ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുറഞ്ഞതിന്റെ ചുവടുപിടിച്ച് യുകെയിലെ പണപ്പെരുപ്പം വീണ്ടും കുറഞ്ഞു. മാംസം, നുറുക്കുകൾ, ചോക്കലേറ്റ് ബിസ്‌ക്കറ്റുകൾ തുടങ്ങിയ ചില ഭക്ഷ്യവസ്തുക്കളുടെ വിലയിടിവാണ് പണപ്പെരുപ്പം രണ്ടര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിക്കാൻ സഹായിച്ചത് . ഔദ്യോഗിക കണക്കുകൾ പ്രകാരം ഉപഭോക്തൃ വില സൂചിക 3.4 ശതമാനത്തിൽ നിന്ന് മാർച്ച് വരെയുള്ള വർഷത്തിൽ 3.2 ശതമാനമായി കുറഞ്ഞു.
ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ (ഒ എൻ എസ് ) കണക്കുകൾ പ്രകാരം ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മിക്ക ഭക്ഷ്യ ഉത്പന്നങ്ങളുടെയും വിലക്കയറ്റം കുറഞ്ഞു. ബ്രഡ്, ധാന്യങ്ങൾ എന്നിവയിൽ ചെറിയതോതിലുള്ള വർദ്ധനവ് മാത്രമേ ഉണ്ടായുള്ളൂ. എന്നാൽ ഫെബ്രുവരി മുതൽ മാർച്ച് വരെ ഇറച്ചി വില 0.5% കുറഞ്ഞു. ഈ വിഭാഗത്തിൽ ഒരു വർഷം മുമ്പ് 1.4% വർദ്ധനവായിരുന്നു ഉണ്ടായിരുന്നത് . പന്നിയിറച്ചി ഉൽപ്പന്നങ്ങളിലും വലിയ തോതിൽ വില കുറഞ്ഞത് പണപ്പെരുപ്പം കുറയുന്നതിന് കാരണമായിട്ടുണ്ട്.
അടുത്ത കാലത്തായി യുകെയിലെ ഉയർന്ന പണപ്പെരുപ്പത്തിന് പിന്നിലെ പ്രധാന കാരണം കുതിച്ചുയരുന്ന ഭക്ഷണ, ഊർജ്ജ ബില്ലുകളാണ്. കോവിഡ് മഹാമാരിയും റഷ്യ ഉക്രൈനെ ആക്രമിച്ചതും ഉൾപ്പെടെയുള്ള സംഭവങ്ങൾ വില കുതിച്ചു കയറുന്നതിന് കാരണമായിട്ടുണ്ട്. മെയ് 9 നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് സംബന്ധിച്ച അടുത്ത തീരുമാനം എടുക്കുന്നത്. പണപ്പെരുപ്പം 2 ശതമാനത്തിൽ എത്തിക്കുക എന്നതാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പ്രഖ്യാപിത ലക്ഷ്യം . അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകൾ കുറയ്ക്കുമോ എന്നതാണ് എല്ലാവരും ഉറ്റു നോക്കുന്നത് . പലിശയും മോർട്ട്ഗേജ് നിരക്കുകളും കുറയുകയാണെങ്കിൽ അത് ഭരണപക്ഷത്തിന് അനുകൂലമായ ജനവികാരം രൂപപ്പെടുത്താൻ സഹായിക്കും.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലൈംഗികത നിറഞ്ഞ ഡീപ്പ് ഫേക്ക് ചിത്രങ്ങൾ സൃഷ്ടിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാനുള്ള കുറ്റകൃത്യത്തിൻ്റെ ഗണത്തിൽ ഉൾപ്പെടുത്താനൊരുങ്ങി യുകെ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും മറ്റ് സാങ്കേതികവിദ്യകളുടെയും സഹായത്തോടെ പ്രശസ്തരും അല്ലാത്തതുമായ വ്യക്തികളുടെ വ്യാജ ചിത്രങ്ങൾ നിർമ്മിക്കുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ നിയമനിർമ്മാണത്തിന് കളമൊരുങ്ങുന്നത്.
