മുംബൈ: ഗുജറാത്ത് പോലീസ് വെടിവെച്ചു കൊന്ന ഇസ്രത് ജഹാന്‍ ലഷ്‌കറെ തോയ്ബയുടെ ചാവേറായിരുന്നെന്ന് ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി. മുംബൈ ടാഡ കോടതിയില്‍ നല്‍കിയ മൊഴിയിലാണ് ഹെഡ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്. സാഖിയൂര്‍ റഹ്മാന്‍ ലഖ്‌വിയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഹെഡ്‌ലി പറഞ്ഞു. ലഷ്‌കറിന് വനിതാ ചാവേര്‍ സംഘമുണ്ട്. ഇസ്രത് ഇതില്‍ അംഗമായിരുന്നു. ലഷ്‌കര്‍ നേതാവായിരുന്ന മുസമില്‍ എന്നയാളാണ് കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ഇസ്രത്തിനെ ചാവേര്‍ സംഘത്തിലേക്ക് തിരഞ്ഞെടുത്തതെന്നും ഹെഡ്‌ലി മൊഴി നല്‍കി
ഇക്കാര്യങ്ങള്‍ അമേരിക്കയില്‍ വെച്ചു നടത്തിയ ചോദ്യം ചെയ്യലില്‍ എന്‍ഐഎയോടും ഹെഡ്‌ലി വെളിപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ പിടിയിലായ ഹെഡ്‌ലി 35 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ് ഇപ്പോള്‍. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ്
ടാഡ കോടതി ഹെഡ്‌ലിയുടെ മൊഴി എടുക്കുന്നത്. ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടലിലാണ് ഇസ്രത് ജഹാന്‍, മലയാളിയായ ജാവേദ് ഷെയ്ഖ് എന്ന പ്രാണേഷ് കുമാര്‍ കശ്മീര്‍ സ്വദേശി അംജദ് അലി, പാകിസ്ഥാന്‍കാരനായ ജയ്‌സന്‍ ജോഹര്‍ എന്നിവര്‍ കൊല്ലപ്പെട്ടത്.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിയെ വധിക്കാനെത്തിയ സംഘത്തെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നായിരുന്നു ഗുജറാത്ത് പോലീസ് അവകാശപ്പെട്ടിരുന്നത്. അഹമ്മദാബാദ് വിമാനത്താവളത്തിന സമീപമാണ് ഇവരെ വധിച്ചത്. 2004 ജൂണ്‍ 15ന് പുലര്‍ച്ചെ നാലുമണിക്കാണ് ഏറ്റുമുട്ടല്‍ നടന്നതെന്നായിരുന്നു പോലീസിന്റെ വിശദീകരണം. എന്നാല്‍ സംഭവത്തിന് ഒരു ദിവസം മുമ്പു തന്നെ ഇവര്‍ കൊല്ലപ്പെട്ടിരുന്നതായി പ്രത്യേകാന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പിന്നീട് ഈ കേസ് സിബിഐ ഏറ്റെടുത്തിരുന്നു.