Main News

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

എൻഎച്ച്എസിൽ അടിയന്തര ചികിത്സാ സഹായം വേണ്ട രോഗികൾ കാത്തിരിക്കേണ്ടി വരുന്നതായുള്ള വാർത്തകൾ പുതിയതല്ല. എന്നാൽ നിലവിൽ എൻഎച്ച്എസിൽ കാത്തിരിക്കുന്ന രോഗികളുടെ എണ്ണം സർവകാല റെക്കോർഡിൽ എത്തിയിരിക്കുന്നതായുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരം എൻഎച്ച്എസിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 7.2 ദശലക്ഷമാണ്. ഇത് എൻഎച്ച്എസ്സിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണ്. നവംബർ, ഡിസംബർ മാസങ്ങൾ കൂടി പരിഗണിക്കുമ്പോൾ ഈ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.

കോവിഡും ജീവനക്കാരുടെ അഭാവവുമാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2020 മാർച്ചിൽ കോവിഡ് മഹാമാരി പിടിമുറുക്കുന്നതിന് മുമ്പുള്ള കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നിലവിലെ സംഖ്യ മൂന്നിൽ രണ്ട് കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡിന്റെ പുതിയ വകഭേദങ്ങൾ രാജ്യത്ത് പിടിമുറുക്കുകയാണെങ്കിൽ എൻഎച്ച്എസ് നേരിടുന്ന പ്രതിസന്ധി വീണ്ടും ഉയരാനാണ് സാധ്യത.

എൻഎച്ച്എസിലെ പ്രശ്നങ്ങൾ പ്രധാനമന്ത്രി റിഷി സുനകിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എൻഎച്ച്എസിന്റെ ചികിത്സ കിട്ടാത്തത് മൂലം ഓരോ ആഴ്ചയിലും 500 രോഗികൾ എങ്കിലും മരിക്കുന്ന സാഹചര്യമാണ് ഉള്ളതെന്നാണ് വിദഗ്ധഭിപ്രായം. ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ് എൻഎച്ച്എസ് നേരിടുന്നതെന്ന് സൊസൈറ്റി ഫോർ അക്യൂട്ട് മെഡിസിന്റെ പ്രസിഡൻറ് ഡോക്ടർ ടിം കുക്ക്സ്ലി പറഞ്ഞു. നിലവിലെ സാഹചര്യം കോവിഡ് മഹാമാരി അതിന്‍റെ മൂര്‍ദ്ധന്യത്തിൽ നിന്നതിനേക്കാൾ കടുത്തതാണെന്നാണ് ഡോക്ടർ അഭിപ്രായപ്പെട്ടത്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഓൾഡ്ഹാമിലെ കെയർ ഹോമിൽ വെച്ച് മുതിർന്ന വനിതാ പീഡിപ്പിക്കപ്പെട്ടതായി പരാതി. ഇന്നലെ പുലർച്ചെയാണ് സംഭവം. ഓൾഡ്‌ഹാമിലെ പരിസരത്ത് അജ്ഞാതനായ ഒരാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസിനെ വിവരം അറിയിച്ചപ്പോഴാണ് സംഭവം പുറത്ത് വന്നത്. ഗുരുതരമായി ലൈംഗിക അതിക്രമത്തിന് വിധേയയായ വൃദ്ധയെ പോലീസെത്തി ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ 21 വയസുകാരനായ യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യൽ തുടരുകയാണ്. കെയർ ഹോമിലെ മറ്റ് അന്തേവാസികൾ എല്ലാവരും സുരക്ഷിതരാണെന്നും, സന്ദർശനം താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും, കെയർ ഹോമിലെ അന്തേവാസികളുടെ സുരക്ഷ മുഖ്യമാണെന്നും പോലീസ് ഉദ്യോഗസ്ഥനായ സപ്റ്റ് ഫിലിപ്പ് ഹച്ചിൻസൺ കൂട്ടിച്ചേർത്തു.

ഗര്‍ഭിണി ആയതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ട യുവതിയ്ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി. ഇംഗ്ലണ്ടിലെ എസെക്സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഐഎസ് സര്‍വ്വീസില്‍ ജോലി ചെയ്യുന്ന 34 കാരിക്കാണ് സ്ഥാപനത്തില്‍ നിന്നും ദുരനുഭവം ഉണ്ടായത്.