ഒരു വ്യക്തിയുടെ സമ്മതമില്ലാതെ ഇത്തരം ചിത്രങ്ങൾ നിർമ്മിക്കുന്ന ഒരാൾ ക്രിമിനൽ വിചാരണയും കുറ്റത്തിന്റെ വ്യാപ്തി അനുസരിച്ച് പിഴ ഒടുക്കേണ്ടതായും വരും. ചിത്രം കൂടുതലായി സമൂഹമാധ്യമങ്ങൾ വഴിയായി ഷെയർ ചെയ്യപ്പെട്ടാൽ ജയിൽ ശിക്ഷയും അനുഭവിക്കേണ്ടതായി വരും.ഡീപ്പ് ഫേക്ക് ചിത്രങ്ങൾ നിർമ്മിച്ചയാൾ അറിയാതെ തന്നെ മറ്റുള്ളവർ സമൂഹമാധ്യമങ്ങൾ വഴിയോ മറ്റ് ഏതെങ്കിലും വിധേയനെയോ ചിത്രങ്ങൾ പ്രചരിപ്പിച്ചാലും ഇവരുടെ നിർമാതാവിന് ശിക്ഷയിൽനിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും നിയമത്തിന്റെ പ്രധാനപ്പെട്ട കാര്യമാണ്.
കഴിഞ്ഞ വർഷം അവതരിപ്പിച്ച ഓൺലൈൻ സുരക്ഷാ നിയമം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പുരോഗതിയിലൂടെ ഡീപ്ഫേക്ക് ഇൻ്റിമേറ്റ് ഇമേജുകൾ പങ്കിടുന്നത് ഇതിനകം കുറ്റകരമാക്കിയിട്ടുണ്ട്. ചില ആളുകൾ മറ്റുള്ളവരെ പ്രത്യേകിച്ച് സ്ത്രീകളെ ലക്ഷ്യം വെച്ച് ചെയ്യുന്ന ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തികൾ ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കാൻ കഴിയില്ലെന്നും ഇത്തരം കാര്യങ്ങൾക്ക് സമൂഹത്തിൽ വളരെ വലിയ പ്രത്യാഘാതം സൃഷ്ടിക്കാൻ കഴിയുമെന്നും പുതിയ നിയമത്തെ കുറിച്ച് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി ഘോറ ഫാരിസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
2009-നു ശേഷമുള്ളവർ സിഗരറ്റ് ഉപയോഗിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തുന്ന പുതിയ നീക്കത്തെ പിന്തുണച്ച് എംപിമാർ. പ്രധാനമന്ത്രി ഋഷി സുനക് മുൻകൈയെടുത്ത ഈ നീക്കത്തിൽ മുൻ പ്രധാന മന്ത്രിമാർ ഉൾപ്പടെ നിരവധി ടോറി നേതാക്കളുടെ എതിർപ്പുകൾ ഉണ്ടായിരുന്നു. പുതിയ നീക്കത്തെ ന്യായീകരിച്ചുകൊണ്ട് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിൻസ് രംഗത്ത് വന്നിരുന്നു.
67നെതിരെ 383 വോട്ടുകൾക്കാണ് ടുബാക്കോ ആൻഡ് വേപ്‌സ് ബിൽ പാസായത്. ഇവ പ്രാബല്യത്തിൽ വരുകയാണെങ്കിൽ യുകെയിലെ പുകവലി നിയമങ്ങൾ ലോകത്തിലെ ഏറ്റവും കർശന നിയമങ്ങളിൽ ഒന്നായി മാറും. ന്യൂസിലൻഡിൽ നേരത്തെ സമാനമായ ഒരു നിയമം പ്രാബല്യത്തിൽ വന്നിരുന്നു. എന്നാൽ ഇത് പിന്നീട് വന്ന സർക്കാർ മാറ്റത്തിൽ രാധാക്കപെട്ടു.
