Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മനസ്സിലെ ദുഃഖം സങ്കട കണ്ണീരായി ഒഴികിയിറങ്ങി. അകാലത്തിൽ മരണമടഞ്ഞ ജോജോ ഫ്രാൻസിസിന്റെ മൃതദേഹം പൊതുദർശനത്തിന് കൊണ്ടുവന്നപ്പോൾ സംഭവിച്ചത് അതാണ്. പൊതുദർശനം ഇന്നലെ 4 മണിക്കാണ് ആരംഭിച്ചത്. ജോജോയ്ക്ക് വിട നൽകാനായി മുന്നൂറിൽ പരം മലയാളികൾ അന്നു എത്തിച്ചേർന്നത്. ജോജോയുടെ പത്നി റീനയുടെ തേങ്ങലിന്റെ നൊമ്പര കാഴ്ച കൂടി നിന്നവരുടെ കണ്ണുകൾ ഈറനണിയിക്കുന്നതായിരുന്നു .

ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആണ് കുർബാനയും മറ്റു പ്രാർത്ഥനാ ശുശ്രൂഷയും നടന്നത്. ബെഡ്ഫോർഡ് സെയിന്റ് അൽഫോൻസാ മിഷൻ ഡയറക്ടർ ഫാ.എബിൻ നീരുവെലിൽ VC ആണ് പൊതുദർശനത്തിനും അതിമോപചാര കർമ്മങ്ങൾക്കും നേതൃത്വം വഹിച്ചത്. ചടങ്ങില്‍ ജോജോ ഫ്രാന്‍സിസും, ഇടവക സെക്രട്ടറി ജോമോന്‍ മാമ്മൂട്ടിലും അനുശോചന സന്ദേശം പങ്ക് വച്ചു.ഇന്നലത്തെ ചടങ്ങുകൾക്ക് ശേഷം നാട്ടിൽ ജോജോയുടെ ഇടവകയായ കുറുമ്പനാടം സെയിന്റ് അന്തോണീസ് ഫൊറോനാ ദേവാലയ സെമിത്തേരിയിൽ കൊണ്ടുപോയി സംസ്കാര ശുസ്രൂഷകൾ നടത്തുന്നതാണ്.

ബെഡ് ഫോർഡിനടുത്തുള്ള സെന്റ് നിക്കോൾസിൽ താമസിക്കുന്ന ജോജോ ഫ്രാൻസിസ് ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. വീട്ടിൽ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് എമർജൻസി സർവീസിനെ വിളിച്ചെങ്കിലും അവർ വരുന്നതിനുമുമ്പ് മരണം സംഭവിക്കുകയായിരുന്നു. ജോജോയും കുടുംബവും കോവിഡിന് മുമ്പാണ് യുകെയിലെത്തിയത്. എ- ലെവലിൽ പഠിക്കുന്ന വിദ്യാർത്ഥിയായ ഒരു മകനാണ് ഇവർക്ക് ഉള്ളത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ഹെയർഫോർഡ്ഷയറിൽ വെച്ച് നടന്ന ഒരു കാർ അപകടത്തിൽ എൻഎച്ച്എസിൽ മാനസികാരോഗ്യ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഒരു നേഴ്സിന് ഗുരുതര പരക്കേറ്റ സംഭവത്തിൽ യുഎസ് പൗരനെ യു കെയ്ക്ക് കൈമാറാനുള്ള നടപടികൾ ഉടൻ ഉണ്ടാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഐസക് കാൾഡെറോൺ എന്ന വ്യക്തിയാണ് ഇത് സംബന്ധിച്ച് യുഎസിലെ ടെക്സസ്സിൽ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്. 2023 ജൂലൈയിൽ യു കെ യിലെ ഷക്ക്നാളിനു സമീപത്ത് വെച്ച് നടന്ന അപകടത്തിൽ ഇരയായത് എൻഎച്ച്എസ്സിൽ ജോലി ചെയ്യുന്ന അമ്പത്തിയാറുകാരിയായ എലിസബത്ത് ഡോണോഹോ എന്ന നേഴ്സ് ആയിരുന്നു. സംഭവത്തിൽ പ്രതിയായ ഐസക്കിനും വൈദ്യ പരിശോധന ആവശ്യമായതിനാൽ സംഭവസ്ഥലത്ത് വച്ച് തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നില്ലെന്ന് പോലീസ് അധികൃതർ അറിയിച്ചു. എന്നാൽ പിന്നീട് യുകെ കോടതിയിൽ വച്ച് നടന്ന വിചാരണയ്ക്ക് മുൻപ് തന്നെ ഐസക് തിരികെ യുഎസിൽ എത്തുകയായിരുന്നു. വോർസെസ്റ്റർഷെയറിലെ മാൽവേണിൽ നിന്നുള്ള എലിസബത്ത് ഡോണോഹോയ്ക്ക് അപകടത്തിൽ രണ്ട് കണങ്കാലുകളും സ്റ്റെർനവും വലതു കൈയും ഉൾപ്പെടെ ഒന്നിലധികം ഒടിവുകൾ സംഭവിച്ചിരുന്നു.

