Main News

ന്യൂസ് ഡെസ്ക്, മലയാളം യുകെ

2026 ൽ മോർട്ട്ഗേജ് നിരക്ക് കുറയ്ക്കുന്ന ആദ്യത്തെ യുകെ വായ്പാ സ്ഥാപനമായി എച്ച്എസ്ബിസി മാറി. റെസിഡൻഷ്യൽ മോർട്ട്ഗേജുകളും ‘ബൈ-ടു-ലെറ്റ്’ ലോൺ ഉൽപ്പന്നങ്ങളും ഉൾപ്പെടെയുള്ള പല പദ്ധതികളിലെ നിരക്കാണ് എച്ച്എസ്ബിസി കുറച്ചത്. ഇന്ന് തിങ്കളാഴ്ച മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. കഴിഞ്ഞ ഡിസംബറിൽ ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനമായി കുറച്ചതിനെ തുടർന്നാണ് ഈ നീക്കം. ഇതോടെ മറ്റ് ബാങ്കുകളും നിരക്ക് കുറയ്ക്കാൻ മുന്നോട്ടുവരാൻ സാധ്യതയുണ്ടെന്നും, വരും മാസങ്ങളിൽ മോർട്ട്ഗേജ് നിരക്കുകളിൽ മത്സരം കടുക്കുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.

ഈ വർഷം ഏകദേശം 18 ലക്ഷം വീടുടമകൾ മോർട്ട്ഗേജ് പുതുക്കുമെന്നാണ് കണക്കാക്കുന്നത്. നിലവിൽ രണ്ട് വർഷത്തെ ഫിക്സ്ഡ് റെസിഡൻഷ്യൽ മോർട്ട്ഗേജിന്റെ ശരാശരി നിരക്ക് 4.83 ശതമാനവും, ‘ബൈ-ടു-ലെറ്റ്’ മോർട്ട്ഗേജിന്റെ ശരാശരി 4.7 ശതമാനവുമാണെന്ന് ധനകാര്യ ഡേറ്റാ സ്ഥാപനം മണിഫാക്ട്സ് വ്യക്തമാക്കി. വസന്തകാലത്തിന് മുൻപ് 3.5 ശതമാനത്തിനും താഴെയുള്ള ഡീലുകൾ പോലും പ്രതീക്ഷിക്കാമെന്ന് സാമ്പത്തിക ഉപദേശകർ അഭിപ്രായപ്പെട്ടു.

ഈ വർഷം രണ്ട് തവണ കൂടി അടിസ്ഥാന പലിശ കുറയ്ക്കാൻ സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. എങ്കിലും തീരുമാനങ്ങൾ പണപ്പെരുപ്പ നിരക്കും സാമ്പത്തിക മാന്ദ്യവും പരിഗണിച്ചായിരിക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടിസ്ഥാന നിരക്കുമായി ബന്ധിപ്പിച്ച വേരിയബിൾ റേറ്റ് ലോൺ എടുത്തവർക്ക് മാസതുക കുറയുന്നതായിരിക്കും പ്രധാന ആശ്വാസം. അതേസമയം ഫിക്സ്ഡ് റേറ്റ് മോർട്ട്ഗേജുകളിൽ കുറവ് പരിമിതമായിരിക്കാമെന്നും, വർഷാവസാനം വീണ്ടും ബാങ്ക് നിരക്കിനെക്കാൾ ഉയർന്ന നിലയിലേക്കെത്താനിടയുണ്ടെന്നും വിദഗ്ധർ പറയുന്നു. ഇതിനിടെ, ഡിസംബറിൽ വീടുകളുടെ വില പ്രതീക്ഷിക്കാത്ത വിധം കുറഞ്ഞതായി നേഷൻവൈഡ് റിപ്പോർട്ട് ചെയ്തതും ഹൗസിംഗ് വിപണിയിലെ അനിശ്ചിതത്വം വർധിപ്പിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബർമിങ്ഹാം: യുകെയിലെ ഏറ്റവും വലിയ ക്രൈസ്തവ സ്മാരകമായ ‘എറ്റേണൽ വാൾ ഓഫ് ആൻസേർഡ് പ്രെയർ’ (Eternal Wall of Answered Prayer) പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ബർമിങ്ഹാമിന് സമീപം ആരംഭിച്ചു. രാജ്യത്തെ പ്രശസ്തമായ ‘ആഞ്ചൽ ഓഫ് ദി നോർത്ത്’ ശിൽപത്തേക്കാൾ ഇരട്ടിയോളം ഉയരമുള്ള ഈ സ്മാരകം, യുകെയിലെ ക്രൈസ്തവ വിശ്വാസത്തിന്റെ പ്രതീകമായി മാറുമെന്നാണ് പ്രതീക്ഷ. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതുപോലെ, വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി നിർമാണം തുടങ്ങിയത്.