പുതിയ നടപടി “പുക വിമുക്ത തലമുറ”യെ സൃഷ്ടിക്കുമെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു. എന്നിരുന്നാലും, മുൻ പ്രധാനമന്ത്രി ലിസ് ട്രസ് ഉൾപ്പെടെ നിരവധി ടോറി എംപിമാർ ബില്ലിനെതിരെ വോട്ട് ചെയ്തു. ഇത് വ്യക്തി സ്വന്തന്ത്രത്തെ പരിമിതപ്പെടുത്തുമെന്നാണ് ഇവരുടെ വാദം. കഴിഞ്ഞയാഴ്ച, കാനഡയിലെ ഒട്ടാവയിൽ നടന്ന കൺസർവേറ്റീവ് സമ്മേളനത്തിൽ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പുകവലി നിരോധനത്തെ സർക്കാരിൻെറ മണ്ടത്തരമായാണ് അവതരിപ്പിച്ചത്.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് ഹൗസ് ഓഫ് ലോർഡ്‌സിലെ വോട്ടുകൾ ഉൾപ്പടെ നിരവധി നിയമങ്ങൾ ഇനിയും ആവശ്യമാണ്. 2024-ൻ്റെ രണ്ടാം പകുതിയിൽ, പൊതു തിരഞ്ഞെടുപ്പിൻെറ മുൻപ് തന്നെ ബില്ലുകൾ പാസ് ആകുമെന്നാണ് പ്രതീക്ഷ.
രാഷ്ട്രീയകാര്യ ലേഖകൻ , മലയാളം യുകെ
കേരള ചരിത്രത്തിൽ ആദ്യമായി ഒരു മുന്നണിക്ക് ഭരണ തുടർച്ച കിട്ടിയത് കഴിഞ്ഞ നിയമസഭാ ഇലക്ഷനിൽ ഇടതുമുന്നണിക്കാണ് . എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഒട്ടേറെ പ്രശ്നങ്ങളെയാണ് അവർ അഭിമുഖീകരിക്കുന്നത്. ഒന്നാമത് സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം തന്നെ. ക്ഷേമ പെൻഷനും സപ്ലൈകോയും തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ സർക്കാരിനെതിരെയാണ് ജനം. കേരളത്തിലെ പ്രധാന എതിരാളിയായ കോൺഗ്രസിന്റെ തന്നെ മുന്നണിയുടെ ഭാഗമായാണ് കേരളത്തിലും വെളിയിലുമുള്ള സംസ്ഥാനങ്ങളിൽ മത്സരിക്കേണ്ടി വരുന്നതെന്ന വിരോധാഭാസം ജനങ്ങളെ എങ്ങനെ ബോധിപ്പിക്കും എന്ന കാര്യം എൽഡിഎഫിനെ പോലെ തന്നെ യുഡിഎഫിനെയും വേട്ടയാടുന്നുണ്ട്.
ഒരു പരിധിവരെ അഴിമതി വിരുദ്ധ പ്രതിച്ഛായ നിലനിർത്തിയിരുന്ന ഇടതുപക്ഷത്തിനെ സംബന്ധിച്ചിടത്തോളം നിലവിൽ കേൾക്കുന്ന വാർത്തകൾ നല്ലതല്ല. കരവന്നൂർ സഹകരണ ബാങ്ക് ഇടപാടുകളുടെ പേരിലുള്ള ഇ ഡി അന്വേഷണവും തൃശ്ശൂർ ജില്ലയിലെ പാർട്ടിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചും മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾക്കെതിരെയുള്ള ആരോപണങ്ങളുമെല്ലാം എതിർപക്ഷങ്ങൾ വാർത്തയാക്കി കൊണ്ടിരിക്കുകയാണ്.
പക്ഷേ കഴിഞ്ഞ ലോക്സഭാ ഇലക്ഷനേക്കാൾ എൽഡിഎഫിന് കൂടുതൽ സീറ്റ് കിട്ടാനുള്ള സാധ്യത ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പൊതുവെ വിലയിരുത്തുന്നത്. ബെർമിംഗ്ഹാം മലയാളിയും കോൺഫിഡൻസ് ഗ്രൂപ്പിന്റെ സിഇഒയും കേരളത്തിൽ തൃശൂർ സ്വദേശിയുമായ മാർട്ടിൻ കെ ജോസഫ് ഇടതുപക്ഷ സഹയാത്രികനാണ്. സ്വർഗീയശക്തികൾ പരാജയപ്പെട്ട് ഇന്ത്യാ മുന്നണി അധികാരത്തിൽ വരേണ്ടതിൻ്റെ ആവശ്യകതയാണ് മാർട്ടിൻ വ്യക്തമാക്കിയത്.