വരുന്ന തിങ്കളാഴ്ച യുഎസിൽ വച്ച് നടക്കുന്ന കോടതി വിചാരണയിൽ പ്രതിയെ യുകെയ്ക്ക് കൈമാറാനുള്ള സാധ്യത ഏറെയാണെന്ന് പോലീസ് അധികൃതരും സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് കൈമാറൽ പ്രക്രിയ ഇത്രയും സമയമെടുത്തതെന്ന് തങ്ങൾക്ക് അറിയില്ലെന്നും, പക്ഷേ അത് ഇപ്പോൾ നടക്കുന്നതിൽ സന്തോഷം ഉണ്ടെന്നും, കൂടാതെ നീതിന്യായ വ്യവസ്ഥയെ നേരിടാൻ കാൽഡെറോണിനെ ഉടൻ തന്നെ യുകെയിലേക്ക് തിരികെ കൊണ്ടുവരുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായും എലിസബത്തിന്റെ വക്താവ് റാഡ് സെയ്ഗർ പ്രസ് അസോസിയേഷൻ (പിഎ) വാർത്താ ഏജൻസിക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. കാൾഡെറോൺ രഹസ്യ സേവനവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നുണ്ടെന്നും, ഒഫീഷ്യൽ സീക്രട്ട്സ് ആക്ടിനു കീഴിൽ വരാവുന്ന കാര്യങ്ങളിൽ പ്രവർത്തിക്കുന്ന വ്യക്തിയാണെന്നും പോലീസ് അധികൃതർ മുൻപ് വ്യക്തമാക്കിയിരുന്നു. ടെക്സസിനെ കോടതിയിൽ നടക്കുന്ന വിചാരണയ്ക്ക് ശേഷമാവും കൈമാറൽ പ്രക്രിയകൾ ആരംഭിക്കുന്നത്. വ്യക്തിഗത കേസുകളിൽ അഭിപ്രായം പറയില്ലെന്നത് ദീർഘകാലമായുള്ള സർക്കാരിന്റെ നായമായതിനാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് ഹോം ഓഫീസ് അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