ഏകദേശം ഒരു ദശലക്ഷം ഇഷ്ടികകൾ ഉപയോഗിച്ചാണ് ഈ ഭീമൻ സ്മാരകം നിർമ്മിക്കുന്നത്. നിർമാണത്തിന് ഉപയോഗിക്കുന്ന ഓരോ ഇഷ്ടികയും പ്രാർത്ഥനകൾക്ക് ലഭിച്ച ഉത്തരങ്ങളുടെ വ്യക്തിഗത കഥകളുമായി ബന്ധിപ്പിച്ചിരിക്കും എന്ന പ്രത്യേകതയുണ്ട്. സ്മാരകത്തിലെ പ്രത്യേക സാങ്കേതിക സംവിധാനങ്ങൾ വഴി, സ്മാർട്ട്ഫോൺ ഉപയോഗിച്ച് സന്ദർശകർക്ക് ഓരോ ഇഷ്ടികയുമായി ബന്ധപ്പെട്ട വിശ്വാസാനുഭവങ്ങൾ വായിക്കാനും കേൾക്കാനും സാധിക്കും. വിശ്വാസത്തിന്റെ അനുഭവങ്ങളെ ദൃശ്യ-ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിക്കുന്ന ആദ്യ പദ്ധതികളിലൊന്നാണിതെന്ന് സംഘാടകർ പറയുന്നു.

രാജ്യമാകെ വിവിധ ക്രൈസ്തവ സമൂഹങ്ങളിൽ നിന്നുള്ള ആളുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുന്നത്. പ്രാർത്ഥനയ്ക്കുള്ള ഉത്തരങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഒരു സ്മാരകമായാണ് ‘എറ്റേണൽ വാൾ’ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സംഘാടകർ വ്യക്തമാക്കി. പൂർത്തിയാകുന്നതോടെ ഇത് യുകെയിലെ പ്രധാന ആത്മീയ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി മാറുമെന്നും, വിശ്വാസവും ചരിത്രവും ഒരുമിക്കുന്ന ഇടമാവുമെന്നും വിലയിരുത്തപ്പെടുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ ആയുധശേഖര കേന്ദ്രത്തിന് നേരെ ബ്രിട്ടനും ഫ്രാൻസും സംയുക്ത സൈനികാക്രമണം നടത്തി. ശനിയാഴ്ച വൈകിട്ട് സിറിയയുടെ മധ്യഭാഗത്തെ പാൽമിറ നഗരത്തിന് സമീപമുള്ള മലനിരകളിലെ ഭൂഗർഭ കേന്ദ്രമാണ് ലക്ഷ്യമിട്ടത് എന്ന് യുകെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വൻ ആയുധശേഖരം ഇവിടെ ഉണ്ടായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.


യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഗൈഡഡ് ബോംബുകളാണ് ആക്രമണത്തിൽ വിനിയോഗിച്ചത്. വോയേജർ റിഫ്യൂവലിംഗ് ടാങ്കറിന്റെ പിന്തുണയോടെയായിരുന്നു ആക്രമണം. ലക്ഷ്യം വിജയകരമായി തകർത്തതായി പ്രാഥമിക വിലയിരുത്തൽ സൂചിപ്പിക്കുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ആയുധങ്ങളും സ്ഫോടകവസ്തുക്കളും സൂക്ഷിച്ചിരുന്ന കേന്ദ്രമാണിതെന്നും, ആക്രമണം നടന്ന പ്രദേശത്ത് സാധാരണ പൗരന്മാർ ഇല്ലായിരുന്നുവെന്നും മന്ത്രാലയം വ്യക്തമാക്കി.