ചുവരെഴുത്ത്
മലയാളം യുകെയുടെ അസോസിയേറ്റ് എഡിറ്റർ ഷിബു മാത്യു തൻറെ കേരള സന്ദർശനത്തിൽ കേരള സർക്കാരിനെതിരെയുള്ള ഭരണപക്ഷ വികാരത്തെ കുറിച്ച് അറിയപ്പെടുന്ന ഒരു ഇടതുപക്ഷ സഹയാത്രികനുമായി ചർച്ച നടത്തിയിരുന്നു. ഭരണവിരുദ്ധ വികാരത്തെ കുറിച്ച് പ്രതിപക്ഷത്തേക്കാളും കൂടുതൽ ബോധവാന്മാരാണ് ഭരണത്തെ നയിക്കുന്ന സിപിഎം എന്നാണ് അദ്ദേഹത്തിന് കിട്ടിയ മറുപടി . അടുത്ത നിയമസഭാ ഇലക്ഷനിലെ സാധ്യതകളെ കുറിച്ച് ചോദിച്ചപ്പോൾ ലഭിച്ച മറുപടി ആത്മവിശ്വാസം നിറഞ്ഞതായിരുന്നു. അടുത്ത നിയമസഭയും എൽഡിഎഫ് ഭരിക്കും. അതിനുള്ള ചരടു വലികൾ തുടങ്ങി കഴിഞ്ഞു. ലോക്സഭാ ഇലക്ഷൻ കഴിഞ്ഞുള്ള രാഷ്ട്രീയ കോളിളക്കത്തിൽ ലീഗ് ഇടതുപക്ഷത്തിൻ്റെ ഭാഗമാകാനുള്ള സാധ്യതയാണ് അതിന് കാരണമായി അദ്ദേഹം ചൂണ്ടി കാണിച്ചത്. അതെ ലീഗ് ഇന്ത്യ മുന്നണിയുടെ ഭാഗമായി നിലനിൽക്കും. പക്ഷേ അധികം താമസിയാതെ മുസ്ലീം ലീഗ് കേരളത്തിൽ എൽഡിഎഫിന്റെ ഭാഗമായേക്കാം
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഹീത്രു എയർപോർട്ടിൽ കളഞ്ഞു കിട്ടിയ ബാഗിൽ നിന്ന് വിലകൂടിയ സാധനങ്ങൾ മോഷ്ടിച്ച ലഗേജ് ഹാൻഡ്‌ലർക്ക് ജയശിക്ഷ . 29,000 പൗണ്ടിന്റെ ആഭരണങ്ങളാണ് പ്രീതി സ്റ്റാങ്കിയ മോഷ്ടിച്ചത്. സംഭവം നടന്നത് ജനുവരി 20-ാം തീയതിയാണ്. ടെർമിനൽ 2- വിലെ ഒരു ബാഗിൽ നിന്നാണ് ഇവർ മോഷണം നടത്തിയത്.
മോഷ്ടിച്ച സാധനങ്ങളിൽ 500 പൗണ്ട് അടങ്ങിയ ഡിസൈനർ ഹാൻഡ്ബാഗുകൾ, റേ-ബാൻ സൺഗ്ലാസുകൾ, ഒരു ഡിസൈനർ വാച്ച്, ഒരു മാക്ബുക്ക്, ഒരു ഡയമണ്ട് മോതിരം എന്നിവ ഉൾപ്പെടുന്നു. ബാഗിന്റെ ഉടമയായ സന്ധ്യാ ഗണേശും അവരുടെ പങ്കാളിയും മൗറീഷ്യസിൽ അവധിക്കാലം ചിലവഴിച്ചതിനുശേഷം തിരിച്ചെത്തിയപ്പോഴാണ് മോഷണത്തിന് ഇരയായത്. ലഗേജ് കാണാനില്ലെന്ന് ഹീ ത്രൂ എയർപോർട്ട് ജീവനക്കാർ പറഞ്ഞപ്പോൾ സന്ധ്യ പോലീസിൽ പരാതി പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രീതി സ്റ്റാങ്കിയ നടത്തിയ മോഷണം തിരിച്ചറിഞ്ഞത്.
