ഏറ്റവുമധികം തുക സമാഹരിച്ചത് ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ ആയിരുന്നു. ഇതുള്‍പ്പെടെയുള്ള അര്‍ദ്ധ വാര്‍ഷിക കണക്കും നാളത്തെ പൊതുയോഗത്തില്‍ അവതരിപ്പിക്കും.

നിലവില്‍ ഒഴിവുള്ള റീജിയണല്‍ ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പാണ് നാളത്തെ യോഗത്തിലെ മറ്റൊരു അജണ്ട. ഇത് കൂടാതെ അദ്ധ്യക്ഷന്‍ അനുവദിക്കുന്ന മറ്റ് വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതായിരിക്കും. റീജിയന് കീഴിലുള്ള എല്ലാ അസോസിയേഷനുകളും തങ്ങളുടെ മൂന്ന്‍ പ്രതിനിധികളെയും യോഗത്തില്‍ പങ്കെടുപ്പിക്കണമെന്നും എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും റീജിയണല്‍ വൈസ് പ്രസിഡണ്ട് സണ്ണിമോന്‍ മത്തായി, സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിനും അറിയിച്ചു.

യോഗം നടക്കുന്ന സ്ഥലത്തിന്‍റെ അഡ്രസ്സ്:

St. Thomas Hall,
Ancaster Way,
Cambridge,
CB1 3TT

കൊച്ചി: സാമൂഹിക പ്രവര്‍ത്തകയും ചുംബന സമര നായികയുമായ അരുന്ധതി മനോരമ ഓണ്‍ലൈനിനെതിരെ ആഞ്ഞടിച്ച് രംഗത്ത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനോരമ ഓണ്‍ലൈനിന് മുന്നറിയിപ്പുമായി അരുന്ധതിയുടെ എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം താനെഴുതിയ ഫേസ്ബുക്ക് പോസ്റ്റ് തന്റെ അനുവാദമില്ലാതെ മനോരമ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ചുവെന്ന് അരുന്ധതി പറയുന്നു. വാര്‍ത്തയിലൂടെ തന്നെ മോശമായ രീതിയില്‍ മനോരമ ചിത്രീകരിച്ചു. മനോരമയ്‌ക്കെതിരെ നിയമനടപടിക്കൊരുങ്ങുമെന്നും അരുന്ധതി ഫേസ്ബുക്കിലൂടെ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ മനോരമ ആ വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നാണ് അരുന്ധതിയുടെ മുന്നറിയിപ്പ്.
arundhathi2
തന്റെ എഫ്ബി പോസ്റ്റില്‍ നിന്നും ‘ഭൂരിപക്ഷം ആണുങ്ങളും എന്നെ വേശ്യയായി കാണുന്നു’ എന്ന ഭാഗം എടുത്ത് തലക്കെട്ട് നല്‍കി മനോരമ ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ചത് ആണ് അരുന്ധതിയെ ചൊടിപ്പിച്ചത്. മാധ്യമങ്ങള്‍ എന്നെ ആഘോഷിക്കാനല്ല, ആണ്‍ പൊതുബോധത്തിന് സ്വയംഭോഗ സുഖം നല്‍കാനാണ് എന്റെ പേരുപയോഗിക്കുന്നതെന്നും അരുന്ധതി ആഞ്ഞടിക്കുന്നു. ഇത്തരം മാധ്യമങ്ങള്‍ക്ക് വേണ്ടത് ദൃശ്യതയുള്ള, കൂടുതല്‍ ആളുകള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്ന വ്യക്തികളെയാണ്. മീഡിയ പ്രവര്‍ത്തിക്കുന്നത് പൊതുബോധത്തിന് അനുസൃതമായാണെന്നും അരുന്ധതി പറയുന്നു. ചാനല്‍ ചര്‍ച്ചകള്‍ക്ക് പങ്കെടുക്കും പോലെയല്ല വ്യക്തിജീവിതത്തെ പരാമര്‍ശിക്കുന്ന കുറിപ്പുകള്‍ അനുവാദമില്ലാതെ പ്രസിദ്ധീകരിക്കുന്നതെന്നും അരുന്ധതി ആരോപിക്കുന്നു.

