Main News

വോക്കിങ്:  യുകെ മലയാളികളെ വിട്ടൊഴിയാതെ മലയാളി മരണങ്ങൾ.  വോക്കിങ്ങിൽ കുടുംബസമേതം താമസിച്ചിരുന്ന ആദ്യയകാല മലയാളികളിൽ ഒരാളായ വിജയന്റെ (63) ആകസ്മിത മരണം അൽപം മുൻപ് സംഭവിച്ചത്. ഭാര്യ ലളിത,  കവിത, വിചിത എന്നിവർ മക്കളും രമിത് മരുമകനുമാണ്. പയ്യന്നൂർ കുഞ്ഞിമംഗലം ആണ് പരേതന്റെ സ്വദേശം.

വോക്കിങ്ങിൽ ഉള്ള ചെന്നെ ദോശ റെസ്റ്റോറന്റിൽ ഷെഫായിട്ടാണ് ജോലി ചെയ്‌തിരുന്നത്‌. മൂന്ന് ദിവസം മുൻപ് ജോലി ചെയ്തുകൊണ്ടിരിക്കെ അനുഭവപ്പെട്ട നെഞ്ചുവേദനയെത്തുടന്ന് ആശുപത്രിയിൽ പരിശോധനക്കായി പോയതായിരുന്നു വിജയൻ. ആശുപത്രിയിൽ വച്ച് സ്ട്രോക്ക് ഉണ്ടാവുകയും ചെയ്‌തു. ആരോഗ്യ നില വഷളായതോടെ എയർ ആംബുലസിൽ ലണ്ടൻ കിങ്‌സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വെന്റിലേറ്ററിൽ ആയിരുന്ന വിജയൻറെ അതിജീവനത്തിന് ഉതകുന്ന തരത്തിൽ പുരോഗതി ലഭിച്ചില്ല. തുടന്ന് കുടുംബാംഗങ്ങളോട് സംസാരിച്ച ശേഷം വെന്റിലേറ്ററിൽ നിന്നും മാറ്റി മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഈ മാസം ഏഴാം തിയതി നാട്ടിൽ പോകാനിരിക്കെയാണ് മരണം വിജയനെ കുടുംബത്തിൽ നിന്നും എന്നന്നേക്കുമായി  വേർപെടുത്തിയത്. ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന രണ്ടാമത്തെ മകളുടെ വിവാഹത്തിനായി തിരക്കിട്ട കാര്യങ്ങൾ ക്രമീകരിച്ചുകൊണ്ടിരുന്ന ഈ കുടുംബനാഥന്റെ മരണം ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറത്താണ്. എല്ലാവരോടും സ്നേഹത്തോടെ സംസാരിച്ചു നടന്ന വിജയൻറെ മരണം സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിശ്വസിക്കാനാവുന്നില്ല.

സംസ്ക്കാരം സംബന്ധിച്ച വിവരങ്ങൾ ഒന്നും തീരുമാനിച്ചിട്ടില്ല. വിജയൻറെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ ആദരാഞ്ജലികൾ അർപ്പിക്കുന്നതിനൊപ്പം ബന്ധുക്കളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

18 വയസ്സുവരെ ഇംഗ്ലണ്ടിലെ എല്ലാ കുട്ടികളും ഏതെങ്കിലും തരത്തിൽ കണക്ക് പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പദ്ധതികളുമായി പ്രധാനമന്ത്രി ഋഷി സുനക്. ഡാറ്റയും സ്ഥിതിവിവരക്കണക്കുകളും എല്ലാ ജോലികൾക്കും അടിസ്ഥാനമായി നിലകൊള്ളുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾക്ക് മുമ്പത്തേക്കാൾ ഉയർന്ന വിശകലന വൈദഗ്ദ്ധ്യം ആവശ്യമാണെന്നുള്ളതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 16 മുതൽ 19 വയസ്സുവരെയുള്ളവരിൽ പകുതി പേർ മാത്രമാണ് നിലവിൽ കണക്കുകൾ പഠിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും സയൻസ് കോഴ്‌സുകൾ ചെയ്യുന്ന വിദ്യാർത്ഥികളും മറ്റുമാണ്. നേരെ മറിച്ച് ഹ്യുമാനിറ്റീസ്, ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിക്കുന്നവർക്ക് കണക്ക് പാഠ്യപദ്ധതിയിൽ ഇല്ല. അതിനാലാണ് കുട്ടികളിൽ കണക്കിനെ പ്രാത്സാഹിപ്പിക്കാൻ ഉതകുന്ന മാർഗങ്ങൾ പ്രധാനമന്ത്രി മുന്നോട്ട് വച്ചിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് ഇത് നടപ്പിലാക്കാൻ കഴിയുമോ എന്ന് വ്യക്തത വന്നിട്ടില്ല .