ജനുവരി 24 ന് വെബ്ലിയിലെ ഹാട്ടൺ റോഡിൽ വച്ച് 46 കാരിയായ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ കണ്ടെടുത്ത ആഭരണങ്ങൾ തന്റേതാണെന്ന വാദത്തിലായിരുന്നു ഇവർ. ടാഗ് നീക്കം ചെയ്ത ബാഗ് തന്റേതാണെന്നും ഇവർ അവകാശപ്പെട്ടു. എന്നാൽ 3,000 പൗണ്ട് വജ്രമോതിരവും 500 പൗണ്ടിൻ്റെ പണവും ഡിസൈനർ സൺഗ്ലാസുകളും ഉൾപ്പെടെ 4,000 പൗണ്ടിൻ്റെ സാധനങ്ങൾ കണ്ടെത്താനായില്ല.
മോഷണം സമ്മതിച്ച ശേഷം, താൻ ബുദ്ധിമുട്ടുള്ള സമയത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സ്റ്റാങ്കിയ പോലീസിനോട് പറഞ്ഞതായി പ്രോസിക്യൂട്ടർ റയാൻ ഇവാൻസ് കോടതിയെ അറിയിച്ചു. കുറ്റം തെളിഞ്ഞതിനെ തുടർന്ന് ഇവരെ 12 മാസത്തെ തടവിനാണ് കോടതി ശിക്ഷിച്ചത് .
ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ്സിന്റെ ഒട്ടനവധി കെട്ടിടങ്ങൾ വളരെ പഴക്കമുള്ളതാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. 1948 ജൂലൈ 5-ാം തീയതിയാണ് യുകെയുടെ അഭിമാനമായ എൻഎച്ച്എസ് നിലവിൽ വന്നത്. ഏകദേശം 2000- ലധികം കെട്ടിടങ്ങൾ 1948 -ന് മുമ്പ് നിർമ്മിച്ചതാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതായത് ഒട്ടനവധി കെട്ടിടങ്ങൾ എൻ.എച്ച്എസിനെക്കാൾ പഴക്കമുള്ളവയാണ്. പഴക്കമുള്ള ദുർബലമായ കെട്ടിടങ്ങളിൽ ചികിത്സയ്ക്കായി വരുന്നത് ദശലക്ഷക്കണക്കിന് രോഗികളുടെ ജീവന് അപകടകരമാണെന്ന വിമർശനമാണ് ഉയർന്നു വന്നിരിക്കുന്നത്.
രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കായി ദുർബലമായ കെട്ടിടങ്ങൾ മാറ്റി സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ച് എൻഎച്ച്എസ് മേധാവികൾ മന്ത്രിതലത്തിൽ ഒട്ടേറെ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്. ഇംഗ്ലണ്ടിലെ 211 എൻഎച്ച് എസ് ട്രസ്റ്റുകളിൽ 34 എണ്ണത്തിലും കുറഞ്ഞത് നാലിലൊന്ന് കെട്ടിടങ്ങൾ എങ്കിലും എൻഎച്ച് സ്ഥാപിതമായ 1948 മുമ്പേ നിർമ്മിച്ചവയാണ്. പഴയ പല കെട്ടിടങ്ങളിലും ഇലക്ട്രിസിറ്റി, പ്ലംബിംഗ് സംവിധാനങ്ങൾ കാലോചിതമായി പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നിട്ടില്ല . സിങ്കുകളിൽ നിന്ന് വാർഡുകളിലേയ്ക്ക് മലിന ജലം ഒഴുകുന്നത് പഴയ പല കെട്ടിടങ്ങളും നേരിടുന്ന പ്രശ്നമാണ്. കഴിഞ്ഞയിടയ്ക്കാണ് തീവ്രപരിചന വാർഡിൻറെ സീലിംഗ് ഒരു രോഗിയുടെ മേൽ അടർന്ന് വീണത്. ലിഫ്റ്റ് വീണ് ഡോക്ടറുടെ കാൽ ഒടിഞ്ഞതായി കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു.
