Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ സർവകലാശാലകളിൽ ഫസ്റ്റ് ക്ലാസ് ഡിഗ്രികൾ നേടുന്ന വിദ്യാർത്ഥികളുടെ എണ്ണം ഉയരുന്നതായി പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നു . ഒരുകാലത്ത് നല്ല രീതിയിൽ അക്കാദമിക് മികവ് തെളിയിച്ച കുറച്ച് വിദ്യാർത്ഥികൾക്ക് മാത്രം ലഭിച്ചിരുന്ന ഫസ്റ്റ് ക്ലാസ് ബിരുദം ഇന്ന് സാധാരണ നേട്ടമായി മാറുന്നുവെന്ന വിമർശനമാണ് ഉയരുന്നത്. ഇതോടെ സർവകലാശാലകളിലെ പഠന നിലവാരവും മൂല്യനിർണയ രീതികളും വീണ്ടും ചർച്ചയാകുകയാണ്. വിദ്യാഭ്യാസ രംഗത്തെ വിദഗ്ദ്ധരും തൊഴിൽ മേഖലയിലെ സ്ഥാപനങ്ങളും ഈ പ്രവണതയെ ആശങ്കയോടെയാണ് കാണുന്നത്.

പുതിയ കണക്കുകൾ പ്രകാരം, നിലവിൽ ഏകദേശം 30 ശതമാനം വിദ്യാർത്ഥികൾക്ക് ഫസ്റ്റ് ക്ലാസ് ഡിഗ്രി ലഭിക്കുന്നുണ്ട്. എന്നാൽ 2006–07 കാലയളവിൽ ഇത് 13 ശതമാനത്തിന് താഴെ മാത്രമായിരുന്നു . ഈ വലിയ വർധനവ് ആണ് അക്കാദമിക് നിലവാരത്തിൽ വിട്ടുവീഴ്ചകൾക്ക് കാരണമായോ എന്ന സംശയം ശക്തമാക്കുന്നത് . തൊഴിൽദാതാക്കൾ ബിരുദഫലങ്ങളെ വിലയിരുത്തുമ്പോൾ മുൻകാലത്തെ പോലെ ഫസ്റ്റ് ക്ലാസ് എന്ന മാനദണ്ഡത്തിന് അത്ര മുഖവില കൊടുക്കുന്നില്ലെന്നുള്ള സൂചനകളും പുറത്തു വന്നിട്ടുണ്ട് . ഇതു യുവ ബിരുദധാരികളുടെ തൊഴിൽ സാധ്യതകളെ ബാധിക്കുന്നതായുള്ള ആശങ്കകളും ശക്തമായിട്ടുണ്ട്.