2021 മെയ് മാസത്തിലാണ് യുവതി ജോലിയില്‍ പ്രവേശിച്ചത്. വൈകാതെ തന്നെ യുവതി ഗര്‍ഭിണിയാവുകയായിരുന്നു. ജോലിയില്‍ പ്രവേശിച്ചതിന് പിന്നാലെ ഗര്‍ഭിണിയായി എന്ന് ആരോപിച്ചാണ് സ്ഥാപന മേധാവികള്‍ യുവതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്.

എന്നാല്‍ കുഞ്ഞിനെ യുവതിയ്ക്ക് ഉദരത്തില്‍ വെച്ചുതന്നെ നഷ്ടമായി. ഇതിന് പിന്നാലെ യുവതിയുടെ പങ്കാളിയും അവരെ ഉപേക്ഷിച്ചു. ഇതോടെ ആകെ തളര്‍ന്ന് പോയ യുവതി പിരിച്ചുവിട്ട സ്ഥാപന മേധാവികള്‍ക്കെതിരെ കോടതിയില്‍ പരാതി സമര്‍പ്പിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച കോടതി യുവതിയ്ക്ക് നഷ്ടുപരിഹാരമായി 15 ലക്ഷം രൂപ നല്‍കാന്‍ വിധിക്കുകയായിരുന്നു

മുന്‍പ് നിരവധി തവണ തനിക്ക് ഗര്‍ഭഛിദ്രം സംഭവിച്ചതിനാല്‍ ഗര്‍ഭാവസ്ഥയിലുള്ള തന്റെ കുഞ്ഞിന്റെ സുരക്ഷയെ മുന്‍ നിര്‍ത്തി യുവതി ജോലിചെയ്തിരുന്ന സ്ഥാപന മേധാവികളെ തന്റെ ആരോഗ്യ അവസ്ഥ അറിയിച്ചിരുന്നു. എന്നാല്‍ യുവതിയുടെ ആവശ്യം അധികാരികള്‍ നിഷേധിക്കുകയായിരുന്നു.

ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞപ്പോള്‍ അധികാരികള്‍ തന്നെ ശകാരിച്ചതായും സ്ത്രീയും അമ്മയുമായ സ്ഥാപന മേധാവി യുവതിയെ കഴിവുകെട്ടവളെന്നും ഒന്നിനും കൊള്ളത്തവളുമായി ചിത്രീകരിച്ചെന്നും യുവതി പറഞ്ഞു. പ്രസവാവധി നല്‍കില്ലെന്നും അതിനുള്ള അര്‍ഹത യുവതിയ്ക്ക് ഇല്ലെന്നുമാണ് സ്ഥാപന മേധാവി പറഞ്ഞതെന്ന് യുവതി വ്യക്തമാക്കി.

ഗര്‍ഭിണി ആയതിന് ശേഷവും കമ്പനിയില്‍ ജീവനക്കാരിയായി നിലനിര്‍ത്തുന്നത് വഴി കമ്പനിയ്ക്ക് പ്രത്യേക ഗുണങ്ങള്‍ ഒന്നുമില്ലെന്നായിരുന്നു കമ്പനിയുടെ വാദം. എന്നാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് അറിയിച്ച് സ്ഥാപനത്തിന്റെ എച്ച് ആര്‍ മേധാവികള്‍ക്ക് ഇ-മെയില്‍ അയച്ചിരുന്നെങ്കിലും അധികാരികള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: കോവിഡ് മഹാമാരിയ്ക്ക് ശേഷം ആദ്യമായി കരിമരുന്ന് പ്രയോഗം നടത്തി യുകെ പുതുവർഷത്തെ വരവേറ്റു. മഴയും മഞ്ഞും കാരണം കാലാവസ്ഥ മോശമായിരുന്നെങ്കിലും ജനങ്ങൾ 2023 നെ വരവേൽക്കാൻ തെരുവുകളിലിറങ്ങി. ലണ്ടനിൽ നടത്തിയ കരിമരുന്ന് പ്രയോഗം അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദര സൂചകമായിരുന്നു. ആഹ്ളാദ പാർട്ടിയിൽ 100,000-ത്തിലധികം ആളുകൾ പങ്കെടുത്തു. അതേസമയം എഡിൻബർഗിലെ ലോകപ്രശസ്തമായ ഹോഗ്മാനേ തെരുവിൽ നടന്ന പാർട്ടിയിലും വൻ പങ്കാളിത്തമായിരുന്നു.