മുൻ പ്രധാനമന്ത്രി റിഷി സുനക് ചെയ്യാതെ പോയ കാര്യങ്ങൾ താൻ പൂർത്തിയാക്കുമെന്ന് സർ കെയർ സ്റ്റാർമർ. ക്രമാനുഗതമായ പുകവലി നിരോധനം, ഫുട്ബോളിലെ നിയന്ത്രണങ്ങൾ, രോഗബാധിത രക്തം സംബന്ധിച്ച അഴിമതിക്കുള്ള നഷ്ടപരിഹാരം തുടങ്ങിയവ ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം പരാമർശിച്ചു. കൺസർവേറ്റീവ് എംപിമാർക്കിടയിൽ മുമ്പ് വിവാദമായിരുന്ന പുകവലി നിരോധനം, പാർലമെൻ്റിൽ ലേബർ പാർട്ടിക്ക് ഗണ്യമായ ഭൂരിപക്ഷമുള്ളതിനാൽ ഇപ്പോൾ നടപ്പിലാക്കാനുള്ള സാധ്യതയുണ്ട്. തൻ്റെ പ്രസംഗത്തിൽ, 14 വർഷത്തെ ടോറി സർക്കാരിൻെറ ഭരണത്തെയും അദ്ദേഹം വിമർശിച്ചു. തങ്ങളുടെ ശ്രദ്ധ പ്രശ്‌നങ്ങളെ ചൂഷണം ചെയ്യുന്നതിനേക്കാൾ പരിഹരിക്കുന്നതിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ 14 വർഷക്കാലത്ത് ജയിലുകൾ, നദികൾ, കടലുകൾ എന്നിവയിൽ ഉണ്ടായ പ്രശ്നങ്ങളും അദ്ദേഹം പ്രസംഗത്തിൽ എടുത്ത് കാട്ടി. ദേശീയ നവീകരണത്തിന് സുസ്ഥിരമായ പരിശ്രമം ആവശ്യമാണെന്നും പെട്ടെന്നുള്ള പരിഹാരങ്ങൾ കൊണ്ട് അത് സാധ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലേബർ പാർട്ടിയുടെ ഭൂരിപക്ഷത്തെക്കുറിച്ചുള്ള ഗ്രാമീണ സമൂഹങ്ങളുടെ ആശങ്ക കൺസർവേറ്റീവ് മുൻ മന്ത്രി ഗ്രഹാം സ്റ്റുവർട്ട് മുന്നോട്ട് വച്ചിരുന്നു. ഇതിന് മറുപടിയായി ഒരു ഗ്രാമീണ സമൂഹത്തിൽ താൻ വളർന്നതെന്നും നിലവിലുള്ള പല ലേബർ എംപിമാരും ഗ്രാമപ്രദേശങ്ങളെയും പ്രതിനിധീകരിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം ലേബർ പാർട്ടിയുടെ പ്രകടന പത്രികയിൽ കൃഷിയോടുള്ള ശ്രദ്ധക്കുറവ് ഗ്രഹാം സ്റ്റുവർട്ട് എടുത്തുകാണിച്ചു. രാജാവിൻ്റെ പ്രസംഗത്തിലും ഈ വിഷയത്തിൽ 87 വാക്കുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൺസർവേറ്റീവ് പാർട്ടിയുടെ മുൻ ഭരണങ്ങളെ വിമർശിച്ചുകൊണ്ടുള്ള സ്റ്റാർമർ പ്രസംഗം പുതിയ സർക്കാർ നയങ്ങൾ രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരുമെന്ന പ്രതീക്ഷ ഉയർത്തുന്നവയാണ്. പ്രാദേശിക തലത്തിൽ എതിർപ്പ് നേരിടേണ്ടി വന്നേക്കാവുന്ന വിവാദ നയങ്ങൾ നടപ്പിലാക്കാനും അദ്ദേഹം പദ്ധതിയിടുന്നുണ്ട്. എന്നിരുന്നാലും മുന്നോട്ടുള്ള പാത ഏറെ വെല്ലുവിളികളും ബുദ്ധിമുട്ടുകളും നിറഞ്ഞവ ആയിരിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് 6 പുരുഷന്മാർക്കെതിരെ കേസെടുത്തു. പ്രതികൾ എല്ലാവരും 21നും 43 നും ഇടയിൽ പ്രായമുള്ളവരാണ്. 6 പെൺകുട്ടികൾ ആണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. പെൺകുട്ടികൾ എല്ലാവരും 18 വയസ്സിന് താഴെ പ്രായമുള്ളവരാണ്.