സർവകലാശാലകൾ ഈ മാറ്റങ്ങളെ ന്യായീകരിച്ചുകൊണ്ട് അഭിപ്രായങ്ങളും ഉയർന്നുവരുന്നുണ്ട് . പഠനരീതികളിലും മൂല്യനിർണയ സംവിധാനങ്ങളിലും വന്ന പരിഷ്കാരങ്ങൾ, ഓൺലൈൻ പഠന സംവിധാനങ്ങളുടെ വ്യാപനം, അധ്യാപന നിലവാരത്തിലെ മെച്ചപ്പെടുത്തൽ, വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന കൂടുതൽ അക്കാദമിക് പിന്തുണ എന്നിവയാണ് ഫലവർധനയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്നാണ് വിശദീകരണം. വിദ്യാർത്ഥികളുടെ കഴിവ് വർധിച്ചതിന്റെ പ്രതിഫലനമാണ് ഈ ഫലങ്ങളെന്നും സർവകലാശാലകൾ അവകാശപ്പെടുന്നു. എന്നിരുന്നാലും, ഫസ്റ്റ് ക്ലാസ് ഡിഗ്രികളുടെ അനിയന്ത്രിത വർധന വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യതയെ ദീർഘകാലത്ത് എങ്ങനെ ബാധിക്കും എന്നതിൽ കൂടുതൽ പഠനവും കർശനമായ വിലയിരുത്തലും ആവശ്യമാണെന്നാണ് പൊതുവായി ഉയർന്നുവരുന്ന അഭിപ്രായം.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിൽ 2035 ഓടെ ക്യാൻസർ രോഗികളിൽ 75 ശതമാനം പേർ രോഗമുക്തരാകുകയോ അതുമല്ലെങ്കിൽ രോഗം നിയന്ത്രണത്തിൽ ആയി സാധാരണ ജീവിതം നയിക്കുകയോ ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ദേശീയ ക്യാൻസർ പദ്ധതിയുടെ ഭാഗമായി രോഗനിർണയവും ചികിത്സയും വേഗത്തിലാക്കാൻ £2 ബില്യൺ നിക്ഷേപം നടത്തുമെന്ന നയപ്രഖ്യാപനവും സർക്കാർ നടത്തി . യുകെയിൽ നിലവിൽ ഓരോ 75 സെക്കന്റിലും ഒരാൾക്ക് ക്യാൻസർ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രഖ്യാപനം. രാജ്യത്തെ നാലിലൊന്ന് മരണങ്ങൾക്ക് കാരണം ക്യാൻസറാണെന്നും യൂറോപ്പിലെ ചില രാജ്യങ്ങളേക്കാൾ സർവൈവൽ നിരക്കിൽ യുകെ പിന്നിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു.

പദ്ധതിപ്രകാരം 2029ഓടെ എൻഎച്ച്എസിലെ മൂന്ന് പ്രധാന ക്യാൻസർ വെയ്റ്റിങ് ടൈം മാനദണ്ഡങ്ങൾ കൈവരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . 9.5 മില്യൺ അധിക പരിശോധനകൾ നടത്താൻ £2.3 ബില്യൺ ചെലവഴിക്കുകയും കൂടുതൽ സ്കാനറുകൾ, ഡിജിറ്റൽ സാങ്കേതിക വിദ്യ, ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് എന്നിവ നടപ്പാക്കുകയും ചെയ്യും. കമ്മ്യൂണിറ്റി ഡയഗ്നോസ്റ്റിക് സെന്ററുകൾ ദിവസവും 12 മണിക്കൂറും ആഴ്ചയിൽ ഏഴ് ദിവസവും പ്രവർത്തിക്കും. റോബോട്ട് സഹായത്തോടെയുള്ള ശസ്ത്രക്രിയകൾ 2035ഓടെ 5 ലക്ഷം വരെ ഉയർത്താനും, അനുയോജ്യമായ എല്ലാ രോഗികൾക്കും ജീനോമിക് പരിശോധന ലഭ്യമാക്കാനും ആണ് പുതിയ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത് .

ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് താനും ക്യാൻസർ രോഗത്തെ അതിജീവിച്ചയാളാണെന്നു ചൂണ്ടിക്കാട്ടി, പുതിയ പദ്ധതി രോഗികളുടെ ജീവിത പ്രതീക്ഷയും നിലവാരവും ഉയർത്തുമെന്ന് പറഞ്ഞു. ക്യാൻസർ റിസർച്ച് യുകെ പദ്ധതി സ്വാഗതം ചെയ്തെങ്കിലും, ആശുപത്രികളിലെ പഴയ സാങ്കേതിക സംവിധാനങ്ങൾ വലിയ വെല്ലുവിളിയാണെന്ന് മുന്നറിയിപ്പ് നൽകി. നിലവിലെ സംവിധാനങ്ങളിൽ വൻ മാറ്റങ്ങൾ വരുത്താതെ 2029ലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ കഴിയില്ലെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ലിറ്റിൽബറോയിൽ എം62 ഹൈവേയ്ക്ക് സമീപമുള്ള കൃഷിയിടത്തിൽ ലഘുവിമാനം തകർന്നു വീണ് രണ്ട് പുരുഷന്മാർ മരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . രാവിലെ 11 മണിയോടെയായിരുന്നു അപകടം. ബർമിങ്ഹാം എയർപോർട്ടിൽ നിന്ന് രാവിലെ 10 മണിക്ക് പുറപ്പെട്ട സ്വകാര്യവിമാനമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെ കുറിച്ച് എയർ ആക്സിഡന്റ്സ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് (AAIB) പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് പൊലീസ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. വിമാനം പാരച്യൂട്ട് സംവിധാനം ഉള്ളതാണെന്നും, സമീപത്ത് പാരച്യൂട്ട് കുടുങ്ങിയ നിലയിൽ കണ്ടതായും റിപ്പോർട്ടുണ്ട്. വിമാനം തകർന്നതിനെ തുടർന്ന് നിലത്തുണ്ടായ ആളുകൾക്ക് പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്നും വിമാനത്തിൽ മറ്റ് യാത്രക്കാരില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ശക്തമായ കാറ്റാണ് പ്രദേശത്ത് ഉണ്ടായിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. വലിയ പൊലീസ് സന്നാഹവും അഗ്‌നിരക്ഷാ സേനയും എയർ ആംബുലൻസും സ്ഥലത്തെത്തി. ഇത് ഏറെ ദാരുണമായ സംഭവമാണെന്നും മരിച്ചവരുടെ കുടുംബങ്ങളോടൊപ്പം ഞങ്ങളുടെ പ്രാർത്ഥനകളുണ്ട് എന്നും ഗ്രേറ്റർ മാഞ്ചസ്റ്റർ പൊലീസ് ചീഫ് സൂപ്രണ്ട് പറഞ്ഞു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിവുള്ളവർ പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഉപയോക്താക്കൾക്ക് അടുത്ത ആഴ്ച മുതൽ പോർൺഹബ് വെബ്സൈറ്റിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുമെന്ന് കമ്പനി അറിയിച്ചു. അശ്ലീല ഉള്ളടക്കമുള്ള സൈറ്റുകൾക്ക് സർക്കാർ കൊണ്ടുവന്ന കർശന പ്രായപരിശോധനാ നിയമങ്ങളാണ് ഈ തീരുമാനത്തിന് കാരണമെന്ന് പോർൺഹബ് വ്യക്തമാക്കി. ഫെബ്രുവരി 2 മുതൽ, മുൻകൂട്ടി പോർൺഹബ് അക്കൗണ്ട് സൃഷ്ടിച്ചിട്ടുള്ളവർക്ക് മാത്രമേ സൈറ്റിലെ ഉള്ളടക്കം കാണാൻ കഴിയൂ.

പോർൺഹബിന്റെ മാതൃകമ്പനിയായ ഐലോ (Aylo), യുകെയിലെ ഓൺലൈൻ സേഫ്റ്റി ആക്ട് (OSA) പ്രകാരമുള്ള പ്രായപരിശോധനാ നിബന്ധന കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ലക്ഷ്യം പൂർണമായി കൈവരിച്ചില്ലെന്ന് ആരോപിച്ചു. മറിച്ച്, നിയന്ത്രണമില്ലാത്തതും ഇരുണ്ടതുമായ ഇന്റർനെറ്റ് ഇടങ്ങളിലേക്ക് ഉപയോക്താക്കളെ തള്ളിവിടുകയാണ് ഈ നിയമം ചെയ്തതെന്നും ഐലോ വിമർശിച്ചു.