കണക്ക് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് കൂടാതെ 2023-ലെ തൻെറ ആദ്യ പ്രസംഗത്തിൽ ആരോഗ്യ മേഖലയിൽ ബ്രിട്ടൺ നേരിടുന്ന പ്രതിസന്ധികൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ആയിരിക്കും പ്രധാനമന്ത്രി പറയുക. പണിമുടക്കുകളുടെ നീണ്ട നിരയും ഉയർന്ന ജീവിത ചിലവും എൻ എച്ച് എസിലെ പ്രതിസന്ധിയും ഗവൺമെന്റിന്റെമേൽ ചെലുത്തുന്ന സമ്മർദ്ദം ചില്ലറയല്ല.

പുതിയ ആശയങ്ങൾ പങ്കുവയ്ക്കാനും ജനപ്രീതി വീണ്ടെടുക്കാനും വേണ്ടിയുള്ള വേദിയായാണ് ഋഷി സുനക് ഈ അവസരത്തെ കാണുന്നത്. എൻഎച്ച്എസിൽ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രധാനമന്ത്രി തന്നെ കളത്തിലിറങ്ങുമെന്ന് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. ആംബുലൻസുകളുടെ ലഭ്യതയിലുള്ള കുറവ്, ആശുപത്രികളിൽ ചികിത്സയ്ക്കായുള്ള നീണ്ട കാത്തിരിപ്പുകൾ എന്നിവയെല്ലാം അദ്ദേഹത്തിൻെറ പ്രസംഗത്തിൽ പരാമർശിക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. അതേസമയം സർക്കാരിൽ നിന്ന് എൻ എച്ച് എസിന് ആവശ്യമായ തുക ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. എന്നാൽ അത്യാഹിത വിഭാഗത്തിലുള്ള ജീവനക്കാരുടെ കുറവിനേയും മറ്റും നികത്താൻ സുനക് യാതൊരു വിധ നടപടികളും സ്വീകരിക്കുന്നില്ല എന്നുള്ള ആരോപണം പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ചിട്ടുണ്ട്.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കഴിഞ്ഞ കുറെ നാളുകളായി രാജ്യത്തെ പൊതു ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ് എൻ എച്ച് എസ്. അടിയന്തര ചികിത്സയ്ക്ക് ആയിട്ടുള്ള രോഗികളുടെ കാത്തിരിപ്പ് സമയം കൂടുന്നത് നിത്യേന എന്നവണ്ണം മാധ്യമങ്ങളിൽ തലക്കെട്ട് സൃഷ്ടിക്കുന്നുണ്ട്. എൻഎച്ച്എസ്സിന്റെ സ്ഥിതി വഷളാകുന്നതിൽ നല്ല രീതിയിൽ സർക്കാരും പഴി കേൾക്കുന്നുണ്ട്.

പനിയും കോവിഡും എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചുവെന്ന് ആരോഗ്യ സെക്രട്ടറി സ്റ്റീവ് ബാർക്ലേ മാധ്യമങ്ങളോട് തുറന്നു സമ്മതിച്ചു. ചികിത്സ ആവശ്യമുള്ളവർക്ക് അടിയന്തര സേവനം ലഭിക്കുന്നതിനായി സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കോവിഡും പനിയും മാത്രമല്ല ജീവനക്കാരുടെ അഭാവവും പ്രതിസന്ധിക്ക് കാരണമാണെന്നാണ് എൻഎച്ച്എസിൽ ജോലി ചെയ്യുന്ന മലയാളികൾ അഭിപ്രായപ്പെട്ടത്. ഡിസംബർ 15 – നും 20 – നും നടന്ന നേഴ്സുമാരുടെ സമരങ്ങളും പ്രതിസന്ധിയുടെ ആഴം കൂട്ടിയിട്ടുണ്ട്.