കോഡ്രിൻ ദുര( 25), ലിയോനാർഡ് പോൺ ( 22), സ്റ്റെഫാൻ സിയുരാരു( 21), ബോഗ്ദാൻ ഗുഗിയുമാൻ ( 43), ക്ലൗഡിയോ അലക്സിയു (27), ഇയോനട്ട് മിഹായ് ( 27) എന്നിവരാണ് പ്രതി പട്ടികയിൽ ഉള്ളത്. ബലാത്സംഗം, പ്രായപൂർത്തിയാകാത്തവരുമായുള്ള ലൈംഗിക പ്രവർത്തനങ്ങൾ, ഒരു കുട്ടിയുടെ ഫോട്ടോകൾ വിതരണം ചെയ്യൽ, എ ക്ലാസ് മയക്കുമരുന്ന് വിതരണം എന്നിവ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ആണ് പ്രതികൾ നടത്തിയതായി കുറ്റപത്രത്തിലുള്ളത്. കോഡ്രിൻ ദുരയ്ക്ക് എതിരെ 8 ബലാൽസംഗം ഉൾപ്പെടെ 17 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മറ്റ് പ്രതികൾക്കെതിരെയും ലൈംഗിക കുറ്റങ്ങൾ കൂടാതെ മയക്കുമരുന്ന് വിതരണം തുടങ്ങിയ കുറ്റങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്’.

കഴിഞ്ഞയാഴ്ച ന്യൂകാസിൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ ആറ് പ്രതികളെയും കുറ്റം ചുമത്തി സോപാധിക ജാമ്യത്തിൽ വിട്ടയച്ചു. ഇവരെ അടുത്തമാസം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ആരോപണങ്ങൾ റിപ്പോർട്ട് ചെയ്യാൻ മുന്നോട്ടു വന്ന പെൺകുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും എല്ലാവിധ പിന്തുണയും നൽകുമെന്ന് കേസിലെ മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥനായ ഡിറ്റക്ടീവ് ചീഫ് ഇൻസ്‌പെക്ടർ ഗ്രേം ബാർ പറഞ്ഞു. കേസ് ഇപ്പോൾ കോടതിയിൽ ആണെന്നും ഇത് സംബന്ധിച്ച് അനാവശ്യ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വപ്നങ്ങളുടെ ചിറകിലേറി യുകെയിലെത്തിയ റൈഗൻ ജോസിന്റെ ആകസ്മിക നിര്യാണം യുകെ മലയാളികളെ ആകെ ദുഃഖത്തിലാഴ്ത്തിയ സംഭവമായിരുന്നു. നാല് മാസം മുൻപ് മാത്രമാണ് റൈഗൻ യുകെയിൽ എത്തിയത്. എന്നിരുന്നാലും തങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക് നേരിട്ട ദുരന്തമുഖത്ത് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒട്ടേറെ മലയാളികൾ ആണ് എത്തിച്ചേർന്നത്.

സോളിഹളളിലെ ഓൾട്ടർ പ്രിയറി കത്തോലിക്കാ പള്ളിയിൽ ഇന്നലെ വൈകുന്നേരം 4 മണി മുതൽ 7. 30 വരെയാണ് പൊതുദർശനം ക്രമീകരിച്ചിരുന്നത്. പൊതുദർശനത്തിനുശേഷം കുർബാനയ്ക്കും മറ്റ് പ്രാർത്ഥനകൾക്കും നേതൃത്വം നൽകിയത് ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവാണ്.  പൊതുദർശനം ക്രമീകരിക്കാനായി നേതൃത്വം നൽകിയത് ഫാ. ബിജു പന്തലുകാരൻ ആയിരുന്നു.പത്തോളം വൈദികരും പ്രാർത്ഥനാ ശുശ്രൂഷകളിൽ പങ്കെടുത്തിരുന്നു.

അങ്കമാലി കാലടി സ്വദേശിയായ റൈഗൻ വെയർ ഹൗസിൽ ജോലിക്കിടെ ഉണ്ടായ അപകടത്തിൽ മരണമടയുകയായിരുന്നു. ബെഡ് ഫോർഡ് ഹോസ്പിറ്റലിൽ നേഴ്സാണ് റൈഗൻെറ ഭാര്യ. 4 വയസ്സുകാരിയായ മകളുമുണ്ട് റൈഗന്. സേക്രട്ട് ഹാർട്ട് ഫാദേഴ്സ് ആൻഡ് ബ്രദേഴ്സ് ഓഫ് ബെതാറാം സഭാംഗമായ ഫാ.എഡ്വിൻ ജോസ് മണവാളൻ പരേതന്റെ ഇരട്ട സഹോദരനാണ്.