2020 – ൽ ഇപ്പോഴത്തെ സർക്കാർ കെട്ടിട പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 40 പുതിയ ഹോസ്പിറ്റലുകൾ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ ഇത് നടപ്പിലാകില്ലന്ന് ഓഡിറ്റ് ഓഫീസ് കണ്ടെത്തിയിരുന്നു. കുട്ടികളുടെ വാർഡുകൾ, ബ്രെസ്റ്റ് ക്ലിനിക്കുകൾ, മെറ്റേണിറ്റി യൂണിറ്റുകൾ, എ ആൻഡ് ഇ ഡിപ്പാർട്ട്‌മെൻ്റുകൾ, അടുക്കളകൾ എന്നിവിടങ്ങളിൽ പേൻ, ഈച്ച, എലി എന്നിവ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി മേധാവികൾക്ക് കീട നിയന്ത്രണത്തിനായി ദശലക്ഷക്കണക്കിന് പൗണ്ട് ചെലവഴിക്കേണ്ടിവന്നുവെന്ന വാർത്ത അടുത്തയിടെ മാധ്യമങ്ങളിൽ വാർത്തയായിരുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ടാറ്റാ സ്റ്റീലിന്റെ പോർട്ട് ടാൽബോട്ടിൽ ഉരുക്ക് നിർമ്മാണശാലയിൽ പ്രതിസന്ധി കനക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ആധുനികവൽക്കരണത്തിന്റെ ഭാഗമായി ഏകദേശം 3000 തൊഴിലാളികൾക്കാണ് ഇവിടെ ജോലി നഷ്ടമാകുന്നത്. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് യൂണിയനുകളുടെയും തൊഴിലാളികളുടെയും ഭാഗത്തുനിന്ന് ഉയർന്നു വന്നിരിക്കുന്നത്. ജോലികൾ വെട്ടി കുറച്ച് തൊഴിലാളികളെ പിരിച്ചുവിടാനുള്ള നടപടിക്കെതിരെ സമരമുഖത്തിറങ്ങുന്നതിന് അനുകൂലമായി യുണൈറ്റ് അംഗങ്ങൾ വോട്ട് ചെയ്തിരിക്കുകയാണ്.
എന്നാൽ തൊഴിലാളികൾ സമരവുമായി മുന്നോട്ടു പോകുന്നതിനോട് ടാറ്റാ സ്റ്റീൽ മാനേജ്മെൻറ് രൂക്ഷമായാണ് പ്രതികരിച്ചത്. സമരത്തിൽ തൊഴിലാളികൾ പങ്കെടുത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ തടസ്സം നേരിട്ടാൽ നിലവിൽ വാഗ്ദാനം ചെയ്തിരിക്കുന്ന വിരമിക്കൽ പാക്കേജിൽ നിന്ന് ടാറ്റാ സ്റ്റീൽ പുറകോട്ട് പോകുമെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് രാജേഷ് നായർ പറഞ്ഞു. 857 യൂണിയൻ അംഗങ്ങളിൽ 568 പേർ സമരത്തിന് അനുകൂലമായി വോട്ട് ചെയ്തെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സമരത്തോടുള്ള കമ്പനിയുടെ നിലപാട് വ്യക്തമാക്കി ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിന്റെ ഭാഗത്തുനിന്ന് തൊഴിലാളികൾക്ക് കത്തയച്ചിട്ടുണ്ട്.