അടിയന്തര വൈദ്യസഹായത്തിനായി 25 മണിക്കൂർ കാത്തിരിക്കേണ്ടി വന്ന ആനെറ്റ് ഫ്യൂറി എന്ന സ്ത്രീ ഒരു യുദ്ധ സിനിമ പോലെയാണെന്നാണ് തന്റെ ആശുപത്രി അനുഭവത്തെ വിശേഷിപ്പിച്ചത്. 13 മണിക്കൂർ ആംബുലൻസിലും 12 മണിക്കൂർ അത്യാഹിത വിഭാഗത്തിലുമാണ് അവർക്ക് കഴിച്ചുകൂട്ടേണ്ടതായി വന്നത് . ആനെറ്റിന്റെ ദുരനുഭവം വൻ പ്രാധാന്യത്തോടെയാണ്ബിബിസി റിപ്പോർട്ട് ചെയ്തത്. തൻറെ 30 വർഷത്തിലെ ജോലിക്കിടയിലെ ഏറ്റവും മോശമായ സാഹചര്യമാണ് നിലവിൽ എൻഎച്ച് എസ് അഭിമുഖീകരിക്കുന്നതെന്ന് കോളേജ് ഓഫ് പാരാമെഡിക്സിലെ റിച്ചാർഡ് വെബ്ബർ അഭിപ്രായപ്പെട്ടു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: വ്യാജ പീഡന പരാതിയുമായി എത്തിയ യുവതി പിടിയിലായി. ഏഷ്യൻ ഗ്രൂമിംഗ് സംഘം ബലാത്സംഗം ചെയ്യുകയും തട്ടിക്കൊണ്ടു പോവുകയും ചെയ്തുവെന്ന് ആരോപിച്ചു രംഗത്ത് വന്ന ബാരോ-ഇൻ-ഫർനെസിലെ എലീനർ വില്യംസ് (22) ആണ് ഒടുവിൽ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. 2020 മെയ് മാസത്തിൽ തന്നെ ഒരുകൂട്ടം ആളുകൾ ചേർന്ന് മർദിച്ചു എന്ന് അവകാശപ്പെട്ടുകൊണ്ട് സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് സംഭവം ആരംഭിക്കുന്നത്.

സോഷ്യൽ മീഡിയ പോസ്റ്റ്‌ വളരെ വേഗം തന്നെ ചർച്ചയായി. ഒരു ലക്ഷത്തിലധികം ആളുകൾ പോസ്റ്റ്‌ ഷെയർ ചെയ്ത് പിന്തുണ അറിയിച്ചു രംഗത്ത് വന്നത് വിഷയത്തെ കൂടുതൽ ഗൗരവമുള്ളതാക്കി മാറ്റി. എലീനറിന്റെ ജന്മനാട്ടിൽ ഇത് പലതരത്തിലുള്ള പ്രതിഷേധ പ്രകടനങ്ങൾക്ക് കാരണമായി. ഒരു സ്ത്രീയെ ഒരുകൂട്ടം ആളുകൾ ചേർന്നു മർദ്ദിക്കുക എന്നത് ഗൗരവമായ പ്രശ്നമാണ്. എന്നാൽ അന്വേഷണങ്ങൾക്ക് ഒടുവിലാണ് കേസിലെ ചതി പുറത്തുവന്നത്. എലീനർ ചുറ്റിക ഉപയോഗിച്ച് സ്വന്തം ശരീരത്തിൽ മർദ്ദനം ഏൽപ്പിക്കുകയായിരുന്നു. പ്രെസ്റ്റൺ ക്രൗൺ കോടതിയിൽ നടന്ന വാദത്തിലായിരുന്നു എലീനറിന്റെ കുറ്റസമ്മതം.