ഉടൻതന്നെ റൈഗന്റെ മൃതദേഹം നാട്ടിൽ എത്തിച്ച് മാതൃ ഇടവകയിൽ സംസ്കാരം നടത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മൃത സംസ്കാരത്തിൻറെ തീയതിയും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുന്നതായിരിക്കും.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ സ്ത്രീകൾക്ക് എൻഎച്ച്എസിൽ നിന്ന് വീട്ടിൽ ഇരുന്ന് സ്വയം ചെയ്യാൻ സാധിക്കുന്ന സെർവിക്കൽ ക്യാൻസർ സ്ക്രീനിംഗ് ടെസ്റ്റുകൾ ഉടൻ ലഭ്യമാകും. ഇത് നിലവിലുള്ള സ്ക്രീനിംഗ് ടെസ്റ്റുകളുടെ നിരക്കിനെ ക്രമാതീതമായി മെച്ചപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നത്. ഇത്തരം ടെസ്റ്റുകൾ പ്രതിവർഷം 400,000 സ്ത്രീകൾ വരെ ഉപയോഗിക്കുമെന്നാണ് അധികൃതർ കരുതുന്നത്. ബ്രിട്ടനിലെ സ്ത്രീകൾക്കിടയിൽ ഏറ്റവും സാധാരണമായി കാണപ്പെടുന്ന 14-ാമത്തെ ക്യാൻസറാണ് സെർവിക്കൽ ക്യാൻസർ. ഇതിൽ 99.7% കേസുകളും അപകടസാധ്യതയുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) മൂലമാണ് ഉണ്ടാകുന്നത്. ഓരോ വർഷവും യുകെയിൽ ഏകദേശം 3,200 സ്ത്രീകൾക്ക് സെർവിക്കൽ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തുന്നുണ്ട്. ഇതിൽ 850 പേർ രോഗം മൂലം മരിക്കുകയും ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സ്‌ക്രീനിംഗിലൂടെയും വാക്‌സിനേഷനിലൂടെയും 2040-ഓടെ സെർവിക്കൽ ക്യാൻസർ ഇല്ലാതാക്കാനുള്ള തയ്യാറെടുപ്പിലാണ് എൻഎച്ച്എസ് ഇപ്പോഴെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ടിൻ്റെ മേധാവി അമാൻഡ പ്രിച്ചാർഡ് പറയുന്നു. 2008ലാണ് എച്ച്പിവി വാക്സിനേഷൻ പ്രോഗ്രാം ഇംഗ്ലണ്ടിൽ ആദ്യമായി അവതരിപ്പിച്ചത്. 2019 മുതൽ 12 ഉം 13 ഉം വയസ്സുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇത് നൽകാൻ ആരംഭിച്ചു. എന്നാൽ കുത്തിവയ്‌പ്പുകൾ എല്ലാത്തരത്തിലുള്ള എച്ച്പിവി വൈറസുകളിൽ നിന്നും സംരക്ഷണം നൽകാത്തതിനാൽ സ്ത്രീകൾ അഞ്ചു വർഷത്തിലൊരിക്കൽ സെർവിക്കൽ സ്ക്രീനിംഗ് നടത്തണമെന്ന് എൻഎച്ച്എസ് ആവശ്യപ്പെടുന്നു.