2019 ന് ശേഷം ലണ്ടനിൽ നടന്ന ന്യൂ ഇയർ പാർട്ടിയിൽ വൻ ജനാവലിയാണ് ഒത്തുകൂടിയത്. തേംസ് എംബാങ്ക്‌മെന്റിൽ 12 മിനിട്ടാണ് വെടിക്കെട്ട് നടന്നത്. പ്രസ്തുതപരിപാടിയെ യുകെയിലെ ഏറ്റവും വലിയ ഒത്തുകൂടൽ എന്നാണ് മേയർ സാദിഖ് ഖാൻ വിശേഷിപ്പിച്ചത്. ബിഗ് ബെന്നിൽ മണിനാദം മുഴങ്ങിയപ്പോഴാണ് പരിപാടികൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. പല നിറങ്ങളാൽ വർണശബളമായ കരിമരുന്ന് പ്രയോഗം ജനത്തെ ആനന്ദത്തിൽ ആറാടിക്കുകയായിരുന്നു.

എലിസബത്ത് രാജ്ഞിയുടെ ഓർമ്മകൾ പുതുക്കുന്നത് ആയിരുന്നു വിവിധ പരിപാടികൾ. സംഗീതവും, രാജ്ഞിയുടെ ശബ്ദ റെക്കോർഡിംഗും ഡാം ജൂഡി ഡെഞ്ചിന്റെ വാക്കുകളും പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. ഗേ ലിബറേഷൻ ഫ്രണ്ടിൽ നേതൃസ്ഥാനീയാനായ പീറ്റർ ടാച്ചലിന്റെ സന്ദേശത്തോടൊപ്പം വെമ്പ്ലിയിലെ ഐതിഹാസിക ഫുട്ബോൾ വിജയവും ആഘോഷിച്ചു. റഷ്യൻ അധിനിവേശത്തിൽ തകർന്ന ഉക്രൈനു പിന്തുണയായി നീലയും മഞ്ഞയും നിറത്തിൽ പടക്കങ്ങൾ പൊട്ടിച്ചതും പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഇന്നലെ കാലം ചെയ്ത ബനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ ഭൗതിക ശരീരം നാളെ തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പൊതുദർശനത്തിന് വയ്ക്കും. അദ്ധ്യാത്‌മിക വിശുദ്ധിയുടെയും ദൈവശാസ്ത്രത്തിന്റെയും വിളനിലമായിരുന്ന ബനഡിക്ട് പതിനാറാമൻ മാർപാപ്പ കത്തോലിക്കാ സഭയുടെ 265-ാം മാർപാപ്പയായിരുന്നു. 2005 ഏപ്രിൽ 19 -നാണ് ജർമ്മൻകാരനായ കർദ്ധിനാൾ ജോസഫ് റാറ്റ്സിങ്ങർ ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ പിൻഗാമിയായി കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായത് .

കേരള കത്തോലിക്കാ സഭയുടെ വളർച്ചയിൽ ഏറ്റവും താങ്ങായി നിന്ന ആളാണ് ബനഡിക്ട് പതിനാറാമൻ മാർപാപ്പ. ഭാരത കത്തോലിക്കാ സഭയിലെ ആദ്യ വിശുദ്ധയായി സിസ്റ്റർ അൽഫോൻസാമ്മയെ പ്രഖ്യാപിച്ചത് ബനഡിക്ട് പാപ്പയാണ്. മേജർ ആർച്ച് ബിഷപ്പുമാരായ മാർ ജോർജ് ആലഞ്ചേരിയേയും മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്കാ ബാവയേയും കർദിനാൾ പദവി നൽകിയത് ബനഡിക്ട് പാപ്പയുടെ കാലഘട്ടത്തിലാണ്. കെസിബിസി അധ്യക്ഷൻ കർദിനാൾ മാർ ബസോലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ കേരള കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് പാപ്പയുടെ സംസ്കാര ശുശ്രൂഷകളിൽ പങ്കെടുക്കും.