നിയമഭേദഗതികൾക്ക് പിന്നാലെ കഴിഞ്ഞ ഒക്ടോബറിൽ തന്നെ പോർൺഹബ് സൈറ്റിലേക്കുള്ള ട്രാഫിക് 77 ശതമാനം കുറഞ്ഞതായും കമ്പനി അറിയിച്ചു. എന്നാൽ, യുകെ മീഡിയ റെഗുലേറ്ററായ ഓഫ്കോം, കർശന പ്രായപരിശോധനകൾ കുട്ടികൾ അനുചിതമായ ഉള്ളടക്കം കാണുന്നത് തടയുന്നതിൽ ഫലപ്രദമാണെന്ന നിലപാട് ആവർത്തിച്ചു. കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കുക എന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യമെന്നും ഓഫ്കോം വ്യക്തമാക്കി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കൊവെൻട്രിയിൽ നിന്ന് മലയാളി യുവാവിനെ കാണാതായതായുള്ള റിപ്പോർട്ട് പുറത്തുവന്നു . വിഷ്ണു ജയകുമാർ (26) എന്ന യുവാവിനെയാണ് കഴിഞ്ഞ ശനിയാഴ്ച പുലർച്ചയോടെ കാണാതായത്. കൊവെൻട്രിയിലെ സ്വാൻ ലേക്കിന് സമീപത്താണ് വിഷ്ണുവിനെ അവസാനമായി കണ്ടതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു.

വാരാന്ത്യത്തിൽ സുഹൃത്തിനൊപ്പം പുറത്തുപോയ വിഷ്ണു മടങ്ങുന്നതിനായി ടാക്സി കാത്തുനിന്നതായും തുടർന്ന് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും ആണ് അറിയാൻ കഴിഞ്ഞത് ഏറെ നേരം കാത്തിട്ടും തിരികെ എത്താതിരുന്നതോടെയാണ് കുടുംബവും സുഹൃത്തുക്കളും അന്വേഷണം ആരംഭിച്ചത് .

സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വിഷ്ണു ജയകുമാറിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസിനെയോ +44 7867 121738 എന്ന നമ്പറിലോ അറിയിക്കണമെന്ന് കുടുംബവും സുഹൃത്തുക്കളും അഭ്യർത്ഥിച്ചു. വിഷ്ണുവിന്റെ ചിത്രം ഉൾപ്പെടെയുള്ള വിവരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും സഹായം ഉറപ്പാക്കാനും അപേക്ഷിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പൂള്‍ നഗരത്തിലെ ഹെർബർട്ട് അവന്യൂ–മാനർ റോഡ് ജംഗ്ഷനിൽ ഇ-ബൈക്ക് ഇടിച്ച് ഗർഭിണിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ 13 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 26 -ന് വൈകിട്ട് 3.50 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ സ്ത്രീക്ക് പരുക്കേറ്റെങ്കിലും അത് ഗുരുതരമല്ലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. എന്നാൽ പിന്നീട് അവർ പ്രസവിച്ച കുഞ്ഞ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

അപകടത്തിനു ശേഷം ഇ-ബൈക്ക് ഓടിച്ചയാളും പിന്നിലിരുന്ന യാത്രക്കാരനും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ പൂള്‍ സ്വദേശിയായ 13 വയസ്സുകാരനെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാൾ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണെന്ന് ഡോർസെറ്റ് പൊലീസ് വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് വിവരം നൽകിയ പൊതുജനങ്ങൾക്ക് നന്ദി അറിയിക്കുന്നതായി സർജന്റ് ഡാൻ യേറ്റ്സ് പറഞ്ഞു. ഇതുവരെ പൊലീസുമായി ബന്ധപ്പെടാത്ത സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളവർ മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. അന്വേഷണം തുടരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിലെ ഭവനവിലകൾ 2025 അവസാനത്തോടെ ഉണ്ടായ ചെറിയ ഇടിവിന് ശേഷം 2026 ജനുവരിയിൽ വീണ്ടും കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. നേഷൻവൈഡ് മോർട്ട്ഗേജ് ലെൻഡറിന്റെ കണക്കുപ്രകാരം ജനുവരിയിൽ വീടുകളുടെ ശരാശരി വില 0.3 ശതമാനം ആണ് വർധിച്ചത്. നിലവിൽ യുകെയിലെ ഒരു വീടിന്റെ ശരാശരി വില 2,70,873 പൗണ്ടാണ് . ഇത് കഴിഞ്ഞ വർഷത്തേക്കാൾ ഏകദേശം 1 ശതമാനം കൂടുതലാണ്. 2026ൽ വീടുവിലകൾ 2 മുതൽ 4 ശതമാനം വരെ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിക്കുന്നത്.