കമ്പനിയെ പുനഃസംഘടിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സംബന്ധിച്ച് നിലവിൽ യൂണിയനുകളായ യുണൈറ്റ്, കമ്മ്യൂണിറ്റി, ജി എം ബി യൂണിയനുകളുമായി 45 ദിവസം നീണ്ടുനിൽക്കുന്ന ഔദ്യോഗിക കൂടിയാലോചനകൾ നടക്കുകയാണ്. ഈ വർഷം പോർട്ട് ടാൽബോട്ടിൽ ഇരുമ്പ് അയിരിൽ നിന്ന് സ്റ്റീൽ ഉൽപ്പാദിപ്പിക്കുന്ന ചൂളകൾ നിർത്തലാക്കിയതും സ്ക്രാപ്പ് സ്റ്റീൽ ഉരുക്കുന്ന ഇലക്ട്രിക് ഫർണസുകൾ സ്‌ഥാപിച്ചതുമാണ് പ്രതിസന്ധിക്ക് കാരണമായത് . ചർച്ചകൾ നടക്കുന്ന സമയത്ത് വ്യവസായിക നടപടി വേണമോ എന്ന കാര്യത്തിൽ യൂണിയൻ അംഗങ്ങൾക്കിടയിൽ വോട്ടെടുപ്പ് നടത്തിയതിൽ കടുത്ത നിരാശയുണ്ടെന്നാണ് കമ്പനിയുടെ നിലപാട്. എന്നാൽ തങ്ങളുടെ അംഗങ്ങളെ സമരത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കൈക്കൂലി മുതൽ ഭീഷണി വരെ ടാറ്റ ഉപയോഗിച്ചതായി യൂണിറ്റിന്റെ വെയിൽസ് റീജിയൻ സെക്രട്ടറി പീറ്റർ ഹ്യൂസ് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
71 വയസ്സുകാരിയായ ബ്രിട്ടീഷ് വയോധികയെ മസാജ് കേന്ദ്രത്തിൽ ക്രൂരമായി ബലാത്സംഗം ചെയ്തു. പോർച്ചുഗലിലെ മസാജ് കേന്ദ്രത്തിൽ വച്ചാണ് ഇവർക്ക് ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടതായി വന്നത് . സംഭവത്തെ തുടർന്ന് മസാജ് ചെയ്യുന്ന ജീവനക്കാരനെ പോർച്ചുഗീസ് പോലീസ് അറസ്റ്റ് ചെയ്തു.
പീഡനത്തിനിരയായ ബ്രിട്ടീഷുകാരി പോർച്ചുഗലിൽ താമസിക്കുന്നയാളാണോ അതോ പ്രദേശത്ത് അവധി ആഘോഷിക്കാൻ എത്തിയ ആളാണോ എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല . 47 കാരനായ പ്രതി കിഴക്കൻ യൂറോപ്പിൽ നിന്നുള്ള ആളാണ്. പോർചുഗലിലെ ക്വാർട്ടൈറയിലെ അൽഗാർവ് പട്ടണത്തിൽ ഒരു മസാജ് സെഷനുശേഷം ലൈംഗികാതിക്രമത്തിന് ഇരയായതായി പറഞ്ഞാണ് ഇവർ പോലീസിനെ സമീപിച്ചത്.
സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്താൻ മെഡിക്കൽ റിപ്പോർട്ടുകൾക്കായി കാത്തിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ആൾ മുമ്പ് സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ ഇയാളുടെ ക്രിമിനൽ പശ്ചാത്തലം പോലീസ് പരിശോധിച്ചു വരുകയാണ്. അതിമനോഹരമായ ബീച്ചുകൾക്കും ഭക്ഷണത്തിനും പേരുകേട്ട പോർച്ചുഗലിലെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രമാണ് ക്വാർട്ടൈറെ
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സിഡ്നിയിൽ നടന്ന കത്തിക്കുത്തിൽ ഒരു ബിഷപ്പിനും മൂന്ന് വിശ്വാസികൾക്കും പരുക്ക്. തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ശേഷം സിഡ്‌നിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള വെക്‌ലിയിലുള്ള ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ബിഷപ്പ് മാർ മാരി ഇമ്മാനുവൽ പ്രസംഗിക്കുമ്പോഴാണ് ഹൂഡി ധരിച്ച ആക്രമി അൾത്താരയിലേക്ക് കടന്ന് ഒന്നിലധികം തവണ അദ്ദേഹത്തെ കുത്തിയത്.