ടെസ്റ്റിനോടുള്ള പേടി, സൗകര്യപ്രദമായ അപ്പോയിൻ്റ്‌മെൻ്റുകളുടെ അഭാവം എന്നിവ കാരണം സ്‌ത്രീകൾ സ്‌ക്രീനിങ്ങിന് പോകാതിരിക്കുന്നതായി എൻഎച്ച്എസ് കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വീട്ടിലിരുന്ന് ചെയ്യാനുള്ള ടെസ്റ്റുകൾ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. ലണ്ടനിലെ കിംഗ്സ് കോളേജിലെ അക്കാദമിക് വിദഗ്ധരാണ് സെൽഫ് സാമ്പിളിൻ്റെ പരീക്ഷണം നടത്തിയത്. ഇക്ലിനിക്കൽ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച ട്രയലിൽ 27,000 സ്ത്രീകളിൽ പഠനം നടത്തിയതായി പറയുന്നു. ഇതിൻെറ അടിസ്ഥാനത്തിലാണ് വീട്ടിൽ ഇരുന്ന് ടെസ്റ്റ് ചെയ്യാൻ സാധിക്കുന്ന കിറ്റുകൾ സ്‌ക്രീനിംഗിനെ ഗണ്യമായി വർധിപ്പിക്കുമെന്ന് കണ്ടെത്തിയത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൂപ്പർ മാർക്കറ്റുകൾ ഉൾപ്പെടെയുള്ള ഷോപ്പുകളിൽ നിന്ന് സാധനങ്ങൾ മോഷ്ടിക്കുന്നവർക്കെതിരെ കർശനമായ ശിക്ഷ നൽകുന്നതിനുള്ള നിയമവുമായി പുതിയ സർക്കാർ മുന്നോട്ട് വരുമെന്ന സൂചനകൾ പുറത്തുവന്നു. ഇന്ന് പാർലമെൻറിൽ ചാൾസ് രാജാവ് നടത്തുന്ന പ്രസംഗത്തിൽ ഈ വിഷയവും പരാമർശിക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . 200 പൗണ്ടിൽ താഴെ വിലയുള്ള സാധനങ്ങൾ മോഷ്ടിക്കുന്നവർക്ക് കൂടുതൽ ശിക്ഷ നല്കാൻ ലക്ഷ്യമിട്ടുള്ള ക്രൈം ബിൽ ആണ് ഉടനെ സർക്കാർ അവതരിപ്പിക്കുക.


യുകെയിൽ നിലവിൽ 200 പൗണ്ടിന് താഴെ വിലയുള്ള സാധനങ്ങൾ മോഷ്ടിക്കുന്നത് ഗൗരവതരമായ ശിക്ഷയ്ക്ക് വിധേയമല്ല. 2014 ലാണ് ഇത് സംബന്ധിച്ച് നിയമനിർമ്മാണം നടത്തിയത്. ഈ നിയമത്തിന്റെ ആനുകൂല്യത്തിന്റെ ബലത്തിൽ സൂപ്പർമാർക്കറ്റുകളിൽ നിന്നും മറ്റും സ്ഥിരമായി സാധനങ്ങൾ മോഷണം പോകുന്നതിനെ കുറിച്ച് വ്യാപകമായ പരാതി ഉയർന്നിരുന്നു. ഇതാണ് പുതിയ നിയമ നിർമ്മാണത്തിന് സർക്കാർ തയ്യാറാകുന്നതിന് പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. മോഷണശ്രമത്തിന്റെ ഭാഗമായി കടകളിലെ ജീവനക്കാരെ ആക്രമിക്കുന്ന സംഭവങ്ങളും വർദ്ധിച്ചു വരുകയാണ്. ഇത്തരം സംഭവങ്ങൾക്കും നിലവിലുള്ള ശിക്ഷ ഉയർന്നത് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയേക്കും .