മോർട്ട്ഗേജ് പലിശനിരക്കുകൾ കുറയുകയും ബജറ്റിനെ ചുറ്റിയുള്ള അനിശ്ചിതത്വം കുറയുകയും ചെയ്തതോടെ ഭവനവിപണി മെച്ചപ്പെടുമെന്നാണ് നേഷൻവൈഡ് ചീഫ് ഇക്കണോമിസ്റ്റ് റോബർട്ട് ഗാർഡ്നറുടെ അഭിപ്രായം. ശരാശരി വരുമാനമുള്ള ഒരാൾ 20 ശതമാനം ഡൗൺ പേയ്മെന്റ് നൽകി ആദ്യ വീട് വാങ്ങുമ്പോൾ, മാസതവണ വരുമാനത്തിന്റെ ഏകദേശം 32 ശതമാനം വരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് ദീർഘകാല ശരാശരിയേക്കാൾ അല്പം കൂടുതലാണങ്കിലും 2023ലെ ഉയർന്ന വിലയായ 38 ശതമാനത്തേക്കാൾ കുറവാണ്.

എന്നാൽ വിപണി ഇപ്പോഴും സമ്മർദ്ദം നേരിടുകയാണന്ന് ചില വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മോർട്ട്ഗേജ് അംഗീകാരങ്ങൾ കഴിഞ്ഞ ഡിസംബറിൽ അഞ്ച് വർഷ ശരാശരിയേക്കാൾ 9 ശതമാനം ആണ് കുറഞ്ഞത്. പണപ്പെരുപ്പം ഇപ്പോഴും ഉയർന്ന നിലയിൽ തുടരുന്നതും പലിശനിരക്ക് ഉടനെ കുറയുമെന്ന പ്രതീക്ഷകൾക്ക് മങ്ങലേറ്റത് വിപണിയെ ബാധിക്കുമെന്നാണ് കരുതപ്പെടുന്നത്. കൂടാതെ 2026ൽ ഏകദേശം 18 ലക്ഷം ഫിക്സഡ് മോർട്ട്ഗേജ് കരാറുകൾ അവസാനിക്കുന്നതിനാൽ ഉയർന്ന പലിശനിരക്കുകൾ കുടുംബങ്ങളുടെ സാമ്പത്തിക ശേഷിയെ ബാധിക്കുമെന്നും സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്മാർട്ട് വാച്ചുകൾ, സ്മാർട്ട് ഹോം ഉപകരണങ്ങൾ, എഐ ആപ്പുകൾ എന്നിവ സ്ത്രീകളെ ആക്രമിക്കാനും നിയന്ത്രിക്കാനും കുറ്റവാളികൾ ഉപയോഗിക്കുന്നതായി ബ്രിട്ടനിലെ അഭയകേന്ദ്രങ്ങളുടെ സംഘടനയായ ‘റഫ്യൂജ്’ മുന്നറിയിപ്പ് നൽകി. 2025-ന്റെ അവസാന മൂന്ന് മാസങ്ങളിൽ ടെക്‌നോളജി വഴി പീഡനമനുഭവിച്ച സ്ത്രീകളുടെ കേസുകളിൽ വലിയ വർധനയാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും സങ്കീർണ്ണമായ കേസുകൾ 62 ശതമാനം ഉയർന്ന് 829 ആയതായാണ് പുറത്തുവരുന്ന കണക്കുകൾ കാണിക്കുന്നത്. ഇതോടൊപ്പം 30 വയസിന് താഴെയുള്ളവരുടെ പരാതികളും 24 ശതമാനം വർധിച്ചു.