മനോരമയ്‌ക്കെതിരായ അരുന്ധതിയുടെ എഫ്ബി പോസ്റ്റ് ചുവടെ:

arundhathi fb post

Related News

താന്‍ ദിവസവും സൈബര്‍ റേപ്പിന് ഇരയാവുന്നവള്‍ – തുറന്നടിച്ച് അരുന്ധതി

തിരുവനന്തപുരം. യുകെയിലും മറ്റ് വിദേശ രാജ്യങ്ങളിലും ജോലി ചെയ്യുന്ന മലയാളികള്‍ പലരും നാട്ടില്‍ അവധിക്ക് ചെല്ലുമ്പോള്‍ യാത്ര ചെയ്യാനുള്ള സൗകര്യത്തിന് വാടകയ്ക്ക് കാര്‍ എടുത്ത് (റെന്റ് എ കാര്‍) ഉപയോഗിക്കുന്നവരാണ്. ഇങ്ങനെ കാര്‍ വാടകയ്ക്ക് എടുത്ത് ഓടിക്കുമ്പോള്‍ മിക്കവാറും തനിച്ച് തന്നെയാണ് ഡ്രൈവ് ചെയ്യാറ്. എന്നാല്‍ ഇങ്ങനെ സഞ്ചരിക്കുമ്പോള്‍  അപരിചിതമായ സ്ഥലത്തു രാത്രിയില്‍ കാര്‍ കേടായാല്‍ ഉള്ള ബുദ്ധിമുട്ടുകള്‍ ആലോചിക്കുമ്പോള്‍ തന്നെ പേടിയാകും. എവിടെ നിന്ന്‍ ഒരു മെക്കാനിക്കിനെ കിട്ടുമെന്നോ, എങ്ങിനെ ഒരു വര്‍ക്ക്ഷോപ്പില്‍ കാര്‍ എത്തിക്കുമെന്നോ ഒന്നും ഒരു പിടിയും ഇല്ലാതെ രാത്രിയില്‍ അപരിചിതമായ പ്രദേശത്ത് പെട്ട് പോയാല്‍ ഇനി മുതല്‍ പേടിക്കേണ്ട.
അസമയത്ത് നിന്ന് പോയ വാഹനം നന്നാക്കുന്നതിന് ഇനി ആളിനെ തേടി അലയേണ്ടതില്ല. കാര്‍ നന്നാക്കാന്‍ ആളിനെ കണ്ടെത്തുന്നതിനു വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി (വിഎച്ച്എസ്ഇ) വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ ഫൈന്‍ഡ് ലേബര്‍ എന്ന മൊബൈല്‍ ആപ്പിന്റെ സേവനം ഉപയോഗിച്ചാല്‍ മതിയാകും. ഡ്രൈവര്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, എസി മെക്കാനിക്ക് തുടങ്ങി 30 വിഭാഗത്തില്‍പ്പെട്ട വിദഗ്ധ തൊഴിലാളികളുടെ സേവനം വിരല്‍ത്തുമ്പില്‍ ലഭ്യമാക്കുന്ന പുതിയ മൊബൈല്‍ ആപ്പിന്റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരം നടത്തും.

സംസ്ഥാനത്തൊട്ടാകെയുള്ള ഒരു ലക്ഷത്തോളം വിദഗ്ധ തൊഴിലാളികളുടെ സേവനമാണു വിഎച്ച്എസ്ഇ വകുപ്പു ലഭ്യമാക്കുന്നത്. ഈ സേവനം ആവശ്യമുള്ളവര്‍ ഫൈന്‍ഡ് ലേബര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കണം. നമുക്ക് ആവശ്യമുള്ള വിദഗ്ധ തൊഴിലാളി സമീപപ്രദേശങ്ങളില്‍ എവിടെയെങ്കിലും ഉണ്ടോയെന്ന് ഇതിലൂടെ കണ്ടെത്താം. ഇതിനായി ജിപിഎസ് സംവിധാനം ആണ് ഉപയോഗിക്കുന്നത്. സമീപത്തുള്ള വിദഗ്ധ തൊഴിലാളി ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയാണോ അല്ലയോ എന്നും ഇതിലൂടെ അറിയാം. ജോലിത്തിരക്ക് ഇല്ലാത്തവരുടെ വിവരങ്ങള്‍ നമുക്കു ലഭിക്കും. അവരെ ഉടനെ വിളിച്ചു വരുത്താം. സേവന ഗുണ നിലവാരത്തിന്റെ ആടിസ്ഥാനത്തില്‍ തൊഴിലാളികളെ റേറ്റ് ചെയ്യാനും ഉപയോക്താക്കള്‍ക്ക് അവസരമുണ്ട്.