 

സമൂഹമാധ്യമങ്ങളിലൂടെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു സാമൂഹിക ശ്രദ്ധ പിടിച്ചു പറ്റാനാണ് എലീനർ ശ്രമിച്ചതെന്നും, പലരുടെയും പേരിലെ ആരോപണങ്ങളിൽ വസ്തുതയുടെ കണികപോലുമില്ലെന്നും പ്രോസിക്യൂട്ടർ ജൊനാഥൻ സാൻഡിഫോർഡ് കെസി പറഞ്ഞു. തെളിവുകൾക്കായി കൃത്രിമ മെസ്സേജുകൾ നിർമിച്ചിരുന്നു എന്നുള്ള കണ്ടെത്തലാണ് കേസിൽ നിർണായകമായത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ക്യാൻസർ രോഗമാണെന്ന് ഡോക്ടർമാർ തെറ്റായി കണ്ടെത്തിയതിനെ തുടർന്ന് ലിംഗത്തിന്റെ പകുതി നഷ്ടമായെന്ന വെളിപ്പെടുത്തലുമായി പട്ടാളക്കാരൻ രംഗത്ത്. മൂന്ന് പ്രാവശ്യമാണ് ഡോക്ടർമാർ തെറ്റായി ശാസ്ത്രക്രിയ നടത്തിയത്. ചെഷയർ ക്രൂവിലെ ഗാവിൻ ബ്രൂക്‌സാണ്(45) ഡോക്ടർമാരുടെ തെറ്റായ നടപടിമൂലം മരണത്തോട് മല്ലിടുന്ന സാഹചര്യത്തിലായത്. നിലവിലെ അവസ്ഥ മോശമായതിനാൽ ഡോക്ടർമാർ ഗാവിന്റെ ആരോഗ്യം സംബന്ധിച്ച് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

രണ്ട് കുട്ടികളുടെ പിതാവായ ഗാവിൻ, എൻ‌എച്ച്‌എസിലെ കീമോതെറാപ്പി ഫലമില്ലാത്തതിനാൽ മരണത്തോട് മല്ലിട്ട് നിൽക്കുകയാണ്. എല്ലാവിധ പരീക്ഷണങ്ങളുടെ ഒടുവിൽ വിദഗ്ദമായ ചികിത്സയ്ക്ക് വിദേശത്തേക്ക് പോകാൻ ഇപ്പോൾ ശ്രമിക്കുകയാണ്. രോഗത്തെ ചെറുക്കാനും ജീവിതം നിലനിർത്താനുമായി ഏത് ചികിത്സയ്ക്കും വിധേയനാകാൻ തയ്യാറാവുകയാണെന്ന് അദ്ദേഹം പറഞ്ഞു. ആർമി വാറന്റ് ഓഫീസറായ ബ്രൂക്‌സ് 2021 ൽ മൂന്ന് തവണ സൈനിക ഡോക്ടർമാരുടെ അടുത്തേയ്ക്ക് രോഗബാധയെ തുടർന്ന് പോയി.

ആ സമയം ചർമ്മത്തിന്റെ ഇറുകിയ ഭാഗത്ത്‌ വളയവും ലിംഗത്തിന്റെ അഗ്രഭാഗത്ത് മുറിവും അനുഭവപ്പെട്ടിരുന്നു. എന്നാൽ ജനനേന്ദ്രിയ അരിമ്പാറയുണ്ടെന്നാണ് ഡോക്ടർമാർ കരുതിയത്. എന്നാൽ ബ്രൂക്സിനു അത് ഉൾകൊള്ളാൻ പറ്റിയില്ല. അതേസമയം, ലൈക്കൺ സ്ക്ലിറോസസ് ആണെന്നാണ് അദ്ദേഹം വിശ്വസിച്ചത്.

‘ലിംഗത്തിൽ കുരുക്കൾ വന്നു പൊട്ടുന്ന ഒരു അവസ്ഥയാണിത്. ലിംഗത്തിൽ നിറവ്യത്യാസവും കടുപ്പമുള്ളതുമായ ചർമ്മമാണ് ഇതിന്റെ ലക്ഷണം. എന്നാൽ കുരുക്കൾ പൊട്ടുമ്പോൾ രക്തസ്രാവം ഉണ്ടാകുന്നുണ്ടെന്നും, കഠിനമായ വേദനാവസ്ഥയിലൂടെയാണ് കടന്നപോകുന്നതാണ് ഏറ്റവും ഭയാനകം’ ബ്രൂക്സ് കൂട്ടിചേർത്തു. മൂന്നാഴ്ച ഡോക്ടർമാരെ കണ്ടിട്ടും ഫലമൊന്നും ഇല്ലാത്തതിനെ തുടർന്നാണ് വിദഗ്ധ ചികിത്സ തേടിയത്.