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷമാണ് ഇംഗ്ലണ്ടിലെയും വെയിൽസിലെയും കടകളിൽ ഏറ്റവും കൂടുതൽ മോഷണം നടന്നത് . 2023 -ൽ ഇംഗ്ലണ്ടിലും വെയിൽസിലും 430,000 – ലധികം കുറ്റകൃത്യങ്ങളാണ് ഷോപ്പുകളിൽ പോലീസ് രേഖപ്പെടുത്തിയത്. എന്നാൽ യഥാർത്ഥ കണക്കുകൾ ഇതിലൊക്കെ വളരെ കൂടുതലാണെന്നാണ് കണക്കാക്കുന്നത് ഒട്ടുമിക്ക മോഷണങ്ങളുടെയും പിന്നിൽ സംഘടിത ക്രിമിനൽ സംഘങ്ങളാണ് പ്രവർത്തിക്കുന്നത്. കുറഞ്ഞ മൂല്യമുള്ള സാധനങ്ങൾ മോഷ്ടിക്കുന്നവർക്ക് ഉചിതമായ ശിക്ഷ നൽകുന്നത് ഒട്ടേറെ ചെറിയ കടകളെ സഹായിക്കുമെന്ന് വോൾവർഹാംപ്ടണിലെ ഒരു കൺവീനിയൻസ് സ്റ്റോറിൽ ജോലി ചെയ്യുന്ന മിഷേൽ വൈറ്റ്ഹെഡ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സ്വീഡനിൽ രണ്ട് ബ്രിട്ടീഷുകാരെ കാണാതായതിന് പുറമെ രണ്ടുപേരെ കത്തി നശിച്ച കാറിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണങ്ങൾ ഇരട്ട കൊലപാതകമാണെന്ന് സംശയിക്കുന്നതായി സ്വീഡീഷ് പോലീസ് പറഞ്ഞു. സംഭവത്തിൽ കടുത്ത ദുരൂഹത തുടരുകയാണ്. സ്വീഡനിലെ പ്രാദേശിക മാധ്യമങ്ങളിൽ മരിച്ചത് ബ്രിട്ടീഷ് പൗരന്മാരാണെന്ന വാർത്ത പുറത്തു വിട്ടിരുന്നു.

എന്നാൽ ഇന്ന് ഫോറൻസിക് പരിശോധനകൾ നടന്നതിനുശേഷം മാത്രമെ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വരുകയുള്ളൂ എന്നാണ് പോലീസ് അറിയിച്ചത്. മാൽമോയിലെ ഫോസി വ്യാവസായിക മേഖലയിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത് . ഇതിന് മണിക്കൂറുകൾക്ക് മുമ്പ് ഡെൻമാർക്കിലെ ഒരു വിമാനത്താവളത്തിൽ നിന്ന് ഒരു ടൊയോട്ട കാർ ഒരു ബ്രിട്ടീഷുകാരൻ വാടകയ്‌ക്കെടുത്തതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. സംഭവത്തിൽ എന്തെങ്കിലും കൂടുതൽ വിവരങ്ങൾ അറിയുന്നവർ അത് പങ്കു വയ്ക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവർ എന്തിനാണ് സ്വീഡനിൽ എത്തിയത് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഈസ്റ്റ് ലണ്ടനിൽ വീടിന് തീപിടുത്തമുണ്ടായതിനെ തുടർന്നുള്ള അപകടത്തിൽ മൂന്നാമത്തെ കുട്ടിയും മരണമടഞ്ഞു. സംഭവത്തിൽ നേരത്തെ രണ്ട് കുട്ടികൾ ജീവൻ വെടിഞ്ഞിരുന്നു. ശനിയാഴ്ച രാവിലെ 8. 30 നാണ് നാടിനെ നടുക്കിയ സംഭവം നടന്നത് . ഒരു കുട്ടി സംഭവസ്ഥലത്തു വെച്ചു തന്നെയാണ് മരണമടഞ്ഞത്.

ഇന്നലെ ഒരു കുട്ടി കൂടി മരണമടഞ്ഞതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. തീ പിടുത്തത്തിൽ പരുക്കേറ്റ് രണ്ടുപേർ ആശുപത്രിയിൽ തുടരുകയാണ്. അധികം പരിക്കുകളില്ലാത്ത ഒരാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. എന്നിരുന്നാലും ഔട്ട് പേഷ്യൻ്റ് ആയി ചികിത്സയിൽ തുടരുകയാണെന്നാണ് അറിയാൻ സാധിച്ചത്. അപകടത്തിൽ പെട്ട ആറുപേരും ഒരുമിച്ച് താമസിച്ചിരുന്നവരും ഒരു കുടുംബത്തിലെ അംഗങ്ങളുമാണെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.