റേറ്റിങ്ങില്‍ മുന്നിലുള്ളവരുടെ സേവനമായിരിക്കും ആദ്യമായി ലഭിക്കുക. നാട്ടിലുള്ള മാതാപിതാക്കളെ കാറില്‍ കൊണ്ടുപോകുന്നതിന് അത്യാവശ്യമായി ഡ്രൈവറെ ആവശ്യമുള്ള മകനു ഗള്‍ഫിലിരുന്നു മൊബൈല്‍ ആപ്പിലൂടെ ഡ്രൈവറെ കണ്ടെത്തി ജോലി ഏല്‍പ്പിക്കാം.വിഎച്ച്എസ്ഇ ഡയറക്ടര്‍ കെ.പി. നൗഫലിന്റെ നേതൃത്വത്തിലാണു മൊബൈല്‍ ആപ്പ് തയാറാക്കിയത്. ഇപ്പോഴുള്ള എല്ലാം ആപ്പുകളുടെയും പിഴവുകളെല്ലാം പരിഹരിച്ചുള്ളതാണ് ഇതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഐടി അറ്റ് സ്‌കൂള്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കൂടിയാണി നൗഫല്‍.

ഹൈദരാബാദ്: ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ 27-ാം പിറന്നാളായ ഇന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ നടന്ന കൂട്ട നിരാഹാരത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. ഇന്നലെ രാത്രി മുതല്‍ നിരാഹാരമനുഷ്ഠിക്കുന്നവര്‍ക്കൊപ്പമാണ് രാഹുല്‍. ദളിത് ഗവേഷണ വിദ്യാര്‍ത്ഥി രോഹിത്തിന്റെ മരണത്തിന് ഇടയാക്കിയവര്‍ക്ക് എതിരെ നടപടി വേണമെന്നാവശ്യപ്പെട്ടാണ് സര്‍വ്വകലാശാലയില്‍ പ്രതിഷേധം ശക്തമാണ്.
അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ കൊടിയില്‍ തൂങ്ങി രോഹിത് കഴിഞ്ഞ 19ന് ജീവനൊടുക്കിയതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധ സമരത്തിലും രാഹുല്‍ ഗാന്ധി പങ്കെടുത്തിരുന്നു. ഇന്ന് വിദ്യാര്‍ത്ഥികളുടെ മെഴുകുതിരിയേന്തിയ പ്രതിഷേധത്തിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതിക്ക് പോസ്റ്റ് കാര്‍ഡുകള്‍ അയക്കുന്ന സമരപരിപാടിക്കും ഇന്ന് തുടക്കമാകും.

നീതിക്ക് വേണ്ടിയുള്ള രോഹിത്തിന്റെ കൂട്ടുകാരുടേയും കുടുംബാംഗങ്ങളുടോയും പോരാട്ടത്തില്‍ പങ്കുചേരാനാണ് താന്‍ ഇവിടെയെത്തിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ പ്രചരണ പരിപാടിക്കെതിരെ ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടന എബിവിപി തെലങ്കാനയിലെ കോളേജുകളില്‍ സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്റെ സന്ദര്‍ശനത്തിനും മണിക്കൂറുകള്‍ക്ക് മുമ്പ് ഇടക്കാല വൈസ് ചാന്‍സലര്‍ നാല് ദിവസത്തെ അവധിയെടുത്തു.

തിരുവനന്തപുരം: ആഗോള വിദ്യാഭ്യാസ സംഗമത്തിനെതിരായി സംഘടിപ്പിച്ച പ്രതിഷേധത്തിനിടയില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‌സില്‍ അധ്യക്ഷന്‍ ടി.പി. ശ്രീനിവാസനെ മര്‍ദിച്ച തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ജെ.എസ്. ശരത്തിനെ എസ്എഫ്‌ഐ പുറത്താക്കി. മര്‍ദ്ദനം അതിരുവിട്ട നടപടിയായെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. നേതാവിന്റെ ഭാഗത്തുനിന്ന് ഒരുതരത്തിലും ഇത്തരം സംഭവമുണ്ടാകാന്‍ പാടില്ലായിരുന്നുവെന്ന് വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എസ്എഫ്‌ഐ സംഘടനാ തലത്തില്‍ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.
കുറ്റക്കാരനെതിരേ കേസ് എടുക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. വ്യക്തികളെ കയ്യേറ്റം ചെയ്തുകൊണ്ടല്ല നയത്തെ എതിര്‍ക്കേണ്ടതെന്നും വിഎസ് വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വം ഇയാളെ പുറത്താക്കിയത്. ശ്രീനിവാസനെ മര്‍ദിച്ച സംഭവത്തില്‍ സിപിഐഎമ്മിനെ രാഷ്ട്രീയമായി ദോഷം ചെയ്യുന്ന രീതിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഒരു ദിവസം പിന്നിട്ട ശേഷം നേതാക്കളുടെ പരസ്യ പ്രതികരണവും എസ്എഫ്‌ഐയുടെ നടപടിയും. ഇന്നലെ സംഭവം നടന്നതിനു പിന്നാലെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ സംഭവത്തില്‍ ക്ഷമചോദിച്ചിരുന്നു.