കുർബാന തൽസമയം സംപ്രേഷണം ചെയ്തതിനാൽ പള്ളിയുടെ യൂട്യൂബ് പേജിൽ ആക്രമണത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ നൂറുകണക്കിന് ആളുകളാണ് പ്രതിയെ വിട്ടുതരണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് പോലീസ് ബാരിയറിന് നേരെ കുപ്പികളും കല്ലുകളും എറിഞ്ഞ് പ്രതിഷേധം നടത്തിയത്. അക്രമിയുടെ സുരക്ഷ മുൻനിർത്തി നിലവിൽ പ്രതിയെ പള്ളിയുടെ കെട്ടിടത്തിനുള്ളിൽ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.
സംഭവത്തിൽ ഒരു വൈദികൻ ഉൾപ്പെടെ നാല് പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എൻഎസ് ഡബ്ലിയു അറിയിച്ചു. ബിഷപ്പ് ഇമ്മാനുവലിന്റെയും വൈദികന്റെയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് ചർച്ച് രാത്രി 10.30 ന് മുമ്പ് പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
16 വയസ്സിന് താഴെയുള്ളവർക്കുള്ള സോഷ്യൽ മീഡിയ നിരോധനം ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നുള്ള റിപ്പോർട്ടുകൾ പുറത്ത്. കുട്ടികളെ ഓൺലൈനിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇനിമുതൽ കുട്ടികൾ സ്മാർട്ട്ഫോണുകൾ വാങ്ങുന്നതിലും വിലക്കുകൾ ഏർപ്പെടുത്തുന്ന കാര്യം മന്ത്രിമാർ പരിഗണിക്കുന്നുണ്ട്.
യുകെയിൽ കഴിഞ്ഞാഴ്ച വാട്സാപ്പ് ഉപയോഗിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 16-ൽ നിന്ന് 13 ആക്കിയതിന് മെറ്റ കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. ഈ മാസം അവസാനത്തിനു മുമ്പ് തന്നെ പുതിയ നിർദ്ദേശങ്ങൾ പുറത്തു വരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ടെക്നോളജി സെക്രട്ടറിയായ മിഷേൽ ഡൊണലനാണ് ഇവ തയ്യാറാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
13 – നും 16 – നും ഇടയിൽ പ്രായപരിധിയിലുള്ള കുട്ടികൾ എപ്പോൾ സോഷ്യൽ മീഡിയ ഉപയോഗിക്കാം എന്നതിനുള്ള മാതാപിതാക്കളുടെ അഭിപ്രായങ്ങൾ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ കൺസൾട്ടേഷൻ തേടും. ഈ കൂടിക്കാഴ്ചയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള മാതാപിതാക്കളുടെ ആക്സസ് അനുവദിക്കുന്നതിനെപ്പറ്റിയും സുരക്ഷാ സംവിധാനങ്ങൾ ഇൻസ്റ്റാൾ ചെയ്യുന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുക്കും. ഓൺലൈനിൽ അക്രമാസക്തമായ ഉള്ളടക്കം കണ്ട് 15 വയസ്സുള്ള കുട്ടികളുടെ ക്രൂരതയ്ക്ക് ഇരയായി ജീവൻ നഷ്ടമായ ബ്രയാന ഗെയുടെ അമ്മ, 16 വയസ്സിന് താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രചാരങ്ങൾ നടത്തുന്നുണ്ട്. മെറ്റയുടെ ഗ്ലോബൽ അഫയേഴ്സ് പ്രസിഡൻറ് ആയ മുൻ ഡെപ്യൂട്ടി പ്രൈംമിനിസ്റ്റർ സർ നിക്ക് ക്ലെഗിൻ വരും ദിവസങ്ങളിൽ പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിശദീകരണങ്ങളുമായി മുന്നോട്ടു വരും എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.