എല്ലാ ലോക രാഷ്ട്രങ്ങളുമായി സൗമ്യമായ ബന്ധം സഭയ്ക്കും വത്തിക്കാനും ഉണ്ടാക്കിയെടുക്കുന്നതിൽ പാപ്പ വഹിച്ച പങ്ക് നിസ്തുലമാണ്. ക്യൂബയടക്കമുള്ള രാജ്യങ്ങളിൽ തൻറെ അനാരോഗ്യം വകവയ്ക്കാതെ നടത്തിയ സന്ദർശനം വളരെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 600 വർഷത്തിനിടെ സ്ഥാന ത്യാഗം ചെയ്ത ആദ്യ മാർപാപ്പയായ ബനഡിക്ട് പതിനാറാമൻ എപ്പോഴും കർമ്മനിരതനായിരുന്നു. സഭയിൽ ഒട്ടേറെ പുരോഗമന നടപടികൾക്ക് തുടക്കമിട്ട പാപ്പ 65 ദൈവശാസ്ത്ര ഗ്രന്ഥങ്ങളാണ് രചിച്ചത്.

ബനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്ക് മലയാളം യുകെ ന്യൂസിന്റെ ഹൃദയാഞ്ജലി

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ചാൾസ് രാജാവിന്റെ കിരീടധാരണം ഭരണഘടനാ പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ചിലരുടെ വാദങ്ങളിൽ വിവാദം പുകയുന്നു. രാജാവ് വിവാഹ മോചിതനാണെന്നും തൽസ്ഥാനത്ത് തുടരാൻ കഴിയില്ലെന്നുമാണ് ഒരുകൂട്ടം ആളുകൾ ചൂണ്ടിക്കാട്ടിയത്. വെള്ളിയാഴ്ചയാണ് പ്രസ്തുത വിഷയത്തെ ചുറ്റിപറ്റിയുള്ള ചർച്ചകൾക്ക് തുടക്കമിട്ടത്. രാജാവിന്റെ ജീവചരിത്രം എഴുതിയ ആന്റണി ഹോൾഡൻ, കിരീടധാരണം അസാധുവാകാൻ സാധ്യതയുണ്ടെന്ന് വാദിച്ച് ദി ഗാർഡിയൻ പത്രത്തിന് ഒരു കത്ത് അയച്ചിരുന്നു.

വിവാഹമോചിതനും അഡൾട്ടറി കുറ്റങ്ങൾ ഏറ്റുപറയുകയും ചെയ്ത ഒരാൾ രാജാവായി തുടരുന്നത് ഉചിതമാണോ എന്നും, ചർച്ച് ഓഫ് ഇംഗ്ലണ്ട് ഇതിനു മുൻപ് ഇങ്ങനെയൊരു നടപടി കൈകൊണ്ടിട്ടില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കട്ടി. കാലം ചെയ്ത കാന്റർബറിയിലെ മുൻ ആർച്ച് ബിഷപ്പ് ഇതിനെ കുറിച്ച് തന്നോട് സംസാരിച്ചെന്നും കിരീടധാരണം പുനഃപരിശോധിക്കണമെന്നും ഹോൾഡൻ വാദിക്കുന്നുണ്ട്. ഇതിനു മുൻപ് 2002ൽ ഫ്ലാഗ്-വേവറിൽ നിന്ന് റിപ്പബ്ലിക്കനിലേക്ക് എന്ന പേരിൽ അദ്ദേഹം ഒരു ലേഖനം എഴുതിയിരുന്നു. ഇതാണ് ഇങ്ങനെയൊരു ആരോപണത്തിലേക്ക് അദ്ദേഹത്തെ നയിച്ചതെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഹോൾഡന്റെ ആരോപണങ്ങളിൽ വസ്തുതയുടെ കണിക പോലുമില്ലെന്നാണ് ജീവചരിത്രക്കാരൻ ഹ്യൂഗോ വിക്കേഴ്സ് പറഞ്ഞു. രാജാവിനോട് വർഷങ്ങളായി നിലനിൽക്കുന്ന പക മാത്രമാണ് ആരോപണങ്ങളായി അദ്ദേഹം ഉന്നയിക്കുന്നതെന്നും വിക്കേഴ്സ് പറഞ്ഞു. ആരോപണങ്ങൾ ഉന്നയിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും അത് സാധൂകരിക്കാനുള്ള തെളിവുകളാണ് ആവശ്യമെന്നും നിരീക്ഷകർ പറയുന്നു. 1980 മുതൽ 1991 വരെ ആർച്ച് ബിഷപ്പായിരുന്നപ്പോൾ റോബർട്ട് റൺസി നടത്തിയ സ്വകാര്യ സംഭാഷണത്തെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയില്ലെന്നും വിദഗ്ധർ വ്യക്തമാക്കി