ഐഎസ് വീണ്ടും ശക്തിപ്രാപിക്കാനുള്ള ശ്രമങ്ങൾ തടയുന്നതിനാണ് ഈ ആക്രമണമെന്ന് പ്രതിരോധ സെക്രട്ടറി ജോൺ ഹീലി പറഞ്ഞു. ഭീകരവാദം പൂർണ്ണമായി ഇല്ലാതാക്കാൻ സഖ്യരാജ്യങ്ങളോടൊപ്പം യുകെ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ജീവിതരീതിയെ ഭീഷണിപ്പെടുത്തുന്ന അപകടകരമായ ഭീകരരെ ഇല്ലാതാക്കാൻ സൈന്യം നടത്തുന്ന ദൗത്യത്തിന് നന്ദി അറിയിക്കുന്നതായും ഹീലി പറഞ്ഞു. 2019ൽ ഐഎസ് തകർന്നെങ്കിലും സംഘടന വീണ്ടും ഉയർന്നു വരാനുള്ള സാധ്യത തടയാൻ പാശ്ചാത്യ രാജ്യങ്ങൾ സിറിയയിൽ നിരീക്ഷണ പട്രോളുകൾ തുടരുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

വെനിസ്വേലയ്ക്കെതിരായ അമേരിക്കൻ സൈനികാക്രമണം അന്താരാഷ്ട്ര നിയമലംഘനമാണോ എന്ന കാര്യത്തിൽ പ്രതികരിക്കാൻ യുകെ പ്രധാനമന്ത്രി സർ കിയർ സ്റ്റാർമർ തയ്യാറായില്ല. ബി.ബി.സി.യുടെ സണ്ടേ വിത്ത് ലോറ ക്യൂൻസ്‌ബർഗ് പരിപാടിക്ക് നൽകിയ അഭിമുഖത്തിലാണ് വിഷയത്തിൽ വ്യക്തമായ നിലപാട് എടുക്കാൻ അദ്ദേഹം വിസമ്മതിച്ചത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും സ്ഥിരീകരിച്ചതിന് ശേഷം മാത്രമേ പ്രതികരിക്കൂവെന്ന് സ്റ്റാർമർ വ്യക്തമാക്കി. അന്താരാഷ്ട്ര നിയമത്തിന് എല്ലാ പിന്തുണയും നൽകുന്ന രാജ്യമാണ് യുകെ എന്ന് അദ്ദേഹം പറഞ്ഞു.

വെനിസ്വേലയിലുണ്ടായ വൻതോതിലുള്ള സൈനികാക്രമണത്തിൽ യുകെയ്ക്ക് പങ്കില്ലെന്ന് സ്റ്റാർമർ വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിട്ട അമേരിക്കൻ സൈനിക നടപടി സംബന്ധിച്ച് ട്രംപുമായി താൻ ഇതുവരെ സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ആക്രമണത്തെ തുടർന്ന് വെനിസ്വേലയിലെ പ്രസിഡന്റ് നിക്കോളാസ് മദൂറോ പിടിയിലായെന്ന റിപ്പോർട്ടുകളാണ് പുറത്തുവന്നത്. എന്നാൽ അമേരിക്കയുടെ നടപടി അന്താരാഷ്ട്ര നിയമം ലംഘിച്ചോ എന്ന ചോദ്യത്തിൽ പ്രധാനമന്ത്രി പ്രതികരണം ഒഴിവാക്കി.