സങ്കേതിക ഉപകരണങ്ങൾ ഉപയോഗിച്ച് സ്ത്രീകളുടെ നീക്കങ്ങൾ പിന്തുടരുക, വീട്ടിലെ ലൈറ്റും ഹീറ്റിംഗും നിയന്ത്രിച്ച് ഭീഷണി സൃഷ്ടിക്കുക, എഐ സ്പൂഫിംഗ് ആപ്പുകൾ വഴി മറ്റൊരാളായി നടിക്കുക തുടങ്ങിയ രീതികളാണ് കുറ്റവാളികൾ പിൻതുടരുന്നത്. മോഷ്ടിക്കപ്പെട്ട സ്മാർട്ട് വാച്ച് വഴി തന്റെ താമസസ്ഥലം കണ്ടെത്തിയ അനുഭവവും ഒരു അതിജീവിത പങ്കുവച്ചു. പോലീസ് ഇടപെട്ടിട്ടും ഉപകരണം പിടിച്ചെടുക്കാതിരുന്നതോടെ വീണ്ടും താമസം മാറ്റേണ്ടിവന്നത് വലിയ മാനസിക സമ്മർദ്ദം സൃഷ്ടിച്ചതായും അവൾ പറഞ്ഞു.

എഐ ഉപയോഗിച്ച് വ്യാജ വീഡിയോകളും രേഖകളും ഉണ്ടാക്കി സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പരാതികൾ ഉയർത്തുന്നതും വർധിക്കുകയാണെന്ന് ‘റഫ്യൂജ്’ അധികൃതർ പറഞ്ഞു. ഭാവിയിൽ മെഡിക്കൽ ഉപകരണങ്ങൾ പോലും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും അവർ ഉയർത്തി. ടെക്‌നോളജി രൂപകൽപ്പനയിൽ തന്നെ സ്ത്രീകളുടെ സുരക്ഷ പ്രധാനമായി കാണണമെന്നും, നിയമങ്ങളും അന്വേഷണ സംവിധാനങ്ങളും ശക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ അതിക്രമങ്ങൾ തടയുന്നത് സർക്കാരിന്റെ മുൻഗണനയാണെന്നാണ് പുറത്തുവരുന്ന വിവരങ്ങളോടെ ബ്രിട്ടീഷ് സർക്കാർ പ്രതികരിച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട നിരവധി പരാതികളിൽ എംപിയായ ഡാൻ നൊറിസിനെ (66) വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നേരത്തെ അന്വേഷണം നേരിടുന്ന ആളാണ് ഡാൻ. മറ്റൊരു സ്ത്രീയെ കൂടി ബലാത്സംഗം ചെയ്തു, രഹസ്യമായി വീഡിയോ ചിത്രീകരിച്ചു തുടങ്ങിയ കുറ്റങ്ങളിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത് . 2000 മുതൽ 2020 വരെയുള്ള കാലയളവിലാണ് കുറ്റങ്ങൾ നടന്നതെന്നാണ് പൊലീസ് പറയുന്നത്.


കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള പരാതികളിൽ ആണ്
2025 ഏപ്രിലിൽ ആദ്യമായി ഇയാളെ അറസ്റ്റ് ചെയ്തത് . എന്നാൽ ഈ കുറ്റങ്ങളിലെ അന്വേഷണം പിന്നീട് അവസാനിപ്പിച്ചതയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . നിലവിലെ എല്ലാ ആരോപണങ്ങളും പൂർണ്ണമായും ശക്തമായി നിഷേധിക്കുന്നു എന്നാണ് ഡാൻ നൊറിസ് പ്രതികരിച്ചത് . നിയമോപദേശകരുടെ സഹായത്തോടെ കേസിനെ നേരിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ കർശന വ്യവസ്ഥകളോടെയുള്ള ജാമ്യത്തിലാണ് നൊറിസ്.