ബെനഡിക്റ്റ് പതിനാറാമാന്‍ മാര്‍പാപ്പ അന്തരിച്ചു. 95 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ 9.34 ഓടെ വത്തിക്കാനിലെ മാറ്റെര്‍ എസ്‌ക്ലേഷ്യ ആശ്രമത്തില്‍ വച്ചായിരുന്നു അന്ത്യം. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005 -ലാണ് സ്ഥാനമേല്‍ക്കുന്നത്. അനാരോഗ്യംമൂലം 2013 -ല്‍ സ്ഥാന ത്യാഗം ചെയ്തു. തുടര്‍ന്ന് പോപ്പ് എമിരെറ്റിസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ആറ് നൂറ്റാണ്ടുകള്‍ക്കുള്ളില്‍ സ്ഥാന ത്യാഗം ചെയ്യുന്ന ആദ്യ മാര്‍പാപ്പയാണ് അദ്ദേഹം.

ബാവേറിയയിൽ നിന്നും ആഗോള കത്തോലിക്കാ സഭയുടെ മേലധ്യക്ഷ പദവിയിലേക്ക്..

ജോസഫ്‌ റാറ്റ്‌സിംഗർ എന്നാണ് യഥാർത്ഥ പേര്. 1927 ഏപ്രിൽ 16 നു ജർമനിയിലെ ബാവേറിയയിലാണ് മാർപ്പാപ്പ ജനിച്ചത്. 2005 – 2013 വരെയുള്ള കാലയളവിൽ മാർപ്പാപ്പയായിരുന്ന ഇദ്ദേഹം 2013 ഫെബ്രുവരി 28-ന് തൽസ്ഥാനത്തു നിന്നും രാജിവച്ചു. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷ പദവിയിൽ നിന്നും 600 വർഷങ്ങൾക്ക് ശേഷമാണ് ഒരു മാർപ്പാപ്പ സ്ഥാനത്യാഗം ചെയ്യുന്നത്. അനാരോഗ്യം മുഖ്യ കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി തലസ്ഥാനത്ത് നിന്നും മാറിയത് സഭാ മേലധ്യക്ഷൻമാർക്കിടയിൽ പുതിയൊരു മാതൃകയായിരുന്നു. ഇതിനു മുൻപ് 1415 ൽ ഗ്രിഗറി പന്ത്രണ്ടാമൻ മാർപ്പാപ്പയാണ് സ്ഥാനത്യാഗം ചെയ്തിട്ടുള്ളത്.

2005 ഏപ്രിൽ 19നു നടന്ന പേപ്പൽ കോൺക്ലേവിൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം ഏപ്രിൽ 25 -ന് മാർപ്പാപ്പയെന്ന നിലയിൽ ആദ്യ ദിവ്യബലി അർപ്പിച്ചു. അതേ വർഷം തന്നെ മേയ്‌ 7 -ന്‌ ഔദ്യോഗികമായി ചുമതലയേറ്റു. ബെനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പയ്ക്ക് ജർമ്മൻ, വത്തിക്കാൻ പൗരത്വങ്ങളുണ്ട്. 29 ജൂൺ 1951 നു വൈദീക പട്ടം ലഭിച്ച അദ്ദേഹം, 28 മേയ് 1977 ൽ മെത്രാൻ സ്ഥാനത്തും 27 ജൂൺ 1977ൽ തന്നെ കർദിനാൾ സ്ഥാനത്തും എത്തി.