അതേസമയം, മദൂറോയെ അനധികൃത പ്രസിഡന്റായി യുകെ കാണുന്നുവെന്ന് സ്റ്റാർമർ പിന്നീട് സാമൂഹിക മാധ്യമമായ എക്സിൽ വ്യക്തമാക്കി. മദൂറോയുടെ ഭരണകാലാവധി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു. വെനിസ്വേലയിലെ സാഹചര്യങ്ങൾ വിലയിരുത്താൻ അമേരിക്കൻ പ്രതിനിധികളുമായി യുകെ സർക്കാർ ചർച്ച നടത്തുമെന്നും, ജനങ്ങളുടെ താൽപര്യത്തെ പ്രതിഫലിപ്പിക്കുന്ന നിയമാനുസൃത ഭരണത്തിലേക്കുള്ള സമാധാനപരമായ മാറ്റമാണ് ലക്ഷ്യമെന്നും സ്റ്റാർമർ വ്യക്തമാക്കി. കരാക്കസിലെ ബ്രിട്ടീഷ് എംബസിയുമായി ചേർന്ന് ഏകദേശം 500 ബ്രിട്ടീഷ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ കുട്ടികളിലും കൗമാരക്കാരിലും ഉയർന്ന രക്തസമ്മർദ്ദം (ഹൈപ്പർടെൻഷൻ) വർദ്ധിക്കുന്നതായുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. കഴിഞ്ഞ 20 വർഷത്തിനിടെ സ്കൂൾ പ്രായക്കാർക്കിടയിലെ ഹൈപ്പർടെൻഷൻ നിരക്ക് ഇരട്ടിയായി ഉയർന്നിട്ടുണ്ടെങ്കിലും, യുകെയിൽ ഇതുവരെ കുട്ടികൾക്കായി ദേശീയ തലത്തിൽ രക്തസമ്മർദ്ദ പരിശോധനാ സംവിധാനം നിലവിലില്ല. ഇതുമൂലം പ്രശ്നത്തിന്റെ വ്യാപ്തിയും ഏറ്റവും അപകടസാധ്യതയുള്ള കുട്ടികളും ആരെന്നതും ആരോഗ്യവിദഗ്ധർക്ക് കൃത്യമായി തിരിച്ചറിയാൻ കഴിയുന്നില്ല.

കൗമാരത്തിൽ തന്നെ ഹൈപ്പർടെൻഷൻ കണ്ടെത്തിയാൽ, ഗൗരവമേറിയ രോഗങ്ങൾ തടയാനാകും എന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രക്തസമ്മർദ്ദം നിയന്ത്രിക്കപ്പെടാതെ പോകുന്നത് വൃക്കരോഗം, ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ പറയുന്നു. അമിതവണ്ണം, വ്യായാമക്കുറവ്, ഉപ്പുകൂടിയ ഭക്ഷണം, അമിതമായി കമ്പ്യൂട്ടറുകളും മൊബൈൽ ഫോണും ഉപയോഗിക്കുന്ന ജീവിതശൈലി എന്നിവയാണ് കുട്ടികളിൽ രക്തസമ്മർദ്ദം ഉയരാനുള്ള പ്രധാന കാരണങ്ങളായി മാറുന്നത്. ചില കുട്ടികളിൽ ഹൃദയവും വൃക്കയുമായി ബന്ധപ്പെട്ട ജനിതക രോഗങ്ങളും ഇതിന് വഴിയൊരുക്കുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

ഇതെ തുടർന്ന് സ്കൂൾ തലത്തിൽ തന്നെ രക്തസമ്മർദ്ദ പരിശോധന ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുകയാണ്. പ്രൈമറി സ്കൂൾ അവസാനം നടത്തുന്ന ഉയരം -ഭാരം പരിശോധനയ്‌ക്കൊപ്പം രക്തസമ്മർദ്ദ പരിശോധനയും ഉൾപ്പെടുത്തുകയോ, കൗമാരക്കാർക്കായി പ്രത്യേക എൻഎച്ച്എസ് ഹെൽത്ത് ചെക്ക് ആരംഭിക്കുകയോ ചെയ്യണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു. ഹൈപ്പർടെൻഷൻ യുകെയിലെ അകാല മരണങ്ങൾക്ക് പ്രധാന കാരണമായിരിക്കെ, ചെറുപ്പക്കാരിൽ തന്നെ രോഗം കണ്ടെത്തി ജീവിതശൈലി മാറ്റങ്ങളിലൂടെ നിയന്ത്രിച്ചാൽ, വരാനിരിക്കുന്ന വർഷങ്ങളിൽ ആയിരക്കണക്കിന് ജീവനുകൾ രക്ഷിക്കാനാകുമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