ടോം ജോസ് തടിയംപാട് 

മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് കെറ്ററിംഗിൽ ആഴ്ചകൾക്കു മുൻപ് ഭർത്താവിന്റെ ക്രൂരമായ ആക്രമണത്തിൽ കൊല്ലപ്പെട്ട കോട്ടയം വൈക്കം സ്വദേശി അഞ്ജുവിന്റെയും മക്കളായ ജീവ, ജാൻവി എന്നിവരുടെയും മൃതദേഹങ്ങൾ നിയമനടപിടികൾ പൂർത്തിയാക്കി കൊറോണർ ഫ്യൂണറൽ ഡയറക്റ്ററേറ്റിന് കൈമാറിയെന്ന് അടുത്ത ബന്ധുവായി (next of kin )അഞ്ജുവിന്റെ കുടുംബം നിയോഗിക്കപ്പെട്ട അഞ്ജുവിന്റെ സഹപ്രവർത്തകനും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഉപദേശകസമിതി അംഗവുമായ മനോജ് മാത്യു അറിയിച്ചു .

ലിവർപൂൾ ബെർക്കിൻഹെഡിലുള്ള ലോറൻസ് ഫ്യൂണറൽ സർവീസാണ് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത് . ഈ മൂന്ന് മൃതദേഹവും നാട്ടിൽ എത്തിക്കുന്നതിന് 6400 പൗണ്ട്‌ മാത്രമാണ് ചെലവ് വരുന്നതെന്നു മനോജ് അറിയിച്ചു . ഈ ചിലവുകൾ വഹിക്കുന്നത് ബ്രിട്ടനിലെ ഇന്ത്യൻ എംബസിയാണ് .

ഫ്യൂണറൽ ഡയറക്റ്ററേറ്റിന്റെ നടപിടിക്രമങ്ങൾ പൂർത്തീകരിച്ചു ഏതാനും ദിവസങ്ങൾക്കകം മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കും .അഞ്ജു കൊല്ലപ്പെട്ട ദിവസം മുതൽ next of kin ആയ മനോജിന് കാര്യങ്ങൾ ക്രോഡീകരിക്കുന്നതിനുവേണ്ടി എൻ എച്ച് എസ് അവധി അനുവദിക്കുകയും മൃതദേഹത്തെ നാട്ടിലേക്കു അനുഗമിക്കാനും അനുവാദം നൽകിയിട്ടുണ്ട് .

കെറ്ററിംഗ് മലയാളി വെൽഫേയർ അസ്സോസിയേഷൻെറ ( KMWA ) നേതൃത്വത്തിൽ എല്ലാവരും ഒരുമനസോടെ ഈ ദുരന്തത്തിന് പിന്നിൽ അണിനിരന്നുകൊണ്ടു അഞ്ജുവിന്റെ കുടുംബത്തെ സഹായിക്കാൻ ശ്രമിച്ചപ്പോൾ യു കെ മലയാളികളും ബ്രിട്ടീഷ് സമൂഹവും കൂടി 32 ലക്ഷം രൂപയാണ് വളരെ കുറഞ്ഞ സമയം കൊണ്ട് ശേഖരിച്ചത് . ഈ പണം ഏറ്റവും അടുത്ത ദിവസം അഞ്ജുവിന്റെ കുടുംബത്തിനു കൈമാറുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു .

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

കെയർ ഹോമിൽ ആക്രമണത്തിനിരയായി അറുപതുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്‌തു. കൊലപാതകം അന്വേഷിച്ച് വരുന്ന പോലീസ് 44 കാരനായ അന്തേവാസിയെയാണ് കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്‌തത്‌. ഹെയ്‌സിലെ ലാൻസ്‌ബറി ഡ്രൈവിലുള്ള അഡൽറ്റ് കെയർ ഫാസിലിറ്റിയിൽ ജനുവരി 2-ന് രാത്രിയോടെ കൊലപാതക ശ്രമം നടന്നതിനെ തുടർന്നാണ് അധികൃതർ പോലീസിനെ വിളിച്ചത്. ലണ്ടൻ ആംബുലൻസ് സർവീസിലെ ഉദ്യോഗസ്ഥർ ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി ആവശ്യമായ അത്യാഹിത സേവനങ്ങൾ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