നഷ്ടമായത് മികച്ച വാഗ്മിയെയും എഴുത്തുകാരനെയും..

ആധുനിക കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ദൈവശാസ്ത്രജ്ഞരിലൊരാളും മികച്ച എഴുത്തുകാരനുമായ ഇദ്ദേഹം സഭയുടെ പരമ്പരാഗത പ്രബോധനങ്ങളിലും മൂല്യങ്ങളിലും അടിയുറച്ച് പ്രവർത്തിക്കുന്നതിനാൽ കടുത്ത യാഥാസ്ഥിതികനെന്നാണ് വിമർശകർ ചിത്രീകരിക്കുന്നത്. ജോൺ പോൾ രണ്ടാമൻറെ അടുത്ത സഹായിയായിരുന്ന കർദ്ദിനാൾ റാറ്റ്‌സിംഗർ, മാർപ്പാപ്പയാകുന്നതിനു മുൻപ്‌ ജർമനിയിലെ വിവിധ സർവകലാശാലകളിൽ അധ്യാപകൻ, രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ദൈവശാസ്ത്ര ഉപദേഷ്ടകൻ, മ്യൂണിക് ആൻറ് ഫ്രെയ്സിംഗ് അതിരൂപതാ മെത്രാപ്പോലീത്ത, കർദ്ദിനാൾ, വിശ്വാസ തിരുസംഘത്തിൻറെ തലവൻ, കർദ്ദിനാൾ സംഘത്തിൻറെ ഡീൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. എഴുപത്തെട്ടാം വയസിൽ മാർപ്പാപ്പയായ ബെനെഡ്കിറ്റ് പതിനാറാമൻ ക്ലമൻറ് പന്ത്രണ്ടാമനു(1724-1730)ശേഷം ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തി, ജർമ്മനിയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഒൻപതാമത്തെ മാർപ്പാപ്പ തുടങ്ങിയ സവിശേഷതകളുമുണ്ട്. ജർമ്മൻ, ഇറ്റാലിയൻ, ഫ്രഞ്ച്‌, ഇംഗ്ലീഷ്‌, സ്പാനിഷ്‌, ലത്തീൻ, ഗ്രീക്ക്‌, ഹീബ്രു ഭാഷകൾ വശമുള്ള മാർപ്പാപ്പ പിയാനോ സംഗീതത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്‌.

ഒരേസമയം കയ്യടിയും വിമർശനവും നേരിട്ട അതുല്യ നേതൃപാടവം..

കാലഘട്ടത്തിൻറെ വെല്ലുവിളികൾ നേരിടാൻ അടിസ്ഥാന ക്രൈസ്തവ മൂല്യങ്ങളിലേക്കും പ്രാർത്ഥനയുടെ പാതയിലേക്കും തിരിച്ചുവരണമെന്നാണ് സഭാ തലവനെന്ന നിലയിൽ ആദ്യ വർഷങ്ങളിൽ അദ്ദേഹം കത്തോലിക്കാ സമൂഹത്തെ ഉദ്ബോധിപ്പിച്ചത്. ഒരേസമയം വലിയ സ്വീകാര്യതയും വിമർശനവും ഇതിനെ തുടർന്ന് ഒരുപോലെ ഉയർന്നു വന്നു. ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്‌ കൂടിയാണ് ബെൻഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ. ക്രിസ്തീയതയ്ക്ക്‌ ഒരു ആമുഖം എന്ന പേരിൽ 1968ൽ പ്രസിദ്ധീകരിച്ച പ്രഭാഷണ സമാഹാരം ഏറെ ശ്രദ്ധേയമാണ്‌. ദൈവശാസ്‌ത്രത്തിൽ വിശദമായ പഠനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഏറെ വിലപ്പെട്ട രേഖകളാണ്‌ ബനഡിക്‌ട്‌ പതിനാറാമൻ മാർപ്പാപ്പയുടെ രചനകൾ ഏറെയും.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: ഭാവി ജീവിതം കെട്ടിപ്പടുക്കാൻ യുകെയിലേക്ക് ചേക്കേറിയ മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ആശ്വാസവുമായി നിർണായക പ്രഖ്യാപനം. പഠനത്തിന് ശേഷം ജോലി എന്ന എല്ലാവരുടെയും സ്വപ്നത്തിനു നിറം പകരുന്നതാണ് പുതിയ തീരുമാനം. യുകെയിലേയ്ക്ക് പഠിക്കാനെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസയിൽ നിന്ന് ഇനി തൊഴിൽ വിസയിലേക്ക് ബിരുദം ഇല്ലാതെ തന്നെ മാറാൻ കഴിയും. തൊഴിൽ നൈപുണ്യത്തിന് മുഖ്യ പരിഗണന നൽകുന്നതിന്റെ ഭാഗമായാണ് പുതിയ ചുവട് വെപ്പ്.