സഹോദരന്റെ മരണവിവരം അറിഞ്ഞ് നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളിക്ക് യാത്രാമധ്യേ ദാരുണാന്ത്യം. ബര്‍മിങ്ഹാമില്‍ താമസിച്ചിരുന്ന കോട്ടയം പനച്ചിക്കാട് സ്വദേശി ടോമി പി.കെ. യാണ് അപ്രതീക്ഷിതമായി മരിച്ചത്. സഹോദരന്റെ മരണവിവരം അറിഞ്ഞതിനെ തുടര്‍ന്ന് നാട്ടിലേക്ക് പോകുന്നതിനിടെയാണ് ബോംബെയില്‍ വെച്ച് മരണം സംഭവിച്ചതെന്നാണ് അറിയാൻ സാധിച്ചത്.

മുംബൈ വിമാനത്താവളത്തില്‍ വെച്ച് ടോമിക്ക് ഹൃദയാഘാതം ഉണ്ടാവുകയും ഉടന്‍ തന്നെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം ബോംബെ നാനാവതി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

കോട്ടയം പനച്ചിക്കാട് സ്വദേശിയായ ടോമി എന്ന ടോമിച്ചന്‍ ഏറെക്കാലമായി മാഞ്ചസ്റ്ററില്‍ താമസിച്ചിരുന്നുവെന്നും പിന്നീട് ബര്‍മിങ്ഹാമിലേക്ക് താമസം മാറ്റിയതാണെന്നും ബന്ധുക്കള്‍ അറിയിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും യുകെയിൽ ആണ് ഉള്ളത് . കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കും എന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

ടോമിച്ചൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: പുതുവത്സരത്തിലെ ആദ്യ വ്യാപാരദിനത്തിൽ തന്നെ ബ്രിട്ടീഷ് ഓഹരി സൂചികയായ എഫ്‌ടിഎസ്ഇ 100 ചരിത്ര നേട്ടം കൈവരിച്ചു. ആദ്യമായി 10,000 പോയിന്റ് കടന്ന സൂചിക 10,046 വരെ ഉയർന്ന ശേഷം 9,951ൽ വ്യാപാരം അവസാനിപ്പിച്ചു. കഴിഞ്ഞ ഒരു വർഷത്തിനിടെ 21 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയ എഫ്‌ടിഎസ്ഇ 100, 2025ൽ അമേരിക്കൻ പ്രധാന സൂചികകളേക്കാൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ഖനനം, പ്രതിരോധം, ധനകാര്യ മേഖലകളിലെ ഓഹരികളാണ് നേട്ടത്തിന് കരുത്തായത്. സ്വർണ്ണം-വെള്ളി വില വർധനവിലൂടെ റിയോ ടിന്റോ പോലുള്ള കമ്പനികൾക്കും ആഗോള പ്രതിരോധ ചെലവുകൾ ഉയർന്നതോടെ റോൾസ്-റോയ്സ്, ബാബ്കോക്ക് തുടങ്ങിയ സ്ഥാപനങ്ങൾക്കും നേട്ടമുണ്ടായി. കരീസ്, നെക്സ്റ്റ് പോലുള്ള ബ്രിട്ടീഷ് ബ്രാൻഡുകളുടെ ഓഹരികളും കുതിച്ചുയർന്നു. എഫ്‌ടിഎസ്ഇ 100 ലിസ്റ്റിലെ കമ്പനികളുടെ വരുമാനത്തിന്റെ ഏകദേശം 75 ശതമാനവും വിദേശ വിപണികളിൽ നിന്നുള്ളതായതിനാൽ, ഇത് നേരിട്ട് യുകെ സമ്പദ്‌വ്യവസ്ഥയുടെ അളവുകോലല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