ഇയാളുടെ മരണത്തെ തുടർന്ന് കൊലപാതക അന്വേഷണം പുരോഗമിച്ച് വരികയാണെന്ന് മെറ്റ് പോലീസ് അറിയിച്ചു. മരിച്ചയാളുടെ ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ട്. കൊലപാതകി എന്ന് സംശയിക്കുന്ന 44-കാരനെ സംഭവസ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്‌തുവെന്നും ഇയാൾ വെസ്റ്റ് ലണ്ടൻ പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ തുടരുകയാണെന്നും അവർ കൂട്ടിച്ചേർത്തു. അന്വേഷണത്തെ സഹായിക്കുന്ന വിവരങ്ങൾ നൽകുവാൻ 101 എന്ന നമ്പറിലേക്കോ 0800 555 111 എന്ന സ്വതന്ത്ര ചാരിറ്റിയായ ക്രൈംസ്റ്റോപ്പേഴ്‌സിനെയോ ബന്ധപ്പെടാം.

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ബക്കിംഗ്ഹാംഷെയറിലെ ഹോസ്പിറ്റലിൽ ജോലി ചെയുന്ന എൻ എച്ച് എസ് സ്റ്റാഫിനോട് ക്രിസ്മസ് ബോണസ് തിരികെ നൽകാൻ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതായി വാർത്തകൾ പുറത്ത്. കൗണ്ടിയിലെ പ്രധാന ആശുപത്രികളിലൊന്നിൽ ജീവനക്കാരോട് ക്രിസ്മസ് തലേന്ന് പേയ്‌മെന്റ് തിരികെ നൽകണമെന്ന് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നു. അതേസമയം മിൽട്ടൺ കെയിൻസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജീവനക്കാർക്ക് നൈറ്റ്‌ ഷിഫ്റ്റ്‌ ആരംഭിച്ചതിനു ശേഷമാണ് ബോണസ് നൽകാൻ തുടങ്ങിയത്.

ഡിസംബർ മാസം അഞ്ചു മുതൽ 10 വരെ ഷിഫ്റ്റുകൾ അധികമായി ജോലി ചെയ്താൽ 300 പൗണ്ട് വരെ ലഭിക്കുമെന്ന് ചില ജീവനക്കാരോട് ആശുപത്രി അധികൃതർ പറഞ്ഞിരുന്നു. ബോണസിനു അർഹതയില്ലാത്ത ജീവനക്കാർക്ക് ആശുപത്രി അധികൃതർ നൽകിയതായാണ് മറ്റ് ചില ജീവനക്കാർ ആരോപിക്കുന്നത്. ക്ഷുഭിതരായ തൊഴിലാളികൾ മിൽട്ടൺ കെയിൻസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ട്രസ്റ്റിൽ പരാതിപ്പെട്ടു. സംഭവത്തെ തുടർന്ന് ക്ഷമാപണം നടത്തി ആശുപത്രി അധികൃതർ രംഗത്ത് വന്നിട്ടുണ്ട്.