രാജ്യത്ത് തൊഴിലെടുത്തു മുൻപോട്ട് പോകാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ യുകെ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് വിസ ആൻഡ് ഇമിഗ്രേഷൻ സ്പെഷ്യലിസ്റ്റായ എ വൈ & ജെ സോളിസിറ്റേഴ്സിലെ ഡയറക്ടർ യാഷ് ദുബൽ പറഞ്ഞു. നേരത്തെ ജോലിക്ക് ബിരുദം നിർബന്ധമായിരുന്നു. എന്നാൽ ഈ നിബന്ധനയിലാണ് കാതലായ മാറ്റം ഉണ്ടായിരിക്കുന്നത് .

സ്കിൽഡ് വർക്കർ വിസ സിസ്റ്റത്തിൽ വരുത്തിയ പുതിയ മാറ്റങ്ങൾ മൂലം ജോലിക്ക് അപേക്ഷിക്കുന്നവർക്ക് അതിനായി വേണ്ട ഡിഗ്രി തലത്തിലുള്ള യോഗ്യതയുടെ ആവശ്യമില്ല. അംഗീകൃത തൊഴിലുടമയിൽ നിന്ന് ജോലി വാഗ്ദാനം ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് തങ്ങളുടെ സ്റ്റുഡൻസ് വിസയിൽ നിന്ന് സ്കിൽഡ് വർക്കർ വിസയിലേക്ക് മാറാൻ അപേക്ഷിക്കാം. ഹോം ഓഫീസ് അംഗീകരിച്ച തൊഴിലുടമയിൽ നിന്ന് ജോലി ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് ബിരുദം പൂർത്തിയാക്കാതെ തന്നെ ജോലിയിലേക്ക് പ്രവേശിക്കാം .

അഭ്യസ്ത വിദ്യരെക്കാൾ തൊഴിൽ നൈപുണ്യമുള്ള തൊഴിലാളികളെയാണ് രാജ്യത്തിന് ആവശ്യമെന്നും അവരുടെ സേവനമാണ് രാഷ്ട്രത്തെ പുരോഗതിയിലേക്ക് നയിക്കുന്നതെന്നും ദുബൽ പറഞ്ഞു.
ബ്രിട്ടീഷ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 2022 ജൂൺ മാസം വരെ രാജ്യത്തേക്ക് കുടിയേറിയവരുടെ എണ്ണം 504,000 ആണ് . ഇതിൽ നല്ലൊരു ശതമാനവും പഠനവശ്യത്തിനായി എത്തുന്ന വിദ്യാർത്ഥികളാണ്

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: റഷ്യൻ അധിനിവേശത്താൽ തകർന്നടിഞ്ഞ ഉക്രേനിയൻ അഭയാർത്ഥികൾക്കായി 200,000 പൗണ്ട് സമാഹരിച്ച നാനി ടു ദി സ്റ്റാർസ് താരങ്ങളെ ബ്രിട്ടൻ അനുമോദിച്ചു. യുദ്ധത്തിൽ നിന്ന് പലായനം ചെയ്യുന്ന കുടുംബങ്ങൾക്കായി 500 പൗണ്ട് സമാഹരിക്കാൻ 37 കാരിയായ ലൂയന്ന ഹുഡ് സോഷ്യൽ മീഡിയയിൽ നടത്തിയ ചെറിയൊരു ശ്രമമാണ് വലിയ വിജയം കണ്ടിരിക്കുന്നത്. സംഭാവനകൾ കൂടിയപ്പോൾ അത് കൈകാര്യം ചെയ്യാൻ 40 വോളണ്ടിയർമാരെയും തയ്യാറാക്കി.