10,000 പോയിന്റ് കടന്നത് നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ‘മാനസികമായി നിർണായകമായ’ ഘട്ടമാണെന്ന് സാമ്പത്തിക നിരീക്ഷകർ പറഞ്ഞു. യുഎസ് ടെക് ഓഹരികളുടെ ഉയർന്ന മൂല്യനിർണയം സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നതിനാൽ യുകെ വിപണി കൂടുതൽ ആകർഷകമാകുന്നുവെന്നും അവർ വിലയിരുത്തി. അതേസമയം, കൃത്രിമ ബുദ്ധി (AI) വരുമാനം ഉയർത്തുമെന്ന പ്രതീക്ഷകൾ യാഥാർത്ഥ്യമാകാതെ പോയാൽ വിപണിയിൽ വലിയ തിരുത്തൽ സംഭവിക്കാമെന്ന മുന്നറിയിപ്പും ചിലർ മുന്നോട്ടുവച്ചു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയുടെ പലഭാഗങ്ങളിലും മഞ്ഞുവീഴ്ചയും ഐസും രൂക്ഷമായതോടെ വാരാന്ത്യം മുഴുവൻ കാലാവസ്ഥാ മുന്നറിയിപ്പുകൾ തുടരുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. സ്കോട്ട് ലൻഡിൽ വെള്ളിയാഴ്ച ഉച്ച മുതൽ ശനിയാഴ്ച ഉച്ചവരെ ആംബർ സ്നോ അലർട്ട് നിലവിലുണ്ട്. ഇംഗ്ലണ്ടിന്റെ തെക്ക്-പടിഞ്ഞാറ്, വടക്ക്-പടിഞ്ഞാറ്, കിഴക്കൻ തീരം, വെയിൽസ്, നോർത്ത് അയർലൻഡ് എന്നിവിടങ്ങളിൽ തിങ്കളാഴ്ച വരെ യെല്ലോ സ്നോ-ഐസ് മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. സ്കോട്ട് ലൻഡിൽ 40 സെ.മീ വരെ മഞ്ഞുവീഴ്ചയ്ക്കും ഇംഗ്ലണ്ട്–വെയിൽസിൽ 5 സെ.മീ വരെ മഞ്ഞിനും സാധ്യതയുണ്ട്.

തണുത്ത വായു ഒഴുകിയെത്തിയതോടെ രാജ്യത്തുടനീളം താപനില കുത്തനെ താഴ്ന്നു. വെള്ളിയാഴ്ച രാത്രി സ്കോട്ട് ലൻഡിൽ -6°C മുതൽ -8°C വരെയും ഇംഗ്ലണ്ട്, വെയിൽസ്, നോർത്ത് അയർലൻഡിലെ ഗ്രാമപ്രദേശങ്ങളിൽ -4°C മുതൽ -5°C വരെയും കുറഞ്ഞ താപനില പ്രതീക്ഷിക്കുന്നു. ശനിയാഴ്ച പല ഭാഗങ്ങളിലും താപനില ശൂന്യത്തിന് മുകളിലേക്ക് മാത്രമേ ഉയരുകയുള്ളൂ. സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്ത് അയർലൻഡ്, ഇംഗ്ലണ്ടിന്റെ ചില തീരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ച തുടരാനാണ് സാധ്യത.