ബോണസിന് നികുതി നൽകേണ്ടതിനാൽ 150 പൗണ്ടിൽ 60 പൗണ്ട് മാത്രമേ ലഭിക്കുകയുള്ളൂ. എന്നാൽ രാജ്യത്ത് ജീവിതച്ചെലവ് പ്രതിസന്ധി അനുദിനം തുടരുമ്പോൾ ബോണസ് തുക മുഴുവനായും തിരികെ നൽകണമെന്ന് അധികൃതർ ആവശ്യപ്പെട്ടതായാണ് പുറത്ത് വരുന്ന വിവരം. മിൽട്ടൺ കെയിൻസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ എൻഎച്ച്എസ് ട്രസ്റ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ജോ ഹാരിസണും കോർപ്പറേറ്റ് അഫയേഴ്‌സ് ഡയറക്ടർ കേറ്റ് ജർമാനും ഖേദം പ്രകടിപ്പിച്ചു രംഗത്ത് വന്നിട്ടുണ്ട്. തെറ്റായ ഒരു നടപടി കാരണം കുറച്ചധികം ആളുകളുടെ ജോലിയെ ബാധിച്ചിട്ടുണ്ടെന്നും, എത്രയും പെട്ടെന്ന് പോരായ്മ പരിഹരിക്കുന്നതെന്നും ജർമാൻ ട്വിറ്ററിൽ പറഞ്ഞു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: യുദ്ധങ്ങൾ എല്ലായ്‌പ്പോഴും സമ്മാനിക്കുന്നത് ആശയറ്റ അനേകായിരം മനുഷ്യജീവിതങ്ങളെയാണ്. ചരിത്രം പരിശോധിച്ചാൽ യുദ്ധത്തിൽ പട്ടാളക്കാർ സ്ത്രീകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാറുണ്ട് എന്നുള്ളതൊരു യഥാർത്ഥ്യമാണ്. റഷ്യ ഉക്രൈയ്നിൽ അധിനിവേശം നടത്തിയ കേവലം പത്ത് മാസത്തിനുള്ളിൽ തന്നെ നൂറുകണക്കിന് സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും ഇത് ഇവരുടെയൊക്കെ പ്രിയപ്പെട്ടവരുടെ കണ്മുൻപിൽ വെച്ചായിരുന്നു എന്നുള്ളതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. 22കാരിയായ ഉക്രൈനിയൻ യുവതിയെ റഷ്യൻ പട്ടാളക്കാർ കൂട്ടബലാത്സംഗം ചെയ്തതും, നാലുവയസ്സുള്ള മകളെ പോലും ലൈംഗികമായി ഉപയോഗിച്ച സംഭവം റിപ്പോർട്ട്‌ ചെയ്തതും ഇതേകാലയളവിലാണ്.

കഴിഞ്ഞ നൂറ്റാണ്ടിൽ മാത്രം ദശലക്ഷകണക്കിന് സ്ത്രീകളാണ് യുദ്ധസമയത്ത് ഇത്തരത്തിൽ ഇരകളാക്കപ്പെട്ടത്. 1992-ൽ ബോസ്നിയയിലും 1994-ൽ റുവാണ്ടയിലും 1937-ൽ ചൈനയിലും നടന്ന ദാരുണമായ സംഭവങ്ങൾ ചില ഉദാഹരണങ്ങൾ മാത്രമാണ്. ഒരു രാജ്യത്തെ വംശീയമായി ഇല്ലാതാക്കാനാണ് ശത്രു രാജ്യങ്ങൾ സ്ത്രീകളെ ലൈംഗിക അതിക്രമത്തിന് വിധേയരാക്കുന്നത്. ഇതിലൂടെ മാനസികമായി രാജ്യത്തിനു മുറിവേൽപ്പിക്കാൻ സാധിക്കും. എന്നാൽ ഈ കണക്കുകൾ പൂർണമല്ല. ജീവിതത്തിൽ ഉണ്ടായ മോശപ്പെട്ട അനുഭവത്തെ കുറിച്ച് പുറത്ത് തുറന്ന് പറയാൻ ഇതിലേറെയും ആളുകൾ മടിക്കുന്നുണ്ട് എന്നുള്ളതാണ് വസ്തുത.

ലോകത്തെ നടുക്കിയ അഞ്ച് സംഭവങ്ങളിൽ സ്ത്രീകളെ എങ്ങനെയൊക്കെ മോശമായി ഉപയോഗിച്ച് എന്നുള്ളതിനെ കുറിച്ച് മെയിൽ ഓൺലൈൻ പുറത്തുവിട്ട വിവരങ്ങൾ ഇങ്ങനെയാണ്..

1. നാൻജിംഗ്, ചൈന (1937)

1937 ലെ രണ്ടാം ചൈന-ജപ്പാൻ യുദ്ധത്തിൽ പട്ടാളക്കാർ ചൈനീസ് നഗരമായ നാൻകിംഗ് പിടിച്ചെടുത്തിട്ട് 85 വർഷങ്ങൾ പിന്നിടുകയാണ്. 1937 ഡിസംബർ 13 നു ആരംഭിച്ച രക്തചൊരിച്ചിലിൽ ഇരയാക്കപ്പെട്ടത് ദശലക്ഷകണക്കിന് സ്ത്രീകളാണ്. ദാരുണമായ സംഭവത്തിൽ 12 വയസിൽ താഴെയുള്ള കുട്ടികൾ വരെയാണ് ബാലത്സംഗം ചെയ്യപ്പെട്ടത്.