2024 ജൂലൈയിൽ ലേബർ പാർട്ടിയുടെ സ്ഥാനാർഥിയായി ജയിച്ച നൊറിസിൻ്റെ അറസ്റ്റ് വിവരം പുറത്തുവന്നതോടെ പാർട്ടി ഉടൻ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം സ്വതന്ത്ര എംപിയായി തുടരുകയാണ്. അറസ്റ്റിന് ശേഷം പാർലമെന്റിൽ ഹാജരായിട്ടില്ലെങ്കിലും പ്രോക്സി വഴി വോട്ടുചെയ്യാൻ അദ്ദേഹത്തിന് അവകാശമുണ്ട്. നോറിസ് എംപി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ രണ്ടായിരത്തിലധികം പേർ ഒപ്പുവെച്ചിരുന്നു. അന്വേഷണം സങ്കീർണ്ണമാണെന്നും, ഇരകൾക്ക് ആവശ്യമായ സഹായം നൽകുന്നതായും അനാവശ്യ അനുമാനങ്ങൾ ഒഴിവാക്കണമെന്നും പൊലീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ ∙ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ബാംഗ്ലൂരിലേക്ക് പറന്നുയരാനിരുന്ന എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനത്തിൻ്റ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് സർവീസ് റദ്ദാക്കി. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപേ തകരാർ കണ്ടെത്താനായതിനാൽ വലിയ ദുരന്തസാധ്യതയാണ് ഒഴിവായത്. ഞായറാഴ്ച രാത്രി 9.19ന് പുറപ്പെടേണ്ടിയിരുന്ന എഐ 132 വിമാനത്തിന്റെ എൻജിൻ സ്റ്റാർട്ട് ചെയ്ത ഉടൻ ഫ്യുവൽ കൺട്രോൾ സ്വിച്ച് ‘റൺ’ മോഡിൽ നിന്ന് ‘കട്ട് ഓഫ്’ മോഡിലേക്കു മാറുകയായിരുന്നു.

ഇത് ശ്രദ്ധയിൽപ്പെട്ട പൈലറ്റ് വിവരം ഉടൻ അധികൃതരെ അറിയിച്ചു. തുടർന്ന് വിമാനം സർവീസിൽ നിന്ന് പിൻവലിച്ച് വിശദമായ പരിശോധനകൾക്കായി മാറ്റി. ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിലെ ഇന്ധന നിയന്ത്രണ സ്വിച്ചിൽ തകരാർ സംഭവിച്ചതായി പൈലറ്റുമാരിൽ ഒരാൾ റിപ്പോർട്ട് ചെയ്തതായി എയർ ഇന്ത്യ അറിയിച്ചു. വിവരം ലഭിച്ചയുടൻ വിഷയം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) ശ്രദ്ധയിൽപ്പെടുത്തിയതായും കമ്പനി വ്യക്തമാക്കി.

2025 ജൂൺ 12ന് അഹമ്മദാബാദിൽ 260 പേരുടെ മരണത്തിന് കാരണമായ എയർ ഇന്ത്യ അപകടത്തിലും ഇതേ ഇന്ധന നിയന്ത്രണ സ്വിച്ചിലെ തകരാറാണ് ഉണ്ടായിരുന്നത്. ആ അപകടത്തിൽ ടേക്ക് ഓഫ് ചെയ്തതിന് നിമിഷങ്ങൾക്കകം വിമാനത്തിന്റെ രണ്ട് എൻജിനുകളും നിലച്ചിരുന്നു. അപകടത്തെ തുടർന്ന് ഡിജിസിഎയുടെ നിർദേശപ്രകാരം എയർ ഇന്ത്യ എല്ലാ ബോയിങ് വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

RECENT POSTS
Copyright © . All rights reserved