യാത്രാ തടസ്സങ്ങൾ, ട്രെയിൻ–വിമാന സർവീസുകളുടെ റദ്ദാക്കൽ, റോഡപകടങ്ങൾ, വൈദ്യുതി മുടക്കം എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സ്കോട്ട് ലൻഡിലെ ചില പ്രദേശങ്ങളിൽ ഇതിനകം ട്രെയിൻ സർവീസുകൾ റദ്ദാക്കിയതായും റോഡുകളിലും ഫെറി സർവീസുകളിലും തടസ്സങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. വാഹനയാത്രക്കാർ ആവശ്യമായ സാധനങ്ങൾ കൈയ്യിൽ കരുതണമെന്നും അത്യാവശ്യമായാൽ മാത്രമേ യാത്ര ചെയ്യാവൂ എന്നും നിർദേശിച്ചിട്ടുണ്ട്. അതേസമയം, കനത്ത തണുപ്പ് എൻഎച്ച്എസിന് അധിക സമ്മർദ്ദം സൃഷ്ടിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പും നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

കഴിഞ്ഞ വർഷം ചെറു ബോട്ടുകളിൽ ചാനൽ കടന്ന് യുകെയിലെത്തിയവരുടെ എണ്ണം 41,000 കടന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു . 2025ൽ മാത്രം 41,472 പേരാണ് ഈ അപകടകരമായ യാത്ര നടത്തിയതെന്ന് സർക്കാർ വ്യക്തമാക്കി. 2022ലെ റെക്കോർഡ് ആയ 45,774ന് ശേഷം രണ്ടാമത്തെ ഉയർന്ന കണക്കാണിത്. 2024നെ അപേക്ഷിച്ച് 13 ശതമാനം വർധനയുണ്ടായെങ്കിലും, കഴിഞ്ഞ രണ്ടു മാസങ്ങളിൽ കടന്നു വരുന്നവരുടെ എണ്ണം കുറവായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ സ്ഥിതി ലജ്ജാകരമാണെന്നാണ് ഹോം ഓഫീസ് പുറത്തുവന്ന കണക്കുകളോട് പ്രതികരിച്ചത് .

അധികാരത്തിലെത്തുമ്പോൾ മനുഷ്യക്കടത്ത് സംഘങ്ങളെ പൂർണമായി തകർക്കും എന്ന വാഗ്ദാനവുമായി രംഗത്തെത്തിയ പ്രധാനമന്ത്രി കിയർ സ്റ്റാർമർ ഫ്രാൻസുമായി ‘വൺ-ഇൻ, വൺ-ഔട്ട്’ തിരിച്ചയക്കൽ കരാർ നടപ്പാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അനധികൃതമായി എത്തിയവരെ തിരിച്ചയക്കുകയും, കഴിഞ്ഞ വർഷം ഏകദേശം 50,000 പേരെ രാജ്യത്ത് നിന്ന് നീക്കിയതായും സർക്കാർ അവകാശപ്പെട്ടു. അനധികൃത കുടിയേറ്റം നിയന്ത്രിക്കാൻ പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ പരിഷ്‌കരണങ്ങളാണ് നടപ്പാക്കുന്നതെന്നും, പുതിയ ബോർഡർ സെക്യൂരിറ്റി, അസൈലം ആൻഡ് ഇമിഗ്രേഷൻ നിയമം വഴി മനുഷ്യക്കടത്ത് സംഘങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം, സ്റ്റാർമറിന്റെ പദ്ധതികൾ പൂർണ പരാജയവും നാടകവുമാണെന്ന് റീഫോം യു.കെ. നേതാവ് നൈജൽ ഫാരേജ് വിമർശിച്ചു. യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷനിൽ നിന്ന് പിന്മാറാതെ ചെറുബോട്ട് യാത്രകൾ നിയന്ത്രിക്കാൻ കഴിയില്ലെന്ന നിലപാടാണ് കൺസർവേറ്റിവുകൾ ഉയർത്തുന്നത്. എന്നാൽ, അഭയാർഥി കൗൺസിൽ ഉൾപ്പെടെയുള്ള സംഘടനകൾ സർക്കാർ സമീപനം ചോദ്യം ചെയ്തു. യുദ്ധവും അടിച്ചമർത്തലും അനുഭവിക്കുന്ന രാജ്യങ്ങളിൽ നിന്ന് രക്ഷ തേടിയാണ് പലരും ഈ യാത്രയ്ക്ക് ഇറങ്ങുന്നതെന്നും, അഭയാർഥികളെ ശിക്ഷിക്കുന്ന നയങ്ങൾ ഫലപ്രദമല്ലെന്നും അവർ മുന്നറിയിപ്പ് നൽകി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിലെ ഏറ്റവും വലിയ ക്ഷേമ ബെനിഫിറ്റ് തട്ടിപ്പുകേസിൽ പ്രതികളായ ബൾഗേറിയൻ സംഘത്തിന് തട്ടിയെടുത്ത തുകയുടെ വെറും ഒരു ശതമാനം മാത്രം തിരിച്ചടയ്ക്കാൻ കോടതി ഉത്തരവ്. യൂണിവേഴ്സൽ ക്രെഡിറ്റ് സംവിധാനത്തിലൂടെ £53.9 മില്യൺ (ഏകദേശം £54 മില്യൺ) തട്ടിയെടുത്ത സംഘം £2 മില്യൺ മാത്രം തിരികെ നൽകണമെന്നതാണ് ഉത്തരവ്. ആഡംബര വസ്ത്രങ്ങൾ, വിലകൂടിയ വാച്ചുകൾ, ലക്ഷ്വറി കാറുകൾ എന്നിവയ്ക്കായി പൊതുപണം ചെലവഴിച്ച സംഘത്തെ ഇംഗ്ലണ്ട്–വെയിൽസിലെ ഏറ്റവും വലിയ ബെനിഫിറ്റ് തട്ടിപ്പു കേസെന്നാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് വിശേഷിപ്പിച്ചത്.

ഗലിന നിക്കോളോവ (38), സ്റ്റോയാൻ സ്റ്റോയാനോവ് (27), ത്സ്വെത്ക ടൊഡോറോവ (52), ഗ്യൂനേഷ് അലി (33), പാട്രിട്സിയ പനേവ (26) എന്നിവരാണ് കേസിലെ മുഖ്യപ്രതികൾ. 6,000-ത്തിലധികം വ്യാജ അപേക്ഷകൾ നൽകിയ സംഘം വ്യാജ രേഖകൾ, കള്ള തിരിച്ചറിയൽ വിവരങ്ങൾ, കൃത്രിമ വാടക കരാറുകൾ, വ്യാജ ശമ്പള സ്ലിപ്പുകൾ, ഡോക്ടർമാരുടെയും ലാൻഡ്‌ലോർഡുകളുടെയും കള്ള കത്തുകൾ എന്നിവ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. നോർത്ത് ലണ്ടനിലെ വുഡ് ഗ്രീൻ പ്രദേശത്തെ മൂന്ന് കോർണർ ഷോപ്പുകളുടെ മറവിലാണ് ഈ തട്ടിപ്പ് നടന്നതെന്ന് കോടതി കണ്ടെത്തി.

2024 മെയ് മാസത്തിൽ സംഘം മൊത്തം 25 വർഷത്തെ ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. എന്നാൽ ഭൂരിഭാഗം പണവും മുൻകൂട്ടി വിദേശത്തേക്ക് മാറ്റിയതിനാൽ പ്രതികളിൽനിന്ന് തട്ടിയെടുത്ത പണം വീണ്ടെടുക്കലിന് സാധിച്ചില്ല. റെയ്ഡിനിടെ £7.5 ലക്ഷം പൗണ്ട് കാഷും ലക്ഷ്വറി കാറുകളും ബ്രാൻഡഡ് വാച്ചുകളും പിടിച്ചെടുത്തു. ഒരാൾ ചൂത് കളിയുടെ ഭാഗമായി നിലത്ത് പണം എറിഞ്ഞ് കൊടുക്കുന്ന ദൃശ്യങ്ങൾ പോലും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. നികുതിദായകരുടെ പണം സംരക്ഷിക്കാൻ ഇത്തരം തട്ടിപ്പുകൾ തടയാനുള്ള നടപടികൾ ശക്തമാക്കിയതായി സർക്കാർ വ്യക്തമാക്കി. പ്രതികളിൽനിന്ന് കൂടുതൽ തുക തിരിച്ചുപിടിക്കാൻ നിയമനടപടികൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.

Copyright © . All rights reserved