ടി.പി.ശ്രീനിവാസന്‍ വിദേശ ഏജന്റാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി. തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. അദ്ദേഹം നല്ലൊരു അംബാസിഡര്‍ മാത്രമാണ്, വിദ്യാഭ്യാസ വിചക്ഷണന്‍ ആണെന്ന അഭിപ്രായം ഇല്ലെന്നും പിണറായി പറഞ്ഞു. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ട ശേഷമാണ് പിണറായി മര്‍ദനത്തെ അപലപിച്ചത്. മര്‍ദനത്തിന്റെ യഥാര്‍ത്ഥ വിവരങ്ങള്‍ അറിയുന്നതിന് മുമ്പായിരുന്നു തന്റെ ഇന്നലെയുള്ള ആദ്യ പ്രതികരണമെന്നും പിണറായി വിശദീകരിച്ചു.

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതു സംബന്ധിച്ച് നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ പ്രവാസികളായ ബ്രിട്ടീഷ് പൗരന്‍മാരേയും പങ്കെടുപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. യൂറോപ്പിലെ മറ്റു രാജ്യങ്ങളിലുള്ള എംബസികളില്‍ ഹിതപരിശോധനയ്ക്ക വോട്ടു ചെയ്യാന്‍ പരമാവധി പ്രവാസികളെ എത്തിക്കാനാണ് നീക്കം. അഞ്ചു ലക്ഷത്തോളം ബ്രിട്ടീഷുകാര്‍ വസിക്കുന്ന ഫ്രാന്‍സില്‍ ഹിതപരിശോധനയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഒരു മത്സരവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും അനുഭാവം പ്രകടിപ്പിച്ച് സ്വന്തം ചിത്രം നല്‍കുന്നവര്‍ക്കും പാരീസിലെ ബ്രിട്ടീഷ് എംബസി സ്ഥിതി ചെയ്യുന്ന പതിനെട്ടാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച കൊട്ടാരത്തിലെ ഹോട്ടല്‍ ദെ ചാരോസ്റ്റില്‍ ചായ സല്‍ക്കാരമാണ് ഓഫര്‍.
ഒരു ചായ തയ്യാറാക്കാനുള്ള സമയം മാത്രമേ രജിസ്‌ട്രേഷന് ആവശ്യമായി വരൂ എന്നാണ് എംബസി വ്യക്തമാക്കുന്നത്. ‘#YourVoteMatters to @UKInFrance’ എന്ന ഹാഷ്ടാഗിനു കീഴില്‍ ട്വിറ്ററില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാണ് നിര്‍ദേശം. ഏറ്റവും ക്രിയാത്മകമായി പ്രസിദ്ധീകരിക്കുന്ന ചിത്രത്തിനാണ് സമ്മാനം ലഭിക്കുക. ജൂണില്‍ നടക്കാനിരിക്കുന്ന ഹിതപരിശോധനയില്‍ പരമാവധി പ്രവാസികളെ പങ്കെടുപ്പിക്കാനായി അയര്‍ലന്‍ഡ്, ജര്‍മനി, പോളണ്ട്, ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ എംബസികളും ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ഹിതപരിശോധനയെ പ്രവാസികള്‍ വളരെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. എന്നാല്‍ തങ്ങള്‍ക്കു അതില്‍ വോട്ടവകാശമുണ്ടെന്ന കാര്യത്തില്‍ അവര്‍ ബോധവാന്‍മാരല്ലെന്ന് എംബസി വക്താവ് പറഞ്ഞു. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. പതിനഞ്ചു വര്‍ഷത്തില്‍ താഴെ മാത്രം വിദേശത്തു താമസിക്കുന്ന ബ്രിട്ടീഷ് പൗരന്‍മാര്‍ക്കാണ് വോട്ടു ചെയ്യാന്‍ അവകാശമുള്ളത്.