വീടിന് അഗ്നിബാധയുണ്ടായതിനെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ച സംഭവം കടുത്ത ദുഃഖം ഉളവാക്കുന്നതാണെന്ന് ന്യൂഹാം മേയർ റോഖ്‌സാന ഫിയാസ് പറഞ്ഞു. സംഭവത്തിന് എന്തെങ്കിലും ദുരൂഹത ഉണ്ടെന്നതിന് നിലവിൽ പോലീസിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കുട്ടികളുടെ പ്രായം തുടങ്ങിയ ഒരു കാര്യവും പോലീസ് പുറത്തുവിട്ടിട്ടില്ല. തീപിടുത്തമുണ്ടായ ഉടനെ വീട്ടിലുള്ളവരെ രക്ഷപ്പെടുത്താൻ ഇഷ്ടിക കഷണങ്ങൾ ഉപയോഗിച്ച് ജനൽ ചില്ല് തകർക്കാൻ ശ്രമിച്ചതായി സമീപവാസികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്. 40 ഫയർഫോഴ്സ് ജീവനക്കാരും 6 ഫയർ എൻജിനുകളും ചേർന്നാണ് തീയണച്ചത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രക്ഷിതാക്കളുടെ സാമ്പത്തിക പ്രശ്നങ്ങൾ കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിക്കും എന്ന വാർത്ത പുതിയതല്ല. സാമ്പത്തികമായ പിന്നോക്കം നേരിടുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികൾക്ക് താങ്ങും തണലുമാകേണ്ട കടമ ഭരണ കൂടത്തിനുണ്ട്. പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പുകളും സൗജന്യ ഭക്ഷണം നൽകുന്നതിലൂടെയും മറ്റും സമൂഹത്തിലെ സാമൂഹിക സാമ്പത്തിക അസമത്വങ്ങൾ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാതിരിക്കുന്നതിനുള്ള നടപടികൾ യുകെയിൽ നടപ്പിലാക്കുന്നുണ്ട് .

എന്നാൽ വിദ്യാഭ്യാസ വകുപ്പും സർക്കാരും എടുത്ത ഇത്തരം നടപടികൾ ഫലപ്രാപ്തിയിൽ എത്തുന്നില്ലെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ലണ്ടനിൽ ഒഴികെയുള്ള ഇംഗ്ലണ്ടിന്റെ മിക്ക പ്രദേശങ്ങളിലും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള 16 വയസ്സുള്ള കുട്ടികളും അവരുടെ സമ്പന്നരായ സഹപാഠികളും തമ്മിൽ പഠന നിലവാരത്തിന്റെ കാര്യത്തിൽ വളരെ അന്തരം ഉണ്ടെന്നാണ് പഠനത്തിലൂടെ പുറത്തു വന്നിരിക്കുന്നത്. എഡ്യൂക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ഇപിഐ) തിങ്ക്‌ടാങ്ക് പറയുന്നതനുസരിച്ച്, പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾ അവരുടെ ജിസിഎസ്ഇയിൽ ചേരുമ്പോൾ സമപ്രായക്കാരേക്കാൾ 19 മാസത്തിലധികം പിന്നിലാണ്.

എന്നാൽ ഇംഗ്ലണ്ടിലെ മറ്റു സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ലണ്ടനിലെ സ്ഥിതി വ്യത്യസ്തമാണ്. ലണ്ടനിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളുടെ പഠനനിലവാരം മറ്റ് സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മെച്ചപ്പെട്ടതാണ്. സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്ന് വരുന്ന കുട്ടികളുടെ പഠനനിലവാര തകർച്ചയെ ദേശീയ ദുരന്തം എന്നാണ് NAHT സ്കൂൾ ലീഡേഴ്‌സ് യൂണിയൻ്റെ ജനറൽ സെക്രട്ടറി പോൾ വൈറ്റ്‌മാൻ വിശേഷിപ്പിച്ചത്. പാൻഡമിക്കിന് ശേഷം സ്ഥിതി കൂടുതൽ വഷളായതായും റിപ്പോർട്ടുകൾ ഉണ്ട്. ഈ അസമത്വങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പുതിയ ഗവൺമെൻ്റിൻ്റെ ഭാഗത്തു നിന്നും പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികൾ വേണമെന്നാണ് വിദ്യാഭ്യാസ വിദഗ്ധർ ആവശ്യപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved