ന്യൂസ് ഡെസ്ക്, മലയാളം യുകെ
എൻഎച്ച്എസ് ഇംഗ്ലണ്ടിലെ ജീവനക്കാർ കഴിഞ്ഞവർഷം മാത്രം 84,000 -ലധികം ലൈംഗികാതിക്രമങ്ങൾ നേരിട്ടതായി കണ്ടെത്തി. സ്കൈ ന്യൂസ് നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തെ ആരോഗ്യ പ്രവർത്തകർ എത്രമാത്രം ദുഷ്കരമായ പരിതസ്ഥിതിയിലാണ് ജോലി ചെയ്യുന്നത് എന്ന് വെളിപ്പെടുത്തുന്ന വിവരങ്ങൾ പുറത്തുവന്നത്. ഭീക്ഷണിപ്പെടുത്തൽ, വിവേചനം, രോഗികളുടെ സുരക്ഷ എന്നിവയെ പറ്റി കടുത്ത ആശങ്കയാണ് സർവേയുടെ ഫലമായി ഉരുത്തിരിഞ്ഞിരിക്കുന്നത്.
58, 500 – ലധികം വരുന്ന ജീവനക്കാരിൽ 8.6 % പേർ രോഗികളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ലൈംഗിക സംഭാഷണമോ അനുചിതമായ സ്പർശനമോ പെരുമാറ്റമോ അനുഭവിച്ചവരാണ്. സഹപ്രവർത്തകരിൽ നിന്ന് സമാനമായ അനുഭവം ഉണ്ടായതായി 26 ,000 ജീവനക്കാരാണ് പറഞ്ഞത്.
ഏറ്റവും കൂടുതൽ മോശം അനുഭവം നേരിട്ട ഒരു വിഭാഗം ആംബുലൻസ് ജീവനക്കാരാണ്. ആംബുലൻസ് പൂട്ടിയിട്ട് പീഡിപ്പിച്ചതിനെ തുടർന്ന് ഒരു ജീവനക്കാരി ആത്മഹത്യ ചെയ്ത സംഭവം പലരും ചൂണ്ടി കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആയിരക്കണക്കിന് ക്യാമറകളാണ് ആംബുലൻസ് ട്രസ്റ്റുകൾക്ക് നൽകിയിരിക്കുന്നത്. ഏതെങ്കിലും രീതിയിൽ ആംബുലൻസ് ജീവനക്കാർക്ക് ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാൻ ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 മുതൽ സുരക്ഷാപ്രശനങ്ങൾ ഉന്നയിക്കാനുളള ജീവനക്കാരുടെ ആത്മവിശ്വാസത്തിൽ 6% കുറവുണ്ടായതായി സർവേ കണ്ടെത്തി. കഴിഞ്ഞവർഷം 58,000 എൻഎച്ച്എസ് ജീവനക്കാർ പൊതുജനങ്ങളിൽ നിന്ന് അനാവശ്യ പെരുമാറ്റം നേരിട്ടതായുള്ള റിപ്പോർട്ട് സങ്കടകരമാണെന്നും അത്തരം പെരുമാറ്റം എൻഎച്ച് എസ് വച്ച് പൊറുപ്പിക്കുകയില്ലെന്നും എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ചീഫ് വർക്ക് ട്രെയിനിങ് ആൻഡ് എഡ്യൂക്കേഷൻ ഓഫീസർ ഡോ. നവീന ഇവാനോ പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ പണപ്പെരുപ്പ നിരക്ക് 3.4 ശതമാനമായി കുറഞ്ഞു. രണ്ടര വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് നിലവിലെ പണപ്പെരുപ്പം. കഴിഞ്ഞ മാസം മാറ്റമില്ലാതെ തുടർന്ന വിലക്കയറ്റത്തിന്റെ തോത് ഈ മാസമാണ് കുറയാൻ തുടങ്ങിയത്.
കൺസ്യൂമർ പ്രൈസ് ഇൻഡക്സ് ജനുവരി 4 ശതമാനമായിരുന്നു. ഇത് കുറയുന്നത് പ്രധാനമന്ത്രി ഋഷി സുനകിന് ആശ്വാസം നൽകുന്ന വാർത്തയാണ്. പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തപ്പോൾ അദ്ദേഹം നടത്തിയ പ്രധാന വാഗ്ദാനമായിരുന്നു പണപെരുപ്പ നിരക്ക് കുറയ്ക്കുമെന്ന്. ഓഫീസ് ഫോര്‍ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിൻ്റെ ( ഒ എൻഎസ്) പ്രവചനം പണപ്പെരുപ്പ നിരക്ക് 3.5 ശതമാനമായി കുറയുമെന്നതായിരുന്നു. കഴിഞ്ഞ വർഷം മുതൽ പ്രകൃതി വാതകത്തിന്റെ വിലയിലുണ്ടായ കുത്തനെയുള്ള ഇടിവും ഭക്ഷ്യ വില കയറ്റത്തിന്റെ തോത് കുറഞ്ഞതും മൂലം പണപ്പെരുപ്പം ഇനിയും കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ പണപെരുപ്പ നിരക്ക് 10 ശതമാനമായിരുന്നു. 2022 ഒക്ടോബറിൽ 11. 1% വരെ പണപ്പെരുപ്പ നിരക്ക് ഉയർന്നിരുന്നു. ഉയർന്ന തോതിൽ നിന്ന് പണപ്പെരുപ്പം കുറയുന്നത് ഭരണപക്ഷത്തിന് നൽകുന്ന ആശ്വാസം കുറച്ചൊന്നുമല്ല. പണപ്പെരുപ്പ നിരക്ക് കുറയുന്നു എന്നതിന്റെ അർത്ഥം വിലകൾ കുറയുന്നു എന്നല്ല മറിച്ച് വിലകൾ ഉയരുന്നത് സാവധാനത്തിലാണ് എന്നതാണ്. പണപ്പെരുപ്പ നിരക്ക് കുറയുന്നത് യുകെ മലയാളികൾക്ക് നൽകുന്ന ആശ്വാസം കുറച്ചൊന്നുമല്ല. ജീവിത ചിലവ് വർദ്ധനവിനും പണപെരുപ്പ നിരക്ക് ഉയർന്നതു മൂലം കടുത്ത ദുരിതത്തിലൂടെ ആയിരുന്നു കഴിഞ്ഞ വർഷങ്ങളിൽ യുകെ മലയാളികൾ കടന്നു പൊയ്ക്കൊണ്ടിരുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യു കെ :- ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാനായി കാത്തിരുന്ന സ്റ്റീഫൻ ജെൻകിൻസൺ എന്ന യുവാവിനു നഷ്ടമായത് സ്വന്തം കൈവിരലാണ്. 2022 ഡിസംബർ മാസത്തിലാണ് ദൗർഭാഗ്യകരമായ ഈ സംഭവം ഹാംപ്ഷെയറിലെ ആൽഡർഷോട്ടിൽ നടന്നത്. 35 കാരിയായ ജെന്നിഫർ റോച്ചയാണ് സ്റ്റീഫൻ ഓർഡർ ചെയ്ത പിസ്സ നൽകാൻ എത്തിയപ്പോൾ അദ്ദേഹത്തെ ആക്രമിച്ചത്.
‘ഡെലിവറൂ ‘ എന്ന ഫുഡ് ഡെലിവറി ആപ്പിലൂടെയാണ് 2022 ഡിസംബർ 14 ന് മുപ്പത്തിയാറുകാരനായ സ്റ്റീഫൻ ഒരു പിസ്സ ഓർഡർ ചെയ്തത്. ഇത് ഡെലിവർ ചെയ്യാൻ എത്തിയതായിരുന്നു ജെന്നിഫർ റോച്ച എന്ന ഡെലിവറി ഡ്രൈവർ. എന്നാൽ ഇവർ സ്റ്റീഫന്റെ വീട്ടിൽ നിന്നും മാറിയുള്ള തെറ്റായ അഡ്രസ്സിൽ എത്തിയതിനെ തുടർന്ന് ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയ സ്റ്റീഫൻ തന്റെ ഫോൺ വീട്ടിൽ വച്ച് മറന്നു പോയിരുന്നു. ഭക്ഷണം ഡെലിവർ ചെയ്തപ്പോൾ നൽകേണ്ട ഡെലിവറി കോഡ് നമ്പറിനെച്ചൊല്ലിയാണ് ഇരുവരും തമ്മിൽ ചെറിയ തർക്കമുണ്ടായത്. തുടർന്നാണ് താൻ ആക്രമിക്കപ്പെട്ടതെന്ന് സ്റ്റീഫൻ പറഞ്ഞു. ഡെലിവറൂ ആപ്പ് നേരിട്ട് ഇവരെ റിക്രൂട്ട് ചെയ്തതല്ലെന്നും, മറ്റൊരാളുടെ അക്കൗണ്ട് ഉപയോഗിച്ച് പകരം റൈഡറായി ഇവർ ജോലി ചെയ്തുവരികയായിരുന്നുവെന്നും പിന്നീട് കണ്ടെത്തി.
യാതൊരുവിധ പ്രകോപനവും ഇല്ലാതെ തന്റെ കയ്യിലേക്ക് ഇവർ കടിക്കുകയായിരുന്നുവെന്ന് സ്റ്റീഫൻ വ്യക്തമാക്കി. തന്റെ കൈ വിടുവിക്കുവാനായി താൻ അവരുടെ ഹെൽമറ്റിൽ പിടിച്ചു കുലുക്കുന്നത് മാത്രമാണ് തനിക്ക് ഓർമ്മയുള്ളതെന്നും തന്റെ കയ്യിൽ നിന്ന് രക്തം ഒഴുകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തള്ളവിരലിൽ നക്കിളിന്റെ മുകളിൽ വെച്ച് അദ്ദേഹത്തിന് വിരൽ നഷ്ടപ്പെട്ടു. പിന്നീട് സർജറിയിലൂടെ ഇത് കൂട്ടിച്ചേർക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. വളരെ ഗുരുതരമായ ഒരു കുറ്റമാണ് ഇതെന്ന് വിൻചെസ്റ്റർ ക്രൗൺ കോടതി ജഡ്ജി വ്യക്തമാക്കി. താൻ കുറ്റം ചെയ്തതായി കോടതിയിൽ ജെന്നിഫർ സമ്മതിച്ചിട്ടുണ്ട്. മെയ് 3നാണ് സംഭവത്തിൽ കോടതി വിധി ഉണ്ടാകുന്നത്. സ്റ്റീഫന് ജോലിക്ക് പോലും പോകാൻ പറ്റാത്ത സാഹചര്യമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്ന് കോടതി വിലയിരുത്തി. തന്റെ ജീവിതം തന്നെ ഒരു ഡെലിവറിയിലൂടെ മാറിമറിഞ്ഞതായി സ്റ്റീഫൻ മാധ്യമങ്ങളോട് പറഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ അടുത്ത പൊതു തിരഞ്ഞെടുപ്പ് ഒക്ടോബർ മാസത്തിൽ നടക്കുമെന്ന സൂചനകൾ പുറത്തുവന്നു. ചാൻസിലർ ജെറമി ഹണ്ട് ആണ് ഒക്ടോബറിൽ പൊതു തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളിലേയ്ക്ക് ചർച്ചകൾ തുറന്നത്. സർക്കാരിൻറെ അടുത്ത അവലോകനം അടുത്തമാസം ഏപ്രിലിൽ പൂർത്തീകരിക്കപ്പെടുമെന്നും പൊതു തിരഞ്ഞെടുപ്പ് ഒക്ടോബർ മാസത്തിലാണെങ്കിൽ ഒട്ടേറെ കാര്യങ്ങൾ പൂർത്തിയാക്കാൻ ഉണ്ടെന്നും ചാൻസിലർ പറഞ്ഞതാണ് വൻ ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്.
സമയക്രമം അനുസരിച്ച് 2025 ജനുവരി 25 വരെ നിലവിലെ സർക്കാരിനെ കാലാവധിയുണ്ട്. എങ്കിലും പ്രധാനമന്ത്രി ഋഷി സുനകിന് വേണമെങ്കിൽ നേരത്തെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാം. നേരത്തെ മെയ് 2 – ന് തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളെ പ്രധാനമന്ത്രി തള്ളി കളഞ്ഞിരുന്നു. പക്ഷേ ഈ വർഷം രണ്ടാം പകുതിയിൽ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യതകളാണ് പ്രധാനമന്ത്രിയും പങ്കു വച്ചത്.
അടുത്ത പൊതു തിരഞ്ഞെടുപ്പ് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും നിർണ്ണായകമാണ്. അതുകൊണ്ടുതന്നെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ തങ്ങൾക്ക് അനുകൂലമായി മാറ്റുന്നതിനായി ഇരുപക്ഷവും കിണഞ്ഞു പരിശ്രമിക്കുകയാണ്. 2010 -ൽ അധികാരം വിട്ടൊഴിഞ്ഞതിനു ശേഷം ലേബർ പാർട്ടിക്ക് ഇതുവരെ യുകെയിൽ ഭരണത്തിൽ എത്താൻ സാധിച്ചിട്ടില്ല. നിലവിൽ കൺസർവേറ്റീവ് പാർട്ടി നയിക്കുന്ന ഭരണപക്ഷത്തെ അപേക്ഷിച്ച് അഭിപ്രായ സർവേയിൽ മുൻതൂക്കം ലേബർ പാർട്ടിക്കാണ് . കടുത്ത പരാജയ ഭീതിയിലാണ് ഭരണപക്ഷത്തെ എംപിമാർ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്. ബോറിസ് ജോൺസൺ ഉൾപ്പെടെയുള്ള ഒട്ടേറെ പ്രമുഖർ അടുത്ത തിരഞ്ഞെടുപ്പിൽ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വീണ്ടും മലയാളി മരണം നടന്നതിന്റെ ഞെട്ടലിലാണ് യുകെ മലയാളികൾ . വെയിൽസിലെ അബർ ഹവാനിയിൽ താമസിക്കുന്ന നേഴ്സായ രാജേഷ് ഉത്തമരാജ് ആണ് കുഴഞ്ഞു വീണ് മരിച്ചത്. 51 വയസു മാത്രം പ്രായമുള്ള രാജേഷ് പാലക്കാട് സ്വദേശിയാണ് . നോർത്ത് വെയിൽസിൽ തന്നെ നേഴ്സായ സ്വപ്ന ജോസാണ് രാജേഷിന്റെ ഭാര്യ. ഇവർക്ക് രണ്ട് മക്കളാണ്. മകൻ മാർട്ടിൻ രാജേഷ് (15) കോളേജ് വിദ്യാർത്ഥിയും മകൾ ലിസി രാജേഷ് (13 ) പത്താം ക്ലാസ് വിദ്യാർത്ഥിനിയുമാണ്. കോയമ്പത്തൂർ സ്വദേശിയും പരേതനുമായ ഉത്തമരാജ്, ചങ്ങനാശേരി സ്വദേശിനി മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. സഹോദരൻ: സനീഷ് ഉത്തമരാജ് (സിങ്കപ്പൂർ).
അപസ്മാരം ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകൾ രാജേഷിനെ അലട്ടിയിരുന്നു. പെട്ടെന്ന് കുഴഞ്ഞു വീണതിനെ തുടർന്നുണ്ടായ ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. യുകെയിലേയ്ക്ക് മലയാളി കൂടിയേറ്റം വലിയതോതിൽ ആരംഭിച്ച 2001 -ൽ തന്നെ ഇവിടെ എത്തിയ രാജേഷ് വിവിധ കെയർ ഹോമുകളിൽ നേഴ്സ്, ടീം ലീഡർ , ഹോം മാനേജർ എന്നീ നിലകളിൽ ജോലി ചെയ്തു വരുകയായിരുന്നു. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ശാരീരിക അസ്വസ്ഥതകൾ മൂലം ജോലിക്ക് പോയിരുന്നില്ല എന്നാണ് അറിയാൻ സാധിച്ചത്.
യുകെയിലും കേരളത്തിലും ധാരാളം സൗഹൃദങ്ങൾ ഉണ്ടായിരുന്ന ആളായിരുന്നു രാജേഷ്. കേരളത്തിൽ നിന്ന് ഒട്ടേറെ പേരെ തികച്ചും സൗജന്യമായി യുകെയിൽ ജോലി കണ്ടെത്താൻ രാജേഷ് സഹായിച്ചിരുന്നു. രാജേഷിന്റെ അകാലത്തിലുള്ള വേർപാട് സുഹൃത്തുക്കളുടെ ഇടയിൽ കടുത്ത വേദനയും ഞെട്ടലും ആണ് ഉളവാക്കിയിരിക്കുന്നത്. രോഗവും ജോലിക്ക് പോകാൻ സാധിക്കാതിരുന്നതു മൂലവും അവസാന കാലത്ത് രാജേഷ് സാമ്പത്തികമായി ഒട്ടേറെ ബുദ്ധിമുട്ടിയിരുന്നെന്നാണ് അറിയാൻ സാധിച്ചത്. രാജേഷിന്റെ കുടുംബത്തെ സഹായിക്കാൻ അദ്ദേഹത്തിൻറെ ഒപ്പം ബെംഗളൂരു രാഗവേന്ദ്ര കോളേജിൽ നേഴ്സിംഗ് പഠിച്ചിരുന്ന സുഹൃത്തുക്കളുടെയും സഹപാഠികളുടെയും നേതൃത്വത്തിൽ ഗോ ഫണ്ട് ശേഖരണം നടത്തുന്നുണ്ട്. രാജേഷിന്റെ സംസ്കാര ക്രമീകരണത്തിനായുള്ള ചിലവുകൾക്കും കുടുംബത്തെ സഹായിക്കുന്നതിനും ഗോ ഫണ്ട് ലിങ്കിൽ (https://gofund.me/8bf8c9f7) പ്രവേശിച്ച് ധനസഹായം നൽകാവുന്നതാണ്.
മൃതദേഹം യുകെയിൽ തന്നെ സംസ്കരിക്കാനാണ് കുടുംബാംഗങ്ങൾ തീരുമാനം എടുത്തിരിക്കുന്നത്.
സംസ്കാര തീയതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് മലയാളം യുകെയിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
രാജേഷ് ഉത്തമരാജിൻെറ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കാർലിസിലെ അപ്പർബി ഏരിയയിൽ കറുത്ത വർഗക്കാരനായ സ്‌കൂൾ വിദ്യാർത്ഥിയെ വംശീയമായി അധിക്ഷേപിച്ചതിൻ്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ച സംഭവത്തിൽ നാല് ആൺകുട്ടികൾ അറസ്റ്റിൽ. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ വെറുപ്പുളവാക്കുന്നതാണെന്നും കാര്‍ലിസിലെ അപ്പര്‍ബി ഏരിയയില്‍ നടന്ന സംഭവം വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കുകയാണെന്നും കുംബ്രിയ പൊലീസ് പറഞ്ഞു.
വീഡിയോയിൽ വിദ്യാര്‍ത്ഥിയെ കൊണ്ട് തങ്ങളുടെ ഷൂസില്‍ ചുംബിക്കുന്നതിന് മുൻപ് ഒരു വെള്ളക്കാരനായ കുട്ടി പരിഹസിക്കുകയും തള്ളുകയും മര്‍ദിക്കുകയും ചെയ്യുന്നത് കാണാം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീഡിയോ വൻതോതിൽ പ്രചരിക്കപ്പെട്ടതിന് പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ചയോടെ ബാക്കി മൂന്ന് ആൺകുട്ടികളെ കൂടി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് നാല് പേരെയും ജാമ്യത്തിൽ വിട്ടതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
വാറ്റ് എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് കേരളത്തിലെ പത്രങ്ങളിൽ വരുന്ന സ്ഥിരം വാർത്തകളും ചിത്രങ്ങളുമാണ്. പോലീസിന്റെയും എക്സൈസ് ഉദ്യോഗസ്ഥരുടെയും ഒപ്പം വാറ്റ് നടത്തിയതിനായി പിടിക്കപ്പെട്ട ആൾക്കാരുടെ ചിത്രങ്ങളും വാർത്തയും പത്രങ്ങളിൽ സ്‌ഥിരമായി കാണാം . കേരളത്തിൽ ചാരായം വാറ്റുന്നതും ഉപയോഗിക്കുന്നതും വിൽക്കുന്നതും കുറ്റകരമാണ്. കേരളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മദ്യ വില്പനയിൽ നിന്നുള്ള നികുതി വരുമാനമാണ് സർക്കാരിൻറെ പ്രധാന സാമ്പത്തിക സ്ത്രോതസ് . അതുകൊണ്ട് തന്നെ വാറ്റും അനുബന്ധ വ്യവസായവും സ്വകാര്യ വ്യക്തികൾ നടത്തുന്നതിനെ സർക്കാരുകൾക്ക് പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ല.
എന്നാൽ യുകെയിലെ സ്ഥിതി വ്യത്യസ്തമാണ്. ഇവിടെ ഒരു വ്യക്തിക്ക് തന്റെ ആവശ്യത്തിനായി മദ്യം വാറ്റി നിർമ്മിക്കുന്നത് കുറ്റകരമല്ല. വിവിധ തരത്തിലുള്ള പഴങ്ങളും മറ്റും ഉപയോഗിച്ച് വാറ്റ് നടത്തി രുചി നുണയുന്ന മലയാളി സൗഹൃദ കൂട്ടായ്മകൾ യുകെയിൽ നിരവധിയുണ്ട്. ഓൺലൈൻ കൂടിയും മറ്റും വാറ്റ് ഉപകരണങ്ങൾ യഥേഷ്ടം ലഭിക്കുകയും ചെയ്യും.
ഈ പാത പിന്തുടർന്ന് കേരളത്തിന്റെ തനതായ വാറ്റു രീതികളുടെ പൊടി കൈകൾ ഉപയോഗിച്ച് സ്വന്തമായി ഒരു ഉത്പന്നം വിപണിയിലിറക്കാനുള്ള ശ്രമത്തിലാണ് ഒരു യുകെ മലയാളി സംരഭകൻ . നോർത്ത് ലണ്ടനിൽ താമസമാക്കിയ താമരശ്ശേരി സ്വദേശിയായ ബിനു മാണിയാണ് ഈ സംരംഭത്തിന് പിന്നിൽ. കേരള തനിമയുള്ള ഒറ്റക്കൊമ്പൻ എന്ന പേരാണ് അദ്ദേഹം തന്റെ മദ്യത്തിന് നൽകിയിരിക്കുന്നത് . ഏപ്രിൽ 15 മുതൽ ഒറ്റക്കൊമ്പൻ യുകെയിലെ വിവിധ സൂപ്പർമാർക്കറ്റുകളിൽ വിൽപ്പനയ്ക്ക് എത്തി തുടങ്ങും.
2004 -ൽ യുകെയിലെത്തിയ ബിനു മാണി ബാൻഡ് 8 A നേഴ്സാണ് . ചെറുപ്പംമുതലെ സ്വന്തമായുള്ള സംരംഭം തുടങ്ങണമെന്നുള്ള ആഗ്രഹമാണ് ലണ്ടനിൽ നിന്ന് 50 മൈൽ ദൂരെയുള്ള സ്വകാര്യ ഡിസ്റ്റിലിറി വാടകയ്ക്ക് എടുത്ത് സർക്കാർ അനുമതിയോടെ ഒറ്റക്കൊമ്പൻ യാഥാർത്ഥ്യമാക്കുന്നതിന്റെ പിന്നിലുള്ളത്. വർഷങ്ങളുടെ കഠിനാധ്വാനമാണ് ഇതിനായി അദ്ദേഹം നടത്തിയത് . ഇതിനായി കേരളത്തിലെ വാറ്റുകളുടെ നാടൻ വിദ്യകൾ ശേഖരിച്ചത് ഒറ്റക്കൊമ്പന്റെ രുചിക്കൂട്ടിനു പിന്നിലുണ്ട്.
പശ്ചിമഘട്ടത്തിൽ നിന്ന് ശേഖരിക്കുന്ന വിവിധ സുഗന്ധദ്രവ്യങ്ങൾ, നെല്ലിക്ക, പുഴുങ്ങാത്ത നെല്ല് എന്നിവയാണ് ഒറ്റക്കൊമ്പന്റെ രുചിക്കൂട്ടിൽ പ്രധാനമായും ഉള്ളത് . ബിനു വിനൊപ്പം നിലവിൽ തിരുവനന്തപുരം സ്വദേശിയായ അജിത്കുമാർ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി പ്രവർത്തിക്കുന്നുണ്ട്. നിലവിൽ മൂന്ന് ജോലിക്കാരെയുള്ളൂവെങ്കിലും ഭാവിയിൽ കൂടുതൽ ആളുകൾക്ക് ജോലി കൊടുക്കുന്ന സംരംഭമായി ഒറ്റക്കൊമ്പനെ വളർത്തിയെടുക്കാമെന്നുള്ള പ്രതീക്ഷയിലാണ് ബിനു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
ചാൾസ് രാജാവ് മരിച്ചതായി റഷ്യൻ മാധ്യമങ്ങൾ വ്യാജവാർത്ത പുറത്തുവിട്ടു. ഇന്നലെ ഉച്ചയോടെയാണ് റഷ്യൻ മാധ്യമങ്ങളിൽ വ്യാപകമായി വാർത്ത വന്നത്. ഒരുകാലത്ത് റഷ്യയിൽ വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന വെഡോമോസ്റ്റി എന്ന പത്രം ഉപയോഗിച്ചിരുന്ന സമൂഹമാധ്യമത്തിലാണ് വാർത്ത ആദ്യം പ്രത്യക്ഷപ്പെട്ടത്
സൈനിക യൂണിഫോമിലുള്ള രാജാവിൻറെ ചിത്രത്തിനു താഴെ ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ മരിച്ചു എന്ന അടിക്കുറിപ്പോടെയാണ് വാർത്ത പ്രചരിപ്പിക്കപ്പെട്ടത്. 2.35 ദശലക്ഷം വരിക്കാരുള്ള ടെലഗ്രാം ചാനലായ റീഡോവ്ക ഉൾപ്പെടെയുള്ള ഓൺലൈൻ മാധ്യമങ്ങൾ ഇത് ഏറ്റ് പിടിച്ചത് വാർത്തയ്ക്ക് വൻ പ്രാധാന്യം ആണ് നൽകിയത് . റഷ്യയിലെ ഔദ്യോഗിക ഭരണ നേതൃത്വത്തോട് ചായ്‌വുള്ള മാധ്യമമായാണ് റീഡോവ്ക അറിയപ്പെടുന്നത്. വാർത്ത സൃഷ്ടിച്ചവർ എലിസബത്ത് രാജ്ഞിയുടെ മരണവാർത്തയ്ക്ക് സമാനമായ രീതിയിലാണ് ചിത്രങ്ങളും വാർത്തയും രൂപകല്പന ചെയ്തത്.
“ഗ്രേറ്റ് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവ് മരിച്ചു . ബക്കിംഗ് ഹാം കൊട്ടാരമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജാവിന് 75 വയസ്സായിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തിന് ക്യാൻസർ ബാധിച്ചതായി കണ്ടെത്തിയത് “. റഷ്യൻ വെബ്സൈറ്റ് ആയ ഗസറ്റ. റു ഇങ്ങനെയാണ് വാർത്ത നൽകിയത് . എന്നാൽ പിന്നീട് ഈ വാർത്ത എഡിറ്റ് ചെയ്ത് ഔദ്യോഗിക ബ്രിട്ടീഷ് മാധ്യമങ്ങൾ ഇതിനെ കുറിച്ച് ഒന്നും എഴുതിയിട്ടില്ലെന്നും വാർത്ത വ്യാജമാണെന്ന് തോന്നുന്നതായും അവർ കൂട്ടിച്ചേർത്തു. റഷ്യയിൽ വാർത്ത പ്രചരിച്ചതിന് പിന്നാലെ ഉക്രൈൻ മാധ്യമങ്ങളും ഇത് ഏറ്റെടുത്തു.
ചാൾസ് രാജാവിന്റെ മരണവാർത്ത വ്യാപകമായ പ്രചരിപ്പിച്ചതിന് പിന്നിൽ റഷ്യയിലെ ഭരണനേതൃത്വത്തിന് പങ്കുണ്ടോ എന്നത് വ്യക്തമല്ലെന്ന് ഒരു ബ്രിട്ടീഷ് മാധ്യമം റിപ്പോർട്ട് ചെയ്തു.റഷ്യയുടെ ഭരണ നേതൃത്വത്തിനോട് അടുപ്പമുള്ള ഉക്രൈൻ അധിനിവേശത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളിലാണ് വാർത്ത വന്നത് എന്നതാണ് ഈ വാദം ശക്തമാകാൻ കാരണം. വാർത്ത വ്യാപകമായി പ്രചരിക്കപ്പെട്ടതിനെ തുടർന്ന് റഷ്യയിലെയും ഉക്രൈയിനിലെയും ബ്രിട്ടീഷ് അംബാസിഡർമാർ വാർത്താ വ്യാജമാണെന്ന പ്രസ്താവന ഇറക്കേണ്ടി വന്നു
ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്ത്രീകൾക്കിടയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അർബുദമാണ് ബ്രസ്റ്റ് ക്യാൻസർ. നേരത്തെ കണ്ടെത്താൻ സാധിച്ചാൽ നിലവിൽ വൈദ്യശാസ്ത്രരംഗം കൈവരിച്ച പുരോഗതി കൊണ്ട് അതിജീവന നിരക്ക് വർഷങ്ങളായി മെച്ചപ്പെട്ടിട്ടുണ്ട് . എന്നാലും സ്ത്രീകൾക്കിടയിൽ ക്യാൻസറുമായി ബന്ധപ്പെട്ട മരണങ്ങളിൽ ഒരു സുപ്രധാന കാരണം ബ്രെസ്റ്റ് കാൻസർ ആണ്. 2022 -ൽ മാത്രം ക്യാൻസർ ബാധിച്ച് 670,000 പേരാണ് ആഗോളതലത്തിൽ മരണമടഞ്ഞത്. ഓരോ വർഷവും യുകെയിൽ മാത്രം 11.500 സ്ത്രീകളും 85 പുരുഷന്മാരും സ്തനാർബുദം മൂലം മരണമടയുന്നതായാണ് ഏകദേശ കണക്കുകൾ. ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 1,62468 സ്ത്രീകൾക്ക് സ്തനാർബുദം ഉണ്ടാകുന്നതായാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.
പേടിപ്പിക്കുന്ന കണക്കുകൾക്കിടയിൽ ശുഭകരമായ ഒരു വാർത്തയാണ് ഇന്ന് മലയാളം യുകെ ന്യൂസ് വായനക്കാർക്ക് സമർപ്പിക്കുന്നത്. ബ്രസ്റ്റ് ക്യാൻസർ ഉണ്ടാകാൻ സാധ്യത ഉണ്ടോ എന്ന് നിരീക്ഷിക്കാൻ കഴിയുന്ന ഒരു ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് യുകെയിലെ ശാസ്ത്രജ്ഞർ. നോട്ടിംഗ്ഹാം ട്രസ്റ്റ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ച ഈ ഉപകരണം വഴി സ്തനത്തിലെ കോശങ്ങൾക്കും പുറത്തുമുള്ള ചെറിയ മാറ്റങ്ങൾ വരെ കണ്ടെത്താൻ സാധിക്കും.
ഈ ഉപകരണം രോഗികളുടെ ബ്രായ്ക്കുള്ളില്‍ വയ്ക്കാൻ സാധിക്കും. അതുമല്ലെങ്കിൽ ഈ ഉപകരണം ഉൾപ്പെടുത്തി പുതിയ ബ്രാകൾ രൂപകൽപ്പന ചെയ്യാനും സാധിക്കും. ഉപകരണത്തിൽ നിന്നുള്ള വിവരങ്ങൾ തത്സമയം സ്മാർട്ട്ഫോൺ വഴിയായി ധരിക്കുന്നവർക്കും അതോടൊപ്പം മെഡിക്കൽ ടീമിനും കൈമാറി കൊണ്ടിരിക്കും.
ക്യാൻസർ റിസർച്ച് അനുസരിച്ച് യുകെയിൽ പ്രതിവർഷം 55,000 – ലധികം പുതിയ സ്തനാർബുദ കേസുകൾ ആണ് ഉണ്ടാകുന്നത്. പുതിയ കണ്ടുപിടുത്തത്തിലൂടെ ബ്രെസ്റ്റ് ക്യാൻസർ കേസുകളുടെ എണ്ണം 23% കുറയ്ക്കാൻ സാധിക്കും എന്നാണ് വിലയിരുത്തുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
മോർട്ട്ഗേജ് നിരക്കുകൾ കുറഞ്ഞതോടെ കൂടുതൽ ആളുകൾ വീടു വാങ്ങുന്നതിന് ആരംഭിച്ചതോടെ യുകെയിലെ പ്രോപ്പർട്ടി മാർക്കറ്റിൽ വൻ കുതിച്ചു കയറ്റം ആണ് ഉണ്ടായത്. ഭവന വില ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ചിരുന്ന പല യുകെ മലയാളികളും വില കയറ്റത്തിൽ ഞെട്ടിയിരിക്കുകയാണ്. പത്ത് മാസത്തിലെ ഏറ്റവും വലിയ വിലവർദ്ധനവിനാണ് പ്രോപ്പർട്ടി മാർക്കറ്റ് സാക്ഷ്യം വഹിച്ചിരിക്കുന്നത്.
വീടുകളുടെ വിലയിൽ ഏകദേശം 1.5% വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ശരാശരി ഭവന വില 5279 പൗണ്ട് വർദ്ധിച്ച് 370,000 പൗണ്ട് ആയി ഉയർന്നു. യുകെയിലെ ഏറ്റവും വലിയ പ്രോപ്പർട്ടി വെബ്സൈറ്റ് ആയ റൈറ്റ് മൂവിൻ്റെ കണക്കുകൾ അനുസരിച്ച് വീടുകൾ വാങ്ങാൻ ശ്രമിക്കുന്നവരുടെ എണ്ണത്തിലുള്ള വർദ്ധനവാണ് ഭവന വില കുതിച്ചുയരാനുള്ള കാരണമായി ചൂണ്ടി കാണിക്കുന്നത്.
പ്രോപ്പർട്ടി മാർക്കറ്റിൽ മുതൽ മുടക്കിയവരെ സംബന്ധിച്ചിടത്തോളം ഭവന വില ഉയർന്നത് ഗുണകരമായ കാര്യമാണ്. എന്നാൽ യുകെയിലെത്തി ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിലവിലെ വില താങ്ങാനാവാത്തതാണെന്ന് പലരും മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. പലിശ നിരക്കുകൾ ഇനിയും ഉയരുകയാണെങ്കിൽ വീടുകൾ വാങ്ങുന്നവരുടെ എണ്ണം കുറയുകയും ഒരുപക്ഷേ ഭവന വില കുറയാനും കാരണമായേക്കും. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31ന് മുമ്പ് കൂടുതൽ ആളുകൾ ഭവന വിപണിയിൽ മുതൽ മുടക്കിയാൽ വീടുകളുടെ വില വീണ്ടും ഉയരും എന്നാണ് ഈ രംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.