സാമൂഹിക രംഗത്ത് ലൂയന്ന ഹുഡ് നടത്തുന്ന ഇടപെടലുകളുടെ ഭാഗമായി ബ്രിട്ടീഷ് എംപയർ മെഡൽ ലഭിച്ചു. ഫോക്കിലെ ന്യൂമാർക്കറ്റാണ് ഹൂഡിന്റെ സ്വദേശം. ആളുകൾ അവരുടെ വീടുകൾ വിട്ടുപോകാൻ പറയുന്നൊരു അവസ്ഥ എത്ര ഹൃദയഭേദകമാണെന്നാണ് ഹൂഡ് പറയുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ പലരുടെയും ഹൃദയം തുറന്നുള്ള സമീപനമായിരുന്നു കാണാൻ സാധിച്ചത്. അവരെ ആരെയും മറക്കാൻ സാധ്യമല്ലെന്നും ഹൂഡ് കൂട്ടിച്ചേർത്തു.

അതേസമയം,മോസ്‌കോയിലെയും കീവിലെയും ബ്രിട്ടീഷ് അംബാസഡർമാരായ മെലിൻഡ സിമ്മൺസ്, ഡെബോറ ബ്രോണർട്ട് എന്നിവർക്ക് വിദേശനയത്തിലെ സേവനങ്ങൾക്കുള്ള ഡംഹുഡ് പുരസ്കാരവും ലഭിച്ചു. എംബസികളിൽ പ്രവർത്തിക്കുന്ന മറ്റ് മൂന്ന് നയതന്ത്രജ്ഞരായ കേറ്റ് ഡാവൻപോർട്ട്, സാറാ ഡോചെർട്ടി, നിക്കോളാസ് ഹാറോക്സ് എന്നിവർക്ക് ഒബിഇകൾ നൽകി.

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ചൈനയിൽ നിന്നുള്ള കോവിഡ് ഭീഷണിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി യുകെ . ഇതിൻറെ ഭാഗമായി ചൈനയിൽ നിന്ന് യുകെയിലേക്കുള്ള യാത്രക്കാർ വിമാനത്തിൽ കയറുന്നതിനു മുമ്പ് കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരിക്കണം. ചൈനയിൽ കേസുകൾ വർധിച്ചതിനെ തുടർന്ന് ആ രാജ്യത്തിൽ നിന്നുള്ള യാത്രക്കാർക്ക് സമാന രീതിയിലുള്ള നിയന്ത്രണങ്ങൾ നിരവധി രാജ്യങ്ങൾ ഏർപ്പെടുത്തിയിരുന്നു.

കോവിഡ് നയത്തിൽ ചൈന ഇളവുകൾ വരുത്തിയതാണ് ആ രാജ്യത്തിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യുകെ ഉൾപ്പെടെയുള്ള രാജ്യങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നത്. യുകെയെ കൂടാതെ യുഎസ്, ഫ്രാൻസ് , ഇന്ത്യ എന്നിവയുൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

ജനുവരി 8 മുതൽ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയും നിരീക്ഷണം കർശനമാക്കും. ചൈനയിൽ നിന്ന് വരുന്ന യാത്രക്കാരുടെ സാമ്പിൾ അവർ വരുമ്പോൾ തന്നെ വൈറസിൻ്റെ പരിശോധനയ്ക്കായി ശേഖരിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. പല രാജ്യങ്ങളും ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിന് അനുകൂലിക്കുന്ന രീതിയിലാണ് ലോകാരോഗ്യ സംഘടനയും പ്രതികരിച്ചത്. ചില രാജ്യങ്ങൾ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് മനസ്സിലാക്കാവുന്നതേയുള്ളൂവെന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

RECENT POSTS
Copyright © . All rights reserved