2. റുവാണ്ട (1994)

റുവാണ്ടയിൽ 1994 ലുണ്ടായ ദാരുണമായ സംഭവത്തിൽ ഏകദേശം ഒരു ദശലക്ഷംആളുകൾ കൊല്ലപ്പെടുകയും 500,000 അധികം സ്ത്രീകൾ പട്ടാളക്കാരാൽ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്തെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കുട്ടികളും മുതിർന്ന സ്ത്രീകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

3. ബോസ്നിയ (1992)

1992-ൽ ആരംഭിച്ചു മൂന്ന് വർഷം നീണ്ടുനിന്ന ബോസ്നിയൻ യുദ്ധത്തിൽ 50,000 സ്ത്രീകളും പെൺകുട്ടികളും വംശീയ ഉന്മൂലനത്തിന്റെ ഭാഗമായി ലൈംഗികാതിക്രമത്തിന് വിധേയരായി.

4. ജർമ്മനി (1945)

രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാന സമയത്ത് കിഴക്കൻ ജർമ്മനിയിൽ റഷ്യൻ പട്ടാളക്കാർ രണ്ട് ദശലക്ഷം സ്ത്രീകളെയാണ് ബലാൽത്സംഗം ചെയ്തത്. സ്ത്രീകളുടെ നാസി കോൺസെൻട്രേഷൻ ക്യാമ്പായ റാവൻസ്ബ്രൂക്കിൽ എത്തിയ റെഡ് ആർമി പട്ടാളക്കാരാണ് ബലാത്സംഗം ചെയ്‍തത്.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇരുപത്തുനാലുകാരി കാണാതായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഡിസംബർ ആദ്യം കാണാതായ യുവതിയെ കൊലപ്പെടുത്തിയെന്ന സംശയത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്‌. മൗറീൻ ഗിറ്റൗവിനായെ (24) കാണാതായതായി ഡിസംബർ 10-നാണ് റിപ്പോർട്ട് ചെയ്‌തത്‌. ഇതിനു അഞ്ചു ദിവസം മുൻപ് അവരുടെ ലെവിഷാമിലെ ഡെപ്‌ഫോർഡിലെ വീട്ടിലാണ് അവസാനമായി കണ്ടത്. ഇതുവരെയും യുവതിയുടെ ശരീരം കണ്ടെത്താനായിട്ടില്ല .

യുവതിയുമായി പരിചയത്തിലുള്ള 54 കാരനെയാണ് കൊലപാതക സംശയം ഉന്നയിച്ച് പോലീസ് അറസ്റ്റ് ചെയ്‌തത്‌. ഇയാളുടെ അറസ്റ്റ് അന്വേഷണത്തിൽ സുപ്രധാന പങ്ക് വഹിക്കുമെന്ന് ഡിറ്റക്റ്റീവ് ചീഫ് ഇൻസ്‌പെക്ടർ കേറ്റ് ബ്ലാക്ക്ബേൺ പറഞ്ഞു. അറസ്റ്റിനെ കുറിച്ചുള്ള വിവരങ്ങൾ മൗറീൻെറ ബന്ധുക്കളെ അറിയിച്ചുട്ടെണ്ടെന്നും അവർക്ക് എല്ലാത്തരത്തിലുള്ള പിന്തുണയും പോലീസിൽ നിന്ന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്വേഷണത്തിന് സഹായമാകുന്ന വിവരം നൽകാൻ സാധിക്കുന്നവർ 101 -ൽ വിളിച്ച് വിവരം അറിയിക്കണമെന്നും പോലീസ് അറിയിച്ചു.

ബ്രിട്ടനിൽ നിലവിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടി വരികയാണ്. കഴിഞ്ഞ മാസം ബ്രിട്ടനിൽ നേഴ്‌സായി ജോലി ചെയ്തിരുന്ന കണ്ണൂർ സ്വദേശി അഞ്ജുവിൻെറയും രണ്ട് മക്കളുടെയും കൊലപാതകം യുകെ മലയാളികളെ നടുക്കിയ സംഭവങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിൽ 16-നും 74-നും ഇടയിൽ പ്രായമുള്ള 1.6 ദശലക്ഷം സ്ത്രീകളാണ് ഗാർഹിക പീഡനത്തിന് ഇരയായിരിക്കുന്നത്.

RECENT POSTS
Copyright © . All rights reserved