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി കേസെടുക്കാന്‍ ഉത്തരവിട്ടതിനേത്തുടര്‍ന്ന് രാജി വെച്ച എക്‌സൈസ് ഫിഷറീസ് തുറമുഖ വകുപ്പ് മന്ത്രി കെ. ബാബുവിന്റെ രാജി സ്വീകരിക്കേണ്ടതില്ലെന്ന് യുഡിഎഫ് യോഗം. വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി രണ്ടു മാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. രാജിക്കത്ത് സ്വീകരിച്ചെങ്കിലും മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നില്ല.
വിജിലന്‍സ് കോടതി ഉത്തരവ് ഹൈക്കോടതിയില്‍ ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തതോടെ ആ സാഹചര്യം ഒഴിവായി എന്നും യുഡിഎഫ് വിലയിരുത്തിരുന്നു. മുഖ്യമന്ത്രി രാജിക്കത്ത് കൈമാറാത്തതുകൊണ്ടുതന്നെ ബാബുവിന്റെ രാജി പ്രാബല്യത്തിലായിരുന്നില്ല. രാജി സ്വീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നതോടെ ബാബുവിന് മന്ത്രിസ്ഥാനത്ത് തുടരാനാകും. കെഎം മാണി തിരിച്ചുവരണമെന്നും യുഡിഎഫ് യോഗം തിരൂമാനിച്ചു.

എങ്കിലും കെഎം മാണിയുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമാണ്. ഹൈക്കോടതി പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് കെഎം മാണി മന്ത്രി സ്ഥാനം രാജിവെച്ചത്. ബാര്‍ കോഴക്കേസില്‍ മാണി മന്ത്രിസ്ഥാനത്ത് തുടര്‍ന്നുകൊണ്ട് തുടരന്വേഷണം നടത്തുന്നതിലെ സാംഗത്യം ഹൈക്കോടതി ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് മാണി രാജിവെച്ചത്. മാണി രാജിവെക്കണമെന്ന വാദം യുഡിഎഫ് ഘടകക്ഷികളില്‍നിന്നും കോണ്‍ഗ്രസില്‍ നിന്നും ഉയര്‍ന്നുവന്നിരുന്നു. സര്‍ക്കാരിന് വലിയ പ്രതിസന്ധി സൃഷ്ടിച്ച ഘട്ടത്തിലാണ് മാണിയുടെ രാജി മുഖ്യമന്ത്രി തന്നെ ആവശ്യപ്പെട്ട് വാങ്ങിയത്. ഈ സാഹചര്യത്തില്‍ മാണിയെ തിരിച്ചുകൊണ്ടുവരാനുള്ള യുഡിഎഫ് തീരുമാനത്തിന് പ്രാധാന്യമേറെയുണ്ട്.

മാണി രാജിവെച്ച ശേഷം പുതിയ പകരം മന്ത്രിയെ നിശ്ചയിച്ചിരുന്നില്ല. ഈ മാസം 12ന് നിയമസഭയില്‍ പുതിയ ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് മാണി തിരിച്ച് മന്ത്രിസഭയിലെത്തണമെന്ന് യുഡിഎഫ് യോഗം തീരുമാനിച്ചത്. കെഎം മാണിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ നിലവിലെ സാഹചര്യത്തില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല.

വിജിലന്‍സ് നടത്തിയ തുടരന്വേഷണത്തില്‍ മാണിക്കെതിരെ കൂടുതല്‍ തെളിവില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. എസ്പി ആര്‍. സുകേശന്‍ തന്നെ നല്‍കിയ ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുത്തിട്ടില്ല. അതിന് മുമ്പാണ് വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ടിനെ മാത്രം അടിസ്ഥാനമാക്കി മാണിയെ കുറ്റവിമുക്തനായെന്ന് പ്രഖ്യാപിച്ച് മന്ത്രിസഭയിലേക്ക് തിരിച്ചുവരാന്‍ യുഡിഎഫ് യോഗം ആവശ്യപ്പെടുന്നത്.

Copyright © . All rights reserved